മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 5 | Prophet Muhammed (s) History in Malayalam 5

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 5 | Prophet Muhammed (s) History in Malayalam 5

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 5

 Part : 102

ഒരു സൽക്കാരത്തിന്റെ കഥ


പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). ജാബിർ ബ്നു അബ്ദില്ല എന്നാണ് പൂർണമായ പേര്...


ഒരു ദിവസം അദ്ദേഹം നബിﷺതങ്ങളെ കാണാൻ വന്നു. നബിﷺതങ്ങളുടെ ഇരിപ്പു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. മുഖം വാടിയിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടാകും. ഇന്ന് ഒന്നും ഭക്ഷിച്ചുകാണില്ല. ഇന്നലത്തെ കാര്യം എന്തോ..?


ജാബിർ(റ) വീട്ടിലേക്കു മടങ്ങി. ഭാര്യയോടു ചോദിച്ചു: “നബിﷺതങ്ങൾ വിശന്നു ക്ഷീണിച്ചിരിക്കുന്നു. ഇവിടെ വല്ല ആഹാരവുമുണ്ടോ..?”


“കുറച്ചു ഗോതമ്പുമാവുണ്ട്; ഒരാടും. മറ്റൊന്നുമില്ല.” ഭാര്യയുടെ മറുപടി..."


“നമുക്ക് ആടിനെ അറുക്കാം; റൊട്ടിയും ചുടാം. നബിﷺതങ്ങൾക്ക് ആഹാരം കൊടുക്കാം.” ജാബിർ(റ) പറഞ്ഞു. ഭാര്യ സമ്മതിച്ചു.


സ്വഹാബിവര്യൻ ആടിനെ അറുത്തു.


ഭാര്യ ഇറച്ചി പാകം ചെയ്തു. റൊട്ടിയുണ്ടാക്കി. റൊട്ടിയും ഇറച്ചിയുമായി ജാബിർ(റ) നബി ﷺ തങ്ങളുടെ സമീപത്തേക്കു ധൃതിയിൽ നടന്നു. പാത്രം നബി ﷺ തങ്ങളുടെ മുമ്പിൽ വച്ചു.


“അല്ലാഹുﷻവിന്റെ റസൂലേ, ഈ ആഹാരം കഴിച്ചാലും...”


നബിﷺതങ്ങൾ ഇങ്ങനെ അരുളി: “ജാബിർ, താങ്കൾ പോയി താങ്കളുടെ ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടുവരൂ..!”


ജാബിർ(റ) അമ്പരന്നു. ഇതെന്തു കഥ..! പറഞ്ഞത് അനുസരിക്കാതിരിക്കാൻ പറ്റില്ല.


ഉടനെ പുറപ്പെട്ടു. ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടു വന്നു.

ഒരു വലിയ ആൾക്കൂട്ടം..!


“ജാബിർ, ഇവരെ പല സംഘങ്ങളായി തിരിക്കുക. ഓരോ സംഘത്തെ എന്റെ സമീപത്തേക്കയയ്ക്കുക...”


ജാബിർ(റ) തന്റെ ഗോത്രക്കാരെ പല സംഘങ്ങളായി ഭാഗിച്ചു. ഒരു സംഘത്തെ നബിﷺതങ്ങളുടെ സമീപത്തേക്കയച്ചു. അവർ വിനയപൂർവം പ്രവാചകന്റെ (ﷺ) മുമ്പിൽ വന്നു നിന്നു...


“ഭക്ഷണം കഴിക്കാനാണു നിങ്ങളെ വിളിച്ചത്. ആ പാത്രത്തിൽ നിന്നു റൊട്ടിയും ആട്ടിറച്ചിയും കഴിക്കുക. എല്ലുകൾ ഒടിയാതെ സൂക്ഷിക്കുക.” - നബി ﷺ നിർദേശിച്ചു.


അവർ വയറു നിറയെ ആഹാരം കഴിച്ചു. ഉടനെ അടുത്ത സംഘത്തെ വിളിച്ചു. അവരും ആഹാരം കഴിച്ചു.


ഓരോ സംഘവും വന്നുകൊണ്ടിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. എന്നിട്ടും ഭക്ഷണം ബാക്കി..! വലിയ അതിശയം തന്നെ.

ഒടുവിൽ എന്തുണ്ടായി എന്നു കേൾക്കണ്ടേ..?


ആളുകൾ ഉപേക്ഷിച്ച് എല്ലുകൾ കൂട്ടിവച്ചു. ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അല്ലാഹുﷻവിനോടുള്ള പ്രാർത്ഥന. ആളുകൾ നോക്കിനിൽക്കെ ചെവികൾ ആട്ടിക്കൊണ്ട് ആട് എഴുന്നേറ്റു വരുന്നു..! ജാബിർ(റ)വിന്റെ ആട്..!


“ജാബിർ താങ്കളുടെ ആടിനെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളൂ...” - നബി ﷺ തങ്ങളുടെ കൽപന.


സ്വഹാബിവര്യന് അതിശയവും സന്തോഷവും ഒന്നിച്ചു വന്നു. തന്റെ ആടിനെയും കൊണ്ടു ജാബിർ(റ) വീട്ടിലേക്കു നടന്നു. ഭാര്യ പുറത്തേക്കു നോക്കിയപ്പോൾ ആ കാഴ്ച കണ്ടു. ആടിനെയും കൊണ്ടു ഭർത്താവു വരുന്നു. അതേ ആട്..! അറുത്തു പാകം ചെയ്ത ആട്..!!


“ഇതെന്താണ്, എങ്ങനെ ഇതു സംഭവിച്ചു..?” - ഭാര്യ ആകാംക്ഷയോടെ തിരക്കി...


“നമ്മൾ അറുത്തു പാകം ചെയ്ത ആടുതന്നെയാണിത്. എല്ലുകൾ കൂട്ടിവച്ചു നബിﷺതങ്ങൾ അല്ലാഹുﷻവിനോടു പ്രാർത്ഥിച്ചു. അല്ലാഹു ﷻ ആടിന്റെ ജീവൻ തിരിച്ചുതന്നു...”


പ്രവാചകരുടെ (ﷺ) മുഅ്ജിസത്ത്. പ്രവാചകരുടെ (ﷺ) അമാനുഷിക പ്രവർത്തനം. ഭാര്യ സ്നേഹപൂർവം ആടിനെ സ്വീകരിച്ചു. ആ ഗോത്രക്കാർക്കു ലഭിച്ച ആദരവായിരുന്നു അത്. പ്രവാചകരുടെ (ﷺ) സൽക്കാരം...


വിവരം നാട്ടുകാരൊക്കെ അറിഞ്ഞു.


ആടിനെ കൺകുളിർക്കെ നോക്കിക്കണ്ടു. സംഭവം പ്രസിദ്ധമായി. ജാബിർ(റ)വിന്റെ സൽക്കാരത്തിന്റെ കഥ. ഒരു തലമുറ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുത്തു...



Part : 103


ചതിക്കുഴിയിൽ 


ഹിജ്റ നാലാം വർഷത്തിൽ ദുഃഖകരമായ രണ്ടു സംഭവങ്ങൾ നടന്നു.


ഒരു ദിവസം ആറാളുകൾ അടങ്ങുന്ന ഒരു സംഘം നബിﷺതങ്ങളെ കാണാൻ വന്നു. അള്ൽ, ഖാറത് എന്നീ വർഗ്ഗക്കാരായിരുന്നു അവർ.പ്രവാചകന്റെ (ﷺ) മുമ്പിൽ വന്ന് ഇങ്ങനെ പറഞ്ഞു:


“അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചവരാണ്. ഞങ്ങളുടെ ഗോത്രക്കാർക്ക് ഇസ്ലാംമതത്തെപ്പറ്റി വിവരമില്ല.


ആരാധനാകർമ്മങ്ങൾ ചെയ്യാനറിയില്ല. അതുകൊണ്ടു ഞങ്ങൾക്കു ദീൻ കാര്യങ്ങൾ പഠിപ്പിച്ചുതരാൻവേണ്ടി ചിലരെ അയച്ചുതരണം...”


നബിﷺതങ്ങൾ പത്തു സ്വഹാബികളെ അവരോടൊപ്പം അയയ്ക്കാൻ തീരുമാനിച്ചു.


ആസിം ബ്നു സാബിത് (റ) ആ സംഘത്തിന്റെ നേതാവായി

നിയോഗിക്കപ്പെട്ടു. സംഘം അവരോടൊപ്പം പുറപ്പെട്ടു...


മക്കയുടെയും അസ്ഫഹാനിന്റെയും ഇടയിലുള്ള ഒരു സ്ഥലമാണ് റജീഅ്. സംഘം റജീഇലെത്തി. അവിടെ എത്തിയപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായി മുസ്ലിം സംഘത്തിനു മനസ്സിലായി. തങ്ങളെ കൂട്ടിക്കൊണ്ടു വന്നവർ മുസ്ലിംകളല്ല. പ്രവാചകരുടെ (ﷺ) മുമ്പിൽ അവർ മുസ്ലിംകളായി അഭിനയിക്കുകയായിരുന്നു.


റജീഅ് പ്രദേശത്തേക്ക്

ആയുധ ധാരികളായ യോദ്ധാക്കൾ

ഓടിവരുന്നു. ഇരുന്നൂറോളം ആളുകളുണ്ട്. രക്ഷപ്പെടാൻ ഒരു മാർഗവും കാണുന്നില്ല..!!


ശത്രുക്കൾ അടുത്ത നിമിഷത്തിൽ തങ്ങളെ വളയും. വാളിനിരയാക്കും.

സമീപത്ത് ഒരു മല കാണുന്നുണ്ട്. സ്വഹാബികൾ പത്തുപേരും കൂടി മലയുടെ മുകളിലേക്കു പാഞ്ഞുകയറി. ശത്രുക്കൾ മലയുടെ താഴെ കൂട്ടം കൂടി നിന്നു...


നിസ്സഹായരായ പത്തുപേർ മുകളിൽ നിൽക്കുന്നു..! ആയുധമണിഞ്ഞ ഒരു സൈന്യം താഴെ നിൽക്കുന്നു. അല്ലാഹുﷻവിലും അന്ത്യറസൂലിലും വിശ്വസിച്ചതിന്റെ പേരിൽ പത്തുപേരുടെ ജീവൻ അപകടത്തിലാണ്...


“നിങ്ങൾ മലയുടെ മുകളിൽ നിന്ന് ഇറങ്ങിവരിക. ഞങ്ങൾ യാതൊരുപദ്രവവും ചെയ്യില്ല...”  - ശത്രുക്കൾ വിളിച്ചുപറഞ്ഞു.


മുസ്ലിംകൾ ഇറങ്ങാൻ തയ്യാറായില്ല. മരണത്തിലേക്കാണു ശ്രതുക്കൾ തങ്ങളെ ക്ഷണിക്കുന്നത്.


“നിങ്ങൾ ഇറങ്ങിവരണം. അല്ലെങ്കിൽ അമ്പെയ്തുവിടും...” ശ്രതുക്കൾ ഭീഷണി മുഴക്കി.


അവർ കോപാകുലരായി മാറിക്കൊണ്ടിരുന്നു. അവർ കഠിന പദങ്ങൾ ഉപയോഗിച്ചുതുടങ്ങി. പ്രവാചകനെയും (ﷺ) ഇസ്ലാംമതത്തെയും അപഹസിച്ചുകൊണ്ടിരുന്നു...


“ഇറങ്ങിവരുന്നതാണു നല്ലത്. അല്ലെങ്കിൽ കൊന്നുകളയും...” അവർ വീണ്ടും വിളിച്ചുപറഞ്ഞു..!!


മൂന്നുപേർ മലയിൽ നിന്നു താഴോട്ടിറങ്ങാൻ തീരുമാനിച്ചു.


മറ്റുള്ളവർ ഇറങ്ങിയില്ല.


ഖുബയ്ബ് ബ്നു അദിയ്യ്(റ), സയ്ദ് ബ്നു ദൂസനത്(റ), അബ്ദുല്ലാഹിബ്നു താരിഖ് (റ). ഇവർ മൂന്നുപേരാണു താഴോട്ടിറങ്ങിയത്...


അവർ മലയിറങ്ങാൻ തുടങ്ങിയതോടെ ശത്രുക്കൾ സന്തോഷംകൊണ്ടു തുള്ളിക്കളിക്കാൻ തുടങ്ങി. ആഹ്ലാദനൃത്തം ചവിട്ടി. താഴെയെത്തേണ്ട താമസം അവർ ബന്ധിതരായി. ഇനി രക്ഷയില്ല...



Part : 104


മലയുടെ മുകളിലിരിക്കുന്ന ബാക്കി ഏഴുപേരും ഇറങ്ങിവരാൻ തയ്യാറായില്ല. വലിയൊരു മലയുടെ മുകൾഭാഗത്തു പെട്ടുപോയ നിരായുധരായ ഏഴുപേർ. 


അവർക്കുനേരെ ശത്രുക്കൾ അമ്പുകൾ തൊടുത്തു. ഉന്നംവച്ച് അമ്പുകൾ പറന്നുവരാൻ തുടങ്ങി.


ചെങ്കുത്തായ മലയിലൂടെ അവർ ഓടുന്നു. കൂരമ്പുകൾ ശരീരത്തിൽ തുളഞ്ഞുകയറുന്നു. തിരിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല...


അമ്പുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും അതു തുളച്ചു കയറുന്നു. രക്തത്തിൽ കുളിച്ചു. പാദങ്ങൾ ഉറക്കുന്നില്ല. ദാഹം, പരവേശം. ഒരിറ്റു വെള്ളം എവിടെനിന്നു കിട്ടാൻ..? ആസിം(റ) വീണുപോയി. വീണ കിടപ്പിൽ കിടന്നുകൊണ്ട് ഇങ്ങനെ ദുആ ചെയ്തു.


“അല്ലാഹുവേ, ഞങ്ങളുടെ ദയനീയമായ ഈ അവസ്ഥ നിന്റെ റസൂലിനെ നീ അറിയിക്കേണമേ..!”


ലാഇലാഹ ഇല്ലല്ലാഹ്... ആസ്വിം(റ) അന്ത്യശ്വാസം വലിച്ചു. ആ പുണ്യശരീരത്തിനു ഒരു കൂട്ടം കടന്നലുകൾ കാവൽ നിൽക്കുന്നതായി പിന്നീടു കണ്ടെത്തി...


മലയുടെ മുകളിൽ ഓരോരുത്തരായി പിടഞ്ഞു വീണു. എല്ലാവരും രക്തസാക്ഷികളായി. റജീഇന്റെ ദുഃഖം. റജീഇന്റെ ശാപം...


എല്ലാവരും മരണപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ ബന്ദികളെയും കൊണ്ടു യാത്ര തുടങ്ങി. എങ്ങോട്ടാണീ യാത്ര..?


എന്താണു ലക്ഷ്യം..?


മറൂസ്സഫ്റാൻ എന്ന സ്ഥലത്തെത്തി.


അബ്ദുല്ലാഹി ബ്നു താരിഖ്(റ) ചോദിച്ചു. “എങ്ങോട്ടാണു പോകുന്നത്..? എന്തിനാണു ഞങ്ങളെ കൊണ്ടുപോകുന്നത്..?”


“മിണ്ടരുത്, മര്യാദയ്ക്ക് നടന്നോളു..”


“എന്തു തെറ്റിനാണു ഞങ്ങളെ ശിക്ഷിക്കുന്നത്..?”


ഈ ചോദ്യങ്ങളൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ സ്വഹാബിവര്യനെ അവിടെവച്ചു വധിച്ചു. വഞ്ചകന്മാരുടെ ക്രൂരത.


സത്യത്തിന്റെ ശത്രുക്കൾ കാണിച്ച കൊടും ക്രൂരത..!!


പിന്നെയും യാത്ര തുടർന്നു. മക്കയിലെത്തി. അവിടെ അടിമകളാക്കി വിറ്റു. ഇസ്ലാമിന്റെ ശത്രുക്കൾ അവരോടു ചോദിച്ചു...


“മുഹമ്മദിനെ ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ.. എങ്കിൽ നിങ്ങളെ വിട്ടയയ്ക്കാം...''


“ഒരിക്കലുമില്ല. അല്ലാഹുﷻവിനും റസൂലിനും വേണ്ടി ജീവിതം

അർപ്പിച്ചവരാണു ഞങ്ങൾ...'' - അവർ ദൃഢസ്വരത്തിൽ പറഞ്ഞു...


“നിങ്ങളെ ഇഞ്ചിഞ്ചായി വധിക്കും. മുഹമ്മദിനെ ഉപേക്ഷിച്ചാൽ വെറുതെ വിടാം...'' - ശത്രുക്കൾ പ്രേരിപ്പിച്ചു...


“അങ്ങനെയൊരു ജീവിതം ഞങ്ങൾക്കു വേണ്ട.” സയ്ദിനെ അവർ ക്രൂരമായി മർദിച്ചു. ഇസ്ലാമിൽ നിന്നു മടക്കാൻ കഠിന ശ്രമം നത്തി. മരണം കാത്തുകിടന്നു. അവസാനം വധിക്കപ്പെട്ടു...


പത്തുപേരിൽ ഒരാൾ മാത്രം ബാക്കി.


ഖുബയ്ബ് (റ). കൊലക്കയറിന്റെ കൊളുത്തു തന്നെ നോക്കിച്ചിരിക്കുന്നു. ശിരസിൽ കുടുങ്ങാനുള്ള കൊളുത്ത്. കൊലമരത്തിന്റെ ചുവട്ടിൽ കൊണ്ടുവന്നു നിറുത്തി. ശ്രത്രുക്കൾ ചോദിച്ചു: “നിനക്കു പകരം മുഹമ്മദിനെ ഈ കൊലമരത്തിൽ കയറ്റുന്നതു നിനക്കു സമ്മതമല്ലേ..?”


“ഇല്ല, എന്റെ ജീവനു പകരമായി അല്ലാഹുﷻവിന്റെ റസൂലിന്റെ കാലിൽ ഒരു മുള്ളു തറക്കുന്നതുപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.” - ഖുബയ്ബ് (റ)വിന്റെ മറുപടി...


“ധിക്കാരീ... നിന്റെ ശരീരത്തിലെ അവയവങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ മുറിച്ചെടുക്കും. നോക്കിക്കോ..!”


ഖുബയ്ബ് (റ) ശാന്തനായി ഇങ്ങനെ പാടി.


فَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا

       عَلَى أَىِّ جَنْبٍ كَانَ لِلَّهِ مَصْرَعِي


“ഫ ലസ്തു ഉബാലീ ഹീന-

ഉഖ്തലു മുസ്ലിമൻ,

അലാ അയ്യി ജൻബിൻ കാന-

ലില്ലാഹി മസ്റൻ.”


(മുസ്ലിമായി ഞാൻ വധിക്കപ്പെടുമ്പോൾ, ഏതു ഭാഗത്തേക്കാണ് വീഴുന്നത് എന്നതു പ്രശ്നമല്ല. അതു അല്ലാഹുﷻവിനു വേണ്ടിയാകുന്നു.)


ആ പദ്യം തുടർന്നു. ശത്രുക്കൾക്ക്  അതുകേട്ടു സഹിക്കാനാവുന്നില്ല. അവർ സമുന്നതനായ സ്വഹാബിവര്യനെ ക്രൂരമായി വധിച്ചു. അദ്ദേഹത്തിന്റെ പുണ്യരക്തം ചിതറിവീണു മണൽത്തരികൾ ചുവപ്പണിഞ്ഞു...


ഇസ്ലാമിക ചരിത്രത്തിൽ പത്തു സ്വഹാബികൾ അനശ്വരരായി...



Part : 105


അബൂ മസ്ഊദ് (റ) വിന്റെ അടിമ 


ലോകത്ത് അടിമവ്യാപാരം നടക്കുന്ന കാലം. പല നാടുകളിലും അടിമച്ചന്തകൾ നിലനിന്നിരുന്നു. അവിടെ ആണുങ്ങളും പെണ്ണുങ്ങളും വിൽക്കപ്പെട്ടു. മൃഗങ്ങളെപ്പോലെ.


അടിമച്ചന്തകളിൽ അടിമകളെ വിലപേശി വാങ്ങാം. നല്ല ആരോഗ്യമുള്ള പുരുഷന്മാർക്ക് നല്ല വില കൊടുക്കണം. സൗന്ദര്യമുള്ള സ്ത്രീകൾക്കും വില കൂടുതലാണ്.


വിലയ്ക്ക് വാങ്ങിയ അടിമയെക്കൊണ്ടു മൃഗത്തെപ്പോലെ ജോലി ചെയ്യിക്കാം, ആരും ചോദിക്കാനില്ല. യജമാനന്മാർ അടിമകളുടെ മുഖത്ത് ആഞ്ഞടിക്കും.


അടിമ വേദനകൊണ്ടു പുളയും. ആരുടെയും മനസ്സ് ഇളകില്ല.

അടിമയെ പ്രഹരിക്കുന്നത് ഉടമസ്ഥന്റെ അവകാശം.


പെണ്ണുങ്ങളുടെ കാര്യം പരമദയനീയം,സുന്ദരിമാരെ വിലയ്ക്കു വാങ്ങാം. ഭരണാധികാരികൾക്കും സേനാനായകന്മാർക്കും മറ്റും ഈ പെണ്ണുങ്ങളെ സമ്മാനമായി നൽകും, കുതിരകളെയും മറ്റും സമ്മാനിക്കുന്നതുപോലെ.


നബിﷺതങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തി. അടിമകളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 


നബിﷺതങ്ങൾ ഇങ്ങനെ പ്രഖ്യാപിച്ചു: 


“അടിമകളോടു സ്നേഹത്തോടെ പെരുമാറണം. യജമാനൻ കഴിക്കുന്ന അതേ ഭക്ഷണം അടിമയ്ക്കും നൽകണം. യജമാനൻ ധരിക്കുന്നതുപോലുള്ള വസ്ത്രം അടിമയ്ക്കും നൽകണം. ധനം കൊണ്ടോ തറവാടുകൊണ്ടോ നിറം കൊണ്ടോ ഒരാളും ഉന്നതനായിത്തീരുന്നില്ല. തഖ് വ (ഭയഭക്തി) കൊണ്ടു മാത്രമാണു മനുഷ്യൻ ഉന്നതനായിത്തീരുന്നത്.”


അബൂമസ്ഊദുൽ അൻസ്വാരി(റ) ഒരു സംഭവം വിവരിക്കുന്നു. നമുക്കതു ശ്രദ്ധിക്കാം: എനിക്കൊരു അടിമയുണ്ടായിരുന്നു. കഠിനാധ്വാനം ചെയ്യും. ചിലപ്പോൾ ജോലി എനിക്കു തൃപ്തിയാവില്ല. ഞാൻ നല്ല അടി കൊടുക്കും. അടിമയെ അടിക്കുന്നത് ഒരു സാധാരണ സംഭവം. എനിക്കതിൽ ഒരു വിഷമവും തോന്നിയിരുന്നില്ല.


പതിവുപോലെ ഞാൻ അടിമയെ അടിക്കുകയായിരുന്നു. വേദനകൊണ്ട് അവൻ പുളഞ്ഞു. പെട്ടെന്നു പിന്നിൽ നിന്നൊരു ശബ്ദം..!!


ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി. നബിﷺതങ്ങൾ..! പ്രവാചകൻ ﷺ എന്തോ പറയുന്നു.


ഞാൻ പ്രഹരം മതിയാക്കി, പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിച്ചു. “അബൂമസ്ഊദ്, അറിഞ്ഞുകൊള്ളുക, നിനക്ക് ഈ അടിമയിൽ അവകാശമുള്ളതുപോലെ അല്ലാഹുﷻവിനു നിന്നിലും അവകാശമുണ്ട്, ഈ അടിമയിൽ നിനക്ക് എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം നിന്റെ മേൽ നിന്റെ സൃഷ്ടാവിനുമുണ്ട്...”


പ്രവാചകരുടെ വാക്കു കേട്ടു ഞാൻ ഞെട്ടിപ്പോയി. എന്റെ മനസ്സു വല്ലാതെ കിടുകിടുത്തു. അടിമയെ അടിച്ചതുകാരണം ഞാൻ അല്ലാഹുﷻവിന്റെ കോപത്തിന് ഇരയായിത്തീർന്നിരിക്കുന്നു.


ഇനി എന്താണു രക്ഷാമാർഗം..?



Part : 106


അല്ലാഹുﷻവിന്റെ കോപത്തിൽ നിന്നു മോചനം. അതെങ്ങനെ നടക്കും..? ഈ അടിമയെ മോചിപ്പിച്ചാലോ..? അങ്ങനെ ചെയ്യാം. അതായിരിക്കും നല്ലത്... 


“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), അല്ലാഹുﷻവിന്റെ തൃപ്തി നേടാൻ വേണ്ടി ഞാൻ ഈ അടിമയെ മോചിപ്പിച്ചു കഴിഞ്ഞു.”


അബൂമസ്ഊദ്(റ) ദയനീയ ഭാവത്തിൽ പറഞ്ഞു. നബിﷺതങ്ങളുടെ മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.മന്ദസ്മിതത്തോടെ നബി ﷺ പറഞ്ഞു:


“താങ്കൾ അടിമയെ മോചിപ്പിച്ചതു നന്നായി. അല്ലായിരുന്നുവെങ്കിൽ താങ്കളെ നരകത്തിലെ അഗ്നിജ്വാലകൾ ചുട്ടുകരിക്കുമായിരുന്നു.”


ഈ സംഭവം ആളുകളുടെ കണ്ണു തുറപ്പിക്കുകതന്നെ ചെയ്തു. അടിമയെ മർദിക്കുന്നതുമൂലം നരകത്തിൽ പ്രവേശിക്കേണ്ടതായി വരുമെന്നു സ്വഹാബികൾ മനസ്സിലാക്കി.


അടിമകൾക്കു നേരെയുള്ള മർദനം കുറഞ്ഞു കുറഞ്ഞുവന്നു. അവർക്കു മികച്ച പരിഗണനകൾ നൽകപ്പെട്ടു. സമത്വം ലഭിച്ചു. പരിഗണന ലഭിച്ചു. അംഗീകരിക്കപ്പെട്ടു. അടിമകൾക്കു പലരും മോചനം നൽകാൻ തുടങ്ങി. അടിമത്തവിമോചനം ഒരു മഹാവിപ്ലവമായി വളരുകയായിരുന്നു.


ധനികരുടെയും നേതാക്കളുടെയും അടുക്കളയിൽ വേലക്കാരിപ്പെണ്ണുങ്ങൾ ഉണ്ടാകും. അവർക്കും നല്ല പ്രഹരം കിട്ടും.


അബ്ദില്ലാഹി ബ്നു ഉമർ(റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു. ഒരിക്കൽ ഒരു മനുഷ്യൻ നബിﷺതങ്ങളുടെ അടുത്തുവന്നു. എന്നിട്ടിങ്ങനെ ചോദിച്ചു: "അല്ലാഹുﷻവിന്റെ ദൂതരേ (ﷺ), വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”


നബി ﷺ ചോദ്യം കേട്ടു. മറുപടി പറഞ്ഞില്ല. മൗനം നീണ്ടു പോയി. പ്രവാചകൻ ﷺ മറുപടി പറയുന്നില്ലെന്നു കണ്ടപ്പോൾ വീണ്ടും ചോദിച്ചു:


“അല്ലാഹുﷻവിന്റെ റസൂലേ (ﷺ),വേലക്കാരന് എത്ര തവണ മാപ്പു കൊടുക്കാം..?”


മറുപടി പറഞ്ഞില്ല. മൗനം നീണ്ടു.


അദ്ദേഹം വീണ്ടും ചോദിച്ചു:


“അല്ലാഹുﷻവിന്റെ റസൂലേ (ﷺ), വേലക്കാരന് എത തവണ മാപ്പു കൊടുക്കാം..?”


അദ്ദേഹം മറുപടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു.


അപ്പോൾ പുണ്യറസൂൽ ﷺ മറുപടി നൽകി. “ഓരോ ദിവസവും എഴുപതു പ്രാവശ്യം മാപ്പു നൽകുക” അദ്ദേഹം അമ്പരന്നു... 


വേലക്കാരനെ മർദിക്കുന്നവരോടു പ്രവാചകൻ ﷺ ഇങ്ങനെ പറയുമായിരുന്നു. യജമാനൻ അടിമയുടെ മുഖത്ത് അടിച്ചുവെങ്കിൽ അതിനുള്ള പ്രായശ്ചിത്തം അടിമയെ മോചിപ്പിക്കലാകുന്നു.


അടിമകൾക്കുനേരെ കിരാതമർദനം നടന്നിരുന്ന ഒരു കാലത്താണ് ഈ പ്രഖ്യാപനം, മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ശബ്ദമുയർത്തൽ. അടിമകളെ മോചിപ്പിക്കാൻ തന്റെ അനുയായികളെ പ്രവാചകൻ ﷺ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.


ചില ആരാധനകളിലെ വീഴ്ചകൾക്ക് അടിമ മോചനം പ്രായശ്ചിത്തമായി കൽപിക്കുന്ന നിയമം വരെയുണ്ടായി.


ആദ്യകാല മുസ്ലിംകളിൽ പലരും അടിമകളായിരുന്നു. ഇസ്ലാംമതം വിശ്വസിച്ച കാരണത്താൽ ക്രൂരമായ മർദനങ്ങൾക്കിരയായ എത്രയോ അടിമകളെ അബൂബക്കർ(റ) വിലയ്ക്കുവാങ്ങി മോചിപ്പിക്കുകയുണ്ടായി.



Part : 107


ദാരുണമായ അന്ത്യം 


ഒരു ദിവസം നബിﷺതങ്ങളെ കാണാൻ ഒരു ഗോത്രനായകൻ വന്നു. അയാളുടെ പേര് അബുൽ ബർറാഅ് എന്നായിരുന്നു. പ്രവാചകൻ ﷺ അയാളെ സ്വീകരിച്ചു. പല കാര്യങ്ങളും സംസാരിച്ചു...


“ഇസ്ലാം സത്യമതമാണെന്നു നിങ്ങൾക്കു ബോധ്യം വന്നില്ലേ..?” സംഭാഷണത്തിനിടയിൽ നബിﷺതങ്ങൾ ചോദിച്ചു...


“നിങ്ങളുടെ മതമാണു സത്യം എന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. എന്റെ ജനതയും ഞാനും കൂടി ഇസ്ലാമിലേക്കു കടന്നുവരണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്. നജ്റാനിൽ വലിയൊരു ജനത ഇസ്ലാമിനെ കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ഒരു സംഘം ആളുകളെ എന്റെ കൂടെ അയച്ചുതരണം.” അവരുടെ സംഭാഷണം അങ്ങനെ തുടർന്നുപോയി...


അൻസ്വാരികളായ എഴുപതു സ്വഹാബികളെ അയച്ചുകൊടുക്കാമെന്നു നബിﷺതങ്ങൾ സമ്മതിച്ചു.


“ഇവരുടെ സുരക്ഷയുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്..!"


 “ഇവരുടെ സുരക്ഷ ഞാൻ ഏറ്റിരിക്കുന്നു.” അബുൽ ബർറാഅ് ഉറപ്പു നൽകി...


മുൻദിർ ബ്നു അംറ്(റ) ആയിരുന്നു സംഘത്തിന്റെ നേതാവ്. അവരെല്ലാം വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവരായിരുന്നു. 'ഖുർറാഅ്' എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്...


മുസ്ലിം സംഘവും അബുൽ ബർറാഉം "ബീർമഊന' എന്ന സ്ഥലത്തെത്തി. അവിടെ താമസിച്ചിരുന്ന ഒരു ഗോത്രത്തിന്റെ തലവനായിരുന്നു ആമിർ ബ്നു തുഫയൽ. അയാൾ ഇസ്ലാമിന്റെ ശത്രുവായിരുന്നു. എഴുപതു സ്വഹാബികളെ ഒന്നിച്ചു കണ്ടപ്പോൾ അയാളുടെ രക്തം തിളച്ചു...


ചില ഗോത്രക്കാരെ അയാൾ സഹായത്തിനു കൂട്ടി. 


രിഅ്ല, ദക് വാൻ, ഉസയ്യ എന്നീ ഗോത്രങ്ങൾ ആമിറിനെ സഹായിക്കാമെന്നേറ്റു...


ആമിർ എന്ന കൊടിയ ശത്രുവും ധാരാളം യോദ്ധാക്കളും ആയുധധാരികളായി വന്നു. ബീർമഊനയിൽ വച്ചു സ്വഹാബികളെ ആക്രമിച്ചു...


കനത്ത പോരാട്ടം നടന്നു. ഓരോ സ്വഹാബിയെയും അവർ വെട്ടിക്കൊന്നു. കഅ്ബ് ബ്നു സയ്ദ് എന്ന സ്വഹാബി ഗുരുതരമായ പരിക്കുകളോടെ രണാങ്കണത്തിൽ വീണു. മരിച്ചുപോയെന്നു ശത്രുക്കൾ കരുതി. അംറ് ബ്നു ഉമയ്യതും മരണത്തിൽനിന്നു രക്ഷപ്പെട്ടു.


രണ്ടുപേരൊഴികെ മറ്റെല്ലാവരും രക്തസാക്ഷികളായി...


ഈ സംഭവം നബിﷺതങ്ങളെ അതീവ ദുഃഖിതനാക്കി. സ്വഹാബികളെ വധിച്ച ഗോത്രക്കാർക്കെതിരെ നബി ﷺ പ്രാർത്ഥിച്ചു. നാൽപതു ദിവസം ഖുനൂത് ഓതി പ്രാർത്ഥിച്ചു. അങ്ങനെയാണു നാസിലത്തിന്റെ ഖുനൂത് നിലവിൽ വന്നത്. ഇതു സുബ്ഹി നിസ്കാരത്തിൽ നാം ഓതുന്ന ഖുനൂതല്ല...



Part : 108


മദീനയ്ക്ക് സമീപം താമസിച്ചിരുന്ന ഒരു ജൂതഗോത്രത്തിന്റെ പേരു പറയാം-ബനുന്നളീർ. മുസ്ലിംകളുമായി ഇവർ കരാറുണ്ടാക്കിയിരുന്നു. പരസ്പരം യുദ്ധം ചെയ്യുകയില്ല.


ശത്രുവിനെ സഹായിക്കുകയില്ല. കരാറിൽ അങ്ങനെയൊക്കെയുണ്ടെങ്കിലും ബനുന്നളീർ തക്കംകിട്ടുമ്പോഴൊക്കെ കരാർ ലംഘിക്കും...


പ്രവാചകനെ (ﷺ) വകവരുത്തണം എന്ന ചിന്തയുമായി നടക്കുകയാണവർ. ഒരു സന്ദർഭം കിട്ടിയാൽ അതുപയോഗപ്പെടുത്തും. അവർ പ്രവാചകനെ (ﷺ) വധിക്കാൻ ഗൂഢാലോചന നടത്തി.


ഒരു ദിവസം നബിﷺതങ്ങൾ ഏതാനും അനുയായികളുടെ കൂടെ ബനുന്നളീർ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തു ചെന്നു. അവരുടെ കോട്ടമതിലിൽ ചാരിയിരിക്കാനിടയായി.


ഇതുതന്നെ പറ്റിയ സമയമെന്നു ജൂതന്മാർക്കു തോന്നി. കോട്ടയുടെ മുകളിൽ കയറി വലിയ കല്ല് താഴേക്കിടുക. അതു തലയിൽ വീണാൽ മരണം ഉറപ്പ്..!!


ജൂതന്മാർ കോട്ടയ്ക്കു മുകളിൽ കയറി. വലിയ പാറക്കല്ല് ഉരുട്ടിക്കൊണ്ടുവന്നു. താഴേക്കിടാൻ പാകത്തിൽ തയ്യാറാക്കിവച്ചു.


ജിബ്രീൽ(അ) വിവരം പ്രവാചകനെ (ﷺ) അറിയിച്ചു. തന്ത്രത്തിൽ അവിടെനിന്നു നബി ﷺ രക്ഷപ്പെട്ടു.


ബനുന്നളീറിനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പ്രവാചകന്റെ (ﷺ) ജീവനുതന്നെ അവർ ഭീഷണിയായിരിക്കുന്നു. അവരെ മദീനയിൽ നിന്നോടിക്കണം. ഇതു രാജ്യ രക്ഷയുടെ പ്രശ്നമാണ്. യുദ്ധമല്ലാതെ പോം വഴിയില്ല...


നബിﷺതങ്ങൾ മുഹമ്മദ് ബ്നു മസ് ലമ(റ)വിനെ ബനുന്നളീർ ഗോത്രത്തിനടുത്തേക്കയച്ചു. അദ്ദേഹം ഗോത്ര നേതാക്കളെ ഇങ്ങനെ അറിയിച്ചു:


“ബനുന്നളീർ ഗോത്രമേ, സ്ഥലം വിട്ടു പോയ്ക്കൊള്ളണം. നിങ്ങൾക്കിനി മദീനയിൽ സ്ഥാനമില്ല. നിങ്ങൾ സന്ധിവ്യവസ്ഥകൾ ലംഘിച്ചു. പ്രവാചകനെ (ﷺ) വധിക്കാൻ നോക്കി. ഉടനെ സ്ഥലം വിടണം...”


പ്രവാചകൻ ﷺ ബനുന്നളീറിന് അന്ത്യശാസനം നൽകിയ വിവരം കപടവിശ്വാസികളുടെ തലവലനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് അറിഞ്ഞു. അവൻ ബനുന്നളീറിന്റെ തലവന്മാരോടു പറഞ്ഞു:


“നിങ്ങൾ ഒരു കാരണവശാലും മദീന വിട്ടു പോകരുത്. ധൈര്യമായിരിക്കണം. മുഹമ്മദ് യുദ്ധത്തിനു വന്നാൽ ഞങ്ങൾ

നിങ്ങളെ സഹായിക്കും. നിങ്ങൾ മദീന വിട്ടു പോകേണ്ടതായി

വന്നാൽ ഞങ്ങളും നിങ്ങളോടൊപ്പം വരും. ജൂതന്മാർ മുനാഫിഖുകളുടെ വാക്കുകൾ വിശ്വസിച്ചു. പ്രവാചകന്റെ (ﷺ) അന്ത്യശാസനം തള്ളി. ഇനി യുദ്ധമല്ലാതെ പോംവഴിയില്ല...


ഹിജ്റ നാലാം കൊല്ലം റബീഉൽ അവ്വൽ മാസം. നബിﷺതങ്ങളും സ്വഹാബത്തും ആയുധമണിഞ്ഞു. പതാക പിടിച്ചത് അലി(റ) ആയിരുന്നു. മദീനയുടെ ചുമതല അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂമിനെ

ഏൽപിച്ചു. മുസ്ലിം സൈന്യം നീങ്ങി...


മുസ്ലിം സൈന്യം എത്തിയതോടെ ജൂതന്മാർ കൂട്ടത്തോടെ കോട്ടകളിൽ അഭയം പ്രാപിച്ചു. മുസ്ലിംകൾ കോട്ട വളഞ്ഞു. മുനാഫിഖുകളുടെ സഹായമൊന്നും ലഭിച്ചില്ല. കുറെ ദിവസങ്ങൾ കടന്നുപോയി...


“ഞങ്ങൾ നാടുവിട്ടുകൊള്ളാം. കൊല്ലരുത്. സ്ത്രീകളെയും കുട്ടികളെയും കൂടെ കൊണ്ടുപോകാൻ അനുവദിക്കണം...” ഇതായിരുന്നു ജൂതന്മാരുടെ അപേക്ഷ...


പ്രവാചകൻ ﷺ ഓരോ കുടുംബത്തിനും ഓരോ ഒട്ടകത്തിനു ചുമക്കാൻ മാത്രമുള്ള സ്വത്തു കൊണ്ടുപോകാമെന്നു സമ്മതിച്ചു. ആയുധങ്ങൾ അനുവദിച്ചില്ല. ജീവൻ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം...


ബനുന്നളീർ ഗോത്രക്കാർ കൂട്ടത്തോടെ പലായനം ചെയ്തു. കുറെ കുടുംബങ്ങൾ ഖയ്ബറിൽ അഭയം തേടി. മറ്റുള്ളവർ

അദ് രിയാത് എന്ന സ്ഥലത്തു ചെന്നു താമസമാക്കി.


അവരുടെ കൂട്ടത്തിൽ നിന്നു രണ്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു. യാമീൻ, അബൂസഈദ്.


ബനുന്നളീറിന്റെ വഞ്ചനകളിൽനിന്നു മുസ്ലിംകൾ സുരക്ഷിതരായിത്തീർന്നു...


ജൂതന്മാർ ഉപേക്ഷിച്ചുപോയ സ്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ കൃഷിയിടങ്ങളായിരുന്നു. ഒരു യുദ്ധം കൂടാതെയാണ് ഇവ കിട്ടിയത്. ഇതിന് 'ഫയ്അ്' എന്നു പറയുന്നു. ഈ സ്വത്ത് യോദ്ധാക്കൾക്കിടയിൽ ഭാഗിച്ചിരുന്നില്ല.


കൃഷിയിടങ്ങളിൽ ഒരു ഭാഗം ദരിദ്രരായ മുഹാജിറുകൾക്കു നൽകി. അഗതികളെയും അശരണരെയും സഹായിക്കാൻ ഒരു ഭാഗം മാറ്റിവച്ചു. അതിലുണ്ടാകുന്ന ഉൽപന്നങ്ങളാണ് അഗതികൾക്കും

അശരണർക്കും നൽകുക.


പൊതുതാൽപര്യത്തിനു നീക്കിവച്ച കൃഷിയിടങ്ങൾ അഗതികൾക്കും കടംവന്നവർക്കും രോഗികൾക്കും മറ്റും പ്രയോജനം ചെയ്തു.



Part : 109


ശത്രുക്കൾ വന്നില്ല 


ഹിജ്റ നാലാം വർഷം റബീഉൽ ആഖറിൽ നടന്ന ഒരു സംഭവം പറയാം.


നജ്ദിലെ ബനൂ മുഹാരിബ്, ബനൂ സഅ്ലബത് തുടങ്ങിയ ഗോത്രങ്ങൾ മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. അവർ ഒരു സംയുക്ത സേന രൂപീകരിച്ചു.


നബി ﷺ സ്വഹാബികളുമായി കൂടിയാലോചിച്ചു. ശക്തമായ യുദ്ധതന്ത്രം ആവിഷ്കരിക്കേണ്ടതായി വന്നു. അങ്ങോട്ടു ചെന്ന് ആക്രമിക്കുക.

ശത്രുവിന്റെ വീര്യം തകർക്കാൻ അതാണു നല്ലത്. നബിﷺതങ്ങളും എഴുനൂറ് യോദ്ധാക്കളും നജ്ദിലേക്കു പുറപ്പെടുകയാണ്. ഉസ്മാൻ(റ)വിനെ മദീനയുടെ ചുമതലയേൽപിച്ചു.


മുസ്ലിംകൾ പുറപ്പെട്ടു.


ഈ വിവരം അറിഞ്ഞതോടെ ശത്രുക്കൾ ഭയവിഹ്വലരായി.


അവർ മലമുകളിൽ അഭയം പ്രാപിച്ചു. മുസ്ലിംസേന ആ പ്രദേശത്തെത്തിയപ്പോൾ പുരുഷന്മാരെയൊന്നും കാണാനില്ല. വീടുകളിൽ സ്ത്രീകൾ മാത്രമേയുള്ളൂ...


ഇതും ഒരു യുദ്ധതന്ത്രമായിരിക്കാം. ശത്രുക്കളെ കാണാതാവുമ്പോൾ മുസ്ലിംകൾ വിശ്രമിക്കും. യുദ്ധത്തിന്റെ ചിന്തയില്ലാതെ വിശ്രമിക്കുമ്പോൾ പൊടുന്നനെ ആക്രമിക്കാം. പരാജയപ്പെടുത്താം. 


സ്ത്രീകളും കുട്ടികളും മുസ്ലിം സേനയുടെ വലയത്തിലാണ്. വീടുകൾ ഉപരോധത്തിൽ. ശത്രുക്കൾ ശക്തമായ ആക്രമണം നടത്തുമെന്നുതന്നെ മുസ്ലിം സൈന്യം കരുതി. 


അസ്വർ നിസ്കാരത്തിനു സമയമായി. നിസ്കാര സമയത്ത് ആക്രമണം ഉണ്ടാകുമോ എന്നു ഭയം.നിസ്കാരം നിർവഹിക്കണം. ശത്രുവിനെ പേടിക്കണം. പിന്നെന്തു ചെയ്യും..?


ഇവിടെ വച്ചു ഭയപ്പാടിന്റെ സമയത്തെ നിസ്കാരം (സ്വലാതുൽ ഖൗഫ്) നിസ്കരിച്ചു. യുദ്ധവേളയിലെ നിസ്കാരമാണ് 'സ്വലാതുൽ ഖൗഫ്'.


സൈന്യത്തിലെ ഒരു വിഭാഗം പ്രവാചകനോടൊപ്പം (ﷺ) നിസ്കരിച്ചു. മറ്റു വിഭാഗം ശത്രുക്കളെ നിരീക്ഷിച്ചുനിന്നു. ഇങ്ങനെ സ്വലാതുൽ ഖൗഫ് നിലവിൽവന്നു.


ശത്രുക്കൾ വന്നില്ല. അവർ വല്ലാതെ ഭയന്നുപോയിരുന്നു. പതിനഞ്ചു ദിവസങ്ങൾക്കു ശേഷം മദീനയിലേക്കു മടങ്ങി. 'ദാതുൽ റിഖാഅ്' എന്നാണ് ഈ സംഭവത്തിന്റെ പേര്...



Part : 110


'അവസാനത്തെ ബദർ യുദ്ധം' എന്നൊരു സംഭവംകൂടി നടന്നിട്ടുണ്ട്. അതിനെപ്പറ്റി പറയാം...


ഉഹ്ദിൽ നിന്നു മടങ്ങിപ്പോകുമ്പോൾ അബൂസുഫ്യാൻ എന്താണു വിളിച്ചുപറഞ്ഞതെന്ന് ഓർമയുണ്ടല്ലോ..?


“അടുത്ത വർഷം ബദറിൽ കാണാം.”


അതേ, ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അബൂസുഫ്യാൻ

സൈനിക സജ്ജീകരണങ്ങൾ തുടങ്ങിക്കഴിഞ്ഞു...


സംഗതികൾ ഒന്നും പഴയതുപോലെ നടക്കുന്നില്ല. അബൂസുഫ്യാൻ വിഷമിക്കുകയാണ്. മക്കയിൽ ക്ഷാമകാലമാണ്. വരൾച്ചയും ദാരിദ്ര്യവും. മനുഷ്യമനസ്സുകളിൽ സന്തോഷമില്ല. യുദ്ധചിന്തകൾക്കു പറ്റിയ കാലാവസ്ഥയല്ല. എന്നുവച്ചു യുദ്ധത്തിൽ നിന്നു പിന്തിരിയാമോ..?

മുസ്ലിംകളുടെ മുമ്പിൽ നാണക്കേടാവും.


അബൂസുഫ്യാൻ ഒരാളെ മദീനയിലേക്കയച്ചു. നഈം ബ്നു മസ്ഊദ്. അയാൾ മദീനയിൽ വന്നു. മദീനക്കാർക്കിടയിൽ സഞ്ചരിച്ചു. അബൂസുഫ്യാൻ വൻ സൈന്യത്തെ ഒരുക്കിയിട്ടുണ്ടെന്നും ഉടനെ ബദറിലേക്കു പുറപ്പെടുമെന്നും പ്രചരിപ്പിച്ചു.


സത്യം മറ്റൊന്നായിരുന്നു. യുദ്ധം അടുത്ത വർഷത്തേക്കു നീട്ടിവയ്ക്കണമെന്നാണ് അബൂസുഫ്യാന്റെ മനസ്സിലുള്ളത്. പുറത്തു പറയാൻ വയ്യ. സ്വന്തക്കാരുടെ മുമ്പിലും മുസ്ലിംകളുടെ മുമ്പിലും കുറച്ചിലാണ്.


അതുകൊണ്ട് യുദ്ധത്തിന്റെ ഒരുക്കം തുടരുന്നു. രണ്ടായിരത്തിലധികം വരുന്ന സൈന്യത്തെ ഒരുക്കിനിറുത്തി. കഴിയാവുന്നത്ര യുദ്ധോപകരണങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചു.


നഈമിനെ കൂലികൊടുത്താണ് അബൂസുഫ്യാൻ മദീനയിലേക്കയച്ചത്. തന്റെ സൈനിക സജ്ജീകരണങ്ങളെക്കുറിച്ചറിഞ്ഞു മുഹമ്മദും (ﷺ) കൂട്ടരും യുദ്ധത്തിൽനിന്നു പിൻമാറട്ടെ എന്നായിരുന്നു അബൂസുഫ്യാന്റെ വിചാരം. അവർ പിൻമാറിയാൽ തനിക്കും പിന്മാറാം. കുറ്റം മുസ്ലിംകളിൽ ചാർത്തുകയും ചെയ്യാം. പക്ഷേ, തന്ത്രം ഫലിച്ചില്ല.

നഈമിന്റെ പ്രചാരണം വിപരീത ഫലമാണുണ്ടാക്കിയത്...


അബൂസുഫ്യാൻ വലിയ സൈന്യത്തെ ഒരുക്കിയെങ്കിൽ നമ്മളും ഒരുങ്ങിത്തന്നെ പോകണം. ബദറിന്റെ ഓർമകൾ ഉണരുകയായി. ബദറിലേക്കു പോകണമെന്ന പ്രവാചകരുടെ പ്രഖ്യാപനം എല്ലാവരെയും തട്ടിയുണർത്തി. ആയിരത്തഞ്ഞൂറ് യോദ്ധാക്കൾ ഒരുങ്ങിക്കഴിഞ്ഞു...


അബ്ദുല്ലാഹിബ്നു റവാഹ(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മുസ്ലിം സൈന്യം ബദറിലെത്തി. ശത്രുക്കളെ കാണാനില്ല. അവർ കച്ചവടത്തിൽ വ്യാപൃതരായി...


അബൂസുഫ്യാൻ മക്കയിൽ നിന്നു സൈന്യത്തോടുകൂടി പുറപ്പെട്ടു. മനമില്ലാ മനസ്സോടെയാണ് അബൂസുഫ്യാന്റെ യാത്ര.


അവർ മജന്നത് എന്ന സ്ഥലത്തെത്തി.


അവിടെനിന്നു മുമ്പോട്ടു നീങ്ങാൻ മടി. അബൂസുഫ്യാൻ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു: “ഇതു ക്ഷാമകാലമാണ്. ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കാലം. യുദ്ധത്തിനു യോജിച്ച കാലമല്ല. നമുക്കു യുദ്ധം നീട്ടിവയ്ക്കാം. മക്കയിലേക്കു മടങ്ങുന്നതാണ് ഉത്തമം...”


സൈന്യം മക്കയിലേക്കു മടങ്ങി.

മുസ്ലിം സേന ബദറിൽ കാത്തിരുന്നു. ശത്രുക്കൾ വന്നില്ല...


അബൂസുഫ്യാൻ മക്കയിൽ മടങ്ങിയെത്തിയപ്പോൾ ഗോത്രത്തലവനായ സഫ്വാനു ബ്നു ഉമയ്യ ഇങ്ങനെ പറഞ്ഞു: “അടുത്ത വർഷം ബദറിൽ വച്ചു കാണാം എന്നു പറയുന്നതിൽ നിന്നു ഞാൻ അന്നു താങ്കളെ വിലക്കിയില്ലേ..? അതു കേൾക്കാതെ താങ്കൾ യുദ്ധം വാഗ്ദാനം ചെയ്തു. എന്നിട്ടെന്തുണ്ടായി. അവർ ധീരന്മാരായി, നിങ്ങൾ വാഗ്ദത്ത ലംഘകരുമായി..!”


മക്കാതെരുവിൽ സ്ത്രീകൾ അബൂസുഫ്യാനെയും കൂട്ടരെയും കളിയാക്കി. സർവത്ര നാണക്കേട്.


അബൂസുഫ്യാനു തല താഴ്ത്തേണ്ടതായി വന്നു. മുസ്ലിംകൾ സന്തോഷപൂർവം മദീനയിൽ തിരിച്ചെത്തി. ഈ സംഭവമാണ് ബദറുൽ ആഖിർ (അവസാനത്തെ ബദർ) എന്ന പേരിൽ അറിയപ്പെടുന്നത്...


ദുമത്ത് അൽ ജന്തൽ (دمت الجندل) എന്ന പ്രദേശത്തുവച്ചു നടന്ന ഒരു സംഭവം

പറയാം...


ഹിജ്റയുടെ അഞ്ചാം വർഷമാണു സംഭവം. ദമസ്കസിലേക്കു പോകുന്ന വഴിയിലാണ് ഈ സ്ഥലം. മദീനയിൽ നിന്നു പതിനഞ്ചു ദിവസത്തെ വഴിദൂരമുണ്ട്. ദുമതുൽ ജന്തലിലെ ആളുകൾ യാത്രക്കാരെ ഉപദ്രവിച്ചുകൊണ്ടിരുന്നു. യാത്രാസംഘങ്ങൾ വല്ലാതെ വിഷമിച്ചു. കച്ചവടസംഘങ്ങളെ അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു.

അവരെ അമർച്ച ചെയ്യേണ്ടത് അത്യാവശ്യമായിത്തീർന്നു...


ഇതിനിടയിൽ അക്കൂട്ടർ മദീന ആക്രമിക്കാൻ പുറപ്പെടുന്നു എന്ന വാർത്തയും പരന്നു. നബിﷺതങ്ങൾ ദൂമത്തുൽ ജന്തലിലേക്കു പുറപ്പെട്ടു. കൂടെ ആയിരം യോദ്ധാക്കളുമുണ്ട്. റബീഉൽ അവ്വൽ മാസത്തിലാണു പുറപ്പെട്ടത്...


സിബാഉ ബനു ഉമർ ഫുതത്ത്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകനും (ﷺ) അനുയായികളും എത്തിയതോടെ ആ പ്രദേശത്തുകാർ ഓടിരക്ഷപ്പെട്ടു. മുസ്ലിംകൾ പല വഴി അന്വേഷിച്ചു നടന്നു. ഒരാളെയും പിടികിട്ടിയില്ല.


നബിﷺതങ്ങളും അനുയായികളും മദീനയിലേക്കു മടങ്ങിപ്പോന്നു. അക്രമം കാണിച്ചാൽ പ്രവാചകൻ ﷺ വെറുതെയിരിക്കുകയില്ലെന്ന ചിന്ത അവർക്കുണ്ടായി...


കച്ചവടസംഘങ്ങളുടെ സഞ്ചാരമാർഗം സുരക്ഷിതമായിരിക്കണമെന്നാണു മുസ്ലിംകൾ എക്കാലവും വാദിച്ചത്. ചില പ്രത്യേക സന്ദർഭങ്ങളിൽ മക്കക്കാരുടെ കച്ചവടസംഘത്തെ മുസ്ലിംകൾക്കു വഴിയിൽ തടയേണ്ടതായി വന്നു. അതിനു മതിയായ കാരണങ്ങളുമുണ്ട്...



Part : 111


രാജകുമാരി വരുന്നു 


ബനുൽ മുസ്ത്വലഖ് യുദ്ധം. വളരെ പ്രസിദ്ധമായ സംഭവം. യുദ്ധം തന്നെ ഒരു വലിയ അനുഭവം. യുദ്ധത്തോടനുബന്ധിച്ചു മൂന്നു പ്രധാന സംഭവങ്ങൾ നടന്നു. അവ മൂന്നും ഏറെ ശ്രദ്ധേയവും...


മുനാഫിഖുകളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതാണ് ഒന്നാമത്തെ സംഭവം.


പ്രവാചകരുടെ (ﷺ) പ്രിയ പത്നി ആഇശ(റ)ക്കെതിരെ അപവാദം പ്രചരിപ്പിച്ചതാണു രണ്ടാമത്തെ സംഭവം.


ജുവയ്രിയ(റ)യെ പ്രവാചകൻ ﷺ വിവാഹം കഴിച്ചതാണു മൂന്നാമത്തെ സംഭവം. ഇവ മൂന്നും നാം മനസ്സിലാക്കണം.


ഉഹുദ് യുദ്ധം നടക്കുമ്പോൾ ഖുറയ്ശികളെ സഹായിച്ച ഒരു

ഗോത്രത്തിന്റെ പേരാണു മുസ്ത്വലഖ്.


അവർ ഇസ്ലാമിന്റെ ശത്രുക്കളായിരുന്നു. അവർ സൈനിക ശേഖരണം നടത്തുന്നതായും മദീനയെ ആക്രമിക്കാൻ ഒരുങ്ങുന്നതായും വിവരം ലഭിച്ചു. ബനൂ മുസ്ത്വലഖിന്റെ നേതാവ് ഹാരിസ് ബ്നു അബീസിറാർ ആയിരുന്നു.


സയ്ദ് ബ്നു ഹാരിസ്(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. വലിയൊരു സൈന്യവുമായി പ്രവാചകൻ ﷺ പുറപ്പെട്ടു.


ഈ യുദ്ധത്തിൽ ധാരാളം ഗനീമത്തു കിട്ടാൻ സാധ്യതയുണ്ടെന്നു മുനാഫിഖുകൾക്കു തോന്നി. അബ്ദുല്ലാഹിബ്നു ഉബയ്യ് ഉൾപെടെയുള്ള കപടവിശ്വാസികൾ യുദ്ധത്തിനു പുറപ്പെട്ടു.


ഉമ്മുൽ മുഅ്മിനീൻ ആഇശ(റ), ഉമ്മുസൽമ(റ) എന്നിവരും

കൂട്ടത്തിൽ പുറപ്പെട്ടു.


വഴിയിൽവച്ച് ഒരാളെ പിടികൂടി. ചോദ്യം ചെയ്തപ്പോൾ ബനുൽ മുസ്ത്വലഖിന്റെ ചാരനാണെന്നു മനസ്സിലായി. അവനോട് ഇസ്ലാംമതം സ്വീകരിക്കാൻ പറഞ്ഞു. അവനതു നിരസിച്ചു. ശ്രതുക്കളുടെ വിവരങ്ങൾ പലതും ചോദിച്ചു. ഒരക്ഷരവും സംസാരിക്കുന്നില്ല. അവൻ ചില്ലറക്കാരനല്ലെന്നു മനസ്സിലായി. അവനെ വെറുതെ വിട്ടാൽ ആപത്താണ്. അറിഞ്ഞുകൊണ്ട് ആപത്തു വരുത്തിവയ്ക്കുന്നതെന്തിന്..?!


അവനെ വധിച്ചു. ഈ സംഭവം ബനൂ മുസ്ത്വലഖിനെ ഞെട്ടിച്ചു. ഏറ്റുമുട്ടിയാൽ അനേകം പേർ വധിക്കപ്പെടുമെന്ന് അവർ മനസ്സിലാക്കി.


മുസ്ത്വലഖ് ഗോത്രക്കാരുടെ അധീനതയിലുള്ള മുറൈസീഅ് എന്ന ജലാശയത്തിനടുത്താണ് മുസ്ലിം സൈന്യം താവളമടിച്ചിരുന്നത്. ആ ജലാശയത്തിനടുത്തുവച്ചു ഗോത്രക്കാരുമായി ബന്ധപ്പെട്ടു.


“ഏകനായ അല്ലാഹുﷻവിലും അവന്റെ റസൂലിലും (ﷺ) വിശ്വസിക്കുക. പ്രവാചകനു മുമ്പിൽ കീഴടങ്ങുക.” മുസ്ത്വലഖ് ഗോത്രക്കാരോടു മുസ്ലിം സൈന്യം ആവശ്യപ്പെട്ടു. അവർ അതു ചെവിക്കൊണ്ടില്ല...


അതു കാരണം യുദ്ധം ആരംഭിച്ചു. ബനൂ മുസ്ത്വലഖിന്റെ പത്തു പേർ വധിക്കപ്പെട്ടു. മറ്റുള്ളവർ ബന്ധനസ്ഥരായി. അവർ ഇരുനൂറോളം കുടുംബങ്ങളുണ്ടായിരുന്നു. രണ്ടായിരം ഒട്ടകങ്ങളും അയ്യായിരം ആടുകളും യുദ്ധമുതലായി പിടിച്ചെടുത്തു. ബന്ധികളുടെ കൂട്ടത്തിൽ ഗോത്രത്തലവൻ ഹാരിസിന്റെ പുത്രി ബരീറയും ഉണ്ടായിരുന്നു.


ഗോത്രക്കാരുടെ സ്നേഹഭാജനമായിരുന്നു ബരീറ. ഈ യുവതിയാണു പിന്നീടു ജുവൈരിയ (റ) എന്ന പേരിൽ അറിയപ്പെട്ടത്...



Part : 112


ബനൂ മുസ്ത്വലഖ് യുദ്ധം നടന്നതുകൊണ്ട് ഹാരിസും ബരീറയും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. അല്ലെങ്കിൽ അവരൊക്കെ

എന്നോ വിസ്മരിക്കപ്പെട്ടേനെ. അവർ മുസ്ലിംകളുടെ കയ്യിൽപെട്ടത് അവരുടെ ഭാഗ്യം. ബരീറയുടെ കഥയുടെ ബാക്കിഭാഗം കൂടി പറയാം.


യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികൾക്കിടയിൽ ബന്ദികൾ

വിതരണം ചെയ്യപ്പെട്ടു. ബരീറയെ ഒരു സ്വഹാബിക്കു കിട്ടി. ബന്ധനസ്ഥരോടെല്ലാം വളരെ നല്ല നിലയിലാണു മുസ്ലിംകൾ പെരുമാറിയത്.


ഒരു ദിവസം ബരീറ പ്രവാചകനെ (ﷺ) കാണാൻ വന്നു. “എനിക്കു കുറച്ചു പണം വേണം” - ബരീറ പറഞ്ഞു.


“എന്തിനാണു പണം..?” - നബി ﷺ ചോദിച്ചു.


“എന്റെ യജമാനനു കൊടുക്കാൻ. എന്നിട്ട് എനിക്കു സ്വതന്ത്രയാവണം.” ഗോത്രത്തലവന്റെ മകളാണു പറയുന്നത്.


പ്രവാചകന്റെ (ﷺ) മനസ്സലിഞ്ഞു. “നീ ഉദ്ദേശിക്കുന്നതിനേക്കാൾ ഉന്നതമായ സ്ഥാനം ഞാൻ നിനക്കു നൽകാം.”


പ്രവാചകന്റെ (ﷺ) വാക്കുകൾ ബരീറയുടെ മനസ്സിൽ പ്രകാശം പരത്തി. ബനൂ മുസ്ത്വലഖിനെ മുഴുവൻ ആഹ്ലാദഭരിതമാക്കിയ സംഭവമാണു പിന്നീടു നടന്നത്...


ബരീറയെ മോചിപ്പിച്ചു. സ്വതന്ത്രയാക്കി. അവർ പ്രവാചകരുടെ (ﷺ) ഭാര്യാപദത്തിലേക്ക് ഉയർത്തപ്പെട്ടു. ബനുമുസ്ത്വലഖ് ആഹ്ലാദഭരിതമായി. തങ്ങളുടെ രാജകുമാരിയുടെ മഹാഭാഗ്യം അവരെ വളരെയേറെ സന്തോഷിപ്പിച്ചു. ഒരൊറ്റ ദിവസംകൊണ്ട് അവരെല്ലാം

പ്രവാചകന്റെ (ﷺ) ബന്ധുക്കളായിത്തീർന്നു. പിന്നെ ഒട്ടും താമസിച്ചില്ല, ഒരു ഗോത്രം ഒന്നായി ഇസ്ലാംമതം സ്വീകരിച്ചു...


പ്രവാചകരുടെ (ﷺ) ബന്ധുക്കൾ..! ഭാഗ്യവാന്മാരും ഭാഗ്യവതികളും. അവരെ ഇനിയും അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്നത് ഒട്ടും ഉചിതമല്ല. സ്വഹാബികൾ അങ്ങനെ ചിന്തിച്ചു...


ഓരോരുത്തരും അവരവരുടെ കൈവശമുള്ള അടിമകളെ സ്വതന്ത്രരാക്കി വിട്ടു. എല്ലാവരും സ്വതന്ത്രരായി. സന്തോഷഭരിതരായി. പ്രവാചകരുടെ (ﷺ) സ്വന്തക്കാരായി...


ഇനിയുള്ള ജീവിതം ഇസ്ലാം ദീനിനുള്ളതാണ്. ഏകനായ അല്ലാഹുﷻവിന്റെ മതം പ്രചരിപ്പിക്കാൻ അവരെല്ലാം ഒറ്റക്കെട്ടായി രംഗത്തുവന്നു. അൻസ്വാറുകളെയും മുഹാജിറുകളെയും വളരെയേറെ സന്തോഷിപ്പിച്ചു...


നബിﷺതങ്ങളുടെ ഭാര്യമാർ ജുവൈരിയയെ സ്നേഹപൂർവം സ്വീകരിച്ചു. തങ്ങൾക്ക് ഒരു രാജകുമാരിയെ കിട്ടി. മിടു മിടുക്കിയും ബുദ്ധിമതിയുമാണ്. പ്രവാചകരുടെ (ﷺ) ജീവിതം പഠിക്കാനും പകർത്താനും ജുവയ്രിയ ആവേശം കാണിച്ചു...


ആഇശ(റ)ക്ക് ജുവൈരിയ(റ)യെ എന്തൊരിഷ്ടമാണ്..! “ഒരു ജനതയ്ക്കു മുഴുവൻ ഇത്ര വളരെ അനുഗ്രഹങ്ങൾ നേടിക്കൊടുത്ത മറ്റൊരു വനിതയെക്കുറിച്ചു ഞാൻ കേട്ടിട്ടില്ല.”


ജുവൈരിയ(റ) കാരണം ഒരു ജനത മുഴുവൻ വിജയിച്ചു. ഈ ലോകത്തും പരലോകത്തും. ബനൂ മുസ്ത്വലഖ് യുദ്ധം കാരണമുണ്ടായ ഒരു നേട്ടമാണ് ഇവിടെ വിവരിച്ചത്...


ഈ യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവം കപടവിശ്വാസികളുടെ നേതാവിന്റെ കുതന്ത്രങ്ങളാണ്. അബ്ദുല്ലാഹിബ്നു ഉബയ്യ്.


മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ വേണ്ടി തക്കം പാർത്തു നടക്കുകയാണവൻ. കൂലിവേലക്കാരനും ഒരു അൻസ്വാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. കൂലിക്കാർ മുഹാജിറുകളെയും അൻസ്വാരി ഖസ്റജ് ഗോത്രക്കാരെയും സഹായത്തിനു വിളിച്ചു.


നബിﷺതങ്ങൾ ഓടിയെത്തി. തർക്കം തീർത്തു. പറഞ്ഞ പരുഷ വാക്കുകൾക്കു മാപ്പു പറഞ്ഞു. എല്ലാം സന്തോഷമായി...


പ്രശ്നം പെട്ടെന്നു തീർന്നുപോയതിൽ അബ്ദുല്ലാഹി ബ്നു ഉബയ്യിനു വലിയ ദുഃഖം. ഇതൊരു സംഘട്ടനമാക്കി വളർത്താമായിരുന്നു. അവൻ അൻസ്വാരികൾക്കിടയിൽ നടന്നു പലതും വിളിച്ചു പറയാൻ തുടങ്ങി. ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം...


“കണ്ടോ... സ്വന്തം നാട്ടിൽ പോലും നമുക്കു രക്ഷയില്ല. മുഹാജിറുകൾ നമ്മ പരാജയപ്പെടുത്തുന്നു. നാം മദീനയിൽ തിരിച്ചെത്തിയാൽ ചിലതൊക്കെ ചെയ്യണം, പ്രതാപശാലികൾ പ്രതാപം കുറഞ്ഞവരെ കൈവെടിയണം...”


പിന്നെയും അവൻ പലതും പറഞ്ഞു. നബിﷺതങ്ങൾ വിവരമറിഞ്ഞു രോഷംകൊണ്ടു. ഉടനെ മടക്കയാത്ര ആരംഭിക്കാൻ കൽപിച്ചു. കഠിനമായ ചൂടുള്ള സമയം. ഈ സമയത്തു യാത്രയോ..?


എല്ലാവരും അതിനെ കുറിച്ചാണു ചിന്തിച്ചത്. കപടവിശ്വാസി പറഞ്ഞതൊക്കെ ആളുകൾ മറന്നു. അതുതന്നെയായിരുന്നു പ്രവാചകൻ ﷺ ഉദ്ദേശിച്ചതും...



Part : 113


അപവാദത്തിന്റെ തീനാളങ്ങൾ 


ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മടങ്ങുന്ന സ്വഹാബികൾക്കു തുടർച്ചയായി യാത്ര ചെയ്യേണ്ടി വന്നു. ഒരു പകലും ഒരു രാത്രിയും യാത്ര ചെയ്തു. അടുത്ത പകൽ ചൂടു കഠിനമാകും വരെ യാത്ര ചെയ്തു. എല്ലാവരും തളർന്നു.


വിശ്രമിക്കാൻ കൽപന കൊടുത്തു. വാഹനങ്ങൾ നിറുത്തി. എല്ലാവരും താഴെയിറങ്ങി. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.


അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വാക്കുകളെക്കുറിച്ചു ചർച്ച ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.


വിശ്രമത്തിനു ശേഷം യാത്ര.


കപടവിശ്വാസികളുടെ നേതാവിനോടു പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിച്ചു..? മുസ്ലിം സമുദായം അതു മനസ്സിലാക്കണം...


ഒരു സന്ദർഭത്തിൽ ഉമർ(റ) പ്രവാചകനോടു (ﷺ) പറഞ്ഞു: “അബ്ദുല്ലാഹിബ്നു ഉബയ്യിനെ വധിക്കാൻ ബിലാലിനോടു കൽപിക്കൂ..!” എന്തായിരുന്നു പ്രവാചകരുടെ മറുപടി..?


“ഉമർ, എന്താണിപ്പറയുന്നത്..? മുഹമ്മദ് അവന്റെ അനുയായികളെത്തന്നെ വധിക്കാൻ ആരംഭിച്ചു എന്നു ജനങ്ങൾ പറയില്ലേ..?”


വിശ്വാസം ദുർബലമായ ആളുകളാണ് മുനാഫിഖുകൾ. അവരെക്കൊണ്ടു സമൂഹത്തിനു വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായിവരും.

അവരുടെ ചലനങ്ങളെക്കുറിച്ച് എപ്പോഴും സമുദായം ജാഗ്രത പുലർത്തണം. അവർ സമൂഹത്തിനു ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കും. ഒറ്റ നോട്ടത്തിൽ അതിൽ അൽപം കാര്യമുണ്ടെന്നു തോന്നും. പാമര ജനത വഴിതെറ്റാൻ കാരണമായേക്കും.


അത്തരക്കാരുടെ അഭിപ്രായങ്ങൾ ചർച്ചക്കു വരാതെ നോക്കണം.

പ്രവാചകൻ ﷺ ഇവിടെ കാണിച്ച മാതൃക അതാണ്.


എല്ലാ കാലത്തും വിശ്വാസപരമായ ബലഹീനത ബാധിച്ചവരുണ്ടാകും. അവരുടെ പ്രവർത്തനങ്ങൾ വലിയ കുഴപ്പങ്ങൾക്കു വഴിവയ്ക്കും . സമൂഹം കരുതിയിരിക്കണം.


“പ്രവാചകനെ (ﷺ) സമീപിച്ചു മാപ്പു ചോദിക്കൂ..!”ചിലർ അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉപദേശിച്ചു.


“മാപ്പു ചോദിക്കുകയോ, എന്തിന്..?” ധിക്കാരം നിറഞ്ഞ മറുപടി.


മുനാഫിഖുകളുടെ കാര്യത്തിൽ ആയത്തിറങ്ങി: “നാം മദീനയിലേക്കു മടങ്ങിയാൽ കൂടുതൽ ശക്തിയും പ്രതാപവും ഉള്ളവർ ബലഹീനരെ അവിടെനിന്നു പുറത്താക്കുമെന്ന് അവർ പറയുന്നു. അറിയുക, അല്ലാഹുﷻവിനും അവന്റെ റസൂലിനും (ﷺ) സത്യവിശ്വാസികൾക്കുമാണു പ്രതാപം. പക്ഷേ, കപടവിശ്വാസികൾ അതു മനസ്സിലാക്കുന്നില്ല.”


ഈ ആശയം ഉൾക്കൊള്ളുന്ന ആയത്ത് ഇറങ്ങിയപ്പോൾ

അബ്ദുല്ലാഹിബ്നു ഉബയ്യ് വധിക്കപ്പെടുമെന്നു പലർക്കും

തോന്നി. അവന്റെ മകൻ സത്യവിശ്വാസിയായിരുന്നു.


മകൻ നബിﷺയെ സമീപിച്ചു. പിതാവിനെ കൊല്ലാനുള്ള അനുവാദം തരണമെന്നപേക്ഷിച്ചു.


പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി; “അവനെ നാം വധിക്കുകയില്ല. നാം അവനോടു കരുണ കാണിക്കും. നമ്മുടെ കൂട്ടത്തിൽ കഴിയുന്ന കാലത്തോളം നല്ല നിലയിൽ പെരുമാറും. പിതാവിനു നന്മ ചെയ്യുക...”


പിതാവിന്റെ തലയെടുക്കാൻ വന്ന പുത്രനെ പ്രവാചകൻ ﷺ നല്ല ഉപദേശങ്ങൾ നൽകി തിരിച്ചയച്ചു... 



Part : 114


ബനൂ മുസ്ത്വലഖ് യുദ്ധത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ സംഭവമാണു നാം മുമ്പ് വായിച്ചത്. ഇനി മൂന്നാമത്തെ സംഭവം പറയാം. അതും വളരെ പ്രധാ

നപ്പെട്ടതാണ്. കേട്ടോളൂ...


ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മുസ്ലിംകൾ മടങ്ങിവരികയാണ്. മദീനയ്ക്ക് സമീപം ഒരിടത്തു താവളമടിച്ചു. ആ രാത്രി അവിടെ വിശ്രമിച്ചു. പ്രഭാതം വിടരാൻ പോകുന്നു.


ആഇശ(റ) യാത്രാസംഘത്തിലുണ്ടായിരുന്നല്ലോ. അതിരാവിലെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തുപോയതായിരുന്നു ആഇശ(റ).


യാത്രാസംഘത്തിനു പുറപ്പെടാൻ സമയമായി. ആഇശ(റ)യുടെ പല്ലക്ക് തമ്പിനു പുറത്തുണ്ടായിരുന്നു. അവർ മടങ്ങിവന്നശേഷം പല്ലക്കിൽ കയറും. പല്ലക്ക് ഒട്ടകപ്പുറത്തു ബന്ധിക്കും. യാത്ര തുടരും. ഇതാണു പതിവ്.


ആഇശ(റ) മടങ്ങിവരുന്നതും പല്ലക്കിനടുത്തു നിൽക്കുന്നതും കണ്ടവരുണ്ട്. അവർ പല്ലക്ക് എടുത്ത് ഒട്ടകപ്പുറത്തു വച്ചുയാത്ര തുടങ്ങി.


ആഇശ(റ) പല്ലക്കിൽ കയറിയിരുന്നില്ല. അവരുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടിരുന്നു. അതു തിരയാൻ പോയതായിരുന്നു അവർ. മാല കിട്ടി. തിരിച്ചുവന്നപ്പോൾ പല്ലക്കുമില്ല ഒട്ടകവുമില്ല. വിജനം..!


പല്ലക്ക് എടുത്തുവച്ചവർക്കു ഭാരവ്യത്യാസം തോന്നിയില്ല. അന്ന് ആഇശ(റ)ക്കു പതിമൂന്നു വയസ്സു മാത്രം പ്രായം. തീരെ മെലിഞ്ഞ പെൺകുട്ടി.


മേലാസകലം മൂടിപ്പുതച്ച് അവിടെത്തന്നെ കിടന്നു. താൻ ഒട്ടകപ്പുറത്തില്ലെന്നു മനസ്സിലാക്കി ആരെങ്കിലും തന്നെ തിരഞ്ഞു

വരുമെന്ന് അവർ പ്രതീക്ഷിച്ചു. ആ കിടപ്പിൽ ഉറങ്ങിപ്പോയി.


സൈന്യം വിശ്രമകേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ടശേഷം എന്തെങ്കിലും സാധനം മറന്നുപോയിട്ടുണ്ടോ എന്നു നോക്കാൻ ഒരാളെ പിന്നിൽ വരാൻ നിയമിക്കും.


സഫ്വാനു ബ്നു മുഅത്തൽ (റ) ആയിരുന്നു ഇത്തവണ നിയോഗിക്കപ്പെട്ടത്. അദ്ദേഹം സാവകാശം ഒട്ടകപ്പുറത്തു വരികയാണ്. നിലത്തു കിടന്നുറങ്ങുന്ന പെൺകുട്ടിയെ അദ്ദേഹം കണ്ടു. പ്രവാചകരുടെ (ﷺ) ഭാര്യയെ ഈ അവസ്ഥയിൽ കണ്ടു ഞെട്ടിപ്പോയി..!!


“ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്” സഫ്വാൻ(റ) ഉറക്കെ പറഞ്ഞുപോയി.


ശബ്ദം കേട്ട് ആഇശ(റ) ഞെട്ടിയുണർന്നു. സഫ്വാൻ(റ) മുമ്പിൽ നിൽക്കുന്നു. പെട്ടെന്നു മുഖം മറച്ചു. മറ്റൊരു നിവൃത്തിയുമില്ലായിരുന്നു. അവർ സഫ്വാൻ(റ) ന്റെ ഒട്ടകപ്പുറത്തു കയറിയിരുന്നു.


സഫ്വാൻ(റ) ഒട്ടകത്തിന്റെ കയർ പിടിച്ചുനടന്നു. അവർ വേഗത്തിൽ സഞ്ചരിച്ചു. പ്രവാചകനും (ﷺ) സംഘവും വളരെ ദൂരം എത്തിയിരുന്നു...



Part : 115


സഫ്വാൻ(റ) ആഇശ(റ)യെ വളരെ ആദരവോടെ മദീനയിലെ വീട്ടിലെത്തിച്ചു. ദീർഘ യാത്ര കാരണം ആഇശ(റ) മദീനയിലെത്തിയ ഉടനെ രോഗം പിടിപെട്ടു കിടപ്പിലായി. ഒരു മാസത്തോളം അസുഖം നീണ്ടുനിന്നു.


ഇതിനിടയിലാണ് പ്രവാചകൻ ﷺ യും ജുവൈരിയ (റ)യും തമ്മിലുള്ള വിവാഹം നടന്നത്. അവരുടെ ഗോത്രങ്ങൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നു. സ്വഹാബികൾ അവരെ സ്വതന്ത്രരാക്കി. ഇങ്ങനെ പല സംഭവങ്ങൾകൊണ്ടു തിരക്കു പിടിച്ചതായിരുന്നു ആ ദിവസങ്ങൾ. ഈ തിരക്കിനിടയിൽ ആഇശ(റ)യുടെ രോഗ വിവരങ്ങൾ വേണ്ടതുപോലെ അന്വേഷിക്കാൻ റസൂൽ ﷺ ക്ക് സമയം കിട്ടിയതുമില്ല.


കപടവിശ്വാസികൾക്ക് ഒരവസരം വീണുകിട്ടി. സഫ്വാൻ(റ)വിനെയും ആഇശ(റ)യെയും ചേർത്ത് അപവാദം പ്രചരിപ്പിക്കുക. ഇരുവരും ഒന്നിച്ചാണല്ലോ വന്നത്.


ആഇശ(റ) എങ്ങനെ സഫ്വാൻ(റ)വിന്റെ ഒട്ടകപ്പുറത്ത് എത്തി..?


കപടവിശ്വാസികൾ കഥയുണ്ടാക്കി. ആളുകൾക്കിടയിൽ പ്രചരിപ്പിച്ചു. പലരും നെറ്റി ചുളിച്ചു. ആഇശ(റ) പരിശുദ്ധയാണ്. ഒരു തെറ്റും ചെയ്യുകയില്ല. പ്രവാചകരുടെ (ﷺ) പത്നിയാണ്. സിദ്ദീഖ്(റ)വിന്റെ മകളാണ്. അവരെങ്ങനെ സഫ്വാൻ(റ)വിന്റെ കൂടെയായി..?


ഉത്തരമില്ലാത്ത ചോദ്യം.


ആശയക്കുഴപ്പത്തിലായി പലരും. തുറന്നു ചോദിക്കാനും വയ്യ..!!


അപവാദം പ്രചരിപ്പിക്കുന്നതിൽ ചില പെണ്ണുങ്ങളും പെട്ടുപോയി. ജഹ്ശിന്റെ മകൾ ഹംന അതിൽ പെടുന്നു.


അസാസയുടെ മകൻ മിസ്ത്വഹ് അപവാദം പലരോടും പറഞ്ഞു. അബൂബക്കർ(റ)വിന്റെ ബന്ധുവാണ് മിസ്ത്വഹ്. സാമ്പത്തിക ശേഷിയൊന്നുമില്ല. അതുകൊണ്ട് അത്യാവശ്യത്തിനുള്ള പണം അബൂബക്കർ(റ) ആയിരുന്നു നൽകിയിരുന്നത്. മിസ്ത്വഹ് ബദറിൽ പങ്കെടുത്ത ആളാണ്. എന്നാലും അപവാദ പ്രചരണത്തിൽ പങ്കുവഹിച്ചു.


ഹസ്സാൻ ബ്നു സാബിത്. പ്രസിദ്ധനായ കവിയാണ്. പ്രവാചകനു(ﷺ)വേണ്ടി ധാരാളം കവിതകൾ പാടിയിട്ടുണ്ട്. പക്ഷേ, അപവാദ പ്രചരണത്തിൽ കുടുങ്ങിപ്പോയി. മറ്റു പലർക്കും സംശയം തോന്നിയെങ്കിലും പറഞ്ഞു നടന്നില്ല. അവർ ക്ഷമിച്ചു. കപടവിശ്വാസികൾക്ക് ഇതിൽപരം ഒരു സന്തോഷമില്ല...


അബ്ദുല്ലാഹിബ്നു ഉബയ്യ് പരസ്യമായിത്തന്നെ രംഗത്തിറങ്ങി. കണ്ടവരോടെല്ലാം വിളിച്ചുപറഞ്ഞു.


പ്രവാചകൻ ﷺ വല്ലാതെ വിഷമിച്ചു. അബൂബക്കർ സിദ്ദീഖ്(റ)വിന്റെ പ്രയാസം വിവരിക്കാവതല്ല. ആഇശ(റ)യുടെ മാതാപിതാക്കൾ തീതിന്നു കഴിയുകയാണ്. മകളോട് അവർ ഈ കഥയൊന്നും പറഞ്ഞില്ല. ആഇശ(റ) ഒന്നും അറിഞ്ഞുമില്ല. രോഗം പിടിപെട്ടു കിടപ്പാണല്ലോ...


Part : 116


പരീക്ഷണത്തിന്റെ നാളുകൾ 


പ്രവാചകരുടെ (ﷺ) വീട്ടിൽ രോഗിയായി കിടക്കുന്ന ആഇശ(റ). അവരെ പരിചരിക്കാൻ വേണ്ടി ഉമ്മ വന്നിട്ടുണ്ട്. ഉമ്മയുടെ വാത്സല്യം നിറഞ്ഞ പരിചരണം മാത്രമാണ് അവർക്ക് ആശ്വാസം. പുറത്തെ കഥകളൊന്നും ബീവി അറിഞ്ഞില്ല...


രോഗം വരുമ്പോൾ പ്രവാചകൻ ﷺ വളരെ ദയാപൂർവം പെരുമാറും. ഇത്തവണ അതു കണ്ടില്ല. ഇടയ്ക്കൊക്കെ വരും. എങ്ങനെ യുണ്ടെന്നു ചോദിക്കും, അത്രതന്നെ.


എന്താണ് ഇങ്ങനെയൊരു മാറ്റം..?


ആഇശ(റ) അതിശയിച്ചു. ഈ അകൽച്ച അസഹ്യമായിത്തീർന്നപ്പോൾ ആഇശ(റ) നബിﷺയോടു ചോദിച്ചു.


“ഞാൻ ഉമ്മയുടെ വീട്ടിലേക്കു മാറിത്താമസിക്കട്ടെയോ..?”


“മാറിത്താമസിച്ചോളൂ...'' പെട്ടെന്നു സമ്മതം കൊടുത്തു.


ങേ... എന്തൊരു പണിയാണിത്.  തന്നോടു പോയ്ക്കൊള്ളാൻ പറഞ്ഞിരിക്കുന്നു..! ഇത്തിരി കൂടുതൽ ദയ കിട്ടാൻ വേണ്ടി ചോദിച്ചതാണ്. പോകാൻ സമ്മതം തന്നിരിക്കുന്നു.


ഉമ്മയുടെ കൂടെ വീട്ടിലേക്കു പോയി. വളരെ ദുഃഖത്തോടെ...


മനസ്സു നിറയെ വിഷമമായിരുന്നു. അധികദൂരം ഇല്ലല്ലോ. ഇടക്കൊക്കെ ഭർത്താവു വരും. അന്വേഷിക്കും. പഴയ സ്നേഹപ്രകടനമൊന്നുമില്ല. എന്തോ ഒരകൽച്ച...


“ഉമ്മാ... എന്തായിങ്ങനെ..? എന്നോടു പഴയ സ്നേഹം കാണിക്കുന്നില്ലല്ലോ..?”


“സ്നേഹമൊക്കെയുണ്ട്. മോൾക്കു വെറുതെ തോന്നുന്നതാണ്.” ഉമ്മ മകളെ ആശ്വസിപ്പിക്കും.


പിതാവ് ഇടയ്ക്കിടെ വരും. മകളെ ആശ്വസിപ്പിക്കും. രോഗ കാര്യത്തിൽ വളരെ ശ്രദ്ധാലുവാണ്. മാതാപിതാക്കൾ തന്നെ വളരെ കൂടുതൽ സ്നേഹിക്കുന്നു,ഭർത്താവു മാത്രം അകന്നുപോകുന്നു. എന്തായിങ്ങനെ..?


പ്രവാചകന്റെ (ﷺ) മനോവിഷമം വളരെ കൂടുതലാണ്. തന്റെ ഭാര്യയോട് ഒന്നും തുറന്നു ചോദിക്കാൻ കഴിയുന്നില്ല. മനസ്സിലെ വിഷമം അസഹ്യമായപ്പോൾ തന്റെ കുടുംബത്തിലെ ചിലരോടു കാര്യങ്ങൾ ചർച്ച ചെയ്തു. അവർക്കെല്ലാം ആഇശ(റ)യെപ്പറ്റി നല്ലതേ പറയാനുള്ളൂ.


ഉസാമ(റ) ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ കുടുംബം അങ്ങയുടെ കുടുംബം തന്നെയാണ്. അവരെക്കുറിച്ചു നല്ലതു മാത്രമേ ഞങ്ങൾക്കറിയുകയുള്ളൂ.”


അലി(റ) പറഞ്ഞു: “അവരുടെ വേലക്കാരിയോടു അങ്ങ് സംസാരിച്ചു നോക്കൂ...”


നബിﷺതങ്ങൾ വേലക്കാരിയോടു സംസാരിച്ചു. അവർ പറഞ്ഞു:


“സത്യവുമായി അങ്ങയെ അയച്ച അല്ലാഹുﷻവാണ് സത്യം! കണ്ണു ചിമ്മേണ്ട യാതൊരു കാര്യവും ഞാൻ അവരിൽ കണ്ടിട്ടില്ല. ഒരു കാര്യം പറയാം. അവർ വളരെ ചെറുപ്പമാണ്.


അപ്പമുണ്ടാക്കാൻ മാവു കുഴക്കുന്നതിനിടിൽ അവർ ഉറങ്ങിപ്പോകും. ആട്ടിൻകുട്ടി വന്ന് അതു തിന്നുകളയും.”


ഒരു പതിമൂന്നുകാരിയുടെ നിഷ്കളങ്കമായ അവസ്ഥയെക്കുറിച്ചാണു വേലക്കാരി പറഞ്ഞത്. പ്രവാചകൻ ﷺ പള്ളിയിലേക്കു മടങ്ങിവന്നു. മനസ്സ് ഇളകി മറിയുന്നു...



Part : 117


ആശ്വാസത്തിനു ദാഹിക്കുകയാണു പ്രവാചകൻ ﷺ. ആരുണ്ട് ആശ്വാസം പകരാൻ. സ്വിദ്ദീഖ്(റ)വിന് ആശ്വാസം പകരാൻ പറ്റുമോ..? സ്വന്തം മകളെപ്പറ്റിയല്ലേ ആരോപണം. എല്ലാം ആ മുനാഫിഖിന്റെ പണിയാണ്. അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ...


ആഇശ(റ)യുടെ രോഗം കുറഞ്ഞുവന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. ആഇശ(റ)ക്ക് ഒന്നു പുറത്തിറങ്ങണമെന്നു തോന്നി. കൂടെ സഹായത്തിന് ഒരു സ്ത്രീയുമുണ്ടായിരുന്നു. അബൂബക്കർ(റ)വിന്റെ ബന്ധുവാണവർ. അവരുടെ മകനാണ് മിസ്ത്വഹ് - അപവാദം പ്രചരിപ്പിക്കുന്ന ആൾ.


നടക്കുമ്പോൾ ആ സ്ത്രീ വസ്ത്രം തട്ടിവീണു. “മിസ്ത്വഹ് നശിക്കട്ടെ.” വീണപ്പോൾ അവരങ്ങനെ പ്രാകി.


ആഇശ(റ) ആശ്ചര്യത്തോടെ ചോദിച്ചു:


“ബദറിൽ പങ്കെടുത്ത ഒരാളെപ്പറ്റി ശാപവാക്കുകൾ പറയുകയാണോ..? നിങ്ങൾക്കെന്തു പറ്റി..?, സ്വന്തം മകനാണെങ്കിലും അങ്ങനെ പറയാമോ..?”


ഉമ്മു മിസ്തഹ് ചോദിച്ചു: “മോളേ..! അവൻ പറഞ്ഞു നടക്കുന്നതൊന്നും നീ അറിഞ്ഞില്ലേ..?”


“ഇല്ല, എന്താ ഉണ്ടായത്..?” - നിഷ്കളങ്കമായ ചോദ്യം.


“നിന്നെയും സഫ്വാനെയും കുറിച്ച് ആളുകൾ പലതും പറയുന്നു. സഫ്വാന്റെ ഒട്ടകപ്പുറത്തല്ലേ മോൾ വന്നത്. അതാണു കുഴപ്പം."


ഇടിവെട്ടേറ്റതുപോലെ നിന്നുപോയി. എന്താണു താൻ കേട്ടത്..? മദീനക്കാർ തന്നെ സംശയിക്കുകയോ..?


പാവം സഫ്വാൻ. അദ്ദേഹം തന്നെ രക്ഷിച്ചു. അതിനുള്ള പ്രതിഫലമോ ഇത്..?


പെട്ടെന്നു പ്രവാചകനെ (ﷺ) കുറിച്ചോർത്തുപോയി. തനിക്കു രോഗം കലശലായിരുന്നപ്പോൾ പോലും പരിഗണിച്ചില്ല. ഒരു പരിചരണവും ലഭിച്ചില്ല.


മദീനയിൽ വന്ന ഉടനെ രോഗം പിടിപെട്ടു. അന്നു മുതൽ പ്രവാചകൻ ﷺ തന്നെ അവഗണിക്കുന്നതായി തോന്നിയിരുന്നു. ഇതായിരുന്നോ കാരണം..?


അല്ലാഹുﷻവിന്റെ റസൂൽ ﷺ തന്നെ സംശയിക്കുന്നോ..? ഇതെങ്ങനെ സഹിക്കും. തന്നെക്കൊണ്ടാവില്ല. തളരുകയാണോ..? എന്തേ ഇതുവരെ ആരും തന്നോടിതു പറയാത്തത്..?


ഒരു മനുഷ്യനും പറഞ്ഞില്ലല്ലോ.


എന്താണു സംഭവിച്ചതെന്ന് ആർക്കെങ്കിലും ചോദിച്ചുകൂടേ..?


ബാപ്പ ചോദിച്ചില്ല, ഉമ്മ ചോദിച്ചില്ല.


പ്രവാചകരും (ﷺ) ചോദിച്ചില്ല. ആഇശ(റ) ആവേശഭരിതയായി മാറി. ഇതു സഹിക്കാൻ കഴിയുന്നില്ല.


എന്റെ... റബ്ബേ..! അവർ വീട്ടിനകത്തേക്ക് ഓടിക്കയറി...



Part : 118


ഖുർആന്റെ താക്കീത് 


ഒരുതരം കോപാവേശത്തോടെ ആഇശ(റ) ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. ഉമ്മയെ കെട്ടിപ്പിടിച്ചു.


“ഉമ്മാ... അല്ലാഹു ﷻ നിങ്ങൾക്കു മാപ്പു തരട്ടെ. നിങ്ങളെന്താണ് ഇക്കാര്യങ്ങളൊന്നും എന്നോടു പറയാത്തത്..? ഒന്നുപോലും പറഞ്ഞില്ലല്ലോ... എന്റെ ഉമ്മാ..?” പറഞ്ഞു തീരുംമുമ്പെ കണ്ണുകൾ നിറഞ്ഞൊഴുകി...


മകളെക്കുറിച്ചറിയാവുന്ന ഉമ്മയ്ക്ക് സങ്കടം അടക്കാനായില്ല. മകളെ എന്തു പറഞ്ഞാണു സമാധാനിപ്പിക്കുക. “ക്ഷമിക്കൂ, പൊന്നുമോളേ.  


ഭർത്താവിൽ നിന്ന് ഇത്രയേറെ സ്നേഹം ലഭിക്കുന്ന ഭാര്യമാരെയൊക്കെ അസൂയാലുക്കൾ പിടികൂടും. അവർ അപവാദങ്ങൾ പറയും.”


“ഉമ്മാ... നബിﷺതങ്ങളും എന്നെ വെറുത്തോ..?” പിന്നെ ഏങ്ങലടിച്ചുള്ള കരച്ചിൽ...


അസഹ്യമായ വേദന കടിച്ചമർത്താനാവാതെ വാവിട്ടു നില വിളിച്ചുപോയി. ഊണില്ല, ഉറക്കമില്ല. കരച്ചിൽ മാത്രം. ആശ്വാസ വചനങ്ങൾക്കൊന്നും ഫലമുണ്ടായില്ല. രണ്ടു ദിവസം തുടർച്ചയായ കരച്ചിൽ തന്നെ...


ഭേദപ്പെട്ട അസുഖം തിരിച്ചുവന്നു.


ശരീരം ക്ഷീണിച്ചു. വല്ലാതെ തളർന്നു.


മാതാപിതാക്കൾ ആശങ്കയോടെ മകളുടെ സമീപം നിൽക്കുന്നു. അവരും കരയുകയാണ്. പെട്ടെന്നു പ്രവാചകൻ ﷺ കടന്നുവന്നു.


ആ മുഖം വല്ലാതെ വിവർണമായിരുന്നു. മനസ്സിലെ ദുഃഖം മുഖത്തു കാണാം. പ്രവാചകനെ (ﷺ) കണ്ടതോടെ കരച്ചിൽ ഉച്ചത്തിലായി.


“ആഇശാ..” പ്രവാചകൻ ﷺ മെല്ലെ വിളിച്ചു. അവർ മുഖം ഉയർത്തി...


“ആളുകൾ പറഞ്ഞു നടക്കുന്നതൊക്കെ നീയും കേട്ടുകാണുമല്ലോ..? നീ നിഷ്കളങ്കയാണെങ്കിൽ, അല്ലാഹു ﷻ അതു തെളിയിക്കും.”


ഉമ്മയെയും ബാപ്പയെയും നോക്കിക്കൊണ്ടു ബീവി ചോദിച്ചു. “ഇതൊക്കെ കേട്ടിട്ടു നിങ്ങൾക്കൊന്നും പറയാനില്ലേ..?”


“ഞങ്ങൾക്കെന്താണു പറയേണ്ടതെന്നറിയില്ല മോളേ..!”


ഹൃദയം പൊട്ടിത്തകരുന്നതുപോലുള്ള വേദന. ഉറക്കെ കരയാനേ കഴിഞ്ഞുള്ളു... 


“എനിക്കൊന്നുമറിയില്ല. ആരോടും ഒന്നും പറയാനുമില്ല. അല്ലാഹുﷻവിനറിയാം എന്റെ കാര്യങ്ങൾ.” അവർ തിരിഞ്ഞു കിടന്നു...


കനത്ത ദുഃഖം തളംകെട്ടിനിന്ന അന്തരീക്ഷം. ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ആഇശ(റ)യുടെ ഏങ്ങലടി മാത്രം കേൾക്കാം.


നബി ﷺ അൽപം അകലേക്കു മാറിയിരുന്നു. പെട്ടെന്ന് ആ മുഖത്തിന്റെ ഭാവം മാറി. വഹ്യിന്റെ ലക്ഷണം...


ആഇശയുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ ഇറങ്ങുന്നു. സമയം ഇഴഞ്ഞുനീങ്ങി. ജിബ്രീൽ (അ) മടങ്ങിപ്പോയി.


നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചുമാറ്റിക്കൊണ്ടു നബിﷺതങ്ങൾ പറഞ്ഞു:


“ആഇശാ... സന്തോഷവാർത്ത, അല്ലാഹു ﷻ നിന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുന്നു.” 


അതു പറഞ്ഞു പ്രവാചകൻ ﷺ നടന്നുപോയി. 



Part : 119


മാതാവ് മകളെ കെട്ടിപ്പുണർന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വെളിച്ചം, വാടിപ്പോയ മുഖം മെല്ലെ പ്രസന്നമായി വന്നു. തളർന്ന ചുണ്ടുകൾ മന്ത്രിച്ചു.

“അൽഹംദുലില്ലാഹ്...” അല്ലാഹുﷻവിനാണു സർവ സ്തുതിയും.


പള്ളിയിൽ തടിച്ചുകൂടിയ സത്യവിശ്വാസികൾക്കു മുന്നിൽ

ഇപ്പോൾ അവതരിച്ച ഖുർആൻ വചനങ്ങൾ ഓതിക്കേൾപിച്ചു.



إِنَّ الَّذِينَ جَاءُوا بِالْإِفْكِ عُصْبَةٌ مِّنكُمْ ۚ لَا تَحْسَبُوهُ شَرًّا لَّكُم ۖ بَلْ هُوَ خَيْرٌ لَّكُمْ ۚ لِكُلِّ امْرِئٍ مِّنْهُم مَّا اكْتَسَبَ مِنَ الْإِثْمِ ۚ وَالَّذِي تَوَلَّىٰ كِبْرَهُ مِنْهُمْ لَهُ عَذَابٌ عَظِيمٌ


“കള്ളം കെട്ടിച്ചമച്ചതു നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെ. 

അതിൽ നിങ്ങൾക്കു ദോഷമൊന്നുമില്ല. നിങ്ങൾക്കതു ഗുണമാണ്. കള്ളം പ്രചരിപ്പിച്ചവർക്ക്, ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. കള്ളക്കഥ പ്രചരിപ്പിച്ചതിൽ പ്രധാന പങ്കുവഹിച്ചവനു കഠിന ശിക്ഷയുണ്ട്. (സൂറത്തു ന്നൂർ 11)


ആ വാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളും വിശ്വാസിനികളും സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ടു നല്ലതു വിചാരിച്ചില്ല. അതു വ്യക്തമായ കള്ള ആരോപണമാണെന്ന് എന്തുകൊണ്ടവർ പറഞ്ഞില്ല.


ആ വാർത്ത കേട്ടപ്പോൾ ഇതിനെക്കുറിച്ചു നമുക്കു സംസാരിച്ചുകൂടാ. പരിശുദ്ധനായ അല്ലാഹുവേ..! ഇതു വലിയൊരു കള്ളക്കഥ തന്നെയാണ് എന്ന് എന്തുകൊണ്ടു നിങ്ങൾ പറഞ്ഞില്ല.


ഇത്തരം കാര്യങ്ങൾ മേലിൽ ചെയ്തുപോകരുതെന്ന് അല്ലാഹു ﷻ ഇതാ നിങ്ങളെ ഉപദേശിക്കുന്നു.”


കള്ളക്കഥ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ താക്കീതു നൽകിക്കൊണ്ട് അവതരിച്ച വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയമാണു മുകളിൽ വായിച്ചത്.


പരിശുദ്ധകളായ വനിതകളെക്കുറിച്ച് അപവാദം പറയുന്നതു ഗുരുതരമായ കുറ്റമാണ്. അതിനു കഠിനമായ ശിക്ഷ ലഭിക്കും. അത്തരം വാർത്തകൾക്കു ചെവികൊടുക്കരുത്. സത്യവിശ്വാസികൾ ഒരു കാരണവശാലും അതിൽ പെട്ടു പോകരുത്. ഇങ്ങനെ എന്തെല്ലാം പാഠങ്ങൾ ഈ വചനങ്ങൾ ഉൾക്കൊള്ളുന്നു.


ആയത്തുകൾ അവതരിച്ചതോടെ പ്രവാചകരുടെ (ﷺ) മനസ്സു തെളിഞ്ഞു. മുഖം തെളിഞ്ഞു. ആഇശ(റ)യോടുള്ള സ്നേഹം വർധിച്ചു. ആഇശ(റ)യുടെ കാര്യത്തിൽ സഹപത്നിമാരും കുടുംബാംഗങ്ങളും വളരെ ദുഃഖത്തിലായിരുന്നു. എല്ലാവരും ഇപ്പോൾ സന്തോഷിക്കുന്നു.


മാതാപിതാക്കൾ മകളെ കെട്ടിപ്പിടിച്ച് ആനന്ദാശ്രുക്കൾ പൊഴിച്ചു. മകളുടെ പദവി വർധിച്ചതായി അവർക്കു മനസ്സിലായി...


ആഇശ(റ)യുടെ രോഗം മാറി. പ്രസരിപ്പു കൂടി. മനസകം പ്രാർത്ഥനാനിർഭരമായി. അപവാദ പ്രചരണത്തിനു മൂന്നു പേർക്കു ശിക്ഷ കിട്ടി. 


ജഹ്ശിന്റെ മകൾ ഹംന(റ), അസാസയുടെ മകൻ മിസ്ത്വഹ്(റ), ഹസ്സാൻ ബ്നു സാബിത്(റ).


മിസ്ത്വഹ്(റ)വിനു അബൂബക്കർ(റ) നൽകിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം അപവാദ പ്രചരണത്തെ തുടർന്നു നിർത്തിവച്ചു. അതു ശരിയായ നടപടിയല്ലെന്ന ആശയത്തോടെ ഖുർആൻ അവതരിച്ചു. സാമ്പത്തിക സഹായം തുടർന്നു നൽകണമെന്നു പ്രേരിപ്പിക്കുകയും ചെയ്തു. അബുബക്കർ സ്വിദ്ദീഖ്(റ) സാമ്പത്തിക സഹായം വീണ്ടും നൽകാൻ തുടങ്ങി.


ലോകാവസാനം വരെയുള്ള സത്യവിശ്വാസികൾക്കു പാഠം

ഉൾക്കൊള്ളാൻ വേണ്ടിയാണ് ഈ സംഭവം നടന്നത്.


സ്ത്രീകൾക്കെതിരെ ആരോപണമുന്നയിക്കുന്നവർ എക്കാലവും കാണും. വെറുതെ ആരോപണമുന്നയിക്കുന്നവർ ശിക്ഷാർഹരാണ്. അല്ലാഹുﷻവിന്റെ കഠിനമായ കോപത്തിനു വിധേയമാകുന്ന ഒരു നടപടിയാണിത്. വളരെ സൂക്ഷിക്കണം.


ആഇശ(റ) നബിﷺതങ്ങളുടെ വീട്ടിലേക്കു തന്നെ മടങ്ങി. സഹപത്നിമാരൊക്കെ അവരെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു. 


ശിക്ഷയ്ക്കു വിധേയരായവർ തങ്ങൾക്കു പിണഞ്ഞ അബദ്ധമോർത്തു ഖേദിച്ചു. ഹസ്സാൻ ബ്നു സാബിത്(റ) നബിﷺതങ്ങളുടെ സാമീപ്യം കൊതിച്ചെത്തി. മദീനയിലെ അന്തരീക്ഷം തെളിഞ്ഞു. സന്തോഷവും സമാധാനവും നിറഞ്ഞ നാളുകൾ പിറന്നു.



സൂറത്ത് അന്നൂർ 11 ആം ആയത്തിന്റെ വ്യാഖ്യാനം നോക്കാം 


കള്ളവാര്‍ത്ത എന്ന് പറഞ്ഞത് മേല്‍വിവരിച്ച അപവാദമാണെന്നു പറയേണ്ടതില്ല. ഇത് നിര്‍മ്മിച്ചുണ്ടാക്കപ്പെട്ടത് മുസ്‌ലിംകള്‍ക്കിടയില്‍നിന്നുമാണ്. 


അതില്‍ നേതൃത്വം വഹിച്ചവന്‍ – അഥവാ, ആദ്യം കെട്ടിയുണ്ടാക്കുകയും, ജനമദ്ധ്യെ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തവന്‍ – മേല്‍പറഞ്ഞ കപടവിശ്വാസിയായ അബ്ദുല്ലാഹിബ്നു ഉബയ്യു തന്നെ. 


പ്രചാരം ചെയ്തവര്‍ അവന് പുറമെ മിസ്ത്വഹ് (رضي الله عنه), ഹസ്സാനുബ്നു ഥാബിത്ത് (رضي الله عنه), ജഹ്ശു മകള്‍ ഹംനഃ (رضي الله عنها) എന്നിവരാകുന്നു. 


വ്യഭിചാരാരോപണ ശിക്ഷാനിയമമനുസരിച്ച് കുറ്റവാളികളായവര്‍ക്ക് അടി ശിക്ഷ നല്‍കപ്പെടുകയുണ്ടായി. 


അപരാധം പറഞ്ഞുണ്ടാക്കിയവര്‍ അധികപേരുണ്ടായിരുന്നില്ലെന്നു عُصْبَةٌ എന്ന വാക്കുതന്നെ അറിയിക്കുന്നു. കുറച്ചാളുകളുള്ള കൂട്ടത്തിന്നാണ് ഈ വാക്കു ഉപയോഗിക്കപ്പെടാറുള്ളത്.


عُصْبَةٌ مِّنكُمْ (നിങ്ങളില്‍ നിന്നുള്ള ഒരു കൂട്ടരാണ്) എന്ന വാക്കുകൊണ്ട് മേല്‍പറഞ്ഞ മൂന്നു് പേരും ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചിട്ടില്ലെന്നും മനുഷ്യസഹജമായ നിലയില്‍ അവരുടെ പക്കല്‍ തെറ്റുപറ്റിപ്പോയതാണെന്നും മനസ്സിലാക്കാവുന്നതാണ്. 


നേതൃത്വം വഹിച്ച ഇബ്നു ഉബയ്യാകട്ടെ, അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്നു് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവന്‍ മരണംവരെ, ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിപ്പോരുകയും ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്നു പല ലക്ഷ്യങ്ങള്‍ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്. 


പ്രസ്തുത മൂന്നു പേരും ഖേദിച്ചു പശ്ചാത്തപിക്കുകയും, സഹാബികളുടെ കൂട്ടത്തില്‍ മാന്യന്‍മാരായി ഗണിക്കപ്പെടുകയും ചെയ്തവരാകുന്നു. 


കപട വിശ്വാസികള്‍, ബാഹ്യത്തില്‍ മുസ്‌ലിംകളായിട്ടാണ് ഗണിക്കപ്പെട്ടിരുന്നതെന്ന വസ്തുത സ്മരണീയമാണ്.


ഹസ്സാന്‍ (حسان بن ثابت-رضي الله عنه) ഒരു മഹാകവിയായിരുന്നു. അദ്ദേഹം തന്റെ കവിത വഴി ഇസലാമിനും, നബി (صلّى الله عليه وسلّم)ക്കും വളരെ സേവനം ചെയ്തിട്ടുള്ളത് പ്രസ്താവ്യമാകുന്നു. 


ഈ സംഭവം കലാശിച്ചശേഷം, അദ്ദേഹം ആയിശാ (رضي الله عنها)യോട് ഒഴിവുകഴിവുകള്‍ പറഞ്ഞുകൊണ്ടും, കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കി തന്റെ പക്കല്‍വന്നുവശായതാണെന്ന് ഉണര്‍ത്തിച്ചുകൊണ്ടും കവിത പാടുകയുണ്ടായിട്ടുണ്ട്; അതില്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞിരുന്നു:


حَصانٌ رَزانٌ ما تُزِنُّ بِريبَةٍ * وَتُصبِحُ غَرثى مِن لُحومِ الغَوافِلِ


(സാരം: പതിവ്രതയാണ്, മാന്യയാണ്, സംശയാസ്പദമായ ആരോപണങ്ങള്‍ക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം തിന്നുന്നതിനെ – അവരെപ്പറ്റി ദൂഷണം പയുന്നതിനെ – ക്കുറിച്ചു വ്രതം എടുക്കുന്നവളുമാണ്.). 


പിന്നീട് ആയിശാ (رضي الله عنها) അദ്ദേഹത്തെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. 


മിസ്ത്വഹ് (مصطح-رضي الله عنه) അബൂബക്കര്‍ (رضي الله عنه)ന്റെ മാതാവിന്റെ സഹോദരീപുത്രനും, 22-ാം വചനം അവതരിച്ചതിന് കാരണഭൂതനും, ബദ്റില്‍ പങ്കെടുത്ത സഹാബിയും ആയിരുന്നു. 


നബി (صلّى الله عليه وسلّم)യുടെ ഭാര്യയായ സൈനബ (رضي الله عنها)യുടെ നേരെ സഹോദരിയും, പത്ത് പ്രമുഖ സഹാബികളില്‍ ഒരാളായ ത്വല്‍ഹഃ (طلحة-رضي الله عنه)യുടെ ഭാര്യയുമാണ് ഹംനഃ (حمنة بنت جحش-رضي الله عنها)


അത് നിങ്ങള്‍ക്കു ദോഷകരമാണെന്ന് കരുതേണ്ട – അത് നിങ്ങള്‍ക്ക് ഗുണകരമാണ് എന്ന് പറഞ്ഞഭാഗം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള മഹത്തായ പ്രതിഫലവാഗ്ദാനം, എന്നേക്കും നിലനില്‍ക്കുന്ന സല്‍ക്കീര്‍ത്തി, നിരപരാധിത്വം സ്ഥാപിച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിക്കല്‍, അതുവഴി എക്കാലത്തും അവരുടെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുന്നത്, വളരെ മത തത്വങ്ങളും നിയമങ്ങളും അവതരിച്ചത്, എന്നിങ്ങിനെ പല ഗുണങ്ങളും ഈ സംഭവംമൂലം ഉണ്ടായി. 


അപ്പോള്‍ ഒന്നാമതായി ആയിശാ (رضي الله عنها)ക്കും, രണ്ടാമതായി സ്വഫ്വാന്നും (رضي الله عنه), നബി (صلّى الله عليه وسلّم) അടക്കമുള്ള എല്ലാ മുസ്‌ലിംകള്‍ക്കും പല ഗുണങ്ങളും ലഭിക്കുവാന്‍ ഈ സംഭവം ഇടയായെന്ന് പറയേണ്ടതില്ല.



Part : 120


ഒരപരിചിതൻ


ഒരു സദസ്സ്. നബിﷺതങ്ങൾ സംസാരിക്കുന്നു. സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ സദസ്സ്.


പെട്ടെന്ന് ഒരാൾ കടന്നുവന്നു. എല്ലാവരും അദ്ദേഹത്തെ നോക്കി. ആർക്കും പരിചയമില്ല. മദീനക്കാരനല്ല. ദൂരെ ദിക്കിൽ നിന്നു വരികയായിരിക്കും.


എന്നാൽ യാത്രയുടെ അടയാളങ്ങളൊന്നും കാണാനുമില്ല.

വസ്ത്രം മുഷിഞ്ഞിട്ടില്ല. മുടി പാറിപ്പറക്കുന്നില്ല. മുഖത്തു യാത്രാ ക്ഷീണമില്ല.


എല്ലാവർക്കും അതിശയം തോന്നി. അദ്ദേഹം നബിﷺതങ്ങളുടെ തൊട്ടു മുന്നിൽ വന്നിരുന്നു. ഇരുവരുടെയും കാൽമുട്ടുകൾ പരസ്പരം സ്പർശിക്കും വിധം ചേർന്നിരുന്നു. എന്നിട്ടു ചോദിച്ചു:


“ഇസ്ലാം എന്നാലെന്താണ്..?”


നബി ﷺ ഇങ്ങനെ മറുപടി നൽകി:


“ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുﷻവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത് കൊടുക്കുക, റമളാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക ഇതാണ് ഇസ്ലാം...”


ആഗതൻ ഇങ്ങനെ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി.”


സ്വഹാബികൾക്കു വലിയ അത്ഭുതം. ചോദ്യം ചോദിക്കുന്നു, ഉത്തരം കേട്ടപ്പോൾ ശരി എന്നു പറയുന്നു..!ആഗതൻ രണ്ടാമതൊരു ചോദ്യം ചോദിച്ചു:


“ഈമാൻ എന്നാലെന്ത്..?'


നബി ﷺ ഇങ്ങനെ മറുപടി നൽകി; “അല്ലാഹുﷻവിൽ വിശ്വസിക്കുക, അവന്റെ മലക്കുകളിലും കിതാബുകളിലും പ്രവാചകന്മാരിലും അന്ത്യനാളിലും ഖദ്റി(വിധി)ലും നീ വിശ്വസിക്കുക.”


ആഗതൻ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി. “ഇഹ്സാൻ എന്നാലെന്ത്..?” അടുത്ത ചോദ്യം.


“അല്ലാഹുﷻവിനെ നീ ആരാധിക്കുക. നീ അവനെ കണ്ടു കൊണ്ടിരിക്കുന്നു എന്ന വിധത്തിൽ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു...”


ആഗതൻ അതും സമ്മതിച്ചു.


അടുത്ത ചോദ്യം. “എപ്പോഴാണ് അന്ത്യനാൾ സംഭവിക്കുക..?”


നബി ﷺ ഇങ്ങനെ മറുപടി നൽകി: “ഇക്കാര്യത്തെക്കുറിച്ച് എനിക്കു നിങ്ങളെക്കാൾ വിവരമില്ല - ചോദിക്കപ്പെട്ട ആൾക്കു ചോദിച്ച ആളെക്കാൾ അന്ത്യദിനത്തെക്കുറിച്ചു വിവരമില്ല.”


“സമ്മതിച്ചു. അന്ത്യനാളിന്റെ ലക്ഷണങ്ങൾ പറയുക.” 


നബി ﷺ പറഞ്ഞു: “അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കൽ, പാദരക്ഷയില്ലാത്തവരും ദരിദ്രരും ആട്ടിടയന്മാരുമായ ജനങ്ങൾ ഉന്നത

സൗധങ്ങൾ നിർമിക്കുന്നതിൽ മത്സരിക്കൽ.”


അതും കേട്ടു, സമ്മതിച്ചു. ഉടനെ അപരിചിതൻ സ്ഥലംവിട്ടു. അവിടെ കൂടിയ സ്വഹാബികൾ അതിശയത്തോടെ പ്രവാചകരുടെ (ﷺ) മുഖത്തേക്കു നോക്കി..!!


“ഇവിടെ വന്നുപോയ ആൾ ആരാണെന്നറിയാമോ..?” റസൂലിന്റെ (ﷺ) ചോദ്യം. 


സ്വഹാബികൾ കൈമലർത്തി. അല്ലാഹുﷻവും റസൂലും (ﷺ) ഏറ്റവും അറിയുന്നവരാണ്...


അപ്പോൾ നബി ﷺ പറഞ്ഞു: “ജിബ്രീൽ(അ)! അതേ, ജിബ്രീൽ എന്ന മലക്കാണ് ഇവിടെ വന്നുപോയത്. നിങ്ങൾക്കു ദീൻ പഠിപ്പിച്ചു തരാൻ വേണ്ടി ഇവിടെ വന്നതായിരുന്നു...”


സ്വഹാബികൾ അതിശയിച്ചുപോയി.


ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും തങ്ങളെ പഠിപ്പിക്കാൻ വേണ്ടി ജിബ്രീൽ(അ) വന്നു. ഇപ്പോൾ അക്കാര്യങ്ങൾ മനസ്സിൽ നന്നായി ഉറച്ചു. ഒരിക്കലും മറന്നുപോകില്ല...


അല്ലാഹുﷻവിനെ നമ്മൾ കാണുന്നു എന്ന വിധത്തിൽ സൽകർമ്മങ്ങൾ നിർവഹിക്കുക. നാം അവനെ കാണുന്നില്ലെങ്കിലും അവൻ നമ്മേ കണ്ടുകൊണ്ടിരിക്കുന്നു. ഈ ബോധം എപ്പോഴും മനസ്സിൽ വേണം.


അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത വാക്കുകൾ നമ്മുടെ വായിൽ നിന്നും പുറപ്പെടരുത്.


അല്ലാഹു ﷻ ഇഷ്ടപ്പെടാത്ത ഒരു പ്രവർത്തനവും നമ്മിൽ നിന്നുണ്ടാകരുത്.


നാം ഏതു സമയത്തും അവന്റെ നിരീക്ഷണത്തിലാണ്. ഈ ഓർമ്മ എപ്പോഴും വേണം. ഈ ഓർമ നമ്മെ നന്മയിലേക്കു നയിക്കും.

Part 




Part : 121


തീയും വിറകും


ഈ നബി  ﷺ വചനങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കൂ..! “തീ വിറകിനെ എപ്രകാരം തിന്നു നശിപ്പിക്കുന്നുവോ അതു പോലെ അസൂയ സൽകർമ്മങ്ങളെ തിന്നു നശിപ്പിക്കും.”


അസൂയയുടെ മാരക സ്വഭാവം വിവരിക്കുന്ന ഒരു നബി വചനമാണിത്.


അസൂയ..! മാരകമായ ദുർഗുണം.


സത്യവിശ്വാസികൾക്ക് ഒട്ടും അസൂയ പാടില്ല. ധാരാളം സൽകർമ്മങ്ങൾ ചെയ്യുന്നു. നിത്യജീവിതത്തിലെ കർമ്മങ്ങളെല്ലാം അവൻ അല്ലാഹുﷻവിന്റെ പൊരുത്തത്തിലാക്കാൻ ശ്രമിക്കുന്നു.


അങ്ങനെ സമ്പാദിക്കുന്ന പുണ്യങ്ങൾ കത്തി നശിച്ചുപോകുക..! എന്തൊരു കഷ്ടം..?


ജീവിതം തന്നെ ഒരു നഷ്ടക്കച്ചവടമായി മാറുന്നു. ഇതിനു കാരണമെന്ത്..? അസൂയ എന്ന ദുർഗുണം...


തന്റെ സഹോദരനു നന്മ വരണമെന്നേ ഒരു സത്യവിശ്വാസി ആഗ്രഹിക്കാവൂ. അവനു നാശം വരണമെന്നാഗ്രഹിക്കരുത്. തന്റെ സഹോദരനു നന്മകൾ വരുമ്പോൾ അതിൽ സന്തോഷിക്കണം. നല്ല മനസ്സിന്റെ ലക്ഷണമാണത്.


സഹോദനു ദുഃഖം വരുമ്പോൾ ദുഃഖിക്കണം. സഹതപിക്കണം. നല്ല മനസ്സുള്ളവർക്കേ അതിനു കഴിയുകയുള്ളൂ. ഈ നല്ല ഗുണത്തെ അസൂയ നശിപ്പിക്കും. നമ്മുടെ മനസ്സിൽ അസൂയ ഉണ്ടോ..? എങ്ങനെ അറിയാം..? വഴിയുണ്ട്...


നമ്മുടെ സഹോദരന് ഒരു നന്മ വരുമ്പോൾ നമുക്ക് നിരാശയും അസ്വസ്ഥതയും തോന്നുന്നുണ്ടോ..?


എങ്കിൽ അസൂയയുണ്ട്. നമ്മുടെ സഹോദരന് ഒരു ദുഃഖം വരുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടോ..? എങ്കിൽ അസൂയയുണ്ട്.


അസൂയ സൽകർമ്മങ്ങളെ കരിച്ചുകളയും. തീ വിറകു നശിപ്പിക്കുംപോലെ. അസൂയയുടെ കൂടെ അഹംഭാവവും കാണും.


അഹംഭാവത്തെക്കുറിച്ചും അസൂയയെക്കുറിച്ചും സൂചിപ്പിക്കുന്ന ഒരു നബി  ﷺ വചനം നോക്കു..!


“നിങ്ങൾ അഹംഭാവം വന്നുചേരുന്നതിനെ സൂക്ഷിക്കണം.

ആദം നബി(അ)നു സുജൂദ് ചെയ്യുന്നതിൽ നിന്ന് ഇബ്ലീസിനെ തടഞ്ഞത് അഹംഭാവമാണ്. അല്ലാഹുﷻവിന്റെ കൽപന ലംഘിക്കാൻ ഇബീസിനെ പ്രേരിപ്പിച്ചത് അഹംഭാവമാണ്.


അത്യാഗ്രഹത്തെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളണം. വിരോധിക്കപ്പെട്ട മരത്തിൽനിന്നു പഴം തിന്നാൻ ആദം(അ)നെ അതു പ്രേരിപ്പിച്ചു. 


നിങ്ങൾ അസൂയയെ കരുതിയിരിക്കണം. ആദം നബി(അ)ന്റെ ഒരു മകൻ മറ്റൊരു മകനെ വധിക്കാൻ ഇടവന്നത് അസൂയ കാരണമാണ്. എല്ലാ വൻപാപങ്ങളുടെയും അടിസ്ഥാനം ഇവയാകുന്നു.”


നബിവചനം ഒരിക്കൽകൂടി വായിച്ചുനോക്കി അതിന്റെ ആശയം ശരിക്കു മനസ്സിലാക്കണം.


മനുഷ്യമനസ്സുകളിൽ അഹംഭാവം കടന്നുകൂടിയാൽ എന്തെല്ലാം ആപത്തുകൾ വന്നുചേരും..? താൻ മറ്റുള്ളവരെക്കാൾ കേമനാണെന്ന തോന്നൽ. മറ്റുള്ളവരെ ചെറുതായി കാണാൻ ഈ മനോഭാവം പ്രേരിപ്പിക്കുന്നു...


അത്യാഗ്രഹമാണു മറ്റൊരു വിപത്ത്.


എത്ര കിട്ടിയാലും മതിവരില്ല. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹം. ആ ശ്രമത്തിനിടയിൽ പല തെറ്റുകളും വന്നുചേരുന്നു. 


അസൂയയാണ് അവസാനം പറഞ്ഞത്. 


കൊലപാതകത്തിനു വരെ അസൂയ കാരണമായിത്തീരുന്നു. ആദം നബി(അ)ന്റെ ഒരു മകനു മറ്റൊരു മകനോട് അസൂയ തോന്നി. അസൂയ വളർന്നു. ഒടുവിൽ കൊലപാതകവും നടന്നു. അതായിരുന്നു ഭൂമിയിലെ ആദ്യത്തെ കൊല. 


മനുഷ്യരിൽ ധാരാളം ദുർഗുണങ്ങൾ കടന്നുവരുന്നു. എല്ലാ ദുർഗുണങ്ങളുടെയും അടിസ്ഥാനം മേൽപറഞ്ഞ ദൂഷ്യങ്ങളാകുന്നു.


ഏറ്റവും വലിയ അഹങ്കാരി ഇബ്ലീസ് തന്നെ. അല്ലാഹുﷻവിന്റെ കൽപന അവൻ ലംഘിച്ചു. എല്ലാ അഹങ്കാരികളും അവന്റെ കൂട്ടുകാരാണ്. അവൻ കാണിക്കുന്ന വഴിയിലുടെ അഹങ്കാരികളും അത്യാഗ്രഹികളും അസൂയക്കാരും സഞ്ചരിക്കുന്നു.



Part : 122


നാശത്തിന്റെ താക്കോൽ


മനുഷ്യനെ നാശത്തിന്റെ ആഴത്തിലേക്കു തള്ളിയിടുന്ന മാരകമായ വസ്തുവാണു മദ്യം. മദ്യപാനി അവന്റെ ധനം ദുർവ്യയം ചെയ്യുന്നു. അവന്റെ ശരീരം നശിപ്പിക്കുന്നു. സമയം പാഴാക്കുന്നു.


മദ്യപിച്ച് ഒരാൾ കാട്ടിക്കൂട്ടുന്നതെന്തൊക്കെയാണ്..? വായിൽനിന്നു വരുന്ന വാക്കുകൾ എന്തൊക്കെയാണെന്നു മദ്യപാനി അറിയുന്നില്ല. മാന്യത കൈവിട്ടു പോകുന്നു. ആടിയാടി നടക്കുന്നു.

കുട്ടികൾ കൂട്ടംകൂടിനിന്നു കൂവും. മദ്യപാനി എന്തു തെറ്റും ചെയ്യും.


മദ്യപാനം ശീലമാക്കിയവൻ മദ്യത്തിനുള്ള പണം ലഭിക്കാൻ ഏതു മാർഗവും സ്വീകരിക്കും. പണം കടം വാങ്ങും. കടം കിട്ടാൻ വേണ്ടി പല കള്ളങ്ങളും പറയും. രോഗിയായ പിതാവിനെ ചികിത്സിക്കാനാണെന്നു പറയും. ഭീഷണിപ്പെടുത്തി പണം വാങ്ങും. 


ഭാര്യയെ മർദിക്കുന്ന മദ്യപന്മാർ നിരവധിയാണ്. മദ്യത്തിനുള്ള പണം ഭാര്യയുടെ കയ്യിൽനിന്നു കിട്ടിയില്ലെങ്കിൽ മർദ്ദനം. അത്തരം വീടുകളിൽ ഒട്ടും സ്വസ്ഥത കാണില്ല. പരസ്പരം വിശ്വാസമില്ല. ജീവിതം തന്നെ മടുത്തുപോകും. കടുംകൈകൾ ചെയ്യും. മദ്യത്തിനുള്ള പണം മോഷ്ടിക്കുന്നവരും കുറവല്ല. കിട്ടുന്ന സാധനങ്ങൾ കട്ടുകൊണ്ടുപോകും. വിറ്റുകിട്ടുന്ന പണംകൊണ്ടു കള്ളുകുടിക്കും.


നബിﷺതങ്ങൾ മദ്യത്തിന്റെ വിപത്തുകളെ ഒരു കൊച്ചു വാചകത്തിൽ നമ്മെ അറിയിക്കുന്നു.


നബി ﷺ പറഞ്ഞു: “മദ്യവുമായി അകന്നുനിൽക്കുക. അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു.”


നോക്കൂ..! എത്ര അർത്ഥവത്തായ വചനം. എല്ലാ തിന്മകളുടെയും തുടക്കം മദ്യത്തിൽ നിന്നാകുന്നു. അതുകൊണ്ടു മദ്യത്തെ 'തിന്മകളുടെ താക്കോൽ' എന്നു നബിﷺതങ്ങൾ വിശേഷിപ്പിച്ചു.


ഒരിക്കൽ നബി ﷺ ഇങ്ങനെ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഹറാം.” മദ്യം മനുഷ്യനിൽ ലഹരി ഉണ്ടാക്കുന്നു. അതു ഹറാം തന്നെ. കർശനമായി നിരോധിക്കപ്പെട്ട സാധനം. 


മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യം തന്നെ. മദ്യം ഹറാമാകുന്നു.”


മദ്യപിക്കുന്നതു മാത്രമല്ല അതു വിൽക്കുന്നതും ഹറാമാകുന്നു. ശവം, പന്നി, ബിംബങ്ങൾ എന്നിവ വിൽപന നടത്തുന്നതും നബി ﷺ നിരോധിച്ചിരുന്നു.


കള്ളിൽ നിന്നുണ്ടാക്കുന്ന വരുമാനം വളരെ മോശം. നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “തീർച്ചയായും അല്ലാഹുﷻവും അവന്റെ റസൂലും (ﷺ) കള്ള്, പന്നി, ശവം, ബിംബങ്ങൾ എന്നിവ വിൽക്കുന്നതു നിരോധിച്ചിരിക്കുന്നു.”


മദ്യത്തിന്റെ ഉൽപാദകരും, വിൽപനക്കാരും മദീനയിൽ ധാരാളം ഉണ്ടായിരുന്നു. സാധാരണ പാനീയംപോലെ അവർ അത് ഉപയോഗിച്ചിരുന്നു.


പടിപടിയായി മദ്യനിരോധനം നടപ്പാക്കി. മദ്യം പരിപൂർണമായി നിരോധിക്കപ്പെട്ടപ്പോൾ മദ്യം സൂക്ഷിച്ചുവെച്ച വലിയ പാത്രങ്ങൾ വരെ അതിന്റെ ഉടമകൾ തന്നെ അടിച്ചു തകർത്തുകളഞ്ഞു..!


മദീനാ തെരുവുകളിലൂടെ മദ്യം ഒഴുകി. പാത്രം തച്ചുടച്ചപ്പോൾ അതിൽനിന്നു ചിലരുടെ വസ്ത്രങ്ങളിൽ മദ്യത്തുള്ളികൾ തെറിച്ചുവീണു. ഉടനെ അവർ, മദ്യം വീണു നനഞ്ഞ വസ്ത്രഭാഗം കഴുകിക്കളഞ്ഞു. അത്രയും വിരോധം..! അതാണു റസൂലിന്റെ (ﷺ) മദ്യവിരുദ്ധ വിപ്ലവത്തിന്റെ അന്തിമ ഫലം.



Part : 123


നനഞ്ഞ ഗോതമ്പ്


അങ്ങാടിയിൽ നല്ല തിരക്ക്. കച്ചവടക്കാർ സാധനങ്ങൾ നിരത്തിവച്ചിരിക്കുന്നു. ആവശ്യക്കാർ വന്നു നിറയുന്നു. ആളുകൾ വില ചോദിക്കുന്നു. കച്ചവടക്കാർ വില പറയുന്നു. ചിലർ വില പേശുന്നു.


അങ്ങാടി സർവ്രത സജീവം. നബി ﷺ അതുവഴി നടന്നുവരികയായിരുന്നു. അങ്ങാടിയിലേക്കു പ്രവേശിച്ചു. ധാന്യം വിൽക്കുന്ന ഒരു വ്യാപാരിയുടെ അടുത്തേക്കു നടന്നുവന്നു. ധാന്യക്കൂമ്പാരത്തിലേക്കു നോക്കി.


പ്രവാചകൻ ﷺ എത്തിയപ്പോൾ പലരും അങ്ങോട്ടു ശ്രദ്ധിച്ചു. വ്യാപാരിയുടെ മുഖത്ത് അമ്പരപ്പ്. എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. ധാന്യക്കൂമ്പാരത്തിനടിയിലേക്കു നബി ﷺ കൈ താഴ്ത്തി. നനഞ്ഞ ധാന്യം..!


“എന്താ ഇത്..?” - നബിﷺതങ്ങൾ ചോദിച്ചു.


“മഴയിൽ നനഞ്ഞു പോയി'' - വ്യാപാരി ദുഃഖത്തോടെ പറഞ്ഞു.


“എങ്കിൽ അതു ജനങ്ങൾ അറിയണം. നനഞ്ഞ ധാന്യം ആളുകൾ കാണണം. വിൽപന സാധനങ്ങളുടെ ന്യൂനതകൾ മൂടിവയ്ക്കാൻ പാടില്ല. അറിഞ്ഞുകൊള്ളുക. വഞ്ചന നടത്തുന്നവൻ നമ്മുടെ കൂട്ട

ത്തിൽപെട്ടവനല്ല.” നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു വ്യാപാരി ഞെട്ടിപ്പോയി..!!


ന്യൂനതകൾ മറച്ചുവച്ചുകൊണ്ടുള്ള വിൽപന വഞ്ചനയാണന്നാണ് നബി ﷺ പ്രഖ്യാപിക്കുന്നത്. എത്ര കഠിനമായ താക്കീത്..! കച്ചവടം നല്ല തൊഴിലാണ്. അനുവദനീയമായ കച്ചവടമായിരിക്കണം. മിതമായ ലാഭമെടുക്കാം. പൂഴ്ത്തിവയ്പ്പ് പാടില്ല. കരിഞ്ചന്ത പാടില്ല. കൃത്രിമ ക്ഷാമം സൃഷ്ടിച്ചു സാധനങ്ങളുടെ വില കൂട്ടാൻ പാടില്ല. സത്യസന്ധരായിരിക്കണം കച്ചവടക്കാർ...


വിൽപനക്കുള്ള സാധനങ്ങളുടെ ന്യൂനതകൾ വാങ്ങാൻ വരുന്നവർ അറിയണം. ചിലർ വിൽപന സാധനങ്ങളുടെ മെച്ചം അങ്ങനെ വിളിച്ചുപറയും. വാങ്ങാൻ വരുന്നവർ ആ വാചാലതയിൽ വീണുപോകും. സാധനം അത്രയൊന്നും മെച്ചപ്പെട്ടതാകുകയുമില്ല. ഇത് അനുവദനീയമല്ല.


നേർക്കുനേരെയുള്ള അളവും തൂക്കവും മാത്രമേ ഇസ്ലാം അനുവദിക്കുന്നുള്ളൂ. തൂക്കം കൃത്യമായി കാണിക്കുന്ന തുലാസു തന്നെ ഉപയോഗിക്കണം. തുലാസിൽ കൃത്രിമം കാണിക്കാറുണ്ട്. അതു വഞ്ചനയാണ്...


ചിലർ തൂക്കിയെടുക്കാൻ ഒരു തുലാസും തൂക്കിക്കൊടുക്കാൻ മറ്റൊരു തുലാസും ഉപയോഗിക്കും. ഇതും വഞ്ചന തന്നെ.


ജനങ്ങൾ എന്തെങ്കിലും സാധനം കടയിൽ വിൽപനക്കു കൊണ്ടുവരുന്നു. കുരുമുളകോ അടക്കയോ പുളിയോ തേങ്ങയോ പയറോ എന്തെങ്കിലും.


അഞ്ചു കിലോഗ്രാം തൂക്കിയെടുക്കുന്നു. വാസ്തവത്തിൽ അത് അഞ്ചു കിലോയിൽ കൂടുതൽ കാണും. 


അതേ കച്ചവടക്കാരൻ അഞ്ചു കിലോഗ്രാം തൂക്കിക്കൊടുക്കുന്നു എന്നു കരുതുക. വാസ്തവത്തിൽ അത് അഞ്ചു കിലോ തികയില്ല. 


വിശുദ്ധ ഖുർആൻ ഇത്തരക്കാർക്കു ശക്തമായ താക്കീതു നൽകുന്നുണ്ട്. ജനങ്ങളുടെ അവകാശം കവർന്നെടുക്കുന്നവർക്കു വേദനാ

ജനകമായ ശിക്ഷയാണുള്ളത്.


നീതിമാനായ കച്ചവടക്കാരനെ നബി ﷺ വളരെയേറെ പുകഴ്ത്തിപ്പറഞ്ഞു. പലരുടെയും കച്ചവടത്തിൽ ബറകത്തുണ്ടാകാൻ വേണ്ടി ദുആ ചെയ്തിട്ടുണ്ട്.


അറബികളുടെ പ്രധാന വരുമാനമാർഗം തന്നെ വ്യാപാരമായിരുന്നുവല്ലോ. അതുകൊണ്ടു വ്യാപാരത്തിന്റെ കാര്യത്തിൽ മുസ്ലിം ഭരണകൂടം വളരെയേറെ ശ്രദ്ധ ചെലുത്തിയിരുന്നു.


അബൂബക്കർ(റ), അബ്ദുർറഹ്മാൻ ബ്നു ഔഫ്(റ), ഉസ്മാൻ(റ) എന്നിവരൊക്കെ പേരെടുത്ത കച്ചവടക്കാരായിരുന്നു. അവരുടെയൊക്കെ ധനം ഇസ്ലാംമത പ്രചാരണത്തിനു വളരെയേറെ ഉപകരിച്ചിട്ടുണ്ട്.


കച്ചവടക്കാർ എക്കാലത്തും ഇസ്ലാമിന്റെ സഹായികളായി വർത്തിച്ചിട്ടുണ്ട്. അവരുടെ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും. നമ്മുടെ കച്ചവടക്കാർ നീതിയോടുകൂടി വർത്തിക്കട്ടെ...



Part : 124


വിശ്വാസികളുടെ മാതാക്കൾ 


ഖദീജ(റ)


റസൂലുല്ലാഹിﷺയുടെ പത്നിമാരെക്കുറിച്ചു പല അധ്യായങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ ഒന്നിച്ച് അനുസ്മരിക്കാം. ഓർത്തുവയ്ക്കാൻ അതുവേണം. 


പ്രഥമ പത്നി ഖദീജ(റ) തന്നെ. അവരുടെ പിതാവ് ഖുവയ്ലിദ് ബ്നു അസദ്. മാതാവ് ഫാത്വിമ ബിൻത് സായിദ്.


അവരുടെ സ്ഥാനപ്പേര് ത്വാഹിറ.


സൽസ്വഭാവത്തിനും ഔദാര്യത്തിനും പേരുകേട്ട വനിത. തങ്ങളുടെ മകൾ 'വിശ്വാസികളുടെ മാതാവ്' എന്ന നാമത്തിൽ മനുഷ്യകുലത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്ന് ആ മാതാപിതാക്കൾ ഓർത്തിരിക്കില്ല.


അബൂഹാല എന്ന ചെറുപ്പക്കാരൻ ഖദീജ(റ)യെ വിവാഹം കഴിച്ചു. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായി. ഹിന്ദും ഹാരിസും.  അബൂഹാല ഏറെക്കാലം ജീവിച്ചില്ല.


ഖദീജ വിധവയായി...


അതീഖ് ബ്നു ആബിദ്. സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ.

അദ്ദേഹം ഖദീജയെ വിവാഹം ചെയ്തു. അതിൽ ഒരു പെൺകുട്ടി ജനിച്ചു. പേര് ഹിന്ദ്. ഏറെക്കഴിഞ്ഞില്ല, അതീഖും മരണപ്പെട്ടു. പിന്നെയും വിധവയായി.


പല വിവാഹാലോചനകൾ വന്നു.


ഒന്നും സ്വീകരിച്ചില്ല. ധനികയാണ്. കച്ചവട സംഘങ്ങളെ അയയ്ക്കും. വയസ് നാൽപത്.


'അൽ അമീൻ' എന്നു പരക്കെ അറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനുമായി വിവാഹം.


തനിക്കുള്ളതെല്ലാം പ്രവാചകനു (ﷺ) മുമ്പിൽ സമർപ്പിച്ചു. പ്രവാചകനു വയസ്സു നാൽപതായി.


അപ്പോഴേക്കും പതിനഞ്ചു വർഷത്തെ ദാമ്പത്യം കടന്നുപോയിരുന്നു.


ഹിറാഗുഹയിലെ നാളുകൾ.


ആദ്യത്തെ വഹ്യ്. അതിന്റെ പാരവശ്യം. എല്ലാറ്റിനും ഖദീജ(റ) സാക്ഷി. ഒന്നാമതായി ഇസ്ലാം സ്വീകരിച്ചു. കടുത്ത പരീക്ഷണത്തിന്റെ നാളുകൾ.


ഇസ്ലാം സ്വീകരിച്ച പാവങ്ങളെ സഹായിച്ചു. അതിശയകരമായ ഔദാര്യം. പണമെല്ലാം ദീനിനുവേണ്ടി ചെലവാക്കി. പ്രവാചകനെ (ﷺ) ധനം കൊണ്ടും വാക്കുകൾകൊണ്ടും സൽകർമ്മങ്ങൾകൊണ്ടും സഹായിച്ചു.


ബഹിഷ്കരണത്തിന്റെ കാലം. മലഞ്ചരിവിൽ കൊടിയ യാതനകൾ സഹിച്ചു. ശരീരം ക്ഷയിച്ചു.


ബഹിഷ്കരണം അവസാനിച്ചു. പിന്നെ ഏറെ നാൾ ജീവിച്ചില്ല. അബൂത്വാലിബും ഖദീജ(റ)യും വഫാതായി. അതു ദുഃഖവർഷം.


സയ്നബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നീ പുത്രിമാരെ പെറ്റുവളർത്തി. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാരെയും. ഇബ്റാഹിം എന്ന കുട്ടി ഒഴികെ നബിﷺയുടെ എല്ലാ മക്കളെയും പ്രസവിച്ചത് ഖദീജ(റ) ആയിരുന്നു.


നബി ﷺ അവരെ നന്ദിയോടെ അനുസ്മരിക്കുമായിരുന്നു. അതുകേട്ടു മറ്റുള്ളവർ അത്ഭുതം കൊള്ളും. ഖദീജ(റ)ക്കു പ്രവാചകരുടെ (ﷺ) മനസ്സിലുള്ള സ്ഥാനം...!


Part : 125


സൗദ(റ)


വിശ്വാസത്തിന്റെ പേരിൽ മർദ്ദിക്കപ്പെട്ട സാത്വിക. ഏകനായ അല്ലാഹുﷻവിലും അവന്റെ ദൂതനിലും വിശ്വസിച്ചു. ഇതാണ് അപരാധം.  


ആരെയും അക്രമിച്ചിട്ടില്ല. പരിഹസിച്ചിട്ടില്ല. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിച്ചിട്ടില്ല. ഇസ്ലാം സ്വീകരിച്ചു. ക്രൂരമായി മർദ്ദിക്കപ്പെട്ടു.  നാടുവിടേണ്ടതായി വന്നു.


ഒരു സംഘം മുസ്ലിംകൾ നാടുവിട്ടു. അബ്സീനിയയിലേക്കു പലായനം ചെയ്തു. ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കുന്ന ഒരു കുടുംബം അക്കൂട്ടത്തിലുണ്ട്.


ഭർത്താവ് സക്റാൻ(റ), ഭാര്യ സൗദ(റ). സംഅത്ത് ബ്നു ഖയ്സ് ഗോത്രത്തിലെ ഉന്നതനാണ്.


കഴിവും കരുത്തുമുള്ള നേതാവ്. ആ നേതാവിന്റെ മകളാണു സൗദ(റ). 


സക്റാൻ (റ) വിവാഹം ചെയ്തു.


ആ ദാമ്പത്യത്തിൽ ഒരു ആൺകുട്ടി ജനിച്ചു. പേര് അബ്ദുർറഹ്മാൻ.

സൗദ ഇസ്ലാം സ്വീകരിച്ചതു കോളിളക്കം സൃഷ്ടിച്ചു.


ഖബീല ഒന്നാകെ ഇളകി. മർദ്ദനങ്ങൾ തുടങ്ങി. അങ്ങനെയാണു നാടുവിട്ടത്.


അബ്സീനിയയിലെ നാളുകൾ സമാധാനം നൽകി. സക്റാൻ (റ) രോഗബാധിതനായി. ഉത്കണ്ഠ നിറഞ്ഞ നാളുകൾ. സക്റാൻ (റ) മരണപ്പെട്ടു.


ദുഃഖത്തിന്റെ പ്രതീകമായി മാറി, സൗദ(റ). അവരുടെ സംരക്ഷണം നബി ﷺ ഏറ്റെടുത്തു. അവരെ വിവാഹം ചെയ്തു. അവർ വിശ്വാസികളുടെ മാതാവായി.



മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts