ഈസാ നബി (അ) ചരിത്രം 6 | Eesa nabi(A.S) history part 6 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 6 | Eesa nabi(A.S) history part 6 | islamic prophet history | Jesus in Islam

ഈസാ നബി (അ) ചരിത്രം 6

ഉയർത്തപ്പെട്ടു 


സംവത്സരങ്ങൾ പലത് കടന്നുപോയി. ഈസാ (അ) ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ക്ഷണം സ്വീകരിച്ചത്. മഹാഭൂരിപക്ഷം ശത്രുതയിലായിരുന്നു.


ഈസാ (അ) നെ വധിക്കാൻ പദ്ധതിയിട്ടു നടക്കുകയാണവർ.


ഈസാ (അ) ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചിരുന്നില്ല. തന്റെ വെള്ളം ഇടക്കിടെ മാറ്റിക്കൊണ്ടിരുന്നു. 


ഈസാ (അ) ന്ന് ദിവ്യവചനങ്ങൾ കിട്ടിക്കൊണ്ടിരുന്നു. ശ്രതുക്കൾക്ക് താങ്കളെ പിടികൂടാൻ കഴിയില്ല. താങ്കളെ ഞാൻ ആകാശത്തിലേക്കുയർത്തും. തന്റെ ദൗത്യകാലം തീരുകയാണ്. ഇനിയാത്രയാണ്. അതൊരു വല്ലാത്ത രാത്രിയായിരുന്നു. രാത്രിയുടെ ആദ്യയാമത്തിൽ അവർ തങ്ങളുടെ താവളത്തിൽ ഒരുമിച്ചുകൂടി.


ഈസാ (അ) ശിഷ്യന്മാർക്ക് ആഹാരം വിളമ്പിക്കൊടുത്തു. അക്കൂട്ടത്തിൽ യൂദാസും ഉണ്ടായിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. അവരുടെ കൈ കഴുകിക്കൊടുത്തു. സ്വന്തം വസ്ത്രംകൊണ്ട് തുടച്ചുകൊടുത്തു. എന്തൊരു വാത്സല്യം..!


കുറേനേരം അവരെ ഉപദേശിച്ചു: "മനുഷ്യരെല്ലാം അല്ലാഹുﷻവിന്റെ സൃഷ്ടികളാണ്. മനുഷ്യർ പരസ്പരം സ്നേഹിക്കണം. പരസ്പരം നിന്ദിക്കരുത്. അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ ത്യാഗസന്നദ്ധതയോടെ പ്രവർത്തിക്കുക.


നേരം പുലരുന്നതിന്ന് മുമ്പ് നിങ്ങളിലൊരാൾക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെടും. ഏതാനും നാണയങ്ങൾക്ക് അവൻ എന്നെ വിൽക്കും. ശിഷ്യന്മാർ അത് കേട്ട് ഞെട്ടി..! അസ്വസ്ഥരായി...


ഉപദേശവും പ്രാർത്ഥനയും കഴിഞ്ഞു. വേദനയോടെ ശിഷ്യന്മാർ പിരിഞ്ഞുപോയി. അന്ന് രാത്രി അത് സംഭവിച്ചു. യൂദാസ് ഉണർന്നു പ്രവർത്തിച്ചു. അവൻ യഹൂദികളെ കണ്ടു. ഈസാ (അ) ന്റെ താവളത്തെക്കുറിച്ചു വ്യക്തമായ വിവരം നൽകി. പുലരാൻ കാലത്ത് നബിയെ പിടികൂടാനും കുരിശിൽ തറച്ചുകൊല്ലാനും നിശ്ചയിച്ചു..!!


ആ രാത്രിയിൽ മലക്കുകളെത്തി. ഈസാ (അ) നെ ആകാശത്തേക്ക് ഉയർത്തി. ആരും അതറിഞ്ഞില്ല...


ഈസാ (അ) ന്ന് അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് അറിവ് ലഭിച്ചിരുന്നു. അക്കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: 


إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ 


“അല്ലാഹു ﷻ പറഞ്ഞ സന്ദർഭം: ഓ... ഈസാ... നിശ്ചയമായും നിന്നെ ഞാൻ പൂർണ്ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്റെ അടുക്കലേക്ക് ഉയർത്തുകയും ചെയ്യുന്നതാണ്. സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധീകരിക്കുകയും നിന്നെ പിൻപറ്റിയവരെ അന്ത്യനാൾവരേക്കും വിശ്വസിക്കാത്തവരുടെ മീതെ ആക്കിവെക്കുകയും ചെയ്യുന്നതാണ്. പിന്നീട് എന്നിലേക്കായിരിക്കും നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിങ്ങൾക്കിടയിൽ ഞാൻ വിധികല്പിക്കുന്നതാകുന്നു." (3:55)


അല്ലാഹു ﷻ ഈസാ (അ) ന്ന് അറിയിച്ചുകൊടുത്ത കാര്യങ്ങളാണ് നാമിവിടെ കണ്ടത്. താങ്കളെ പിടിക്കും... എന്നിലേക്കുയർത്തും... ആ ദുഷ്ടന്മാരിൽ നിന്ന് മോചനം നൽകും... ശുദ്ധീകരിക്കും...


പിന്നീട് യഹൂദന്മാരെ അറിയിക്കുന്നതെന്താണ്..? ഏത് ദുഷ്ടന്മാരും അവസാനം എന്നിലേക്കു മടങ്ങിവരും. അന്ന് നിങ്ങൾ നിസ്സഹായരായിരിക്കും. ഈസാ (അ) പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾ തർക്കിക്കുകയും ഭിന്നിക്കുകയും ചെയ്തിരിക്കുന്നു. അക്കാര്യങ്ങളിലൊക്കെ അന്ത്യനാളിൽ ഞാനൊരു തീർപ്പ് കല്പ്പിക്കും.


"സത്യനിഷേധികളെ അല്ലാഹു ﷻ ഈ ലോകത്ത് വെച്ച് ശിക്ഷിക്കും. പരലോകത്തും ശിക്ഷിക്കും. കഠിനമായ ശിക്ഷ. ആ ശിക്ഷയിൽ നിന്നവരെ രക്ഷിക്കാൻ ഒരാളുമില്ല." 


സൂറത്ത് ആലു ഇംറാനിലെ രണ്ട് വചനങ്ങൾ നോക്കാം.


 فَأَمَّا الَّذِينَ كَفَرُوا فَأُعَذِّبُهُمْ عَذَابًا شَدِيدًا فِي الدُّنْيَا وَالْآخِرَةِ وَمَا لَهُم مِّن نَّاصِرِينَ


"സത്യം നിഷേധിച്ചവരെ ഇഹത്തിലും പരത്തിലും ഞാൻ കഠിനമായി ശിക്ഷിക്കും.. അവർക്കു സഹായികളായിട്ട് ആരുംതന്നെ ഉണ്ടാവുകയില്ല." (3:56)


وَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ


"എന്നാൽ, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്തവർക്ക് അല്ലാഹു പ്രതിഫലം പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്നേഹിക്കുകയില്ല." (3:57) 


ആ രാത്രിയിൽ പന്ത്രണ്ട് ദുഷ്ടന്മാർ പതുങ്ങിവരികയാണ്, അവർ ഈസാ (അ)ന്റെ താവളം വളഞ്ഞു. ഇനിയെന്ത് വേണം? കൂടിയാലോചന നടത്തി. ഒരാൾ കത്തിയുമായി അകത്ത് കയറുക. ഈസായെ പിടിച്ചുകൊണ്ട് വരിക. കുരിശിൽ തറയ്ക്കുക. ഒരാൾ കത്തിയുമായി അകത്ത് കയറി. അവിടെയെല്ലാം പരിശോധന നടത്തി. അകം ശൂന്യം. ഒരാളുമില്ല...


സമയം നീങ്ങി. അകത്ത് പോയ ആൾ പുറത്തുവന്നില്ല. ഇതെന്ത് പറ്റി..? പുറത്തുള്ളവർ അസ്വസ്ഥരായി. അവർ ആയുധങ്ങളുമായി അകത്ത് കയറി. നേരത്തെ കയറിയ ആൾ നിരാശനായി നിൽക്കുന്നു. അയാളുടെ മുഖം ഈസാ (അ) ന്റെ മുഖം പോലെയിരിക്കുന്നു. മുഖത്തിന് വല്ലാത്ത രൂപ സാദൃശ്യം. സംശയം വേണ്ട. ഇത് അവൻ തന്നെ. ഈസ...


പിടിയവനെ..! എല്ലാവരും ചേർന്നു അവനെ പിടികൂടി. വലിച്ചിഴച്ചുകൊണ്ട് വന്നു. അരണ്ട വെളിച്ചത്തിൽ അത് ഈസ തന്നെയെന്ന് അവർക്കു തോന്നി, പിന്നെ കാര്യങ്ങൾ പെട്ടെന്നു നടന്നു. അയാൾ കുരിശിൽ തറക്കപ്പെട്ടു.


അവർ ആഹ്ലാദഭരിതരായിത്തീർന്നു. വലിയൊരു ത്യാഗം ചെയ്ത സന്തോഷം. അപ്പോൾ ഒരാൾ സംശയം ചോദിച്ചു.


"നമ്മൾ പന്ത്രണ്ട് പേർ ആയിരുന്നുവല്ലോ? ഇപ്പോൾ എത്രപേരുണ്ട്..?"


എണ്ണിനോക്കി. പതിനൊന്ന്


"ഒരാൾ എവിടെ..?"


കുരിശിൽ തറച്ചയാളെ പരിശോധിച്ചു.


മുഖം ഈസയുടേത് പോലെ തന്നെ.


ഉടലോ? ഉടൽ നമ്മുടെ സഹോദരന്റേത് തന്നെ. അവർ ആശയക്കുഴപ്പത്തിലായി. ഈ ആശയക്കുഴപ്പം പിന്നെയും നിലനിന്നു. ഈസയെ കുരിശിൽ തറച്ചുവെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു. ഇന്നും ആ പ്രഖ്യാപനം ആവർത്തിക്കുന്നു...


സൂറത്ത് നിസാഇലെ ചില വചനങ്ങൾ നോക്കാം. ഇസ്രാഈലികൾ ശപിക്കപ്പെടാനുള്ള രണ്ട് കാരണങ്ങൾ പറയുന്നു. 


ഒന്ന്: മർയം (റ) വിന്റെ പേരിൽ ദുരാരോപണം നടത്തി.


രണ്ട്: ഈസാ (അ) നെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരം പറഞ്ഞു.


മർയം (റ)യെ വ്യഭിചാരിണി എന്നുവിളിച്ചു. പുത്രനെ ജാരസന്തതിയെന്ന് വിളിച്ചു. ഈസയെ കുരിശിൽ തറച്ചുകൊന്നുവെന്ന് ധിക്കാരമായി പറഞ്ഞുനടന്നു.


ഖുർആൻ ഇതെല്ലാം നിഷേധിക്കുന്നു. 


وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا 


"ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്." (4:157) 


 بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا


"എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ." (4:158)


എല്ലാ തെറ്റിദ്ധാരണകളെയും നീക്കുന്ന വിധമാണ് വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനം. കുരിശു സംഭവം നടന്നകാലം മുതൽ ഊഹങ്ങളും സംശയങ്ങളും നിലനിൽക്കുകയായിരുന്നു. കുരിശിൽ തറച്ചുകൊല്ലപ്പെട്ട ആളെക്കുറിച്ചു ഒരു ഉറപ്പും ഇല്ലായിരുന്നു.


വിശുദ്ധ ഖുർആൻ എല്ലാ സംശയങ്ങളും നീക്കിക്കളഞ്ഞു. ഈസാ (അ) കൊല്ലപ്പെട്ടിട്ടില്ല. ആകാശത്തിലേക്കുയർത്തപ്പെട്ടു. ഇനി അന്ത്യനാളിന്നടുത്ത് ഭൂമിയിലേക്കിറങ്ങി വരും. സത്യമതം പ്രബോധനം ചെയ്യും... 


ശക്തമായ ഈമാൻ 


"നമുക്കു കടൽ തീരത്തേക്ക് പോവാം." ഈസാ (അ) ശിഷ്യന്മാരോട് പറഞ്ഞു. എല്ലാവരും നടന്നു കടൽ തീരത്തെത്തി.


ഈസാ (അ) കടലിലേക്കിറങ്ങി. ജലവിതാനത്തിലൂടെ നടന്നു. തിരമാലകൾ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. അതിനൊപ്പം ഈസാ (അ) ഉയരുകയും താഴുകയും ചെയ്യുന്നത് ശിഷ്യന്മാർ കണ്ടു. അതിശയപ്പെട്ടു..!! 


ഫുളെലുബ് ഇയാള് (റ) റിപ്പോർട്ട് ചെയ്യുന്നു. ശിഷ്യന്മാർ ഈസാ (അ) നോട് ചോദിച്ചു. "ഓ.... ഈസബ്നുമർയം..! അങ്ങ് എന്തുകൊണ്ടാണ് താഴ്ന്നുപോവാതെ ജലവിതാനത്തിൽ നടക്കുന്നത്..?"


ഉടനെ വന്നു മറുപടി: "ഈമാനും യഖീനും കൊണ്ട്."


അപ്പോൾ ശിഷ്യന്മാർ പറഞ്ഞു: "ഞങ്ങൾക്കും ഈമാനുണ്ട്. യഖീനും ഉണ്ട്."


“എന്നാൽ വെള്ളത്തിൽ നടന്നോളൂ... എന്നെപ്പോലെ."


ഈസാ (അ) കടലിലേക്കിറങ്ങി. ശിഷ്യന്മാരും കൂടെ ഇറങ്ങി. ശിഷ്യന്മാർ വെള്ളത്തിൽ താഴ്ന്നുപോയി. എല്ലാവരേയും ഈസാ (അ) പിടിച്ചു കരക്കുകയറ്റി. തങ്ങളുടെ ഈമാനും യഖീനും ദുർബ്ബലമാണെന്ന് ശിഷ്യന്മാർക്കു ബോധ്യമായി. 


ഈസാ (അ) ചോദിച്ചു: "എന്തേ നിങ്ങൾക്ക് പറ്റിയത്..?"


"ഞങ്ങൾ കടൽത്തിരകൾ കണ്ട് ഭയന്നുപോയി."


"തിരകളെയാണോ ഭയപ്പെടുന്നത്? തിരകൾ സൃഷ്ടിച്ച റബ്ബിനെയല്ലേ ഭയപ്പെടേണ്ടത്..?" ഈസാ (അ) ചോദിച്ചു...


എന്നിട്ട് കൈകൊണ്ട് ഭൂമിയിൽ അടിച്ചു. രണ്ട് കൈകളിലും മണ്ണുവാരി. ഒരുകൈയിലുള്ളത് സ്വർണ്ണമായി. മറ്റേ കൈയിലുള്ളത് വെറും മണ്ണ്...


"ഏത് കൈയിലുള്ളതിനോടാണ് നിങ്ങളുടെ മനസ്സിന് ഇഷ്ടം തോന്നുന്നത്..?" ഈസാ (അ) ചോദിച്ചു.


"സ്വർണ്ണത്തോട്." എല്ലാവരും ഉത്തരം നൽകി.


"രണ്ട് കൈയിലുള്ളതും എനിക്ക് ഒരുപോലെയാകുന്നു." ഈസാ (അ) പറഞ്ഞു.


ശിഷ്യന്മാർക്കും മഹത്തായൊരു പാഠം പഠിക്കാൻ കഴിഞ്ഞു...


മണ്ണും സ്വർണ്ണവും ഒരുപോലെ കാണാൻ കഴിയുന്ന അവസ്ഥ വരണം. അപ്പോൾ കടലിൽ നടക്കാം. താഴ്ന്നുപോവില്ല. ദുൻയാവിന്റെ പ്രതീകമാണ് സ്വർണ്ണം...


ഈസാ (അ) പരുക്കൻ കമ്പിളി വസ്ത്രം ധരിച്ചു. മരത്തിന്റെ ഇലകൾ ഭക്ഷിച്ചു. കിടന്നുറങ്ങാൻ വീടില്ല. തുറന്ന സ്ഥലത്ത് കിടന്നുറങ്ങി. സ്വത്തില്ല. കൈവശം യാതൊന്നുമില്ല...


ഖിയാമം നാളിനെക്കുറിച്ചു ആരെങ്കിലും സംസാരിക്കുന്നത് കേട്ടാൽ അദ്ദേഹം പൊട്ടിക്കരയുകയും അട്ടഹസിക്കുകയും ചെയ്യും. ഉപദേശം കേട്ടാൽ പൊട്ടിക്കരയും.


ഇസ്ഹാഖ് ബ്നു ബിശ്റ് (റ) പറയുന്നു: ഖിയാമം നാളിൽ ഈസാ (അ) പരിത്യാഗികളുടെ (സാഹിദീങ്ങളുടെ) നേതാവായിരിക്കും...


ഈസാ (അ) ഇങ്ങനെ ഉപദേശിച്ചു. സഹോദരങ്ങളെ..! നിങ്ങൾ സംസാരം വർദ്ധിപ്പിക്കരുത്. അത് നിങ്ങളുടെ ഹൃദയം കഠിനമാക്കിത്തീർക്കും. ദിക്റുകൾ വർദ്ധിപ്പിക്കുക...


ഈസാ (അ) എത്ര കൊല്ലം ഭൂമിയിൽ ജീവിച്ചു..? അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടുണ്ട്. നബി ﷺ തങ്ങൾ പറഞ്ഞു: ഈസബ്നു മർയം നാല്പത് കൊല്ലം ഇസാഈല്യർക്കിടയിൽ താമസിച്ചു.


തരീർ, സൗരി എന്നിവരുടെ റിപ്പോർട്ട്:


ഈസാ (അ) തന്റെ സമൂഹത്തിൽ നാല്പത് കൊല്ലം താമസിച്ചു.


അമീറുൽ മുഅ്മിനീൻ അലി (റ) പറയുന്നു: റമളാൻ മാസം ഇരുപത്തിരണ്ടാം രാവിലാണ് ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ടത്...


ളസാക് (റ) വിന്റെ റിപ്പോർട്ട്.


ഈസാ (അ) ആകാശത്തേക്ക് ഉയർത്തപ്പെട്ട രാത്രി ഉമ്മ മർയം (റ) കൂടെയുണ്ട്. ഉമ്മയും മകനും വേർപിരിയുകയാണ്. കണ്ണീരോടെ വിടപറഞ്ഞു...


ഒരു മേഘം താഴ്ന്നുവന്നു. ഈസാ(അ) അതിൽ ഇരുന്നു. മേഘം ഉയർന്നു. ഈസാ (അ) തന്റെ പുതപ്പ് ഉമ്മാക്ക് നൽകി. ഉമ്മ അത് മാറോട് ചേർത്തു പിടിച്ചു വിതുമ്മിക്കരഞ്ഞു. ഉമ്മ പറഞ്ഞു: ഖിയാമം നാളിൽ എനിക്കും എന്റെ മകന്നും പരസ്പരം തിരിച്ചറിയാനുള്ള അടയാളമാണിത്. ഈസാ (അ) തന്റെ തലപ്പാവ് ശിഷ്യനായ ശംഊൻ അവർകൾക്ക് നൽകി.


മേഘം ഉയരാൻ തുടങ്ങി. നിറഞ്ഞ കണ്ണുകളോടെ ഉമ്മ നോക്കിനിന്നു. ഉമ്മ കൈകൊണ്ട് യാത്രാമംഗളം അറിയിച്ചു. മർയം (റ) തന്റെ മകനെ സ്നേഹിച്ചത് പോലെ ഏത് ഉമ്മാക്കാണ് സ്വപുത്രനെ സ്നേഹിക്കാൻ കഴിയുക..!


പിതാവിന്റെയും മാതാവിന്റെയും സ്നേഹമാണവർ ഈസാ (അ)ന്ന് നൽകിയത്. ഇരട്ടി സ്നേഹം. മകൻ കൺമുമ്പിൽ നിന്ന് മറഞ്ഞപ്പോഴുള്ള ദുഃഖവും അങ്ങനെ തന്നെ. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ചു. ആ സമർപ്പണത്തിൽ ആശ്വാസം കണ്ടു.


അൽഹാഫിള് ഇബ്നു അസാകിറിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: ജൂതന്മാർ തങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു എന്ന് പ്രചരിപ്പിച്ചു. കുരിശ് സംഭവം നടന്നു ഏഴാദിവസം രണ്ട് സ്ത്രീകൾ ഖബർ സിയാറത്ത് ചെയ്യാൻ വരുന്നു.


കുരിശിൽ തറച്ചു കൊല്ലപ്പെട്ട ആളുടെ ഖബറാണത്. ഈസാ നബി (അ) ന്റെ ഖബറാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സന്ദർഭം. സ്ത്രീകളിൽ ഒരാൾ യഹ്യാ നബി (അ)ന്റെ ഉമ്മ. രണ്ടാമത്തേത് മർയം (റ).


പെട്ടെന്ന് മർയമിന്റെ മുമ്പിൽ ഒരു പുരുഷൻ പ്രത്യക്ഷപ്പെട്ടു. അന്യപുരുഷന്റെ മുമ്പിൽ സ്ത്രീ പ്രത്യക്ഷപ്പെടാൻ പാടില്ല. മറഞ്ഞുനിൽക്കണം. മർയം (റ) മറഞ്ഞുനിൽക്കാൻ ശ്രമിച്ചു. യഹ്‌യ(അ) ന്റെ ഉമ്മ മർയം (റ) യുടെ ഉമ്മായുടെ മൂത്ത സഹോദരിയാണ് മൂത്തമ്മ. 


മർയം (റ) മൂത്തമ്മയോട് ചോദിച്ചു: "മൂത്തമ്മാ... അന്യപുരുഷൻ


നിൽക്കുന്നത് കണ്ടില്ലേ? നിങ്ങളെന്താ മറഞ്ഞു നിൽക്കാത്തത്..?"


"പുരുഷനോ? എവിടെ? ഞാനാരെയും കാണുന്നില്ലല്ലോ."


മർയം (റ) ക്ക് സംശയമായി. പുരുഷൻ കൺമുമ്പിലുണ്ട്. താൻ അദ്ദേഹത്തെ കാണുന്നുണ്ട്. മൂത്തമ്മ കാണുന്നില്ല. അതെന്താ? വാസ്തവത്തിൽ ഇയാൾ ശരിയായ മനുഷ്യനല്ലേ? മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പരിചയമുള്ള മുഖം. അതെ..! ഇത് അദ്ദേഹം തന്നെ. ജിബ്രീൽ (അ)... 


"ഓ.. മർയം എന്തിനിവിടെ വന്നു..?" ജിബ്രീൽ (അ) ചോദിച്ചു.


"ഖബർ സന്ദർശിക്കാൻ."


ജിബ്രീൽ (അ) പറഞ്ഞു: "ഇത് ഈസാ (അ) ന്റെ ഖബർ അല്ല. യഹൂദികൾ ഊഹം വെച്ചു പറയുന്നതാണ്. ഈസാ (അ) നെ അല്ലാഹു ﷻ ആകാശത്തേക്ക് ഉയർത്തി. രൂപസാദൃശ്യമുള്ള ഒരാളെ പിടിച്ചു കുരിശിൽ തറച്ചുകൊന്നു. അതാണുണ്ടായത്. അയാളുടെ ഖബറാണിത്."


മർയം (റ) മൂത്തമ്മയോടൊപ്പം മടങ്ങിപ്പോന്നു. മടങ്ങാൻ നേരം ജിബ്രീൽ (അ) ഇങ്ങനെ അറിയിച്ചു. മരങ്ങൾ തിങ്ങിവളർന്ന ഒരു പ്രദേശമുണ്ട്. അവിടെ എത്തിച്ചേരുക. മകനെ കാണാം.


ജിബ്രീൽ (അ) ഉയർന്നുപോയി.


മരങ്ങൾ തിങ്ങിയ പ്രദേശത്ത് എത്തേണ്ട ദിവസം കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. ആ ദിവസം തന്നെ കൃത്യസമയത്ത് മർയം (റ) അവിടെയെത്തി. പുത്രനെ കണ്ടു.


പുത്രൻ ഉമ്മയോടിങ്ങനെ പറഞ്ഞു: "ഉമ്മാ... എന്നെ അവർ കൊന്നിട്ടില്ല. അല്ലാഹു ﷻ എന്നെ ഉയർത്തുകയാണ് ചെയ്തത്. എനിക്ക് ഉമ്മയെ കാണാൻ അനുമതി കിട്ടി. ഉമ്മാ... ഉമ്മാക്ക് ഇനി അധിക കാലത്തെ ആയുസ്സില്ല. മരണം അടുത്തുവരികയാണ്. ക്ഷമ മുറുകെ പിടിക്കുക. ധാരാളമായി ദിക്റ് ചൊല്ലുക. ഈസാ (അ) ഉയർന്നുപോയി. അതായിരുന്നു അവസാനത്തെ കാഴ്ച. പിന്നെ മരണംവരെ കണ്ടിട്ടില്ല...


അഞ്ചു വർഷങ്ങൾ. സംഭവ ബഹുലമായ അഞ്ചു വർഷങ്ങൾ കടന്നുപോയി. മർയം (റ) യുടെ ആയുസ്സ് അവസാനിച്ചു. മർയം (റ) വഫാത്തായി. മരണപ്പെടുമ്പോൾ മർയം (റ)വിന്ന് അമ്പത്തി മൂന്ന് വയസ്സ് പ്രായമായിരുന്നുവെന്ന് ഒരു റിപ്പോർട്ടിൽ കാണുന്നു.


ഹസൻ ബസ്വരി (റ) പറയുന്നു: ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ)ന്ന് മുപ്പത്തിനാല് വയസ്സ് പ്രായമായിരുന്നു.


ഹമ്മാദുബ്നു സൽമ പറയുന്നു: ആകാശത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈസാ (അ) ന്റെ പ്രായം മുപ്പത്തിമൂന്ന് ആയിരുന്നു.


അബൂസ്വാലിഹ്, അബൂ മാലിക് എന്നിവരിൽ നിന്ന് സുദ്ദി ഉദ്ധരിക്കുന്നു. ഈസാ (അ) ന്റെ ജീവിതകാലത്ത് നടന്ന സംഭവം. "ഇസാഈല്യരിൽ പെട്ട ഒരു രാജാവ് മരണപ്പെട്ടു. സംസ്കരിക്കാനായി ചുമന്നുകൊണ്ട് പോവുകയാണ്. അപ്പോൾ ഈസാ (അ) വന്നു. അല്ലാഹു ﷻ വിനോട് പ്രാർത്ഥിച്ചു. അല്ലാഹു ﷻ രാജാവിന്ന് ജീവൻ തിരിച്ചു നൽകി."


ജനങ്ങളെല്ലാം ഈ സംഭവത്തിന്ന് ദൃക്സാക്ഷികളായി. ഒരിക്കൽ ഈസാ (അ) പറഞ്ഞു: എന്റെ ഭവനം മസ്ജിദ് ആകുന്നു. എന്റെ വിളക്ക് ചന്ദ്രനാകുന്നു. എന്റെ പാനീയം വെള്ളമാകുന്നു. എന്റെ വസ്ത്രം കമ്പിളിയാകുന്നു. എന്റെ കൂട്ടുകാർ മിസ്കീൻമാരാകുന്നു...


മറ്റൊരിക്കൽ ഈസാ (അ) പറഞ്ഞു: ഗോതമ്പിന്റെ പരുക്കൻ റൊട്ടി കഴിക്കുക. വെള്ളം കുടിക്കുക. അത് മതി. ദുൻയാവിൽ നിന്ന് ആഖിറത്തിലേക്കു സുരക്ഷിതരായി യാത്ര പോവുക. സത്യമായും ഞാൻ പറയുന്നു: ദുൻയാവിലെ മധുരം പരലോകത്ത് കയ്പാകുന്നു. ദുൻയാവിലെ കയ്പ്പ് പരലോകത്തെ മധുരമാകുന്നു. അല്ലാഹു ﷻ വിന്റെ യഥാർത്ഥ അടിമകൾ ദുനിയാവിന്റെ സുഖം തേടിപ്പോവുകയില്ല.


സത്യം ചെയ്തു ഞാൻ പറയുന്നു: നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നികൃഷ്ഠൻ താൻ നേടിയ ഇൽമ് തന്റെ ശാരീരികേച്ഛക്കുവേണ്ടി ഉപയോഗിച്ച പണ്ഡിതനാണ്.


ഈസാ (അ) പറഞ്ഞു: ഓ ഇസാഈല്യരേ..! ദുർബ്ബലരായ മനുഷ്യമക്കളേ..! അല്ലാഹു ﷻ വിനെ സൂക്ഷിക്കുക. ദുൻയാവിൽ ഒരു വിരുന്നുകാരനെപ്പോലെ (സഞ്ചാരിയെപ്പോലെ) ജീവിക്കുക. മസ്ജിദിൽ തന്നെ കഴിഞ്ഞുകൂടുക. കണ്ണുകളെ കരയാൻ പരിശീലിപ്പിക്കുക. ശരീരത്തെ ക്ഷമ പഠിപ്പിക്കുക. അല്ലാഹു ﷻ വിനെക്കുറിച്ചു ചിന്തിക്കാൻ ഖൽബിനെ പരിശീലിപ്പിക്കുക. നാളത്തെ ആഹാരത്തിന്റെ കാര്യത്തിൽ വെപ്രാളം കാണിക്കരുത്...


ഈസാ (അ) പറഞ്ഞു: സന്തോഷവാർത്ത - സ്വന്തം തെറ്റുകളെക്കുറിച്ചോർത്ത് ഖേദിച്ചു കരയുന്നവർക്കും നാവിനെ നന്നായി


സൂക്ഷിക്കുന്നവർക്കുമാണ് സന്തോഷവാർത്ത...


ഒരിക്കൽ ഈസ (അ) നടന്നുപോവുകയായിരുന്നു. പുതിയൊരു ഖബർ കണ്ടു. അതിന്നടുത്തിരുന്ന ഒരു സ്ത്രീ തേങ്ങിക്കരയുന്നു.


"എന്തിനാണ് കരയുന്നത്..?" ഈസ (അ) ചോദിച്ചു.


"എന്റെ പൊന്നുമോളാണ് ഈ ഖബറിലുള്ളത്. എന്റെ ഒരേയൊരു മോൾ. അവൾ മരിച്ചു. ഇക്കഴിഞ്ഞ ദിവസം ഖബറടക്കി. ഈ ഖബറിലാണവളുള്ളത്. മർയമിന്റെ മകൻ ഈസാ നബിയേ..! എന്റെ മോളുടെ ജീവൻ തിരിച്ചു തരണം. അല്ലാതെ പറ്റില്ല..."


ഈസാ (അ) പ്രാർത്ഥിച്ചു. വടികൊണ്ട് ഖബറിലടിച്ചു. പലതവണ അടിച്ചശേഷമാണ് മകൾ ഖബറിൽ നിന്ന് പുറത്ത് വന്നത്. മനസ്സില്ലാ മനസ്സോടെ. വന്നപാടെ ഉമ്മയോട് പരിഭവം പറഞ്ഞു...


"എന്തിനാണുമ്മാ എന്നെ ജീവിപ്പിച്ചത്..? രണ്ട് തവണ മരണവേദന അനുഭവിക്കാൻ ഇടവരുത്തിയതെന്തിനാണ്..?"


അത് കേട്ടപ്പോൾ ഉമ്മാക്കും വിഷമം വന്നു. മകൾ ഈസാ (അ)നോട് പറഞ്ഞു: എനിക്ക് ഇപ്പോൾ തന്നെ മരിക്കണം, ഖബറിലേക്കു മടങ്ങണം. ദുനിയാവിലെ ജീവിതം മതിയായി. അതിന്ന് വേണ്ടി അങ്ങ് പ്രാർത്ഥിക്കുക. ഈസാ (അ) പ്രാർത്ഥിച്ചു. മകൾ മരണപ്പെട്ടു. ഖബറിലേക്കു മടങ്ങി...


ഒരിക്കൽ ഒരു കള്ളൻ വന്നു. മോഷണം നടത്തി. അത് കണ്ട് ഈസാ (അ) ചോദിച്ചു: "ഹേ... മനുഷ്യാ... നീ മോഷണം നടത്തുകയാണോ..?"


കള്ളൻ പറഞ്ഞു: "ഇല്ല. അല്ലാഹു ﷻ വാണ് സത്യം ഞാൻ മോഷണം നടത്തിയിട്ടില്ല."


ഈസാ (അ) പറഞ്ഞു: "ഞാൻ അല്ലാഹു ﷻ വിൽ വിശ്വസിക്കുന്നു. കണ്ണുകളെ വിശ്വസിക്കുന്നില്ല."


കള്ളൻ അല്ലാഹു ﷻ വിന്റെ പേരിൽ സത്യം ചെയ്തപ്പോൾ ഈസാ (അ) തർക്കിക്കാൻ നിന്നില്ല.. 


ഐശ്വര്യകാലം 


ലോകാവസാനത്തെക്കുറിച്ച് നബി ﷺ സ്വഹാബികൾക്ക് വിവരിച്ചു കൊടുത്തു. സ്വഹാബികൾ ഭയന്നുപോയി. അന്ത്യനാളിലെ ഭയാനക സംഭവങ്ങൾ..! അന്ത്യനാളിന്റെ അടയാളങ്ങളായിരുന്ന മഹാസംഭവങ്ങൾ വിവരിച്ചു. അതിനുശേഷം ചെറിയ അടയാളങ്ങളായി വിശേഷിപ്പിക്കപ്പെട്ട കാര്യങ്ങൾ പറഞ്ഞു.


വല്ലാത്ത ഉത്കണ്ഠയോടെ സ്വഹാബികൾ അവ കേൾക്കുന്നു. എല്ലാം നേരിൽ കാണുംപോലെ. അന്ത്യനാളിന്റെ പ്രധാന അടയാളങ്ങളിൽ പെട്ടതാണ് ഇമാം മഹ്ദി (റ) ന്റെ ആഗമനം.


മസീഹുദ്ദജ്ജാലിന്റെ അരങ്ങേറ്റം തുടർന്നുണ്ടാവുന്നു. പിന്നാലെ ഈസാ (അ) ഇറങ്ങിവരുന്നു. മുസ്ലിം ലോകം പ്രശ്നസങ്കീർണ്ണമായിത്തീരുന്നകാലം. പടിഞ്ഞാറൻ ശക്തികൾ മുസ്ലിം ലോകത്തെ വരിഞ്ഞുമുറുക്കും. മുഅ്മിനീങ്ങൾ വല്ലാതെ കഷ്ടപ്പെടും. അക്കാലത്താണ് ഇമാം മഹ്ദി (റ) പ്രത്യക്ഷപ്പെടുന്നത്.


സമാധാനത്തിന്റെ സന്തോഷത്തിന്റെ കാലം വരും. മഹ്ദി (റ) വലിയ എതിർപ്പുകൾ നേരിടും. മുഅ്മിനീങ്ങൾ അദ്ദേഹത്തോടൊപ്പം കൂടും. വമ്പിച്ച മുസ്ലിം സൈന്യം രൂപംകൊള്ളും. അനീതിക്കെതിരെ ആഞ്ഞടിക്കും. വിജയം നേടും. മുസ്ലിംകളുടെ പ്രതാപകാലം തിരിച്ചുവരും...


ജൂത ഭീകരനാണ് ദജ്ജാൽ. ദജ്ജാലിനെ ജൂതൻമാർ ആർത്ത് വിളിച്ചു സ്വീകരിക്കും. പ്രധാന അനുയായികൾ ജൂതന്മാർ തന്നെ. ലോകത്തിന്റെ നാശത്തിന്നുവേണ്ടി ദജ്ജാൽ ഇറങ്ങിപ്പുറപ്പെടും. മദീനയാണവന്റെ ലക്ഷ്യം, അനുയായികളോടൊപ്പം പുറപ്പെടും.


മദീനയുടെ അതിരുകളിൽ മലക്കുകളുടെ കാവലുണ്ട്. അവർ ദജ്ജാലിനെ തടയുന്നു.


ദജ്ജാലിന്റെ കോപം വർദ്ധിക്കും. കോപാകുലനായി കാലു കൊണ്ട് നിലത്തടിക്കും, മദീന വിറകൊളളും, മൂന്നുതവണ ഇതാവർത്തിക്കും. സകല കപടവിശ്വാസികളും മദീന വിട്ടോടിപ്പോവുന്നു. എല്ലാവരും ദജ്ജാലിന്റെ കൂടെകൂടുന്നു.


മസ്ജിദുന്നബവിയുടെ നേരെ നോക്കി അവൻ രോഷം കൊള്ളും. പലതും വിളിച്ചുപറയും, എത്രയോ കാലങ്ങളായി മുസ്ലിംകൾ ഓരോരുത്തരും മസീഹുദജ്ജാലിന്റെ ആക്രമണത്തിൽ നിന്ന് കാവലിനെ തേടുന്നു. എപ്പോൾ..? നിസ്കാരത്തിൽ. അത്തഹിയ്യാത്തിൽ. ഈ കാവൽതേടൽ തുടരുന്ന കാലത്തോളം ദജ്ജാൽ പുറപ്പെടുകയില്ല...


ഒരുകാലം വരും. അന്ന് മുസ്ലിം മനസ്സുകളിൽ ദുൻയാവിനെക്കുറിച്ചുള്ള ചിന്ത നിറയും. പരലോക ചിന്തയില്ല. മരണത്തെ മറക്കും. അക്കാലത്ത് ദജ്ജാൽ വരും.


നാല്പത് ദിവസമാണ് ദജ്ജാലിന്റെ കാലം. ആദ്യ ദിവസം ഒരു വർഷം പോലെയാണ്. രണ്ടാം ദിവസം ഒരുമാസം പോലെയാണ്. അടുത്ത ദിവസം ഒരാഴ്ചപോലെ. ബാക്കി ദിവസങ്ങൾ പതിവുപോലെ.


ഇമാം മഹ്ദിയുടെ മുന്നേറ്റം തുടരുക തന്നെയാണ്...


മഹാനവർകൾ ഇസ്ലാമിക ഭരണം നടത്തും. ഭരണം എത്രകാലം നീണ്ട് നിൽക്കും? വ്യത്യസ്ഥ അഭിപ്രായങ്ങൾ കാണുന്നു. ഏഴ് കൊല്ലം, എട്ടുകൊല്ലം, ഒമ്പത്, പതിനാല്, മുപ്പത് വർഷം എന്നിങ്ങനെ പോവുന്നു അവ...


മുപ്പത്, നാല്പ്പത്, നാല്പത്തിമൂന്ന് വർഷങ്ങൾ എന്ന് പറഞ്ഞവരുമുണ്ട്, ദജ്ജാലിന്റെ ഉപദ്രവം നാൾക്കുനാൾ വർദ്ധിക്കുകയാണ്. മുഅ്മിനീങ്ങൾ കഷ്ടപ്പെടുന്നു. ശക്തമായ ഈമാൻ ഉള്ളവർ പിടിച്ചു നിൽക്കുന്നു, ദുർബ്ബലൻ വഴിമുട്ടിപ്പോവുന്നു. എന്തൊരുകാലം..!


ജൂതന്മാർ ആർത്തട്ടഹസിക്കുന്നു. അവർ ദജ്ജാലിന്റെ സഹായികൾ, മുഅ്മിനീങ്ങളെ അവർ ശ്രതുക്കളായി കാണുന്നു. മുഅ്മിനീങ്ങളോടുള്ള ജൂതന്മാരുടെ കുടിപ്പക. അത് മറനീക്കി പുറത്ത് വരുന്നു.


ആകാശത്തേക്കുയർത്തപ്പെട്ട ഈസാ (അ) ഒരിക്കൽ ഭൂമിയിൽ ഇറങ്ങിവരും. ഈസാ (അ) ന്റെ ഇറങ്ങിവരൽ ഖിയാമം നാളിന്റെ പ്രധാന അടയാളങ്ങളിൽ പെട്ടതാകുന്നു...


മുസ്ലിംകളും ജൂതന്മാരും തമ്മിൽ ഏറ്റുമുട്ടൽ നടക്കും. ധാരാളം നാശനഷ്ടങ്ങൾ യുദ്ധം മൂലമുണ്ടാവും.


മുസ്ലിംകൾക്ക് പരീക്ഷണകാലമാണ്.


ഈമാൻ രക്ഷപ്പെടുത്താൻ വളരെ പ്രയാസം നേരിടും. ദജ്ജാൽ മുസ്ലിംകൾക്ക് വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തും. ദജ്ജാലിനെ വധിക്കുന്നത് ഈസാ (അ) ആകുന്നു. അക്കാര്യം അറിയാവുന്നവർ ഈസാ (അ) നെ കാത്തിരിക്കും.


ഡമസ്കസിന് കിഴക്കുള്ള വെള്ളമിനാരത്തിന് സമീപം രണ്ട് മലക്കുകളുടെ ചിറകുകളിൽ കൈവെച്ച് കൊണ്ട് ഇറങ്ങിവരും. പ്രഭാത സമയത്താണ് ഇറങ്ങിവരിക.


സുബ്ഹി നിസ്കാരത്തിന്റെ സമയം. ബാങ്ക് മുഴങ്ങുന്നു. അല്പം കഴിഞ്ഞ് ഇഖാമത്ത് കൊടുക്കുന്നു. ഈസാ (അ) മസ്ജിദിൽ പ്രവേശിക്കും. സുബ്ഹി നിസ്കരിക്കും.


അതിന്ന്ശേഷം ദജ്ജാലിനെ വധിക്കാൻ പുറപ്പെടും. ഈസാ (അ) നെ കാണുന്നതോടെ ദജ്ജാൽ പിന്തിരിഞ്ഞോടും. നബി അവനെ പിന്തുടരും. വധിക്കും. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. 


وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ ۚ هَٰذَا صِرَاطٌ مُّسْتَقِيمٌ 


"നിശ്ചയമായും ഈസാ അന്ത്യസമയത്തിനുള്ള ഒരു അറിവ് (അടയാളം) ആകുന്നു. അതിനാൽ നിങ്ങൾ അതിനെപ്പറ്റി ഒട്ടും സംശയിക്കേണ്ട. നിങ്ങൾ എന്നെ പിന്തുടരുക. ഇതാണ് ചൊവ്വായ വഴി." (43:61)


ഈസാ (അ) ദൈവമാണെന്ന വാദം അദ്ദേഹം നിഷേധിക്കും. ദൈവ പുത്രനാണെന്ന വാദവും നിഷേധിക്കും. ഇഞ്ചീലിന്റെ കോപ്പികൾ ബാക്കിവെക്കില്ല. കരിച്ചുകളയും. ഇനി വിശുദ്ധഖുർആൻ മതി. അന്ത്യപ്രവാചകരുടെ ശരീഅത്ത് നടപ്പിലാക്കും.


നീതിയും സത്യവും നിറഞ്ഞ ഭരണം സ്ഥാപിക്കും. ക്രിസ്ത്യാനികളുടെ വിശ്വാസത്തിലെ വൈരുധ്യങ്ങൾ നീക്കും, ഇസ്ലാമിന്റെ ശ്രതുക്കളോട് യുദ്ധം ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്തും. ഇസ്ലാം കരുത്താർജ്ജിക്കും. അധികാരത്തിൽ വരും. ലോക ഇസ്ലാമിക രാഷ്ട്രം നിലവിൽ വരും.


ചുവപ്പ് കലർന്ന വെള്ളനിറം, വടിവൊത്ത ശരീരം, രണ്ട് നിറമുള്ള വസ്ത്രങ്ങൾ ധരിക്കും. തലമുടിയിൽ നിന്ന് വെള്ളം ഇറ്റ് വീഴുന്ന പോലെ തോന്നും. പന്നിയെ കൊല്ലും, കുരിശുടക്കും. നാൽപ്പത് വർഷം സൽഭരണം നടത്തും.


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഡമസ്കസിന്ന് കിഴക്കുള്ള വെള്ള മിനാരത്തിന് സമീപം ഈസാ (അ) വന്നിറങ്ങും. രണ്ട് മലക്കുകളുടെ ചിറകിൽ കൈവെച്ചാണ് ഇറങ്ങിവരിക. രണ്ട് നിറമുള്ള വസ്ത്രം ധരിക്കും. തലതാഴ്ത്തിയാൽ വെള്ളം ഇറ്റിവീഴും.


ശിരസ്സുയർത്തിയാൽ മുത്തുമണികൾ പോലുള്ള വെള്ളത്തുള്ളികൾ വീഴും. ശരീരത്തിൽ നിന്ന് സുഗന്ധം വമിക്കും. കണ്ണെത്തുന്ന ദൂരംവരെ അതിന്റെ പരിമളം പരക്കും. ദജ്ജാലിനെ കാണും. അതിനെ വധിക്കും. മുസ്ലിംകൾ ആശ്വാസം കൊള്ളും.


ഈസാ (അ) നെ ഒറ്റിക്കൊടുക്കാൻ കൈക്കൂലി വാങ്ങിയ യൂദാസിനെക്കുറിച്ചു പല അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കുരിശ് സംഭവത്തിന് ശേഷം അയാളെ ആരും കണ്ടിട്ടില്ല. ആത്മഹത്യ ചെയ്തുവെന്നു പറയുന്നവരുമുണ്ട്. ഊഹിച്ചു പറയുകയാണ്.


യൂദാസിന് ഈസാ നബിയുടെ മുഖരൂപം കിട്ടി. പുലർകാലത്തെ ഇരുട്ടിൽ ഈസാ നബിയാണെന്ന് അവർക്കുതോന്നിപ്പോയി. അയാളെ കൊണ്ട് പോയി കുരിശിൽ തറച്ചു.


കുരിശിൽ തറക്കപ്പെട്ടത് യൂദാസ് ആണോ മറ്റ് വല്ലവരുമാണോ എന്ന കാര്യത്തിൽ യഹൂദന്മാർക്ക് സംശയം. 


അല്ലാഹു ﷻ പറയുന്നതിങ്ങനെ:


بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا


"എന്നാൽ തന്റെ അടുക്കലേക്ക് അല്ലാഹു ﷻ ഈസായെ ഉയർത്തുകയാണ് ചെയ്തത്. അല്ലാഹു ﷻ എല്ലാവരെയും വിജയിക്കുന്നവനും മഹാതന്ത്രജ്ഞനുമാകുന്നു." (4:158) 


യഹൂദന്മാർ അഹങ്കാരത്തോടെ പറഞ്ഞതിങ്ങനെ, "ഞങ്ങൾ ഈസായെ കുരിശിൽ തറച്ചുകൊന്നു." അത് വെറും ഊഹം മാത്രം, ക്രൈസ്തവരും വിശ്വസിക്കുന്നത് ഈസാ (അ) ക്രൂശിക്കപ്പെട്ടുവെന്നാണ്. 


രണ്ടുകൂട്ടരും രണ്ട് വിധത്തിൽ കുരിശിനെ കാണുന്നു. അന്ത്യനാളിന്റെ അടയാളമായി ഈസാ (അ) വന്നാൽ എന്ത് സംഭവിക്കും..? 


എല്ലാവരും അദ്ദേഹം പറയുന്നത് വിശ്വസിക്കും. എതിർക്കുന്നവർ ഉണ്ടാവില്ല. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം. 


وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا


"ഈസാനബിയുടെ മരണത്തിന് മുമ്പായി അദ്ദേഹത്തിൽ വിശ്വസിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. പുനരുത്ഥാന ദിനത്തിൽ അവരുടെ മേൽ അദ്ദേഹം സാക്ഷിയാകുന്നതുമാണ്." (4:159) 


ഈസാ (അ) ഭൂമിയിൽ ഇറങ്ങി വന്നശേഷം നാല്പത് കൊല്ലം നീതിമാനായ വിധികർത്താവായി ഭരണം നടത്തും. അതിന്നിടയിൽ വേദക്കാരെല്ലാം അദ്ദേഹത്തിൽ വിശ്വസിക്കും. പിന്തുണക്കും. ദജ്ജാലിനെ കൊല്ലും, പന്നിയെ കൊല്ലം, കുരിശ് മുറിച്ചുകളയും, നികുതികൾ നിർത്തലാക്കും. ധനം സംഭാവനയായി സ്വീകരിക്കാൻ ആളുണ്ടാവില്ല. ആവശ്യക്കാരില്ലാതെ ധനം ഒഴുകും. ദുനിയാവും അതിലുള്ളതും നിസ്സാരമായി തോന്നും. 


ദുനിയാവിനെക്കാളും അതിലുള്ള എല്ലാത്തിനെക്കാളും ഉത്തമമായത് ഒരു സുജൂദ് ആണെന്ന് ആളുകൾ കരുതും.


മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്ന് മുസ്ലിംകൾ അല്ലാഹു ﷻ വിനോട് കാവലിനെ തേടുന്നു. നിസ്കാരത്തിലെ അത്തഹിയ്യാത്ത് അവസാനിക്കുന്നത് അങ്ങനെയാണല്ലോ.


മസീഹുദ്ദജ്ജാൽ യഹൂദിയായ കള്ളവാദിയാണെന്നും പറയപ്പെട്ടിട്ടുണ്ട്. അവന്റെ അനുയായികൾ യഹൂദികളാണ്.


ഈസാ (അ) അവനെ വധിക്കും... 


ഈസാ (അ) മരണപ്പെടുമ്പോൾ മുസ്ലിം ലോകം മനസ്സുരുകി കരയും. മദീനയിലേക്കു മയ്യിത്ത് കൊണ്ട് പോവുമെന്നും, അനേക ജനങ്ങൾ മയ്യിത്ത് നിസ്ക്കരിക്കുമെന്നും, റൗളാശരീഫിൽ ഉമർ (റ) വിന്റെ


ഖബറിന്നുസമീപം ഖബറടക്കപ്പെടുമെന്നും രേഖകൾ പറയുന്നു. 


ഇമാം മഹ്ദി (റ) വിന്റെ ജന്മനാട് മദീനയാകുന്നു. പലരുടെയും അഭിപ്രായം മഹദിയുടെ ഭരണകാലം ഏഴ് വർഷം ആകുന്നു. റോമക്കാരുമായി നിരന്തരയുദ്ധം നടത്തും ജയിക്കും, അനുഗ്രഹങ്ങളുടെ കാലമാണത്.


ഈസാ (അ)ന്റെ കാലവും അനുഗ്രഹീതമാണ്. ഈസാ (അ)ന്റെ വിയോഗത്തോടെ ഖിയാമത്തിന്റെ അലാമത്തുകൾ വേഗത്തിൽ വരും. ലോകം അവസാനിക്കും.


പരലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്നത് പ്രവാചകന്മാരാകുന്നു.


ഔലിയാക്കൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ. ഇവരെല്ലാം ആദരിക്കപ്പെടും. പരലോകത്ത് വിചാരണ തുടങ്ങുന്നു. നീണ്ട വിചാരണ. രക്ഷാ-ശിക്ഷകൾ പ്രഖ്യാപിക്കപ്പെടും. സ്വർഗ്ഗവാസികൾ അങ്ങോട്ടുപോവുന്നു. നരകവാസികൾ അവരുടെ കേന്ദ്രത്തിലേക്ക് പോവും.


"തുഹ്ഫത്തുൽ അബ്റാർ ഫീ അശ്റത്തിസ്സാഅത്ത് എന്ന കിതാബിൽ നബി ﷺ തൃക്കല്ല്യാണത്തെക്കുറിച്ച് വിശദമായ വിവരണമുണ്ട്. മർയം (റ), ആസിയ (റ), കുൽസൂ (റ) എന്നിവരെ അല്ലാഹു ﷻ നബി ﷺ തങ്ങൾക്ക് വിവാഹം ചെയ്തു കൊടുക്കും. വലീമത്ത് സൽക്കാരവും നടക്കും.


സ്വർഗ്ഗവാസികൾ പരസ്പരം സന്ദർശനം നടത്തും. അതിന്റെ പരിപാടി ഇങ്ങനെ:


ശനി - മക്കൾ പിതാവിനെ സന്ദർശിക്കും.


ഞായർ - പിതാവ് മക്കളെ സന്ദർശിക്കും.


തിങ്കൾ - ശിഷ്യന്മാർ ഗുരുവിനെ സന്ദർശിക്കും.


ചൊവ്വ - ഗുരു (ഉലമാഅ്) ശിഷ്യന്മാരെ വന്നുകാണും.


ബുധൻ - ജനങ്ങൾ (ഉമ്മത്ത്) അവരുടെ പ്രവാചകനെ ചെന്ന് കാണും.


വ്യാഴം - പ്രവാചകന്മാർ തങ്ങളുടെ ഉമ്മത്തിനെ വന്നുകാണും.


വെള്ളി - എല്ലാവരും കൂടി നബിﷺതങ്ങളെ സന്ദർശിക്കും. 


നബിﷺതങ്ങളോടൊപ്പം അല്ലാഹുﷻവിനെ കാണാൻ പോകും. ഏറ്റവും അനുഗ്രഹീതമായ സമയം അതാകുന്നു. 


തൃക്കല്ല്യാണം. പഴയകാലത്ത് നമ്മുടെ നാടുകളിൽ തൃക്കല്ല്യാണ വിവരണം മത പ്രഭാഷണത്തിന്റെ ഭാഗമായിരുന്നു. നല്ല വിവരണം നൽകും. എന്നിട്ട് കണ്ണീരിൽ കുതിർന്നൊരു പ്രാർത്ഥനയുണ്ട്.


"പടച്ച തമ്പുരാനേ..! മുത്ത് നബിﷺതങ്ങളുടെ തൃക്കല്ല്യാണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കെല്ലാം നീ ഉതവി തരേണമേ..!"


സദസ്സ് കണ്ണീരോടെ ആമീൻ പറയും. അറബി മലയാള പദ്യവിഭാഗത്തിൽ വളരെ പ്രധാനപ്പെട്ടതാണ് തൃക്കല്ല്യാണപ്പാട്ട്, കല്ല്യാണ വീടുകളിൽ അവ പാടും. മറ്റു സദസ്സുകളിലും പാടും.


സ്വർഗ്ഗവാസികളെല്ലാം കല്ല്യാണ സദസ്സിൽ പങ്കെടുക്കും. ആ സദസ്സിന്റെ വലുപ്പം ഓർത്തു നോക്കൂ..!


മശ് രിഖ് - മഗ്രിബിന്റെ വിസ്തീർണ്ണമുള്ള സുപ്രയാണ് വിരിക്കുക. ഓരോരുത്തരുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പേരെഴുതി വെച്ച സ്ഥലത്ത് ഇരിക്കണം. മലക്കുകൾ കപ്പുകൾ നിരത്തുന്നു. അതിന്റെ മിനുസ്സവും, തിളക്കവും, ഭംഗിയും കണ്ട് അത്ഭുതപ്പെട്ടു പോകും. അതിൽ പാനീയം ഒഴിച്ചുകൊടുക്കും. ഭൂമിയിൽ വെച്ച് അത്രയും രുചിയുള്ള പാനീയം കുടിച്ചിട്ടില്ല...


അതിശയിപ്പിക്കുന്ന രുചിയുള്ള വിവിധയിനം പാനീയങ്ങൾ വർണ്ണത്തിലും രുചിയിലും വൈവിധ്യം.


പഴവർഗ്ഗങ്ങളുടെ വിതരണം. അനേക വർണ്ണങ്ങൾ, വ്യത്യസ്ഥ രുചികൾ


ആഹാര വസ്തുക്കൾ, ആയിരമായിരം വർണ്ണങ്ങൾ, അത്രയും രുചികൾ. തൃക്കല്ല്യാണ നാളത്തെ അലങ്കാരങ്ങൾ, ആരെയും അമ്പരപ്പിക്കും..!!


സുഗന്ധം പരക്കുന്നു. അമ്പറും കസ്ത്തൂരിയും, ആഹ്ലാദം കൊള്ളിക്കുന്ന, സുഗന്ധപൂരിതമായ അന്തരീക്ഷം, പരിമളം പരത്തുന്ന പുക, അതിമനോഹരമായ പൂക്കളുടെ പരിമളം, പാറി നടക്കുന്ന പറവകൾ, അവയുടെ നാദം. സൗന്ദര്യവതികളായ ഹൂറികൾ, തൃക്കല്ല്യാണ വിശേഷങ്ങൾ വിവരിക്കാൻ വാക്കുകളില്ല...


ദുനിയാവിൽ വെച്ച് ശപിക്കപ്പെട്ട ഫിർഔനിന്റെ ക്രൂരമർദ്ദനങ്ങൾ


ഏറ്റുവാങ്ങിയ ആസിയ ബീവി (റ) സ്വർഗ്ഗത്തിൽ മണവാട്ടിയായി വരുന്നു...


വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ആഭരണങ്ങൾ,


ഹൂറികളെ നാണിപ്പിക്കുന്ന സൗന്ദര്യം. ഈസാ (അ)ന്റെ ഉമ്മ. മർയം (റ).


എന്തെല്ലാം പരിഹാസങ്ങളും പീഢനങ്ങളും സഹിച്ചു. പുത്രനെ വളർത്തി വലുതാക്കി. ഇരട്ടി സ്നേഹം നൽകി. ഭൂമിയിൽ ഉമ്മയെ


തനിച്ചാക്കി മകൻ ആകാശത്തേക്കുപോയി.


സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകം പോലെ മർയം (റ) വരുന്നു.


ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും സൗന്ദര്യത്തിന്റെ പ്രഭ വർദ്ധിപ്പിക്കുന്നു...


പിന്നാലെ വരുന്നു കുൽസൂം (റ)...


അഴകിന്റെ മറ്റൊരു പ്രതീകം. ആനന്ദവും അനുഭൂതിയും നൽകുന്ന അനുഭവങ്ങൾ, പരലോകത്തെ അനുഭവങ്ങൾ ഇവിടെയിരുന്നു വർണിക്കാനാവില്ല. മനുഷ്യ ഭാവനയിൽ ഒതുങ്ങാത്ത കാര്യങ്ങൾ. ഭൂമിയിൽ വഴികാണിക്കാൻ വന്നവർ നബിമാർ... 


അവർക്കുശേഷം ഔലിയാക്കന്മാർ.


അവർ കാണിച്ച പാതയിലൂടെ സഞ്ചരിച്ച് വിജയികളായിത്തീരുക. അതിനായി നാം ശ്രമിക്കുക. അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ..! ഈസബ്നു മർയം (അ), മർയം (റ)


ഇവരുടെ പുണ്യ സ്മരണക്കുമുമ്പിൽ വാക്കുകൾ നിർത്തട്ടെ...


ഈസ നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...


ആമീൻ യാ റബ്ബൽ ആലമീൻ...☝????


ഈസാ നബി (അ)നും ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

You may like these posts