ഈസാ നബി (അ) ചരിത്രം 4
ഹവാരികൾ
മർയം (റ)യും മകൻ ഈസാ (അ) എന്ന കുട്ടിയും എവിടെയാണ് അഭയം തേടിയത്..? ഇതിനെപ്പറ്റി പല അഭിപ്രായങ്ങൾ നിലവിലുണ്ട്...
വിശുദ്ധ ഖുർആനിൽ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ:
وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ
"ഇബ്നുമർയമിനെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. താമസയോഗ്യവും, ഒഴുക്കുജലമുള്ളതുമായ ഒരു മേട് പ്രദേശത്ത് രണ്ട് പേർക്കും നാം അഭയം നൽകുകയും ചെയ്തു." (23:50)
ഈ മേട് പ്രദേശം എവിടെയായിരുന്നു..? ഡമസ്കസിൽ ആണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ബൈത്തുൽ മുഖദ്ദസിലാണെന്ന് മറ്റൊരഭിപ്രായം. ഈജിപ്തിലാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഫലസ്തീനിലെ റംലയിലാണെന്നും പറയപ്പെട്ടിട്ടുണ്ട്...
പിതൃവ്യപുത്രനായ യൂസുഫുന്നജ്ജാർ സഹായത്തിനുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി എന്നാണ് ബലമായ അഭിപ്രായം.
"ബൈബിൾ പറയുന്നതിങ്ങനെ: യോസേഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നെ കൂട്ടിക്കൊണ്ട് പുറപ്പെട്ട് മിസ്റയീമിലേക്ക് പോയി. ഹെരോദാവ് രാജാവിന്റെ മരണത്തോളം അവിടെ താമസിച്ചു."
മറ്റൊരു വചനം ഇങ്ങനെ: "മെസീഹായുടെ ജനനത്തെക്കുറിച്ച് ജ്യോത്സ്യന്മാരിൽ അറിവ് കിട്ടി. യഹൂദരന്മാരുടെ രാജാവ് പിറക്കാറായിട്ടുണ്ട് എന്ന് അറിവ് കിട്ടിയതനുസരിച്ച് ഹിരോദാസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചുകൊല്ലുവാൻ ശ്രമിച്ചു. രണ്ട് വയസ്സിനു താഴെ പ്രായമുള്ള വളരെ കുട്ടികൾ ഇക്കാരണത്താൽ ബത്ലഹേമിൽ കൊല്ലപ്പെട്ടിട്ടുണ്ട്."
ഉമ്മയും മകനും വർഷങ്ങളോളം ഈജിപ്തിൽ താമസിച്ചു. അതിന്നുശേഷം ഫലസ്തീനിൽ വന്നു. ഈസാ (അ) വളർന്നുവലുതായി. ജനങ്ങളെ അല്ലാഹുﷻവിന്റെ മാർഗത്തിലേക്കു ക്ഷണിക്കാൻ തുടങ്ങി. അതോടെ എതിർപ്പുകൾ ശക്തി പ്രാപിച്ചു. ഇക്കാലത്ത് ധാരാളം മുഅ്ജിസത്തുകൾ കാണിച്ചിട്ടുണ്ട്.
തത്വശാസ്ത്രവും വൈദ്യശാസ്ത്രവും വളരെയേറെ വളർന്നു വികസിച്ച കാലമായിരുന്നു അത്. അതിനെ വെല്ലുന്ന മുഅ്ജിസത്തുകളാണ് ഈസാനബി (അ) ന്റെ കൈക്ക് അല്ലാഹു ﷻ പ്രത്യക്ഷപ്പെടുത്തിക്കൊണ്ടിരുന്നത്.
സത്യമതപ്രബോധനം തുടങ്ങിയപ്പോൾ ഒരു വലിയ വിഭാഗം ജനത എതിർത്തു. അവർ അക്കാലത്തെ കാഫിറുകൾ ആകുന്നു. മഹാഭൂരിപക്ഷം അവരോടൊപ്പമാണ്.
ഒരു സന്നിഗ്ദ ഘട്ടത്തിൽ ഈസാ (അ) ചോദിച്ചു: "അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ എന്നെ സഹായിക്കാൻ ആരുണ്ട്..?"
ഒരു വിഭാഗം ആവേശപൂർവ്വം മറുപടി നൽകി. “അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ അങ്ങയെ സഹായിക്കാൻ ഞങ്ങളുണ്ട്. ഞങ്ങൾ അല്ലാഹുﷻവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. അങ്ങ് സാക്ഷ്യം വഹിക്കുക.”
ഈ പ്രഖ്യാപനം നടത്തിയവരാണ് ഹവാരികൾ. സഹായികൾ പന്ത്രണ്ട് പേരായിരുന്നു. ഹവാരികൾ അലക്കുകാരായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അവർ മത്സ്യവേട്ടക്കാരാണെന്ന് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നു...
മഹാഭൂരിപക്ഷം എതിരായിരുന്നിട്ടും ഹവാരികൾ സത്യസാക്ഷ്യം വഹിച്ചു. അവരുടെ ഈമാൻ ശക്തമായിരുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫാ ﷺ തങ്ങൾ പലപ്പോഴും ഹവാരികളെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്...
അഹ്സാബ് യുദ്ധം തുടങ്ങാറായ കാലം. യുദ്ധത്തിൽ പങ്കെടുക്കാൻ നബി ﷺ മുസ്ലിംകളെ ക്ഷണിച്ചു. സുബൈർ (റ) ധൃതിയിൽ ആ ക്ഷണം സ്വീകരിച്ചു മുമ്പോട്ട് വന്നു. അപ്പോൾ സന്തോഷത്തോടെ നബി ﷺ തങ്ങൾ പറഞ്ഞു: "എന്റെ ഹവാരിയാണ് സുബൈർ."
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാരവേലകൾനടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു...
ഈസാനബി (അ) നെതിരെ ശക്തമായ കള്ളപ്രചാര വേലകൾ നടന്നു. നബിയെ വ്യഭിചാരപുത്രൻ എന്നു വിളിച്ചു. ചെപ്പടി വിദ്യ കാണിക്കുന്നവൻ, കള്ളം പറയുന്നവൻ, വ്യാജൻ, മതം നശിപ്പിക്കുന്നവൻ, കുഴപ്പക്കാരൻ എന്നൊക്കെ വിളിച്ചു. കള്ള ആരോപണങ്ങൾ പറഞ്ഞുപരത്തി. അതൊന്നും ഫലിക്കാതെ വന്നപ്പോൾ കുരിശിൽ തറച്ചു കൊല്ലാൻ പരിപാടിയിട്ടു..!!
ഇതിനെക്കുറിച്ചുള്ള ബൈബിൾ വിവരണം ഇങ്ങനെ: "പിലാത്തോസ് രാജാവായിരുന്നു ബൈത്തുൽ മുഖദ്ദസ് ഭരിച്ചിരുന്നത്. ഇദ്ദേഹം റോമൻ കൈസറുടെ കീഴിലായിരുന്നു. ശ്രതുക്കൾ പിലാത്തോസ് രാജാവിന്റെ മുമ്പിലെത്തി. ഈസാ (അ)നെക്കുറിച്ചു ധാരാളം ആരോപണങ്ങൾ ഉന്നയിച്ചു.
ഈസ റോമൻ ഭരണകൂടത്തിന്നെതിരായി പ്രവർത്തിക്കുന്നു. യഹൂദരുടെ രാജാവായിത്തീരാൻ ശ്രമിക്കുന്നു. പിലാത്തോസ് വിഗ്രഹാരാധകനായിരുന്നു. അദ്ദേഹം ഈസാ (അ) നെ വിളിച്ചുവരുത്തി സംസാരിച്ചു. ആരോപണങ്ങൾ വ്യാജമാണെന്ന് രാജാവിന്ന് ബോധ്യമായി. വെറുതെ വിട്ടു. ഈസാ (അ) സ്ഥലം വിട്ടു.
ഞങ്ങളുടെ തന്ത്രം പൊളിയുമെന്ന് കണ്ടപ്പോൾ യഹൂദന്മാർ ഒച്ചവെക്കാൻ തുടങ്ങി. അവനെ കുരിശിൽ തറക്കുക. അവർ പിലാത്തോസിനെ ഭീഷണിപ്പെടുത്തി.
അവനെ വെറുതെവിട്ടാൽ ഞങ്ങൾ റോമൻ കൈസറെ കാണാൻ പോവും. നിങ്ങൾക്കെതിരെ പരാതി നൽകും. നിങ്ങൾക്കെതിരെ നടപടിയുണ്ടാവും. നിങ്ങളുടെ രാജപദവി നഷ്ടപ്പെടും. അതൊന്നും സംഭവിക്കാതിരിക്കാൻ ഒറ്റമാർഗ്ഗമേയുള്ളൂ. അവനെ വധിക്കുക..!!
നിരപരാധിയെ വധിക്കാൻ രാജാവിന്ന് മനസ്സ് വന്നില്ല. അദ്ദേഹം പറഞ്ഞു: "നിങ്ങളുടെ ന്യായപ്രയാണമായ തൗറാത്ത് അനുസരിച്ചു നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. ഈ നിരപരാധിയുടെ രക്തത്തിൽ എനിക്ക് പങ്കില്ല. ഞാൻ ആ പാപത്തിൽ നിന്നൊഴിവാണ്."
ശത്രുക്കൾ അതൊന്നും അംഗീകരിച്ചില്ല. രാജാവിന്ന് നിർബന്ധത്തിന്ന് വഴങ്ങേണ്ടിവന്നു. ഈസാ (അ) ന്റെ ശിഷ്യന്മാരിൽ ഒരാൾ യഹൂദന്മാരിൽ നിന്ന് മുപ്പത് വെള്ളിവാങ്ങി അദ്ദേഹത്തെ ഒറ്റിക്കൊടുക്കാൻ വാക്കു പറഞ്ഞിരുന്നു. അയാളുടെ പേര് യൂദാ എന്നായിരുന്നു. അല്ലെങ്കിൽ യൂദാസ്...
ഹവാരികളെക്കുറിച്ച് ആലുഇംറാൻ സൂറത്തിൽ പറയുന്ന ഭാഗം നോക്കാം.
فَلَمَّا أَحَسَّ عِيسَىٰ مِنْهُمُ الْكُفْرَ قَالَ مَنْ أَنصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنصَارُ اللَّهِ آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ
"ഈസാനബി ഇസാഈല്യരിൽ കാഫിനെ (സത്യനിഷേധത്തെ) അറിഞ്ഞപ്പോൾ ഇങ്ങനെ ചോദിച്ചു: അല്ലാഹുവിലേക്കുള്ള മാർഗ്ഗത്തിൽ എന്റെ സഹായികൾ ആരാണ്?
ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ മുസ്ലിംകളാകുന്നു. താങ്കൾ സാക്ഷ്യം വഹിക്കുക. (3:52)
ഈ വിശ്വാസ പ്രഖ്യാപനത്തിന്ന് ശേഷം ഹവാരികൾ ഹൃദയ സ്പർശിയായ ഒരു പ്രാർത്ഥന നടത്തുന്നുണ്ട്.
"ഞങ്ങളുടെ റബ്ബേ..! നീ എന്താണോ ഞങ്ങളിലേക്ക് അവതരിപ്പിച്ചത് അതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ നിന്റെ പ്രവാചകനെ പിൻപറ്റിയവരാണ്. സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളേയും നീ രേഖപ്പെടുത്തേണമേ..!"
വിശുദ്ധ ഖുർആൻ ഈ പ്രാർത്ഥന ഉദ്ധരിക്കുന്നു. ഇങ്ങനെ:
رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ
“ഞങ്ങളുടെ റബ്ബേ...! നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിക്കുകയും, ഞങ്ങൾ റസൂലിനെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. അത്കൊണ്ട് ഞങ്ങളെ സാക്ഷ്യംവഹിച്ചവരുടെ കൂട്ടത്തിൽ രേഖപ്പെടുത്തേണമേ...!” (3:53)
ശത്രുക്കൾ തന്ത്രം പ്രയോഗിച്ചു രാജാവിനെ പാട്ടിലാക്കി. കൊലപ്പെടുത്താനുള്ള വിധി പുറപ്പെടുവിച്ചു. ബലപ്രയോഗവും തന്ത്രവും വിജയിക്കുമെന്നവർ കരുതി. കൊന്നു കളഞ്ഞാൽ ഇനിയാരും ചോദ്യം ചെയ്യാനില്ല.
അല്ലാഹു ﷻ മറ്റൊരു തന്ത്രം പ്രയോഗിക്കാൻ പോവുകയാണ്. ഏത് ത്രന്തമാണ് വിജയിക്കാൻ പോവുന്നത്..?
വിശുദ്ധ ഖുർആൻ പറയുന്നു:
وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ
"അവർ തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു തന്ത്രം പ്രയോഗിക്കുന്നവരിൽ ഉത്തമനാകുന്നു." (3:54)
ശത്രുക്കൾ യൂദാസിനെ കൈക്കൂലി കൊടുത്തു വശത്താക്കി. ഈസാ (അ)നെ പിടിച്ചുകൊടുക്കാമെന്ന് അവൻ വാക്ക് കൊടുത്തു. ശത്രുക്കളെയും കൂട്ടി അവൻ വരികയാണ്. സാധാരണ ഈസാ (അ) ഉണ്ടാവാറുള്ള സ്ഥലത്തേക്കാണവർ വരുന്നത്. ആ രാത്രിയിൽ അല്ലാഹു ﷻ തന്ത്രം പ്രയോഗിച്ചു. അത് മൂലം ശതുക്കൾക്ക് ഈസാ (അ)നെ കാണാൻപോലും കിട്ടിയില്ല...
സുപ്ര ഇറങ്ങി
വിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായത്തിന്റെ പേര് സൂറത്തുൽ മാഇദ എന്നാകുന്നു. മദീനയിൽ അവതരിച്ച സൂറത്ത്...
മാഇദ എന്ന പദത്തിന്ന് ഭക്ഷണത്തളിക എന്നാണർത്ഥം. ഈ സൂറത്തിലെ നൂറ്റിപ്പതിനഞ്ചാമത്തെ വചനത്തിലാണ് ഭക്ഷണത്തളികയെക്കുറിച്ചു പറയുന്നത്. സുപ്ര എന്നും പറയാം.
ഈസാനബി (അ) ന്റെ സഹായികളാണല്ലോ ഹവാരികൾ. അവർ അല്ലാഹുﷻവിൽ ഗാഢമായി വിശ്വസിക്കുന്നുണ്ട്. മുഅ്മിനീങ്ങളാണ്. അല്ലാഹു ﷻ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവൻ.
അവൻ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുമോ?
അതിനെക്കുറിച്ചു നബിയോടവർ സംസാരിക്കാൻ തീരുമാനിച്ചു. ഭക്ഷണത്തളികയെക്കുറിച്ചു പറയുന്നതിന്ന് തൊട്ടുമുമ്പുള്ള രണ്ട് വചനങ്ങൾ ഈസാ (അ) ന്ന് അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങൾ വിവരിക്കുന്നു. സുപ്ര ഇറക്കിയത് മറ്റൊരു അനുഗ്രഹമാണ്.
إِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ اذْكُرْ نِعْمَتِي عَلَيْكَ وَعَلَىٰ وَالِدَتِكَ إِذْ أَيَّدتُّكَ بِرُوحِ الْقُدُسِ تُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا ۖ وَإِذْ عَلَّمْتُكَ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ ۖ وَإِذْ تَخْلُقُ مِنَ الطِّينِ كَهَيْئَةِ الطَّيْرِ بِإِذْنِي فَتَنفُخُ فِيهَا فَتَكُونُ طَيْرًا بِإِذْنِي ۖ وَتُبْرِئُ الْأَكْمَهَ وَالْأَبْرَصَ بِإِذْنِي ۖ وَإِذْ تُخْرِجُ الْمَوْتَىٰ بِإِذْنِي ۖ وَإِذْ كَفَفْتُ بَنِي إِسْرَائِيلَ عَنكَ إِذْ جِئْتَهُم بِالْبَيِّنَاتِ فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَٰذَا إِلَّا سِحْرٌ مُّبِينٌ (110) وَإِذْ أَوْحَيْتُ إِلَى الْحَوَارِيِّينَ أَنْ آمِنُوا بِي وَبِرَسُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ (111) إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّهَ إِن كُنتُم مُّؤْمِنِينَ (112) قَالُوا نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ (113
അല്ലാഹു ﷻ പറയുന്നതിപ്രകാരമാണ്. "അല്ലാഹു ﷻ പറഞ്ഞ സന്ദർഭം: മർയമിന്റെ മകൻ ഈസാ...! നിനക്കും നിന്റെ മാതാവിന്നുമുള്ള എന്റെ പക്കൽ നിന്നുള്ള അനുഗ്രഹം ഓർക്കുക. പരിശുദ്ധാത്മാവിനെക്കൊണ്ട് ഞാൻ നിന്നെ ബലപ്പെടുത്തിയ സന്ദർഭം, തൊട്ടിലിൽ വെച്ചും മധ്യവയസ്കനായിക്കൊണ്ടും നീ മനുഷ്യരോട് സംസാരിക്കുന്നു. ഗ്രന്ഥവും വിജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാൻ പഠിപ്പിച്ചു തന്ന സന്ദർഭവും, കളിമണ്ണിൽ നിന്ന് എന്റെ അനുമതി പ്രകാരം പക്ഷിയുടെ ആകൃതിപോലെ നീ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതിൽ ഊതുകയും അപ്പോൾ അത് എന്റെ അനുവാദപ്രകാരം പക്ഷിയായിത്തീരുകയും ചെയ്ത സന്ദർഭവും, ജന്മനാ അന്ധനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ അനുവാദപ്രകാരം നീ സുഖപ്പെടുത്തുന്ന സന്ദർഭവും, മരണപ്പെട്ടവരെ എന്റെ അനുവാദപ്രകാരം നീ ജീവിപ്പിച്ച് പുറത്ത് വരുന്ന സന്ദർഭവും, ഇസാഈൽ സന്തതികളെ നിന്നിൽ നിന്ന് ഞാൻ തടുത്തു തന്ന സന്ദർഭവും, അവരുടെ അടുക്കൽ നീ വ്യക്തമായ തെളിവുകളുമായി ചെല്ലുകയും എന്നിട്ട് അവരുടെ കൂട്ടത്തിലെ സത്യനിഷേധികൾ ഇത് വ്യക്തമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ലെന്ന് പറയുകയും ചെയ്തപ്പോൾ." (5:113)
قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ
"എന്നിലും എന്റെ റസൂലിലും വിശ്വസിക്കണമെന്ന് നാം ഹവാരികൾക്ക് വഹ്യ് (രഹസ്യബോധനം) നൽകിയ സന്ദർഭവും (ഓർക്കുക). ഹവാരികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചു. ഞങ്ങൾ മുസ്ലിംകളാണെന്ന് താങ്കൾ സാക്ഷ്യം വഹിച്ചുകൊള്ളുക." (5:114)
ഈസാ (അ)ന്ന് അല്ലാഹു ﷻ നൽകിയ പ്രത്യേകമായ അനുഗ്രഹങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. അത്ഭുതങ്ങളെല്ലാം ഈസാ (അ) ലൂടെ പ്രത്യക്ഷപ്പെടുന്നു. എല്ലാം അല്ലാഹുﷻവിന്റെ അനുമതിപ്രകാരം ഈസാ (അ) ന്ന് ഹവാരികളെ നൽകിയത് അല്ലാഹുﷻവാണ്. അവരുടെ മനസ്സിൽ സത്യത്തിന്റെ പ്രകാശം വിതറപ്പെടുകയായിരുന്നു. ഇനി മാഇദ (സുപ) യുടെ കാര്യം നോക്കാം.
വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...
قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ
"ഹവാരികൾ പറഞ്ഞ സന്ദർഭം ഓർക്കുക. മർയമിന്റെ മകൻ ഈസാ..! ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കി തരുവാൻ താങ്കളുടെ റബ്ബിന്ന് സാധിക്കുമോ? ഈസാ (അ) പറഞ്ഞു. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിക്കുവീൻ." (5:115)
ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറങ്ങുക. അതിൽ നിന്ന് ഭക്ഷിക്കുക. ഹവാരികൾക്ക് അങ്ങനെ ഒരാഗ്രഹം വന്നുപോയി. താങ്കൾ ആവശ്യപ്പെട്ടാൽ അല്ലാഹു ﷻ തളിക ഇറക്കിത്തരുമോ? സാധ്യതയുണ്ടോ എന്നാണ് ചോദിക്കുന്നത്...
പ്രവാചകന്റെ മറുപടി പ്രത്യേകം ശ്രദ്ധേയമാണ്. നിങ്ങൾ സത്യവിശ്വാസികളല്ലേ? അല്ലാഹുﷻവിനെ സൂക്ഷിക്കുക, എന്തൊരു ചോദ്യമാണിത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് സൂക്ഷിക്കണം.
അതിന്നവർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
قَالُوا نُرِيدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ
അവർ പറഞ്ഞു: “ഞങ്ങൾ അതിൽ നിന്ന് തിന്നുവാൻ ഉദ്ദേശിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങൾ സമാധാനമടയുവാൻ വേണ്ടിയും താങ്കൾ ഞങ്ങളോട് സത്യം പറഞ്ഞിരിക്കുന്നുവെന്ന് ഞങ്ങൾക്ക് അറിയുവാൻ വേണ്ടിയും. ഞങ്ങൾ അതിന്ന് സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവരായിത്തീരാനും ആണ് തളിക ഇറക്കാൻ ആവശ്യപ്പെടുന്നത്.” (5:113)
ഖുർആൻ വ്യാഖ്യാതാക്കൾ ഈ ആയത്തിന് വിശദമായ വ്യാഖ്യാനം നൽകിയിട്ടുണ്ട്. ഭക്ഷണത്തളിക ആവശ്യപ്പെടാനുള്ള കാരണങ്ങൾ വളരെ വ്യക്തമാണ്.
ഒന്ന്: അതിൽ നിന്ന് ഭക്ഷിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.
രണ്ട്: ഞങ്ങളുടെ മനസ്സുകൾക്ക് സമാധാനമുണ്ടാവണം.
മൂന്ന്: ഈസാ (അ) പറയുന്ന കാര്യങ്ങളിൽ ദൃഢവിശ്വാസം വരണം.
നാല്: ഈ അപൂർവ്വ സംഭവത്തിന് ഞങ്ങൾ സാക്ഷികളാവണം. വെറും ദൃക്സാക്ഷികളല്ല. അനുഭവസാക്ഷികൾ.
ഹവാരികളുടെ ആവശ്യം സദുദ്ദേശ്യപരമാണ്. അത്കൊണ്ട് ഭക്ഷണത്തളികക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമായിത്തീർന്നു. ഒരു ഉത്സവം പോലെ സന്തോഷകരമായ അനുഭവം. ഇക്കാലക്കാർക്കും ഭാവിയിൽ വരുന്നവർക്കും അതൊരു സന്തോഷകരമായ ഓർമ്മയായിരിക്കണം.
അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. അല്ലാഹുﷻവിൽ നിന്ന് കിട്ടിയ അറിയിപ്പ് ഇതായിരുന്നു. ഭക്ഷണത്തളിക ഇറക്കിത്തരാം. അതിന്നുശേഷം നിങ്ങളിൽ നിന്ന് സത്യനിഷേധം ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽ..? ഇതിന്ന് മുമ്പ് മറ്റാർക്കും കിട്ടാത്തത്ര കഠിനമായ ശിക്ഷ അനുഭവിക്കേണ്ടിവരും.
അതെല്ലാം ഹവാരികൾ സമ്മതിച്ചു. വിശുദ്ധ ഖുർആനിൽ ഈസാ (അ) ന്റെ പ്രാർത്ഥന കാണാം.
قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ
"മർയമിന്റെ മകൻ ഈസ പറഞ്ഞു: അല്ലാഹുവേ...! ഞങ്ങളുടെ റബ്ബേ..! ആകാശത്ത് നിന്ന് നീ ഞങ്ങൾക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ..!ഞങ്ങൾക്ക് - ഞങ്ങളിൽ ആദ്യമുള്ളവർക്കും അവസാനമുള്ളവർക്കും ഈദ് (പെരുന്നാൾ - ഉത്സവം) ആകുവാനും, നിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തം ആകുവാനും വേണ്ടി. ഞങ്ങൾക്ക് നീ ഉപജീവനം നൽകേണമേ..!ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാണ് നീ." (5:114)
ഭക്ഷണത്തളിക ഇറങ്ങുന്ന ദിവസം ഈദ് (പെരുന്നാൾ) പോലെ ആഹ്ലാദ ഭരിതമായിരിക്കും. ഇന്നുള്ളവർക്കും ഭാവിതലമുറകൾക്കും ആഹ്ലാദകരം. ഉപജീവനമാർഗ്ഗം വേണം. പണിയെടുക്കാനുള്ള ആരോഗ്യം വേണം. അധ്വാനത്തിനനുസരിച്ച് വേതനം വേണം. ജീവിതം ക്ലേശകരമാവരുത്.
അല്ലാഹുﷻവിന്റെ മറുപടി കാണുക. "അല്ലാഹു ﷻ പറഞ്ഞു:
قَالَ اللَّهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ
ഞാൻ നിങ്ങൾക്ക് അത് ഇറക്കിത്തരാം. പിന്നീട് നിങ്ങളിൽ നിന്നാരെങ്കിലും സത്യനിഷേധികളായാൽ, ലോകരിൽ ഒരാളെയും ശിക്ഷിക്കാത്തത്ര കഠിനമായ ശിക്ഷ ഞാനവന്ന് നൽകുന്നതാണ്." (5:115)
കാത്തിരിപ്പായി. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്. തളിക ഇറങ്ങി. സന്തോഷം അണപൊട്ടി ഒഴുകി. തളികയുടെ മൂടി മാറ്റി. ആകാംക്ഷ നിറഞ്ഞ നയനങ്ങൾ അങ്ങോട്ടു നീണ്ടു. അപ്പം, മത്സ്യം, പഴങ്ങൾ എല്ലാവരും കഴിക്കാനിരുന്നു. വേണ്ടുവോളം കഴിച്ചു തൃപ്തരായി...
മുഅ്‌മിനീങ്ങൾ അല്ലാഹുﷻവിനെ വാഴ്ത്തി...
മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. അലക്കുകാരായ കുറേപേർ ഈസാ (അ) നോടൊപ്പം ചേർന്നു. ഹൃദയശുദ്ധീകരണത്തെക്കുറിച്ചാണ് അവരോട് സംസാരിച്ചത്. പറഞ്ഞതെല്ലാം വിശ്വസിച്ചു. ആരാധനാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷാമം പിടിപെട്ട ഒരുനാട്ടിൽ അവരെത്തിച്ചേർന്നു. ജനങ്ങളെല്ലാം പട്ടിണിയിലാണ്.
"മർയമിന്റെ മകനേ...! ആകാശത്ത് നിന്ന് ഭക്ഷണം നിറച്ച ഒരു സുപ്ര ഇറക്കിത്തരാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക."
ഈസാ നബി (അ) പെട്ടെന്ന് പ്രാർത്ഥിക്കാൻ തയ്യാറായില്ല. നിങ്ങൾ മുപ്പത് ദിവസം നോമ്പെടുക്കുക. അതായിരുന്നു നിർദ്ദേശം.
അവർ മുപ്പത് ദിവസം നോമ്പ് നോറ്റു.
ഈസാ (അ) ഒരു കമ്പിളി മാത്രം പുതച്ച് മൈതാനിയിലിറങ്ങി. തല മറച്ചില്ല. മൈതാനം നിറയെ ആളുകൾ തടിച്ചുകൂടി. അവിടെ വെച്ച് ഈസാ (അ) പ്രാർത്ഥിച്ചു. അതൊരു ഞായറാഴ്ചയായിരുന്നു.
രണ്ട് മേഘങ്ങൾക്കു മധ്യത്തിൽ ഒരു ചുവന്ന സുപ്ര പ്രത്യക്ഷപ്പെട്ടു. എല്ലാ ഖൽബുകളും പ്രാർത്ഥനാ നിർഭരമായി.
“അല്ലാഹുവേ..! എന്നെ നന്ദിയുള്ള അടിയാർകളിൽ ഉൾപ്പെടുത്തേണമേ...!" ഈസാ നബി (അ) പ്രാർത്ഥിച്ചു. സുപ്ര ഇറങ്ങി വന്നു. ഭൂമിയിൽ വന്നു നിന്നു. ഈസാ (അ) അല്ലാഹുﷻവിന്നു നന്ദി രേഖപ്പെടുത്തിക്കൊണ്ട് പ്രത്യേക പ്രാർത്ഥന നടത്തി...
സുപ്രയുടെ മൂടി തുറന്നു. ഒരുമീൻ പാകം ചെയ്തു വെച്ചിരിക്കുന്നു. അതിന്ന് തൊലിയില്ല. മുള്ളില്ല അതീവ രുചികരമായ മത്സ്യം. മത്സ്യത്തിന്റെ ചുറ്റിലുമായി പ്രന്തണ്ട് റൊട്ടികൾ. അഞ്ച് മാതളപ്പഴം, കുറച്ച് ഈത്തപ്പഴം, സെയ്ത്തെണ്ണ, തേൻ, ചില സസ്യക്കറികൾ. സുപ്രയുടെ ഒരു ഭാഗത്തായി സുർക്കയും നെയ്യും വെച്ചിരുന്നു.
ആളുകൾ ആഹാരം കഴിക്കാൻ തുടങ്ങി. ആവോളം കഴിച്ചു. ഒരു കുറവും വന്നില്ല. ആളുകൾ വരുന്നു... കഴിക്കുന്നു... ആയിരത്തിമുന്നൂറ് ആളുകൾ ആഹാരം കഴിച്ചു. എന്നിട്ടും ആഹാരം ബാക്കി. ആഹാരം കഴിച്ച രോഗികളുടെ രോഗം മാറി. ആഹാരം കഴിഞ്ഞശേഷം സുപ്ര ഉയർന്നുപോയി...
അടുത്തദിവസവും മധ്യാഹ്നത്തിന് മുമ്പ് സുപ്രയിറങ്ങി. ആളുകൾ ആഹാരം കഴിച്ചു. അതിന്നുശേഷം സുപ്ര ഉയർന്നു പോയി. മൂന്നാം ദിവസവും സുപ്ര ഇറങ്ങി. സുപ്ര ഇറങ്ങിയ ദിവസത്തെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്....
ഒരു ദിവസം മാത്രമേ സുപ്ര ഇറങ്ങിയിട്ടുള്ളൂ എന്നാണ് ഒരഭിപ്രായം. മൂന്നു ദിവസം ഇറങ്ങിയെന്നും അഭിപ്രായമുണ്ട്. ഏഴ് ദിവസം ഇറങ്ങിയെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു. സുപ്ര ഇറങ്ങിയ ശേഷം ആരെങ്കിലും സത്യനിഷേധം കാണിച്ചാൽ, മുമ്പ് ആർക്കും കിട്ടാത്ത അത്രയും കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അല്ലാഹു ﷻ മുന്നറിയിപ്പ് നൽകിയിരുന്നു...
ആളുകൾ ഭയന്നുപോയി. ഈസാ (അ) പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു. വിശ്വാസം തെറ്റിക്കാൻ ധൈര്യം പോരായിരുന്നു. മറ്റൊരു അഭിപ്രായം കൂടിയുണ്ട്. ഭക്ഷണം നിറച്ച സുപ്ര ഇറങ്ങിയിട്ടില്ല. തങ്ങൾ ചോദിച്ചത് അവിവേകമായിപ്പോയി എന്ന് മനസ്സിലാക്കി ജനങ്ങൾ പിൻമാറുകയായിരുന്നു. ഭക്ഷണത്തളികയോ സുപ്രയോ ഇറങ്ങിയിട്ടില്ലെന്നാണ് അവരുടെ വാദം...
ആകാശത്ത് നിന്നിറങ്ങിയ തളികയിൽ ഏഴ് പത്തിരിയും ഏഴ് പൊരിച്ച മീനും ഉണ്ടായിരുന്നുവെന്നാണ് ഒരു റിപ്പോർട്ട്.
ഭക്ഷണം പിറ്റേ ദിവസത്തേക്ക് എടുത്തു സൂക്ഷിക്കരുത് എന്ന് കല്പിച്ചിരുന്നു. ഇത് വഞ്ചനയാണെന്ന് വിശേഷിപ്പിക്കപ്പെട്ടു. ചിലർ ആരും കാണാതെ ഭക്ഷണം എടുത്തു ഒളിപ്പിച്ചുവെച്ചു. പിറ്റേന്ന് നേരം പുലർന്നപ്പോൾ അവർ പന്നികളും കുരങ്ങുകളുമായി മാറ്റപ്പെട്ടു.
ബന്ധുക്കൾ വെപ്രാളത്തോടെ ഓടി. ഈസാ നബി (അ)നെ സമീപിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് സങ്കടം പറഞ്ഞു. ഈസാ (അ) വന്നപ്പോൾ പന്നികളും കുരങ്ങുകളും വാവിട്ടു കരയാൻ തുടങ്ങി. തല ഉയർത്തി നബിയെ നോക്കി. സംസാരിക്കാൻ പറ്റുന്നില്ല. ആർക്കും അവരെ വേണ്ട. മൂന്ന് ദിവസങ്ങൾ കടന്നുപോയി. എല്ലാവരും പിന്നെ ചത്തൊടുങ്ങി. അങ്ങനെയും റിപ്പോർട്ടിൽ കാണുന്നുണ്ട്...
ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരാൻ വേണ്ടി പ്രാർത്ഥിക്കുന്നതിനുമുമ്പ് മുപ്പത് നോമ്പ് നോൽക്കാൻ ഈസാ (അ) ജനങ്ങളോട് നിർദ്ദേശിച്ചു. അവരെല്ലാവരും നോമ്പെടുത്തു. നോമ്പ് കഴിഞ്ഞതിന്റെ പിറ്റെ ദിവസം പെരുന്നാൾ (ഈദ്), ഖുർആനിൽ ഈദ് എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ജനം ആകാശത്തേക്ക് ഉറ്റുനോക്കി. രണ്ട് മേഘങ്ങൾക്കിടയിലായി സുപ്ര കാണപ്പെട്ടു. എല്ലാവരും അതിശയത്തോടെ ആകാശത്തേക്ക് ഉറ്റുനോക്കി...
ഭക്ഷണ സുപ്ര താഴ്ന്നുവന്നു. ഈസാ (അ) ന്റെ മുമ്പിൽ വന്നിറങ്ങി...
"ബിസ്മില്ലാഹി ഖൈരി റാസിഖീൻ"
ഭക്ഷണം നൽകുന്നതിൽ ഉത്തമനായ അല്ലാഹുﷻവിന്റെ നാമത്തിൽ എന്നു പറഞ്ഞുകൊണ്ട് മൂടി തുറന്നു...
ജനങ്ങൾ പറഞ്ഞു: "മർയമിന്റെ മകനേ..! താങ്കൾ കഴിക്കുക. എന്നിട്ട് ഞങ്ങൾ കഴിക്കാം." അവരോട് കഴിക്കാൻ നബി ആവശ്യപ്പെട്ടു...
ദരിദ്രർ, രോഗികൾ, അവശർ തുടങ്ങിയവർ ആദ്യം കഴിച്ചു. ധനികന്മാർ പിന്നെ കഴിച്ചു. ചിലർ ആഹാരം കഴിക്കാതെ മാറിനിന്നു.
രോഗികളുടെ രോഗം മാറി. അവശന്മാരുടെ അവശത മാറി. ഇതൊക്കെ കണ്ടപ്പോൾ ഭക്ഷണം കഴിക്കാതെ മാറി നിന്നവർക്ക് വലിയ ഖേദമായി...
ഏഴായിരം ആളുകൾ ഭക്ഷണം കഴിച്ചതായി റിപ്പോർട്ടുകളുണ്ട്...
അവസാന ദിവസങ്ങളിൽ ആഹാരം പാവങ്ങൾക്കും രോഗികൾക്കുമായി പരിമിതപ്പെടുത്തി. അത് കഴിഞ്ഞ് സുപ്ര ഇറങ്ങാതെയായി...
വേദ ഗ്രന്ഥങ്ങൾ
തൗറാത്തും ഇഞ്ചീലും അവതരിക്കപ്പെട്ടത് ജനങ്ങളെ സന്മാർഗ്ഗത്തിലേക്ക് നയിക്കാൻ വേണ്ടിയാണ്. ഇസാഈല്യരിൽ ഒരുവിഭാഗത്തിന് ഈ വേദഗ്രന്ഥങ്ങൾ മൂലം സന്മാർഗ്ഗം ലഭിച്ചു. വലിയൊരു വിഭാഗം ധിക്കാരികളും അക്രമികളുമായി മാറുകയാണുണ്ടായത്.
തൗറാത്തും ഇഞ്ചീലും സത്യം വ്യക്തമാക്കി. പക്ഷെ, അക്കൂട്ടർ സത്യത്തിന്റെ ശത്രുക്കളായി. അവർ അനേകമാളുകളെ വഴിപിഴപ്പിച്ചു. വിശുദ്ധ ഗ്രന്ഥങ്ങൾ തിരുത്തി. പലതും കടത്തിക്കൂട്ടി. സത്യം മറച്ചുവെച്ചു. ഇക്കാര്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.
അന്ത്യപ്രവാചകൻ ﷺക്ക് വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടപ്പോൾ അക്കാലത്തെ വേദക്കാർ അതിൽ വിശ്വസിച്ചില്ല. തങ്ങളുടെ കൈവശം തൗറാത്തും ഇഞ്ചീലും ഉണ്ടെന്നും,
തങ്ങൾക്ക് ഖുർആൻ ആവശ്യമില്ലെന്നും അവർ പറഞ്ഞു.
ധിക്കാരമാണവർ പറഞ്ഞത്. യഥാർത്ഥ തൗറാത്തും ഇഞ്ചീലും അവർ നിലനിർത്തിയിരുന്നുവെങ്കിൽ അങ്ങനെ പറയുമായിരുന്നില്ല. അന്ത്യപ്രവാചകനെ കുറിച്ച് തൗറാത്തിലും ഇഞ്ചീലിലും പറഞ്ഞിട്ടുണ്ട്. ആ ഭാഗം ഇക്കൂട്ടർ വിട്ടുകളഞ്ഞു. അത് കാരണം അവർ ധിക്കാരികളായി.
തൗറാത്തും ഇഞ്ചീലും കാരണം അവർ ധിക്കാരികളായി മാറിയെന്ന് അല്ലാഹു ﷻ പറയുന്നു: "നബിയേ... താങ്കൾക്ക് അവതരിപ്പിച്ചതും തൗറാത്തും ഇഞ്ചീലും നിലനിർത്താത്ത കാലത്തോളം വേദക്കാർ യാതൊന്നിലുമല്ല" എന്നാണ് അല്ലാഹു ﷻ അറിയിക്കുന്നത്.
വിശുദ്ധ ഖുർആൻ വചനം കാണുക.
قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۖ فَلَا تَأْسَ عَلَى الْقَوْمِ الْكَافِرِينَ
“നബിയേ പറയുക: വേദക്കാരെ നിങ്ങൾ യാതൊന്നിലും തന്നെയല്ല. തൗറാത്തും ഇഞ്ചീലും നിങ്ങളുടെ റബ്ബിൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ട ഖുർആനും നിങ്ങൾ നിലനിർത്തുന്നത് വരെ. താങ്കളുടെ റബ്ബിൽ നിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും (ഖുർആൻ) അവരിൽ നിന്ന് വളരെ പേർക്ക് ധിക്കാരവും അവിശ്വാസവും വർദ്ധിപ്പിക്കുക തന്നെ ചെയ്തു. അതിനാൽ വിശ്വസിക്കാത്ത ജനങ്ങളുടെ പേരിൽ താങ്കൾ വ്യസനപ്പെടേണ്ട.” (5:68)
വേദഗ്രന്ഥങ്ങൾ കൈവശമുണ്ടായിട്ടും ഇസ്ലാമിൽ വിശ്വസിക്കാത്തവരുടെ കാര്യത്തിൽ വ്യസനിച്ചിരുന്ന നബി ﷺ തങ്ങളെ അല്ലാഹു ﷻ ആശ്വസിപ്പിക്കുകയായിരുന്നു.
അടുത്ത വചനം കാണുക.
إِنَّ الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئُونَ وَالنَّصَارَىٰ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
“നിശ്ചയമായും വിശ്വസിച്ചവരും (അവർക്ക് വ്യസനമില്ല) യഹൂദികൾ, സ്വാബികൾ, ക്രിസ്ത്യാനികൾ എന്നിവരിൽ ആർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സൽക്കർമ്മം പ്രവർത്തിക്കുകയും ചെയ്തുവോ, അവരുടെ മേൽ യാതൊരു ഭയവുമില്ല. അവർ വ്യസനിക്കുകയുമില്ല. (5:69)
അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുക. സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും അവർക്കുമാത്രമാണ് വിജയം. അടുത്തവചനം വളരെ ഗൗരവത്തോടെ കാണുക.
لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ
“ഇസ്രാഈൽ സന്തതികളുടെ ഉറപ്പ് (കരാർ) നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. നാം അവരിലേക്ക് റസൂലുകളെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ മനസ്സുകൾ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂൽ അവരിൽ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവർ വ്യാജമാക്കുകയായി. വേറെ ഒരു വിഭാഗത്തെ അവർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.” (5:70)
ഇസ്രാഈല്യർ എത്രയോ പ്രവാചകന്മാരെ വ്യാജമാക്കി തള്ളിക്കളഞ്ഞു. പല നബിമാരേയും വധിച്ചിട്ടുണ്ട്. അങ്ങനെ അവർ ശപിക്കപ്പെട്ടവരായിത്തീർന്നു.
ഇസാഈല്യർ എത്രയോ പ്രവാചകന്മാരെ വ്യാജമാക്കി തള്ളിക്കളഞ്ഞു. പല നബിമാരേയും വധിച്ചിട്ടുണ്ട്. അങ്ങനെ അവർ ശപിക്കപ്പെട്ടവരായിത്തീർന്നു. എന്തൊരു ധിക്കാരികൾ..! അവരെ അല്ലാഹു ﷻ പരീക്ഷണങ്ങൾക്ക് വിധേയമാക്കി...
അടുത്ത വചനം കാണുക.
وَحَسِبُوا أَلَّا تَكُونَ فِتْنَةٌ فَعَمُوا وَصَمُّوا ثُمَّ تَابَ اللَّهُ عَلَيْهِمْ ثُمَّ عَمُوا وَصَمُّوا كَثِيرٌ مِّنْهُمْ ۚ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
"ഒരു പരീക്ഷണവും ഉണ്ടാവുകയില്ലെന്ന് അവർ കണക്കുകൂട്ടി. അങ്ങനെ അവർ അന്ധരാവുകയും ബധിരരാവുകയും ചെയ്തു. പിന്നീട് അല്ലാഹു ﷻ അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരിൽ വളരെപ്പേർ അന്ധരും ബധിരരുമായി. അല്ലാഹു ﷻ അവർ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു." (5:71)
അവർ പല തവണ പരീക്ഷണം നേരിട്ടവരാണ്. ശത്രുക്കളുടെ ആക്രമണങ്ങൾ പല തവണ നടന്നു. സകലതും നശിച്ചു. ബാബിലോണിയായിലെ ബുഖ്ത്തുന്നസർ രാജാവ് ബൈത്തുൽ മുഖദ്ദസ് നശിപ്പിക്കുകയും ഇസാഈല്യരെ അടിമകളാക്കുകയും ചെയ്തു. പിന്നീട് ഇസാഈല്യർ പശ്ചാത്തപിച്ചു. അല്ലാഹു ﷻ അവർക്ക് മോചനം നൽകി. പിന്നെയും അവർ ധിക്കാരികളായി. മുമ്പുള്ളതിനെക്കാൾ മോശമായി. മർയമിന്റെ മകൻ ദൈവമാണെന്ന് പറഞ്ഞു.
ഈ ഖുർആൻ വചനം നോക്കൂ...
لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
"മർയമിന്റെ മകൻ മസീഹ് ദൈവമാകുന്നു എന്നു പറഞ്ഞവർ തീർച്ചയായും കാഫിറായിരിക്കുന്നു. (സത്യനിഷേധിയായിരിക്കുന്നു.) ഈസാ മസീഹ് പറഞ്ഞു: ഇസ്രാഈൽ സന്തതികളേ..! എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുക. അല്ലാഹുﷻവിനോട് ആരെങ്കിലും പങ്ക് ചേർത്താൽ അല്ലാഹു ﷻ അവന്ന് സ്വർഗ്ഗം ഹറാം (നിഷിദ്ധം) ആക്കും. അവന്റെ സങ്കേതം നരകമായിരിക്കും. അകമികൾക്ക് സഹായികളുണ്ടാവുകയില്ല." (5:72)
മൂന്നു വ്യക്തികൾ ചേർന്നതാണ് ദൈവം എന്നു പറഞ്ഞവരും വഴിപിഴച്ചു പോയിരിക്കുന്നു. ഖുർആൻ പറയുന്നു.
لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ ثَالِثُ ثَلَاثَةٍ ۘ وَمَا مِنْ إِلَٰهٍ إِلَّا إِلَٰهٌ وَاحِدٌ ۚ وَإِن لَّمْ يَنتَهُوا عَمَّا يَقُولُونَ لَيَمَسَّنَّ الَّذِينَ كَفَرُوا مِنْهُمْ عَذَابٌ أَلِيمٌ
"നിശ്ചയമായും, അല്ലാഹു ﷻ മൂന്നിൽ ഒരുവനാകുന്നു എന്നു പറഞ്ഞ വരും കാഫിറായിരിക്കുന്നു. ഒരു ഇലാഹ് (ആരാധ്യൻ) അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവർ പറഞ്ഞുകൊണ്ടിരിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നില്ലെങ്കിൽ അവരിലെ സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്. (5:73)
ദയാലുവായ അല്ലാഹുﷻവിന്റെ ഉപദേശം കാണുക.
أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ ۚ وَاللَّهُ غَفُورٌ رَّحِيمٌ
"അപ്പോൾ അവർക്ക് അല്ലാഹുﷻവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്തു കൂടേ..! അല്ലാഹു ﷻ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (5:74)
മർയമിന്റെ മകൻ ഈസാ ഒരു നബി മാത്രമാകുന്നു. നബിയല്ലാതെ മറ്റൊന്നുമല്ല. ദൈവമല്ല, ദൈവപുത്രനുമല്ല. അദ്ദേഹത്തിന് മുമ്പും റസൂലുകൾ വന്നിട്ടുണ്ട്. ഈസയുടെ മാതാവ് സത്യസന്ധയായ വനിതയാകുന്നു. ദൈവമല്ല. ദൈവമാതാവുമല്ല.
വിശുദ്ധ ഖുർആൻ പറയുന്നു:
مَّا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انظُرْ أَنَّىٰ يُؤْفَكُونَ
“മർയമിന്റെ മകൻ മസീഹ് ഈസ ഒരു റസൂൽ (ദൈവദൂതൻ) അല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന് മുമ്പ് റസൂലുകൾ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മ ഒരു സത്യസന്ധയായ സ്ത്രീയുമാകുന്നു. രണ്ട് പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക...! ദൃഷ്ടാന്തങ്ങളെ അവർക്കു നാം എപ്രകാരം വിവരിച്ചുകൊടുക്കുന്നു..! പിന്നെയും നോക്കുക... അവർ സത്യത്തിൽ നിന്ന് എങ്ങനെ തെറ്റിക്കപ്പെടുന്നുവെന്ന്!" (5:75)
ഈസാ (അ) വരുന്നതിന്ന് മുമ്പ് എത്രയോ പ്രവാചകന്മാർ ഭൂമിയിൽ വന്നിട്ടുണ്ട്. അവരെല്ലാം മനുഷ്യരായിരുന്നു. ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത മനുഷ്യർ. അവരിൽ ഒരാളെയും ആരും ദൈവമാക്കിയില്ല. ദൈവമാണെന്ന് ആരും വാദിച്ചില്ല.
ഈസാ (അ) പറഞ്ഞത് താൻ അല്ലാഹുﷻവിന്റെ അടിമയും ദൂതനും ആണെന്നാണ്. മർയം (റ) പരിശുദ്ധ വനിതയുമാണ്. അവരെ ദൈവമാക്കുന്നത് വലിയ അപരാധമാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു. ഈസാ (അ) പ്രചരിപ്പിക്കാത്ത ആശയങ്ങൾ പിൽക്കാലത്ത് കടത്തിക്കൂട്ടി. മതത്തിൽ അതിര് കവിഞ്ഞു. അതിനെക്കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു.
قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ
"പറയുക..! വേദക്കാരേ..! ന്യായമല്ലാത്തവിധം നിങ്ങൾ നിങ്ങളുടെ മതത്തിൽ അതിര് കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങൾ പിൻപറ്റുകയും ചെയ്യരുത്. അവർ മുമ്പെ വഴിപിഴച്ചിട്ടുണ്ട്. വളരെ ആളുകളെ അവർ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു. ശരിയായ മാർഗം വിട്ട് അവർ തെറ്റിപ്പോവുകയും ചെയ്തിരിക്കുന്നു." (5:77)
ഈസാ (അ) ന്റെയും മാതാവിന്റെയും പ്രതിമകളുണ്ടാക്കി. അവയെ ആരാധിക്കാൻ തുടങ്ങി. കുരിശിൽ തറച്ചതായി പ്രചരിപ്പിച്ചു. കുരിശിന്ന് ദിവ്യത്വം കല്പിച്ചു. മതത്തിൽ അതിര് കവിഞ്ഞു. കഥകൾ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചു...
ഇസ്രാഈല്യർ നബിമാരുടെ ശാപം ഏറ്റുവാങ്ങിയവരാണ്. അവരുടെ ദുഷ്കർമ്മങ്ങൾ അവരെ ശാപത്തിൽ കുടുക്കിക്കളഞ്ഞു. സ്വയം നന്നാവുക. മറ്റുള്ളവരെ നന്നാക്കുക. ഇതാണ് സത്യവിശ്വാസികളുടെ രീതി.
സ്വയം മോശക്കാരനായി ജീവിക്കുക. എല്ലാ ജീർണ്ണതകളെ വാരിപ്പുണരുക. മറ്റുള്ളവരെ നന്നായി ജീവിക്കാൻ ഉപദേശിക്കുക. ഇത് കപടന്മാരുടെ ലക്ഷണമാണ്. ഇസാഈല്യർ ഈ രീതിയാണ് സ്വീകരിച്ചത്.
നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. ദുഷ്കർമ്മങ്ങൾ നിരോധിക്കുക. ഇതാണ് ശരിയായ വഴി. ഈ വഴി ഇസാഈല്യർക്കിടയിൽ നിന്ന് മാഞ്ഞുപോയി.
എല്ലാവരും തെറ്റ് ചെയ്തു. ആരും ഉപദേശിക്കാനില്ല. ചിലർ ഉപദേശിക്കും. വെറും അധരവ്യായാമം. തെറ്റുകാരോടൊപ്പം ആഹാരം കഴിക്കും. സഞ്ചരിക്കും. താമസിക്കും. സ്നേഹിക്കും.
ദാവൂദ് (അ), ഈസാ (അ) എന്നിവരുടെ നാവിലൂടെ ശാപം ഏറ്റുവാങ്ങിയവരാണ് ഇസാഈല്യർ.
വിശുദ്ധ ഖുർആൻ പറയുന്നു:
لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ
“ഇസ്രാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസയുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത് അവർ അനുസരണക്കേട് കാണിക്കുകയും അതിര് വിട്ട് കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ടാവുന്നു.”(5:78)
كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ
“അവർ ചെയ്ത ദുരാചാരത്തെക്കുറിച്ച് അവർ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.” (5:79)
ശാപം ഏറ്റുവാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അവർ ദുരാചാരത്തെ നിരോധിച്ചില്ല എന്നതാണ്. ആരെന്ത് ചെയ്താലും മൗനം അവലംബിക്കും. അത് കാരണം സമൂഹങ്ങളിൽ തെറ്റുകൾ പെരുകി...
ഇബ്നുമസ്ഊദ് (റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ
ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: “ഇസ്രാഈല്യരിൽ ആദ്യം വീഴ്ച കടന്നുകൂടിയതിങ്ങനെയാണ്. ഒരാൾ ഒരു തെറ്റുചെയ്യുന്നത് കാണുമ്പോൾ നീ അല്ലാഹുﷻവിനെ സൂക്ഷിക്കുക, ഈ പ്രവർത്തി ഉപേക്ഷിക്കണം, ഇത് പാടില്ല എന്നൊക്കെ മറ്റൊരാൾ പറയും. പിറ്റെ ദിവസം അയാൾ ആ തെറ്റ് ആവർത്തിക്കുന്നു. ഉപദേശിച്ചയാൾ അവനോടൊപ്പം കൂടുകയും ഭക്ഷണ പാനീയങ്ങൾ കഴിക്കുകയും ചെയ്യും. അതിനൊരു തടസ്സവുമില്ല. അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ അല്ലാഹു ﷻ അവരുടെ ഹൃദയങ്ങളെ തമ്മിൽ തല്ലിച്ചു. അവർക്കിടയിൽ ഭിന്നിപ്പുണ്ടായി.
അല്ലാഹുﷻവിനെ തന്നെയാണ് സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പ്പിക്കുകയും ദുരാചാരങ്ങൾ വിരോധിക്കുകയും തന്നെ വേണം, നിങ്ങൾ അക്രമിയുടെ കൈക്ക് പിടിക്കുകയും വേണം. അവനെ സത്യപാതയിലൂടെ നടത്തുകയും വേണം.”
നബിﷺയുടെ വളരെ പ്രസിദ്ധമായ ഈ വചനത്തിൽ നിന്ന് യഥാർത്ഥ സത്യവിശ്വാസി എങ്ങനെയായിരിക്കണമെന്ന് മനസ്സിലാക്കാം.
ഹുദൈഫത്തുബ്നുൽ യമാൻ (റ) അവർകളെ തൊട്ട് ഉദ്ധരിക്കപ്പെട്ട നബി വചനം ഇങ്ങനെ;
നബി ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം..! നിങ്ങൾ സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെ വിരോധിക്കുകയും വേണം. അല്ലാത്ത പക്ഷം,അല്ലാഹു ﷻ അവന്റെ പക്കൽ നിന്ന് നിങ്ങളുടെ മേൽ വല്ല ശിക്ഷാ നടപടിയും അയച്ചേക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അവനോട് പ്രാർത്ഥിക്കുമ്പോൾ അവൻ നിങ്ങൾക്ക് ഉത്തരം നൽകുകയില്ല.”
നബി ﷺ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം കണ്ടാൽ കൈകൊണ്ട് തടയട്ടെ. അതിന്ന് സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് തടയട്ടെ. അതിനും സാധിച്ചില്ലെങ്കിൽ ഹൃദയംകൊണ്ട് വെറുക്കട്ടെ. സത്യവിശ്വാസത്തിൽ ഏറ്റവും ദുർബ്ബലമായത് അതാകുന്നു.” അബൂ സഈദിൽ ഖുദ്രി (റ) റിപ്പോർട്ട് ചെയ്ത ഹദീസാണിത്.
നന്മകൊണ്ട് കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുകയെന്ന സമ്പ്രദായം ഇസ്രാഈല്യർ ഉപേക്ഷിച്ചതാണ് അവർ ശപിക്കപ്പെടാനുള്ള പ്രധാനകാരണം...
Post a Comment