ആദം നബി (അ) ചരിത്രം 1 | Prophet Adam Nabi (A)  History Malayalam Part 1

ആദം നബി (അ) ചരിത്രം 1 | Prophet Adam Nabi (A) History Malayalam Part 1

ഹസ്രത്ത് ആദം നബി (അ) ചരിത്രം 

ഭാഗം 1

ഹസ്രത്ത് ആദം നബി (അ) ചരിത്രം  ഭാഗം 1


ആദം നബി  (അ) മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദ്യ മനുഷ്യൻ ആ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത് ഇന്നും മനുഷ്യ പുത്രന്മാർ പിതാവിന്റെ സൃഷ്ടിപ്പിനെക്കുറിച്ചോർത്ത് അമ്പരന്ന് നിൽക്കുകയാണ് അല്ലാഹുവുന്റെ സൃഷ്ടി വൈഭവം ആദ്യ മനുഷ്യനെ ഖലീഫ എന്ന് വിളിച്ചു വിളിച്ചത് സൃഷ്ടാവ് തന്നെ ഞാൻ ഭൂമിയിൽ ഖലീഫയെ നിയോഗിക്കാൻ പോവുന്നു മലക്കുകളുടെ മഹാസമൂഹത്തോട് അല്ലാഹു പ്രസ്താവിച്ചു. വല്ലാത്തൊരു അമ്പരപ്പോടയാണവർ അതു കേട്ടത്. ഭൂമിയിൽ നേരത്തെ നിലനിന്നിരുന്ന ഒരു വർഗ്ഗത്തെക്കുറിച്ചവർ പെട്ടെന്ന് ഓർത്തുപോയി ഭൂമിയിൽ തിങ്ങിനിറഞ്ഞ വർഗ്ഗവും കാമവും ക്രോധവും അവരെ വഴിപിഴപ്പിച്ചു.


 അക്രമാസക്തരായി ശാന്തമായി ഭൂമി കലാപ പങ്കിലമാക്കി രക്തം ചാലിട്ടൊഴുകി അല്ലാഹു ആ വർഗ്ഗത്തെ നശിപ്പിച്ചു കളഞ്ഞു അപ്പോൾ എല്ലാം ശാന്തമായി ഭൂമി സസ്യലതാദികളാൽ മനോഹരമായിത്തീർന്നു അങ്ങനെ കാലം കടന്നുപോയി ഇപ്പോഴിതാ അല്ലാഹു ഖലീഫയെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു.


 മലക്കുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു ഭൂമിയിൽ കലാപമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെ എന്തിന്ന് സൃഷ്ടിക്കുന്നു നിന്നെ വഴ്ത്താനും സ്തുതി കീർത്തനങ്ങൾ നടത്താനും മലക്കുകളായ ഞങ്ങൾ ഉണ്ടല്ലോ ?


അല്ലാഹു അവർക്കു നൽകിയ മറുപടി ഇങ്ങനെയായിരുന്നു നിങ്ങൾക്കറിയാത്തത് എനിക്കറിയാം

അതെ എല്ലാം അറിയുന്നത് അല്ലാഹുവിന്നുമാത്രം മലക്കുകൾ അറിയുന്നത് അവർക്ക് അറിയിച്ചുകൊടുത്ത കാര്യങ്ങൾ മാത്രം അതിനപ്പുറം അറിവുകളുടെ സാഗരങ്ങൾ തന്നെയുണ്ട് അറിവുകളുടെ സാഗര സൂക്ഷിപ്പുകാരൻ അല്ലാഹു തന്നെ ആ സാഗരങ്ങളുടെ ആഴവും പരപ്പുമറിയുന്നവൻ അല്ലാഹു മാത്രം പടപ്പുകൾ അറിയുന്നത് പരിമിതമായ അളവിൽ മാത്രം ഒരു കാര്യം തീരുമാനിക്കുമ്പോൾ കൂടിയാലോചന ആവശ്യമാണ് മറ്റുള്ളവർ എന്തുപറയുന്നു എന്ന് കേൾക്കാമല്ലോ ഇങ്ങനെ ഒരു പാഠം കൂടി മനുഷ്യർ ഈ സംഭവത്തിൽ നിന്ന് പഠീക്കേണ്ടതുണ്ട്.


അല്ലാഹു മലക്കുകളുമായി കൂടിയാലോചന നടത്തുന്നു വിഷയം അവതരിപ്പിക്കുന്നു മലക്കുകൾ പ്രതികരിക്കുന്നു.


അല്ലാഹു മറുപടി പറയുന്നു :

സൂറത്തുൽ ബഖറയിൽ ഈ രംഗം അവതരിപ്പിക്കുന്നത് നമുക്കു കാണാം


'നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക നിശ്ചയമായും ഞാൻ ഭൂമിയിൽ ഒരു ഖലീഫയെ ഏർപ്പെടുത്തുവാൻ പോവുന്നു അവർ പറഞ്ഞു : അതിൽ നാശമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ ഏർപ്പെടുത്തുകയോ? ഞങ്ങൾ നിന്നെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രകീർത്തനം ) ചെയ്യുകയും നിനക്ക് തഖ്ദീസ് (നിന്റെ പരിശുദ്ധിയെ വാഴ്ത്തൽ ) ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു 

അല്ലാഹു പറഞ്ഞു : നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം  (2:30) 


മലക്കുകൾ അല്ലാഹുവിന്റെ ചലനം കേട്ടു മൗനം പാലിച്ചു ഖലീഫ വരും എന്ന കാര്യം ഉറപ്പായി.


മനുഷ്യവർഗ്ഗം വരും മുമ്പെ ഭൂമിയിൽ കഴിഞ്ഞവർ ആരായിരുന്നു? രണ്ടു വർഗ്ഗക്കാരുടെ പേരുകൾ കാണുന്നു ജിന്നുകൾ,ബിന്നുകൾ .


അല്ലാഹു മലക്കുകളെ പ്രകാശത്താൽ സൃഷ്ടിച്ചു അഗ്നികൊണ്ട് ജിന്നുകളെയും സൃഷ്ടിച്ചു കാമവും ക്രോധവും നൽകപ്പെട്ട വിഭാഗമാണ് ജിന്നുകൾ അദൃശ്യരൂപികളാണ് അവർ അവർക്ക് വിവിധരൂപങ്ങൾ സ്വീകരിക്കാൻ കഴിയും അവർക്കിടയിൽ ബുദ്ധിമാന്മാരും മൂഢന്മാരുണ്ട്, ധനികരും ദാരിദ്രരുമുണ്ട്, നന്മചെയ്യുന്നവരും തിന്മ പ്രവർത്തിക്കുന്നവരുമുണ്ട് .


നന്മ പ്രവർത്തിക്കുന്നവർ സ്വാലിഹീങ്ങൾ ,തിന്മ ചെയ്യുന്നവർ ശൈതാന്മാർ ജിന്ന് വർഗ്ഗത്തിൽ സ്ത്രീ -പുരുഷ്യന്മാരുണ്ട് അവർ വിവാഹിതരാവുകയും വംശവർദ്ധന നടക്കുകയും ചെയ്യുന്നു.


 ജിന്ന് വർഗ്ഗത്തെയും മനുഷ്യ വർഗ്ഗത്തെയും വിശുദ്ധ ഖുർആൻ അഭിസംബോധന ചെയ്യുന്നുണ്ട് സൂറത്തു റഹ്മാനിൽ ഇങ്ങനെ കാണാം


ഹേ രണ്ടു സമൂഹമേ നിങ്ങളെ അടുത്ത് തന്നെ നാം വിചാരണ ചെയ്യുന്നതാണ്  (55:31)


അപ്പോൾ നിങ്ങൾ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളിൽ നിന്ന് ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്  (55:32)


ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ മേഘലകളിൽ നിന്ന് പുറത്ത് പോകുവാൻ നിങ്ങൾക്കു സാധ്യമാകുന്ന പക്ഷം നിങ്ങൾ പുറത്തുപോവുക 

വമ്പിച്ച ശക്തി കൂടാതെ നിങ്ങൾ പുറത്ത് പോകുന്നതല്ല  (55:33) 


അന്ത്യനാളിൽ മനുഷ്യരെല്ലാം വിചാരണ ചെയ്യപ്പെടും അത്പോലെ ജിന്നുകളും വിചാരണ ചെയ്യപ്പെടും മനുഷ്യർ ഭൂമിയിലെത്തുന്നതിന്റെ എത്രയോ കാലം മുമ്പ് ജിന്നുകൾ ഭൂമിയിലുണ്ടായിരുന്നു .


ജിന്നുകളെക്കുറിച്ച് പഠനം നടത്തിയ പണ്ഡിതന്മാർ അവർ മൂന്ന് വിഭാഗക്കാരാണെന്ന് പറയുന്നു 


1.വായുവിൽ സഞ്ചരിക്കുന്നവർ

2.പട്ടികൾ,പാമ്പുകൾ തുടങ്ങിയവരുടെ രൂപം സ്വീകരിക്കുന്നവർ

3. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നവർ.


കാഫ് മലയിലും പരിസര പ്രദേശങ്ങളിലും ജിന്നുകൾ തിങ്ങിത്താമസിക്കുന്നതായി ചിലർ രേഘപ്പെടുത്തിട്ടുണ്ട്. അഹ്ശാൻ എന്ന ജിന്ന് രാജാവിന്റെ പ്രജകളാണത്രെ ഇവർ ലോകം സൃഷ്ടിക്കപ്പെട്ട് അനേകയായിരം വർഷങ്ങൾ കഴിഞ്ഞാണ് ജിന്നുകൾ വന്നത് ഇരുപത്തിനാല് ലക്ഷത്തിപ്പതിനെണ്ണായിരം വർഷം ജിന്നുകൾ ഇവിടെ താമസിച്ചതായി റിപ്പോർട്ടുകളിൽ കാണുന്നു.


പിൽക്കാലത്ത് കലഹങ്ങളും യുദ്ധങ്ങളും സജീവമായി നടന്നു അല്ലാഹുവിന്റെ കോപത്തിന് വിധേയരായി ഒരു കൊടുങ്കാറ്റ് മൂലം അവർ നശിച്ചു. ഒരു ശിശു ഒഴികെ, എല്ലാവരും നശിച്ചുപോയി. ഈ ശിശുപിൽക്കാലത്ത് ഇബ്ലീസ് ആയിത്തീർന്നുവെന്ന് കാണുന്നു.


ജിന്നുകൾക്കുശേഷം ബിന്നുകൾ എന്നൊരു വർഗ്ഗം ഭൂമിയിൽ താമസിച്ചു ഇവരും അക്രമകാരികളായിരുന്നു ഇവരും നശിപ്പിക്കപ്പെട്ടു പിൽക്കാലത്ത് ജിന്നുകൾ സജീവമായി.


വിശുദ്ധ ഖുർആനിൽ ജിന്നുകളുടെ പേരിൽ ഒരു അധ്യായം തന്നെയുണ്ട് എഴുപത്തിരണ്ടാം അധ്യായം സൂറത്തുൽ ജിന്ന്

ഒരുകൂട്ടം ജിന്നുകൾ നബി  (സ്വ) തലങ്ങളിൽ നിന്ന് വിശുദ്ധ ഖുർആൻ കേൾക്കുകയുണ്ടായി അവർ നബി  (സ്വ) തങ്ങളിൽ വിശ്വസിച്ചു തങ്ങളുടെ ജനതയെ അവർ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു .


ജിന്നുകൾ വിശുദ്ധ ഖുർആൻ  പാരായണം കേട്ടകാര്യം അല്ലാഹു നബി(സ്വ) തങ്ങൾക്ക് വഹിയ് മൂലം അറിയിച്ചുകൊടുക്കുകയാണ് ചെയ്തത്

ഇക്കാര്യം പറഞ്ഞുകൊണ്ടാണ് സൂറത്തുൽ ജിന്ന് ആരംഭിക്കുന്നത്


" നബിയേ പറയുക : ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ചുകേട്ടുവെന്ന് എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു എന്നിട്ടവർ പറഞ്ഞു : നിശ്ചയമായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു (72:1)

അത് സന്മാർഗ്ഗത്തിലേക്ക് വഴികാട്ടുന്നുണ്ട് അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ റബ്ബിനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കില്ല (72:2)


മനുഷ്യവാസത്തിന്ന് വളരെ മുമ്പുതന്നെ ജിന്നുകൾ ഭൂമിലുണ്ടായിരുന്നു മനുഷ്യവാസത്തിനുശേഷവും അവരുടെ സാന്നിധ്യം ഇവിടെയുണ്ട് .


മണ്ണുകൊണ്ടു മനുഷ്യരൂപം


ആദമിനെ സൃഷ്ടിക്കാൻ പോവുകയാണ് അതിന്ന് മണ്ണ് വേണം ഭൂമിയിൽ നിന്ന് മണ്ണ് എടുക്കണം അക്കാര്യം അല്ലാഹു ജിബ്രീൽ  (അ) എന്ന മലക്കിനെ ഏല്പിച്ചു ജിബ്രീൽ  (അ) മണ്ണെടുക്കാൻ വേണ്ടി ഭൂമിയിലെത്തി ഭൂമിചോദിച്ചു: അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച അഭിവന്ദ്യരായ ജിബ്രീൽ അവർകളേ അങ്ങ് എന്തിനാണ് വന്നത് ?


അല്ലാഹു ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു അതിന്ന് മണ്ണ് വേണം ഞാൻ മണ്ണെടുക്കാൻ വന്നതാണ് ജിബ്രീൽ  (അ)മറുപടി നൽകി .


ദയവായി എന്നിൽ നിന്ന് മണ്ണ് എടുക്കരുത് അക്കാര്യത്തിൽ എനിക്ക് സങ്കടമുണ്ട് അല്ലാഹുവിന്റെ പേരിൽ ഞാൻ അങ്ങയോടപേക്ഷിക്കുകയാണ് തിരിച്ചുപോവുക എന്റെ സങ്കടം അല്ലാഹുവിനെ അറിയിക്കുക .

ജിബ്രീൽ  (അ) മടങ്ങിപ്പോയി ഭൂമിയുടെ സങ്കടം അല്ലാഹുവിനെ അറിയിച്ചു .


ഭൂമിയിൽ നിന്ന് മണ്ണെടുത്ത് കൊണ്ടവരാനുള്ള ചുമതല അല്ലാഹു മീക്കാഈൽ (അ) എന്ന മലക്കിനെ ഏല്പിച്ചു .

മീക്കാഈൽ  (അ) ഭൂമിയിലെത്തി ഭൂമി അപ്പോഴും സങ്കടമുണർത്തി മലക്കിനെ തിരിച്ചയച്ചു .


അടുത്ത ചുമതല ഇസ്റാഫീൽ (അ) എന്ന മലക്കിന്നായിരുന്നു മലക്ക് ഭൂമിയിലെത്തി അപ്പോഴും സങ്കടമുണർത്തി മലക്കിനെ തിരിച്ചയച്ചു


നാലാമത്തെ ചുമതലക്കാരൻ അസ്റാഈൽ (അ) എന്ന മലക്കാകുന്നു. മൂന്നുപേരെ തിരിച്ചയച്ച ഭൂമിയാണ് താനങ്ങിനെ മടങ്ങില്ല സങ്കടം താൻ പരിഗണിക്കില്ല മണ്ണുമായി തിരിച്ചുവരും


അസ്റാഈൽ (അ) ഭൂമിയിലെത്തി ഭൂമി ചോദിച്ചു മഹാനായ മലക്കേ അങ്ങ് എന്തിനാണ് വന്നത്?


അല്ലാഹു ഖലീഫയെ സൃഷ്ടിക്കാൻ പോവുന്നു അതിന്ന് മണ്ണ് വേണം മണ്ണെടുക്കാൻ വന്നതാണ് മണ്ണെടുക്കുന്നത് ദുഃഖകരമാണ് എന്നെ സങ്കടപ്പെടുത്താതെ മടങ്ങിപ്പോവുക മണ്ണെടുക്കാതെ ഞാൻ മടങ്ങിപ്പോവില്ല .അസ്റാഈൽ  (അ) ഭൂമിയുടെ സമ്മതമില്ലാതെ തന്നെ മണ്ണെടുത്ത് മടങ്ങിപ്പോയി .

ഭൂമിക്ക് വലിയ സങ്കടമായി ദയാലുവായ അല്ലാഹുവിനോട് പരാതിപ്പെട്ടു

ദയാലുവായ റബ്ബേ എന്റെ സമ്മതമില്ലാതെ അസ്റാഈൽ  (അ) എന്നിൽ നിന്ന് മണ്ണെടുത്ത് കൊണ്ട്പോയി.


അല്ലാഹു ഭൂമിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു : ഭൂമി.....നീ സങ്കടപ്പെടേണ്ട ഒരു തരത്തിലും വിഷമിക്കേണ്ടതില്ല നിന്നിൽ നിന്നെടുത്ത മണ്ണ് നിന്നിലേക്കു തന്നെ മടക്കപ്പെടും ആ ചുമതലയും അസ്റാഈൽ എന്ന മലക്കിന്ന് തന്നെയായിരിക്കും.


അസ്റാഈൽ  (അ) കൊണ്ടുവന്ന മണ്ണ് കൊണ്ട് മനുഷ്യനെ പടക്കും ആത്മാവ് ഊതും ജീവൻ ലഭിക്കും കുറെകാലം മനുഷ്യൻ ജീവിക്കും നിശ്ചിതസമയം വരുമ്പോൾ അസ്റാഈൽ വരും മനുഷ്യശരീരത്തിൽ നിന്ന് ആത്മാവിനെ വലിച്ചൂരിയെടുക്കും. മനുഷ്യൻ മരിച്ചു മരിച്ച മനുഷ്യനെ ഭൂമിയിലേക്കു മടക്കും നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുന്നു.


മനുഷ്യരുടെ റൂഹിനെ പിടിക്കാനുള്ള ചൂമതല അസ്റാഈൽ  (അ) എന്ന മലക്കിന്ന് നൽകപ്പെടുകയാണ് മലക്ക് സങ്കടം ബോധിപ്പിച്ചു : അല്ലാഹുവേ ജീവികൾ എന്റെ ശത്രുക്കളായി മാറും. അവരുടെ മരണത്തിന്ന് കാരണക്കാരൻ ഞാനാണെന്ന് വരും. അല്ലാഹു മലക്കിനെ സമാധാനിപ്പിച്ചു.


ജീവികളുടെ മരണത്തിന്ന് ഞാൻ ഓരോ കാരണങ്ങൾ നൽകും രോഗവും വാർദ്ധക്യവും നൽകും ചിലർ അഗ്നികാരണം മരിക്കും ചിലർ വെള്ളം കാരണം മരിക്കും. അപകട മരണങ്ങളുണ്ടാവും ആ സംഭാഷണം അങ്ങനെ അവസാനിച്ചു.


കഅബാശരീഫ് നിൽക്കുന്ന ഭാഗത്തുള്ള വെള്ളം കൊണ്ടുവന്നു മണ്ണിൽ വെള്ളമൊഴിച്ചു പാകപ്പെടുത്തി സ്വർഗ്ഗവാതിൽ കൊണ്ടുവന്നു വെച്ചു മണ്ണിന് ശോഭയും സുഗന്ധവും ഉണ്ടായി. പിന്നീട് അതിൽ മഴവർഷിച്ചു.


മഴവർഷിച്ച കാലത്തെക്കുറിച്ച് രണ്ട് അഭിപ്രായങ്ങൾ കാണുന്നു നാല്പത് ദിവസമെന്ന് റിപ്പോർട്ടുണ്ട്. നാല്പത് വർഷമെന്നും റിപ്പോർട്ടുണ്ട് മുപ്പത്തിമൂന്ന് ദിവസം സങ്കടത്തിന്റെ മഴ വർഷിച്ചു ഒരു ദിവസം സന്തോഷത്തിന്റെ മഴ വർഷിച്ചു. മനുഷ്യൻ അനുഭവിക്കുന്ന ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും അനുപാതം മനസ്സിലായില്ലോ പിന്നെ മണ്ണിനെ ഉണ്ടാക്കി തട്ടിയാൽ ശബ്ദമുണ്ടാകും ആ വിധത്തിൽ ഉണക്കി പാകമാക്കി ഈ മണ്ണുകൊണ്ടാണ് ആദമിനെ രുപപ്പെടുത്തിയത്.


ആദമിനെ രൂപപ്പെടുത്താൻ എത്ര കാലമെടുത്തു ? നാല്പത് കൊല്ലം എന്ന് പറഞ്ഞവരുണ്ട്. നാലായിരം കൊല്ലം എന്നഭിപ്രായപ്പെട്ടവരുണ്ട് ഭൂമിയിൽ ഏതെല്ലാം ഭാഗത്ത് നിന്നെടുത്ത മണ്ണുകൊണ്ടാണ് ആദമിന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത് ? ചില അഭിപ്രായങ്ങൾ കാണുക


ആദമിന്റെ മുഖം കഅബയുടെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും നെഞ്ചും മുതുകും ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും സൃഷ്ടിച്ചു.

തുടകൾ യമനിലെ മണ്ണ്കൊണ്ടും കണം കാലുകൾ ഈജിപ്തിലെ മണ്ണ്കൊണ്ടും പാദങ്ങൾ ഹിജാസിലെ മണ്ണ്കൊണ്ടും വലതുകൈ പൗരസ്ഥ്യനാട്ടിലെ മണ്ണ്കൊണ്ടും ഇടതു കൈ പാശ്ചാത്യനാട്ടിലെ മണ്ണ്കൊണ്ടുമാണ് .


സൃഷ്ടിക്കപ്പെട്ടത്  മറ്റൊരഭിപ്രായം ഇങ്ങനെ :


ആദമിന്റെ മുഖം ബൈത്തുൽ മുഖദ്ദസിന്റെ സ്ഥാനത്തുള്ള മണ്ണ്കൊണ്ടും തൊലിയും തലമുടിയും സ്വർഗത്തിലെ മണ്ണ്കൊണ്ടും പുരികങ്ങൾ ഹൗളുൽ കൗസറിലെ മണ്ണ്കൊണ്ടും സൃഷ്ടിക്കപ്പെട്ടു.


മറ്റൊരു റിപ്പോർട്ട് കാണുക 


അല്ലാഹു ബൈത്തുൽ മുഖദ്ദസിലെ മണ്ണ്കൊണ്ട് ആദമിന്റെ ശിരസ്സും സ്വർഗ്ഗത്തിലെ മണ്ണ്കൊണ്ട് മുഖവും കൗസറിലെ മണ്ണ്കൊണ്ട് പല്ലുകളും , കഅബയിലെ , മണ്ണ് കൊണ്ട് വലതുകൈയും പേർഷ്യയിലെ മണ്ണ് കൊണ്ട് ഇടത്  കൈയും ഇന്ത്യയിലെ മണ്ണ് കൊണ്ട് പാദങ്ങളും പർവ്വതങ്ങളിലെ മണ്ണ് കൊണ്ട് അസ്ഥികളും ബാബിലോണിയയിലെ മണ്ണ് കൊണ്ട് ഗുഹ്യസ്ഥാനവും സൃഷ്ടിച്ചു


മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം 


ആദമിന്റെ ശിരസ്സ് വെള്ളം കൊണ്ടും നെഞ്ച് അഗ്നികൊണ്ടും വയറ് മണ്ണ് കൊണ്ടും പാദങ്ങൾ കാറ്റ്കൊണ്ടും നിർമ്മിച്ചു ശിരസ്സിന്ന് കുളിർമയും , മാർവിടത്തിന് ചൂടും വയറിന് മാർദ്ദവവും കാലുകൾക്ക് ദൃഢതയും ഉണ്ടാവാൻ അത് കാരണമായി.


ഒരു റിപ്പോർട്ട് കൂടി കാണുക 


ആദമിന്റെ കരൾ മൗസിൽ ദേശത്തെ മണ്ണ്കൊണ്ടും വയറ് ഹിജാസിലെ മണ്ണ്കൊണ്ടും ത്വക്ക് ത്വാഇഫിലെ മണ്ണ്കൊണ്ടും നെറ്റി കൻആനിലെ മണ്ണ്കൊണ്ടും ഗുഹ്യസ്ഥാനം ബാബിലോണിയായിലെ മണ്ണ്കൊണ്ടും ആമാശയം ജാസാഇറിലെ മണ്ണ്കൊണ്ടും അസ്ഥികൾ പർവ്വതത്തിലെ മണ്ണ്കൊണ്ടും സൃഷ്ടിച്ചു.


ആദമിന്റെ വർണ്ണം,  രൂപം, കൂറ്, പ്രകൃതി എന്നിവ മീതെ പറഞ്ഞ മണ്ണിന്റെ ഗുണങ്ങൾ ആയിരുന്നു.


ആദം സന്തതികളായ മനുഷ്യരുടെ വർണ്ണത്തിലും സ്വഭാവത്തിലും താല്പര്യങ്ങളിലുമുള്ള മാറ്റങ്ങൾ ഈ മണ്ണുകളുടെ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു.


ആദം എന്ന പദത്തിന്ന് മണ്ണ് എന്ന അർത്ഥമുണ്ട് ഭൂമിയുടെ എല്ലാ ഭാഗത്തുനിന്നും മണ്ണെടുത്ത് സൃഷ്ടിച്ചതിനാലാണ് ഈ പേര് വന്നത് റിപ്പോർട്ടുകളിൽ ഈ വിധത്തിലുള്ള വിവരണങ്ങൾ കാണാം

ചില പണ്ഡിതന്മാരുടെ വിവരണം ഇങ്ങനെ അദമത്ത് എന്ന പദത്തിൽ നിന്നാണ് ആദം ഉണ്ടായത് അദമത്ത് എന്നാൽ ഗോതമ്പ് വർണ്ണം


ആദം നബി (അ) ന്ന് ഗോതമ്പ് വർണ്ണമായിരുന്നു. ആദമിന്റെ രൂപം മനുഷ്യരൂപം മലക്കുകൾ ആ രൂപം കണ്ടു അതിശയത്തോടെ അവർ അല്ലാഹുവിനെ വാഴ്ത്തി.


ഇബ്‌ലീസിന്റെ അസൂയ


ഇബ്ലീസ് മലക്കുകളുടെ നേതാവായി വാഴുംകാലം. മലക്കുകളെപ്പോലെയല്ല ഇബ്ലീസ് ചിന്തിച്ചത് ആദമിന്റെ രൂപം കണ്ടു അസ്വസ്ഥനായി ഇതെന്തൊരു രൂപം?  എന്തിന്ന് ഇതിനെ സൃഷ്ടിച്ചു മനസ്സിൽ അസൂയ വളർന്നു ഈർഷ്യയുണ്ടായി ശത്രുതയോടെ ആദമിനെ നോക്കി .


ആദമിന്റെ രൂപം നോക്കിക്കാണുകയാണ് ഇബ്ലീസ്.

ആ മനുഷ്യരൂപത്തിനകത്ത് കയറിനോക്കണമെന്ന ആഗ്രഹം ജനിച്ചു അതിന്റെ വായിലൂടെ ഇബ്ലീസ് അകത്തു കടന്നു. എന്തെല്ലാം അത്ഭുതങ്ങൾ അല്ലാഹു എന്തെല്ലാം സംവിധാനിച്ചിരിക്കുന്നു. മാർവിടത്തിൽ ഇടത്തുഭാഗത്തായി ഒരു അറയുണ്ട്. അതെന്തിനാണെന്ന് മനസ്സിലായില്ല. പിന്നീട് ഇബ്ലീസ് പുറത്തുവന്നു.


മലക്കുകളോട് താൻകണ്ട കാര്യങ്ങൾ വിശദീകരിച്ചു എന്തൊക്കെയോ രഹസ്യങ്ങൾ ഇതിനകത്തുണ്ട് ആദമിന്റെ രൂപം കണ്ട് മലക്കുകൾക്ക് ഭയംതോന്നി.


ഇബ്ലീസ് ഇങ്ങനെ പ്രസ്താവിച്ചു ഇതിൽ പേടിക്കത്തക്കതായി ഒന്നുമില്ല ഇതിന്റെ ഉള്ള് പൊള്ളയാണ് ആദമിന്റെ ശരീരത്തിൽ ആത്മാവ് പ്രവേശിക്കാൻ കാലമായി. പരിശുദ്ധമയൊരു ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വരികയാണ് ശരീരത്തിൽ പ്രവേശിക്കാൻ കല്പന നൽകി ആത്മാവ് മടിച്ചു നിന്നു ശരീരത്തിനകത്ത് ഇരുട്ട് ആ ഇരുട്ടിലേക്ക് കടക്കാൻ റൂഹിന്ന് മടിതോന്നി. നീ അതിൽ പ്രവേശിക്കുക ശക്തമായ കല്പന വന്നു റൂഹ് ശരീരത്തിൽ പ്രവേശിച്ചു.


ആ സമയം ആദമിൽ നിന്ന് തുമ്മൽ വന്നു തുമ്മിക്കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ കല്പന പ്രകാരം ആദം പറഞ്ഞു അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ പറയപ്പെട്ടു യർഹകുമുല്ലാഹ് (അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ) ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം



പരിശുദ്ധ ലോകത്ത് നിന്ന് ആത്മാവിനെ കൊണ്ട് വന്നു ആദമിന്റെ ശരീരത്തിൽ പ്രവേശിക്കാൻ കല്പിച്ചു ശരീരത്തിനകം ഇരുട്ടറപോലെ തോന്നിച്ചു ആത്മാവും മടിച്ചു നിന്നു മുഹമ്മദ് നബി(സ)തങ്ങളുടെ പ്രകാശത്തെ ആദം നബിയുടെ നെറ്റിയിൽ പ്രവേശിപ്പിച്ചു. ആദമിന്റെ ശരീരമാകെ പ്രകാശമായിത്തീർന്നു. അപ്പോൾ റൂഹ് ശരീരത്തിൽ പ്രവേശിച്ചു.


റൂഹ് ആദ്യം പ്രവേശിച്ചത് തലച്ചോറിലായിരുന്നു. നൂറ് വർഷം വരെ അതവിടെ നിന്നു. പിന്നീട് റൂഹ് ആദമിന്റെ കണ്ണുകളിൽ പ്രവേശിച്ചു. അപ്പോൾ കാഴ്ച ശക്തി കിട്ടി. കണ്ണുതുറന്നു ചുറ്റും നോക്കി അർശിന്റെ കാലുകൾ കണ്ടു. അതിൽരേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു

ലാഇലാഹ ഇല്ല്ല്ലാഹു മുഹമ്മദ് റസൂലുല്ലാഹി.


ആദമിന്റെ കണ്ണുകൾ ആദ്യമായി കണ്ടത് ഈ അക്ഷരങ്ങളായിരുന്നു റൂഹ് കർണ്ണങ്ങളിൽ പ്രവേശിച്ചു.കേൾക്കാനുള്ള ശക്തി കിട്ടി അനുഗ്രഹീത ശബ്ദങ്ങൾ കേൾക്കുന്നു. റൂഹ് മുക്കിലേക്ക് കയറി പെട്ടെന്ന് തുമ്മൽ വന്നു തുമ്മിപ്പോയി തുമ്മിയപ്പോൾ ഇങ്ങനെ പറഞ്ഞു : അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പറയപ്പെട്ടു യർഹമുക റബ്ബുക യാ ആദം


ആദമേ നിന്റെ റബ്ബ് നിന്നെ അനുഗ്രഹിക്കട്ടെ റൂഹ് സഞ്ചരിച്ച സ്ഥലത്തെല്ലാം മാംസമുണ്ടായി തൊലികൊണ്ട് പൊതിയപ്പെട്ടു.

ഗ്രഹണശക്തിവന്നു അവയവങ്ങൾ ചലിക്കാൻ തുടങ്ങി റൂഹ് വയറ്റിലെത്തിയപ്പോൾ വിശപ്പൂണ്ടായി അല്ലാഹുവിന്റെ കല്പനയനുസരിച്ച് മലക്കുകൾ ആദമിന്ന് സലാം ചൊല്ലി. ആദം (അ) സലാം മടക്കി ആദമിന്റെ സൃഷ്ടിപ്പ് പൂർത്തിയായി. ഇനി വിജ്ഞാനം നൽകുകയാണ്


ആദം നബിയുടെ പഠനം


ആദം (അ) സംസാരം തുടങ്ങിയിട്ടില്ല, ഭാഷ പഠിച്ചിട്ടില്ല ഭാഷ പഠിക്കണം എന്നാൽ മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളൂ. ഭാഷകൾ പഠിക്കുന്ന രീതി എല്ലാവർക്കുമറിയാം. ആദ്യം പഠിക്കുന്നത് നാമങ്ങളാണ് നാമങ്ങൾ പഠിക്കാൻ ആദം  (അ) ഒരുങ്ങുകയാണ് അല്ലാഹുവാണ് പഠിപ്പിച്ചുകൊടുക്കുന്നത്


സൂറത്തുൽ ബഖറയിൽ ഇങ്ങിനെ കാണാം അല്ലാഹു ആദമിന്ന് സർവ്വ വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചുകൊടുത്തു അനന്തരം അവയെ മലക്കുകൾക്ക് കാണിച്ചു എന്നിട്ടവൻ പറഞ്ഞു നിങ്ങൾ ന്യായവാദികളാണെങ്കിൽ ഇവയുടെ നാമങ്ങൾ എന്നോട് പറയുക (2:31)


സർവ്വ വസ്തുക്കളുടെയും നാമങ്ങൾ ആദം (അ) പഠിച്ചു കഴിഞ്ഞു പിഞ്ഞാണവും കയിലും വരെ മലക്കുകളുടെ മുമ്പിൽ ഈ വസ്തുക്കൾ പ്രദർശിപ്പിച്ചു അവയുടെ പേര് പറയാൻ അല്ലാഹു ആവശ്യപ്പെട്ടു മലക്കുകൾക്ക് പേര് പറയാൻ കഴിഞ്ഞില്ല അല്ലാഹു അവർക്ക് അവയുടെ പേരുകൾ പഠിപ്പിച്ചിട്ടില്ല മലക്കുകൾക്ക് എന്താണോ പഠിപ്പിച്ചു കൊടുത്തിട്ടുള്ളത് അത് മാത്രമേ അവർക്കറിയുകയുള്ളൂ.

സ്വയം പഠിക്കുന്നില്ല പഠിച്ചാൽ ശരിയാവില്ല

അവർ അക്കാര്യം തുറന്നു പറയുന്നു.


വിശുദ്ധ ഖുർആൻ പറയുന്നു മലക്കുകൾ പറഞ്ഞു : നിന്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു നീ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതല്ലാതെ വേറെ യാതൊരു അറിവും ഞങ്ങൾക്കില്ല നിശ്ചയമായും സർവ്വജ്ഞനും യുക്തിമാനും നീ മാത്രമാകുന്നു (2:32) 


ഭൂമിയിൽ അല്ലാഹുവിന്റെ ഖലീഫയാണ് ആദം നബി (അ) ആ ഖലീഫക്ക് സകല വസ്തുക്കളുടെയും പേര് പഠിപ്പിച്ചു ഖലീഫയുടെ പദവി ഉയർത്തുകയാണ് .

സകല വസ്തുക്കളും മലക്കുകളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു അവയുടെ പേര് പറയാൻ മലക്കുകളോടാവശ്യപ്പെടുന്നു അവർക്ക് കഴിയുന്നില്ല അവരുടെ കഴിവുകേട് തുറന്നു സമ്മതിക്കുന്നു അപ്പോൾ ആദം (അ) നോട് അവയുടെ പേരുകൾ പറഞ്ഞു കൊടുക്കാൻ അല്ലാഹു ആവശ്യപ്പെടുന്നു ആദം (അ) എല്ലാ വസ്തുക്കളുടെയും പേര് പറഞ്ഞു കൊടുത്തു.


ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ചു സകല സന്താനങ്ങളെക്കുറിച്ചും ആവശ്യമായ വിവരണങ്ങളും നൽകിയിട്ടുണ്ട്. അപ്പോൾ അല്ലാഹു മലക്കുകളോട് പറഞ്ഞു : ആകാശത്തിലേയും ഭൂമിയിലേയും സകല അദൃശ്യകാര്യങ്ങളും ഞാനറിയുമെന്ന് ഞാൻ നിങ്ങളോട് നേരത്തെതന്നെ പറഞ്ഞിട്ടില്ലേ? നിങ്ങൾ വെളിവായിപ്പറയുന്നത് ഞാനറിയും. വെളിവായിപ്പറയാതെ ഒളിച്ചുവെക്കുന്നതും ഞാനറിയും.


വിശുദ്ധ ഖുർആൻ പറയുന്നു : അല്ലാഹു പറഞ്ഞു : ആദമേ അവർക്കു ഈ വസ്തുക്കളുടെ പേരുകളെപ്പറ്റി പറഞ്ഞുകൊടുക്കുക അങ്ങനെ ആദം അവയുടെ പേരുകളെപ്പറ്റി അവർക്കു പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു പറഞ്ഞു;  ഞാൻ നിങ്ങളോട് പറഞ്ഞില്ലേ നിശ്ചയമായും ഞാൻ ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങൾ അറിയുമെന്ന് ? നിങ്ങൾ വെളിവാക്കുന്നതും നിങ്ങൾ ഒളിച്ചുവെക്കുന്നതും ഞാൻ അറിയുന്നതാണ് (2:33)


നിങ്ങൾ ഒളിച്ചുവെക്കുന്നതും ഞാനറിയും എന്നു പറഞ്ഞത് ആരെപ്പറ്റിയാണ്

ഇബ്ലീസിനെ പറ്റിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട് അവൻ മനസ്സിൽ ചിലതൊക്കെ ഒളിച്ചു വെച്ചിരുന്നു .


ആദം (അ)നോടുള്ള വെറുപ്പും വിരോധവും അവൻ മനസ്സിൽ ഒളിച്ചുവെച്ചിരുന്നു. ആദമിനെ സൃഷ്ടിക്കാൻ എവിടെ നിന്നൊക്കെയാണ് മണ്ണ് എടുത്തതെന്ന് ജിബ്രീൽ (അ) എന്ന മലക്കിനോട് ഇബ്ലീസ് ചോദിച്ചു മനസ്സിലാക്കിയിരുന്നു .ആ സ്ഥലങ്ങളെല്ലാം പോയിനോക്കി തസ്ബീഹിന്റെ ശബ്ദം കേട്ടു. ഈ സൃഷ്ടി തന്നെക്കാൾ ശ്രഷ്ഠനാണെന്ന് ഇബ്ലീസിന്ന് തോന്നി.അത്കാരണം വെറുപ്പോടുകൂടിയാണ് ആദമിനെ നോക്കിയത്


മനസ്സിൽ അസൂയ വളർന്നു മനസ്സിൽ അണു അളവ് അസൂയയുള്ളവർ സ്വർഗ്ഗത്തിൽ കടക്കുകയില്ല ഇക്കാര്യങ്ങൾ ഇബ്ലീസ് തുറന്നു പറഞ്ഞില്ലെങ്കിലും അല്ലാഹുവിന് നന്നായറിയാം അസൂയയും അഹങ്കരാവും അവൻ മനസ്സിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.


സുജൂദ് അഥവാ ഒരു കീഴ് വണക്കം


അല്ലാഹു മലക്കുകളോട് ഇങ്ങനെ കല്പിച്ചു.


ആദമിന്ന് സുജൂദ് ചെയ്യുക അല്ലാഹുവിന്റെ കല്പനയാണ് ഉടനെ അനുസരിക്കുക അതാണ് മലക്കുകളുടെ രീതി. മലക്കുകൾ കൂട്ടത്തോടെ സുജൂദ് ചെയ്തു ഇബ്ലീസ് സുജൂദ് ചെയ്തില്ല കല്പന ലംഘിച്ചു നന്ദികെട്ടവനായി മാറി. ശപിക്കപ്പെട്ടവനായി ഇബ്ലീസിന്റെ പേര് കേട്ടാൽ എന്തുപറയണം ലഹ്നത്തുല്ലാഹി അലൈഹി അല്ലാഹുവിന്റെ ശാപം അവനിലുണ്ടാവട്ടെ അന്ത്യനാൾ വരെ ഈ ശാപവചനം തുടരും. ആദമിന്ന് സുജൂദ് ചെയ്യാൻ മടിച്ചതിന്റെ ആഘാതം.


വിശുദ്ധ ഖുർആൻ പറയുന്നു :

നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുക എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദർഭം ഓർക്കുക അപ്പോൾ ഇബ്ലീസ് ഒഴികെ മറ്റുള്ളവരെല്ലാം സുജൂദ് ചെയ്തു അവൻ വിസമ്മതിക്കുകയും അഹങ്കരിക്കുകയുമാണുണ്ടായത് അവൻ കാഫിരീങ്ങളിൽ പെട്ടവനായിരുന്നു (2:34)


സ്രഷ്ടാവായ അല്ലാഹു കല്പിച്ചാൽ ഉടനെ അനുസരിക്കണം ചിന്തിച്ചു നിൽക്കരുത് സംശയിക്കരുത് യുക്തി ചിന്തക്കൊന്നും നിൽക്കരുത് .

സുജൂദ് ചെയ്യാൻ കല്പിച്ചു സുജൂദ് ചെയ്തവരെല്ലാം അത് വഴി പുണ്യം നേടി യുക്തി നിരത്തിയ ഇബ്ലീസ് ശാപം വാങ്ങുകയും ചെയ്തു.


ഈ സുജൂദിനെപ്പറ്റി മഹാന്മാർ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധേയമാണ് സുജൂദ് ആദമിന്ന് തന്നെയായിരുന്നു. പക്ഷെ അത് ഇബാദത്തിന്റെ സുജൂദ് ആയിരുന്നില്ല ബഹുമാനത്തിന്റെയും ഉപചാരത്തിന്റെയും സുജൂദായിരുന്നു  സുജൂദ് അല്ലാഹുവിന്ന് തന്നെയായിരുന്നു .ആദം(അ)ഖിബലയായിരുന്നു.


സൂറത്ത് അഹ്റാഫിൽ അല്ലാഹു പറയുന്നു തീർച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു പിന്നീട് നിങ്ങളെ നാം രുപപ്പെടുത്തി പിന്നെ മലക്കുകളോട് നാം പറഞ്ഞു നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുവീൻ എന്നിട്ട് അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ സുജൂദ് ചെയ്തവരുടെ കൂട്ടത്തിൽ ആയിരുന്നില്ല  (7:11)



മനുഷ്യവർഗ്ഗത്തിന് അല്ലാഹു ചെയ്തുകൊടുത്ത വമ്പിച്ച അനുഗ്രഹങ്ങൾ ഓർമ്മപ്പെടുത്തിയ ശേഷം ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറച്ച് പറഞ്ഞതാണിത് .


ഭൂമി സൃഷ്ടിച്ചു മനുഷ്യജീവിതത്തിന് പാകപ്പെടുത്തികൊടുത്തു പലതരം ഉപജീവനമാർഗ്ഗങ്ങൾ നൽകി സന്തുഷ്ടരായി ജീവിക്കാൻ പാകത്തിൽ ഭൂമിയെ ആക്കിക്കൊടുത്തു എന്നിട്ടും നന്ദിയുള്ളവർ വളരെ കുറച്ചുമാത്രമേയുള്ളു


അല്ലാഹു പറയുന്നു : 

തീർച്ചയായും നാം നിങ്ങൾക്ക് ഭൂമിയിൽ സൗകര്യപ്പെടുത്തിത്തന്നിട്ടുണ്ട് അതിൽ നിങ്ങൾക്ക് നാം പലവിധ ഉപജീവന മാർഗ്ഗങ്ങൾ ഏർപ്പെടുത്തി തന്നിട്ടുണ്ട്  വളരെ കുറച്ചുമാത്രം നിങ്ങൾ നന്ദി ചെയ്യുന്നു  (7:10) 


യഥേഷ്ടം സഞ്ചരിക്കാനും പാർപ്പിടം നിർമ്മിക്കാനും, കൃഷി ചെയ്യാനും ജലസേചനം നടത്താനുമെല്ലാം ഭൂമിയിൽ സൗകര്യമുണ്ട് ഉപജീവന മാർഗ്ഗങ്ങൾ നിരവധിയാണ് വായുവും വെള്ളവും വെളിച്ചവും നൽകുന്നു ഇതെല്ലാമായിട്ടും മനുഷ്യൻ നന്ദി കാണിക്കുന്നില്ല .


ഇക്കാര്യം പറഞ്ഞശേഷം  മനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറച്ചു പറഞ്ഞു മനുഷ്യവർഗ്ഗത്തെ അല്ലാഹു അനുഗ്രഹിച്ചു ആദരിച്ചു മലക്കുകളുടെ സുജൂദ് ആദരവാണ് ഇബ്ലീസ് സുജൂദ് ചെയ്തില്ല അതിനെപ്പറ്റി സൂറത്ത് അഹ്റാഫിൽ പറയുന്നു


അല്ലാഹു ചോദിച്ചു : നിന്നോട് ഞാൻ കല്പിച്ചപ്പോൾ നീ സുജൂദ് ചെയ്യാതിരിക്കാൻ  (തക്കവണ്ണം) നിന്നെ തടസ്സപ്പെടുത്തിയതെന്താണ്? ഇബ്ലീസ് പറഞ്ഞു : ഞാൻ ആദമിനേക്കാൾ ഉത്തമനാകുന്നു എന്നെ നീ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു ആദമിനെ നീ മണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു  (7:12)


സുജൂദ് ചെയ്യുന്നതിൽ നിന്ന് ഇബ്ലീസിനെ തടഞ്ഞ വികാരം അതായിരുന്നു അഹങ്കാരം


എന്നെ അഗ്നിയിൽ നിന്നാണ് സൃഷ്ടിച്ചത് ആദമിനെ മണ്ണിൽ നിന്നും അതിനാൽ ഞാനാണ് കൂടുതൽ ഉത്തമൻ മലക്കുകൾ പ്രകാശത്താൽ സൃഷ്ടിക്കപ്പെട്ടവരാണ് അവർ സുജൂദ് ചെയ്തു അഗ്നിയിൽ സൃഷ്ടിക്കപ്പെട്ട ഇബ്ലീസ് മാറിനിന്നു.


മനുഷ്യരുടെയും ജിന്നുകളുടെയും ഉല്പത്തിയെക്കുറിച്ച് സൂറത്ത് ഹിജ്റിയൽ പറയുന്നുണ്ട് ആദമിനെ സൃഷ്ടിച്ച മണ്ണിനെക്കുറിച്ച് പലവിധത്തിൽ പരാമർശം കാണാം മണ്ണ്, കളിമണ്ണ്, ഒട്ടുന്ന പശിമയുള്ള കളിമണ്ണ്,  ചൂളമണ്ണ്പോലെ ചിലപ്പുള്ള മണ്ണ്.ജിന്നിനെ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു ജിന്നിനെ അഗ്നിയുടെ ജ്വാലയിൽ നിന്ന് സൃഷ്ടിച്ചു എന്നിങ്ങനെയും കാണാം.


സൂറത്ത് ഹിജ്റിൽ അല്ലാഹു പറയുന്നു തീർച്ചയായും പാകപ്പെടുത്തപ്പെട്ട കളിമണ്ണിൽ നിന്ന് ചിലപ്പുണ്ടാകുന്ന മണ്ണിനാൽ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു  (15:26)


വലഖദ് ഖലഖ്നൽ ഇർസാന മിൻ സ്വൽസ്വാലിൻ മിൻ ഹമഇൻ മസ്നൂൻ

ഈ വചനത്തിലെ മൂന്നു പദങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം സ്വൽസ്വാൽ, ഹമഇൻ,മസ്നൂൻ

മനുഷ്യനെ സൃഷ്ടിച്ച മണ്ണിനെക്കുറിച്ചാണ് ഈ പദങ്ങൾ പ്രയോഗിച്ചത്


സ്വൽസ്വാൽ=ചിലചിലപ്പുള്ള മണ്ണ്

ഹമഹ്= കളിമണ്ണ്, ചളിമണ്ണ്

മസ്നൂൻ= മൂശപിടിച്ച് പാകപ്പെടുത്തപ്പെട്ട മണ്ണ്,  പശിമ പിടിച്ചമണ്ണ് 


സുദീർഘമായ കാലഘട്ടം കടന്നുപോയപ്പോൾ മണ്ണിന് പലമാറ്റങ്ങളും വന്നു പല ഗുണങ്ങളുണ്ടായി പഴകി പഴക്കത്തിന്റെ മണം വന്ന മണ്ണ് എന്നും വ്യാഖ്യനമുണ്ട് .


ആദ്യമനുഷ്യനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു ആദ്യ ജിന്നിനെ അഗ്നിയിൽ നിന്ന് സൃഷ്ടിച്ചു. മനുഷ്യനുമുമ്പുതന്നെ ജിന്ന് സൃഷ്ടിക്കപ്പെട്ടു എന്നും മനസ്സിലാക്കാം.


വൽജാന്ന ഖലഖ്നാഹു മിൻ ഖബ്ലുമിന്നാരിസ്സമൂം

ജാന്ന =ജിന്നുകൾ ഖലഖ്നാഹു :നാം അവനെ സൃഷ്ടിച്ചു

മിൻഖബ് ലു :നേരത്തെ, മുമ്പെ

മിന്നാരി :അഗ്നിയിൽ നിന്ന്

സാമൂം: അത്യുഷ്ണമുള്ള


അല്ലാഹു പറയുന്നു നിന്റെ റബ്ബ് മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക പാകപ്പെടുത്തപ്പെട്ട കളിമണ്ണിൽ നിന്നും ചിലപ്പുണ്ടാക്കുന്ന മണ്ണിനാൽ ഞാൻ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ് (15:28)


ആദ്യമനുഷ്യന്റെ സൃഷ്ടിപ്പിനെക്കുറിച്ചു മലക്കുകൾക്ക് അല്ലാഹു വിവരിച്ചുകൊടുക്കുന്ന ഭാഗമാണിത് മണ്ണിന്റെ ഗുണവിശേഷങ്ങൾ അത് മനുഷ്യസ്വഭാവമായി മാറുകയാണ്.


അല്ലാഹു മലക്കുകളോട് ഇങ്ങനെ കല്പിച്ചു അങ്ങനെ ഞാൻ അവനെ ശരിപ്പെടുത്തുകയും എന്റെ ആത്മാവിൽ നിന്നും ഞാൻ ഊതുകയും ചെയ്താൽ അപ്പോൾ നിങ്ങൾ അവന്ന് സുജൂദ് ചെയ്യുന്പവരായി വീഴുവീൻ (15:29) 


എന്നിട്ട് മലക്കുകൾ മുഴുവാനായും സുജൂദ് ചെയ്തു  (15:30)

ഇബ്ലീസ് ഒഴികെ അവൻ സുജൂദ് ചെയ്തവരോടൊപ്പം ആയിരുക്കുവാൻ വിസമ്മതിച്ചു  (15:31)


ഇബ്ലീസ് സുജൂദ് ചെയ്തില്ല സുജൂദ് ചെയ്തവരോടൊപ്പം ചേർന്നില്ല.


ആദം (അ) അവർകളുടെ ചരിത്രം പറയുമ്പോൾ ശപിക്കപ്പെട്ട ഇബ്ലിസിനെപ്പറ്റിയും ധാരാളമായി പറയേണ്ടി വരും .

മനുഷ്യവർഗ്ഗത്തിന്റെ പിതാവ് ആദം(അ)ആകുന്നു ജിന്ന് വർഗ്ഗത്തിന്റെ പിതാവ് ഇബ്ലീസ് ആകുന്നു.


ഈ വിധത്തിൽ റിപ്പോർട്ടുകൾ കാണുന്നു

ഇബ്ലീസ് മലക്കുകളിൽ പെട്ടവനാണെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട് ഇബ്ലീസ് ജിന്നാണെന്ന് പറഞ്ഞവർ ഏറെയാണ് ഇരുകൂട്ടരും തെളിവുകൾ നിരത്തുന്നുണ്ട്


ഇബ്ലീസ് മലക്കായിരുന്നു പാപം ചെയ്തപ്പോൾ അവസ്ഥമാറി ജിന്നായിമാറി എന്നാണ് അഭിപ്രായം. ചില മലക്കുകളെ ജിന്നുകളായി മാറ്റപ്പെടുന്നു. അതിനുശേഷം അവരിൽ സന്താനോൽപ്പാദനം നടക്കുന്നു എന്ന് പറഞ്ഞവരുണ്ട്.


ആദം (അ) ന്റെ കൂടെ ഇബ്ലീസ് ഉണ്ടായിരുന്നു. ആദം (അ)ന്റെ സന്താനപരമ്പരയാണ് മനുഷ്യവർഗ്ഗം ഓരോ മനുഷ്യപുത്രന്റെയും കൂടെ ഇബ്ലീസ് ഉണ്ട് ആ വർഗ്ഗത്തിന്റെ പ്രത്യക്ഷശത്രുവാണവൻ .


ഇബ്ലീസിനെക്കുറിച്ച് ളഹാക്ക് (റ) ഇബ്നു അബ്ബാസ്  (റ) വിൽ നിന്നുദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം :

ജിന്നുകൾ ഭൂമിയിൽ കലാപമുണ്ടാക്കി രക്തം ചിന്തി അപ്പോൾ അവരെ അടിച്ചമർത്താൻ അല്ലാഹു ഇബ്ലീസിനെ നിയോഗിച്ചു മലക്കുകളുടെ ഒരു സൈന്യവുമായി ഇബ്ലീസ് ഭൂമിയിലിറങ്ങി ജിന്നുകളിൽ പലരേയും കൊന്നൊടുക്കി അവശേഷിച്ചവരെ അഗാധ സമുദ്രത്തിലെ ദ്വീപുകളിലേക്ക് നാട് കടത്തി.


മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) റിപ്പോർട്ട് ചെയ്യുന്നു :

പാപം ചെയ്യുന്നതിന് മുമ്പ് ഇബ്ലീസിന്റെ പേര് അസാസിൽ എന്നായിരുന്നു പാണ്ഡിത്യത്തിലും ആരാധനയിലും മറ്റാരെക്കാളും മുന്നിട്ടു നിന്നിരുന്നു


ഇബ്നു അബീ ഹാതീം (റ) റിപ്പോർട്ട് ചെയ്യുന്നു : അസാസിൽ എന്നായിരുന്നു പേര് മലക്കുകളിൽ സമുന്നത പദവിയുള്ളവരിൽ ഒരാളായിരുന്നു ചില റിപ്പോർട്ടുകളിൽ കാണുന്നത് മലക്കുകളിലെ ഉന്നത ഗോത്രത്തിൽപ്പെട്ട ആളായിരുന്നു ഇബ്ലീസ് ദുനിയാവിനോടടുത്ത ആകാശത്തിന്റെ കാവൽക്കാരനായിരുന്നു ഭൂമിയുടെ അധികാരിയായിരുന്നു.


സഈദുബ്നു മുഅയ്യബ്(റ) പറയുന്നു : ഇബ്ലീസ് ദുൻയാവിന്റെ ആകാശത്തിലെ മലക്കുകളുടെ നേതാവായിരുന്നു ഇബ്ലീസിന്റെ പദവികൾ കാണിക്കുന്ന ധാരാളം റിപ്പോർട്ടുകളുണ്ട് അവന്ന് ഒരുപദവിയും ഫലപ്പെട്ടില്ല

അല്ലാഹു ആദരിച്ചവരെ ആദരിക്കണം ആദം (അ)നെ ഇബ്ലീസ് ആദരിച്ചില്ല അത് കാരണം അല്ലാഹു അവനെ ശപിച്ചു ഇറിങ്ങിപ്പോവാൻ കല്പിച്ചു നിന്ദ്യനും നിസ്സാരനുമായി ഇറിങ്ങിപ്പോവാൻ കല്പിച്ചു അപ്പോഴും അവൻ പശ്ചാത്തപിച്ചില്ല ആദമിനോടുള്ള കോപവും അസൂയയും മനസ്സിൽ നിറഞ്ഞു ആദം സന്തതികളെ വഴിപിഴപ്പിക്കും അതാണെന്റെ ജീവിത ലക്ഷ്യം

ഖിയാമം നാളിൽ ഒന്നാമത്തെ കാഹളത്തിൽ ഊതപ്പെടും അപ്പോൾ എല്ലാ ജീവജാലങ്ങളും നശിക്കും അക്കാലം വരെ തന്റെ ആയുസ്സു നീട്ടിത്തരണമെന്ന് ഇബ്ലീസ് ആവശ്യപ്പെട്ടു ആ ആവശ്യം അല്ലാഹു അംഗീകരിച്ചുകൊടുത്തു .


മനുഷ്യശരീരത്തിനകത്തും പുറത്തും ഇബ്ലീസ് സഞ്ചരിക്കും മനുഷ്യനെ വഴിപിഴപ്പിക്കും.


സൂർത്തു അഹ്റാഫിൽ ഇങ്ങനെ കാണാം അല്ലാഹു പറഞ്ഞു : എന്നാൽ ഇതിൽ നിന്ന് നീ ഇറങ്ങിപ്പോവുക കാരണം ഇതിൽ വെച്ച് അഹംഭാവം നടിക്കുവാൻ നിനക്ക് പാടില്ല പുറത്ത്പോവുക നീ നിസ്സാരന്മാരിൽ പെട്ടവനാകുന്നു (7:13)


സ്വർഗ്ഗത്തിൽ നിന്ന് പുറത്ത് പോവുക ആകാശത്തിൽ നിന്ന് പുറത്ത് പോവുക മലക്കുകളുടെ കൂട്ടത്തിൽ നിന്ന് പുറത്ത് പോവുക എല്ലാ പദവികളും നഷ്ടപ്പെട്ടു നിസ്സാരനായി നിന്ദ്യനായി എല്ലാം നഷ്ടപ്പെട്ടപ്പോഴും പ്രതികാര ചിന്തയാണ് ഇബ്ലീസിന്റെ മനസ്സിൽ നിറഞ്ഞു നിന്നത് പശ്ചാത്താപമില്ല


സൂറത്ത് അഹ്റാഫിൽ ഇങ്ങിനെ കാണാം 

ഇബ്ലീസ് പറഞ്ഞു : മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ ഒഴിവ് നൽകേണമേ (7:14)


അല്ലാഹു പറഞ്ഞു : നിശ്ചയമായും നീ ഒഴിവ് നൽകപ്പെട്ടവരിൽ പെട്ടവനാകുന്നു  (7:15)


പുനരുത്ഥാന ദിവസംവരെ ആയുസ്സുനീട്ടിക്കൊടുക്കാൻ ഇബ്ലീസ് ആവശ്യപ്പെട്ടു കാഹളത്തിലെ ഒന്നാം ഊതൽവരെ അവന്റെ ആയുസ്സ് നീട്ടികൊടുത്തു മനുഷ്യന്റെ മുമ്പിലുള്ള ഒരു പ്രതികൂല ശക്തിയാണ് ഇബ്ലീസ് ആത്മീയതയിലേക്കുള്ള മനുഷ്യമുന്നേറ്റത്തിന്റെ തടസ്സമാണ് ഇബ്ലീസും ശൈത്വാൻമാരും അവരെ സമരം ചെയ്തു തോൽപിച്ചു മുന്നേറണം അപ്പോഴാണ് വിജയത്തിന്റെ മധുരം അനുഭവിക്കുക



ഇബ്ലീസ് ജിന്നുകളുടെ പിതാവല്ല എന്ന അഭിപ്രായവും നിലവിലുണ്ട് ജിന്നുകളുടെ പിതാവിന്റെ പേര് ജാത് എന്നാണത്രെ ജാനിന്റെ പുത്രന്മാരിൽ ഒരാളാണത്രെ ഇബ്ലീസ്.


ഒരു ജിന്ന് സ്ത്രീയെ ഇബ്ലീസ് വിവാഹം ചെയ്തു ഇതിലുണ്ടായ മക്കളെ ശൈത്വാൻമാർ എന്നു വിളിക്കുന്നു ആ നിലക്ക് ശൈത്വാന്മാരുടെ പിതാവാണ് ഇബ്ലീസ് എന്നു പറയാം ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞു ആദം കാരണം ഞാൻ നാശത്തിലായി എന്റെ സ്ഥാനമാനങ്ങളെല്ലാം നഷ്ടപ്പെട്ടു ഞാൻ വഴികേടിലായി ആദമിന്റെ സന്താനപരമ്പരയെ ഞാൻ വഴികേടിലാക്കും അവർ സഞ്ചരിക്കുന്ന വഴികളിലെല്ലാം ഞാനവരെ കാത്തിരിക്കും അവരുടെ മനസ്സിൽ ഞാൻ ദുഷിച്ച ചിന്തകൾ നിറയ്ക്കും തെറ്റുകൾ ചെയ്യാൻ ഞാനവരെ പ്രേരിപ്പിക്കും നീചകാര്യങ്ങൾ ഭംഗിയായി തോന്നിപ്പിക്കും മനുഷ്യ വർഗ്ഗത്തിൽ ബഹുഭൂരിഭാഗത്തെയും ഞാൻ വഴികേടിലാക്കുക തന്നെ ചെയ്യും.


സൂറത്ത് അഹ്റാഫിൽ ഇങ്ങിനെ കാണാം 

ഇബ്ലീസ് പറഞ്ഞു : എന്നാൽ നീ എന്നെ വഴിപിഴവിൽ ആക്കിയിരിക്കയാൽ തീർച്ചയായും നിന്റെ ചൊവ്വയെ പാതിയിൽ ഞാൻ അവർക്കായി കാത്തിരിക്കുക തന്നെ ചെയ്യും  (7:16)


ധിക്കാരത്തിന്റെ ഭാഷയിൽ ഇബ്ലീസ് തുടർന്നു മനുഷ്യരുടെ മുമ്പിലൂടെയും പിന്നിലൂടെയും ഞാൻ വരും അവരുടെ ഇടതുഭാഗത്തുകൂടെയും വലതുഭാഗത്തു കൂടെയും ഞാൻ വരും ഞാൻ പറയുന്നവർ കേൾക്കും അനുസരിക്കും അവരിലധികപേരും നിനക്ക് നന്ദികാണിക്കുകയില്ല നന്ദികെട്ടവരായി നിനക്കവരെ കാണാം മനുഷ്യരെ വഴിപിഴപ്പിക്കാൻ കഴിയുമെന്ന കാര്യത്തിൽ അവന്ന് നല്ല വിശ്വാസണ്ട്.


വിശുദ്ധ ഖുർആൻ പറയുന്നു 

(ഇബ്ലീസ് പറഞ്ഞു ) അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലഭാഗത്തു നിന്നും ഇടത് ഭാഗത്ത് നിന്നും ഞാനവരുടെ സമീപം ചെല്ലുക തന്നെ ചെയ്യും അവരിൽ അധികപേരും നന്ദികാണിക്കുന്നവരായി നീ കണ്ടെത്തുന്നതുമല്ല (7:17)


അല്ലാഹുവിനോടാണ് വീരവാദം മുഴക്കിയത് ഏത് ഹീനമാർഗ്ഗം ഉപയോഗിച്ചും മനുഷ്യരെ വഞ്ചിക്കുമെന്നാണ് ഇബ്ലീസ് വദിച്ചത്

സൂറത്തുൽ ഹിജറിലെ വചനങ്ങൾ നോക്കാം


അല്ലാഹു പറഞ്ഞു : എന്നാൽ നീ ഇവിടെ നിന്ന് പുറത്ത് പോവുക നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു (15:34)


ഖാല ഫഖ്റുജ് മിൻഹാ ഫഇന്നക്ക റജീം 

നിശ്ചയമായും നിന്റെ മേൽ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപമുണ്ടായിരിക്കും (15:35)


ഇബ്ലീസ് പറഞ്ഞു : എന്റെ റബ്ബേ എന്നാൽ മനുഷ്യർ എഴുന്നേൽപ്പിക്കപ്പെടുന്ന പുനരുത്ഥാന ദിവസം വരെ നീ എനിക്ക് താമസം തൽകേണമേ (15:36)

അല്ലാഹു പറഞ്ഞു : എന്നാൽ നീ താമസം നൽകപ്പെട്ടവരിൽ പെട്ടവൻ തന്നെ  (15:37)


അറിയപ്പെട്ട നിശ്ചിതസമയത്തിന്റെ ദിവസംവരെ(15:38)


അന്ത്യനാൾ വരെ ഇബ്ലിസിന്ന് സമയം നീട്ടിക്കൊടുത്തു പുനരുത്ഥാനം വരെ കിട്ടിയില്ല അന്ത്യനാൾവരെയുള്ളവരെ വഴപിഴപ്പിക്കാൻ ശ്രമിക്കാം .


വിശുദ്ധ ഖുർആൻ പറയുന്നു


ഇബ്ലീസ് പറഞ്ഞു : എന്റെ റബ്ബേ നീ എന്നെ വഴികേടിലാക്കിയതിനാൽ തീർച്ചയായും ഭൂമിയിൽ അവർക്ക് ഞാൻ പാപങ്ങളെ ഭംഗിയാക്കി കാണിക്കുകയും അവരെ മുഴുവൻ ഞാൻ വഴികേടിലാക്കുകയും തന്നെ ചെയ്യും  (15:39)


എല്ലാവരെയും വഴികേടിലാക്കുമെന്ന് ഇബ്ലീസ് പറഞ്ഞു പിന്നെ ഇങ്ങനെ തിരുത്തി


നിന്റെ നിഷ്കളങ്കരായ അടിയാൻമാരെ ഒഴികെ സർവ്വകാര്യങ്ങളും അല്ലാഹുവിൽ ഭാരമേല്പിച്ച സത്യവിശ്വാസികളുടെ ഒരു സംഘം ഭൂമിലുണ്ടാവും അവരെ വഴിപിഴപ്പിക്കാൻ കഴിയില്ല അവരുടെ മുമ്പിൽ ഇബ്ലീസ് വിജയിക്കില്ല വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം 

(ഇബ്ലീസ് പറഞ്ഞു ) അവരിൽ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിമകളൊഴികെ (15:40)


അല്ലാഹു പറഞ്ഞു : ഇത് എന്റെ മേൽ ബാധ്യസ്ഥമായ ചൊവ്വായമാർഗ്ഗമാകുന്നു (15:41)


എന്റെ നിഷ്കളങ്കരായ അടിമകളെ നിനക്കുവഴിപിഴപ്പിക്കാനാവില്ല അവരെ ഞാൻ കാത്തു രക്ഷിക്കും അതെന്റെ ബാധ്യതയാണ് അല്ലാഹു വീണ്ടും പറയുന്നു : തീർച്ചയായും എന്റെ അടിമകൾ അവരുടെ മേൽ നിനക്ക് യാതൊരു അധികാര ശക്തിയുമില്ല നിന്നെ പിൻപറ്റുന്ന വഴികെട്ടവരൊഴികെ (15:42)


ഇബ്ലീസിന്നും അവനെ പിൻപറ്റുന്നവർക്കും പരലോകത്ത് താമസിക്കാനുള്ള ഭവനം ഏത്?


ജഹന്നം എന്ന നരകം വിശുദ്ധ ഖുർആൻ പറയുന്നു :

നിശ്ചയമായും ജഹന്നം അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനമാകുന്നു (15:43)


ഇബ്ലീസിന്റെ പ്രേരണകൊണ്ട് മനുഷ്യർ പലതരം പാപങ്ങൾ ചെയ്യും എല്ലാ പാപങ്ങളും ഒരു പോലെയല്ല ചിലർ മനുഷ്യരെ വധിക്കും അത്കൊടും പാപമാണ് അല്ലാഹുവിൽ പങ്ക്കരെ കല്പിക്കും അത് ശിർക്കാണ് വൻപാപം അഹങ്കാരം ,അസൂയ, നുണപറയൽ, എല്ലാം തെറ്റുകൾ തന്നെ പാപത്തിന്റെ കടുപ്പമനുസരിച്ച് പലതരം ശിക്ഷകൾ നൽകും പലനരകങ്ങൾ അതിലേക്ക് പല വാതിലുകൾ


വിശുദ്ധ ഖുർആൻ വചനത്തിൽ ഏഴ് നരകവാതിലുകളെക്കുറിച്ച് പരാമർശിക്കുന്നത് നോക്കൂ :


നരകത്തിന് ഏഴ് വാതിലുകളുണ്ട് എല്ലാ ഓരോ വാതിലിന്നും അവരിൽ നിന്ന് വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം ആളുകൾ ഉണ്ടായിരിക്കും (15:44)


എല്ലാ വാതിലിലൂടെയും ആളുകൾ കടന്നുവരാനുണ്ടാവും ഒന്നും വെറുതെയാവില്ല അതികഠിനമായ ശിക്ഷയാണ് അവർ അനുഭവിക്കുക ഇബ്ലീസിനെ പിൻപറ്റിയവർ ഏറ്റവും വലിയ നിർഭാഗ്യവാന്മാരാകുന്നു ദുനിയാവിന്റെ വഞ്ചനയിൽ പെട്ടവരാണവർ സൂറത്തുൽ അൽകഹ്ഫിലെ ഒരു വചനം കാണുക :



ഓർക്കുക നാം മലക്കുകളോട് നിങ്ങൾ ആദമിന്ന് സുജൂദ് ചെയ്യുവീൻ എന്നു പറഞ്ഞപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ ജിന്ന് വർഗ്ഗത്തിൽ പെട്ടവനായിരുന്നു അതിനാൽ അവൻ തന്റെ റബ്ബിന്റെ കല്പനയെ ധിക്കരിച്ചു എന്നിരിക്കെ നിങ്ങൾ എന്നെ വിട്ട് അവനെയും അവന്റെ സന്തതികളെയും കാര്യകർത്താക്കളാക്കുന്നുവോ? അവർ നിങ്ങൾക്ക് ശത്രുക്കളുമാകുന്നു അക്രമികൾക്ക് സ്വീകരിക്കുവാൻ പകരം കിട്ടിയത് വളരെ മോശം തന്നെ  (18:50)

ആദം നബി (അ) ചരിത്രം ഭാഗം 1


Solved Queries
adam nabi, adam nabi kabar, adam nabi age, adam nabi footprint, adam nabi kabar place, adam nabi story, adam nabi qabar, adam nabi history in malayalam, adam nabi height, adam nabi atau rasul, adam nabi alaihissalam, adam kisah nabi adam, adam nabi born day, adam nabi birth date, adam nabi born day malayalam, adam nabi charithram, adam nabi charithram malayalam, adam nabi charithram malayalam pdf, adam nabi story malayalam, adam nabi story malayalam pdf, adam nabi charithram malayalam, adam nabi history in malayalam, adam nabi charithram, adam nabi history, adam nabi story in malayalam

You may like these posts