മൂന്നു സമൂഹങ്ങൾ
സമൂദ് ഗോത്രത്തിലേക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു സ്വാലിഹ് (അ)
അന്ത്യനാൾവരെ സ്വാലിഹ് (അ) എന്ന പുണ്യപ്രവാചകനും സമൂദ് ഗോത്രവും ഭൂമിയിൽ അനുസ്മരിക്കപ്പെടുക തന്നെ ചെയ്യും.
മഹാനായ നൂഹ് നബി (അ)ന്റെ പുത്രനാണ് സാം സാമിന്റെ സന്താന പരമ്പരയിലാണ് സ്വാലിഹ് (അ)ജനിച്ചത് രേഖകളിൽ ആ പരമ്പര ഇങ്ങനെയാണ് കാണുന്നത്.
നൂഹ് (അ).
സാം
ഇറം
ആബിർ
സമൂദ്
ഹാജിർ
ഉബൈദ്
ആസിഫ്(മാസിഹ്)
ഉബൈദ്
സ്വാലിഹ് .
സ്വാലിഹ് നബി (അ)ന്റെ ഉപ്പൂപ്പമാരുടെ കൂട്ടത്തിൽ സമൂദ് എന്ന നേതാവിനെ കാണുന്നുണ്ടല്ലോ, അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഗോത്രത്തിന് സമൂദ് എന്ന പേർ വന്നത്. സമൂദിന്റെ സന്താന പരമ്പരയാണ് സമൂദ് ഗോത്രം എന്നു മനസ്സിലാക്കാം.
മദീനയിൽ നിന്ന് സിറിയയിലേക്കുള്ള യാത്രാമാർഗത്തിൽ ഹിജ്ർ എന്നൊരു സ്ഥലമുണ്ട്. ചരിത്ര സ്മരണകൾ നിറഞ്ഞ വിശാലമായ മണൽഭൂമി ഹിജ്റിന് പിൽക്കാല സമൂഹങ്ങളോട് വിളിച്ചു പറയാൻ ഒട്ടനേകം കാര്യങ്ങളുണ്ട്. സ്വാലിഹ് (അ) എന്ന പുണ്യ പ്രവാചകന്റെ ത്യാഗോജ്ജ്വലമായ ജീവിത കഥകൾ.
സമൂദ് വർഗത്തിന്റെ ധിക്കാരത്തിന്റെയും സാഹസികതകളുടെയും അനേകം കഥകൾ നൂഹ് (അ)ന്റെ ജനത അഹങ്കാരത്തിലും അക്രമത്തിലും മുന്നേറിയപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചുകളഞ്ഞു. അവരുടെ സ്ഥാനത്ത് അവർക്കുപകരം കൊണ്ടുവന്ന ജനതയാണ് ആദ് സമൂഹം. ആദ് സമൂഹവും ദുഷിച്ചു. അവർ ധിക്കാരികളും അക്രമികളുമായി മാറി. ധിക്കാരവും അക്രമവും എല്ലാ സീമകളും ലംഘിച്ചു അപ്പോൾ അല്ലാഹു അവരെ ശിക്ഷിച്ചു നാമാവശേഷമാക്കി. ആദിന്റെ സ്ഥാനത്ത് അല്ലാഹു കൊണ്ടുവന്ന സമൂഹമാണ് സമൂദ്. അവരും ധിക്കാരികൾ തന്നെ. അഹങ്കാരവും അക്രമവും വർദ്ധിച്ചപ്പോൾ അവരെ നേർമാർഗത്തിലേക്ക് നയിക്കാൻ അല്ലാഹു ഒരു പ്രവാചകനെ നിയോഗിച്ചു മഹാനായ സ്വാലിഹ് നബി (അ).
ഈ വിശുദ്ധ ഖുർആൻ വചനങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുക :
ആദ് വർഗ്ഗക്കാരോട് അല്ലാഹു ചോദിക്കുന്നു:
നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുവാനായി നിങ്ങളിൽപെട്ട ഒരു പുരുഷൻ മുഖേന നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നുകിട്ടിയതിനാലാണോ നിങ്ങൾ ആശ്ചര്യപ്പെടുന്നത് ?
നൂഹ് നബിയുടെ ജനതക്കുശേഷം നിങ്ങളെ അവൻ പിൻതലമുറയാക്കുകയും നിങ്ങളുടെ ശരീരങ്ങൾക്ക് പൊക്കവും ശക്തിയും അവൻ ഏറ്റിത്തരികയും ചെയ്ത സന്ദർഭം ഓർക്കുക നിങ്ങൾ വിജയം പ്രാപിക്കുവാനായി അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾ ഓർമ്മിച്ചുകൊള്ളുക (സൂറത്തുൽ അഹ്റാഫ് :7:69)
ആദ് സമൂഹം നൂഹ് നബി (അ)ന്റെ സമുദായത്തിന്റെ പിൻഗാമികളായിരുന്നുവെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. വമ്പിച്ച അനുഗ്രഹങ്ങൾ അല്ലാഹു അവർക്കു നൽകിയിരുന്നുവെന്നും മനസ്സിലാക്കാം. ഇനി സമൂദ് സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു :
ആദ് സമുദായത്തിന് ശേഷം അവൻ നിങ്ങളെ പിൻതലമുറക്കാരാക്കുകയും ഭൂമിയിൽ നിങ്ങൾക്കവൻ താമസ സൗകര്യം ചെയ്തു തരികയും ചെയ്ത സന്ദർഭം ഓർക്കുക അതിലെ സമതലങ്ങളിൽ നിങ്ങൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നു മലകൾ തുരന്നു വീടുകളുണ്ടാക്കുന്നു അതിനാൽ അല്ലാഹുവിന്റെ അനുഗ്രങ്ങൾ ഓർക്കുക ഭൂമിയിൽ കുഴപ്പമുണ്ടാക്കിക്കൊണ്ട് നാശകാരികളാവരുത് (7:74)
ആദ് സമൂഹം നൂഹ് (അ)ന്റെ പിൻതലമുറക്കാരായിരുന്നു സമൂദ് വർഗം ആദ് സമൂഹത്തിന്റെ പിൻതലമുറക്കാരുമായിരുന്നു.
ഇക്കാര്യം അല്ലാഹു ജിബ്രീൽ (അ) മുഖേന നബി(സ)തങ്ങളെ അറിയിച്ചു. ഈ വസ്തുത നബി (സ)തങ്ങൾ തന്റെ അനുയായികളായ സ്വഹാബത്തിനെ അറിയിച്ചു സ്വഹാബികളിൽ നിന്ന് ലോകം അതറിഞ്ഞു.
മൂന്നുസമൂഹങ്ങൾ
പല കാര്യങ്ങളിലും അവർക്കിടയിൽ സാമ്യമുണ്ട്.അളവറ്റ അനുഗ്രഹങ്ങൾ അവർക്കു നൽകപ്പെട്ടു. അവയെല്ലാം അക്കൂട്ടർ ആസ്വദിച്ചു. അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിന് അവർ നന്ദി കാണിച്ചില്ല. അനുഗ്രഹങ്ങൾ വർദ്ധിക്കുംതോറും ധിക്കാരം വർദ്ധിച്ചു വന്നു. അക്രമകാരികളായിത്തീർന്നു. ഏകദൈവ വിശ്വാസത്തിൽ നിന്നകന്നു ബഹുദൈവ വിശ്വാസികളായിത്തീർന്നു.
വഴിപിഴച്ചുപോയ ജനതയെ നേർമാർഗത്തിലേക്ക് നയിക്കാൻ പ്രവാചകന്മാർ വന്നു. അവർ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. സർവ്വലോകങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവ്.
സകല ജീവജാലങ്ങളെയും പോറ്റിവളർത്തുന്ന റബ്ബ് കണക്കില്ലാത്ത അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരുന്ന കരുണാനിധിയായ അല്ലാഹു
അവനെ മാത്രം നിങ്ങൾ ആരാധിക്കുക. പ്രകൃതിയിലുള്ള ഒന്നിനെയും ആരാധിക്കരുത്. അവയെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാകുന്നു. ജനങ്ങൾ പ്രവാചകന്മാരെ ശക്തിയായി എതിർത്തു. അവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു തള്ളി. മൂന്നു ജനതക്കും ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് കിട്ടി. ശിക്ഷ കൊണ്ടുവാ... ഒന്നു കാണട്ടെ എന്ന തരത്തിലുള്ള ധിക്കാര വചനങ്ങളാണ് അവരിൽ നിന്നുണ്ടായത്. മൂന്നു കൂട്ടർക്കും ശിക്ഷ കിട്ടി പിൽക്കാല തലമുറകൾക്ക് മൂന്നു കൂട്ടരുടെ ചരിത്രത്തിൽ നിന്നും പാഠം പഠിക്കാനുണ്ട് നോക്കൂ...എന്തൊരു സൗമ്യം
പിശാച് വാഴുന്നു
നൂഹ് (അ)ന്റെ ചരിത്രത്തിൽ നിന്ന് പാഠം പഠിപ്പിക്കാൻ ആദ് സമൂഹത്തോട് അല്ലാഹു കൽപിച്ചു.
അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ഹൂദ് (അ) ആ കൽപന അവരെ അറിയിച്ചു.
അവരത് സ്വീകരിച്ചില്ല. നന്ദികെട്ടവരായി ജീവിച്ചു ദുന്തം ഏറ്റുവാങ്ങി. ആദിന്റെ ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സമൂദ് വർഗ്ഗത്തോട് അല്ലാഹു കൽപിച്ചു. അവരിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു സ്വാലിഹ് (അ). അല്ലാഹുവിന്റെ കൽപന സ്വാലിഹ് (അ)തന്റെ ജനതയെ അറിയിച്ചു. ആദ് സമൂഹത്തിന്റെ ദുരന്തത്തിൽ നിന്ന് പ്രിയപ്പെട്ട ജനങ്ങളേ നിങ്ങൾ പാഠം പഠിക്കുക.
പക്ഷെ അവർ പാഠം പഠിക്കാൻ തയ്യാറില്ലായിരുന്നു. ആദിന്റെ മറ്റൊരു പതിപ്പാവാനായിരുന്നു അവർക്കു മോഹം. ആദിന്റെ ധിക്കാരപരമായ ചെയ്തികൾ ഓരോന്നും അവർ പിൻപറ്റുകയായിരുന്നു.
ജനങ്ങളേ അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ഓർക്കുക, വിശാലമായ സമതലം നിങ്ങൾക്കവൻ താമസിക്കാൻ സൗകര്യപ്പെടുത്തിത്തന്നു. ഉയർന്ന മലകളും നിങ്ങൾക്കവൻ കീഴ്പ്പെടുത്തിത്തന്നു. ജനങ്ങളേ നിങ്ങൾ നന്ദിയുള്ളവരാവുക. സ്വാലിഹ് നബി (അ) ന്റെ ശബ്ദം സമതലങ്ങളിലും കുന്നുകളിലും മലകളിലും മുഴങ്ങികേട്ടു. അതിന്നാരും വില കൽപിച്ചില്ല. വിശാലമായ സമതലം അവിടെ വെള്ളം ആവശ്യത്തിന് ലഭിച്ചു മരുഭൂമി കൃഷിഭൂമിയാക്കി മാറ്റി. എന്തെല്ലാം വിഭവങ്ങൾ കൃഷി ചെയ്തുണ്ടാക്കി. ധാന്യങ്ങൾ,പഴവർഗങ്ങൾ, കിഴങ്ങുകൾ ,ഇലക്കറികളായി ഉപയോഗിക്കാൻ പറ്റുന്ന സസ്യങ്ങൾ.
മദീനയിൽ നിന്ന് സിറിയയിലേക്ക് നീണ്ടുപോവുന്ന യാത്രാറൂട്ടിലാണ് സമൂദുകാരുടെ സമതലം കച്ചവട സംഘങ്ങൾ അതിലൂടെയാണ് കടന്നുപോവുന്നത്. യാത്രാസംഘങ്ങൾക്ക് ഹിജ്ർ പ്രദേശം സുപരിചിതമാണ്. യാത്രാ സംഘങ്ങൾ ദിവസങ്ങളോളം അവിടെ താമസിക്കും വെള്ളവും ഭക്ഷ്യ വസ്തുക്കളും ശേഖരിക്കും അവിടമെല്ലാം ചുറ്റി നടന്നു കാണും. അമ്പരപ്പിക്കുന്ന കാഴ്ചകൾ. സമൂദ് വർഗക്കാർ നിർമിച്ച പടുകൂറ്റൻ കോട്ടകൾ ഉറപ്പും,ഭംഗിയും ഗാംഭീര്യവുമുള്ള കോട്ടകൾ അതിന്റെ ശില്പഭംഗി ഏവരേയും ആകർഷിക്കും. കോട്ടയിലേക്കുള്ള കവാടം, വാതിലുകൾ, തറയിലെ കൗതുകങ്ങൾ ,സ്തൂപങ്ങൾ, മേൽത്തട്ട് എല്ലാം കാഴ്ച്ചക്കാരിൽ അത്ഭുതം ജനിപ്പിക്കും.
ഇവയെല്ലാം മനുഷ്യ കരങ്ങളുടെ സൃഷ്ടിയോ ? കാണികൾ അത്ഭുതത്തോടെ ചോദിക്കുന്നു. ചെറുതും വലുതുമായ അനേകം ഭവനങ്ങൾ ശില്പകലയുടെ വിസ്മയങ്ങൾ സമതലം വിട്ട് മലയിലേക്കു കയറാം ചെത്തിമിനുക്കിയ വഴികൾ വമ്പിച്ച പാറക്കൂട്ടങ്ങൾ, പാറകൾ തുരക്കുന്ന മധുഷ്യർ. പാറക്കുള്ളിൽ അറകൾ നിർമ്മിക്കുന്നു അനേകം മുറികൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാം. മനോഹരമായ കവാടങ്ങൾ സുഖജീവിതത്തിനുള്ള സൗകര്യങ്ങൾ വെയിലത്തിട്ട് ഉണക്കിയെടുത്ത മുന്തിയതരം. പഴവർഗങ്ങളുടെ വലിയ ശേഖരം. വലിയ മണപാത്രങ്ങളിൽ പഴങ്ങളുടെ സത്തിൽ നിന്ന് തയ്യാറാക്കിയ ശീതള പാനീയങ്ങൾ. പാചകം ചെയ്യാൻ പലതരം പാത്രങ്ങൾ. സഞ്ചാരികൾ എല്ലാം ചുറ്റി നടന്നു കാണുന്നു.
സമൂദുകാർക്ക് നല്ല ആരോഗ്യമാണ്. എത്ര നേരം ജോലി ചെയ്താലും കുഴപ്പമില്ല. പെട്ടെന്നൊന്നും ക്ഷീണം വരില്ല. മലമുകളിൽ കയറി കൊടുവെയിലത്ത് വളരെ നേരം ജോലി ചെയ്യും. പുറംനാട്ടുകാർക്ക് അതും ഒരു കാഴ്ച തന്നെ. സമൂദ് വർഗ്ഗക്കാരുടെ സവിശേഷതകൾ ലോക പ്രസിദ്ധമാണ്. അവരുടെ ധീരത ,സൈനിശക്തി ,യുദ്ധപാടവം ,ഭരണ മഹിമ ....അവയെല്ലാം പല രാജ്യത്തും സംസാരവിഷയമാണ് വമ്പിച്ച കാലിസമ്പത്തിന്റെ ഉടമകളാണ്.
ഒട്ടകങ്ങൾ ,കുതിരകൾ, കഴുതകൾ ,ആടുമാടുകൾ
എല്ലാം സുലഭം. അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞാൽ തീരില്ല. എല്ലാം അല്ലാഹു നൽകുന്നതാണ്. ആ വസ്തുത ഓർക്കാനവർക്ക് കഴിഞ്ഞില്ല. എല്ലാം തങ്ങളുടെ കഴിവ്. ഞങ്ങൾ ശക്തരാണ്. മറ്റൊരു ജനവിഭാഗത്തിനും തങ്ങൾക്കൊപ്പമെത്താനാവില്ല. തങ്ങളുടെ സൈനിക ശേഷിയിൽ മതിപ്പില്ലാത്ത ആരെങ്കിലുമുണ്ടോ ? തങ്ങളുടെ പ്രതാപം കണ്ട് ഞെട്ടാത്ത ആരെങ്കിലും ഇതുവഴി കടന്നുപോവുന്നുണ്ടോ ?
സമൂദുകാർ അങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്. വൻ കെട്ടിടങ്ങൾ നിർമിക്കാനുള്ള ഭ്രമം. കുറഞ്ഞിട്ടൊന്നുമില്ല ഭ്രമം വളരുക തന്നെയാണ്.
കൂടുതൽ കൂടുതൽ വലുപ്പത്തിൽ കെട്ടണം. മറ്റുള്ളവർ കണ്ട് ഞെട്ടട്ടെ. താമസക്കാരുടെ ആവശ്യം നോക്കിയൊന്നുമില്ല നിർമാണം ഹിജ്റിലുള്ളവർക്കെല്ലാം അന്തിയുറങ്ങാനുള്ള സൗകര്യം ഇപ്പോൾ തന്നെയുണ്ട്. അതൊന്നും ആരും ചിന്തിക്കുന്നില്ല. പ്രതാപവും ആഢ്യത്വവും പ്രഖ്യാപിക്കണം. യശസ്സുയരണം, പേരെടുക്കണം. തകൃതിയായ പണി നടക്കട്ടെ. ആരാധനാലയങ്ങൾ നിറയെ വിഗ്രഹങ്ങൾ. അവക്കു ചുറ്റും ആരാധകർ. ലോക നിയന്താവിനെക്കുറിച്ച് ചിന്തയില്ല. അവന്റെ അനുഗ്രങ്ങളെക്കുറിച്ച് ഒരുവരി പാടാൻ കവികൾക്ക് മനസില്ല. സൂര്യനും ചന്ദ്രനും വാഴ്ത്തപ്പെട്ടു. നക്ഷത്രശോഭയും വാഴ്ത്തപ്പെട്ടു.
പ്രകൃതി ശക്തികളെപ്പറ്റി പ്രകീർത്തനങ്ങൾ. ബിംബങ്ങൾക്കു മുമ്പിൽ ബലികർമ്മങ്ങൾ പലതരം നേർച്ചകൾ. പിശാചിന്റെ വാഴ്ചതന്നെ എവിടെയും. മനുഷ്യമനസ്സുകളിൽ പിശാച് ഇരിപ്പിടം തീർത്തിരിക്കുന്നു. ചിന്തകളിലും സംസാരത്തിലും അവന്റെ സാന്നിധ്യം. വിനയമെവിടെയും കാണാനില്ല. എല്ലാവരുമത് മറന്നുകഴിഞ്ഞു .താഴ്മയില്ല പൊങ്ങച്ചം മാത്രം എല്ലാവർക്കും ഞാനെന്ന ഭാവം പിശാചിന്റെ സന്തോഷകാലം.
സമൂദ് വർഗത്തിലെ കുലീന കുടുംബത്തിലാണ് സ്വാലിഹ് (അ)ജനിച്ചു വളർന്നത്. ഗോത്രക്കാർക്കെല്ലാം ആ ചെറുപ്പക്കാരനെ വളരെ ഇഷ്ടമായിരുന്നു. എല്ലാ സദസ്സുകളിലും സ്വാലിഹ് (അ)ആദരിക്കപ്പെട്ടു. തന്റെ ജനതയുടെ അഹങ്കാരം അതിര് വിടുകയാണ്. അവർ ബിംബാരാധനയിൽ മുഴുകിയിരിക്കുന്നു. ഏകനായ റബ്ബിനെ മറന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അല്ലാഹു സ്വാലിഹിനെ നബിയായി നിയോഗിക്കുന്നത്. ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കാനുള്ള നിയോഗം വളരെ ശ്രമകരമായ ജോലി അല്ലാഹു പറയുന്നത് നോക്കൂ.
സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെയും (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനല്ലാതെ നിങ്ങൾക്ക് ഒരാരാധ്യനുമില്ല അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് ഉണ്ടാക്കി നിങ്ങളെ അതിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു അതിനാൽ അവനോട് പാപമോചനം തേടുകയും പിന്നെ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുവീൻ നിശ്ചയമായും എന്റെ റബ്ബ് സമീപസ്ഥനും ഉത്തരം നൽകുന്നവനുമാകുന്നു (സൂറത്തുൽ ;ഹൂദ് 11:61)
പ്രവാചക പദവി ലഭിച്ച സ്വാലിഹ് (അ) നിർവ്വഹിക്കേണ്ട കടമകളാണ് നാം ഇവിടെ കണ്ടത്. ഒന്നാമതായി പറഞ്ഞത് ആരാധനയുടെ കാര്യം തന്നെ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക, മറ്റാർക്കും ആരാധനയില്ല ,ആരാധനക്കർഹൻ അല്ലാഹു മാത്രം, മനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു ഭൂമിയിൽ മനുഷ്യനെ താമസിപ്പിച്ചു. സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി നിർദ്ദേശങ്ങൾ നൽകി. ഭൂമി നിങ്ങൾക്കു സൗകര്യപ്പെടുത്തിത്തന്നു. വീടുണ്ടാക്കാം, വിപണിയുണ്ടാക്കാം, നടപ്പാതകൾ വെട്ടിയുണ്ടാക്കാം, കൃഷി ചെയ്യാം, ഓടാം, ചാടാം യുദ്ധം നടത്താം.
രണ്ട് കാര്യങ്ങൾ ചെയ്യാൻ സ്വാലിഹ് (അ) ജനങ്ങളോടാവശ്യപ്പെട്ടു പാപമോചനം തേടുക. പശ്ചാത്തപിച്ചു മടങ്ങുക. ഇവ രണ്ടും നിർബന്ധമായ കാര്യങ്ങളാണ്. പക്ഷെ ജനം ഗൗനിച്ചില്ല. പശ്ചാത്തപിച്ചു മടങ്ങുകയും ,ഖേദപ്രകടനം നടത്തുകയും ചെയ്താൽ അല്ലാഹുവിന്റെ സാമീപ്യം ലഭിക്കും. പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും. മഹത്തായ രണ്ടു കാര്യങ്ങളും ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തി പക്ഷെ ആര് ശ്രദ്ധിക്കാൻ ?
ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നു പറഞ്ഞപ്പോൾ സംശയിച്ചുനിന്നു അവർ സ്വാലിഹിനെക്കുറിച്ചു പരസ്പരം സംസാരിച്ചു ഒരാൾ: സ്വാലിഹ് സത്യസന്ധനാണ് ഇന്നലെ അവൻ നമ്മുടെ കൂട്ടത്തിലായിരുന്നു. ഒരു സ്വഭാവ ദൂഷ്യവുമില്ല ഇന്നിപ്പോൾ അവനെന്തു പറ്റി ?
നമ്മുടെ പൂർവ്വപിതാക്കന്മാർ ആരാധിച്ചുവന്ന ബിംബങ്ങളെ ആരാധ്യവസ്തുക്കളാക്കാൻ പറ്റില്ലെന്ന് സ്വാലിഹ് പ്രഖ്യാപിച്ചിരിക്കുന്നു. അവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണം. എന്തുണ്ട് വഴി. ഉപദേശിച്ചു നോക്കി ഫലമില്ല. ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു ഫലമില്ല. ജനങ്ങൾ അസ്വസ്ഥരായി ഈ ഘട്ടത്തിൽ ശാസനാരൂപത്തിൽ സംസാരിച്ചു.
അല്ലാഹുവിന്റെ വചനം കാണുക :
അവർ പറഞ്ഞു: സ്വാലിഹേ ഇതിന് മുമ്പ് തീർച്ചയായും നീ ഞങ്ങളുടെ കൂട്ടത്തിൽ അഭിലഷണീയനായിരുന്നു ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവരുന്നവയെ ഞങ്ങൾ ആരാധിക്കുന്നതിനെ നീ ഞങ്ങളോട് വിരോധിക്കുകയോ ?ഞങ്ങളെ നീ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി നിശ്ചയമായും ഞങ്ങൾ ആശങ്കാജനകമായ സംശയത്തിൽ തന്നെയാകുന്നു (11:62)
അല്ലാഹുവിന്റെ കൽപന പ്രകാരം സ്വാലിഹ് (അ)തന്റെ ജനതയോട് സംസാരിച്ചു. കേട്ടതൊന്നും ഉൾക്കൊള്ളാൻ അവർക്ക് സാധിച്ചില്ല. ഞങ്ങളുടെ പിതാക്കൾ ആരാധിച്ചുവന്ന വസ്തുക്കളെ നിങ്ങൾ എതിർക്കുകയാണ്. ഞങ്ങളാണെങ്കിൽ പിതാക്കളുടെ ആരാധ്യവസ്തുക്കളെയാണ് ആരാധിക്കുന്നത്. നീ പറയന്ന കാര്യങ്ങൾ ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞങ്ങൾ സംശയാലുക്കളാണ്. ഇന്നലെവരെ നീ നല്ലവനായിരുന്നു ബുദ്ധിയും വിവേകവും വേണ്ടുവോളമുള്ള ചെറുപ്പക്കാരൻ. നീ ഇത്തരം വർത്തമാനം നിർത്തണം. സ്വാലിഹ് (അ)തന്റെ ജനതയോട് വളരെ വ്യക്തമായിത്തന്നെ സംസാരിച്ചു. ഞാൻ നിങ്ങളിലേക്കുള്ള നബിയാകുന്നു. അല്ലാഹു എന്നെ നബിയായി നിയോഗിച്ചു. വ്യക്തമായ തെളിവോടുകൂടിയാണവൻ എന്നെ അയച്ചിരിക്കുന്നത്. അല്ലാഹു എനിക്ക് നൽകിയ കാരുണ്യമാണിത്. എന്നിട്ട് ഞാൻ അല്ലാഹുവിന്റെ കൽപന ലംഘിച്ചാൽ എന്തായിരിക്കും എന്റെ സ്ഥിതി. എന്നെ ആര് രക്ഷിക്കും ?
വിശുദ്ധ ഖുർആൻ പറയുന്നു: അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ എന്നോട് പറയുക ;ഞാൻ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടു കൂടിയവനായിരിക്കുകയും അവന്റെ പക്കൽ നിന്നുള്ള കാരുണ്യം എനിക്കവൻ നൽകുകയും ചെയ്താൽ ആ സ്ഥിതിക്ക് അവന്റെ കൽപനയെ ഞാൻ ലംഘിക്കുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് എന്നെ രക്ഷിക്കുന്നതാരാണ് ? നിങ്ങൾ എനിക്ക് കൂടുതൽ നഷ്ടം വരുത്തിവെക്കുക മാത്രമാണ് ചെയ്യുന്നത് (11:63)
ബുദ്ധിപരമായ സംവാദം തന്നെയാണിവിടെ നടന്നത്. താൻ അല്ലാഹുവിന്റെ കൽപനകൾ ലംഘിക്കണമെന്നാണ് സാമൂഹിക നേതാക്കൾ ആവശ്യപ്പെടുന്നത്. കൽപന ലംഘിച്ചാൽ കുറ്റവാളിയായിപ്പോകും. പിന്നെ എന്നെ ആര് രക്ഷിക്കും ? രക്ഷിക്കാനാർക്കും കഴിയില്ല. സ്വാലിഹ് നബിയുടെ ഉപദേശം കേട്ട് ചിലർ മുമ്പോട്ട് വന്നു. അവർക്ക് വിലപ്പെട്ട ഉപദേശങ്ങൾ നൽകി അവരെല്ലാം സാധുക്കളായിരുന്നു സാമ്പത്തിക ഭദ്രത ഒട്ടുമില്ലാത്ത കൂട്ടർ ....
പട്ടിണിപ്പാവങ്ങൾ ഇത് കണ്ടപ്പോൾ മുതലാളിമാർ പൊട്ടിച്ചിരിച്ചു. കണ്ടോ സ്വാലിഹിന് കിട്ടിയ അനുയായികൾ വെറും പട്ടിണിപ്പാവങ്ങൾ. ഇവരെയും കൂട്ടി നടന്നിട്ടെന്താ കാര്യം ? എക്കാലത്തെയും പരിഹാസക്കാരുടെ ചോദ്യമായിരുന്നു ഇത്
ജനനം
സമൂദ് ഗോത്രനായകന്മാർ ഉറപ്പേറിയ കോട്ടകൾ നിർമ്മിച്ചു. കോട്ടക്കുള്ളിലെ വലിയ വീടുകളിലാണവർ താമസിച്ചിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെയും ശില്പകലാവിദഗ്ധരെയും വരുത്തിയിരുന്നു. കോട്ടകളും കൊട്ടാരങ്ങളും നിർമിക്കാൻ അവരുടെ കൈവിരുതും ഉപയോഗപ്പെടുത്തിയിരുന്നു.
കിണർ കുഴിക്കുകയെന്നത് അധ്വാനമുള്ള ജോലിയാണ്. വലിയൊരു സമൂഹത്തിന്റെ ഉപയോഗത്തിന് ദിവസവും കൂടിയ അളവിൽ വെള്ളം വേണം. അതിന് ധാരാളം കിണറുകൾ വേണം. ആഴം കൂടിയ കിണറുകൾ കുഴിച്ചു. ധാരളമാളുകൾ കിണർ നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. കിണറിന്റെ ആഴം കൂടുംതോറും ഉത്സാഹവും വർദ്ധിക്കും. കിണറിന്റെ അടിയിൽ വെള്ളം കണ്ടുതുടങ്ങുമ്പോൾ നാടൊട്ടാകെ ആഹ്ലാദത്തിൽ പങ്കുചേരും. പുതുവെള്ളം രുചിക്കാൻ ആവേശത്തോടെ ഓടിക്കൂടും.
സമൂദിന്റെ സാമൂഹിക ജീവിതത്തിലെ പ്രധാന സംഭവമാണ് കിണർ നിർമാണം കിണറ്റിലെ വെള്ളമുപയോഗിച്ചു കൃഷി ചെയ്യുന്നു ഈത്തപ്പനത്തെകൾ നട്ടുനനച്ചുവളർത്തുന്നു മുന്തിരിത്തോട്ടങ്ങളും നനയ്ക്കണം കിണറുകളോട് ചേർത്തു തൊട്ടിക്കുഴികളും നിർമിക്കും പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെ വന്ന് വെള്ളം കുടിക്കും യാത്രക്കാർക്കും വെള്ളം നൽകിയിരുന്നു ഒരോ വീട്ടിലും വെള്ളം ശേഖരിച്ചു വെക്കും അതിന് പ്രത്യേക പാത്രങ്ങളുണ്ടായിരുന്നു
ബിംബാരാധന സർവ്വത്ര വ്യാപിച്ചു. ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു ബിംബത്തെ വളരെ ബഹുമാനപൂർവ്വം ആരാധിച്ചിരുന്നു. കൊല്ലത്തിൽ ഒരു പ്രത്യേക ദിവസം ബിംബം സംസാരിക്കും. അന്ന് കണക്കില്ലാത്ത ജനം തടിച്ചുകൂടും. സംസാരം കേട്ട് നിർവൃതിയടയും. പല പ്രവചനങ്ങൾ നടത്തും. നടക്കാൻ പോവുന്ന കാര്യങ്ങൾ പ്രവചിക്കും. അവയിൽ ചിലതൊക്കെ നടക്കും. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ചയൊന്നുമില്ല .ആളുകൾ അതങ്ങ് മറക്കും. ആ ദിവസം ഇബ്ലീസ് അതിന്നകത്ത് കയറിയിരുന്ന് സംസാരിക്കുകയാണ്.
ഇബ്ലീസിനെ കാണാൻ ജനങ്ങൾക്കാവില്ല. അവർ വലിയ അതിശയത്തോടെ നോക്കിയിരിക്കും. ആൾക്കൂട്ടമുണ്ടാവുമ്പോൾ കച്ചവടം നടക്കും. ബലി നടക്കും. പുണ്യം നേടാൻ തിക്കും തിരക്കും കാണും. ആ ദിവസത്തെ അനുഭവങ്ങൾ ആരും മറക്കില്ല. ഇത് പിശാചിന്റെ പണിയാണെന്ന് മനസ്സിലാക്കിയ ചില ബുദ്ധിമാന്മാർ അക്കാലത്തുണ്ടായിരന്നു. സ്വാലിഹ് (അ)ന്റെ പിതാവ് അവരിൽ ഒരാളായിരുന്നു.
സ്വാലിഹ് (അ) പ്രസവിക്കപ്പെടുന്നതിന് മുമ്പ് ഒരു സംഭവം നടന്നു. പ്രസവം അടുത്തു വരികയാണ്. അക്കൊല്ലത്തെ ഉത്സവ ദിവസം വന്നു. ജനം വല്ലാതെ തടിച്ചുകൂടി. ഇരുമ്പ് വിഗ്രഹം സംസാരം തുടങ്ങി. ജനം ഭവ്യതയോടെ നിന്ന് കേൾക്കുന്നു. സ്വാലിഹ്(അ)ന്റെ പിതാവിന് കോപം വന്നു. അദ്ദേഹം ജനങ്ങളെ തടയാൻ നോക്കി. വളരെ ഗൗരവത്തിൽ ജനങ്ങളോട് സംസാരിച്ചു ജനങ്ങളേ
നിങ്ങൾക്ക് ബുദ്ധിയില്ലേ ? ഇത് പിശാചാണ്, പിശാചിന്റെ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നത്. ഞാൻ എത്രയോ തവണ നിങ്ങളോട് പറഞ്ഞതാണിത് നിങ്ങളെന്താണ് ചിന്തിക്കാത്തത് ?
പിശാച് മനുഷ്യരെ വഴിതെറ്റിക്കു, തമ്മിലടിപ്പിക്കും. ദൂരെപ്പോകൂ പിശാചിന്റെ സംസാരം കേൾക്കാൻ നിൽക്കാതെ മാറിപ്പോവുക. പെട്ടെന്ന് ഇരുമ്പ് വിഗ്രഹം സംസാരിക്കാൻ തുടങ്ങി. ജനം അതീവ താല്പര്യത്തോടെ അത് കേട്ടു.
ഈ മനുഷ്യൻ എന്റെ ശത്രുവാണ്. അവനെ വധിച്ചുകളയുക ജനങ്ങൾ വേദവാക്യംപോലെയാണത് സ്വീകരിച്ചത്. പറഞ്ഞതു പിശാചാണ്. അവർക്കത് തിരിഞ്ഞില്ല. വിഗ്രഹം പറഞ്ഞാൽ നടപ്പാക്കുക. തന്നെ ആ മാന്യവ്യക്തിയുടെ മേൽ വിവരംകെട്ട മനുഷ്യർ ചാടിവീണു മർദ്ദനം തുടങ്ങി.
അരുത് അരുത് അടിയ്ക്കരുത് നിരപരാധിയെ വെറുതെ വിടുക വിവേകമുള്ള ചിലർ തടയാൻ നോക്കി. അവർ എണ്ണത്തിൽ വളരെ കുറവായിരുന്നു. വികാരത്തിന്നധീനമായവരാണേറെയും പിശാചിന്റെ വചനം വിജയിച്ചു. തന്റെ പ്രതിയോഗി വധിക്കപ്പെട്ടു. നീചമായ മരണമെന്ന് ജനം വിധിയെഴുതി. നേർവഴിക്കു ചിന്തിക്കുന്നവരെ പിശാച് കുഴപ്പത്തിൽ ചാടിക്കും. തനിക്കധീനപ്പെടുന്നവരെ അതിനുപയോഗിക്കും.
സ്വാലിഹ് (അ)ന്റെ ഉമ്മ അന്ന് ഒരുപാട് ദുഃഖിച്ചിട്ടുണ്ടാവണം. ഗർഭിണിക്ക് ഭർത്താവിന്റെ വിയോഗം വലിയ വേദനയായിരിക്കും. പിറക്കാൻ പോവുന്ന കുഞ്ഞിനെക്കുറിച്ചു അവർ ധാരാളം സ്വപ്നങ്ങൾ കണ്ടിട്ടുണ്ട്. അതവർക്ക് ആശ്വാസം പകർന്നിരിക്കാം. മാസം തികഞ്ഞു. പ്രസവം നടന്നു ആൺകുഞ്ഞ്.
കുടുംബത്തിൽ ആഹ്ലാദം നിറഞ്ഞു .ആൺകുഞ്ഞിന്റെ പിറവി അത് ഒരാഘോഷം പോലെയായി. വിരുന്നുകാരുടെ തിരക്കായി. നല്ല അഴകുള്ള ആൺകുഞ്ഞ്. കണ്ടിട്ട് മതിവരുന്നില്ല. ബന്ധുക്കൾ മാറിമാറിയെടുത്തോമനിച്ചു. ഇളം കവിളുകളിൽ എത്ര മുത്തങ്ങൾ ചാർത്തപ്പെട്ടു. ആഹ്ലാദഭരിതമായ അന്തരീക്ഷം ആ അന്തരീക്ഷത്തിൽ കുഞ്ഞ് വളർന്നു.
ഞങ്ങളെപ്പോലെ ഒരാൾ
ഹിജാസിൽ നിന്ന് അറബികളുടെ ഒട്ടകങ്ങൾ വരിവരിയായി നടന്നുവരുന്നത് കാണാൻ നല്ല രസമാണ്. സമൂദ് ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ആ കാഴ്ച കൗതുകത്തോടെ നോക്കിനിൽക്കും. മദീനയിൽ ഏകദേശം നൂറ്റി എൺപത് മൈൽ സഞ്ചരിച്ചാൽ ഹിജ്റിൽ എത്താം. തബൂക്കിൽ നിന്ന് ഹിജ്റിലേക്കുള്ള ദൂരം നൂറ്റി എഴുപത് മൈലാണെന്ന് കണക്കാക്കിയിട്ടുണ്ട്.
ഹിജ്റ പിൽക്കാലത്ത് മദാഇനു സ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടു. പാറകൾ നിറഞ്ഞ കുന്നുകളാണെവിടെയും. പാറകൾ വെട്ടി നിർമ്മിച്ച വീടുകൾ ആരാധനാലയങ്ങൾ, ദർബാർ ഹാളുകൾ
അറബികളുടെ യാത്ര റൂട്ട് വളരെ ദൈർഘ്യമുള്ളതായിരുന്നു. അറേബ്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ യമനിൽ നിന്നാണ് യാത്രയുടെ റൂട്ട് തുടങ്ങുന്നത്. ഒട്ടകമാർഗം എന്നാണ് റൂട്ടിന്റെ പേര് .മക്ക,മദീന ,തബൂക്ക് ,മദാഇൻ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഒട്ടകസംഘം മആൻ എന്ന പ്രദേശത്തെത്തുന്നു. മആനിൽ നിന്ന് റൂട്ട് രണ്ടായി പിരിയുന്നു. ഒന്ന് ഈജിപ്തിലേക്കും ,മറ്റൊന്ന് ദമസ്ക്കസിലേക്കും പോവുന്നു.
കച്ചവട സംഘം മദാഇനിൽ നിന്ന് യാത്ര തിരിച്ചാൽ ലൂത്വ് നബി (അ)ന്റെ നാടുകളിലൂടെ സഞ്ചരിച്ചാണ് മആനിൽ എത്തുന്നത്. ഇതേ റൂട്ടിലൂടെ തന്നെയായിരുന്നു ഹജ്ജാജിമാരും അക്കാലത്ത് സഞ്ചരിക്കുന്നത്. പൗരാണിക കാലത്തെ പ്രവാചകന്മാരെക്കുറിച്ചും സമുദായങ്ങളെക്കുറിച്ചും പറയുമ്പോൾ അറബികൾക്ക് പെട്ടെന്ന് കാര്യം മനസ്സിലാവും. കാരണം ആ പ്രദേശങ്ങളിലൂടെ അവർ എത്രയോ തവണ സഞ്ചരിച്ചിട്ടുണ്ട്. ശാപം ഇറങ്ങിയ നാടുകൾ അവർക്ക് നന്നായറിയാം. അറബികൾ അക്കാലത്ത് ഏറ്റവും കൂടുതൽ ലോകവിവരമുള്ള ആളുകളായിരുന്നു .കച്ചവടം നല്ല വരുമാനം നൽകി. അറബികൾക്ക് നല്ല സാമ്പത്തിക ശേഷിയും കൈവന്നു. അറബ് സമൂഹത്തിന്റെ മുൻപന്തിയിൽ തന്നെയായിരുന്നു സമൂദ് വിഭാഗക്കാരുടെ സ്ഥാനം.
സമൂദുകാരെ സന്മാർഗത്തിലേക്ക് ക്ഷണിക്കാൻ സ്വാലിഹ് (അ) വന്നു അതുവരെ സമൂഹത്തിൽ യോഗ്യനായി കണക്കാക്കപ്പെട്ടിരുന്ന സ്വാലിഹ് (അ) സത്യമാർഗത്തിലേക്ക് ക്ഷണിക്കാൻ തുടങ്ങിയതോടെ വ്യാജനായി മുദ്രകുത്തപ്പെട്ടു.സ്വാലിഹ് (അ)നെ അവർ കളവാക്കി തള്ളിക്കളഞ്ഞു.
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ
സമൂദ് ഗോത്രം മുർസലുകളെ കളവാക്കി (26:141)
അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞപ്പോൾ: നിങ്ങൾ സൂക്ഷിക്കുന്നില്ലേ ? (26;142)
നിശ്ചയമായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു (26:143)
അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ (26:144)
അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിന്റെ മേൽ മാത്രമാകുന്നു (26:145)
സ്വാലിഹ് (അ) ആ വിഭാഗത്തെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുകയാണ്. ഈ പ്രവർത്തനംകൊണ്ട് ഭൗതികമായ യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല.ഒരാളിൽ നിന്നും ഒരു പ്രതിഫലവും വേണ്ട. അല്ലാഹുവിന്റെ പ്രതിഫലം മതി. ആ പ്രതിഫലമാണ് ലക്ഷ്യം. പ്രവാചകന്റെ ആത്മാർത്ഥത അവർ പരിഗണിച്ചില്ല .പറയുന്നത് സത്യമാണോ എന്ന് ചിന്തിച്ചില്ല. പറയുന്നത് നിഷേധിക്കുക അതായിരുന്നു അവരുടെ നിലപാട്.
കാലാകാലം ഇവിടെ ജീവിക്കാൻ തയ്യാറെടുക്കുന്നതുപോലെയാണവരുടെ ഒരുക്കങ്ങൾ. പാറകൾ തുരന്ന് സുഖവാസ കേന്ദ്രങ്ങളുണ്ടാക്കുന്നു. സ്വാലിഹ് (അ) അവരെ നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നു. ഇത് നശ്വരമായ ലോകം ഈ ജീവിതം നശ്വരം ശാശ്വത ലോകം .പരലോകം മാത്രം അവിടേക്ക് വേണ്ടി സമ്പാദിക്കുക. ഞാൻ പറയുന്നത് സത്യം, ഇത് വ്യാജമല്ല. നിങ്ങളിതിനെ വ്യാജമാക്കി തള്ളിക്കളയരുത്. നിങ്ങളെന്തിനാണ് ഇത്ര ഗംഭീരമായ വീടുകൾ പണിയുന്നത്? ഇത് വിട്ടൊഴിയേണ്ടതല്ലേ ? ഇവിടത്തെ ഭൗതിക സുഖങ്ങൾ ആസ്വദിക്കാൻ നിങ്ങളെ നിർഭയരായി ഇവിടെ വിട്ടേക്കുമെന്ന് കരുതുന്നുണ്ടോ ? സ്വാലിഹ് (അ) ചോദിച്ചു
ഈ ചോദ്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
ഇവിടെയുള്ള ഭൗതിക സുഖങ്ങളിൽ നിങ്ങൾ നിർഭയരായിക്കൊണ്ട് വിട്ടേക്കപ്പെടുമോ ? (26:146)
നിങ്ങൾക്ക് ധാരാളം തോട്ടങ്ങളുണ്ട് അവ നിങ്ങൾക്ക് ആനന്ദം തരുന്നു. ഈ തോട്ടങ്ങൾ നൽകുന്ന ആനന്ദത്തിൽ ലയിച്ചു കാലാകാലം ഇവിടെക്കഴിയാമെന്ന വിചാരം നിങ്ങൾക്കുണ്ടോ ?
നിങ്ങളുടെ വയലുകൾ കൃഷിയിടങ്ങൾ പഴവർഗങ്ങൾ വിളയുന്ന തോപ്പുകൾ ജലസേചനത്തിന്റെ അരുവികൾ പഴങ്ങളുടെ ഭാരത്താൽ കുലകൾ തൂങ്ങിനിൽക്കുന്ന ഈത്തപ്പനകൾ ഇവയൊക്കെ നിങ്ങളെ ആഹ്ലാദം കൊള്ളിക്കുന്നു. ഇതൊന്നും വിട്ടേച്ചു പോവാൻ മനസ്സില്ല. ഈ ആഹ്ലാദത്തിൽ എക്കാലവും ജീവിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?
വിശുദ്ധ ഖുർആൻ ചോദിക്കുന്നു:
അതായത് തോട്ടങ്ങളിലും നീരുറവകളിലും (നിങ്ങളെ നിൽഭയരായി വിട്ടേക്കുമോ? (26:147)
കൃഷിസ്ഥലങ്ങളിലും പഴങ്ങളുടെ ഭാരത്താൽ കുല തൂങ്ങിനിൽക്കുന്ന ഈത്തപ്പനത്തോട്ടങ്ങളിലും(26:148)
അമിതമായ ആഹ്ലാദത്തോടെ മലകൾ തുരന്ന് നിങ്ങൾ വീടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു (26:149)
ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക (26:150)
അതിക്രമികളുടെ കൽപന നിങ്ങൾ അനുസരിക്കരുത് (26:151)
അതായത് നാട്ടിൽ കുഴപ്പമുണ്ടാക്കുകയും നാട് നന്നാക്കാതിരിക്കുകയും ചെയ്യുന്നവരുടെ കൽപ്പന (26:152)
സ്വാലിഹ് നബി (അ) നിർവ്വഹിച്ച ദൗത്യം ഈ വചനങ്ങളിൽ നിന്ന് നമുക്ക് നന്നായി മനസ്സിലാക്കാം. ആ സമുദായം പരലോക ജീവിതം മറന്നു സ്വാലിഹ് (അ)അത് ഓർമ്മപ്പെടുത്തി. അവർ ഭൗതിക സുഖങ്ങളിൽ ലയിച്ചു. മനസ്സിൽ അത് മാത്രം. ഭൗതിക സുഖങ്ങൾ വിട്ടേച്ച് പോവേണ്ടിവരുമെന്ന് ഓർമ്മപ്പെടുത്തി. അവരുടെ നേതാക്കൾ അക്രമകാരികളാണ് നാട്ടിൽ നാശം വിതയ്ക്കുന്നവർ. നാട് നന്നാക്കുന്നവരല്ല അവരുടെ കൽപനകൾ അനുസരിക്കരുത്. അവരുടെ ചിന്താമണ്ഡലത്തെ തട്ടിയുണർത്തേണ്ട വചനങ്ങളാണ് സ്വാലിഹ് (അ)ൽ നിന്ന് അവർ കേട്ടത്. പക്ഷെ അവർ ചിന്തിക്കാൻ സന്നദ്ധരല്ല. ധിക്കാരം തന്നെയാണവരെ തടഞ്ഞത്. ധിക്കാരികളായ ജനത പറയാറുള്ള അതേ വാക്കുകൾ തന്നെ അവരിൽ നിന്നുണ്ടായി.
നിനക്ക് മാരണം ബാധിച്ചിരിക്കുന്നു. ഇന്നലെവരെ ബുദ്ധിമാൻ എന്നു സമ്മതിച്ചവരാണ്. സത്യത്തിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടിപ്പോയി. ഉത്തരം മുട്ടുമ്പോൾ പലരും പറയാറുള്ളത് ഇതുതന്നെയാണ് മാരണം ബാധിക്കുക.
മറ്റൊരു വാചകം ചേർത്തു പറയാറുണ്ട്. നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. ഞങ്ങളെപ്പോലെ ഭക്ഷണം കഴിക്കുന്നു വെള്ളം കുടിക്കുന്നു, സഞ്ചരിക്കുന്നു ,ഉറങ്ങുന്നു പിന്നെങ്ങിനെ നീ നബിയാകും ?
പല സമുദായങ്ങളും അവരുടെ പ്രവാചകന്മാരോടു ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. മൂന്നാമതൊരു കാര്യം കൂടിയുണ്ട്. നബിയാണ് എന്നതിന് തെളിവ് കൊണ്ടുവരൂ. അമാനുഷിക കർമ്മങ്ങൾ കാണിക്കാൻ നിർബന്ധം പിടിക്കും അമാനുഷിക കർമ്മങ്ങൾ (മുഹ്ജിസത്ത് )കാണിച്ചാലോ ?
ഉടനെ വരും പ്രതികരണം മാരണം ,മാരണം
ഇതൊക്കെ സ്വാലിഹ് (അ)ന്റെ ചരിത്രത്തിലും നാം കാണുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു
അവർ പറഞ്ഞു : നീ മാരണബാധിതരിൽ പെട്ടവൻ തന്നെയാകുന്നു (26:153)
നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയാണ് അതുകൊണ്ട് സത്യവാദികളിൽ പെട്ടവനാണെങ്കിൽ ഒരു ദൃഷ്ടാന്തം നീ കൊണ്ടുവരണം (26:154)
അവർക്ക് തെളിവ് വേണം. അതിനുവേണ്ടി നിർബന്ധം തുടങ്ങി. സ്വാലിഹിന് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഒരു കാര്യമാണവർ ചോദിക്കാൻ പോവുന്നത്. ദൃഷ്ടാന്തം കണ്ട് വിശ്വസിക്കാനല്ല. ദൃഷ്ടാന്തം കൊണ്ടുവരാൻ കഴിയിതെ സ്വാലിഹ് തങ്ങളുടെ മുമ്പിൽ പരാജയപ്പെടണം. അതിനു പറ്റിയ ദൃഷ്ടാന്തം എന്ത് ? അവർ തലപുകഞ്ഞ് ആലോചന തുടങ്ങി
അല്ലാഹുവിന്റെ ഒട്ടകം
ഞങ്ങളുടെ വിശേഷ ദിവസം വരികയാണ്. അന്ന് ഞങ്ങൾ പട്ടണത്തിന് പുറത്തുള്ള മൈതാനിയിൽ സമ്മേളിക്കും. ഞങ്ങളുടെ വിഗ്രഹങ്ങളെ അലങ്കരിച്ചു കൊണ്ടുവരും. ഒരു വർഷത്തേക്കുള്ള ഞങ്ങളുടെ ആവശ്യങ്ങൾ ഞങ്ങൾ അവയുടെ മുമ്പിൽ സമർപ്പിക്കും. നീ അന്നവിടെ വരണം ഞങ്ങളപ്പോൾ ദൃഷ്ടാന്തം കാണിക്കാൻ ആവശ്യപ്പെടും. വളരെ ഗൗരവത്തിലാണവരുടെ സംസാരം.
സ്വാലിഹ് (അ) ശാന്ത സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
നിങ്ങളാവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചുതരാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. ദൃഷ്ടാന്തം കണ്ടതിന് ശേഷം നിങ്ങൾ പിന്തിരിഞ്ഞു കളയരുത്. അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കണം. നിങ്ങൾ അഹങ്കാരം കാണിച്ചു പിന്തിരിഞ്ഞുകളഞ്ഞാൽ അല്ലാഹു നിങ്ങളെ കഠിനമായി ശിക്ഷിക്കും.
അവർ ഇങ്ങനെ ഉത്തരം നൽകി
ഞങ്ങളാവശ്യപ്പെടുന്ന ദൃഷ്ടാന്തം കാണിച്ചാൽ ഞങ്ങൾ വിശ്വസിക്കാം.
എല്ലാവരും പിരിഞ്ഞു പോയി
സ്വാലിഹ് (അ)പരാജയപ്പെടുന്നത് കാണാൻ സമൂദുകാർക്ക് തിടുക്കമായി. നിശ്ചിത ദിവസമായി .എല്ലാവരും വന്നുചേർന്നു. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾ. ഒരു നേതാവ് മുമ്പോട്ടു വന്നു ഇങ്ങനെ ആവശ്യപ്പെട്ടു.
മലമുകളിലെ പാറ കണ്ടില്ലേ? ആ വലിയ പാറ പിളർന്ന് അതിൽ നിന്ന് വലിയ ഒരൊട്ടകം പുറത്തു വരണം.വെള്ളം നിറം നെറ്റിയിൽ കറുപ്പ് ശരീരത്തിൽ നീണ്ട രോമങ്ങൾ അങ്ങനെയുള്ള ഒരൊട്ടകത്തെ പുറപ്പെടുവിക്കണം. മലപോലെ ഉയരം വേണം പൂർണ ഗർഭിണിയായിരിക്കണം. ഉടനെ പ്രസവിക്കണം കുട്ടിയും തള്ളയെപ്പോലെയാവണം നേതാവ് പറഞ്ഞു നിർത്തി
സ്വാലിഹ് (അ)നെ നോക്കി തങ്ങളുടെ ആവശ്യം കേട്ട് സ്വാലിഹ് പരിഭ്രാന്തനായിട്ടുണ്ടാകുമെന്ന് അയാൾ കരുതിയത്.
സ്വാലിഹ് (അ) ശാന്തനായിരുന്നു.
പ്രവാചകനും എണ്ണത്തിൽ കുറഞ്ഞ അനുയായികളും മലകയറി മുകളിലെത്തി രണ്ട് റക്അത്ത് നിസ്കരിച്ചു. അല്ലാഹുവിനോടു ദുആ ഇരന്നു .സമൂദുകാർക്ക് ഉറപ്പുണ്ടായിരുന്നു സ്വാലിഹ് പരാജയപ്പെടും. കാരണം ഒരിക്കലും സാധ്യമാവാത്ത കാര്യമാണ് ആവശ്യപ്പെട്ടിരിക്കുന്നു. പാറയിൽ നിന്നെങ്ങനെ ഒട്ടകം വരാൻ? അതും ഗർഭിണിയായ ഒട്ടകം. അത് ഉടനെ പ്രസവിക്കണം കുട്ടി തള്ളയെപ്പോലെ വളർന്നിരിക്കണം. ഇതൊന്നും നടക്കാൻ പോവുന്നില്ല. സ്വാലിഹ് എന്താ ഒന്നും പറയാത്തത്? ഇനിയും പരാജയം സമ്മതിച്ചുകൂടേ? പെട്ടെന്നൊരു ഭരങ്കര ശബ്ദം എല്ലാവരും ഞെട്ടിപ്പോയി എന്താണ് സംഭവിച്ചത്?
വലിയ പാറ പൊട്ടിപ്പിളർന്നിരിക്കുന്നു. ഭീകരമായ കാഴ്ച ആ പിളർപ്പിലൂടെ ഇറങ്ങി വരുന്നു. ഭീമാകാരമുള്ള ഒരൊട്ടകം എന്തൊരത്ഭുതം ഉടനെത്തന്നെ ഒട്ടകം പ്രസവിച്ചു. തടിച്ചു കൊഴുത്ത കുട്ടി നോക്കി. നോക്കി നിൽക്കെ അത് വളരുന്നു വളർന്നു വലുതായി വലിയ ഒരൊട്ടകമായി. സമുദുകാർ അന്തംവിട്ടു നിൽക്കുകയാണ്. തങ്ങളാവശ്യപ്പെട്ടതെല്ലാം നടന്നിരിക്കുന്നു .ഇനി സ്വാലിഹ് ആവശ്യപ്പെടും .അല്ലാഹുവിൽ വിശ്വസിക്കുക തന്നെ നബിയായി അംഗീകരിക്കുക. അതിനെന്ത് മറുപടി പറയും? ഉപായം കണ്ടെത്തണം ഇതൊക്കെ വെറും മാരണവിദ്യകളാണെന്നു പറയാം അങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറിക്കളയാം.
സ്വാലിഹ് (അ)ജനങ്ങളോടിങ്ങനെ വിളിച്ചു പറഞ്ഞു:
നോക്കൂ ഇത് അല്ലാഹുവിന്റെ ഒട്ടകമാണ്. ഇതിനെ ഒരുവിധത്തിലും ഉപദ്രവിക്കരുത്. തള്ളയും കുഞ്ഞും നല്ല കാഴ്ച തന്നെ. ജനങ്ങൾക്കിടയിലൂടെ അവ നടന്നു. ആരോ ചിലർ അതിന്റെ പാൽ കറന്നു. എന്തുമാത്രം പാൽ കറന്നാലൊന്നും തീരില്ല. പലരും കുടിച്ചു നോക്കി .എന്തൊരു രുചി .എന്തൊരു മധുരം. ഇത്രയും സ്വാദുള്ള പാൽ ഇതുവരെ കുടിച്ചിട്ടില്ല. എല്ലാവരും ഒട്ടകത്തെ നോക്കുന്നു. അതിനെപ്പറ്റി സംസാരിക്കുന്നു. ഇതെന്തൊരത്ഭുതം. അസാധ്യമെന്ന് ധരിച്ചത് സാധ്യമായിരിക്കുന്നു. ഇതു കാരണമായി കുറച്ചുപേർ സ്വാലിഹ് നബി (അ)ൽ വിശ്വസിച്ചു. ദുരഭിമാനികളും സാമൂഹിക ദ്രോഹികളുമൊക്കെ അകന്നുനിന്നു. സ്വാലിഹിനെ ഇനിയെങ്ങനെ തോൽപിക്കാം അതിനെക്കുറിച്ചാണിപ്പോൾ ചിന്ത.
സാമൂഹിക ദ്രോഹികൾ ഒട്ടകത്തെ ദ്രോഹിക്കുമെന്ന് സ്വാലിഹ് (അ)ന് തോന്നിയിരിക്കാം. അതുകൊണ്ടവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. സ്വാലിഹ് (അ)ന്റെതാക്കീത് വിശുദ്ധ ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു :
ഒരുവിധ തിന്മകൊണ്ടും നിങ്ങളതിനെ തൊട്ടുപോകരുത് തൊട്ടാൽ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും (26:156)
സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം :
എന്റെ ജനങ്ങളേ ഇതാ നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്റെ ഒട്ടകം ആകയാൽ അതിനെ നിങ്ങൾ വിട്ടേക്കുവീൻ അത് അല്ലാഹുവിന്റെ ഭൂമിയിൽ നിന്ന് തിന്നുകൊള്ളട്ടെ അതിനെ ഒരു ഉപദ്രവും ചെയ്യരുത് എന്നാൽ സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ് (11:64)
സൂറത്ത് അഹ്റാഫിലെ പരാമർശം ഇങ്ങനെയാകുന്നു
സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ (നാം അയച്ചു) അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങൾക്ക് വന്നിട്ടുണ്ട് ഇതാ അല്ലാഹുവിന്റെ ഒട്ടകം നിങ്ങൾക്കൊരു ദൃഷ്ടാന്തം അതിനെ നിങ്ങൾ വിട്ടേക്കുക അല്ലാഹുവിന്റെ ഭൂമിയിൽ നിന്ന് അത് തിന്നുകൊള്ളട്ടെ അതിന് ഒരു ഉപദ്രവും ചെയ്യരുത് എന്നാൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും (7:73)
നബിയുടെ മുന്നറിയിപ്പ് എല്ലാവരും കേട്ടു. ചിലർ വിശ്വസിച്ചു അധികപേരും അതത്ര കാര്യമാക്കിയില്ല .അശ്രദ്ധരായിക്കൊണ്ട് ദിവസങ്ങൾ തള്ളി നീക്കി പിശാച് തെളിച്ച വഴിയിലൂടെ അവർ നീങ്ങി.
കുടിവെള്ളം
ഇപ്പോൾ സ്വാലിഹ് നബി (അ)നോടൊപ്പം ചെറിയൊരു സംഘമുണ്ട്. അവരെ ഒന്നിച്ചു നിർത്തി അവർക്കിടയിൽ സാഹോദര്യം വളർത്തിയെടുത്തു. അവർക്ക് സദുപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. എല്ലാ ദിവസവും അവരെ കാണും ഉപദേശിക്കും. അവരുടെ വിശ്വാസം ദൃഢമായിത്തീർന്നു. ഒട്ടകത്തെ കാണുമ്പോൾ അവർ പ്രതാപശാലിയായ അല്ലാഹുവിനെ ഓർക്കും. വിശ്വസിക്കാത്തവർ അവരെ ശത്രുക്കളായിക്കണ്ടു. ശത്രുതയോടെ നോക്കി, പകയോടെ സംസാരിച്ചു. സ്വാലിഹ് കള്ളം പറയുന്നു. അവൻ മാരണക്കാരനാണ് സാമൂഹിക വിരുദ്ധർ ഒച്ചവെച്ചു സംസാരിച്ചു.
നിങ്ങൾ പറയുന്നത് ശരിയല്ല സ്വാലിഹ് (അ)അല്ലാഹുവിന്റെ പ്രവാചകനാകുന്നു. അക്കാര്യം നിങ്ങൾ അംഗീകരിക്കണം, വിശ്വാസികൾ ഉപദേശിച്ചു.
ഇല്ല ഞങ്ങൾ വിശ്വസിക്കില്ല നിങ്ങൾ പറയുന്നത് വ്യാജമാണ്.
അല്ലാഹുവിന്റെ ദൃഷ്ടാന്തം നിങ്ങൾ കാണുന്നില്ലേ ? അല്ലാഹുവിന്റെ ഒട്ടകം അത് നിങ്ങളുടെ മുമ്പിലൂടെയല്ലേ നടന്നു പോവുന്നത്? എന്നിട്ടും നിങ്ങൾക്കെന്താണ് വിശ്വാസം വരാത്തത്?
ഉത്തരം മുട്ടിയപ്പോൾ ഒച്ചവെക്കാൻ തുടങ്ങി.
വിശ്വാസികൾ മിണ്ടാതിരുന്നില്ല. വലിയ വാദപ്രതിവാദമായി, ശബ്ദമുയർന്നു. വാക്കുകൾ കത്തിക്കയറി.സ്വാലിഹ് (അ) വിശ്വസിക്കാത്തവരോട് ശാന്തമായി ഇങ്ങനെ ഉപദേശിച്ചു:
ജനങ്ങളേ നിങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന റബ്ബിനെ ഓർക്കുക. നിങ്ങളൊരുപാട് പാപങ്ങൾ ചെയ്തുകൂട്ടിയിട്ടുണ്ട്. അല്ലാഹുവിനോട് മാപ്പ് അപേക്ഷിക്കുക. അവൻ പൊറുത്തുതരും. ഈ ലോകത്തും പരലോകത്തും നിങ്ങൾക്ക് ധാരാളം നന്മകൾ കൈവരും. എത്ര ഹൃദയസ്പർശിയായ ഉപദേശം.
വിശുദ്ധ ഖുർആൻ ഈ രംഗം ഇങ്ങനെ അവതരിപ്പിക്കുന്നു
സമൂദ് ഗോത്രത്തിന്റെ അടുക്കലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ നാം അയക്കുകയുണ്ടായി നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ എന്ന് (പറഞ്ഞുകൊണ്ട്)
അപ്പോഴതാ അവർ അന്യോന്യം വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഭാഗമായി (27:45)
വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിൽ ശിക്ഷയുടെ കാര്യത്തിലും തർക്കമുണ്ടായി.
സ്വാലിഹിന്റെ മാർഗ്ഗം സ്വീകരിച്ചില്ലെങ്കിൽ ശിക്ഷ വരുമോ ? അങ്ങനെയാണല്ലോ നിങ്ങൾ പറയുന്നത് ഞങ്ങൾ ആ മാർഗ്ഗം സ്വീകരിക്കാൻ തയ്യാറില്ല. ശിക്ഷ വരട്ടെ ഞങ്ങളൊന്നു കാണട്ടെ. വിശ്വസിക്കാത്തവരുടെ വെല്ലുവിളി.
ഞങ്ങളോട് തർക്കിച്ചിട്ട് കാര്യമില്ല ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ. സ്വാലിഹ് (അ)അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾക്ക് മനസ്സിലാവും. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കൂ രക്ഷപ്പെടൂ.
സത്യവിശ്വാസികളുടെ മനോവേദനയോടെയുള്ള ഉപദേശം ധിക്കാരികൾ ചെവിക്കൊണ്ടില്ല.
നിങ്ങൾ പറയന്ന ശിക്ഷ വരാത്തതെന്ത് ? എന്താണിത്ര താമസം ? കൊണ്ടുവരൂ ധിക്കാരികൾ ശിക്ഷക്ക് ധൃതികൂട്ടി
അപ്പോൾ സ്വാലിഹ് (അ)അവരെ ഉപദേശിച്ചു.
ജനങ്ങളേ നിങ്ങൾ ശിക്ഷക്ക് ധൃതികൂട്ടുകയാണോ ? കഷ്ടം നിങ്ങൾ നന്മയിലേക്കു വരാനാണ് ധൃതികൂട്ടേണ്ടത്. അറിയുക അല്ലാഹു ധാരാളം പൊറുക്കുന്നവനാണ് .പശ്ചാത്തപിച്ചു മടങ്ങൂ അല്ലാഹു പൊറുത്തുതരും. സന്മാർഗത്തിലേക്ക് വരൂ ശിക്ഷക്ക് ധൃതി കൂട്ടരുത്.
നീ പറയുന്ന മാർഗത്തിലേക്ക് ഞങ്ങളില്ല ശിക്ഷ കൊണ്ടു വന്നാട്ടെ
വിശുദ്ധ ഖുർആൻ പറയുന്നു:
(സ്വാലിഹ്) പറഞ്ഞു: എന്റെ ജനങ്ങളേ നിങ്ങൾ നന്മയുടെ മുമ്പായി തിന്മക്ക് ധൃതി കൂട്ടുന്നതെന്താണ് ?
അല്ലാഹുവിനോട് നിങ്ങൾക്ക് മാപ്പിന് അപേക്ഷിച്ചുകൂടേ ? നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കും (27:46)
അവർ പറഞ്ഞു: നിന്നെക്കൊണ്ടും നിന്റെ കൂടെയുള്ളവരെക്കൊണ്ടും ഞങ്ങൾ ശകുനപ്പിഴവിലായിരിക്കുന്നു
സ്വാലിഹ് (അ) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ മാത്രമല്ല നിങ്ങൾ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു (27:47)
പ്രവാചകനെയും അനുയായികളെയും ദുശ്ശകുനമായിട്ടാണ് ആ ജനത കണ്ടത്. നാട്ടിൽ വരൾച്ചയുണ്ടായാൽ അത് സ്വാലിഹിന്റെയും കൂട്ടരുടെയും കുഴപ്പമാണെന്നവർ പറയും.
സ്വാലിഹ് (അ) നല്ല മറുപടി നൽകി
നിങ്ങൾ തന്നെയാണ് ദുശ്ശകുനക്കാർ നിങ്ങളുടെ ദുഷ്ട ചെയ്തികൾ കാരണം പല പരീക്ഷണങ്ങൾ വരും.
ശകുനം നോക്കൽ
സമൂദ്കാർ അസാമാന്യ വലിപ്പമുള്ള ഒട്ടകത്തെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടകത്തിനും കുഞ്ഞിനും വമ്പിച്ച ശരീരമായിരുന്നു. അതുകൊണ്ട് അവയ്ക്ക് ധാരാളം വെള്ളം വേണം. ഒട്ടകവും കുഞ്ഞും ജലാശയത്തിലെത്തി വെള്ളം കുടിച്ചു. മതിവരുവോളം കുടിച്ചു വെള്ളം തീർന്നു. ആളുകൾ അതിശയിച്ചുപോയി ഇനിയെന്ത് ചെയ്യും?
ആളുകളുടെ ആവശ്യത്തിന് വെള്ളമെവിടെ ? സ്വാലിഹ് (അ)പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. ഇന്നത്തെ വെള്ളം ഒട്ടകങ്ങൾക്ക് നാളത്തെ വെള്ളം നിങ്ങൾക്ക്. മറ്റന്നാൾ ഒട്ടകങ്ങൾക്ക് അതിന്നടുത്ത ദിവസം നിങ്ങൾക്ക് അങ്ങനെ ഓരോ ദിവസം ഇടവിട്ട് വെള്ളമെടുക്കാം. തൽക്കാലം അങ്ങനെ സമ്മതിച്ചു മറ്റൊരു മാർഗവും കണ്ടില്ല. ആളുകൾ ഊഴം നോക്കി വെള്ളമെടുത്തു രണ്ട് ദിവസത്തേക്ക് വേണ്ട വെള്ളം ശേഖരിക്കും.
വിശുദ്ധ ഖുർആൻ പറയുന്നു:
(സ്വാലിഹ്) പറഞ്ഞു: ഇതാ ദൃഷ്ടാന്തമായ ഒട്ടകം ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം അതിന്നാകുന്നു ഒരു നിശ്ചിത ദിവസത്തെ കുടിവെള്ളം നിങ്ങൾക്കുമാകുന്നു (26:156)
കാര്യങ്ങൾ സമാധാനത്തിൽ പോവുന്നത് ചിലർക്ക് സഹിക്കാനാവില്ല. അവർക്ക് നാട്ടിൽ എപ്പോഴും കുഴപ്പങ്ങളുണ്ടായിക്കാണാനാണ് ആഗ്രഹം. അതിന് പറ്റിയ വിഷയങ്ങൾ അവർ കണ്ടെത്തും. കുടിവെള്ളം ഒരു പ്രശ്നമാക്കാൻ തന്നെ അവർ തീരുമാനിച്ചു. ഒരു ദിവസത്തെ കുടിവെള്ളം ഒട്ടകത്തിന് ഒരു ദിവസത്തെ കുടിവെള്ളം മനുഷ്യർക്ക് ഇതെന്ത് നീതി.
ഒട്ടകത്തിനും മനുഷ്യനും തുല്യവിലയോ ?
കേട്ടവർ കേട്ടവർ ചിന്തിക്കാൻ തുടങ്ങി. മനുഷ്യന്റെ സ്ഥാനം ഒട്ടകത്തിനും സംസാരമായി, ചർച്ചയായി. ചർച്ചക്ക് ചൂടുപിടിച്ചു .വാഗ്വാദം വഴക്ക് ഇതൊക്കെ നടത്തുന്നവർ ഒട്ടകത്തിന്റെ പാൽ കറന്നെടുത്തു കുടിക്കുന്നുമുണ്ട്.
സ്വാലിഹ് (അ) സദുപദേശം നൽകിക്കൊണ്ടിരുന്നു.
ഇത് അല്ലാഹുവിന്റെ ഒട്ടകം. അല്ലാഹുവിന്റെ ഒട്ടകം അവന്റെ ഭൂമിയിൽ മേഞ്ഞ് നടന്നു തീറ്റയെടുക്കട്ടെ. അല്ലാഹുവിന്റെ ഒട്ടകം അവന്റെ ഭൂമിയിലെ വെള്ളം കുടിക്കെട്ടെ. അതിനെ ഉപദ്രവിക്കരുത്. ഉപദ്രവിച്ചാൽ കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കും. അത് വെള്ളം കുടിക്കുന്നതുകൊണ്ട് നിങ്ങൾക്കൊരു ദോഷവും വരാനില്ല. അതിനെ അതിന്റെ പാട്ടിന് വിടുക നിങ്ങൾ നന്മയുള്ളവരാവുക കരുണ കാണിക്കുക.
ഒട്ടകത്തെ കൊന്നു
ഒമ്പത് പേരടങ്ങുന്ന സംഘം അവരാണ് നാട്ടിലെ പ്രമാണികൾ. അവർ എന്ത് ഉദ്ദേശിക്കുന്നുവോ അത് നടക്കും. അവർ എതിക്കുന്നതൊന്നും നടക്കില്ല. നാട്ടിലെ പ്രമാണിമാർ ധീരന്മാർ ,യോദ്ധാക്കൾ അവരുടെ വാക്കുകളാണ്. നാട്ടിലെ നിയമം തെറ്റിച്ചാൽ കൊന്നുകളയും. അവരുടെ കൈകൊണ്ട് വധിക്കപ്പെട്ടാൽ ചോദ്യമില്ല ഇതാണവസ്ഥ അവർ സ്വാലിഹ് (അ)ന്റെ ശത്രുക്കൾ.
ജനങ്ങളെ നബിക്കെതിരെ ഇളക്കിവിടാൻ അവർ ശ്രമം തുടങ്ങി. ഭീമാകാരമുള്ള ഈ ഒട്ടകങ്ങൾ നമുക്ക് വലിയ ശല്യം തന്നെയാണ്. അവ നമ്മുടെ വെള്ളം കുടിച്ചു തീർക്കുന്നു. നമ്മുടെ കന്നുകാലികൾക്ക് അവയെ കാണുമ്പോൾ പേടിയാണ്. അവയെ ഇന്നാട്ടിൽ നിന്ന് ഓടിച്ചുവിടണം. ആണുങ്ങളുടെ ആവേശം പെണ്ണുങ്ങളിലേക്കും ബാധിച്ചു. അവരും നന്നായി സംസാരിക്കുന്നുണ്ട്. ചില സുന്ദരികളും രംഗത്തെത്തി. ഒട്ടകത്തെ കൊല്ലണം. അതിന്നവർ പുരുഷന്മാരെ പ്രേരിപ്പിച്ചു. നിരന്തര പ്രേരണ ഒട്ടകത്തെ കൊല്ലുന്നവർക്ക് തങ്ങൾ ഭാര്യയായി ഇരുന്നുകൊള്ളാം.
സുന്ദരികളുടെ പ്രലോഭനം നാടാകെ ഇളകിമറിയുകയാണ് ഒട്ടകത്തെ കൊല്ലാനുള്ള ആവംശം ഒരു ഭാഗത്ത്.
അരുതേ .....അരുതേ..... കൊല്ലരുതേ എന്ന മുറവിളി മറുഭാഗത്ത്
കൊല്ലും കൊന്നാലെന്താണ് വരാനുള്ളത് ?
കൊല്ലരുത് ബുദ്ധിമോശം കാണിക്കരുത്
കൊല്ലും എന്ത് വരുമെന്ന് കാണട്ടെ.
കൊല്ലരുത് കൊന്നാൽ വേദനാജനകമായ കഠിന ശിക്ഷയിറങ്ങും നിങ്ങൾ ഒന്നാകെ നശിക്കും.
പറഞ്ഞു പേടിപ്പിക്കേണ്ട കുറെ നാളായല്ലോ പറയുന്നു എന്താണ് ശിക്ഷ വരാത്തത്? താമസമെന്ത് ?
നേരത്തെ സൂചിപ്പിച്ച ഒമ്പത് പേരാണ് വാഗ്വാദത്തിന് നേതൃത്വം നൽകുന്നത്. അവരുടെ വാശി മറ്റുള്ളവരിലേക്ക് പടർന്നു കയറി ഒമ്പത് പേരിൽ പരമദുഷ്ടനായിരുന്നു ഖുദാർ ബ്നു സ്വാലിഹ്. നാട്ടിലെ സകല കുഴപ്പങ്ങളുടെ പിന്നിലും ഈ ധിക്കാരിയുണ്ടാവും യാതൊരു നന്മയും അവനിൽ നിന്നുണ്ടാവില്ല.
ഈ ഒമ്പതംഗ സംഘത്തെക്കുറിച്ച് വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം
ആ നാട്ടിൽ ഒമ്പത് ആളുകളുള്ള ഒരു സംഘമുണ്ടായിരുന്നു അവർ ഭൂമിയിൽ കുഴുപ്പമുണ്ടാക്കുന്നവരും നന്മ ഉണ്ടാക്കാത്തവരുമായിരുന്നു (27:48)
അതിസുന്ദരിയായ ഒരു യുവതി ആ പട്ടണത്തിലുണ്ടായിരുന്നു. സാമൂഹിക വിരുദ്ധരുടെ ആശാകേന്ദ്രമായിരുന്നു അവൾ. അവളെ ഭാര്യയായിക്കിട്ടാൻ പലരും കൊതിച്ചിരുന്നു. ഒമ്പതാളുകളുടെ കൂടിയാലോചനയും തീരുമാനവും അവളറിഞ്ഞു. അവൾ ഖുദാറിനെ വിളിച്ചു വരുത്തി അവൻ ആവേശപൂർവം സുന്ദരിയുടെ മുമ്പിലെത്തി. വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ആടിക്കുഴഞ്ഞുള്ള നിൽപ് കൊഞ്ചിക്കൊഞ്ചിയുള്ള വർത്തമാനം.
നിങ്ങൾ പുരുഷനാണോ ?എങ്കിൽ പൗരുഷമൊന്നു കാണട്ടെ സ്വാലിഹിന്റെ ഒട്ടകത്തെ കൊല്ലാൻ ധൈര്യമുണ്ടോ ?
ഉണ്ട് ഞാൻ കൊല്ലും കൊന്നാൽ എനിക്കെന്ത് കിട്ടും?
കിട്ടും നല്ല സമ്മാനം
പറയൂ ....എന്താണത് ?
എന്നെത്തന്നെ ഈ ശരീരം പിന്നെ ഖുദാറിനുള്ളതാണ്
നീ... നീ...... എന്റെ ഭാര്യയാവുമോ ?
എന്താ സംശയം? ഇവൾ നിങ്ങളുടെ ഭാര്യ തന്നെ ഉറപ്പ്.
ഖുദാറിന്റെ മനസ്സിളകിപ്പോയി.
ഇവൾ സ്വപ്ന റാണിയാണ്. ഇവളെ ലഭിക്കാൻ വേണ്ടി ഒട്ടകത്തെ കൊല്ലും. ഖുദാർ അവിടെ നിന്നിറങ്ങി ഇനി വിശ്രമമില്ല ഒരൊറ്റ ചിന്ത മാത്രം മനസ്സിൽ ഒട്ടകത്തെ വധിക്കുക. സ്വപ്നറാണിയെ സ്വന്തമാക്കുക. സാഹസികമാണ് ജോലി. എന്നാലും ചെയ്തേ പറ്റൂ.
ഖുദാർ ചില തെമ്മാടികളെ സഹായത്തിനു കൂട്ടി. കുന്തങ്ങളും , വാളുകളും,കത്തികളും ശേഖരിച്ചു. അമ്പുകളും വില്ലുകളും ശേഖരിച്ചു. അങ്ങാടിയിൽ ഒളിച്ചിരിക്കണം. ഒട്ടകം അങ്ങാടിയിലേക്കു കടന്നാലുടനെ നെറ്റിയിലേക്ക് അമ്പ് എയ്തു വിടണം. ഒട്ടകം നിലത്ത് വീണു കിട്ടണം. വീണാൽ വെട്ടിക്കൊല്ലാം വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകി.
ഒട്ടകത്തെ കാത്ത് ഒളിച്ചിരുന്നു ഓരോ നിമിഷത്തിലും ഖുദാറിന്റെ മനസ്സിൽ തെളിയുന്നത് സ്വപ്ന സുന്ദരിയുടെ തിളങ്ങുന്ന മുഖം. അതാ ഒട്ടകങ്ങൾ വരുന്നു. തള്ളയും കുഞ്ഞും ആടിയാടിവരുന്നു. ആ സൂത്രക്കാരൻ റെഡിയായിനിന്നു. ഉന്നം പിടിച്ചു അമ്പ് വലിച്ചു വിട്ടു ഉന്നം തെറ്റിയില്ല. ഒട്ടകത്തിന്റെ നെറ്റിയിൽ തന്നെ തറച്ചു. മറ്റുള്ളവർ ചാടിവീണു ഒട്ടകത്തെ വെട്ടാൻ തുടങ്ങി. ഒട്ടകം വീഴുന്നില്ല എത്ര വെട്ടിയിട്ടും വീഴ്ത്താനാവുന്നില്ല. പരമ ദുഷ്ടനായ ഖുദാർ മൂർച്ചയുള്ള വാൾ ചുഴറ്റിക്കൊണ്ട് ഒട്ടകത്തിന്റെ പിൻഭാഗത്തേക്കോടി പിന്നിൽ നിന്ന് കാലുകൾക്ക് വെട്ടി കാലുകൾ മുറിഞ്ഞു. നിൽക്കാൻ ശക്തിയില്ലാതായി ഒട്ടകം മറിഞ്ഞുവീണു. അപ്പോഴേക്കും ആളുകൾ കൂട്ടത്തോടെ ഓടിവരാൻ തുടങ്ങി. അവർക്കെല്ലാം ഒട്ടകത്തിന്റെ മാംസം വേണം ഒട്ടകത്തിന്റെ തോൽ പൊളിച്ചു ഇറച്ചി കഷ്ണങ്ങളാക്കി ആളുകൾ കൊത്തിപ്പറിച്ചു കൊണ്ടുപോയി.
ഇതിന്നിടയിൽ ഒട്ടകത്തിന്റെ കുട്ടി ഓടിപ്പോയി മലമുകളിലേക്ക് ഓടിക്കയറി ഒട്ടകം പുറത്തു വന്ന പാറയുടെ അടുത്തേക്കോടി.
സ്വാലിഹ് (അ) ഞെട്ടിക്കുന്ന വാർത്തയറിഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെ ധിക്കാരികൾ അറുത്തു. നബിയും അനുയായികളും ദുഃഖത്തിലായി നിർഭാഗ്യവാന്മാർ ഇനി ശിക്ഷ വരാൻ വൈകില്ല വല്ലാത്തൊരു ഭയം അസ്വസ്ഥത.
ജനങ്ങളേ നിങ്ങൾ ചെയ്തത് മഹാപാതകമാണ് പശ്ചാത്തപിക്കുവീൻ. അല്ലാഹുവിനോട് പൊറുക്കലിനെ തേടുവീൻ താണുകേണ് യാചിക്കുവീൻ.
സ്വാലിഹ് (അ) വേദനയോടെ പറഞ്ഞു, നബിയെ നോക്കി ധിക്കാരികൾ ഉറക്കെ പൊട്ടിച്ചിരിച്ചു .പരിഹാസത്തിന്റെ പൊട്ടിച്ചിരി.
ജനങ്ങളേ ശിക്ഷ ഉടനെ വരും ഇനി വൈകില്ല. ശിക്ഷ വരും മുമ്പെ പശ്ചാത്തപിക്കുവീൻ.
വരട്ടെ ശിക്ഷ വരട്ടെ ഞങ്ങളൊന്നു കാണട്ടെ. ധിക്കാരത്തിന് ഒട്ടും കുറവില്ല. സ്വാലിഹ് (അ) ശിക്ഷ ഉടനെയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. ചിലർക്കത് വീണ്ടും വീണ്ടും കേട്ടപ്പോൾ മനസ്സിളകി. മനസ്സിൽ ഖേദം വന്നു ഒട്ടകത്തെ കൊന്നത് തെറ്റായിപ്പോയി മനസ്സിൽ ഖേദം വളർന്നു വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:
എന്നാൽ അവർ ഒട്ടകത്തെ അറുത്തുകളഞ്ഞു എന്നിട്ടവർ ഖേദിച്ചു (26;157)
അപ്പോൾ ശിക്ഷ അവരെ പിടികൂടി നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട് പക്ഷെ അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായില്ല (26:158)
താങ്കളുടെ റബ്ബ് പ്രതാപവാനും പരമ കാരുണികനും തന്നെയാണ് തീർച്ച (26:159)
സ്വാലിഹ് (അ) അനുയായികളോടൊപ്പം മല കയറിച്ചെന്നു. ഒട്ടകക്കുട്ടി അവിടെ നിൽക്കുന്നു. അതിനെ കണ്ടപ്പോൾ സത്യവിശ്വാസികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സ് നിറയെ ദുഃഖം. ഒരുതരം ഭയം ശരീരത്തിൽ പടർന്നു. ആകെ അസ്വസ്ഥത എന്താണിവിടെ സംഭവിക്കാൻ പോവുന്നത്? എന്തൊരു ജനതയാണിത്. ഇത്രയും ധിക്കാരം കാണിക്കാമോ ?അല്ലാഹുവിന്റെ ഒട്ടകത്തെ കൊന്നില്ലേ? എങ്ങിനെയുള്ള ശിക്ഷയാണ് വന്നിറങ്ങുക. അവർ ഒട്ടകക്കുട്ടിയെ കരുണയോടെ നോക്കി. പെട്ടെന്നൊരു ശബ്ദം മുഴങ്ങി. ഒട്ടകക്കുട്ടി പുറപ്പെടുവിച്ച ശബ്ദം. അത് മലഞ്ചെരുവിൽ മുഴങ്ങിക്കേട്ടു. ചിലർ അത് കേട്ട് പരിഭ്രാന്തരായി. വീണ്ടും അതേ ശബ്ദം. മലഞ്ചെരുവിൽ പ്രതിധ്വനി. കൂടുതൽ പേർ പരിഭ്രമിച്ചുപോയി. മൂന്നാമതും ശബ്ദം എല്ലാവരും അത് ശ്രദ്ധിച്ചു വലിയ ശബ്ദത്തോടെ പാറ പിളർന്നു. ഒട്ടകക്കുട്ടി പാറക്കുള്ളിലേക്ക് കടന്നുപോയി. പാറ പൂർവ്വസ്ഥിതിയിലായി.
എല്ലാവരും അമ്പരന്നു നിൽക്കുകയാണ്. ഒട്ടകക്കുട്ടി മൂന്നു തവണ ശബ്ദമുണ്ടാക്കി. മൂന്നു ദിവസത്തിനുള്ളിൽ ശിക്ഷ വരുമെന്ന് സൂചന. ഒട്ടകം കൊല്ലപ്പെട്ടത് ബുധനാഴ്ചയായിരുന്നു. വ്യാഴം, വെള്ളി,ശനി ദിവസങ്ങൾ സമൂദുകാർക്ക് സുഖവാസ സുദിനങ്ങൾ. നാലാം ദിവസം ഞായർ അത് സുഖവാസത്തിനന്ത്യം കുറിക്കുന്ന ദിവസം.
സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം:
എന്നാട്ട് അവർ അതിനെ അറുത്തു അപ്പോൾ സ്വാലിഹ് (അ) പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പാർപ്പിടത്തിൽ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുക. അത് നിർവ്യാജമായ ഒരു വാഗ്ദത്തമാകുന്നു (11;65)
സംഭവിക്കാൻ പോവുന്ന കാര്യം മുന്നറിയിപ്പായി അവരെ അറിയിച്ചു കഴിഞ്ഞു ധിക്കാരികൾ ,നന്ദികെട്ടവർ.
എന്തെല്ലാം അനുഗ്രഹങ്ങളാണ് അവർക്ക് അല്ലാഹു നൽകിയത്. നന്ദി കാണിച്ചില്ല. ശാപം ഏറ്റുവാങ്ങി. സ്വാലിഹ് (അ)നെ അവർ കളിയാക്കി. എല്ലാ നബിമാരെയും കളവാക്കിയതുപോലെയായി. സമൂദ് നബിമാരെയെല്ലാം കളവാക്കിയവരായി. കടുത്ത ശിക്ഷയാണ് വരാൻ പോകുന്നത്. തങ്ങളെത്ര നിസ്സാരന്മാരാണെന്ന് അവർ അപ്പോഴാണറിയുക. ഒരു കോട്ടയും കൊട്ടാരവും അവരെ സംരക്ഷിക്കാൻ പോവുന്നില്ല .നബിയുടെ സന്ദേശം സ്വീകരിച്ചവർ സൗഭാഗ്യവാന്മാർ. അവർക്ക് അല്ലാഹുവിന്റെ രക്ഷയുണ്ട്. അതിൽ പിൽക്കാലക്കാർക്ക് മഹത്തായ മാതൃകയുമുണ്ട്.
മൂന്നു വർണങ്ങൾ
ഒട്ടകം നാട്ടിൻ പുറങ്ങളിൽ ചുറ്റിക്കറങ്ങുക പതിവായിരുന്നു. വൈകുന്നേരമാവുമ്പോൾ പട്ടണത്തിൽ തിരിച്ചെത്തും. വൈകുന്നേരം ഒട്ടകമെത്തിയാൽ പട്ടണവാസികൾ പാത്രങ്ങളുമായിവരും. പാത്രം നിറയെ പാൽ കറന്നെടുക്കും. എത്ര കറന്നാലും തീരില്ല. എന്തൊരു രുചിയുള്ള പാൽ. സ്വാലിഹ് (അ) ജനങ്ങളുമായി സംസാരിച്ചു.
ഈ ഒട്ടകം നിങ്ങൾക്കനുഗ്രഹമാണ്. ഇതിനെ ഉപദ്രവിക്കരുത്, ഇത് നിങ്ങളോടൊപ്പമുള്ളപ്പോൾ നിങ്ങളുടെ മേൽ ശിക്ഷ ഇറങ്ങുകയില്ല. ആളുകളൊക്കെ കേട്ടതാണത്. പറഞ്ഞിട്ടെന്താ കാര്യം? ധിക്കാരികൾ കൊന്നുകളഞ്ഞില്ലേ ?
പതിവുപോലെ വൈകുന്നേരം പട്ടണത്തിലേക്കു വന്നതാണ് അന്തിയുറങ്ങാൻ അത് റബീഉൽ ആഖർ മാസം പതിനാറാം തിയ്യതി ബുധനാഴ്ച സായാഹ്നത്തിലായിരുന്നുവെന്ന് രേഖകൾ പറയുന്നു.
ഇനി മൂന്നേ മൂന്ന് ദിവസം മാത്രം അത്രയേ ആയുസുള്ളൂ. മൂന്നു ദിവസം കൂടി സുഖവാസം കൊള്ളുക. സ്വാലിഹ് (അ)നൽകിയ മുന്നറിയിപ്പ് പക്ഷെ എവിടെ സുഖവാസം ? ആർക്കും മനസ്സിൽ സ്വസ്ഥതയില്ല. പിന്നെന്ത് സുഖം. ഒട്ടകത്തെ കൊന്ന രാത്രി കടന്നുപോയി. അതിനു ശേഷമുള്ള ഒന്നാം ദിവസം അവരുടെ മുഖത്ത് മഞ്ഞനിറം കാണപ്പെട്ടു. ആളുകൾ പരിഭ്രമിച്ചു. പിന്നെയത് ഭയമായി അസ്വസ്ഥത നിറഞ്ഞ ഒന്നാം ദിവസം കടന്നു പോയി. രണ്ടാം ദിവസം പുലർന്നു അവരുടെ മുഖത്തിന് ചുവപ്പു നിറം. വന്നു മൂന്നാം ദിവസം അത് കറുപ്പു വർണമായി. കോപവും നിരാശയും വന്നു. ഇനിയൊരു മോഹം മാത്രം മനസ്സിൽ സ്വാലിഹിനെ വധിക്കുക. എന്നിട്ട് നശിക്കുന്നെങ്കിൽ നശിക്കട്ടെ. ധിക്കാരികൾ ഒത്തുകൂടി. ഗൂഢാലോചന നടത്തി സ്വാലിഹ് നബി (അ)നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി. അർദ്ധരാത്രിയിൽ വധിച്ചുകളയുക. ആരാണ് വധിച്ചതെന്ന് ആരും അറിയില്ല. നാം അക്കാര്യം അറിഞ്ഞിട്ടേയില്ലെന്ന് പറയാം ഖുദാറിനും കൂട്ടർക്കും ആവേശം വർധിച്ചു രാത്രിയായി നന്നായി ഇരുട്ടി.
സ്വാലിഹ് (അ) മസ്ജിദിൽ ഇരിക്കുകയാണ്. ശത്രക്കൾക്ക് അതറിയാം അവിടെച്ചെന്ന് ഒരു ശ്രമം നടത്തിനോക്കിയാലോ ? ആയുധങ്ങളുമായി ഒരു സംഘം പുറപ്പെട്ടു. സ്വാലിഹ്(അ)ന് ദിവ്യസന്ദേശം വന്നു. ശത്രുക്കൾ വരുന്നുണ്ട്. സ്വാലിഹ് (അ)ഉടനെ മസ്ജിദിൽ നിന്നിറങ്ങി ധൃതിയിൽ വീട്ടിലേക്ക് നടന്നു. വീട്ടിൽ കയറി വാതിലടച്ചു കുറ്റിയിട്ടു. എല്ലാം വിധിപോലെ വരട്ടെ. ശത്രുക്കൾ പള്ളിയിലെത്തി വീറും വാശിയുമായി മസ്ജിദിൽ കയറി എല്ലായിടത്തും നോക്കി എവിടെപ്പോയി ? വീട്ടിൽ കാണും അല്ലാതെവിടെപ്പോവാൻ. രാത്രി നന്നായി ഇരുട്ടിയിട്ടുണ്ട്. ഇരുട്ടിലൂടെ ശത്രുക്കൾ ഓടി നബിയുടെ വീട് ലക്ഷ്യമാക്കി അവരുടെ ഗൂഢാലോചനയുടെ കഥ വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ പേരിൽ അവർ പരസ്പരം സത്യം ചെയ്യുകയായിരുന്നു. സ്വാലിഹിനെയും ആൾക്കാരെയും രാത്രിയിൽ വധിക്കണം സ്വാലിഹിന്റെ അവകാശികൾ വന്നു ചോദിച്ചാൽ കൊല നടക്കുമ്പോൾ ഞങ്ങളവിടെ സന്നിഹിതരായിരുന്നില്ല എന്നു പറയുകയും വേണം
സൂറത്ത് നംലിൽ ഇങ്ങനെ കാണാം:
അവർ (തമ്മിൽ) പറഞ്ഞു : നിങ്ങൾ പരസ്പരം അല്ലാഹുവിൽ ശപഥം ചെയ്തു ഇങ്ങനെ പറയണം നിശ്ചയമായും ഇവനെ (സ്വാലിഹിനെ )യും ഇവന്റെ ആൾക്കാരെയും ഞങ്ങൾ രാത്രിയിൽ കൊല ചെയ്യുന്നതാണ് പിന്നീട് അവന്റെ അവകാശികളോട് പറയണം തന്റെ കുടുംബത്തിന്റെ നാശസംഭവത്തിങ്കൽ ഞങ്ങൾ ഹാജറായിട്ടില്ല തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു (27:49)
ഇതായിരുന്നു അവരുടെ ഗൂഢ തന്ത്രം
അല്ലാഹു അതിനെക്കാൾ വലിയ തന്ത്രം പ്രയോഗിച്ചു
അല്ലാഹു പറയുന്നു:
അവർ ഗൂഢതന്ത്രം പ്രയോഗിച്ചു അവർ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു (27:50)
വധശ്രമം
അപ്പോൾ മലക്കുകൾ കല്ലെറിഞ്ഞു. ചിറക് കൊണ്ടടിച്ചു.പലരും തലപൊട്ടിവീണു. ശരീരം പൊട്ടിത്തകർന്നു.പലർക്കും കാഴ്ച പോയി. ശത്രുക്കൾ പരിഭ്രാന്തരായി. പരക്കം പാഞ്ഞു. ഇരുട്ടിൽ പരസ്പരം കണ്ടുമുട്ടി തലതല്ലി വീണു. ചുമരിൽ ചെന്നടിച്ചുവീണു .ശക്തരായ മനുഷ്യന്മാർ ഒന്നാനും കഴിയാതെ നിലംപതിച്ചു.
സ്വാലിഹിനെ കൊല്ലാൻ പോയ ഖുദാറും സംഘവും മടങ്ങിവന്നില്ല. പട്ടണത്തിൽ അത് സംസാരമായി ഒരു വലിയ സംഘം അവരെത്തേടി പുറപ്പെട്ടു. അവർ കണ്ട കാഴ്ച അതീവ ദയനീയം തന്നെ. ധീര കേസരികളായ നേതാക്കളിതാ തകർന്നു തരിപ്പണമായിക്കിടക്കുന്നു. നീചമായ അന്ത്യം സമൂഹത്തെ നയിച്ച ഒമ്പതു പേരുടെ ദുരന്തം ജനങ്ങളുടെ കോപം വർധിച്ചു അവർ സ്വാലിഹ് (അ)നെ ചീത്തവിളിച്ചു.
സ്വാലിഹ് നീ ഇനി ഇന്നാട്ടിൽ ജീവിക്കരുത് ഉടനെ സ്ഥലം വിട്ടു കൊള്ളണം.
സ്വാലിഹ് (അ) അതിനു തയ്യാറായി. പിന്നെ വൈകിയില്ല സ്വാലിഹ് (അ)അനുയായികളോടൊപ്പം നാടുവിട്ടു.
ജനങ്ങൾക്കാശ്വാസമായി ശല്യം തീർന്നല്ലോ എന്നാണവർ പരസ്പരം പറഞ്ഞത്. ഒട്ടകത്തെ അറുത്തതിനുശേഷമുള്ള മൂന്നു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. നാലാം ദിവസം എത്തിയിരിക്കുന്നു. ആളുകളുടെ മുഖത്ത് കറുപ്പുനിറം പരസ്പരം നോക്കി എല്ലാവരും കണ്ടു എന്തൊരു കറുപ്പ് പേടിപ്പെടുത്തുന്ന കറുപ്പ് എന്താണു പറ്റിയത് ? പരസ്പരം ചോദിക്കുന്നു ഒരാൾക്കും ഉത്തരമില്ല.
സ്വാലിഹ് (അ)മുന്നറിയിപ്പ് നൽകിയ ശിക്ഷയുടെ മുന്നോടിയാണോ ? ഒരുതരം ഉൾഭയം വന്നു.
അതിശക്തമായൊരു ശബ്ദം മുഴങ്ങി. ആകെ ഞെട്ടിവിറച്ചുപോയി. ആളുകൾ ബലമുള്ള കെട്ടിടങ്ങൾ നോക്കി ഓടി. കെട്ടിടങ്ങൾക്കകത്ത് കയറിപ്പറ്റി. ശക്തമായ കാറ്റ് തുടങ്ങി. കെട്ടിടങ്ങളോടു കൂടി മലകൾ ഇളകിത്തുടങ്ങി. ശബ്ദത്തിന്റെ ആഘാതത്തിൽ നിരവധി പേർ വീണുപോയിരുന്നു. വീണവർക്ക് എഴുന്നേൽക്കാനാവുന്നില്ല. മുട്ടുകുത്തി ഇഴയാൻ തുടങ്ങി. രണ്ടാമതും ഭയങ്കര ശബ്ദം മുഴങ്ങി. ആദ്യത്തേതിനേക്കാൾ എത്രയോ ഭീകരമായിരുന്നു രണ്ടാമത്തേത്.അതിനെ നേരിടാൻ മനുഷ്യ ശരീരങ്ങൾക്കു കഴിയില്ല. സഹിക്കാനാവാത്ത ആഘാതം അതിൽ ജീവൻ പൊലിഞ്ഞുപോയി. മനുഷ്യൻ എത്ര നിസ്സാരനാണ് വിധിയെത്തടുക്കാൻ അവന്നൊരു കഴിവുമില്ല.
സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം
അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു അങ്ങനെ അവർ അവരുടെ പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണവരായി (ചത്തൊടുങ്ങി) (11:67)
അവർ അവിടെ താമസിച്ചിട്ടേയില്ലെന്ന് തോന്നുമാറാക്കി അറിയുക സമൂദ് സമുദായം അവരുടെ റബ്ബിനോട് നന്ദികേട് കാണിച്ചു സമൂദിന് വിദൂരത (സമൂദ് അകറ്റപ്പെട്ടു ) (11:68)
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് സമൂദ് അകറ്റപ്പെട്ടു. യാതൊരു കരുണയും അവരുടെ കാര്യത്തിലുണ്ടായില്ല. ശിക്ഷ വന്നാൽ അങ്ങനെ തന്നെ. എത്ര തവണ സ്വാലിഹ് (അ) മുന്നറിയിപ്പു നൽകി. എല്ലാം പരിഹസിച്ചു തള്ളി. ശിക്ഷക്ക് ധൃതികൂട്ടി .ധിക്കാരം പ്രകടിപ്പിച്ചു. ശിക്ഷ വന്നു തടുക്കാൻ ഒരാൾക്കുമായില്ല. വിധി വന്നു കീഴടങ്ങി അത്രയേ സംഭവിച്ചുള്ളൂ.
സൂറത്തുൽ ഖമറിൽ പറയുന്നത് നമുക്ക് നോക്കാം
സമൂദ് സമൂഹം താക്കീതുകൾ നിഷേധിച്ചു (54:23)
എന്നിട്ടവർ പറഞ്ഞു: നമ്മളിൽ നിന്നുള്ള ഒരേയൊരു മനുഷ്യനെയോ നാം പിൻപറ്റുന്നത് ? അങ്ങനെയാണെങ്കിൽ നിശ്ചയമായും നാം വഴിപിഴവിലും കിറുക്കിലും തന്നെയായിരിക്കും (54:24)
നമ്മുടെ ഇടയിൽ നിന്ന് അവന് (പ്രത്യേകം) ബോധനം കൊടുക്കപ്പെടുവോ? (ഇല്ല) പക്ഷെ അവൻ അഹങ്കാരിയായ വ്യാജവാദിയാകുന്നു (54:25)
നാളെ അവർക്ക് അറിയാറാകും ആരാണ് അഹങ്കാരിയായ വ്യാജവാദിയെന്ന് (54:26)
നിശ്ചയമായും അവർക്ക് ഒരു പരീക്ഷണമായിക്കൊണ്ട് നാം ഒട്ടകത്തെ അയക്കുന്നു അതുകൊണ്ട് താങ്കൾ അവരെ വീക്ഷിക്കുകയും ക്ഷമിച്ചിരിക്കുകയും ചെയ്യുക (54:27)
വെള്ളം അവർക്കിടയിൽ പങ്ക് (ഊഴം) ആണ് വെള്ളത്തിൽ നിന്നുള്ള എല്ലാ ഓഹരിയും (അതിൽ അവകാശികളായ മനുഷ്യരും ഒട്ടകവും) സന്നിഹിതരാക്കപ്പെടേണ്ടതാണ് (54:28)
സമൂദ് സമൂഹത്തിന്റെ മനോഗതിയാണ് കഴിഞ്ഞ വചനങ്ങളിൽ വ്യക്തമായിക്കണ്ടത്. നമ്മിൽ പെട്ട ഒരു സാധാരണ മനുഷ്യൻ മാത്രമാണ് സ്വാലിഹ്. അവനെക്കാൾ വലിയ എത്ര പണക്കാർ നമ്മിലുണ്ട്. മറ്റ് കഴിവുകളുള്ളവരുണ്ട്. വലിയ കൊട്ടാരത്തിൽ താമസിക്കുന്നവരുണ്ട്. ആർഭാഢമായി ജീവിക്കുന്നവരുണ്ട്. അവരിൽ ആരെയെങ്കിലും നബിയാക്കിക്കൂടേ ?
ഇവനെ പിൻപറ്റിയാൽ നമ്മൾ മണ്ടന്മാരും കിറുക്കന്മാരും ആയിപ്പോകും അതായിരുന്നു ആദ്യ ചിന്ത. ഒരു മതിപ്പില്ലായ്മ. മതിപ്പില്ലാത്തവന്റെ വാക്കുകൾക്കും ഒരു മതിപ്പുണ്ടാവില്ല. ഒട്ടകം വന്നു അത് അവർക്കൊരു പരീക്ഷണമായിരുന്നു. അത് സ്വാലിഹ് (അ) ഓർമപ്പെടുത്തുകയും ചെയ്തു. അവരത് തള്ളിക്കളഞ്ഞു .ഒട്ടകത്തെ കൊന്നു തിന്നു. ശിക്ഷ വരുമെന്ന താക്കീതും വിലവെച്ചില്ല. അവസാനം ശിക്ഷ വന്നു നാമാവശേഷമായിപ്പോയി അവരുടെ അവസ്ഥ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നു.
ഒരു ആട്ടിൻകൂട് അത് പണിയാൻ ചില്ലിക്കമ്പുകൾ ഉപയോഗിച്ചു. കൂട് പണിതു. കഴിഞ്ഞപ്പോൾ കുറെ ചില്ലിക്കമ്പുകൾ കൂടിനു ചുറ്റും ചിതറിക്കിടക്കുന്നു. ബാക്കി വന്നതും ഉപയോഗശൂന്യമായതും ആടുകളും മനുഷ്യരും അവയിൽ ചവിട്ടി. കമ്പുകൾ ഒടിഞ്ഞും മുറിഞ്ഞും താറുമാറായി. അങ്ങനെ തകർന്ന കമ്പുകളെപ്പോലെയായിരുന്നു. സമൂദുകാരുടെ ശവശരീരങ്ങൾ പൊട്ടിത്തകർന്നുപോയ ശരീരങ്ങൾ.
വിശുദ്ധ ഖുർആൻ പറയുന്നു:
അങ്ങനെ അവർ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു അപ്പോൾ അവൻ (അതിനെ കൊല്ലുവാൻ) തയ്യാറായി അവൻ അതിനെ കൊല്ലുകയും ചെയ്തു (54:29)
അപ്പോൾ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയായിത്തീർന്നു (54:30)
അവരുടെ മേൽ ഒരൊറ്റ ഘോരശബ്ദം നാം അയക്കുക തന്നെ ചെയ്തു അപ്പോൾ അവർ ആട്ടിൻ കൂട് പണിയുന്നവന്റെ (അവൻ ഉപേക്ഷിച്ചു കളഞ്ഞു) ചില്ലിത്തുരുമ്പുപോലെ ആയിത്തീർന്നു (54:31)
നിശ്ചയമായും ചിന്തിച്ചു ഗ്രഹിക്കുവാനായി ഖുർആനെ നാം എളുപ്പമാക്കിയിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ ? (54:32)
സമൂദ് ഗോത്രക്കാർ ഒട്ടകത്തെ അറുക്കുവാൻ തീരുമാനിച്ചു. ആ സമൂഹത്തിലെ ഏറ്റവും നീചനായ കൂട്ടുകാരനെ അക്കാര്യം ചെയ്യാൻ അവർ ചുമതലപ്പെടുത്തി. അല്ലാഹുവിന്റെ ഒട്ടകത്തെ കശാപ്പു ചെയ്തു ഉടനെ ശിക്ഷയിറങ്ങി. ഘോരമായ ശബ്ദം ജനം പരിഭ്രാന്തരായി ഓടി. തട്ടിയും മുട്ടിയും തെറിച്ചുവീണു. പ്രകൃതിയുടെ എടുത്തടിക്കൽ വളരെ ക്രൂരമായിരുന്നു. അങ്ങനെ ഒരു കൂട്ടർ അവിടെ താമസിക്കാത്തത് പോലെ തോന്നും പിന്നീട് നോക്കിയാൽ സമൂദ് തുടച്ചുമാറ്റപ്പെട്ടു.
സൂറത്ത് അഹ്റാഫിന്റെ വിവരണം ഇങ്ങനെയാകുന്നു :
സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനേയും (നാം അയച്ചു) അദ്ദേഹം അവരോട് പറഞ്ഞു: എന്റെ ജനങ്ങളേ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല ഈ ഉപദേശത്തിന് കാര്യമായ പ്രതികരണമുണ്ടായില്ല അവർ ഒട്ടകത്തെ അറുത്തു
അങ്ങനെ ആ ഒട്ടകത്തെ അവർ അറുത്തു അവരുടെ റബ്ബിന്റെ കൽപനയെ അവർ ധിക്കരിക്കുകയും ചെയ്തു
അവർ പറയുകയും ചെയ്തു നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ (ശിക്ഷ) ഞങ്ങൾക്ക് നീ കൊണ്ടുവാ... നീ റസൂലായി അയക്കപ്പെട്ടവനാണെങ്കിൽ (7;77)
അപ്പോൾ അവരെ കഠിനമായ പ്രകമ്പനം (കിടുകിടുങ്ങൽ) പിടികൂടി അങ്ങനെ അവർ തങ്ങളുടെ വീടുകളിൽ മരിച്ചുവീണവരായി (7:78)
അപ്പോൾ അവരിൽ നിന്ന് പിന്തിരിഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു : എന്റെ സമുദായമേ നിശ്ചയമായും എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചുതരികയും നിങ്ങൾക്ക് ഗുണത്തെ ഉദ്ദേശിക്കുകയും ചെയ്തു പക്ഷെ സദുപദേശം ചെയ്യുന്നവരെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല (7:79)
കഠിനമായ ശിക്ഷയാണ് സമൂദിന് ലഭിച്ചത്
സ്വാലിഹ് (അ)നെയും സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി
നശിച്ചു പോയ മനുഷ്യരേ നോക്കി വല്ലാത്ത മനോവേദനയോടെ സ്വാലിഹ് (അ) പറഞ്ഞു:
എന്റെ സമുദായമേ , ഞാൻ നിങ്ങളെ എന്തുമാത്രം ഉപദേശിച്ചു. ഏതെല്ലാം നിലക്ക് ഞാൻ നിങ്ങളോട് സംസാരിച്ചു. നിങ്ങൾക്ക് ഗുണം വരണം എന്നുമാത്രമായിരുന്നു ഞാനാഗ്രഹിച്ചിരുന്നത്. നിങ്ങൾ എന്റെ ഉപദേശങ്ങളെല്ലാം തള്ളി.നിങ്ങൾക്കിതാ ഈ ഗതി വന്നുചേർന്നു. ഇനിയെന്ത് പറയാൻ കണ്ണുകൾ നിറഞ്ഞു പോയി. ആ ഭൂമി കാണുമ്പോൾ സത്യവിശ്വാസികൾക്ക് കരച്ചിൽ വരും.
നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന സംഭവം
മുഹമ്മദ് നബി (സ) തങ്ങൾ സ്വഹാബികളോടൊപ്പം യാത്ര ചെയ്യുന്നു തബൂക്ക് യുദ്ധ യാത്ര സമൂദിന്റെ വാസസ്ഥലമായ ഹിജ്റിന്റെ അടുത്തെത്തി നബി (സ) പറഞ്ഞു :
കരഞ്ഞുകൊണ്ടല്ലാതെ നിങ്ങൾ ഈ ഭൂമിയിൽ പ്രവേശിക്കരുത്. സ്വഹാബികൾക്ക് ശിക്ഷ ഇറങ്ങിയ സംഭവം ഓർമ്മ വന്നു അവർ അതോർത്തു കരഞ്ഞു പിൽക്കാലത്ത് സത്യവിശ്വാസികൾ അങ്ങനെയാണ് ആ പ്രദേശത്തുകൂടി കടന്നുപോയിരുന്നത്
സൂറത്തു നംലിലെ പരാമർശം ഇങ്ങനെയാകുന്നു
എന്നാൽ നോക്കുക, അവരുടെ തന്ത്രത്തിന്റെ പര്യവസാനം എങ്ങനെയാണുണ്ടായതെന്ന് അവരെയും അവരുടെ ജനതയെ മുഴുവനും നാം തകർത്തുകളഞ്ഞു (27:51)
എന്നിട്ടതാ അവർ അക്രമം പ്രവർത്തിച്ചത് നിമിത്തം അവരുടെ വീടുകൾ വീണടിഞ്ഞ് കിടക്കുന്നു നിശ്ചയമായും അറിവുള്ള ജനതക്ക് അതിൽ ദൃഷ്ടാന്തമുണ്ട് (27:52)
വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു (27:53)
സമൂദ് സമുദായത്തെ നശിപ്പിച്ച നാട് ആ നാട്ടിലേക്ക് പോവുന്നത് നല്ലതല്ല. അവിടെ പ്രവേശിക്കരുത്. അന്നാട്ടിലൂടെ കടന്നുപോവേണ്ടിവന്നാൽ ഓടിപ്പോവണം. അവിടുത്തെ വെള്ളം കുടിക്കരു.ത് നബി (സ) സ്വഹാബികളെ ആ വിധത്തിൽ ഉപദേശിച്ചിട്ടുണ്ട് നബി (സ) തങ്ങൾ പ്രസ്താവിച്ചു:
എനിക്കു മുമ്പുള്ള സമുദായങ്ങളിൽ ഏറ്റവും ദുഷ്ടൻ അല്ലാഹുവിന്റെ ഒട്ടകത്തെ കൊന്ന ഖുദാർ ആകുന്നു
എന്റെ സമുദായത്തിലെ ഏറ്റവും വലിയ ദുഷ്ടൻ അലി(റ)യുടെ ഘാതകനാകുന്നു സമൂദ് ഗോത്രക്കാർ താമസിച്ചിരുന്ന താഴ് വരയുടെ പെര് വാദിൽ ഖുറാ എന്നായിരുന്നു സൂറത്തുശ്ശംസിൽ പറയുന്നു :
സമൂദ് ഗോത്രക്കാർ അവരുടെ ധിക്കാരം മൂലം നിഷേധിച്ചു (91:11)
അവരിൽ ഏറ്റവും നിർഭാഗ്യവാൻ ധൃതിപ്പെട്ടു എഴുന്നേറ്റപ്പോൾ (91:12)
ഖുദാറുബ്നു സാലിഹ് എന്ന നേതാവിനെയാണ് ഉദ്ദേശിച്ചത്
നിങ്ങൾ അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയെയും (സൂക്ഷിക്കുക അതിന് തടസ്സമുണ്ടാക്കരുത് )എന്ന് അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ്വാലിഹ് (അ)) അവരോട് പറഞ്ഞു (91:13)
എന്നാൽ അവർ അദ്ദേഹത്തെ നിഷേധിക്കുകയും അതിനെ കൊല്ലുകയുമാണ് ചെയ്തത് അപ്പോൾ അവരുടെ കുറ്റം നിമിത്തം അവരുടെ റബ്ബ് അവരെ ഉന്മൂലനം ചെയ്തു അത് അവരെല്ലാവർക്കും സമപ്പെടുത്തി (ആരെയു ഒഴിവാക്കിയില്ല )(91:14)
അതിന്റെ അനന്തര ഫലത്തെക്കുറിച്ച് അല്ലാഹു ഭയപ്പെട്ടതുമില്ല (91:15)
ചരിത്രം ഇങ്ങനെ രേഖപ്പെടുത്തുന്നു :
ഒട്ടകം വധിക്കപ്പെട്ടു സ്വാലിഹ് (അ) വളരെ ദുഃഖിതനായി അദ്ദേഹം തന്റെ ജനതയോടിങ്ങനെ പറഞ്ഞു:
മൂന്നു ദിവസം കൂടി നിങ്ങൾ സന്തോഷവാന്മാരായി സുഖിച്ചു കഴിയുക. നാലാം ദിവസം ശിക്ഷയെത്തും വലിയൊരു വിഭാഗം ജനങ്ങൾ പരിഭ്രാന്തരായി. സ്വാലിഹിനെ വധിക്കണം ധിക്കാരികൾ മുറവിളി കൂട്ടി. പലവിധ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കുതിച്ചു.
അല്ലാഹു ഒരുകൂട്ടം മലക്കുകളെ അയച്ചു. അവർ ധിക്കാരികളെ കല്ലെറിഞ്ഞു. തകർത്തു ശിക്ഷ വരാൻ ഇനി മൂന്നു ദിവസം മാത്രം. അതിൽ ഒന്നാം ദിവസം വ്യാഴം അവരുടെ മുഖങ്ങൾക്ക് മഞ്ഞനിറമായി. അവർ പരിഭ്രാന്തരായി സ്വാലിഹ് (അ) അങ്ങനെ വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ദുരന്തത്തിന്റെ ഒന്നാം ദിവസം എത്തിപ്പോയി ജനങ്ങൾ അങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ട് വെപ്രാളപ്പെട്ട് ഓടാൻ തുടങ്ങി. ഇനി ബാക്കിയുള്ളത് രണ്ട് ദിവസം മാത്രം. ആ ദിവസം കടന്നുപോയി രണ്ടാം ദിവസം പുലർന്നു. വെള്ളിയാഴ്ച അവരുടെ മുഖങ്ങൾക്ക് ചുവപ്പ് നിറം. മുന്നറിയിപ്പ് നൽകപ്പെട്ടതും അങ്ങനെത്തന്നെയായിരുന്നു. പരിഭ്രമത്തോടെ ജനങ്ങൾ പരക്കംപാഞ്ഞു. രണ്ടു ദിവസങ്ങളും കടന്നുപോയി ഇനിയൊരു ദിനം മാത്രം ശനിയാഴ്ച പുലർന്നു അവരുടെ മുഖങ്ങൾക്ക് കറുപ്പുനിറം മുന്നറിയിപ്പ് നൽകപ്പെട്ട അവസാനത്തെ ലക്ഷണം എല്ലാ ലക്ഷണങ്ങളുമായി.
ഇനി ശിക്ഷ നേർക്കുനേരെ വരികയായി. മൂന്നു ദിവസവും കഴിഞ്ഞു പോയല്ലോ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഓടുന്നു. നാലാം ദിവസം ഞായറാഴ്ച നേരം പ്രഭാതമായി ഇന്നാണ് ശിക്ഷയിറങ്ങുന്ന ദിവസം എന്തായിരിക്കും ശിക്ഷ ഏത് ഭാഗത്തുകൂടെയാണത് വരിക ? ഏത് സമയത്താണ് വരിക
സൂര്യോദയം കിഴക്കൻ ചക്രവാളത്തിൽ സൂര്യനെ കണ്ടുതുടങ്ങി ഇത് അവസാനത്തെ കാഴ്ചയാണോ ?
നാളത്തെ സൂര്യോദയം കാണാൻ കഴിയുമോ ? പലവിധ ചിന്തകൾ മനസ്സിൽ പറഞ്ഞതുപോലെ സംഭവിക്കുമോ ? ശിക്ഷ അതെങ്ങനെയായിരിക്കും ? നമുക്കു രക്ഷപ്പെടാനാവില്ലേ? മനസ്സിൽ പ്രതീക്ഷയുടെ നേർത്ത വെളിച്ചം അപ്പോൾ അത് സംഭവിച്ചു ആകാശത്തുനിന്ന് അത്യുഗ്ര ശബ്ദം അസഹ്യമായ ശബ്ദം തലമുകളിൽ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം ഭൂമിയിളകിപ്പോയി. ഇടത്തീ ഇറങ്ങിയതുപോലെ കൊടുങ്കാറ്റടിച്ചതുപോലെ നിൽക്കുന്ന പാദങ്ങൾക്കടിഭാഗം ശക്തമായി കുലുങ്ങി. എല്ലാവരും നിലതെറ്റി വീണു. തടികൾ തകർന്നുവീണു. ശരീരങ്ങൾ നുറുങ്ങിപ്പോയി. ആത്മാവുകൾ വിട്ടുപിരിഞ്ഞു. അവയവങ്ങളുടെ ചലനങ്ങൾ നിലച്ചു .എല്ലാം നിശ്ചലം ഒരാൾക്കും ഒരു വാക്കും പറയാനില്ല. ധിക്കാരം പറഞ്ഞുകൊണ്ടിരുന്ന നാവുകളെവിടെ ? അവർക്ക് സ്വരം നഷ്ടപ്പെട്ടിരിക്കുന്നു സത്യം പുലർന്നു
ഒരാൾ മാത്രം എങ്ങനെയോ അകലേക്കോടി അതൊരു സ്ത്രീയായിരുന്നു
പേര് കർബത്ത് ബിൻത്ത് അസ്സലഖ്
സ്വാലിഹ് (അ)ന്റെ കൊടിയ ശത്രുവായിരുന്നു അവൾ എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു പറഞ്ഞുകൂട്ടിയ പുലഭ്യങ്ങൾക്കുണ്ടോ വല്ലോ കണക്കും
അവൾ അകലെ നിന്ന് എല്ലാം നോക്കിക്കണ്ടു തന്റെ സമൂഹത്തിന്റെ കൊടുംദുരന്തം ഭയന്നു വിറച്ചു തളർന്നു. എന്നിട്ടും ഓടി ഒരു അറബ് ഗോത്രക്കാരുടെ സമീപത്തെത്തി നടന്ന സംഭവങ്ങളെല്ലാം അവരോട് പറഞ്ഞു.
വയ്യാ....ദാഹിക്കുന്നു....വെള്ളം തരൂ ..... അവർ വലിയ പാത്രത്തിൽ വെള്ളം നൽകി ആർത്തിയോടെ വലിച്ചു കുടിച്ചു. അവസാനത്തെ ജലപാനമായിരുന്നു പിന്നൊന്നും പറയാനായില്ല അവൾ മരിച്ചു വീണു അവസാനത്തെ ആളും നശിച്ചു.
പ്രമുഖ സ്വഹാബിവര്യനായ ജാബിർ (റ) പ്രസ്താവിച്ചതായി ഒരു റിപ്പോർട്ട് ഉണ്ട് നബി (സ)തങ്ങളും സ്വഹാബികളും യാത്രയിലാണ് അങ്ങനെ അവർ ഹിജ്റിൽ എത്തി ശാപം ഇറങ്ങിയ നാട്
അപ്പോൾ നബി (സ) പറഞ്ഞു :
സ്വാലിഹിന്റെ ജനത ദൃഷ്ടാന്തം ചോദിച്ചതുപോലെ നിങ്ങൾ ചോദിക്കരുത്
ഒട്ടകത്തെയാണ് നബി(സ) ഉദ്ദേശിച്ചത്. പർവ്വതത്തിൽ നിന്ന് പുറത്തുവന്ന ഒട്ടകം ഹിജ്റിലെ മലമ്പാതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നബി (സ) പറഞ്ഞു : ഈ മലമ്പാതകളിലൂടെയാണ് ആ ഒട്ടകം സഞ്ചരിച്ചത്. ഈ പാതയിൽ നിന്ന് ആ പാതയിലേക്ക് ഒരു ദിവസം അത് വെള്ളം കുടിക്കും. ജനങ്ങൾ അതിന്റെ പാലും കുടിക്കും അവർ ഒട്ടകത്തെ നിർദയം കൊന്നുകളഞ്ഞു വമ്പിച്ചൊരു ശബ്ദം കേട്ടു അതിൽ അവർ തകർന്നുപോയി ഒരാളൊഴികെ.
അപ്പോൾ സ്വഹാബികൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ ആ ഒരാൾ ആരാണ്? രക്ഷപ്പെട്ട ആൾ ?
നബി(സ) പറഞ്ഞു: അത് അബൂറുഗാൽ ആയിരുന്നു ഹിജ്ർ തകർന്നു വീഴുമ്പോൾ അയാൾ ഹറമിൽ ആയിരുന്നു ഹറമിൽ നിൽക്കുന്ന സമയത്തൊന്നും അപകടം അയാളെ ബാധിച്ചില്ല ഹറമിൽ നിന്ന് പുറപ്പെട്ടു സമൂദുകാരെ ബാധിച്ച ദുരന്തം അയാളെയും ബാധിച്ചു വഴിയിൽ മരണം സംഭവിച്ചു നാട്ടുകാർ അവിടെ തന്നെ ഖബറടക്കി. അറബി ഗോത്രങ്ങളെല്ലാം ആ ദുരന്തവാർത്തയറിഞ്ഞു. വളരെക്കാലം അത് ചൂടുള്ള ചർച്ചാവിഷയമായിരുന്നു. ഹിജ്റിലൂടെ നടക്കാൻ ആളുകൾ ഭയപ്പെട്ടു. യാത്രാസംഘങ്ങൾ ആ റൂട്ട് തന്നെ കൈവിട്ടു ഭീതിയോടെയാണ് അറബികൾ സമൂദിന്റെ കഥ പറഞ്ഞിരുന്നത്.
പാഠം പഠിക്കുക
ഒരിക്കൽ നബി (സ) തങ്ങൾ അനുയായികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യാത്രക്കിടെ ഒരു ഖബർ കണ്ടു ഇത് ആരുടെ ഖബ്റാണെന്നറിയാമോ നബി(സ) ചോദിച്ചു അനുയായികൾ ഇങ്ങനെ മറുപടി പറഞ്ഞു:
അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം
നബി(സ) ഒരു വിവരണം നൽകി
ഇത് അബൂറുഗാലിന്റെ ഖബ്റാകുന്നു. സമൂദ് ഗോത്രത്തിലെ ഒരു പ്രമുഖനായിരുന്നു അദ്ദേഹം അല്ലാഹു ഹിജ്റിൽ ശിക്ഷ ഇറക്കിയപ്പോൾ ഇദ്ദേഹം ഹറമിലായിരുന്നു ഹറമിൽ നിന്ന് മടങ്ങി ഏറെ കഴിയുംമുമ്പെ അയാൾ മരണപ്പെട്ടു ഇവിടെ ഖബറടക്കി.
അബൂറുഗാലിന്റെ ഖബ്ർ ത്വാഇഫിലാണെന്ന് പറയപ്പെട്ടിട്ടുണ്ട് നബി (സ)അനുയായികളോടൊപ്പം ത്വാഇഫിലെത്തിയപ്പോൾ ചിലർ ഒരു ഖബ്റിന് കല്ലെറിയുന്നത് കണ്ടു.
നബി(സ) പറഞ്ഞു: ഇത് അബൂറുഗാലിന്റെ ഖബ്റാണ് ഈ ഖബറിലുള്ള സ്വർണക്കത്തി അബൂറുഗാലിന്റെതാകുന്നു ഇത് അയാളുടെ ഖബ്റാണെന്നതിന്റെ അടയാളം.
ജനങ്ങൾ ഖബ്ർ തുറന്നു നോക്കി സ്വർണത്തിന്റെ കത്തി കിട്ടുകയും ചെയ്തു. ഹിജ്റുകാർ മുഴുവനും മരിച്ചുവീണു തകർന്ന ശവശരീരങ്ങൾ ചിതറിക്കിടക്കുന്നു ആ ശവശരീരങ്ങളെ നോക്കി സ്വാലിഹ് (അ) സംസാരിച്ചു നാശം സംഭവിച്ച സ്ഥലത്തേക്ക് സ്വാലിഹ് (അ)യാത്ര ചെയ്തു വരികയായിരുന്നു.
എന്റെ ജനങ്ങളേ എത്ര സ്നേഹപൂർവമാണ് ഞാൻ നിങ്ങളെ ഉപദേശിച്ചത് അല്ലാഹുവിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നു അത് സ്വീകരിക്കാൻ ഞാൻ നിങ്ങളെ നിർബന്ധിച്ചുനോക്കി നിങ്ങൾ സ്വീകരിച്ചില്ല നിങ്ങൾക്ക് ഉപദേശം ഫലിച്ചില്ല.
എന്റെ ജനങ്ങളേ ,നിങ്ങളുടെ ധിക്കാരം കാരണം ഇതൊക്കെ സംഭവിച്ചു. ഇത് തടയാൻ എന്നെക്കൊണ്ടാവില്ല. നിങ്ങളുടെ അവസ്ഥ എന്തുമാത്രം ദയനീയമാണ്. അല്ലാഹുവിന്റെ സന്ദേശം നിങ്ങൾക്കെത്തിച്ചുതരിക അത് മുറുകെ പിടിക്കണമെന്ന് നിങ്ങളെ ഉപദേശിക്കുക അത് മാത്രമേ എനിക്ക് ചെയ്യാൻ കഴിയൂ ഞാനതു ചെയ്തു നിങ്ങൾക്ക് ശിക്ഷയാണ് വിധിക്കപ്പെടുന്നത് ഇനിയുള്ള കാലം നിങ്ങളുടെ അവസ്ഥ അതുതന്നെ എന്തുചെയ്യാം ?
അല്ലാഹുവിന്റെ സന്ദേശം നിങ്ങൾ കളവാക്കി അല്ലാഹു അവനുദ്ദേശിച്ചതു ചെയ്തു പിൽക്കാലക്കാർക്ക് ഇത് പാഠമാവുകയും ചെയ്തു ബദ്റിൽ കൊല്ലപ്പെട്ട ശത്രുക്കളുടെ മൃതദേഹങ്ങളോട് നബി (സ) സംസാരിച്ചിട്ടുണ്ട്
കൂട്ടരേ.......
എന്നോട് അല്ലാഹു വാഗ്ദത്തം ചെയ്തതെല്ലാം സത്യമായി പുലർന്നു ഞാൻ കണ്ടു.
നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങളും കണ്ടുവോ ? പ്രവാചകരുടെ സാമീപ്യം നിങ്ങൾക്കു വെറുപ്പുണ്ടാക്കി ജനങ്ങൾ എന്നെ സത്യമാക്കിയപ്പോൾ നിങ്ങളെന്നെ കളവാക്കി നിങ്ങളെന്നെ നാട്ടിൽ നിന്ന് പുറത്താക്കി ജനങ്ങൾ എന്നെ സ്വീകരിച്ചു നിങ്ങളെന്നോട് യുദ്ധം ചെയ്തു ജനങ്ങളെന്നെ സഹായിച്ചു നിങ്ങൾ നിങ്ങളുടെ നബിയോട് എത്ര മോശമായിട്ടാണ് പെരുമാറിയത് ?
സമീപത്തണ്ടായിരുന്ന ഉമർ (റ) ചോദിച്ചു:
അല്ലാഹുവിന്റെ റസൂലേ മരിച്ചുകിടക്കുന്ന ഈ മൃതദേഹങ്ങൾ അങ്ങ് പറയുന്നത് കേൾക്കുമോ ?
നബി (സ) ഇങ്ങനെ മറുപടി നൽകി:
എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെക്കൊണ്ട് സത്യം; ഞാൻ പറയുന്നതെല്ലാം നിങ്ങളെക്കാൾ നന്നായി അവർ കേൾക്കും അവർക്ക് മറുപടി പറയാനാവില്ല
ശപിക്കപ്പെട്ട ഹിജ്റിൽ നിന്ന് സ്വാലിഹ് (അ)പെട്ടെന്ന് പിൻമാറി മക്കയിലേക്ക് പോയി അവിടെ ഇബാദത്തിലും പ്രബോധന പ്രവർത്തനങ്ങളിലുമായി കുറെ കാലം ജീവിച്ചു ഹറമിൽ വെച്ചു തന്നെയായിരുന്നു മരണം അവിടെ ഖബറടക്കപ്പെടുകയും ചെയ്തു.
ഒരിക്കൽ നബി(സ) തബൂക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൂടെ സ്വഹാബികളുമുണ്ട് സമൂദുകാരുടെ വാസസ്ഥലത്തുകൂടെ കടന്നു പോവുകയാണ് ചിലർക്ക് ദാഹമുണ്ട്..
സമൂദുകാരുടെ കിണർ കാണാനുണ്ട് കിണറ്റിൽ വെള്ളമുണ്ട് വെള്ളം കോരിയെടുക്കാൻ ഒരുങ്ങുകയാണ്.
നബി (സ) ഇങ്ങനെ പറഞ്ഞു: വേണ്ട അവരുടെ സ്ഥലത്തേക്ക് പോവരുത് അവരുടെ വീടുകളിൽ പ്രവേശിക്കരുത് അവരെ ബാധിച്ചത് പോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു പോവരുത് ശിക്ഷ ഇറങ്ങിയ ഭാഗത്തേക്ക് പോവുകയേവേണ്ട.
മഹാനായ അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു:
നബി (സ) തങ്ങൾ ഹിജ്റിൽ വെച്ചു പറഞ്ഞു:
ശിക്ഷിക്കപ്പെട്ടവരുടെ സ്ഥലത്തുകൂടി പോവേണ്ടിവന്നാൽ കരഞ്ഞുകൊണ്ടല്ലാതെ പോവരുത്. നിങ്ങൾക്ക് കരയാൻ കഴിയുന്നില്ലെങ്കിൽ ആ ഭാഗത്തേക്ക് പോവുകയേ ചെയ്യരുത്. പോയാൽ അവർക്കു ബാധിച്ചത് നിങ്ങളെയും ബാധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം:
നിങ്ങൾക്കു കരച്ചിൽ വരുന്നില്ലെങ്കിൽ ,അവരെ ബാധിച്ച വിപത്ത് നിങ്ങളെയും ബാധിച്ചേക്കാമെന്ന് ഭയന്ന് കരയുക.
സമൂദുകാർ ദീർഘായുസുള്ള ആളുകളായിരുന്നു. അവരിൽ ഒരാൾ യൗവ്വന കാലത്ത് ഒരു വീടുണ്ടാക്കുന്നു. അയാളതിൽ കുടുംബസമേതം താമസിക്കുന്നു. കുറെ വർഷങ്ങൾ കഴിയുമ്പോൾ വീട് ജീർണിച്ചു നശിക്കുന്നു. അയാളുടെ ആയുസ് പിന്നെയും ബാക്കി. മറ്റൊരു വീട് പണിയുന്നു. കുറെ കാലം കഴിയുമ്പോൾ ആ വീടും ജീർണിക്കുന്നു. അപ്പോഴും അയാളുടെ ആരോഗ്യത്തിന് കുഴപ്പമില്ല. ഒരു പുരുഷായുസ് തീരാൻ പല വീടുകൾ വേണ്ടിവരും. അങ്ങനെയാണ് മലയിൽ പാറ തുരന്ന് പാർപ്പിടമുണ്ടാക്കാൻ തുടങ്ങിയത്. വളരെ കാലം നിലനിൽക്കുന്ന ഭവനം അവയുടെ അവശിഷ്ടങ്ങൾ ഇന്നും കാണപ്പെടുന്നു. ദൃശ്യമാധ്യമങ്ങളിലൂടെ ലോകം അത് കാണുന്നു. അദൃശ്യങ്ങൾ എന്താണ് ലോകത്തോട് പറയുന്നത്? സർവശക്തനായ അല്ലാഹുവിന് കീഴ്പ്പെട്ടു ജീവിക്കുക ധിക്കാരം കാണിക്കരുത് ഈ ഭവനങ്ങളിൽ സുഖജീവിതം നയിച്ചവരുടെ അനുഭവം നിങ്ങൾക്ക് പാഠമായിരിക്കട്ടെ.
Post a Comment