മുഹമ്മദ് നബി (സ്വ) ചരിത്രം
ഭാഗം 8
Part : 176
ഒരു കാട്ടറബി
നബി ﷺ നടന്നുപോകുന്നു.
വളരെ സൂക്ഷ്മതയോടെ പാദങ്ങൾ വയ്ക്കുന്നു. വിനയാന്വിതമായ നടത്തം. തന്റെ ശരീരത്തിൽ ധരിച്ചിരിക്കുന്ന വസ്ത്രമോ, പരുക്കൻ. ഒരു സുഖവുമില്ല.
പിന്നിൽ നിന്നാരോ വസ്ത്രത്തിൽ പിടിച്ചു വലിച്ചു. ചുമലിൽ വസ്ത്രം വലിഞ്ഞു മുറുകി..! ആരാണ് തന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്..?
നോക്കുമ്പോൾ ഒരു കാട്ടറബി
മലഞ്ചരുവിൽ കഴിയുന്ന സംസ്കാരമില്ലാത്ത അറബിയാണ്.
“എനിക്കു വല്ലതും തരണം.” പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിക്കുന്നു.
സാധാരണക്കാരനു കോപം വരും.
വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നത് ആരും ഇഷ്ടപ്പെടില്ല. അതിനു ശക്തി കൂടുകകൂടി ചെയ്താലോ..?
വസ്ത്രം പിടിച്ചു വലിച്ചതിന്റെ കാരണമോ? ധർമം കിട്ടാൻ..! ഇങ്ങനെ പെരുമാറിയാൽ ആരെങ്കിലും ധർമം കൊടുക്കുമോ..?
ഇങ്ങനെ ഒരു സാഹചര്യം വന്നുപെട്ടാൽ മനുഷ്യൻ എങ്ങനെ പെരുമാറണം? ലോകത്തിന്റെ ഗുരുനാഥനായ നബി ﷺ തങ്ങൾ എങ്ങനെ പ്രവർത്തിച്ചുവെന്നു നോക്കാം.
നബി ﷺ അയാളെ നോക്കി പുഞ്ചിരി തൂകി. എന്നിട്ടു ധർമം നൽകി. കാരുണ്യത്തിന്റെ പ്രവാചകൻ ﷺ. കടുത്ത പെരുമാറ്റത്തെ, സൗമ്യമായ പെരുമാറ്റം കൊണ്ടു നേരിടുക...
പരുഷ സ്വഭാവക്കാരെ അതേ രീതിയിൽ നേരിടില്ല. വളരെ മയമായി പെരുമാറും. അതവരുടെ മനസ്സിനെ സ്പർശിക്കും. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തും...
Part : 177
വിശപ്പിന്റെ വിളി
നല്ല വിശപ്പ്. വീട്ടിൽ ഭക്ഷണമൊന്നുമുണ്ടായിരുന്നില്ല. നബി ﷺ വീട്ടിൽനിന്നു പുറത്തിറങ്ങി.
രാത്രി സമയം. ആളുകൾ വിശ്രമിക്കുന്നു. എവിടെ നിന്നെങ്കിലും വല്ലതും കിട്ടണം. വിശന്നു പൊരിയുന്ന വയറുമായി നടന്നു. ഇരുട്ടാണെങ്കിലും നേർത്ത വെട്ടമുണ്ട്. വഴിയറിയാം. അരണ്ട വെളിച്ചത്തിൽ രണ്ടാളുകൾ നടന്നുപോകുന്നു...
“ആരാണത്?” - നബി ﷺ വിളിച്ചു ചോദിച്ചു.
അവർ ആ ശബ്ദം തിരിച്ചറിഞ്ഞു. അല്ലാഹുﷻവിന്റെ റസൂൽ (ﷺ)..! അവർ നടത്തം നിറുത്തി. പ്രവാചകൻ ﷺ അടുത്തെത്തി. അബൂബക്കർ(റ), ഉമർ(റ)...
“നിങ്ങളിരുവരും എങ്ങോട്ടാ, ഈ ഇരുട്ടിൽ..?”
“അല്ലാഹുവിന്റെ റസൂലേ, ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പു സഹിക്കാനാവുന്നില്ല.'' അവർ മറുപടി നൽകി...
“ഞാനും ഒന്നും കഴിച്ചിട്ടില്ല. വിശപ്പു തന്നെയാണ് എന്നെയും ഇവിടെ എത്തിച്ചത്.” നബി ﷺ പറഞ്ഞു.
മൂവരും ഇരുട്ടിലൂടെ നടന്നു...
അബുൽ ഹയ്സം അൻസാരി(റ)വിന്റെ വീട്. മൂവരും നടന്നു നടന്ന് ആ വീടിന്റെ മുമ്പിലെത്തി. റസൂൽ ﷺ ആ വീട്ടിലേക്കു നടന്നു. കൂടെ സഹയാത്രികരും.
“അസ്സലാമു അലയ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...”
മുറ്റത്തു നബിﷺതങ്ങളുടെ ശബ്ദം.
അബുൽ ഹയസം(റ) ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ തന്റെ വീട്ടുമുറ്റത്ത്..!
ഇതിൽപരം ഒരനുഗ്രഹം വരാനുണ്ടോ..?
“വ അലയ്ക്കുമുസ്സലാം വറഹ്മതുല്ലാഹി വബറകാതുഹു...”
സലാം മടക്കിക്കൊണ്ടു സ്വഹാബിവര്യൻ മുറ്റത്തേക്കു ചാടിയിറങ്ങി...
“അല്ലാഹുവിന്റെ റസൂലേ, അകത്തേക്കു കയറിയിരുന്നാലും.” നോക്കുമ്പോൾ കൂടെ രണ്ടുപേർ - അബൂബക്കർ(റ), ഉമർ(റ). എത്ര ആദരണീയരായ അതിഥികൾ. എല്ലാവരെയും വീട്ടിൽ ഇരുത്തിയശേഷം അബുൽ ഹയ്സം
(റ) തോട്ടത്തിലേക്കോടി...
വിശക്കുന്ന വയറുമായി മൂന്ന് അതിഥികൾ. അൽപം കഴിഞ്ഞപ്പോൾ അബുൽ ഹയസം (റ) ഓടിയെത്തി. കയ്യിൽ ഈത്തപ്പഴത്തിന്റെ കുല. പഴുത്തു പാകമായ ഈത്തപ്പഴം. അതിഥികളുടെ മുമ്പിൽ വച്ചു. ഭക്ഷിക്കാൻ ക്ഷണിച്ചു.
“ഇതാ ഇതു കഴിച്ചോളൂ... ഞാനിതാ വരുന്നു.”
അതിഥികൾ ഈത്തപ്പഴം കഴിക്കാൻ തുടങ്ങി. പെട്ടെന്ന് അബുൽ ഹയസം(റ) ഒരു കത്തിയുമായി പുറത്തേക്കിറങ്ങി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ നബിﷺതങ്ങൾ പറഞ്ഞു: “കറവയുള്ള മൃഗത്തെ അറുക്കരുത്.” സ്വഹാബിവര്യൻ സമ്മതിച്ചു.
അദ്ദേഹം ഒരാടിനെ അറുത്തു. സദ്യയുണ്ടാക്കി. അതിഥികളെ സൽകരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു. അൽഹംദുലില്ലാഹ്.. അല്ലാഹുﷻവിനെ വാഴ്ത്തി. ആഹാരം നൽകിയ കുടുംബത്തിനു വേണ്ടി പ്രാർത്ഥന നടത്തി. മൂന്നു പേരും മടങ്ങി...
നടക്കുന്നതിനിടയിൽ നബി ﷺപറഞ്ഞു: “നാം വിശന്നു പൊരിഞ്ഞ വയറുമായി വീട്ടിൽ നിന്നിറങ്ങി. നമുക്കു നല്ല ഭക്ഷണം കിട്ടി. നാം നന്നായി ഭക്ഷിക്കുകയും ചെയ്തു. ഓർക്കുക; ഈ സദ്യയെക്കുറിച്ചു പരലോകത്തുവച്ച് അല്ലാഹു ﷻ നമ്മെ ചോദ്യം ചെയ്യും.”
നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചും പാനീയത്തെക്കുറിച്ചുമൊക്കെ നാളെ പരലോകത്തുവച്ചു ചോദ്യം ചെയ്യപ്പെടും. അനുവദനീയമായ ആഹാര പാനീയങ്ങൾ മാത്രമേ നാം ഉപയോഗിക്കാൻ പാടുള്ളൂ. നിഷിദ്ധമായതൊന്നും ഭക്ഷിക്കരുത്. മറ്റുള്ളവർക്കു കൊടുക്കുകയും ചെയ്യരുത്. എല്ലാവരും വിചാരണ നേരിടേണ്ടതായിവരും. ഓർമയിൽ വേണം...
Part : 178
അമിതാഹാരം ആപത്ത്
ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. നബിﷺതങ്ങളുടെ പല നിർദേശങ്ങളും ആരോഗ്യശാസ്ത്ര പ്രധാനമാകുന്നു. ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള
ഒരു നബിവചനത്തിന്റെ ആശയം താഴെ കൊടുക്കാം.
“ഭക്ഷണ പാനീയങ്ങൾ കഴിക്കുമ്പോൾ വയറു നിറയ്ക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും അതു ശരീരത്തിനു ഹാനീകരമാണ്. അതു രോഗങ്ങൾക്കു കാരണമാകും.
നിസ്കാരം നിർവഹിക്കുന്നതിൽ അലസത വരുത്തും.
ആഹാരപാനീയങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണം. അതു ശരീരത്തിനു നന്മ ചെയ്യും. ധന ദുർവിനിയോഗം തടയുകയും ചെയ്യും...”
അമിതാഹാരം ശരീരത്തിനു ദോഷം ചെയ്യും. ദഹനേന്ദ്രിയങ്ങൾക്ക് അത് അമിത ജോലിയാണ് ഉണ്ടാക്കി
വയ്ക്കുന്നത്. ചിലപ്പോൾ ദഹനക്കേടിനു കാരണമാകും.
മിതമായ ആഹാരരീതി നമ്മുടെ ആരോഗ്യം കാത്തുസംരക്ഷിക്കും.
എല്ലാ രോഗങ്ങളുടെയും കേന്ദ്രം വയറു തന്നെ. വയർ ശുദ്ധമായിരുന്നാൽ രോഗങ്ങളെ അകറ്റിനിറുത്താം.
സമയത്തിന് ആഹാരം കഴിക്കണം. ശരീരത്തിന്റെ ആവശ്യമറിഞ്ഞാണു കഴിക്കേണ്ടത്. നാവിനു രുചിയുണ്ടെന്നുവച്ചു വാരിവലിച്ചു തിന്നരുത്.
അമിതമായ ആഹാരം നമ്മെ അലസന്മാരും ഉദാസീനരുമാക്കും. ഉറങ്ങാനുള്ള ആശ വർധിപ്പിക്കും. പ്രവർത്തിക്കാനുള്ള ആവേശം കുറയും. ആത്മീയ കാര്യങ്ങളെയും ഇതു ബാധിക്കും.
ശാരീരികവും മാനസികവും ആത്മീയവുമായ കാര്യങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് അമിതമായ ആഹാരം എന്നു പറയാം.
ഇനി മറ്റൊരു ഹദീസിന്റെ ആശയം പറഞ്ഞുതരാം. “നിങ്ങൾ ശരീരത്തെ ശുദ്ധമായി സൂക്ഷിക്കുക. അപ്പോൾ അല്ലാഹു ﷻ നിങ്ങളെ ശുദ്ധീകരിക്കും.”
നമ്മുടെ ബാഹ്യശരീരത്തെ നാം വൃത്തിയായി സൂക്ഷിക്കണം. അപ്പോൾ ആന്തരികമായ ശുദ്ധി അല്ലാഹു ﷻ നൽകും. ഇതാണു ഹദീസ് നൽകുന്ന സൂചന.
ശരീരത്തെ രോഗത്തിൽനിന്നു മുക്തമായി നിറുത്താൻ ഭക്ഷണ പാനീയങ്ങളിൽ നിയന്ത്രണം വേണം. ശുദ്ധിയുള്ള വസ്ത്രം ധരിക്കണം. മുഷിഞ്ഞ വസ്ത്രം രോഗാണുക്കളെ വഹിക്കും.
ശരീരം വൃത്തിയാക്കാൻ നിത്യേന കുളിക്കണം. പല്ലു തേക്കണം. ഇതെല്ലാം ശരീരത്തിന്റെ ബാഹ്യമായ ശുദ്ധിയാണ്. ആത്മീയ ശുദ്ധി നൽകേണ്ടത് അല്ലാഹുﷻവാണ്.
ആരോഗ്യശാസ്ത്ര സംബന്ധമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു നബിവചനം കാണുക.
“ഒരു മനുഷ്യനും തന്റെ വയറിനെക്കാൾ ചീത്തയായ മറ്റൊരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യനു തന്റെ ദേഹത്തിന്റെ നിലനിൽപിനാവശ്യമായ ചെറിയ ഉരുളകൾ (ചോറിന്റെ ഉരുള) മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനും മൂന്നിലൊന്നു പാനീയത്തിനും മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനും ഉള്ളതാകുന്നു.''
ഒട്ടുമിക്ക രോഗങ്ങളെയും അകറ്റിനിറുത്താൻ ഈ നബിവചനം പ്രാവർത്തികമാക്കിയാൽ മതി. വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിനു മാറ്റിവയ്ക്കുക. മൂന്നിലൊന്നു വെള്ളത്തിനും. ബാക്കി വായുവിനും. ദഹനപ്രക്രിയ വളരെ വേഗത്തിൽ നടക്കും...
കഴിച്ച ഭക്ഷണത്തിലെ പോഷകാംശങ്ങൾ ശരീരം എളുപ്പത്തിൽ സ്വീകരിക്കും. മനുഷ്യൻ സദാ ഊർജസ്വലനായിരിക്കും. പ്രവർത്തനങ്ങളിൽ ചൈതന്യം തുടിച്ചുനിൽക്കും. മനസ്സിൽ ആത്മീയ ചിന്തകൾ വെട്ടിത്തിളങ്ങും. ഇബാദത്തുകളിൽ ഏകാഗ്രതയും ലഭിക്കും.
ശരീരത്തിന്റെയും ആത്മാവിന്റെയും ആരോഗ്യം പരിഗണിച്ചുകൊണ്ടുള്ള നിർദേശങ്ങളാണു നബി ﷺ ലോകത്തിനു നൽകിയത്.
Part : 179
കടം വീട്ടിയ കഥ
ഒരിക്കൽ ജാബിർ ബ്നു അബ്ദില്ല(റ) നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഉൽകണ്ഠ നിറഞ്ഞുനിന്നിരുന്നു. വളരെ ഗൗരവമുള്ള ഏതോ കാര്യം പറയാൻ വന്നതാണ്...
നബിﷺതങ്ങൾക്കു സലാം ചൊല്ലി. പുണ്യപ്രവാചകൻ ﷺ സലാം മടക്കി. ജാബിർ(റ)വിന്റെ മുഖത്തേക്കു നോക്കി. “എന്താ ജാബിർ വിശേഷം..?”
“അല്ലാഹുവിന്റെ റസൂലേ, വളരെ ഗൗരവമുള്ള കാര്യം പറയാനാണു ഞാൻ വന്നത്.”
“എന്താണത്, പറയൂ...”
“എന്റെ പിതാവ് ഉഹുദ് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അതിൽ വധിക്കപ്പെട്ടു.”
നബിﷺതങ്ങളുടെ മനസ്സിൽ ഉഹുദിന്റെ രംഗം തെളിഞ്ഞു വന്നു. പടവെട്ടുന്ന ധീരസേനാനി. ശത്രുക്കളെ തുരത്തുന്നു. പരസ്പരം മറന്ന പോരാട്ടം. അതിനിടയിൽ വെട്ടേറ്റു വീഴുന്നു. വീരരക്തസാക്ഷിത്വം...
ഉഹുദിൽ ശഹീദായ സ്വഹാബിയുടെ ഓമന മകനാണ് തന്റെ മുമ്പിൽ വന്നുനിൽക്കുന്നത്. ജാബിർ ബ്നു അബ്ദില്ല. അബ്ദുല്ലയുടെ മകൻ ജാബിർ...
“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവ് ശഹീദായി. അദ്ദേഹം വലിയ കടം ഉള്ള ആളായിരുന്നു. ആ കടം ഇപ്പോഴും ബാക്കി കിടക്കുന്നു.” - സ്നേഹമുള്ള മകൻ വേദനയോടെ പറഞ്ഞു.
ജാബിർ(റ) വീണ്ടും സംസാരിക്കുന്നു.
“അല്ലാഹുവിന്റെ റസൂലേ, എന്റെ പിതാവിന് ആറു പെൺമക്കളുണ്ട്. ആറു പെൺമക്കളെയും വമ്പിച്ച കടവും വിട്ടേച്ചുകൊണ്ടാണ് അദ്ദേഹം മരണപ്പെട്ടത്.”
നബിﷺതങ്ങൾ ജാബിർ(റ)വിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ജാബിർ(റ) തുടർന്നു: “കടക്കാർ അങ്ങയെ സമീപിക്കട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.”
അതിനു പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “ങാ... വരട്ടെ... നിങ്ങൾ ചെന്നു തോട്ടത്തിലെ ഈത്തപ്പഴം പറിച്ചുകൊണ്ടുവരൂ..!”
നിർദേശം കിട്ടിയ ഉടനെ ജാബിർ(റ) ഓടിപ്പോയി. ഈത്തപ്പന മരങ്ങളുടെ സമീപത്തെത്തി. പഴുത്തു പാകമായ പഴങ്ങളൊക്കെ പറിച്ചെടുത്തു. വലിയ കുട്ടകളിൽ നിറച്ചു. അവ ചുമന്നുകൊണ്ടുവന്നു വലിയ കൂമ്പാരമായി കൂട്ടിവച്ചു. എന്നിട്ടു നബിﷺതങ്ങളെ വിവരം അറിയിച്ചു.
നബിﷺതങ്ങൾ ഈത്തപ്പഴക്കൂമ്പാരങ്ങളുടെ സമീപത്തെത്തി. എല്ലാ കൂമ്പാരവും നന്നായി പരിശോധിച്ചു. ഏറ്റവും വലിയ കൂമ്പാരത്തിനു സമീപം വന്നുനിന്നു. അതിലേക്കു നോക്കി. പിന്നെ മൂന്നു വട്ടം ആ കൂമ്പാരത്തിനു ചുറ്റും നടന്നു. മനസ്സും ചുണ്ടുകളും പ്രാർത്ഥനയിലാണ്...
ആളുകൾ ചുറ്റും കൂടി. ജാബിർ(റ) ഉൽകണ്ഠയോടെ നോക്കിനിന്നു. തന്റെ പിതാവിന്റെ കടങ്ങൾ വീട്ടിക്കിട്ടണേ എന്ന മോഹം മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
വലിയ കൂമ്പാരത്തിനടുത്തു പ്രവാചകൻ ﷺ ഇരുന്നു. “കടക്കാരെ വിളിക്കൂ...” നബി ﷺ കൽപിച്ചു.
ഉടനെ കടക്കാരെല്ലാം വന്നുചേർന്നു. ഒരു കടക്കാരനോടു ചോദിച്ചു: “നിങ്ങൾക്കു കിട്ടാനുള്ളത് എത്രയാണ്..?”
കടക്കാരൻ തുക പറഞ്ഞു. ഉടനെ അതിനു തുല്യമായ ഈത്തപ്പഴം അളന്നുകൊടുത്തു.
രണ്ടാമത്തെ കടക്കാരനെ വിളിച്ചു. കിട്ടാനുള്ള തുക ചോദിച്ചു. അദ്ദേഹം തുക പറഞ്ഞു. അദ്ദേഹത്തിനും അളന്നുകൊടുത്തു.
അങ്ങനെ, വഴിക്കുവഴി എല്ലാ കടക്കാരെയും വിളിച്ചു. എല്ലാവർക്കും അളന്നു കൊടുത്തു. കടങ്ങളെല്ലാം വീട്ടിത്തീർത്തു.
അത്ഭുതം..!! ഈത്തപ്പഴം അതേപോലെ ഇരിക്കുന്നു. ഈത്തപ്പഴത്തിൽ അല്ലാഹു ﷻ വമ്പിച്ച വർധനവാണു നൽകിയത്. കൂമ്പാരങ്ങൾ പഴയതുപോലെ കിടക്കുന്നു...
അവ ജാബിർ(റ)വിനു വിൽപന നടത്താം. സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കാം. നബിﷺതങ്ങളുടെ പ്രാർത്ഥനയുടെ ഫലം...
അന്ത്യപ്രവാചകരുടെ മുഅ്ജിസത്തുകളിൽ ഇതും പെടുത്താം. ഉഹുദിൽ ശഹീദായ സ്വഹാബിവര്യന്റെ കടം വീട്ടിയതിൽ നമുക്കും ആശ്വസിക്കാം. ഈത്തപ്പഴക്കൂമ്പാരങ്ങളുടെ കഥ സന്തോഷത്തോടെ അനുസ്മരിക്കുകയും ചെയ്യാം...
Part : 180
അൽഖമയെ ചുട്ടുകരിക്കുക
ഇനിയുള്ള കുറച്ചു ഭാഗങ്ങൾ കുട്ടികൾ വളരെ ശ്രദ്ധിച്ചു വായിക്കണം. വായിച്ചതു നന്നായി ഓർമയിൽ വയ്ക്കുകയും വേണം.
വിഷയം അത്രയേറെ പ്രധാനപ്പെട്ടതാണ്.
ഒരു പ്രമുഖ സ്വഹാബിവര്യന്റെ ചരിത്രം കൊണ്ടു തുടങ്ങാം. സ്വഹാബിയുടെ പേര് അൽഖമ(റ)...
അൽഖമ(റ) രോഗശയ്യയിലായി. രോഗം മൂർച്ഛിച്ചു മരണാസന്നനായി കഴിഞ്ഞു.
അറിയാമല്ലോ; മരണം ആസന്നനായ വ്യക്തിക്ക് ശഹാദത്ത് കലിമ 'ലാഇലാഹ ഇല്ലല്ലാഹ്' എന്നു ചൊല്ലിക്കൊടുക്കും. ചിലർ അതു തനിയെ ചൊല്ലും. ചൊല്ലാത്തവർക്കു ചെറിയ ശബ്ദത്തിൽ ചൊല്ലിക്കൊടുക്കണം.
സുഹൃത്തുക്കൾ അൽഖമ(റ)നു ശഹാദത്തു കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അദ്ദേഹം അതു ചൊല്ലാൻ കൂട്ടാക്കുന്നില്ല..!
ആകെ പരിഭ്രമമായി. പലരും ആവർത്തിച്ചു ശ്രമിച്ചിട്ടും ഫലമില്ല.
അൽഖമ(റ) റസൂലിന്റെ (ﷺ) സ്വഹാബിയാണ്. നല്ല മനുഷ്യനാണ്. അങ്ങനെയൊരാൾ ശഹാദത്ത് ഉച്ചരിക്കാതെ മരിക്കുകയോ? ചിലർ റസൂലിന്റെ (ﷺ) അടുത്തേക്കോടി...
“അല്ലാഹുവിന്റെ റസൂലേ, അൽഖമ മരണാസന്നനാണ്. പക്ഷേ, അദ്ദേഹം ശഹാദത്ത് ഉച്ചരിക്കുന്നില്ല.''
നബി ﷺ അൽഖമയെ കുറിച്ച് അന്വേഷിച്ചു. കിട്ടിയ വിവരങ്ങൾ നല്ലത്. കൃത്യമായി നിസ്കരിക്കും. നോമ്പു പിടിക്കും. കഴിവുപോലെ ദാനധർമങ്ങൾ ചെയ്യും. അങ്ങനെയെങ്കിൽ കാര്യമായ കുഴപ്പമുണ്ടെന്നു റസൂലിനു (ﷺ) തോന്നി.
“അൽഖമയുടെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..?” - തിരുനബി ﷺ അന്വേഷിച്ചു.
“ഉണ്ട് നബിയേ, ഒരു വൃദ്ധയായ മാതാവുണ്ട്.” സ്വഹാബികൾ പറഞ്ഞു.
“അവർക്ക് ഇവിടെവരെ നടന്നുവരാൻ കഴിയുമെങ്കിൽ വരാൻ പറയുക. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ടു ചെല്ലാം എന്നും അറിയിക്കുക.”
വിവരം അറിഞ്ഞപ്പോൾ അൽഖമയുടെ ഉമ്മയുടെ മനസ്സ് പ്രവാചക സ്നേഹവും ആദരവും കൊണ്ടു നിറഞ്ഞുപോയി.
അവർ പറഞ്ഞു: “എന്റെ മാതാപിതാക്കൾ കൂടി അങ്ങേക്കു വിധേയരാണു നബിയേ, ഞാൻ അങ്ങയുടെ സന്നിധിയിലേക്കു വരാം.”
അങ്ങനെ അൽഖമ(റ)വിന്റെ ഉമ്മ റസൂലി (ﷺ) നടുത്തേക്കുവന്നു. പ്രായം ചെന്നു കൂനിക്കൂടിയ ഒരു വൃദ്ധ. അവർ റസൂലിനു സലാം പറഞ്ഞു...
നബി ﷺ അവരോടു സംസാരിച്ചു. “ഉമ്മാ, നിങ്ങളുടെ മകൻ അൽഖമയുടെ സ്ഥിതിയെന്താണ്..?”
സ്ത്രീ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, എന്റെ മകൻ വലിയ ഭക്തനാണ്. ധാരാളമായി സുന്നത്ത് നിസ്കരിക്കും. പകൽ മുഴുവൻ നോമ്പെടുക്കും. ദാനധർമങ്ങൾ ചെയ്യും.”
നബി ﷺ വീണ്ടും ചോദിച്ചു: “അതല്ല ഉമ്മാ ഞാൻ ചോദിക്കുന്നത്. നിങ്ങളും മകനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്..?” അവർ മറുപടി പറയാൻ അൽപം വിഷമിച്ചു. പിന്നെ ദുഃഖത്തോടെ പറഞ്ഞു തുടങ്ങി...
Part : 181
“റസൂലേ, വളരെ പ്രതീക്ഷയോടെയാണു ഞാനെന്റെ മോനെ വളർത്തിയത്. അവനുവേണ്ടി ഞാൻ ഏറെ കഷ്ടപ്പെട്ടു. എത്ര സന്തോഷത്തോടെയാണെന്നോ ഞാൻ അവനെ വിവാഹം ചെയ്യിച്ചത്...”
ആ വൃദ്ധമാതാവ് ഗദ്ഗദത്തോടെ തുടർന്നു: “അല്ലാഹുവിന്റെ റസൂലേ, ഇപ്പോൾ എന്റെ വാക്കുകളെക്കാൾ ഭാര്യയുടെ വാക്കുകൾക്കാണ് അവൻ വിലകൽപിക്കുന്നത്. അങ്ങനെ ഒരു പ്രയാസമേ ഉള്ളൂ...”
കുറച്ചു നേരം ആലോചിച്ച ശേഷം നബി ﷺ സ്വഹാബികളോടു കൽപിച്ചു: “നിങ്ങൾ കുറച്ചു വിറകു ശേഖരിച്ചു കൊണ്ടുവരൂ..!”
എല്ലാവർക്കും അത്ഭുതമായി. നബി ﷺ വിശദീകരിച്ചു: “നമുക്ക് അൽഖമ(റ)വിനെ ചുട്ടുകരിക്കാം...”
അൽഖമയുടെ മാതാവ് ഞെട്ടിപ്പോയി..!! അവർ ഉൽകണ്ഠയോടെ ചോദിച്ചു. “അല്ലാഹുവിന്റെ റസൂലേ, എന്റെ മോനെ ചുട്ടുകരിക്കുകയോ..?”
നബി ﷺ പറഞ്ഞു: “അതേ ഉമ്മാ...; നരകാഗ്നിയാണു നിങ്ങളുടെ മകനെ കാത്തിരിക്കുന്നത്. അതിലും എത്രയോ നിസ്സാരമാണു ഭൂമിയിലെ തീ...”
ആ വൃദ്ധ മാതൃഹൃദയം തേങ്ങിപ്പോയി. വല്ലാത്തൊരു ശബ്ദത്തിൽ അൽഖമയുടെ മാതാവ് പറഞ്ഞു: “വേണ്ട നബിയേ.., എന്റെ മകനു ഞാൻ പൊറുത്തുകൊടുത്തിരിക്കുന്നു...”
നബി ﷺ സ്വഹാബികളോടു പറഞ്ഞു. നിങ്ങൾ അൽഖമയുടെ വീട്ടിൽ ചെന്നു നോക്കൂ...''
സ്വഹാബികൾ പുറപ്പെട്ടു. വീടിന്റെ അടുത്തെത്തുമ്പോൾ തന്നെ അവർ കേട്ടു; അൽഖമ(റ) ഉറക്കെ ശഹാദത്തു ചൊല്ലുന്ന ശബ്ദം...
അൽഖമയുടെ ജനാസ ഖബറടക്കിയ ശേഷം ആ ഖബറിനടുത്തു നിന്നുകൊണ്ടു നബി ﷺ വികാരഭരിതനായി ഇങ്ങനെ പ്രഖ്യാപിച്ചു:
“മുഹാജിറുകളുടെയും അൻസാറുകളുടെയും സമൂഹമേ,
ആരെങ്കിലും ഭാര്യയെ തന്റെ മാതാവിനെക്കാൾ ആദരിച്ചാൽ
അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ മനുഷ്യരുടെയും ശാപം അവന്റെ മേലുണ്ടാകട്ടെ...”
വളരെ ഗൗരവമുള്ള താക്കീത്...
ഇനി മറ്റൊരു സംഭവം പറയാം, കേട്ടോളൂ... ഒരു ചെറുപ്പക്കാരനും വൃദ്ധനും നബിﷺയുടെ സന്നിധിയിലേക്കു കടന്നുവന്നു.
“ഇയാൾ ആരാണ്..?” നബി ﷺ ചെറുപ്പക്കാരനോടു ചോദിച്ചു.
“എന്റെ ഉപ്പയാണു റസൂലേ...(ﷺ)” ചെറുപ്പക്കാരൻ ഭവ്യതയോടെ ഉണർത്തി.
നബി ﷺ ആ ചെറുപ്പക്കാരനെ ഉപദേശിച്ചു: “നീ അദ്ദേഹത്തിനു മുന്നിൽ കേറി നടക്കരുത്. ഉപ്പ ഇരിക്കും മുമ്പ് ഇരിക്കരുത്. പിതാവിനു ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യരുത്. നിന്റെ കാരണമായി അദ്ദേഹം ചീത്ത കേൾക്കരുത്.”
ഇത് ആ ചെറുപ്പക്കാരനു മാത്രമുള്ള ഉപദേശമല്ല. ലോകത്തെ എല്ലാ മക്കൾക്കും നൽകിയ ഉപദേശമാണ്...
Part : 182
അസ്മാഅ് (റ) യുടെ മാതാവ്
അസ്മാഅ്(റ)യെ മറന്നില്ലല്ലോ സിദ്ദീഖ്(റ)വിന്റെ മകൾ. ആഇശ(റ)യുടെ ഇത്താത്ത...
ആഇശ(റ)യുടെ ഉമ്മ ഉമ്മുറുമാൻ ആണല്ലോ. അസ്മാഅ്(റ)യുടെ മാതാവ് ഖുതയ്മ എന്ന സ്ത്രീയാണ്. ഉമ്മുറുമാനെ വിവാഹം ചെയ്യുംമുമ്പ് സിദ്ദീഖ്(റ) ഖുതയ്മയെ വിവാഹം ചെയ്തിരുന്നു. അതിലെ മകളാണ് അസ്മാഅ്(റ). ഖുതയ്മ ഇസ്ലാംമതം വിശ്വസിച്ചിരുന്നില്ല.
ഒരിക്കൽ ഒരു സംഭവമുണ്ടായി. എന്തോ ആവശ്യം പറഞ്ഞു ഖുതയ്മ അസ്മാഅ്(റ)യുടെ അടുത്തു വന്നു.
ബീവിക്ക് ആശങ്കയായി. ഉമ്മ അവിശ്വാസിയാണ്. അമുസ്ലിമായ ഉമ്മയെ സഹായിക്കാൻ പാടുണ്ടോ..?
അസ്മാഅ്(റ) റസൂലിന്റെ (ﷺ) പ്രിയപ്പെട്ട ശിഷ്യയാണ്. ഗുരുവായ റസൂലിന്റെ അടുത്തേക്ക് ബീവി ആളെ അയച്ചു.
അവിശ്വാസിയായ ഉമ്മയെ സഹായിക്കാമോ..?
മറുപടി വന്നു. “ഉമ്മക്ക് ഗുണം ചെയ്യുക.”
അസ്മാഅ്(റ) ഉമ്മയെ സഹായിച്ചു.
മറ്റൊരിക്കൽ - ഖുതയ്മ കയറിവന്നു. കയ്യിൽ കുറെ സമ്മാനങ്ങൾ..!അസ്മാഇനു വേവലാതിയായി. അമുസ്ലിമായ ഉമ്മ കൊണ്ടുവന്ന സമ്മാനങ്ങൾ സ്വീകരിക്കാമോ..?
വീണ്ടും റസൂൽ ﷺ യുടെ അടുത്തേക്ക് ആളെ അയച്ചു.
“മാതാവിനെ സ്വീകരിക്കുക, സമ്മാനങ്ങളും.” നബി ﷺ അനുവദിച്ചു.
ഇനി വേറെ സംഭവം പറയാം.
മക്കയിൽ ശത്രുക്കളുടെ ദ്രോഹം ശക്തിപ്പെട്ട കാലം. സ്വഹാബികൾ ആത്മരക്ഷാർത്ഥം മദീനയിലേക്കു ഹിജ്റ പോകാൻ തുടങ്ങിയിരിക്കുന്നു. വെറുതെ മദീനത്തേക്ക് ഓടിപ്പോകാൻ പറ്റില്ല. റസൂലിന്റെ (ﷺ) അനുമതി വാങ്ങണം.
ഒരു യുവാവ് നബിﷺയോടു ഹിജ്റക്ക് അനുമതി വാങ്ങാൻ വന്നു. അപ്പോൾ നബിﷺതങ്ങൾ അറിഞ്ഞു - യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ മകൻ നാടുവിടുന്നതറിഞ്ഞു കരയുകയാണെന്ന്.
നബി ﷺ ഗൗരവപൂർവം അയാളെ ഉപദേശിച്ചു: “മാതാപിതാക്കളുടെ അടുത്തേക്കു പോകൂ. നിങ്ങൾക്കു ഹിജ്റയില്ല. അവരെ കരയിപ്പിച്ചതുപോലെ ചിരിപ്പിക്കൂ...”
മറ്റൊരു സംഭവം...
യുദ്ധത്തിനു പോകാൻ അനുവാദം ചോദിക്കാനാണ് ഒരാൾ വന്നത്. “വീട്ടിൽ ആരൊക്കെയുണ്ട്..?” - തിരുനബി ﷺ ആരാഞ്ഞു.
“വൃദ്ധരായ മാതാപിതാക്കൾ.”
“തിരിച്ചുപോകൂ. അവരെ പരിചരിക്കുന്നതാണ് ഇസ്ലാമിന്റെ രക്ഷക്ക് യുദ്ധം ചെയ്യുന്നതിനെക്കാൾ പുണ്യം” അവിടുന്ന് ഉപദേശിച്ചു. അദ്ദേഹം തിരിച്ചുപോയി...
ഇതാ മറ്റൊരു രംഗം.
മസ്ജിദുൽ ഹറമിലാണു സംഭവം നടക്കുന്നത്.
ഗ്രാമീണനായ ഒരു അറബി ചെറുപ്പക്കാരൻ കഅ്ബാശരീഫ് ത്വവാഫ് ചെയ്യുന്നു. അയാളുടെ ചുമലിൽ വൃദ്ധയായ ഒരു സ്ത്രീ ഇരിക്കുന്നു..! രണ്ടു പ്രമുഖ സ്വഹാബികൾ രംഗം കണ്ടുനിൽക്കുന്നു...
“ഞാൻ എന്റെ മാതാവിന്റെ വാഹനമാണ്. ഇതിൽ എനിക്കു
യാതൊരു പ്രയാസവുമില്ല.” ഗ്രാമീണൻ ഇങ്ങനെ പാടിക്കൊണ്ടാണു ത്വവാഫു ചെയ്യുന്നത്...
കാഴ്ചക്കാരായ സ്വഹാബികൾക്ക് അത്ഭുതമായി. അവരിൽ ഒരാൾ മറ്റെയാളോടു പറഞ്ഞു: “വരൂ സുഹൃത്തേ, നമുക്ക് ഈ ചെറുപ്പക്കാരന്റെ കൂടെ ത്വവാഫ് ചെയ്യാം. ഇയാൾക്കു ചുറ്റും അല്ലാഹുﷻവിന്റെ അനുഗ്രഹം
വർഷിക്കുന്നുണ്ട്.”
സ്വഹാബികളും ത്വവാഫ് തുടങ്ങി.
മാതാവിനെ ചുമലിൽ എടുത്ത മകന്റെ കൂടെ ത്വവാഫിനിറങ്ങിയ സ്വഹാബികൾ ആരായിരുന്നു എന്നറിയണ്ടേ..?
മുസ്ലിം ലോകത്തിന്റെ അന്നത്തെ ഖലീഫ ഉമറുൽ ഫാറൂഖ് (റ). അപരൻ നാലാം ഖലീഫയായിവന്ന അലി(റ)..!
Part : 183
അവർക്കു സ്വർഗ്ഗമില്ല
മദീനക്കു പുറത്തു മരുഭൂമിയിലൂടെ നബിﷺയും ഒരു കൂട്ടം സ്വഹാബികളും യാത്ര ചെയ്യുന്നു...
കുറ്റിക്കാടുകൾ നിറഞ്ഞ ഒരിടം. അതൊരു ഖബർസ്ഥാൻ ആയിരുന്നു.
പെട്ടെന്ന് റസൂൽ ﷺ അവിടെ നിന്നു.
തനിയെ മുന്നോട്ടു നടന്നു. പിന്നെ അവിടമാകെ സൂക്ഷിച്ചു നോക്കി, പഴയ ഖബറുകൾക്കിടയിൽ എന്തോ കണ്ടെത്താൻ ശ്രമിക്കുകയാണ്...
ഒരു പ്രത്യേക ഭാഗത്തെത്തിയപ്പോൾ ഒരു ഖബറിനരികെനിന്നു. പിന്നെ പ്രാർത്ഥിക്കാൻ തുടങ്ങി. ജീവിച്ചിരിക്കുന്ന ആളോടെന്നപോലെ എന്തെല്ലാമോ പറയുന്നു. കണ്ണുകൾ നിറയുന്നു. അല്ലാഹുﷻവിന്റെ റസൂൽ ﷺ കരഞ്ഞുകൊണ്ടു പ്രാർത്ഥിക്കുന്നു..!
സ്വഹാബികൾക്കും സങ്കടം വന്നു.
അവർ ആശങ്കയോടെ കാത്തിരുന്നു.
എന്താണു കാര്യം, ആരുടെതാണു ഖബർ..?
നബി ﷺ തിരികെ വന്നു. ഒരു വല്ലാത്ത ശബ്ദത്തിൽ പറഞ്ഞു: “കൂട്ടുകാരേ, ഇവിടെയാണ് എന്റെ ഉമ്മ അന്ത്യവിശ്രമം കൊള്ളുന്നത്..!”
ജ്വലിക്കുന്ന മാതൃവന്ദനം. പ്രവാചകരുടെ (ﷺ) മാതൃസ്നേഹം അപാരമായിരുന്നു. നാം അതു കണ്ടു പഠിക്കണം. മാതാപിതാക്കളെ ദുഃഖിപ്പിക്കരുത്.
അവരുടെ മനസ്സിന് ആശ്വാസവും സമാധാനവും നൽകണം.
നമ്മുടെ നല്ല വാക്കുകളും സ്നേഹപൂർവമായ പരിചരണവും
അവരെ സന്തോഷിപ്പിക്കും. നമ്മളിൽ അവർ തൃപ്തരാകണം. അപ്പോൾ അല്ലാഹുﷻവും തൃപ്തനാകും. പ്രായം ചെന്ന മാതാപിതാക്കൾ വഴി മക്കൾക്കു പുണ്യം നേടാം.
ഈ സംഭവം ശ്രദ്ധിക്കൂ...
ഒരാൾ നബിﷺയുടെ അരികെ വന്നു ചോദിച്ചു: “ഞാൻ നന്മ ചെയ്യാൻ ഏറ്റവും അർഹതപ്പെട്ടതാർക്കാണ്..?”
അവിടുന്ന് (ﷺ) പറഞ്ഞു: “നിന്റെ മാതാവിനു ഗുണം ചെയ്യുക.”
“പിന്നെ ആർക്ക്..?”
“നിന്റെ മാതാവിന്.”
“പിന്നെ..?”
“നിന്റെ മാതാവിന്.”
“പിന്നെ..?”
“നിന്റെ പിതാവിന്.” മറുപടി കേട്ടു കോരിത്തരിച്ചുപോയി. സമാധാനത്തോടെ അയാൾ മടങ്ങിപ്പോയി...
Part : 184
ഒരിക്കൽ ഇബ്നു മസ്ഊദ് (റ) നബി ﷺ തങ്ങളോടു ചോദിച്ചു: “അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഏതാണ്..?”
“കൃത്യസമയത്തുള്ള നിസ്കാരം” - നബി ﷺ പറഞ്ഞു.
“പിന്നെയോ..?''
“മാതാപിതാക്കൾക്കു ഗുണം ചെയ്യൽ.”
“പിന്നെയോ..?”
“അല്ലാഹുﷻവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യൽ”
വിശുദ്ധ ഖുർആനിലെ നിസാഅ് എന്ന അധ്യായത്തിൽ വന്ന ഒരു സൂക്തം റസൂൽ ﷺ സ്വഹാബികൾക്ക് ഇങ്ങനെ വിവരിച്ചു കൊടുത്തു:
“അല്ലാഹുﷻവിനെ മാത്രം ആരാധിക്കുക. അവനു പങ്കുകാരെ ചേർക്കരുത്. മാതാപിതാക്കൾക്കു ഗുണം ചെയ്യുക.”
മക്കൾക്കും യുവത്വവും പ്രസരിപ്പും കഴിവും ഉണ്ടാകുമ്പോഴേക്ക് സ്വാഭാവികമായും മാതാപിതാക്കൾ വൃദ്ധന്മാരും നിസ്സഹായരുമായിത്തീരുമല്ലോ. ചിലപ്പോൾ അവർ രോഗികളായിത്തീരും.
ഈ ഘട്ടത്തിൽ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതും പരിചരിക്കേണ്ടതും മക്കളുടെ കടമയാണ്.
മാതാപിതാക്കൾ വൃദ്ധന്മാരായാൽ അവരോടു പെരുമാറേണ്ടതെങ്ങനെ..? ഇതേക്കുറിച്ചു വന്ന ഒരു ഖുർആൻ സൂക്തം നബിﷺതങ്ങൾ അനുചരന്മാർക്ക് ഇങ്ങനെ വിവരിച്ചു കൊടുത്തു:
“മാതാപിതാക്കളിൽ രണ്ടാളുമോ ഒരാളോ വാർധക്യം ബാധിച്ചു നിന്റെ കൂടെ ഉണ്ടായാൽ അവരെ നിന്ദിക്കും വിധം 'ഛെ' എന്ന വാക്കുപോലും പറയരുത്. മാന്യമായി പെരുമാറുക. അവരോട് അന്തസുള്ള വർത്തമാനം പറയുക. അവർക്കു കരുണ ചെയ്യുക. അല്ലാഹുവേ ചെറുപ്പത്തിൽ നിന്നെ പരിചരിച്ചതിനു പകരമായി അവരെ അനുഗ്രഹിക്കേണമേ എന്ന് അവർക്കുവേണ്ടി പ്രാർത്ഥിക്കുക...”
'ഛെ' എന്ന വാക്കു പറയുന്നതു മാത്രമല്ല തെറ്റ്. മുഖത്തു വെറുപ്പ് പ്രകടമാകും വിധം അവരെ നോക്കരുത്.
നിങ്ങളിൽ ആരെങ്കിലും ഗൗരവപൂർവം - തീക്ഷണമായി മാതാപിതാക്കളുടെ മുഖത്തു നോക്കിയിട്ടുണ്ടോ..? എങ്കിൽ നിങ്ങൾ ചെയ്ത മുഴുവൻ സൽകർമ്മങ്ങളും പൊളിഞ്ഞു പോകുമെന്നു നബി ﷺ പറയുന്നു.
എത്ര ഗൗരവമുള്ള താക്കീത്..!
മാതാപിതാക്കളെ ആദരിക്കുക. സഹായിക്കുക. പരിചരിക്കുക.
അവരെ അനുസരിക്കുക. അവരുടെ തൃപ്തി സമ്പാദിക്കുക. മാതാപിതാക്കളുടെ തൃപ്തി കിട്ടാത്തവർക്കു സ്വർഗ്ഗമില്ല..!
മാതാപിതാക്കളുടെ തൃപ്തി ഒരാൾ നേടിയാൽ അവൻ അല്ലാഹുﷻവിന്റെ തൃപ്തി നേടി. മാതാപിതാക്കളെ ഒരാൾ പ്രകോപിപ്പിച്ചാൽ അവൻ അല്ലാഹുﷻവിനെ പ്രകോപിപ്പിച്ചു. ഇതും നബി ﷺ പറഞ്ഞതാണ്.
നിങ്ങൾക്കു പഠിച്ചു പഠിച്ചു വലിയ പണ്ഡിതനാകാം. വലിയ അത്ഭുത സിദ്ധികൾ കാണിക്കുന്ന വലിയ്യ് ആകാം. ലോകം മുഴുവൻ ആരാധിക്കുന്ന നേതാവാകാം.
പക്ഷേ, മാതാപിതാക്കൾ നിങ്ങളെ ശപിച്ചോ..? ഒരു രക്ഷയുമില്ല..!!
Part : 185
നിരാഹാര സത്യാഗ്രഹം
ജുറയ്ജ് എന്ന വലിയ്യിന്റെ ചരിത്രം കേട്ടിട്ടുണ്ടോ..?
വലിയ പണ്ഡിതൻ. രാപകലില്ലാതെ ആരാധനകളിൽ മുഴുകിയ പുണ്യപുരുഷൻ. അല്ലാഹുﷻവിന്റെ ഔലിയാക്കളിൽപെട്ട മഹാൻ, പറഞ്ഞിട്ടെന്താ കാര്യം...
ജനങ്ങൾ പൊതിരെ തല്ലി..!, ആരാധനാലയം തീയിട്ടു..!, എന്തെല്ലാം കഷ്ടപ്പാടുണ്ടായി. അതിൽ എന്താണു കാരണം..?
ഉമ്മ വിളിച്ചു, മകൻ വിളി കേട്ടില്ല.
ഉമ്മയുടെ മനസു നൊന്തു. അതുതന്നെ കാരണം. വലിയ കഥയാണ്. മദ്റസയിൽ പോകുമ്പോൾ ഉസ്താദുമാരോടു ചോദിക്കുക, പറഞ്ഞുതരും...
ഇതു കേട്ടോളൂ. അബൂഹുറയ്റ (റ) എന്ന സ്വഹാബി.
അദ്ദേഹത്തിന്റെ ഉമ്മ ഇസ്ലാം മതം വിശ്വസിച്ചില്ല. മാത്രമല്ല; മുസ്ലിമായതിന്റെ പേരിൽ മകനെ ചീത്ത പറയുകയും ചെയ്യും. ഉമ്മയല്ലേ? അബൂഹുറയ്റ(റ) ക്ഷമിച്ചു...
ഉമ്മയുടെ ശകാരം നബിﷺയുടെ നേരെയുമായപ്പോൾ അബൂഹുറയ്റ(റ)വിനു സഹിച്ചില്ല. മുഹമ്മദ് (ﷺ) തന്റെ മകനെ വഴിതെറ്റിച്ചു കളഞ്ഞു എന്നാണു പാവം സ്ത്രീയുടെ ധാരണ..!!
അബൂഹുറയ്റ(റ) കരഞ്ഞുകൊണ്ടു നബിﷺയുടെ അടുത്തു വന്നു. “എന്റെ ഉമ്മാക്ക് ഹിദായത്തു കിട്ടാൻ ദുആ ചെയ്യണം.'' സ്നേഹനിധിയായ ഒരു മകന്റെ ആവശ്യം. നബി ﷺ ദുആ ചെയ്തു.
സ്വഹാബിവര്യൻ വീട്ടിലേക്കു ചെന്നു. അത്ഭുതം..! ഉമ്മയെ കാണാനില്ല. വാതിലടച്ചിരിക്കുന്നു. അകത്തു കുളിക്കുന്ന ശബ്ദം.
“മകനേ കാത്തിരിക്കൂ... ഞാനിതാ വരുന്നു.” ഉമ്മ അകത്തു നിന്നു വിളിച്ചു പറയുന്നു...
അൽപം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു. ഉമ്മ പുറത്തു വന്നു. അബൂഹുറയ്റ(റ) അത്ഭുതപ്പെട്ടുപോയി. ആളാകെ മാറിയിരിക്കുന്നു. കുളിച്ചു നല്ല വസ്ത്രം ധരിച്ചു മുഖമക്കനയിട്ടു സുസ്മേരവദനയായി പുഞ്ചിരിച്ചു നിൽക്കുന്ന ഉമ്മ...
“ലാ ഇലാഹ ഇല്ലല്ലാഹ്...” ഉമ്മ ഇസ്ലാം സ്വീകരിച്ചു കഴിഞ്ഞു. അബൂഹുറയ്റ(റ)വിന് ആഹ്ലാദം സഹിക്കാനായില്ല. അദ്ദേഹം പള്ളിയിലേക്ക് ഓടി...
“നബിയേ... എന്റെ ഉമ്മ വിശ്വാസിയായി.” അദ്ദേഹം സന്തോഷപൂർവം വിളിച്ചു പറഞ്ഞു...
Part : 186
ഒരു കഥ കൂടി പറയാം...
സഅ്ദ് ബ്നു അബീവഖാസ് (റ) ഇസ്ലാം വിശ്വസിച്ചു. വിവരമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മാതാവ് കലിതുള്ളി. മകൻ ഇസ്ലാമിൽ നിന്നു പിന്മാറണം. അതാണാവശ്യം. അനുസരിച്ചില്ല...
അവർ മകനെ ശാസിച്ചു, ഉപദേശിച്ചു, ഭീഷണിപ്പെടുത്തി, ശകാരിച്ചു. ഉമ്മയുടെ വാശി മൂത്തു. ഒരു സ്വൈരവുമില്ല. ഒടുവിൽ ഉമ്മയുടെ ഉഗ്ര ശപഥം.
“നീ മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നതുവരെ ഞാൻ ആഹാരം കഴിക്കില്ല. വെള്ളം കുടിക്കില്ല. ഇതു സത്യം.” ഉമ്മയുടെ ശപഥം കേട്ടു മകൻ ഞെട്ടിപ്പോയി. അദ്ദേഹം പരിഭ്രാന്തനായി..!!
ആവുംവിധം മാതാവിനെ പിന്തിരിപ്പിക്കാൻ നോക്കി. ഉമ്മയുടെ വാശി തണുത്തില്ല. നിരാഹാര സത്യാഗ്രഹം...
സത്യാഗ്രഹം ഒരു ദിവസം പിന്നിട്ടു. മാതാവ് ക്ഷീണിതയായി. മകൻ കരഞ്ഞു പറഞ്ഞുനോക്കി. ഒരു രക്ഷയുമില്ല.
“നിരാഹാരം കിടന്നു ഞാൻ മരിച്ചു കളയും. ഉമ്മയെ കൊന്നവൻ എന്ന ദുഷ്പേരു നിനക്കുണ്ടാകും.” ഉമ്മയുടെ അന്ത്യശാസനം..!!
സഅ്ദ് (റ) സങ്കടത്തിലായി. ഒരു വശത്ത് ഉമ്മയോടുള്ള കടപ്പാട്. മറുവശത്ത് വിശ്വാസ സംരക്ഷണത്തിന്റെ പ്രശ്നം. എന്തു ചെയ്യും..?
നിർണായക നിമിഷങ്ങൾ. ഉമ്മ അവശയായി കിടക്കുകയാണ്. സഅ്ദ് ബ്നു അബീവഖാസ്(റ)വിന്റെ മനസ്സുണർന്നു. സത്യവിശ്വാസം വെട്ടിത്തിളങ്ങി.
അദ്ദേഹം ഉമ്മ കിടക്കുന്ന മുറിയിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുചെന്നു. സർവ ശക്തിയുമെടുത്ത് ഒറ്റ പ്രഖ്യാപനം:
“ഉമ്മാ, കേട്ടുകൊള്ളുക..! നിങ്ങൾക്കു നൂറു ജന്മം ഉണ്ടാവുകയും അതെല്ലാം എന്റെ വിശ്വാസം മാറ്റാൻ വേണ്ടി ബലികഴിക്കുകയും ചെയ്താൽപോലും ഞാനെന്റെ വിശ്വാസം ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് ഇഷ്ടമുണ്ടെങ്കിൽ നിരാഹാരം നിറുത്തുക. അല്ലെങ്കിൽ തുടരുക.”
ഇപ്പോൾ ഞെട്ടിയത് ഉമ്മയാണ്. മകന്റെ വിശ്വാസത്തിനു മുമ്പിൽ ആ മാതാവ് തോറ്റുപോയി. അവർ നിരാഹാരം അവസാനിപ്പിച്ചു...
ഇതൊരു ഗുണപാഠമാണ്. അല്ലാഹുﷻവിനെ അനുസരിക്കുന്ന കാര്യത്തിൽ മാതാപിതാക്കളാണ് എതിരു നിൽക്കുന്നതെങ്കിൽ അവരെപ്പോലും അവഗണിക്കുക...
Part : 187
അബൂ സുഫ്‌യാൻ റോമിൽ
മുഹമ്മദ് നബിﷺതങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തിലേക്കുള്ള പ്രവാചകനല്ല. ഒരു കാലഘട്ടത്തിലേക്കോ ഒരു രാജ്യത്തേക്കോ ഉള്ള പ്രവാചകനല്ല. എല്ലാ കാലത്തേക്കും എല്ലാ സമൂഹത്തിലേക്കുമുള്ള ദൂതനാണ്...
അന്ത്യപ്രവാചകനാണ്. ഇനിയൊരു പ്രവാചകനില്ല. അല്ലാഹു ﷻ നൽകിയ സന്ദേശം. അന്ത്യനാൾ വരെയുള്ളവർക്കാണ്. അന്ത്യനാൾ വരെയുള്ളവർക്ക് അതെത്തിച്ചുകൊടുക്കാനുള്ള സംവിധാനം വേണം.
അറേബ്യയുടെ അതിരുകൾക്കപ്പുറത്തേക്ക് ഇസ്ലാമിക സന്ദേശം എത്തിക്കാൻ സമയമായിരിക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രബലമായ രണ്ടു ശക്തികളാണു റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും. റോമും പേർഷ്യയും തമ്മിൽ ഇടയ്ക്കിടെ യുദ്ധങ്ങൾ നടക്കും. വിജയം അവരെ മാറിമാറി അനുഗ്രഹിക്കും.
റോമയുടെ ഭരണാധികാരിയെ ഹിർഖൽ (ഹിരാക്ലിയസ്) എന്നു വിളിക്കുന്നു. പേർഷ്യൻ രാജാവിനെ കിസ്റ (കൊസ്റോസ്) എന്നും വിളിക്കുന്നു.
ജനങ്ങൾ റോമിനെ കുറിച്ചു കേൾക്കുമ്പോഴും പേർഷ്യയെ
കുറിച്ചു കേൾക്കുമ്പോഴും ഭയന്നിരുന്നു. അവരുടെ ശക്തിയും
സ്വാധീനവും ജനഹൃദയങ്ങളെ പേടിപ്പെടുത്തുമായിരുന്നു. അവരെ എതിർക്കാൻ ലോകത്താരുമില്ല.
അവർക്ക് ആരെയും ആക്രമിക്കാം. അധീനപ്പെടുത്താം. ചോദ്യം ചെയ്യപ്പെടാത്ത ശക്തികൾ - വൻ ശക്തികൾ.
യമൻ, ഇറാഖ്, ഈജിപ്ത്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റോമാ ചക്രവർത്തിയായ ഹിരാക്ലിയസിന്റെ കീഴിലായിരുന്നു.
വളരെ വിശാലമായ ഭൂപ്രദേശം പേർഷ്യൻ ചക്രവർത്തി കൊറോസിന്റെ കീഴിലും ഉണ്ടായിരുന്നു. ആഡംബരത്തിലും,അലങ്കാരത്തിലും ശക്തി പ്രകടനത്തിലും പേർഷ്യൻ കൊട്ടാരം ലോകത്തെതന്നെ അത്ഭുതങ്ങളിലൊന്നായിരുന്നു. പേർഷ്യൻ കൊട്ടാരത്തിലെ പരവതാനികളും അലങ്കാര ദീപങ്ങളും കണ്ടു സഞ്ചാരികൾ അത്ഭുതപ്പെട്ടിരുന്നു.
അങ്ങനെയുള്ള പേർഷ്യൻ ചക്രവർത്തിയെയും റോമാ ചക്രവർത്തിയെയും മറ്റും ഇസ്ലാമിലേക്കു ക്ഷണിക്കാൻ സമയമായിരിക്കുന്നു.
പ്രവാചകൻ ﷺ ഒരു കൂട്ടം ഭരണാധികാരികളെ ഇസ്ലാമിലേക്കു
ക്ഷണിച്ചു കത്തയയ്ക്കാൻ തീരുമാനിച്ചു. ആർക്കൊക്കെയാണു കത്തുകൾ അയക്കേണ്ടത്..?
ഹിരാക്ലിയസ്, അദ്ദേഹത്തിന്റെ ഈജിപ്തിലെ ഗവർണർ മുഖൗഖിസ്,
കൊറോസ്, ഹീറാ രാജാവ് ഹാരിസുൽ ഗസ്സാനി, യമൻ രാജാവ് ബാദാൻ, അബ്സീനിയയിലെ നീഗസ് രാജാവ്, കത്തുകൾ എഴുതിക്കണം. മുദ്രവയ്ക്കണം. 'മുഹമ്മദുർറസൂലുല്ലാഹ്' എന്ന മുദ്രണം ചെയ്തു വെള്ളി മോതിരം തയ്യാറാക്കി, മുദ്ര വയ്ക്കാൻ...
ഒരു ദിവസം നബി ﷺ തന്റെ സ്വഹാബികളോട് ഇങ്ങനെ പ്രഖ്യാപിച്ചു: “സകല ലോകത്തിനും അനുഗ്രഹമായിട്ടാണ് അല്ലാഹു ﷻ എന്നെ നിയോഗിച്ചിട്ടുള്ളത്. ഈസാ നബി(അ)ന്റെ അനുയായികൾ ഭിന്നിച്ചതുപോലെ നിങ്ങൾ ഭിന്നിക്കരുത്. നിങ്ങളെ ഞാൻ ഏതൊന്നിലേക്കാണോ ക്ഷണിച്ചത് അതിലേക്കു തന്നെയാണു മർയമിന്റെ മകൻ ഈസയും ജനങ്ങളെ ക്ഷണിച്ചത്.
സമീപപ്രദേശങ്ങളിലേക്കു ചിലരെ നിയോഗിച്ചു. അവർ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുത്തു. വിദൂരപ്രദേശങ്ങളിലേക്കു നിയോഗിക്കപ്പെട്ടവർ ഈസയെ വെറുത്തു; മടിച്ചുനിന്നു.”
നബി ﷺ തങ്ങളുടെ പ്രഖ്യാപനം തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തിന്റെ ഗൗരവം സ്വഹാബികളെ ബോധ്യപ്പെടുത്തി...
Part : 188
ലോകം മുഴുവൻ ഇസ്ലാമിക സന്ദേശമെത്തിക്കാനുള്ള ദൗത്യം പ്രവാചകൻ ﷺ തങ്ങളെ ഏൽപിക്കാൻ പോവുകയാണ്.
ഹിരാക്ലിയസിന് അയയ്ക്കാനുള്ള കത്തു തയ്യാറാക്കി. അതിങ്ങനെയായിരുന്നു:
“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ
തിരുനാമത്തിൽ, അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്നു റോമാ ചക്രവർത്തി ഹിരാക്ലിയസിന്. സന്മാർഗം സ്വീകരിച്ചവർക്കു സലാം...
ഇസ്ലാമിന്റെ സന്ദേശത്തിലേക്കു ഞാൻ താങ്കളെ ക്ഷണിക്കുന്നു. താങ്കൾ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിമാവുക. എങ്കിൽ രക്ഷയുണ്ട്. അല്ലാഹു ﷻ അതിന് ഇരട്ടി പ്രതിഫലം തരും. ഇത് അവഗണിക്കുകയാണെങ്കിൽ താങ്കളുടെ ജനതയുടെ പാപം കൂടി താങ്കൾ വഹിക്കേണ്ടതായി വരും.
വേദത്തിന്റെ ആളുകളേ.., ഞങ്ങൾക്കും നിങ്ങൾക്കും തുല്യമായി അംഗീകരിക്കാനാവുന്ന ഒരു സന്ദേശത്തിലേക്കാണു ഞാൻ ക്ഷണിക്കുന്നത്. അല്ലാഹുﷻവിനെ അല്ലാതെ ആരാധിക്കുകയില്ലെന്നും അവനിൽ ആരെയും പങ്കുചേർക്കുകയില്ലെന്നും ഉള്ള
സന്ദേശം.”
ഈ ആശയം വരുന്ന കത്ത് എഴുതി സീൽ വച്ചു. ദിഹ് യത് ബ്നു ഖലീഫ അൽകൽബി എന്ന സ്വഹാബിയുടെ കയ്യിൽ കത്തു കൊടുത്തു. ഈ കത്ത് ഹിരാക്ലിയസിന് എത്തിക്കണമെന്നും പ്രതികരണം എന്താണെന്നു നോക്കി വരണമെന്നും പറഞ്ഞു. ദൂതൻ കത്തുമായി പുറപ്പെട്ടു.
പേർഷ്യക്കാരുമായി ഒരു യുദ്ധം നടന്നിരുന്നു. അതു കഴിഞ്ഞു ജറുസലേമിലേക്കു പോവുകയാണു ഹിരാക്ലിയസ്. അദ്ദേഹം ഹിംസ് എന്ന പ്രദേശത്തെത്തി. പ്രവാചകരുടെ (ﷺ) ദൂതൻ ഹിരാക്ലിയസിനു കത്തു കൊടുത്തു. പരിഭാഷകനെ വരുത്തി. കത്തു വായിച്ചു...
മക്കയിലെ പ്രവാചകന്റെ കത്താണ്. പ്രവാചകനെ കുറിച്ചു കൂടുതലറിയാൻ മോഹം. വേദങ്ങളിൽ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണോ ഇതെന്ന് അറിയണം...
“അറബികളാരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ എന്നന്വേഷിക്കുക. ഉണ്ടെങ്കിൽ ഉടനെ കൊട്ടാരത്തിൽ എത്തിക്കുക.” രാജാവിന്റെ കൽപന വന്നു...
ഈ സന്ദർഭത്തിൽ അബൂസുഫ്യാനും സംഘവും അവിടെ ഉണ്ടായിരുന്നു. വ്യാപാരാവശ്യാർത്ഥം എത്തിയതായിരുന്നു അവർ.
രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അവരെ സമീപിച്ചു കൊട്ടാരത്തിലേക്കു ക്ഷണിച്ചു. രാജസദസ്സിലേക്ക് അവർ ആനയിക്കപ്പെട്ടു. പരിഭാഷകനും വന്നു.
“പ്രവാചകനാണെന്നു വാദിക്കുന്ന ആ മനുഷ്യനുമായി കുടുംബബന്ധമുള്ള ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ..?”
- രാജാവു ചോദിച്ചു...
Part : 189
“ഞാൻ അടുത്ത ബന്ധുവാണ്.” അബൂസുഫ്യാൻ പറഞ്ഞു.
“നിങ്ങൾ മുമ്പോട്ടു വരിക. ഞാൻ നിങ്ങളോടു ചില ചോദ്യങ്ങൾ ചോദിക്കും. ശരിയായ ഉത്തരം നൽകണം. തെറ്റു പറഞ്ഞാൽ പിന്നിൽ നിൽക്കുന്നവർ തിരുത്തണം.” രാജാവു പറഞ്ഞു.
പിന്നീടു നടന്ന ചോദ്യവും ഉത്തരവും താഴെ കൊടുക്കുന്നു.
“പ്രവാചകനാണെന്നു വാദിക്കുന്ന ഈ മനുഷ്യന്റെ കുടുംബം എങ്ങനെയുള്ളതാണ്..?”
“കുലീന കുടുംബമാണ്.”
“ഇതിനു മുമ്പ് ഈ കുടുംബത്തിൽപെട്ട ആരെങ്കിലും പ്രവാചകനാണെന്നു വാദിച്ചിട്ടുണ്ടോ..?”
“ഇല്ല, ആരും വാദിച്ചിട്ടില്ല.”
“ഈ വാദം ഉന്നയിക്കുന്നതിനു മുമ്പ് ആ മനുഷ്യൻ വല്ല കളവും പറഞ്ഞിട്ടുണ്ടോ..?”
“ഒരിക്കലും കളവു പറഞ്ഞിട്ടില്ല.”
“എപ്പോഴെങ്കിലും കരാർ ലംഘിച്ചിട്ടുണ്ടോ..?”
“ഒരിക്കലുമില്ല. ഇപ്പോൾ ഞങ്ങൾ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പര്യവസാനത്തെക്കുറിച്ചു പറയാൻ കഴിയില്ല.”
“അദ്ദേഹത്തിന്റെ പൂർവികരിൽ രാജാക്കന്മാർ ഉണ്ടായിരുന്നോ..?”
“ഇല്ല”
“അദ്ദേഹത്തെ പിൻപറ്റുന്നവർ ആരാണ്, ദുർബല വിഭാഗമാണോ അതോ സമ്പന്നരോ..?”
“ദുർബല വിഭാഗം.”
“അവരുടെ എണ്ണം വർധിക്കുകയാണോ, കുറയുകയാണോ..?”
“വർധിക്കുകയാണ്.”
“അദ്ദേഹത്തിന്റെ മതത്തിൽനിന്ന് ആരെങ്കിലും പിന്മാറുന്നുണ്ടോ..?”
“ഇല്ല.”
“നിങ്ങൾ അദ്ദേഹവുമായി യുദ്ധം നടത്തിയിട്ടുണ്ടോ..?”
“യുദ്ധം നടത്തിയിട്ടുണ്ട്.”
“യുദ്ധത്തിന്റെ അന്ത്യം എങ്ങനെയായിരുന്നു..?”
“ചിലപ്പോൾ ഞങ്ങൾ ജയിക്കും. ചിലപ്പോൾ അദ്ദേഹം ജയിക്കും...”
“അദ്ദേഹത്തിന്റെ പ്രധാന ഉപദേശങ്ങൾ എന്തൊക്കെയാണ്..?”
“അല്ലാഹു ഏകനാകുന്നു. അവനു പങ്കുകാരില്ല. അവനെ മാത്രമേ ആരാധിക്കാവൂ. ബിംബങ്ങളെ കൈവെടിയുക. ജീവിതശുദ്ധി നിലനിർത്തുക. സത്യം പറയുക. കരാറുകൾ പാലിക്കുക. കരുണയോടുകൂടി പെരുമാറുക. ഇതൊക്കെയാണു പ്രധാന ഉപദേശങ്ങൾ...”
“മതി! മതി..! നാം വേണ്ടെത്ര ഗ്രഹിച്ചു കഴിഞ്ഞു. ഇത്രയും കേട്ടതിൽനിന്നും നാം മനസ്സിലാക്കിയത് എന്താണെന്നു പറയാം...”
തിങ്ങിനിറഞ്ഞ സദസ്സു രാജാവിന്റെ മുഖത്തേക്കു നോക്കി. അറബികളും ക്രിസ്ത്യാനികളുമാണു സദസ്സിലുള്ളത്. രാജാവു പറഞ്ഞു:
“അദ്ദേഹത്തിന്റെ കുടുംബം കുലീനമാണെന്നു നിങ്ങൾ പറഞ്ഞു. പ്രവാചകന്മാർ കുലീന കുടുംബത്തിലാണു ജനിക്കുക.
കുടുംബത്തിൽ ഒരാളും പ്രവാചകത്വം വാദിച്ചിട്ടില്ല, ഇതിൽ കുടുംബ സ്വാധീനമില്ല.
അദ്ദേഹം സത്യസന്ധനാണെന്നു നിങ്ങൾ പറയുന്നു. ജനങ്ങളുടെ കാര്യത്തിൽ കള്ളം പറയാത്ത ഒരാൾ അല്ലാഹുﷻവിന്റെ കാര്യത്തിൽ കള്ളം പറയുമോ..?
അദ്ദേഹത്തിന്റെ കുടുംബത്തിൽ രാജാക്കന്മാരില്ലെന്നു നിങ്ങൾ പറഞ്ഞു. നഷ്ടപ്പെട്ട രാജാധികാരത്തിനു വേണ്ടിയാണ് ഇതൊക്കെ പറയുന്നത് എന്നു കരുതാനും വയ്യ.
ദുർബല വിഭാഗമാണ് അദ്ദേഹത്തെ പിൻപറ്റുന്നത്. തുടക്കത്തിൽ പ്രവാചകന്മാരെ പിൻപറ്റുന്നത് ദുർബല വിഭാഗമായിരിക്കും .”
അബൂസുഫ്യാൻ പറഞ്ഞ ഓരോ കാര്യവും എടുത്തുദ്ധരിച്ച ശേഷം രാജാവ് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണെങ്കിൽ അദ്ദേഹം അന്ത്യപ്രവാചകൻ തന്നെയാണ്. ഞാൻ നിൽക്കുന്ന ഈ മണ്ണുപോലും അദ്ദേഹം അധീനപ്പെടുത്തും. അക്കാര്യം ഉറപ്പാണ്...”
“ഒരു പ്രവാചകൻ വരുമെന്ന് എനിക്കറിയാമായിരുന്നു. അതു നിങ്ങളുടെ കൂട്ടത്തിൽ നിന്നായിരിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. എനിക്ക് അവിടെ എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ കഴുകിക്കൊടുത്തേനേ...”
രാജാവിന്റെ വിവരണം ഇത്രയും എത്തിയപ്പോൾ സദസ്സിൽ വലിയ ബഹളം തുടങ്ങി.
അറബികൾ പുറത്തിറങ്ങി. അബൂസുഫ്യാൻ കൂട്ടുകാരോടു
പറഞ്ഞു: “റോമാ ചക്രവർത്തിപോലും ഭയപ്പെടത്തക്കവിധം മുഹമ്മദ് വളർന്നുപോയി..!!”
അപ്പോഴാണു റോമ ചക്രവർത്തിക്കു കാര്യം മനസ്സിലായത്. പ്രഭുക്കന്മാരും പാതിരിമാരും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. പുതിയ പ്രവാചകനെ അംഗീകരിച്ചാൽ തന്റെ അധികാരം പ്രതിസന്ധിയിലാകും...
“സഹോദരന്മാരേ, വിജയവും സമാധാനവും വേണമെങ്കിൽ
ആ പ്രവാചകനെ പിൻപറ്റുക.” കേൾക്കേണ്ട താമസം കാട്ടുകഴുതകളെ പോലെ അവർ ഇളകി...
സംഗതി പന്തിയല്ലെന്നു രാജാവിനു മനസ്സിലായി. പിന്തിരിഞ്ഞോടാൻ തുടങ്ങിയവരെ അദ്ദേഹം മടക്കി വിളിച്ചു. അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു...
“നിങ്ങളുടെ മതത്തിൽ നിങ്ങൾക്കെന്തുമാത്രം ആത്മാർത്ഥതയുണ്ടെന്നു നോക്കാൻ ഞാൻ ഒരു ഉപായം പ്രയോഗിച്ചതായിരുന്നു.” - അദ്ദേഹം പറഞ്ഞു. ആളുകൾ ശാന്തരായി. രാജാവു മതം മാറുമെന്ന ആശങ്കനീങ്ങി...
രാജാധികാരം നിലനിർത്താൻ വേണ്ടി രാജാവു സന്മാർഗം വേണ്ടെന്നുവച്ചു. കത്തുമായി വന്ന ദൂതനെ മാന്യമായി തിരിച്ചയച്ചു. ജനങ്ങളുടെ ഇഷ്ടത്തിനൊത്ത് അദ്ദേഹം ജീവിച്ചു...
Part : 190
ക്ഷമ
ക്ഷമക്ക് ഇസ്ലാം വലിയ പ്രാധാന്യം കൽപിക്കുന്നു. സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയണം. കോപം വരുമ്പോൾ നിയന്ത്രിക്കണം.
ഇവ ഒരു സത്യവിശ്വാസിയുടെ ലക്ഷണമാണ്...
ക്ഷമയെക്കുറിച്ചു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “ഒരാൾ പലവിധ പരീക്ഷണങ്ങൾക്കു വിധേയനായി. നാശങ്ങളും അപകടങ്ങളും നേരിട്ടു. അപ്പോൾ ക്ഷമിച്ചു. അവന് അനുഗ്രഹങ്ങൾ നൽകപ്പെട്ടു. അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിച്ചു.
അവൻ അക്രമിക്കപ്പെട്ടു. അക്രമിക്കുമാപ്പു നൽകി. സ്വയം വന്നുപോയ അനീതികൾക്കു മാപ്പപേക്ഷിക്കുകയും ചെയ്തു. അങ്ങനെയുള്ളവൻ നിർഭയനായിരിക്കുന്നു. സന്മാർഗം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.”
പ്രസിദ്ധമായ ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. മനുഷ്യനെ അല്ലാഹു ﷻ പലവിധ പരീക്ഷണങ്ങൾക്കു വിധേയനാക്കും. അവനു ക്ഷമിക്കാൻ കഴിയുമോ എന്നു പരിശോധിക്കുകയാണ്.
ചിലരെ ദാരിദ്ര്യം കൊണ്ടു പരീക്ഷിക്കും. ചിലരെ രോഗം കൊണ്ടു പരീക്ഷിക്കും. പ്രിയപ്പെട്ടവർ മരണപ്പെടുക, കച്ചവടത്തിൽ വൻ നഷ്ടം സംഭവിക്കുക, പ്രകൃതിക്ഷോഭം വന്നു കൃഷി നശിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ വരും.
ഇത്തരം പരീക്ഷണങ്ങൾ വരുമ്പോൾ സത്യവിശ്വാസി ക്ഷമ കൈകൊള്ളുന്നു. എല്ലാം അല്ലാഹുﷻവിൽ ഭരമേൽപിക്കുക.
ഈ ക്ഷമയ്ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുക. ഇതാണു സത്യവിശ്വാസി ചെയ്യേണ്ടത്. അല്ലാഹുﷻവിൽ നിന്നുള്ള അനുഗ്രഹങ്ങൾക്കു നന്ദി പ്രകടിപ്പിക്കണമെന്നും ചേർത്തു പറയുന്നു.
ക്ഷമിക്കാനുള്ള അവസരം കിട്ടുന്നതും ഒരനുഗ്രഹം തന്നെ.
അക്രമിക്കു മാപ്പു നൽകണമെന്നതാണു ഹദീസിൽ വന്ന മറ്റൊരു കാര്യം.
ആർക്കാണിതു കഴിയുക, ശക്തമായ വിശ്വാസമുള്ളവർക്കല്ലാതെ. ഇങ്ങോട്ടാക്രമിക്കുമ്പോൾ ക്ഷമയോടെ സഹിക്കുക. എന്നിട്ട് അവനു പൊറുത്തു കൊടുക്കുകയും ചെയ്യുക..!
അപാരമായ ക്ഷമ തന്നെ വേണം.
സത്യവിശ്വാസി അതു ചെയ്യും. സത്യവിശ്വാസിയാൽ മറ്റുള്ളവർക്കു വല്ല ഉപദ്രവവും ഉണ്ടായാലോ..? അവരുടെ അടുത്തു ചെന്നു മാപ്പു ചോദിക്കുക. അതിനും വേണം ഒരു തന്റേടം.
അല്ലാഹുﷻവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പരീക്ഷണങ്ങളിൽ ക്ഷമിക്കുക. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഉപദ്രവങ്ങളിലും ക്ഷമിക്കുക. ക്ഷമ ഈമാന്റെ ഭാഗമാകുന്നു.
നബിﷺതങ്ങൾ പറഞ്ഞു: “ക്ഷമ ഈമാന്റെ അർധഭാഗമാകുന്നു.''
ഈമാനും ക്ഷമയും തമ്മിലുള്ള ബന്ധം നോക്കൂ.. സത്യവിശ്വാസിക്കു ക്ഷമ കൈമോശം വന്നുകൂടാ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കുക എന്നതു ക്ഷമയുടെ മറ്റൊരു രൂപമാണ്.
അങ്ങനെയുള്ള കഴിവ് ആർജിച്ചവനാണു ശക്തൻ. നബി ﷺ തങ്ങൾ പറയുന്നതു കേൾക്കൂ...
“മറ്റുള്ളവരെ ബലം പ്രയോഗിച്ചു കീഴ്പെടുത്തുന്നവനല്ല യഥാർത്ഥ ശക്തൻ. കോപം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവനാണു ശക്തൻ.”
കോപം വരുമ്പോൾ എന്തെങ്കിലുമൊക്കെ ചെയ്യും. അന്ധമായ ആവേശമാണ് അപ്പോൾ മനുഷ്യനെ നയിക്കുന്നത്. വിവേകവും വിചാരവുമൊക്കെ വഴിമാറിക്കൊടുക്കുന്ന നിമിഷങ്ങൾ.
ഒരു സത്യവിശ്വാസിക്കു കോപാവേശത്തിൽപോലും സ്വയം
നിയന്ത്രിക്കാൻ കഴിയണം.
അമിതമായ കോപാവേശം ശരീരത്തിനു ക്ഷീണം വരുത്തും. ക്ഷമിക്കുന്നവന് അങ്ങനെ എളുപ്പത്തിലൊന്നും കോപം വരികയില്ല. ഇനി കോപം വന്നാൽ തന്നെ പരിധിവിടുകയുമില്ല. ക്ഷമാശീലം മുറുകെ പിടിക്കുക.
പടച്ചവന്റെ കാര്യത്തിലും, പടപ്പുകളുടെ കാര്യത്തിലും. അവിടെയാണു വിജയം...
Part : 191
മുഅ്തത്ത് യുദ്ധം
സിറിയയിലെ ഭരണാധികാരിയായിരുന്നു ഹാരിസുൽ ഗസ്സാനി. അദ്ദേഹത്തെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി മദീനയിൽ നിന്നു പുറപ്പെട്ടതു ശുജാഅ് ബ്നു വഹാബ് എന്ന സ്വഹാബിയായിരുന്നു.
സ്വഹാബിവര്യൻ ഡമസ്കസിലെത്തി. കൊട്ടാരത്തിലേക്കുചെന്നു. ദൂതനാണെന്നറിഞ്ഞപ്പോൾ കൊട്ടാരത്തിലേക്കു കടത്തി വിട്ടു. കത്തു കൊടുത്തു. കത്തിലെ ആശയം മനസ്സിലാക്കിയപ്പോൾ
ഹാരിസിനു കോപം വന്നു...
“എന്റെ അധികാരം തകർക്കാൻ ആരുണ്ട്..?” ധിക്കാരം ബാധിച്ച ഹാരിസ് പ്രവാചകരുടെ (ﷺ) ക്ഷണക്കത്ത് അവഗണിച്ചു...
ബുസ്റാ ഗവർണറുടെ അടുത്തേക്കു പ്രവാചകൻ ﷺ ഒരു ദൂതനെ അയച്ചിരുന്നു. ശാമിലേക്കു പോകുന്ന വഴിയിലാണ് മുഅ്ത എന്ന സ്ഥലം. അവിടെ എത്തിയപ്പോൾ ഒരു നേതാവ് ദൂതനെ തടഞ്ഞു. നേതാവിന്റെ പേര് ശുറഹ്ബീൽ എന്നായിരുന്നു. ദൂതന്റെ പേര് ഹാരിസ് ബ്‌നു ഉമയ്ർ എന്നായിരുന്നു.
“നീ ആരാണ്, എവിടെ പോകുന്നു..?” - ശുറഹ്ബീൽ ചോദിച്ചു.
“ശാമിലേക്കു പോകുന്ന ഒരു ദൂതനാണ്.” - സ്വഹാബിയുടെ മറുപടി.
“മുഹമ്മദിന്റെ ദൂതനാണോ..?” - ധിക്കാരത്തോടെയുള്ള ചോദ്യം.
“അതേ.”
“അതേയോ, ആ ധിക്കാരിയുടെയോ? നിന്നെ ഞാൻ വിടില്ല. നിന്നെ കൊന്നിട്ടുതന്നെ കാര്യം..!”
പ്രവാചകന്റെ (ﷺ) ദൂതനാണെന്നു കേട്ടതോടെ ശുറഹ്ബീലിന്റെ
രക്തം തിളച്ചു. വാളൂരി. ഒരൊറ്റ വെട്ട്. നിസ്സഹായനായ ദൂതൻ കൊല്ലപ്പെട്ടു..!!
ഈ സംഭവം പ്രവാചകനെ (ﷺ) വല്ലാതെ ദുഃഖിപ്പിച്ചു. ഒരു യുദ്ധത്തിലാണു കാര്യങ്ങൾ ചെന്നെത്തിയത്. ഈ യുദ്ധമാണ് മുഅ്തത്ത് യുദ്ധം.
Part : 192
സന്ദേശവാഹകർ പുറപ്പെടുന്നു
ഹിരാക്ലിയസിന്റെ കീഴിലുള്ള ഗവർണറായിരുന്നു മുഖൗഖിസ്. അദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നു. മതനേതാവും അദ്ദേഹം തന്നെ.
ഹാത്വി ബ്നു അബൂബൽതഅ് എന്ന സ്വഹാബിയാണ് നബിﷺയുടെ കത്തുമായി മുഖൗഖിസിന്റെ കൊട്ടാരത്തിലെത്തിയത്. കൊട്ടാരത്തിനകത്തേക്കു പ്രവേശനം കിട്ടി. മുഖൗഖിസിനു കത്തു കൊടുത്തു.
“തന്നെ ഉപദ്രവിക്കുകയും സ്വന്തം നാട്ടിൽ നിന്നു പുറത്താക്കുകയും ചെയ്ത ശത്രുക്കൾക്കെതിരെ അദ്ദേഹം എന്തുകൊണ്ടു പ്രാർത്ഥിക്കുന്നില്ല.” രാജാവു ദൂതനോടു ചോദിച്ചു...
ദൂതന്റെ മറുപടി ഇങ്ങനെയായിരുന്നു: “മർയമിന്റെ പുത്രൻ ഈസാനബി(അ)നെ ശത്രുക്കൾ വധിക്കാൻ ശ്രമിച്ചു. അവർക്കെതിരെ ഈസാ(അ) പ്രാർത്ഥിച്ചില്ല. അല്ലാഹു ഈസാ(അ)നെ ആകാശത്തേക്ക് ഉയർത്തുകയാണുണ്ടായത്.”
“ശരി ശരി, യുക്തിമാനായ പ്രവാചകന്റെ ദൂതനും യുക്തിമാൻ തന്നെ. ഞാൻ ആലോചിക്കട്ടെ."
നബിﷺതങ്ങളുടെ ദൂതനെ മുഖൗഖിസ് ആദരിച്ചു. മാന്യമായ സ്വീകരണവും സൽക്കാരവും നൽകി. പ്രവാചകനു കൊടുക്കാൻ ഒരു കത്തും ഏൽപിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു:
“പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അബ്ദുല്ലയുടെ മകൻ മുഹമ്മദിന് മുഖൗഖിസ് രാജാവ് എഴുതുന്ന കത്ത്, താങ്കൾക്കു സലാം.
താങ്കളുടെ കത്തു വായിച്ചു. പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി. ഒരു പ്രവാചകൻ വരാനുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ശാമിൽ ഉദയം ചെയ്യുമെന്നായിരുന്നു എന്റെ പ്രതീക്ഷ.
താങ്കളുടെ ദൂതനെ ഞാൻ ആദരിച്ചിരിക്കുന്നു. താങ്കൾക്കു സലാം.”
ഇതാണു കത്തിന്റെ ആശയം. കത്ത് ദൂതനെ ഏൽപിച്ചു. പ്രവാചകനു കൊടുക്കാൻ കുറെ സമ്മാനങ്ങളും കൊടുത്തയച്ചു. കുറെ പണം, ഒരു സാധാരണ കഴുത, ഒരു വെള്ള കോവർ കഴുത, ഈജിപ്തിലെ വിശേഷപ്പെട്ട സാധനങ്ങൾ എന്നിവയായിരുന്നു സമ്മാനം.
ഇവയോടൊപ്പം വിലപിടിപ്പുള്ള മറ്റൊരു സമ്മാനം കൂടിയുണ്ടായിരുന്നു. രണ്ട് അടിമപ്പെൺകുട്ടികൾ, പെൺകുട്ടികളുടെ രൂപവും പേരും ഭംഗിയുള്ളതായിരുന്നു. ഒരാൾ മാരിയത്. മറ്റൊരാൾ സീരീൻ.
ദൂതൻ സമ്മാനങ്ങളുമായി പുറപ്പെട്ടു. സുരക്ഷിതമായി മദീനയിൽ തിരിച്ചെത്തി. കത്തും സമ്മാനങ്ങളും നൽകി. അടിമപ്പെൺകുട്ടികളുടെ കണ്ണിൽ വിസ്മയം.
ലോകാനുഗ്രഹിയായ പ്രവാചകൻ. അനുസരണശീലരായ അനുയായികൾ, ആഡംബരങ്ങളില്ല. കൊട്ടാരങ്ങളില്ല. അലങ്കാരങ്ങളില്ല.
അടിമപ്പെൺകുട്ടികൾ പരസ്പരം നോക്കി. ഇതെന്തു കഥ..?
മാരിയത് എന്ന പെൺകുട്ടിയെ നബി ﷺ തങ്ങൾക്കിഷ്ടപ്പെട്ടു. നബിﷺയുടെ ഭാര്യമാരും കഥയറിഞ്ഞു. ഈജിപ്തിൽ നിന്നു വന്ന അടിമപ്പെൺകുട്ടികളുടെ കഥ. മാരിയതിനെ നബിﷺതങ്ങൾ വിവാഹം ചെയ്തു.
സീരീന്റെ ചുമതല ഹസ്സാൻ ബ്നു സാബിത് (റ)വിനു നൽകി.
അടിമപ്പെൺകുട്ടികൾക്ക് ഉന്നത പദവികൾ ലഭിച്ചു.
ഈജിപ്തുകാരിയായതിനാൽ മാരിയതുൽ ഖിബ്തിയ്യ എന്ന പേരിൽ അവർ അറിയപ്പെടുന്നു. പ്രവാചകരുടെ (ﷺ) പുത്രനെ പ്രസവിക്കാൻ മാരിയതുൽ കിബ്തിയ്യ(റ)ക്കു ഭാഗ്യം സിദ്ധിച്ചു. ഈ കുഞ്ഞിന് ഇബ്റാഹീം എന്നു പേരിട്ടു. വളരെ ചെറുപ്പത്തിൽതന്നെ ഈ കുട്ടി മരണപ്പെട്ടു.
മാരിയ്യതുൽ ഖിബ്തിയ്യ(റ) ഇസ്ലാമിക ചരിത്രത്തിൽ ഉന്നതസ്ഥാനം നേടി. വിശ്വാസികളുടെ മാതാവായി...
Part : 193
അബ്സീനിയൻ രാജാവായ നീഗസി (നജ്ജാശി) നു പ്രവാചകൻ ﷺ രണ്ടു കത്തുകൾ കൊടുത്തയച്ചു.
അംറ് ബ്നു ഉമയ്യ എന്ന സ്വഹാബിയാണു കത്തു കൊണ്ടുപോയത്. രാജാവിനെ ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുളളതായിരുന്നു ഒരു കത്ത്. നജ്ജാശിയും മുസ്ലിംകളും തമ്മിൽ നേരത്തേതന്നെ നല്ല ബന്ധമായിരുന്നു. വളരെ ആദരവോടുകൂടിയാണു ദൂതനെ രാജാവു സ്വീകരിച്ചത്...
കത്തു വായിച്ചു കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം രാജാവ് ദൂതനോട് ഇങ്ങനെ പറഞ്ഞു:
“അല്ലാഹുവാണേ, യേശു ഈ പ്രവാചകനെപ്പറ്റി സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. അതെനിക്കറിയാം. അബ്സീനിയയിൽ എനിക്കു വേണ്ടത്ര സഹായികളില്ല. സഹായികൾ വർധിക്കാനും അവരെ കാര്യങ്ങൾ ധരിപ്പിക്കാനും കുറച്ചു സമയം വേണം .”
രണ്ടാമത്തെ കത്തിന്റെ ഉള്ളടക്കം അബ്സീനിയായിലെ മുസ്ലിംകളെക്കുറിച്ചായിരുന്നു. ഖുറയ്ശികളുടെ മർദനം സഹിക്കവയ്യാതെ അബ്സീനിയയിലേക്കു കടന്നുവന്ന മുസ്ലിംകളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തതിനു വളരെ നന്ദി. ഇനി അവരെയെല്ലാം മദീനയിലേക്ക് അയയ്ക്കണമെന്നപേക്ഷിക്കുന്നു.
ഇതായിരുന്നു കത്തിന്റെ ആശയം.
നജ്ജാശി രാജാവ് പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.
പേർഷ്യയിലെ അഗ്നിയാരാധകനായ കിസ്റാ രാജാവിന് അബ്ദുല്ലാഹിബ്നു ഹുദാഫത് വശം നബിﷺതങ്ങൾ കത്തു കൊടുത്തയച്ചു. ദൂതൻ പേർഷ്യൻ കൊട്ടാരത്തിലെത്തി. രാജാവിനു കത്തു കൊടുത്തു.
'മുഹമ്മദുർറസൂലുല്ലാഹിയിൽ നിന്ന്' എന്നാണു കത്തു തുടങ്ങുന്നത്. രാജാവിന് അതു സഹിക്കാനായില്ല. കോപത്തോടെ കത്തു വലിച്ചുകീറിക്കളഞ്ഞു.
തന്റെ കീഴിലുള്ള യമൻ ഭരണാധികാരിയായ "ബാദാന്" ഒരു
കൽപന കൊടുത്തു. “ഒരു നുബുവ്വത്തു വാദക്കാരൻ പുറപ്പെട്ടതായി വിവരം കിട്ടിയിരിക്കുന്നു. രണ്ടു യോദ്ധാക്കളെ അയച്ച് അവനെ നമ്മുടെ മുമ്പിൽ ഹാജരാക്കുക.”
കൽപന കിട്ടിയ ഉടനെ ബാദാൻ രണ്ടു യോദ്ധാക്കളെ മദീനയിലേക്കയച്ചു. അവർ മദീനയിലെത്തി. നബി ﷺ തങ്ങളോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളെ യമൻ ഭരണാധികാരി പറഞ്ഞയച്ചതാണ്. നിങ്ങളെ കിസ്റാ രാജാവിന്റെ മുമ്പിൽ ഹാജരാക്കാൻ കൽപനയുണ്ട്. കിസ്റായുടെ കൽപന അനുസരിക്കുന്നതാണു നിങ്ങൾക്കു നല്ലത്. അല്ലെങ്കിൽ നിങ്ങളെയും കുടുംബത്തെയും മഹാരാജാവു നശിപ്പിച്ചുകളയും.”
“നിങ്ങൾ ഇന്ന് ഇവിടെ വിശ്രമിക്കൂ. നാളെ സംസാരിക്കാം.” നബി ﷺ സൗമ്യമായി പറഞ്ഞു...
അവർ വിശ്രമിക്കാൻ പോയി. പിറ്റേന്നു രാവിലെ അവരെ വിളിച്ചുവരുത്തി, ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കിസ്റാ രാജാവിനെ ഇന്നലെ രാത്രി അയാളുടെ മകൻ ശിറുവൈഹി വധിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ യമനിലെ ബാദാന് ഒരു കത്തു തരാം. അതുമായി പോയ്ക്കൊള്ളൂ...”
ദൂതന്മാർ അമ്പരന്നു. അവർ കത്തുമായി കുതിച്ചു. യമനിലെത്തി. ബാദാനു കത്തു നൽകി. കത്തിലെ വിവരങ്ങളറിഞ്ഞു ബാദാൻ ഞെട്ടിപ്പോയി. രാജാവു വധിക്കപ്പെടുകയോ..? അതും മകന്റെ കരങ്ങളാൽ..! ഇവിടെ അങ്ങനെ ഒരു വിവരം വന്നിട്ടില്ലല്ലോ.. ഇതു ശരിയാണെങ്കിൽ മുഹമ്മദ് സത്യപ്രവാചകൻ തന്നെ. അന്വേഷണത്തിൽ സംഭവം ശരിയാണെന്നറിഞ്ഞു.
ബാദാൻ ഇസ്ലാം മതം സ്വീകരിച്ചു.
ഉമർ(റ)വിന്റെ ഖിലാഫത്തു കാലത്തു പേർഷ്യ മുസ്ലിംകൾക്കു കീഴടങ്ങി. ആളുകൾ ഇസ്ലാം മതം സ്വീകരിച്ചു.
Part : 194
ബഹ്റയ്ൻ രാജാവായിരുന്നു മുൻദിർ ബ്നു സാവക്ക്. അദ്ദേഹത്തിനു നബി ﷺ തങ്ങളുടെ കത്തു കിട്ടി. കത്തു വായിച്ചതോടെ മുൻദിറിന്റെ മനസ്സിൽ ഈമാന്റെ പ്രകാശം പരന്നു. മുൻദിർ ഇസ്ലാം സ്വീകരിച്ചു...
അദ്ദേഹം ഇങ്ങനെ മറുപടി എഴുതി: “അല്ലാഹുവിന്റെ റസൂലേ, ഞാൻ കത്ത് എല്ലാവരെയും വായിച്ചു കേൾപ്പിച്ചു. ബഹ്റയ്ൻ നിവാസികൾ അതു കേട്ടു. അവരിൽ ഒരു വിഭാഗം ഇസ്ലാമിനെ ഇഷ്ടപ്പെടുന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു. അവരുടെ എണ്ണം അധികരിക്കുന്നു. മറ്റൊരു വിഭാഗം ഇസ്ലാം സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ഇന്നാട്ടിൽ ജൂതന്മാരും മജൂസികളുമുണ്ട്. അവരുടെ കാര്യത്തിൽ എന്തു നിലപാടു സ്വീകരിക്കണം.”
ബഹ്റയ്ൻ രാജാവിന്റെ കത്തു കിട്ടിയപ്പോൾ നബിﷺതങ്ങൾക്കു വളരെ സന്തോഷമായി. പ്രവാചകൻ ﷺ ഉടനെത്തന്നെ അദ്ദേഹത്തിനു മറുപടി എഴുതി. ബിസ്മി എഴുതി. സലാം എഴുതി. അല്ലാഹുﷻവിനെ സ്തുതിച്ചു. അതിനു ശേഷം ഇങ്ങനെ എഴുതി:
“തന്റെ ആത്മാവിനു നന്മ ലഭിക്കണമെന്നാഗ്രഹിക്കുകയും
എന്റെ ദൂതന്മാരുടെ ഉപദേശങ്ങൾ പിൻപറ്റുകയും ചെയ്യുന്നവർ എന്നെ അനുസരിച്ചു. അവർക്കു നന്മ ആഗ്രഹിക്കുന്നവർ എനിക്കും നന്മ ആഗ്രഹിക്കുന്നവരാണ്. എന്റെ ദൂതന്മാർ താങ്കളെ പുകഴ്ത്തിപ്പറഞ്ഞു. താങ്കളുടെ ജനതയ്ക്കു വേണ്ടി ഞാൻ ശിപാർശ ചെയ്യും.
താങ്കളുടെ നാട്ടിലെ മുസ്ലിംകളെ ഇസ്ലാംമതം അനുസരിച്ചു ജീവിക്കാൻ അനുവദിക്കുക. തെറ്റു ചെയ്തവർക്കു മാപ്പു നൽകുകയും അവരിൽ നിന്നുള്ള നന്മകൾ അംഗീകരിക്കുകയും ചെയ്യുക.
താങ്കൾ നന്മ പ്രവർത്തിക്കുന്ന കാലത്തോളം അധികാരത്തിൽ തുടരുക. നാം താങ്കളെ അധികാരത്തിൽ നിന്നു നീക്കുകയില്ല. ജൂതന്മാരും മജൂസികളും അവരുടെ മതത്തിൽ തന്നെ തുടരുന്ന കാലത്തോളം അവരിൽനിന്ന് സംരക്ഷണനികുതി ഈടാക്കേണ്ടതാകുന്നു.” കത്തു സീൽ ചെയ്തു ബഹ്റയ്ൻ രാജാവിന് അയച്ചുകൊടുത്തു.
ഒമാൻ രാജാക്കന്മാർക്കും കത്തുകൾ അയയ്ക്കുകയുണ്ടായി. അംറ് ബ്നുൽ ആസ് എന്ന സ്വഹാബിവര്യൻ പ്രവാചകരുടെ (ﷺ) കത്തുമായി ഒമാനിലെത്തി. അവിടുത്തെ ഭരണാധികാരിയുടെ പേര് അബ്ദു എന്നായിരുന്നു.
അദ്ദേഹം കത്തു വായിച്ച ശേഷം ചോദിച്ചു: “എന്തൊക്കെയാണു നിങ്ങളുടെ പ്രവാചകന്റെ പ്രധാന ഉപദേശങ്ങൾ..?”
അംറുബ്നുൽ ആസ് പ്രധാന ഉപദേശങ്ങൾ വിവരിച്ചുകൊടുത്തു:
“ഏകനായ അല്ലാഹുﷻവിനെ ആരാധിക്കാൻ കൽപിക്കുന്നു.
അവന്റെ കൽപനകൾ അവഗണിക്കരുത്. നന്മ ചെയ്യണം. കുടുംബബന്ധങ്ങൾ പാലിക്കണം. അക്രമം, ശത്രുത, മദ്യപാനം,ബിംബാരാധന എന്നിവ നിരോധിക്കുന്നു.” ഉപദേശങ്ങൾ പിന്നെയും തുടർന്നു...
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ രാജാവു പറഞ്ഞു: “ഈ ഉപദേശങ്ങൾ എത്ര നല്ലതാണ്. എന്റെ സഹോദരൻ അനുകൂലിക്കുമെങ്കിൽ ഞാൻ പ്രവാചകനിൽ (ﷺ) വിശ്വസിക്കുമായിരുന്നു. അധികാരക്കൊതിയനായ എന്റെ സഹോദരൻ വിശ്വസിക്കുമോ ആവോ..?”
“താങ്കളുടെ സഹോദരൻ ഇസ്ലാം സ്വീകരിക്കുമെങ്കിൽ അധികാരത്തിൽ തുടരാം. അദ്ദേഹം ധനികരിൽ നിന്നു സക്കാത്ത് വാങ്ങി ദരിദ്രർക്കു കൊടുക്കണം.”
“അതു നല്ല സമ്പ്രദായം തന്നെ. എന്താണു സക്കാത്ത്..?”
അംറുബ്നുൽ ആസ് സക്കാത്തിനെപ്പറ്റി വിശദീകരിച്ചു. അബ്ദുവിന്റെ സഹോദരന്റെ പേര് ജയ്ഫർ എന്നായിരുന്നു. രണ്ടു സഹോദരന്മാരും ഇസ്ലാം മതം സ്വീകരിച്ചു...
ഇസ്ലാമിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കത്തുകൾ നബിﷺതങ്ങൾ പല ഭാഗത്തേക്കും അയയ്ക്കുകയുണ്ടായി. ചക്രവർത്തിമാർക്കും രാജാക്കന്മാർക്കും ഗവർണർമാർക്കും ഗോത്രത്തലവന്മാർക്കുമെല്ലാം കത്തുകൾ കിട്ടി.
പ്രവാചകനിൽ (ﷺ) നിന്നൊരു കത്തു കിട്ടുന്നത് വലിയൊരു പദവിയായി പലരും കരുതി. ചില ധിക്കാരികൾ മാത്രം കത്ത് അവഗണിച്ചു...
പലരും ഇസ്ലാമിനെക്കുറിച്ച് അന്വേഷിച്ചറിയാൻ വലിയ താൽപര്യം കാട്ടി. ഇസ്ലാമിക തത്വങ്ങൾ മനസ്സിലാക്കി ശഹാദത്തു കലിമ ചൊല്ലി. അങ്ങനെ ഇസ്ലാം പേർഷ്യൻ കൊട്ടാരത്തിലും റോമിലെ കൊട്ടാരത്തിലുമൊക്കെ സംസാരവിഷയമായി. ഒരു ലോക മതമായി ഇസ്ലാം വളരുകയാണ്...
Part : 195
ഖയ്ബറിലെ വിസ്മയങ്ങൾ
ഹുദയ്ബിയ്യ സന്ധിയോടുകൂടി മദീനയുടെ തെക്കുഭാഗത്തു നിന്നുള്ള ഭീഷണികൾക്കു ശമനം വന്നു. എന്നാൽ വടക്കുഭാഗം അപ്പോഴും സുരക്ഷിതമായിരുന്നില്ല.
ഖയ്ബർ ജൂതന്മാരുടെ കേന്ദ്രമാണ്.
മദീന വിട്ടുപോയ പല ജൂത കുടുംബങ്ങളും അവിടെ താമസമാക്കി. അവർ വളരെ സമ്പന്നരായിരുന്നു. അവരുടെ ഈത്തപ്പനത്തോട്ടങ്ങളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ വളരെ പ്രസിദ്ധമായിരുന്നു.
അറേബ്യയിലെ ഗോത്രങ്ങളെ സംഘടിപ്പിച്ചു മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ അവർ ശ്രമിച്ചു. അതിന്റെ ഫലമായിരുന്നു ഖന്തഖ് യുദ്ധം.
ഖന്തഖിൽ ശത്രുക്കൾ നിശ്ശേഷം പരാജയപ്പെട്ടു. പക്ഷേ, അവർ അടങ്ങിയിരുന്നില്ല. പല ഗോത്രങ്ങളുമായി രഹസ്യ സംഭാഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. അറേബ്യക്കു പുറത്തുള്ള ശക്തികളുമായും
അവർക്കു ബന്ധമുണ്ടായിരുന്നു. വിദേശ ശക്തികളുടെ സഹായത്തോടെ മുസ്ലിംകളെ ആക്രമിക്കാനും അവർ ശ്രമിച്ചേക്കും.
അവരുമായി സന്ധി ചെയ്താലോ? സന്ധിക്ക് അവർ തയ്യാറാകുമോ?
ഇനി സന്ധി ചെയ്താൽ തന്നെ അതുകൊണ്ടെന്തു കാര്യം. എത്രയോ തവണ സന്ധി വ്യവസ്ഥകൾ തെറ്റിച്ചവരാണു ജൂതന്മാർ. ഖയ്ബറിന്റെ ശക്തി തകർക്കേണ്ടതു മുസ്ലിംകളുടെ നിലനിൽപിന് ആവശ്യമാണ്.
അപ്പോഴാണ് ഒരു ഗൂഢാലോചനയുടെ വാർത്ത പുറത്തു വന്നത്. പല ഗോത്രങ്ങളെയും അവർ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു.
“ഞങ്ങളോടൊപ്പം ചേർന്നു മദീനയെ ആക്രമിക്കുകയാണങ്കിൽ ഞങ്ങളുടെ ഈത്തപ്പഴത്തോട്ടങ്ങളുടെ പകുതി ഉൽപന്നം തരാം.” ഈ വാഗ്ദാനം പലരെയും ആകർഷിച്ചു.
ഈ സാഹചര്യത്തിൽ യുദ്ധം ചെയ്തു ഖയ്ബറിന്റെ ശക്തി കുറക്കേണ്ടത് അനിവാര്യമായിത്തീർന്നു. ഹുദയ്ബിയ്യ യാത്ര കഴിഞ്ഞു മുസ്ലിംകൾ മദീനയിൽ തിരിച്ചെത്തി ഒരു മാസം കഴിയുന്നതേയുള്ളൂ. അപ്പോഴാണു ഖയ്ബറിലേക്കു പുറപ്പെടാൻ കൽപന.
“എന്റെ കൂടെ ഹുദയ്ബിയ്യയിലേക്കു വന്നവർ മാത്രമേ ഖയ്ബറിലേക്കു വരേണ്ടതുള്ളൂ.” ഉയരത്തിലുള്ള ഒരു പ്രദേശമാണു ഖയ്ബർ. വളരെ ഭദ്രമായി കെട്ടി ഉയർത്തിയ കോട്ടകൾ.
ഖയ്ബർ മൂന്നു മേഖലകളായിരുന്നു.
നിത്വാത്, കസീബ്, ശഖ്.
ഓരോ മേഖലയിലും സുശക്തമായ കോട്ടകളുണ്ടായിരുന്നു. കോട്ടകളിൽ ആറെണ്ണം വളരെ പ്രധാനപ്പെട്ടതാണ്.
വാത്വിഹ്, സുലാലിം, നിത്വാത്, താഇം, ഖമൂസ്, സഅ്ബ് ബ്നു മുആദ്
അത്ര എളുപ്പത്തിലൊന്നും ആർക്കും ഈ കോട്ടകൾ ആക്രമിക്കാനോ കീഴ്പ്പെടുത്താനോ കഴിയില്ല. അതിന്റെ ചുമരുകൾക്കും വാതിലുകൾക്കും അത്രയ്ക്ക് ഉറപ്പാണ്.
കോട്ടയുടെ അകത്ത് ഇരുപതിനായിരം യോദ്ധാക്കളുണ്ട്.
ഖയ്ബറിലെത്തിയ മുസ്ലിംകൾ കോട്ടക്കു മുമ്പിൽ കിടന്നുറങ്ങി. അകത്തുള്ളവർ അറിഞ്ഞതേയില്ല.
നേരം പുലർന്നു. അതിരാവിലെ കൃഷിസ്ഥലത്തേക്കു പോയ
തൊഴിലാളികളാണു മുസ്ലിംകളെ കണ്ടത്. അവർ ഭയന്നു നിലവിളിച്ചുകൊണ്ട് ഓടി.
“ഇതാ മുഹമ്മദും കൂട്ടരും വന്നിരിക്കുന്നു.” ഭീതി നിറഞ്ഞ സ്വരത്തിൽ അവർ വിളിച്ചു പറഞ്ഞു...
Part : 196
നിത്വാത് കോട്ടയുടെ മുമ്പിൽ മുസ്ലിംകൾ നിലയുറപ്പിച്ചു. കോട്ടയ്ക്കകത്തു നിന്ന് അമ്പെയ്താൽ കൊള്ളാത്ത അകലത്തിൽ അവർ നിന്നു.
കോട്ടയ്ക്കകത്തു പരിഭ്രാന്തി പരന്നു.നേതാക്കൾ കൂടിയാലോചന തുടങ്ങി.
അവരുടെ ഉന്നത നേതാവാണു സല്ലാമുബ്നു മിശ്കം. അയാൾ ചില നിർദേശങ്ങൾ വച്ചു.
സ്ത്രീകളെയും കുട്ടികളെയും വാതിഹ് കോട്ടയിലേക്കു മാറ്റുക. സമ്പത്തും അങ്ങോട്ടു മാറ്റുക, കുറേ പേരെ സുലാലിം കോട്ടയിലേക്കും മാറ്റുക. ഭടന്മാർ നിത്വാത് കോട്ടയിൽ നിരന്നു.
കോട്ടയ്ക്കകത്തുള്ളവരെ പുറത്തു കൊണ്ടുവരണം. അതിനെന്തുവഴി? മുസ്ലിം സേന ആലോചിച്ചു. ഈത്തപ്പനകൾ മുറിക്കുക. തങ്ങളുടെ മരങ്ങൾ രക്ഷിക്കാൻ വേണ്ടി ജൂതന്മാർ പുറത്തുവരും.
ഈത്തപ്പനകൾ കുറെ മുറിച്ചുമാറ്റി. കോട്ടയിൽ നിന്നാരും പുറത്തു വന്നില്ല. ഈത്തപ്പന മുറിക്കുന്നതു നിറുത്താൻ തിരുനബി ﷺ കൽപിച്ചു.
ആറു ദിവസങ്ങൾ കടന്നുപോയി. യുദ്ധം എങ്ങുമെത്തിയില്ല. അന്നു രാത്രി കാവൽ ജോലിയിലുണ്ടായിരുന്ന ഉമർ(റ) അവിടെയെല്ലാം ചുറ്റിനടന്നു. കോട്ടയിൽ നിന്നു പുറത്തുവന്ന ഒരു ജൂതനെ പിടികൂടി...
ജൂതൻ പേടിച്ചുപോയി. നബിﷺതങ്ങൾ അവനോടു സംസാരിച്ചു. “നീ ഒന്നും പേടിക്കേണ്ട. നിന്നെ ഞങ്ങൾ സംരക്ഷിക്കാം. നീ ഞങ്ങളെ സഹായിക്കുമോ..?”
“എന്റെ ജീവൻ രക്ഷിക്കണം. ഞാൻ സഹായിക്കാം.” ആ ജൂതൻ കോട്ടക്കകത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുത്തു. ആയുധപ്പുര എവിടെയാണെന്നും പറഞ്ഞു.
അന്നു നബി ﷺ തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞു: “അല്ലാഹുﷻവിനെയും റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാൾക്കു നാളെ ഞാൻ ഈ പതാക നൽകും.”
എല്ലാവരും പതാക കൊതിച്ചു. പതാക ലഭിക്കുന്ന ആളാണു നായകൻ. ആർക്കായിരിക്കും അതു ലഭിക്കുക..! എല്ലാവരും അതോർത്തുകൊണ്ടാണു കിടന്നത്. നാളെ പ്രഭാതത്തിലറിയാം. സമാധാനത്തോടെ ഉറങ്ങി...
പിറ്റേന്നു രാവിലെ എല്ലാവരും സമ്മേളിച്ചു. പ്രവാചകൻ ﷺ ചുറ്റും നോക്കി. എന്നിട്ടൊരു ചോദ്യം..?
“അലി എവിടെ..?”
അലി(റ) അവിടെ ഉണ്ടായിരുന്നില്ല. കണ്ണുരോഗം വന്നു കിടക്കുകയായിരുന്നു. ആ വിവരം ആളുകൾ പ്രവാചകനെ (ﷺ) അറിയിച്ചു.
“അലിയെ വിളിക്കൂ..!”
കണ്ണുവേദന കാരണം ഒറ്റയ്ക്കു പോയി കിടക്കുകയാണ് അലി(റ). ആളുകൾ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. നബി ﷺ തങ്ങളുടെ സമീപത്തേക്കു നടന്നു. നബി ﷺ തങ്ങൾ തന്റെ ഉമിനീര് അലി(റ)വിന്റെ കണ്ണിൽ പുരട്ടി. അതോടെ അസുഖം മാറി. പതാക അലി(റ)വിന്റെ കയ്യിൽ കൊടുത്തു.
ഉപരോധം കാരണം നിരാശരായ ജൂതന്മാർ തുറന്ന യുദ്ധത്തിനു തയ്യാറെടുത്തു കഴിഞ്ഞിരുന്നു. യുദ്ധം തുടങ്ങി. നേരത്തെ ദ്വന്ദയുദ്ധത്തിനു വന്ന ഒരു യോദ്ധാവിനെ അലി(റ) വധിച്ചു...
ജൂതന്മാരുടെ വീരനായകൻ മുറഹ്ഹിബ് രംഗത്തുവന്നു. അയാളുടെ സഹോദരൻ യാസിറും രംഗത്തെത്തി. അതോടെ യുദ്ധത്തിന്റെ ശക്തി വർധിച്ചു. മുസ്ലിംകൾ അതി ശക്തമായി യുദ്ധം ചെയ്തുകൊണ്ടിരുന്നു. മുറഹ്ഹിബ് മരിച്ചു വീണു. പിന്നാലെ യാസിറും...
തുടർന്ന് ഒരു മുന്നേറ്റമായിരുന്നു. നാഇം കൊട്ട വളഞ്ഞു. പിന്നെ അതിനകത്തു കടന്നു. കോട്ടയുടെ നിയന്ത്രണം കൈവശമാക്കി.
സഅ്ബ് ബ്നു മുആദ് എന്ന കോട്ടയിലേക്കു ജൂതന്മാർ കയറി. അതിനുനേരെ മുസ്ലിംകൾ ശക്തമായ ആക്രമണം നടത്തി. ശക്തമായ ചെറുത്തുനിൽപുണ്ടായി.
മുസ്ലിംകൾ പിന്നെയും ആക്രമണം ശക്തമാക്കി. ജൂതന്മാർ ഗത്യന്തരമില്ലാതെ അടുത്തുള്ള മറ്റൊരു കോട്ടയിലേക്കു പിൻവാങ്ങി. ഖില്ല എന്നായിരുന്നു ആ കോട്ടയുടെ പേര്.
സഅ്ബ് കോട്ട മുസ്ലിംകൾ കീഴടക്കി. അതിനകത്ത് ഇഷ്ടംപോലെ ഭക്ഷണസാധനങ്ങളുണ്ടായിരുന്നു. ആഹാര സാധനങ്ങൾ മുസ്ലിംകൾക്കനുഗ്രഹമായി. വേണ്ടത്ര ആഹാരവും, വെള്ളവും ആയുധങ്ങളും കിട്ടി. നവോന്മേഷം കൈവന്നു. അടുത്ത കോട്ട പിടിക്കാനുള്ള ശ്രമമാരംഭിക്കുകയായി...
Part : 197
യഹൂദ സ്ത്രീയുടെ ചതി
ജൂതന്മാർ ഇപ്പോൾ ഖില്ല കോട്ടക്കകത്താണുള്ളത്. പുറത്തു വരുന്നില്ല. മൂന്നു ദിവസം കോട്ട ഉപരോധിച്ചു. ആരും പുറത്തു വരുന്നില്ല.
നാലാം ദിവസം ജൂതന്മാരുടെ ജലാശയം മുസ്ലിംകൾ കണ്ടെത്തി. ജലാശയത്തിനു കാവൽ ഏർപെടുത്തി. ജൂതന്മാർക്കു വെള്ളം കിട്ടാൻ മാർഗമില്ലാതായി. വെള്ളത്തിനുവേണ്ടി പൊരുതുകയല്ലാതെ നിവൃത്തിയില്ല.
ഖില്ല കോട്ടയിൽ നിന്നു യോദ്ധാക്കൾ പുറത്തുവന്നു. യുദ്ധം പെട്ടെന്നു ശക്തമായി. യുദ്ധം ജൂതന്മാർക്കു പ്രതികൂലമായിരുന്നു. ഖില്ല കോട്ട മുസ്ലിംകൾ പിടിച്ചെടുത്തു. അവർ ശഖ് കോട്ടയിലേക്കു പിന്മാറി.
ശഖ് കോട്ടയ്ക്കുവേണ്ടി ശക്തമായി പോരാട്ടം നടന്നു. ഒടുവിൽ ആ കോട്ടയും കീഴടക്കി.
ബരീഅ് എന്ന സ്ഥലത്തുവച്ചു യുദ്ധം തുടർന്നു. ബരീഇലുള്ളവർ അസ്ത്രവിദ്യയിൽ മിടുക്കന്മാരാണ്.
മുസ്ലിംകളിൽ പലർക്കും അമ്പുകൊണ്ടു. ഒരു തവണ റസൂൽ ﷺ തങ്ങൾക്കും അമ്പേറ്റു. നീണ്ട യുദ്ധത്തിനുശേഷം ബരീഇൽ നിന്നും ജൂതന്മാർ പിന്മാറി.
പിന്നീടു യുദ്ധം നടന്നത് കസീബയിലാണ്. അവിടെയും പല കോട്ടകൾ ഉണ്ടായിരുന്നു. ഖമൂസ് കോട്ട വളരെ പ്രധാനപ്പെട്ടതാണ്. അതു മുസ്ലിംകൾ കൈവശമാക്കി. ഇരുപതു ദിവസം ജൂതന്മാർ ചെറുത്തുനിന്നു. അലി(റ)വിന്റെ നേതൃത്വത്തിൽ ഉഗ്രസമരം നടന്നു. ജൂതന്മാരെ പരാജയപ്പെടുത്തി.
ജൂതനേതാവായ ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയത് ഈ കോട്ടയിൽ വച്ചായിരുന്നു.
വത്വീഹ്, സുലാലിം എന്നീ കോട്ടകളും മുസ്ലിംകൾ കീഴടക്കി. ഈ കോട്ടകളിൽ നിന്നു വമ്പിച്ച സ്വത്തു കിട്ടി. നൂറ് അങ്കി, നാനൂറു വാൾ, ആയിരം കുന്തം, അഞ്ഞൂറ് വില്ല്, തൗറാതിന്റെ കോപ്പികൾ, ആഭരണങ്ങൾ എന്നിവയാണു കിട്ടിയത്.
തൗറാതിന്റെ കോപ്പികൾ ജൂതന്മാർക്കു തന്നെ നൽകി...
ഖയ്ബർ കീഴടങ്ങി. യുദ്ധത്തിൽ പതിനഞ്ചു മുസ്ലിംകൾ ശഹീദായി.
തൊണ്ണൂറ്റി മൂന്ന് ജൂതന്മാർ വധിക്കപ്പെട്ടു.
“ജൂതന്മാർ കീഴടങ്ങിക്കഴിഞ്ഞു. ഇനി അവരോട് ഏറ്റവും മാന്യമായ രീതിയിൽ പെരുമാറണം.” - പ്രവാചകൻ ﷺ ഉപദേശിച്ചു.
“ഞങ്ങൾക്കു ചില അപേക്ഷകൾ സമർപ്പിക്കാനുണ്ട്.” ജൂതന്മാർ പ്രവാചകനോടു (ﷺ) പറഞ്ഞു.
“എന്താണു നിങ്ങൾക്കു പറയാനുള്ളത്? കേൾക്കട്ടെ...”
“ഞങ്ങളുടെ ജീവൻ രക്ഷിക്കണം.”
“നിങ്ങളുടെ ജീവനു യാതൊരു അപകടവുമില്ല.”
“ഞങ്ങളുടെ കൃഷിസ്ഥലം ഞങ്ങൾക്കുതന്നെ വിട്ടുതരണം. ഞങ്ങൾ കൃഷി ചെയ്തു കൊള്ളാം. വിളവിന്റെ പകുതി നിങ്ങൾക്കു തരാം.”
“ഈ അപക്ഷയും സ്വീകരിക്കുന്നു.” ജൂതന്മാർക്കു വലിയ ആശ്വാസം.
ഇക്കാര്യങ്ങളൊക്കെ മുഹമ്മദ് (ﷺ) സമ്മതിക്കുമെന്നു തോന്നിയില്ല എന്നാണവർ പരസ്പരം പറഞ്ഞിരുന്നത്. പറഞ്ഞതെല്ലാം സമ്മതിച്ചു. ഖയ്ബറിൽ തന്നെ താമസിക്കാം. കൃഷി ചെയ്യാം...
സമാധാനം നിലവിൽ വന്നു. മരിച്ചവരെ ഖബറടക്കി. പൊതുവെ എല്ലാം ശാന്തം. അപ്പോഴും പല ജൂതമനസ്സുകളും തിളയ്ക്കുകയായിരുന്നു. പ്രവാചകനെ (ﷺ) എങ്ങനെ നശിപ്പിക്കാമെന്ന് അവർ അപ്പോഴും ചിന്തിക്കുന്നു. സ്ത്രീകൾ പോലും ഈ ചിന്തയിലാണ്.
ജൂതനേതാവാണു സല്ലാം ബ്‌നു മിശ്ക്ക്. അയാളുടെ ഭാര്യ സയ്നബ്. ആ സ്ത്രീക്കു പ്രവാചകനെ (ﷺ) വധിക്കണമെന്നു വല്ലാത്ത വാശി. വഞ്ചിച്ചു കൊല്ലണം. അതിനുള്ള വഴി ചിന്തിച്ചു.
പ്രവാചകനെ (ﷺ) ഒരു സദ്യക്കു ക്ഷണിക്കുക. യുദ്ധം അവസാനിച്ച ശേഷം വളരെ സൗഹാർദത്തിലാണ്. സദ്യക്കു ക്ഷണിച്ചാൽ വരും. വിഷം കലർത്തിയ ആഹാരം കൊടുക്കാം.
ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കി. നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു.
നബി ﷺ തങ്ങൾ ഒരു കഷണം മാംസം വായിലിട്ടു...
Part : 198
സ്വഫിയ്യ രാജകുമാരി
ആ യഹൂദ സ്ത്രീ തന്റെ പദ്ധതി നടപ്പാക്കാൻ നന്നായി പാകം ചെയ്ത ഒരാടിനെ പ്രവാചകനു (ﷺ) കാഴ്ചവച്ചു. നബിﷺതങ്ങൾ ഒരു കഷണം മാംസം വായിലിട്ടു. ഉടനെ തുപ്പിക്കളഞ്ഞു...
“തിന്നരുത്. ഇതു വിഷമാണ്.”
ബിശ്റ് ബ്‌നു ബർറ (റ) മാംസം ചവച്ചിറക്കിക്കഴിഞ്ഞിരുന്നു. ഉഗ്രവിഷമാണു കലർത്തിയിരുന്നത്.
അദ്ദേഹം കുഴഞ്ഞുവീണു മരണപ്പെട്ടു...
സയ്നബിനെ പിടികൂടി. പ്രവാചകന്റെ (ﷺ) മുമ്പിൽ കൊണ്ടുവന്നു.
“നീ ഇതിൽ വിഷം കലർത്തിയോ..?”
“അതേ..!”
“നീ എന്തിനിതു ചെയ്തു..?”
“താങ്കൾ സത്യത്തിൽ ദൈവദൂതനാണെങ്കിൽ അതു മനസ്സിലാക്കുമെന്നും ഇറച്ചി കഴിക്കില്ലെന്നും ഞാൻ കരുതി. യഥാർത്ഥ പ്രവാചകനല്ലെങ്കിൽ താങ്കളുടെ ഉപദ്രവത്തിൽ നിന്നു ഞങ്ങളൊക്കെ രക്ഷപ്പെടട്ടെ എന്നും കരുതി...”
ബിശ്ർ ബ്‌നു ബർറ(റ)വിനെ കൊന്നതിനു പകരമായി അവളെ വധിക്കണമെന്ന അഭിപ്രായമുണ്ടായി.
“ഖയ്ബർ യുദ്ധത്തിൽ ഭർത്താവും പിതാവും വധിക്കപ്പെട്ടു ദുഃഖം അനുഭവിക്കുന്ന സ്ത്രീയാണ്. കരുണ കാണിക്കണം." ജൂതന്മാരുടെ അപേക്ഷ...
സയ്നബിനു തന്റെ മുമ്പിൽ നിൽക്കുന്നതു യഥാർത്ഥ നബിയാണെന്നു ബോധ്യം വന്നു. ഇസ്ലാം മതം സ്വീകരിച്ചു...
ഖയ്ബറിലെ ജൂതന്മാരും മുസ്ലിംകളും തമ്മിൽ കൃഷിയുടെ കാര്യത്തിൽ ഒരു കരാറുണ്ടാക്കി. ജൂതന്മാർ കൃഷി നടത്തും. വിളവെടുക്കുമ്പോൾ പകുതി മുസ്ലിംകൾക്കു നൽകും. ഇതിന്റെ ചുമതല വഹിക്കാൻ പ്രവാചകരുടെ (ﷺ) പ്രതിനിധിയായ അബ്ദുല്ലാഹിബ്നു റവാഹ (റ) വിനെ നിയോഗിച്ചു.
അദ്ദേഹം വളരെ നീതിപൂർവം അവരോടു പെരുമാറി. ഒരാക്ഷേപത്തിനും ഇടവന്നില്ല.
വിളവെടുത്താൽ രണ്ട് ഓഹരി വയ്ക്കും. ഇഷ്ടമുള്ളത് എടുത്തുകൊള്ളാൻ ജൂതന്മാരോടു പറയും. ഈ നടപടി അവരുടെ മനസ്സിനെ സ്പർശിച്ചു. യുദ്ധത്തിൽ തോറ്റാൽ നാടും വീടും സ്വത്തും ജീവനും നഷ്ടപ്പെടുന്ന കാലമാണെന്നോർക്കണം.
ഹുയയ്യിന്റെ മകൾ സ്വഫിയ്യയെ പിടികൂടിയ കാര്യം നേരത്തെ
സൂചിപ്പിച്ചുവല്ലോ. മുസ്ലിംകൾ അവരോടു വളരെ മാന്യമായിട്ടാണു പെരുമാറിയത്.
ഒരു രാജകുമാരിക്കു ലഭിക്കാവുന്ന എല്ലാ പരിഗണനയും. അവർ ആശ്ചര്യപ്പെട്ടു. ഇസ്ലാം മതത്തെക്കുറിച്ച് അടുത്തറിയാൻ ആ രാജകുമാരിക്ക് അവസരം കിട്ടിയത് ഇപ്പോഴാണ്. ഏകദൈവ വിശ്വാസിയായിരുന്ന അവർക്കു തൗറാത് അറിയാമായിരുന്നു. അതിൽ പറഞ്ഞ പ്രവാചകൻ (ﷺ) ഇതുതന്നെയാണ്. എന്നിട്ടും എന്താണു തന്റെ ജനത വിശ്വസിക്കാത്തത്. ഈ ധിക്കാരം ശരിയല്ല. ഈ സത്യം നേരത്തെ തന്നെ താൻ മനസ്സിലാക്കേണ്ടതായിരുന്നു.
ഈ പ്രവാചകനെ (ﷺ) പരാജയപ്പെടുത്താനാവില്ല.
അല്ലാഹുവിന്റെ സംരക്ഷണത്തിലാണു പ്രവാചകൻ ﷺ. പ്രവാചകനെ (ﷺ) മനസ്സിലാക്കിയ സ്വഹാബികൾ എന്തു ത്യാഗത്തിനും സന്നദ്ധരാണ്. അല്ലാഹുﷻവിന്റെ തൃപ്തിയാണ് അവരുടെ ലക്ഷ്യം...
തനിക്കും അതല്ലേ അഭികാമ്യം..!
അല്ലാഹുﷻവിന്റെ തൃപ്തി. പരലോക വിജയം. പിന്നെ കാത്തുനിന്നില്ല.
അല്ലാഹുﷻവിലും അന്ത്യപ്രവാചകരിലും അവർ വിശ്വാസം പ്രഖ്യാപിച്ചു. ഇസ്ലാം മതം സ്വീകരിച്ചു. സത്യവിശ്വാസികൾക്ക് ആഹ്ലാദം...
“അല്ലാഹുﷻവിന്റെ റസൂലേ, ഇതു സാധാരണ സ്ത്രീയല്ല. രാജകുമാരിയാണ്. ഇവരെ ആദരിക്കണം...”
എങ്ങനെ ആദരിക്കാൻ..?
ഭാര്യാപദവികൊണ്ട് അലങ്കരിക്കണം.
ആ രാജകുമാരിക്ക് അനുയോജ്യനായ ഭർത്താവ് ആരാണ്..? -
പ്രവാചകനല്ലാതെ..!!
ആ വിവാഹം നടന്നു. സ്വഫിയ്യ അതൊന്നും മോഹിച്ചതല്ല. അല്ലാഹുﷻവിലും പ്രവാചകനിലും (ﷺ) വിശ്വസിച്ചതോടെ സ്വഫിയ്യ(റ)യുടെ പദവി അല്ലാഹു ﷻ വളരെ ഉയർത്തി...
ഖയ്ബറിന്റെ സന്തോഷകരമായ ഓർമകളുമായി സ്വഹാബികൾ മദീനയിലേക്കു മടങ്ങി...
Part : 199
ആടു മേയ്ച പ്രവാചകർ
തെളിഞ്ഞ സായാഹ്നം. സന്തോഷകരമായ വിശ്രമവേള. എമ്പാടും ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. ചിലർ ഫലിതങ്ങൾ പറയുന്നു. കൂടി നിൽക്കുന്നവർ ആസ്വദിക്കുന്നു. പൊട്ടിച്ചിരികൾ ഉയരുന്നു.
ചിലർ സഞ്ചാര കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിക്കുന്നു. വിജനമായ മരുഭൂമിയിലെ സാഹസികതകളാണു ചിലർ വിവരിക്കുന്നത്. ഉത്കണ്ഠയോടുകൂടി കേൾവിക്കാർ ശ്രദ്ധിക്കുന്നു. സംഭാഷണങ്ങളും വിവരണങ്ങളും പല കൈവഴികളിലൂടെ ഒഴുകി.
ചിലപ്പോൾ അതു രസകരമായ വാഗ്വാദത്തിലേക്കു നീങ്ങും. വാഗ്വാദം സദസ്സിൽ ഹരം പകരും. ആൾക്കാരുടെ ആവേശം വർധിക്കും.
ഇപ്പോഴിതാ അത്തരം ഒരു വാഗ്വാദത്തിലേക്കു സദസ്സു നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വിവാദ വിഷയം എങ്ങനെയോ ചർച്ചയ്ക്കു വിധേയമായിത്തീർന്നു. ആളുകൾ രണ്ടുപക്ഷമായി തിരിഞ്ഞു വാദപ്രതിവാദം തുടങ്ങി.
ആട്ടിടയന്മാരാണോ ഒട്ടകക്കാരാണോ കേമന്മാർ?
ഇതാണു. തർക്ക വിഷയം.
തങ്ങളാണ് ഉന്നതന്മാരെന്നു വരുത്താൻ ഇരുപക്ഷവും ശ്രമിക്കുന്നു. പലരും വാചാലമായി സംസാരിക്കുന്നു. സദസ്സിൽ ആഹ്ലാദവും ആവേശവും വർധിച്ചുകൊണ്ടിരുന്നു. അന്തരീക്ഷം ചൂടിപിടിച്ചു.
ഒടുവിൽ ഒട്ടക പക്ഷക്കാർ വിജയിച്ചു എന്നു പറയാം. അപ്പോൾ നബിﷺതങ്ങൾ ഇടപെട്ടു സംസാരിക്കാൻ തുടങ്ങി...
“മൂസാ നബി(അ) ആട്ടിടയനായിരുന്നു. ആട്ടിടയനായിരിക്കെയാണു മൂസാ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ദാവൂദ് നബി(അ) ആട്ടിടയനായിരുന്നു. എല്ലാ പ്രവാചകന്മാരും ആട്ടിടയന്മാരായിരുന്നു.”
നബിﷺതങ്ങളുടെ വാക്കുകൾ സദസ്സിനു പുതുമയായി. ആടിനെ വളർത്തൽ മഹത്തായ തൊഴിലാണെന്ന് അവർക്കു ബോധ്യം വന്നു. അതു പ്രവാചകന്മാർ ചെയ്ത തൊഴിലാണ്.
ആടിനെ വളർത്താൻ വലിയ ചെലവില്ല. ഏതു ദരിദ്ര കുടുംബത്തിനും ആടിനെ വളർത്താം. നല്ലൊരു വരുമാന മാർഗമാണത്. ആടുകൾ പെട്ടെന്നു പെറ്റു പെരുകും. ഓരോ പ്രസവത്തിലും രണ്ടും മൂന്നും നാലും കുഞ്ഞുങ്ങളുണ്ടാകും.
ആട്ടിൻപറ്റത്തെ മേയ്ക്കുന്നത് നല്ലൊരു പരിശീലനമാണ്. വളരെയേറെ ക്ഷമ വേണം. ആടുകൾ കൂട്ടം തെറ്റിപ്പോകുന്നതു സൂക്ഷിക്കണം. കഴിവു കുറഞ്ഞവയെ പ്രത്യേകം ശ്രദ്ധിക്കണം. പിൽക്കാലത്തു മനുഷ്യരെ നയിക്കേണ്ട പ്രവാചകന്മാർ ആദ്യ ഘട്ടത്തിൽ ആടിനെ മേയ്ക്കുന്നു.
പ്രവാചകന്മാരെല്ലാം ആടുകളെ മേയ്ചിരുന്നു എന്നു കേട്ടപ്പോൾ സ്വഹാബികൾക്കൊരു സംശയം. അന്ത്യപ്രവാചകനും ആ തൊഴിൽ ചെയ്തിരുന്നോ..?
അവർ ആകാംക്ഷയോടെ ചോദിച്ചു:
“അല്ലാഹുവിന്റെ റസൂലേ, അങ്ങ് ആടുകളെ മേയ്ചിരുന്നോ..?”
പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “എന്താ സംശയം, ഞാൻ കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ആടുകളെ മേയ്ചിട്ടുണ്ട്. ബനൂ സഅ്ദിലെ എന്റെ സഹോദരങ്ങളോടൊപ്പം മലഞ്ചരുവിൽ ആടിനെ മേയ്ക്കാൻ പോയിരുന്നു. വലുതായപ്പോൾ എന്റെ ബന്ധുക്കളുടെയും നാട്ടുകാരായ ചിലരുടെയും ആടുകളെ മേയ്ചിട്ടുണ്ട്.”
ഹലീമ(റ)യുടെ മക്കളെയാണ് ബനൂ സഅ്ദിലെ സഹോദരങ്ങൾ എന്നു വിശേഷിപ്പിച്ചത്. മുലകുടി ബന്ധത്തിൽ അവർ സഹോദരങ്ങളാണല്ലോ...
വളർന്നു വന്നപ്പോൾ ഒരു തൊഴിൽ എന്ന നിലയിൽ ആടുകളെ സംരക്ഷിക്കുന്ന ജോലി ഏറ്റെടുത്തു. അതിനു കൂലി ലഭിക്കുകയും ചെയ്തു.
മനുഷ്യരുമായി കൂടുതൽ ഇണങ്ങി ജീവിക്കുന്ന വളർത്തു മൃഗമാണ് ആട്. അവ നമുക്കു പാൽ തരുന്നു. അതിന്റെ മാംസവും എല്ലും തൊലിയും രോമവുമെല്ലാം പ്രയോജനപ്രദമാണ്. ആട്ടിൻ കാഷ്ഠം മികച്ച വളമാണ്. പ്രവാചകന്മാരുടെ പുണ്യം നിറഞ്ഞ കരങ്ങളുടെ തലോടലേറ്റ മൃഗമാണ് ആട്. ആടിനെ കാണുമ്പോൾ ആ ഓർമ വേണം...
Post a Comment