മൂസാ നബി (അ) ചരിത്രം 1 | Prophet Moosa Nabi(S.A) Story Part 1 History

മൂസാ നബി (അ) ചരിത്രം 1 | Prophet Moosa Nabi(S.A) Story Part 1 History

 മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം

മൂസാ നബി (അ) ചരിത്രം 1 | Prophet Moosa Nabi(S.A) Story Part 1 History malayalam


ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ചറിഞ്ഞു കൻആനിൽ നിന്നു വന്ന യഹ്ഖൂബ് (അ)ന്റെ സന്തതികൾ ഇസ്രയേൽ സന്തതികൾ എന്നു ആദരപൂർവ്വം വിളിക്കപ്പെട്ടു പോന്നു. ആ നാമദേയം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പര്യായമായിത്തീർന്നു അങ്ങനെ കുറേക്കാലം കഴിഞ്ഞു അതിനുശേഷം സ്ഥിതിഗതികളാകെ മാറി. ഇസ്രയേൽ സന്തതികളുടെ സ്വഭാവം ദുഷിച്ചു.ദൈവമാർഗ്ഗത്തിലേക്കുള്ള ക്ഷണം അവർ കയ്യൊഴിഞ്ഞു. ഭൗതിക ലോകത്തിന്റെ ഉപരിപ്ലവമായ വർണ്ണപ്പൊലിമയിൽ അവർ ആകൃഷ്ടരായി അധർമികരുടെ അഗാധ ഗർത്തത്തിലേക്ക് അവർ കൂപ്പുകുത്തി.


അതോടെ പൊതുജനങ്ങൾക്ക് അവരോടുള്ള പെരുമാറ്റത്തിലും മാറ്റമുണ്ടായി ഇവരുടെ പിതാമഹന്മാർക്ക് ജനങ്ങൾ കല്പിച്ചിരുന്ന ആദരവ് ജനങ്ങൾ ഇവരോട് കാണിക്കാൻ കൂട്ടാക്കിയില്ല. ഇസ്രയേൽ സന്തതികൾ മറ്റെല്ലാവരെയും പോലെയായി തറവാടുകൊണ്ടല്ലാതെ അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥാവിശേഷം സംജാതമായി. ജനങ്ങൾ അവരുടെ കൂട്ടത്തിലെ പ്രമാണിമരോട് അസൂയാലുക്കളായി. അവരിലുള്ള ദാരിദ്രനാരായണന്മാരെ ജനങ്ങൾ നിന്ദിച്ചു. പരദേശത്ത് നിന്ന് നുഴഞ്ഞു കയറിയ പ്രവാസികളായി ജനം അവരെ കാണാൻ തുടങ്ങി.


അവർക്ക് ഈജിപ്തിൽ യാതൊരു അവകാശവും ഇല്ലെന്നായി ഈജിപ്ഷ്യൻ ജനത മുദ്രാവാക്യം മുഴക്കി : ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ് ഈജിപ്ത് ഈജിപ്ഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണ്. യൂസുഫ്(അ) കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പരദേശിയാണെന്നും ചിലർ അഭിപ്രായപ്പെടാൻ തുടങ്ങി. മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ഇന്നാട്ടുകാരനായ ഒരു രാജാവ് വിലകൊടുത്തു വാങ്ങിയ അടിമച്ചെറുക്കനാണ് യൂസുഫെന്നും അവർ ആരവം മുഴക്കി. അവർ ചോദിക്കാൻ തുടങ്ങി : കൻആൻകാർക്ക് ഈജിപ്ത് ഭരിക്കാൻ എന്തവകാശം? യൂസുഫിന്റെ ഔൽകൃഷ്ട്യവും ഔദാര്യവും ജനം പാടേ മറന്നു കളഞ്ഞു.


ഫറോവമാർ


ഫറോവമാർ ഈജിപ്തിന്റെ ഭരണ ചെങ്കോലേന്തി ഇസ്രയേൽ സന്തതികളോട് അവർക്ക് എന്തെന്നില്ലാത്ത വെറുപ്പായിരുന്നു. വളരെ നിർദ്ദയനായ ഒരു ഫറോവ ഈജിപ്തിൽ സിംഹാസന സ്ഥനായി. ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണെന്നും അദ്ദേഹം ഗൗനിച്ചിരുന്നില്ല. അവരെ മനുഷ്യരായിട്ടുപോലും അയാൾ ഗണിച്ചില്ല. അദ്ദേഹം ഈജിപ്തിൽ ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു ജനങ്ങളെ അദ്ദേഹം രണ്ടു വിഭാഗമായി വേർതിരിച്ചു.


ഒരു വിഭാഗം അദ്ദേഹത്തിന്റെ സ്വന്തം ജനതയായ ഖിബ്ത്വികൾ അവർ നീലരക്തവുമായി ജനിക്കുന്നവരാണെന്നും പ്രത്യേക അവകാശങ്ങൾക്ക് ഭാഗ്യമുള്ളവരാണെന്നും അദ്ദേഹം വിശ്വസിച്ചു. ഖിബ്ത്വികൾ രാജാക്കന്മാരും ഇസ്രയേൽ സന്തതികൾ ഖിബ്ത്വികൾക്ക് വേണ്ടി ദാസ്യവേല ചെയ്യേണ്ട അടിമകളും എന്നത്രെ അദ്ദേഹത്തിന്റെ നിലപാട്. 


മൃഗങ്ങളോട് പെരുമാറുംവിധമായിരുന്നു ഫറോവ ഇസ്രയേൽ സന്തതികളോട് പെരുമാറിയത് മനുഷ്യർ മൃഗങ്ങളെ തങ്ങൾക്കു വേണ്ടി ജോലി ചെയ്യിപ്പിക്കാറുണ്ടല്ലോ പക്ഷെ അന്നന്നത്തെ ആഹാരമല്ലാതെ മറ്റെന്തെങ്കിലും അവയ്ക്ക് കൊടുക്കാറുണ്ടോ? ഇസ്രയേൽ സന്തതികൾ ഖിബ്ത്വി യജമാനൻമാർക്കുവേണ്ടി ചെയ്യേണ്ടിവന്ന ഭരിച്ച അടിമപ്പണിക്ക് പ്രതിഫലമായി അവർക്ക് ദിനേനയുള്ള അന്നമല്ലാതെ മറ്റൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല.


ഫറോവ സ്വോച്ഛാധിപതിയും അഹന്തയുടെ പര്യായവുമായിരുന്നു തന്നെക്കാൾ ഉയർന്ന ആരുമില്ലെന്ന് അയാൾ കരുതി അദ്ദേഹം ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. ഞാനാണ് നിങ്ങളുടെ അത്യുന്നതനായ ദൈവം എന്നയാൾ പറയാറുണ്ടായിരുന്നു. രാജപദവിയുടെയും മണിമേടകളുടെയും അധികാരത്തിന്റെയും വർണ ശബളിയിൽ വഞ്ചിതനായതാണ് അദ്ദേഹം അദ്ദേഹം ഇടയ്ക്കിടെ ഇപ്രകാരം ചോദിച്ചിരുന്നു :



ഞാനല്ലയോ മിസ്രയീം രാജ്യത്തിന്റെ മന്നൻ? എന്റെ കല്പന ശിരസാ വഹിച്ചുകൊണ്ടല്ലയോ ഇവിടെ പുഴകൾ ഒഴുകുന്നത് ? നിങ്ങളിതൊന്നും കണ്ടു മനസ്സിലാക്കുന്നില്ലേ? നേരത്തെ നമ്മൾ ബാബിലോണിയയിലെ നംറൂദ് എന്ന അക്രമിയായ രാജാവിനെപ്പറ്റി പറഞ്ഞില്ലേ? ഇബ്രാഹിം (അ)മിനെ അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയാൻ കല്പിച്ച നംറൂദ് താൻ ദൈവാമാണെന്ന് അവകശപ്പെട്ട നംറൂദ് ഇബ്രാഹിം (അ)മിന്റെ ചോദ്യത്തിനു മുമ്പിൽ ചൂളിപ്പോയ നംറൂദ് അവന്റെ പ്രതിനിധിയാണ് ഈ ഫറോവയെന്ന് തോന്നിപ്പോകും തന്നെ ആരാധിക്കണമെന്നും തന്റെ മുമ്പിൽ സുജൂദിൽ വീഴണമെന്നും ഫറോവ ശാസന പുറപ്പെടുവിച്ചു. ആളുകൾ അത് അനുസരിച്ചു പക്ഷെ അല്ലാഹുവിലും അവന്റെ ദൂതരിലും വിശ്വാസം കൈക്കൊണ്ട ഇസ്രയേൽ സന്തതികൾ അതിന് കൂട്ടാക്കിയില്ല ഇസ്രയേൽ സന്തതികളോടുള്ള ഫറോവയുടെ വിദ്വേഷത്തിന് അത് ആക്കം കൂട്ടി.


ജോത്സ്യന്റെ പ്രവചനം


ഖിബ്ത്വി വംശജനായ ഒരു ജ്യോത്സ്യൻ ഫറോവയോട് വന്നു പറഞ്ഞു : സന്തതികളിൽ ആൺകുഞ്ഞ് ജനിക്കും അവന്റെ കരങ്ങളിലൂടെ അങ്ങയുടെ രാജാധികാരം തെറിച്ചുപോകും. ഇതു കേൾക്കേണ്ട താമസം ഫറോവ പരിഭ്രാന്തനായി. ഇസ്രയേൽ സന്തതികളിൽ പിറക്കുന്ന സകല ആൺകുഞ്ഞുങ്ങളെയും പിടിച്ചറുക്കാൻ തന്റെ ഭടന്മാരോട് ഫറോവ കല്പിച്ചു. 


താൻ ദൈവമാണെന്നാണല്ലോ ഫറോവയുടെ വിചാരം അതിനാൽ താനുദ്ദേശിക്കുന്നവരെ അറുക്കാനും അല്ലാത്തവരെ വെറുതേ വിടാനും അയാൾക്ക് അധികാരമുണ്ടെന്നാണ് മൂപ്പന്റെ മനസ്സിലിരിപ്പ്. ആട്ടിൻപറ്റത്തിന്റെ ഉടമയ്ക്ക് താനുദ്ദേശിക്കുന്ന ആടുകളെ അറുക്കാനും അല്ലാത്തവയെ അറുക്കാതിരിക്കാനും അധികാരമുണ്ടല്ലോ. 


ഫറോവയുടെ ഓർഡർ സ്വീകരിച്ചുകൊണ്ട് ഭടന്മാർ നാലുപാടും ഓടി ഇസ്രയേൽ സന്തതികളിൽ എവിടെയൊക്കെ ഒരു ആൺശിശു ജനിച്ചിട്ടുണ്ടെന്ന് അവർ അന്വേഷിച്ചുകൊണ്ടിരുന്നു. എവിടെയൊക്കെ അങ്ങനെ ജനിച്ചതായി അറിഞ്ഞോ അവിടങ്ങളിലൊക്കെ കയറിച്ചെന്ന് ആ ചോരപ്പെതലിനെ പിടിച്ചുപറ്റി ആട്ടിൻകിടാങ്ങളെയെന്നപോലെ കശാപ്പു ചെയ്തു.


അന്നും കാട്ടിൽ ചെന്നായ്ക്കൾ പാർത്തിരുന്നു. അന്നും നാട്ടിൽ പാമ്പും തേളുമുണ്ടായിരുന്നു. പക്ഷെ അവയൊന്നും ആരും ഉപദ്രവിച്ചില്ല. ഫറോവയുടെ പോലീസുകാരിൽ ഒരാൾ പോലും അവയെ വേട്ടയാടിയില്ല. പക്ഷെ ഇസ്രയേൽ സന്തതികൾ ആണായി പിറക്കുന്ന പിഞ്ചോമനകൾക്ക് ഫറോവയുടെ രാജ്യത്ത് അനുവാദമില്ല. സ്വന്തം മാതാപിതാക്കളുടെ മുമ്പിൽ വച്ച് ആയിരക്കണക്കിന് ഓമനപ്പൈതങ്ങളുടെ ശിരസ്സുകൾ അറുത്തുമാറ്റപ്പെട്ടു.


അക്കാലത്ത് ഇസ്രയേൽ സന്തതികളുടെ കുടുംബത്തിൽ ഒരു ആൺകുഞ്ഞ് പിറന്നാൽ ആ ദിനം അങ്ങേയറ്റം പ്രയാസകരം തന്നെയായിരുന്നു. അത് കദനത്തിന്റെയും കരച്ചിലിന്റെയും ദിനമായിരുന്നു. ബനൂ ഇസ്രയേൽ (ഇസ്രയേൽ സന്തതികൾ ) കുടുംബത്തിൽ ഒരു ആൺപൈതൽ പിറക്കുന്ന ദിനം അനുശോചനത്തിന്റെയും വിലാപത്തിന്റെയും ദിനമായിരുന്നു. ഒരൊറ്റ ദിവസത്തിൽ തന്നെ നൂറുകണക്കിന് പൈതങ്ങൾ ആട്ടിനെയും പോത്തിനെയും അറുക്കുന്നപോലെ അറുകൊല ചെയ്യപ്പെട്ടു. വിശുദ്ധ ഖുർആൻ സിദ്ധിച്ചപോലെ ഫറോവ ഭൂമിയിൽ പ്രതാപം നടിച്ച അധികാരം വാണു. അയാൾ രാജ്യത്ത് ദ്വിരാഷ്ട്രവാദം കൊണ്ടുവന്നു. ഒരുവിഭാഗത്തെ ദുർബലരാക്കി അവരിലെ ആൺകുഞ്ഞുങ്ങളെ ഹനിക്കുകയും പെൺകുഞ്ഞുങ്ങൾക്ക് ജീവിക്കാൻ അനുമതി നൽകുകയും ചെയ്തു ഫറോവ കുഴപ്പക്കാരനാണെന്ന കാര്യം തീർച്ച.


മൂസാ നബി (അ) ന്റെ ജനനം


ഫറോവ പേടിച്ചതെന്തോ അത് സംഭവിക്കട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഫറോവയുടെ രാജപദവി ഏതൊരുവന്റെ കയ്യാൽതെറിച്ചു പോകണമെന്നാണോ അല്ലാഹു ഇച്ഛിച്ചത് ആ കുഞ്ഞ് പിറന്നു.

 

ഏതൊരു മഹാനുഭാവന്റെ കരങ്ങളിലാണോ ഇസ്രയേൽ സന്തതികളുടെ വിമോചനം സാധ്യമാകണമെന്ന് ദൈവം ഇച്ഛിച്ചത് ആ കുഞ്ഞുമോൻ ഭൂജാതനായി. സൃഷ്ടിപൂജയിൽനിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് സമഷ്ടിയെ കൊണ്ടുവരാൻ ആരെയാണോ പ്രപഞ്ചനാഥൻ കണക്കാക്കിയത് ആ കുഞ്ഞ് പിറവിയെടുത്തു.


മനുഷ്യസമൂഹത്തെ ഇരുട്ടിൽനിന്ന് വെളിച്ചത്തേക്ക് വഴി നയിക്കാൻ ഏതൊരു പുണ്യപൂമാനെയാണോ ഈശ്വരൻ തെരഞ്ഞെടുത്തത് ആ ഓമനപ്പൈതൽ ജനിച്ചു. ഫറോവയെയും പ്രഭൃതികളെയും വകവെക്കാതെ ഇംറാന്റെ പുത്രൻ മൂസ പിറന്നു പോലീസും അന്വേണങ്ങളും ഒക്കെ മുറക്ക് നടന്നിട്ടും മൂസ പിറന്ന് മൂന്നാം മാസം പിന്നിട്ടു.



പക്ഷേ മൂസയുടെ മാതാവ് തന്റെ സുന്ദരനായ കുഞ്ഞിന്റ കാര്യത്തിൽ ഭയാവിഹ്വലയായി. എങ്ങനെ ഭയപ്പെടാതിരിക്കും ? കുഞ്ഞുങ്ങളുടെ ശത്രു പതിയിരിക്കുകയല്ലേ? എങ്ങനെ ഭയപ്പെടാതിരിക്കും? ശതക്കണക്കിന് ശിശുക്കളെ മാതാക്കളുടെ മടിത്തട്ടിൽ നിന്ന് പോലീസുകാർ റാഞ്ചിയില്ലേ?

You may like these posts