ഈസാ നബി (അ) ചരിത്രം 5 | Eesa nabi(A.S) history part 5 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 5 | Eesa nabi(A.S) history part 5 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 5


മരിച്ചവർ വരുന്നു 


ഒരുസംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നു: ഈസാ (അ) ഒരിടത്തിരിക്കുന്നു. മുമ്പിൽ ശിഷ്യന്മാർ, ശിഷ്യന്മാർ നബിയുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു. സംസാരം പൂർവ്വ കാല സമൂഹങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു...


ലോകത്തെ നടുക്കിയ പ്രളയം. അതിലെത്തി സംസാരം. അക്കാലത്തെ ജനങ്ങളുടെ ദുഷിച്ച ജീവിതം. ക്രൂരന്മാരും ധിക്കാരികളുമായ ജനത. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു നൂഹ് (അ). സദസ്സ് ആകാംക്ഷാഭരിതമായി. അടുത്ത വാക്കുകൾക്ക് ഉൽക്കണയോടെ കാതോർത്തു.


നൂഹ് (അ) തന്റെ ജനതയെ ക്ഷണിച്ചു. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്ക്, എത്രകാലമെന്നറിയാമോ? തൊള്ളായിരത്തി അമ്പത് കൊല്ലം...


സദസ്സ് ഞെട്ടിപ്പോയി..!! എന്നിട്ടെത്ര പേരെ കിട്ടി..! വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം. ശിക്ഷ വരുമെന്ന മുന്നറിയിപ്പ് നൽകി. അതവർ പരിഹസിച്ചു തള്ളി. ശിക്ഷക്ക് ധൃതികൂട്ടി.


പലവിധ ഉപ്രദവങ്ങൾ നേരിട്ടു.


ഒടുവിൽ നൂഹ് (അ) തന്റെ ജനതക്കെതിരായി പ്രാർത്ഥിച്ചു...


അല്ലാഹു ﷻ നൂഹ് നബി (അ) നോട് കപ്പലുണ്ടാക്കാൻ കല്പിച്ചു.


കടൽതീരത്തല്ല കപ്പലുണ്ടാക്കാൻ തുടങ്ങിയത്. അകലെ ഒരു സ്ഥലത്ത് സ്ഥലത്ത് കപ്പലിന്റെ പണി തുടങ്ങി. ശത്രുക്കളുടെ പരിഹാസവും പൊട്ടിച്ചിരികളും ഉയർന്നു.


കപ്പലിന്റെ പണിതീർന്നു. വിശ്വാസികൾ കപ്പലിൽ കയറി. പക്ഷി മൃഗാദികളിൽ നിന്നെല്ലാം ഓരോ ഇണകളെ കയറ്റി അപ്പോൾ മഴതുടങ്ങി. ശക്തികൂടിക്കൂടി വന്നു. എല്ലായിടത്തും വെള്ളം, പലഭാഗത്തും ഉറവ തുടങ്ങി...


മഹാപ്രളയം, സത്യനിഷേധികൾ ചത്തൊടുങ്ങി, എല്ലാം നശിച്ചു. അപ്പോൾ മഴ തീർന്നു. വെള്ളം താഴ്ന്നു. കപ്പൽ ഭൂമിയിലുറച്ചു. എല്ലാവരും ഇറങ്ങി. അവരുടെ സന്താനപരമ്പരയാണ് ഇന്നുള്ള ജനത...


ചരിത്രം കേട്ടുകഴിഞ്ഞപ്പോൾ ശിഷ്യന്മാരിൽ ഒരാൾ വിനയത്തോടെ ചോദിച്ചു. “അന്ന് കപ്പലിൽ കയറിയവരിൽ ആരെയെങ്കിലുമൊരാളെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. ഒരാളെ കാണിച്ചുതരുമോ..?”


വല്ലാത്ത ആഗ്രഹം തന്നെ. സഹസ്രാബ്ദങ്ങൾക്കു മുമ്പ് മരിച്ചുമറമാടപ്പെട്ട ഒരാളെ ജീവിപ്പിച്ചു കാണിച്ചുകൊടുക്കണം. അദ്ദേഹം അക്കാലത്തെ സംഭവങ്ങൾ വിവരിക്കുന്നത് കേൾക്കണം. അതാണ് തന്റെ പ്രിയശിഷ്യന്മാരുടെ ആവശ്യം. അല്ലാഹുﷻവിന്റെ അനുമതിയോടെ ആ ആവശ്യം നിറവേറ്റിക്കൊടുക്കണം...


നൂഹ് നബി (അ) ന്റെ മകനാണ് സാം. സാമിന്റെ ഖബറിന്നടുത്തേക്കാണ് ആ സംഘം നീങ്ങിപ്പോവുന്നത്. ഖബറിന്നടുത്തെത്തി. ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു... 


തന്റെ വടിയെടുത്തു. ഖബറിൽ അടിച്ചു... 


“അല്ലാഹുﷻവിന്റെ അനുമതിയോടെ എഴുന്നേറ്റ് വരിക.”


ശിഷ്യന്മാർ ആകാംക്ഷയോടെ നോക്കിനിൽക്കുമ്പോൾ അത് സംഭവിച്ചു. ഖബർ പൊട്ടിക്കീറി. ഒരാൾ എണീറ്റുവരുന്നു. അതാണ് സാം... 


"എന്താ... ഖിയാമം നാൾ ആയോ..?" സാം ചോദിക്കുന്നു. 


ഈസാ (അ) ഇങ്ങനെ പറഞ്ഞു: "ഖിയാമം നാൾ എത്തിയിട്ടില്ല. അല്ലാഹുﷻവിന്റെ അനുമതിയോടെ ഞാൻ താങ്കളെ വിളിച്ചതാണ്. ഇവർക്ക് കാണാനും അറിയാനും വേണ്ടി.


 "അങ്ങനെയാണോ..? ഖിയാമം നാൾ ആയെന്നു കരുതി പേടിച്ചുപോയി. നോക്കൂ..? എന്റെ മുടി നരച്ചുപോയി." സാം പറഞ്ഞു. 


എല്ലാവരും നോക്കി. മരിച്ചു ഖബറടക്കുമ്പോൾ കറുത്ത മുടിയായിരുന്നു ഖിയാമം നാൾ ആയെന്ന് കരുതി ഭയന്നു. അത് കാരണം മുടി നരച്ചുപോയി... 


സാം അക്കാലത്തെ പ്രളയത്തെക്കുറിച്ചു സംസാരിച്ചു. കപ്പൽ യാത്രയെക്കുറിച്ച് പറഞ്ഞു. ധിക്കാരികളുടെ അന്ത്യം എന്തായിരുന്നു വെന്ന് വിവരിച്ചു. കേട്ട് നിന്നവരുടെ ഈമാൻ വർദ്ധിച്ചു.


സാം മടങ്ങുകയാണ്. ഖബറിലേക്ക്. ശാന്തതയിലേക്ക്. നബിയും ശിഷ്യന്മാരും സലാം പറഞ്ഞു തിരിച്ചുപോന്നു... 


മരിച്ച ആളെ ജീവിപ്പിച്ച മറ്റൊരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈസാ (അ)ന്ന് ഒരു സ്നേഹിതനുണ്ടായിരുന്നു. പേര് ആസിർ. അദ്ദേഹവും കുടുംബവും ഈസാ (അ) നെ വളരെയേറെ സ്നേഹിച്ചിരുന്നു. 


ഒരിക്കൽ ആസിറിന്ന് രോഗം വന്നു. മരുന്നുകളൊന്നും ഫലിച്ചില്ല. ആസിർ മരിച്ചുപോയി. ആളുകൾ വളരെ ദുഃഖിതരായിത്തീർന്നു. ഈസാ (അ) പരിസര പ്രദേശത്തുണ്ടായിരുന്നില്ല.


ആസിറിന്റെ സഹോദരി ദുഃഖം സഹിക്കാനാവാതെ പുറത്തേക്കോടി. കരഞ്ഞുകൊണ്ട് ഓടുകയാണ്. നബിയെ കാണണം. കാൽക്കൽ വീണു കരയണം. തന്റെ സഹോദരന്റെ ജീവൻ തിരിച്ചു നൽകാൻ പറയണം.


ഓടിയോടിത്തളർന്നു. വിയർത്തു കുളിച്ചു. ഒടുവിൽ നബിയെകണ്ടെത്തി. കാര്യങ്ങൾ ഉണർത്തി. നബി ആ സഹോദരിയെ ആശ്വസിപ്പിച്ചു. "നീ വീട്ടിലേക്ക് മടങ്ങുക. ഞാൻ വന്നുകൊള്ളാം. അല്ലാഹു ﷻ ഉദ്ദേശിച്ചാൽ"


സഹോദരി പ്രതീക്ഷയോടെ മടങ്ങിപ്പോന്നു. വീട്ടിലെത്തുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഖബറടക്കാൻ നേരം വൈകിപ്പോയി. എല്ലാവരും കാത്തിരുന്നു. ഒരു ദിവസം മുഴുവൻ കാത്തിരുന്നിട്ടും നബി എത്തിയില്ല...


ഇനിയും മയ്യിത്ത് വെച്ചുകൊണ്ടിരിക്കാൻ പറ്റില്ല. ഖബറടക്കാം. പലരും അഭിപ്രായം പറഞ്ഞു. നബിയെ കാണാനില്ല. സഹോദരി ദുഃഖം സഹിക്കുകയാണ്. കരച്ചിലടങ്ങുന്നില്ല. അവൾ നോക്കി നിൽക്കെ സഹോദരന്റെ മയ്യിത്ത് എടുത്തുകൊണ്ടുപോയി. ഖബറടക്കി. ആളുകൾ തിരിച്ചെത്തി.


എല്ലാം കഴിഞ്ഞശേഷം അവരെത്തി. ഈസാ (അ) ശിഷ്യന്മാരോടൊപ്പം എത്തി. സഹോദരി പൊട്ടിക്കരഞ്ഞു. നബി ഖബറിന്റെ അടുത്തേക്ക് നടന്നു. ബന്ധുക്കളും നാട്ടുകാരും നടന്നു... 


“അല്ലാഹു ﷻ വിന്റെ അനുമതിയോടെ എഴുന്നേൽക്കുക." ഈസാ (അ) പറഞ്ഞു. വടികൊണ്ട് ഖബറിൽ അടിച്ചു. ഖബർ പൊട്ടി. ഖബറടക്കപ്പെട്ട ആൾ എഴുന്നേറ്റു വരുന്നു. സലാം ചൊല്ലുന്നു. അയാൾ പിന്നെയും കുറെകാലം ജീവിച്ചു... 


മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിങ്ങനെയാണ്: ഈസാ (അ) വെള്ളത്തിന് മുകളിലുടെ നഗ്നപാദനായി നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. ചിലർ കൂടെ നടക്കാറുണ്ട്. നദിയിലൂടെ നടന്ന് അക്കര പറ്റാം.


ഒരാൾ ഇങ്ങനെ നടക്കാൻ തുടങ്ങി. പല ദിവസങ്ങളിൽ നടന്നു. അപ്പോൾ അയാളുടെ മനസ്സിൽ ഇബ്ലീസ് ദുർവ്വിചാരം ഇട്ടുകൊടുത്ത് ചിന്തകൾ വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. വലിയൊരു പുഴയുടെ മധ്യത്തിൽ വെച്ചാണ് ദുർവ്വിചാരം മനസ്സിൽ കയറിയത്. 


ഈസാ (അ) അല്ലാഹു ﷻ വിന്റെ നബിയാണ്. അത്കൊണ്ട് വെള്ളത്തിനു മുകളിലൂടെ നടക്കുന്നു. താഴ്ന്നുപോവുന്നില്ല. താനോ? താൻ നബിയല്ല. എന്നിട്ടും ജലവിതാനത്തിലൂടെ നടന്നുപോവുന്നു. ഞാനും നബിയും തമ്മിലെന്ത് വ്യത്യാസം..? സ്വയം ചോദിച്ചുപോയി. തന്നെ നബി നടത്തിച്ചുകൊണ്ട് പോവുകയാണെന്ന സത്യം


അയാൾ മറന്നു. മനസ്സിൽ അഹങ്കാരം വന്നു.


ഒരു നിമിഷം പോലും വൈകിയില്ല. ഒരൊറ്റ വീഴ്ച വെള്ളത്തിന്നടിയിലേക്ക്. ഈസാ നബിയേ രക്ഷിക്കണേ..! ഈസാ (അ) തിരിഞ്ഞു നോക്കി. കൈ നീട്ടി: അയാൾ ആ കൈയിൽ പിടിച്ചു തൂങ്ങി രക്ഷപ്പെട്ടു...


ഈസാ (അ) അയാൾക്കു നൽകിയ ഉപദേശം ഇങ്ങനെ:


അല്ലാഹു ﷻ നിങ്ങൾക്ക് മഹത്തായൊരു പദവി നൽകി. നിങ്ങൾ അഹങ്കരിച്ചു. അപ്പോൾ പദവി നീക്കപ്പെട്ടു. പശ്ചാത്തപിച്ചു മടങ്ങുക പ്രാർത്ഥിക്കുക. അയാൾ അതനുസരിച്ചു പ്രവർത്തിച്ചു.


ഈസാ (അ) തന്റെ ശിഷ്യന്മാരോട് മുൻകാല പ്രവാചകന്മാരെപ്പറ്റി വിശദമായി സംസാരിക്കും. നിരവധി സംഭവങ്ങൾ ഉദ്ധരിക്കും. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളും പറയും. ഇനിയൊരു നബി വരാനുണ്ട്. അന്ത്യപ്രവാചകൻ...


ആ പ്രവാചകനെക്കുറിച്ച് പറയാൻ തുടങ്ങിയാൽ നബിയുടെ വാക്കുകളിൽ ആഹ്ലാദം നിറയും. അന്ത്യപ്രവാചകരുടെ സമുദായത്തെക്കുറിച്ചു പറയുമ്പോൾ വല്ലാത്ത സന്തോഷമാണ്.


ഹിശാമുബ്നു അമ്മാർ (റ) റിപ്പോർട്ട് ചെയ്യുന്നു. ഈസാ (അ) പറഞ്ഞു: "എന്റെ റബ്ബേ...! അന്ത്യപ്രവാചകരുടെ സമുദായത്തെക്കുറിച്ച് എനിക്ക് വിവരം തന്നാലും." 


അല്ലാഹു ﷻ പറഞ്ഞു: "ഉമ്മത്തി മുഹമ്മദീൻ. മുഹമ്മദ് നബിയുടെ സമുദായം, ഉലമാഉം, ഹുകമാഉം ധാരാളം കാണും. നബിമാരുടെ ചര്യകൾ അവരിൽ കാണും. കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടും. ഞാനവർക്ക് അല്പമെന്തെങ്കിലും കൊടുത്താൽ അത്കൊണ്ട് തൃപ്തിപ്പെടും. അവരുടെ കുറഞ്ഞ അമൽകൊണ്ട് ഞാനും തൃപ്തിപ്പെടും. ആ സമൂഹത്തിൽ നിന്ന് ധാരാളമാളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹി" എന്ന വചനമാണ് അവരെ സ്വർഗ്ഗത്തിലെത്തിക്കുക."


ഈസാ (അ) ന്റെ വാക്കുകൾ ശിഷ്യന്മാരെ സന്തോഷഭരിതമാക്കി, തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും അന്ത്യപ്രവാചകരുടെ ഗമനം അവർ മനസ്സിലാക്കി. വിശദവിവരങ്ങൾ ഈസാനബി (അ)ൽ നിന്ന് കിട്ടിക്കൊണ്ടിരുന്നു.


ഒരിക്കൽ അല്ലാഹു ﷻ ഈസാ നബി (അ) നോട് പറഞ്ഞു: "ഈസാ നിന്നെ ഞാൻ എന്നിലേക്ക് ഉയർത്തുന്നതാണ്."


ഈസാ (അ) ചോദിച്ചു: "എന്റെ റബ്ബേ...! എന്തിനാണ് എന്നെ നിന്നിലേക്ക് ഉയർത്തുന്നത്."


അല്ലാഹു ﷻ പറഞ്ഞു: നിന്നെ എന്നിലേക്ക് ഉയർത്തും. പിന്നെ അന്തസമാനിൽ നിന്നെ ഭൂമിയിലേക്ക് ഇറക്കുകയും ചെയ്യും. അന്ത്യപ്രവാചകരുടെ സമുദായത്തിന്റെ അത്ഭുതകരമായ അവസ്ഥകൾ കണ്ടുമനസ്സിലാക്കാൻ വേണ്ടിയാണത്. ദജ്ജാലിനെ വധിക്കാൻ വേണ്ടിയുമാണത്.


യഹൂദി സമൂഹത്തോട് ഈസാ (അ) പ്രസംഗിക്കുമ്പോൾ അന്ത്യ പ്രവാചകരുടെ ആഗമനത്തെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കുമായിരുന്നു. തിരിച്ചറിയാനുള്ള അടയാളങ്ങൾ വിവരിക്കും. പേര് പറയും. അക്കാലത്ത് ജീവിക്കുന്നവർ അന്ത്യപ്രവാചകനിൽ വിശ്വസിക്കാൻ ഒട്ടും അമാന്തം കാണിക്കരുത്. മുഹമ്മദ് നബി ﷺ തങ്ങളിൽ വിശ്വസിച്ച് മുഅ്മിനായിത്തീരുന്നതിനേക്കാൾ വലിയൊരു സൗഭാഗ്യമില്ല. 


മുഹമ്മദ് ബ്നു ഇസ്ഹാഖ് (റ) റിപ്പോർട്ട് ചെയ്യുന്നു. നബി ﷺ തങ്ങളോട് സ്വഹാബികൾ ചോദിച്ചു. “അല്ലാഹുﷻവിന്റെ റസൂലേ..! അങ്ങയെക്കുറിച്ച് ഞങ്ങൾക്കു പറഞ്ഞുതന്നാലും. നബി ﷺ പറഞ്ഞു: ഞാൻ എന്റെ പിതാവായ ഇബ്രാഹീം നബിയുടെ പ്രാർത്ഥനയാണ്. ഈസാ നബിയുടെ സന്തോഷവാർത്തയുമാണ്...


നബി ﷺ തങ്ങളുടെ വചനങ്ങളിലൂടെ സ്വഹാബികൾ ഈസാ (അ)നെക്കുറിച്ച് നിരവധി കാര്യങ്ങൾ പഠിച്ചു. വളരെ ഗൗരവമുള്ള ഒരു കാര്യം ശ്രദ്ധിക്കൂ..!


ശിഷ്യന്മാർ ഈസാ (അ) നോട് ചോദിച്ചു. താങ്കൾക്ക് ജലവിതാനത്തിലൂടെ നടക്കാൻ കഴിയുന്നതെന്ത് കൊണ്ട്..?


ഉത്തരം ഇങ്ങനെ : "ഈമാനും യഖീനും കൊണ്ട്."


അല്ലാഹു ﷻ വിലുള്ള ദൃഢവിശ്വാസം. അതാണ് സർവ്വപ്രധാനം, സൃഷ്ടികളെ ഭയപ്പെടരുത്. സൃഷ്ടാവിനെ ഭയപ്പെടണം. 


യഹൂദിയും റൊട്ടിയും


ഈസാ (അ) ന്റെ കൂടെ യാത്ര ചെയ്ത ഒരു യഹൂദിയുടെ ചരിത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്യപ്പെടുന്നു...


ഈസാ (അ) ദീർഘയാത്രക്കൊരുങ്ങി. കൂടെപ്പോകാൻ ഒരു യഹൂദിയും ഒരുങ്ങി. രണ്ടു പേരും ഭക്ഷണപ്പൊതി കരുതിയിട്ടുണ്ട്. യാത്ര തുടങ്ങി. കുറേദൂരം പോയി. ക്ഷീണിച്ചു. വിശ്രമിക്കാനായി ഇരുന്നു.


"ഞാൻ നിസ്കരിക്കട്ടെ. എന്നിട്ട് നമുക്ക് ആഹാരം കഴിക്കാം." ഈസാ (അ) പറഞ്ഞു.


നിസ്കരിക്കാൻ പോയ തക്കത്തിൽ യഹൂദി ഈസാ നബി (അ)ന്റെ ഭക്ഷണപ്പൊതി തുറന്നുനോക്കി. അതിൽ ഒരു റൊട്ടി മാത്രമേയുള്ളൂ.


യഹൂദിയുടെ പൊതിയിൽ രണ്ട് റൊട്ടിയുണ്ട്. ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ തന്റെ ഒരു റൊട്ടിയുടെ പകുതി കൂടി സഹയാത്രികന് കൊടുക്കേണ്ടി വരും. അതിന്ന് മനസ്സുവരുന്നില്ല. ഇനിയെന്ത് വഴി? പെട്ടെന്നൊരാശയം തോന്നി. ഒരു റൊട്ടി പെട്ടെന്ന് തിന്നുക. പൊതിയിൽ ഒന്നുവെക്കുക. തന്റെ കൈവശം ഒരു റൊട്ടി മാത്രമേ ഉള്ളൂവെന്ന് ഈസാ ധരിച്ചുകൊള്ളും.


നിസ്കാരം കഴിഞ്ഞുവന്നു. ഇരുവരും ആഹാരത്തിനിരുന്നു. ഈസാ (അ) പൊതി തുറന്നു. യഹൂദിയും പൊതിതുറന്നു. രണ്ട് പൊതിയിലും ഓരോ റൊട്ടി വീതം. പ്രശ്നമില്ല. പക്ഷെ നബിയുടെ ചോദ്യം യഹൂദിയെ അല്പം വിഷമിപ്പിച്ചു. "നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"


ചോദ്യം കേട്ട് അല്പം പതറിപ്പോയെങ്കിലും, അത് പുറത്ത് കാണിക്കാതെ മറുപടി പറഞ്ഞു: "ഒന്ന്."


ഇവൻ ആൾ മോശക്കാരനാണെന്ന് നബിക്ക് മനസ്സിലായി. കൂടെ കൂട്ടാൻ പറ്റിയ ആളല്ല. ഇവൻ സത്യം പറയുമോ എന്നൊന്ന് നോക്കട്ടെ.


ആഹാരം കഴിഞ്ഞു. ക്ഷീണം തീർന്നു...


യാത്ര തുടർന്നു. ഒരാൾ നടന്നുവരുന്നുണ്ടല്ലോ. ആരാണയാൾ..? യഹൂദി സൂക്ഷിച്ചു നോക്കി. വടികൊണ്ട് തപ്പിത്തപ്പിനോക്കി വരികയാണയാൾ. കാഴ്ചയില്ല. അന്ധനാണ്. യഹൂദിയുടെ കല്ല് പോലുള്ള ഖൽബിൽ കനിവ് ഉറപൊട്ടിയില്ല. ഇതേ പോലെ എത്രയെത്ര അന്ധന്മാരെ കാണുന്നു. അതിലെന്താ വിശേഷം എന്ന ഭാവമാണ് യഹൂദിയുടെ മുഖത്ത്..!


അവർ നടന്ന് നടന്ന് അന്ധന്റെ അടുത്തെത്തി. ഈസാ (അ) അന്ധനോട് സംസാരിച്ചു. പരിചയപ്പെട്ടു. പ്രവാചകന്റെ ശബ്ദം അന്ധനെ ആശ്വസിപ്പിച്ചു. ഈസാ (അ) ചോദിച്ചു.


"അല്ലാഹു ﷻ വിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കണ്ണുകൾക്ക് കാഴ്ചശക്തി തരാം. എന്നാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി പ്രകടിപ്പിക്കുമോ..?"


അന്ധന്റെ മനസ്സിൽ പ്രതീക്ഷയുടെ വല്ലാത്തൊരു വെളിച്ചം പടർന്നു. അയാൾ ആവേശത്തോടെ പറഞ്ഞു: "എന്റെ കണ്ണുകൾക്ക് കാഴ്ചകിട്ടിയാൽ ഞാൻ അല്ലാഹുﷻവിന്ന് നന്ദി ചെയ്യും."


ഈസാ (അ) അന്ധന്റെ കണ്ണിൽ തടവി. അത്ഭുതം..! കണ്ണുകൾ പ്രകാശിക്കുന്നു. എല്ലാം കാണാം. ഇരുട്ട് പോയി. കാഴ്ചയുള്ള കണ്ണുകൾകൊണ്ട് ഈസാ (അ) നെ നോക്കിക്കാണുകയാണ്. ഇതാണ് അല്ലാഹുﷻവിന്റെ പുണ്യപ്രവാചകൻ.


അല്ലാഹുﷻവേ..! നിനക്കാണ് സ്തുതി."


യഹൂദി എല്ലാം നോക്കിക്കണ്ടു. അതിശയിച്ചു നിൽക്കുകയാണ്...


ഈസാ (അ) അവനോട് ചോദിച്ചു. "അന്ധന് കാഴ്ചനൽകിയ അല്ലാഹു ﷻവിന്റെ പേരിൽ ഞാൻ ചോദിക്കുന്നു. പറയൂ...! നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു."


യഹൂദി സത്യം പറയാൻ സന്നദ്ധനായില്ല. കളവ് ആവർത്തിക്കാൻ തീരുമാനിച്ചു അയാൾ പറഞ്ഞു: "ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ."


"ശരി, നമുക്ക് യാത്ര തുടരാം."


രണ്ടുപേരും നടന്നു. തന്റെ സഹയാത്രികന്റെ മനസ്സിന്റെ കടുപ്പം അപാരം തന്നെ. കുറെ ദൂരയാത്ര ചെയ്തപ്പോൾ ഒരാളെ കാണുന്നു. നടക്കാൻ കഴിയാത്ത പാവം മനുഷ്യൻ. കാലുകൾക്ക് ശേഷി കുറഞ്ഞ വികലാംഗൻ.


എല്ലാവരും കൈവീശി ധൃതിയിൽ നടന്നുപോവുന്നത് അയാൾ കാണുന്നു. തനിക്കതിന്ന് കഴിവില്ല. സങ്കടം വരും. ഇസാ (അ) അയാളോട് ചോദിച്ചു. "അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി ഞാൻ നിന്റെ കാലുകൾക്ക് ശക്തി നൽകാം. നിനക്കു മറ്റുള്ളവരെപ്പോലെ നടക്കാൻ കഴിയും. അതിന്ന് കഴിഞ്ഞാൽ നീ അല്ലാഹു ﷻ വിന്ന് നന്ദി കാണിക്കുമോ..?"


അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. അയാൾ വിനയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു: "എന്റെ കാലുകൾക്ക് നടക്കാനുള്ള ശേഷി കിട്ടിയാൽ ഞാൻ അല്ലാഹു ﷻ വിന്ന് നന്ദി ചെയ്യും."


ഈസാ (അ) പ്രാർത്ഥിച്ചു. വൈകല്യമുള്ള കാലുകളിൽ തടവി. അതിശയംതന്നെ, കാലുകൾക്ക് ശേഷിവന്നു. സന്തോഷത്തോടെ, നന്ദിയോടെ പ്രവാചകനെ അല്പനേരം നോക്കിനിന്നു. എന്നിട്ട് ഉറപ്പുള്ള കാലുകളിൽ നടന്നുപോയി.


അപ്പോൾ ഈസാ (അ) യഹൂദിയോട് ചോദിച്ചു: "വികലാംഗന്റെ കാലുകൾക്ക് ശക്തി നൽകിയ അല്ലാഹു ﷻ വിന്റെ നാമത്തിൽ ഞാൻ ചോദിക്കട്ടെ. നിന്റെ പൊതിയിൽ എത്ര റൊട്ടി ഉണ്ടായിരുന്നു..?"


യഹൂദി പറഞ്ഞു: "ഒരു റൊട്ടി മാത്രം."


ശരി. നമുക്കുയാത്ര തുടരാം. അവർ യാത്ര തുടരുകയാണ്... 


അടങ്ങാത്ത മോഹം 


അതാ വലിയൊരു നദിപാഞ്ഞൊഴുകുന്നു. നദിയുടെ അക്കരെ എത്തണം, തോണിയില്ല. എന്ത് ചെയ്യും..? അക്കരെ എത്താനൊരു വഴിയും കാണുന്നില്ലല്ലോ..? യഹൂദി നിരാശയോടെ പറഞ്ഞു...


"വാ... നമുക്കങ്ങ് നടന്നുപോവാം. നീ എന്നെ പിടിച്ചു നടന്നോളൂ..." ഈസാ (അ) പറഞ്ഞു.


നദിയുടെ ജലപ്പരപ്പിലൂടെ ഈസാ നബി (അ) ഉം യഹൂദിയും നടന്നുപോയി അക്കരെയെത്തി. യഹൂദിക്ക് ആശ്വാസമായി. അപ്പോൾ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "ജലവിതാനത്തിലൂടെ നമ്മെ നടത്തിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുന്നു. സത്യം പറയൂ... നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?"


“ഒരൊറ്റ റൊട്ടി മാത്രം.” യഹൂദിയുടെ മറുപടി.


ഇവൻ ഒരിക്കലും നന്നാവാൻ പോവുന്നില്ല. ഇത്രയും ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും അവൻ സത്യം പറയുന്നില്ല. വീണ്ടും യാത്ര. ഇനിയും ചോദ്യം വരുമോ..? എത്ര തവണ ചോദിച്ചാലും ഒരേമറുപടി പറയാം. യഹൂദി മനസ്സിലുറച്ചു.


രണ്ടാൾക്കും വിശപ്പുണ്ട്. കൈവശം യാതൊന്നുമില്ല. യഹൂദിയുടെ മനസ്സിൽ വെപ്രാളം നിറഞ്ഞു. ഒരു മാൻകുട്ടം, കാണാനെന്തൊരു ഭംഗി. അതിലൊരെണ്ണത്തെ ഈസാ (അ) പിടിച്ചു. അതിനെ അറുത്തു.


തൊലിയുരിച്ചു. പാകം ചെയ്തു. രണ്ടുപേരും കൂടി അത് ഭക്ഷിച്ചു.


എന്തൊരു രുചി...


മാനിന്റെ എല്ലുകളും മറ്റും കൂട്ടിവെച്ചു. ഈസാ (അ) അല്ലാഹുﷻവിന്റെ അനുമതിയോടെ മാനിന്ന് ജീവൻ നൽകി. മാൻ ഓടിപ്പോയി...


ആശ്ചര്യഭരിതനായ യഹൂദിയോട് ഈസാ (അ) ചോദിച്ചു: "നിന്റെ പക്കൽ എത്ര റൊട്ടിയുണ്ടായിരുന്നു..? മാനിന്ന് വീണ്ടും ജന്മം നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കുകയാണ്.."


"ഒന്ന് മാത്രം.." യഹൂദിയുടെ മറുപടി...


വീണ്ടും യാത്ര തുടരുകയാണ്...


യഹൂദിയെക്കൊണ്ട് സത്യം പറയിക്കണം. അതിന് പറ്റിയ സമയം വരും...


യാത്ര ഒരു ഗ്രാമത്തിലെത്തി. ഈസാ (അ) യഹൂദിയോട് പറഞ്ഞു: നീ ഇവിടെ വിശ്രമിക്കൂ..! ഞാനിപ്പോൾ വരാം...


അതും പറഞ്ഞു ഈസാ (അ) പോയി. വടികൊണ്ട് പോയില്ല. അത് സൂക്ഷിക്കാൻ യഹൂദിയെ ഏല്പിച്ചു. ഈ വടിയുണ്ടെങ്കിൽ എന്തും നടത്താം എന്ന് യഹൂദി കരുതി. വടി കൈവശമാക്കി...


ഈസാ (അ) വരും മുമ്പേ അയാൾ സ്ഥലം വിട്ടു. വടി പ്രയോഗിക്കാൻ ഒരവസരം കിട്ടണം. അയാൾ അവസരം തേടി നടന്നു. യഹൂദി യാത്ര തുടരുകയാണ്. കൈയിൽ ഈസാ (അ) ന്റെ വടിയുമുണ്ട്...


ഇപ്പോൾ രാജകൊട്ടാരത്തിന്റെ മുമ്പിലാണ് നിൽപ്പ്. രാജാവ് മാരകരോഗം പിടിപെട്ടു കിടക്കുകയാണ്. അത്യാസന്ന നിലയിലാണ്. പല വൈദ്യന്മാരും ചികിത്സിച്ചു. ഒന്നും ഫലിക്കുന്നില്ല.


"ഞാൻ ഭിഷഗ്വരനാണ്. ഞാൻ ചികിത്സിക്കാം. സുഖപ്പെടുത്താം..." യഹൂദി പറഞ്ഞു...


കാവൽക്കാർ യഹൂദിയെ കൊട്ടാരത്തിലേക്ക് കടത്തിവിട്ടു. അയാളുടെ മനസ്സിൽ മോഹങ്ങൾ വളരുകയാണ്. ഈ വടിയുള്ളപ്പോൾ ഒന്നും ഭയപ്പെടാനില്ല. ഒറ്റ അടികൊടുത്താൽ മതി സുഖം പ്രാപിക്കും. പിന്നെ തനിക്കെന്തെല്ലാം പാരിതോഷികങ്ങൾ കിട്ടും. ചോദിക്കുന്നതെന്തും കിട്ടും...


പിന്നെ സുഖ സമ്പൂർണ്ണമായൊരു ജീവിതമുണ്ട്. കൊട്ടാരം. കുതിരകൾ, പാറാവുകാർ, സുന്ദരികളായ ഭാര്യമാർ, സ്വർണ്ണം, വെള്ളി, പട്ടുവസ്ത്രങ്ങൾ... മോഹങ്ങൾക്കൊരറ്റവുമില്ല. ഈ വടികൊണ്ട് പിന്നെ ഞാനൊരു കളികളിക്കും. ഈസ ചെയ്തതൊക്കെ ഞാനും ചെയ്യും. പ്രതിഫലം വാങ്ങും... 


അതാകിടക്കുന്നു അത്യാസന്ന നിലയിൽ രാജാവ്. ഇത് സുഖപ്പെടാൻ നല്ല അടിതന്നെ കൊടുക്കണം. നന്നായി ശക്തി സംഭരിച്ച് ഒരൊറ്റ അടി. കൂടെ നിന്നവർ ഞെട്ടിപ്പോയി. എന്തൊരു ധിക്കാരമാണിത്..? അവശനായ രാജാവിനെ അടിക്കുകയോ..? രാജാവ് ഒന്നു പിടഞ്ഞു. അത്രതന്നെ. ജീവൻപോയി..!!


പാറാവുകാർ ചാടിവീണു. യഹൂദിയെ പിടിച്ചുകെട്ടി. നന്നായി പെരുമാറി. വധിക്കാൻ വിധിയായി. കാരാഗ്രഹത്തിലടച്ചു. അപ്പോൾ ഈസാ (അ) കൊട്ടാരത്തിലെത്തി... 


ഈസാ (അ) കൊട്ടാരത്തിലെത്തി. കൂട്ടുകാരനെ അന്വേഷിച്ചുകണ്ടെത്തി. മരണം കൺമുമ്പിലുണ്ട്. യഹൂദി സഹായം തേടി പൊട്ടിക്കരയുന്നു... 


"രാജാവിനെ ജീവിപ്പിക്കാം. രോഗം സുഖപ്പെടുത്താം. നിങ്ങൾക്കത് പോരേ. ഇയാളെ വെറുതെ വിട്ടുകൂടേ..?" കൊട്ടാരവാസികൾ സമ്മതിച്ചു. 


ഈസാ (അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. തന്റെ വടി കെെയിലെടുത്തു. മൃതദേഹത്തിൽ അടിച്ചു. അല്ലാഹുﷻവിന്റെ അനുമതിയോടെ ഉണരുക. എഴുന്നേൽക്കുക.


അനേകമാളുകൾ നോക്കി നിൽക്കെ, രാജാവ് ഉണർന്നു. എഴുന്നേറ്റിരുന്നു. രോഗം മാറി. ആരോഗ്യവാനായിത്തീർന്നു. എല്ലാവർക്കും സന്തോഷം...


ഈസാ (അ) അവർകളും യഹൂദിയും കൊട്ടാരത്തിൽ നിന്നിറങ്ങി. അപ്പോൾ ഈസാ (അ) ചോദിച്ചു: “രാജാവിന്നു ജീവൻ തിരിച്ചു നൽകിയ അല്ലാഹുﷻവിന്റെ പേരിൽ ചോദിക്കട്ടെ, നിന്റെ കൈവശം എത്ര റൊട്ടി ഉണ്ടായിരുന്നു..?”


“ഒന്നുമാത്രം...”


ഇവൻ ഭയങ്കരൻ തന്നെ. അതിഭയങ്കരൻ. ഇനി ഇവനെക്കൊണ്ട് സത്യം പറയിക്കണം. അവർ ഒരുഗ്രാമത്തിൽ പ്രവേശിച്ചു. അവിടെ കണ്ട കാഴ്ച യഹൂദിയെ അമ്പരപ്പിച്ചു. കണ്ണഞ്ചിപ്പോവുന്ന കാഴ്ച..!!


സ്വർണ്ണക്കൂമ്പാരം, ഒന്നല്ല, മൂന്നു കൂമ്പാരം. "ഇത് നമ്മൾക്കു ഭാഗിച്ചെടുക്കാം..."


യഹൂദി പറഞ്ഞു...


"അങ്ങനെയാവട്ടെ..! മൂന്നായി ഭാഗിക്കാം."


"അതെന്തിനാ മൂന്നായി ഭാഗിക്കുന്നത്? നമ്മൾ രണ്ടുപേരല്ലേയുള്ളത്..?"


"മൂന്നാമതൊരാൾ കൂടിയുണ്ട്. നിന്റെ കൈവശം രണ്ട് റൊട്ടിയുണ്ടായിരുന്നു. എന്റെ കൈവശം ഒന്നും. ആകെ മൂന്ന്. ഒന്ന് ഞാൻ തിന്നു. ഒന്ന് നീ തിന്നു. മൂന്നാമത്തേതോ..? അത് കള്ളൻ കട്ടുതിന്നു. മൂന്നാമത്തെ ഓഹരി അയാൾക്കാണ്..."


യഹൂദി വിളിച്ചുപറഞ്ഞതിങ്ങനെ: "അത് തിന്നത് ഞാൻ തന്നെയാണ്."


സ്വർണ്ണം കിട്ടുമെന്നായപ്പോൾ യഹൂദി സത്യം പറഞ്ഞു. രണ്ട് ഓഹരികിട്ടി എന്നിട്ടെന്താകാര്യം. എടുത്തു പൊക്കാനാവുന്നില്ല. അതവിടെത്തന്നെയിട്ട് യാത്ര തുടരേണ്ടി വന്നു. ഈസാ (അ) നോടൊപ്പം നടക്കുമ്പോഴും യഹൂദിയുടെ മനസ്സ് നിറയെ സ്വർണ്ണകൂമ്പാരത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു...


അത് ലഭിക്കണമെന്ന് അതിയായ ആഗ്രഹം. ഉദ്ദേശിച്ച സ്ഥലം വരെ പോയി. ഇനി മടക്കയാത്ര. യാത്ര പഴയപാതയിലൂടെ തന്നെ...


സ്വർണക്കൂമ്പാരം കണ്ട സ്ഥലത്തെത്തി. സ്വർണ്ണം അതേപടി കിടക്കുന്നു. തൊട്ടടുത്തുതന്നെ മരിച്ചുകിടക്കുന്ന മൂന്നു മനുഷ്യർ. വല്ലാത്താരു കാഴ്ച തന്നെ. അത് കണ്ട് അത്ഭുതപ്പെട്ടുപോയ യഹൂദന്ന്


ഈസാ (അ) അവരുടെ കഥ പറഞ്ഞുകൊടുത്തു... 


ഈ മൂന്നുപേരും കൂട്ടുകാരാണ്. അവർ ഇത് വഴി യാത്ര പോവുകയാണ്. അപ്പോഴാണ് സ്വർണ്ണക്കട്ടികൾ കണ്ടത്. നമുക്കിത് വീതിച്ചെടുക്കാം. അവർ തീരുമാനിച്ചു. അവരിലൊരാൾ ഭക്ഷണം വാങ്ങാൻ പോയി...


അപ്പോൾ അയാൾ ചിന്തിച്ചതിങ്ങനെ: ഭക്ഷണത്തിൽ വിഷം കലർത്തി കൂട്ടുകാർക്ക് കൊടുക്കാം. അത് കഴിച്ച് അവർ മരിക്കും. സ്വർണ്ണം മുഴുവൻ തനിക്കെടുക്കാം.


സ്വർണ്ണത്തിന് കാവലിരിക്കുകയാണ് രണ്ട് പേർ. അവരുടെ സംഭാഷണം ഇങ്ങനെ: ഭക്ഷണവുമായി വരുന്നവനെ നമുക്ക് അടിച്ചുകൊല്ലാം. എങ്കിൽ സ്വർണ്ണം മുഴുവൻ നമുക്ക് ഭാഗിച്ചെടുക്കാം.


ഭക്ഷണവുമായി കൂട്ടുകാരനെത്തി. രണ്ട് പേരും കൂടി അവനെ അടിച്ചുകൊന്നു. അതിനുശേഷം അവർ ആർത്തിയോടെ ആഹാരം കഴിച്ചു. വിഷം കലർത്തിയ ആഹാരം. അധികം താമസിച്ചില്ല ഇരുവരും മരണപ്പെട്ടു. മൂന്നു ശവ ശരീരങ്ങൾ


സ്വർണ്ണക്കൂമ്പാരങ്ങളും. ആ കാഴ്ച ഒരു ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ലോകാവസാനം വരെയുള്ള മനുഷ്യർക്കുമുമ്പിൽ. കനകം വരുത്തിയ വിന..!!


അല്ലാഹുﷻവിന്റെ അനുമതിയോടെ മൂന്ന് പേരെയും ഈസാ (അ) ജീവിപ്പിച്ചു. ഉറക്കിൽ നിന്നുണർന്നത് പോലെ അവർ എഴുന്നേറ്റുവന്നു. അവരോട് ഈസാ (അ) ചോദിച്ചു: "നിങ്ങൾക്ക് സ്വർണ്ണം വേണ്ടേ? എടുത്താേളു..."


അവർ മനസ്സുകൊണ്ട് സ്വയം പഴിക്കുകയായിരുന്നു. സ്വർണ്ണം ദുനിയാവാണ്. അത് മോഹിച്ചവൻ മനുഷ്യബന്ധങ്ങൾ മറക്കുന്നു. കൂട്ടുകാരനെ കൊല്ലുന്നു. ദുനിയാവ് വേണ്ട. സ്വർണ്ണം വേണ്ട. നിത്യജീവിതത്തിനുള്ള വകവേണം. അത് മതി. അതിമോഹം വേണ്ട. അതിമോഹം ആപത്താണ്...


മൂന്നുകൂട്ടുകാർ ഏകസ്വരത്തിൽ പറഞ്ഞു: "സ്വർണ്ണം ഞങ്ങളെ വഞ്ചിച്ചു. ഞങ്ങൾ വഞ്ചനയിൽ പെട്ടുപോയി. ഞങ്ങൾ പാഠം പഠിച്ചു. ഇനി ഞങ്ങൾക്കു അതിമോഹങ്ങളില്ല. ഞങ്ങളെ പോവാൻ അനുവദിച്ചാലും."


മൂന്നുപേരും യാത്ര പറഞ്ഞുപോയി. സ്വർണ്ണം പല്ലിളിച്ച പിശാചിനെപ്പോലെയാണവർക്ക് തോന്നിയത്. അവർ പോയപ്പോൾ യഹൂദി ഈസാ (അ) നോട് പറഞ്ഞതിങ്ങനെ: "ആ സ്വർണ്ണം ഞാനെടുത്തുകൊള്ളാം."


അവന്റെ മനസ്സിൽ ദുനിയാവിനോടുള്ള മോഹം ഒട്ടും കുറഞ്ഞില്ല. ഈ കണ്ടകാര്യങ്ങളൊന്നും അവന്റെ മനസ്സ് മാറ്റിയില്ല. ഇനിയവൻ സ്വയം പഠിക്കട്ടെ. ഉപദേശങ്ങൾ കൊണ്ട് യാതൊരു പ്രയോജനം ലഭിക്കാത്തവൻ...


അവൻ സ്വർണ്ണക്കൂമ്പാരത്തിന്നടുത്തേക്ക് ആർത്തിയോടെ ഓടിച്ചെന്നു. പെട്ടെന്ന് ഭൂമിയിൽ വിള്ളൽ കണ്ടു. അവനും അവന്റെ ദുരാഗ്രഹങ്ങളും ഭൂമിയിലേക്ക് താഴ്ന്നു പോയി..!!


ഈ സംഭവ വിവരണം തലമുറകൾ കൈമാറിവരികയാണ്. ദുരാഗ്രഹികളുടെ ദുരന്തങ്ങൾക്ക് ഭൂമി തന്നെയാണ് സാക്ഷി. ആ ദുരാഗ്രഹിയുടെ മനസ്സുമായി ഇന്നും എത്രയോ മനുഷ്യർ ജീവിക്കുന്നു...

You may like these posts