ഈസാ നബി (അ) ചരിത്രം ഭാഗം 2 | Eesa nabi(A.S) history part 2 | islamic prophet history | Jesus in Islam
ഈസാ നബി (അ) ചരിത്രം
സന്തോഷ വാർത്ത
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായം. സൂറത്ത് മർയം. ഈ സൂറത്ത് ആരംഭിക്കുന്നത് സകരിയ്യാ (അ) ന്റെ പ്രാർത്ഥന ഉദ്ധരിച്ചുകൊണ്ടാണ്.
ഒരു കുഞ്ഞിനെ കിട്ടാനുള്ള അടങ്ങാത്ത ആഗ്രഹം. മർയമിനെ കാണുമ്പോൾ ആ ആഗ്രഹം വളരുകയാണ്. തനിക്കൊരു പിൻഗാമിയെ കിട്ടണം. തന്റെ ദൗത്യം തുടർന്നു നടത്താൻ യോഗ്യനായ ഒരാൺകുട്ടി വേണം. അതിനുവേണ്ടിയുള്ള പ്രാർത്ഥന വളരെ കാലമായി തുടരുന്നു. സൂറത്ത് മർയമിലെ ചില വചനങ്ങൾ കാണുക.
മുഹമ്മദ് നബി ﷺ തങ്ങളോട് അല്ലാഹു ﷻ പറയുന്നു :
ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا
"ഇത് താങ്കളുടെ റബ്ബ് തന്റെ അടിമ സകരിയ്യാ നബിയോട് കാണിച്ച കാരുണ്യത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്." (19:2)
إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا
"അദ്ദേഹം തന്റെ റബ്ബിനോട് രഹസ്യമായി പ്രാർത്ഥിച്ചപ്പോൾ ആയിരുന്നു കാരുണ്യം കാണിച്ചത്." (19:3)
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ..! നിശ്ചയമായും എന്റെ എല്ലുകളെല്ലാം ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. എന്റെ ശിരസ്സിൽ നര വ്യാപിച്ചിരിക്കുന്നു. എന്റെ റബ്ബേ..! നിന്നോട് പ്രാർത്ഥിച്ചിട്ട് മുമ്പൊരിക്കലും (ഉത്തരം കിട്ടാതെ) ഞാൻ നിരാശനായിട്ടില്ല." (19:4)
وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا
"എന്റെ പുറകെയുള്ള പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. അത് കൊണ്ട് നിന്റെ പക്കൽ നിന്ന് ഒരു മകനെ എനിക്ക് നീ ദാനം ചെയ്യേണമേ...!" (19:5)
يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ ۖ وَاجْعَلْهُ رَبِّ رَضِيًّا
"എനിക്കും യഹ്ഖൂബ് കുടുംബത്തിന്നും പിന്തുടർച്ചാവകാശിയായിത്തീരുന്ന മകൻ. എന്റെ റബ്ബേ..! നീ അവനെ എല്ലാവരുടെയും തൃപ്തിക്ക് പാത്രമാക്കുകയും ചെയ്യേണമേ...!" (19:6)
കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണിത്. രഹസ്യമായുള്ള പ്രാർത്ഥന. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. ഒരാൺകുഞ്ഞിനെക്കുറിച്ചുള്ള സന്തോഷകരമായ സൂചന നൽകുകയും ചെയ്തു. സന്തോഷവാർത്ത വന്നപ്പോൾ അമ്പരന്നുപോയി. സകരിയ്യ (അ)ന്ന് പ്രായം നൂറ്റി ഇരുപത് വയസ്സ്. ഭാര്യക്ക് തൊണ്ണൂറ്റി എട്ട്. ഈ പ്രായത്തിൽ ഭാര്യ ഗർഭിണിയാവുകയോ? പ്രസവം നടക്കുമോ?
സർവ്വശക്തനായ റബ്ബിന്ന് അതൊട്ടും പ്രയാസമുള്ള കാര്യമല്ല. അത് നിശ്ചയിക്കപ്പെട്ട കാര്യമാകുന്നു. ആ സന്തോഷവാർത്ത വിശുദ്ധ ഖുർആൻ പറയുന്നു.
يَا زَكَرِيَّا إِنَّا نُبَشِّرُكَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا
"ഓ.... സകരിയ്യാ നിശ്ചയമായും താങ്കൾക്ക് ഒരാൺകുട്ടിയെ സംബന്ധിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേര് യഹ് യ എന്നാകുന്നു. ഇതിന്ന് മുമ്പ് ആ പേരുള്ള ഒരാളെയും നാം ആക്കിയിട്ടില്ല (സൃഷ്ടിച്ചില്ല)." 19:7)
قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَامٌ وَكَانَتِ امْرَأَتِي عَاقِرًا وَقَدْ بَلَغْتُ مِنَ الْكِبَرِ عِتِيًّا
"അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ എനിക്ക് എങ്ങനെയാണ് ഒരാൺകുട്ടിയുണ്ടാവുക? എന്റെ ഭാര്യ മച്ചിയായിരിക്കുന്നു. ഞാൻ വളരെയേറെ വാർദ്ധക്യം പ്രാപിക്കുകയും ചെയ്തിരിക്കുന്നു." (19:8)
قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْئًا
"അല്ലാഹു ﷻ പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിന്റെ റബ്ബ് പറയുന്നു : എനിക്ക് അത് നിസ്സാരകാര്യമാകുന്നു. മുമ്പ് താങ്കളെ നാം സൃഷ്ടിച്ചു. താങ്കൾ ഒരു വസ്തുവും ആയിരുന്നില്ല." (19:9)
ഏറെക്കഴിയും മുമ്പെ സകരിയ്യാ (അ)ന്റെ ഭാര്യ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞാണ് യഹ്‌യ (അ). യഹ്‌യ (അ)നെക്കുറിച്ച് പറഞ്ഞ ശേഷം സൂറത്ത് മർയമിൽ ഈസാ(അ)ന്റെ ചരിത്രം പറയുന്നു.
മർയം (റ)വിന്റെ മഹത്വങ്ങൾ നബി ﷺ തങ്ങൾ പല തവണ വിവരിച്ചിട്ടുണ്ട്. ഖത്താദ (റ)ൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം : "നബി ﷺ പറഞ്ഞു : ലോകത്തുള്ള സ്ത്രീകളിൽ ഏറ്റവും ഉത്തമരായവർ നാല് വനിതകളാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ.
അബൂബക്കർ (റ) പറഞ്ഞു : നബി ﷺ ആരുൾ ചെയ്തു, ലോകവനിതകളിൽ നന്മ നിറഞ്ഞവർ നാല് പേരാകുന്നു. ഇംറാന്റെ മകൾ മർയം, ഫിർഔനിന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകൾ ഖദീജ, മുഹമ്മദ് റസൂലുള്ളാഹി ﷺ യുടെ മകൾ ഫാത്വിമ.
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ തങ്ങൾ ഭൂമിയിൽ നാലു വര വരച്ചു എന്നിട്ട് ചോദിച്ചു, ഇതെന്താണെന്ന് നിങ്ങൾക്കറിയാമോ..? സ്വഹാബികൾ ഇങ്ങനെ മറുപടി നൽകി : അല്ലാഹുﷻവിന്നും അവന്റെ റസൂലിന്നും (ﷺ) അറിയാം.
അപ്പോൾ നബി ﷺ പറഞ്ഞു : സ്വർഗ്ഗത്തിലെ സ്ത്രീകളിൽ ഏറ്റവും ശ്രേഷ്ഠരായ നാല് പേരാണിത്. ഖുവൈലിദ് മകൾ ഖദീജ, മുഹമ്മദ് ﷺ യുടെ മകൾ ഫാത്വിമ, ഇംറാന്റെ മകൾ മർയം, മസാഹിമിന്റെ മകളും ഫിർഔനിന്റെ ഭാര്യയുമായ ആസിയ.
ഇബ്നു അസാക്കിറിന്റെ റിപ്പോർട്ട് ഇങ്ങനെയാകുന്നു. നബി ﷺ പറഞ്ഞു, ലോകവനിതകൾക്ക് നാല് നേതാക്കളുണ്ട്. അവർ നിങ്ങൾക്കുമതി. മുഹമ്മദിന്റെ (ﷺ) മകൾ ഫാത്വിമ, ഖുവൈലിദിന്റെ മകൾ ഖദീജ, മുബാഹിമിന്റെ മകൾ ആസ്യ, ഇംറാന്റെ മകൾ മർയം.
സ്വർഗ്ഗത്തിലെ നാല് നായികമാരിൽ ഒരാളാണ് മർയം (റ). യഹ്‌യ (അ)ന്റെ ജനനവും ഈസാ (അ)ന്റെ ജനനവും മനുഷ്യവർഗ്ഗത്തെ വിസ്മയം കൊള്ളിച്ചിട്ടുണ്ട്. സകരിയ്യ (അ) വൃദ്ധനായി ഭാര്യ മച്ചിയാണ് എന്നിട്ടും അവർക്കു കുഞ്ഞ് പിറന്നു.
ഈ സംഭവം വിവരിച്ച ശേഷം ഈസാ (അ) ന്റെ ചരിത്രം പറയുന്നു. ഈസാ (അ)നെ പ്രസവിച്ചത് മർയം (റ). പിതാവില്ലാതെ ഒരു കുട്ടിയെ സൃഷ്ടിക്കാൻ അല്ലാഹുﷻവിന്ന് പ്രയാസമില്ല.
ദാവൂദ് നബി (അ)ന്റെ സന്താനപരമ്പരയിലാണ് ഇംറാൻ ജനിക്കുന്നത്. ആ പരമ്പര ഇങ്ങനെ രേഖപ്പെട്ടു കാണുന്നു.
മർയം (റ), പിതാവ് ഇംറാൻ, ബാശിം, അമൂൻ, മീശാ, ഹസ്ഖിയാ, അഹ്രീഖ്, മൗസിം, അസാസിയ, അസ്വിക്ക, യാവിശ്, അഹ്രീഹു, യാസീം, യഹ്ഫാശാഥ്, ഈശാ, ഇയാൻ, റഹീഇം, പിതാവ് ദാവൂദ് (അ)...
മറ്റുവിധത്തിലും പരമ്പര കാണുന്നുണ്ട്. ദാവൂദ് (അ)മകൻ സുലൈമാൻ (അ)മകൻ റഹീഇം വഴിയാണ് പരമ്പര വരുന്നതെന്ന് അബുൽഖാസിമുബ്നു അസാകിറിന്റെ റിപ്പോർട്ടിൽ കാണുന്നു. ദാവൂദ് നബി (അ)ന്റെ പരമ്പരയിൽ മർയം (റ) ജനിച്ചു എന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്.
അക്കാലത്ത് ഇസ്രാഈലികൾക്ക് നിസ്ക്കാരത്തിന്ന് നേതൃത്വം നൽകിയിരുന്നത് ഇംറാൻ ആയിരുന്നു. മർയം (റ)യുടെ ഉമ്മ ഹന്ന വലിയൊരു ഭക്തയായിരുന്നുവെന്നും ഹന്നയുടെ പിതാവ് ഫാഖൂദ് സമൂഹത്തിൽ ഉന്നതസ്ഥാനമുള്ള നേതാവും മതഭക്തനുമായിരുന്നുവെന്നും രേഖകളിൽ കാണാം.
മർയമിന്റെ സഹോദരി അശ് യിഅ് ആയിരുന്നുവെന്നും അവരുടെ ഭർത്താവ് അക്കാലത്തെ പ്രവാചകനായ സകരിയ്യാ (അ) ആയിരുന്നുവെന്നും ചരിത്ര രേഖകളിൽ കാണാം.
സകരിയ്യ (അ) ന്റെ ഭാര്യ ഗർഭം ധരിച്ചു. കുടുംബത്തിൽ അതൊരു വിശേഷ സംഭവമായിരുന്നു. കുലീനവനിതകൾ കൂട്ടായി വരാൻ തുടങ്ങി. അപ്പോൾ മർയം (റ) യൗവ്വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സൽഗുണ സമ്പന്നയും സുന്ദരിയുമാണവർ. മതഭക്തയാണ്. മലക്കുകൾ അവരെ സമീപിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മലക്കുകൾ ഇങ്ങനെ അറിയിച്ചു: "മർയം, അല്ലാഹു ﷻ നിങ്ങളെ സമുന്നത സ്ഥാനം നൽകി ആദരിച്ചിരിക്കുന്നു. എല്ലാ ദുഷിച്ച മാർഗ്ഗങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയിരിക്കുന്നു. നന്നായി ശുദ്ധീകരിച്ചിരിക്കുന്നു. ലോകവനിതകളിൽ അത്യുന്നത സ്ഥാനം നൽകിയിരിക്കുന്നു. അത് കൊണ്ട് അല്ലാഹുﷻവിനെ കൂടുതലായി ആരാധിക്കുക."
ഈ സന്ദേശം ലഭിച്ചതോടെ ആരാധനകളിൽ കൂടുതൽ സജീവമായി. പ്രായം കൂടിയപ്പോൾ പഠനം ഗൗരവത്തിലായി. ഇപ്പോൾ ഏകാന്തത ഇഷ്ടപ്പെടുന്നു. കിഴക്കു ഭാഗത്ത് ഒരു മുറിയുണ്ടാക്കി. അവിടെ ഒറ്റക്കിരുന്ന് അല്ലാഹുﷻവിന്ന് ഇബാദത്ത് എടുക്കാൻ തുടങ്ങി. ദീർഘനേരം തൗറാത്ത് പാരായണം ചെയ്യും. വളരെ നേരം നിസ്കരിക്കും. ചിലപ്പോൾ കാൽ വേദനിക്കും. നീര് വന്നുപോവും. കണ്ണീരൊഴുക്കി പ്രാർത്ഥിക്കും.
സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം :
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ
"മലക്കുകൾ മർയമിനോട് പറഞ്ഞ സർന്ദർഭവും ഓർക്കുക. ഓ മർയം..! നിശ്ചയമായും അല്ലാഹു നിങ്ങളെ ഉൽകൃഷ്ടയായി തെരഞ്ഞെടുക്കുകയും ശുദ്ധീകരിക്കുകയും ലോക സ്ത്രീകളിൽ ഉൽകൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു." (3:42)
يَا مَرْيَمُ اقْنُتِي لِرَبِّكِ وَاسْجُدِي وَارْكَعِي مَعَ الرَّاكِعِينَ
"ഓ മർയം നിങ്ങളുടെ റബ്ബിന്ന് വഴിപ്പെടുകയും നിസ്കരിക്കുന്നവരോടൊപ്പം നിസ്കരിക്കുകയും ചെയ്യുക." (3:43)
മർയം (റ) ഈ സന്ദേശം ലഭിച്ചതോടെ ആരാധനകൾ വർദ്ധിപ്പിച്ചു. സംസാരം നിയന്ത്രിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. ഒറ്റക്കിരുന്നു അല്ലാഹുﷻവിന്ന് ദിക്റ് ചൊല്ലുക പതിവാക്കി. ഒറ്റക്കാകുമ്പോൾ നല്ല മനഃസ്സാന്നിധ്യം കിട്ടും. അല്ലാഹു ﷻ തനിക്കു നൽകിയ മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി കാണിക്കണം. നന്ദിയുള്ള അടിമയായി ജീവിക്കും.
ഇതിന്നിടയിലാണ് ആ സംഭവം നടന്നത്. സുന്ദരനായൊരു പുരുഷൻ പ്രത്യക്ഷപ്പെടുന്നു. അയാളെ കണ്ടപ്പോൾ മനസ്സ് അസ്വസ്ഥമായി. എന്തുദ്ദേശ്യത്തിലാണ് വരവ്.
ഒറ്റക്കിരിക്കുന്ന യുവതിയുടെ സമീപം ഒരു യുവാവ് കടന്നു വരുന്നത് ഉചിതമല്ല. കടന്നുപോവാൻ പറഞ്ഞു. അയാൾ പോയില്ല. സംസാരിച്ചു തുടങ്ങി. "അല്ലാഹുﷻവിന്റെ കല്പന പ്രകാരം ഒരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ്. നിങ്ങൾക്കൊരു പുത്രൻ ജനിക്കും. വളരെ യോഗ്യനായ പുത്രൻ."
മർയം (റ)ഞെട്ടിപ്പോയി. "തനിക്കു പുത്രൻ ജനിക്കുകയോ? താൻ വിവാഹിതയല്ല. പിന്നെങ്ങനെ കുഞ്ഞുണ്ടാവും. ദുർനടപ്പുകാരിയുമല്ല." മർയം (റ). അക്കാര്യം പറഞ്ഞു...
ആഗതൻ സാക്ഷാൽ ജിബ്രീൽ (അ) ആയിരുന്നു. പുത്രൻ ജനിക്കുമെന്ന സന്തോഷവാർത്തയുമായിട്ടാണ് വന്നത്. സൂറത്ത് മർയമിൽ ഇങ്ങനെ കാണാം.
وَاذْكُرْ فِي الْكِتَابِ مَرْيَمَ إِذِ انتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا
"(നബിയേ) വേദ ഗ്രന്ഥത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവിക്കുക. അവൾ തന്റെ സ്വന്തക്കാരിൽ നിന്നും വിട്ടുമാറി കിഴുക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് താമസിച്ചപ്പോൾ." (19:16)
فَاتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا
"അങ്ങനെ അവൾ അവരിൽ നിന്ന് മറയത്തക്ക ഒരു മറ സ്വീകരിച്ചു. അപ്പോൾ നാം അവളുടെ അടക്കലേക്ക് നമ്മുടെ റൂഹിനെ (ജിബ്രീലിനെ) അയച്ചു. എന്നിട്ട് അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവൾക്കു രൂപപ്പെട്ടു." (19:17)
قَالَتْ إِنِّي أَعُوذُ بِالرَّحْمَٰنِ مِنكَ إِن كُنتَ تَقِيًّا
"അവൾ പറഞ്ഞു : നീ ഭക്തിയുള്ളവനാണെങ്കിൽ നിന്നിൽ നിന്ന് ഞാൻ പരമകാരുണികനായ അല്ലാഹുവിൽ അഭയം തേടുന്നു." (19:18)
ഏകാകിനിയായ യുവതിയുടെ നിസ്സഹായവസ്ഥ ഈ വാക്കുകളിൽ തുടിച്ചു നിൽക്കുന്നുണ്ട്. തൊട്ടടുത്ത വചനം അവരെ വിസ്മയഭരിതയാക്കുകയാണ് ജിബ്രീൽ (അ) ന്റെ വാക്കുകൾ നോക്കൂ....
قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا
"ജിബ്രീൽ (അ)പറഞ്ഞു : നിങ്ങൾക്ക് പരിശുദ്ധനായ ഒരു പുത്രനെക്കുറിച്ചു സന്തോഷവാർത്ത നൽകാൻ വന്ന നിങ്ങളുടെ റബ്ബിന്റെ ദൂതൻ മാത്രമാണ് ഞാൻ." (19:19)
തന്റെ റബ്ബ് അയച്ച ദൂതനാണ്. സന്തോഷവാർത്തയുമായിട്ടാണ് വന്നിരിക്കുന്നത്. വന്നത് മലക്കാണ്. താൻ ഗർഭം ധരിക്കും. പ്രസവിക്കും. പ്രസവിക്കുന്നത് പുത്രനെയാണ്. യോഗ്യനായ പുത്രൻ.
തന്റെ സമൂഹം എന്തു ധരിക്കും? തന്നെ ആക്ഷേപിക്കില്ലേ? പരിഹസിക്കില്ലേ? തള്ളിപ്പുറത്താക്കില്ലേ? മനസ്സിളകി മറിയുന്നു. വെപ്രാളത്തോടെയുള്ള പ്രതികരണം വിശുദ്ധഖുർആനിൽ കാണാം.
قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا
"മർയം പറഞ്ഞു: എങ്ങനെയാണെനിക്ക് കുട്ടിയുണ്ടാകുന്നത്? ഒരു മനുഷ്യനും എന്നെ സ്പർശിച്ചിട്ടില്ല. ഞാൻ ദുർവൃത്തയുമല്ല." (19:20)
മർയം (റ) പറഞ്ഞത് ജിബ്രീൽ (അ) ശരിവെക്കുന്നു. ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ല ദുർനടപ്പുകാരിയുമല്ല. പരിശുദ്ധ വനിതയാണ്. പരിശുദ്ധ വനിതകളുടെ നേതൃസ്ഥാനത്താണ്. ഗർഭം ധരിക്കും. കുട്ടി ജനിക്കും. അത് ഉറപ്പാണ്. കാരണം അത് അല്ലാഹുﷻവിന്റെ നിശ്ചയമാണ്. മാത്രമല്ല അത് വളരെ വലിയ അനുഗ്രഹവുമാണ്. വിശുദ്ധ ഖുർആൻ വചനം നോക്കൂ...
قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا
"ജിബ്രീൽ (അ) പറഞ്ഞു : കാര്യം അങ്ങനെ തന്നെ. നിങ്ങളുടെ റബ്ബ് പറയുന്നു അത് എനിക്കൊരു നിസ്സാര കാര്യമാണ്. അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും നമ്മുടെ പക്കൽ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയാകുന്നു അത്. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യവും ആകുന്നു." (19:21)
താൻ ഗർഭം ധരിക്കുമെന്നും കുഞ്ഞിനെ പ്രസവിക്കുമെന്നും മർയം (റ)ക്ക് ഉറപ്പായി. ജനങ്ങൾക്കിടയിൽ അപവാദം പ്രചരിക്കുമെന്നും തനിക്കറിയാം ഇനിയെന്ത് ചെയ്യും..? മാറിത്താമസിക്കുക. പെട്ടെന്ന് ജനശ്രദ്ധയെത്താത്ത എങ്ങോട്ടെങ്കിലും മാറിത്താമസിക്കുക...
ജിബ്രീൽ (അ) വന്ന് യോഗ്യനായ പുത്രനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുമ്പോൾ മർയം (റ) വിന്ന് പതിനഞ്ചു വയസ്സ് പ്രായമാണെന്ന് കാണുന്നു. പുഴക്കരയിൽ ഒരു കുളിമുറിയുണ്ടാക്കി അവിടെ ചെന്നാണ് കുളിക്കുക. പതിവുപോലെ കുളിക്കാൻ ചെന്നതായിരുന്നു. അവിടെ വെച്ചാണ് വെളുത്ത സുമുഖനായ ചെറുപ്പക്കാരനായി ജിബ്രീൽ (അ)നെ കണ്ടത്.
മർയം (റ)യുടെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. അങ്ങനെ ഗർഭിണിയായി. ഇത്രയും കാലം ബൈത്തുൽ മുഖദ്ദസിലെ സ്വന്തം മുറിയിൽ താമസിക്കുകയായിരുന്നുവെന്നും ഗർഭിണിയായപ്പോഴാണ് മാറിത്താമസിച്ചതെന്നും കാണുന്നു.
മസ്ജിദുൽ അഖ്സായുടെ കിഴക്കു ഭാഗത്തായിരുന്നു കുളിപ്പുര. ഏതോ ആവശ്യത്തിന്ന് അങ്ങോട്ട് പോയതായിരുന്നു. അപ്പോഴാണ് ജിബ്രീൽ (അ) എത്തിയത്. തുടർന്നു സംഭാഷണം നടന്നതും പരിശുദ്ധനായ പുത്രനെക്കുറിച്ചു സുവിശേഷമറിയിച്ചു. മറിയമിന്റെ കുപ്പായ മാറിൽ ജിബ്രീൽ (അ) ഊതി. ഊതൽ താഴോട്ടിറങ്ങി. മർയം (റ) ഗർഭിണിയായി.
സകരിയ്യ (അ) ന്റെ ഭാര്യ യഹ് യ (അ)നെ ഗർഭം ധരിച്ച് ആറ്മാസം കഴിഞ്ഞപ്പോഴാണ് മർയം (റ) ഗർഭം ധരിച്ചത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു.
ഗർഭിണികൾ തമ്മിൽ കണ്ട് മുട്ടിയ രംഗം ചരിത്രത്തിലുണ്ട്. മർയം (റ) ഈശാഇനെ കാണാനെത്തി. ഇരുവരും സ്നേഹം പ്രകടിപ്പിച്ചു. ഈശാഹ് പറഞ്ഞു : "നിനക്കറിയാമോ? ഞാൻ ഗർഭിണിയാണ്." ഇരുവരും ആലിംഗനം ചെയ്തു. റബ്ബിന്ന് നന്ദി രേഖപ്പെടുത്തി.
ഈശാഹ് പറഞ്ഞു ഞാനൊരു സ്വപ്നം കണ്ടു. എന്റെ വയറ്റിലുള്ള കുഞ്ഞ് നിന്റെ വയറ്റിലുള്ള കുഞ്ഞിനു മുമ്പിൽ ബഹുമാനപൂർവ്വം ശിരസ്സ് നമിക്കുന്നു. ഈസാ (അ), യഹ് യാ (അ) എന്നിവർ ഒരേകാലത്ത് ഉമ്മമാരുടെ ഗർഭാശയത്തിൽ കിടന്നു. മാസങ്ങളുടെ വ്യത്യാസം മാത്രം. ഒരേ കാലത്ത് ഉമ്മമാരുടെ മടിത്തട്ടിൽ വളർന്നു. വളർച്ചയും ഉയർച്ചയും ഒന്നിച്ചു തന്നെ. യഹ് യായുടെ പ്രസവം ആഘോഷമായിരന്നു. ഈസാ (അ) പ്രസവിക്കപ്പെട്ടപ്പോൾ പരിഹാസമായിരുന്നു.
ഇസ്രാഈലികൾക്കിടയിൽ ആരാധനകൊണ്ടും നിസ്വാർത്ഥതകൊണ്ടും പ്രസിദ്ധനായ ഒരാളുണ്ടായിരുന്നു. യൂസുഫുബ്നു യഹ്ഖൂബുന്നജ്ജാർ. അധിക നേരവും ബൈത്തുൽ മുഖദ്ദസിൽ കാണും. മർയം (റ)തന്റെ ഗർഭത്തെക്കുറിച്ചു അദ്ദേഹത്തോടാണ് ആദ്യം സംസാരിച്ചത്. പിതൃവ്യപുത്രനാണദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അദ്ദേഹം അത്ഭുപ്പെട്ടു നിന്നുപോയി. "മർയം വിത്തിടാതെ സസ്യം ഉണ്ടാകുമോയെന്നോ?" അദ്ദേഹം ചോദിച്ചു.
മറുപടി ഇങ്ങനെ : "വിത്ത് ഇല്ലാതെ സസ്യം ഉണ്ടാകും. ആദ്യത്തെ സസ്യം വിത്തില്ലാതെയാണ് ഉണ്ടായത്. ആദ്യ സസ്യം ആദം (അ)...
"പുരുഷനില്ലാതെ കുഞ്ഞ് ജനിക്കുമോ?"
മർയം (റ)പറഞ്ഞു : "അതെ. ആദം(അ) നെ അല്ലാഹു ﷻ പുരുഷനും സ്ത്രീയുമില്ലാതെ സൃഷ്ടിച്ചു. ഹവ്വായെയും അങ്ങിനെ തന്നെ. അല്ലാഹു ﷻ എല്ലാറ്റിനും കഴിവുള്ളവനാണ്. അവന്റെ ദൃഷ്ടാന്തമായി തന്റെ കുഞ്ഞ് ജനിക്കും..."
സകരിയ്യ (അ)നോടും മർയം (റ) സംസാരിച്ചു. ബൈത്തുൽ മുഖദ്ദസ് വിട്ടുപോവാൻ സമയമായി. ഗർഭിണിക്കിവിടെ സ്ഥാനമില്ല. കടുത്തവേദനയോടെ അവിടെ നിന്നിറങ്ങി. തന്റേതായി അധികസാധനങ്ങളൊന്നുമില്ല. ഉള്ളതും പെറുക്കി അവിടെ നിന്നിറങ്ങി. ബെത്ലഹേം അവിടേക്കായിരുന്നു യാത്രയെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...
അവിടെ ഏകാന്തവാസം. ഇതിന്നിടയിൽ വാർത്ത നാട്ടിൽ പരന്നു. ഓരോ അപവാദ വാർത്തയും മർയമിനെ വല്ലാതെ വിഷമിപ്പിച്ചു. താൻ മരിച്ചു പോയിരുന്നെങ്കിൽ, താൻ വിസ്മരിക്കപ്പെട്ടു പോയിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു പോയി.
فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا
വിശുദ്ധ ഖുർആൻ പറയുന്നു : "അങ്ങനെ മർയം അവനെ ഗർഭം ധരിച്ചു. എന്നിട്ട് അവർ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്ത് വിട്ടുമാറിതാമസിച്ചു." (19:22)
ഭർത്താവില്ലാതെ ഗർഭിണിയായി എന്ന വാർത്ത നാട്ടിൽ പരന്നു. കുടുംബത്തിലേക്ക് പോവാൻ പറ്റാത്ത അവസ്ഥയായി. യഹൂദ്യായിലെ ബത്ലഹേമിലേക്ക് പോയി എന്ന് പറയപ്പെട്ടിട്ടുണ്ട്. അവരുടെ ദുഃഖം നിറഞ്ഞൊഴുകുന്നു. ഒരു വചനം കാണുക.
فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَٰذَا وَكُنتُ نَسْيًا مَّنسِيًّا
”അനന്തരം പ്രസവ വേദന അവളെ ഈത്തപ്പന മരത്തിനടുക്കലേക്ക് കൊണ്ടു വന്നു. മർയം പറഞ്ഞു : ഹാ ഇതിന്ന് മുമ്പ് തന്നെ ഞാൻ മരിക്കുകയും തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായേനേ...!" (19:23)
എന്തുമാത്രം മനഃപ്രയാസമാണവർ സഹിച്ചത്. ഈ വചനത്തിൽ നിന്ന് അതാർക്കും മനസ്സിലാവും. സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങൾ കാണുക.
إِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيهًا فِي الدُّنْيَا وَالْآخِرَةِ وَمِنَ الْمُقَرَّبِينَ
"മലക്കുകൾ പറഞ്ഞ സന്ദർഭം ഓർക്കുക..! ഓ മർയം തന്റെ പക്കൽ നിന്നുള്ള ഒരു വചനം (കാരണമായുണ്ടാകുന്ന കുട്ടിയുടെ ജന്മത്തെക്കുറിച്ച് നിങ്ങളോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു. അദ്ദേഹത്തിന്റെ നാമം മർയമിന്റെ മകൻ മസീഹ് ഈസാ എന്നാകുന്നു. ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ചവരിൽ പെട്ടവനുമാണദ്ദേഹം." (3:45)
ഇവിടെ പുത്രന്റെ പേര് വ്യക്തമാക്കിയിരിക്കുന്നു. മസീഹ് ഈസ. മസീഹ് എന്ന് പേര് വെക്കാൻ പല കാരണങ്ങൾ പറഞ്ഞു കാണുന്നു. ഭൂമിയിൽ ധാരാളം യാത്ര ചെയ്യും. ഭൂമി മുറിച്ചു കടന്നു യാത്ര ചെയ്യും. മസാഹ എന്ന അറബി പദത്തിൽ നിന്നാണ് മസീഹ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. മസാഹ എന്ന പദത്തിന് യാത്ര ചെയ്തു എന്ന ഒരർത്ഥമുണ്ട്.
മസാഹ എന്ന പദത്തിന്റെ അർത്ഥം തടവുക എന്നാകുന്നു. രോഗികളെ തടവിയാൽ ഉടനെ സുഖപ്പെടും. നിരവധി രോഗികളെ ഈസാ (അ) ഈ വിധത്തിൽ സുഖപ്പെടുത്തിയിട്ടുണ്ട്. കണ്ണിന് കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകിയിട്ടുണ്ട്.
മശിഹ അല്ലെങ്കിൽ മിശിഹ എന്ന ഹിബ്രു വാക്കിന്റെ അറബി ശൈലിയിലുള്ള പ്രയോഗമാണ് മസീഹ്. അഭിഷേകം ചെയ്യപ്പെട്ടവൻ എന്ന അർത്ഥം. രാജാവായി നിയോഗിക്കപ്പെടുമ്പോഴും പുരോഹിതനായി സ്ഥാനമേൽക്കുമ്പോഴും ഒരു പ്രത്യേക തരം തൈലം കൊണ്ട് അഭിഷേകം ചെയ്യുന്ന പതിവ് അക്കാലത്ത് വേദക്കാരിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്.
ഈസായെക്കുറിച്ചു മലക്കുകൾ ആദ്യം അറിയിച്ചത് അല്ലാഹുﷻവിൽ നിന്നുള്ള വാക്ക് (കലിമത്തു മിനല്ലാഹി) എന്നാകുന്നു. ഈസാ (അ)നെ കലിമ എന്നു വിശേഷിപ്പിച്ചു. പിന്നെ അൽ മസീഹ് എന്ന് വിശേഷിപ്പിച്ചു. മൂന്നാമതായി ഈസാ എന്നു പറഞ്ഞു. അത് സാക്ഷാൽ പേര്. അതിന്റെ ഗ്രീക്ക് രൂപം ക്രിസ്തു.
മർയമിന്റെ മകൻ ഈസാ (ഈസാബ്നു മർയം) എന്ന് തന്നെ പറഞ്ഞിട്ടുണ്ട്. ഖുർആനിൽ ഇത് പരക്കെ പ്രയോഗിച്ചിട്ടുണ്ട്. മർയമിന്റെ മകനാണ്. മർയമിന്റെ മാത്രം മകൻ. പിതാവിനെ പറയാനില്ല.
ക്രിസ്ത്യാനികൾ ദൈവപുത്രൻ എന്നു പറയുന്നു. അതിനെ ഖണ്ഡിക്കുന്ന പ്രയോഗമാണിത്. ദൈവത്തിന്റെ പുത്രനല്ല മർയമിന്റെ പുത്രനാണ്. ജൂതന്മാർ ഈസാ (അ) നെ വ്യഭിചാര പുത്രൻ എന്ന് പരിഹസിച്ചു. യോസേഫിന്റെ പുത്രനാണെന്ന് വാദിച്ചു. ആരുടെയും പുത്രനല്ല മർയമിന്റെ മാത്രം പുത്രനാണെന്ന് ഖുർആൻ പ്രഖ്യാപിച്ചു.
കുട്ടി തൊട്ടിലിൽ വെച്ചു സംസാരിക്കും. മധ്യവയസ്കനായ നിലയിലും സംസാരിക്കും. അദ്ദേഹം സജ്ജനങ്ങളിൽ പെട്ടവനുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു;
وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلًا وَمِنَ الصَّالِحِينَ
"തൊട്ടിലിൽ വെച്ചും മധ്യവയസ്കനായ നിലയിലും അദ്ദേഹം മനുഷ്യരോട് സംസാരിക്കുകയും ചെയ്യും. സജ്ജനങ്ങളിൽ പെട്ടവനുമാകുന്നു." (3:46)
قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ ۖ قَالَ كَذَٰلِكِ اللَّهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ
തന്റെ പുത്രനെക്കുറിച്ചുള്ള വിശദമായ വിവരണമാണ് മർയം (റ)ക്ക് ലഭിച്ചത്. വിശുദ്ധ ഖുർആൻ വചനം കാണുക ആശയം ഇങ്ങനെ : "അപ്പോൾ മർയം ചോദിച്ചു : എന്റെ റബ്ബേ എനിക്ക് എങ്ങനെ കുട്ടിയുണ്ടാവും? എന്നെ ഒരു പുരുഷനും തൊട്ടിട്ടില്ലല്ലോ. അവൻ പറഞ്ഞു : അങ്ങനെ തന്നെയാണ് കാര്യം. താനുദ്ധേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. ഒരു കാര്യം ഉദ്ദേശിച്ചു കഴിഞ്ഞാൽ ഉണ്ടാകുക എന്ന് അതിനോട് പറയുന്നു. അപ്പോൾ അതുണ്ടാകും. (3:47)
അല്ലാഹു ﷻ ഒരു സാധനം ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാവുക (കുൻ) എന്ന് പറഞ്ഞാൽ മതി. അപ്പോൾ അതുണ്ടാകും. ഈസാനബി (അ)ന്റെ കാര്യവും അല്ലാഹുﷻവിന്ന് നിസ്സാര കാര്യമാണ്. എന്നാൽ ലോകത്തിന് മഹാശ്ചര്യം...
ഈസാ(അ)ന്റെ മഹത്വം തുടർന്നു പറയുന്നു :
وَيُعَلِّمُهُ الْكِتَابَ وَالْحِكْمَةَ وَالتَّوْرَاةَ وَالْإِنجِيلَ
"അദ്ദേഹത്തെ അല്ലാഹു കിതാബും തത്ത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിച്ചു കൊടുക്കും." ( 3:48)
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് തൗറാത്ത്. ഈസാ (അ) അത് നന്നായി പഠിച്ചു. അത് മനഃപാഠമാക്കി. ഈസാ (അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ. അത് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു. വിശുദ്ധ ഖുർആൻ തുടരുന്നു:
وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًا بِإِذْنِ اللَّهِ ۖ وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
"ഇസ്രാഈല്യരിലേക്കുള്ള ഒരു ദൂതനായി അദ്ദേഹത്തെ അയക്കുകയും ചെയ്യും. (അവരോട് അദ്ദേഹം ഇങ്ങനെ പറയും) നിങ്ങളുടെ അടുക്കലേക്ക് നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തവും കൊണ്ട് തന്നെയാണ് ഞാൻ വന്നിരിക്കുന്നത്. നിശ്ചയമായും പക്ഷിയുടെ ആകൃതിയിലുള്ള ഒന്ന് ഞാൻ കളിമണ്ണ് കൊണ്ട് നിങ്ങൾക്കുവേണ്ടി നിർമ്മിക്കും. എന്നിട്ട് അതിൽ ഊതുകയും ചെയ്യും. അപ്പോൾ അല്ലാഹുﷻവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരുന്നതാണ്.അല്ലാഹുവിന്റെ അനുമതികൊണ്ട് ഞാൻ അന്ധനായി ജനിച്ചവനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങൾ ഭക്ഷിക്കുന്നതും വീടുകളിൽ സൂക്ഷിക്കുന്നതും നിങ്ങൾക്കു ഞാൻ പറഞ്ഞുതരാം. നിങ്ങൾ സത്യവിശ്വാസികളായിട്ടുണ്ടെങ്കിൽ നിങ്ങൾക്കിതിൽ വലിയ ദൃഷ്ടാന്തമുണ്ട്. തീർച്ച..." (3:49)
وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَلِأُحِلَّ لَكُم بَعْضَ الَّذِي حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِآيَةٍ مِّن رَّبِّكُمْ فَاتَّقُوا اللَّهَ وَأَطِيعُونِ
"എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചവനായിക്കൊണ്ടും നിങ്ങൾക്കു നിഷിദ്ധമാക്കപ്പെട്ട ചിലത് അനുവദിച്ചു തരുവാൻ വേണ്ടിയും (ആണ് ഞാൻ വന്നിട്ടുളളത്) നിങ്ങളുടെ റബ്ബിൽ നിന്നുള്ള ഒരു ദൃഷ്ടാന്തം ഞാൻ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ...!" (3:50)
ഈസാ (അ) അവർകളെക്കുറിച്ചുള്ള വിശദീകരണമാണ് ഈ വചനങ്ങളിൽ നാം കാണുന്നത്. ഈസാ (അ) നിരവധി മുഅ്ജിസത്തുകൾ (അമാനുഷിക കർമ്മങ്ങൾ) കാണിക്കും. അവയിൽ ചിലത് ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഓരോന്നും അല്ലാഹുﷻവിന്റെ അനുമതിയോടുകൂടിയാണ് കാണിക്കുക.
മണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കുക. അതിൽ ഈസാ (അ)ഊതും. അല്ലാഹുﷻവിന്റെ അനുമതിയോടു കൂടി അത് പക്ഷിയായി പറന്നുപോകും. അത്പോലെ അന്ധന്മാർക്ക് കാഴ്ച നൽകും. വെള്ളപ്പാണ്ടുകാരനെ സുഖപ്പെടുത്തും. മരിച്ചവരെ ജീവിപ്പിക്കും. വീട്ടിൽ പാകം ചെയ്തുവെച്ച ഭക്ഷണസാധനങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുകൊടുക്കും. ഇങ്ങനെ നിരവധി മുഅ്ജിസത്തുകൾ...
മൂസാനബി(അ)ന്ന് ഇറക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്. തനിക്ക് ലഭിച്ചത് ഇഞ്ചീലും. രണ്ടും ജനങ്ങൾക്കു പഠിപ്പിച്ചുകൊടുത്തു.
തൗറാത്തിലെ ചിലവിധികൾ ഈസാ (അ) ന്റെ ശരീഅത്തിൽ മാറ്റം വന്നിട്ടുണ്ട്. നേരത്തെ നിഷിദ്ധമായിരുന്ന ചിലകാര്യങ്ങൾ അനുവദനീയമായി എന്നാണ് മനസ്സിലാവുന്നത്. അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരില്ല.
എലാ പ്രവാചകന്മാരും തൗഹീദ് സ്ഥാപിക്കാനാണ് വന്നത്. അല്ലാഹു ﷻ ഏകനാകുന്നു അവന്ന് പങ്കുകാരില്ല. മൂസാ (അ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇതാണ് അടിസ്ഥാനം...
ലാഇലാഹ ഇല്ലല്ലാഹു മൂസാ കലീമുല്ലാഹി.
ലാഇലാഹ ഇല്ലല്ലാഹു ഈസാ റൂഹുല്ലാഹി.
ഇവയാണ് അടിസ്ഥാന വചനം.
ജീവിതത്തിൽ നടപ്പിലാക്കേണ്ട ചില നടപടി ക്രമങ്ങളിൽ മാത്രമാണ് മാറ്റം വന്നത്. ഈസാ (അ) പറഞ്ഞു നിർത്തുന്നതിങ്ങനെയായിരിക്കും...
إِنَّ اللَّهَ رَبِّي وَرَبُّكُمْ فَاعْبُدُوهُ ۗ هَٰذَا صِرَاطٌ مُّسْتَقِيمٌ
"തീർച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അത്കൊണ്ട് അവന് നിങ്ങൾ ആരാധന ചെയ്യുക. ഇതാണ് നേരായ മാർഗ്ഗം." (3:51)
ഈസാ (അ) നേരായ മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നു.
هَـٰذَا صِرَاطٌ مُّسْتَقِيمٌ
സമുന്നതനായ പുത്രനെ തന്നെയാണ് ഞാൻ പ്രസവിക്കാൻ പോവുന്നത്. ഈ സമൂഹത്തിന്റെ സമുദ്ധാരകൻ.
ജൂതന്മാർ സകരിയ്യാ (അ)നോട് കാണിക്കുന്ന ക്രൂരതകൾക്ക് കണക്കില്ല. പരിഹാസം, ഉപ്രദവം, പീഡനം, ഭീഷണി. ഒരു സ്വസ്ഥതയും നൽകുന്നില്ല. തൗറാത്ത് അവരുടെ മുമ്പിലുണ്ട്. അതിലെ കല്പനകൾക്ക് അവർ വില കല്പിക്കുന്നില്ല. തോന്നിയത് പോലെ ജീവിക്കുന്നു.
അല്ലാഹുﷻവിന്റെ മാർഗ്ഗത്തിലേക്കാണ് സകരിയ്യ (അ) ക്ഷണിക്കുന്നത്. അതിനെയവർ തട്ടിക്കളയുന്നു. ഇതേ സമൂഹത്തെയാണ് തന്റെ പുത്രനും അഭിമുഖീകരിക്കേണ്ടി വരിക. പുത്രനെയും അവർ എതിർക്കും.
ഗർഭിണിയാണെന്നറിഞ്ഞതോടെ തന്റെ നേരെ പരിഹാസം തുടങ്ങിയിരിക്കുന്നു. എല്ലാം അല്ലാഹുﷻവിന്റെ നിശ്ചയം പോലെ നടക്കട്ടെ...
Post a Comment