ഭാര്യഭർത്താക്കന്മാർക്കിടയിലെ ഇണക്കം  Couples Love In Islam Malayalam

ഭാര്യഭർത്താക്കന്മാർക്കിടയിലെ ഇണക്കം Couples Love In Islam Malayalam

ഭാര്യഭർത്താക്കന്മാർക്കിടയിലെ ഇണക്കം
മുത്ത് നബിﷺഎന്നൊടൽപ്പം വെള്ളം ചോദിച്ചു.പെട്ടന്ന് തന്നെ വെള്ളവുമായി തിരു സമക്ഷത്തിലെക്ക് ഞാനെത്തി.കുടിക്കുന്നതിനിടയിൽ അതിലൊരു മുടി കണ്ടു. നാണക്കേട് കൊണ്ടു പരുങ്ങിപ്പോയ എന്റെ നേരേ മുടി ഉയർത്തി കാണിച്ചു കൊണ്ടു പുന്നാര നബിﷺ ദുആ ചെയ്തു:നാഥാ ഇയാൾക്കു നീ സൗന്ദര്യം നൽകേണമേ..
കാലങ്ങൾ കഴിഞ്ഞു മുത്ത് നബിﷺയുടെ പ്രാർത്ഥന ജീവിതത്തിൽ നന്നായി അനുഭവിച്ചു തൊണ്ണൂറ്റി മൂന്നു വയസുവരെ ജീവിച്ചെങ്കിലും ഉമർബിൻ അഖ്തബ്(റ)ന്റെ ഒരു മുടി പോലും നരച്ചില്ല. 
(തിർമുദി)

ഭക്ഷണത്തിൽ മുടി വീണെന്ന ഒറ്റക്കാരണത്താൽ ഭാര്യമാരുമായി കലഹിക്കുന്ന എത്ര പേർ നമുക്കിടയിലുണ്ട്.
സൈക്കോളജി പറയാൻ സുഖമാണ്. അത് ജീവിച്ചു കാണിക്കാനാണ് പ്രയാസം. അവിടെയാണ് പുണ്യ റസൂൽﷺ പ്രസക്തമാകുന്നത്.ഭാര്യമാരോട് സ്നേഹത്തിൽ പെരുമാറണം.എപ്പോഴും കുറ്റങ്ങൾ കണ്ടെത്താൻ മാത്രമായി നിൽക്കരുത്. നല്ലതു ചെയ്താൽ പ്രശംസിക്കണം.കുറവുകൾ കണ്ണടച്ചു കളയണം. അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കണം. സൃഷ്ടികളിൽ ഉന്നതരായ തിരുനബിﷺവരെ വീട്ടുജോലികളിൽ ഭാര്യമാരെ സഹായിച്ചിരുന്നു. തന്റെ വസ്ത്രവും ചെരുപ്പുമൊക്കെ സ്വന്തമായി തന്നെ വൃത്തിയാക്കി. വസ്ത്രം കഴുകി തരാത്തതിലും ഭക്ഷണത്തിന് രുചി കുറഞ്ഞതിലും അവരെ ആക്ഷേപിക്കരുത്. നൂറുകൂട്ടം കാര്യങ്ങൾക്കിടയിലും നമുക്കുള്ളത് ചെയ്തു തരുന്നത് അവരുടെ ഔദാര്യം കൊണ്ടാണെന്ന് മനസ്സിലാക്കുക. 
മുത്ത്നബിﷺപറഞ്ഞു:നിങ്ങളിൽ ഉത്തമർ വീട്ടുകാരോട് നന്നായി പെരുമാറുന്നവരാണ്. ഞാൻ വീട്ടുകാരോട് നന്നായി പെരുമാറുന്നയാളാണ്.

ഉമ്മ/മറ്റാരെങ്കിലും പറയുന്നത് കേട്ട് ഭാര്യയുമായി വഴക്കിടാനോ പെണ്ണിന്റെ തലയിണമന്ത്രം ഉമ്മയുടെ മനസ്സ് നോവിക്കാനോ ഇടവരരുത്. ചുരുക്കത്തിൽ രണ്ടു പേരെയും ഉൾക്കൊള്ളാനാകണം. പരസ്പരം തുറന്നു പറയാനും വിട്ടുവീഴ്ച ചെയ്യാനും ഇണകൾ മനസു കാണിക്കണം നിങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മറ്റുള്ളവർ ഇടപെടാതെ തന്നെ പരിഹരിക്കാൻ പരമാവധി ശ്രദ്ധിക്കുക.ഭാര്യയെ ആവശ്യാനുസരണം മസ്അലകൾ പഠിപ്പിക്കുകയും ഉപദേശിക്കുകയും വേണം. സന്തോഷത്തിലും സന്താപത്തിലും ഒപ്പം നിൽക്കണം.
ഇമാം ശഅറാനി(റ)തന്റെ
അനുഭവം പങ്കുവെക്കുന്നു: എന്റെ പ്രിയതമക്കു രോഗമായി ബാത്ത്റൂമിൽ പോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ അവളുടെ മലവും മൂത്രവുമൊക്കെ ഞാൻ വൃത്തിയാക്കി കൊടുത്തു.അതിലെനിക്കൊരു മടിയോ വെറുപ്പോ ഉണ്ടായില്ല. എനിക്ക് രോഗമായപ്പോൾ അവളും ഒരുപാട് സേവനങ്ങൾ ചെയ്തു തന്നിട്ടുണ്ട്. നന്മയ്ക്കു പകരം നന്മ യാണല്ലോ വേണ്ടത്. 
(തുഹ്ഫത്തുൽ ഇബാദ് 74)

അതേസമയം ഭാര്യയ്ക്ക് ഭർത്താവിനോടുള്ള ബാധ്യതകളും ഏറെയുണ്ട്.
നബി പറഞ്ഞു: ആർക്കെങ്കിലും സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമാ യിരുന്നെങ്കിൽ ഭാര്യ തന്റെ ഭർത്താവിനു ചെയ്യാൻ പറയുമായിരുന്നു. അത്രമാത്രം ബാധ്യത ഭാര്യക്ക് ഭർത്താവിനോട് ഉണ്ടെന്ന് സാരം.
മറ്റൊരു ഹദീസിൽ കാണാം: എനിക്ക് നരകം വെളിവാക്കപ്പെട്ടു അതിലധികവും സ്ത്രീകളെയാണ് കണ്ടത്. ഇത് കേട്ട് ഞങ്ങൾ(സ്വഹാബികൾ) ചോദിച്ചു എന്താണ് നബിയെ അങ്ങനെ? 
അവിടുന്നു പറഞ്ഞു അവർ അധികമായി ശപിക്കുന്നതും ഭർത്താവിനെ അനുസരിക്കാത്തതുമാണ് കാരണം.
(ഇഹിയ ഉലൂമുദ്ധീൻ 3/76)

ഭാര്യയുടെ സമീപനവും സംസാരവും ഭർത്താവിനെ സന്തോഷിപ്പിക്കുന്ന രൂപത്തിലാകണം.
ഒരു ഹദീസ് കൂടി പറഞ്ഞു നിർത്താം. 
മുത്ത് നബിയോട് ചോദിച്ചു ആരാണ് സ്ത്രീകളിൽ ഉത്തമർ? 
അവിടുന്ന് മൊഴിഞ്ഞു: അവൻ നോക്കിയാൽ അവൾ സന്തോഷിപ്പിക്കും കൽപ്പിച്ചാൽ വഴിപ്പെടും. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അവനിഷ്ടമില്ലാത്തത് ചെയ്യില്ല.
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഇസ്‌യൂബി(റ) എഴുതുന്നു: ബാഹ്യമായും സ്വഭാവഗുണങ്ങൾ കൊണ്ട് ആന്തരികമായും അവൾ ഭംഗിയാകണം.ദീനി വിരുദ്ധ കാര്യങ്ങൾ കല്പിച്ചാൽ വഴിപ്പെടരുത്. ശരീരം മറ്റൊരാൾക്ക്‌ തെറ്റിനു പ്രചോദനമാകും വിധം സൗകര്യപ്പെടുത്തി കൊടുക്കാതെ ശ്രദ്ധിക്കണം. സമ്പത്ത് ഹലാലായ മാർഗത്തിൽ വിനിയോഗിക്കുകയും വേണം.
(ദഖീറത്തുൽ ഉഖ്‌ബ 25/113)

മുഹമ്മദ്‌റാശിദ് ജൗഹരി, അയത്തിൽ

Solved Queries
ഇണകൾക്കിടയിലെ ഇണക്കം
Bharya bharthakanmarkidayile inakkam islamil
Couples love in islam
Malayalam 

You may like these posts