ഖിള്ർ നബി (അ) ചരിത്രം ഭാഗം 5
രക്തസാക്ഷികളുടെ നേതാവ്
(ഈ ഭാഗം ചരിത്രം എന്ന് പറയാൻ സാധിക്കില്ല ഖിയാമത് നാളിനോടടുത് നടക്കുന്ന സംഭവം മുഹമ്മദ് നബി ﷺതങ്ങൾ പഠിപ്പിച്ച ഭാഗത്തിൽ നിന്നും )
അബുസഈദിൽ ഖുദ്രിയ്യ് (റ) വിൽ നിന്നും നിവേദനം.
മുത്ത് നബി ﷺ പറയുന്നു അന്ത്യനാളിനോടടുത്ത് ദജ്ജാൽ പുറപ്പെടുമ്പോൾ ഖിള്ർ നബി (അ) അവന്റെ അടുത്തേക്ക് പുറപ്പെടും.
ദജ്ജാലിനെ സമീപിക്കാറാകുമ്പോൾ അവന്റെ കാവൽക്കാർ അദേഹത്തെ തടയും. അവർ നബിയോട് ചോദിക്കും "എവിടേക്കാണ് നിങ്ങൾ"
ഖിള്ർ നബി (അ) പറയും "ദൈവമാണെന്ന് പറഞ്ഞു പ്രത്യക്ഷപ്പെട്ട ഒരാളുണ്ടല്ലോ". അവർ അദ്ദേഹത്തോട് ചോദിക്കും "നീ ഞങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുന്നുവോ ?".
ഖിള്ർ നബി (അ) പറയും "ഞങ്ങളുടെ രക്ഷിതവിനെക്കുറിച്ചു യാതൊരു അവ്യക്തതയും ഞങ്ങൾക്കില്ല ". അപ്പോഴവർ പറയും "അദ്ധേഹത്തെ കൊന്നുകളയൂ".
അപ്പോൾ അവരിൽ ചിലർ പറയും "വേണ്ട നമ്മുടെ രക്ഷിതാവിന്റെ അനുമതിയില്ലാതെ ആരെയും കൊല്ലാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലേ".
അങ്ങനെ അവരെല്ലാം ചേർന്ന് ഖിള്ർ നബി (അ) നെ ദാജ്ജലിനടുത്തേക്ക് കൊണ്ടുപോകും.
ദജ്ജാലിനെ കാണേണ്ട താമസം ഖിള്ർ നബി (അ) വിളിച്ചു പറയും "ജനങ്ങളേ നിശ്ചയം ഇവൻ മുഹമ്മദ് നബി ﷺമുന്നറിയിപ്പ് നൽകിയ ദജ്ജാലാണ്.
ദജ്ജാൽ അദേഹത്തെ പിദികൂടി ക്രൂരമായി മർദിക്കും. വീണ്ടും അവൻ അദേഹത്തെ അടിക്കാനും ഇടിക്കാനും കല്പ്പിക്കും. വീണ്ടും അവൻ ഖിള്ർ നബി (അ) നോട് ചോദിക്കും നീ എന്നെക്കൊണ്ട് വിശ്വസിക്കുന്നുവോ.
ഖിള്ർ നബി (അ) വീണ്ടും പറയും "പെരുംകള്ളനായ ദജ്ജാലാണ് നീ". ഒരു വാൾ കൊണ്ടുവരാൻ ദജ്ജാൽ ആവശ്യപ്പെടും. ദജ്ജാൽ വളരെ ശക്തിയായി ഖിള്ർ നബി (അ) മിന്റെ മൂർദ്ധാവിൽ വെട്ടും. വാൾ രണ്ട് കാലുകൾക്കിടയിലൂടെ പുറത്തുവരും.
ആ പുണ്യശരീരം രണ്ട് പാളിയായി നിലത്തു വീഴും.
രണ്ട് പാളിയായി നിലത്തു വീണുകിടക്കുന്ന കഷണങ്ങള്ക്ക് ഇടയിലൂടെ നടന്നുകൊണ്ട് അവൻ പറയും "ഏഴുന്നെൽക്കൂ ".ഒന്നും സംഭവിക്കാത്തത് പോലെ ഖിള്ർ നബി (അ) എഴുന്നേറ്റിരിക്കും.
വീണ്ടും അവൻ ചോദിക്കും " നീ എന്നിൽ വിശ്വസിക്കുന്നുവോ ?". അപ്പോൾ ഖിള്ർ നബി (അ) പറയും നീ ദജ്ജാലാണെന്ന കാര്യം ഇപ്പോഴെനിക്ക് ഒന്നുകൂടി വ്യക്തമായിരിക്കുന്നു ".
ഖിള്ർ നബി (അ) വിളിച്ച് പറയും "ജനങ്ങളേ ഇനി ഒരിക്കലും ആരെയും ഇവനിങ്ങനെ ചെയ്യാൻ സാധിക്കില്ല ".
കോപം മൂത്ത ദജ്ജാൽ ഖിള്ർ നബി (അ) ഗളച്ഛേദം ചെയ്യാനായി പിടികൂടും. പക്ഷെ അപ്പോഴേക്കും അള്ളാഹു ഖിള്ർ നബി (അ) മിന്റെ പിരടി മുതൽ തോളെല്ലുവരെ ചെമ്പാക്കിയിട്ടുണ്ടാവും.
ഖിള്ർ നബി (അ) നെ പിന്നീട് ഒന്നും ചെയ്യാൻ ദാജ്ജലിനു കഴിയില്ല. ഒടുവിൽ അവർ ഖിള്ർ നബി (അ) നെ കയ്യും കാലും പിടിച്ചു
അവന്റെ നരകത്തിലേക്ക് വലിച്ചെറിയും.
ജനങ്ങൾ വിചാരിക്കും ഖിള്ർ നബി (അ) നരകത്തിലാണ് വീണതെന്നു. യതാർത്ഥത്തിലാവട്ടെ ഖിള്ർ നബി(അ) സ്വർഗ്ഗത്തിലാകും വീണിട്ടുണ്ടാവുക !.
ഈ ഹദീസ് വിശദീകരിച്ച ശേഷം നബി ﷺ പറഞ്ഞു
"ഇദ്ദേഹമായിരിക്കും അല്ലാഹുവിന്റെ പക്കൽ അവസാന നാളിൽ ഏറ്റവും മഹത്വമുള്ള രക്തസാക്ഷി. ഇമാം മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിൽ 'ഒരു സത്യവിശ്വാസി' എന്നാണ് നബി ﷺപ്രയോഗിച്ചിട്ടുള്ളത്.
അത് ഖിള്ർ നബി (അ) ആണെന്ന് ഇമാം നവവി (റ) ഉൾപ്പടെയുള്ള നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മുഅ്‌മിനായ മനുഷ്യൻ എന്ന സ്ഥാനത്ത് ഖിള്ർ നബി (അ) ആണ് എന്നാണ് വ്യക്തമാകുന്നത്.
പർവതം വിഴുങ്ങാൻ എന്തെളുപ്പം
പ്രസിദ്ധനായ ആരിഫ് ഷൈഖ് അഹമദ് (റ) പറയുന്നു. ഞാൻ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. സത്യവിശ്വാസികൾ കോപത്തെ വിഴുങ്ങുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ പെരുമാരുന്നവരാണെന്നുമുള്ള ഖുർആൻ സൂക്തമെത്തിയപ്പോൾ അതിനെക്കുറിച്ചായി എന്റെ ചിന്ത.
അൽപ സമയത്തേക്ക് ഞാൻ ഓത്തു നിർത്തി ചിന്തിച്ചിരുന്നു ആയിരുത്തത്തിൽ ഒരു മയക്കം എന്നെ പിടികൂടി. മയക്കത്തിൽ ഞാൻ കാണുകയാണ് സുമുഖനായ ഒരാൾ എന്റെ അരികിൽ വരുന്നു.
അദ്ദേഹം എന്റെ പേര് വിളിച്ച് കൊണ്ട് പറഞ്ഞു അഹമ്മദെ നീ മുന്നോട്ടു സഞ്ചരിക്കുക. എന്നിട്ട് ആദ്യം കാണുന്നതെന്തോ അതിനെ വിഴുങ്ങുക. പിന്നെയും മുന്നോട്ടു നീങ്ങുക. അപ്പോൾ മുന്നിൽ കണുന്നതെന്തായാലും അതിനെ കുഴിച്ചുമൂടുക . നിർദേഷമനുസരിച്ച് ഞാൻ മുന്നോട്ടു നടന്നു. ആദ്യമായി എന്റെ കണ്ണുകളിൽപെട്ടത് ഒരു വലിയ്യ പർവതമാണ് !.
ഇതാണല്ലോ വിഴുങ്ങാൻ കൽപിക്കപ്പെട്ടിരിക്കുന്നത്.
ഞാനിതെങ്ങനെ വിഴുങ്ങും?
പർവതം പോയിട്ട് അതിലെ ഒരു കല്ലുപോലും എന്നെക്കൊണ്ട് വിഴുങ്ങാൻ കഴിയില്ലല്ലോ. ഞാൻ സ്തബ്ദനായി അല്പ്പസമയം നിന്നു.വരുന്നത് വരട്ടെ എന്നുകരുതി കല്പിക്കപ്പെട്ട കാര്യം എന്തായാലും ചെയ്തിരിക്കും എന്ന ദൃഡനിശ്ചയത്തോടെ ഞാനെന്റെ വായ പർവതത്തിന്റെ ഭാഗത്തേക്ക് തുറന്നുവച്ചു.
എന്തൊരത്ഭുതം !!. ഞാൻ നോക്കിനിൽക്കെ പർവതം ചെറുതായി ചെറുതായി വരാൻതുടങ്ങി. ഒടുവിൽ ഒരു ഈത്തപ്പഴം പോലെ ആയപ്പോൾ ഞാൻ എടുത്ത് വായിലിട്ടു. ഹാവു എന്തൊരു മധുരം ഞാൻ അറിയാതെ പറഞ്ഞുപോയി.
അനിർവ്വചനീയമായ ഒരു അനുഭൂതിയോടെ ഞാൻ മുന്നോട്ടു നടന്നു പിന്നീടു ഞാൻ കാണുന്നത് ഒരു സ്വർണപ്പാത്രം ആണ്. ഇത് കുഴിച്ചു മൂടാനാണല്ലോ എനിക്ക് കിട്ടിയ നിർദേശം.
ഞാൻ മറ്റൊന്നും ആലോചിക്കാതെ അതെടുത്ത് കുഴിച്ചുമൂടി. തിരിഞ്ഞ് നടക്കാൻ ഭാവിക്കുമ്പോൾ അതാ പാത്രം പുറത്തെത്തിയിരിക്കുന്നു. ഞാൻ ഒരിക്കൽ കൂടി അത് കുഴിച്ചിട്ടു. പക്ഷെ മണ്ണിട്ട് മൂടി എഴുന്നൽക്കുമ്പോഴേക്കും അത് പുറത്തുചാടി. അങ്ങനെ മൂന്ന് തവണ.
അപ്പോഴാണ് നേരുത്തേ കണ്ട ആ സുമുഖൻ വരുന്നത്.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു "നോക്കൂ ! താങ്കൾ പറഞ്ഞത് പോലെ ഇത് കുഴിച്ചുമൂടാൻ പലതവണ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ലല്ലോ".
ശരിയാണ് താങ്കള്ക്കെന്നല്ല ഒരാൾക്കും ഇത് കുഴിച്ചു മൂടാൻ സാധ്യമല്ല മനുഷ്യൻ ചെയ്യുന്ന നന്മയുടെ പ്രതീകമാണിത്. ഒരാൾ ചെയ്ത നന്മ അയാളുടെ എതിരാളിയോ അയാൾതന്നെയൊ മറച്ചു വെക്കാൻ ശ്രമിച്ചാലും അത് പുറത്തു ചാടിക്കൊണ്ടേ ഇരിക്കും.
അപ്പോൾ ആദ്യം കണ്ടതോ. ഞാൻ ചോദിച്ചു.
അദ്ദേഹം പറഞ്ഞു താങ്കൾ വിഴുങ്ങനൊരുങ്ങിയ ആ വലിയ പർവതം കോപത്തിന്റെ പ്രതിരൂപമാണ്. കോപം വന്നാൽ അടക്കിനിർത്തൽ വലിയ പ്രയാസമായി തോന്നും എന്നാൽ നാം അതിനെ കീഴടക്കാൻ ശ്രമിച്ചാൽ അതൊരു ഈത്തപ്പഴം വിഴുങ്ങും പോലെ എളുപ്പമായിത്തീരും. പിന്നീട് നല്ല മധുരവും ഉണ്ടാവും.
കോപം അടക്കുന്നവരെക്കുറിച്ചാണല്ലോ മുൻപ് ഖുർആൻ പാരായണം ചെയ്തതും അതിനിടെ ചിന്തിച്ചിരുന്നതും. ഇപ്പോൾ മനസിലായില്ലേ. അതെ ഞാൻ പറഞ്ഞു. പോകാൻ ഭാവിച്ച അദേഹത്തിന്റെ പിന്നാലെ ഓടിച്ചെന്നു ഞാൻ ചോദിച്ചു.
ഒരു കാര്യം കൂടി എനിക്കറിയണം "ആരാണ് താങ്കൾ". അദേഹം പറഞ്ഞു "ഞാൻ ഖിള്ർ നബി (അ). ഇക്കാര്യം താങ്കൾക്ക് പടിപ്പിക്കാനെത്തിയതാണ് ഞാൻ ". ഞാൻ അദേഹത്തെ ആലിംഗനം ചെയ്തു പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു . സ്വപ്നത്തിൽ അദേഹം പഠിപ്പിച്ച കാര്യങ്ങൾ ഞാൻ പലർക്കും പഠിപ്പിച്ചു കൊടുത്തു.
പിശാചിനെതിരെ
അന്ത്യപ്രവാചകാൻ മുഹമ്മദ് നബി ﷺയുടെ മയ്യിത്ത് കുളിപ്പിക്കാൻ ഒരുങ്ങുകയാണ്. മരുമകനായ അലി(റ) പിതൃവ്യപുത്രനായ ഫള്‌ലുബ്നു അബ്ബാസ് (റ) പോറ്റുമകനായ സയ്ദ് (റ) വിന്റെ പുത്രൻ ഉസാമ (റ) എന്നിവരാണ് തിരുനബിയെ ﷺ കുളിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്നത്.
അടുത്ത ബന്ധുക്കൾക്കാണല്ലോ മയ്യിത്ത് കുളിപ്പിക്കാനുള്ള അവകാശം. കുളിപ്പിക്കുന്നതിനായി മുത്ത് നബി ﷺയെ കട്ടിലിൽ കിടത്തി. പെട്ടെന്നതാ മുറിയുടെ മൂലയിൽ നിന്നും ഉച്ചത്തിലൊരു ശബ്ദം.
"മുഹമ്മദ് നബി ﷺയെ നിങ്ങൾ കുളിപ്പിക്കരുത്. പരിശുദ്ധനാണദ്ദേഹം ". അലി (റ) പറയുന്നു "എന്തോ പന്തികേടുള്ളതായി എനിക്ക് തോന്നി ഞാൻ തിരിച്ചു "ആരാണ് താങ്കൾ മരിച്ചാൽ കുളിപ്പിക്കണമെന്നു നബി ﷺ ഞങ്ങളെ പടിപ്പിച്ചതാണല്ലോ".
അപ്പോഴതാ മറ്റൊരാൾ മറ്റൊരാൾ വിളിച്ച് പറയുന്നു. "ഓ അലി താങ്കൾ ആരംഭിച്ചോളു. താങ്കൾ കേട്ട ആ ശബ്ദം അഭിശപ്തനായ പിശാചിന്റെതാണ് . നബി ﷺ യോടുള്ള അസൂയ കൊണ്ട് പറയുകയാണവൻ. കുളിപ്പിക്കപ്പെടാതെ നബി ﷺ യെ കബറിൽ പ്രവേശിപ്പിക്കപ്പെടമെന്നാണ് അവൻ ആഗ്രഹിക്കുന്നത് ".
അലി (റ) പറഞ്ഞു. "അള്ളാഹു താങ്കള്ക്ക് കാരുണ്യം ചൊരിയട്ടെ. അർഹമായ പ്രതിഭലവും നൽകട്ടെ അത് പിശാചിന്റെ വേലയാണെന്നു താങ്കളാണല്ലോ നമ്മെ അറിയിച്ചത്. പറയൂ താങ്കൾ അങ്ങാരാണ് ?.
ആഗതൻ പറഞ്ഞു "ഞാൻ ഖിള്ർ നബിയാണ്. നബി ﷺ മയ്യിത്ത് പരിപാലന ചടങ്ങിൽ സംമ്പന്ധിക്കാൻ എത്തിയതാണ് ".
അലി (റ) നബി ﷺയുടെ മയ്യിത്ത് കുളിപ്പിച്ചു. ഫള്‌ലുബ്നു അബ്ബാസ് (റ) ഉസാമ ഇബ്നു സൈദ് (റ) എന്നിവർ വെള്ളമൊഴിച്ച് കൊടുത്തു.
ജിബ്‌രീൽ (അ) സ്വർഗത്തിൽ നിന്നും സുഗന്ധവുമായെത്തി. അവരെല്ലാം ചേർന്ന് നബി ﷺ യെ കഫൻ ചെയ്തു . മയ്യിത്ത് നിസ്കരിച്ച ശേഷം പ്രിയപത്നി ആയിഷ (റ) യുടെ വീട്ടിൽ മറവു ചെയ്തു. അതൊരു ബുധനാഴ്ച രാവായിരുന്നു.
സ്വപ്നത്തിൽ കണ്ടാൽ
പ്രവാചകന്മാരെ സ്വപ്നം കാണുന്നത് വിശേഷിച്ചു മുത്ത് നബി ﷺയെ സ്വപ്നം കാണുകയെന്നത് വലിയ്യ ഒരു അനുഗ്രഹമാണ്.
ഓരോ പ്രവാചകന്മാരെ സ്വപ്നത്തിൽ കാണുന്നതിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് ഉണ്ടാവുക. കാണുന്ന വ്യക്തി, സമയം, രൂപം എന്നിവയെല്ലാം വ്യാഖ്യാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇസ്ലാമിക വൈജ്ഞാനിക രംഗത്തു സ്വപ്ന വ്യാഖ്യാനശാസ്ത്രം എന്നപേരിൽ ഒരു സ്വതന്ത്ര വിജ്ഞാന ശാഖ തന്നെയുണ്ട്. ധാരാളം ഗ്രന്ഥങ്ങൾ സ്വപ്നവ്യാഖ്യാനവുമായി ബന്ധപ്പെട്ടു രചിക്കപ്പെട്ടിട്ടും ഉണ്ട്.
താബിഉകളിൽ പെട്ട ഷൈഖ് മുഹമ്മദ് ഇബ്നു സിരിൻ (റ) സ്വപ്ന വ്യാഖ്യാനത്തിൽ പേര് കേട്ട മഹാനാണ്.
സ്വപ്ന വ്യാഖ്യാന ശാസ്ത്രത്തിൽ അദ്ദേഹം രചിച്ച ഗ്രന്ഥം ആണ് തഅ്‌ത്തീറുൽ അനാം ഫീ തഅ്‌ബീറുൽ മനാം.
ഈ ഗ്രന്ഥത്തിൽ മഹാനവറുകൾ പറയുന്നു. "ഒരാൾ ഖിള്ർ നബി (അ) നെ സ്വപ്നത്തിൽ കണ്ടാൽ ആയുസ്സ് വർധിക്കും എന്നതിന്റെ ശുഭ സൂചനയാണ്.
മാത്രമല്ല ഹജ്ജ് ചെയ്യാത്തവനാണെങ്കിൽ ഹജ്ജിനു പോകും. അവന്റെ മേൽ അള്ളാഹു അനുഗ്രഹങ്ങൾ കോരിച്ചൊരിയും. പ്രയാസങ്ങൾക്ക് ശേഷം സുഖവും സന്തോഷവും ഉണ്ടാവും.
അബ്ദാലുകളുടെ നേതാവ്
ഷൈഖ് അബുൽ ഹസ്സൻ ശാദുലി (റ) സൂഫിവര്യനും ഔലിയാക്കളിൽ പ്രമുഘനും ആണ്. അവിടുന്ന് ചൊല്ലിവരുന്ന ദിക്ർ ദുആ കളുടെ സമാഹാരമാണ് 'ശാദുലി റാതീബ്' എന്നറിയപ്പെടുന്നത്.
മഹാനവറുകളുടെ ത്വരീഖത് ആണ് 'ശാദുലി ത്വരീഖത്'. ഷൈഖ് ശാദുലി (റ) ഒരിക്കൽ അർദ്ധരാത്രി കഴിഞ്ഞു തന്റെ ദർസിൽ നിന്നും പുറത്തിറങ്ങി.
ശിഷ്യന്മാരെല്ലാം ഗാഢനിദ്രയിലാണ്.പക്ഷെ പ്രധാന ശിഷ്യനായ ഷൈഖ് അബുൽ അബ്ബാസിൽ മർസവി മാത്രം ഉറങ്ങിയിരുന്നില്ല. ഗുരുവിന്റെ നീക്കങ്ങൾ ശ്രദ്ധിച്ചു അദ്ദേഹവും പതുക്കെ എണീറ്റു.
ഇരുട്ടിൽ ഷൈഖ് ശാദുലി (റ) പിന്തുടര്ന്നു. കൊറേ ദുരം ചെന്നപ്പോൾ കാല്പ്പെരുമാറ്റം കേട്ട് ഷൈക് ശിഷ്യനോട് ചോദിച്ചു "നീ എങ്ങട്ടാണ് ഈ അസമയത്ത് ?". ശിഷ്യൻ ഒന്നും മിണ്ടാതെ നിന്നതെ ഒള്ളു.
ഷൈഖ് വീണ്ടും ചോദിച്ചു " ചോദിച്ചത് കേട്ടില്ലേ എവിടേക്കാണ് നീ ". ശിഷ്യൻ "ഗുരോ അങ്ങയെ അനുഗമിക്കനുള്ള ആഗ്രഹം അങ്ങെന്നെ അനുവദിക്കണം ". ഷൈഖ് ഒന്നും മിണ്ടാത്തെ മുന്നോട്ടു നടന്നു മൌനം സമ്മദമായി കരുതിയ ശിഷ്യൻ പിന്നിൽ നടത്തം തുടര്ന്നു.
കുറച്ചുകൂടി ചെന്നപ്പോൾ എന്തോ ആലോചിച്ചിട്ടെന്ന വണ്ണം ഷൈഖ് പറഞ്ഞു. "ആത്മീയ ലോകത്തേക്കാണ് നമ്മുടെ യാത്ര ധൈര്യം ഉണ്ടെങ്കിൽ മാത്രം വന്നാൽ മതി. എല്ലാം ഉൾക്കൊള്ളാൻ മാത്രം നിന്റെ ആത്മാവ് പക്വത കൈവരിചിട്ടുണ്ടാകണമെന്നില്ല".
ശിഷ്യൻ ചിന്തിച്ചത് ഇങ്ങനെയാണ് ഇതൊരു വലിയ ഭാഗ്യമാണ്. എന്ത് വന്നാലും മടങ്ങുന്നില്ല. ആത്മീയ ലോകത്തെ സംഭവവികാസങ്ങൾ കുറച്ചെങ്കിലും ഒന്നനുഭവിക്കാമല്ലോ.
അദ്ദേഹം പറഞ്ഞു "ഗുരൂ ഞാൻ ഏതായാലും തിരികെ പോകുന്നില്ല. അങ്ങയോടൊപ്പം വരാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. അങ്ങയുടെ പൊരുത്തം ഉണ്ടാകണം ". ശിഷ്യന്റെ കൈപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു "ശെരി എങ്കിൽ കണ്ണടചോളു"
അല്പ സമയത്തിന് ശേഷം ഗുരുവിന്റെ നിർദേഷപ്രകാരം കണ്ണുതുറന്നപ്പോൾ താൻ മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടതായി തോന്നി.
ഒരു മായാലോകം !!.അവിടമാകെ പ്രകാശ പ്രളയത്തിൽ കുളിച്ചിരിക്കുന്നു.ഒരു വലിയ മൈധാനം, ധാരാളം പേർ സമ്മേളിച്ചിട്ടുണ്ട്. തൊപ്പിയും നീണ്ട കുപ്പായവും തലപ്പാവുമാണ് അവരുടെ വേഷം.
നീണ്ട തടിയുണ്ട്, എല്ലാവരും ഒരേ വേഷക്കാർ. എന്തൊരു തേജസ്സാണ് അവരുടെ മുഖത്തിന്.
ശിഷ്യൻ ഇമവെട്ടാതെ അവരെ തന്നെ നോക്കി നിന്നു. ശിഷ്യന്റെ അത്ഭുതത്തിനു അതിരുണ്ടായിരുന്നില്ല. ഷൈഖ് ചോദിച്ചു "എന്തേ അമ്പരന്നു നിൽക്കുന്നത്. നാം ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?". ശിഷ്യൻ കൈ മലർത്തി. ഗുരു പറഞ്ഞു,
"എങ്കിൽ കേട്ടോളു നമ്മുടെ നാട്ടിൽ നിന്നും അനേകം നാഴികകൾ അകലെ ഏഴു കടലിനു ഇപ്പുറത്താണ് നാം എത്തിയിരിക്കുന്നത്.
ശിഷ്യൻ ചോദിച്ചു "ഗുരൂ ഇത്രപെട്ടെന്നു നാമെങ്ങനെ ഇവിടെയെത്തി". ഗുരു പറഞ്ഞു "അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രയാസമുള്ള കാര്യമല്ലെന്നറിയില്ലേ?". ശിഷ്യന്റെ അത്ഭുതം വർധിച്ചു അദ്ദേഹം വീണ്ടും ചോദിച്ചു "ഞാൻ ഇവിടെയൊന്നു ചുറ്റിക്കറങ്ങിക്കോട്ടേ?".
"വിരോധമില്ല ഞാൻ ഇവിടെതന്നെയുണ്ടാകും " ഗുരു പറഞ്ഞു. ശിഷ്യൻ തനിയെ നടന്നു നീങ്ങി. എങ്ങും ജനത്തിരക്ക് !. വീണ്ടും കുറെ നടന്നപ്പോൾ ഒരു ഹൽക്ക നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ശിഷ്യൻ നടക്കാൻ ശ്രമിച്ചപ്പോൾ കാവൽക്കാരൻ തടഞ്ഞു.
" ഇവിടെ താങ്കള്ക്ക് പ്രവേശനം ഇല്ലാ താങ്കൾ തിരിച്ചു പോകണം കാവൽക്കാരന്റെ നിർദേശം മാനിച്ചു ശിഷ്യൻ തിരിച്ചു നടക്കാൻ അധ്യക്ഷപദവിയിൽ ഇരിക്കുന്ന ഒരു പച്ച തലപ്പാവുകാരൻ വിളിച്ച് ചോദിച്ചു. "താങ്കൾ എങ്ങനെ ഇവിടെയെത്തി". ശിഷ്യൻ താഴ്മയോടെ ഉസ്താദിനെ പിന്തുടര്ന്നത് മുതൽ സംഭവിച്ച കാര്യങ്ങൾ വിവരിച്ചു.
പച്ചതലപ്പവുകാരൻ പറഞ്ഞു " ശെരി അർഹതയില്ലാത്തവരെ ഇനിയിവിടെ കൊണ്ട് വരരുതെന്ന് താങ്കളുടെ ഷൈഖിനോട് പറയണം കേട്ടോ ". ശിഷ്യൻ സമ്മദിച്ചു ഷൈഖ് അബുൽ അബ്ബാസിൽ മർസവി മുൻപ് നിന്നിരുന്ന സ്ഥലത്തേക്ക് മടങ്ങി. അവിടെ ഷൈഖ് ശാദുലി (റ) കാത്തിരിക്കുന്നുണ്ടായിരുന്നു.
ശിഷ്യൻ സംഭവങ്ങൾ പറഞ്ഞു. " ഏതാണാ സദസ്സ് ?". ഷൈഖ് വിശദീകരിച്ചു " താങ്കൾ കണ്ട സമ്മേളനം ഇല്ലെ ! അല്ലാഹുവിന്റെ ഔലിയാക്കളുടെ സമ്മേളനം ആണത്. അതിനിടയിൽ താങ്കൾ കണ്ട ആ ഹൽകയില്ലേ അബ്ദാലുകളുടെ സങ്കമമാണതു.
അവരുടെനേതാവായ താങ്കളോട് സംസാരിച്ച ആ പച്ച തലപ്പവുകാരനില്ലെ. അത് ഖിള്ർ നബി (അ) ആണ് . ലോകത്തെ അബ്ദാലുകളുടെ എല്ലാം നേതാവാണദ്ദേഹം". ശിഷ്യൻ പറഞ്ഞു "ഗുരൂ എനിക്ക് ഹൽക്കയിൽ പങ്കെടുക്കാനുള്ള അർഹതയില്ലെന്ന് ഖിള്ർ നബി (അ) പറഞ്ഞല്ലോ. അങ്ങേനിക്ക് ആത്മീയമായ ആ അടിത്തറ ഉണ്ടാക്കിത്തരണം. അതിൽ പങ്കെടുക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് ".
ഗുരു പറഞ്ഞു "നല്ലതുതന്നെ, പക്ഷെ അതിനല്പ്പംകൂടി കഴിയണം. കാത്തിരുന്നോളൂ അർഹത ലഭിച്ചാൽ താങ്കൾക്കുമിത്തരം ഹൽക്കകളിലും സമ്മേളനത്തിലും ഒക്കെ പങ്കെടുക്കാം. സമയമാവുമ്പോൾ ഞാൻ അറിയിക്കാം.
അവർ മുന്നോട്ടുനീങ്ങി ഒരു വലിയ കെട്ടിടത്തിനു മുന്നിലെത്തി. അതിനുള്ളിൽ ദിക്ര് മജ്ലിസ് നടക്കുകയാണ്. ഷൈഖ് നേരെ അതിനുള്ളിൽ കയറി. കാവൽക്കാരൻ ഭവ്യതയോടെ ഷൈഖിനെ ആദരിച്ചു. രണ്ടുപേർക്കും ഓരോ കോപ്പവീതം മധുര പാനീയം ലഭിച്ചു.
ശിഷ്യൻ അത്ഭുതപ്പെട്ടു പാലിനേക്കാൾ വെളുത്ത, തേനിനെക്കൾ മധുരമുള്ള, കസ്തൂരിയെക്കാൾ സുഗന്ധമുല്ല ആ പാനീയം കുടിച്ചപ്പോഴേക്കും ശിഷ്യന് ഖുർആൻ മുഴുവൻ മനപ്പാടമായി !!. ശിഷ്യന് ആഹ്ലാദം അടക്കാനായില്ല.
ഗുരു പറഞ്ഞു "ഇനി തിരിച്ചു പോകണം അതിനായി കണ്ണടച്ചോളൂ". ശിഷ്യൻ അതനുസരിച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ ദർസിന്റെ കവാടത്തിലെത്തിയിരിക്കുന്നു. കൂട്ടുകാർ അപ്പോഴും ഉറക്കത്തിൽ തന്നെയാണ്.
Post a Comment