Ad Code

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) Shaikh Abdul Kadir Jeelani(r)


ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)



ഹിജ്റ 470 ല്‍ ഇറാനിലെ ജീലാന്‍ എന്ന പ്രദേശത്ത് ജനിച്ച് ലോകം മുഴുവന്‍ ആത്മീയതയുടെ പ്രഭപരത്തിയ സ്വൂഫി വര്യനും പണ്ഡിതനുമാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). അബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസാ ബിന്‍ അബ്ദില്ലാഹ് എന്നാണ് പൂര്‍ണ നാമം. ബഗ്ദാദായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. ഹിജ്റ 488 ലാണ് ബഗ്ദാദില്‍ പ്രവേശിക്കുന്നത്. ഇമാം ഗസാലി ആത്മീയത തേടി ബഗ്ദാദില്‍ നിന്ന് യാത്ര തിരിച്ച അതേ വര്‍ഷമാണ് ശൈഖ് ജീലാനി (റ) അവിടെയെത്തുന്നത്.


ചെറു പ്രായത്തിലേ ഇല്‍മിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുകയും വിവിധ വിജ്ഞാന ശാഖകളില്‍ പാണ്ഡിത്യം നേടുകയും ചെയ്തു. ഹി. 525 ല്‍ അന്തരിച്ച ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ്, ഹി. 511 ല്‍ അന്തരിച്ച അബൂ സഈദ് അല്‍മുഖര്‍രിമി എന്നിവരില്‍ നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത്. ഹന്‍ബലീ മദ്ഹബിലെ കര്‍മ ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം ശരീഅത്തിന്റെ സമ്പൂര്‍ണതയായാണ് ത്വരീഖത്തിനെ അവതരിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം മരുഭൂമിയിലൂടെയും വിജനപ്രദേശങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ചാണ് ആധ്യാത്മികതയുടെ ഉന്നതങ്ങളിലെത്തിയത്. പിന്നീട് ഏകാന്ത വാസവും സഞ്ചാരവും അവസാനിപ്പിച്ച് ജനങ്ങളെ സംസ്‌കരിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു.


ഗുരുവര്യനായ അബൂ സഈദ്, ബാബുല്‍ അസ്ജ് എന്ന പ്രദേശത്ത് നിര്‍മിച്ച മദ്റസയാണ് തന്റെ പ്രബോധന കേന്ദ്രമായി ജീലാനി (റ) തെരഞ്ഞെടുത്തത്. ആഴ്ചയില്‍ മൂന്നു ദിവസം ഇവിടെ ബഹുമാനപ്പെട്ടവരുടെ പ്രഭാഷണങ്ങള്‍ നടക്കാറുണ്ടായിരുന്നു. നാടിന്റെ നാനാഭാഗത്ത് നിന്നും ആയിരക്കണക്കിനാളുകളാണ് ഈ സദസ്സില്‍ പങ്കെടുത്തിരുന്നത്. രാജാക്കന്മാര്‍, മന്ത്രിമാര്‍, ഖലീഫ തുടങ്ങി വലിയ വലിയ വ്യക്തിത്വങ്ങള്‍ വരെ ആ സദസ്സിലെ ശ്രോതാക്കളായിരുന്നു.


സത്യസന്ധതയാണ് തന്നെ വലിയ പദവികളിലെത്തിച്ചതെന്ന് പില്‍ക്കാലത്ത് ശൈഖ് ഓര്‍ക്കുന്നുണ്ട്. ഭക്തയും പണ്ഡിതയുമായ ഉമ്മയുടെ ഉപദേശമായിരുന്നു കളവ് പറയരുതെന്നത്. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഉമ്മയുടെ ഈ ഉപദേശം അദ്ദേഹം മുറുകെ പിടിച്ചു.


മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനാകാനുള്ള പത്ത് തത്ത്വങ്ങളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. കാര്യത്തിലും തമാശയിലും കളവ് ഉപേക്ഷിക്കുക, വാഗ്ദത്തം ചെയ്തത് നിറവേറ്റുക, സൃഷ്ടികളിലൊന്നിനെയും ശപിക്കാതിരിക്കുക, ആര്‍ക്കെതിരേയും പ്രാര്‍ഥിക്കാതിരിക്കുക, മുസ്ലിംകള്‍ക്കെതിരേ സത്യനിഷേധവും ശിര്‍ക്കും ആരോപിക്കാതിരിക്കുക, തെറ്റുകളിലേക്ക് നോക്കാതിരിക്കുക, ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും ജനങ്ങളുടെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കുക, അല്ലാഹുവില്‍ മാത്രം തവക്കുലാക്കുക, വിനയം ജീവിതത്തിന്റെ മുഖമുദ്രയാക്കുക, അനാവശ്യമായി സത്യം ചെയ്യാതിരിക്കുക.


പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ശൈഖ് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം തന്നെ പറയുന്നു: കര്‍മങ്ങളെ ഞാന്‍ പരിശോധിച്ചു നോക്കിയപ്പോള്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കലാണ് ഏറ്റവും ഉത്തമമായ കര്‍മം എന്നെനിക്ക് ബോധ്യപ്പെട്ടു. ലോകം മുഴുവനും എന്റെ കൈയിലെത്തുകയും അത് മുഴുവന്‍ പാവപ്പെട്ടവരെ ഭക്ഷിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ എനിക്ക് സാധിക്കുകയും ചെയ്തെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു.


തന്റെ ചിന്തകളുടെയും ഉപദേശങ്ങളുടെയുമൊക്കെ സമാഹാരമാണ് അല്‍ഫത്ഹുര്‍റബ്ബാനി, അല്‍ഗുന്‍യ, ഫുതൂഹുല്‍ഗൈബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍. ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ആത്മീയ സരണികള്‍ മാത്രമാണ് ശരിയെന്നും അല്ലാത്തവയൊക്കെ പൈശാചികതയാണെന്നും മഹാനവര്‍കള്‍ ഉണര്‍ത്തുന്നു.


ശരീഅത്തിന്റെ വിഷയത്തില്‍ നിഷ്‌കര്‍ഷത വച്ചു പുലര്‍ത്തിയതു കൊണ്ടു തന്നെ സത്യവും അസത്യവും തിരിച്ചറിയാനുള്ള കഴിവ് മഹാന്് അല്ലാഹു കൊടുത്തു. ഭൗതികതയോടുള്ള അമിത താല്‍പര്യത്തിനെതിരേ ശൈഖ് തന്റെ പ്രഭാഷണങ്ങളിലും ഉപദേശങ്ങളിലും ശബ്ദിച്ചു കൊണ്ടിരുന്നു. അവസരവാദികളായ ഖലീഫമാര്‍ക്കെതിരെയും ഭരണാധികാരികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി. പണ്ഡിത വേഷധാരികളായ കപടന്മാര്‍ക്കെതിരിലും ശബ്ദിച്ചു. നശിച്ചു കൊണ്ടിരിക്കുന്ന ദീനീ ചിഹ്നങ്ങളെയും ആചാരങ്ങളെയും ജീവിപ്പിക്കാന്‍ മുന്നോട്ടു വന്നു. അതു കൊണ്ടു തന്നെ മുഹ്യിദ്ദീന്‍ എന്ന നാമവും ലഭിച്ചു. ഇസ്ലാമിന്റെ വളര്‍ച്ചയില്‍ അതിയായി ആഗ്രഹിക്കുകയും ദീനിന് കോട്ടം തട്ടുമ്പോള്‍ വല്ലാതെ മനസ്സ് വേദനിക്കുകയും ചെയ്തു.


ജീവിത യാത്രയില്‍ ഉപകാര പ്രദമായ നിരവധി തത്ത്വോപദേശങ്ങള്‍ മഹാനവര്‍കള്‍ ശിഷ്യ ഗണങ്ങള്‍ക്ക് പകര്‍ന്നു കൊടുത്തു. 'ദുന്‍യാവിനെ നിങ്ങള്‍ ഹൃദയത്തില്‍ നിന്നെടുത്ത് കൈയില്‍ വയ്ക്കുക; എന്നാല്‍ അത് നിങ്ങളെ ശല്യം ചെയ്യുകയില്ല' 'മൂന്നു കാര്യങ്ങള്‍ മനുഷ്യന്റെ സമയം വെറുതെ നഷ്ടപ്പെടുത്തിക്കളയുന്നവയാണ്; ഒന്ന്: നഷ്ടപ്പെട്ടു പോയതിനെക്കുറിച്ചോര്‍ത്ത് ദുഖിക്കുക. രണ്ട്: സ്വന്തത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക. മൂന്ന്: എല്ലാ ജനങ്ങളെയും തൃപ്തിപ്പെടുത്താന്‍ വേണ്ടി ശ്രമിക്കുക.' ഇങ്ങനെ ആ ഉപദേശങ്ങള്‍ നീണ്ടു പോകുന്നു. ഒമ്പത് പതിറ്റാണ്ടു കാലത്തെ ജീവിതത്തിനു ശേഷം ഹിജ്റ. 561 ല്‍ ശൈഖ് ജീലാനി പരലോകം പൂകി. ബഗ്ദാദിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ശൈഖ് ജീലാനിയുടെ ആത്മീയ സരണി ഖാദിരിയ്യാ ത്വരീഖത്ത് എന്ന പേരിലറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ പല ഗുരുക്കന്മാരിലൂടെ ഈ സരണി വളര്‍ന്നു കൊണ്ടിരിക്കുന്നു


ശൈഖ് ജീലാനി (റ)വിന്റെ കറാമത്തുകളില്‍ ഒന്ന് വിവരിക്കുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)വിന്റെ സേവകനാണ് ശൈഖ് അബ്ദുല്‍ ഹസന്‍ ബഗ്ദാദി (റ).സേവനത്തിലൂടെ മഹത്തായ പദവി നേടിയ മഹാനാണദ്ദേഹം. രാത്രി വളരെ നേരം ഉറക്കമൊഴിച്ചിരിക്കും. വല്ല ആവശ്യത്തിനും ശൈഖ് ഉണര്‍ന്നാലൊ എന്ന് കരുതി ? അതോര്‍ത്ത് കാത്തിരിക്കും. ഉറക്കം വരില്ല.


ഹിജ്റ അഞ്ഞൂറ്റി അമ്പത്തിമൂന്ന് കാലം. സഫര്‍ മാസത്തിലെ ഒരു രാത്രി. പാതിരാത്രിയില്‍ ശൈഖ് ജീലാനി അവര്‍കള്‍ ഉണര്‍ന്നു. വാതില്‍ തുറന്ന് പുറത്ത് വന്നു. അബ്ദുല്‍ ഹസന്‍ ബഗ്ദാദി വെള്ളപാത്രവുമായി അടുത്തേക്ക് ചെന്നു. പാത്രം വാങ്ങിയില്ല. ഒന്നും പറഞ്ഞുമില്ല. നേരെ നടന്നു.അബ്ദുല്‍ ഹസന്‍ പിന്നാലെ നടന്നു. മദ്റസയുടെ കവാടത്തിനടുത്തേക്ക് നടന്നു. അടച്ചിട്ട കവാടം തനിയെ തുറന്നു. ശൈഖ് പുറത്തേക്കിറങ്ങി. അബ്ദുല്‍ ഹസന്‍ പിന്നാലെ ഇറങ്ങി. പട്ടണത്തിലൂടെ നടന്നു. കവാടം കടന്ന് വീണ്ടും യാത്ര. കവാടം തനിയെ അടഞ്ഞു.
അപരിചിതമായ ഒരു നാട്ടില്‍ എത്തിയിരിക്കുന്നു. ഒരു പഴയ കെട്ടിടം. ശൈഖ് ജീലാനി (റ) അതിനകത്തേക്ക് കയറി. അവിടെ ആറ് ആളുകള്‍ ഉണ്ടായിരുന്നു. സലാം ചൊല്ലലും മടക്കലും നടന്നു. രംഗം നിരീക്ഷിച്ച് കൊണ്ട് അബ്ദുല്‍ ഹസന്‍ അവിടെ തന്നെ നിന്നു. അകത്ത് നിന്ന് ഒരു കരച്ചില്‍ കേട്ടു. പിന്നെയത് കേള്‍ക്കാതെയായി. ഒരാള്‍ അകത്തേക്ക് പോയി. അധികം വൈകാതെ മടങ്ങി. അദ്ദേഹം പരിപാടിയില്‍ ഒരാളെ ചുമന്ന് കൊണ്ട് പുറത്ത് പോയി. അല്‍പ്പം കഴിഞ്ഞ് മറ്റൊരാള്‍ വന്നു. മീശയുള്ള ഒരാള്‍. തല തുറന്നിട്ടിരിക്കുന്നു. അതൊരു കൃസ്ത്യാനിയാണ്. തലമുടിയും മീശയും നീക്കി. ശൈഖ് അവറുകളുടെ മുമ്പിലിരുന്നു. ശൈഖ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. അയാള്‍ മുസ്ലിമായി. മുഹമ്മദ് എന്ന പേര് വെച്ചു. അദ്ദേഹത്തിന്റെ ശിരസ്സ് മറച്ചു. തൊപ്പി പോലൊത്ത ഒന്ന് ധരിപ്പിച്ചു. ശൈഖ് പറഞ്ഞു. മരിച്ച് പോയ ആളുടെ സ്ഥാനത്ത് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു. ആറ് പേരും സമ്മതിച്ചു. 'ഞങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചു' പിന്നെ താമസിച്ചില്ല. ശൈഖ് മടക്കയാത്ര ആരംഭിച്ചു. അബ്ദുല്‍ ഹസന്‍ പിന്നാലെ നടന്നു. ബഗ്ദാദ് നഗര കവാടമെത്തി. കവാടം സ്വയം തുറന്നു. മദ്റസയിലെത്തി. മദ്റസയുടെ വാതില്‍ സ്വയം തുറന്നു. ശൈഖ് ജീലാറി (റ) താമസ സ്ഥലതെത്തി.
കറുത്ത രാത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് എന്തൊക്കെയൊ സംഭവിച്ചിരിക്കുന്നു. അബ്ദുല്‍ ഹസന്‍ എല്ലാം കണ്ടു. ഒന്നും മനസ്സിലായില്ല. തിരിച്ചെത്തിയിട്ടും അമ്പരപ്പ് മാറിയില്ല.
പിറ്റെ ദിവസം ദര്‍സിലെത്തി. അബ്ദുല്‍ ഹസന്‍ നന്നായി ധൈര്യം സംഭരിച്ച് ഒരു ചോദ്യം. ഇന്നലെ രാത്രി എന്താണ് നടന്നത്. ശൈഖ് ഒരു വിവരണം നല്‍കി. ആ രാജ്യം നഹാവന്ദ് ആയിരുന്നു. അവിടെ കണ്ട ആറ് പേര്‍ അബ്ദാലന്മാരാണ്. അബ്ദാലന്മാര്‍ ഏഴ് പേരാണ്. ഏഴാമന്‍ രോഗിയായിരുന്നു. അദ്ദേഹമാണ് കരഞ്ഞത്. അദ്ദേഹം മരണാസന്നനായപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയതാണ്. അപ്പോള്‍ അവിടെ വന്ന ആള്‍ ഖിളിര്‍(അ)ആണ്. രോഗത്തില്‍ കിടന്ന ആള്‍ മരിച്ചു. മരിച്ച ആളെ എടുത്തു കൊണ്ട് പോയി. പിന്നീടവിടെ വന്നത് ഒരു കൃസ്ത്യാനിയാണ്. അയാളുടെ സ്വദേശം ഖസ്തന്‍തീനിയ (കോണ്‍സ്റ്റാന്റ് നോപ്പിള്‍) ആണ്. അയാള്‍ക്ക് ഞാന്‍ ശഹാദത്ത് കലിമ ചൊല്ലികൊടുത്തു. മരിച്ച ആള്‍ക്ക് പകരമായി ഞാന്‍ ആയാളെ നിയോഗിച്ചു. അപ്പോള്‍ ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായ ആയാളെ അബ്ദാലന്മാരായ ഔലിയാകന്മാരുടെ കൂട്ടത്തില്‍ ചേര്‍ത്തു. ഇത്രയും പറഞ്ഞ് ശൈഖ് ജീലാനി (റ) അവര്‍കള്‍ സംസാരം നിര്‍ത്തി. ചുരുക്കത്തില്‍ അത്രയും വലിയ അധികാരമുള്ള അളായിരുന്നു. ശൈഖ് ജീലാനി (റ). പദവികള്‍ നല്‍കാനും എടുത്ത് കളയാനും അധികാരം ലഭിച്ച മഹാനാണ് ശൈഖ് ജീലാനി (റ) വെന്ന് നാം മനസ്സിലാക്കുക.
അക്കാലത്ത് ഒരിക്കലും റമസാന്‍ പകലില്‍ ശൈഖ് മുല കുടിച്ചിരുന്നില്ല. ഗാലാനില്‍ താമസിക്കുന്ന സയ്യിദ് ദമ്പതികള്‍ക്ക് റമസാന്‍ പകലില്‍ മുല കുടിക്കാത്ത ഒരു കുട്ടി പിറന്നിരിക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇബാദത്ത് കൊണ്ടും മറ്റും അല്ലാഹുവിന്റെ പ്രത്യേക സാമീപ്യം കരസ്ഥമാക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ശൈഖ് ജീലാനിയാകട്ടെ, ജനനം മുതല്‍ തന്നെ കറാമത്തുകള്‍ പ്രകടിപ്പിച്ച് തുടങ്ങി.


Post a Comment

0 Comments

Close Menu