ഈസാ നബി (അ) ചരിത്രം ഭാഗം 1 | Eesa nabi(A.S) history part 1 | islamic prophet history | Jesus in Islam
ഈസാ നബി (അ) ചരിത്രം
ഇസ്രാഈല്യരിലേക്ക് ഒട്ടനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ നബിയാണ് ഈസാ (അ)...
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളർന്നു വികസിച്ച കാലം. വൈദ്യ
ശാസ്ത്രത്തെ വെല്ലുവിളിച്ച സംഭവങ്ങളാണ് പിന്നെ നടന്നത്.
അല്ലാഹു ﷻ ഇറക്കിയ വേദ ഗ്രന്ഥങ്ങളാണ് തൗറാത്തും ഇഞ്ചീലും.
അവ രണ്ടിലേക്കുമാണ് ഈസാ (അ) ഇസാഈല്യരെ ക്ഷണിച്ചത്.
വളരെ ക്രൂരമായിട്ടാണവർ പ്രതികരിച്ചത്. ഈസാ (അ) ൽ വിശ്വസിച്ചത് സാധാരണക്കാരായ തൊഴിലാളികൾ. ഇവർ പ്രശംസിക്കപ്പെട്ട വിഭാഗമാണ്.
ഈസാ (അ) നെതിരെ ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു. അതിനേക്കാൾ ശക്തമായ തന്ത്രം അല്ലാഹുﷻവും പ്രയോഗിച്ചു. ഉൾക്കിടിലത്തോടെയല്ലാതെ അതോർക്കാനാവില്ല. എല്ലാം വിശുദ്ധ ഖുർആൻ വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.
ഈസാ നബി (അ) ന്റെ യഥാർത്ഥ ചരിത്രം കുട്ടികൾക്ക് നന്നായി പറഞ്ഞുകൊടുക്കണം. കുരിശിൽ തറക്കപ്പെട്ടത് ഈസാ (അ) അല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. അല്ലെങ്കിൽ അവരുടെ വിശ്വാസം വികലമായിപ്പോവാനിടയുണ്ട്.
കുഞ്ഞുങ്ങളുടെ കുരുന്നുമനസ്സിൽ തൗഹീദ് ഉറപ്പിക്കണം. കുരുന്നുമനസ്സിൽ ഈമാനിന്റെ പ്രകാശം പരക്കണം. അതിന്ന് ഈ ചരിത്രം സഹായകമാവും. ഉപയോഗപ്പെടുത്തുക. ഉപയോഗപ്പെടുത്താൻ മറ്റുള്ളവരെ ഉപദേശിക്കുക.
അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...☝????
അല്ലാഹുﷻ, അവൻ സർവശക്തനാണ്.
മണ്ണിൽ നിന്ന് ആദം(അ)നെ പടച്ചു.
ആദം(അ)ന്റെ വാരിയെല്ലുകൊണ്ട് ഹവ്വ(റ)യെയും. അല്ലാഹു ﷻ ന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല.
പുരുഷനില്ലാതെ, സ്ത്രീയിൽ നിന്ന് മാത്രം കുഞ്ഞിനെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന്ന് കഴിയും. ഈസാ(അ) അങ്ങനെ സൃഷ്ടിക്കപ്പെട്ട കുട്ടിയാണ്.
മർയമിന്റെ മകൻ ഈസാ(അ) മറ്റാരുടെയും മകനല്ല...
ലോകാവസാനംവരെ മർയം(റ) പറയപ്പെടും. പരലോകത്ത് സ്വർഗനായികമാരിൽ ഒരാളാണവർ.
മർയം(റ)യുടെയും മകൻ ഈസാ(അ)ന്റെയും ചരിത്രം ചുരുക്കിപ്പറയുകയാണിവിടെ...
കൂരിരുട്ടിൽ നടന്നുപോകുന്ന രണ്ടുകൂട്ടുകാർ, മുമ്പിൽ നടക്കുന്നവന് ഒരു കുഴി ശ്രദ്ധയിൽപെട്ടു. ഉടൻ അയാൾ കൂട്ടുകാരനോട് പറയുന്നു. ശ്രദ്ധിക്കണം മുമ്പിൽ കുഴിയുണ്ട്. തന്റെ കൂട്ടാളിയെ രക്ഷപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണിത്. എന്നാൽ നമ്മുടെ ഒരു സുഹൃത്ത് ശാശ്വതമായി നരകത്തിൽ വീഴുന്നത് ആരാണിഷ്ടപ്പെടുക.
നമ്മുടെ സഹോദരസമുദായക്കാരായ ഓരോ കൃസ്ത്യാനിയും ഇത് വായിച്ച് സത്യം ഗ്രഹിച്ചെങ്കിൽ എന്ന് ഞാൻ
ആത്മാർത്ഥമായി ആശിക്കുന്നു. സത്യത്തിൽ കൃസ്തു സഹോദരങ്ങൾക്ക് യഥാർത്ഥ സൃഷ്ടാവിന്റെ ശക്തി ഉൾക്കൊള്ളാൻ കഴിയാതെ പോയി. അതുകൊണ്ടാണല്ലോ ആദം-ഹവ്വ ജന്മത്തേക്കാൾ മഹത്വരമായി ഈസാ നബി (അ)ന്റെ ജന്മത്തെ അവർ കാണുന്നത്.
ഈസാ നബി (അ) തൊട്ടിലിൽ നിന്ന് ആദ്യം ഉരുവിട്ടത് "അബ്ദുല്ലാഹ് (ഞാൻ സഷ്ടാവിന്റെ അടിമയാണെന്നാണ്) തൗഹീദ് സ്ഥാപിക്കാൻ വന്ന പ്രവാചകനെ ധിക്കാരപരമായ "തീ ഇൻ വൺ സിദ്ധാന്തത്തിലൂടെ തള്ളിക്കളയുകയാണവർ.
കുരിശിൽ തറച്ച സംഭവത്തിലെ തെറ്റിദ്ധാരണയും വളരെ വ്യക്തമായി ഖുർആൻ വിശദീകരിക്കുന്നു. സത്യം ഗ്രഹിച്ച് രക്ഷ പ്രാപിക്കണമെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും ഖുർആന്റെ വെളിച്ചത്തിൽ ഈസാ നബി (അ) ന്റെ സൃഷ്ടിപ്പും, ജീവിതവും സംബന്ധിച്ച് ഒരു റഫറൻസായി ഉപയോഗപ്പെടുത്താൻ ഈ ചരിത്രം സഹായകമാണ്.
ഇത് വായിക്കുന്ന ഓരോ സഹോദരങ്ങളും തന്റെ കൃസ്തു സഹോദരന്നും ഈ ചരിത്രം സമ്മാനിക്കണമെന്ന അപേക്ഷയോടെ ഈ ചരിത്രം നിങ്ങൾക്ക് സമർപ്പിക്കുന്നു.
ഹന്നയുടെ മകൾ
ഈസാ (അ). വല്ലാത്തൊരു വിസ്മയം ലോകത്ത് നിലനിർത്തിപ്പോരുന്ന പേരാണത്. അനേക നൂറ്റാണ്ടുകളായി ഈസാ (അ) നെക്കുറിച്ചുള്ള വിവരണം അതിശയത്തോടെ ലോകം കേട്ടുകൊണ്ടിരിക്കുന്നു.
മാതാപിതാക്കളുടെ സമ്പർക്കത്തിൽ നിന്ന് കുഞ്ഞ് ജനിക്കുന്നു. അതാണ് പ്രകൃതി രീതി. പ്രകൃതിയുടെ രീതിക്ക് വിരുദ്ധമായി കുഞ്ഞ് ജനിക്കുമോ?
ജനിക്കും. ഈസാ (അ) ജനിച്ചതങ്ങനെയാണ്. ഈസാ (അ) പിതാവില്ലാതെ പിറന്ന കുട്ടിയാണ്...
ഈസ്രാഈലി സമൂഹത്തിലേക്ക് അനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ പ്രവാചകനാണ് ഈസാ (അ). മാതാവ് മർയം (റ)...
ഈസാ (അ) നെക്കുറിച്ച് പറയുമ്പോൾ ലോകം ആദം (അ)നെ ഓർക്കുന്നു. പ്രമാണങ്ങൾ ഓർമപ്പെടുത്തുകയും ചെയ്യുന്നു. ആദം (അ) നെ അല്ലാഹു ﷻ സൃഷ്ടിച്ചു. പിതാവില്ലാതെ. മാതാവില്ലാതെ. അതല്ലേ വലിയ വിസ്മയം.
ആദം നബി (അ)ന്ന് ഇണയായി ഹവ്വാ (റ) സൃഷ്ടിക്കപ്പെട്ടു. ഹവ്വാ (റ)ക്ക് പിതാവുണ്ടോ? മാതാവുണ്ടോ? ഇല്ല. അല്ലാഹുﷻവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവം. അല്ലാഹു ﷻ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവൻ. ആദം (അ) ഹവ്വാ (റ) ഈസാ (അ)ഇവരുടെ സൃഷ്ടിപ്പ് അതിന്നുദാഹരണമാണ്...
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായത്തിന്റെ പേരെന്താണെന്നറിയുമോ?
സൂറത്ത് മർയം. ഒരു വിശുദ്ധ വനിതയുടെ പേരിൽ അറിയപ്പെടുന്ന അധ്യായം. വിശുദ്ധ ഖുർആനിൽ മുപ്പത് സ്ഥലത്ത് പറയപ്പെട്ട പേര്.
മർയം(റ)യുടെ മാതാവ് പുണ്യവതിയായ ഹന്ന. പിതാവ് പൗര പ്രമുകനായ ഇംറാൻ. അക്കാലത്ത് ഫലസ്തീൻ ജനതയുടെ സാമൂഹിക ജീവിതത്തിന്റെ സിരാകേന്ദ്രമായിരുന്നു ബൈത്തുൽ മുഖദ്ദസ്. ബൈത്തുൽ മുഖദ്ദസിലെ പരിചാരകന്മാരിൽ പ്രമുഖനാണ് ഇംറാൻ. അവിടെ വന്നു പോകുന്നവരുമായി നല്ല ബന്ധം. എല്ലാ പൊതുകാര്യങ്ങൾക്കും മുമ്പിലുണ്ടാവും.
ആ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സക്കരിയ്യ (അ). വഴിപിഴച്ചു പോയ ജനതയെ തൗഹീദിലേക്കു ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട മഹാപ്രവാചകനാണ്. ആ സമൂഹം കൊടും ക്രൂരതയാണ് സകരിയ്യ (അ)നോട് കാണിച്ചത്. സകരിയ്യ (അ)ന്റെ ഭാര്യയുടെ പേര് ഈശാഹ്. ഈശാഹ് ആരാണ്? ഹന്നയുടെ മൂത്ത സഹോദരി...
സ്നേഹവും വാത്സല്യവും നിറഞ്ഞ ഇത്താത്ത. സകരിയ്യ (അ) ഈശാഇനോടൊപ്പം ഒരു കൊച്ചുവീട്ടിൽ താമസിക്കുന്നു. വഴിപിഴച്ച ദുഷ്ടന്മാരുടെ ഉപദ്രവങ്ങൾ സഹിച്ചാണ് ജീവിക്കുന്നത്. പകൽ സമയത്ത് സകരിയ്യ (അ) അധികനേരവും വീട്ടിലുണ്ടാവില്ല. ബൈത്തുൽ മുഖദ്ദസിലോ മറ്റു സ്ഥലങ്ങളിലോ ആയിരിക്കും. ഹന്നയും ഇംറാനും ഒരു കൊച്ചുവീട്ടിൽ സമാധാനത്തോടെ കഴിയുന്നു.
പകൽ സമയത്ത് ഇംറാൻ ബൈത്തുൽ മുഖദ്ദസിലായിരുക്കും. രണ്ട് വീടുകളിലും ഒരേ ദുഃഖം തളം കെട്ടി നിന്നു. ഇരു കൂട്ടർക്കും സന്താനങ്ങളില്ല. ഖൽബിനെ കാർന്നു തിന്നുന്ന വേദന നാലു പേരും അനുഭവിച്ചു വരികയാണ്.
ഹന്ന ഒരു ദിവസം ഒരു കാഴ്ചകണ്ടു. വലിയൊരു തണൽ വൃക്ഷം, കൊമ്പിലൊരു പക്ഷിക്കൂട്. കൂട്ടിൽ തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും. തള്ളപ്പക്ഷി കുഞ്ഞുങ്ങളോട് കാണിക്കുന്ന വാത്സല്യം. കുറച്ചു നേരം നോക്കി നിന്നപ്പോൾ ഹന്നയുടെ ഖൽബിൽ ദുഃഖം നിറഞ്ഞു. ആ തള്ളപ്പക്ഷി സൗഭാഗ്യവതിയാണ്. താനോ? തേങ്ങിക്കരഞ്ഞുപോയി...
സംഭവമറിഞ്ഞപ്പോൾ ഇംറാനും ദുഃഖിതനായി. പതറിയ മനസ്സുമായി ദുആ ഇരന്നു. കുഞ്ഞിനെ ലഭിക്കാൻ വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥന കണ്ണീരിൽ കുതിർന്നതായിരുന്നു. ആ പ്രാർത്ഥന ഫലമുണ്ടായി. തള്ളപ്പക്ഷി തന്റെ കുഞ്ഞിന് തീറ്റകൊടുക്കുന്ന രംഗം കണ്ട ഹന്നയുടെ മനസ്സ് ദുഃഖം കൊണ്ട് ആടിയുലഞ്ഞു പോയി. വെപ്രാളത്തോടെ ഒരു നേർച്ചനേർന്നു.
അല്ലാഹുവേ നീ എനിക്കൊരു കുഞ്ഞിനെ നൽകിയാൽ ഞാനതിനെ ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിനായി സമർപ്പിക്കുന്നതാണ്. വല്ലാത്തൊരു നേർച്ചയാണ് നേർന്നത്. ഏറെക്കഴിഞ്ഞില്ല ഹന്ന ഗർഭണിയായി. ഗർഭണിയായ സന്തോഷം. സന്തോഷത്തോടൊപ്പം ദുഃഖവുമെത്തി...
വേർപാടിന്റെ കടുത്ത വേദന. പ്രിയ ഭർത്താവ് ഇംറാൻ തളർന്നുപോയി. കണ്ണുകളടഞ്ഞു. എന്നെന്നേക്കുമായി ഇംറാൻ മരിച്ചു പോയി. ഹന്ന വിധവയായി. മാസം തികഞ്ഞു. കുഞ്ഞിനെ പ്രസവിച്ചു. പെൺകുഞ്ഞ്. ഈ കുഞ്ഞാണ് മർയം(റ)...
പെൺകുഞ്ഞ് പിറന്നപ്പോൾ ഹന്നക്ക് വെപ്രാളമായി. ബൈത്തുൽ മുഖദ്ദസിന്റെ സേവന്നത്തിനുവേണ്ടി സമർപ്പിക്കപ്പെടുക ആൺകുട്ടികളാണ്. പെൺകുട്ടികളല്ല. നേർച്ച വീടുകയും വേണം. എന്തുവഴി..? അല്ലാഹു ﷻ ഒരു വഴികാട്ടിത്തരും. അവർ അങ്ങനെ ആശ്വസിച്ചു...
പിറന്ന ദിവസം തന്നെ കുഞ്ഞിന് പേരിട്ടു. മർയം. മർയം എന്ന വാക്കിന്ന് ശുശ്രൂഷിക്കുന്നവൾ, ആരാധനയിൽ വ്യാപൃതയായവൾ. എന്നൊക്കെ അർത്ഥം പറഞ്ഞു കാണുന്നു. ബൈത്തുൽ മുഖദ്ദസിന്റെ ശുശ്രൂഷകന്മാർ ഇരുപത്തൊമ്പത് പേരുണ്ടായിരുന്നു. അവരുടെ നേതാവ് സകരിയ്യ (അ) ആയിരുന്നു. ഹന്നയുടെ നേർച്ചയെക്കുറിച്ച് അവരറിഞ്ഞു.
മർയം അല്ലാഹു ﷻ നൽകിയ അനുഗ്രഹമാണ്. ആ കുഞ്ഞിന്റെ സംരക്ഷണം. ഏറ്റെടുക്കാൻ ഇരുപത്തൊമ്പത് പേരും സന്നദ്ധരായി. അവർക്കിടയിൽ മത്സരമായി. വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിന്റെ പേര് സൂറത്തു ആലു ഇംറാൻ എന്നാകുന്നു. ഇംറാന്റെ കുടുംബ വാർത്തകൾ ഇതിൽ പറയുന്നുണ്ട്.
അതിലെ മുപ്പത്തഞ്ചാം വചനം ശ്രദ്ധിക്കുക. അതിന്റെ ആശയം ഇങ്ങനെയാകുന്നു.
إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ
"എന്റെ റബ്ബേ..! എന്റെ വയറ്റിലുള്ള ശിശുവിനെ ഞാനിതാ നിനക്കായി ഉഴിഞ്ഞുവെക്കുവാൻ നേർച്ചയാക്കിയിരിക്കുന്നു. അതുകൊണ്ട് നീ ഇത് സ്വീകരിക്കേണമേ..! തീർച്ചയായും നീ മാത്രമാണ് നന്നായി കേൾക്കുന്നവനും കാണുന്നവനും എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക." (3:35)
തൊട്ടടുത്ത വചനത്തിന്റെ ആശയം ഇങ്ങനെ:
فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْيَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ الشَّيْطَانِ الرَّجِيمِ
"അങ്ങനെ കുഞ്ഞിനെ പ്രസവിച്ചപ്പോൾ മഹതി പറഞ്ഞു : എന്റെ റബ്ബേ ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ്. മഹതി പ്രസവിച്ചത് എന്താണെന്ന് അല്ലാഹു ﷻ നന്നായി അറിയുന്നവനാകുന്നു. ആൺകുഞ്ഞ് പെൺകുഞ്ഞിനെപ്പോലെയല്ല. ഞാൻ അവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കുവാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുകയാണ്." (3:36)
വളരെ ശ്രദ്ധേയമായ ഒരു പ്രാർത്ഥനയാണിവിടെ നടത്തിയത്. പ്രിയപുത്രി മർയമിനെയും മർയമിൽ നിന്നുണ്ടാവുന്ന സന്താന പരമ്പരയേയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് സംരക്ഷിക്കേണമേ..! എന്നാണ് പ്രാർത്ഥന.
ഈ പ്രാർത്ഥന സകല മുസ്ലിംകൾക്കും പാഠമാണ്. മക്കൾ നന്നായിത്തീരണമെന്ന ആശവേണം. അവരിൽ നിന്നുണ്ടാവുന്ന പരമ്പരയും നന്നാവണം. അതിനുവേണ്ടി പ്രാർത്ഥിക്കണം. പിറന്ന നാൾ തൊട്ടു തന്നെ പ്രാർത്ഥന വേണം. കുട്ടികളെ നന്നാക്കിയെടുക്കാനുള്ള ബുദ്ധിപരമായ പ്രവർത്തനങ്ങളും നടത്തണം. മനഃശാസ്ത്രപരമായ സമീപനം വേണം. ദീനിനോട് ഭക്തി-ബഹുമാനങ്ങൾ വളർത്തിയെടുക്കണം.
മർയം(റ)വിനെ അല്ലാഹു ﷻ സ്വീകരിച്ചു. ആരാധനയുടെ കേന്ദ്രത്തിലാണവർ വളരാൻ പോവുന്നത്. ബൈത്തുൽ മുഖദ്ദസിൽ പണ്ഡിതന്മാരുണ്ട്. അവരുടെ പ്രഭാഷണങ്ങൾ നടക്കുന്നു. ദീനി പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമാണത്.
സകരിയ്യാ(അ) അവർകളിൽ നിന്നാണ് ശിക്ഷണം ലഭിക്കാൻ പോവുന്നത്. അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ശിക്ഷണം. മർയം (റ)വിനെ അല്ലാഹു ﷻ അനുഗ്രഹിച്ചു. വിജ്ഞാനം കൊണ്ടവർ സമ്പന്നയായിത്തീരണം. അല്ലാഹുﷻവിനെ അറിയുക അതാണ് ഏറ്റവും ശ്രേഷ്ഠമായ വിജ്ഞാനം. ആ വിജ്ഞാനമാണ് കൊച്ചുപ്രായത്തിൽ തന്നെ ലഭിക്കാൻ പോവുന്നത്.
ഒരു സമൂഹത്തിലെ ഏറ്റവും നല്ല അധ്യാപകൻ അവരിലേക്ക് നിയോഗിക്കപ്പെട്ട നബിയാകുന്നു. അല്ലാഹുﷻവിനെക്കുറിച്ചുള്ള വിജ്ഞാനം ജനങ്ങൾക്കു പകർന്നു നൽകുന്നത് നബിയാകുന്നു. നബിയുടെ ജീവിതം തൊട്ടടുത്തു നിന്ന് കണ്ട് പഠിക്കാനുള്ള അവസരം ലഭ്യമാവുകയാണ്.
ഹന്ന തന്റെ കുട്ടിയുമായി ബൈത്തുൽ മുഖദ്ദസിലെത്തി. അപ്പോൾ അവിടെയുള്ള ശുശ്രൂഷകരെല്ലാം കുട്ടിയെ സ്വീകരിക്കാൻ ഉത്സാഹം കാണിച്ചു. കുട്ടിയുടെ സംരക്ഷണത്തിനായി മത്സരബുദ്ധിയോടെ മുമ്പോട്ടു വന്നു. തർക്കം പരിഹരിക്കാൻ ഒരുപായം കണ്ടെത്തി. നറുക്കിടുക...
എല്ലാവരും ജോർദാൻ നദിയുടെ കരയിൽ വന്നു. ഓരോരുത്തരുടെയും കൈവശം എഴുതാനുപയോഗിക്കുന്ന പേനയുണ്ട്. സകരിയ്യാ (അ) അക്കൂട്ടത്തിലുണ്ട്. കാണികളും ധാരളം. എല്ലാവരും പേന വെള്ളത്തിലിടുക. ആരുടെ പേനയാണോ താഴ്ന്നു ഒഴികിപ്പോകാതെ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്നത് അയാൾക്കാണ് കുഞ്ഞിനെ വളർത്താനുളള അവകാശം ലഭിക്കുക.
വികാരഭരിതമായ അന്തരീക്ഷം. ഓരോരുത്തരുമായി പേനയിട്ടു. സകരിയ്യാ (അ) തന്റെ പേനയും നദിയിലിട്ടു. അത്ഭുതം സകരിയ്യാ (അ)ന്റെ പേന മാത്രം പൊങ്ങിക്കിടന്നു. മറ്റുള്ളവയെല്ലാം താഴ്ന്നു ഒഴുകിപ്പോയി. എല്ലാവരുടെയും സമ്മതത്തോടെ സകരിയ്യ (അ) കുഞ്ഞിനെ ഏറ്റെടുത്തു.
ഇക്കാര്യം വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ﷻ മുഹമ്മദ് നബി ﷺ തങ്ങൾക്ക് അറിയിച്ചുകൊടുത്തു...
വിശുദ്ധ ഖുർആൻ പറയുന്നു :
ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ
"ഇതെല്ലാം ദൃശ്യവാർത്തകളിൽ പെട്ടതാണ്. ഇതിനെ വഹിയ് മൂലം താങ്കൾക്ക് നാം അറിയിച്ചു തരുന്നു. മർയമിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് ആരാണെന്ന് തീരുമാനിക്കാൻ അവർ തങ്ങളുടെ പേനകൾ ഇട്ടപ്പോൾ. താങ്കൾ അവിടെ ഹാജരായിരുന്നില്ല. അവർ തർക്കിക്കുമ്പോഴും താങ്കൾ അവരുടെ അടുക്കൽ ഉണ്ടായിരുന്നില്ല." (3:44)
യഹൂദരെയും ക്രൈസ്തവരെയും അത്ഭുതപ്പെടുത്തിയ വാർത്തയാണിത്. സകരിയ്യ (അ)നെക്കുറിച്ചും മർയം (റ) വിനെക്കുറിച്ചും ചില വിവരങ്ങൾ അവർക്കറിയാമായിരുന്നു. വിശദ വിവരങ്ങളറിയില്ല. പേന നദിയിലിട്ട സംഭവം അവർക്ക് പുതുമയുള്ള വാർത്തയായിരുന്നു. സകരിയ്യ (അ)അത്ഭുതപ്പെട്ടുപോയ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അവ ശ്രദ്ധിക്കാം.
അല്ലാഹു ﷻ വിശുദ്ധ ഖുർആനിൽ പറയുന്നു. മഹതിയുടെ റബ്ബ് മഹതിയെ നല്ല നിലയിൽ സീകരിക്കുകയും ഉൽകൃഷ്ടമായ രീതിയിൽ വളർത്തിക്കൊണ്ട് വരികയും ചെയ്തു. മഹതിയുടെ പരിപാലനത്തിന് സകരിയ്യാ നബി (അ)നെ അവൻ ഭാരമേൽപ്പിക്കുകയും ചെയ്തു.
മഹതിയുടെ അടുക്കലേക്ക് മുറിയിൽ കടന്നു ചെല്ലുമ്പോഴെല്ലാം എന്തെങ്കിലുമൊരു ഭക്ഷണം മഹതിയുടെ അടുത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു : "ഓ... മർയം ഇത് നിനക്ക് എവിടെ നിന്ന് കിട്ടി..?" മഹതി പറഞ്ഞു :
قَالَ يَا مَرْيَمُ أَنَّىٰ لَكِ هَٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّهِ ۖ إِنَّ اللَّهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ
"ഇത് അല്ലാഹുﷻവിങ്കൽ നിന്ന് ലഭിച്ചതാകുന്നു."
"നിശ്ചയമായും താനുദ്ദേശിക്കുന്നവർക്ക് അല്ലാഹു കണക്കു കൂടാതെ ഭക്ഷണം നൽകുന്നതാകുന്നു." (3:37)
ർയം (റ)വിന്ന് വേണ്ടി സകരിയ്യ (അ) ഒരു മുറി തയ്യാറാക്കിയിരുന്നു. ഒരു ചെറിയ കോണികയറി മുറിയിൽ പ്രവേശിക്കാം. സകരിയ്യാ(അ) മാത്രമാണ് ആ മുറിയിൽ പ്രവേശിച്ചിരുന്നത്. ആവശ്യമായ അറിവുകളെല്ലാം സകരിയ്യ (അ)ൽ നിന്ന് മർയം (റ)പഠിച്ചുകൊണ്ടിരുന്നു...
മർയം (റ)യുടെ മാതാവിന്റെ സഹോദരിയാണല്ലോ സകരിയ്യ (അ)ന്റെ ഭാര്യാ ഈശാഹ്. രാത്രി പ്രാർത്ഥനക്കു ശേഷം സകരിയ്യ (അ)വീട്ടിലേക്കു മടങ്ങുമ്പോൾ മർയമിനെയും കൊണ്ട് പോവും. രാവിലെ പള്ളിയിലേക്ക് തിരിച്ചുകൊണ്ട് വരികയും ചെയ്യും. രാത്രി ഭക്ഷണവും ഉറക്കവും മൂത്തുമ്മായുടെ കൂടെ. പ്രഭാത ഭക്ഷണവും അവിടെത്തന്നെ...
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മർയം (റ)യുടെ ആഹാരകാര്യം സകരിയ്യ (അ)നെ അത്ഭുതപ്പെടുത്തി. വിശിഷ്ടമായ ഭക്ഷണസാ
ധനങ്ങൾ മുറിയിൽ കാണും. വേനൽക്കാലത്തെ പഴങ്ങൾ വർഷക്കാലത്ത് കാണും. വർഷക്കാലത്തെ പഴങ്ങൾ വേനൽകാലത്തും കാണും. "എവിടെ നിന്ന് കിട്ടി ഇവ..?" സകരിയ്യ (അ) ചോദിച്ചു.
"അല്ലാഹുﷻവിങ്കൽ നിന്നു ലഭിച്ചു."
മർയം(റ)വിന്റെ കുട്ടിക്കാലത്തെ കറാമത്ത് തന്നെയായിരുന്നു അത്. കൂടെ ചെറിയൊരു വിശദീകരണവും അല്ലാഹു ﷻ അവനുദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകും. കണക്കില്ലാത്ത അനുഗ്രഹമാണ് മർയം (റ)വിന്ന് ലഭിച്ചത്. അനുഗ്രഹീതനായ പുത്രനെ ലഭിച്ചു. അത് ഏറ്റവും വലിയ ഭാഗ്യം...
Post a Comment