മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 3 | Prophet Muhammed (s) History in Malayalam 3

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 3 | Prophet Muhammed (s) History in Malayalam 3

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 3

 Part : 51

മോചനത്തിന്റെ വഴി


നുബുവ്വത്തു കിട്ടിയിട്ടു പത്തു വർഷമാകുന്നു. ആ വർഷം ഹജ്ജു കാലം വന്നു. പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരുന്നു. നബിﷺതങ്ങൾ അവരെ ചെന്നു കാണും. ഇസ്ലാം മതത്തെ പരിചയപ്പെടുത്തും... 


യസ് രിബിൽ രണ്ടു പ്രധാന ഗോത്രങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്റജ്. ഇവരുടെ പൂർവികന്മാർ യമനിലാണു താമസിച്ചിരുന്നത്.


ചരിത്രപരമായ കാരണങ്ങളാൽ അവർ യമൻ വിട്ടു. യസ് രിബിൽ വന്നു താമസമാക്കി. അവർക്കിടയിൽ വളർന്നുവന്ന ഗോത്രങ്ങളാണ് ഔസും ഖസ്റജും.


യസ് രിബിൽ ധാരാളം ജൂതന്മാർ താമസിക്കുന്നുണ്ട്. അവർ വലിയ കച്ചവടക്കാരാണ്. നല്ല പണക്കാരും. പലിശയ്ക്ക് പണം കടംകൊടുക്കും. യസ് രിബുകാർ കടംവാങ്ങും. മുതലും പലിശയും ചേർത്തു മടക്കിക്കൊടുക്കണം. ജൂതന്മാർ പലിശകൊണ്ടു സമ്പന്നരായി...


സ്വർണാഭരണക്കടകളും അവരുടെ വക. സ്വർണപ്പണ്ടങ്ങൾ പണയം വച്ചാലും അവർ പൈസ കൊടുക്കും.


യസ് രിബുകാർ ബിംബാരാധകരാണ്. അവരുടെ കൈവശം വേദ്രഗന്ഥമില്ല. ചില ആചാരങ്ങൾ പിന്തുടരുന്നു. ജൂതന്മാർ പറയുന്നതൊക്കെ അവർ കേട്ടുമനസ്സിലാക്കും. ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട്. അവൻ പ്രവാചകന്മാരെ അയയ്ക്കുന്നു. വേദങ്ങൾ ഇറക്കുന്നു. പരലോക ജീവിതമുണ്ട്.


ഒരു പ്രവാചകൻ വരാൻ സമയമായിട്ടുണ്ട്. ജൂതന്മാർ യസ് രിബുകാരെ തമ്മിൽ തല്ലിക്കും. ഔസിനും ഖസ്റജിനുമിടയിൽ യുദ്ധം നടന്നാൽ നേട്ടം ജൂതന്മാർക്കാണ്. 


ജൂതന്മാർ ഏഷണി പറഞ്ഞു പരത്തി. ഔസ് ഖസ്റജിനെ തെറ്റിദ്ധരിച്ചു. അവർ തിരിച്ചും. അതൊരു യുദ്ധത്തിനു വഴിവച്ചു. ഇരുപക്ഷത്തും ധാരാളം പേർ മരിച്ചു. ഈന്തപ്പനത്തോട്ടങ്ങൾ കത്തിച്ചു. വീടുകൾ തകർത്തു. യുദ്ധം അവസാനിക്കുമ്പോഴേക്കും രണ്ടുകൂട്ടരും പരമ ദരിദ്രന്മാരായിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹജ്ജുകാലം വന്നത്.


ഖസ്റജ് ഗോത്രക്കാരായ ആറുപേരെ നബിﷺതങ്ങൾ അഖബ എന്ന സ്ഥലത്തുവച്ചു കണ്ടുമുട്ടി. അവർ പരിചയപ്പെട്ടു. പല കാര്യങ്ങളും സംസാരിച്ചു.


“നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്നത് അല്ലാഹുﷻവാകുന്നു. നാം അവന്റെ തൃപ്തിയിൽ ജീവിക്കണം. അവന്റെ കൽപനകൾ അനുസരിക്കണം. ഈ ലോകത്തെയും പരലോകത്തെയും രക്ഷ ഇസ്ലാമിൽ മാത്രം. അല്ലാഹു ﷻ ഏകനാണെന്നു നിങ്ങൾ സാക്ഷ്യംവഹിക്കുക.


ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ്

ഇല്ലെന്നു നിങ്ങൾ സാക്ഷ്യം വഹിക്കുക. മുഹമ്മദ് അല്ലാഹുﷻവിന്റെ റസൂലാണെന്നു നിങ്ങൾ സാക്ഷ്യം

വഹിക്കുക. അങ്ങനെ വിജയം വരിക്കുക.''


യസ് രിബുകാർ അത്ഭുതത്തോടുകൂടി ആ വാക്കുകൾ ശ്രവിച്ചു.


ഒരു പ്രവാചകൻ ആഗതനാവാൻ സമയമായിട്ടുണ്ടെന്നു ജൂതന്മാർ പറയാറുണ്ടല്ലോ; ആ പ്രവാചകൻ ഇതുതന്നെയാണ്. ഒരു സംശയവുമില്ല. ജൂതന്മാർ ഈ പ്രവാചകനെ കണ്ടെത്തുന്നതിനു മുമ്പു നാം കണ്ടെത്തി. ഭാഗ്യം. അവർ സത്യസാക്ഷ്യം വഹിച്ചു...


“അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും അവനു യാതൊരു പങ്കുകാരും ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.”


പരിചയപ്പെട്ടുവന്നപ്പോൾ അക്കൂട്ടത്തിലുള്ള രണ്ടുപേർ ബനുന്നജ്ജാർ വംശജരാണ്. ബന്ധുക്കൾതന്നെ. ഔഫ് ബ്നു ഹാരിസ്. അസദ് ബ്നു സുറാറ...


“നിങ്ങൾ യസ് രിബിൽ എത്തിയാൽ മറ്റുള്ളവർക്ക് ഇസ്ലാംമതം എത്തിച്ചുകൊടുക്കണം.'' അവർ അതേറ്റു. സലാം പറഞ്ഞു പിരിഞ്ഞു...


മക്കയിലെ മലഞ്ചരിവിൽ നിന്ന്, ബഹിഷ്കരണം കഴിഞ്ഞു മടങ്ങിയെത്തിയ ശേഷമുണ്ടായ ഒരു പ്രധാന സംഭവം.


നജ്റാനിൽ നിന്ന് ഒരു കൂട്ടം ക്രിസ്ത്യാനികൾ വന്നു. “ഞങ്ങൾ പൂർവവേദങ്ങൾ പഠിച്ചവരാണ്. ഒരു പ്രവാചകന്റെ ആഗമനം ഞങ്ങൾ പ്രതീക്ഷിച്ചു കഴിയുകയായിരുന്നു. അബ്സീനിയായിൽ വച്ചു ഞങ്ങൾ കുറെ മുസ്ലിംകളെ കണ്ടുമുട്ടി. അവരിൽ നിന്നാണു ഞങ്ങൾ മക്കയിലെ പ്രവാചകനെക്കുറിച്ചറിഞ്ഞത്.”


ക്രൈസ്തവ സംഘം നബിﷺതങ്ങളെ അറിയിച്ചു. അതിനു ശേഷം അവർ പല സംഗതികളെക്കുറിച്ചും സംസാരിച്ചു. അവർ പ്രതീക്ഷിക്കുന്ന പ്രവാചകൻ ഇതുതന്നെയെന്നു ബോധ്യമായി. എല്ലാവരും ശഹാദത്തു കലിമ ചൊല്ലി ഇസ്ലാം മതം സ്വീകരിച്ചു. ദീനിന്റെ പ്രകാശവാഹകരായിക്കൊണ്ടാണ് അവർ നജ്റാനിലേക്കു മടങ്ങിയത്...


അഖബയിൽ നിന്ന് ഇസ്ലാംമതം സ്വീകരിച്ച ആറുപേർ യസ് രിബിൽ ഇസ്ലാമിന്റെ പ്രകാശം പരത്തും. നജ്റാനിലേക്കു പോയവർ അവിടെയും പ്രചരിപ്പിക്കും. ഹജ്ജുകാലത്തു മറ്റു പല ദേശക്കാരുമായി ബന്ധപ്പെട്ടു. അവർ അവരവരുടെ നാടുകളിൽ ഇസ്ലാമിന്റെ സന്ദേശമെത്തിക്കും...



Part : 52


ആകാശയാത്ര 


ഇനി നമുക്ക് മിഅ്റാജിന്റെ കഥ പറയാം...


അലി(റ)വിന്റെ സഹോദരിയാണ് ഉമ്മുഹാനിഅ്(റ). ഉമ്മു ഹാനിഅ്(റ)യുടെ വീട്ടിൽ ഒരു രാത്രി നബിﷺതങ്ങൾ ഉറങ്ങുകയായിരുന്നു.


ജിബ്രീൽ(അ) വന്നു നബിﷺയെ വിളിച്ചുണർത്തി. മസ്ജിദുൽ ഹറാമിലേക്കു കൂട്ടിക്കൊണ്ടുപോയി.


ദീർഘമായ ഒരു യാത്രക്കുള്ള ഒരുക്കമാണ്. യാത്രയ്ക്കു വേണ്ടി മൃഗത്തെ കൊണ്ടുവന്നു. കഴുതയെക്കാൾ വലിപ്പമുണ്ട്. കോവർ കഴുതയെക്കാൾ ചെറുതാണ്. വെളുത്ത നിറം. ഒരത്ഭുത ജീവി. പേര് ബുറാഖ്. അതിൽ കയറി യാത്ര തുടങ്ങി. പെട്ടെന്നു ബയ്തുൽ മുഖദ്ദസിൽ എത്തി...


പ്രവാചകന്മാർ സാധാരണ മൃഗങ്ങളെ ബന്ധിക്കുന്ന ഒരു കവാടമുണ്ട്. ആ കവാടത്തിൽ ബുറാഖിനെ കെട്ടിയിട്ടു.


മസ്ജിദുൽ അഖ്സായിൽ പ്രവേശിച്ചു. രണ്ടു റക്അത്ത് സുന്നത്തു നിസ്കരിച്ചു. അതു കഴിഞ്ഞു പുറത്തുവന്നു. 


ജിബ്രീൽ(അ) കാത്തു നിൽക്കുന്നു. നബി ﷺ തങ്ങളുടെ മുമ്പിൽ രണ്ടു പാനപാത്രങ്ങൾ വച്ചു. ഒന്നിൽ പാൽ. മറ്റൊന്നിൽ മദ്യം. പ്രവാചകൻ ﷺ പാൽ സ്വീകരിച്ചു. അതിനുശേഷം ആകാശാരോഹണം ആരംഭിച്ചു. ഒന്നാം ആകാശത്തെത്തി. കാവലിരിക്കുന്ന മലക്കിനോടു

ജിബ്രീൽ (അ) പ്രവേശനാനുമതി ആവശ്യപ്പെട്ടു.


“താങ്കളുടെ കൂടെ ആരാണ്..?” - മലക്കിന്റെ ചോദ്യം.


“മുഹമ്മദ്” - ജിബ്രീൽ(അ) മറുപടി നൽകി.


അശ്റഫുൽ ഖൽഖിനു സ്വാഗതം... ഒരാൾ അവിടെ ഇരിക്കുന്നു. ജിബ്രീൽ(അ) പരിചയപ്പെടുത്തി.


“മാനവകുലത്തിന്റെ പിതാവായ ആദം(അ) ആണ് ഇത്. അഭിവാദ്യം ചെയ്യൂ.”


നബി ﷺ അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം എന്ന നിലക്ക് ആദം (അ) പറഞ്ഞു: “ഉന്നതനായ പുത്രനു സ്വാഗതം. റസൂലുല്ലാഹിക്കു സ്വാഗതം.”


പിന്നീടു രണ്ടാം ആകാശത്തെത്തി. അവിടെയും മലക്കുകളുടെ ചോദ്യവും ഉത്തരവും നടന്നു. യഹ്‌യ നബി(അ)നെയും ഈസാ(അ)നെയും കണ്ടു. അഭിവാദ്യം ചെയ്തു...


മൂന്നാം ആകാശത്തുവച്ചു യൂസുഫ്(അ)നെ കണ്ടു. നാലാം ആകാശത്തുവച്ച് ഇദ്രീസ്(അ)നെ കണ്ടു. അഞ്ചാം ആകാശത്ത് ഹാറൂൻ(അ)നെ കണ്ടു.

ആറാം ആകാശത്ത് മൂസാ(അ)നെ കണ്ടു. ഏഴാം ആകാശത്ത് ഇബ്റാഹീം(അ)നെ കണ്ടു. കണ്ടുമുട്ടിയ എല്ലാ പ്രവാചകന്മാരെയും അഭിവാദ്യം ചെയ്തു. അവർ പ്രവാചകനെ സ്വാഗതം ചെയ്തു...


പിന്നെ സിദ്റത്തുൽ മുൻതഹായിലെത്തി. ജിബ്രീൽ(അ) പിരിഞ്ഞു. ഇനി ഒറ്റയ്ക്കുള്ള യാത്ര. സർവശക്തനായ അല്ലാഹുﷻവുമായി

സംഭാഷണം നടന്നു. അഭൗതികവും അമാനുഷികവുമായ കാര്യങ്ങൾ..!!


തിരികെ യാത്ര ആരംഭിച്ചു. ആറാം ആകാശത്തുവച്ചു മൂസാ(അ)നെ

വീണ്ടും കാണുന്നു. “അല്ലാഹുﷻവിന്റെ സന്നിധിയിൽ നിന്നും എന്തൊരു സമ്മാനവുമായിട്ടാണു താങ്കൾ വരുന്നത്..?''


“ദിവസേന അമ്പതു വഖ്ത് നിസ്കാരം” നബി ﷺ പറഞ്ഞു.


“താങ്കളുടെ സമുദായത്തിന് അമ്പതു വഖ്ത് നിസ്കാരം നിർവഹിക്കാൻ കഴിയില്ല. മടങ്ങിപ്പോവുക. എണ്ണം കുറച്ചു തരാൻ ആവശ്യപ്പെടുക...”


നബി ﷺ തിരിച്ചുപോയി. അഞ്ചുനേരത്തെ നിസ്കാരം കുറച്ചുകിട്ടി. നാൽപത്തഞ്ചു നേരത്തെ നിസ്കാരവുമായി വന്നു...


ഇതറിഞ്ഞപ്പോൾ മൂസാ(അ) പറഞ്ഞു: “ഇതു വളരെ ബുദ്ധിമുട്ടാണ്, മടങ്ങിപ്പോകുക.”


ഒമ്പതു തവണ ഇതാവർത്തിച്ചു.


ഒടുവിൽ അഞ്ചു നേരത്തെ നിസ്കാരവുമായി വന്നു. വീണ്ടും പോകാൻ മൂസാ(അ) നിർബന്ധിച്ചതാണ്. പക്ഷേ, നബി ﷺ പോയില്ല.


“ഇനിയും മടങ്ങിപ്പോകാൻ എനിക്കു ലജ്ജ തോന്നുന്നു.” അപ്പോൾ അല്ലാഹുﷻവിന്റെ സന്ദേശമുണ്ടായി...


“അഞ്ചു നേരത്തെ നിസ്കാരത്തിന് അമ്പതു നേരത്ത നിസ്കാരത്തിന്റെ പ്രതിഫലമുണ്ട്.”


ഒരു നേരത്തെ നിസ്കാരത്തിനു പത്തിരട്ടി പ്രതിഫലം...



Part : 53


ഈ ആകാശ യാത്രയിൽ സ്വർഗവും നരകവും നബി ﷺ കണ്ടു. വിവിധ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെടുന്നവരെ കണ്ടു. അവർ ചെയ്ത കുറ്റങ്ങൾ എന്താണെന്നു ജിബ്രീൽ (അ) വിവരിച്ചു കൊടുത്തു.


വാനലോകത്തുനിന്നു ബൈതുൽ മുഖദ്ദസിൽ മടങ്ങിയെത്തി. ഒരു സംഘം പ്രവാചകന്മാർ അവിടെയുണ്ടായിരുന്നു. നബി ﷺ അവർക്ക് ഇമാമായി നിസ്കരിച്ചു. മക്കയിലേക്കുതന്നെ മടങ്ങി. ഒറ്റ രാത്രി കൊണ്ടു യാത്ര അവസാനിച്ചു.


പിറ്റേന്നു രാവിലെ ഉമ്മുഹാനിഅ്(റ)യുടെ വീട്ടിൽ നിന്നു തന്നെ നബി ﷺ എഴുന്നേറ്റുവന്നു. ഉമ്മുഹാനിനോടു രാത്രിയിലെ സംഭവങ്ങൾ വിവരിച്ചു. മറ്റു സ്വഹാബികളോടും പറഞ്ഞു...


“ഞാൻ ഹറമിലേക്കു പോകുന്നു. ഈ വിവരം എല്ലാവരോടും പറയണം.” - നബിﷺതങ്ങൾ പറഞ്ഞു.


“താങ്കൾ അവിടേക്കു പോകരുത്. അവരാരും ഇതു വിശ്വസിക്കില്ല. അവർ കളിയാക്കിച്ചിരിക്കും.” - ഉമ്മുഹാനിഅ് പറഞ്ഞു.


“ചിരിക്കട്ടെ. കളിയാക്കട്ടെ. അല്ലാഹു ﷻ എനിക്കു നൽകിയ അനുഗ്രഹം ഞാൻ മറച്ചുവയ്ക്കാൻ പാടില്ല.” - ഹറമിലേക്കു ചെന്നു. 


അബൂജഹ്ൽ ഉൾപ്പെടെയുള്ള സദസ്സിനു മുമ്പിൽ വച്ചു തന്റെ നിശായാത്രയെക്കുറിച്ചു പ്രവാചകൻ ﷺ വിശദീകരിച്ചു. അവർ ഉറക്കെ കളിയാക്കിച്ചിരിക്കാൻ തുടങ്ങി...


ഇതിനിടയിൽ ചിലർ അബൂബക്കർ(റ)വിനോടു വിവരം

പറഞ്ഞു. “നബിﷺതങ്ങൾ അങ്ങനെ പറഞ്ഞോ..?”


“പറഞ്ഞു, കഅ്ബയുടെ അടുത്തുവച്ചു സംഭവം വിവരിക്കുന്നു.” സംശയാലുക്കൾ പറഞ്ഞു.


"അങ്ങനെ പറഞ്ഞെങ്കിൽ, ഞാനതു വിശ്വസിക്കുന്നു." 


പ്രവാചകനിലുള്ള (ﷺ) ഈ വിശ്വാസം അബൂബക്കർ(റ)വിനു 'സിദ്ദീഖ്' എന്ന വിശേഷ നാമം നേടിക്കൊടുത്തു. 


നബി ﷺ നേരത്തെ ബയ്തുൽ മുഖദ്ദസ് കണ്ടിട്ടില്ലെന്നു ശത്രുക്കൾക്കും മിത്രങ്ങൾക്കുമെല്ലാം അറിയാം. അതുകൊണ്ട് ആ പ്രദേശത്തെക്കുറിച്ചും പള്ളിയെക്കുറിച്ചും അതിന്റെ വാതിലിനെക്കുറിച്ചും അവർ പല ചോദ്യങ്ങളും ചോദിച്ചു...


എല്ലാറ്റിനും നബി ﷺ വളരെ വ്യക്തമായി മറുപടി പറഞ്ഞു. അബൂബക്കർ (റ) പറഞ്ഞു.


“അല്ലാഹുﷻവിന്റെ ദൂതരേ..! അങ്ങു പറഞ്ഞതു സത്യം...”


ഒരു നേതാവ് ഇങ്ങനെ ചോദിച്ചു: “അതിരിക്കട്ടെ, ഞങ്ങളുടെ ഒട്ടകസംഘം അതുവഴി വരുന്നുണ്ട്. അവരെപ്പറ്റി നിനക്കെന്തറിയാം..?”


ഒട്ടകസംഘം എവിടെ എത്തിയിട്ടുണ്ടെന്നും ഏതു ദിവസം അവർ മക്കയിലെത്തുമെന്നും റസൂലുല്ലാഹി ﷺ പറഞ്ഞുകൊടുത്തു.


അവർ ആ ദിവസത്തിനുവേണ്ടി കാത്തിരുന്നു. പറഞ്ഞ ദിവസം തന്നെ സംഘം എത്തിച്ചേർന്നു. ഇത്രയെല്ലാമായിട്ടും ഖുറയ്ശികൾ വിശ്വസിച്ചില്ല. അവരുടെ ധിക്കാരം അതിനനുവദിച്ചില്ല. അവർ മർദനത്തിനു ശക്തികൂട്ടി. 


മക്കയിൽ നിന്നു ബയ്തുൽ മുഖദ്ദസ് വരെയും, അവിടെ നിന്ന് ആകാശലോകങ്ങളിലേക്കുമുള്ള യാത്ര ഇസ്റാഅ്, മിഅ്റാജ് എന്നീ പേരുകളിൽ അറിയപ്പെടുന്നു...


നുബുവ്വത് ലഭിച്ചു പത്തു വർഷം കഴിഞ്ഞാണ് ഇസ്റാഉം മിഅ്റാജും നടന്നത്. റജബ് 27ന്. അന്ന് റസൂലുല്ലാഹി ﷺ തങ്ങൾക്ക് അമ്പതു വയസ്സായിരുന്നു...



Part : 54


സൗദ(റ)യും ആഇശ(റ)യും 


ഖുറയ്ശികളുടെ കൂട്ടത്തിൽപെട്ട സംഅതുൽ ആമിരിയുടെ മകളാണു സൗദ. കുടുംബത്തിന്റെ എതിർപ്പ് വകവക്കാതെ സൗദ ഇസ്ലാം സ്വീകരിച്ചു. പലവിധ ഭീഷണികൾക്കും ആക്ഷേപങ്ങൾക്കും ഇരയായി. എല്ലാം ധീരമായി നേരിട്ടു.


സൗദ(റ)യുടെ അമ്മാവന്റെ മകനാണ് സക്റാൻ ബ്നു അംറ്(റ). അദ്ദേഹം സൗദ(റ) യുടെ ഭർത്താവുമാണ്. ഭീഷണികൾ വകവയ്ക്കാതെ സക്റാൻ(റ)വും ഇസ്ലാംമതം സ്വീകരിച്ചു. ഇരുവരും മർദനങ്ങൾക്കിരയായി.


മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു. സക്റാൻ(റ) ഭാര്യയോടു പറഞ്ഞു: “വിശ്വാസം സംരക്ഷിക്കണമെങ്കിൽ ഈ നാടു വിടേണ്ടതായിവരും. പിടിച്ചുനിൽക്കാനാവില്ല.”


“വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടിയല്ലേ..? നമുക്കു നാടു വിടാം.” - സൗദ(റ) സമ്മതിച്ചു.


ആ ദമ്പതികൾ യുവാക്കളല്ല. യൗവ്വനം യാത്ര പറഞ്ഞ പ്രായം. വിശ്വാസം കരുത്തുറ്റതാണ്, മക്കയിലെ മർദനം സഹിക്കവയ്യാതെ നാടുവിട്ടവരുടെ കൂട്ടത്തിൽ ഈ ദമ്പതികളുമുണ്ടായിരുന്നു. കുറെക്കാലം അവർ അബ്സീനിയായിൽ കഴിഞ്ഞു.


നബി ﷺ മലഞ്ചരിവിൽ നിന്നു മടങ്ങുകയും മർദനത്തിന് ഒരൽപം ശമനം കാണുകയും ചെയ്ത സന്ദർഭം. ആ സമയത്തു സക്റാൻ ദമ്പതികൾ മക്കയിലുണ്ടായിരുന്നു.അബ്സീനിയായിൽ നിന്നു മടങ്ങിവന്നതാണ്.


സക്റാൻ (റ) വാർധക്യത്തിലെത്തിയിരുന്നു. വാർധക്യസഹജമായ രോഗങ്ങളും. സൗദ(റ)ക്കു തന്നെ അറുപതിനടുത്തു പ്രായമുണ്ട്. സക്റാൻ(റ) മരണപ്പെട്ടു. മുസ്ലിംകൾ മയ്യിത്ത് സംസ്കരണം നടത്തി.


സൗദ(റ) ഒറ്റപ്പെട്ടു. വാർധക്യവും വൈധവ്യവും അവരെ തളർത്തി. ഈ സാഹചര്യത്തിൽ അവർക്കൊരു സംരക്ഷണം വേണം. ആരാണവരെ സ്വീകരിക്കുക. ആരെങ്കിലും അവരെ സ്വീകരിച്ചില്ലെങ്കിൽ അതൊരു ക്രൂരതയായിരിക്കും.


മനുഷ്യ സ്നേഹിയായ പ്രവാചകൻ ﷺ മുമ്പോട്ടു വന്നു. സൗദ(റ)യെ വിവാഹം ചെയ്തു. നിരാലംബയുടെ സംരക്ഷണമായിരുന്നു ആ വിവാഹത്തിന്റെ ലക്ഷ്യം. പിന്നീടു നടന്ന പല വിവാഹങ്ങളുടെയും ലക്ഷ്യവും ഇതുതന്നെയായിരുന്നു... 


തന്റെ മക്കൾ ആഇശയെ നബി ﷺ തങ്ങളെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു. അല്ലാഹു ﷻ ആ വിവാഹത്തിനു പിന്നിൽ മഹത്തായ ലക്ഷ്യങ്ങൾ വച്ചിരുന്നു.


പ്രവാചകനുമായി (ﷺ) സ്നേഹബന്ധം തുടങ്ങിയിട്ട് വർഷങ്ങളെത്രയോ ആയി. അതൊരു വിവാഹ ബന്ധത്തിലൂടെ സുദൃഢമാക്കണമെന്ന് അബൂബക്കർ(റ) ആഗ്രഹിച്ചു.


ആഇശ മിടുമിടുക്കിയായ പെൺകുട്ടിയാണ്. അതിശയിപ്പിക്കുന്ന ബുദ്ധിശക്തി. ഒരിക്കൽ കേട്ട കാര്യം മറക്കില്ല. കളിപ്പാവകളോടു കുട്ടിക്കാലത്തു വലിയ ഇഷ്ടമായിരുന്നു. ഒമ്പതു വയസ്സേയുള്ളൂ...


വീട്ടിലും പുറത്തും തുള്ളിച്ചാടി നടക്കും. അക്കാലത്താണു വിവാഹാലോചന. നികാഹ് നടന്നു എന്നുമാത്രം. ഹിജ്റയുടെ ആദ്യവർഷം ശവ്വാലിൽ. മദീനയിൽ വച്ചാണു ദാമ്പത്യജീവിതം തുടങ്ങിയത്...


ആഇശ(റ)യുടെ റിപ്പോർട്ടുകളിലൂടെയാണു നബിﷺയുടെ ജീവചരിത്രം വിശദമായി ലോകത്തിനു ലഭിച്ചത്. ഭർത്താവ്, പിതാവ്, കുടുംബനാഥൻ എന്നീ നിലകളിൽ റസൂലുല്ലാഹി ﷺ എങ്ങനെ ജീവിച്ചുവെന്നു ലോകത്തിനു പറഞ്ഞുകൊടുത്തത് ആഇശ(റ) ആണ്...



Part : 55


അടുത്ത ഹജ്ജു കാലം വന്നു. യസ് രിബിൽ നിന്നു പന്ത്രണ്ടുപേരുടെ ഒരു സംഘം മക്കയിലെത്തി. അഖബ എന്ന സ്ഥലത്തുവച്ച് അവർ നബിﷺതങ്ങളെ കണ്ടു. വളരെ നേരം സംസാരിച്ചു. അവർ പ്രവാചകനുമായി ചില കാര്യങ്ങളിൽ ഉടമ്പടി ഉണ്ടാക്കി.


അല്ലാഹുﷻവിൽ ആരെയും പങ്കുചേർക്കുകയില്ല. മോഷണം നടത്തുകയില്ല. ശിശുക്കളെ വധിക്കുകയില്ല. പാപം ചെയ്യുകയില്ല. സൽകർമങ്ങൾ വർധിപ്പിക്കും. ഈ ഉടമ്പടിയാണ് ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നത്... 


“അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾക്കു വിശുദ്ധ ഖുർആനും ഇസ്‌ലാം മത തത്ത്വങ്ങളും പഠിപ്പിച്ചുതരുന്നതിനു വേണ്ടി ഒരാളെ അയച്ചുതരണം.” യസ് രിബുകാരുടെ അപേക്ഷ.


പ്രസിദ്ധ സ്വഹാബിവര്യനായ മുസ്അബ് ബ്നു ഉമയ്ർ(റ)വിനെ പ്രവാചകൻ ﷺ അടുത്തേക്കു വിളിച്ചു. “മുസ്അബ്..! നിങ്ങൾ ഇവരോടൊപ്പം യസ് രിബിലേക്കു പോകണം. യസ് രിബുകാർക്ക് ഇസ്ലാം പരിചയപ്പെടുത്തിക്കൊടുക്കണം. വിശുദ്ധ ഖുർആൻ പഠിപ്പിക്കണം.”


പ്രവാചകനെ പിരിയാൻ പ്രയാസമുണ്ട് മുസ്അബിന്. മഹത്തായൊരു ദൗത്യം ഏൽപിച്ചിരിക്കുകയാണല്ലോ. യസ് രിബുകാരോടൊപ്പം പുറപ്പെട്ടു.


യസ് രിബിൽ അസ്അദ് ബ്നു സുറാറയുടെ വീട്ടിലാണു മുസ്അബ്(റ) താമസിച്ചത്. പല വ്യക്തികളെയും നേരിൽകണ്ട് ഇസ്ലാംമതം പരിചയപ്പെടുത്തി. ശുദ്ധഗതിക്കാരായ പലരും ഇസ്ലാം സ്വീകരിച്ചു.


സംഘടിത നിസ്കാരം നടത്തി. അതിൽ പലരും പങ്കെടുത്തു. പല ധിക്കാരികളുമായും സംസാരിച്ചു. മുസ്അബ്(റ)വിന്റെ വാദങ്ങൾക്കു മുമ്പിൽ അവർ ശിരസ്സു കുനിച്ചു. അവർ ഇസ്ലാമിന്റെ പ്രവർത്തകരായിമാറി...


ഒരു കൊല്ലം കഠിനാധ്വാനമായിരുന്നു. ഒറ്റപ്പെട്ട വ്യക്തികളും സംഘങ്ങളും ഇസ്ലാംമത പ്രചാരണത്തിനിറങ്ങി. യസ് രിബിലെ ഓരോ വീട്ടിലും ഒരു വ്യക്തിയെങ്കിലും ഇസ്ലാംമതം സ്വീകരിച്ചിരിക്കുന്നു. മുസ്അബ്(റ)വിന്റെ പ്രവർത്തനങ്ങൾ എക്കാലത്തെയും ഇസ്ലാമിക പ്രവർത്തകർക്കു മാതൃകയാണ്...


അടുത്ത വർഷത്തെ ഹജ്ജിനു മുമ്പായി മുസ്അബ് (റ) മക്കയിൽ തിരിച്ചെത്തി. യസ് രിബിൽ ഇസ്ലാം കൈവരിച്ച പുരോഗതിയെക്കുറിച്ചു വിവരിച്ചുകൊടുത്തു.


“അല്ലാഹുവിന്റെ റസൂലേ, ഈ വർഷം വലിയൊരു മുസ്ലിം സംഘം അങ്ങയെ

കാണാൻ വേണ്ടി വരുന്നുണ്ട്.” സന്തോഷകരമായ വാർത്ത...


മുസ്ലിംകളും മുശ്രിക്കുകളുമെല്ലാം ഒന്നിച്ചാണു യാത്ര. മുസ്ലിംകൾ പ്രവാചകനെ (ﷺ) കാണാൻ ഉദ്ദേശിക്കുന്ന വിവരം മുശ്രിക്കുകൾ അറിഞ്ഞില്ല. അറിഞ്ഞാൽ ആ വാർത്ത ഖുറയ്ശികളും അറിയും. പ്രശ്നമാകും.


എഴുപത്തിമൂന്നു പുരുഷന്മാർ. രണ്ടു  സ്ത്രീകൾ. ആകെ എഴുപത്തഞ്ചു പേർ. അവർ മക്കയിലെത്തി. ഭക്ഷണവും താമസവുമെല്ലാം മുശ്രിക്കുകളുടെ കൂടെത്തന്നെ...


ഹജ്ജു കഴിഞ്ഞു രണ്ടാം ദിവസം എഴുപത്തഞ്ചുപേർ അഖബയിൽ വച്ചു പ്രവാചകനെ കാണും. വളരെ രഹസ്യമായി. മുശ്രിക്കുകൾ നല്ല ഉറക്കത്തിലായശേഷം, മെല്ലെ ഇറങ്ങിവരണം. ഇരുട്ടിൽ സഞ്ചരിച്ച് അഖബയിലെത്തണം. ഖുറയ്ശികൾ അറിയാൻ ഇടവരരുത്...



Part : 56


ഞങ്ങൾ അഭയം തരാം 


യസ് രിബുകാർ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു നടന്നുവന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ അഖബയിലെത്തി. അൽപം കഴിഞ്ഞപ്പോൾ നബി ﷺ തങ്ങൾ എത്തി. കൂടെ പിതൃസഹോദരനായ അബ്ബാസ്. സംഭാഷണം തുടങ്ങിയതു പിതൃസഹോദരനാണ്... 


“ഞങ്ങൾക്കിടയിൽ മുഹമ്മദിന് (ﷺ) ഉന്നതമായ ഒരു സ്ഥാനമാണുള്ളത്. എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങൾ അവനെ സംരക്ഷിക്കുന്നു. ഞങ്ങളുടെ കഴിവിനനുസരിച്ച് ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ട്. നിങ്ങളോടൊപ്പം ചേരണമെന്നാണു മുഹമ്മദിന്റെ (ﷺ) ഇപ്പോഴത്തെ ആഗ്രഹം. നിങ്ങൾക്ക് അവനെ സംരക്ഷിക്കുവാൻ കഴിയുമോ..? കഴിയുമെങ്കിൽ മാത്രം അവനെ സ്വീകരിക്കുക. അവനെ കയ്യൊഴിയാനും ശത്രുക്കൾക്കു ഏൽപിച്ചു കൊടുക്കുവാനുമാണോ ഉദ്ദേശ്യം..? എങ്കിൽ അതിപ്പോൾത്തന്നെ പറയണം.”


അബ്ബാസിന്റെ വാക്കുകൾക്കു മറുപടി പറഞ്ഞത് ബറാഉ ബ്നു മഅ്മൂർ(റ) ആയിരുന്നു. യസ് രിബുകാരുടെ നേതാക്കളിൽ ഒരാൾ. ഒന്നാം അഖബ ഉടമ്പടിക്കുശേഷം ഇസ്ലാമിൽ വന്ന ആളാണ്...


അദ്ദേഹം പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഞങ്ങൾ വാക്കു പറഞ്ഞാൽ മാറുകയില്ല. കരാർ പൂർത്തീകരിക്കും. ഞങ്ങൾ ജീവൻ നൽകിയും പ്രവാചകനെ (ﷺ) സംരക്ഷിക്കും. അല്ലാഹുﷻവിന്റെ റസൂലേ, അങ്ങു വല്ലതും സംസാരിച്ചാലും...” 


നബിﷺതങ്ങൾ ഏതാനും ആയത്തുകൾ ഓതി. മുസ്ലിംകളുടെ മനസ്സിൽ ഈമാൻ വർധിച്ചു...


“ഏതെല്ലാം ആപത്തുകളിൽ നിന്ന് എങ്ങനെയെല്ലാം നിങ്ങൾ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുമോ അതു പോലെ എന്നെയും സംരക്ഷിക്കണം. അങ്ങനെയുള്ള സംരക്ഷണമാണു ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്...”


ബർറാഅ് എഴുന്നേറ്റു പ്രവാചകന്റെ കൈപിടിച്ചു. “അങ്ങ് ആവശ്യപ്പെട്ട കാര്യം ഞങ്ങളിതാ വാഗ്ദത്തം ചെയ്യുന്നു. അല്ലാഹുﷻവിന്റെ റസൂലേ... ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു.”


ബർറാഇനു ശേഷം മറ്റുള്ളവരും കൈപിടിച്ചു പ്രതിജ്ഞയെടുത്തു.

 നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: 


“നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പന്ത്രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ജനങ്ങളുടെ ഉത്തരവാദിത്തം ഈ പന്ത്രണ്ടു പേർക്കായിരിക്കും.”


ഖസ്റജ് ഗോത്രത്തിൽനിന്നു ഒമ്പതു പേരെയും ഔസ് ഗോത്രത്തിൽ നിന്നു മൂന്നു പേരെയും തിരഞ്ഞെടുത്തു. അവരെ തിരഞ്ഞെടുത്തശേഷം പ്രവാചകൻ ﷺ വീണ്ടും പറഞ്ഞു:


“നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. എന്റെ ജനതയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.”


പ്രവാചകൻ ﷺ ആവശ്യപ്പെട്ട എല്ലാ ഉറപ്പുകളും നൽകി. സംരക്ഷണം വാഗ്ദത്തം ചെയ്തു. പിരിയാൻ നേരം പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു. നിങ്ങൾ എന്നിൽ പെട്ടവരും.” - അവർക്ക് ആശ്വാസമായി. സന്തോഷമായി.


പാതിരാത്തണുപ്പിൽ രണ്ടാം അഖബാ ഉടമ്പടി നടന്നു. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം. 



എന്താണ് അഖബാ ഉടമ്പടികൾ 


((( ഒന്നാം അഖബാ ഉടമ്പടി


പ്രവാചകനും കൂട്ടരും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് രണ്ട് വര്‍ഷംമുമ്പ് മദീനയില്‍ നിന്ന് പന്ത്രണ്ട് ആളുകള്‍ നബി (സ)യുടെ സന്നിധിയിലെത്തി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. ഇസ് ലാം പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ തങ്ങളോടൊപ്പം അയച്ചുതരണമെന്ന് അവര്‍ തിരുമേനിയോട് അപേക്ഷിച്ചു. തിരുമേനി മിസ്അബ് ബ്‌നു ഉമൈറിനെ അവരോടൊപ്പം അയച്ചു കൊടുത്തു. അദ്ദേഹം മദീനയിലെ ഓരോ വീട്ടിലും ചെന്ന് ആളുകളെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും ഇസ് ലാമിനെ പ്രബോധനം ചെയ്യുകയും ചെയ്തു. അങ്ങനെ നിത്യേന ഒന്നോ രണ്ടോ ആളുകള്‍ ഇസ് ലാം ആശ്ലേഷിച്ചുപോന്നു. ക്രമേണ ഇസ് ലാം മദീനക്കു പുറത്തും പ്രചരിച്ചു തുടങ്ങി. ഔസ് ഗോത്രത്തലവനായ ഹ; സഅദ് ബ്‌നു മുആദും മിസ് അബിന്റെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ് ലാമാശ്ലേഷം വഴി ഔസ് ഗോത്രമൊന്നടങ്കം ഇസ് ലാമിലെത്തി. നുബുവത്തിന്റെ പതിനൊന്നാം വര്‍ഷമായിരുന്നു ഈ സംഭവങ്ങള്‍.


രണ്ടാം അഖബാ ഉടമ്പടി


അടുത്ത വര്‍ഷം ഹജ്ജ് കാലത്ത് 72 ആളുകള്‍ തങ്ങളുടെ കൂട്ടുകാരോടൊപ്പം രഹസ്യമായി അഖബയില്‍ വന്ന് നബി (സ) യുടെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളിലും ഇസ് ലാമിക പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. നബി (സ) അവരില്‍ നിന്ന് 12 ആളുകളെ തെരഞ്ഞെടുത്ത് അവരെ നഖീബുമാര്‍ ആയി നിശ്ചയിച്ചു. 9 പേര്‍ ഖസ് റജ് ഗോത്രത്തില്‍ നിന്നും 3 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും. നബി തിരുമേനി അവരില്‍ നിന്നു പ്രതിജ്ഞ വാങ്ങിയ കാര്യങ്ങള്‍ ഇവയായിരുന്നു.


1. ഏകനായ അല്ലാഹുവില്ലാതെ മറ്റൊരു ദൈവത്തിനും ഇബാദത്ത് ചെയ്യുകയില്ല.


2. കളവ് നടത്തുകയില്ല.


3. വ്യഭിചരിക്കുകയില്ല.


4. സന്താനഹത്യ നടത്തുകയില്ല.


5. ആരുടെ മേലും വ്യാജാരോപണം നടത്തുകയില്ല.


6. നബി തിരുമേനി കല്‍പ്പിക്കുന്ന നന്‍മയില്‍ നിന്ന് മുഖംതിരിക്കുകയില്ല.


പ്രതിജ്ഞക്ക് ശേഷം നബി തിരുമേനി പറഞ്ഞു. ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗത്തെ സംബന്ധിച്ച് സന്തോഷിച്ചുകൊള്ളുക. അല്ലാത്തപക്ഷം നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ കയ്യിലാണ്. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് മാപ്പ് തന്നേക്കാം. അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്‌തേക്കാം.’


പ്രതിജ്ഞ ചെയ്തു കൊണ്ടിരിക്കെ സഅദ്ബ്‌നു സറാറ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു. സഹോദരന്‍മാരേ എത്രമാത്രം ഗൗരവതരമായ ഒരു കാര്യത്തെ സംബന്ധിച്ചാണ് നിങ്ങള്‍ പ്രതിജ്ഞയെടുക്കുന്നതെന്ന് നന്നായി മനസ്സിലാക്കുക. ഇത് അറബികള്‍ക്കും അനറബികള്‍ക്കുമെതിരിലുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രതിജ്ഞയെടുത്തിരിക്കുന്നതെന്ന് അവരെല്ലാം പറഞ്ഞു. പ്രതിനിധി സംഘത്തില്‍ നിന്നു മറ്റു ചിലരും ഇത്തരം ആവേശകരമായ പ്രഭാഷണങ്ങള്‍ ചെയ്യുകയുണ്ടായി. നബി തിരുമേനി എപ്പോഴെങ്കിലും മദീനയിലേക്ക് വരികയാണെങ്കില്‍ മരണംവരെയും ഒപ്പം നില്‍ക്കുമെന്ന് ഈ നവമുസ്‌ലിംകള്‍ നബിയുമായി കരാര്‍ ചെയ്തതും ഈ സന്ദര്‍ഭത്തിലായിരുന്നു. ഹസ്രത്ത് ബറാഅഃ പറയുകയുണ്ടായി: ‘ഞങ്ങള്‍ വാളുകളുടെ മടിത്തട്ടില്‍ വളര്‍ന്നവരാണ്’ നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലായിരുന്നു ഈ സംഭവം. )))



മുസ്ലിംകൾ മെല്ലെനടന്നു. സ്വന്തം ക്യാമ്പിൽ വന്നുകയറി. മുശ്രിക്കുകൾ നല്ല ഉറക്കമാണ്. മുസ്ലിംകൾ കയറിക്കിടന്നു. ഉറക്കം തുടങ്ങി. പിന്നീട് അധിക ദിവസം അവർ മക്കയിൽ തങ്ങിയില്ല. വേഗം സ്ഥലംവിട്ടു.


നബി ﷺ തങ്ങൾ സ്വഹാബികൾക്കു മക്ക വിട്ടുപോകാൻ അനുവാദം നൽകി. ചെറിയ സംഘങ്ങളായിട്ടോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ നിർദേശിച്ചു. ഖുറയ്ശികളുടെ കണ്ണിൽ പെടരുത്. എങ്ങനെയോ വാർത്ത പുറത്തായി. ഖുറയ്ശികൾ രോഷം കൊണ്ടു. ഹിജ്റ പോവുകയായിരുന്ന ചിലരെ അവർ പിടികൂടി. മരത്തിലും തൂണിലും ബന്ധിച്ചു ചാട്ടവാർ കൊണ്ടടിച്ചു പരുക്കേൽപിച്ചു...



Part : 57


സമ്പാദ്യമെല്ലാം ഉപേക്ഷിച്ചാണു മുസ്ലിംകൾ പലായനം ചെയ്യുന്നത്. ഒട്ടകക്കൂട്ടങ്ങളില്ല, ആട്ടിൻപറ്റങ്ങളില്ല, മുന്തിരിത്തോപ്പുകളില്ല, ഈത്തപ്പനകളില്ല. എന്നിട്ടും യാത്ര മുടക്കുന്നു. എന്തൊരു ദ്രോഹം..! രക്ഷപ്പെട്ടവർ യസ് രിബിലെത്തി. 


മക്കയിലെ ഒരു ഹാളിന്റെ പേരാണ് ദാറുന്നദ് വ. ഖുറയ്ശികൾ അവിടെ യോഗം ചേർന്നു. മുസ്ലിംകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു ചർച്ച ചെയ്തു. അബുജഹ്ൽ പറഞ്ഞു: “അവനെ വധിക്കണം.”


“എങ്ങനെ..?”


“ഓരോ ഗോത്രത്തിൽനിന്നും ഓരോ യോദ്ധാവിനെ തിരഞ്ഞടുക്കുക. അവരെല്ലാവരും കൂടി മുഹമ്മദിനെ (ﷺ) വെട്ടിക്കൊല്ലുക. ഹാശിം കുടുംബത്തിന് എന്തു ചെയ്യാൻ കഴിയും..? കൊലപാതകത്തിന്റെ കുറ്റം എല്ലാ ഗോത്രങ്ങൾക്കും കൂടിയല്ലേ..? എല്ലാവരോടും യുദ്ധം ചെയ്യാനാകുമോ..?”


അതൊരു നല്ല നിർദേശമാണെന്ന് എല്ലാവർക്കും തോന്നി. ഓരോ ഗോത്രത്തിൽ നിന്നും ഓരോ യുവാവിനെ വീതം തിരഞ്ഞെടുത്തു. അവർ പ്രവാചകന്റെ വീടു വളയുക. പ്രഭാതത്തിൽ പുറത്തുവരുമ്പോൾ വെട്ടിക്കൊല്ലുക. ഇതാണു പരിപാടി...


അല്ലാഹു ﷻ അവരുടെ തന്ത്രത്തെക്കുറിച്ചു പ്രവാചകനു വിവരം നൽകി. ഹിജ്റ പോകാൻ അനുവാദവും നൽകി.


ആഇശ(റ) പറഞ്ഞ ഒരു കഥ ഇവിടെ ഓർമിക്കാം. ആഇശ(റ)യുടെ വീട്ടിൽ അവരും സഹോദരി അസ്മാഅ്(റ)യും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ നബി ﷺ കയറി വരുന്നു. അപ്രതീക്ഷിതമായിരുന്നു ആഗമനം.


“എനിക്കു ഹിജ്റ പോകാൻ അല്ലാഹു ﷻ അനുമതി തന്നിരിക്കുന്നു. ബാപ്പയെ വിവരം അറിയിക്കണം. ഞങ്ങളൊന്നിച്ചാണു പോകുന്നത്.” - നബി ﷺ പറഞ്ഞു.


പിതാവിനു വലിയൊരു ബഹുമതി കിട്ടിയതിൽ സന്തോഷം. ആഇശ(റ) പറയുന്നു: “ബാപ്പയോട് ഇക്കാര്യം പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു

കരഞ്ഞുപോയി. സന്തോഷംകൊണ്ട് ഒരാൾ കരയുന്നത് അതിനു മുമ്പു ഞാൻ കണ്ടിട്ടില്ല...”


അബൂബക്കർ (റ) യാത്രയ്ക്ക് രണ്ട് ഒട്ടകങ്ങളെ ഒരുക്കി. ആഹാരം തയ്യാറാക്കാൻ മക്കളോടു പറഞ്ഞു...


നബിﷺതങ്ങൾ അലി(റ)വിനോട് ഇങ്ങനെ പറഞ്ഞു: “മക്കക്കാർ പല സാധനങ്ങളും സൂക്ഷിക്കാൻ എന്നെ ഏൽപിച്ചിട്ടുണ്ട്. അതൊക്കെ നീ മടക്കിക്കൊടുക്കണം. എല്ലാം മടക്കിക്കൊടുത്ത ശേഷമേ നീ മക്ക വിടാൻ പാടുള്ളൂ...”


“ഞാൻ പലായനം ചെയ്യുന്ന രാത്രിയിൽ നീ എന്റെ വിരിപ്പിൽ ഉറങ്ങണം...”


വളരെയേറെ ഉൽക്കണ്ഠ നിറഞ്ഞ രാത്രിയായിരുന്നു അത്. അലി(റ) ശത്രുക്കളുടെ വാളിനു മുമ്പിൽ കിടന്നുകൊടുക്കുകയാണു ചെയ്യുന്നത്. വിരിപ്പിലിട്ടു വെട്ടിക്കൊല്ലാൻ ശ്രമിച്ചാൽ...!! അലി(റ)വിന്റെ മരണം ഉറപ്പ്...


താൻ വധിക്കപ്പെട്ടാലും നബിﷺതങ്ങൾ രക്ഷപ്പെടുമല്ലോ. അതോർത്തപ്പോൾ അലി(റ)വിനു സന്തോഷം...


അങ്ങനെ അലി(റ) റസൂലുല്ലാഹിﷺയുടെ വിരിപ്പിൽ കിടന്നു. നബിﷺതങ്ങൾ ഉപയോഗിക്കുന്ന പുതപ്പു പുതച്ചു. രാത്രിയായി. ശത്രുക്കൾ വീടുവളഞ്ഞു. ഊരിപ്പിടിച്ച വാളുമായി അവർ കാത്തുനിന്നു...


അർദ്ധരാത്രിയിൽ നബി ﷺ പുറത്തിറങ്ങി. ഒരുപിടി മണ്ണുവാരി ശത്രുക്കളെ എറിഞ്ഞു. അവർക്കൊന്നും കാണാൻ കഴിഞ്ഞില്ല. നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കു നടന്നു. അവിടെ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. പ്രഭാതമായി. ശത്രുക്കൾ തയ്യാറായി നിന്നു...


വീട്ടിനകത്തേക്കു പാളിനോക്കി. ഒരാൾ മൂടിപ്പുതച്ചുറങ്ങുന്നുണ്ട്. വളരെനേരം കാത്തിരുന്നു. അവർക്കു സംശയമായി. വിരിപ്പിൽ കിടന്നുറങ്ങുന്നത് അലിയാണെന്നു മനസ്സിലായി. അവർക്കുണ്ടായ നിരാശക്ക് ഒരളവുമില്ലായിരുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു...


മുഹമ്മദ് (ﷺ) തങ്ങളുടെ കരങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. എത്ര നിരാശാജനകം..!!



Part : 58


ജന്മനാടിനോടു വിട 


അബൂബക്കർ(റ) നബി ﷺ തങ്ങളുമായി സംഭാഷണം നടത്തി. “എനിക്കു ഹിജ്റ പോകുവാനുള്ള അനുമതിയുമായി ജിബ്രീൽ(അ) വന്നിരുന്നു.”


“ഈയുള്ളവനും കൂടെ വരാൻ അനുവാദമുണ്ടോ..?” - അബൂബക്കർ(റ) ചോദിച്ചു.


“ഉണ്ട്, നമുക്കു രണ്ടു വാഹനങ്ങൾ വേണം. ഒന്നെനിക്കും, ഒന്നു നിങ്ങൾക്കും.”


“ഇതാ ഈ നിൽക്കുന്ന രണ്ട് ഒട്ടകങ്ങളിൽ ഒന്നു തങ്ങൾക്കുള്ളതാണ്. ഇഷ്ടമുള്ളത് എടുക്കാം.”


“അങ്ങനെ പറ്റില്ല. ഞാൻ യാത്ര ചെയ്യുന്ന ഒട്ടകത്തിന്റെ വില ഞാൻ തരും. എതിരൊന്നും പറയരുത്.” സമ്മതിക്കേണ്ടതായി വന്നു.


ആ രാത്രിയിൽ അബൂബക്കർ(റ)വിന്റെ വീട്ടുകാർ കാത്തിരിക്കുകയായിരുന്നു. അവരാരും ഉറങ്ങിയില്ല. രാത്രിയിൽ ഏതുനേരത്താണു നബി ﷺ വരികയെന്നറിയില്ലല്ലോ.


അസ്മാഅ് (റ) രണ്ടു തോൽപാത്രത്തിൽ ആഹാരവും വെള്ളവും നിറച്ചു. അതു മൂടിക്കെട്ടി ഭദ്രമാക്കി. സാധനങ്ങൾ ഒട്ടകപ്പുറത്തു വച്ചു. തിരുനബി ﷺ ശാന്തനായി പ്രവേശിച്ചു. വീട്ടുകാർ ഉൽക്കണ്ഠയോടെ നോക്കിനിന്നു. ഒട്ടകങ്ങൾ ഇരുട്ടിലൂടെ നീങ്ങിപ്പോയി...


നുബുവ്വത്തിന്റെ പതിമൂന്നാം വർഷം റബീഉൽ അവ്വൽ ഒന്നിനായിരുന്നു ഈ യാത്ര. സൗർ മലയെ ലക്ഷ്യമാക്കി അവർ യാത്ര ചെയ്തു.


രാത്രിതന്നെ മലയുടെ സമീപമെത്തി. ഒട്ടകക്കാരൻ രംഗത്തു വന്നു. അയാൾ ഒട്ടകങ്ങളെ എങ്ങോ കൊണ്ടുപോയി.


വലിയൊരു ഗുഹ. സ്വിദ്ദീഖ്(റ) ഗുഹയിൽ പ്രവേശിച്ചു. അവിടെയെല്ലാം വൃത്തിയാക്കി. ഗുഹയുടെ ചുമരിൽ ധാരാളം ദ്വാരങ്ങൾ കാണാനുണ്ട്. സ്വിദ്ദീഖ്(റ) തന്റെ കൈവശമുള്ള വസ്ത്രം കീറി ദ്വാരങ്ങളെല്ലാം അടച്ചു. 


നബിﷺതങ്ങൾ ഗുഹയിൽ പ്രവേശിച്ചു. സ്വിദ്ദീഖ്(റ)വിന്റെ മടിയിൽ തലവച്ചു കിടന്നു. അൽപം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി...


അപ്പോഴാണ് ഒരു മാളം ശ്രദ്ധയിൽ പെട്ടത്. അതു തുണി കൊണ്ട് അടച്ചിരുന്നില്ല. സ്വിദ്ദീഖ്(റ) തന്റെ കാലിന്റെ പെരുവിരൽകൊണ്ട് അതടച്ചുപിടിച്ചു. അതിനകത്ത് ഒരു പാമ്പുണ്ടായിരുന്നു...


അതു പെരുവിരലിൽ കൊത്തി. വല്ലാത്ത വേദന. അറിയാതെ കരഞ്ഞുപോയി. കണ്ണുനീർത്തുള്ളികൾ ഒഴുകി. അതു നബിﷺയുടെ മുഖത്തു വീണു. നബി ﷺ ഞെട്ടിയുണർന്നു.


“അബൂബക്കർ, എന്താ കരയുന്നത്..?”


“പാമ്പ്, അതെന്നെ കൊത്തി.”


നബി ﷺ പാമ്പു കൊത്തിയ മുറിവു പരിശോധിച്ചു. നബിﷺതങ്ങൾ തന്റെ തുപ്പുനീര് അവിടെ പുരട്ടി. വിഷമിറങ്ങി. ഒരു പകൽ കടന്നുപോയി...


സ്വിദ്ദീഖ്(റ)വിന്റെ പുത്രൻ അബ്ദുല്ല വൈകുന്നേരം ഗുഹയിലെത്തി.


“മോനേ, എന്തൊക്കെയാണു മക്കയിലെ വർത്തമാനങ്ങൾ..?”


അബ്ദുല്ല സംഭവങ്ങൾ വിവരിച്ചു. റസൂലുല്ലാഹിﷺയെ വധിക്കാൻ വേണ്ടി കാത്തിരുന്നവർ അകത്തു കടന്നു പിടികൂടിയപ്പോൾ ആളു മാറിയിരിക്കുന്നു.


എവിടെ മുഹമ്മദ്..? അവർ വർധിച്ച കോപത്തോടെ ചോദിച്ചു. അലി(റ) കൈ മലർത്തി. എവിടെയെന്നറിയില്ല.


അവർ കോപത്തോടെ പിടിച്ചുവലിച്ചു. ഉന്തും തള്ളുമായി. കഅ്ബാ ശരീഫിന്റെ അടുത്തേക്കു വലിച്ചുകൊണ്ടുപോയി. അവിടെ കെട്ടിയിട്ടു. കുറെനേരം ചോദ്യം ചെയ്തു. പിന്നെ അഴിച്ചുവിട്ടു.


അബ്ദുല്ല ഓരോ ദിവസവും സന്ധ്യക്കു ഗുഹയിൽ വന്നു വിവരങ്ങൾ കൈമാറി. ഖുറയ്ശികൾ നേരെ അബൂബക്കർ(റ)വിന്റെ വീട്ടിലേക്കോടി. പെണ്ണുങ്ങളും കുട്ടികളും മാത്രമേയുള്ളൂ... 


“എവിടെ അബുബക്കർ..?” ശ്രതുക്കളുടെ ഗർജനം.


അവർ പേടിച്ചു വിറച്ചു. ഭീഷണിപ്പെടുത്തി. ഒരു തുമ്പും കിട്ടിയില്ല. നാനാഭാഗത്തേക്കും ആളുകൾ ഓടിക്കൊണ്ടിരുന്നു.


ചിലർ ഓടിയോടി സൗർ മലയിലെത്തി. പല പൊത്തുകളിലും ഗുഹകളിലും അവർ കയറിനോക്കി.


സ്വിദ്ദീഖ് (റ) അവരെ കണ്ടു.


“അല്ലാഹുവിന്റെ റസൂലേ..! അതാ ശത്രുക്കൾ. അവർ ഇങ്ങോട്ടു തന്നെ വരുന്നു. നമ്മെ കണ്ടാലുള്ള അവസ്ഥ..!”


“സമാധാനിക്കൂ..! നാം രണ്ടുപേർ മാത്രമല്ല ഇവിടെയുള്ളത്. നമ്മോടൊപ്പം മൂന്നാമതൊരാൾ കൂടിയുണ്ട്, അല്ലാഹുﷻ.” - റസൂലിന്റെ (ﷺ) സാന്ത്വനം.


ഇസ്ലാമിന്റെ ബദ്ധശത്രുവായ ഉമയ്യത്ത് ബ്നു ഖലഫ് ഇപ്പോൾ സൗർ ഗുഹയുടെ മുമ്പിൽ നിൽക്കുന്നു.


“നമുക്ക് ഈ ഗുഹയിൽ ഒന്നു കയറിനോക്കാം.” ചിലർ അഭിപ്രായപ്പെട്ടു.


ഉമയ്യത്ത് ഗുഹയിലേക്കു സൂക്ഷിച്ചുനോക്കി. ഗുഹാമുഖത്ത് ഒരു ചിലന്തി വല കെട്ടിക്കൊണ്ടിരിക്കുന്നു. രണ്ടു പ്രാവുകൾ മുട്ടയിട്ടു കാവലിരിക്കുന്നു. ഉമയ്യത്ത് ഇങ്ങനെ വിളിച്ചുപറഞ്ഞു: “മുഹമ്മദിനെ (ﷺ) പ്രസവിക്കുന്നതിനു മുമ്പുള്ള ചിലന്തിവല

യാണിത്.” - അവർ മുമ്പോട്ടു നടന്നുപോയി...


അന്നു മുഴുവൻ നടന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല ഒടുവിൽ അവർ പ്രഖ്യാപിച്ചു. “മുഹമ്മദിനെ (ﷺ) ജീവനോടെയോ അല്ലാതെയോ പിടിച്ചു തരുന്നവർക്കു നൂറ് ഒട്ടകം ഇനാം..!”


ആളുകൾ നെട്ടോട്ടം തുടങ്ങി. എങ്ങനെയും മുഹമ്മദിനെ (ﷺ) പിടിക്കണം. നൂറ് ഒട്ടകം കരസ്ഥമാക്കണം...



Part : 59


നാടാകെ തിരച്ചിൽ. അരിച്ചുപെറുക്കി പരിശോധന. എല്ലാവരും പരാജയപ്പെട്ടു. നബിﷺയും കൂട്ടുകാരനും മൂന്നു ദിവസം ഗുഹയിൽതന്നെ കഴിച്ചുകൂട്ടി.


നാലാം ദിവസം സ്വിദ്ദീഖ്(റ)വിന്റെ ഭൃത്യനായ ആമിർ ബ്നു ഫുഹയ്റത്ത്(റ) ഗുഹയിലെത്തി. രാത്രി കാലങ്ങളിൽ അദ്ദേഹം വരികയും പാലും ഭക്ഷണവും നൽകുകയും ചെയ്തിരുന്നു.


സ്വിദ്ദീഖ്(റ) അദ്ദേഹത്തോടു പറഞ്ഞു: “ഇന്നു യാത്ര തുടങ്ങാമെന്നാണു കരുതുന്നത്. ഒട്ടകക്കാരനെ കൊണ്ടുവരണം. ആരും കാണരുത്. വളരെ സൂക്ഷിക്കണം.”


അബ്ദില്ലാഹിബ്നു ഉറയ്ഖത്ത്(റ) ആണ് ഒട്ടകക്കാരൻ ആമിർ ബ്നു ഫുഹയ്റത്ത് (റ) അദ്ദേഹത്തെ സമീപിച്ചു. “ഇന്നു യാത്രയാണ്. ഒട്ടകങ്ങളെ കൊണ്ടുവരണം.”


അവർ ഗുഹയിൽ നിന്നു പുറത്തിറങ്ങി. ഒട്ടകപ്പുറത്തു കയറി. സാധാരണ വഴിമാറിയാണു യാത്രചെയ്തത്. അസ്ഫാനി കടൽത്തീരം വഴി. ഖുദയദ് എന്ന സ്ഥലത്തെത്തി. ആഹാരവും വെള്ളവും തീർന്നു. വിശപ്പും ദാഹവുമുണ്ട്. എവിടെനിന്നു കിട്ടും..?


അൽപം പാൽ കിട്ടിയാൽ മതിയായിരുന്നു. ഒരു പാവപ്പെട്ട കുടുംബം അവിടെ താമസിക്കുന്നു. വീടും പരിസരവും കണ്ടാലറിയാം അവരുടെ അവസ്ഥ. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഴിയുന്നവർ.


ഒരു പാവപ്പെട്ട സ്ത്രീ വിടിനു മുമ്പിൽ നിൽക്കുന്നു. പേര് ഉമ്മു മഅ്ബദ്. യാത്രക്കാർ ആ സ്ത്രീയോടു ചോദിച്ചു: “വിശപ്പും ദാഹവുമുണ്ട്. ഞങ്ങൾ യാത്രക്കാരാണ്. പാലോ മാംസമോ വല്ലതുമുണ്ടെങ്കിൽ തരണം.”


അവർ സങ്കടത്തോടെ മറുപടി പറഞ്ഞു:  “ഇവിടെ ഒന്നും തരാനില്ലല്ലോ...”


ഒരു പഴയ തമ്പിലാണു താമസം. തമ്പിനടുത്ത് ഒരാടിനെ കെട്ടിയിരിക്കുന്നു. മെലിഞ്ഞൊട്ടിയ ഒരാട്.


“ആ ആടിനെ കറക്കാൻ സമ്മതിക്കുമോ..?”


സ്ത്രീയുടെ ചുണ്ടിൽ ചിരിവിടർന്നു. “അതിനെ കറന്നിട്ട് എന്തു കിട്ടാനാണ്..?” - അവർ പറഞ്ഞു.


“ഒരു പാത്രം തരൂ, കറന്നുനോക്കട്ടെ...”


“അതൊരു വയസ്സായ ആടാണ്. പാലില്ല...”


നിർബന്ധിച്ചപ്പോൾ ആ സ്ത്രീ ഒരു വലിയ പാത്രം കൊടുത്തു. നബിﷺതങ്ങൾ ബിസ്മി ചൊല്ലി പാൽ കറന്നു. ധാരാളം പാൽ..! സ്ത്രീക്ക് അതിശയം അടക്കാനായില്ല..!!


ഇത് സാധാരണ മനുഷ്യനല്ല. അല്ലാഹുﷻവിന്റെ അനുഗ്രഹം ലഭിച്ച ആളാണ്. പാത്രം നിറയെ പാൽ. എല്ലാവരും വയറു നിറയെ കുടിച്ചു. വിശപ്പും ദാഹവും പോയി. എന്നിട്ടും പാൽ ബാക്കിയാണ്...


പാൽപാത്രം ഉമ്മു മഅ്ബദിന്റെ കയ്യിൽ കൊടുത്തു. അവരുടെ ഭർത്താവ് അബൂമഅ്ബദ് - അവർ പ്രവാചകന്റെ (ﷺ) മുഅ്ജിസത്ത് നേരിൽ കണ്ടു. ഇസ്ലാം ദീനിനെ അവർ അടുത്തറിഞ്ഞു. ദിവസങ്ങളോളം അവരുടെ ചിന്ത അതുതന്നെയായിരുന്നു. പിന്നീട് ആ കുടുംബം ഇസ്ലാംമതം സ്വീകരിച്ചു...


വീണ്ടും യാത്ര തുടർന്നു. പിന്നിൽനിന്നു കുതിരയുടെ കുളമ്പടി ശബ്ദം. സ്വിദ്ദീഖ്(റ) തിരിഞ്ഞുനോക്കി. സുറാഖത് ബ്നു മാലിക് അതാ വരുന്നു..! - ശ്രതു..!!


ഖുറയ്ശികൾ പ്രഖ്യാപിച്ച് നൂറ് ഒട്ടകത്തിന്റെ സമ്മാനം നേടാൻ വരികയാണ്. സ്വിദ്ദീഖ്(റ) പേടിച്ചുപോയി.


“അല്ലാഹുവിന്റെ റസൂലേ... അങ്ങേക്കു വല്ലതും സംഭവിച്ചാൽ..! ജീവനില്ലാത്ത ശരീരത്തിനും ഇനാം ഉണ്ട്...''


“അല്ലാഹുവേ... ഇവന്റെ ആപത്തിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കേണമേ..!”


സുറാഖത്തിന്റെ കുതിരയുടെ കാലുകൾ ഭൂമിയിൽ താഴ്ന്നു പോയി. അവനു മുമ്പോട്ടു നീങ്ങാൻ കഴിയുന്നില്ല. മുഹമ്മദിനെ വിളിച്ചു കരയുകയല്ലാതെ മറ്റൊരു രക്ഷയുമില്ലെന്നു സുറാഖത്തിന്റെ മനസ്സു മന്ത്രിച്ചു. ഉടനെ സുറാഖത്ത് വിളിച്ചു പറഞ്ഞു:


“എന്നെ രക്ഷിക്കണേ..! ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല. എന്റെ പിന്നാലെ വരുന്നവരെക്കൂടി ഞാൻ പിന്തിരിപ്പിച്ചുകൊള്ളാം.”


നബിﷺയുടെ മനസ്സലിഞ്ഞു. അവിടുന്ന് (ﷺ) ദുആ ചെയ്തു. സുറാഖത്ത് രക്ഷപ്പെട്ടു. ഹുനയ്ൻ യുദ്ധം വരെ സുറാഖത്ത് അവിശ്വാസിയായിത്തന്നെ കഴിഞ്ഞുകൂടി. ഹുനയ്ൻ യുദ്ധത്തിനുശേഷം ഇസ്ലാംമതം സ്വീകരിച്ചു. നബിﷺതങ്ങളും സ്വിദ്ദീഖ്(റ)വും മുന്നോട്ടു നീങ്ങി...



Part : 60


ഒരു ഘോഷയാത്ര 


ഖുറയ്ശികളുടെ അധികാരപരിധിയിൽനിന്നും പുറത്തുകടന്നിരിക്കുന്നു. ഇനി അവരെ ഭയപ്പെടേണ്ടതില്ല സ്വിദ്ദീഖ്(റ)വിന്റെ മനസ്സിൽ സന്തോഷം. തങ്ങൾ ഖുബാഅ് പ്രദേശത്ത് എത്തുകയാണ്. ധാരാളം

മുസ്ലിംകൾ ഖുബാഇലുണ്ട്. നബി ﷺ തങ്ങളെയും കൂടെയുള്ളവരെയും സ്വീകരിക്കാൻ അവർ തയ്യാറെടുത്തു കാത്തുനിൽക്കുകയാണ്.


പ്രവാചകൻ ﷺ മക്കവിട്ടു എന്ന വാർത്ത യസ് രിബിൽ എത്തിയിരുന്നു.

ഏതു ദിവസവും എത്തിച്ചേരാം. ആ വരവു കാണാൻ വേണ്ടി അവർ കാത്തിരിക്കുകയാണ്...


എല്ലാ ദിവസവും രാവിലെ മക്കയിൽനിന്നുള്ള പാതയുടെ സമീപം അവർ വന്നുനിൽക്കും. ഉയർന്ന കുന്നിൻമുകളിൽ. നാഴികകൾക്കപ്പുറത്തേക്കു കാണാം. നീണ്ട മണൽപ്പരപ്പാണ്. 


വെയിൽ അസഹ്യമാകുന്നതുവരെ കാത്തിരിക്കും. പിന്നെ മടങ്ങിപ്പോകും. മദീനയിലെ ജൂതന്മാരും മുശ്രിക്കുകളുമെല്ലാം ഇതു കാണുന്നു. എല്ലാവരുടെയും സംസാരവിഷയം അതുതന്നെ.


ഒരു ദിവസം ഇതുപോലെ കാത്തിരുന്നു. മദീനയുടെ പുറത്തു വന്നു കുന്നിൻമുകളിൽ കാത്തുനിന്നു. ഏറെ നേരം കഴിഞ്ഞു നിരാശരായി മടങ്ങി. പിന്നെയും സമയം നീങ്ങി. 


ഒരു ജൂതൻ തന്റെ ഇരുനിലമാളികയുടെ മുകളിൽ കയറി. എന്തോ ആവശ്യത്തിനുവേണ്ടി കയറിയതാണ്. വെറുതെ അകലേക്കു നോക്കി. എന്തോ ഒരു വെളുപ്പു കാണുന്നു. വെള്ള വസ്ത്രം പോലെ. ഏതാനും ഒട്ടകങ്ങൾ. വെള്ള വസ്ത്രധാരികൾ. മുസ്ലിംകൾ കാത്തിരിക്കുന്ന ആൾ തന്നെയായിരിക്കും.


“മുസ്ലിംകളേ, നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ വരുന്നുണ്ട്.” ജൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു... 


പലരും അതു കേട്ടു. കേട്ടവർ പുറത്തേക്കോടി. ഉയരമുള്ള സ്ഥലങ്ങളിലൊക്കെ കയറി നിന്നുനോക്കി. ശരിതന്നെ, ആരോ വരുന്നുണ്ട്. പലരും മുന്നോട്ടു കുതിച്ചു. റബീഉൽ അവ്വൽ മാസം പന്ത്രണ്ട് തിങ്കളാഴ്ച നബിﷺതങ്ങൾ ഖുബാഇൽ എത്തിച്ചേർന്നു. 


ബനീ അംറുബ്നു ഔഫ് ഗോത്രം - അവർ പ്രവാചകനെ (ﷺ) സ്വീകരിക്കാനെത്തി. ആ ഗോത്രത്തിന്റെ നേതാവാണ് കുൽസൂം ബ്നു ഹദ്മ്. അങ്ങ് എന്റെ അതിഥിയായി താമസിക്കണം - ഗോത്രത്തലവന്റെ അപേക്ഷ. ആ അപേക്ഷ സ്വീകരിക്കപ്പെട്ടു. 


ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ആദ്യത്തെ ആതിഥ്യം നൽകാനുള്ള ഭാഗ്യം കുൽസൂമിനു ലഭിച്ചു. പ്രവാചകൻ ﷺ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ചെറിയ വിശ്രമം. ഗോത്രത്തലവന്മാരിൽ മറ്റൊരാളായ ഖാരിജത്ത് ബ്നു സയ്ദ് പ്രവാചകനോടൊപ്പം വന്ന സ്വിദ്ദീഖ്(റ)വിനോടു പറഞ്ഞു.


“അങ്ങ് എന്റെ അതിഥിയായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.” ആ ക്ഷണം സ്വീകരിക്കപ്പെട്ടു. ഖുബായിൽ ആഹ്ലാദം അലയടിക്കുന്നു...


ഇസ്ലാംമതം സ്വീകരിച്ചവരും അല്ലാത്തവരുമൊക്കെ ഖുബായിലേക്കു വന്നുകൊണ്ടിരിക്കുന്നു. പ്രവാചകനെ (ﷺ) ഒരു നോക്കു കാണണം. ആ മുഖമൊന്നു കാണണം. കുൽസൂം ബ്നു ഹദമിന്റെ വീട്ടിലേക്കു ജനപ്രവാഹം. മക്കയിൽ നിന്നു ഹിജ്റ വന്ന മുസ്ലിംകളും ഓടിവരുന്നുണ്ട്...


പ്രവാചകൻ ﷺ ഒരാപത്തും കൂടാതെ ഇങ്ങത്തിയല്ലോ..? ഖുറയ്ശികളുടെ കഠിന മർദനത്തിനിരയായ പലരും അക്കൂട്ടത്തിലുണ്ട്. പ്രവാചകൻ ﷺ അവരെ ഉപദേശിച്ചു. വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു. ശ്രോതാക്കളുടെ മനസ്സ് ആനന്ദം കൊണ്ടു...


“ഇവിടെ ഒരു പള്ളി സ്ഥാപിക്കണം.”


പ്രവാചകൻ ﷺ നിർദേശിച്ചു. അനുയായികൾ സ്വീകരിച്ചു. മുസ്ലിംകൾ താമസിക്കുന്ന സ്ഥലത്തു പള്ളി വേണം. പ്രവാചകനും (ﷺ) അനുയായികളും രംഗത്തിറങ്ങി. അവർ തന്നെയാണു തൊഴിലാളികൾ. അവർ കല്ലു ചുമന്നു. മണ്ണു ചുമന്നു. വെള്ളം ചുമന്നു. ചെറിയൊരു പള്ളിയുടെ അസ്ഥിവാരം...


ഇന്നത്തെ രീതിയിലുള്ള പള്ളിയൊന്നും സങ്കൽപിക്കരുത്. നാലു ചുമരുകൾ. അത്രയും സങ്കൽപിച്ചാൽ മതി. അവിടെ എല്ലാവരും ഒരുമിച്ചുകൂടി. നിർഭയരായി നിസ്കരിച്ചു...


എന്തൊരാശ്വാസം. മക്കയിൽ വച്ചു നിസ്കരിച്ചുകൊണ്ടിരുന്ന എത്ര പേരാണു മർദിക്കപ്പെട്ടത്. കിരാതമായ മർദനം. അൽഹംദുലില്ലാഹ്... അല്ലാഹുﷻവിനു സ്തുതി... മഹാനായ പ്രവാചകനോടൊപ്പം നിർഭയരായി നിസ്കാരം നിർവഹിക്കാൻ കഴിഞ്ഞല്ലോ...


വെള്ളിയാഴ്ചവരെ ഖുബായിൽ താമസിച്ചു. വെള്ളിയാഴ്ച യസ് രിബിലേക്കു പുറപ്പെടുകയാണ്. വെള്ളിയാഴ്ച രാവിലെ ഖുബായിൽനിന്നുതന്നെ പുറപ്പെടുന്നു എന്ന വിവരം എല്ലാ ദിക്കിലും അറിഞ്ഞു. പ്രവാചകന് (ﷺ) അകമ്പടി സേവിക്കാൻ ആളുകൾ ഒഴുകിയെത്തി...



Part : 61


വമ്പിച്ച ഘോഷയാത്ര. അനേകം സത്യവിശ്വാസികൾ. ധാരാളം കാഴ്ചക്കാർ. ഖുബായിൽ നിന്നുള്ള ആ ഘോഷയാത്ര കാണേണ്ട കാഴ്ച തന്നെ. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും അടിമകളുമെല്ലാം വഴിനീളെ അണിനിരന്നു...

അന്നുവരെ കാണാത്ത കാഴ്ച. കോരിത്തരിപ്പിക്കുന്ന കാഴ്ച. എല്ലാവരും കൂടെ നടക്കുകയാണ്.


കാഴ്ചക്കാരും നടക്കുന്നു. എന്താണവർ വിളിച്ചു പറയുന്നത്..?

അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... കറുത്തിരുണ്ട മലനിരകളിൽ അതു പ്രതിധ്വനിക്കുന്നു. മണൽതരികൾപോലും കോരിത്തരിച്ചു...


അകലെ, ഈത്തപ്പനത്തോട്ടങ്ങളിൽ പണിയെടുക്കുന്ന അടിമകൾ അപൂർവമായ ആ കാഴ്ച കാണുന്നു. ആ ശബ്ദം കേൾക്കുന്നു. അടിമകളുടെ കണ്ണുകളിൽ വിസ്മയം. അടിമകളുടെ വിമോചകൻ എത്തിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ പടത്തലവൻ സമാഗതനായിരിക്കുന്നു. അല്ലാഹു അക്ബർ...


അടിമകൾ പണിയായുധങ്ങൾ വലിച്ചെറിഞ്ഞു ഘോഷയാത കാണാൻ മലമ്പാതയിലൂടെ ഓടുന്നു. അർധനഗ്നരായ അടിമക്കൂട്ടങ്ങളുടെ മഹാപ്രവാഹം. തീ പറക്കുന്ന മരുഭൂമിയിൽ വിയർപുചിന്തുന്നവർ പരിസരം മറന്നു തക്ബീർ മുഴക്കുന്നു...


സാലിം ബ്നു ഔഫ് ഗോത്രം. ആ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തിന്റെ പേര് സനൗനാഅ് എന്നാണ്. നബിﷺതങ്ങളും പരിവാരങ്ങളും ആ പ്രദേശത്തേക്കാണു വരുന്നത്.


സാലിം ഗോത്രക്കാർ പുതുവസ്ത്രങ്ങളിഞ്ഞു. സുഗന്ധദ്രവ്യങ്ങൾ പൂശി. കൊച്ചുകുട്ടികൾ ആഹ്ലാദംകൊണ്ടു തുള്ളിച്ചാടി. യസ് രിബിലേക്കുള്ള പാത ജനനിബിഢമാണ്...


ഗോത്രനേതാക്കന്മാരുടെ ഭാര്യമാരും പുത്രിമാരും ഇരുനില മാളികയുടെ മുകൾത്തട്ടിൽ കൂട്ടംകൂടി നിന്നു. സാധാരണ സ്ത്രീകൾ ഉടുത്തൊരുങ്ങി വഴിയോരങ്ങളിൽ ഭവ്യതയോടെ കാത്തുനിന്നു. എല്ലാ നയനങ്ങളിലും നിറഞ്ഞ വിസ്മയം. ആ പ്രദേശം മഹത്തായൊരു ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിക്കാൻ പോകുകയാണ്... 


ലോകാനുഗ്രഹിയായ പ്രവാചകനും (ﷺ) പരിവാരവും സാലിം ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തെത്തി. ഗോത്രനായകന്മാർ ഒത്തൊരുമിച്ചു സ്വീകരിച്ചു...


മനുഷ്യകുലത്തിന്റെ പ്രവാചകനെ (ﷺ) ഒരു നോക്കു കാണാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടി. എല്ലാവരും വുളൂഅ് എടുത്തു. മദ്ധ്യാഹ്നനേരം. ഖുതുബ തുടങ്ങി. ജനങ്ങൾ അച്ചടക്കത്തോടെ ഖുതുബ കേട്ടു.

പിന്നെ ജുമുഅ നിസ്കാരം...


ആദ്യത്തെ ജുമുഅയും ഖുതുബയും. പ്രവാചകൻ ﷺ കൈകളുയർത്തി ദുആ ഇരന്നു. സത്യവിശ്വാസികൾ ഖൽബു തുറന്ന് ആമീൻ പറഞ്ഞു കൊണ്ടിരുന്നു. ചരിത്രം തങ്കലിപികളിൽ രേഖപ്പെടുത്തിയ സുദിനം...


എല്ലാം ഉപേക്ഷിച്ചു മക്കയിൽ നിന്നു ഹിജ്റ പോയവർ ആശ്വാസംകൊണ്ട സുദിനം. ആ വെള്ളിയാഴ്ചയുടെ ഓർമ തലമുറകൾ അയവിറക്കുന്നു...


ആ വെള്ളിയാഴ്ചയുടെ കഥ കേട്ടു നൂറ്റാണ്ടുകൾ കോരിത്തരിച്ചു. സാലിം ഗോത്രക്കാർ നിസ്കാരം നിർവഹിക്കാൻ വേണ്ടി ഒരു പ്രത്യേക സ്ഥലം ഒരുക്കിയിരുന്നു. അവിടെയാണു ജുമുഅ നടന്നത്.

ജുമുഅക്കു ശേഷം ഭക്ഷണം. ഉള്ളത് എല്ലാവരുംകൂടി പങ്കിട്ടു കഴിച്ചു.


ഇനി യാത്ര. യസ് രിബ് പട്ടണത്തിലേക്കു പ്രവേശിക്കുകയാണ്. ഘോഷയാത്രയുടെ വലിപ്പം വർധിച്ചു...


യസ് രിബ് പട്ടണം ഒന്നാകെ കോരിത്തരിച്ചു നിൽക്കുന്നു. ഒരു പട്ടണത്തിന്റെ പേരുതന്നെ മാറുകയാണ്. മദീനത്തുന്നബി. നബിﷺയുടെ പട്ടണം...


മദീനയിലേക്കു പ്രവേശിക്കുക. ജൂതന്മാരുടെ സംഘങ്ങൾ ആ അപൂർവദൃശ്യം കാണാൻ തിക്കിത്തിരക്കിവന്നു. ക്രൈസ്തവർ, മജൂസികൾ, മുശ്രിക്കുകൾ, ബിംബാരാധകർ, ഒന്നിലും വിശ്വാസമില്ലാത്തവർ. എല്ലാവരും കാഴ്ചക്കാരായി വന്നുനിൽക്കുന്നു...


ഇരുനില വീടുകളുടെ മുകൾത്തട്ടിൽ പെണ്ണുങ്ങളുടെ വലിയ കൂട്ടങ്ങൾ. തെരുവിന്റെ ഇരുവശമുള്ള വീടുകളുടെ മുൻവാതിലുകൾ മലർക്കെ തുറക്കപ്പെട്ടു.


പ്രവാചകൻ ﷺ ഈ കവാടം വഴി കടന്നുവന്നെങ്കിൽ..! തിരുമേനി ഏതു വീടു സ്വീകരിക്കും..? എവിടെ താമസിക്കും..? ലോകാനുഗ്രഹിയായ പ്രവാചകന് (ﷺ) ആതിഥ്യമരുളാനുള്ള മഹാഭാഗ്യം ആർക്കാണ്..? എല്ലാവരും അതു കൊതിക്കുന്നു. എല്ലാം വിസ്മയകരം..!!



Part : 62


വരവേൽപ്പിന്റെ ആഹ്ലാദം 


തിങ്ങിനിറഞ്ഞ തെരുവിലൂടെ പ്രവാചകരുടെ (ﷺ) ഒട്ടകം നീങ്ങുന്നു. കോരിത്തരിപ്പിക്കുന്ന പാട്ടിന്റെ ഈരടികൾ മുഴങ്ങി. വീടിന്റെ മട്ടുപ്പാവുകളിൽ തടിച്ചുകൂടിയ പെൺകുട്ടികൾ ഈണത്തിൽ പാടി:


“ത്വലഅൽ ബദ്റു അലയ്ന - മിൻ സനിയ്യാത്തിൽ വദാഇ

വജബ ശുക്റു അലയ്നാ - മാ ദആ ലില്ലാഹി ദാഈ..”


വിദാഅ് പർവ്വതത്തിന്റെ വിടവിലൂടെ പൂർണ ചന്ദ്രൻ ഞങ്ങൾക്കുമീതെ ഉദിച്ചുയർന്നിരിക്കുന്നു. നന്ദി പറയൽ ഞങ്ങൾക്കു നിർബന്ധമായി. അല്ലാഹുﷻവിനോടു ദുആ ചെയ്യുന്ന കാലത്തോളം...


മദീനയിലെ ജനക്കൂട്ടം പാട്ടുകേട്ടു കോരിത്തരിച്ചു. പെട്ടെന്നു ദഫ് മുട്ടുന്ന ശബ്ദം. ദഫിന്റെ ശബ്ദത്തിനൊപ്പിച്ചു പാട്ടും. ദഫ് മുട്ടുന്ന ഭാഗത്തേക്കായി എല്ലാവരുടെയും ശ്രദ്ധ. കൊച്ചു ബാലികമാരാണവർ. ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ...


“നഹ്നു ജവാരിൻ മിൻ ബനി നന്നജ്ജാരി - യാ ഹബ്ബദാ മുഹമ്മദൻ മിൻ ജാരി...”


ഞങ്ങൾ ബനുന്നജ്ജാർ വംശത്തിലെ പെൺകുട്ടികൾ, മുഹമ്മദ് (ﷺ) എത്ര നല്ല അയൽക്കാരൻ...


ഒരു കാലത്തു ഹാശിമിനെ പുതുമാരനായി സ്വീകരിച്ച ബനുന്നജ്ജാർ. രോഗിയായിവന്ന അബ്ദുല്ലയെ സ്വീകരിക്കുകയും മരണപ്പെട്ടപ്പോൾ ആദരവോടെ ഖബറടക്കുകയും ചെയ്ത ബനുന്നജ്ജാർ. മാതാവിനോടൊപ്പം ആറാം വയസ്സിൽ യസ് രിബിൽ വന്നപ്പോൾ സ്നേഹപൂർവം സ്വീകരിച്ച ബനുന്നജ്ജാർ.


പ്രവാചകനായി മദീനയിൽ പ്രവേശിച്ചപ്പോൾ അബ്ദുല്ലയുടെ പ്രിയപുത്രനെ ദഫ് മുട്ടിയും പാട്ടുപാടിയും സ്വീകരിക്കുന്നു...


ജനത്തിരക്കിനിടയിലൂടെ പ്രവാകരുടെ (ﷺ) ഒട്ടകം നീങ്ങി. പലരും അതിനെ തലോടുന്നു. സ്നേഹം പ്രകടിപ്പിക്കുന്നു...


“അല്ലാഹുﷻവിന്റെ റസൂലേ, ഇവിടെ ഇറങ്ങിയാലും... എന്റെ അതിഥിയായിക്കഴിയാം...”


ഓരോരുത്തരായി ക്ഷണിക്കുന്നു. ഒട്ടകത്തെ നിറുത്താൻ നോക്കുന്നു. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: “അതു

കൽപന നൽകപ്പെട്ട ഒട്ടകമാണ്. അതിനെ വെറുതെ വിട്ടേക്കുക.”


ഒട്ടകം നടക്കുകയാണ്. ജനക്കൂട്ടം പിന്നാലെയും. ബനുന്നജ്ജാർ വംശക്കാർ താമസിക്കുന്ന സ്ഥലത്തെത്തി. പെൺകൊടി മാരുടെ പാട്ട് ഉച്ചത്തിലായി. ബാലികമാർ നിറുത്താതെ ദഫ് മുട്ടുന്നു.


“അയ്യുഹൽ മബ്ഊസു ഫീനാ - ജിഅ്ത ബിൽ അംരിൽ മുതാഈ...”


ഞങ്ങളിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകരേ, അനുസരിക്കപ്പെടേണ്ട കാര്യങ്ങളുമായി അങ്ങു വന്നു...


ഒരു മൈതാനത്തിന്റെ സമീപം ഒട്ടകം മുട്ടുകുത്തി. ബനുന്നജ്ജാർ വംശക്കാരുടെ പ്രമുഖ നേതാവായ അബൂ അയ്യൂബിൽ അൻസാരിയുടെ വീട് അതിനടുത്തുതന്നെ...


പ്രവാചകൻ ﷺ ഒട്ടകപ്പുറത്തുനിന്നിറങ്ങി. മആദ് ബ്നു അഫറാഅ് എന്ന പൗരപ്രമുഖൻ അടുത്തു നിൽക്കുകയായിരുന്നു. പ്രവാചകൻ ﷺ അദ്ദേഹത്തോടു ചോദിച്ചു: “ഈ ഒഴിഞ്ഞ സ്ഥലം ആരുടേതാണ്..?” 


മആദ് ഇങ്ങനെ മറുപടി നൽകി: “ബനുന്നജ്ജാർ വംശക്കാരായ രണ്ട് അനാഥ മക്കളുടെ സ്വത്താണിത്. അംറിന്റെ മക്കളാണവർ. ഒരു കുട്ടിയുടെ പേര് സഹ്ല്. മറ്റെയാൾ സുഹയ്ൽ. ഇപ്പോൾ അവർ എന്റെ സംരക്ഷണത്തിലാണ്...”


ഈ മൈതാനത്താണു പിന്നീടു പള്ളി പണിതത്. സ്ഥലം വിലയ്ക്കു വാങ്ങുകയായിരുന്നു...



Part : 63


അബൂ അയ്യൂബിൽ അൻസ്വാരിയുടെ മഹാഭാഗ്യം. പ്രവാചകൻ ﷺ നേരെ ആ വീട്ടിലേക്കു നടന്നു. രണ്ടു നിലകളുള്ള വീടാണ്.


“അല്ലാഹുﷻവിന്റെ റസൂലേ, അങ്ങ് മുകൾത്തട്ടിൽ താമസിച്ചോളൂ.” അബൂ അയ്യൂബിൽ അൻസ്വാരി(റ) അപേക്ഷിച്ചു.


“ഇത്രയധികം ആളുകൾ എന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. മുകൾത്തട്ടിൽ താമസിച്ചാൽ സന്ദർശകർക്ക് അസൗകര്യമാവില്ലേ...”


ജനങ്ങളുടെ സൗകര്യമോർത്തു നബി ﷺ തങ്ങൾ താഴത്തെ നിലയിൽ താമസമാക്കി. അബൂ അയ്യൂബിൽ അൻസ്വാരി(റ)വും കുടുംബവും മുകളിലും താമസിച്ചു... 


ആറാം വയസ്സിൽ ആ പ്രദേശത്തു വന്ന ഓർമ പ്രവാചകന്റെ (ﷺ) മനസ്സിൽ തെളിഞ്ഞുകിടക്കുന്നു. സഹായികളിൽ ചിലരോടൊക്കെ അതു പറയുകയും ചെയ്തു. അതോടൊപ്പം മാതാവിന്റെ

മരണത്തെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞ ഓർമകളും തെളിഞ്ഞു വന്നു. 


മക്കയിൽ കുടുങ്ങിയ ബന്ധുക്കളെക്കുറിച്ചുള്ള ചിന്തയാണ്

ഇപ്പോൾ അവരെ അലട്ടുന്നത്. നബി ﷺ തങ്ങളും സ്വിദ്ദീഖ്(റ)വും മക്ക വിട്ടുപോരുമ്പോൾ ഉൽക്കണ്ഠയോടുകൂടി കുടുംബക്കാർ നോക്കിനിൽക്കുകയായിരുന്നു. മക്കൾ തങ്ങളെയോർത്ത് ദുഃഖിക്കുന്നുണ്ടാകും... 


അവരെ എങ്ങനെയെങ്കിലും മദീനയിൽ എത്തിക്കണം. മക്കയിൽ ക്രൂരന്മാരായ ഖുറയ്ശികൾക്കിടയിൽ പെട്ടുപോയ സന്താനങ്ങളുടെ വാടിയ മുഖം രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ തെളിയും.


സയ്ദ് ബ്നു ഹാരിസത്ത്(റ), അബൂറാഫിഅ്(റ) എന്നിവരെ നബി ﷺ അരികിൽ വിളിച്ചു. “നിങ്ങൾ മക്കയിൽ പോകണം. വളരെ രഹസ്യമായി. ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും കൊണ്ടുവരണം...”


ആ പിതാവിന്റെ മനസ്സിലെ ദുഃഖം അവരെയും വേദനിപ്പിച്ചു. നബി ﷺ തങ്ങൾ ഫാത്വിമയെയും ഉമ്മുകുൽസൂമിനെയും കാണാനാഗ്രഹിക്കുന്നു. അവരുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ട്.

അബ്ദുല്ലാഹിബ്നു ഉറയഖത്ത് (റ) എന്ന ധീര സ്വഹാബിയുമായി സ്വിദ്ദീഖ്(റ) സംസാരിച്ചു. “അബ്ദുല്ലയും ആഇശയും അസ്മാഉം മക്കയിലാണ്. അവരെ

എങ്ങനെയെങ്കിലും മദീനയിൽ കൊണ്ടുവരണം.”


“ഞാൻ മക്കയിൽ പോകാം. മക്കളെ കൊണ്ടുവരാം.” അബ്ദുല്ലാഹിബ്നു ഉറയഖത്ത്(റ) പറഞ്ഞു.


സയ്ദ് ബ്നു ഹാരിസത്ത്(റ), അബ്ദുല്ലാഹിബ്നു ഉറയ്ഖ(റ) എന്നിവർ മക്കയിലേക്കു പുറപ്പെട്ടു. ഖുറയ്ശികളുടെ ശ്രദ്ധയിൽ പെടാതെ അവർ മക്കയിലെത്തി. നബിﷺയുടെ വീട്ടിൽ ചെന്നു മക്കളോടും മറ്റും യാത്രയ്ക്കു തയ്യാറാകാൻ പറഞ്ഞു... 


സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്ന് അവിടെയുള്ളവരോടും യാത്രയുടെ കാര്യം പറഞ്ഞു. ഇരുട്ടിന്റെ മറവിൽ ഒരു സംഘം യാത്രക്കാർ മദീനയിലേക്കു പുറപ്പെട്ടു.


ഫാത്വിമ, ഉമ്മുകുൽസൂം, സൗദ ബിൻത് സംഅത്, ഉസാമത് ബ്നു സയ്ദ, ഉമ്മു അയ്മൻ(റ) എന്നിവർ അക്കൂട്ടത്തിലുണ്ട്. സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽനിന്ന് അബ്ദുല്ല, ആഇശ, അസ്മാഅ് എന്നിവരും പുറപ്പെട്ടു. ഒട്ടകക്കട്ടിലുകളിൽ രഹസ്യയാത്ര. സായുധരായ യോദ്ധാക്കൾ കൂടെയുണ്ട്...


പ്രവാചക പുത്രിയായ സയ്നബ് (റ) മക്കയിൽ തന്നെയാണുള്ളത്. ഭർത്താവിന്റെ വീട്ടിൽ. ഭർത്താവ് ഇതുവരെ ഇസ്ലാം സ്വീകരിച്ചിട്ടില്ല... 



Part : 64


നബിﷺയുടെ പള്ളി


ഒരു പള്ളി നിർമിക്കണം. വളരെ അത്യാവശ്യമാണ്. ധാരാളമാളുകൾ തന്നെക്കാണാൻ വന്നുകൊണ്ടിരിക്കുന്നു. അവർക്ക് ഇസ്ലാം പഠിപ്പിക്കണം.


മക്കയിൽ നിന്നു ഹിജ്റ വന്ന സത്യവിശ്വാസികളെ മുഹാജിറുകൾ എന്നു വിളിക്കുന്നു. അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ മുസ്ലിംകളെ അൻസ്വാറുകൾ എന്നും.


അൻസ്വാറുകൾ അക്കാലത്തു ധനികരായിരുന്നില്ല. ഔസ് ഗോത്രക്കാരും ഖസ്റജ് ഗോത്രക്കാരും തമ്മിൽ യുദ്ധം നടന്നതു സമീപകാലത്താണ്. യുദ്ധം കാരണം അവർ തകർന്നുപോയിരുന്നു.


എവിടെയാണു പള്ളി നിർമിക്കേണ്ടത്..? പറ്റിയ സ്ഥലം തിരഞ്ഞെടുക്കണം. അബൂഅയ്യൂബിൽ അൻസ്വാരി(റ)വിന്റെ വീടിനു തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പ്രദേശം. അതിനടുത്താണു നബി ﷺ വന്നപ്പോൾ ഒട്ടകം മുട്ടുകുത്തിയത്.


സഹ്ൽ, സുഹൈൽ എന്നീ അനാഥ മക്കളുടെ സ്വത്താണ്. ആ പ്രദേശം പള്ളിയുണ്ടാക്കാൻ കൊള്ളാം. പ്രവാചകൻ ﷺ പള്ളിക്കുവേണ്ടി തങ്ങളുടെ പ്രദേശം പരിഗണിക്കുന്നു എന്നു വിവരം സഹ് ലും സുഹയ്ലും അറിഞ്ഞു. അവർ പ്രവാചകന്റെ (ﷺ) മുമ്പിലെത്തി. ഇങ്ങനെ അറിയിച്ചു:


“അല്ലാഹുവിന്റെ റസൂലേ.., ഞങ്ങളുടെ സ്ഥലം പള്ളിയുണ്ടാക്കാൻ പറ്റുമെങ്കിൽ ഞങ്ങളതു സൗജന്യമായി വിട്ടുതരാം.” സ്ഥലം നൽകാൻ അവർക്കു വലിയ സന്തോഷം... 


യതീം മക്കളുടെ സ്ഥലം ദാനമായിട്ടു സ്വീകരിക്കാൻ നബി ﷺ സന്നദ്ധനായില്ല. ആ സ്ഥലം വിലകൊടുത്തു വാങ്ങി. നല്ലൊരു പള്ളിയുണ്ടാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. എല്ലാവരും തൊഴിലാളികളായി രംഗത്തിറങ്ങണം. എല്ലാവരുംകൂടി കഠിനാധ്വാനം ചെയ്ത് പള്ളിയുണ്ടാക്കണം.


ആഴമുള്ള കിണറ്റിൽ നിന്നു വെള്ളം കോരണം. മണ്ണു കുഴച്ചു പാകപ്പെടുത്തണം. ഇഷ്ടികയുണ്ടാക്കണം. വെയിലത്തിട്ട് ഉണക്കിയെടുക്കണം. അതുപയോഗിച്ചു ചുമരു കെട്ടണം. ഇതാണു പദ്ധതി... 


ദിവസം നിശ്ചയിച്ചു. എല്ലാവരും ജോലിക്കിറങ്ങി. കുറേ പണികൾ ചെയ്തുതീർത്തു. പള്ളിയുടെ ശിലാസ്ഥാപനത്തിനു ദിവസം നിശ്ചയിച്ചു. നബി ﷺ തങ്ങൾ സ്വന്തം ചുമലിൽ ഒരു ഇഷ്ടിക ചുമന്നു കൊണ്ടുവന്നു. അതു ചുമരിന്റെ അടിസ്ഥാനമായി വച്ചു.


അബൂബക്സർ സ്വിദ്ദീഖ്(റ)വിനോട് അടുത്ത ഇഷ്ടിക വയ്ക്കാൻ പറഞ്ഞു. തുടർന്ന് ഉമറുൽ ഫാറൂഖ്(റ), ഉസ്മാൻ ബ്നു അഫ്ഫാൻ(റ), അലിയ്യു ബ്നു അബീത്വാലിബ്(റ) എന്നിവർ ഇഷ്ടികകൾ വച്ചു...


അൻസ്വാറുകളും മുഹാജിറുകളും ഇഷ്ടികകളുമായി വരാൻ തുടങ്ങി. ചുമരിന്റെ ഉയരം കൂടിക്കൂടി വന്നു. പള്ളിക്കു വാതിലൊന്നുമില്ല. കട്ടിലയുമില്ല. വാതിലിന്റെ സ്ഥാനം ഒഴിച്ചിട്ടു. മൂന്നു പ്രവേശന മാർഗങ്ങൾ എന്നു പറയാം. അവിടെ കമ്പിളി തൂക്കിയിട്ടു...


ചുമരു കെട്ടിയ മുറ്റം. അതാണു പള്ളി. ഒരു ഭാഗത്തു മേൽപുരയിട്ടു. ഈന്തപ്പനമടൽ നിരത്തിയിട്ടു. വെയിൽ കൊള്ളാതിരിക്കാൻ. മഴ പെയ്താൽ നനയും. മേൽപുരയുള്ള ഭാഗം വീടില്ലാത്ത പാവപ്പെട്ട മുസ്ലിംകൾ താമസിച്ചു. അവരാണു സുഫ്ഫത്തിന്റെ അഹ്ലുകാർ- അഹ്ലുസ്സുഫ്ഫ.


അക്കാലത്ത് എണ്ണയ്ക്കു വലിയ വിലയാണ്. ഖാഫിലക്കാരാണ് എണ്ണ കൊണ്ടുവരുന്നത്. സാധാരണക്കാർക്ക് അതു വാങ്ങി ഉപയോഗിക്കാനാവില്ല. സാധാരണക്കാരുടെ വീട്ടിൽ വിളക്കു തെളിയാറില്ല. വല്ല വിശേഷ ദിവസങ്ങളിലും വിളക്കു വയ്ക്കും... 


വിവാഹമോ മരണമോ ജനനമോ ഒക്കെ നടക്കുമ്പോഴാണ് ഒരു വിളക്കു കത്തിക്കുക. രാത്രിനേരത്തെ ഭക്ഷണം സന്ധ്യക്കു തന്നെ കഴിക്കും. അതാണ് അന്നത്തെ പതിവ്. ഇലയോ പുല്ലോ കത്തിച്ചുവച്ച് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കും...



Part : 65


പള്ളിയുടെ പണി പൂർത്തിയായപ്പോൾ അതിനോടു ചേർത്തു രണ്ടു മുറികൾ കൂടിയുണ്ടാക്കി. അതിലാണു പ്രവാചകരുടെ ﷺ  ഭാര്യമാർ താമസിക്കുക.


ആദ്യകാലത്ത് ഇശാഅ് നിസ്കരിക്കുമ്പോൾ പുല്ലു കത്തിച്ചുവയ്ക്കുമായിരുന്നു. വെളിച്ചം കിട്ടാൻ. പിന്നീടു പള്ളിയിലേക്ക് ഒരു വിളക്കു വാങ്ങി. ഇശാഅ് നിസ്കരിക്കുമ്പോൾ അതുകത്തിച്ചുവയ്ക്കും. നിസ്കാരം കഴിഞ്ഞാൽ വിളക്കു കെടുത്തിവയ്ക്കും... 


പള്ളിയുടെ നിലം വെറും മണ്ണായിരുന്നു. മഴ പെയ്താൽ അപ്പാടെ ചെളികെട്ടും. നിസ്കരിക്കാൻ കഴിയില്ല. അങ്ങനെ നിലത്തു കല്ലു പാകാൻ നിശ്ചയിച്ചു. മലഞ്ചരുവിൽ നിന്നും കല്ലുകൾ ചുമന്നുകൊണ്ടുവന്നു. അതു നിലത്തു പാകി. ചെളികെട്ടുന്നത് ഇല്ലാതായി...


പിന്നീടു പള്ളിക്ക് ഈത്തപ്പന മടൽകൊണ്ടു മേൽപുരയുണ്ടാക്കി. മേല്പുരയെ താങ്ങിനിറുത്താൻ തൂണുകൾ സ്ഥാപിച്ചു. ഈത്തപ്പന മരത്തിന്റെ തൂണുകൾ. ഇത്തരം ഒരു തുണിൽ വിളക്കു തൂക്കിയിടുമായിരുന്നു.


മസ്ജിദുന്നബവി. പ്രവാചകരുടെ (ﷺ) പള്ളി, ഈ പേരിലാണു പള്ളി പ്രസിദ്ധമായിത്തീർന്നത്. അക്കാലത്തു നബി ﷺ തങ്ങൾക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സൗദ(റ), ആഇശ(റ).


അവർക്കുവേണ്ടി രണ്ടു മുറികൾ പള്ളിയോടു ചേർത്ത് ഉണ്ടാക്കി. ഇഷ്ടികയും മണ്ണും കൊണ്ടുണ്ടാക്കിയ മുറികൾ. ഈത്തപ്പന കൊണ്ടുള്ള മേൽപുര. മുറിക്ക് ആറോ ഏഴോ മുഴം വീതി. നീളം പത്ത് മുഴം. വാതിലിൽ കമ്പിളി വിരിയായി തൂക്കി. എത്ര ലളിതമായ ജീവിതം..!


ഒരിക്കൽ ഏതാനും അൻസ്വാരി സ്ത്രീകൾ അബൂബകർ സ്വിദ്ദീഖ്(റ)വിന്റെ വീട്ടിൽ ചെന്നു. ആഇശ(റ)യെ പുതുമണവാട്ടിയായി കൂട്ടിക്കൊണ്ടുപോകാനാണവർ വന്നത്.


ആഇശ(റ) അന്നും കളിക്കുടുക്കയാണ്. ഏതോ കളിയിൽ ഏർപെട്ടിരിക്കുകയായിരുന്നു. അന്നു മണവാട്ടിയായി ഉടുത്തൊരുങ്ങി പ്രവാചകരുടെ (ﷺ) ജീവിതത്തിലേക്കു കടന്നുവന്നു. ദാമ്പത്യ ജീവിതത്തിന്റെ തുടക്കം.


മസ്ജിദുന്നബവിയോടു ചേർത്തുണ്ടാക്കിയ ലളിതമായ മുറിയിൽ ആഇശ(റ) വന്നുകയറി. അവിടുത്തെ പരിമിതമായ സൗകര്യങ്ങളിൽ അവർ സംതൃപ്തയായിരുന്നു. ഇന്നത്തെ ചെറ്റപ്പുരയിലെ മണവാട്ടിക്കുപോലും എന്തെല്ലാം സൗകര്യങ്ങളുണ്ട്. 


ഈത്തപ്പഴത്തൊലി നിറച്ച ഒരു തലയിണ, വെള്ളം വയ്ക്കാൻ ഒരു കൂജ, ഒരു വിരിപ്പ്. ഇതൊക്കെയായിരുന്നു അവിടെയുണ്ടായിരുന്നത്. പള്ളിയിലെ സംസാരമൊക്കെ മുറിയിൽ കേൾക്കാം.


പ്രവാചകരുടെ (ﷺ) ക്ലാസുകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ. അതെല്ലാം കേട്ടു മനസ്സിലാക്കി. രാവും പകലും കേട്ടുപഠിക്കുന്നു. പഠിച്ചു പഠിച്ചു പണ്ഡിത വനിതയായി...


തൊട്ടടുത്ത മുറിയിൽ സൗദ(റ).

അവർ വാർധക്യത്തിലെത്തിയിരിക്കുന്നു. പ്രവാചക പത്നിയാവാൻ കഴിഞ്ഞതിലുള്ള സന്തോഷവും സംതൃപ്തിയുമായി അവർ കഴിയുന്നു. പള്ളിയുണ്ടായതോടെ സന്ദർശകരുടെ തിരക്കു വർധിച്ചു.


അടുത്തുനിന്നും അകലെനിന്നും ആളുകൾ വന്നുകൊണ്ടിരുന്നു. ഓരോ വിഭാഗത്തിനും അവരുടെ മനഃശാസ്ത്രമനുസരിച്ചു ക്ലാസെടുക്കുന്നു. മലഞ്ചരുവിൽ ആടിനെ മേച്ചുനടക്കുന്ന നാടൻ അറബിക്ക് അവരുടെ ഭാഷയിൽ. ഗോത്രനേതാക്കൾക്കും സംസ്കാര സമ്പന്നർക്കും അവരുടെ ഭാഷയിൽ. ആഇശ(റ) എല്ലാം കേട്ടു പഠിക്കുന്നു. ഭാര്യ മാത്രമല്ല; ശിഷ്യയും... 



Part : 66


ബാങ്കിന്റെ കഥ 


മസ്ജിദുന്നബവി. അഞ്ചു നേരവും അവിടെ നിസ്കാരം നടക്കുന്നു. നിസ്കാരത്തിന്റെ സമയം കണക്കാക്കി ആളുകൾ പള്ളിയിലെത്തുന്നു.


സത്യവിശ്വാസികളുടെ എണ്ണം കൂടിക്കൂടി വരുന്നു. നിസ്കാരത്തിനു സമയമായെന്നു ജനങ്ങളെ അറിയിക്കണം. അതിന് ഒരു സംവിധാനം വേണം, എന്താണു മാർഗം..? 


നബിﷺതങ്ങളും സ്വഹാബികളും കൂടിയാലോചന നടത്തുകയാണ്.


“കൊടി ഉയർത്താം” - ഒരാൾ അഭിപ്രായപ്പെട്ടു.


“ഉറങ്ങുന്നവർ കൊടികാണുമോ..?” - മറ്റൊരാൾ... 


ആ അഭിപ്രായം തള്ളിപ്പോയി... അറബികൾക്കിടയിൽ സന്ദേശം കൈമാറാൻ അങ്ങനെയൊരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. നിസ്കാരസമയം അറിയിക്കാൻ കൊടി പ്രായോഗികമല്ല... 


“തീ കത്തിക്കാം” - ഒരാൾ അഭിപ്രായപ്പെട്ടു. സന്ദേശങ്ങൾ കൈമാറാൻ വേണ്ടി കുന്നിൻമുകളിൽ തീ കത്തിക്കുന്ന സമ്പ്രദായം അന്നു നിലവിലുണ്ടായിരുന്നില്ല... 


നിസ്കാര സമയം അറിയിക്കുന്നതിന് അതും അപര്യാപ്തം തന്നെ. ആ അഭിപ്രായവും തള്ളിപ്പോയി... 


“കുഴൽ വിളിക്കാം” - മറ്റൊരാളുടെ അഭിപ്രായം. ജൂതന്മാരുടെ സമ്പ്രദായമാണത്. അതു പിൻപറ്റുന്നത് ഉചിതമല്ല. ആ അഭിപ്രായം സ്വീകാര്യമായില്ല...


“മണിയടിക്കാം.” - ഒരാൾ അഭിപ്രായപ്പെട്ടു. അതു ക്രൈസ്തവരുടെ ആചാരമാകുന്നു.അതും പിൻപറ്റാൻ പാടില്ല... 


“ഒരാൾ വിളിച്ചു പറയട്ടെ” - ഉമർ(റ) പറഞ്ഞു.


“അതു ശരി. നിസ്കാരത്തിനു സമയമായെന്ന് ഒരാൾ വിളിച്ചുപറയുക, അതുകേട്ട് എല്ലാവരും എത്തിച്ചേരുക. കേട്ട അഭിപ്രായങ്ങളിൽ കൊള്ളാവുന്നത് ഇതാണ്...”


അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ). പ്രസിദ്ധനായ സ്വഹാബിവര്യൻ. നിസ്കാര സമയമായെന്നു വിളിച്ചുപറയാനുള്ള ജോലി ആ സ്വഹാബിയെ ഏൽപിച്ചു. നിസ്കാരത്തിനു സമയമാകുമ്പോൾ അദ്ദേഹം ഉറക്കെ വിളിച്ചുപറയും. ആളുകൾ അതുകേട്ട് ആവേശത്തോടെ പള്ളിയിലേക്കുവരും...


അന്നു രാത്രി അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഒരു സ്വപ്നം കണ്ടു. ഒരാൾ നാഖൂസുമായി നടന്നുപോകുന്നു. ക്രിസ്ത്യാനികൾ പ്രാർത്ഥന സമയമാകുമ്പോൾ മുട്ടി അറിയിക്കുന്ന വസ്തുവാണു നാഖൂസ്... 


“ആ നാഖൂസ് എനിക്കു തരുമോ അല്ലാഹുﷻവിന്റെ ദാസാ..?” അബ്ദുല്ല ചോദിച്ചു.


“ഇതുകൊണ്ടു നിങ്ങൾ എന്തു ചെയ്യാം?' -അയാളുടെ മറു ചോദ്യം.


“നിസ്കാര സമയമാകുമ്പോൾ ഇതു മുട്ടി ജനങ്ങളെ അറിയിക്കാം.” - അബ്ദുല്ല


അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു:  “ഇതിനേക്കാൾ ഗുണമായതു ഞാൻ നിങ്ങൾക്കു പഠിപ്പിച്ചു തരാം...”


“പഠിപ്പിച്ചു തന്നാലും”


അദ്ദേഹം ബാങ്കിന്റെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു. അടുത്ത പ്രഭാതത്തിൽ വളരെ സന്തോഷത്തോടെയാണ് അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) ഉണർന്നത്.


അതിവേഗം നബി ﷺ തങ്ങളുടെ സമീപത്തെത്തി. എന്നിട്ടു സ്വപ്നത്തിന്റെ വിവരം പറഞ്ഞു. ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു.


“തീർച്ചയായും ഇതു സത്യമായ സ്വപ്നം തന്നെ. ഇനി ഇതു വിളിച്ചറിയിച്ചാൽ മതി.” നബി ﷺ തങ്ങൾ പറഞ്ഞു...


“അബ്ദുല്ലാ, ഈ വാചകങ്ങൾ ബിലാലിനു പഠിപ്പിച്ചു കൊടുക്കൂ.., ബിലാലിനു നിങ്ങളെക്കാൾ ശബ്ദമുണ്ട്...”


ബിലാൽ(റ) സുന്ദരമായ ശബ്ദത്തിന്റെ ഉടമയാകുന്നു...



Part : 67


അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) നേരെ ബിലാൽ(റ)വിന്റെ സമീപത്തെത്തി, ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു. നിസ്കാരത്തിന്റെ സമയമായപ്പോൾ ബിലാൽ(റ) ഉയർന്ന സ്ഥലത്തു കയറിനിന്നു നല്ല ശബ്ദത്തിൽ ബാങ്കു വിളിച്ചു. ആളുകൾ കൂട്ടംകൂട്ടമായി ഓടിയെത്തി.


പിന്നീട് അദ്ദേഹം ബിലാൽ മുഅദ്ദിൻ എന്ന പേരിൽ അറിയപ്പെട്ടു. "അദാൻ' എന്ന വാക്കിനു ബാങ്ക് എന്ന് അർത്ഥം. "മുഅദ്ദിൻ' ബാങ്കുവിളിക്കുന്ന ആൾ.


അബ്ദുല്ലാഹി ബ്നു ഉമ്മിമക്തും മറ്റൊരു മുഅദ്ദിനായിരുന്നു...


അസ്വലാത്തു ഖയ്റുൻ മിനന്നൗം.


“നിസ്കാരം ഉറക്കത്തിനേക്കാൾ ശ്രേഷ്ഠമാണ്.” സുബഹി നിസ്കാരത്തിൽ ബിലാൽ(റ) ഈ വാചകംകൂടി ചേർത്തു വിളിച്ചു. നബിﷺതങ്ങൾ അംഗീകാരം നൽകി.


ബാങ്കിന്റെ ശബ്ദം ജനങ്ങളെ വല്ലാതെ ഉത്തേജിപ്പിച്ചു. “അല്ലാഹു അക്ബർ” ആവേശത്തോടെയാണു സത്യവിശ്വാസികൾ ആ വാക്യം കേട്ടത്. അല്ലാഹുﷻവിന്റെ പേരു കേൾക്കുന്നതോടെ അവർ മറ്റെല്ലാം

മറക്കുന്നു. അവന്റെ ഭവനമായ പള്ളിയിലേക്ക് അവർ ധൃതിപിടിച്ചു വരുന്നു. ഇതാണു ബാങ്കിന്റെ ചരിത്രം.


പള്ളിയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ഇൽമിനും ഇബാദത്തിനും വേണ്ടിയാണ് പള്ളി. അതിലുപരി ഒരു സമൂഹത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണു മസ്ജിദ്.


മുസ്ലിംകൾ ഒരു സമൂഹമായി രൂപം പ്രാപിച്ചുകഴിഞ്ഞു. ഇനിയവർക്കു സാമൂഹിക ജീവിത വ്യവസ്ഥകൾ വേണം. ഭരണ സംവിധാനം വേണം. കെട്ടുറപ്പും ഭദ്രതയും വേണം. നിയമങ്ങൾ വേണം. ഇസ്ലാം അല്ലാഹുﷻവിന്റെ മതമാകുന്നു. അല്ലാഹുﷻവിന്റെ വിധിവിലക്കുകളാണ് ഇസ്ലാമിക നിയമം...


ജിബ്രീൽ(അ) വഹ് യുമായി നിരന്തരം വന്നുകൊണ്ടിരിക്കുന്നു. നിയമങ്ങൾ ചർച്ച ചെയ്തു രൂപീകരിക്കുകയല്ല.അല്ലാഹുﷻവാണ് നിയമങ്ങൾ നൽകുന്നത്.


വ്യക്തിജീവിതത്തിലെ വിശുദ്ധി, കുടംബജീവിതത്തിലെ വിശുദ്ധി,

സാമൂഹിക ജീവിതത്തിലെ വിശുദ്ധി. ഇതു ലോകത്തിനു പഠിപ്പിച്ചു കൊടുക്കണം. മനുഷ്യവർഗത്തെ പഠിപ്പിക്കണം. അതു സാധ്യമാക്കാൻ എന്തൊക്കെ വേണമോ അതെല്ലാം വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.


വിശുദ്ധ ഖുർആന്റെ വ്യാഖ്യാനം കാണാൻ നബി ﷺ തങ്ങളുടെ ജീവിതത്തിലേക്കു നോക്കിയാൽ മതി.


ഒരു സമൂഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ. തൊഴിൽ കാര്യങ്ങൾ.

സാമൂഹിക മര്യാദകൾ. സാമൂഹിക നീതി. സുരക്ഷാ സംവിധാനം. വൈജ്ഞാനിക രംഗം. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്യണം, അതെല്ലാം ഖുർആനിൽ അവതരിച്ചു.


ഒരു ഭരണകൂടം രൂപപ്പെട്ടുവരികയാണ്. ഭരണകൂടത്തിന്റെ സിരാകേന്ദ്രം മസ്ജിദു തന്നെ. മസ്ജിദ് തന്നെയാണു കോടതിയും. കേസുകൾ കേൾക്കുന്നതും വിധി പറയുന്നതും അവിടെത്തന്നെ.


സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സുദീർഘമായ സൂറത്തുകൾ മദീനയിൽ വച്ചാണ് ഇറങ്ങിയത്.


മസ്ജിദുന്നബവിയെ ചരിത്രകാരന്മാർ മുസ്ലിം സ്റ്റേറ്റിന്റെ സെക്രട്ടറിയേറ്റ് എന്നു വിളിച്ചിരുന്നു. 


മുസ്ലിംകൾ ഒരു ശക്തിയായി വളർന്നതോടെ പല പുതിയ പ്രശ്നങ്ങളും ഉടലെടുത്തു. മദീനയിലെ സാമ്പത്തിക രംഗം അടക്കി ഭരിച്ചിരുന്ന ജൂതന്മാർ മുസ്ലിംകളെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. തങ്ങളുടെ മേൽക്കോയ്മ തകർന്നുപോകുമോ..?


മക്കയിലെ ഖുറയ്ശികൾക്കു ജൂതന്മാരെ പരിചയമുണ്ട്. അവർ തമ്മിൽ യോജിക്കുമോ..? കരുതിയിരിക്കണം. സുരക്ഷയുടെ കാര്യം പള്ളിയിൽ ചർച്ചാവിഷയമായി...



Part : 68


പരിശീലനം


മദീനയിലെത്തിയ മുസ്ലിംകൾക്കു പലവിധ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഖുറയ്ശികൾ ഇടയ്ക്കിടെ മുസ്ലിംകളെ അക്രമിച്ചുകൊണ്ടിരുന്നു. മറ്റു ചില ഗോത്രക്കാരുടെ സഹായവും അവർക്കു കിട്ടി. ജൂതന്മാർ രഹസ്യമായി ഇസ്ലാമിന്റെ ശത്രുക്കളെ സഹായിച്ചു.


സ്വഹാബികളിൽ ചിലർ വധിക്കപ്പെട്ടു. പ്രതിരോധ സംരംഭങ്ങൾ ശക്തിപ്പെടുത്തേണ്ടതായി വന്നു. ശ്രതുക്കൾക്കെതിരെ ശക്തി സംഭരിക്കേണ്ട ഘട്ടം വന്നു. നിലനിൽപിനും സ്വരക്ഷയ്ക്കും വേണ്ടി.


പ്രവാചകൻ ﷺ അനുയായികളെ ഇങ്ങനെ ഉപദേശിച്ചു: “നിങ്ങൾ ശക്തി സംഭരിക്കുക. ശക്തിയെന്നാൽ ഏറ്. അറിയുക, അമ്പെയ്ത്താണ് ഇവിടെ ഉദ്ദേശ്യം. അമ്പെയ്ത്തു പഠിച്ചവൻ അത് ഉപേക്ഷിക്കരുത്. പരിശീലനം തുടരണം. അമ്പെയ്ത്തു വിദ്യ വളർത്തിയെടുക്കണം.”


ഈ നിർദേശം പലരെയും കായിക പരിശീലനത്തിനു പ്രേരിപ്പിച്ചു. ഉത്ബ ഒരു വൃദ്ധനായിരുന്നു. മികച്ച പരിശീലനം ലഭിച്ച യോദ്ധാവും. അദ്ദേഹം ആയുധ പരിശീലനം വർധിപ്പിച്ചു. അമ്പെയ്ത്തു പരിശീലനം വളരെ നേരം തുടർന്നു.


ഉത്ബയുടെ കൂട്ടുകാരനാണ് ഹഖീം ലഖ്മി. ഉത്ബയോടു കൂട്ടുകാരൻ ഇങ്ങനെ ചോദിച്ചു: “താങ്കളെന്തിനാണിത്ര കടുത്ത പരിശീലനം നടത്തുന്നത്. ഓടുകയും ചാടുകയും മറിയുകയും അമ്പെയ്യുകയും ചെയ്യുന്നുണ്ടല്ലോ വൃദ്ധനായ താങ്കൾ..?”


വൃദ്ധനായ സ്വഹാബി ഇങ്ങനെ മറുപടി നൽകി: “നബി ﷺ തങ്ങളിൽ നിന്നു കേട്ട ഒരു ഹദീസാണ് ഈ തീവ്ര പരിശീലനത്തിന് എന്നെ പ്രേരിപ്പിച്ചത്...”


“ഏതാണ് ഹദീസ്..?” കൂട്ടുകാരന് ആകാംക്ഷ.


“അമ്പെയ്ത്തു പഠിച്ചവൻ അതുപേക്ഷിച്ചാൽ അവൻ നമ്മിൽപെട്ടവനല്ല...”


വൃദ്ധ സ്വഹാബി ഹദീസ് ഓതിക്കേൾപിച്ചു. കൂട്ടുകാരൻ അമ്പരന്നുപോയി. മുസ്ലിംകളുടെ നിലനിൽപിനുവേണ്ടി ആയുധമെടുക്കേണ്ട ഘട്ടം വന്നാൽ അതിനു തയ്യാറാകണം...


ഭീരുക്കളായി ജീവിച്ചു നാണംകെട്ട രീതിയിൽ വധിക്കപ്പെടുന്നത് ഒരു സത്യവിശ്വാസിക്കു ഭൂഷണമല്ല. ശത്രുക്കൾ യുദ്ധത്തിനു വരുമ്പോൾ പിന്തിരിഞ്ഞാടരുത്. ധീരമായി നേരിടണം. ധീരന്മാർക്കേ ജീവിതമുള്ളൂ...


പ്രവാചകൻ ﷺ യോദ്ധാക്കളോട് ഇങ്ങനെ ഉണർത്തി: “ഉന്നം തെറ്റാതെ അമ്പെയ്യുന്ന യോദ്ധാവിന് ഓരോ എയ്ത്തും സ്വർഗത്തിലെ ഓരോ പദവി നേടിക്കൊടുക്കും...”


യോദ്ധാക്കളെ വല്ലാതെ ആകർഷിച്ച നബിവചനം. സ്വർഗത്തിലെ പദവികൾ മോഹിച്ച യോദ്ധാക്കൾ. ശ്രതുക്കളോടു പോലും നല്ല നിലയിലെ പെരുമാറാൻ പാടുള്ളൂ. അനീതി ഒരളവോളവും അനുവദിക്കില്ല...


നബിﷺതങ്ങൾ യോദ്ധാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അരുളിയ വചനം ഇപ്രകാരമായിരുന്നു. “അല്ലാഹുﷻവിന്റെ മാർഗത്തിൽ ഒരു അമ്പ് എയ്തവന് ഒരു അടിമയെ മോചിപ്പിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കും...”


മുസ്ലിം സമൂഹത്തിന്റെ നിലനിൽപു ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ യുദ്ധം അനിവാര്യമായിവരും. ആ യുദ്ധത്തിൽ പങ്കെടുക്കുന്ന സത്യവിശ്വാസിക്കു സന്തോഷവാർത്ത അറിയിച്ചുകൊണ്ടു നബി ﷺ തങ്ങൾ പറഞ്ഞു: 


“കുതിരയെ പരിശീലിപ്പിക്കണം. കുതിര നന്മയുടെ മൃഗമാണ്. ലോകാവസാനംവരെ കുതിര നന്മയുടെ മൃഗമാണ്. കുതിര അല്ലാഹുﷻവിൽ നിന്നു യോദ്ധാവിനു പ്രതിഫലം വാങ്ങിത്തരും. യുദ്ധമുതലുകളും നേടിത്തരും.” 


പടക്കുതിരകളെ പരിശീലിപ്പിക്കുന്നതു പുണ്യകർമമായിട്ടാണു പരിഗണിക്കപ്പെടുന്നത്. അമ്പെയ്ത്തു വിദ്യ പഠിക്കൽ അനുഗ്രഹമാണ്. അതു പഠിച്ചശേഷം ഉപേക്ഷിച്ചാൽ ഒരനുഗ്രഹം പാഴാക്കുകയാണ്. ആ അനുഗ്രഹത്തോടു നന്ദികേടു കാണിക്കലാണത്.


ചിലപ്പോൾ കടലിൽ യുദ്ധം നടക്കും. കടൽയുദ്ധത്തിന്റെ പ്രതിഫലം കരയിലെ യുദ്ധത്തിന്റെ പ്രതി ഫലത്തേക്കാൾ ശ്രേഷ്ഠമാകുന്നു...


നബി ﷺ തങ്ങൾ പറഞ്ഞു: “കടലിലെ ഒരു യുദ്ധം കരയിലെ പത്തു യുദ്ധങ്ങളെക്കാൾ ശ്രേഷ്ഠം.”


“ഒരു കടൽ മുറിച്ചുകടന്നവൻ സർവ താഴ് വരകളും മുറിച്ചു കടന്നവനെപ്പോലെയായി.” 


സത്യത്തിനും നീതിക്കുംവേണ്ടി യുദ്ധം ചെയ്യുന്ന യോദ്ധാവിനു ലഭിക്കുന്ന അതിമഹത്തായ അനുഗ്രഹങ്ങൾ വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്.


യുദ്ധം എന്നാൽ വെറുതെ അങ്ങോട്ടു ചെന്ന് ആരെയെങ്കിലും ആക്രമിക്കുക എന്നല്ല. വിശ്വാസവും ജീവനും സംരക്ഷിക്കാൻ വേണ്ടി പ്രതിരോധിക്കുക. നീതിയും ന്യായവും പുലരാൻവേണ്ടി യുദ്ധം ചെയ്യുക. അന്യായത്തിനും അക്രമത്തിനും എതിരെ ശബ്ദിക്കുക. അതാണ് ഇസ്ലാമിലെ യുദ്ധം...


നബിﷺയും പാവപ്പെട്ട അനുയായികളും എന്തു തെറ്റാണു ചെയ്തത്..? 

അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞു. ആ കാരണം കൊണ്ടു മാത്രം എന്തൊക്കെ ദ്രോഹങ്ങളാണു ശ്രതുക്കൾ ചെയ്തത്. ശാരീരികമായി പീഢിപ്പിച്ചു. പരിക്കേൽപിച്ചു. ജീവൻ അപഹരിച്ചു. സ്വത്തുവകകൾ തട്ടിയെടുത്തു. പിറന്ന മണ്ണും ജീവിതകാലം മുഴുവൻ സമ്പാദിച്ചതും ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം-സുഹൃദ് ബന്ധങ്ങൾ മുറിഞ്ഞു... 


എന്താ കാരണം..? 


അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞതു മാത്രം. സ്വദേശം വിട്ടു വിദേശത്ത് അഭയാർത്ഥികളായി. പക്ഷേ, ശ്രതുക്കൾ വിട്ടില്ല. അവർ മദീനയിൽ വന്നു ശല്യമുണ്ടാക്കാൻ നോക്കി. മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ വന്നു കന്നുകാലികളെ മോഷ്ടിക്കും. കൃഷി നശിപ്പിക്കും. മക്കയിൽ തീർത്ഥാടനത്തിനു പോകുന്നവരെ ദ്രോഹിക്കും...


എത്രയെന്നു വെച്ചാണ് ഈ ദ്രോഹം സഹിക്കുക. രക്ഷയില്ലാതെ പ്രതിരോധിക്കേണ്ടി വന്നു. അതിനുള്ള മുന്നൊരുക്കത്തെക്കുറിച്ചാണു മുകളിൽ പറഞ്ഞത്...


Part : 69


ആളുമാറി കാലംമാറി


മക്കയിൽ നിന്നു ഹിജ്റ വന്നവർക്കു മദീനയിലെ കാലാവസ്ഥ ഒട്ടും അനുകൂലമല്ല. വെള്ളവും പറ്റുന്നില്ല. ഇതു മുഹാജിറുകളുടെ ആരോഗ്യത്തെ ബാധിച്ചു. പലരും കിടപ്പിലായി. നല്ല ആഹാരമോ മരുന്നോ കിട്ടാതെ രോഗികൾ വലഞ്ഞു. പലരും തീരെ ദരിദ്രരാണ്. കയ്യിൽ യാതൊന്നുമില്ല...


രോഗം പ്രമുഖരെയും വിട്ടില്ല. അബൂബക്കർ സ്വിദ്ദീഖ്(റ) പനിവന്നു കിടപ്പിലായി. പെട്ടെന്നു രോഗം വർധിച്ചു. പരിസരം പോലും ഓർമയില്ല. പിച്ചും പേയും പറയുന്നു. ഒടുവിൽ ബോധം കെട്ടുപോയി...


ബിലാൽ ബ്നു റബാഹ്(റ). പ്രമുഖ സ്വഹാബിവര്യൻ. പനിവന്നു കിടപ്പിലായി. എന്താക്കെയോ പറയുന്നു. സ്വബോധമില്ലാത്തതുപോലെ...


ആമിർ ബ്നു ഫുഹയ്റത്ത്(റ). പ്രസിദ്ധനായ സ്വഹാബി. കടുത്ത പനിയും ശരീര വേദനയും വന്നു. ബോധമില്ലാതെ സംസാരിക്കുന്നു.


ആഇശ(റ) നബിﷺതങ്ങളോടിങ്ങനെ പറഞ്ഞു: “മദീനയിലെ കാലാവസ്ഥ മുഹാജിറുകൾക്കു പറ്റുന്നില്ല. അവർ രോഗികളായിരിക്കുന്നു. പലരും അബോധാവസ്ഥയിലാണ്. മക്കയിലെ നല്ല കാലാവസ്ഥയോർത്തു വിഷമിക്കുന്നു പലരും. അവിടത്തെ വെള്ളവും ഭക്ഷണവും ഇനിയെന്നാണു ലഭിക്കുകയെന്നു ചോദിക്കുന്നു...


മക്കയോടുള്ള സ്നേഹം. ജന്മദേശത്തോടുള്ള മമത. മക്ക വിട്ടതിലുള്ള കടുത്ത ദുഃഖം. രോഗം കഠിനമാകുമ്പോൾ ആളുകൾ മക്കയെ ഓർക്കുന്നു. മക്കയെക്കുറിച്ചുള്ള വരികൾ അറിയാതെ പാടിപ്പോകുന്നു...


ആഇശ(റ)യുടെ വാക്കുകൾ നബിﷺയെ ഉണർത്തി. ആ ഖൽബകം ഭക്തിനിർഭരമായി. ഇരുകൈകൾ ഉയർത്തി ദുആ ചെയ്തു: “അല്ലാഹുവേ, മദീന ഞങ്ങൾക്കു പ്രിയപ്പെട്ട ദേശമാക്കിത്തരേണമേ..!  മക്കയെക്കാൾ മദീന ഞങ്ങൾക്കു പ്രിയപ്പെട്ടതാക്കിത്തരേണമേ..! മനസ്സിനിണങ്ങിയതാക്കേണമേ... മദീനയിലെ 'മുദ്ദിലും' 'സ്വാഇലും' നീ ബറകത്തു ചൊരിയേണമേ... മദീനയിലെ കാലാവസ്ഥ ആരോഗ്യകരമാക്കിത്തരേണമേ... ഇവിടുത്തെ വായുവും വെള്ളവും ഞങ്ങൾക്കനുകൂലമാക്കിത്തരേണമേ...”


കണ്ണീരിന്റെ നനവുള്ള പ്രാർത്ഥന...


മദീനയിൽ ധാന്യം അളക്കാനുപയോഗിക്കുന്ന അളവുപാത്രങ്ങളാണ് മുദ്ദ്, സ്വാഅ് എന്നിവ...


സർവശക്തനായ അല്ലാഹു ﷻ പ്രവാചകരുടെ (ﷺ) പ്രാർത്ഥന കേട്ടു. ഉത്തരം നൽകി. മദീനയിലെ അന്തരീക്ഷം ആകെ മാറി. എല്ലാവരും ഇഷ്ടപ്പെടുന്ന വിധത്തിലായിത്തീർന്നു. ആഹ്ലാദം നിറഞ്ഞ ദിനങ്ങൾ...


നബികുടുംബം ഒത്തുകൂടുന്നു. സഹോദരിമാർ ഒന്നിച്ചു കൂടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഫാത്വിമ(റ), ഉമ്മുകുൽസൂം(റ), റുഖിയ്യ(റ). പ്രിയപ്പെട്ട മാതാവിനെക്കുറിച്ച് അവർ വേദനയോടെ ഓർക്കും...


മക്കത്തെ രാജാത്തിയായിരുന്ന ഖദീജ(റ). ഇസ്ലാംമതത്തിനുവേണ്ടി സർവതും ത്യജിച്ചു. ഉമ്മയെപ്പറ്റി പറഞ്ഞുവരുമ്പോൾ റുഖിയ്യ(റ)ക്കാണു കൂടുതൽ ദുഃഖം. അബ്സീനിയായിൽ ആയിപ്പോയി. എനിക്ക് ഉമ്മയെ കാണാനായില്ല..! - റുഖിയ്യ കരയുന്നു.


ഗർഭിണിയായ റുഖിയ്യയെയും കൊണ്ടു ഭർത്താവ് ഉസ്മാൻ(റ) അബ്സീനിയായിലേക്കു പോയി. മക്കയിലേക്കു മടങ്ങാൻ പറ്റിയില്ല. മർദനത്തിന്റെ കടുപ്പം കാരണം എത്ര പേരാണു മക്ക വിട്ടുപോയത്..!


അബ്സീനിയായിൽ പ്രസവം നടന്നു. കുഞ്ഞു വളർന്നു. ഓടിനടക്കുന്ന പ്രായമായി. അപ്പോഴാണ് അസുഖം വന്നത്. മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു കുട്ടി മരണപ്പെട്ടു. പിന്നെ ദുഃഖത്തിന്റെ നാളുകളായിരുന്നു...


സ്വഹാബികൾ മക്ക വിട്ടുകൊണ്ടിരിക്കുകയാണെന്ന വാർത്ത കിട്ടി. അവസാനം പിതാവും മക്കവിട്ടു എന്നു കേട്ടു. പിന്നെ പിടിച്ചുനിൽക്കാനായില്ല. അബ്സീനിയായിൽ കഴിഞ്ഞുകൂടിയവർ നേരെ മദീനയിലേക്കു പുറപ്പെട്ടു... 



Part : 70


ഉസ്മാൻ(റ)വും ഭാര്യ റുഖിയ്യ(റ)യും മദീനയിലെത്തി. ഫാത്വിമ(റ)യും ഉമ്മുകുൽസൂം(റ)യും ദുഃഖത്തോടെ ആ സംഭവങ്ങൾ കേൾക്കുന്നു. ഉമ്മുകുൽസൂം(റ) മലഞ്ചരിവിലെ അനുഭവങ്ങൾ വിവരിക്കുന്നു.


എല്ലാ ആഢംബരങ്ങളുടെയും മധ്യത്തിൽ ഒരു രാജകുമാരിയെപ്പോലെ വളർന്ന ഉമ്മ മലഞ്ചരിവിൽ കിടന്നു സഹിച്ച

കഷ്ടപ്പാടുകൾ. ആഹാരമില്ലാത്ത ദിവസങ്ങൾ.


മലഞ്ചരിവിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഉമ്മ രോഗിയായി മാറിയിരുന്നു. ആരോഗ്യമെല്ലാം നഷ്ടപ്പെട്ടു. മക്കൾ മരണരംഗം വിവരിക്കുന്നു. കണ്ണീർ തുടക്കുന്നു.


സംസാരത്തിനിടയിൽ അവർ മൂത്ത സഹോദരിയെ ഓർക്കുന്നു - സയ്നബ്(റ).


ഇത്താത്ത മക്കയിൽ തന്നെ കിടന്നു കഷ്ടപ്പെടുകയാണ്. ഇത്താത്തയുടെ ഭർത്താവ് ഇതുവരെ ദീൻ വിശ്വസിച്ചിട്ടില്ല. വിശ്വസിക്കുമെന്നു പ്രതീക്ഷിക്കാം. 


മക്കയിൽ കുടുങ്ങിപ്പോയ മുഹാജിറുകളുടെ ഭാര്യമാരെയും സന്താനങ്ങളെയും ഖുറയ്ശികൾ ഭീഷണിപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്യുന്നുണ്ട്. പലരെയും വഴിയിൽ തടയുന്നു. ഇങ്ങോട്ടു പുറപ്പെട്ടാൽ ഇത്താത്തയെയും തടയും.


ബനുന്നജ്ജാർ വർഗക്കാരുടെ സ്നേഹത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും സഹോദരിമാർ സംസാരിച്ചു. ആഇശ(റ), അസ്മാഅ്(റ) എന്നിവരും അവരുടെ സംഭാഷണത്തിൽ പങ്കെടുക്കാറുണ്ട്.


ബനുന്നജ്ജാർ വംശത്തിലെ ഒരു പ്രമുഖൻ മരണപ്പെട്ടു. എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ മരണം.


അസ്അദ് ബ്നു സുറാറത്തിൽ അൻസ്വാരി(റ). ഇസ്ലാമിനു താങ്ങും തണലുമായി നിന്ന മഹാൻ. അൻസ്വാറുകളും മുഹാജിറുകളും കൂട്ടത്തോടെ വന്നു ചേർന്നു. മയ്യിത്തു സംസ്കരണം നടന്നു.


മയ്യിത്തു സംസ്കരണം എങ്ങനെയാണെന്നു പഠിക്കാൻകൂടി ഈ അവസരം ഉപയോഗപ്പെട്ടു. ദുഃഖഭാരത്തോടെ എല്ലാവരും ഖബറടക്കൽ കർമത്തിൽ പങ്കെടുത്തു. ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്തായ പാഠങ്ങൾ പഠിക്കുകയാണ് എല്ലാവരും. പരേതന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പലരും എത്തി. 


ബർറാഅ് ബ്നു മഅ്മൂർ(റ). മഹാനായ സ്വഹാബിവര്യൻ. അഖബാ ഉടമ്പടിയിൽ പങ്കെടുത്ത ആളാണ്. അഖബയിൽ വച്ചു പ്രന്തണ്ടു പ്രതിനിധികളെ

തിരഞ്ഞെടുത്തപ്പോൾ അവരുടെ കൂട്ടത്തിൽ ബർറാഅ്(റ) ഉണ്ടായിരുന്നു.


ആ സ്വഹാബിവര്യൻ മരണപ്പെട്ടു. മദീനയിൽ ഇസ്ലാമിന്റെ പ്രകാശമെത്തിക്കാൻ ആവേശ പൂർവം രംഗത്തിറങ്ങിയ മഹാൻ. നബി ﷺ തങ്ങൾക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പു നൽകിക്കൊണ്ടു ഹിജ്റക്കു പ്രേരിപ്പിച്ച മഹാപുരുഷൻ.


ഈ രണ്ടു മരണങ്ങളും നബിﷺതങ്ങളെ വളരെയധികം ദുഃഖിപ്പിച്ചു. അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്നു മയ്യിത്തു സംസ്കരണമുറകൾ പൂർത്തിയാക്കി. 


പ്രവാചകനെയും അനുയായികളെയും ക്രൂരമായി ഉപദ്രവിച്ച രണ്ടു ശത്രുക്കൾ മക്കയിൽ മരണപ്പെട്ടതായി വാർത്ത വന്നു. വലീദ് ബ്നു മുഗീറ,

ആസിബ് ബ്നു വാഇലുസ്സഹ് മി.



Part : 71


പ്രവാചകൻ ﷺ പ്രസംഗപീഠത്തിൽ


മദീനയിലെ പള്ളി. അല്ലാഹുﷻവിന്റെ പുണ്യഭവനം. പുണ്യപ്രവാചകനും അനുയായികളും സ്വന്തം കരങ്ങൾ കൊണ്ടു പണിതുയർത്തിയ പള്ളി.


നബി ﷺ നിലത്തുനിന്നുകൊണ്ടാണ് ആദ്യഘട്ടത്തിൽ പ്രസംഗിച്ചിരുന്നത്. കുറേ നാളുകൾക്കു ശേഷം മൂന്നു പടവുകളുള്ള ഒരു പ്രസംഗപീഠം സ്ഥാപിക്കപ്പെട്ടു. ആ പീഠത്തിൽ കയറിനിന്നുകൊണ്ടു പ്രവാചകൻ ﷺ അനുയായികളോടു പ്രസംഗിച്ചു.


മനുഷ്യവംശത്തിനു മുഴുവൻ പ്രകാശം നൽകുന്ന പ്രസംഗങ്ങൾ. അന്ത്യനാൾ വരെ ജീവിക്കുന്നവർ അനുസരിക്കേണ്ട നിർദേശങ്ങൾ. ഇഹലോകത്തെയും പരലോകത്തയും വിജയത്തിനടിസ്ഥാനമായ കാര്യങ്ങളുടെ മനോഹരമായ വിശദീകരണം.


പ്രസംഗ പീഠത്തിൽനിന്നുള്ള ഒന്നാമത്തെ പ്രസംഗം. പള്ളി നിറയെ ഭക്തജനങ്ങൾ, പീഠത്തിൽ കയറിനിന്നാൽ നബിﷺയുടെ മുഖം എല്ലാവർക്കും സൗകര്യമായി കാണാം. പുണ്യപ്രവാചകൻ ﷺ മിമ്പറിൽ കയറി.


എല്ലാവരെയും നോക്കി. ചുണ്ടുകളിൽ മന്ദഹാസം. തെളിഞ്ഞ മുഖം. ആ ദർശനം തന്നെ മനസ്സിനെ ആവേശം കൊള്ളിച്ചു. സലാം ചൊല്ലി.

എല്ലാവരും ഭക്തിയോടെ സലാം മടക്കി.


പ്രസംഗം തുടങ്ങി. മഹുഷ്യമനസ്സിന്റെ ആഴത്തിലേക്കു താഴ്ന്നിറങ്ങുന്ന വാക്കുകൾ... 

“അൽഹംദുലില്ലാഹ് സർവസ്തുതിയും അല്ലാഹുﷻവിനാകുന്നു. ഞാൻ അവനെ സ്തുതിക്കുന്നു. അവനോടു മാപ്പിനപേക്ഷിക്കുന്നു. അല്ലാഹുവേ, എനിക്കു നേർവഴി കാണിച്ചു തരേണമേ... 


ഞാൻ അല്ലാഹുﷻവിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവനെ നിഷേധിക്കുന്നവരെ ഞാൻ വെറുക്കുന്നു. അല്ലാഹു ﷻ അല്ലാതെ ആരാധ്യനില്ല. അവൻ ഏകനാകുന്നു. അവനു പങ്കാളികളായി ഒരാളുമില്ലെന്നും മുഹമ്മദ് (ﷺ) അവന്റെ ദാസനും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യപ്പെടുത്തുന്നു...


ഒരു നീണ്ട കാലയളവു പ്രവാചകന്മാരില്ലാതെ കടന്നുപോയി, മനുഷ്യകുലം ധാർമികമായി അധഃപതിച്ചു. അപ്പോൾ സന്മാർഗത്തിന്റെ സന്ദേശവുമായി അല്ലാഹു ﷻ മുഹമ്മദിനെ (ﷺ) അയച്ചു. അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുന്നവർ സന്മാർഗത്തിലാണ്...


അല്ലാഹുﷻവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവർ നിശ്ചയമായും വഴിപിഴച്ചവരാണ്. അവർ സന്മാർഗത്തിൽ നിന്നും അകലത്തിലാണ്. അല്ലാഹുﷻവിനു കീഴ്പ്പെട്ടു ജീവിക്കണമെന്നു ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നിങ്ങൾ പരസ്പരം ഇക്കാര്യം ഉപദേശിക്കുകയും വേണം.


ഒരു സഹോദരനു മറ്റൊരു സഹോദരനുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം എന്താണ്..? അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കാനുപദേശിക്കുക. പരലോക സ്മരണ ഉണ്ടാക്കുന്ന ഉപദേശം നൽകുക. അല്ലാഹു ﷻ വിലക്കിയ ഒരു കാര്യവും ചെയ്തുപോകരുത് എന്നുപദേശിക്കുക. നന്മ ചെയ്യാൻ പ്രേരിപ്പിക്കുക. തിന്മ വിലക്കുക. ഇതിനേക്കാൾ മെച്ചപ്പെട്ട  ഒരുപദേശമില്ല. ഇതിനേക്കാൾ മെച്ചമായ ഒരു കാര്യം അനുസരിക്കാനില്ല. 


അല്ലാഹുﷻവിന്റെ തൃപ്തി മാത്രം കാംക്ഷിക്കുക. സൽക്കർമ്മങ്ങൾ ചെയ്യുമ്പോൾ മറ്റൊന്നും ലക്ഷ്യമാക്കരുത്. അല്ലാഹുﷻവിന്റെ പ്രീതി ആഗ്രഹിച്ചു സൽകർമ്മങ്ങൾ ചെയ്തവർക്ക്, പരലോകത്ത് അതിന്റെ പ്രതിഫലം പൂർണമായി ലഭിക്കും.


സൽക്കർമ്മങ്ങൾ പ്രവർത്തിക്കുമ്പോൾ അല്ലാഹുﷻവിന്റെ പ്രീതി അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകരുത്. അങ്ങനെ വന്നു പോയാൽ പ്രതിഫലം നഷ്ടപ്പെട്ടുപോകും. ഇതു ഗൗരവത്തോടെ മനസ്സിലാക്കണം.


തന്റെ അടിമകളോട് അതിരറ്റ കാരുണ്യം പ്രകടിപ്പിക്കുന്നവനാണ് അല്ലാഹുﷻ. തന്റെ അടിമകളുടെ സൽക്കർമ്മങ്ങൾക്ക് അവൻ മതിയായ പ്രതിഫലം നൽകും. മനുഷ്യമനസ്സിന്റെ ഉദ്ദേശ്യശുദ്ധി അവൻ നന്നായറിയുന്നു. അല്ലാഹു ﷻ തന്റെ വാഗ്ദാനം നിറവേറ്റുകതന്നെ ചെയ്യും. അവന്റെ വാക്കുകൾക്കു മാറ്റമില്ല.”


കോരിത്തരിപ്പിക്കുന്ന പ്രസംഗത്തിന് ഒരു പ്രാർത്ഥനയോടെ അന്ത്യം. ശ്രോതാക്കളെ വല്ലാതെ ആകർഷിച്ച വാക്കുകൾ. അവർ ആവേശഭരിതരായി. സൽക്കർമ്മങ്ങൾ വർധിപ്പിക്കുമെന്ന് അവർ പ്രതിജ്ഞയെടുക്കുന്നു.

അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി സൽക്കർമ്മങ്ങൾ വർധിപ്പിക്കുക. പരലോക വിജയം കൈവരിക്കുക. അതിനായി പ്രയത്നിക്കുക. അതിനുള്ള ശക്തമായ പ്രേരണ പ്രവാചകന്റെ (ﷺ) പ്രസംഗത്തിൽനിന്നു ലഭിച്ചിരിക്കുന്നു. അല്ലാഹുﷻവിനു സ്തുതി. അൽഹംദുലില്ലാഹ്.



Part : 72


നോമ്പും പെരുന്നാളും 


മസ്ജിദുന്നബവി സ്ഥാപിച്ചപ്പോൾ മസ്ജിദുൽ അഖ്സാ ഖിബ്ലയാക്കിയാണു നിർമിച്ചത്. ജൂതന്മാർക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.


പല കാര്യങ്ങളിലും അവർക്കെതിർപ്പുണ്ടായിരുന്നു. ഇസ്ലാമിന്റെ വളർച്ച അവർ ഒട്ടും ഇഷ്ടപ്പെട്ടില്ല. എങ്കിലും ഖിബ്ലയുടെ കാര്യത്തിൽ സന്തോഷമായി.


മക്കയിലെ കഅ്ബാശരീഫ് ഖിബ്ലയായി കിട്ടിയാൽ കൊള്ളാമെന്നു നബിﷺയുടെ ആഗ്രഹം.


മദീനയിൽ പതിനാറു മാസത്തോളം മസ്ജിദുൽ അഖ്സയിലേക്കു തിരിഞ്ഞുനിന്നാണു നിസ്കരിച്ചത്. ഹിജ്റയുടെ രണ്ടാം വർഷം ഖിബ്ല മാറ്റിക്കൊണ്ടു വഹ് യ് ഇറങ്ങി...


മക്കയിലെ കഅ്ബയ്ക്കു നേരെ തിരിഞ്ഞുനിന്നു നിസ്കരിക്കുക. ഈ കല്പന ജൂതന്മാരെ വല്ലാതെ ചൊടിപ്പിച്ചു. അവരുടെ ശത്രുത വർധിച്ചു.


റമളാനിലെ നോമ്പ് നിർബന്ധമാക്കിയതും ഇതേ വർഷത്തിലാണ്. നബിﷺതങ്ങൾ എല്ലാ മാസത്തിലും മൂന്നു നോമ്പു നോൽക്കുമായിരുന്നു. ഇപ്പോൾ ഒരു മാസത്തെ നോമ്പ് നിർബന്ധമായി.


പണക്കാരനും ദരിദ്രനുമൊക്കെ നോമ്പെടുക്കണം. നോമ്പിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങൾ സൂക്ഷിക്കണം. വിശപ്പിന്റെ കാഠിന്യമറിയാൻ നോമ്പ് മനുഷ്യനെ സഹായിക്കുന്നു. അന്നപാനീയങ്ങളും ദുഷ്പ്രവൃത്തികളുമില്ലാതെ നോമ്പെടുക്കാൻ മുസ്ലിംകൾ സന്നദ്ധരായി.


ഫിത്വർ സകാത് നിർബന്ധമാക്കിയതും ഈ വർഷം തന്നെയാണ്. നോമ്പിന്റെ പര്യവസാനം കുറിച്ചുകൊണ്ടു പെരുന്നാൾ വരുന്നു. അന്ന് ആരും പട്ടിണി കിടക്കാൻ പാടില്ല. അതിനു വേണ്ടി ആഹാരം ദാനം ചെയ്യണം.


ഓരോ വ്യക്തിക്കുവേണ്ടിയും ഓരോ സ്വാഅ് ധാന്യം ഫിത്വർ സകാതായി നിശ്ചയിക്കപ്പെട്ടു. ഓരോ പ്രദേശത്തും മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണു സകാതായി കൊടുക്കേണ്ടത്. ഇതേ വർഷംതന്നെ ധനത്തിന്റെ സകാതു നിർബന്ധമായി.


അറബികൾക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ് സകാത്. മൃഗങ്ങൾക്കു സകാതുണ്ട്. കാർഷിക വിളകൾക്കും. കച്ചവടച്ചരക്കുകൾക്കും സ്വർണത്തിനും വെള്ളിക്കുമുണ്ട് സകാത്. 


സമ്പന്നന്റെ സ്വത്തിൽ പാവങ്ങൾക്കുള്ള അവകാശമാണ് സകാതെന്നു നബി ﷺ പ്രഖ്യാപിച്ചു. സകാതിന്റെ അവകാശികളെ ഖുർആൻ എണ്ണിപ്പറഞ്ഞിട്ടുണ്ട്. 


സകാതും ഫിത്വർ സകാതും റമളാനിലെ നോമ്പും നിർബന്ധമാക്കപ്പെട്ട അതേവർഷം തന്നെ രണ്ടു പെരുന്നാളുകളും ആഘോഷ ദിവസങ്ങളായി നിശ്ചയിക്കപ്പെട്ടു. ഈദുൽ ഫിത്വർ, ഈദുൽ അള്ഹാ.


റമളാൻ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽ ഫിത്വർ കടന്നുവരുന്നു. എല്ലാവരും അന്നു പുതുവസ്ത്രങ്ങൾ ധരിച്ചു സുഗന്ധദ്രവ്യങ്ങൾ പൂശി വയറുനിറയെ ആഹാരം കഴിച്ച് പെരുന്നാളാഘോഷിക്കുന്നു.


പെരുന്നാൾ നിസ്കാരവും ഖുതുബയും സുന്നത്താക്കി. ദാനധർമങ്ങളും ആരാധനാകർമങ്ങളും കൂടുതൽ ചെയ്യേണ്ട ദിനങ്ങൾ. ആരാധനകൊണ്ട് ആഘോഷം...



Part : 73


വലിയൊരു ത്യാഗത്തിന്റെ സ്മരണയുമായി ഈദുൽ അള്ഹാ കടന്നുവരുന്നു. അല്ലാഹുﷻവിന്റെ വലിയ പരീക്ഷണം. സ്വന്തം പുത്രനെ അറുക്കാൻ കൽപിക്കപ്പെടുക. ആ കൽപനയാണ് ഇബ്റാഹീം നബി(അ)നു സ്വീകരിക്കേണ്ടതായി വന്നത്. പിതാവ് പുത്രനെ അറുക്കാൻ സന്നദ്ധനായി..!


പരീക്ഷണത്തിൽ പിതാവിനു ജയം.


ഒരാടിനെ പകരം നൽകി. അതിനെ ബലിയറുത്തു. അതിന്റെ ഓർമ നിലനിറുത്തുന്ന ഈദുൽ അള്ഹാ. സത്യവിശ്വാസികൾ അന്നു മൃഗങ്ങളെ ബലിയറുക്കുന്നു...


ഇതേ വർഷത്തിലാണ് ആഇശ(റ)യെ നബിﷺയുടെ വീട്ടിലേക്കു കൊണ്ടുവന്നതും അവരുടെ ദാമ്പത്യ ജീവിതം ആരംഭിച്ചതും...


ഈ വർഷം നടന്ന മറ്റൊരു സുപ്രധാന സംഭവം പറയാം. നബി ﷺ തങ്ങളുടെയും ഖദീജ(റ)യുടെയും ഓമന മകളാണു ഫാത്വിമ(റ). മാതാപിതാക്കൾ ഓമനിച്ചു വളർത്തിയ കുട്ടി. ഖദീജ(റ) മരണപ്പെട്ടപ്പോൾ ഫാത്വിമ(റ) വല്ലാതെ ദുഃഖിച്ചു... 


നബി ﷺ തങ്ങളുടെ തനിപ്പകർപ്പ്. നടത്തംവരെ അതുപോലെ. ബുദ്ധിമതിയാണ്. കവിത രചിക്കാനും ചൊല്ലാനുമറിയാം. ഇപ്പോൾ ഫാത്വിമ(റ)ക്കു വയസ്സു പതിനഞ്ച്. ഫാത്വിമാ ബീവിക്കു വിവാഹം നിശ്ചയിച്ചു. ആരാണ് പുതിയാപ്പിള..? അബൂ ത്വാലിബിന്റെ മകൻ അലി(റ). ഇതിൽപരം ഒരു സൗഭാഗ്യം വേറെയുണ്ടോ..?


ലോകാനുഗ്രഹിയായ പ്രവാചകരുടെ (ﷺ) പൊന്നോമന മകളെ ജീവിത പങ്കാളിയാക്കാനുള്ള മഹാഭാഗ്യമാണ് അലി(റ)വിനു കൈവന്നത്.


ചരിത്രത്താളുകളിൽ മിന്നിത്തിളങ്ങിനിൽക്കുന്ന പൊന്നോമന മകളാണു ഫാത്വിമ(റ). ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ ഓമനിച്ചും ലാളിച്ചും വളർത്തിയ കുട്ടി. പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സനേഹവും. അങ്ങനെയുള്ള പെൺകുട്ടിയെ തനിക്കിണയാക്കിത്തരാൻ നിശ്ചയിച്ചിരിക്കുന്നു...


നബിﷺതങ്ങളുടെയും ഖദീജ(റ)യുടെയും സംരക്ഷണത്തിൽ വളർന്ന അലി(റ)വിന് ആ മാതാപിതാക്കൾ ഫാത്വിമ(റ)ക്കു നൽകിയ സ്നേഹവാത്സല്യങ്ങളുടെ അളവു വലുതാണെന്നറിയാം.


അത്രയും വർധിച്ച അളവിൽ ഫാത്വിമ(റ)ക്കു സ്നേഹം നൽകാൻ തന്നെക്കൊണ്ടു കഴിയുമോ..? അലി(റ)വിന് ആശങ്ക തോന്നി. തന്റെ പരുക്കൻ ജീവിതം മണവാട്ടിക്ക് ഇഷ്ടപ്പെടുമോ..? നല്ല ഭക്ഷണം നൽകാൻ തന്നെക്കൊണ്ടാകുമോ..? നല്ല വസ്ത്രം നൽകാനാകുമോ..? നേരത്തിനു ഭക്ഷണം നൽകാൻ തനിക്കാകുമോ..? നല്ലൊരു ഉറക്കറ സമ്മാനിക്കാൻ പോലും തനിക്കു വകയില്ലല്ലോ...?


ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അലി(റ)നെ അനുഗ്രഹിച്ചു.

കൈവശം യാതൊന്നുമില്ല. അവസ്ഥ റസൂൽ ﷺ തങ്ങൾക്കറിയാം.

ഫാത്വിമക്കറിയാമോ..? അലി(റ)വിന്റെ മനസ്സു നീറിപ്പുകഞ്ഞു. ലളിതമായ രീതിയിൽ ആ വിവാഹം നടന്നു...


പ്രിയപുത്രിയെ ഇണയാക്കി തുണയാക്കി നികാഹു ചെയ്തു കൊടുത്തു. ഫാത്വിമ(റ) അലി(റ)വിന്റെ ജീവിതത്തിലേക്കു കടന്നുവന്നു. കുലീനയായ വിരുന്നുകാരി...


ധീരനും ബുദ്ധിമാനും കവിയും മഹാപണ്ഡിതനുമായ അലി(റ)വിനെ ഭർത്താവായിക്കിട്ടിയതിൽ ഫാത്വിമ(റ) സന്തോഷവതിയായിരുന്നു...


പ്രിയപ്പെട്ടവളെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി അലി(റ) കവിതകൾ ചൊല്ലും. ചിലപ്പോൾ കളിയാക്കാൻ വേണ്ടിയും. ഭാര്യയും വിട്ടുകൊടുക്കില്ല. അതേ നാണയത്തിൽ തിരിച്ചടിക്കും. പാട്ടിനു പാട്ടുതന്നെ. ആഹ്ലാദവും ആനന്ദവും നിറഞ്ഞ ജീവിതം. ഒപ്പം പരുക്കൻ ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളും...



Part : 74


ഞാൻ വിറക് ശേഖരിക്കാം


നബിﷺതങ്ങളും ഏതാനും അനുയായികളും കൂടി ഒരു യാത്രയിലാണ്. മരുഭൂമിയിലൂടെ അൽപം ദീർഘമായ യാത്ര. ഒട്ടകപ്പുറത്താണു യാത്ര ചെയ്യുക. ഭക്ഷണത്തിനു വക കയ്യിൽ കരുതണം. ഇന്നത്തെപ്പോലെ ഹോട്ടലുകളൊന്നും അക്കാലത്തില്ല. എവിടെയെങ്കിലും താമസിക്കണമെങ്കിൽ തമ്പു കെട്ടാനുള്ള സാധനങ്ങളും കരുതണം.


യാത്രക്കാർ പുറപ്പെട്ടു. മരുഭൂമിയിലൂടെ ഏറെദൂരം പോയി. പിന്നെ, ഒരിടത്തു വിശ്രമിക്കാനായി യാത്ര നിറുത്തി. എല്ലാവർക്കും നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കണം. ഭക്ഷണം പാകപ്പെടുത്തണം. അപ്പോൾ നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “നമുക്ക് ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കാം...” 


സഹയാത്രക്കാർ പ്രവാചകരുടെ (ﷺ) നിർദേശമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറെടുത്തു.  ഒരാൾ പറഞ്ഞു: “ഞാൻ ആടിനെ അറുക്കാം.”


അതു കേട്ടപ്പോൾ മറ്റൊരാൾ പറഞ്ഞു: “ഞാൻ ആടിനെ തോലു പൊളിക്കാം...”


ഉടനെ മറ്റൊരാൾ പറഞ്ഞു: “ഞാൻ ഇറച്ചി പാകം ചെയ്യാം.”


മൂന്നുപേരുടെയും സംസാരം ശ്രദ്ധിച്ച് നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: “ഞാൻ വിറകു ശേഖരിക്കാം.”


അതു കേട്ടപ്പോൾ അനുയായികൾക്കു വലിയ അതിശയം. പ്രവാചകൻ (ﷺ) വിറകു ശേഖരിക്കുകയോ..? തങ്ങളെപ്പോലെ ജോലി ചെയ്യുകയോ..? നബി ﷺ തങ്ങൾ അതു ചെയ്യാൻ പാടില്ല.


സ്വഹാബികൾ ഏകസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “അങ്ങ് ഇവിടെ ഇരുന്നാൽ മതി. ഞങ്ങൾ വിറകു ശേഖരിച്ചുകൊള്ളാം. ബുദ്ധിമുട്ടരുത്.”


നബി ﷺ തങ്ങളുടെ മറുപടി ഇതായിരുന്നു: “നിങ്ങളുടെ കൂടെ എന്തെങ്കിലും ചെയ്യാതെ വേർതിരിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല.”


ഈ സംഭവത്തിൽ നിന്നു നാം മഹത്തായൊരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. അനുയായികൾ വേല ചെയ്യുക. നേതാവു സുഖമായിരുന്നു ഭക്ഷണം കഴിക്കുക. പലയിടത്തും കാണാൻ കഴിയുന്ന കാഴ്ചയാണിത്.


നബിﷺതങ്ങൾ അങ്ങനെയുള്ള നേതാവല്ല. അനുയായികളോടൊപ്പം ജോലി ചെയ്യാൻ താൽപര്യം കാണിച്ച നേതാവാണ്. പ്രവാചകൻ (ﷺ) മാതൃകാപുരുഷനാണ്. എല്ലാവർക്കും മാതൃകയാണ്. നേതാക്കൾക്കു പ്രത്യേകിച്ചും.


മരുഭൂമിയിലെ യാത്രക്കിടയിൽ ഒരാടിനെ അറുത്തു ഭക്ഷണമുണ്ടാക്കുന്നത് ഒരു നിസ്സാര കാര്യം. അക്കാര്യത്തിൽ പോലും നബി ﷺ തങ്ങൾ അനുയായികളോടൊപ്പം ജോലി പങ്കിടാൻ സന്നദ്ധനായി.


വളരെ ക്ഷമയോടുകൂടി ജോലി ചെയ്യുന്ന നേതാവായിരുന്നു നബി ﷺ തങ്ങൾ.


പ്രമുഖ സ്വഹാബിവര്യനായ അനസ്(റ) പറഞ്ഞ വാക്കുകൾ വളരെ പ്രസിദ്ധമാണ്. ആ സ്വഹാബിവര്യൻ പത്തു വർഷത്തോളം നബി ﷺ തങ്ങളുടെ പരിചാരകനായിരുന്നു. അത്രയും കാലത്തെ അനുഭവങ്ങൾ വച്ചുകൊണ്ടാണ് അനസ് (റ) സംസാരിക്കുന്നത്. സുഖവും ദുഃഖവും മാറിമാറി വന്നിരുന്നു. ഉൽകണ്ഠയും പ്രതീക്ഷയും ഭീതിയും പ്രത്യാശയും മാറി മാറി വന്ന കാലമായിരുന്നു.


ഏതൊരു മനുഷ്യന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങൾ വരാം. എന്നാൽ നബി ﷺ തങ്ങളുടെ പെരുമാറ്റം ഏതു സാഹചര്യത്തിലും മാതൃകാപരമായിരുന്നു. 


അനസ് (റ) പറയുന്നു: “ഞാൻ പത്തു കൊല്ലക്കാലം നബി ﷺ തങ്ങൾക്കു ശുശ്രൂഷകൾ ചെയ്തു. ഇക്കാലത്തിനിടയിൽ നബി ﷺ തങ്ങൾ എന്നോടു 'ഛെ' എന്നു പറഞ്ഞിട്ടില്ല. ദേഷ്യം പിടിക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ ചെയ്തിട്ടില്ല.”


നോക്കൂ, സദ്സ്വഭാവത്തിന്റെ ഏറ്റവും നല്ല മാതൃക. പ്രവാചകനിൽ (ﷺ) നിന്നു കണ്ടുപഠിക്കുക. നീ എന്തിനതു ചെയ്തു എന്നു ചോദിച്ചില്ല. എന്തുകൊണ്ടതു ചെയ്തില്ല എന്നും ചോദിച്ചില്ല.


പ്രവാചകരോട് (ﷺ) ആരെങ്കിലും കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്താൽ അതു ക്ഷമിക്കും. മറ്റുള്ളവരോടു കോപിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്യുകയുമില്ല.



Part : 75


ചില തന്ത്രങ്ങൾ 


ഇസ്ലാം വാളുകൊണ്ടു പ്രചരിപ്പിക്കപ്പെട്ടു എന്നു ചിലർ പറയാറുണ്ട്. ചരിത്രം വേണ്ടതുപോലെ പഠിക്കാത്തവരാണ് അങ്ങനെ പറയുക...


നബിﷺതങ്ങളും അനുയായികളും മദീനയിൽ എത്തുന്നതുവരെയുള്ള ചരിത്രം നിങ്ങൾ മനസ്സിലാക്കിയല്ലോ..?


പിറന്ന നാടിനോടു യാത്ര പറയേണ്ടതായി വന്നു. എന്തുമാത്രം മർദ്ദനം സഹിച്ചു. അവർ സഹിക്കുക മാത്രമേ ചെയ്തുള്ളൂ. തിരിച്ചൊന്നും ചെയ്തില്ല. മർദനത്തിനിടയിൽ എത്ര പേർ കൊല്ലപ്പെട്ടു. മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികാര നടപടിയും ഉണ്ടായില്ല.


മർദ്ദനം സഹിക്കവയ്യാതായപ്പോൾ ചിലർ നബി ﷺ തങ്ങളോടു സങ്കടം പറഞ്ഞു: "അല്ലാഹുﷻവിന്റെ റസൂലേ, ഈ മർദനം സഹിക്കാൻ കഴിയുന്നില്ല...”


അവരോടു പ്രവാചകൻ ﷺ എന്താണു മറുപടി പറഞ്ഞത്..? “പൂർവകാല പ്രവാചകന്മാരും അവരുടെ അനുയായികളും ഇതിനേക്കാൾ വലിയ പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട്...”


വീണ്ടും ക്ഷമിക്കാനാണ് ഉപദേശിച്ചത്. ക്ഷമാശീലർക്കാണു സ്വർഗം. സഹിക്കുക, സഹനത്തെ പ്രോത്സാഹിപ്പിക്കുക തിരിച്ചടിക്കാൻ പറഞ്ഞില്ല. നാട്ടിൽ താമസിക്കാനാവാത്ത അവസ്ഥ വന്നപ്പോൾ അന്യ നാട്ടിലേക്കു പോകാൻ പറഞ്ഞു...


ബഹിഷ്കരണം നടത്തിയപ്പോൾ ക്ഷമാപൂർവം മലഞ്ചെരുവിലേക്കു പോയി. മൂന്നു വർഷക്കാലം അവിടെ കിടന്നു സഹിച്ചു. ആഹാരവും പാനീയവുമില്ലാത്ത, ദുരിതം നിറഞ്ഞ മൂന്നുവർഷങ്ങൾ.


ഇതിനിടയിൽ ഇസ്ലാം പ്രചരിച്ചുകൊണ്ടിരുന്നു. എങ്ങനെ പ്രചരിച്ചു..? ശാന്തതകൊണ്ട് പ്രചരിച്ചു. സഹനംകൊണ്ടും ക്ഷമകൊണ്ടും

പ്രചരിച്ചു; വാളുകൊണ്ടല്ല...


പ്രിയപ്പെട്ട മക്കാപട്ടണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു സ്വഹാബികൾ. സ്വഹാബികളുടെ ഭാര്യമാരെ ഖുറയ്ശികൾ തടഞ്ഞുവച്ചു. മക്കളെ തടഞ്ഞുവച്ചു. ക്രൂരമായി മർദിച്ചു. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. അപ്പോഴും ക്ഷമിച്ചു, സഹിച്ചു...


മദീനയിലെത്തിയ മുസ്ലിംകളെ ഖുറയ്ശികൾ വെറുതെ വിടാൻ തയ്യാറില്ല. ഇസ്ലാംമതം സ്വീകരിക്കാത്ത ഗോത്രങ്ങളുമായി സന്ധിയിലേർപ്പെടാനും മുസ്ലിംകളെ തകർക്കാനുമായിരുന്നു ഖുറയ്ശികളുടെ ശ്രമം. ഇസ്ലാമിന്റെ നിലനിൽപിനു തന്നെ ഇത് ഭീഷണിയായി... 


മദീനയിലെ ജൂതന്മാരുമായി സന്ധിയുണ്ടാക്കാനും അവരുടെ

സഹായത്തോടെ ഇസ്ലാമിനെ തകർക്കാനും ഖുറയ്ശികൾ ശ്രമിച്ചു. മദീനയിലെ മുസ്ലിംകളുടെ നിലനിൽപുതന്നെ അപകടത്തിലായി...


മദീനയിൽ കുറേ മുനാഫിഖുകൾ (കപടവിശ്വാസികൾ) ഉണ്ടായിരുന്നു. നബി ﷺ തങ്ങളുടെ സമീപത്ത് എത്തുമ്പോൾ തങ്ങൾ മുസ്ലിംകളാണെന്നു പറയും. ശത്രുക്കളുടെ സമീപത്തു ചെല്ലുമ്പോൾ അവരുടെ കൂടെയാണെന്നു പറയും.


അവർക്കു വിശ്വാസമില്ല. തക്കം കിട്ടിയാൽ അവർ പ്രവാചകനെ (ﷺ) വഞ്ചിക്കും. ഇത്തരം കപടവിശ്വാസികളെ കൂട്ടുപിടിക്കാൻ ഖുറയ്ശികൾ ശ്രമിച്ചു...




മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts