മമ്പുറം തങ്ങൾ ചരിത്രം
മലബാറിന്റെ ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ് മമ്പുറം തങ്ങളുടേത്. സൂഫി, പണ്ഡിതൻ, പ്രബോധകൻ, ബ്രിട്ടീഷ് വിരുദ്ധൻ, ഗ്രന്ഥകാരൻ, നവോത്ഥാന നായകൻ എന്നിങ്ങനെ വിവിധ തുറകളിലേക്ക് വ്യാപിച്ചുകിടക്കുന്നതാണ് അലവിത്തങ്ങളുടെ ജീവിതപരിസരം. അതുകൊണ്ടുതന്നെ ആ ജീവിതം പൂർണ്ണമായനാവരണം ചെയ്യുക എളുപ്പമല്ല.
യമനിലെ തരീമിൽ ഹിജ്‌റ 1166 ദുൽഹിജ്ജ 23 ശനിയാഴ്ച രാത്രിയാണ് മമ്പുറം തങ്ങൾ ജനിച്ചത്. സയ്യിദ് മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല പിതാവ്. സയ്യിദ് അലവി ജിഫ്രിയുടെ മകളും മമ്പുറം സയ്യിദ് ഹസൻ ജിഫ്രിയുടെ സഹോദരിയുമായ സയ്യിദ ഫാത്വിമ ബീവിയാണ് മാതാവ്. മാതാവിന്റെയും പിതാവിന്റെയും താവഴി പ്രവാചകകുടുംബമായിരുന്നു. മുത്ത്നബിയുടെ മുപ്പത്തിമൂന്നാം പേരമകനാണ് തങ്ങൾ. ശൈശവത്തിൽ തന്നെ മാതാവും പിതാവും വിടപറഞ്ഞതിനാൽ മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയാണ് കുഞ്ഞിനെ പരിപാലിച്ചിരുന്നത്. പ്രാഥമികപഠനങ്ങളും ഖുർആൻ മനപാഠവും നേരത്തെതന്നെ പൂർത്തിയാക്കിയതിനാൽ എട്ടാം വയസ്സിൽ തന്നെ അദ്ദേഹം ഹാഫിള് എന്നറിയപ്പെട്ടിരുന്നു. തരീമിലെ വലിയ ഗുരുക്കളിൽ നിന്നും അറിവും ആത്മീയതയും നുകർന്ന് ബാല്യവും കൗമാരവും ചെലവഴിച്ചു.
അമ്മാവനായ ഹസൻ ജിഫ്‌രി തങ്ങളുടെ മലബാർ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ അലവി തങ്ങൾ, കുടുംബങ്ങളുടെ സമ്മതത്തോടെ തന്റെ പതിനേഴാം വയസ്സിൽ മലബാറിലേക്ക് യാത്രതിരിച്ചു. ഹിജ്‌റ 1183 റമളാൻ 19 ന് കോഴിക്കോട് കപ്പലിറങ്ങി. അന്നേദിവസം കോഴിക്കോട് ശൈഖ് ജിഫ്രിയുടെ കൂടെ താമസിച്ചു. അനന്തരം അമ്മാവൻ ഹസൻ ജിഫ്രിയെ സിയാറത് ചെയ്യാനായി മമ്പുറത്തേക്ക് യാത്രയായി. മമ്പുറത്തെത്തിയ തങ്ങൾ മഖാമിന്റെ വാതിൽ ചാവിയില്ലാതെ തുറപ്പിച്ച സംഭവം മൗലിദുകളിലും മാലയിലും പരാമർശിക്കുന്നുണ്ട്.
മമ്പുറത്തെത്തിയ ശൈഖ് ജിഫ്‌രി ഹസൻ ജിഫ്രിയുടെ കുടുംബങ്ങളുമായും നാട്ടുകാരുമായും സംസാരിക്കുകയും അലവി തങ്ങളെ മമ്പുറത്ത് നിർത്തി കോഴിക്കോട്ടേക്ക് തിരികെപ്പോവുകയും ചെയ്തു.
അലവി തങ്ങൾ മമ്പുറത്ത് തറമ്മൽ ഭവനത്തിൽ താമസമാക്കി. മാതുലൻ ഹസൻ ജിഫ്‌രി തന്റെ മകൾ സയ്യിദ ഫാത്വിമ ശരീഫയെ തരീമിൽ നിന്നും വരുന്ന ആൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ അക്കാലത്തെ തിരൂരങ്ങാടി ഖാളി ജമാലുദ്ദീൻ മഖ്ദൂമിനോട് വസ്വിയത് ചെയ്തിരുന്നു. അതുപ്രകാരം ശൈഖ് ജിഫ്രിയുടെയും മറ്റും സാന്നിധ്യത്തിൽ ഖാളി അവരെ മമ്പുറം തങ്ങൾക്ക് വിവാഹം ചെയ്തുകൊടുത്തു.
തറമ്മൽ തങ്ങൾ, മമ്പുറം തങ്ങൾ, അറബി തങ്ങൾ എന്നെല്ലാം അദ്ദേഹം അറിയപ്പെട്ടിരുന്നു. മമ്പുറം തങ്ങളുടെ കീർത്തി പെട്ടന്നുതന്നെ നാടുകളിൽ പരന്നു. പ്രബോധനത്തിനായി തങ്ങൾ മുഴുസമയം ചെലവഴിച്ചു. പ്രബോധനത്തിനായി മലബാറൊന്നടങ്കം തങ്ങൾ സഞ്ചരിച്ചതായി മനസ്സിലാവുന്നു. മലബാറിൽ ഇസ്‌ലാമികമായ പുത്തനുണർവ്വ് സൃഷ്ടിച്ചെടുക്കാൻ തങ്ങൾക്കായി. പുതിയ മഹല്ലുകൾ രൂപീകരിക്കാനും ഖാളിമാരെ നിശ്ചയിക്കാനും പള്ളികൾ സ്ഥാപിക്കാനും ആവതുശ്രമിച്ചു. അക്കാലത്തെ ഒട്ടുമിക്കപള്ളികൾക്കും തങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയാനുള്ളത് ഇതുകൊണ്ടാണ്.
വിവിധ നാടുകളിലെ ഉന്നത കുടുംബങ്ങളുമായും തങ്ങൾ ബന്ധം പുലർത്തി. അക്കാലത്തെ പ്രസിദ്ധ മുസ്‌ലിം ഹൈന്ദവ കുടുംബങ്ങൾക്കെല്ലാം മമ്പുറം തങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയാനുണ്ട്. ഇതുവഴി ദീനിന് വലിയ സഹായങ്ങൾ ലഭ്യമാക്കാൻ തങ്ങൾക്കായി. അതോടൊപ്പം ജന്മിത്വ-ജാതീയ സംവിധാനങ്ങളാൽ നരകിച്ചിരുന്ന ഹൈന്ദവസമുദായത്തിലെ കർഷകർക്കും താഴ്ന്നജാതിക്കാർക്കും തങ്ങൾ സമാധാനമേകി. ഇതുവഴി അവരുടെ ഇസ്‌ലാമികാശ്ലേശം വർദ്ധിച്ചു. ജാതീയതയിൽ നിന്നും മുക്തിനേടാൻ ഇസ്‌ലാമിനെ പലരും തെരഞ്ഞെടുത്തിട്ടുണ്ടെന്നും മനസ്സിലാക്കാം. ഇന്നും മമ്പുറം തങ്ങളേ സന്ദർശിക്കുന്ന ഹൈന്ദവർ നാടുകളിൽ യഥേഷ്ടമുണ്ട്.
കർഷകരായ മാപ്പിളമാർക്കും തങ്ങൾ ആശ്വാസം നൽകി. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം നിർദ്ദേശിക്കാനും തങ്ങൾ താല്പര്യം കാണിച്ചു. മാപ്പിള സമൂഹത്തിനെ ആത്മീയതയിൽ അടിയുറപ്പിക്കാൻ ഖാദിരിയ്യാ ബാഅലവിയ്യാ സരണികൾ തങ്ങൾ പ്രചരിപ്പിച്ചു. വെളിയങ്കോട് ഉമറുൽ ഖാളി, പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാർ, ബൈത്താൻ മുസ്‌ലിയാർ, മകൻ സയ്യിദ് ഫള്ൽ തങ്ങൾ തുടങ്ങിയ തങ്ങളുടെ അനുയായികളും ഈ യജ്ഞത്തിൽ തങ്ങളെ സഹായിച്ചു. മാപ്പിള സമൂഹത്തിന്റെ വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി തങ്ങൾ ലക്ഷ്യംവെച്ചു.
ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും കരുണാരാഹിത്യംകൊണ്ട് പീഡിതരായി കഴിഞ്ഞിരുന്ന മാപ്പിള- ഹൈന്ദവ സമുദായങ്ങളിലെ കർഷകർക്കും പാവങ്ങൾക്കും തങ്ങൾ തുണയായി. മമ്പുറം തങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ പിന്തുണയോടെ നടന്ന അക്കാലത്തെ ബ്രിട്ടീഷ്- ജന്മി വിരുദ്ധ സമരങ്ങളുടെയെല്ലാം ചരിത്രം ഈ ഒരു പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് റെക്കോർഡുകൾ സൂചിപ്പിക്കുന്നപോലെ മതസ്പർദ്ധ ഉണ്ടാക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളൊന്നും തന്നെ മമ്പുറം തങ്ങളുടെ നേതൃത്വത്തിൽ കർഷകർ സംഘടിച്ചതോടെ വിലപ്പോയില്ല എന്നതാണ് സത്യം.
അനാചാരങ്ങളിൽ നിന്നും മാപ്പിളമാരെ സംരക്ഷിക്കാൻ തങ്ങൾ മുന്നോട്ടുവന്നു. ഇസ്‌ലാമിക വിശ്വാസങ്ങൾ ജനങ്ങളെ പഠിപ്പിക്കാനും ചാഞ്ചല്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കാനും മമ്പുറം തങ്ങൾ ശ്രദ്ധിച്ചു.
ഉന്നതമായ ആത്മീയജീവിതം തങ്ങൾ കാഴ്ചവെച്ചു. മമ്പുറം സ്വലാത്ത് മജ്‌ലിസ് സ്ഥാപിച്ചത് തങ്ങളായിരുന്നു. 80 വർഷത്തോളം സയ്യിദ് ഹസൻ ജിഫ്രിയുടെ ആണ്ടുസംഘടിപ്പിക്കാനും തങ്ങൾ നേതൃത്വം നൽകി. മലബാറിന്റെ പലഭാഗങ്ങളിലുള്ള മഖാമുകൾ സന്ദർശിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഖുത്ബുസ്സമാൻ എന്ന ആത്മീയമേഖലയിലെ ഏറ്റവും മഹത്തായ പദവി തങ്ങൾക്കുണ്ടായിരുന്നു. അനേകം കറാമത്തുകൾ തങ്ങൾക്കുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. മലബാറിന്റെ നാനാദിക്കുകളിലും വൈപുല്യമേറിയ സൗഹൃദവലയവും എണ്ണമറ്റ മുരീദുമാരും തങ്ങൾക്കുണ്ടായിരുന്നു.
മമ്പുറം തങ്ങളുടെ കീർത്തി ലോകമൊന്നാകെ പരന്നിരുന്നു. യമനിലെ പ്രസിദ്ധ പണ്ഡിതനും മുഫ്തിയുമായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഉമർ ബിൻ യഹ്‌യ തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹം മമ്പുറത്ത് വന്ന് അല്പകാലം താമസിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. മമ്പുറം തങ്ങളുടെ കാലത്ത് അനേകം സയ്യിദുമാർ കേരളത്തിൽ വരുകയും മമ്പുറം തങ്ങൾ അവരെ വിവിധ മഹല്ലുകളിലേക്ക് പ്രബോധനത്തിന് അയക്കുകയും ചെയ്തിരുന്നു. മമ്പാട് സയ്യിദ് ഹുസൈൻ ബാഫഖീഹ് തങ്ങളും കൊടിഞ്ഞി സയ്യിദ് ഹുസൈൻ ജിഫ്രിയും ഉദാഹരണം.
ചുരുക്കത്തിൽ മലബാറിന്റെ മത- ആത്മീയ- സാമൂഹിക നേതൃത്വം അക്കാലത്ത് മമ്പുറം തങ്ങളായിരുന്നു വഹിച്ചിരുന്നത്. ജനജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യാപരിച്ചു കിടക്കുന്ന ആജീവിതത്തിന്റെ ഓരോ തുറകളും സ്വതന്ത്രപഠനം അർഹിക്കുന്നു.
ഹിജ്‌റ 1259 ആയതോടെ തങ്ങൾക്ക് രോഗങ്ങൾ പിടിപെട്ടു തുടങ്ങി. നാട്ടിലെ പ്രധാനവൈദ്യന്മാർ ചികിത്സിച്ചെങ്കിലും രോഗകാരണം വ്യക്തമായില്ല. അവസാനം, പുത്തൂർ ചേലക്കാട്ട് അഹ്‌മദ് കുട്ടി വൈദ്യൻ തങ്ങളുടെ ശരീരത്തിലെ ഒരു മുറിവാണ് രോഗകാരണമെന്ന് കണ്ടെത്തി. ചേറൂർ പടയിൽ തുടക്കേറ്റ മുറിവായിരുന്നത്രെ അത്. മരുന്നുപയോഗിച്ചെങ്കിലും രോഗംശമിച്ചില്ല. രോഗവിവരം നാടുകളിൽ പരന്നു. മതഭേദമന്യേ പ്രമാണികളും പാമരരും തങ്ങളെ കാണാനെത്തി. അവസാനം, ഹിജ്‌റ 1260 മുഹറം 7 ന് ഞായറാഴ്ച രാത്രി തങ്ങൾ വഫാത്തായി. 94 വയസ്സുണ്ടായിരുന്നു.
വഫാത്ത് വാർത്ത പെട്ടന്ന് തന്നെ വ്യാപിച്ചു. ആളുകൾ മമ്പുറത്ത് തടിച്ചുകൂടി. തങ്ങളുടെ സാഹചരിയായിരുന്ന പുതുപ്പറമ്പിൽ കുഞ്ഞാലി ജനാസയുമായി ബന്ധപ്പെട്ട കർമ്മങ്ങൾ നിർവ്വഹിച്ചു. വമ്പിച്ച ജനസാന്നിധ്യമുള്ളതിനാൽ പലതവണ മയ്യിത്ത് നിസ്കാരം നടന്നു. ഒന്നാമത്തേതിന് മകൻ സയ്യിദ് ഫള്ൽ തങ്ങളും രണ്ടാമത്തേതിന് ശിഷ്യൻ പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാരും ഇമാമായി. മുഹറം 8 തിങ്കളാഴ്ച പകൽ സമയത്ത് അമ്മാവൻ ഹസൻ ജിഫ്രിയുടെ സമീപത്ത് മറവുചെയ്തു. അന്നുമുതൽ മമ്പുറത്തേക്ക് ജനങ്ങളുടെ പ്രവാഹം നിലക്കാതെ തുടരുന്നു.
പ്രകാശിതവും അപ്രകാശിതവുമായ ഡസനോളം മൗലിദുകൾ, മാലപ്പാട്ടുകൾ, ഉമറുൽ ഖാളി ഉൾപ്പെടെയുള്ളവരെഴുതിയ അനുശോചനകാവ്യങ്ങൾ, ഖിസ്സപ്പാട്ടുകൾ തുടങ്ങിയവ മമ്പുറം തങ്ങളെക്കുറിച്ച് വിരചിതമായി. ഈ രചനകൾ സ്വതന്ത്രപഠനം അർഹിക്കുന്നു. ഇവ ക്രോഡീകരിക്കപ്പെടുന്നത് നമ്മുടെ ചരിത്രരംഗത്ത് വലിയ മുതൽക്കൂട്ടാകുമെന്നത് തീർച്ചയാണ്. ഇവയെ ഉപജീവിച്ചും അല്ലാതെയും രചിക്കപ്പെട്ട മലയാള കൃതികളും ധാരാളമുണ്ട്.
നമ്മുടെ നാടിന് അല്ലാഹു കനിഞ്ഞേകിയ നിധിയായിരുന്നു തങ്ങൾ. വിവിധ നാടുകളിലായി തങ്ങളുടെ തിരുശേഷിപ്പുകൾ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ട്. അവ സന്ദർശിക്കുന്നതും അവകൾകൊണ്ട് ബർകത് പ്രതീക്ഷിക്കുന്നതും തങ്ങളുടെ വഫാത്തിന്റെ ഒന്നര നൂറ്റാണ്ടിപ്പുറവും നമുക്ക് നേടാവുന്ന വലിയൊരു സൗഭാഗ്യമാണ്. അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ.
അല്ലാഹു തങ്ങളുപ്പാപ്പയുടെ ദറജകൾ ഉയർത്തട്ടെ, തങ്ങളോടുള്ള മഹബ്ബത് കൊണ്ട് ഇഹവും പരവും റബ്ബ് വെളിച്ചമാക്കട്ടെ, ആമീൻ.
✍️ശംവീൽ ഇരുമ്പുചോല
(തങ്ങളുടെ ജീവിതത്തിന്റെ വിപുലമായ മേഖലകളിലേക്ക് സൂചനകൾ നൽകുകയാണ് ചെയ്തത്. തീർത്തും അപൂർണ്ണമായ ചരിത്രവിവരണമാണിത്. എന്തെല്ലാം എഴുതി എന്നുപോലും തിട്ടമില്ല. വായനക്കാർ മനസ്സിലാക്കുമല്ലോ.)
Solved Queries
Mampuram Thangal
മമ്പുറം തങ്ങൾ
Quthubussaman sayyid alavi thangal mampuram
ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം
Tirurangadiyile maharadhanmar
Post a Comment