മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 6 | Prophet Muhammed (s) History in Malayalam 6

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 6 | Prophet Muhammed (s) History in Malayalam 6

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 6

Part : 126

ആയിഷാ (റ) 


സൗദ (റ)യും ആഇശ (റ)യും സപത്നിമാരായിരുന്നു. പ്രസിദ്ധമായ മസ്ജിദുന്നബവിയോടു ചേർന്നുള്ള മുറികൾ, ആ മുറികളിൽ അവർ താമസിച്ചു. പരസ്പരം സ്നേഹിച്ചു. സഹകരിച്ചു...


സൗദ (റ)ക്കു പ്രായം ഏറെയായിരുന്നു. ആഇശ (റ)തീരെ ചെറുപ്പം. വിദ്യാർത്ഥിനിയുടെ പ്രായം. ഓടിച്ചാടിക്കളിക്കുന്ന പ്രായം...


പള്ളിയിൽ നടക്കുന്ന ക്ലാസുകൾ വീട്ടിലിരുന്നാൽ കേൾക്കാം. കേട്ടുപഠിച്ചു. സംശയങ്ങൾ ചോദിക്കും. പഠിച്ചു പഠിച്ചു പണ്ഡിതയായി. അറിവിന്റെ സമുദ്രം. സൗന്ദര്യത്തിലും ബുദ്ധിശക്തിയിലും മുൻപന്തിയിൽ... 


നബിﷺതങ്ങളുടെ ജീവിതം പഠിച്ചു. ലോകത്തിന് അതു വിവരിച്ചു കൊടുത്തു. അങ്ങനെ പ്രവാചകരുടെ വിശദമായ ചരിത്രമുണ്ടായി...


അബൂബക്കർ സിദ്ദീഖ് (റ)പിതാവ്. ഉമ്മുറൂമാൻ മാതാവ്. ഉഹ്ദ് യുദ്ധം കിടിലം കൊള്ളിക്കുന്ന ഓർമയാണ്. ആദ്യഘട്ടം മുസ്ലിംകൾക്കു വിജയം. ശത്രുക്കൾ ഓടിപ്പോയി. മലമുകളിൽ നിർത്തിയ യോദ്ധാക്കൾ സ്ഥലംവിട്ടു. സ്ഥലം വിടരുത് എന്നായിരുന്നു പ്രവാചക കൽപന. ശത്രുക്കൾ മല കീഴടക്കി. യുദ്ധം വീണ്ടും തുടങ്ങി. ഓർക്കാപ്പുറത്തു യുദ്ധം. നിരവധി പേർ വധിക്കപ്പെട്ടു. മുറിവേറ്റവർ അനേകം...


പ്രവാചകനും (ﷺ) പരിക്കുപറ്റി. മുറിവേറ്റ് അവശരായി വീണവർ വെള്ളത്തിനു കേഴുന്നു. ഒരു പെൺകുട്ടി വെള്ളം നിറച്ച പാത്രവുമായി വെപ്രാളത്തോടെ അവർക്കിടയിലൂടെ ഓടിനടക്കുന്നതു കാണാം. രക്തത്തിൽ കുളിച്ച മനുഷ്യരുടെ വായിലേക്കു വെള്ളം ഒഴിച്ചുകൊടുക്കുന്നു. വെപ്രാളത്തിൽ കരയുന്നുമുണ്ട്. ആരാണ് ആ പെൺകുട്ടി..?  ആഇശ (റ)...


ആ പെൺകുട്ടിക്കെതിരെ കപടവിശ്വാസികൾ പടച്ചുവിട്ട അപവാദത്തിന്റെ കഥ അറിയാമല്ലോ.. നബിﷺതങ്ങളെ അഗാധമായി സ്നേഹിച്ചു. അവസാന രോഗം വന്നപ്പോൾ തന്റെ വീട്ടിൽ താമസിച്ചു. നബിﷺതങ്ങൾ വഫാതാകുമ്പോൾ ആഇശ (റ) ക്കു പതിനെട്ടു വയസ്സു പ്രായം...


പിന്നെയും അവർ നീണ്ട കാലം ജീവിച്ചു. വിധവയായി. നാലു ഖലീഫമാരുടെ ഭരണം നേരിൽ കണ്ടു.  നബിﷺതങ്ങൾ വഫാതായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ വന്ദ്യപിതാവും മരണപ്പെട്ടു...


ഭർത്താവും ബാപ്പയും അന്ത്യവിശ്രമം കണ്ടെത്തിയത് ആഇശ (റ)യുടെ മുറിയിൽ. പിന്നീട് ഉമർ (റ)കൂടി അവിടെ ഖബറടക്കപ്പെട്ടു. ഉസ്മാൻ (റ)വിനെ ശത്രുക്കൾ വധിച്ചു. അലി (റ) ഖലീഫയായി...


കലങ്ങി മറിഞ്ഞ അന്തരീക്ഷം. ആ കാലഘട്ടം സാഹസപ്പെട്ടു തരണം ചെയ്തു. എന്തെല്ലാം സംഭവങ്ങൾ. ഹിജ്റ 58, റമളാൻ 17.


റമളാൻ മാസത്തെ അതിരറ്റു സ്നേഹിച്ച ആഇശ (റ) ആ മാസത്തിൽ ഇഹലോകവാസം വെടിഞ്ഞു. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. രാത്രിയിലായിരുന്നു ഖബറടക്കൽ കർമ്മം...



Part : 127


ഹഫ്സ (റ)


ഉമർ ബ്നുൽ ഖത്താബ് (റ)വിന്റെ മകളാണു ഹഫ്സ (റ). 


ഹഫ്സ (റ)യുടെ മാതാവ് സയ്നബ് ബിൻത് മള്ഊൻ.  ഖുറൈശികൾ കഹ്ബ പുതുക്കിപ്പണിയുന്ന കാലത്താണ് ഹഫ്സയുടെ ജനനം...


ഉമർ (റ)ഇസ്ലാം സ്വീകരിച്ചു വീട്ടിലെത്തി. വീട്ടുകാരോട് ഇസ്ലാമിന്റെ മഹത്വങ്ങൾ വിവരിച്ചു. കുടുംബാംഗങ്ങൾ ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടു. അവർ സത്യസാക്ഷ്യം വഹിച്ചു. ഹഫ്സയും മുസ്ലിമായി...


ഖുനയ്സ് ബ്നു ഹുദാഫ (റ) സൽഗുണസമ്പന്നനായ ചെറുപ്പക്കാരൻ. ഇസ്ലാം ദീൻ സ്വീകരിച്ചു. കഷ്ടപ്പാടുകൾ സഹിച്ചു. ഈ ചെറുപ്പക്കാരൻ ഹഫ്സയുടെ ഭർത്താവായി. അവർക്കു സന്താനങ്ങളൊന്നുമുണ്ടായില്ല. ബദർ യുദ്ധത്തിൽ ഖുനയ്സ് വീരയോദ്ധാവായിരുന്നു. മാരകമായി മുറിവുപറ്റി. മദീനയിലെത്തിയപ്പോൾ മരണപ്പെട്ടു... 


ഹഫ്സ (റ)യുടെ വൈധവ്യം എല്ലാവരെയും വിഷമിപ്പിച്ചു. മകളുടെ ദുഃഖം ഉമർ (റ)വിനു സഹിക്കാനാവുന്നില്ല. പ്രവാചകനെ (ﷺ) സമീപിച്ചു സംസാരിച്ചു. ഉസ്മാൻ (റ)വിന്റെ ഭാര്യ റുഖിയ്യ (റ) മരണപ്പെട്ടുപോയിരുന്നു. ഉസ്മാൻ (റ) വിനെ ഹഫ്സയുടെ ഭർത്താവായിക്കിട്ടുമോ..? ഉൽക്കണ്ഠ നിറഞ്ഞ ചോദ്യം...


ഹഫ്സക്ക് ഉസ്മാനെക്കാൾ നല്ല ഭർത്താവ്. ഉസ്മാന് ഹഫ്സയെക്കാൾ നല്ല ഭാര്യ അതാണ് എന്റെ ലക്ഷ്യം. നബി ﷺ തങ്ങളുടെ വാക്കുകൾ ഉമർ (റ) ആശ്വാസം കണ്ടെത്തി. നബി ﷺ ഹഫ്സയെ വിവാഹം ചെയ്തു. ഉമ്മു കുൽസൂമിനെ ഉസ്മാൻ (റ) വിനു വിവാഹം ചെയ്തു കൊടുത്തു. എല്ലാവർക്കും ആശ്വാസം. സന്തോഷം. 


അബൂബക്കർ (റ)വും ഉമർ (റ)വും അടുത്ത കൂട്ടുകാർ. ഉപ്പമാരുടെ സ്നേഹം മക്കളിലേക്കു പടർന്നു. ആഇശ (റ)യും ഹഫ്സ (റ)യും സ്നേഹിതകൾ. സപത്നിമാരും...


ഇബാദത്തുകളിലും ദാനധർമങ്ങളിലും മുന്നിലാണവർ. ഹഫ്സ (റ) ബുദ്ധിമതിയാണ്. പണ്ഡിതയുമാണ്. ചെറുപ്പക്കാരി. വിജ്ഞാനത്തെ ഏറെ സ്നേഹിച്ചു. എഴുത്തും വായനയും പഠിച്ചിട്ടുണ്ട്. അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ വലിയ ആവേശമായിരുന്നു. വലിയ ശിഷ്യസമൂഹമുണ്ടായി. വിശുദ്ധ ഖുർആനുമായി നല്ല ബന്ധം. നിരന്തരമായി ഓതിക്കൊണ്ടിരുന്നു. അങ്ങനെ ഖുർആൻ കാണാതെ ഓതാൻ പഠിച്ചു.


ഒന്നാം ഖലീഫയുടെ കാലത്ത് ഖുർആൻ ഗ്രന്ഥരൂപത്തിലായി. രണ്ടാം ഖലീഫയായി വന്നതു ഹഫ്സ (റ) യുടെ പിതാവ്. വിശുദ്ധ ഖുർആന്റെ ആദ്യ പതിപ്പ് സൂക്ഷിച്ചത് ഹഫ്സ (റ)ആയിരുന്നു. 


ഉസ്മാൻ (റ)വിന്റെ കാലത്ത് ആ പതിപ്പ് നോക്കി പകർപ്പുകളെടുത്തു. അതു ഹഫ്സ (റ)ക്കു തന്നെ തിരിച്ചു നൽകി. അവരതു ഭദ്രമായി സൂക്ഷിച്ചു. അവരുടെ മരണശേഷം അബ്ദുല്ലാഹിബ്നു ഉമർ (റ)സൂക്ഷിച്ചു. ഹിജ്റ 45വരെ അവർ ജീവിച്ചു. പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി. 


മുആവിയായുടെ ഭരണകാലത്താണ് അവർ വഫാതായത്. അറുപത്തിമൂന്നാമത്തെ വയസിൽ. അന്നത്തെ മദീനാ ഗവർണർ മർവാൻ ആയിരുന്നു. മർവാൻ അവരുടെ മയ്യിത്തു കട്ടിൽ ചുമന്നവരിൽ ഒരാളായിരുന്നു. ജന്നത്തുൽ ബഖീഇൽ ഖബറടക്കി. അവരിൽനിന്നു ഹദീസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.



Part : 128


സൈനബ് ബിൻത് ഖുസൈമ (റ)


അവരുടെ സ്ഥാനപ്പേര് ഉമ്മുൽ മസാകീൻ. നുബുവ്വത്തിനു പതിനാലു വർഷം മുമ്പു ജനനം. ഹിലാൽ ഗോത്രത്തിന്റെ ഓമനപുത്രി. പിതാവ് ഖുയസ്മ ബ്നു ഹാരിസ്. മാതാവ് ഹിന്ദ് ബിൻത് ഔഫ്. 


അബ്ദുല്ലാഹി ബ്നു ജഹ്ശി (റ). ധീരനായ സ്വഹാബിവര്യൻ അദ്ദേഹമായിരുന്നു സയ്നബിന്റെ ഭർത്താവ്. ഉഹ്ദ് യുദ്ധത്തിലേക്കു മുസ്ലിം സൈന്യം നീങ്ങുമ്പോൾ അബ്ദുല്ലാഹിബ്നു ജഹ്ശി (റ) കൂട്ടത്തിലുണ്ട്. ധീരമായി പോരാടി ഉഹ്ദിൽ ശഹീദായി. സയ്നബ് വിധവയായി. കഠിനമായ ദുഃഖം ദാരിദ്ര്യം. അഭയം നഷ്ടപ്പെട്ട വിധവ... 


പ്രവാചകൻ ﷺ അവരുടെ ദയനീയാവസ്ഥ പരിഗണിച്ചു. സൈനബിനെ വിവാഹം ചെയ്തു. പാവപ്പെട്ടവരെ കണ്ടാൽ മനസ്സലിയും. ഉള്ളതെല്ലാം കൊടുക്കും. ഈ ശീലം അവർക്കൊരു സ്ഥാനപ്പേരു നേടിക്കൊടുത്തു. "ഉമ്മുൽ മസാകീൻ" (ദരിദ്രരുടെ മാതാവ്)...


വിശ്വാസികളുടെ മാതാവ് പിന്നീട് ഏറെ നാൾ ജീവിച്ചില്ല. നബി ﷺ തങ്ങളുടെ ഭാര്യയായി കൂടുതൽ വൈകാതെ വഫാത്തായി...


ഹിജ്റ മൂന്നാം കൊല്ലത്തിൽ മരണപ്പെടുമ്പോൾ വയസ് മുപ്പത്. നബി ﷺ ജനാസ നിസ്കരിച്ചു. പ്രവാചകൻ ﷺ തന്നെ മയ്യിത്തു ഖബ്റിലേക്കു താഴ്ത്തി. ജന്നത്തുൽ ബഖീഇൽ സംസ്കരിക്കപ്പെട്ട ഒന്നാമത്തെ പ്രവാചക പത്നിയാണു സൈനബ് (റ)...


Part : 129


ഉമ്മുസലമ (റ)


മഖ്സൂം ഗോത്രത്തിന്റെ ധീര നായകരിലൊരാളാണ് അബൂ ഉമയ്യത് ബ്നു മുഗീറ. അദ്ദേഹത്തിന്റെ ഭാര്യയാണ് ആതിഖ ബിൻത് ആമിർ. അവർക്കൊരു പെൺകുഞ്ഞു ജനിച്ചു. കുഞ്ഞിനു ഹിന്ദ് എന്നു പേരിട്ടു. അവൾ വളർന്നു പതിമൂന്നു വയസ്സായി. പതിമൂന്നാം വയസ്സിൽ വിവാഹം. ഭർത്താവിന്റെ പേരു പറയാം അബ്ദില്ലാഹി ബ്നു അബ്ദിൽ അസദ്...


മാതൃകാ ജീവിതം. സുഖവും ദുഃഖവും പങ്കിട്ടു. ഒരുനാൾ ഭർത്താവ് പുതിയൊരു വാർത്തയുമായി വന്നു. പ്രവാചകരുടെ കഥ, ഇസ്ലാം ദീനിന്റെ കഥ. മുസ്ലിംകൾ മർദിക്കപ്പെടുന്ന കഥ. ഭാര്യ കാതുകൂർപ്പിച്ചിരുന്നു കേട്ടു. മനസ്സിൽ ചലനം. ആരുമറിയാതെ അവർ ഒരു തീരുമാനമെടുത്തു. ഇസ്ലാം ദീൻ സ്വീകരിക്കുക...


പ്രവാചകനെ (ﷺ) പോയിക്കണ്ടു. ശഹാദത്തു കലിമ ചൊല്ലി. അതോടെ ഗോത്രം ഇളകി. മർദനമായി. യുവദമ്പതികൾ ക്രൂരമായി മർദിക്കപ്പെട്ടു. നാട്ടിൽ താമസിക്കാനാകാത്ത അവസ്ഥ. നാടു വിടാം, അബ്സീനിയായിലേക്കു പോകാം...


പ്രഥമ യാത്രാസംഘത്തിൽ അവരും കൂടി. രണ്ടു കപ്പലുകൾ ഒരുങ്ങി നിൽക്കുന്നു. മുസ്ലിംകൾ അതിൽ കയറി. അബ്സീനിയായിൽ താമസിച്ചു. സമാധാനത്തോടെ... അവിടെ വച്ചു ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനു സലമ എന്നു പേരിട്ടു...


പിന്നീട് കുഞ്ഞിന്റെ പേരിൽ മാതാപിതാക്കൾ അറിയപ്പെട്ടു. പിതാവ് അബൂസലമ. മാതാവ് ഉമ്മു സലമ. ഇനി നമുക്കവരെ ഉമ്മുസലമ എന്നു വിളിക്കാം...


ദമ്പതികൾക്കിടയിലെ സ്നേഹം. നാട്ടുകാർ ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി. അതു നാട്ടിൽ സംസാരമായി. മാതൃകയായി. മക്കയിൽ മടങ്ങുമ്പോൾ കുടുംബക്കാരുടെ പിടിയിലായി. മദീനയിലേക്കു ഹിജ്റ പോകുകയായിരുന്നു അവരുടെ ലക്ഷ്യം. 


ഉമ്മുസലമയെയും മകനെയും ബന്ധുക്കൾ തടവിലാക്കി. അബൂസലമക്കു ഹിജ്റക്കുള്ള അനുമതി കിട്ടിയിരുന്നു. അദ്ദേഹം മദീനയിലേക്കു പോയി. അദ്ദേഹത്തിന്റെ കുടുംബക്കാർ വന്നു. ഉമ്മുസലമയുടെ കയ്യിൽ നിന്നു കുട്ടിയെ ബലമായി വാങ്ങിക്കൊണ്ടുപോയി. പിന്നെ നിൽപുറക്കുന്നില്ല...


ഉമ്മുസലമ എന്ന വനിത ആരുമറിയാതെ സ്ഥലംവിട്ടു. മദീനയിലേക്കുള്ള സാഹസിക യാത്ര. ഒടുവിൽ മദീനയിലെത്തി. ഭർത്താവിനെ കണ്ടു. സമാധാനമായി...


അവർക്കു വേറെയും സന്താനങ്ങൾ ജനിച്ചു. അബൂസലമ (റ)ഉഹ്ദ് യുദ്ധത്തിൽ പോരാടി മാരകമായി പരിക്കേറ്റു. ഏറെനാൾ ജീവിച്ചില്ല മരണപ്പെട്ടു...


ഉമ്മുസലമയുടെ ദുഃഖത്തിനതിരില്ല. അവരുടെ പ്രയാസം പ്രവാചകനെ ദുഃഖിപ്പിച്ചു. പ്രവാചകൻ ﷺ അവരെ വിവാഹം ചെയ്തു. ഹിജ്റ 61-ലാണ് അവരുടെ മരണം. നബിﷺയുടെ പത്നിമാരിൽ ഏറ്റവും ഒടുവിൽ വഫാതായത് അവരായിരുന്നു. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം.


Part : 130


ഉമ്മു ഹബീബ - റംല (റ)


അബൂസുഫ്യാനെ അറിയാമല്ലോ.., മക്കാവിജയംവരെ ഇസ്ലാമിന്റെ വലിയ ശത്രു. അബൂസുഫ്യാന്റെ മകളാണു റംല (റ)...


ചരിത്രത്തിൽ അവർ ഉമ്മു ഹബീബ എന്നറിയപ്പെടുന്നു. ഉമ്മുഹബീബയുടെ മനസ്സിൽ ഈമാന്റെ പ്രകാശം. അവർ ഇസ്ലാം മതം സ്വീകരിച്ചു. അബൂസുഫിയാൻ സഹിക്കുമോ..? 


കഠിന മർദനം തുടങ്ങി. ഉമ്മുഹബീബയും ഭർത്താവും ഇസ്ലാം മതം സ്വീകരിച്ച വിവരം ഖുറൈശികളെ കോപാകുലരാക്കി. മക്കയിൽ താമസം ദുസ്സഹമായി. അബ്സീനിയായിലേക്കു പലായനം ചെയ്തു. അവിടെ വെച്ച് ഒരു പെൺകുട്ടിയെ പ്രസവിച്ചു. ശാന്തമായ ജീവിതം... 


പെട്ടെന്നാണതു കലങ്ങി മറിഞ്ഞത്. ഒരു ദിവസം ഭർത്താവ് പറഞ്ഞു : “ഞാൻ ക്രിസ്തുമതം സ്വീകരിക്കുകയാണ് നിനക്കും അങ്ങനെ ചെയ്യാം...”


“ഇല്ല... എന്തുവന്നാലും ഞാൻ ഇസ്ലാം മതത്തിൽ ഉറച്ചു നിൽക്കും.” ഉമ്മുഹബീബ (റ) യുടെ ദൃഢപ്രതിജ്ഞ. 


ഭർത്താവ് കൈവിട്ടു. വിദേശത്താണു താമസം. അയാൾ അബ്സീനിയൻ തെരുവിൽ ദുർമരണം ഏറ്റുവാങ്ങി...  പിന്നത്തെ കഷ്ടപ്പാടുകൾ പറഞ്ഞാൽ തീരില്ല. വേദന നിറഞ്ഞ പരീക്ഷണങ്ങൾ. 


ഉമ്മുഹബീബ (റ)യുടെ കരളലിയിപ്പിക്കുന്ന കഥ നബി ﷺ അറിഞ്ഞു. സഹായ ഹസ്തം നീട്ടി. ഉമ്മുഹബീബ (റ)യെ നബി ﷺ വിവാഹം ചെയ്തു. ത്യാഗത്തിന്റെ പ്രതീകമായിരുന്നു അവർ. ഹിജ്റ 44വരെ ജീവിച്ചു...


ഉമ്മുഹബീബ (റ)യുടെ സഹോദരനാണ് മുആവിയ (റ). അദ്ദേഹത്തിന്റെ ഭരണകാലത്തു നിര്യാതയായി.



Part : 131 


സയ്നബ് (റ)


ജഹ്ശ് ബ്നു ബാബ്. ബനൂ അസദ് ഗോത്രത്തലവൻ. അദ്ദേഹത്തിന്റെ ഭാര്യ ഉമയ്മ. അബ്ദുൽ മുത്വലിബിന്റെ മകളാണ്. ഉമയ്മ... 


നബി ﷺ തങ്ങളുടെ പിതാവ് അബ്ദുല്ലയുടെ സഹോദരി. ജഹ്ശി-ഉമയ്മ ദമ്പതികളുടെ മകളാണു സൈനബ്. പോന്നോമന മകൾ. ഗോത്രക്കാരുടെ സ്നേഹഭാജനം. സുന്ദരിയാണ്. ഉത്തമ സ്വഭാവഗുണങ്ങളുടെ വിളനിലം. ബുദ്ധിമതിയും.


ഇസ്ലാമിന്റെ വിളികേട്ടുണർന്ന സൈനബ് ഇസ്ലാം മതം സ്വീകരിച്ചു. മദീനയിലേക്കു പലായനം ചെയ്തു. സയ്ദു ബ്നു ഹാരിസ് (റ)യെ ഓർക്കുന്നില്ലേ? നബി ﷺ തങ്ങൾ മകനെപ്പോലെ വളർത്തിയ കുട്ടി. ഇന്നു യുവാവാണ്. സൈനബിനെ നബി ﷺ തങ്ങൾ സയ്ദ് ബ്നു ഹാരിസ് (റ)വിനു വിവാഹം ചെയ്തു കൊടുത്തു... 


ആ ദാമ്പത്യം സന്തോഷപൂർണമായില്ല. പരസ്പരം യോജിക്കാത്ത ദമ്പതികൾ. വിവാഹമോചനത്തിലാണു കാര്യങ്ങൾ എത്തിയത്. ദത്തു പുത്രന്റെ വിവാഹമോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ലെന്നാണ് അറബികളുടെ നിയമം. അതു തിരുത്തിക്കുറിക്കണം. നബി ﷺ തങ്ങൾ സൈനബിനെ വിവാഹം ചെയ്തു.  ഈ വിവാഹത്തോടനുബന്ധിച്ചു നബി ﷺ തങ്ങൾ നല്ലൊരു സദ്യയും നടത്തി... 


കൈ നീളമുള്ള ആൾ എന്നു സൈനബ് (റ) യെ വിശേഷിപ്പിക്കാറുണ്ട്. കയ്യയച്ചു ദാനം ചെയ്യുന്നവർ എന്നർത്ഥം. നബി ﷺ തങ്ങളുടെ വഫാതിനുശേഷം ആദ്യം വഫാതായ ഭാര്യ സൈനബ് (റ). ഉമർ (റ) വിന്റെ ഭരണകാലത്തായിരുന്നു അത്.



Part : 132


ജുവൈരിയ്യ (റ)


ബനൂ മുസ്ത്വലഖുകാരും മുസ്ലിംകളും തമ്മിൽ ഒരു യുദ്ധം നടന്നു. ബനൂമുസ്ത്വലഖ് തോറ്റുപോയി. മുസ്ലിംകൾ നിരവധിപേരെ ബന്ധികളാക്കി. അവരുടെ ഭരണാധികാരി ഹാരിസ് ബ്നു അബീസിറാർ ആയിരുന്നു. അദ്ദേഹത്തിന്റെ മകൾ ജുവൈരിയ്യ ബന്ദിയായി... 


ജുവൈരിയ്യ ഇസ്ലാം സ്വീകരിച്ചു. ജുവൈരിയ്യയെ നബിﷺതങ്ങൾ മോചിപ്പിച്ചു. അവരുടെ സമ്മതത്തോടെ വിവാഹം ചെയ്തു... 


ആ ഗോത്രത്തിലുള്ളവരൊക്കെ ജുവൈരിയ്യയുടെ ബന്ധുക്കൾ. നബി ﷺ തങ്ങളുടെ ഭാര്യയുടെ ബന്ധുക്കളെ ബന്ദികളാക്കിവയ്ക്കാൻ മുസ്ലിംകൾക്കായില്ല. അവർ ബന്ദികളെ മോചിപ്പിച്ചു. അതോടെ അവരുടെ മനസ്സുമാറി. ജുവൈരിയ്യ (റ)യുടെ പിതാവുതന്നെ തുടക്കം കുറിച്ചു. കൂട്ടത്തോടെ അവർ ഇസ്ലാമിൽ വന്നു...


ഹിജ്റ 56 വരെ അവർ ജീവിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്കു സാക്ഷിയായി. ഇസ്ലാമിൽ വന്ന ശേഷം ലളിത ജീവിതം നയിച്ചു. രാജകുമാരിയായി വളർന്ന പെൺകുട്ടി ലാളിത്യത്തിന്റെ പര്യായമായി മാറി...


നല്ല ഭക്ഷണം പാകം ചെയ്തു നബി ﷺ തങ്ങൾക്കു കൊടുക്കും. നന്നായി പരിചരിക്കും. ദിക്റുകൾ ഏറെ ചൊല്ലും. അങ്ങനെ നബിﷺയുടെ സ്നേഹവാത്സല്യങ്ങൾ നേടി. മുആവിയയുടെ ഭരണകാലത്താണു വഫാത്ത്.



Part : 133


മൈമൂന (റ)


ആദ്യത്തെ പേര് ബർറ. നബി ﷺ തങ്ങളുമായുള്ള വിവാഹത്തിനു ശേഷം മൈമൂന എന്നാക്കി. പിതാവ് ഹാരിസ്. മാതാവ് ഹിന്ദ്. മൈമൂനയുടെ സഹോദരിമാരെ വിവാഹം കഴിച്ചത് ആരാണെന്നോ..? 


ഒരാളെ അബ്ബാസ് (റ) വിവാഹം ചെയ്തു. മറ്റൊരാളെ ഹംസ (റ) വിവാഹം ചെയ്തു. ഖാലിദ് ബ്നു വലീദ് (റ) വിന്റെ മാതാവാണ് ലുബാബ. അവർ മൈമൂന (റ)യുടെ മറ്റൊരു സഹോദരി.


കുറേക്കാലം മൈമൂന വിധവയായി നിന്നു. അക്കാലത്താണു നബിﷺയോടു വിവാഹാലോചന വന്നത്. കുടുംബബന്ധവും ഇസ്ലാമിന്റെ നേട്ടവും നോക്കി പ്രവാചകൻ ﷺ വിവാഹത്തിനു തയ്യാറായി...


ആ വിവാഹം നടന്നു. മൈമൂന (റ)ക്ക് ഏറെ സന്തോഷമായി. ഇബാദത്തുകൾകൊണ്ടു സമ്പന്നമായിരുന്നു ആ ജീവിതം. പാവപ്പെട്ടവരെ സഹായിക്കുക, ദിക്റുകൾ വർദ്ധിപ്പിക്കുക എന്നീ സൽകർമ്മങ്ങളിൽ മുന്നിലായിരുന്നു. കുടുംബബന്ധം പുലർത്തുന്ന കാര്യത്തിൽ വളരെയേറെ ശ്രദ്ധിച്ചിരുന്നു.


നബി ﷺ തങ്ങളുടെ അവസാനത്തെ ഭാര്യയാണ് മൈമൂന (റ). ഹിജ്റ 51ൽ വഫാതായി. ഇബ്നു അബ്ബാസ് (റ) ജനാസ നിസ്കാരം നിർവഹിച്ചു. സരീഫ് എന്ന പ്രദേശത്തുവച്ചായിരുന്നു വഫാത്. 



Part : 134


സഫിയ്യ (റ)


ബനുന്നളീർ ഗോത്രത്തലവനാണു ഹുയയ്യ് ബ്നു അഖ്തബ്. അദ്ദേഹത്തിന്റെ മകളാണു സ്വഫിയ്യ. ആ ജൂതഗോത്രത്തിന്റെ കണ്ണിലുണ്ണിയായി അവർ വളർന്നു...


പിന്നീടു ഗോത്രം ഖൈബറിലെത്തി. ഖൈബർ യുദ്ധത്തിനുശേഷം ബന്ദികളെ പരിശോധിച്ചു. കൂട്ടത്തിൽ സ്വഫിയ്യയും ഉണ്ടായിരുന്നു. കുറെ ദിവസങ്ങൾ മുസ്ലിംകളോടൊപ്പം താമസിച്ചു. ഇസ്ലാം മതത്തെ അടുത്തറിഞ്ഞു. ഇസ്ലാം സ്വീകരിച്ചു...


രാജാവിന്റെ മകളാണ്. പ്രവാചകനല്ലാതെ മറ്റാർക്കാണവർ ചേരുക. സ്വഫിയ്യ (റ) പ്രവാചകന്റെ (ﷺ) പത്നിയാകാൻ കൊതിച്ചു. അങ്ങനെ വിവാഹം നടന്നു. സ്വഫിയ്യ ബുദ്ധിമതിയായിരുന്നു. വിശാല ഹൃദയം, സത്യസന്ധത, നീതി ബോധം, വിനയം, ആത്മാർത്ഥത, ക്ഷമ എന്നിവ അവരുടെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു...


മൂന്നാം ഖലീഫയുടെ കാലം. 


ആക്രമികൾ വീടു വളഞ്ഞു. ആഹാരം വിലക്കി. ധീരയായ സ്വഫിയ്യ (റ) ഖലീഫക്കു ഭക്ഷണമെത്തിച്ചുകൊടുത്തു. അറുപതു വയസ്സുവരെ അവർ ജീവിച്ചു. ഹിജ്റ 50 ലാണു വഫാത്ത്. ജന്നത്തുൽ ബഖീഇൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു.



Part : 135


കാപട്യം സൂക്ഷിക്കുക


സത്യവിശ്വാസി നിഷ്കളങ്കനായിരിക്കും. അയാളുടെ മനസ്സിൽ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത വാക്കുകളും പ്രവൃത്തികളും മാത്രമേ സത്യവിശ്വാസിയിൽ നിന്നുണ്ടാവുകയുള്ളൂ.


ചിലർ വിശ്വാസികളായി ജീവിക്കുന്നു.


അവരുടെ വാക്കുകളും പ്രവൃത്തികളും വിശ്വാസികൾക്കു യോജിച്ചതല്ല. ഇങ്ങനെ നമുക്കനുഭവപ്പെടാറുണ്ട്. ഇവർ കപടന്മാരാകുന്നു. നാവുകൊണ്ടു സത്യവിശ്വാസിയാണെന്നു പറയുക. സത്യവിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ അയാളിൽ നിന്നുണ്ടാവുക. അയാൾ കപടവിശ്വാസിയാകുന്നു.


കാപട്യത്തിനു നാലു ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ട്. അവ നാം മനസ്സിലാക്കിവയ്ക്കണം. ഇതു സംബന്ധമായ ഒരു നബിവചനം അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതു താഴെ കൊടുക്കാം. 


അബ്ദുല്ലാഹി ബ്നു ഉമർ(റ)വിൽ നിന്നു നിവേദനം. നബി ﷺ പറഞ്ഞു: “നാലു ദുർഗുണങ്ങളുണ്ട്. അവ ആരിലുണ്ടോ അവൻ തനി കപടവിശ്വാസിയാകുന്നു. അവയിൽനിന്ന് ഒരു ദുർഗുണം ഉള്ളവൻ അതുപേക്ഷിക്കുന്നതുവരെ കാപട്യത്തിന്റെ ദുർഗുണങ്ങളിൽ ഒന്ന് ഉൾക്കൊണ്ടവൻ തന്നെയായിരിക്കും.


വിശ്വസിച്ചാൽ വഞ്ചിക്കുക. സംസാരിച്ചാൽ കളവു പറയുക. വാഗ്ദത്തം ചെയ്താൽ ലംഘിക്കുക.പിണങ്ങിയാൽ തെറി പറയുക. ഇതാണു നാലു ദുർഗുണങ്ങൾ."


എത്ര ഗൗരവമുള്ള നബി വചനമാണിത്...


ഒരാളിൽ ഈ നാലു ദുർഗുണങ്ങൾ വന്നുപെട്ടാൽ അവൻ നശിച്ചതുതന്നെ. അവനെ മറ്റുള്ള മനുഷ്യർ വെറുക്കും. അല്ലാഹു ﷻ അവനെ വെറുക്കും. അന്ത്യനാളിൽ വേദനാജനകമായ ശിക്ഷ അവൻ അനുഭവിക്കും.


കപടന്മാർ ആദ്യമൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു ചില വിജയങ്ങളൊക്കെ കൈവരിക്കും. പക്ഷേ, അതു നിലനിൽക്കില്ല. അവന്റെ കാപട്യം ജനം മനസ്സിലാക്കും. അതോടെ അവൻ ഒറ്റപ്പെടും. എല്ലാവരാലും വെറുക്കപ്പെടുകയും നിരാശയിൽ നിപതിക്കുകയും ചെയ്യും.


അബൂഹുറയ്റ(റ)വിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസുകൂടി ഇവിടെ അനുസ്മരിക്കാം. കാപട്യത്തിന്റെ മൂന്നു ലക്ഷണങ്ങളാണു വിവരിക്കുന്നത്. നബിവചനം താഴെ കൊടുക്കുന്നു.


നബിﷺതങ്ങൾ പറഞ്ഞു:  “കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാകുന്നു. സംസാരിച്ചാൽ കള്ളം പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക.”


സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കള്ളം പറയുകയും വാക്കു പാലിക്കാതിരിക്കുകയും വിശ്വസിച്ചവരെ ചതിക്കുകയും ചെയ്യുന്ന നിരവധിയാളുകളെ നാം കാണുന്നു. ഇവർ കാപട്യത്തിന്റെ ശക്തികളാകുന്നു. അല്ലാഹുﷻവിന്റെ ശത്രുക്കളാകുന്നു. 


എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും ഈ ശക്തികളെ പിന്തുടരാൻ പാടില്ല. അവരെ അംഗീകരിക്കരുത്. ഒരു വാക്കുകൊണ്ടുപോലും അവരെ സഹായിക്കരുത്. അവർക്കനുകൂലമായ നിലപാടു സ്വീകരിച്ച സത്യവിശ്വാസി വഴിതെറ്റിപ്പോകും. വിശ്വാസം തകർന്നുപോകും.


ഇതു വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. ചില പ്രസിദ്ധമായ നബിവചനങ്ങൾ കാണുക: 


“സത്യവിശ്വാസിയായിക്കൊണ്ടു മോഷ്ടാവ് മോഷ്ടിക്കുകയില്ല.”


“സത്യവിശ്വാസിയായിക്കൊണ്ടു മദ്യപാനി മദ്യപിക്കുകയില്ല.”


“ജനങ്ങൾ നോക്കിനിൽക്കേ, അവരെ ഭയപ്പെടുത്തി ധനം കവർന്നെടുക്കുന്നവൻ സത്യവിശ്വാസിയായിക്കൊണ്ട് അതു

ചെയ്യുകയില്ല.”


ഒരു കാര്യം പ്രത്യേകം ഓർക്കണം. സൽകർമങ്ങൾ ചെയ്യുമ്പോൾ ഈമാൻ ശക്തിപ്പെടും. പാപകൃത്യങ്ങൾ ചെയ്യുമ്പോൾ ഈമാൻ ദുർബലമായിത്തീരും.


സൽകർമങ്ങൾ വർധിപ്പിക്കണം. കാപട്യം വരുന്നതു സൂക്ഷിക്കണം. വളരെയേറെ സൂക്ഷിക്കണമെന്നു നബിﷺതങ്ങൾ പറഞ്ഞിട്ടുണ്ട്.



Part : 136 


കുട്ടികളുടെ കൂട്ടുകാരൻ


ഒരു പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). നബിﷺതങ്ങളുമായി വളരെയടുത്ത് ഇടപഴകുന്ന ആളാണ്. ഇടയ്ക്കൊക്കെ വീട്ടിൽ വരും. പല കാര്യങ്ങളും ചർച്ച ചെയ്യും.


ഒരു ദിവസം ജാബിർ(റ) നബി ﷺ തങ്ങളുടെ വീട്ടിൽ വന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച ജാബിർ(റ)വിനെ അത്ഭുതപ്പെടുത്തി. നബിﷺതങ്ങൾ പേരക്കുട്ടികളുമായി കളിക്കുന്നു. 


പ്രിയപുത്രി ഫാത്വിമയോടു പ്രവാചകർക്കുള്ള സ്നേഹം വിവരണാധീതമാണ്. ഫാത്വിമ(റ)യുടെ പുത്രന്മാരാണ് ഹസൻ(റ), ഹുസയ്ൻ(റ) എന്നിവർ. അവരുടെ ചിരിയിലും കളിയിലുമെല്ലാം നബി ﷺ പങ്കെടുക്കുന്നു. 


അപ്പോൾ ഒരു കുട്ടിയുടെ ഭാവമാണ്. നബി ﷺ നാലുകാലിൽ നിന്നുകൊടുക്കുന്നു. കുട്ടികൾ രണ്ടുപേരും മുതുകിൽ കയറിയിരിക്കുന്നു. ഒട്ടകത്തെ നയിക്കുംപോലെ കളിക്കുന്നു.കൊച്ചുകുട്ടികളുടെ പ്രിയപ്പെട്ട വാഹനം,


കാഴ്ച കണ്ട ജാബിർ(റ) അതിശയത്തോടെ പറഞ്ഞു: “കുട്ടികളേ..! നിങ്ങൾ ഇരുവരുടെയും വാഹനം എത്ര ശ്രേഷ്ഠമായതാണ്..!”


ഉടനെത്തന്നെ നബിﷺതങ്ങളുടെ മറുപടി വന്നു: “വാഹനത്തിൽ കയറിയ രണ്ടുപേരും എത്ര ശ്രഷ്ഠർ..!”


ഇമാം ഹസൻ(റ), ഇമാം ഹുസയ്ൻ(റ) എന്നിവരുടെ മഹത്ത്വം വ്യക്തമാക്കുന്ന വചനമാണിത്. ജാബിർ(റ)വിൽ നിന്ന് ഈ വിവരം സത്യവിശ്വാസികൾ അറിഞ്ഞു.


കുട്ടികളുടെ കൂട്ടുകാരനായിരുന്നു നബിﷺതങ്ങൾ. കുഞ്ഞുങ്ങളെ ലാളിക്കാനും അവരുടെ കളികളിൽ പങ്കുചേരാനും വലിയ താൽപര്യമായിരുന്നു.


ഒരിക്കൽ നബിﷺതങ്ങൾ നിസ്കരിക്കുകയായിരുന്നു. ഹസൻ(റ) ചെറിയ കുട്ടിയാണ്. നബിﷺതങ്ങൾ സുജൂദ് ചെയ്യുകയായിരുന്നു. ഹസൻ(റ) അതു കണ്ടു. മുതുകിൽ കയറിക്കളിക്കാൻ പറ്റിയ സമയം. ഉടനെ ഓടിവന്നു. മുതുകിൽ കയറിയിരിപ്പായി.


തലപൊക്കാനാകുന്നില്ല. വളരെനേരം സുജൂദിൽ കിടന്നു. കുട്ടി മുതുകിൽനിന്ന് ഇറങ്ങിയപ്പോൾ സുജൂദിൽനിന്നു തല ഉയർത്തി. നിസ്കരിച്ചശേഷം കുട്ടിയെ സ്നേഹപൂർവം സ്വീകരിക്കുകയാണു ചെയ്തത്. കോപിച്ചില്ല. വാത്സല്യം കൂടിയതേയുള്ളൂ.


ഹസൻ(റ), ഹുസയ്ൻ(റ) എന്നിവരോടുള്ള നബിﷺതങ്ങളുടെ സ്നേഹം ഫാത്വിമ(റ)യെ കോരിത്തരിപ്പിച്ചു.


ഒരിക്കൽ ഫാത്വിമ(റ) പിതാവിനെ കാണാൻ വന്നു. അവരുടെ മനോഹരമായ ഉള്ളംകൈ ആസ് കല്ല് തിരിച്ചു തഴമ്പിച്ചിരുന്നു.


ഗോതമ്പ് ആട്ടിയെടുക്കുന്ന കല്ല് സ്വയം തിരിക്കണം. സഹായത്തിനൊരാളില്ല. ഒരു വേലക്കാരിയെ കിട്ടണം. പിതാവിനോടു പറഞ്ഞാൽ വേലക്കാരിയെ കിട്ടുമെന്നാണു പ്രതീക്ഷ. തന്നോടും തന്റെ മക്കളോടും എന്തൊരു സ്നേഹമാണ്. തങ്ങളുടെ പ്രയാസം കുറച്ചു തരാതിരിക്കുമോ..?


വീട്ടിലെത്തിയപ്പോൾ പിതാവില്ല. ആഇശ(റ)യെ കണ്ടു. ആസ് കല്ലു പിടിച്ചു തഴമ്പിച്ച കൈ കാണിച്ചുകൊടുത്തു.


ആഇശ(റ)ക്കു ദുഃഖം തോന്നി. പിതാവു വരുമ്പോൾ പ്രശ്നം അവതരിപ്പിക്കാമെന്ന് ആഇശ(റ) സമ്മതിച്ചു. ഫാത്വിമ(റ) മടങ്ങിപ്പോയി...


ആഇശ(റ)യുടെ മനസ്സിൽ ഫാത്വിമ(റ)യുടെ അവസ്ഥ അസ്വസ്ഥത പരത്തിയിരുന്നു. നബി ﷺ വന്നപ്പോൾ ആഇശ(റ) പ്രശ്നം അവതരിപ്പിച്ചു. ഒരു വേലക്കാരിയെ നൽകണമെന്നു സ്നേഹപൂർവം നിർബന്ധിച്ചു.


നബി ﷺ അവിടെ നിന്നെഴുന്നേറ്റു. നേരെ പുത്രിയുടെ വീട്ടിലേക്കു നടന്നു.

“ഫാത്വിമാ...” പിതാവിന്റെ വിളി.


മകൾ വിളികേട്ടു ഓടിച്ചെന്നു.


“എന്റെ പ്രിയപ്പെട്ട മകളേ, ഒരു വേലക്കാരിയെ കിട്ടുന്നതിനെക്കാൾ ഉത്തമമായ കാര്യം നിനക്കു പറഞ്ഞു തരാനാണു ഞാൻ വന്നത്. ഓരോ നിസ്കാരത്തിനു ശേഷവും "സുബ്ഹാനല്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അൽഹംദുലില്ലാഹ്” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക. "അല്ലാഹു അക്ബർ” എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.”

മകൾ പിതാവിനെ അനുസരിച്ചു...


വേലക്കാരിയെ ലഭിക്കണമെന്ന മോഹം ഉപേക്ഷിച്ചു. വീട്ടു വേലകൾ സ്വയം ചെയ്തു. രാജ്യം ഭരിക്കുന്ന ഭരണാധികാരിയാണു പിതാവ്. എന്നിട്ടും മകളുടെ സേവനത്തിന് ഒരു പരിചാരികയെ നൽകിയില്ല. മകൾക്കു പരാതിയില്ല.



Part : 137 


ഭൂമിയിലെ സാക്ഷികൾ


അല്ലാഹു ﷻ പരമകാരുണികനാകുന്നു. തന്റെ അടിമകൾക്ക് അവൻ കണക്കില്ലാത്ത അനുഗ്രഹങ്ങൾ നൽകുന്നു. മനുഷ്യനു കണ്ടറിയാൻ കഴിയുന്ന അനുഗ്രഹങ്ങൾ. ഏതൊക്കെയാണത്..?


ആരോഗ്യം, ധനം, വിജ്ഞാനം, സ്വാധീനം, നേതൃത്വം, വളരെ പ്രധാനപ്പെട്ട മറ്റൊരനുഗ്രഹത്തിന്റെ പേരുകൂടി പറയാം; സൽസ്വഭാവം.


സൽസ്വഭാവത്തിന്റെ ഏറ്റവും വലിയ ഉദാഹരണം നബിﷺതങ്ങൾ തന്നെയാകുന്നു. മനുഷ്യവർഗത്തിൽ ഉത്തമ സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കാൻ പ്രവാചകൻ ﷺ ശ്രമിച്ചു.


സൽസ്വഭാവത്തിന്റെ സവിശേഷതകൾ പ്രവാചകൻ ﷺ അനുയായികൾക്കു വിവരിച്ചുകൊടുക്കുമായിരുന്നു. സൽസ്വഭാവികളെ എല്ലാവരും ഇഷ്ടപ്പെടും. സ്വഭാവ ദൂഷ്യമുള്ളവരെ എല്ലാവരും വെറുക്കുകയും ചെയ്യും.

ഇതു നമുക്കെല്ലാം അനുഭവമാകുന്നു.


സ്വഭാവഗുണമുള്ള ആളുകളെപ്പറ്റി നാം 'നല്ല ആളുകൾ' എന്നു പറയുന്നു. മറ്റുള്ളവർ നമ്മെപ്പറ്റി' നല്ലതു പറയണം'. അവരെക്കൊണ്ടു നാം അങ്ങനെ പറയിപ്പിക്കണം.


നമ്മുടെ സ്വഭാവഗുണങ്ങൾ കണ്ടിട്ട് അവരങ്ങനെ പറയണം. ആത്മാർത്ഥമായി അവരങ്ങനെ പറഞ്ഞാൽ അതിനു ഫലമുണ്ട്. ഒരു സംഭവം ശ്രദ്ധിക്കൂ..!


നബിﷺതങ്ങൾ ഏതാനും ആളുകളോടൊപ്പം നിൽക്കുന്നു. അപ്പോൾ അതുവഴി ഒരു മയ്യിത്തു കൊണ്ടുപോയി. മയ്യിത്തിനോടൊപ്പം ഒരാൾക്കൂട്ടവും നീങ്ങിപ്പോകുന്നു.


അപ്പോൾ നബിﷺ തങ്ങളോടൊപ്പം ഉണ്ടായിരുന്നവർ ഇങ്ങനെ പറഞ്ഞു: “നല്ലൊരു മനുഷ്യനായിരുന്നു.” പരേതൻ നല്ല ആളായിരുന്നു എന്നാണവരുടെയെല്ലാം അഭിപ്രായം. ആരും എതിരഭിപ്രായം പറഞ്ഞില്ല.


നബി ﷺ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടു. പുഞ്ചിരി തൂകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.”


നബി ﷺ എന്താണ് ഉദ്ദേശിച്ചതെന്ന് ആർക്കും മനസ്സിലായില്ല. എടുത്തു ചോദിച്ചുമില്ല.


പറയും, അറിയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞുതരുമല്ലോ. അപ്പോൾ കേൾക്കാം. അവസരം വരുമ്പോൾ കേൾക്കാം. അവർ സമാധാനിച്ചു.

മറ്റൊരു സംഭവംകൂടി...


ഒരു മയ്യിത്തു കൊണ്ടുപോകുന്നു.


അപ്പോൾ ആളുകൾ ഇങ്ങനെ പറയാൻ തുടങ്ങി: “അയാൾ ഒരു ദ്രോഹിയായിരുന്നു. ചീത്ത ആളായിരുന്നു.” എല്ലാവരും വിഷമത്തോടെ സംസാരിക്കുന്നു. അയാളുടെ മരണം ഒരാശ്വാസം പോലെ. അയാളെക്കൊണ്ടുള്ള ദ്രോഹം നീങ്ങിക്കിട്ടിയതുപോലെ...


അവരുടെ അഭിപ്രായ പ്രകടനങ്ങൾ കേട്ടപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “എങ്കിൽ തീർച്ച തന്നെ.” 


ഇത്തവണ ആളുകളുടെ ഉൽകണ്ഠ വർധിച്ചു. പ്രവാചകൻ ﷺ പറഞ്ഞതിന്റെ പൊരുൾ അവർക്കറിയണം. ഉമർ(റ) വിനയപൂർവം ചോദിച്ചു: “അല്ലാഹുﷻവിന്റെ റസൂലേ, എന്താണ് അങ്ങു പറഞ്ഞതിന്റെ താൽപര്യം..?”


നബി ﷺ മറുപടി നൽകി: “ആദ്യത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങൾ നല്ല ആളാണെന്നു പറഞ്ഞു. അദ്ദേഹം സ്വർഗത്തിലാണെന്ന കാര്യം തീർച്ച

തന്നെ. 


രണ്ടാമത്തെ മയ്യിത്തു കണ്ടപ്പോൾ നിങ്ങളെന്തു പറഞ്ഞു..? അയാൾ ഒരു ദുഷ്ടനായിരുന്നുവെന്ന്. അയാൾ നരകത്തിലാണെന്ന കാര്യവും തീർച്ച തന്നെ.


സത്യവിശ്വാസികളായ നിങ്ങളുടെ പദവി എന്താണെന്നറിയുമോ..? നിങ്ങൾ ഭൂമിയിൽ അല്ലാഹുﷻവിന്റെ സാക്ഷികളാണ്...''


പ്രവാചകന്റെ (ﷺ) വാക്കുകൾ അവരെ കോരിത്തരിപ്പിച്ചു. കുട്ടികളേ, നിങ്ങൾ കറകളഞ്ഞ സത്യവിശ്വാസികളായി വളർന്നുവരണം. അപ്പോൾ നിങ്ങൾ ആരായിത്തീരും..? അല്ലാഹുﷻവിന്റെ സാക്ഷികൾ..! ഭൂമിയിലെ സാക്ഷികൾ..!



Part : 138 


വിശാല മുന്നണി 


മദീനയിൽ കുറെ ജൂതഗോത്രങ്ങൾ താമസിക്കുന്നുണ്ട്. പ്രവാചകനുമായി (ﷺ) അവർ സന്ധിയിലാണ്. പക്ഷേ സന്ധിവ്യവസ്ഥകളൊന്നും അവർ പാലിക്കാറില്ല. വ്യവസ്ഥകൾ തെറ്റിക്കുന്നതിലാണ് അവർക്കു താൽപര്യം. ബനുന്നളീറിനെ ഓർക്കുന്നില്ലേ, അവരെപ്പോലെ.. 


മുസ്ലിംകൾക്കെതിരെ ശത്രുക്കളെ സഹായിച്ചതിനും വ്യവസ്ഥകൾ തെറ്റിച്ചതിനും മറ്റുമാണു ജൂതന്മാരുമായി മുസ്ലിംകൾക്കു ഇടയേണ്ടതായി വന്നത്.


ജൂതഗോത്രമായ ഖയ്നുഖാഇനെ മദീനയിൽ നിന്നു പുറത്താക്കാനുണ്ടായ സാഹചര്യം നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ. നളീർ ഗോത്രത്തെയും മദീനയിൽ നിന്നു പുറത്താക്കി. ഇരു കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കളാണ്. മുസ്ലിംകളെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്നു നോക്കിനടക്കുകയാണവർ.


മദീനയിൽ ബാക്കിയുള്ള ജൂതന്മാരുടെയും ചിന്ത അതുതന്നെയാണ്. ജൂതന്മാരല്ലാത്ത ചില ഗോത്രക്കാരും ഇസ്ലാം നശിച്ചുകാണാനാഗ്രഹിക്കുന്നു.


എല്ലാവരുംകൂടി യോജിക്കുക. ഒരു ഐക്യമുന്നണി രൂപീകരിക്കുക. ഖുറയ്ശികളുടെ നേതൃത്വത്തിൽ അണിനിരക്കുക. സൈന്യം എത്ര വിപുലമായിരിക്കും. എല്ലാവരും ചേർന്ന് ഒറ്റയടിക്കു മുസ്ലിംകളെ എതിർക്കുക. ശക്തമായൊരു യുദ്ധം.


മുസ്ലിംകൾ അതോടെ നശിക്കും.

ഒരൊറ്റ ദിവസംകൊണ്ടു കാര്യം നടക്കും.


ഗോത്രങ്ങളെയും ഖുറയ്ശികളെയും ഒന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം നടത്തണം. അതിനു നല്ല ആസൂത്രണം ആവശ്യമാണ്.


ഗത്ഫാൻ ഗോത്രത്തെയും ഹുദയ്ൽ ഗോത്രത്തെയും സഹകരിപ്പിക്കണം. ഇതിനൊക്കെ തീവ്രമായ അധ്വാനം വേണം. അതിനു മുന്നിട്ടിറങ്ങാൻ ബനുന്നളീർ ഗോത്രം സന്നദ്ധമായി.


“മുഹമ്മദുമായി (ﷺ) ഏതെങ്കിലും രീതിയിൽ ശത്രുതയുള്ള മുഴുവൻ ജനങ്ങളെയും സഹകരിപ്പിക്കണം.” ബനുന്നളീറിന്റെ നേതാക്കൾ പ്രഖ്യാപിച്ചു...


ബനുന്നളീർ ഒരു നിവേദക സംഘത്തെ നിയോഗിച്ചു. അവർ മക്കയിലെത്തി. ഖുറയ്ശി നേതാക്കളെക്കണ്ടു ദീർഘമായ ചർച്ച നടത്തി.


“പെട്ടെന്നു ഞങ്ങൾക്കൊരു തീരുമാനം പറയാൻ കഴിയില്ല. മദീനയിലെ ബനൂ ഖുറയ്ള ഗോത്രത്തിന്റെ നിലപാട് എന്താണെന്നറിയണം.” ഖുറയ്ശികൾ ജൂതസംഘത്തോടു പറഞ്ഞു.


 മദീനയിലെ പ്രബല ജൂതഗോത്രമാണു ബനൂഖുറയ്ള. അവർ മുസ്ലിംകളുമായി സഖ്യത്തിലാണ്. അവരുടെ കൂടി സഹകരണം വേണം. അക്കാര്യത്തിൽ ഖുറൈശികൾക്കു നിർബന്ധമുണ്ട്.


“ബനു ഖുറയ്ള നമ്മെ സഹായിക്കും. സംശയം വേണ്ട.” ജൂതസംഘം ഉറപ്പു നൽകി. 


അപ്പോൾ ഖുറയ്ശികൾ ചോദിച്ചു: “ഏതു മതമാണ് ഉത്തമം. ഞങ്ങളുടെ മതമോ അതോ മുഹമ്മദിന്റെ (ﷺ) മതമോ..?”


“നിങ്ങളുടെ മതമാണ് ഉത്തമം.''


ഏകദൈവ വിശ്വാസികളെന്ന് അവകാശപ്പെടുന്ന ജൂതന്മാർ ബഹുദൈവാരാധനയുടെ മതമാണ് ഉത്തമം എന്നു പറഞ്ഞു.


“ഞങ്ങളുടെ മതമാണോ ഉത്തമം..?” - ഖുറയ്ശികൾ ചോദിച്ചു.


"എന്താ സംശയം, നിങ്ങളുടേതുതന്നെ.”


ഖുറയ്ശികൾക്കു സന്തോഷമായി. അവർ ഗോത്രങ്ങളുടെ സഖ്യത്തെക്കുറിച്ചു വിശദമായി ചർച്ച നടത്തി. യുദ്ധത്തിനു തിയ്യതി നിശ്ചയിച്ചു.


പതിനായിരം യോദ്ധാക്കളെ അണിനിരത്താൻ പരിപാടിയിട്ടു. എല്ലാം പറഞ്ഞ് ഉറപ്പിച്ചശേഷം ജൂതസംഘം യാത്രപറഞ്ഞിറങ്ങി. ഖുറയ്ശികൾ അവർക്കു ഹൃദ്യമായ യാത്രയയപ്പു നൽകി. വിജയാശംസകൾ നേർന്നു.



Part : 139


ജൂതസംഘം നേരെ ഗത്ഫാൻ ഗോത്രക്കാരെ കാണാനാണു പോയത്. ദീർഘമായി ചർച്ച ചെയ്തു. യുദ്ധത്തിൽ സജീവമായി പങ്കെടുക്കാമെന്ന് അവരും സമ്മതിച്ചു.


നേരെ മുർറത് ഗോത്രക്കാരെ. ഐക്യമുന്നണിയെപ്പറ്റി കേട്ടപ്പോൾ അവർക്കു വലിയ സന്തോഷം. കഴിയാവുന്നത്ര യോദ്ധാക്കളെ സംഘടിപ്പിക്കാമെന്നു സമ്മതിച്ചു.


പിന്നെ, ഫസാ ഗോത്രത്തിലേക്കു പോയി. നൂറുകണക്കിനു യോദ്ധാക്കളെ അയയ്ക്കാമെന്ന് അവരും സമ്മതിച്ചു.


അശ്ജഅ് ഗോത്രത്തിലേക്കാണു പിന്നീടു പോയത്. അവർ സജീവ പങ്കാളിത്തം വാഗ്ദാനം ചെയ്തു. സുലയ്മ ഗോത്രവും സന്തോഷത്തോടെ പിന്തുണ പ്രഖ്യാപിച്ചു. സആദ് ഗോത്രത്തിൽ ജൂതസംഘമെത്തി. അവരും സഹായം വാഗ്ദാനം ചെയ്തു.


ബിഐക്യസംഘത്തിന്റെ വലുപ്പം കൂടിക്കൂടി വന്നു. ഏറ്റവും വലിയ ശക്തി ഖുറയ്ശികൾ തന്നെ. ഖുറയ്ശികളുടെ ഒരുക്കം കാണണ്ടേ..!


നാലായിരം കാലാൾപ്പട. മുന്നൂറ് അശ്വഭടന്മാർ. ആയിരത്തിലേറെ ഒട്ടകങ്ങൾ. ഇതാണു ഖുറയ്ശി സേന. നേതൃത്വം അബൂസുഫ്യാന്...


ഗത്ഫാൻ ഗോത്രം ഒരുങ്ങിയത് ഇപ്രകാരമാണ്. ആയിരം ഒട്ടകങ്ങൾ.

ആയിരത്തിലേറെ കാലാൾപ്പട.


സുലയ് ഗോത്രം അണിനിരത്തിയത് എഴുന്നൂറ് യോദ്ധാക്കളെയാണ്. അശ്ജഅ്, മുർറത് ഗോത്രങ്ങൾ മുന്നൂറു വീതം അണിനിരത്തി. ജൂതഗോത്രങ്ങൾ ആയിരങ്ങളെ അണിനിരത്തി. പതിനായിരം വരുന്ന പടയണി തയ്യാറായി...


ഒരു വൻ സൈന്യം മദീനയെ ആക്രമിക്കാൻ വരുന്നു എന്ന വാർത്തയാണു മുസ്ലിംകൾ കേട്ടത്. അവർ പരിഭ്രമിച്ചുപോയി. ഇവരെ എങ്ങനെ നേരിടും..?! മുതിർന്ന സ്വഹാബികളൊക്കെ വന്നു. പ്രവാചകൻ ﷺ അവരുമായി ചർച്ച തുടങ്ങി. പുറത്തുപോയി മൈതാനത്തുവച്ച് അവരുമായി യുദ്ധം ചെയ്യണമോ. അതോ, മദീനയിൽ തന്നെ തങ്ങി അതിക്രമിച്ചു വരുന്നവരോടു യുദ്ധം ചെയ്യണമോ..?


ചർച്ച നീണ്ടുപോയി. അതിനിടയിൽ സൽമാനുൽ ഫാരിസി(റ) പ്രവാചകരുടെ (ﷺ) അരികിൽ വന്നു. പേർഷ്യയിൽ നിലവിലുള്ള ഒരു യുദ്ധസമ്പ്രദായത്തെക്കുറിച്ചു പറഞ്ഞു. 


മദീനയുടെ മൂന്നുഭാഗവും സുരക്ഷിതമാണ്. ഈത്തപ്പനത്തോട്ടങ്ങളും ആളുകൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളുമാണ്. അവിടെക്കൂടി ശത്രുക്കൾ കടന്നുവരില്ല. ഒരു ഭാഗം തുറസ്സായി കിടക്കുകയാണ്. അവിടെയാണു പ്രതിരോധിക്കേണ്ടത്. ആ ഭാഗത്ത് ആഴവും വീതിയുമുള്ള കിടങ്ങ് കുഴിക്കണം. സൽമാനുൽ ഫാരിസി(റ)വിന്റെ ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടു.


പക്ഷേ, കിടങ്ങു കുഴിക്കുക എളുപ്പമല്ല. കടുകടുത്ത ഭൂമി. പാറക്കെട്ടുകൾ. അധികദിവസവുമില്ല. ശത്രുക്കൾ ഇങ്ങത്തുംമുമ്പേ പണിതീരണം. 


ശൈത്യം തുടങ്ങി. പുറത്തിറങ്ങാൻ വയ്യ. പ്രവാചകനും (ﷺ) മുവ്വായിരം സൈനികരും രംഗത്തിറങ്ങി. ഹിജ്റ അഞ്ചാം വർഷം ദുൽഖഅ്ദ എട്ടിനു കിടങ്ങുകുഴിക്കുന്ന ജോലി ആരംഭിച്ചു.


പത്തു സ്വഹാബികളെ വിളിച്ചു. പത്തുവാര സ്ഥലം അവർക്ക് അളന്നുകൊടുത്തു. അഞ്ചുവാര ആഴത്തിൽ കുഴിക്കണം. ശ്രതുവിനെ ചാടിക്കടക്കാനാവാത്തവിധം വീതിയും വേണം.


പിന്നെ മറ്റൊരു പത്തുപേരെ വിളിച്ചു. അവർക്കും പത്തുവാര അളന്നുകൊടുത്തു. കഠിനമായ ജോലി തുടങ്ങി. നബിﷺതങ്ങളും മറ്റുള്ളവരെപ്പോലെ ജോലി ചെയ്യുന്നു.


കാലാവസ്ഥ പ്രതികൂലമാണ്. ഭക്ഷണം തീരെ കുറവ്. കുടി നീരിനുതന്നെ പ്രയാസം. പല ദിവസങ്ങളിലും പട്ടിണിതന്നെ. പകൽ മുഴുവൻ വിശ്രമമില്ലാത്ത പണി. രാത്രി ഉറക്കവുമില്ല. മനസ്സും ശരീരവും ഉരുകുന്നു.


ഭക്തിനിർഭരമായ പാട്ടുകൾ പാടിക്കൊണ്ടു മുഹാജിറുകളും

അൻസ്വാറുകളും കിടങ്ങിന്റെ പണി പൂർത്തിയാക്കി...



Part : 140


മദീന അപകടത്തിൽ 


മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ഗോത്രങ്ങളും

ജൂതഗോത്രങ്ങളും അടങ്ങിയ വൻസൈന്യം അതിവേഗം മുന്നേറുകയാണ്. ഒരൊറ്റ ദിവസംകൊണ്ട് എല്ലാം കഴിയണം.


മദീനയെ സമീപിച്ചുകഴിഞ്ഞു. പുറത്തെങ്ങും സൈന്യത്തെ കാണാനില്ല. യുദ്ധം മദീനയിൽ തന്നെ. മദീനയിലേക്കു കടക്കാറായി.


വൻസൈന്യത്തിന്റെ നേതാവ് അബൂസുഫ്യാൻ. അനുയായികൾക്കുവേണ്ട നിർദേശങ്ങൾ നൽകി. മദീനയിൽ പ്രവേശിക്കുക. മുസ്ലിംകളെ വളയുക. ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്. നിർദേശങ്ങൾ ഉൾക്കൊണ്ടു. ശക്തമായ മുന്നേറ്റം. അതിവേഗം.


ങേ... പെട്ടെന്നു മുന്നേറ്റം നിലച്ചു..!  എന്താണിത്..? സ്തബ്ധരായിപ്പോയി. കിടങ്ങ്..!! ഇങ്ങനെയൊരു യുദ്ധതന്ത്രം അറേബ്യയിൽ പരിചയമില്ലല്ലോ..?!


നബിﷺതങ്ങൾ മുവ്വായിരം യോദ്ധാക്കളെ പല ഗ്രൂപ്പുകളാക്കി തിരിച്ചു പല ഭാഗത്തായി നിറുത്തിയിരുന്നു. അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), സൽമാനുൽ ഫാരിസി(റ) എന്നിവർ ഓരോ ഗ്രൂപ്പിനെ നിയന്ത്രിച്ചു.


മജ്മുൽ അസ്മാൻ എന്ന സ്ഥലത്ത് ഖുറയ്ശികൾ തമ്പടിച്ചു. മറ്റു ഗോത്രക്കാരും ജൂതന്മാരും സമീപ പ്രദേശങ്ങളിൽ താവളമടിച്ചു.


മദീനയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഇനിയെന്താണു വഴി..? ശത്രുക്കൾ ആലോചിച്ചു. അമ്പെയ്ത്ത്തു യുദ്ധം തുടങ്ങാം.


അങ്ങനെ അമ്പെയ്ത്തു തുടങ്ങി. തിരിച്ചും അമ്പുകൾ വരുന്നുണ്ട്. ഇരുപക്ഷത്തും ചിലർക്കൊക്കെ പരിക്കുകൾ പറ്റി. അമ്പുകൾകൊണ്ടു മാത്രം ഒന്നും നേടാനാവില്ല. കിടങ്ങ് ചാടിക്കടക്കാൻ നോക്കാം.

അതു പ്രയാസമാണ്. ചാടിയാൽ കിടങ്ങിൽ വീഴും.


ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു. അസഹ്യമായ തണുപ്പുകാരണം മനുഷ്യരും മൃഗങ്ങളും വിഷമിച്ചു. ഇനി ഒരു തന്ത്രംകൂടി ബാക്കിയുണ്ട്. അതു വിജയിച്ചാൽ രക്ഷയായി.


ബനൂഖുറയ്ള ഗോത്രം ഇപ്പോഴും മുസ്ലിംകളുമായി സഖ്യത്തിലാണ്. മദീനയിൽതന്നെ താമസിക്കുന്ന ജൂതഗോത്രമാണത്. യുദ്ധം വന്നപ്പോൾ സന്ധിവ്യവസ്ഥ പ്രകാരം അവർ മുസ്ലിംകളെ സഹായിക്കുന്നു. ഈ സഹായം നിറുത്തണം. അവർ സഖ്യകക്ഷികളോടൊപ്പം വരണം. അപ്പോൾ അവരുടെ പ്രദേശത്തുകൂടി മദീനയിൽ കടക്കാം.നല്ല തന്ത്രം..! എങ്ങനെ നടപ്പാക്കും..?


പ്രസിദ്ധനായ ജൂതനേതാവിനെ അയയ്ക്കാം. ഹുയയ്യ് ബ്നു അഖ്തബ്. ജൂതഗോത്രങ്ങൾക്കെല്ലാം സുപരിചിതനായ നേതാവാണ് ഹുയയ്യ്. 


ബനൂഖുറയ്ള നേതാക്കളെ അയാൾ കണ്ടു. “ഈ സമയത്തും നിങ്ങൾ മുഹമ്മദിനെ സഹായിക്കുന്നത് ഒട്ടും ശരിയല്ല. നിങ്ങൾ എല്ലാ സഹായവും നിറുത്തണം. ഞങ്ങളുടെ കൂടെ നിൽക്കണം.'' ഹുയയ്യ് ശക്തമായ ഭാഷയിൽ പറഞ്ഞു.


ബനൂ ഖുറയ്ള നേതാക്കൾ ഇങ്ങനെ മറുപടി നൽകി: “അതു സാധ്യമല്ല. മുഹമ്മദും കൂട്ടരും വളരെ മാന്യമായിട്ടാണു ഞങ്ങളോടു പെരുമാറുന്നത്. മദീനയിൽ ഞങ്ങൾക്കു യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ മുഹമ്മദുമായുള്ള ഉടമ്പടി മുറുകെപ്പിടിക്കും.”


“നിങ്ങളെന്താണു ധരിക്കുന്നത്..? മുഹമ്മദും പാർട്ടിയും നശിക്കാൻ പോകുകയാണ്. നിങ്ങളും കൂടി ഞങ്ങളോടൊപ്പം ചേർന്നാൽ മതി. നിങ്ങളുടെ സ്ഥലത്തുകൂടി ഈ വൻസൈന്യം മദീനയിൽ പ്രവേശിക്കും. മുസ്ലിംകളുടെ കഥകഴിക്കും. പിന്നെ ഒരു ശല്യവുമില്ല.” ഹുയയ്യ് സമ്മർദം ചെലുത്തി.


മുഹമ്മദും കൂട്ടരും വധിക്കപ്പെട്ടാൽ പിന്നെന്തു ഉടമ്പടി..? എങ്കിൽ അതു ലംഘിക്കാം. സഖ്യകക്ഷികൾക്കു സഹായം നൽകാം ഖുറയ്ള സഖ്യകക്ഷികൾക്കു പിന്തുണ പ്രഖ്യാപിച്ചു! മുസ്ലിംകൾക്കുള്ള സകല സഹായവും നിറുത്തി. മുസ്ലിംകൾ ഞെട്ടിപ്പോയി..!! എന്തൊരു വഞ്ചനയാണു ബനൂ ഖുറയ്ള കാണിച്ചത്..?


മദീനയിലേക്ക് അവർ വഴിതുറന്നുകൊടുക്കും. വൻസൈന്യം

ഒഴുകിവരും. മുസ്ലിംകൾ കൂട്ടത്തോടെ വധിക്കപ്പെടും. മുനാഫിഖുകൾ യുദ്ധക്കളം വിടാൻ ഒരുങ്ങുന്നു...



Part : 141


നബിﷺതങ്ങൾ ബനൂഖുറയ്ള നേതാക്കളെ കാണാൻ ഒരു സംഘത്തെ അയച്ചു. സുബയ്ർ(റ)വും മറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു.


ബനൂഖുറയ്ള നേതാക്കളെ അവർ സന്ദർശിച്ചു. ഉടമ്പടി ലംഘിക്കരുതെന്നപേക്ഷിച്ചു. സ്വഹാബികളെ തെറിവിളിച്ചും പരിഹസിച്ചും അവർ തിരിച്ചയച്ചു.


മുസ്ലിം മനസ്സുകളിൽ ഭീതി പരക്കുകയാണ്. തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ അവർക്കു ഭയമായി.


ശത്രുക്കൾ മദീനയിൽ പ്രവേശിച്ചാൽ തങ്ങളുടെ സ്ത്രീകളും കുട്ടികളും പിടിക്കപ്പെടും. ബന്ധിതരാകും. അപമാനിതരാകും. അടിമകളായിത്തീരും. ഹോ... ഓർക്കാൻ വയ്യ. പിന്നെ പ്രാർത്ഥന തന്നെ. അല്ലാഹുﷻവിനോടു കരളുരുകി പ്രാർത്ഥിച്ചു.


പ്രവാചകനും (ﷺ) സ്വഹാബികളും ഖൽബ് തുറന്നു ദുആ ഇരന്നു. 


“അല്ലാഹുവേ, ഞങ്ങൾ ശ്രതുക്കളുടെ മധ്യത്തിലാണ്. ശത്രുക്കൾ മദീനയിലേക്കു പ്രവേശിക്കാൻ പോകുന്നു. ഞങ്ങളുടെ

സ്ത്രീകളും കുട്ടികളും അവരുടെ കയ്യിൽ പെടാതെ നീ സംരക്ഷിക്കേണമേ. ഞങ്ങൾക്കു നീ സഹായവും രക്ഷയും നൽകേണമേ..!?”


കരളുരുകിയുള്ള പ്രാർത്ഥന. അബലകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കണം. അവരുടെ താമസസ്ഥലത്തേക്കു നബിﷺതങ്ങൾ ഇരുനൂറു സൈനികരെ അയച്ചു. അവരുടെ നേതാവായി സൽമത് ബ്നു

അസ്ലമിനെ നിയോഗിച്ചു.


മുസ്ലിംകൾ താമസിക്കുന്ന ഭാഗത്തേക്കു സയ്ദ് ബ്നുഹാരിസിന്റെ നേതൃത്വത്തിൽ മുന്നൂറു സൈനികരെ കൂടി അയച്ചു.


കപടവിശ്വാസികൾക്ക് എന്തൊരു സന്തോഷം..! “മുഹമ്മദിനെന്തേ ഇത്ര വെപ്രാളം? കിസ്റായും കൈസറും കീഴടങ്ങുമെന്നു പറഞ്ഞുനടന്ന മുഹമ്മദിന് എന്തേ ഇത്ര ഭയം..?" കപടവിശ്വാസികൾ ഉറക്കെപ്പറഞ്ഞു ചിരിക്കാൻ തുടങ്ങി.


ഇതിനിടയിൽ ഖൻദഖ് കിടങ്ങ് ചാടിക്കടക്കണമെന്നു ചിലർക്കു വാശി. ശത്രുപക്ഷത്തെ ധീരനാണ് നൗഫൽ ബ്നു അബ്ദുല്ല. നൗഫൽ കിടങ്ങു ചാടിക്കടക്കാൻ തീരുമാനിച്ചു.


അവന്റെ സാഹസം കാണാൻ ശത്രുക്കൾ നോക്കിനിന്നു. നൗഫൽ കിടങ്ങു ചാടിക്കടന്നാൽ പലരും അവനെ പിന്തുടരാൻ തയ്യാറായി നിന്നു. നൗഫൽ സർവശക്തിയുമെടുത്ത് കുതിച്ചുചാടി.


നൗഫൽ കിടങ്ങിന്നടിയിലേക്കു മലർന്നടിച്ചു വീഴുന്നതാണു കണ്ടത്. ഇനി ആർക്കും അങ്ങനെ ഒരാഗ്രഹം ഉണ്ടാവില്ല. അവന്റെ മരണത്തോടെ ശത്രുക്കൾക്കു വാശി മൂത്തു. അമ്പയ്ത്തിന്റെ ശക്തി കൂടി.


നൗഫലിന്റെ ശവശരീരം വിട്ടുകൊടുക്കണമെന്നു ഖുറയ്ശികൾ അപേക്ഷിച്ചു. ആ ശവശരീരത്തിനുവേണ്ടി പതിനായിരം ദീനാർ വരെ നൽകാൻ അവർ സന്നദ്ധരായിരുന്നു. പ്രതിഫലം വാങ്ങാതെ വിട്ടു കൊടുക്കുകയാണു റസൂലുല്ലാഹി ﷺ ചെയ്തത്.


കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി നടക്കുകയാണ് ഒരു സംഘം ധീരന്മാർ. സാഹസികതയ്ക്ക് പേരുകേട്ട അംറ് ബ്നു വുദ്ദ്, അബൂജഹലിന്റെ മകൻ ഇക് രിമത്, സിറാറ് ബ്നുൽ ഖത്താബ്.


അവർ നടന്നുനടന്ന് ഒരു പ്രത്യേക ഭാഗത്തെത്തി. “ഇവിടെനിന്നു ചാടി ഞാൻ അക്കരെപ്പറ്റും.” അംറ് ധിക്കാരത്തോടെ പറഞ്ഞു. 


നബി ﷺ അവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. അവരെ നേരിടാൻ അലി(റ)വിനോടു കൽപിച്ചു. അംറ് ഒരൊറ്റച്ചാട്ടത്തിനു കിടങ്ങിനിക്കരെയെത്തി..! അലി(റ)വിന്റെ മൂർച്ചയേറിയ പടവാൾ അവന്റെ ശരീരത്തിൽ വീഴുകയും ചെയ്തു. അംറ് വധിക്കപ്പെട്ടു. മറ്റുള്ളവർ ഓടിപ്പോയി... 


ഇതോടെ അമ്പുകൊണ്ടുള്ള യുദ്ധത്തിനു ശക്തി കൂടി. ഒരു ദിവസം അസർ നിസ്കാര സമയം തെറ്റുകവരെ ചെയ്തു.


അല്ലാഹുﷻവിൽ നിന്നുള്ള മഹത്തായ സഹായവും പ്രതീക്ഷിച്ചുകൊണ്ടു മുസ്ലിംകൾ കാത്തിരിക്കുന്നു. ശ്രതുക്കൾ ഏതുസമയവും മദീനയിൽ പ്രവേശിക്കുമെന്ന നിലയിലാണ്. മനുഷ്യമനസ്സുകളിൽ ഭയം പെരുകി.



Part : 142


നഈമിന്റെ സൂത്രം 


നഈം ബ്നു മസ്ഊദ്. ഗത്ഫാൻ ഗോത്രക്കാരനാണ്. പല ഗോത്രക്കാർക്കും അടുത്തു പരിചയമുള്ള ആൾ. പ്രസിദ്ധനാണ്.


ഏതുവഴി വന്നു എന്നറിയില്ല, അദ്ദേഹം നബിﷺതങ്ങളുടെ മുന്നിലെത്തി. അല്ലാഹു ﷻ അവിടെ എത്തിച്ചു എന്നു പറയുക.


“ഞാൻ സ്വകാര്യമായി ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ആർക്കും അതറിയില്ല. പരമരഹസ്യമാണ്.” നഈം പറഞ്ഞു. നബിﷺതങ്ങൾക്കു സന്തോഷമായി.


“മുസ്ലിംകളുടെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ. ശത്രുക്കൾ ഏതു സമയവും ആക്രമിക്കാം. ശക്തികൊണ്ട് അവരെ പരാജയപ്പെടുത്താൻ കഴിയില്ല. യുക്തികൊണ്ടേ കഴിയൂ...”


നബി ﷺ ഇങ്ങനെ തുടർന്നു: “നിങ്ങൾ മുസ്ലിമായ വിവരം അവരാരും അറിയില്ല. വല്ല തന്ത്രവും പ്രയോഗിച്ചു നിങ്ങൾക്കവരെ പരാജയപ്പെടുത്താൻ കഴിയുമോ..?”


“അല്ലാഹുﷻവിന്റെ റസൂലേ, ഞാനൊന്നു നോക്കട്ടെ. ഞങ്ങൾ യുദ്ധരംഗത്തു പല കൗശലങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഞാനൊരു ശ്രമം നടത്തിനോക്കട്ടെ...”


നഈം നേരെ പോയതു ബനൂ ഖുറയ്ളക്കാരുടെ അടുത്തേക്കാണ്. നഈമിനെ അവർ സന്തോഷപൂർവം സ്വീകരിച്ചു. അവർ യുദ്ധകാര്യങ്ങൾ സംസാരിച്ചു തുടങ്ങി. അദ്ദേഹം പറഞ്ഞു: “എനിക്കു നിങ്ങളോടുള്ള സ്നേഹവും അടുപ്പവും നിങ്ങൾക്കറിയാമല്ലോ..?”


“ഞങ്ങൾക്കു നന്നായറിയാം.”


“നിങ്ങൾക്ക് ഒരാപത്തു വരുമ്പോൾ ഞാൻ നിങ്ങളെ സഹായിക്കേണ്ടതല്ലേ..?”


“തീർച്ചയായും സഹായിക്കണം.”


“എന്നാൽ ഞാനൊരു രഹസ്യം പറയാം. നിങ്ങൾ രഹസ്യം സൂക്ഷിക്കുമോ..? പരസ്യമാക്കുമെങ്കിൽ പറയില്ല.”


“ഞങ്ങൾ രഹസ്യമായി സൂക്ഷിക്കും. പരസ്യമാക്കില്ല.”


“എന്നാൽ കേട്ടോളൂ... അബൂസുഫ്യാൻ ദിവസങ്ങൾക്കകം സ്ഥലം വിടും. അതിശൈത്യം സഹിക്കാൻ അയാൾക്കു വയ്യ. യുദ്ധം ജയിക്കില്ല. ഖുറയ്ശികളും ഗത്ഫാൻകാരും ഓടിപ്പോയാൽ നിങ്ങളുടെ അവസ്ഥയെന്താകും..?"


“ഞങ്ങൾ ഇനിയെന്തുവേണം..?”


“യുദ്ധത്തിൽ പങ്കെടുക്കുന്നതിനു പകരമായി എഴുപതു ഖുറയ്ശി പ്രമുഖരെ പണയമായി നൽകണമെന്നു നിങ്ങൾ ആവശ്യപ്പെടണം. അപ്പോൾ അറിയാം അവരുടെ തനിനിറം...”


“ഞങ്ങളങ്ങനെ ആവശ്യപ്പെടും. ബാക്കി കാര്യം പിന്നെ.” 


ബനൂഖുറയ്ളക്കാരുടെ മനസ്സിൽ ഖുറയ്ശികളെക്കുറിച്ചു സംശയം ജനിച്ചു...


നഈം നേരെ പോയത് ഖുറയ്ശികളുടെ ക്യാമ്പിലേക്കായിരുന്നു. “എനിക്കു നിങ്ങളോടുള്ള ബന്ധവും സ്നേഹവും ഒക്കെ നിങ്ങൾക്കറിയാമല്ലോ..?” അദ്ദേഹം ചോദിച്ചു.


“അതുപിന്നെ ഞങ്ങൾക്കറിഞ്ഞുകൂടേ? എന്താ ഇങ്ങനെ യൊക്കെ ചോദിക്കാൻ കാരണം..?”


“കാരണമുണ്ട്. ആപത്തു കാലത്താണല്ലോ ബന്ധുക്കളെ സഹായിക്കേണ്ടത്.”


“ഏതു സഹായമാണു നിങ്ങൾ തരാൻ പോകുന്നത്..?”


“നിങ്ങൾ ഒരാപത്തിൽപെടാൻ പോകുന്നു.”


“എന്താണു പറയൂ..!”


“ബനു ഖുറയ്ള മുസ്ലിംകളുടെ കൂടെ ചേരാൻ പോകുന്നു.”


“അങ്ങനെ വരില്ല.”


“നാളെത്തന്നെ അവരോടു യുദ്ധം ചെയ്യാൻ പറയൂ. അപ്പോൾ കാണാം...”


“എന്താണവരുടെ പരിപാടി..?” 


“എഴുപതു ഖുറയ്ശി പ്രമുഖന്മാരെ മുഹമ്മദിനു പിടിച്ചു കൊടുക്കുക. അതുതന്നെ പരിപാടി...”


“ഓഹോ.. അതൊന്നു കാണാമല്ലോ..?" അബൂസുഫ്യാൻ ഉടൻതന്നെ ബനൂ ഖുറയ്ളയുടെ സമീപത്തേക്കു ദൂതന്മാരെ വിട്ടു.


“നിങ്ങൾ നാളെത്തന്നെ മുഹമ്മദിനെതിരെ യുദ്ധം തുടങ്ങണം”


ബനൂ ഖുറയ്ളക്കാർ ഇങ്ങനെ മറുപടി നൽകി: “നാളെ സബത്ത് ദിനമാണ്


(ശനിയാഴ്‌ച ദിവസം അവര്‍ തൗറാത്തിന്റെ നിയമപ്രകാരം ശബ്ബത്ത്‌ ആചരിക്കേണ്ടുന്ന ദിവസമാണ്‌. അന്ന്‌ ജോലിക്കു പോകാതെ പ്രത്യേകം ചില ആരാധനാ കര്‍മങ്ങള്‍ നടത്തേണ്ടതുണ്ട്‌. അതനുസരിച്ചാണ്‌-ക്രിസ്‌ത്യാനികള്‍ ഞായറാഴ്‌ചയെന്നപോലെ - യഹൂദികള്‍ ശനിയാഴ്‌ച ഒഴിവ്‌ ദിവസമായി ആചരിച്ചു വരുന്നത്‌)  . 


യുദ്ധത്തിനു പറ്റില്ല. പിന്നെ മറ്റൊരു കാര്യം. നിങ്ങൾ ഞങ്ങളെ വിട്ട് ഓടിപ്പോവുകയില്ലെന്നതിനു ഒരു ഉറപ്പു വേണം. എഴുപതു ഖുറയ്ശി പ്രമുഖരെ ഞങ്ങൾക്കു പണയമായി തരണം.”


ഖുറയ്ശി പ്രതിനിധികൾ തിരിച്ചുപോയി അബൂസുഫ്യാനോടു വിവരം പറഞ്ഞു...



Part : 143


ബനൂ ഖുറയ്ള സഖ്യത്തിൽ നിന്നു പിൻവാങ്ങിയെന്ന് അബൂസുഫ്യാനു മനസ്സിലായി. ഇനി മദീനയിൽ പ്രവേശിക്കാൻ ഒരു മാർഗവുമില്ല. ഈ കൊടുംതണുപ്പു സഹിക്കാനും വയ്യ. മൃഗങ്ങൾ ചത്തുവീഴുന്നു...


ഈ വലിയ സൈന്യത്തെ തീറ്റിപ്പോറ്റാനും വയ്യ. അബൂസുഫ്യാന്റെ മനസ്സു മടുത്തു. ജൂതന്മാരുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടത് അബദ്ധമായി. അന്നു രാത്രി നല്ല മഴ പെയ്തു. ശക്തിയായ കാറ്റടിച്ചു.


കൂടാരങ്ങൾ പറന്നുപോയി. ഭക്ഷ്യവസ്തുക്കൾ മണ്ണിലും വെള്ളത്തിലും കുതിർന്നു. എവിടെയും അന്ധകാരം. ഈ ഇരുട്ടിൽ മുസ്ലിംകൾ കിടങ്ങു കടന്നുവരും. തങ്ങളെ ആക്രമിക്കും. അതിനുമുമ്പേ രക്ഷപ്പെടണം. അബൂസുഫ്യാന്റെ ശബ്ദം ഇരുട്ടിൽ മുഴങ്ങിക്കേട്ടു.


“ഖുറയ്ശികളേ, നിങ്ങൾക്കു പറ്റിയ സ്ഥലമല്ല ഇത്. ഒട്ടകങ്ങളും കുതിരകളും ഇതാ നശിക്കുന്നു. ബനു ഖുറയ്ള നമ്മെ പറ്റിച്ചു കടന്നുകളഞ്ഞു.” അബൂസുഫ്യാൻ ഒട്ടകത്തിന്റെ കയറഴിച്ചു. ഒട്ടകപ്പുറത്തു കയറി. 


ഗോത്രനായകന്മാരിലൊരാളായ സഫ്വാൻ പറഞ്ഞു: “അബൂസുഫ്യാൻ, അങ്ങു പോവുകയാണോ..? ഖുറയ്ശികളെ ഇവിടെ ഉപേക്ഷിച്ചു പോവുകയാണോ..? അങ്ങ് ഈ ജനതയുടെ നേതാവല്ലേ..?”


അബൂസുഫ്യാൻ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഖുറയ്ശികളെ, പുറപ്പെടുക. ഒട്ടും സമയം കളയരുത്. ശ്രതുക്കൾ നിങ്ങൾക്കിടയിൽ കയറിക്കൂടുമെന്നു ഞാൻ ഭയപ്പെടുന്നു. നിങ്ങൾ കൈകൾ കോർത്തു പിടിക്കണം. മുസ്ലിംകൾ കിടങ്ങു മുറിച്ചുകടക്കും മുമ്പേ എല്ലാവരും സ്ഥലം വിടണം.


കൂട്ടത്തോടെ പലായനം തുടങ്ങി. ഖുറയ്ശികൾ സ്ഥലം വിടാൻ തുടങ്ങിയതോടെ സഖ്യകക്ഷികളും പലായനം തുടങ്ങി. കയ്യിൽ കിട്ടിയതുമായി കൂട്ട ഓട്ടം..!


എല്ലാവരും പോയി. തങ്ങൾ മാത്രം ഇവിടെ നിന്നിട്ടെന്താ കാര്യം..?

അതായിരുന്നു ജൂതന്മാരുടെ ചിന്ത. അവരും സ്ഥലം വിട്ടു. കാറ്റ് അപ്പോഴും ആഞ്ഞുവീശിക്കൊണ്ടിരുന്നു.


നേരം പുലർന്നു. നല്ല കാഴ്ച. ശത്രുക്കൾ മുഴുവൻ സ്ഥലം വിട്ടിരിക്കുന്നു. പറന്നുപോയ തമ്പുകൾ. അടുപ്പിൽ നിന്നു മറിഞ്ഞുവീണ പാത്രങ്ങൾ. ഉപയോഗശൂന്യമായ ആഹാരസാധനങ്ങൾ. 


വലിയൊരു ദുരന്തത്തിൽ നിന്നു മുസ്ലിംകളെ അല്ലാഹു ﷻ അത്ഭുതകരമായി രക്ഷപ്പെടുത്തി. എല്ലാവരും മനസ്സമാധാനത്തോടെ അവരവരുടെ വീടുകളിലേക്കു മടങ്ങി. സ്ത്രീകളും കുട്ടികളും അവരെ കാത്തിരിക്കുകയായിരുന്നു. അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹത്തെ എല്ലാവരും വാഴ്ത്തി...


ഖൻദഖിന്റെ കഥ അവർക്കൊരിക്കലും മറക്കാനായില്ല.

ഖൻദഖ് കുഴിക്കുമ്പോഴുണ്ടായ അനുഭവങ്ങൾ അവർ വിവരിച്ചു.


ഒരു പാറ പൊട്ടിക്കാൻ കഴിയാതെ മുസ്ലിംകൾ കുഴങ്ങി. നബിﷺതങ്ങളോടു പരാതി പറഞ്ഞു. പ്രവാചകൻ ﷺ വന്നു. ആയുധം വാങ്ങി. ഒരൊറ്റ വെട്ട്..! പാറ തകർന്നുപോയി...


വിശപ്പു കാരണം നിവർന്നു നിൽക്കാനാകാത്ത സ്വഹാബികൾ. അവർ വയറ്റത്തു കല്ലുവച്ചു കെട്ടി ഒരുറപ്പിനുവേണ്ടി. അസഹ്യമായ വിശപ്പു വന്ന ഒരു ഘട്ടത്തിൽ അക്കാര്യം പ്രവാചകനോടു പറഞ്ഞു. നോക്കുമ്പോൾ പ്രവാചകനും കല്ലു വച്ചു കെട്ടിയിരുന്നു..! അതു കണ്ടപ്പോൾ ജാബിർ(റ)വിനു സഹിക്കാനായില്ല...


ഒരു സ്വാഅ് യവവും ചെറിയ ആടിനെയും കൊണ്ടുവന്നു. നബി ﷺ തങ്ങൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കി. പ്രവാചകരുടെ (ﷺ) മുഅ്ജിസത്തു വ്യക്തമായ സമയമായിരുന്നു അത്. ധാരാളമാളുകൾ ആ ഭക്ഷണത്തിൽ നിന്നു കഴിച്ചു. എല്ലാവരും വിശപ്പടക്കി. 


എല്ലാ വാതിലുകളും അടഞ്ഞുപോകുക. പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയിൽ പെട്ടുപോകുക. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു പ്രാർത്ഥിക്കുക. ആർക്കും കാണാനാവാത്ത മാർഗത്തിലൂടെ അല്ലാഹുﷻവിന്റെ സഹായം എത്തുന്നു.


ഖൻദഖ് യുദ്ധത്തിന്റെ പാഠം അതാകുന്നു.



Part : 144


വഞ്ചകന്മാർക്കു ശിക്ഷ 


ബനൂ ഖുറയ്ള കാണിച്ചത് അത്യന്തം ഗുരുതരമായ വഞ്ചനയാണ്. ശത്രുക്കൾ ഇസ്ലാമിനെ തുടച്ചുനീക്കാൻ വേണ്ടി വന്നു നിൽക്കുമ്പോൾ സന്ധിവ്യവസ്ഥകൾ വലിച്ചെറിഞ്ഞ് അവരോടൊപ്പം ചേർന്ന കൊടുംവഞ്ചകർ. 


അവരെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യണം. പിൽക്കാല തലമുറകൾക്ക് അതൊരു പാഠമായിരിക്കണം. ഈ പ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല. നീക്കുപോക്കുമില്ല. ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണിത്.


ഖൻദഖിൽനിന്നു വീടുകളിൽ മടങ്ങിയെത്തിയതേയുള്ളൂ. അങ്കി അഴിച്ചുമാറ്റാൻ തുടങ്ങുകയാണ്. അപ്പോഴാണു കൽപന...


“ഒരൊറ്റയാളും ഖുറയ്ള ഗോത്രക്കാരുടെ പ്രദേശത്തെത്തിയല്ലാതെ അസ്വർ നിസ്കാരം നിർവഹിക്കരുത്.”  -പ്രവാചക കൽപന...


എത്രയോ നാൾ തുടർച്ചയായി മരുഭൂമിയിലായിരുന്നതിനാൽ

എല്ലാവരും ക്ഷീണിതരാണ്. ക്ഷീണം തീർക്കാൻ സമയമില്ല. വീണ്ടും യാത്ര തുടങ്ങി.


അസ്വർ നിസ്കാരത്തിനു മുമ്പെ അങ്ങത്തണം. ധൃതിപിടിച്ച യാത്ര. സംഭവം അത്ര ഗുരുതരമാണ്. അസ്ർ നിസ്കാരത്തിനു സമയമായി. യാത്ര തുടരുകയാണ്. 


അപ്പോൾ ഒരു കൂട്ടർ ഇങ്ങനെ പറഞ്ഞു: “ഖുറയ്ളക്കാരുടെ പ്രദേശത്തെത്തുമ്പോൾ സമയം വൈകും. നമുക്കു വഴിയിൽ വച്ചു അസ്വർ നിസ്കരിക്കാം.” അവർ വഴിയിൽവച്ച് അസ്വർ നിസ്കരിച്ചു...


വളരെ ധൃതിയിൽ യാത്ര ചെയ്യണമെന്നാണു പ്രവാചകൻ ﷺ പറഞ്ഞതിന്റെ അർത്ഥമെന്ന് അവർ വ്യാഖ്യാനിച്ചു. 


മറ്റൊരു പക്ഷം ഖുറയ്ളക്കാരുടെ പ്രദേശത്ത് എത്തിയ ശേഷമേ അസ്വർ നിസ്കരിച്ചുള്ളൂ. അവിടെ എത്തിയ ശേഷമേ നിസ്കരിക്കാവൂ എന്നാണല്ലോ പ്രവാചകൻ ﷺ പറഞ്ഞത്. അവർ അതനുസരിച്ചു. നബി ﷺ വിവരമറിഞ്ഞു. ആരെയും കുറ്റപ്പെടുത്തിയില്ല. അലി(റ) ആയിരുന്നു പതാക പിടിച്ചത്...


മുസ്ലിംകളുടെ ആഗമനം ഖുറയ്ളക്കാരെ ഭയവിഹ്വലരാക്കി.

അവർ കോട്ടകളിൽ അഭയം തേടി. തങ്ങളുടെ ദുഷ്കൃത്യങ്ങൾക്കു പ്രതികാരം ചെയ്യുമെന്നവർക്കറിയാം. ദിവസങ്ങൾ കടന്നുപോയി. ജൂതന്മാർ കോട്ടക്കകത്തു തന്നെ കഴിഞ്ഞുകൂടി. മുസ്ലിംകൾ പുറത്തും...


ഇരുപത്തഞ്ചു ദിവസം പിന്നിട്ടു. “സമ്പത്തും ആയുധവുമായി മദീന വിട്ടുപോകാൻ ഞങ്ങളെ അനുവദിക്കണം.” ബനൂ ഖുറയ്ള പ്രവാചകനോട് (ﷺ) അഭ്യർത്ഥിച്ചു.


ബനുന്നളീറിനോടു കാണിച്ച ദയ തങ്ങളോടും കാണിക്കണമെന്ന് അവരാവശ്യപ്പെട്ടു.


ബനുന്നളീറും ബനൂ ഖുറയ്ളയും ചെയ്തത് ഒരേ കുറ്റമല്ല. ബനൂ ഖുറയ്ളയുടേത് ഏറ്റവും ഗുരുതരമാണ്. വധശിക്ഷയിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാനില്ല.


ബനുന്നളീറിനെപ്പോലെ തങ്ങളെയും പോകാൻ അനുവദിക്കണമെന്ന അപേക്ഷ പ്രവാചകൻ ﷺ തള്ളിക്കളഞ്ഞു.


ആയുധങ്ങളില്ലാതെ പോകാനുള്ള അനുമതി തേടി. അതും നിരസിക്കപ്പെട്ടു. നബി ﷺ ഇങ്ങനെ പ്രഖ്യാപിച്ചു. “നിങ്ങൾ കോട്ടയിൽ നിന്നു പുറത്തുവരിക. എന്റെ വിധി സ്വീകരിക്കുക. അനുകൂലമായാലും പ്രതികൂലമായാലും."


ഖുറയ്ള ഗോത്രക്കാരുടെ സഖ്യകക്ഷിയായിരുന്നു ഔസ്. ഔസ് ഗോത്രത്തിലെ പ്രമുഖ നേതാവായ അബൂലുബാനയെ കൂടിയാലോചനയ്ക്ക് അയച്ചുതരണമെന്നു ഖുറയ്ളക്കാർ ആവശ്യപ്പെട്ടു ഖുറയ്ളക്കാരുടെ കൂടെ അബൂലുബാനയുടെ സന്തതികളും സ്വത്തും ഉണ്ടായിരുന്നു.


അബൂലുബാന കൂടിയാലോചനയ്ക്കു വേണ്ടി കോട്ടക്കകത്തേക്കു പോയി. തങ്ങൾക്കു ലഭിക്കാൻ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്നു ജൂതന്മാർ ചോദിച്ചു...


അബൂലുബാന കഴുത്തിൽ കൈവച്ചു കാണിച്ചു. കൊന്നുകളയുമെന്ന സൂചന.


താനങ്ങനെ സൂചിപ്പിച്ചതു വലിയ തെറ്റായിപ്പോയെന്നു പുറത്തു വന്നപ്പോൾ അബൂലുബാനക്കു തോന്നി. അല്ലാഹുﷻവിനോടും റസൂലിനോടും (ﷺ) താൻ തെറ്റു ചെയ്തു പോയി. നബിﷺയുടെ സമീപത്തേക്കു പോകാൻ തോന്നിയില്ല. താൻ ചെയ്ത തെറ്റിനു സ്വയം ശിക്ഷ വിധിച്ചു. പള്ളിയുടെ

തൂണിൽ സ്വയം ബന്ധിതനായി...


തന്റെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനം അറിയിക്കും വരെ ഇവിടെ ബന്ധിതനായിക്കഴിയാമെന്ന് അദ്ദേഹം തീരുമാനിച്ചു...



Part : 145


നബിﷺതങ്ങൾ അബൂലുബാനയെ അന്വേഷിച്ചു. പള്ളിയിൽ ബന്ധിതനാണെന്ന് അറിഞ്ഞു. നബി ﷺ ഇങ്ങനെ പ്രതികരിച്ചു: “അബൂലുബാനക്ക് എന്റെ അടുത്തു വരാമായിരുന്നു. ഞാൻ അദ്ദേഹത്തിനു വേണ്ടി പൊറുക്കലിനെ തേടുമായിരുന്നു. ഇത്രയുമൊക്കെ സംഭവിച്ചു. നാം അദ്ദേഹത്തിന്റെ കാര്യം വിടുക. അല്ലാഹുﷻ തന്നെ ഒരു തീരുമാനമെടുക്കട്ടെ.”


ബനൂ ഖുറയ്ളയുടെ കാര്യത്തിൽ വിധി പ്രഖ്യാപിക്കാൻ ഒരുമധ്യസ്ഥനെ നിയമിക്കാൻ തീരുമാനിച്ചു. ഔസ് ഗോത്രക്കാർ ഇടപെട്ടതുകൊണ്ടാണ് അങ്ങനെ തീരുമാനമുണ്ടായത്. ഔസ് ഗോത്രത്തിൽ നിന്ന് ഇഷ്ടപ്പെട്ട ഒരാളെ മധ്യസ്ഥനായി സ്വീകരിക്കാൻ പ്രവാചകൻ ﷺ പറഞ്ഞു. അവർ സഅ്ദ് ബ്നു മുആദിന്റെ പേരു പറഞ്ഞു.


ഖൻദഖിലെ യുദ്ധവേളയിൽ അമ്പുകൊണ്ടതിനാൽ ചികിത്സയിലായിരുന്നു സഅ്ദ് ബ്നു മുആദ്(റ). ആ സ്വഹാബിവര്യനെ ഒരു കഴുതപ്പുറത്തു കയറ്റി കൊണ്ടു വന്നു. സഅ്ദ്(റ) വന്നപ്പോൾ നബി ﷺ തങ്ങൾ വിധി പ്രഖ്യാപിക്കാനാവശ്യപ്പെട്ടു.


ഔസ് ഗോത്രക്കാരായ ചിലർ അദ്ദേഹത്തോടു പറഞ്ഞു: “നമ്മുടെ സഖ്യകക്ഷിയാണ്. നന്മ ചെയ്യുക.''


വേറെ ചിലർ പറഞ്ഞു: “അല്ലാഹുﷻവിന്റെ കാര്യമാണിത്. ആക്ഷേപകരമായ വിധി എടുത്തുകൂടാ.”


ഖുറയ്ളക്കാരെ നോക്കി സഅ്ദ്(റ) ചോദിച്ചു: “ഞാൻ വിധിക്കുന്നതു സമ്മതമാണോ..?”


“അതെ.” അവർ സമ്മതിച്ചു. 


പ്രവാചകനെ (ﷺ) നോക്കി. “ഞാൻ വിധി പറയട്ടെയോ..?”


“അതേ, വിധിച്ചുകൊള്ളൂ.''


സഅ്ദ് (റ) വിധി പ്രഖ്യാപിച്ചു: “പടയാളികളെയെല്ലാം വധിക്കുക. അവരുടെ സ്വത്തു കണ്ടുകെട്ടുക. സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കുക...”


അതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെകൊണ്ടു സത്യം. താങ്കളുടെ വിധി അല്ലാഹുﷻവും സത്യവിശ്വാസികളും തൃപ്തിപ്പെട്ടിരിക്കുന്നു.”


യോദ്ധാക്കൾ വധിക്കപ്പെട്ടു. കൂട്ടത്തിൽ ഒരു സ്ത്രീയും. കോട്ടയുടെ മുകളിൽനിന്ന് ഒരു വലിയ കല്ല് ഉരുട്ടിയിട്ട് ഒരു സ്വഹാബിയെ കൊന്നതിനാണ് ആ സ്ത്രീക്ക് വധശിക്ഷ വിധിച്ചത്. ബനൂ ഖുറയ്ളയുടെ സ്ത്രീകൾപോലും കഴിയാവുന്നത്ര ഉപ്രദവങ്ങൾ മുസ്ലിംകൾക്കു ചെയ്തിരുന്നു... 


നബിﷺതങ്ങൾ മദീനയിൽ തിരിച്ചെത്തി. അബൂലുബാനയുടെ കാര്യത്തിൽ ആയത്ത് ഇറങ്ങി. അബൂലുബാനയുടെ പശ്ചാത്താപം അല്ലാഹു ﷻ സ്വീകരിച്ചു. പ്രവാചകനുമായി ഉണ്ടാക്കിയ സന്ധി കാരണം ബനൂഖുറയ്ള ഗോത്രക്കാർക്കു പല നേട്ടങ്ങളുമുണ്ടായിട്ടുണ്ട്.


അവർക്കു മദീനയിൽ നിർഭയമായി കച്ചവടം നടത്താമായിരുന്നു. കൃഷി ചെയ്യാമായിരുന്നു. പുറത്തുനിന്ന് ആരെങ്കിലും വന്നു ബനൂ ഖുറയ്ളയെ ആക്രമിച്ചാൽ മുസ്ലിംകൾ ഖുറയ്ളയെ സഹായിക്കുമെന്നായിരുന്നു വ്യവസ്ഥ. മുസ്ലിംകൾക്കു നേരെ അക്രമം വന്നാൽ ബനൂഖുറയ്ള മുസ്ലിംകളെയും സഹായിക്കണം.


ഖൻദഖ് യുദ്ധവേളയിൽ ബനൂഖുറയ്ളയുടെ പൂർണ സഹകരണം പ്രതീക്ഷിച്ചു. അവസാന നിമിഷത്തിൽ അവർ ശ്രത്രു പക്ഷം ചേർന്നു. മുസ്ലിംകളുടെ ഉന്മൂല നാശത്തിനു ശ്രമിച്ചു.


തൗറാത്തിലെ നിയമമനുസരിച്ച് അവർക്കു മരണശിക്ഷയാണു നൽകേണ്ടത്. അതു ബനൂ ഖുറയ്ളക്കാർക്കറിയാം. അതിൽ മാറ്റമൊന്നും വരുത്തിയില്ല.

ഇതിൽ സഹാനുഭൂതിയുടെ പ്രശ്നമൊന്നും ഉദിക്കുന്നില്ല.


അർഹിക്കുന്ന ശിക്ഷ അവർക്കു കിട്ടി.


ബന്ദികളോടു ദയാപൂർവം പെരുമാറി. ഒരു പ്രയാസവും അവർക്ക് അനുഭവിക്കേണ്ടതായി വന്നില്ല. രാജ്യരക്ഷയ്ക്കു വേണ്ടി അനിവാര്യമായ നടപടി സ്വീകരിച്ചു. ബനൂ ഖുറയ്ളക്കാരുടെ കാര്യത്തിൽ നടന്നത് അതാണ്... 



Part : 146


സയ്നബ്(റ) 


പ്രവാചക പുത്രി സയ്ബ് (റ)യെക്കുറിച്ചു നേരത്തെ ഒരധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ കഥ അൽപം വിശദമായി ഇവിടെ പറയാം. തുടർന്നു പ്രവാചക പുത്രിമാരെ വേറെവേറെ പരിചയപ്പെടുത്തുകയും ചെയ്യാം.


നബിﷺതങ്ങളുടെ മൂത്ത മകളാണു സയ്നബ് (റ). മാതാപിതാക്കളുടെ കൺമണി. അളവില്ലാത്ത സ്നേഹവും വാത്സല്യവും മാതാപിതാക്കൾ മകൾക്കു നൽകി.


മിടുമിടുക്കിയായ പെൺകുട്ടി. ബുദ്ധിമതി. മകൾ വളർന്നു വലുതായി. ബാലികയായി. ബാല്യപ്രായക്കാരായ പെൺകുട്ടികൾക്കു വിവാഹാലോചനകൾ വരും. സൽഗുണ സമ്പന്നയായ സയ്നബിനു വിവാഹാലോചനകൾ വരാൻ തുടങ്ങി. ഉന്നത കുടുംബങ്ങളിൽ നിന്നു തന്നെ.


ഖദീജ ബീവിയുടെ സഹോദരിയാണ് ഹാല. ഹാല കൂടെക്കൂടെ ഖദീജ(റ)യെ കാണാൻ വരും. സഹോദരിമാർ വളരെനേരം സംസാരിച്ചിരിക്കും. കുടുംബകാര്യങ്ങളൊക്കെ ചർച്ച ചെയ്യും.


ഖദീജ(റ) വലിയ കച്ചവടക്കാരിയായിരുന്നല്ലോ. പലപ്പോഴും ഹാലയുടെ സഹായം വേണ്ടതായി വരും. ഹാലക്കു സയ്നബിനെ എന്തൊരിഷ്ടമാണെന്നോ..?


സയ്നബിനു ഹാല സ്വന്തം മാതാവിനെപ്പോലെ തന്നെ.

പിറന്ന നാൾ മുതൽ ഹാല സയ്നബിനെ ഓമനിക്കുന്നു.


ഹാലക്കു വിവാഹം കഴിക്കാൻ പ്രായമായ ഒരു മകനുണ്ട്.

പേര് അബുൽ ആസ്. ഹാലയുടെ മനസ്സിൽ വളരെനാളായി ഒരു മോഹം മൊട്ടിട്ടു നിൽപുണ്ട്.


സയ്ബിനെ തനിക്കു വേണം. മറ്റാർക്കും വിട്ടുകൊടുത്തുകൂട. തന്റെ മകൻ സയ്ബിനെ വിവാഹം കഴിക്കണം. തന്റെ വീട്ടിൽ അവർ താമസിക്കണം. ഇതാണു മോഹം. അതു മനസിൽ അടക്കിനിറുത്തി.


മനസ്സിലൊതുങ്ങാതായപ്പോൾ തുറന്നു പറഞ്ഞു. ഖദീജയോട്, സ്വന്തം സഹോദരിയോട്... 


ഖദീജ(റ)ക്ക് അബുൽ ആസിനെ വലിയ ഇഷ്ടമാണ്. സ്വപുത്രനെപ്പോലെ തന്നെ. വിവാഹം നബിﷺതങ്ങളും അറിഞ്ഞു. എതിരൊന്നും പറഞ്ഞില്ല.


വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു. ഖദീജ(റ)യുടെ വീട്ടിലും ഹാലയുടെ വീട്ടിലും ഒരുക്കം തുടങ്ങി. നബി ﷺ തങ്ങൾക്കു നുബുവ്വത് ലഭിക്കുന്നതിനു മുമ്പാണ് അബുൽ ആസും സയ്നബും തമ്മിലുള്ള വിവാഹം നടന്നത്. 


അവർ നല്ല ദമ്പതികളായി. സ്നേഹവും വിശ്വാസവും പരസ്പര ധാരണയും നിറഞ്ഞ ജീവിതം.


അബുൽ ആസ് നന്മകൾ നിറഞ്ഞ ചെറുപ്പക്കാരൻ. ഗോത്രക്കാരുടെ സ്നേഹഭാജനം. അബുൽ ആസിനെ ഭർത്താവായി ലഭിച്ചതു തന്റെ ഭാഗ്യമെന്നു സയ്നബ് കരുതി. സയ്നബിനെ ലഭിച്ചതു തന്റെ മഹാഭാഗ്യമെന്ന് അബുൽ ആസ് കരുതി.


പേരെടുത്ത കച്ചവടക്കാരൻ. ഖുറയ്ശികളോടൊപ്പം ഖാഫിലയിൽ പോകും. കച്ചവടത്തിൽ നല്ല ലാഭം നേടും. ഓരോ കച്ചവടയാത്ര കഴിഞ്ഞു വരുമ്പോഴും സയ്ബിനെ സ്നേഹംകൊണ്ടു പൊതിയും. അവരുടെ ജീവിതം നബിﷺതങ്ങളെയും ഖദീജ(റ)യെയും വളരെയേറെ സന്തോഷിപ്പിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞ നാളുകൾ നീങ്ങി... 



Part : 147


ഒരു ദിവസം സയ്നബ് ഭർത്താവിനോടു സ്വകാര്യം പറഞ്ഞു: “അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും താങ്കൾ സാക്ഷ്യം വഹിക്കണം.”


അബുൽ ആസിന്റെ മുഖം മങ്ങി.


താൻ ജീവനുതുല്യം സ്നേഹിക്കുന്ന സയ്നബിന്റെ വാക്കുകൾ തള്ളിക്കളയാനാകുമോ..? തള്ളാതിരിക്കാൻ പറ്റുമോ..? ഖുറയ്ശികൾക്കിടയിൽ തനിക്കുള്ള പദവിയെന്താണ്..? ആ പദവി വലിച്ചെറിയണോ, സാമൂഹിക ബന്ധങ്ങൾ പൊട്ടിച്ചെറിയാനോ..?


സാധ്യമല്ല, തന്നെക്കൊണ്ടാവില്ല...


“പ്രിയപ്പെട്ട സൈനബ്... എന്നെ നിർബന്ധിക്കരുത്.” അബുൽ ആസ് ഒഴിഞ്ഞുമാറിക്കളഞ്ഞു...


ശഹാദത്തു കലിമ ചൊല്ലാൻ അദ്ദേഹം തയ്യാറായില്ല. നേരായ മാർഗത്തിലേക്കു വിളിച്ചിട്ടു തിരിഞ്ഞുകളഞ്ഞു. അദ്ദേഹം സ്നേഹസമ്പന്നനാണ്. ആ സ്നേഹം അങ്ങോട്ടും നൽകുന്നുണ്ട്. പക്ഷേ, ഖുറയ്ശികളുടെ കൂടെ നിൽക്കുന്നു. ഉമ്മയും അനിയത്തിമാരുമൊക്കെ സത്യസാക്ഷ്യം വഹിച്ചു.


“അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ്

അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” 


സയ്നബിന്റെ ധീരമായ ശബ്ദം. ഭർത്താവു കേട്ടു, ഭാര്യയുടെ പ്രഖ്യാപനം...


ഇതു പറഞ്ഞ കാരണത്താൽ മക്കയിൽ എത്രപേരാണു മർദ്ദിക്കപ്പെട്ടത്..! ക്രൂരമായി മർദിക്കപ്പെട്ട പെൺകൊടിമാരെത്ര..


ഇസ്ലാംമതം സ്വീകരിച്ച കാരണത്താൽ ഈ പെൺകുട്ടിയെ മർദിക്കാൻ തന്നെക്കൊണ്ടാകുമോ..?


തനിക്കേറ്റവും പ്രിയപ്പെട്ടവൾ..! അബുൽ ആസ് തിരിഞ്ഞു നടന്നു...


ഖുറയ്ശികൾക്കിടയിൽ ആ വിഷയം ചർച്ചാവിഷയമായി. ഭാര്യ മുസ്ലിമാവുക. ഭർത്താവു പഴയ വിശ്വാസത്തിൽ തുടരുക..! പരിഹാസത്തിന്റെ കൂരമ്പുകൾ. എല്ലാം കേട്ടു, സഹിച്ചു. പ്രിയപ്പെട്ടവൾക്കു വേണ്ടിയല്ലേ...


മക്കയിൽ ഓരോ പ്രഭാതത്തിലും വാർത്തകൾ പരന്നുകൊണ്ടിരുന്നു. മർദനത്തിന്റെ പുതിയ കഥകൾ.


മർദകരുടെ കൂട്ടത്തിൽ അബുൽ ആസിന്റെ മനസ്സിൽ ഭാര്യയുടെ സുന്ദരവദനം...


സത്യവിശ്വാസിനിയായ ഭാര്യ. സത്യവിശ്വാസം കൈക്കൊള്ളാത്ത ഭർത്താവ്. അവരുടെ ദാമ്പത്യജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...



Part : 148


മദീനയിലെത്തിക്കുക 


സയ്നബ്(റ)യുടെ മനസ്സിൽ വല്ലാത്ത ഉൽകണ്ഠ. തന്റെ പ്രിയപ്പെട്ട അനുജത്തി റുഖിയ്യ ഭർത്താവിനോടൊപ്പം നാടുവിട്ടു. റുഖിയ്യയും ഉസ്മാൻ(റ)വും മക്കയിൽ നിൽക്കാനാകാതെ പലായനം ചെയ്തിരിക്കുന്നു.


അന്യനാട്ടിൽ എന്തൊരു കഷ്ടപ്പാടായിരിക്കും. മാതാവിനെക്കണ്ടു. മാതാവിന്റെ ദുഃഖം കണ്ടു. പിതാവിന്റെ മുഖം കണ്ടു. പൊട്ടിക്കരഞ്ഞുപോയി.

ബഹിഷ്കരണത്തിന്റെ കാലം.


മലഞ്ചെരുവിലെ ദുരിതം നിറഞ്ഞ നാളുകൾ.


സയ്നബിന്റെ മനസ്സ് നീറിപ്പുകഞ്ഞു.


ഖുറയ്ശികൾ എന്തൊരു ക്രൂരതയാണു കാണിക്കുന്നത്..? എന്നിട്ടും തന്റെ ഭർത്താവ് അവരുടെ കൂടെത്തന്നെ. എങ്ങനെ സഹിക്കും..!


ബഹിഷ്കരണത്തിന്റെ കാലം കഴിഞ്ഞപ്പോൾ ആശ്വാസം. പക്ഷേ, അതു നീണ്ടുനിന്നില്ല.


എല്ലാവരുടെയും അഭയകേന്ദ്രമായിരുന്ന വന്ദ്യമാതാവ് മരണപ്പെട്ടു. മക്കയുടെ റാണിയായിരുന്ന ഉമ്മ. സമ്പന്നയായിരുന്ന ഉമ്മ. എല്ലാം പിതാവിനുവേണ്ടി ത്യജിച്ചു. ഒടുവിൽ ദൈന്യം നിറഞ്ഞ മരണം. ഒരർത്ഥത്തിൽ പട്ടിണി മരണം..!രാജകുമാരിയുടെ പട്ടിണി മരണം..!!


റുഖിയ്യ അകലെയാണ്. ഉമ്മുകുൽസൂം ദുഃഖത്തിന്റെ പ്രതീകമായി. ഫാത്വിമ കുട്ടിയാണ്.


സയ്ബിന്റെ മനസു നിറയെ ദുഃഖം.


വന്ദ്യപിതാവിനു രണ്ട് അഭയകേന്ദ്രങ്ങളുണ്ടായിരുന്നു.


ഒന്ന് അബൂത്വാലിബ്. മറ്റൊന്ന് ഖദീജ(റ). രണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. അതോടെ മർദനം ഇരട്ടിയായി...

സയ്നബിന്റെ വേദനക്കതിരില്ല. ഒടുവിൽ ഹിജ്റ. സത്യവിശ്വാസികൾ നാടുവിട്ടുകൊണ്ടിരിക്കുന്നു. വന്ദ്യപിതാവും നാടുവിട്ടു. ഉമ്മുകുൽസൂമും ഫാത്വിമയും മദീനയിലേക്കുപോയി. മക്കയിൽ സയ്നബ് ഒറ്റയ്ക്കായി.


കാലം പിന്നെയും കടന്നുപോയി.


ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നുമില്ല. ദുഃഖം കലർന്ന ഓർമകളുമായി സയ്നബ് നാളുകൾ തള്ളി നീക്കി.


പ്രിയ സഹോദരി റുഖിയ്യയെ കാണാൻ മോഹം. ഉമ്മുകുൽസൂമിന്റെ രൂപം കൺമുമ്പിൽ തന്നെയുണ്ട്. ബാല്യദശയിലുള്ള ഫാത്വിമയെ കാണാൻ കണ്ണു കൊതിക്കുന്നു. എന്തൊരു പരീക്ഷണം..! എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു. ജീവിതവും മരണവും.


ഇബാദത്തുകൾകൊണ്ടു രാപ്പകലുകൾ സജീവമാക്കി. പിതാവിനെ ഒന്നു കാണണമായിരുന്നു. മനസിന്റെ മോഹം. എങ്ങനെ കാണാൻ..?

പെട്ടെന്നാണ് ആ വാർത്ത കേട്ടത്.


യുദ്ധം..!!


മക്കയിലെ മുശ്രിക്കുകൾ പടനയിക്കുന്നു. മുസ്ലിംകൾക്കെതിരെ..! ഭർത്താവ് യാത്രയ്ക്കൊരുങ്ങുന്നു. പടച്ചട്ടയണിയുന്നു. പടവാളെടുക്കുന്നു...


“എങ്ങോട്ടാ..?” - ഭാര്യയുടെ വെപ്രാളം നിറഞ്ഞ ചോദ്യം.


“യുദ്ധത്തിന്...” - ഭർത്താവിന്റെ മറുപടി.


ഖൽബു തകരുന്ന വേദന. “വേണോ, ഇതു വേണോ...? നിങ്ങൾ യുദ്ധത്തിനു പോകണോ..?” ഭാര്യയുടെ ഗദ്ഗദം നിറഞ്ഞ ചോദ്യം.


പതറിക്കൂടാ. ഭാര്യയുടെ കണ്ണീരിനു മുമ്പിൽ ഖുറയ്ശിയോദ്ധാവ് പതറിപ്പോകരുത്. ധീരമായി മുന്നേറണം. ഉറച്ച പാദങ്ങളിൽ നടന്നുപോയി. ഭാര്യ ആ പോക്കു നോക്കി നിന്നു.



Part : 149


അതാ പോകുന്നു ഭർത്താവ്. യുദ്ധക്കളത്തിലേക്ക്. തന്റെ പിതാവിനെതിരെ പടവെട്ടാൻ..! ഇതും കാണേണ്ടതായി വന്നല്ലോ...


സഹിക്കാനാവുന്നില്ല. റബ്ബേ..! കരുത്തു നൽകേണമേ. പിന്നെ ഉറക്കമില്ലാത്ത രാവുകൾ. മരവിച്ചുപോയ ദിവസങ്ങൾ. ഊണില്ല, ഉന്മേഷമില്ല...

ദിനരാത്രങ്ങൾ പലതും കടന്നുപോയി. ബദർ യുദ്ധം കഴിഞ്ഞു. മക്കക്കാർ മടങ്ങിയെത്തി. ദുഃഖത്തിന്റെ കഥകളുമായി. അബൂജഹ്ൽ വധിക്കപ്പെട്ടു. കേട്ടവരൊക്കെ ഞെട്ടി. ധീരവീര നേതാക്കൾ പലരും വധിക്കപ്പെട്ടു...


പ്രതികാരത്തിന്റെ ആവേശം മക്കയെ മൂടി. തന്റെ ഭർത്താവു മടങ്ങിവന്നില്ല.

ഭർത്താവിനെ കാണാതായപ്പോൾ വെപ്രാളം. അന്വേഷണമായി. വധിക്കപ്പെട്ടിട്ടില്ല, ബന്ദിയായിരിക്കുന്നു. എന്തു ശിക്ഷയായിരിക്കും ലഭിക്കുക..?വധിക്കപ്പെടുമോ, അതോ മടങ്ങിവരുമോ..? ആകാംക്ഷയോടെ കാത്തിരുന്നു. 


അപ്പോൾ അടുത്ത വാർത്ത വന്നു. മോചനദ്രവ്യം വാങ്ങി ചിലരെ വിട്ടയച്ചിരിക്കുന്നു. അവർ മക്കയിലെത്തി. പണം നൽകി തന്റെ ഭർത്താവിനെ മോചിപ്പിക്കാം. മനസിൽ ആശയുടെ തിളക്കം.


പണമെവിടെ..? ബന്ദിയെ മോചിപ്പിക്കാൻ മാത്രം പണം കൈവശമില്ല. ഒരു സ്വർണ മാലയുണ്ട്. 


ഇതെങ്ങനെ ഊരിക്കൊടുക്കും..? പ്രിയപ്പെട്ട മാതാവ് തന്നതാണ്. തനിക്കു ലഭിച്ച വിവാഹ സമ്മാനം. കൈവെടിയാൻ തോന്നുന്നില്ല. ഭർത്താവിനെ മോചിപ്പിക്കാനല്ലേ, ഭാര്യ ത്യാഗം ചെയ്യേണ്ടതായിവരും...


വേദനയോടെ മാല ഊരി മദീനയിലേക്കു കൊടുത്തയച്ചു. അബുൽ ആസിന്റെ ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) കണ്ടു. മോചനദ്രവ്യം കൊണ്ടുവന്നിട്ടുണ്ടെന്നും അബുൽ ആസിനെ വിട്ടയയ്ക്കണമെന്നും അപേക്ഷിച്ചു.


ഒരു പൊതി മുമ്പിൽ വച്ചു. തിരുമേനി ﷺ അതു തുറന്നുനോക്കി. ഒരു സ്വർണമാല..! ഓർമകൾ ഇളകിമറിഞ്ഞു. തന്റെ പ്രിയപ്പെട്ട ഖദീജ മാറിലണിഞ്ഞ മാല.


ചിന്തകൾ അസ്വസ്ഥനാക്കി.


സ്വഹാബികൾ ആ മാല തിരിച്ചുകൊടുക്കാൻ തീരുമാനിച്ചു...


പ്രവാചകൻ ﷺ ഒരു ഉപാധിവച്ചു: “അബുൽ ആസ്, നിങ്ങളെ വിട്ടയയ്ക്കുകയാണ്. സയ്നബിന്റെ മാല മടക്കിത്തരികയും ചെയ്യുന്നു. നിങ്ങൾ മക്കയിലെത്തിയ ഉടനെ സൈനബിനെ മദീനയിലേക്കയയ്ക്കണം. ആ ഉറപ്പിന്മേൽ നിങ്ങളെ വിട്ടയയ്ക്കുന്നു.”


“ഞാനങ്ങനെതന്നെ ചെയ്യാം.” - അയാൾ സമ്മതിച്ചു.


സ്വത്രന്തനായി നാട്ടിലേക്കു മടങ്ങി.

സയ്നബിനു മാല കിട്ടി. ആശ്വാസമായി.


“നിന്നെ മദീനയിലേക്കയയ്ക്കാമെന്നു ഞാൻ വാക്കു കൊടുത്തിരിക്കുന്നു.” അബുൽ ആസ് സങ്കടത്തോടെ പറഞ്ഞു...


ഭാര്യയെ പിരിയാൻ മനസ്സു വരുന്നില്ല.

പിരിയുകയല്ലാതെ വഴിയുമില്ല. ബദർ യുദ്ധം അബുൽ ആസിന്റെ ചിന്താമണ്ഡലം പിടിച്ചു കുലുക്കിയിരുന്നു.


മുസ്ലിം യോദ്ധാക്കളുടെ അച്ചടക്കം. പ്രവാചകനോടുള്ള അനുസരണം. എന്തൊരു മാന്യമായ പെരുമാറ്റം. എല്ലാം തന്നെ വല്ലാതെ ആകർഷിച്ചു.

ഖുറയ്ശികൾ പ്രതികാര ചിന്തയിലാണ്. താനും അവരോടൊപ്പം ചേരണം...


സയ്നബിന്റെ മദീനാ യാത്രയെക്കുറിച്ചുള്ള ചിന്തകളാണു

മനസ്സു നിറയെ. എങ്ങനെ പറഞ്ഞയയ്ക്കും..? 


ഖുറയ്ശികൾ കഴുകൻ കണ്ണുകളുമായി നോക്കിനടക്കുന്നു. പുറപ്പെട്ടാൽ അവർ ആക്രമിക്കും. രാവും പകലും അവർ തന്നെ നിരീക്ഷിക്കുന്നുണ്ട്. 


ദീർഘയാത്രക്കു പറ്റിയ ശാരീരികാവസ്ഥയുമല്ല. ഗർഭിണിയാണ്. വിശ്രമം വേണ്ട സന്ദർഭം. ഭർത്താവിന്റെ പരിചരണം വേണം. ഇവിടെ ഭർത്താവിനെ പിരിയുകയാണ്. എങ്ങനെ നോക്കിയാലും ഉത്കണ്ഠ. കണ്ണീർകണങ്ങളും നെടുവീർപ്പുകളും മാത്രം...


Part : 150


പ്രവാചക പുത്രിയെ ആക്രമിച്ചു


നബിﷺതങ്ങൾ സയ്ദ് ബ്നു ഹാരിസ്(റ)വിനെ വിളിച്ചു. എന്നിട്ടിങ്ങനെ നിർദേശിച്ചു: “നിങ്ങൾ സയ്നബിനെ കൊണ്ടുവരണം. മദീനയുടെ അതിർത്തിവരെ പോകുക. നിങ്ങൾ ബതൻയാജ് എന്ന പ്രദേശത്തു താമസിക്കണം. സയ്നബ് വരുന്നതുവരെ കാത്തിരിക്കുക. വന്നാൽ കൂട്ടിക്കൊണ്ടു പോരണം.”


സയദ് ബ്നു ഹാരിസ്(റ) മറ്റൊരു സഹായിയോടൊപ്പം യാത്ര തിരിച്ചു. അബുൽ ആസ് മക്കയിലെത്തിയ ഉടനെ സൈനബിനെ അയയ്ക്കുമെന്നാണു പ്രതീക്ഷ. സ്വഹാബികൾ ഇരുവരും ബതൻയാജ് എന്ന സ്ഥലത്തെത്തി. അവിടെ തമ്പടിച്ചു.


അബുൽ ആസിന്റെ സഹോദരനാണ് കിനാന. കിനാന ധീരനും തന്ത്രശാലിയുമാണ്.


ഖുറയ്ശികളുടെ കണ്ണിൽപെടാതെ സയ്നബിനെ മക്കയുടെ അതിർത്തി കടത്തിവിടാൻ കിനാനക്കു കഴിയും.


അബുൽ ആസ് ആ ചുമതല കിനാനയെ ഏൽപിച്ചു. വളരെ രഹസ്യമായാണു യാത്ര...


ഒട്ടകം വന്നു, ഒട്ടകക്കട്ടിൽ തയ്യാറായി.


സയ്നബ് (റ) ഒട്ടകക്കട്ടിലിൽ കയറിയിരുന്നു. ഒട്ടകം നടന്നു. കിനാന കൂടെ സഞ്ചരിച്ചു. 'ദീതുവാ' എന്ന സ്ഥലത്തെത്തി. ശ്രതുക്കൾ ചാടിവീണു. ഒട്ടകത്തെ വളഞ്ഞു..!


അസഭ്യവർഷം തന്നെ...


ഫുബാറ് ബ്നു അസദ്. ക്രൂരനായ ഒരു മനുഷ്യന്റെ പേരാണിത്. കയ്യിൽ കുന്തവുമായി അവൻ ഓടിയടുത്തു. അയാൾ ഒട്ടകക്കട്ടിലിൽ ആഞ്ഞുകുത്തി. ഗർഭിണിയായ സയ്നബ് ഒട്ടകപ്പുറത്തുനിന്നു താഴെ വീണു..!


കിനാന വില്ലു കുലച്ചു. അമ്പെയ്യാൻ ലക്ഷ്യം പിടിച്ചു. “അടുത്തു വന്നാൽ കൊന്നുകളയും...” കിനാനയുടെ അട്ടഹാസം. 


അക്രമികൾ പിൻവാങ്ങി. അപ്പോൾ അബൂസുഫ്യാനും ഏതാനും ആളുകളും അതുവഴി വന്നു. സയ്നബിനെ ഭർത്താവിന്റെ വീട്ടിലേക്കു തന്നെ മടക്കിക്കൊണ്ടുപോകാൻ അബൂസുഫ്യാൻ നിർദേശിച്ചു...


തീരെ അവശയായിപ്പോയ സൈനബിനെയും കൊണ്ടു

കിനാന മടങ്ങിപ്പോയി. വേദന നിറഞ്ഞ മനസ്സും ശരീരവുമായി അവൾ ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തി. വീഴ്ചയുടെ ഫലമായി ഗർഭം അലസിപ്പോയി. രക്ഷപ്പെടാനുള്ള മാർഗത്തെ കുറിച്ചു മാത്രമാണു ചിന്ത. എപ്പോഴും കിടപ്പുതന്നെ. എന്തൊരു വേദന..!


മരുന്നുകൾ കഴിക്കുന്നു. ആരോഗ്യം യാത്രയ്ക്ക് ഏതാണ്ട് അനുയോജ്യമായി. വീണ്ടും ഒരു ത്യാഗത്തിനൊരുങ്ങുന്നു. കിനാന സയ്നബിനെയും കൊണ്ടു പുറപ്പെട്ടു...



മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts