മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 1 | Prophet Muhammed (s) History in Malayalam

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 1 | Prophet Muhammed (s) History in Malayalam

മുഹമ്മദ് നബി (സ്വ) ചരിത്രം 


ഭാഗം 1

നമ്മുടെ മക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു

ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം

നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും...


മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ

യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത

ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം.


നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു

തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും

മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്...


അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്ങൾ. മൗലിദുകളിൽ പറയുന്ന പോലെ ഏഴാകാശവും ഭൂമിയും മഷിയായാലും ജനങ്ങൾ മുഴുവൻ എഴുതാൻ തുനിഞ്ഞാലും അവിടുത്തെ ഗുണങ്ങൾ തീരില്ല. എന്നാൽ ആ പ്രവാചകന്റെ കഥകൾ കൃത്യമായി വിഭജിച്ച് അടുക്കും ചിട്ടയും നൽകി കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിൽ ഈ പരമ്പരയിലൂടെ വിവരിച്ചിരിക്കുന്നു...


ഇന്ന് കുട്ടികൾ വ്യാപകമായി മൂല്യനിരാസം പ്രചരിപ്പിക്കുന്ന ബാലമാസികകളുടെയും ചിത്രകഥകളുടെയും അടിമകളായിക്കൊണ്ടിരിക്കുകയാണ്, മിത്തുകളിലെയും സങ്കൽപങ്ങളിലെയും അതിമാനുഷന്മാരാണ് അവരുടെ നായകന്മാർ. ഈ അതിമാനുഷന്മാർ ജീവിക്കുന്നതു പോലെയാണ് കുട്ടികൾ ജീവിക്കുന്നത്. സ്പൈഡർമാനും ശക്തിമാനും വലിയവലിയ ബിൽഡിംഗുകളിൽ നിന്ന് ചാടുന്നത് കണ്ട് അവരും ചാടാൻ ശ്രമിക്കുന്നു. ഇവിടെ കുട്ടികൾക്കുവേണ്ടി ഒരു ബദൽ വായനാവേദി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഉത്തമഭാവിക്കും ഗുണകരമായ ജീവിതത്തിനും ഇതാവശ്യമാണ്...


നമ്മുടെ നബി എന്ന ഈ പരമ്പര ഈ ബദൽ വായനയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നു. ഞങ്ങൾ വിശ്വസിക്കുന്നു.


കുട്ടികളുടെ മനസ്സിൽ അന്ത്യപ്രവാചകനെ (ﷺ) ജീവിപ്പിച്ചുനിരത്താനും അതുവഴി അവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനും ഈ പരമ്പര സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വായിക്കാനും പ്രവാചകരുടെ ജീവിതരേഖകൾ മനസ്സിൽ സൂക്ഷിക്കുവാനും ഈ പരമ്പര ഉപകരിക്കുമെന്നത് തീർച്ചയാണ്...


നിങ്ങളുടെ മക്കൾക്ക് ഒരു കഥ പറഞ്ഞുകൊടുത്താൽ മനസിലാവുന്ന പ്രായമെത്തിയാൽ നബിﷺതങ്ങളുടെ കഥകൾ പറഞ്ഞുകൊടുക്കണം. കുട്ടികളുടെ ഇളം മനസ്സിൽ നബിﷺതങ്ങളുടെ ചരിത്രം തെളിഞ്ഞുനിൽക്കട്ടെ...! അതവരുടെ സ്വഭാവം നന്നാക്കും. അവരുടെ ജീവിതം സംശുദ്ധമാക്കിത്തീർക്കും. ഇഹത്തിലും പരത്തിലും അവരെക്കൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ടാവും.


സൃഷ്ടാവിന്റെ പ്രഥമ സൃഷ്ടിയും പ്രപഞ്ചത്തിന്റെ മുഖവുരയുമായി മുഹമ്മദ് നബിﷺയെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ കുട്ടികളുടെ ഭാഷയിൽ എഴുതിയ ഈ ചരിത്രം നബി ﷺ യെയും കുടുംബത്തെയും ഇസ്ലാമിക സംസ്കാരത്തെയും

അടുത്തറിയാനും പ്രവാചകരെ മനസ്സറിഞ്ഞു സ്നേഹിക്കാനും പര്യാപ്തമാക്കുന്നു.


പതിനാലു നൂറ്റാണ്ടുകളായി ലോകം പറഞ്ഞുവരുന്ന ഈ ചരിത്രം നമ്മുടെ

ഇളം തലമുറ വായിച്ചു പഠിക്കട്ടെ.


ലോകത്തെ നയിക്കാൻ നബി ﷺ യെക്കാൾ യോഗ്യനായ മറ്റാരുമില്ലെന്ന സത്യം മനസ്സിലാക്കട്ടെ...


ഇതിന്റെ രചനയും പ്രസാധനവും വായനയുമെല്ലാം സർവശക്തനായ റബ്ബ് സ്വാലിഹായ അമലായി നമ്മിൽനിന്നും സ്വീകരിക്കട്ടെ.

ആമീൻ യാ റബ്ബൽ ആലമീൻ



ഈ ചരിത്രം പാർട്ടുകളായി ആണ് പ്രസിദ്ധീകരിക്കുന്നത്. അതുവഴി ഈ ലേഖനം മറ്റു വാട്സ് അപ് ഗ്രുപ്പുകളിലും , സോഷ്യൽ മീഡിയകളിലേക്കും ഷെയർ ചെയ്യുന്നവർക്ക് ഉപകാര പ്രദമാകുമെന്നും പ്രതീക്ഷിക്കുന്നു .




Part : 01


ഹാശിം എന്ന നേതാവ്


ആകാശം പോലെ വിശാലമായ മരുഭൂമി. മണൽക്കാട്ടിൽ ചിതറിക്കിടക്കുന്ന വലുതും ചെറുതുമായ കരിമ്പാറക്കൂട്ടങ്ങൾ.

തങ്കഞൊറികൾ അലങ്കാരം ചാർത്തിയ മണൽക്കുന്നുകൾ...


ഒരു പകൽ എരിഞ്ഞടങ്ങുകയാണ്. തളർന്ന സൂര്യമുഖം അരുണ വർണങ്ങൾ വാരിവിതറി മരുഭൂമിയെ സുന്ദരമാക്കിയിരിക്കുന്നു. മണലാരണ്യവും ആകാശവും ഉമ്മവച്ചു നിൽക്കുന്ന വടക്കുപടിഞ്ഞാറെ ചക്രവാളത്തിലേക്കു സൂക്ഷിച്ചു നോക്കുക.


ഒരു സ്വർണത്തിളക്കം. തങ്കവർണമാർന്നൊരു മേഘത്തുണ്ട്.

അതേ, ചക്രവാളസീമകൾ പിന്നിട്ടു മോഹന മേഘരാജി മുന്നോട്ടു വരികയാണ്. വലിയൊരു മേഘക്കൂട്ടമായി വളർന്നു. ഭൂതലം തൊട്ട് ആകാശംമുട്ടെ വളർന്നുവരുന്ന മേഘപടലം...


ഇപ്പോൾ ദൃശ്യം കുറച്ചുകൂടി വ്യക്തമാകുന്നു. കരിമ്പാറക്കൂട്ടങ്ങൾക്കും മണൽക്കുന്നുകൾക്കും ഇടയിലൂടെ വളഞ്ഞു പുളഞ്ഞുവരുന്ന ഒരു മരുപ്പാത. അതിലൂടെ ഒഴുകിവരുന്നതു മേഘമല്ല; പൊടിപടലങ്ങൾ..!


പൊടിപടലങ്ങൾക്കിടയിൽ ചില ചിത്രങ്ങൾ തെളിയുന്നു. മുമ്പിൽ കുതിച്ചുപായുന്ന കുതിരകൾ, കുതിരപ്പുറത്ത് ആയുധ ധാരികളായ മനുഷ്യരൂപങ്ങൾ, അതിനു പിന്നിൽ വലിഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടം. ഒട്ടകപ്പുറത്തു കൂറ്റൻ ഭാണ്ഡങ്ങൾ...


അശ്വഭടന്മാർക്കും ഒട്ടകങ്ങൾക്കും മധ്യേ ഒരപൂർവ ദൃശ്യം. തുറന്നൊരു ഒട്ടകക്കൂടാരത്തിൽ തേജസ്വിയായൊരു മാന്യദേഹം ഇരിക്കുന്നു..! അസാമാന്യമായ ശരീര ഘടന. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം.

ഖാഫില..!


ഖാഫില എന്നറിയപ്പെടുന്ന കച്ചവടസംഘം. സംഘത്തെ നയിക്കുന്ന നായകനാണു തുറന്ന ഒട്ടകക്കട്ടിലിൽ യാത്ര ചെയ്യുന്നത്...


ഹാശിം..!! ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മക്കയുടെ നായകൻ-ഹാശിം!! ഹാശിമിൽ നിന്നു നമുക്കു കഥ തുടങ്ങാം...


ധീരനും ബുദ്ധിമാനും സമ്പന്നനുമായ ഹാശിം. മക്കയുടെ ഭരണാധികാരിയായ ഹാശിം. പേരെടുത്ത കച്ചവടക്കാരനായിരുന്നു ഹാശിം. അറേബ്യയിലെ ഗോത്രങ്ങൾക്കെല്ലാം ഹാശിമിനെ അറിയാം. ഗോത്രത്തലവന്മാർക്കും രാജാക്കന്മാർക്കും യോദ്ധാക്കൾക്കും ഹാശിം സുപരിചിതൻ.


ഹാശിം ഒരു കത്തുകൊടുത്താൽ ആരും വിലകൽപിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ആരും അനുസരിക്കും. ഹാശിമിനെക്കുറിച്ച് ഇത്രയൊന്നും പറഞ്ഞാൽ പോരാ...


അബ്സീനിയാ രാജാവ് ഹാശിമിന്റെ കൂട്ടുകാരനാണ്. സിറിയയും ഈജിപ്തും ഭരിക്കുന്ന ചക്രവർത്തി ‘ഖയ്സർ’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഖയ്സർ ചക്രവർത്തി ഹാശിമിന്റെ സ്നേഹിതനാണ്.


അവർ പരസ്പരം സന്ദേശങ്ങൾ കൈമാറും. സമ്മാനങ്ങൾ കൊടുത്തയയ്ക്കും. സുഖവിവരങ്ങൾ അന്വേഷിക്കും. ഒന്നോർത്തുനോക്കൂ. എന്താ ഹാശിം എന്ന നേതാവിന്റെ പദവി..?


ഇതിനൊരു കാരണം കൂടിയുണ്ട്. ഹാശിം മക്കയുടെ നേതാവാണ്. മക്കയിൽ കഅ്ബ എന്നൊരു പുണ്യഭവനമുണ്ട്. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം. അതിന്റെ അധിപനെ ലോകം ആദരിക്കുന്നു...


ഇനി ചോദിക്കട്ടെ; ഖാഫില എന്നു കേട്ടിട്ടുണ്ടോ..? പറഞ്ഞുതരാം. കച്ചവട സാധനങ്ങളുമായി പോകുന്ന ഒട്ടകക്കൂട്ടങ്ങൾക്കാണു ഖാഫില എന്നു പറയുന്നത്. കച്ചവട സാധനങ്ങൾ വലിയ കെട്ടുകളാക്കി ഒട്ടകപ്പുറത്തു ബന്ധിക്കും. ഒരു സംഘത്തിൽ ആയിരം ഒട്ടകങ്ങൾ വരെ കാണും...


മരുഭൂമിയിലൂടെ അനേക ദിവസം യാത്ര ചെയ്യണം. മരുഭൂമിയിൽ കള്ളന്മാരുണ്ടാകും. ഖാഫിലയെ ആക്രമിക്കും. സ്വത്തു പിടിച്ചെടുക്കും. കൂടെയുള്ള മനുഷ്യരെ പിടിച്ചുകെട്ടും. അടിമകളാക്കും. അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കും..!


ഹാശിമിന്റെ ഖാഫിലയെ ആക്രമിക്കാൻ ഒരു കൊള്ള സംഘത്തിനും ധൈര്യമില്ല. എന്താ കാരണം..?


കച്ചവടസംഘം കടന്നുപോകുന്നതു ചിലപ്പോൾ അബ്സീനിയാ രാജാവിന്റെ പ്രദേശത്തുകൂടിയായിരിക്കും. അവിടെവച്ച് ആകമിച്ചാൽ കള്ളന്മാരെ അബ്സീനിയാ രാജാവായ നജ്ജാശി വെറുതെ വിടുമോ..? ഇല്ല. പിടികൂടി കൊന്നുകളയും..!!


ജീവനിൽ പേടിയില്ലാത്ത കള്ളന്മാരുണ്ടോ..? കിസ്റായുടെ പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.



Part : 02


അറേബ്യയിലെ ഗോത്രക്കാരെല്ലാം ഹാശിമിനോടു സഹകരിക്കുന്നു. അദ്ദേഹത്തിന്റെ ഖാഫില സുരക്ഷിതമായി സഞ്ചരിക്കുന്നു.

കഥ തുടങ്ങുകയാണ്...


ഹാശിം തന്റെ ഖാഫിലയുമായി ശാമിലേക്കു പുറപ്പെട്ടു. ദീർഘയാത്ര. യാത്രക്കിടയിൽ മരുപ്പച്ചകളിൽ വിശ്രമിച്ചു. എന്താണു മരുപ്പച്ച..? മരുഭൂമിയിലെ ആൾപാർപ്പുള്ള പ്രദേശം. അവിടെ ഈത്തപ്പന മരങ്ങൾ കാണും. കിണറും വെള്ളവും ഉണ്ടാകും. സസ്യങ്ങളും പുല്ലുകളും മുളയ്ക്കും...


ഖാഫിലക്കാർ മരുപ്പച്ചയിൽ വിശ്രമിക്കും. തോൽപാത്രങ്ങളിൽ വെള്ളം ശേഖരിക്കും. ഒട്ടകങ്ങൾക്കു വെള്ളവും ഭക്ഷണവും നൽകും. ക്ഷീണം മാറ്റി യാത്ര തുടരും...


ഒരു മരപ്പച്ച വിട്ടാൽ മറ്റൊരു മരുപ്പച്ചയിലെത്താൻ ദിവസങ്ങൾ യാത്ര ചെയ്യേണ്ടതായിവരും. ദീർഘ യാത്രയ്ക്ക് ശേഷം ഹാശിമും സംഘവും ശാമിലെത്തി. അവിടത്തെ ചന്തയിൽ കച്ചവട സാധനങ്ങൾ നിരത്തിവച്ചു. പല നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്.

വില പറയൽ, വിലപേശൽ, വില ഉറപ്പിക്കൽ... കച്ചവടം വളരെ സജീവം...


കൊണ്ടുവന്ന വസ്തുക്കളൊക്കെ വിറ്റുതീർന്നു. മക്കയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. മടക്കയാത്രയും തുടങ്ങി. മക്കയിലേക്കുള്ള യാത്രയിൽ അവർ യസ് രിബിലെത്തി


കൂട്ടുകാരേ.., നിങ്ങൾ യസ് രിബ് എന്നു കേട്ടിട്ടുണ്ടോ..? ചിലപ്പോൾ കേട്ടുകാണില്ല. മക്ക, മദീന എന്നൊക്കെ കേട്ടിരിക്കും. മദീനയുടെ പഴയപേരാണു യസ് രിബ്...


ഹാശിമും സംഘവും കുറച്ചു ദിവസം അവിടെ വിശ്രമിക്കാമെന്നു കരുതി. ഒഴിവു സമയത്ത് യസ് രിബിലെ മാർക്കറ്റിൽ അവർ ചുറ്റിനടന്നു.


കച്ചവടം പൊടിപൊടിക്കുന്നു. അവർ ഒരു സ്ത്രീയെ കണ്ടു. മിടുമിടുക്കിയായ കച്ചവടക്കാരി. കച്ചവടത്തിലുള്ള അവളുടെ മിടുക്ക് ഹാശിമിന് ഇഷ്ടപ്പെട്ടു. അവളെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമായി...


യസ്രിബിലെ പ്രധാനപ്പെട്ട കുടുംബമാണു ബനുന്നജ്ജാർ. ഈ യുവതി ബനുന്നജ്ജാർ കുടുംബത്തിലെ അംഗമാണ്. കാണാൻ നല്ല ഭംഗി. പേര് സൽമ.


സൽമയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു ഹാശിമിനു മോഹം. മനസ്സിലെ മോഹം കൂട്ടുകാരറിഞ്ഞു. അവർ സൽമയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പ്രസിദ്ധനും ധനികനും ഭരണാധികാരിയുമായ ഹാശിം

സൽമയെ വിവാഹാലോചന നടത്തുകയോ..? എന്തൊരതിശയം..!


ബനുന്നജ്ജാർ കുടുംബത്തിന് ഇതിൽപരം ഒരു പദവി ലഭിക്കാനുണ്ടോ..? അവർ വിവാഹത്തിനു സമ്മതിച്ചു. സൽമയുടെ ഖൽബു നിറയെ സന്തോഷം. മക്കയിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവർക്കും സന്തോഷം. കച്ചവട സംഘം കടന്നുപോകുന്ന വഴിയിലാണല്ലോ യസ് രിബ്.

അവിടെ ഒരു ബന്ധം ഉണ്ടാകുന്നതു നല്ലതാണ്. വിവാഹം കേമമായി നടന്നു...


ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...



Part : 03


ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...


സൽമ ഗർഭിണിയായി. ബനൂ ഹാശിം കുടുംബത്തിന് അതൊരു ആഹ്ലാദവാർത്തയായിരുന്നു. വിവരം യസ് രിബിലുമെത്തി. കെട്ടിച്ചയച്ച പെൺമക്കൾ ഗർഭിണികളായാൽ പ്രസവത്തിനു സ്വന്തം വീട്ടിലേക്കു കൊണ്ടുവരണം..,


ബനുന്നജ്ജാർ കുടുംബക്കാർ മക്കയിലെത്തി. “മകളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. പ്രസവം യസ് രിബിൽ നടക്കട്ടെ. അതാണല്ലോ നാട്ടാചാരം.” ബന്ധുക്കൾ പറഞ്ഞു. സമ്മതിക്കാതെ പറ്റുമോ..?


ഭാര്യയെ പിരിഞ്ഞു ജീവിക്കാൻ ഹാശിമിനു പ്രയാസം. ഭർത്താവിനെ കാണാതെ കഴിയാൻ സൽമക്കും പ്രയാസം...


കീഴ് വഴക്കങ്ങൾ മാനിക്കാതെ പറ്റുമോ..? സൽമ ഒരുങ്ങിയിറങ്ങി. ഒട്ടകക്കട്ടിലിൽ കയറി. വെളുത്ത മുഖത്തു ദുഃഖത്തിന്റെ നിഴൽ. കരിമീൻ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാശിമിന്റെ നയനങ്ങളും നിറഞ്ഞുപോയി.


ഒട്ടകങ്ങൾ നടന്നു. സൽമ അകന്നകന്നുപോയി. സൽമ പോയതോടെ ഹാശിമിന്റെ ഉത്സാഹം കുറഞ്ഞു. വിരഹത്തിന്റെ ദുഃഖം തന്നെ. വെറുതെയിരിക്കാൻ പറ്റുമോ? എന്തെല്ലാം കാര്യങ്ങൾ നോക്കണം. ഹാശിം ജോലിയിൽ മുഴുകി. വേദന മറന്നു...


മാസങ്ങൾ പിന്നെയും കടന്നുപോയി. യസ് രിബിലെ വിവരങ്ങൾ അറിയാൻ വയ്യ. ആരെങ്കിലും വന്നു പറയണം. മറ്റൊരു മാർഗവുമില്ല...


അടുത്ത സീസൺ. വീണ്ടും കച്ചവടത്തിനു പുറപ്പെടാൻ സമയമായി. കച്ചവടച്ചരക്കുകൾ വൻതോതിൽ ശേഖരിക്കപ്പെട്ടു. അവ വലിയ കെട്ടുകളാക്കി. ഒട്ടകപ്പുറത്തു ബന്ധിച്ചു. ശാമിലേക്കുള്ള ദീർഘയാത്ര ആരംഭിക്കുകയാണ്.


ശാമിൽ നിന്നുള്ള മടക്കയാത്ര യസ് രിബിലൂടെയാണ്. ഇത്തവണ യസ് രിബിൽ കൂടുതൽ ദിവസം തങ്ങണം. സൽമയുടെ വീട്ടിൽ താമസിക്കാം. അവളെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അവൾക്കു നൽകാൻ ശാമിൽ നിന്നു ചില സമ്മാനങ്ങളൊക്കെ വാങ്ങണം...


ശാമിലെത്തി. കച്ചവടം നന്നായി നടന്നു. നല്ല ലാഭവും കിട്ടി. പല സാധനങ്ങളും വാങ്ങി. ഇനി മടക്കയാത്ര. യസ് രിബിൽ പറന്നെത്താനുള്ള ആവേശം. ഒട്ടകത്തിനു വേഗത പോര എന്ന തോന്നൽ...


യാത്രക്കിടയിൽ ഹാശിമിനു വല്ലാത്ത ക്ഷീണം. പെട്ടെന്നു തളർന്നുപോയി. ഖാഫില യാത്ര നിറുത്തി. രോഗം കൂടിക്കൂടിവന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കും കുറവില്ല. രോഗം കൂടുന്നതേയുള്ളൂ. എല്ലാവർക്കും വെപ്രാളം, ആശങ്ക..!!


ഒടുവിൽ... മക്കാ പട്ടണത്തിന്റെ മഹാനായ നേതാവു കണ്ണടച്ചു..!!


ഹാശിം മരണപ്പെട്ടു...


മയ്യിത്തു നാട്ടിലെത്തിക്കുക എളുപ്പമല്ല. അന്നാട്ടിൽ തന്നെ ഖബറടക്കി.


യസ് രിബിൽ സൽമ ഭർത്താവിനെ കാത്തുകാത്തിരുന്നു. കാണാതായപ്പോൾ കരഞ്ഞു. സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നല്ല അഴകുള്ള കുട്ടി. കുഞ്ഞിനു ശയ്ബതുൽ ഹംദ് എന്നു പേരിട്ടു.


ശയ്ബ - ആളുകൾ അവനെ അങ്ങനെ വിളിച്ചു. ഒടുവിൽ സൽമ ആ ദുഃഖവാർത്ത അറിഞ്ഞു - ഹാശിം ഇനിയൊരിക്കലും തന്നെക്കാണാൻ വരില്ല..! ഓമന മകൻ ശയ്ബയെക്കാണാനും വരില്ല. വെളുത്ത കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. പൊന്നു മോനെ മാറോടു ചേർത്തുപിടിച്ചു സൽമ കരഞ്ഞു...



Part : 04


മുത്വലിബിന്റെ അടിമ 


ഹാശിമിന്റെ കഥയാണല്ലോ പറഞ്ഞുവന്നത്. മക്കാ പട്ടണത്തിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഹാശിമിനു കഴിഞ്ഞിരുന്നു. മക്കയിലെ ആളുകൾക്കു ഭക്ഷണത്തിനുള്ള വക ഖാഫിലക്കാർ കൊണ്ടുവരണം. മക്കയിൽ കൃഷിയില്ല.


ഹാശിമിന്റെ കാലത്തു ഖാഫിലക്കാർ ധാരാളം ആഹാര സാധനങ്ങൾ കൊണ്ടുവരുമായിരുന്നു. ജനങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടി. ജനസേവകനായ നേതാവിനെ എല്ലാവരും സ്നേഹിച്ചു. ഹാശിമിന്റെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി...


ഇനി തങ്ങളുടെ നേതാവാര്..? നാട്ടിൽ സമാധാനം നിലനിൽക്കണം. പട്ടിണിയുണ്ടാകരുത്. നല്ല ഭരണാധികാരി വേണം. ഭരണാധികാരി മരണപ്പെട്ടാൽ സന്താനങ്ങളിൽ പ്രമുഖനാണു ഭരണാധികാരം കിട്ടുക...


ഹാശിമിന്റെ മകൻ കൊച്ചുകുട്ടിയല്ലേ, അവനെ ഭരണാധികാരിയാക്കാൻ പറ്റുമോ..?


ഹാശിമിന്റെ സഹോദരനാണു മുത്വലിബ്. മുത്വലിബ് ദയാലുവാണ്. ജനസേവകനാണ്. ആളുകൾ ഒത്തുകൂടി മുത്വലിബിനെ നേതാവാക്കി...


മക്കാപട്ടണം മുത്വലിബ് ഭരിക്കാൻ തുടങ്ങി. ഖാഫിലകൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഹജ്ജ് കാലത്തു ധാരാളം ആളുകൾ മക്കയിൽ വരും. ഹാജിമാർക്കു വെള്ളവും ആഹാരവും നൽകാൻ മുത്വലിബ് വേണ്ട ഒരുക്കങ്ങൾ ചെയ്തു. കുറഞ്ഞ കാലം കൊണ്ടുതന്നെ മുത്വലിബ് നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവായിത്തീർന്നു.


സംവത്സരങ്ങൾ പലതും കടന്നുപോയി. മുത്വലിബ് പലപ്പോഴും ശയ്ബയെക്കുറിച്ചോർക്കും. ശയ്ബയെ മറന്നിട്ടില്ലല്ലോ..? ഹാശിമിന്റെ പുത്രൻ.


മക്കയുടെ ഭരണം ശയ്ബയെ ഏൽപിക്കണം. ശയ്ബയാണു മക്ക ഭരിക്കേണ്ടത്. ശയ്ബ മാതാവിന്റെ കൂടെ യസ് രിബിൽ കഴിയുന്നു. അവനെ മക്കയിൽ കൊണ്ടുവരണം. അവൻ ഇവിടെ വളരണം. ഇന്നാട്ടിലെ ചിട്ടകൾ പഠിക്കണം...


ഒരിക്കൽ മുത്വലിബ് യസ് രിബിലേക്കു പോയി. അദ്ദേഹം കയറിയ ഒട്ടകം ബനുന്നജ്ജാർ കുടുംബത്തിന്റെ വീട്ടുമുറ്റത്തു വന്നുനിന്നു. മുത്വലിബിനെ വീട്ടുകാർ സ്വീകരിച്ചു. സൽമയും മകനും കടന്നുവന്നു. ഗംഭീരമായ വിരുന്ന്. മക്കയുടെ രാജാവല്ലേ വന്നിരിക്കുന്നത്..!


“സൽമാ... എനിക്കു നിന്നോടു ഗൗരവമുള്ള ഒരു കാര്യം പറയാനുണ്ട്. അതിനാണു ഞാൻ വന്നത്.''


സൽമ ആശ്ചര്യത്തോടെ മുത്വലിബിന്റെ മുഖത്തേക്കു നോക്കി..!!


മുത്വലിബ് വിഷയം അവതരിപ്പിച്ചു: “ശയ്ബ ഹാശിമിന്റെ മകനാണ്. അവൻ മക്കയുടെ ഭരണാധികാരിയായി വരണം. അവൻ മക്കയിൽ വന്നു താമസിക്കട്ടെ..! അവിടത്തെ ചിട്ടകളൊക്കെ പഠിക്കട്ടെ..! നീ അവനെ എന്റെ കൂടെ അയക്കണം.”


മകനെ വിട്ടുകൊടുക്കാനോ..? സൽമയുടെ മനസ്സു പിടച്ചു.


“നീ ഒട്ടും വിഷമിക്കേണ്ട. ശയ്ബക്കു നല്ലൊരു ഭാവിയുണ്ട്. അവൻ പിതാവിന്റെ പാതയിലൂടെ വളർന്നുവരട്ടെ. ഹാശിമിന്റെ യശസ്സു ശയ്ബ നിലനിറുത്തട്ടെ. ഹാശിമിനെ സ്നേഹിച്ച ജനങ്ങൾ ശയ്ബയെയും സ്നേഹിക്കും.”


അവരുടെ സംഭാഷണം തുടർന്നു. ഒടുവിൽ മകനെ വിട്ടു കൊടുക്കാൻ സൽമ സമ്മതിച്ചു. ശയ്ബയെയും കൂട്ടി മുത്വലിബ് മക്കയിലേക്കു മടങ്ങി. വിശാലമായ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ മുത്വലിബ് പല പ്രദേശങ്ങളും പരിചയപ്പെടുത്തിക്കൊടുത്തു.


അവർ മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു...



Part : 05


മുത്വലിബും ശയ്ബയും മക്കയുടെ അതിർത്തി കടന്നു. ശയ്ബ വിസ്മയം നിറഞ്ഞ കണ്ണുകൾകൊണ്ട് ആ പ്രദേശമാകെ നോക്കിക്കണ്ടു. മക്കക്കാർ ആ കാഴ്ച കണ്ടു.


ഒട്ടകപ്പുറത്തു മുത്വലിബ് ഇരിക്കുന്നു. പിന്നിൽ ഒരു ചെറുപ്പക്കാരൻ. അടിമയായിരിക്കും. അടിമച്ചന്തയിൽ നിന്നു കൊണ്ടുവരികയാവും. അവർക്ക് അടിമയെ ഇഷ്ടപ്പെട്ടു. അവർ സന്തോഷത്തോടെ വിളിച്ചു പറയാൻ തുടങ്ങി.


"അബ്ദുൽ മുത്വലിബ്..." "അബ്ദുൽ മുത്വലിബ്..." മുത്വലിബിന്റെ അടിമ! മുത്വലിബിന്റെ അടിമ..!


മുത്വലിബിനു കോപം വന്നു. “നിങ്ങൾക്കു നാശം.. ! ഇത് എന്റെ അടിമയല്ല. എന്റെ സഹോദര പുത്രനാണ്. ഇവൻ ശയ്ബയാണ്.” മുത്വലിബ് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.


ആരു കേൾക്കാൻ..!! ആളുകൾ "അബ്ദുൽ മുത്വലിബ്" എന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് ആ പേരു പ്രസിദ്ധമായിത്തീർന്നത്. ഹാശിമിന്റെ മകൻ ശയ്ബത് അബ്ദുൽ മുത്വലിബ് എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ അറബികളെപ്പോലെ, നമുക്കും ശയ്ബയെ അബ്ദുൽ മുത്വലിബ് എന്നു വിളിക്കാം...


ബുദ്ധിമാനായ ചെറുപ്പക്കാരൻ. വിശാല മനസ്കൻ. വളരെ വേഗം ജനങ്ങളുടെ സ്നേഹം സമ്പാദിച്ചു. മുത്വലിബ് ആ ചെറുപ്പക്കാരനു ഭരണകാര്യങ്ങൾ പഠിപ്പിച്ചു

കൊടുത്തു. കുടുംബ ചരിത്രം പറഞ്ഞുകൊടുത്തു. ഹാശിമിന്റെ

പുത്രനല്ലേ; എല്ലാ കാര്യങ്ങളും വളരെ വേഗം പഠിച്ചു...


ഒടുവിൽ മക്കയുടെ മഹാനായ ഭരണാധികാരിയായിത്തീർന്നു അബ്ദുൽ മുത്വലിബ്...


അബ്ദുൽ മുത്വലിബ് വിവാഹം കഴിച്ചു. ആദ്യമായി ജനിച്ച പുത്രന്റെ പേര് ഹാരിസ് എന്നായിരുന്നു.


അബ്ദുൽ മുത്വലിബിന് അല്ലാഹു ﷻ വലിയ അനുഗ്രഹങ്ങൾ നൽകി. അദ്ദേഹത്തിനു ധാരാളം സന്താനങ്ങളുണ്ടായി. മക്കളിൽ ഏറ്റവും സ്നേഹം അബ്ദുല്ലയോടായിരുന്നു.

അബ്ദുല്ല, കാണാൻ സുമുഖൻ. നല്ല വെളുത്ത നിറം...


അബ്ദുല്ലയെ എല്ലാവരും ഇഷ്ടപ്പെട്ടു. മറ്റുള്ളവരെപ്പോലെ അബ്ദുല്ലയും കച്ചവടക്കാരനായി മാറി. നായാട്ടും ആയുധവിദ്യയും ഇഷ്ടവിനോദമായി.

അബ്ദുല്ലയ്ക്ക് ഇരുപതു വയസ്സാകുന്നതേയുള്ളൂ...


അബ്ദുൽ മുത്വലിബിനു മകനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നു വലിയ മോഹം. ഉന്നത തറവാട്ടിൽ നിന്നു വധുവിനെ കണ്ടുപിടിക്കണം.


മക്കയിലെ പ്രശസ്തമായ ബനൂസുഹ്റ കുടുംബത്തിൽ വിവാഹാന്വേഷണമെത്തി. ആ കുടുംബത്തെ നമുക്കൊന്നു പരിചയപ്പെടാം. നബി ﷺ തങ്ങളുടെ ഉപ്പാപ്പമാരുടെ കൂട്ടത്തിൽ കിലാബ്

എന്നു പേരായ ഒരു നേതാവുണ്ട്. കിലാബ് എന്ന ഉപ്പാപ്പയുടെ ഒരു മകന്റെ പേര് സുഹ്റത് എന്നായിരുന്നു. സുഹ്റതിന്റെ

സന്താന പരമ്പരയെ ബനൂസുഹ്റ എന്നു വിളിക്കുന്നു...


ഈ ചരിത്രം കൂട്ടുകാർ മുമ്പു പഠിച്ചിരിക്കാനിടയുണ്ട്. ബനൂസുഹ്റ കുടുംബത്തിന്റെ നേതാവാണു വഹബ്. അദ്ദേഹത്തിന്റെ സുന്ദരിയായ മകളാണ് ആമിന. സദ്ഗുണ സമ്പന്നയായ ആമിനയെ എല്ലാവർക്കും വലിയ ഇഷ്ട്ടമാണ്. അബ്ദുൽ മുത്വലിബിനും ആ കുട്ടിയെ ഇഷ്ടപ്പെട്ടു. അദ്ദേഹം വഹബിനെ സമീപിച്ചു.


“താങ്കളുടെ മകൾ ആമിനയെ എന്റെ മകനു വിവാഹം ചെയ്തുകൊടുക്കണം.”


മക്കയുടെ നേതാവു തന്റെ കുടുംബത്തിൽ നിന്നു വിവാഹാന്വേഷണം നടത്തുക..! കുടുംബത്തിന് അതൊരു അന്തസ്സല്ലേ..!


സന്തോഷപൂർവം സമ്മതിച്ചു. വിവാഹനിശ്ചയവും നടന്നു. വിവരം അറിഞ്ഞപ്പോൾ മക്കയിലെ പെണ്ണുങ്ങൾ പറഞ്ഞു.


“ആമിന ഭാഗ്യവതിയാണ്. അബ്ദുല്ലയെ ഭർത്താവായി കിട്ടിയല്ലോ...!”


എത്ര പെണ്ണുങ്ങൾ അബ്ദുല്ലയുടെ ഭാര്യയാവാൻ കൊതിച്ചു. ആ ഭാഗ്യം സിദ്ധിച്ചത് ആമിനക്കാണ്. വിവാഹം നിശ്ചയിച്ചതോടെ വഹബിന്റെ തിരക്കു വർധിച്ചു. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹത്തിന് ക്ഷണിക്കണം. ഗോത്രനേതാക്കളെ വിളിക്കണം.


ഒന്നാംതരം ഭക്ഷണം ഒരുക്കണം. മക്കയിലെ ഉന്നതന്മാരാണു പുതിയാപ്പിളയുടെ കൂടെ വരുന്നത്. വീടിനു മുമ്പിൽ വിശാലമായ തമ്പ് ഉയർന്നു. അതുനിറയെ ഇരിപ്പിടങ്ങൾ നിരത്തി. ഭക്ഷണം പാകം ചെയ്യുവാനുള്ള പന്തലൊരുക്കി. പാചകക്കാരെത്തി. ധാരാളം പഴവർഗങ്ങളെത്തി. വിവിധതരം പാനീയങ്ങൾ കൊണ്ടുവന്നു.


ഒട്ടകങ്ങളെ അറുത്തു. ഇറച്ചി പല രീതിയിൽ പാകം ചെയ്തു. ആടുകളെ അറുത്തു വരട്ടുകയും പൊരിക്കുകയും ചെയ്തു. റൊട്ടിയും പലഹാരങ്ങളും ഉണ്ടാക്കി...



Part : 06


ബലിയിൽ നിന്നു മോചനം


സുമുഖനായ അബ്ദുല്ല പുതുമാരനായി ഒരുങ്ങുകയാണ്. പുതുവസ്ത്രങ്ങൾ ധരിച്ചു. വിവാഹവേളയിൽ ധരിക്കുന്ന പ്രത്യേക ഉടുപ്പുകളും അണിഞ്ഞു. മേത്തരം സുഗന്ധദ്രവ്യങ്ങൾ പൂശി...


ഉടുത്തൊരുങ്ങി വന്നപ്പോൾ ഒരു രാജകുമാരൻ. കൂട്ടുകാർ ചുറ്റും കൂടി. ബന്ധുക്കളും അയൽക്കാരും നാട്ടുകാരും ഒത്തുചേർന്നു. പുതുമാരൻ ഇറങ്ങി...


ആഹ്ലാദം അലയടിച്ചുയർന്നു. വിവാഹപ്പാർട്ടി നീങ്ങുന്നു. അവർ വധൂഗൃഹത്തിലെത്തി. ഉന്നതന്മാർ സ്വീകരിക്കാൻ നിൽക്കുന്നു. ഖബീലയുടെ ആചാരപ്രകാരം പുതുമാരനെ എതിരേറ്റു. കൂടെ വന്നവരെ സ്ഥാനവലുപ്പം പോലെ ഇരിപ്പിടങ്ങളിൽ ഇരുത്തി...


മനോഹരമായ കപ്പുകളിൽ മനംകുളിർപ്പിക്കുന്ന പാനീയം നൽകി. സന്തോഷഭരിതമായ അന്തരീക്ഷം. മക്കാപട്ടണം മുഴുവൻ ശ്രദ്ധിക്കുന്ന വിവാഹം. വിവാഹത്തിന്റെ ചടങ്ങുകൾ തുടങ്ങി. ഖബീലക്കാർക്ക് അതിനൊക്കെ ചില ചടങ്ങുകളുണ്ട്. അതനുസരിച്ചു കാരണവന്മാർ ചോദ്യവും ഉത്തരവുമൊക്കെ നടത്തി...


നിക്കാഹു നടന്നു. വിഭവസമൃദ്ധമായ സദ്യ. എന്തെല്ലാം തരം വിഭവങ്ങൾ..!

മസാല ചേർത്ത ഇറച്ചി, റൊട്ടി, പലഹാരങ്ങൾ, പഴങ്ങൾ, പാനീയങ്ങൾ. എല്ലാവരും വയറുനിറയെ തിന്നു. അടുത്ത കാലത്തൊന്നും ഇത്ര രുചികരമായ ഭക്ഷണം കഴിച്ചിട്ടില്ല...


അന്നത്തെ ആചാരമനുസരിച്ചു മൂന്നു ദിവസം പുതുമാരൻ പുതുപെണ്ണിന്റെ വീട്ടിൽ കഴിയണം. അബ്ദുല്ല വധുവിന്റെ വീട്ടിൽ താമസിക്കുകയാണ്. കൂടെ വന്നവരൊക്കെ മടങ്ങുന്നു. വിവാഹമംഗളാശംസകൾ നേർന്നു.

കൊണ്ട് ഓരോരുത്തരായി പിൻവാങ്ങി.


പുതുമാരന്റെ മനസ്സു നിറയെ ആഹ്ലാദം. ഇത്രയും നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയല്ലോ, ഭാഗ്യംതന്നെ...


ആമിനയുടെ മനസ്സിലും ആഹ്ലാദം തന്നെ. അബ്ദുല്ലയെപ്പോലെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ചെറുപ്പക്കാരൻ മക്കയിലുണ്ടോ..!! അദ്ദേഹത്തിന്റെ ഭാര്യയാകാൻ ആരെല്ലാം കൊതിയോടെ കാത്തിരുന്നു..? തനിക്കാണ് ആ ഭാഗ്യം

സിദ്ധിച്ചത്...


സൽക്കാരത്തിന്റെ മൂന്നു രാപ്പകലുകൾ. ആമിനയുടെ അടുത്ത കുടുംബക്കാരൊക്കെ കാണാൻ വന്നു. പാരിതോഷികങ്ങൾ നൽകി. ആശംസകൾ നേർന്നു. മറക്കാനാവാത്ത നാളുകൾ..!


കേട്ടറിഞ്ഞതിനെക്കാളും എത്രയോ ആദരണീയനാണു തന്റെ ഭർത്താവ്. എന്തു നല്ല ഭാഷണം. മുത്തുമണികൾ പോലുള്ള പദങ്ങൾ. ആകർഷകമായ പെരുമാറ്റം. സദ്ഗുണ സമ്പന്നൻ. മനോഹരമായ ദന്തനിരകൾ. പവിഴച്ചുണ്ടുകൾ. ആകർഷകമായ പുരികങ്ങൾ. ആരെയും ആകർഷിക്കുന്ന പെരുമാറ്റം, ആമിന അതിശയത്തോടെ ആ മുഖത്തേക്കു നോക്കി...


ഈ ചെറുപ്പക്കാരൻ മരണത്തിൽ നിന്നു രക്ഷപ്പെട്ടു വന്നതല്ലേ..? ബലിയറുക്കാൻ വിധിക്കപ്പെട്ട ബലിമൃഗമായിരുന്നല്ലോ. ആ കഥ മക്കയിലെങ്ങും പാട്ടാണ്.


അബ്ദുൽ മുത്വലിബിന്റെ നേർച്ച. ഒരു മകനെ ബലികൊടുക്കാനായിരുന്നു നേർച്ച. നറുക്കെടുത്തപ്പോൾ അബ്ദുല്ലയുടെ പേരുകിട്ടി. അങ്ങനെ അബ്ദുല്ല ബലിയറുക്കപ്പെട്ടിരുന്നെങ്കിൽ..!


ബലിയുടെ ദിവസം എന്തൊരു വെപ്രാളമായിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും തിങ്ങിനിറഞ്ഞു. എത്രയോ പെണ്ണുങ്ങൾ അബ്ദുല്ലയ്ക്കുവേണ്ടി ഖൽബുരുകി പ്രാർത്ഥിച്ചു. അബ്ദുല്ല രക്ഷപ്പെടണേ എന്നാശിച്ചു. താനും അബ്ദുല്ലയ്ക്കുവേണ്ടി തേടിയില്ലേ...


ആമിന ഓർത്തു...



Part : 07


നേർച്ചയുടെ കഥ...


അതൊരു വലിയ കഥയാണ്. സംസം കിണർ മൂടപ്പെട്ടുപോയിരുന്നു. കുറേ വർഷങ്ങൾ കടന്നുപോയി. സംസം കിണർ എവിടെയായിരുന്നു എന്നുപോലും ആർക്കും അറിയില്ല.


അബ്ദുൽ മുത്വലിബ് മൂന്നു ദിവസം തുടർച്ചയായി സ്വപ്നം കണ്ടു. ബലിയറുക്കുന്ന ബിംബത്തിനു താഴെ കുഴിക്കാൻ സ്വപ്ത്തിൽ കൽപന കിട്ടി. അന്ന് അബ്ദുൽ മുത്വലിബിന് ഒറ്റ മകനേയുള്ളൂ. ഹാരിസ്.


ബാപ്പയും മകനുംകൂടി ബിംബത്തിനു താഴെ കുഴിക്കുവാൻ തുടങ്ങി. ഖുറയ്ശികൾ സമ്മതിച്ചില്ല. അവർ തടുത്തു. ബലം പ്രയോഗിച്ചു. അബ്ദുൽ മുത്വലിബിനു കോപം വന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു - എനിക്കു പത്തു പുത്രന്മാർ ജനിച്ചാൽ ഒന്നിനെ ഞാൻ ബലിയറുക്കും. ഖുറയ്ശികൾ നടുങ്ങിപ്പോയി. അവർ പിൻവാങ്ങി.


നിലം കുഴിച്ചു. സംസം കിണർ കണ്ടെത്തി. സംസം വെള്ളം കിട്ടി. നോക്കൂ..! അല്ലാഹു ﷻ അബ്ദുൽ മുത്വലിബിനു നൽകിയ അനുഗ്രഹം. ഇന്നും സംസം നിലനിൽക്കുന്നു.


അബ്ദുൽ മുത്വലിബ് പല വിവാഹങ്ങൾ നടത്തി. പത്തു പുത്രന്മാരുണ്ടായി. അപ്പോഴാണു നേർച്ചയുടെ കാര്യം ഓർമവന്നത്. ബലിയറുക്കണം. ഏതു പുത്രനെ അറുക്കണം. നറുക്കിട്ടു. അബ്ദുല്ലയെ അറുക്കുവാൻ തീർപ്പ്.

ജനങ്ങൾ പ്രതിഷേധിച്ചു...


ഇത്രയും നല്ലൊരു ചെറുപ്പക്കാരനെ ബലി നടത്തുകയോ? എന്തൊരു ക്രൂരത..!


ഇനിയെന്തു ചെയ്യും. നേർച്ച വീട്ടാതിരിക്കാൻ പറ്റുമോ? പലരും ഇടപെട്ടു. ചർച്ച ചെയ്തു. ഒരു തീരുമാനത്തിലെത്തി.


പത്ത് ഒട്ടകത്തിന് ഒരു നറുക്ക്. അബ്ദുല്ലയ്ക്ക് ഒരു നറുക്ക്. എന്നിട്ടു നറുക്കെടുക്കുക. പത്തു തവണ മാത്രമേ നറുക്കെടുക്കൂ. പത്തു നറുക്കും അബ്ദുല്ലയ്ക്ക് വീണാൽ രക്ഷയില്ല. അബ്ദുല്ലയെ ബലികൊടുക്കണം. പത്തിൽ ഏതെങ്കിലുമൊന്ന് ഒട്ടകങ്ങൾക്കു വീണാൽ അബ്ദുല്ല രക്ഷപ്പെടും. ഒട്ടകത്തിനു വീണാൽ ഓരോ നറുക്കിനും പത്ത് ഒട്ടകങ്ങളെ ബലിയറുക്കണം.


നറുക്കെടുപ്പു തുടങ്ങി. ആദ്യ നറുക്ക് അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെ ബലിയറുക്കാൻ മാറ്റിനിറുത്തി.

അടുത്ത നറുക്കെടുത്തു. അതും അബ്ദുല്ലയ്ക്ക്. പത്ത് ഒട്ടകങ്ങളെക്കൂടി മാറ്റിനിറുത്തി.


മൂന്നാമത്തെ നറുക്ക് വീണതും അബ്ദുല്ലയ്ക്ക്. നാല്...അഞ്ച്...ആറ്...ഏഴ്... കാണികൾ അമ്പരന്നു നിന്നു..!

എല്ലാം അബ്ദുല്ലയുടെ പേരിൽ! എട്ടും ഒൻപതും നറുക്കെടുത്തപ്പോൾ നിർഭാഗ്യം..! അബ്ദുല്ലയ്ക്കുതന്നെ.


തൊണ്ണൂറ് ഒട്ടകങ്ങൾ ബലിമൃഗങ്ങളായി. ജനം ആകാംക്ഷയോടെ, ആശങ്കയോടെ കാത്തുനിന്നു. പത്താമതു നറുക്ക്...


ഇതും അബ്ദുല്ലയ്ക്കു വീണാൽ മക്കയുടെ പ്രിയപ്പെട്ട പുത്രൻ ബലിയറുക്കപ്പെടും.


പത്താം നറുക്കുവീണു..! ഒട്ടകങ്ങൾക്ക്..!!


 ആഹ്ലാദം അണപൊട്ടി. അബ്ദുല്ല രക്ഷപ്പെട്ടു. നൂറൊട്ടകങ്ങൾ ബലിക്കല്ലിൽ കയറി. നൂറൊട്ടകങ്ങളെ ബലികൊടുത്തു രക്ഷപ്പെടുത്തിയെടുത്ത ജീവൻ...


ആ മനുഷ്യനാണ് ഈ നിൽക്കുന്നത്. തന്റെ പുതുമാരൻ. ആ കഥകൾ ഓർത്തപ്പോൾ ആമിനയുടെ ഖൽബകം സ്നേഹം കൊണ്ടു നിറഞ്ഞു. മൂന്നു ദിവസങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോയത്.

നാളെ നവദമ്പതികൾ യാത്ര തിരിക്കുകയാണ്. പുതിയാപ്പിളയുടെ വീട്ടിലേക്ക്...


അബ്ദുൽ മുത്വലിബും മറ്റു ബന്ധുക്കളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മകനെയും ഭാര്യയെയും കാണാൻ. ഖബീലക്കാർക്ക് അതിനും ചില ചടങ്ങുകളൊക്കെയുണ്ട്. നവദമ്പതികളും ബന്ധുക്കളും അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ എത്തിച്ചേർന്നു.


അവിടെ ഹൃദ്യമായ സ്വീകരണം. വലിയ സൽക്കാരം. ബന്ധുക്കളൊക്കെ വന്നുകൂടിയിട്ടുണ്ട്. അവർ ആമിനയോടു സംസാരിച്ചു. എല്ലാവർക്കും നന്നേ ഇഷ്ടപ്പെട്ടു.


എന്തു നല്ല പെൺകുട്ടി...


അബ്ദുൽ മുത്വലിബ് എന്ന വലിയ നേതാവിനെ ആമിന അടുത്തറിയുന്നു. എന്തെല്ലാം സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച ആളാണ്.


എപ്പോഴും വീട്ടിൽ തിരക്കാണ്. പലരും കാണാൻ വരുന്നു. പലർക്കും പല ആവശ്യങ്ങൾ. നേതാവിന് ആരുടെയെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.


ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ആമിന ഭർതൃവീട്ടിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേർന്നു. ആ വീട്ടിൽ ആമിന വളരെ സന്തോഷവതിയായിരുന്നു.


ഒരു സീസൺകൂടി കടന്നുവരുന്നു. ഖാഫില പുറപ്പെടാൻ സമയമായി. ശാമിലേക്കുള്ള യാത്ര ദിവസങ്ങൾക്കകം പുറപ്പെടുന്നു. മക്കയിൽ അതിന്റെ ആരവം തുടങ്ങിക്കഴിഞ്ഞു...



Part : 08


സ്വപ്നങ്ങളേ വിട


“ആമിനാ.. എനിക്കൊരു കാര്യം നിന്നോടു പറയാനുണ്ട്. നീ വിഷമിക്കരുത്, ദുഃഖിതയാകരുത്.” അബ്ദുല്ല സ്വരം താഴ്ത്തി ഭാര്യയോടു പറഞ്ഞു. ആമിനയ്ക്ക് അതിശയം തോന്നി. എന്താണിത്ര പ്രധാന കാര്യം.


“ഖാഫില പുറപ്പെടുകയാണ്. ഞാനും കൂടെ പോകുന്നു. ഞാൻ നിന്നോടു യാത്ര ചോദിക്കുകയാണ്."


ഞെട്ടിപ്പോയി. യാത്ര ചോദിക്കുകയോ..? വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കണ്ടു കൊതിതീർന്നില്ല.

അതിനിടയിൽ ഒരു യാത്ര. വെളുത്ത മുഖം ചുവന്നു. അവിടെ ദുഃഖം തളംകെട്ടി നിന്നു. മനോഹരമായ കണ്ണുകൾ നിറഞ്ഞു...


“ആമിനാ... ഇതു ശാമിലേക്കുള്ള യാത്രയാണ്. വിഷമിക്കാൻ മാത്രം കാര്യമില്ല. കച്ചവടം കഴിഞ്ഞാൽ ഞാനുടനെയിങ്ങത്തും. അതുവരെ സന്തോഷമായിരിക്കണം.”


ഒന്നും പറയാൻ കഴിയുന്നില്ല. തൊണ്ട വരണ്ടുപോയിരിക്കുന്നു. ഈ യാത്രപറച്ചിലും കാത്തിരിപ്പുമെല്ലാം അറബിപ്പെണ്ണുങ്ങൾക്കു പതിവാണല്ലോ. എങ്കിലും ഇത്ര പെട്ടെന്ന്..!


അബ്ദുല്ല എന്തൊക്കെയോ പറയുന്നു. വാക്കുകൾ വഴുതിപ്പോകുന്നു. പകുതിയും ചെവിയിൽ പതിയുന്നില്ല. തന്റെ സമ്മതം തേടി കാത്തിരിക്കുന്നു.


"പോയിവരൂ...!” എങ്ങനെയോ പറഞ്ഞൊപ്പിച്ചു. മുറിയിൽ നിന്നിറങ്ങി. ബാപ്പ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകി. കൂട്ടുകാർ കാത്തിരിക്കുന്നു. വേഗം നടന്നുപോയി.


ആ നടപ്പു നോക്കിനിന്നു ആമിന. നടന്നു നടന്നു കണ്ണിൽ നിന്ന് അകന്നുപോയി. ഒരു നെടുവീർപ്പ്. ഒരു തേങ്ങൽ.

ദുഃഖം സഹിക്കാതെ ആ പെൺകുട്ടി കരഞ്ഞുപോയി...


ഖാഫില പുറപ്പെട്ടുവെന്നു പിന്നീടറിഞ്ഞു. ആരവം കേൾക്കാമായിരുന്നു. പൊടിപടലം അകന്നുപോകുന്നതും കണ്ടു. ഖാഫില പുറപ്പെടുന്നതും വരുന്നതുമെല്ലാം മക്കയിൽ വലിയ വാർത്തയാണല്ലോ. ഖാഫിലക്കാരുടെ ഇനിയുള്ള ദിനരാത്രങ്ങൾ മരുഭൂമിയുടെ മധ്യത്തിലാണ്. മരുഭൂമിയിലെ കൊടുംചൂടും മണൽക്കാറ്റും സഹിച്ചു യാത്രചെയ്യണം.


ദിവസങ്ങൾ കടന്നുപോയി. ആമിന എല്ലാ ദിവസവും ഭർത്താവിനുവേണ്ടി പ്രാർത്ഥിക്കും. പുറപ്പെട്ടിട്ട് എത്ര ദിവസമായെന്നു കണക്കുകൂട്ടിനോക്കും.


തന്റെ പ്രയാസങ്ങൾ അബ്ദുൽ മുത്വലിബു മനസ്സിലാക്കുന്നുണ്ട്. ഇടക്ക് ആശ്വാസവചനങ്ങൾ ചൊരിയും. നല്ല മനുഷ്യൻ.


“ഇപ്പോൾ ഖാഫില ശാമിലെത്തിക്കാണും.” ഒരു ദിവസം അബ്ദുൽ മുത്വലിബ് പറഞ്ഞു.


മക്കയിൽ നിന്നു പുറപ്പെട്ടാൽ ശാമിലെത്താൻ എത്ര ദിവസം വേണമെന്ന് അദ്ദേഹത്തിനു കൃത്യമായറിയാം, ശാമിൽ എത്ര ദിവസം തങ്ങേണ്ടതായിവരുമെന്നും അറിയാം. അവിടെ നിന്നു തിരിച്ചാൽ എത്ര ദിവസം കൊണ്ടു മക്കയിൽ എത്തിച്ചേരുമെന്നും പറയാനാകും.


അബ്ദുൽ മുത്വലിബിനും ദുഃഖമായിരുന്നു. ബലിയിൽ നിന്നു രക്ഷപ്പെട്ട മകനല്ലേ... മരിച്ച മകൻ തിരിച്ചുവന്നതുപേലെ. അവനെ പിരിഞ്ഞിരിക്കാൻ വയ്യ...


അബ്ദുൽ മുത്വലിബ് വൃദ്ധനാണ്. താടിരോമങ്ങൾ നരച്ച വെളുത്തിരിക്കുന്നു. ദുഃഖം വൃദ്ധമുഖത്തു നിഴലിക്കുന്നു. ആമിനയെ ആശ്വസിപ്പിക്കുന്നു. ദിവസങ്ങളുടെ കണക്കു പറയുന്നു. പിന്നെയും ദിനരാത്രങ്ങൾ കടന്നുപോയി.


അബ്ദുൽ മുത്വലിബിന്റെ കണക്കനുസരിച്ചു ഖാഫില എത്തേണ്ട സമയമായി. പക്ഷേ, കാണുന്നില്ല..! ഒരു ദിവസം കൂടി കടന്നുപോയി. വെപ്രാളം കൂടി. മക്ക ഖാഫിലക്കാരെ കാത്തിരിക്കുന്നു. ആഹാര സാധനങ്ങൾ, വസ്ത്രം, വിളക്കിലൊഴിക്കാനുള്ള എണ്ണവരെ അവർ കൊണ്ടുവരണം...


രണ്ടര മാസം പിന്നിട്ടിരിക്കുന്നു.


എന്തേ വരാത്തത്..? എവിടെയും ഉൽക്കണ്ഠ... മക്കയിലേക്കു നീണ്ടുവരുന്ന പാതയിലേക്കു കണ്ണും നട്ടിരിപ്പാണു പലരും. ചില യാത്രക്കാർ വരുന്നത് അവ്യക്തമായി കണ്ടു...


ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ

അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...


ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ

മൗനം ആശങ്ക പടർത്തി.


“ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം.


അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.


ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു:



Part : 09



ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ

അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...


ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ

മൗനം ആശങ്ക പടർത്തി. “ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം.


അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.


ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു: “മക്കയുടെ മഹാനായ നേതാവേ... അങ്ങയുടെ മകൻ അബ്ദുല്ലയ്ക്ക് സുഖമില്ല. യസ് രിബിൽ വിശ്രമിക്കുകയാണ്.”


“അവനെ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരാത്തതെന്ത്..?” -  വൃദ്ധൻ രോഷത്തോടെ ചോദിച്ചു.


“അങ്ങനെ കൊണ്ടുവരാൻ പറ്റുന്ന അവസ്ഥയിലല്ല. രോഗം വളരെ കൂടുതലാണ്. യാത്ര ചെയ്യാൻ പറ്റില്ല.”


“എന്റെ റബ്ബേ...'' വേദനിക്കുന്ന പിതൃഹൃദയത്തിന്റെ രോദനം.


ബനുന്നജ്ജാർ കുടുംബക്കാരുടെ വീട്ടിലാണു വിശ്രമിക്കുന്നത്. രോഗം ആശങ്കാജനകം.


ബനുന്നജ്ജാർ കുടുംബം. വൃദ്ധനായ അബ്ദുൽ മുത്വലിബ് നിമിഷനേരത്തേക്കു കുട്ടിക്കാലം ഓർത്തുപോയി. ബനുന്നജ്ജാർ

കുടുംബത്തിന്റെ മുറ്റത്ത് ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലം. അന്നു തന്റെ പേരു ശയ്ബ എന്നായിരുന്നു.


ശയ്ബയെന്ന കുട്ടി. ഒരു വികൃതിക്കുട്ടൻ. മാതാവു സൽമ. തന്നെ പ്രസവിച്ചതവിടെയാണ്. വളർന്നതവിടെയാണ്. പിന്നെ മക്കത്തു വന്നു. ഇവിടെ അബ്ദുൽ മുത്വലിബായി.


ആ വീട്ടിൽ, ബനുന്നജ്ജാർ കുടുംബത്തിൽ തന്റെ പ്രിയ പുത്രൻ രോഗിയായി വിശ്രമിക്കുന്നു. ഖൽബു നീറിപ്പുകയുകയാണ്.


“പറയൂ, എന്താണന്റെ മകനു പറ്റിയത്?”


“അങ്ങോട്ടുള്ള യാത്രയിൽ ഒരു കുഴപ്പവുമില്ലായിരുന്നു. ശാമിൽവെച്ചും വളരെ സന്തോഷവാനായിരുന്നു. മടക്കയാത്രയിലാണു രോഗം തുടങ്ങിയത്. യസ് രിബു വരെ ഒരു വിധത്തിൽ എത്തി. അവിടെ വിശ്രമിച്ചു ക്ഷീണം തീർത്തിട്ടു പോരാമെന്നു കരുതി. മരുന്നുകൾ നൽകി. നല്ല പരിചരണം കിട്ടി. രോഗം കുറഞ്ഞില്ല. കൂടെ കൊണ്ടുവരാൻ പറ്റില്ലെന്നു ബോധ്യമായപ്പോൾ ഞങ്ങളിങ്ങു പോന്നു.”


“എന്റെ പൊന്നുമോനേ.. ഈ ബാപ്പാക്കു നിന്നെ കാണണം.” വൃദ്ധനയനങ്ങൾ നിറഞ്ഞൊഴുകി. ആർക്കും അതു കണ്ടു സഹിക്കാനാവുന്നില്ല.


“മോനേ... ഹാരിസ്” - ബാപ്പ മൂത്ത മകനെ വിളിച്ചു.


ഹാരിസ് ഓടിയെത്തി. “നീ തന്നെ പോകണം. യസ് രിബിൽ പോയി അബ്ദുല്ലയെ കൊണ്ടുവരണം. രോഗം കുറവില്ലെങ്കിൽ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരണം.”


“പോകാം... ബാപ്പാ...”


“വൈകരുത്, ഉടനെ പുറപ്പെടണം. കൂട്ടിന് ആളെ കൂട്ടിക്കോളൂ.”


ആമിന തരിച്ചിരിക്കുകയാണ്. എന്താണു കേട്ടത്? തന്റെ പ്രിയപ്പെട്ട ഭർത്താവിനു സുഖമില്ലെന്നോ? രോഗമാണെന്നോ? യാത്ര ചെയ്യാൻ പറ്റാത്തവിധം അവശനിലയിലാ

ണെന്നോ..!


അവശനായ ഭർത്താവിന് ഒരുതുള്ളി വെള്ളം നൽകാൻ പോലും കഴിയാതെ പോയല്ലോ. ഖൽബു പൊട്ടിപ്പൊളിയുകയാണോ..? എന്തൊരു വേദന. ഈ ദുഃഖം സഹിക്കാനാവുന്നില്ലല്ലോ...


കാത്തുകാത്തിരിക്കുകയായിരുന്നു. ഒരു നോക്കു കാണാൻ. യാത്രാവിവരണം കേൾക്കാൻ. ശാമിൽ നിന്നു തനിക്കു വേണ്ടി

വാങ്ങിക്കൊണ്ടുവന്ന സമ്മാനങ്ങൾ കൈനീട്ടി വാങ്ങാൻ. പിന്നെ... തന്റെ വിശേഷങ്ങൾ പറയാൻ...


താൻ സ്വപ്നം കാണുന്നു. സുന്ദര സ്വപ്നങ്ങൾ. ആനന്ദം പകരുന്ന അനുഭവങ്ങൾ. തന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നു. സാധാരണ കുഞ്ഞല്ല എന്നാരോ പറയുംപോലെ തോന്നുന്നു. മാലാഖമാർ വരുന്നതുപോലെ ഒരു തോന്നൽ.

വല്ലാത്തൊരനുഭൂതി...


എല്ലാം പറയണമായിരുന്നു. പറയാനുള്ളതു പറയാൻ കഴിയില്ലേ? കേൾക്കാൻ കൊതിച്ചതൊന്നും കേൾക്കാനാവില്ലേ..?



Part : 10


ഹാരിസ് പുറപ്പെട്ടിരിക്കുന്നു. മടങ്ങിവരട്ടെ. അതിനെത്ര നാൾ കാത്തിരിക്കണം. പോയിവരാൻ ദിവസങ്ങൾ പിടിക്കും. അബ്ദുൽ മുത്വലിബ് ചിന്തയിൽ മുഴുകി. വെറുതെ പിതാവിനെക്കുറിച്ചോർത്തു...


മക്കയുടെ പ്രിയങ്കരനായ നേതാവായിരുന്നു ഹാശിം. ആളുകൾ പിതാവിനെക്കുറിച്ച് ഇന്നും അഭിമാനപൂർവം സംസാരിക്കുന്നു. തനിക്കു പിതാവിനെ കണ്ട ഓർമയില്ല. ഉമ്മ വിവരിച്ചുതന്ന ഓർമയേയുള്ളൂ...


ഇതുപോലെ ഒരു യാത്രയിൽ ബാപ്പക്കു രോഗം വന്നു. മരുഭൂമിയിൽ മരണം തേടിയെത്തുന്നു. ഉമ്മ കാത്തിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റി. ബാപ്പ വന്നില്ല. ഒടുവിൽ ആ വാർത്തയെത്തി. ബാപ്പ ഇനിയൊരിക്കലും വരില്ല. മരിച്ചവർ മടങ്ങിവരാറില്ലല്ലോ...


ഉമ്മയെപ്പോലെ ഇവിടെ ഇതാ ഒരു പെൺകുട്ടി കാത്തിരിക്കുന്നു. കരഞ്ഞു കരഞ്ഞു കാത്തിരിക്കുന്നു.


എന്റെ ഉമ്മയുടെ അനുഭവമാണോ ഈ കുട്ടിക്കും. എന്റെ റബ്ബ..!

പൊന്നുമോനേ നീ മടങ്ങിവരില്ലേ..?


ഈ പെൺകുട്ടിയുടെ കണ്ണീർ എങ്ങനെ അടങ്ങും..? വൃദ്ധൻ ദുഃഖംകൊണ്ടു പുകയുകയാണ്...


എന്തു വാർത്തയുമായിട്ടായിരിക്കും തന്റെ മകൻ മടങ്ങിയെത്തുക..? നരച്ച താടിയിൽ കണ്ണീരിന്റെ നനവുണങ്ങിയില്ല.


ദിവസങ്ങൾ കടന്നുപോയി. ഹാരിസ് യസ് രിബിലെത്തി. ബനുന്നജ്ജാർ കുടുംബത്തിന്റെ താമസസ്ഥലത്തെത്തി. അവിടെ ദുഃഖം തളംകെട്ടി നിൽക്കുന്നു...


ആരും ഒന്നും ഉരിയാടുന്നില്ല. എല്ലാ മുഖങ്ങളും മ്ലാനമായിരിക്കുന്നു. ഹാരിസ് വല്ലാതെ വിഷമിച്ചു. "എവിടെ എന്റെ അനുജൻ? എവിടെ അബ്ദുല്ല?" ഹാരിസിന്റെ വെപ്രാളം നിറഞ്ഞ ചോദ്യം.


"അതാ.. അവിടെ," ആരോ ഒരാൾ ചൂണ്ടിക്കാണിച്ചുകൊടുത്തു.


'ഒരു പുതിയ ഖബ്ർ' - ഹാരിസ് ഖബറിന്നരികിലേക്കു നടന്നു. അടക്കാനാവാത്ത ദുഃഖം. കണ്ണുനീർത്തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി. എന്റെ പൊന്നുമോനേ... ഹാരിസ് നിയന്ത്രണംവിട്ടു നിലവിളിച്ചുപോയി. ബന്ധുക്കൾ ഓടിയെത്തി. ഹാരിസിനെ അകത്തേക്കു കൊണ്ടുപോയി ആശ്വസിപ്പിച്ചു.


“കഴിയുന്നതൊക്കെ ഞങ്ങൾ ചെയ്തു. മരുന്നുകൾ നൽകി. നന്നായി പരിചരിച്ചു. ഒരു ഫലവുമുണ്ടായില്ല.” - ബന്ധുക്കൾ സംഭവങ്ങൾ വിവരിച്ചു.


“ശയ്ബ ഇതെങ്ങനെ സഹിക്കും?”


-അവർക്കിന്നും അബ്ദുൽ മുത്വലിബ് ശയ്ബയാണ്.


വൃദ്ധന്മാർ അബ്ദുല്ലയുടെ ഖബർ കണ്ടു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു. “സൽമയുടെ പേരക്കുട്ടീ...”


ഹാരിസ് ശക്തി വീണ്ടെടുത്തു. പതറിപ്പോകരുത്. ഇനിയും

ഒരു യാത്രയുണ്ട്. ക്ഷീണം ഒന്നടങ്ങിയാൽ മടക്കയാത്ര. മക്കയിലേക്കുള്ള മടക്കയാത്ര.


“ബാപ്പ കാത്തിരിക്കുകയാണ്. ആമിനയും. ഞാൻ വൈകുന്നില്ല.”


ഹാരിസ് ബന്ധുക്കളോടു യാത്ര ചോദിച്ചു.


അവസാനമായി ഖബറിനരികിൽ വന്നുനിന്നു. “കൊച്ചനുജാ... ഞാൻ പോവുകയാണ്. നമ്മുടെ വൃദ്ധപിതാവ് ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നു. പിന്നെ നിന്റെ പ്രിയപ്പെട്ട ആമിനയും. ഞാനവരോട് എന്തു പറയും..?”


ഹാരിസ് മക്കയിലേക്കു മടങ്ങി. യസ് രിബുകാർ ആ പോക്കുനോക്കിനിന്നു. എങ്ങനെയാണു ബാപ്പയെ നേരിടുക. ആമിനയെന്ന പെൺകുട്ടിയോട് എങ്ങനെയാണ് ഇക്കാര്യം പറയുക. വീണ്ടും പതറിപ്പോകുന്നു. ഒട്ടകം മുമ്പോട്ടു നീങ്ങി...



Part : 11


അബ്റഹത്തും ആനക്കലഹവും


മരിക്കുമ്പോൾ അബ്ദുല്ലക്കു കഷ്ടിച്ച് ഇരുപതു വയസ്സേയുള്ളൂ. ആമിന അതിനെക്കാൾ പ്രായം കുറവുള്ള പെൺകുട്ടി...


താൻ ഗർഭിണിയാണെന്ന തോന്നൽതന്നെയില്ല. സാധാരണ

ഗർഭിണികൾ അനുഭവിക്കുന്ന പ്രയാസങ്ങളൊന്നും തോന്നുന്നില്ല. ഉറങ്ങുമ്പോഴാവട്ടെ, ആനന്ദം നൽകുന്ന സ്വപ്നങ്ങൾ. ആരോ തന്നോടു സംസാരിക്കുന്നതുപോലെ ഒരു തോന്നൽ. തോന്നലല്ല; ശരിക്കും സംസാരിക്കുന്നു..!


നീ ഗർഭം ചുമന്നത് ഈ സമുദായത്തിന്റെ നായകനെയാകുന്നു. അശരീരിപോലൊരു ശബ്ദം. കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി. അതിമഹനീയമായ എന്തോ സംഭവിക്കാൻ പോകുന്നു.


“നിന്റെ കുഞ്ഞു പിറന്നുകഴിഞ്ഞാൽ അസൂയാലുക്കളിൽ നിന്നു രക്ഷകിട്ടാൻ വേണ്ടി അല്ലാഹുﷻവിന്റെ കാവൽ തേടിക്കൊണ്ടിരിക്കണം.

നിന്റെ കുഞ്ഞിനു മുഹമ്മദ് എന്നു പേരിടണം.” അനുഭൂതികൾ നിറഞ്ഞ ദിനരാത്രങ്ങൾ...


ഒരിക്കൽ തന്നിൽനിന്നും ഒരു പ്രകാശം പുറപ്പെട്ടു. ശക്തമായ പ്രകാശം. ആ പ്രകാശത്തിൽ ബുസ്റായിലെ കൊട്ടാരങ്ങൾ തനിക്കു കാണാൻ കഴിഞ്ഞു. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് ആനക്കലഹം ഒന്നാം വർഷത്തിലായിരുന്നു.


ആനക്കലഹം, ആമുൽ ഫീൽ, ഗജ വർഷം എന്നൊക്കെപ്പറഞ്ഞാൽ

എന്താണ്..? അതുകൂടി മനസ്സിലാക്കിയിട്ടു കഥ തുടരാം.


ആനക്കലഹത്തെക്കുറിച്ചു പറയുംമുമ്പേ അബ്റഹത്തിനെപ്പറ്റി പറയണം. അബ്റഹത്തിനെക്കുറിച്ചു പറയുമ്പോൾ യമൻ എന്ന രാജ്യത്തെക്കുറിച്ചും പറയണം, എല്ലാംകൂടി ചുരുക്കിപ്പറയാം...


യമൻ വളരെ മുമ്പുതന്നെ ലോകപ്രസിദ്ധമായ നാടാണ്. അവിടെ പല രാജവംശങ്ങളും ഭരിച്ചിട്ടുണ്ട്. ചിലപ്പോൾ വിദേശികളും ഭരിച്ച ചരിത്രമുണ്ട്.


കുറേകാലം നജ്ജാശി രാജാവിന്റെ കീഴിലായിരുന്നു. രാജാവ് യമൻ രാജ്യം ഭരിക്കാൻവേണ്ടി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. അയാളുടെ പേര് അർയാത്ത് എന്നായിരുന്നു. അർയാത്തിന്റെ

കീഴിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അബ്റഹത്ത്.


ഇരുവരും ക്രിസ്ത്യാനികൾ തന്നെ. പക്ഷേ, സ്വഭാവത്തിൽ വളരെ വ്യത്യാസം. അർയാത്ത് നല്ലവനായിരുന്നു. അബ്റഹത്ത് അഹങ്കാരിയും ദുഷ്ടനും ആയിരുന്നു.


എല്ലാ അധികാരവും തനിക്കുവേണമെന്ന ദുരാഗ്രഹിയായിരുന്നു അബ്റഹത്ത്. യമൻ രാജ്യത്തെ സ്നേഹിച്ച അർയാത്തിനെ അബ്റഹത്ത് കൊന്നുകളഞ്ഞു.


അർയാത്തിനെ വധിച്ചശേഷം അബ്റഹത്ത് ഭരണം ഏറ്റെടുത്തു. അവൻ മക്കയിലെ കഅ്ബയെക്കുറിച്ചറിഞ്ഞു. ഹജ്ജ് കാലത്തു ധാരാളമാളുകൾ മക്കയിൽ വരുന്നു. കഅ്ബാലയം സന്ദർശിക്കുന്നു.


അബ്റഹത്തിന് അസൂയ വന്നു. അതുപോലൊരു ദേവാലയം പണിയണം, ജനങ്ങളോട് അവിടെ വന്ന് ആരാധിക്കാൻ കൽപിക്കണം. ആരും മക്കയിൽ പോകരുത്. മക്കയുടെ പ്രസിദ്ധി തന്റെ പട്ടണത്തിനു കിട്ടണം.


അബ്റഹത്ത് കലാകാരന്മാരെ വരുത്തി. ആശാരിമാരെയും കെട്ടിടനിർമാണ വിദഗ്ധരെയും വരുത്തി. ശിൽപികളെ വരുത്തി. വലിയൊരു ദേവാലയത്തിന്റെ പണി തുടങ്ങി. ശിൽപസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേവാലയം ഉയർന്നു വന്നു...


ഈ വർഷം ഹജ്ജുകാലത്ത് എല്ലാവരും ഇവിടെ വരണം. ആരും മക്കയിലേക്കു പോകരുത്. നാടുമുഴുവൻ പ്രചാരണം നടത്തി. അബ്റഹത്ത് കാത്തിരുന്നു.


അക്കൊല്ലത്തെ ഹജ്ജുകാലം വന്നു. എല്ലാവരും മക്കയിലേക്കുതന്നെ പോയി. അബ്റഹത്ത് അപമാനിതനായി അയാളുടെ കൽപന ആരും വകവച്ചില്ല. കൂരനായ അബ്റഹത്ത് പ്രതികാര ചിന്തയിൽ വെന്തുരുകി.


തകർക്കണം. കഅ്ബ തകർക്കണം. എന്നാലേ തന്റെ ദേവാലയത്തിലേക്ക് ആളുകൾ വരികയുള്ളൂ. വമ്പിച്ചൊരു സൈന്യത്തെ തയ്യാറാക്കി. മുമ്പിൽ ആനപ്പട. ധാരാളം ആനകൾ മക്കത്തേക്കു നീങ്ങി. വഴിനീളെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടുള്ള യാത്ര. ധിക്കാരിയുടെ പട മക്കയുടെ അതിർത്തിയിലെത്തി. മക്കാനിവാസികൾ ഭയവിഹ്വലരായി..!!


അബ്റഹത്തിന്റെ വലിയ സൈന്യത്തെ നേരിടാനുള്ള കഴിവ് അബ്ദുൽ മുത്വലിബിനുണ്ടായിരുന്നില്ല. മക്കയുടെ നേതാവായ അബ്ദുൽ മുത്വലിബ് പറഞ്ഞു:


“ഇത് അല്ലാഹുﷻവിന്റെ ഭവനമാണ്. ഇതിനെ അവൻ സംരക്ഷിക്കും. ഒരാൾക്കും ഇതു തകർക്കാനാവില്ല.”


അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ദേവാലയം. ഇതു തകർക്കാനാവില്ല...


ആനപ്പട നീങ്ങി, കഅ്ബാലയത്തിനു നേരെ. പെട്ടെന്ന് ആകാശത്ത് ഒരുതരം പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവയുടെ ചുണ്ടിൽ ചെറിയ കല്ലുകൾ. ആ കല്ലുകൾ താഴേക്കിട്ടു. ആനകളും പട്ടാളക്കാരും മറിഞ്ഞുവീഴാൻ തുടങ്ങി. കല്ലുകൾ കൊണ്ടവരൊന്നും രക്ഷപ്പെട്ടില്ല. അബ്റഹത്തിന്റെ സൈന്യം ചിതറിയോടി. അബ്റഹത്ത് ജീവനും കൊണ്ടാടുകയായിരുന്നു...


ഈ സംഭവത്തെ ആനക്കലഹം എന്നു വിളിക്കുന്നു. ഈ സംഭവം നടന്ന വർഷത്തെ “ആമുൽ ഫീൽ' എന്നും അറബികൾ വിളിക്കുന്നു...


'ആമുൽഫീൽ' എന്ന പദത്തിന്റെ അർത്ഥം ഗജവർഷം എന്നാകുന്നു...



Part : 12


തിരുപ്പിറവി


ആമുൽഫീൽ ഒന്നാം വർഷം നബിﷺതങ്ങൾ ജനിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ച പ്രഭാതസമയത്ത്. ക്രിസ്തുവർഷം 571 ഏപ്രിൽ 17. എത്രവർഷമായെന്നു കൂട്ടുകാർ

കണക്കുകൂട്ടി നോക്കുക... 


അതൊരു സാധാരണ പ്രസവം ആയിരുന്നില്ല. ധാരാളം അത്ഭുതങ്ങൾ ആ സമയത്തു സംഭവിക്കുകയുണ്ടായി. ചുറ്റും കൂടിയ പെണ്ണുങ്ങൾ കുഞ്ഞിനെ കണ്ട് അതിശയപ്പെട്ടുപോയി..!!


കുഞ്ഞിന്റെ ചേലാകർമം ചെയ്യപ്പെട്ടിരിക്കുന്നു..!


കണ്ണിൽ സുറുമ എഴുതിയിട്ടുണ്ട്..!


ശരീരത്തിൽ എണ്ണ പുരട്ടിയിരിക്കുന്നു..!


കൈ രണ്ടും നിലത്തുകുത്തി തലയുയർത്തിപ്പിടിച്ചാണു കിടപ്പ്. ഇതൊരു അത്ഭുത ശിശുവാണ്... 


ഇങ്ങനെ ഒരു കുട്ടി പ്രസവിക്കപ്പെടുമെന്നു തന്റെ ജനതയോട് ആദംനബി (അ) പറഞ്ഞിട്ടുണ്ട്. പിന്നീടുവന്ന പ്രവാചകന്മാർക്കെല്ലാം ഈ കുട്ടിയുടെ വരവിനെക്കുറിച്ചറിയാമായിരുന്നു. എല്ലാ വേദഗ്രന്ഥങ്ങളിലും ഈ

കുട്ടിയുടെ ആഗമനം അറിയിച്ചിട്ടുണ്ട്... 


കുട്ടി പിറക്കുന്നതിനുമുമ്പു പിതാവു മരണപ്പെട്ടിരിക്കുമെന്നു വേദം പഠിച്ച പണ്ഡിതന്മാർക്കറിയാമായിരുന്നു.


എന്തൊരഴക്..! എന്തൊരു പ്രകാശം..!


പ്രസവവിവരം അറിഞ്ഞ് അബ്ദുൽ മുത്വലിബ് ഓടിയെത്തി. 


കുഞ്ഞിനെക്കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദം. കുട്ടിയെ കോരിയെടുത്തു. കഅ്ബാലയത്തിലേക്കോടി. അവിടെയുണ്ടായിരുന്നവർ കുട്ടിയെ കണ്ടു. അവരും സന്തോഷത്തിൽ പങ്കുകൊണ്ടു... 


ഏഴാം ദിവസം "അഖീഖ" അറുത്തു. അന്നു വീടുനിറയെ ആളുകളായിരുന്നു. ബന്ധുക്കളൊക്കെ വന്നു. ഖുറയ്ശി നേതാക്കന്മാരെല്ലാം വന്നു. അവർക്കെല്ലാം വിഭവങ്ങൾ നിറഞ്ഞ സദ്യ. മുഹമ്മദ് എന്നു പേരിട്ടു... 


അബ്ദുൽ മുത്വലിബിനു ധാരാളം മക്കളുണ്ടായിരുന്നുവല്ലോ. അവരിൽ പ്രസിദ്ധരായവർ ഹാരിസ്, അബൂത്വാലിബ്, അബ്ബാസ്, ഹംസ എന്നിവരാകുന്നു. മറ്റൊരു മകൻ അബൂലഹബ്... 


സുവയ്ബതുൽ അസ്ലമിയ്യ എന്ന അടിമസ്ത്രീ അബൂലഹബിന്റെ സമീപം ഓടിയെത്തി. വർധിച്ച സന്തോഷത്തോടെ അവൾ വിളിച്ചുപറഞ്ഞു:


“യജമാനൻ അറിഞ്ഞോ... പ്രസവിച്ചു. അങ്ങയുടെ മരിച്ചു പോയ സഹോദരന്റെ ഭാര്യ പ്രസവിച്ചു. അങ്ങയുടെ മരിച്ചുപോയ

സഹോദരന്റെ ഭാര്യ പ്രസവിച്ചു. ആൺകുട്ടി...”


“ങേ... നേരാണോ നീ പറഞ്ഞത്..?”


“ഞാൻ കുഞ്ഞിനെ കണ്ടിട്ടല്ലേ വരുന്നത്. എനിക്കു സന്തോഷം അടക്കാനാവുന്നില്ല. ആഹ്ലാദം കൊണ്ടു ഞാൻ തുള്ളിച്ചാടിവരികയായിരുന്നു. യജമാനനോട് ഇക്കാര്യം പറയാൻ...”


അബൂലഹബ് സന്തോഷംകൊണ്ടു മതിമറന്നുപോയി... 


“സുവയ്ബതേ... ഈ സന്തോഷവാർത്ത അറിയിച്ചതിന്റെ പേരിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കിയിരിക്കുന്നു."


സുവയ്ബതിന്റെ സന്തോഷത്തിനതിരില്ല. ഈ കുഞ്ഞു കാരണമാണല്ലോ താൻ അടിമത്തത്തിൽ നിന്നു മോചിതയായത്. കുഞ്ഞിനോടുള്ള സ്നേഹം വർധിച്ചു... 


അബ്ദുല്ലയുടെ വിയോഗം മക്കാനിവാസികളുടെ ദുഃഖമായി. അബ്ദുൽ മുത്വലിബിന്റെ ദുഃഖം അവരെ വേദനിപ്പിച്ചു. ഇപ്പോൾ തങ്ങളുടെ നേതാവിന്റെ മനസ്സുനിറയെ ആഹ്ലാദമാണ്. ആ നടപ്പിലും ഇരിപ്പിലും സംസാരത്തിലും സന്തോഷം അലതല്ലുന്നു. പലർക്കും സമ്മാനങ്ങൾ നൽകി. സദ്യ തന്നെ എത്ര കെങ്കേമം... 


അബ്ദുൽ മുത്വലിബിന്റെ മക്കൾക്കെല്ലാം വലിയ ആഹ്ലാദം.

അബൂത്വാലിബിനാണു കൂടുതൽ സന്തോഷം. സഹോദരപുത്രനെ അവർ ലാളിച്ചു. സ്നേഹിച്ചു, പരിചരിച്ചു...


അന്ത്യപ്രവാചകൻ ഭൂജാതനായിരിക്കുന്നു. അന്ത്യപ്രവാചകനെ പ്രസവിച്ച മാതാവിനെ നാം ആദരിക്കണം. അവരുടെ പേരു കേൾക്കുമ്പോൾ "റളിയല്ലാഹു അൻഹാ' എന്നു പറയണം.


തന്റെ പൊന്നോമനയെ മാതാവ് ഓമനിച്ചു. മുലകൊടുത്തു, കുഞ്ഞു പാൽകുടിച്ചു, മുഖത്തു സന്തോഷം. മാതാവിന്റെ ഖൽബ് കുളിരണിഞ്ഞു... 



Part : 13


ഗ്രാമത്തിലെ വസന്തങ്ങൾ


നബിﷺയെ പ്രസവിച്ച കാലത്തു മക്കയിൽ നിലവിലുണ്ടായിരുന്ന ഒരു സമ്പദായത്തെക്കുറിച്ചു പറഞ്ഞുതരാം, കേട്ടോളൂ..!! 


കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി ആരോഗ്യവതികളായ സ്ത്രീകളെ ഏൽപിക്കും. ഗ്രാമവാസികളായ സ്ത്രീകൾ കുഞ്ഞുങ്ങളെ ഗ്രാമത്തിൽ കൊണ്ടു പോയി വളർത്തും. കുഞ്ഞുങ്ങൾ ഗ്രാമീണ അന്തരീക്ഷത്തിൽ വളരുന്നു, നല്ല ആരോഗ്യത്തോടെ, സന്തോഷത്തോടെ...


ഗ്രാമീണർ ശുദ്ധമായ അറബി സംസാരിക്കും. കുഞ്ഞുങ്ങൾ അതുകേട്ടു പഠിക്കും. മക്ക ഒരു പട്ടണമാണ്. അവിടെ പല നാട്ടുകാർ വന്നും പോയുംകൊണ്ടിരിക്കും. സ്ഥിരതാമസക്കാർ തന്നെ പല തരക്കാരാണ്. ഭാഷയും പലതരം,ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണമെങ്കിൽ ഗ്രാമത്തിൽ പോകണം. 


ഇടക്കിടെ ഗ്രാമീണ സ്ത്രീകൾ മക്കയിൽ വരും. കുഞ്ഞുങ്ങളെ മുലകൊടുത്തു വളർത്താൻ വേണ്ടി കൊണ്ടുപോകും. അതിനു പ്രതിഫലവും ലഭിക്കും.


നബി ﷺ തങ്ങൾക്ക് ആദ്യത്തെ കുറച്ചു ദിവസം മുലയൂട്ടിയത് മാതാവു തന്നെയായിരുന്നു. പിന്നീടോ..?


'സുവയ്ബതുൽ അസ്ലമിയ്യ' കൂട്ടുകാർ അവരെ മറന്നില്ലല്ലോ, അബൂലഹബിന്റെ അടിമയായിരുന്നു. നബിﷺതങ്ങൾ ജനിച്ച സന്തോഷവാർത്ത അബൂലഹബിനെ അറിയിച്ചത് അവരായിരുന്നു. സന്തോഷാധിക്യത്താൽ അബൂലഹബ് അവരെ സ്വതന്ത്രയാക്കി. ഇപ്പോൾ അവർ സ്വതന്തയാണ്. അവർ അതിരറ്റ സന്തോഷത്തോടെ പാലു കൊടുത്തു... 


അബ്ദുൽ മുത്വലിബ് ഗ്രാമീണ സ്ത്രീകളെ കാത്തിരിക്കുകയാണ്. പൊന്നുമോനെ അവരുടെ കൂടെ അയയ്ക്കണം. കുഞ്ഞിനു നല്ല ആരോഗ്യം വേണം. ശുദ്ധമായ അറബി സംസാരിച്ചു പഠിക്കണം... 


ഹവാസിൻ ഗോത്രം വളരെ പ്രസിദ്ധമാണ്. ഹവാസിൻ ഗോത്രത്തിൽപ്പെട്ടവരാണ് ബനൂസഅ്ദ് കുടുംബം. ആ കുടുംബത്തിൽപ്പെട്ട സ്ത്രീകൾ മക്കയിൽ വന്നു കുഞ്ഞുങ്ങളെ സ്വീകരിക്കാറുണ്ട്. 


ബനൂസഅ്ദ് കുടുംബാംഗമായ ഹലീമയും വേറെ കുറെ സ്ത്രീകളും മക്കയിൽ വന്നു. ഹലീമ ഒരു മെലിഞ്ഞ സ്ത്രീയാണ്. അബൂകബ്ശ എന്നാണവരുടെ ഭർത്താവിന്റെ പേര്. ആമിനാബീവി(റ)യുടെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു ഹലീമക്കായിരുന്നു... 


കുഞ്ഞിനെ കിട്ടിയത് അവരുടെ ഭാഗ്യം. എന്തെല്ലാം അനുഗ്രഹങ്ങളാണ് ആ കുടുംബത്തിനു ലഭിച്ചത്..? അവരുടെ ആടുകൾ തടിച്ചുകൊഴുത്തു. ധാരാളം പാൽ കിട്ടി. വീട്ടിൽ പട്ടിണി ഇല്ലാതായി. അവരുടെ ഈത്തപ്പനകളിൽ ധാരാളം കുലകൾ വിരിഞ്ഞു. വലിയ അളവിൽ ഈത്തപ്പഴം കിട്ടി. 


അബൂകബ്ശയുടെ മക്കൾക്ക് ആ കുഞ്ഞിനെ ജീവനാണ്. ളംറ എന്നാണ് ഒരു മകന്റെ പേര്. ളംറയും കുഞ്ഞും ആ കുടിലിൽ വളർന്നുവരുന്നു. ദിവസങ്ങൾ മാസങ്ങളായി ഒഴുകി. മാസങ്ങൾ വർഷങ്ങളായി. 


ളംറയും മറ്റു കുട്ടികളും ആടുമേയ്ക്കുവാൻ മലഞ്ചെരുവിൽ പോകും. കൂടെ കുട്ടിയും പോകും. ഒരു ദിവസം ആടിനെ മേയ്ക്കുവാൻ പോയതായിരുന്നു. വെള്ള വസ്ത്രധാരികളായ ചിലർ കുട്ടിയെ സമീപിച്ചു. ളംറക്കു വലിയ വെപ്രാളമായി. അവൻ ആകാംക്ഷയോടെ നോക്കിനിന്നു.


വെള്ളവസ്ത്രധാരികൾ കുട്ടിയെ മലർത്തിക്കിടത്തി. നെഞ്ചും വയറും കീറി. അതിൽനിന്ന് ഒരു കറുത്ത സാധനം എടുത്തുമാറ്റി. പിന്നീടു വെള്ളം കൊണ്ടു കഴുകി.


ളംറ കരഞ്ഞുകൊണ്ടു വീട്ടിലേക്കോടി. ഉമ്മയോടു വിവരം പറഞ്ഞു. വീട്ടിലുള്ളവരെല്ലാവരുംകൂടി ഓടിവന്നു.


കുട്ടി സന്തോഷത്തോടെ എഴുന്നേറ്റുനിൽക്കുന്നു. ഒന്നും സംഭവിക്കാത്തതുപോലെ മന്ദഹസിക്കുന്നു...


“എന്താ മോനേ ഉണ്ടായത്, ആരാണു വന്നത്..?”


കുട്ടി നടന്ന സംഭവങ്ങൾ പറഞ്ഞു. അതു കേട്ടപ്പോൾ ഹലീമ(റ)ക്കു പേടിയായി. തന്റെ മോന് എന്തെങ്കിലും സംഭവിക്കുമോ..? അന്നവർക്ക് ഉറക്കം വന്നില്ല. ഒരേ ചിന്ത, ആരായിരിക്കും മോന്റെ അടുത്തു വന്നത്..? ഇനിയും വരുമോ..? കുട്ടിയെ ഉപദ്രവിക്കുമോ..? 


ഇത് അസാധാരണ കുട്ടിയാണ്. പലതവണ ബോധ്യം വന്നു. കിടന്നുറങ്ങുന്ന മുറിയിൽ പ്രകാശം കണ്ടിട്ടുണ്ട്. പിന്നെ എന്തെല്ലാം അത്ഭുതങ്ങൾ..!


കുട്ടിയെ മടക്കിക്കൊടുക്കാം. മാതാവിനെ ഏൽപിക്കാം. അതാണു നല്ലത്. അല്ലെങ്കിൽ... വല്ലതും സംഭവിച്ചാൽ തനിക്കതു സഹിക്കാനാവില്ല. പൊന്നുമോനെ എങ്ങനെ വേർപിരിയും. മോനെക്കാണാതെ എങ്ങനെ ജീവിക്കും. വേർപിരിയാൻ എന്തൊരു വിഷമം. ഒരു തീരുമാനത്തിലെത്താനാവുന്നില്ല...


എന്തുവേണം..?



Part : 14


മൂന്നാം മാസത്തിൽ എഴുന്നേറ്റുനിന്ന കുട്ടി. അഞ്ചാം മാസത്തിൽ പിച്ചവച്ചു നടന്ന കുട്ടി. ഒൻപതാം മാസത്തിൽ സംസാരിക്കാൻ തുടങ്ങിയ കുട്ടി. എല്ലാം അസാധാരണം...


വിശന്നാലും ദാഹിച്ചാലും പരാതി പറയില്ല. ഉള്ളതുകൊണ്ടു തൃപ്തിപ്പെടും. വാശിയില്ല, വഴക്കില്ല. ഇതൊക്കെ കുട്ടി അസാധാരണക്കാരനാണെന്നു കാണിക്കുന്നു.


വീട്ടിലെ അംഗങ്ങൾ ഒന്നിച്ചിരുന്നു കുട്ടിയുടെ കാര്യം ചർച്ച ചെയ്തു. കുട്ടിക്കു വല്ല ആപത്തും വന്നാൽ സഹിക്കാനാവില്ല. കുട്ടിയെ തിരിച്ചേൽപിക്കുന്നതാണു നല്ലത്. കുട്ടിയെ കാണാമെന്നു തോന്നുമ്പോൾ മക്കയിൽ പോയി കണ്ടിട്ടുവരാം.


ആ കുടുംബം തീരുമാനത്തിലെത്തി.


ഹലീമാബീവി (റ) കുട്ടിയെയും കൊണ്ട് ആമിനാ ബീവി (റ) യുടെ സമീപമെത്തി. ഉമ്മ മകനെക്കണ്ടു, കെട്ടിപ്പിടിച്ചു. മകനെക്കണ്ട സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞുപോയി. ഹലീമ (റ) ക്കു മോന്റെ കാര്യങ്ങൾ പറഞ്ഞിട്ടു മതിവരുന്നില്ല. 


“ഞാൻ പോട്ടെ മോനേ... ഈ ഉമ്മയെ മറക്കരുതേ മോനേ...” ഹലീമ (റ)ക്കു യാത്ര പറയുമ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല. വളർത്തിയ ഉമ്മയെ പിരിയാൻ മോനും കഴിഞ്ഞില്ല...


ഹലീമ (റ) യാത്രപറഞ്ഞിറങ്ങി. ഉമ്മയും മകനും ഒരു മുറിയിൽ. അവർക്ക് ഒരു സ്വകാര്യ ലോകം. ഉമ്മ മോനോടു ഏറെനേരം സംസാരിച്ചു. മോൻ ഉമ്മയോടും. എത്ര വ്യക്തമായി സംസാരിക്കുന്നു..! ശുദ്ധമായ അറബിയിൽ. മോന്റെ അംഗചലനങ്ങൾക്കെന്തൊരു ഭംഗി.

സംസാരിക്കുമ്പോൾ മുഖഭാവം മാറിമാറി വരുന്നു. അതു കാണുമ്പോൾ മാതൃഹൃദയം ത്രസിച്ചു...


അബ്ദുൽ മുത്വലിബ് മോനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചു. ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഅ്ബാലയത്തിനടുത്തേക്കു

കൊണ്ടുപോയി.


മോനു വയസ്സ് ആറായി. ഒരു ദിവസം ആമിന (റ) അബ്ദുൽ മുത്വലിബിനോട് ഒരു കാര്യം പറഞ്ഞു: “എനിക്കും മോനും കൂടി ഒന്നു യസ് രിബിൽ പോകണം.”


ആമിന(റ)യുടെ വാക്കുകൾ ആ വൃദ്ധനെ അത്ഭുതപ്പെടുത്തി. ദുഃഖചിന്തകൾ മനസ്സിൽ ചലനം സൃഷ്ടിക്കുന്നു.


യസ് രിബിൽ പോകുന്നതെന്തിനാണെന്നറിയാം. ആ ഖബർ സന്ദർശിക്കാനാണ്. പ്രിയപ്പെട്ടവനെ സന്ദർശിക്കണം, ആവശ്യമതാണ്...


ഒരുപാടു ദുഃഖചിന്തകൾ ഉണർത്തും. ആമിന വേദനിക്കും. ആ വേദന കാണാൻ തന്നെക്കൊണ്ടാവില്ല. മോൻ ഇതുവരെ യസ്‌ രിബിൽ പോയിട്ടില്ല. മോനെയും കൊണ്ടു യസ് രിബിൽ പോകാൻ ആമിന (റ) ആഗ്രഹിക്കുന്നു. പോയിവരട്ടെ. അതാണു നല്ലത്...


ഖാഫില പോകുമ്പോൾ കൂടെവിടാം. നല്ലൊരു ഒട്ടകത്തെയും ഒട്ടകക്കാരനെയും ഏർപാടു ചെയ്യാം. വീട്ടിൽത്തന്നെ ഒട്ടകങ്ങൾ ധാരാളം, ഒട്ടകക്കാരും...


“ആമിനാ... നീ വിഷമിക്കേണ്ട. യാത്രയ്ക്കു ഞാൻ ഏർപാടു ചെയ്യാം.” അബ്ദുൽ മുത്വലിബ് പറഞ്ഞു. ആമിന (റ)ക്കു സമാധാനമായി.


“മോനേ... നമുക്കു യസ് രിബിൽ പോകണം." ഉമ്മ മകനോടു പറഞ്ഞു. 


മകൻ ചോദിച്ചു: “എന്തിനാണുമ്മാ..?”


ഉമ്മ ബാപ്പയുടെ കഥ പറഞ്ഞുകൊടുത്തു. യസ് രിബിലെ ബന്ധുക്കളുടെ കഥയും. “യസ് രിബിലെ ബന്ധുക്കൾക്കു മോനെക്കാണാൻ എന്തൊരാഗ്രഹമാണെന്നോ? അവർ കാത്തിരിക്കുകയാവും...”


മോനു സന്തോഷമായി. കാണാത്ത നാട്. കാണാത്ത ബന്ധുക്കൾ. മോന് ഇപ്പോൾ വീട്ടിൽ കളിക്കാൻ ഒരു കൂട്ടുകാരിയുണ്ട്. ഒരു അടിമപ്പെൺകുട്ടി. പേര് ഉമ്മുഅയ്മൻ...


“നമുക്ക് ഉമ്മുഅയ്മനെയും കൂടെ കൊണ്ടുപോകാം. മോനു സന്തോഷമായില്ലേ..?”


“എനിക്കു സന്തോഷമായി.” മോന്റെ സന്തോഷത്തിൽ ഉമ്മയും ഉമ്മുഅയ്മനും പങ്കുചേർന്നു...


ഉമ്മു അയ്മൻ എന്ന പെൺകുട്ടിക്കു മോനെന്നു പറഞ്ഞാൽ ജീവനാണ്. എന്തൊരു സ്നേഹം. എപ്പോഴും കൂടെ നടക്കും. ഭക്ഷണം കൊടുക്കും. വസ്ത്രം കഴുകിക്കൊടുക്കും. കുളിപ്പിക്കും. കിടത്തിയുറക്കും.

എന്തൊരു കൂട്ടുകെട്ടും സ്നേഹവും..!


അബ്ദുൽ മുത്വലിബും മോനും തമ്മിൽ വല്ലാതെ അടുത്തുപോയി. പിരിഞ്ഞിരിക്കാൻ വയ്യ. എപ്പോഴും കുട്ടി സമീപത്തു

വേണം. എന്തെങ്കിലും കാര്യത്തിനു പുറത്തുപോയാൽ ആവശ്യം കഴിഞ്ഞ് ഉടനെയിങ്ങത്തും, മോനെക്കാണാൻ...


യസ് രിബിൽ പോയാൽ കുറെ നാളത്തേക്കു കാണാൻ കഴിയില്ല. ഓർത്തപ്പോൾ മനസ്സിൽ നിറയെ ദുഃഖം, എന്നാലും പോയിവരട്ടെ. ദുഃഖം സഹിക്കാം. യാത്രയുടെ ദിവസം നിശ്ചയിച്ചു. ഒരുക്കം തുടങ്ങി. കാത്തിരുന്ന ദിനം പുലർന്നു. 


ഒട്ടകവും ഒട്ടകക്കാരനും തയ്യാറായി. അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. വേദനയോടെ യാത്ര പറഞ്ഞു. ഉപ്പുപ്പായെ പിരിയാൻ മോനും വിഷമം തന്നെ...


“ഞങ്ങൾ പോയിവരട്ടെ.” ആമിന (റ) യാത്ര പറഞ്ഞു.


സ്ത്രീകളും കുട്ടികളും പുരുഷന്മാരും നോക്കിനിൽക്കെ ഒട്ടകം മുന്നോട്ടു നീങ്ങി. എല്ലാ ഖൽബുകളും തേങ്ങുകയായിരുന്നു. എല്ലാവരുടെയും ചിന്തകൾ ആറു വർഷങ്ങൾക്കപ്പുറത്തേക്കു പറന്നുപോയി...


കച്ചവടത്തിനു പോയ അബ്ദുല്ല. 


യസ് രിബിൽ വച്ചുണ്ടായ മരണം. ആ ഖബറിടം സന്ദർശിക്കാൻ വേണ്ടി പുറപ്പെടുകയാണ്. ബന്ധുക്കളിൽ പലരും ഖബർ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മകനും പുറപ്പെട്ടിരിക്കുന്നു.



Part : 15


അനാഥത്വം 


മറക്കാനാവാത്ത യാത്ര. മരുഭൂമിയിലൂടെയുള്ള ദീർഘയാത്ര. അന്നത്തെ അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല. മാതാവിനോടൊപ്പമുള്ള യാത്ര.


ദിനരാത്രങ്ങൾ പലതും കടന്നുപോയി. യാത്രക്കാർ യസ് രിബിൽ എത്തി. ബനുന്നജ്ജാർ കുടുംബം താമസിക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. കുടുംബാംഗങ്ങൾ ആഗതരെക്കണ്ട് അന്തംവിട്ടു നിന്നുപോയി. അവർക്കു സന്തോഷം അടക്കാനായില്ല.


ആറുവയസ്സുകാരനെയും ഉമ്മയെയും അവർ സ്വീകരിച്ചു. ഉമ്മുഅയ്മൻ എന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഉമ്മയും മകനും ആ ഖബറിനരികിൽ ചെന്നുനിന്നു. മകൻ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുന്നു.


വെളുത്ത മുഖം വാടിയിരിക്കുന്നു. മനസ്സിൽ ഓർമകളുടെ തള്ളൽ. യാത്ര പറഞ്ഞുപോയതാണ്. അന്നു പറഞ്ഞ വാക്കുകൾ കാതുകളിൽ മുഴങ്ങുന്നു...


“ആമിനാ... നീ വിഷമിക്കരുത്. ദുഃഖിക്കരുത്. കച്ചവടം കഴിഞ്ഞു ഞാൻ വേഗമിങ്ങെത്തും...”


എന്റെ അരികിൽ ഓടിയെത്തുമെന്നു പറഞ്ഞുപോയ ആൾ... ഇതാ ഇവിടെ വരെയേ എത്തിയുള്ളൂ...


വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ ഒന്നിച്ചു താമസിച്ച ശേഷം, തന്നെ വിട്ടുപോയ പുതുമാരൻ... ഇതാ കിടക്കുന്നു... ഈ ഖബറിൽ. നിയന്ത്രണം വിട്ടു പോയി. കണ്ണീർച്ചാലുകളൊഴുകി. വെളുത്ത കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി...


ഉമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല. മകനും കരഞ്ഞു. ദുഃഖം എന്താണെന്നു കുട്ടി അറിയുന്നു. വിരഹവേദന അറിയുന്നു. കണ്ണീരും നെടുവീർപ്പും എന്താണെന്നറിയുന്നു. ഉമ്മുഅയ്മൻ ആ ദുഃഖത്തിനു സാക്ഷി. കണ്ണീർക്കണങ്ങൾക്കും നെടുവീർപ്പുകൾക്കും സാക്ഷി...


ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രദേശം. ആറുവയസ്സുകാരൻ ഓടി നടന്നു കാണുന്നു. ബന്ധുക്കൾക്ക് കുട്ടിയെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. 


കുട്ടിയുടെ ഓരോ അവയവവും അവർ കൗതുകപൂർവം നോക്കിക്കാണുന്നു. നെറ്റിത്തടം, പുരികങ്ങൾ, കവിൾത്തടം,ചുണ്ടുകൾ, ദന്തനിരകൾ, കഴുത്ത്, കൈകാലുകൾ. എല്ലാം എത്ര അഴകായി സൃഷ്ടിച്ചിരിക്കുന്നു..! കുട്ടിയുടെ അംഗചലനങ്ങൾ, സംസാരരീതി, മുഖഭാവം. സാധാരണ കുട്ടികളിൽ നിന്നും എത്ര വ്യത്യസ്ത..!  


ബന്ധുക്കളെയെല്ലാം പരിചയപ്പെട്ടു. സ്ഥലങ്ങളും പരിചയപ്പെട്ടു. കുട്ടികൾക്കൊപ്പം നീന്തൽ പഠിക്കാൻ പോയി... അങ്ങനെ ഒരിക്കലും മറക്കാത്ത ഒരുപാട് അനുഭവങ്ങൾ..!

ബന്ധുക്കളുടെ വീട്ടിൽ ഒരുമാസം താമസിച്ചു...


ഇനി മടക്കയാത്ര...


ബന്ധുക്കളോടു യാത്ര പറച്ചിൽ. വേർപാടിന്റെ വേദന. കണ്ടുമുട്ടലുകൾ. ഒന്നിച്ചുള്ള ജീവിതം. അതിന്റെ സുഖ ദുഃഖങ്ങൾ. പിന്നെ വേർപിരിയൽ. ആറു വയസ്സുകാരൻ അതെല്ലാം അനുഭവിച്ചറിഞ്ഞു...


ഒട്ടകക്കട്ടിലിൽ കയറി. ബന്ധുക്കൾ ചുറ്റും കൂടി. വീണ്ടും വരണം, അടുത്ത കൊല്ലവും വരണം. ബന്ധുക്കൾ സ്നേഹപൂർവം ക്ഷണിക്കുന്നു.


"പോയിവരട്ടെ..."


ഒട്ടകം നീങ്ങി. മടക്കയാത്ര തുടങ്ങിയപ്പോൾ മകന്റെ മനസ്സിൽ ഒരു മാസത്തെ ജീവിതാനുഭവങ്ങൾ തെളിഞ്ഞുനിന്നു. കരിമലകൾ അകന്നകന്നുപോയി. അപ്പോൾ മകൻ ഉപ്പുപ്പയെ ഓർക്കുന്നു...


“ഉപ്പുപ്പ... എനിക്കുടനെ ഉപ്പുപ്പായെ കാണണം. കണ്ടിട്ടെത്ര നാളായി...”


“അങ്ങെത്തട്ടെ മോനെ...”


മോൻ വേദന അടക്കി ഒട്ടകപ്പുറത്തിരുന്നു. കുറേദൂരം യാത്ര ചെയ്തു. 'അബവാഅ്' എന്ന സ്ഥലത്തെത്തിയിരിക്കുന്നു...



Part : 16



മോൻ ഉമ്മയുടെ മുഖത്തേക്കു നോക്കി. ഉമ്മയുടെ മുഖം വാടിയിരിക്കുന്നു. മുഖത്തു നല്ല ക്ഷീണം. ഒട്ടകപ്പുറത്ത് ഇരിപ്പുറക്കുന്നില്ല. ഉമ്മക്കെന്തു പറ്റി..?


"ഉമ്മാ..” മകൻ വേദനയോടെ വിളിച്ചു.


“ഉമ്മയ്ക്ക്... വയ്യ മോനേ...” നേർത്ത ശബ്ദം.


ഒട്ടകം മുട്ടുകുത്തി. യാത്ര നിറുത്തി അവർ താഴെയിറങ്ങി. ഉമ്മ താഴെ കിടന്നു. വെള്ളം കുടിച്ചു. ക്ഷീണം കുറയുന്നില്ല. ആറു വയസ്സുകാരന്റെ മനസ്സു തപിച്ചു...


ഉമ്മ എന്താണെഴുന്നേൽക്കാത്തത്..? ഉമ്മ എഴുന്നേറ്റിട്ടുവേണം യാത്ര തുടരാൻ. യാത്ര ചെയ്താലല്ലേ മക്കത്തെത്തൂ...! മക്കത്തെത്തിയാലല്ലേ ഉപ്പുപ്പയെ കാണാൻ പറ്റൂ...


മകൻ വെപ്രാളത്തോടെ ഉമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഉമ്മ കണ്ണു തുറന്നു. മകനെ നോക്കി. പിന്നെ ഉമ്മു അയ്മൻ എന്ന പെൺകുട്ടിയെ നോക്കി. ഇരുവരും സമീപത്തുതന്നെയുണ്ട്...


ഉമ്മയുടെ തളർന്ന കൈകൾ ചലിച്ചു. പൊന്നുമോന്റെ കൊച്ചു കൈ പിടിച്ചു. അത് ഉമ്മുഅയ്മന്റെ കയ്യിൽ വച്ചുകൊടുത്തു. എന്നിട്ടു മെല്ലെ പറഞ്ഞു:


“ഈ... കിടപ്പിൽ... ഞാനെങ്ങാൻ... മരിച്ചുപോയാൽ... എന്റെ പൊന്നുമോനെ... അവന്റെ ഉപ്പുപ്പായുടെ കയ്യിൽ കൊണ്ടുചെന്ന്... ഏല്പിക്കണം.”


ഞെട്ടിപ്പോയി. എന്താണ് ഉമ്മ പറഞ്ഞത്..? മോൻ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഉമ്മുഅയ്മനും കരച്ചിലടക്കാനായില്ല. ദുഃഖം തളംകെട്ടിനിന്നു. അവിടെ മരണത്തിന്റെ കാലൊച്ച..!!


ഇരുപതു വയസ്സുള്ള ആമിന(റ). മോനെ കണ്ടു കൊതിതീർന്നില്ല. കണ്ണുകൾ തളരുന്നു. നെറ്റിത്തടം വിയർക്കുന്നു. ശ്വാസം നിലച്ചു. കണ്ണുകൾ അടഞ്ഞു. ശരീരം നിശ്ചലമായി. മരണം കൺമുമ്പിൽ കണ്ട കുട്ടി...


പിതാവിനെ കണ്ടിട്ടില്ല. ഖബറിടം കണ്ടു. അതിന്റെ ദുഃഖവും സഹിച്ചു. ഏറെ കഴിയും മുമ്പു മാതാവും ഇതാ ചലനമറ്റു കിടക്കുന്നു. ഇനിയുള്ള യാത്രയിൽ അവർ കൂട്ടിനില്ല...


ആമിന(റ)യുടെ ജനാസ അവിടെ ഖബറടക്കപ്പെട്ടു. ആറു വയസ്സുകാരൻ ദുഃഖം കടിച്ചമർത്തി. വീണ്ടും യാത്ര. മാതാവും പിതാവും നഷ്ടപ്പെട്ട കുട്ടി. മാതാവിന്റെ മരണരംഗം കൺമുമ്പിൽ നിന്നും മായുന്നില്ല...


ഒട്ടകം വന്നു. ഒട്ടകക്കട്ടിലിൽ നിന്നും പൊന്നുമോനും ഉമ്മുഅയ്മനും ഇറങ്ങിവന്നു. ആറുവയസ്സുകാരന്റെ കരയുന്ന കണ്ണുകൾ...


“ഉപ്പുപ്പാ...” കുട്ടി നിയന്ത്രണം വിട്ടു കരഞ്ഞു...


“പൊന്നുമോനേ..." മോനും ഉപ്പുപ്പായും കെട്ടിപ്പിടിച്ചു കരഞ്ഞു.


എന്റെ റബ്ബേ...!! ഈ മോന്റെ ഗതി... അബ്ദുൽ മുത്വലിബിനു കുട്ടിയോടുള്ള സ്നേഹവും വാത്സല്യവും വർധിച്ചു. ഇനി ഈ കുട്ടിക്കു ഞാൻ മാത്രമേയുള്ളൂ...


അവർ ഒന്നിച്ച് ആഹാരം കഴിക്കും, ഒരേ പാത്രത്തിൽ നിന്ന്. ഒന്നിച്ചു നടക്കാനിറങ്ങും. ഒരേ വിരിപ്പിൽ കിടന്നുറങ്ങും. കുട്ടിയെ വിട്ടുപിരിയാനാവുന്നില്ല. രണ്ടു വർഷങ്ങൾ കടന്നുപോയി. കുട്ടിക്ക് എട്ടു വയസ്സായി. വൃദ്ധനായ അബ്ദുൽ മുത്വലിബും മരണപ്പെട്ടു...


ആളുകൾ ഓടിക്കൂടി. അവർ കണ്ട കാഴ്ചയെന്താണ്..? മയ്യിത്തു കിടത്തിയ കട്ടിലിന്റെ കാലിൽ പിടിച്ചു പൊട്ടിക്കരയുന്ന എട്ടുവയസ്സുകാരൻ...


ദുഃഖത്തിനുമേൽ ദുഃഖം. മക്കയുടെ നേതാവിനു ഖബർ തയ്യാറായി. മയ്യിത്തു കട്ടിൽ നീങ്ങിയപ്പോൾ കുട്ടി പിന്നാലെ നടക്കുന്നു. ഖബറടക്കം കഴിഞ്ഞു. ഒഴിഞ്ഞ മയ്യിത്തു കട്ടിലുമായി ജനങ്ങൾ മലയിറങ്ങിവരുമ്പോൾ പലരും കുട്ടിയെ ശ്രദ്ധിച്ചു. ഉപ്പുപ്പയുടെ ഖബറിനുനേരെ പലതവണ തിരിഞ്ഞു നോക്കിക്കൊണ്ട് എട്ടു വയസ്സുകാരൻ നടന്നുവരുന്നു...


വീട്ടിലെത്തി. ഉപ്പുപ്പ കിടന്ന കട്ടിൽ. ഉപ്പുപ്പായെ കെട്ടിപ്പിടിച്ചുകൊണ്ടു താനും ഈ കട്ടിലിലാണു കിടന്നത്. ഇതാ... കട്ടിൽ ഒഴിഞ്ഞു കിടക്കുന്നു. എന്റെ ഉപ്പൂപ്പ പോയി...



Part : 17


ഫിജാർ യുദ്ധം 


നാലു വർഷങ്ങൾ പിന്നിട്ടു. അന്ന്, അബ്ദുല്ല (റ)വിന്റെയും ആമിന(റ)യുടെയും പൊന്നോമന പുത്രനു വയസ്സ് പന്ത്രണ്ട്. ശാമിലേക്കു ഖാഫില പുറപ്പെടാൻ സമയമായി. കൊല്ലത്തിലൊരിക്കൽ അബൂത്വാലിബും ഖാഫിലയോടൊപ്പം പോകും...


“ഞാനും കൂടിവരാം”- കുട്ടിയുടെ ആവശ്യം.


“പൊന്നുമോനേ... മോനെക്കൊണ്ട് അത്രയും ദൂരം സഞ്ചരിക്കാനാവില്ല. വളരെ പ്രയാസമാണ്. മോൻ ഇവിടെ ഇരുന്നാൽ മതി.” അബൂത്വാലിബ് കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കി...


"അതൊന്നും സാരമില്ല. ഞാനും വരാം” കുട്ടി നിർബന്ധം പിടിച്ചു.


അബൂത്വാലിബ് വല്ലാതെ വിഷമിച്ചു. കുട്ടിയെ കൂടെ കൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയിലെ ദീർഘയാത്രയാണ്. കൊണ്ടുപോകാതിരുന്നാൽ കുട്ടിയുടെ മനസ്സു വേദനിക്കും. എന്തുവേണം. കുട്ടിയെ വേദനിപ്പിച്ചുകൂടാ...


“മോനെയും കൂടി കൊണ്ടുപോകാം.” കുട്ടിക്കു സന്തോഷം.


ഖാഫില പുറപ്പെട്ടു. അബൂത്വാലിബ് തന്റെ അരികിൽത്തന്നെ കുട്ടിയെ ഇരുത്തി. ഈ യാത്രയും കുട്ടിക്കു വളരെ പ്രയോജനപ്പെട്ടു. ഓരോ സ്ഥലത്തെത്തുമ്പോഴും അബൂത്വാലിബ് ആ സ്ഥലത്തെക്കുറിച്ചു കുട്ടിക്കു വിവരിച്ചുകൊടുക്കും. കേട്ടതെല്ലാം ഓർമയിൽ വെക്കും.


സന്തോഷകരമായ യാത്ര. യാത്രക്കാർ ബുസ്റാ എന്ന സ്ഥലത്ത് എത്തി. അവർ അവിടെ അൽപനേരം വിശ്രമിച്ചു. ഒരു ക്രിസ്തീയ പുരോഹിതൻ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബുഹയ്റ.


പൂർവവേദങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതനാണു ബുഹയ്റ. അതിലെ സൂചനകൾ വെച്ചുനോക്കിയാൽ ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ആ പ്രവാചകന്റെ ലക്ഷണങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങൾ ഈ കുട്ടിയിൽ കാണുന്നുണ്ട്. ബുഹയ്റ അബൂത്വാലിബിന്റെ മുമ്പിലെത്തി.

എന്നിട്ടൊരു ചോദ്യം:


“ഈ കുട്ടി ഏതാണ്..?”


“എന്റെ മകൻ”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സ്വന്തം മകനാണോ..?”- ബുഹയ്റ ചോദിച്ചു. അബൂത്വാലിബ് എന്തോ ആലോചിക്കുന്നു.


“നിങ്ങളുടെ മകനാകാൻ വഴിയില്ല. പറയൂ, ഈ കുട്ടിയുടെ പിതാവ് ആരാണ്?”- ബുഹയ്റ തറപ്പിച്ചു ചോദിച്ചു.


“എന്റെ സഹോദര പുത്രനാണ്”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സഹോദരനെവിടെ..?”


“മരിച്ചുപോയി”


“എപ്പോൾ..?”


“ഈ കുട്ടി പ്രസവിക്കുന്നതിനു മുമ്പ്”


“എങ്കിൽ ഈ കുട്ടി അതുതന്നെ.”


“ങേ... എന്താ... എന്താ പറഞ്ഞത്..?”


"ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ഈ കുട്ടിയിൽ പ്രവാചക ലക്ഷണങ്ങൾ കാണുന്നുണ്ട്. നിങ്ങൾ സൂക്ഷിക്കണം. ജൂതന്മാർ ഈ കുട്ടിയെ കാണാൻ ഇടവന്നാൽ ഉപദ്രവിക്കും. ഉടനെ തിരിച്ചുപോകണം. ശത്രുക്കൾ കാണാൻ ഇടവരരുത്...”


അബൂത്വാലിബ് ഭയന്നുപോയി. പിന്നീടെല്ലാം ധൃതിപിടിച്ചായിരുന്നു. ശാമിലെത്തി. കച്ചവടകേന്ദ്രങ്ങൾ ഉണർന്നു. വ്യാപാര കാര്യങ്ങൾ പെട്ടെന്നവസാനിപ്പിച്ചു വേഗം മടങ്ങി.


കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ഉൽക്കണ്ഠയായി. ജൂതന്മാർ കാണാതെ നോക്കണം. അവർ കുട്ടിയെ തിരിച്ചറിയും. പൊന്നുമോനെയും കൊണ്ടു മക്കയിൽ തിരിച്ചെത്തിയിട്ടേ ആശ്വാസമായുള്ളൂ. ഇനി ദൂരയാത്രയ്ക്കൊന്നും അയയ്ക്കരുത് എന്നു തീരുമാനിക്കുകയും ചെയ്തു.


കുട്ടി ഇടയ്ക്കൊക്കെ വീട്ടിലെ കുട്ടികളോടൊപ്പം ആടിനെ മേയ്ക്കാൻ പോകുമായിരുന്നു. ഉന്നത കുടുംബത്തിലെ കുട്ടികളും മേച്ചിൽ സ്ഥലത്തുണ്ടാകും. മക്കക്കാർക്കൊക്കെ അബ്ദുല്ലയുടെ പുത്രനോടു വലിയ സ്നേഹമാണ്. ഒരു ബഹളത്തിനും പോകില്ല. ആളുകളെ സഹായിക്കും. സത്യം മാത്രമേ പറയുകയുള്ളൂ. മക്കക്കാർ കുട്ടിയെ "അൽ അമീൻ” എന്നുവിളിച്ചു...


അൽഅമീൻ എന്നു പറഞ്ഞാൽ എന്താ അർത്ഥം..? വിശ്വസ്തൻ എന്നുതന്നെ. വാക്കു പറഞ്ഞാൽ വിശ്വസിക്കാം. കള്ളം പറയില്ല...


മക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. അവർ ഇടയ്ക്കിടെ ബഹളം വയ്ക്കും. നിസ്സാര കാരണം മതി, അടിപിടികൂടും. എല്ലാവർക്കും പ്രതികാര ചിന്തയാണ്. അതില്ലാത്തവർ കുറവാണ്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടു പറയും. ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടുമടിക്കും. ഗോത്രങ്ങൾക്കിടയിൽ പ്രതികാര ചിന്ത വളരെ ശക്തമായിരുന്നു...



Part : 18


നബി ﷺ തങ്ങൾക്കു പതിനാലു വയസ്സുള്ളപ്പോൾ വലിയൊരു യുദ്ധം നടന്നു. നാലു വർഷം നീണ്ടുനിന്ന യുദ്ധം. ഫിജാർ യുദ്ധം. ഖുറയ്ശ്, ഖയ്സ് എന്നീ ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധം...


നീതി ഖുറയ്ശികളുടെ ഭാഗത്തായിരുന്നു. നബിﷺയുടെ പിതൃസഹോദരന്മാരായിരുന്നു യുദ്ധത്തിനു നേതൃത്വം വഹിച്ചിരുന്നത്. അമ്പുകൾ പെറുക്കിക്കൊടുക്കുക എന്ന ജോലി അൽ അമീനും ചെയ്തിരുന്നു. ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നത് സുബയ്ർ എന്ന പിതൃവ്യനായിരുന്നു.


യുദ്ധംമൂലം നാടു നശിച്ചു. മക്കയുടെ പ്രതാപത്തിനു മങ്ങലേറ്റു. സർവത്ര ദാരിദ്രം പടർന്നു. കൊല്ലപ്പെട്ടവർ നിരവധിയാണ്. അവരുടെ മക്കളെ നോക്കാനാളില്ല. അവർ നാഥനില്ലാതെ അലഞ്ഞുനടന്നു. അവരെ പലരും ആക്രമിച്ചു. ഈ അവസ്ഥ അൽഅമീൻ എന്ന കുട്ടിയെ വേദനിപ്പിച്ചു...


തന്റെ സമപ്രായക്കാരുടെ കഷ്ടപ്പാടുകൾ ആ കുട്ടി ആശങ്കയോടെ നോക്കിക്കണ്ടു. കൊല്ലപ്പെട്ടവരുടെ വിധവകളുടെ

അവസ്ഥ ദയനീയമായിരുന്നു.


ഒരു യുദ്ധത്തിന്റെ കെടുതികൾ നേരിൽക്കണ്ടു. മറക്കാനാവാത്ത ദുരിതങ്ങൾ. വിദേശികൾക്കു ഖുറൈശികളോടുണ്ടായിരുന്ന ഭയവും ആദരവും പോയി.

ഖുറൈശികൾ വളരെയേറെ വേദന സഹിച്ചു. ഉക്കാള് ചന്തയിൽ വച്ചാണു കലഹം പൊട്ടിപ്പുറപ്പെട്ടത്...


കഅ്ബയും അതിന്റെ പരിസര പ്രദേശങ്ങളും അടങ്ങുന്ന 'ഹറം' പുണ്യഭൂമിയായി പണ്ടേ കരുതിപ്പോരുന്നതാണ്. അവിടെവച്ചു യുദ്ധവും കലഹവും പാടില്ല. പക്ഷേ ശത്രുക്കൾ ഇവിടെ യുദ്ധക്കളമാക്കിയില്ലേ? എങ്ങനെ സഹിക്കും..?


റജബ്, ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം എന്നീ മാസങ്ങൾ വളരെ വിശുദ്ധമാണ്. യുദ്ധം നിരോധിക്കപ്പെട്ട മാസമാണെന്നു പൗരാണികമായിത്തന്നെ വിശ്വസിച്ചുവന്നിരുന്നു. ഫിജാർ യുദ്ധം എല്ലാ പാരമ്പര്യങ്ങളും തകർത്തുകളഞ്ഞു. മാസങ്ങളുടെ മാന്യതപോലും കളങ്കപ്പെടുത്തി.


ഇത് അധാർമിക യുദ്ധമാണ്. ഫിജാർ യുദ്ധം എന്ന പേരിന്റെ അർത്ഥം തന്നെ അതാണ്. മക്കയിൽ നാശം വിതച്ച ഫിജാർ യുദ്ധം. ഖുറൈശികൾ ചിന്തിച്ചു. അവർ ആലസ്യത്തിൽ നിന്നുണർന്നു.


മക്കാപട്ടണത്തിനു നേരെ ആക്രമണം നടത്താൻ മുമ്പെങ്ങും ഒരു ഗോത്രക്കാരും തുനിഞ്ഞിട്ടില്ല. അറബ് ഗോത്രങ്ങൾ ഇപ്പോൾ അതിനു ധൈര്യപ്പെട്ടിരിക്കുന്നു.


മക്കയിൽ വച്ചു യാത്രക്കാർ ആക്രമിക്കപ്പെടാറില്ല. വിദേശികളെ ഉപ്രദവിക്കാറില്ല. ഇപ്പോൾ ധിക്കാരികൾ അതൊക്കെ ചെയ്തിരിക്കുന്നു.


സബീദ് ഗോത്രക്കാരനായ ഒരു കച്ചവടക്കാരൻ മക്കയിൽ വന്നു. ആരോ അയാളെ ആക്രമിച്ചു. കൈവശമുള്ള വസ്തുക്കളൊക്കെ തട്ടിപ്പറിച്ചു. അയാൾ ഖുറൈശികളുടെ സമീപത്തു വന്നു സങ്കടം പറഞ്ഞു.


ഈ സംഭവം ഖുറൈശികളെ ഇരുത്തിച്ചിന്തിപ്പിച്ചു. അനാഥകളും വിധവകളും സംരക്ഷിക്കപ്പെടണം. യാത്രക്കാർ ആക്രമിക്കപ്പെടരുത്. മക്കാപട്ടണത്തെ ആക്രമിക്കരുത്.


ഇതൊക്കെ സാധ്യമാകാൻ എന്തു ചെയ്യണം..? ഖുറൈശീ പ്രമുഖർ അബ്ദുല്ലാഹിബ്നു ജുദ്ആന്റെ വീട്ടിൽ സമ്മേളിച്ചു. സുദീർഘമായി ചർച്ച നടത്തി. ചില തീരുമാനങ്ങളെടുത്തു.


ബനൂഹാശിം, ബനുമുത്വലിബ്, ബനു അബ്ദിമനാഫ്, ബനുഅസദ്, തയമുബ്നു മുർറ എന്നീ കുടുംബങ്ങൾ ചർച്ചയിൽ പങ്കെടുത്തു. അൽ അമീൻ എന്ന ചെറുപ്പക്കാരനും പങ്കെടുത്തു. അവർ


താഴെ പറയുന്ന തീരുമാനങ്ങളെടുത്തു.


മക്കയിൽ വച്ചു സ്വന്തം കുടുംബക്കാരോ അല്ലാത്തവരോ ആക്രമിക്കപ്പെടരുത്.


വഴിയാത്രക്കാർക്കു സംരക്ഷണം നൽകുന്നതാണ്.


മർദ്ദിതനു സംരക്ഷണം നൽകും.


മർദിക്കപ്പെടുന്നവരെ സഹായിക്കും. അവരുടെ അവകാശങ്ങൾ തിരിച്ചുകിട്ടും വരെ സമരം ചെയ്യും.


ഈ ഉടമ്പടിക്ക് 'ഹിൽഫുൽ ഫുളൂൽ' എന്നു പറയുന്നു.


പിതൃവ്യനായ സുബൈറിനോടൊപ്പം ബാലനായ നബി ﷺ തങ്ങൾ ഈ ഉടമ്പടി തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. പിൽക്കാലത്തു ഹിൽഫുൽ ഫുളൂലിനെ പുകഴ്ത്തിക്കൊണ്ടു നബി ﷺ തങ്ങൾ സംസാരിച്ചിട്ടുണ്ട്.


“ഹിൽഫുൽ ഫുളൂലിനെ ഞാൻ മേത്തരം ചുവന്ന ഒട്ടകങ്ങളേക്കാൾ വിലമതിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭത്തിനു ക്ഷണം കിട്ടിയാൽ ഇനിയും ഞാൻ സ്വീകരിക്കും,”


ഈ ഉടമ്പടി സംരക്ഷിക്കാൻ ഖുറൈശി ഖബീലയിലെ എല്ലാ കുടുംബങ്ങളും യോജിച്ചുനിന്നു. അതുകാരണം അഗതികൾക്കും അനാഥകൾക്കും സംരക്ഷണം ലഭിച്ചു. മക്കയിൽ വച്ച് അക്രമങ്ങൾ നടന്നില്ല. സമാധാനത്തിന്റെ കാലഘട്ടം വന്നു.


അബൂത്വാലിബാണ് അന്നു മക്കയുടെ പ്രധാന നായകൻ. ഫിജാർ യുദ്ധം അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. മക്കയുടെ നാശം തന്റെ അധികാരത്തെ തകിടം മറിക്കുന്നതായി അദ്ദേഹത്തിനു തോന്നി. സമാധാനക്കരാറിലൂടെ കാര്യങ്ങൾ പുരോഗമിച്ചുവന്നതോടെ അദ്ദേഹത്തിന് ആശ്വാസമായി...



Part : 19


സുബൈദി എന്ന വ്യാപാരി


ഒരു ഖുറൈശി പ്രമാണിയുടെ കഥ പറഞ്ഞുതരാം. പേര് ആസ്വ്. ഒട്ടകപ്പുറത്തു ചരക്കുമായി വന്ന ഒരു കച്ചവടക്കാരനെ ആസ്വ് കണ്ടു. ചരക്കു കണ്ടപ്പോൾ വാങ്ങാൻ മോഹം...


“നിങ്ങളുടെ പേരെന്താണ്?” ആസ്വ് കച്ചവടക്കാരനോടു ചോദിച്ചു.


“എന്റെ പേര് സുബൈദി”- കച്ചവടക്കാരൻ പേരു പറഞ്ഞു.


കച്ചവടച്ചരക്കു പരിശോധിച്ചശേഷം ആസ്വ് പറഞ്ഞു: “നിങ്ങളുടെ ചരക്ക് എനിക്കു വേണം. വില പറയൂ...”


സുബൈദി വില പറഞ്ഞു. ആസ്വ് സമ്മതിച്ചു. ചരക്കു കൈമാറി. പണം റൊക്കം തരാനില്ല. കടം തരണം. ആസ്വ് നേതാവാണ്. പ്രസിദ്ധനും ധനികനുമാണ്. പണം ഉടനെ കിട്ടുമെന്നായിരുന്നു സുബൈദിയുടെ പ്രതീക്ഷ.


കടം പറഞ്ഞപ്പോൾ വിഷമം തോന്നി. എങ്കിലും സമ്മതിച്ചു. അവധിയും പറഞ്ഞല്ലോ; പറഞ്ഞ അവധിക്കു പണം കിട്ടുമെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിൽ മടങ്ങിപ്പോയി.


നിശ്ചിത ദിവസം സുബൈദി ആസ്വിന്റെ വീട്ടിലെത്തി. “എന്റെ ചരക്കിന്റെ വില തന്നാലും.” സുബൈദി വിനയപൂർവം അപേക്ഷിച്ചു...


“പ്രിയപ്പെട്ട സുബൈദി. പണമൊന്നും വന്നില്ലല്ലോ. കുറച്ചു ദിവസം കൂടി കഴിയട്ടെ” - ആസ്വ് മറ്റൊരു അവധി പറഞ്ഞു.


സുബൈദി എന്തു പറയും..? ശക്തനായ നേതാവല്ലേ ആസ്വ്. സുബൈദി മടങ്ങിപ്പോയി. വളരെ ദുഃഖത്തോടെ. പലതവണ സുബൈദി വന്ന് ആസ്വിനെ കണ്ടു. പണം കിട്ടിയില്ല.


നിരാശനായ കച്ചവടക്കാരൻ പല ഖുറൈശി നേതാക്കളെയും കണ്ടു. അവരോടു പരാതി പറഞ്ഞു. ആരും സുബൈദിയുടെ ദുഃഖം കണ്ടില്ല. പ്രമുഖനായ ആസ്വിനെതിരെ എന്തെങ്കിലും സംസാരിക്കാൻ അവരാരും തയ്യാറായില്ല.


സുബൈദി നിരാശനായി. ഇനി ആരോടു പറയും..? ചില തറവാട്ടുകാരെ ചെന്നു കണ്ടു സങ്കടം പറഞ്ഞു. ആസ്വിന്റെ കയ്യിൽ നിന്നും ചരക്കുകളുടെ വില വാങ്ങിത്തരണം. അവരിൽ ചിലരുടെ മനസ്സലിഞ്ഞു.


മക്കക്കാരനല്ലാത്ത ഒരാളാണു സുബൈദി. അക്കാരണംകൊണ്ട് ഇത്രയും ക്രൂരത കാണിക്കാമോ, ഇത് അക്രമമല്ലേ..?


സുബൈദിയുടെ കാര്യം ചർച്ച ചെയ്യാൻ വേണ്ടി ചില തറവാട്ടുകാർ യോഗം ചേർന്നു. ഹാശിം, മുത്വലിബ്, അസദ്, സുഹ്റ എന്നീ തറവാട്ടുകാരാണ് ഒത്തുകൂടിയത്...


അബ്ദുല്ലാഹിബ്നു ജുദ്ആൻ എന്ന പ്രമുഖന്റെ വീട്ടിൽ അവർ സമ്മേളിച്ചു. കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. സുബൈദിയുടെ അവകാശം പിടിച്ചുവാങ്ങിക്കൊടുക്കാൻ തീരുമാനിച്ചു.


അൽഅമീൻ ആ യോഗത്തിൽ പങ്കെടുത്തിരുന്നു.“അകമിക്കപ്പെട്ടവനെ നാം സഹായിക്കും. അവൻ മക്കക്കാരനോ വിദേശിയോ ആരാകട്ടെ.” യോഗം പ്രഖ്യാപിച്ചു.


നേതാക്കൾ ഒന്നിച്ചിറങ്ങി. സുബൈദിനെയും കൂട്ടി നേരെ നടന്നു, ആസ്വിന്റെ വീട്ടിലേക്ക്.


“ആസ്... താങ്കൾ ഖുറൈശി പ്രമുഖനാണ്. ഒരു കച്ചവടക്കാരന്റെ ചരക്കു വാങ്ങിയിട്ടു വില നൽകാതിരിക്കുക. അത് അക്രമമാണ്. മര്യാദക്കു സുബൈദിയുടെ ചരക്കിന്റെ വില നൽകൂ....! ചരക്കിന്റെ വില നൽകിയില്ലെങ്കിൽ ഞങ്ങൾ ബലംപ്രയോഗിക്കും. ഇതു നിസ്സാര കാര്യമല്ല.”


ആസ്വ് പിന്നെ മടിച്ചുനിന്നില്ല. സുബൈദിക്കു പണം നൽകി. അൽഅമീൻ വളരെ സന്തോഷവാനായിരുന്നു. അക്രമിക്കപ്പെട്ട സുബൈദിയുടെ അവകാശത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ പ്രവാചകൻ ﷺ പിൽക്കാലത്തെ പ്രശംസിക്കാറുണ്ടായിരുന്നു.


മറക്കാനാവാത്ത സംഭവമായിരുന്നു അത്. അക്രമിക്കപ്പെട്ടവന്റെ അവകാശം നേടിയെടുക്കാനുള്ള ധീരമായ സംരംഭം. ധീരമായ പ്രതിജ്ഞ. ഇസ്ലാമിക കാലത്തും അതിനു പ്രസക്തിയുണ്ട്.


സ്വഹാബികൾ ഈ സംഭവം അഭിമാനപൂർവം തങ്ങളുടെ കൂട്ടുകാരെ അറിയിച്ചു. അങ്ങനെ സംഭവം പ്രസിദ്ധമായിത്തീർന്നു. ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു...



Part : 20


കച്ചവടക്കാരൻ 


അബൂത്വാലിബിനു വാർധക്യം ബാധിച്ചു. തൊഴിലെടുക്കാൻ പ്രയാസം. വരുമാനം കുറഞ്ഞു. ഒരു വലിയ കുടുബത്തെ സംരക്ഷിക്കണം. നബിﷺതങ്ങൾ അദ്ദേഹത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി. ജോലി ചെയ്തു കുടുംബത്തെ സഹായിക്കണമെന്നു നബി ﷺ തീരുമാനിച്ചു. ആടിനെ മേയ്ക്കലും കച്ചവടവുമാണ് പ്രധാന ജോലികൾ...


സ്വന്തം കുടുംബത്തിലെ ആടുകളെ മേയ്ക്കാൻ നബിﷺതങ്ങൾ ചെറുപ്പകാലത്തു പോകുമായിരുന്നു. വളർന്നപ്പോൾ മക്കക്കാരായ ചിലരുടെ ആടുകളെ മേയ്ക്കുവാൻ പോയി. മറ്റുള്ളവരുമായി ചേർന്നു ചില കച്ചവടങ്ങൾ നടത്തി. അബൂബക്കർ (റ) വിനോടൊപ്പമായിരുന്നു ചിലത്. 


കച്ചവടയാത്രകളും നടത്തി. മറ്റു പലരുമായി കൂറുകച്ചവടം നടത്തിയിട്ടുണ്ട്. കൂറുക്കൂട്ടാൻ ഏറ്റവും പറ്റിയ ആളാണ്. കൂറുകച്ചവടം നടത്തിയ ചിലർ പ്രവാചകനെക്കുറിച്ചു പറഞ്ഞു. വിശ്വസ്തനാണെന്നു പരക്കെ അറിയപ്പെട്ടു. 


ഖദീജ (റ) യെ കുട്ടികൾ കേട്ടിട്ടുണ്ടോ..? മക്കയിലെ ധനികനായ കച്ചവടക്കാരിയായിരുന്നു ഖദീജ (റ). ഉന്നത തറവാട്ടിൽ ജനിച്ച വനിത. രണ്ടുതവണ വിവാഹിതരായിട്ടുണ്ട്. ഭർത്താക്കന്മാരിൽ നിന്നു ധാരാളം സ്വത്തു കിട്ടി. പാരമ്പര്യമായും കുറെ സമ്പത്തുണ്ട്. കച്ചവടത്തിൽനിന്നു നല്ല ലാഭവും കിട്ടി. ഏറെ സമ്പന്നയാണവർ... 


ശാമിലേക്കു വമ്പിച്ചൊരു ഖാഫിലയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഖദീജ. വിശ്വസ്തനായൊരു മാനേജരെ അന്വേഷിക്കുകയാണവർ. 


ഒരു ദിവസം അബൂത്വാലിബ് സഹോദരപുത്രനോടു പറഞ്ഞു “മകനേ ഖദീജ വ്യാപാരി യാത്ര നടത്താൻ ഒരാളെ അന്വേഷിക്കുന്നു. ഞാൻ നിന്റെ കാര്യം അവളോടു സംസാരിക്കെട്ടയോ..?” 


അതു കേട്ടപ്പോൾ സഹോദരപുത്രൻ എന്തൊക്കെയോ ചിന്തിച്ചുപോയി. തനിക്ക് ഇരുപത്തഞ്ചു വയസ്സായി. ഒരു നല്ല ജോലി വേണം. ഏതായാലും ഇക്കാര്യം സംസാരിക്കാം...


“മകനേ കാലം നമുക്കനുകൂലമല്ല. ഞാൻ വൃദ്ധനായി. നിനക്കൊരു ജോലി വേണ്ടേ..?” 


“എനിക്കൊരു ജോലി വേണം അങ്ങു പോയി സംസാരിക്കൂ...” 


അബൂത്വാലിബ് വീട്ടിൽനിന്നിറങ്ങി. പഴയതുപോലെ സഞ്ചരിക്കാനൊന്നും പറ്റുന്നില്ല. ഖദീജയുടെ വീട്ടിലെത്തി. മക്കയുടെ നായകൻ തന്റെ വീട്ടിൽ വന്നിരിക്കുന്നു. ഖദീജയ്ക്കു വലിയ സന്തോഷം...


“ഖദീജാ നിങ്ങൾ കച്ചവടയാത്ര നടത്താൻ വിശ്വസ്തനായ ഒരാളെ അന്വേഷിക്കുന്നതായി കേട്ടു. മുഹമ്മദിനെ ഏർപ്പെടുത്തിത്തരാം. നീ വാഗ്ദാനം ചെയ്ത പ്രതിഫലം ഞാനറിഞ്ഞു. മുഹമ്മദിനു കുറച്ചു കൂടുതൽ നൽകണം.”


“തീർച്ചയായും ഞാനതു ചെയ്യും.” ഖദീജ സമ്മതിച്ചു. 


അബൂത്വാലിബ് അവിടെനിന്നിറങ്ങി നേരെ വീട്ടിൽ ചെന്നു സഹോദരപുത്രനോടു പറഞ്ഞു : “ഞാൻ ഖദീജയോടു സംസാരിച്ചു. നിന്നെ കച്ചവടത്തിന്റെ ഉത്തരവാദിത്തം ഏൽപിക്കാമെന്നു സമ്മതിച്ചു. നല്ല പ്രതിഫലവും കിട്ടും. അല്ലാഹു ﷻ നിനക്കു നൽകിയ അനുഗ്രഹമാണിതെന്നു കരുതിക്കോളൂ..."



Part : 21


ഖദീജക്കു ബുദ്ധിമാനായ ഒരടിമയുണ്ടായിരുന്നു. കച്ചവടക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്ന ആൾ. പേര് മൈസറ...


ഖാഫില പുറപ്പെടുകയായി. അൽഅമീൻ കച്ചവടസംഘത്തെ നയിക്കുന്നു. മൈസറ കൂടെയുണ്ട്.


ശാമിലേക്കുള്ള രണ്ടാം യാത്ര. പന്ത്രണ്ടാം വയസ്സിലെ യാത്രയിൽ കണ്ട സ്ഥലങ്ങൾ വീണ്ടും കൺമുമ്പിൽ തെളിയുന്നു. വാദിൽഖുറാ, മദ് യൻ, സമൂദ്.

ദിനരാത്രങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു.


മൈസറയുടെ കണ്ണുകൾ എല്ലായിടത്തും എത്തുന്നുണ്ട്. അൽഅമീൻ സഞ്ചരിക്കുമ്പോൾ ഒരു മേഘം കൂടെ സഞ്ചരിക്കുന്നു..! മേഘത്തിന്റെ തണലിലാണ് എപ്പോഴും..! ഇതു മൈസറയെ അത്ഭുതപ്പെടുത്തി. 


അവർ വളരെ ദൂരെയെത്തിക്കഴിഞ്ഞു. അപ്പോൾ വഴിവക്കിൽ ഒരാശ്രമം കണ്ടു. നസ്തൂറ എന്ന പാതിരിയുടെ ആശ്രമം. പൂർവവേദങ്ങളിലൂടെ അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ചു മനസ്സിലാക്കിയ പണ്ഡിതനായിരുന്നു നസ്തൂറ.


ആശ്രമത്തിനു സമീപം ഖാഫില ഇറങ്ങി. ഒരു മരത്തിനു ചുവട്ടിൽ അൽഅമീനും മൈസറയും ഇരുന്നു. നസ്തൂറ അവരുടെ സമീപത്തേക്കു നടന്നുവന്നു. അൽഅമീനെ അടിമുടി നോക്കി. ആ മുഖത്തു വല്ലാത്ത വിസ്മയം. പേരും പിതാവിന്റെ പേരും മറ്റും ചോദിച്ചു. 


എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നസ്തൂറ പറഞ്ഞു: “ഈ മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കുന്നത് ഒരു പ്രവാചകൻ തന്നെയാണ്. തൗറാത്തിൽ പറഞ്ഞ പ്രവാചകൻ ഇതുതന്നെയാണ്.”


മൈസറ അതിശയിച്ചിരുന്നുപോയി.


ഒരു പ്രവാചകന്റെ കൂടെയാണോ താൻ യാത്ര ചെയ്യുന്നത്..? മേഘം തണലിട്ടുകൊടുക്കുന്നതു വെറുതെയല്ല. മൈസറക്കു പ്രവാചകനോട് എന്തെന്നില്ലാത്ത ബഹുമാനം...


ശാമിലെത്തി. ചന്തയിൽ കച്ചവടസാധനങ്ങൾ നിരത്തിവച്ചു...


അൽ അമീൻ എങ്ങനെയാണു കച്ചവടം നടത്തുന്നതെന്നു മൈസറ പ്രത്യേകം ശ്രദ്ധിച്ചു...


സാധനങ്ങളുടെ മഹിമയൊന്നും വിളിച്ചുപറയുന്നില്ല. ഉള്ള കാര്യം പറയുന്നു. കിട്ടേണ്ട വില പറയുന്നു. അമിതമായ ലാഭക്കൊതിയൊന്നുമില്ല. സാധനങ്ങൾ വേഗം വിറ്റുതീർന്നു. നല്ല ലാഭവും കിട്ടുന്നു. വിചാരിച്ചതിലും നേരത്തെ പണി തീർന്നു. മൈസറക്കു വീണ്ടും അതിശയം..!!


ഖദീജ കുറെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്. അതൊന്നും മറന്നുപോയില്ല. എല്ലാം കൃത്യമായി വാങ്ങി. മെസറ പറഞ്ഞു:


“യജമാനത്തിക്കു വലിയ സന്തോഷമാകും.”


മടക്കയാത്ര. അതും വളരെ സന്തോഷകരമായിരുന്നു. ഖദീജ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഖാഫില വരുന്നതു കാണാൻ വേണ്ടി മാളികയുടെ മുകൾത്തട്ടിലാണ് അവർ നിന്നിരുന്നത്.


ഖാഫില എത്തുന്നതിനു മുമ്പുതന്നെ മൈസറ വീട്ടിലെത്തി ആഹ്ലാദപൂർവം വിവരങ്ങൾ ഉണർത്തി.


“യജമാനത്തീ... വലിയ അതിശയമായിരിക്കുന്നു. അൽഅമീന്റെ കാര്യം അതിശയം തന്നെ. യാത്രയിലുടനീളം മേഘം തണലിട്ടുകൊടുത്തു. എങ്ങോട്ടു നീങ്ങിയാലും മേഘം കൂടെക്കാണും. എന്തൊരു നീതിമാൻ. കച്ചവടം പെട്ടെന്നു തീർന്നു. വാങ്ങാൻ ഏൽപിച്ച സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്.”


നസ്തൂറ പറഞ്ഞ കാര്യവും ധരിപ്പിച്ചു. നോക്കിനോക്കി നിൽക്കെ ഖാഫില ഇങ്ങെത്തി. ഖദീജ ആഹ്ലാദപൂർവം ഓടിച്ചെന്നു സ്വീകരിച്ചു.


“അൽഅമീൻ, എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ..?”


“എല്ലാം വളരെ സുഖമായിരുന്നു.” വിനീതമായ മറുപടി... 


വാങ്ങിക്കൊണ്ടുവന്ന സാധനങ്ങൾ നോക്കി. എല്ലാം താൻ വിചാരിച്ചതിനേക്കാൾ നന്നായിരിക്കുന്നു. അൽ അമീനു നേരത്തെ പറഞ്ഞ പ്രതിഫലം നൽകി. കൂടാതെ കുറെ പാരിതോഷികങ്ങളും...



Part : 22


മനംപോലെ മംഗല്യം


അൽ അമീൻ പോയെങ്കിലും ഖദീജയുടെ മനസ്സിൽ നിന്നും ആ രൂപം മാഞ്ഞുപോയില്ല. ഖുറൈശി പ്രമുഖരായ പല യുവാക്കളും വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ചിട്ടുണ്ട്. അതെല്ലാം തള്ളിക്കളഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള ചിന്ത തന്നെ ഇല്ലായിരുന്നു.


എന്നാൽ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ കടന്നുവന്നിരിക്കുന്നു. അൽ അമീൻ എന്ന ചെറുപ്പക്കാരന്റെ രൂപം മനസ്സിനെ തളർത്തുന്നു.


മേഘം തണലിട്ടുകൊടുത്ത പുണ്യപുരുഷൻ. വേദഗ്രന്ഥങ്ങൾ പ്രവചിച്ച മഹാത്മാവ്. ആ മഹാത്മാവിനു സേവനമർപ്പിക്കാൻ മനസ്സു കൊതിക്കുന്നു. ജീവിതം ആ കാൽക്കൽ സമർപ്പിക്കാൻ കഴിഞ്ഞെങ്കിൽ.


അപ്പോഴാണു നുസൈഫയുടെ വരവ്. “എന്താണു ഖദീജാ നിനക്കൊരു വല്ലായ്മ. മുഖം വിവർണമായിരിക്കുന്നു. എന്തുപറ്റി നിനക്ക്..?” കൂട്ടുകാരി ചോദിച്ചു.


“ഒന്നുമില്ലെടീ...” ഖദീജ ഒഴിഞ്ഞുമാറി.


കൂട്ടുകാരി വിടാൻ ഭാവമില്ല. മനസ്സിലുള്ളത് ഉടനെ അറിയണം. “എന്താണെങ്കിലും പറ. പ്രശ്നം ഏതായാലും ഞാൻ പരിഹരിച്ചുതരാം.” - കൂട്ടുകാരി ഉറപ്പുനൽകി.


“ഇതു നീ വിചാരിച്ചാൽ തീരുന്ന പ്രശ്നമല്ല.”


നുസൈഫ വീണ്ടും നിർബന്ധിച്ചു. അവസാനം മനസ്സിലെ ചിന്തകൾ നുസൈഫയെ അറിയിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ നുസൈഫ പറഞ്ഞു:


“ഞാനിതിൽ ഇടപെടാൻ പോവുകയാണ്. അൽ അമീനോടു ഞാൻ സംസാരിക്കും. സമ്മതവും വാങ്ങും. നീ നോക്കിക്കോ.”

കൂട്ടുകാരി ഇറങ്ങിക്കഴിഞ്ഞു.


“വേണ്ട... നുസൈഫാ.. കുഴപ്പമുണ്ടാക്കല്ലേ...”


നുസൈഫ മക്കാപട്ടണത്തിൽ കറങ്ങി നടന്നപ്പോൾ വഴിയിൽ അൽഅമീനെ കണ്ടുമുട്ടി. “ഞാനൊരു കാര്യം ചോദിക്കട്ടെ. വയസ്സ് ഇത്രയുമായില്ലേ. ഇനിയൊരു വിവാഹമൊക്കെ വേണ്ടേ..?”


“വിവാഹമോ, എനിക്കോ..? അതിനുള്ള വകയൊന്നും എന്റെ കൈവശമില്ല.”


“വേണ്ട, നല്ല സൗന്ദര്യവും സമ്പത്തും കുലമഹിമയുമുള്ള ഒരു സ്ത്രീ താങ്കളെ വിവാഹത്തിനു ക്ഷണിക്കുന്നു. എന്നു കരുതുക. ആ ക്ഷണം താങ്കൾക്കു സ്വീകരിച്ചുകൂടേ..?”


അൽഅമീൻ ചിന്താധീനനായി.


“ആരാണവർ..?” - അൽഅമീൻ അമ്പരപ്പോടെ ചോദിച്ചു.


“ഖദീജ”- നുസൈഫ മറുപടി നൽകി.


“ങേ... അതെങ്ങനെ നടക്കാനാണ്..?”


“അതു നടക്കും. താങ്കളുടെ സമ്മതം കിട്ടിയാൽ മതി.”


അൽ അമീൻ എതിരൊന്നും പറഞ്ഞില്ല. അപ്പോൾ സമ്മതം തന്നെ. നുസൈഫ സന്തോഷത്തോടെ കൂട്ടുകാരിയുടെ സമീപത്തേക്ക് ഓടി.

അൽ അമീൻ അബൂത്വാലിബിനെ കാണാൻ പോയി. കാര്യങ്ങൾ വിശദമായി സംസാരിച്ചു.


“മോനേ... ഇതൊരനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ ഖദീജയുടെ ബന്ധുക്കളുമായി സംസാരിക്കട്ടെ.” 


അൽ അമീൻ ആകെ ആശയക്കുഴപ്പത്തിലാണ്. ഖദീജയെ വിവാഹം കഴിക്കുകയോ..? അവർ മക്കയിലെ പ്രഭ്വിയാണ്, സമ്പന്ന, താനോ, ഒരു ദരിദ്രൻ. പിന്നെങ്ങനെ ഈ വിവാഹം നടക്കും..?


ആശങ്കകൾ വേഗം നീങ്ങി. ഈ വിവാഹക്കാര്യത്തിൽ ഖദീജ വളരെ സന്തോഷവതിയാണെന്ന് അൽ അമീൻ അറിഞ്ഞു.


അബൂത്വാലിബും ഖദീജയുടെ ബന്ധുക്കളും ചേർന്നു വിവാഹത്തിന്റെ തിയ്യതി നിശ്ചയിച്ചു. വിവാഹത്തിനു വേണ്ടപ്പെട്ടവരെയൊക്കെ ക്ഷണിച്ചു. വേണ്ട ഒരുക്കങ്ങൾ നടന്നുകഴിഞ്ഞു. വിവാഹ സുദിനം.


അൽ അമീൻ ബന്ധുക്കളോടും കൂട്ടുകാരോടുമൊപ്പം ഖദീജയുടെ വീട്ടിലെത്തി. വലിയ മഹർ നൽകിയാണു വിവാഹം ചെയ്തത്. വിഭവ സമൃദ്ധമായ സദ്യ. കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങി. ആചാരമനുസരിച്ചു ഖദീജയുടെ വീട്ടിൽ മൂന്നു ദിവസം താമസിക്കണമല്ലോ... 


അൽഅമീൻ എന്ന ചെറുപ്പക്കാരന് ഇരുപത്തിയഞ്ചു വയസ്സു പ്രായം. ഖദീജ(റ) എന്ന മണവാട്ടിക്കു പ്രായം നാൽപത്. ഒറ്റ നോട്ടത്തിൽ അവർ വളരെ ചെറുപ്പമായിരുന്നു. അവരുടെ അഴകും പെരുമാറ്റവും നബി ﷺ തങ്ങളെ വല്ലാതെ ആകർഷിച്ചു.


അൽ അമീനെ ഭർത്താവായിക്കിട്ടിയതിൽ അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. തന്റെ ശരീരവും തനിക്കുള്ള സ്വത്തും ഖദീജാബീവി ആ കാൽക്കൽ സമർപ്പിച്ചുകഴിഞ്ഞു... 


ഖദീജ (റ) പ്രവാചകരുടെ മനം ആഹ്ലാദപൂർണമാക്കി. അതോടെ അവർ അത്യുന്നത പദവി പ്രാപിച്ചു...


Part : 23


ഒരു ഒത്തുതീർപ്പ് 


നബിﷺതങ്ങൾക്കു വയസ്സു മുപ്പത്തഞ്ചായി. ആ സമയത്തു നടന്ന ഒരു സംഭവമാണ് ഇനി വിവരിക്കുന്നത്. 


മക്കാപട്ടണത്തിന്റെ ചുറ്റുപാടും മലകളാണ്. മഴപെയ്താൽ ഉടനെ വെള്ളപ്പൊക്കമുണ്ടാകും. കഅ്ബാലയം വളരെ താഴ്ന്ന ഒരു പ്രദേശത്താണ്. പട്ടണത്തിലെ വെള്ളപ്പൊക്കം ഏറെ ശല്യം

ചെയ്യുന്നത് ഈ മന്ദിരത്തെയാണ്.


അന്നത്തെ കഅ്ബാലയത്തിന്റെ രൂപം എങ്ങനെയായിരുന്നുവെന്നു കേൾക്കണ്ടേ..?


വെറും നാലു ചുവരുകൾ. മേൽപുരയില്ല. ചുവരുകൾക്കാണെങ്കിൽ ഒരാളുടെ ഉയരമേയുള്ളൂ. ഇതാണ് അന്നത്തെ കെട്ടിടം. മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കത്തിൽ പെടും. അങ്ങനെ ചുവരുകൾക്കു വിള്ളൽ വന്നു.


കഅ്ബാലയത്തിനടുത്തേക്കു വെള്ളം കുതിച്ചൊഴുകിവരുന്നതു തടയാൻ കുറെയാളുകൾ ചേർന്നൊരു ബണ്ടു കെട്ടി. അതിനു കുറെ ധനം ചെലവായി. ബണ്ടു കാണാനും അഭിപ്രായം പറയാനും ധാരാളമാളുകൾ വന്നു. ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബണ്ടു പൊളിഞ്ഞുപോയി. കഅ്ബ വെള്ളത്തിൽതന്നെ...


പുറംനാട്ടുകാരൊക്കെ വരുമ്പോൾ കഅ്ബയെ ഇങ്ങനെ കാണുന്നതു വലിയ കുറച്ചിലായി. ഇതൊന്നു പുതുക്കിപ്പണിയണം. കഅ്ബയുടെ പുതുക്കിപ്പണിക്കു ശുദ്ധമായ ധനം വേണം. ഹലാലായ പണംതന്നെ വേണം. പലിശപ്പണം പാടില്ല. ചുഷണത്തിലൂടെ നേടിയ പണം പറ്റില്ല. തട്ടിപ്പറിച്ച പണവും വേണ്ട...


ശുദ്ധമായ പണം ശേഖരിച്ചു. പഴയ കെട്ടിടം പൊളിക്കണം. കെട്ടിടമെന്നു പറഞ്ഞാൽ, പറഞ്ഞില്ലേ.. നാലു ചുവരുകൾ. എന്നിട്ടു പുതിയ ചുവരുകൾ പണിയണം, മേൽപുരയും പണിയണം. കെട്ടിടത്തിന് ഉയരം കൂട്ടണം.


അക്കാലത്തു പുറംനാട്ടിൽ നിന്നും വന്ന ഒരു കപ്പൽ ജിദ്ദാ തുറമുഖത്തു വച്ചു തകർന്നു. ഖുറൈശികൾ ആ കപ്പലിന്റെ പലകകൾ വിലക്കുവാങ്ങി, കപ്പലിലെ ആശാരിപ്പണിക്കാരന്റെ പേരു പറഞ്ഞുതരാം. ബാഖുമുറുമി...


വിദഗ്ധനായ തച്ചുപണിക്കാരനാണ് ബാഖുമുറുമി. ഖുറൈശികൾ ബാഖുമുറുമിയെ സമീപിച്ച് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ കഅ്ബാലയം പുതുക്കിപ്പണിയാൻ തീരുമാനിച്ചിരിക്കുകയാണ്. പൊളിഞ്ഞ കപ്പലിന്റെ പലകകൾ വിലയ്ക്കു വാങ്ങിയിട്ടുണ്ട്. പുതുക്കിപ്പണിയുന്ന ചുമതല താങ്കളെ ഏൽപിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”


ലോകപ്രസിദ്ധമായ ദേവാലയം പുതുക്കിപ്പണിയാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ചുവർ പൊളിക്കാനുള്ള സമയമായി. ഖുറൈശി ഗോത്രത്തിലെ എല്ലാ തറവാട്ടുകാരും ഈ പുണ്യകർമത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു. കെട്ടിടത്തിന്റെ ഭാഗങ്ങൾ പല കുടുംബങ്ങൾക്കായി ഭാഗിച്ചുകൊടുത്തു. അങ്ങനെ ആദരവോടെ ചുവരുകൾ പൊളിച്ചു തുടങ്ങി, കഅ്ബാലയം പുതുക്കിപ്പണിയാൻവേണ്ടി നബി ﷺ തങ്ങളും കല്ലു ചുമക്കുകയുണ്ടായി.


ചുവർ ഉയർന്നുവന്നു. ഹജറുൽ അസവദ് വയ്ക്കേണ്ട സ്ഥലം എത്തി. ആരാണ് ഹജറുൽ അസ്‌വദ് വയ്ക്കുക, അതിനുള്ള അവകാശം ആർക്കാണ്..? തറവാട്ടുകാർ തമ്മിൽ തർക്കമായി. വാക്കേറ്റം കയ്യാങ്കളിയിലേക്കു കടന്നു. ഒരു രക്തച്ചൊരിച്ചിലിന്റെ വക്കിൽ

നിൽക്കുകയാണവർ..!!


ഈ അവസ്ഥ കണ്ടു പലരും ദുഃഖിച്ചു. എന്തായാലും ഹജറുൽ അസ്‌വദ് വയ്ക്കുന്നതിന്റെ പേരിൽ ഒരു യുദ്ധം പാടില്ല. പക്ഷെ, എന്തു വഴി..? രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എന്തു വഴി..?


വൃദ്ധനായ ഒരു നേതാവു മുമ്പോട്ടു വന്നു. എല്ലാവരും ആദരിക്കുന്ന ഒരാൾ. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവ്.


അബൂഉമയ്യ ഹുദൈഫത് ബ്നു മുഗീറ, അദ്ദേഹം ഗോത്രക്കാരോടു വിളിച്ചു പറഞ്ഞു: “രക്തച്ചൊരിച്ചിൽ ഒഴിവാക്കൂ, ഞാനൊരു പരിഹാരമാർഗം പറയട്ടെ.'' എല്ലാവരും തർക്കം മതിയാക്കി അദ്ദേഹത്തെ ശ്രദ്ധിച്ചു.


“മസ്ജിദുൽ ഹറമിലേക്ക് ഇനി ആദ്യമായി കടന്നുവരുന്ന ആളെ നമുക്കു വിധികർത്താവായി നിയോഗിക്കാം.” എല്ലാവരും അതംഗീകരിച്ചു. അങ്ങനെ അവർ കാത്തിരുന്നു...



Part : 24


കാത്തിരിപ്പിനൊടുവിൽ അതാവരുന്നു അൽ അമീൻ. എല്ലാവർക്കും സന്തോഷമായി. പ്രശ്നം അവതരിപ്പിച്ചു. അല്ലാഹു ﷻ പ്രവാചകന്റെ (ﷺ) മനസ്സിൽ ഒരാശയം തോന്നിപ്പിച്ചു...


നബിﷺതങ്ങൾ തന്റെ വിരിപ്പ് നിലത്തു വിരിച്ചു. ഹജറുൽ അസ്‌വദ് വിരിപ്പിന്റെ നടുവിൽ വച്ചു. എല്ലാ തറവാട്ടുകാരുടെയും നേതാക്കളെ വിളിച്ചു. വിരിപ്പു പൊക്കാൻ പറഞ്ഞു. എല്ലാവരും കൂടി വിരിപ്പ് പിടിച്ചുയർത്തി. ആവശ്യമായ ഉയരത്തിലെത്തിയപ്പോൾ നബിﷺതങ്ങൾ ഹജറുൽ അസ്‌വദ് നീക്കിവെച്ചു.


ഹജറുൽ അസ്‌വദ് സ്ഥാപിച്ചുകഴിഞ്ഞു. എല്ലാവർക്കും ആശ്വാസമായി. ഒരു രക്തച്ചൊരിച്ചിൽ ഒഴിവായിക്കിട്ടി. എല്ലാവർക്കും അൽ അമീന്റെ പ്രവൃത്തിയിൽ വലിയ മതിപ്പുതോന്നി...


കഅ്ബാ ശരീഫിന്റെ പണി വേഗത്തിൽ പുരോഗമിച്ചു. ഹജറുൽ അസ്‌വദ് കാണുമ്പോഴെല്ലാം അറബികൾ അൽ അമീനെ ഓർക്കും.


നബിﷺതങ്ങൾക്കു പ്രായം കൂടിക്കൂടി വരുന്നു. നാൽപതിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. വിവാഹത്തിനു ശേഷം കച്ചവടത്തിനുവേണ്ടി ശാമിലേക്കും മറ്റു പ്രദേശങ്ങളിലേക്കും യാത്രചെയ്തിട്ടുണ്ട്. 


പലപ്പോഴും ആടിനെ മേയ്ക്കുവാൻ പോകും. മുടന്തുള്ള ആടുകളോടു വലിയ അനുകമ്പയാണ്. അഗതികളെയും അനാഥരെയും അശരണരെയും സഹായിക്കുന്നതിൽ വളരെയേറെ താൽപര്യമാണ്.


ബിംബാരാധനയുടെ കേന്ദ്രമായിരുന്നു അന്നത്തെ മക്ക. കുട്ടിക്കാലത്തുപോലും ബിംബങ്ങളുടെ അടുത്തു പോകുകയോ അവയെ ബഹുമാനിക്കുകയോ ചെയ്തിട്ടില്ല.


മദ്യപാനം, ചൂതാട്ടം തുടങ്ങിയ തിന്മകളിൽ നിന്നെല്ലാം അകന്നുനിന്നു. അന്നത്തെ പാട്ടും കളിയും ഒന്നും ആസ്വദിക്കാൻ

അവസരം കിട്ടിയില്ല. അല്ലാഹുﷻവിന്റെ കാവൽ എപ്പോഴും ഉണ്ടായിരുന്നു.


രാത്രികാലത്തു കഥപറയുന്ന ചടങ്ങ് അന്നു നിലവിലുണ്ടായിരുന്നു. ഇന്നത്തെ കഥാപ്രസംഗംപോലെ - ഒരു കഥാകാരൻ കഥ പറഞ്ഞു ജനങ്ങളെ രസിപ്പിക്കും. പുലരുവോളം അതു നീണ്ടുനിൽക്കും.


സമപ്രായക്കാരായ കുട്ടികളുടെ കൂടെ ചെറുപ്പത്തിൽ നബിﷺതങ്ങളും കഥ കേൾക്കാൻ പോയി. കുട്ടികളെല്ലാം വലിയ ആവേശത്തിലാണ്. ഈ കുട്ടിയും കൂടെ നടന്നു. വഴിക്കുവച്ചൊരു കല്യാണ സദസ്സു കണ്ടു. ആൾക്കൂട്ടത്തെ കണ്ടു നോക്കിയിരുന്നു. കൺപോളകൾ അടഞ്ഞുപോയി. നല്ല ഉറക്കം. ഉറക്കം ഉണർന്നപ്പോൾ നേരം പുലർന്നിരിക്കുന്നു. കഥപറച്ചിൽ

കേൾക്കുന്നതിൽനിന്നും അല്ലാഹു ﷻ തടഞ്ഞു.


മക്കയിലെ സാമൂഹിക ജീവിതം തിന്മകൾ നിറഞ്ഞതായിരുന്നു. മദ്യപാനം, സ്ത്രീ പീഢനം, കയ്യേറ്റം, ബിംബാരാധന... ഈ തിന്മകൾ കണ്ടുകണ്ടു മടുത്തു. പിന്നെപ്പിന്നെ ജനങ്ങളിൽ നിന്നകന്നുനിൽക്കാൻ ശ്രമിച്ചു. ഏകാന്തത ഇഷ്ടപ്പെട്ടു. വിജന പ്രദേശങ്ങളിൽ ഒറ്റയ്ക്കു ചെന്നിരിക്കും.


നാൽപതു വയസ്സായിത്തുടങ്ങുകയാണ്. ഇടയ്ക്കിടെ സ്വപ്നങ്ങൾ കാണുന്നു. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുന്നു.


സർവശക്തനായ അല്ലാഹു ﷻ തന്റെ ദൂതനു മികച്ച പരിശീലനം നൽകാൻ വേണ്ടി മക്കയുടെ സമീപമുള്ള മലമുകളിലെ ഹിറാഗുഹയിൽ എത്തിച്ചിരിക്കുകയാണ്...



Part : 25


ബിംബങ്ങൾ ബഹുവിധം


നബിﷺതങ്ങൾ ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കഥയാണു പറയുന്നത്...


അംറ് ബ്നു ലുഹാ ഖുസാഈ.


കഅ്ബാലയത്തിന്റെ സംരക്ഷകരിൽ ഒരാളായിരുന്നു ഖുസാഈ. 


ഇബ്റാഹീം നബി(അ)മിന്റെ മതത്തിൽ വിശ്വസിച്ചവരായിരുന്നു അക്കാലത്തെ അറബികൾ. ഇസ്മാഈൽ (അ) മിലൂടെ അവർക്കു ദിവ്യസന്ദേശങ്ങൾ ലഭിച്ചിരുന്നു. നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ അവർ ദിവ്യസന്ദേശത്തിൽ നിന്നൊക്കെ അകന്നുപോയി.


നമുക്ക് അംറ് ബ്നു ലുഹാ ഖുസാഇയുടെ കഥ പറയാം. ഒരിക്കൽ അംറ് സിറിയയിൽ പോയി. അവിടെയുള്ള ആളുകൾ ബിംബങ്ങളെ ആരാധിക്കുന്നത് അയാൾ കണ്ടു. അതു വളരെ ആകർഷകമായിത്തോന്നി അംറിന്.


ഇതുപോലുള്ള വിഗ്രഹങ്ങൾ കഅ്ബാലയത്തിലും സ്ഥാപിക്കണമെന്ന് അംറ് ആഗ്രഹിച്ചു. ചില വിഗ്രഹങ്ങൾ വാങ്ങിക്കൊണ്ടു പോകണമെന്നും തീരുമാനിച്ചു.


അംറിന്റെ മടക്കയാത്രയിൽ ഒപ്പം കുറെ വിഗ്രഹങ്ങളുമുണ്ടായിരുന്നു. അയാൾ മക്കത്തെത്തി. മറ്റു നേതാക്കളുമായി സംസാരിച്ചു. വിഗ്രഹങ്ങൾ കഅ്ബയിൽ സ്ഥാപിച്ചു. ആരാധനയും തുടങ്ങി.


അംറിനെ പോലെ മറ്റു ചില യാത്രക്കാരും പിന്നീടു വിഗ്രഹങ്ങൾ കൊണ്ടുവന്നു കഅ്ബയിൽ സ്ഥാപിച്ചു. കഅ്ബയിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. 


ബനൂ ഹുദൈൽ ഗോത്രക്കാർ സുവാഅ് എന്ന വിഗ്രഹം പ്രതിഷ്ഠിച്ചു. ആളുകൾ അതിനെ പൂജിക്കാൻ തുടങ്ങി.


ബനു മദ്ഹ് ഗോത്രക്കാരും ജർശ് ഗോത്രക്കാരും കൂടി ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനു "യഗൂസ്' എന്നു പേരിട്ടു.


ബനുകിവാൾ ഗോത്രക്കാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. ആ ബിംബത്തിന്റെ പേര് “യഊഖ്' എന്നായിരുന്നു.


ഹമീർ ഗോത്രക്കാർ വെറുതെയിരുന്നില്ല. ഒരു വിഗ്രഹത്തെ അവരും സ്ഥാപിച്ച് ആരാധന തുടങ്ങി. അതിന്റെ പേര് "നസ്റ്" എന്നായിരുന്നു.


മനുഷ്യരൂപത്തിലുള്ള ഒരു വലിയ  വിഗ്രഹമായിരുന്നു വുദ്ദ്. അതിന്റെ പാർശ്വഭാഗത്തു വില്ല് തൂക്കിയിരുന്നു. കക്ഷത്തിൽ ഒരു വാളും കയ്യിൽ അമ്പും ഉണ്ടായിരുന്നു. 


അഞ്ചു വിഗ്രഹങ്ങളുടെ പേരുകൾ പറഞ്ഞുകഴിഞ്ഞു.


1. സുവാഅ്. 

2. യഗൂസ്. 

3. യഊഖ്. 

4. നസ്റ്. 

5. വുദ്ദ്.


പൂർവകാല അറബികളെ വഴികേടിലേക്കു നയിച്ച അഞ്ചു വിഗ്രഹങ്ങളാണിവ...


കടൽത്തീരത്തുണ്ടായിരുന്ന ഒരു വിഗ്രഹമാണു "മനാത്ത്". അറബികൾ പൊതുവിൽ മനാത്തയെ ആരാധിച്ചു. അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്തുവന്നു.


ത്വാഇഫുകാർ പ്രതിഷ്ഠിച്ച ബിംബത്തിന്റെ പേര് "ലാത്ത" എന്നായിരുന്നു. ബിംബത്തിന്റെ പൂർണരൂപം അവർക്കു കിട്ടിയിരുന്നില്ല. പഴക്കംചെന്ന ബിംബത്തിന്റെ ഒരു ഭാഗം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒരു ചതുരക്കല്ല്. അതിനെ അവർ ആരാധിച്ചു പോന്നു.


ഒരു തോടിനു സമീപത്താണ് "ഉസ്സാ' എന്ന വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. ജനങ്ങൾ അതിനെയും ആരാധിച്ചു.


അറബികളുടെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബിംബങ്ങളായിരുന്നു ലാത്തയും ഉസ്സയും മനാത്തയും...


കഅ്ബാലയത്തിൽ അനേകം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും വലുത് "ഹുബുൽ" ആയിരുന്നു.


ചെങ്കല്ലുകൊണ്ടു നിർമിക്കപ്പെട്ട മനുഷ്യരൂപമാണ് ഹുബുൽ. വളരെ പഴക്കം ചെന്ന ബിംബം. അറബികൾ ഈ ബിംബത്തെ കണ്ടെത്തുമ്പോൾ അതിനു വലതുകൈ ഉണ്ടായിരുന്നില്ല. വലതുകൈ വച്ചുപിടിപ്പിച്ചു, സ്വർണംകൊണ്ട്. ഏറ്റവും വലിയ ബിംബത്തെ അറബികൾ വളരെയേറെ ആദരിച്ചു. പ്രത്യേക പൂജകൾ നടത്തി...


അറബികൾ ഒറ്റയ്ക്കും കൂട്ടായും ബിംബങ്ങളെ വണങ്ങാൻ വരും. ചിലപ്പോൾ ബലിയർപ്പിക്കും. ബലിക്കുള്ള മൃഗങ്ങളെ നേരത്തെ നിശ്ചയിച്ചുവയ്ക്കും.


ദീർഘയാത്രയ്ക്കു പുറപ്പെടുമ്പോൾ ബിംബങ്ങളെ കണ്ടു വണങ്ങും. കാലം കടന്നുപോയപ്പോൾ ബിംബാരാധന ശക്തിപ്പെട്ടു. ബഹുദൈവ വിശ്വാസം ബലപ്പെട്ടു. മനുഷ്യമനസ്സിൽ ശിർക്കിന് (ബഹുദൈവ വിശ്വാസം) ആഴത്തിൽ വേരുകളുണ്ടായി. 


ഇങ്ങനെ ബിംബാരാധനയും ബഹുദൈവ വിശ്വാസവും ഏറ്റവും ശക്തി പ്രാപിച്ച കാലത്താണു മുഹമ്മദ് നബിﷺതങ്ങൾ മക്കയിൽ ഭൂജാതനാകുന്നത്...

You may like these posts