മുഹമ്മദ് നബി (സ്വ) ചരിത്രം
ഭാഗം 7
Part : 151
വളരെ രഹസ്യമായിരുന്നു യാത്ര.
ആൾസഞ്ചാരം ഏറെയില്ലാത്ത വഴിയിലൂടെ. ഭാഗ്യം, ശത്രുക്കൾ കണ്ടുപിടിച്ചില്ല. മക്കയുടെ അതിർത്തികടന്നു.
ബതൻയാജ്. അവിടെ രണ്ടു സ്വഹാബികൾ അപ്പോഴും കാത്തുനിൽപുണ്ട്. കിനാന നെടുവീർപ്പിട്ടു. ഇവിടെ എത്തിയല്ലോ. പ്രവാചകപുത്രിയെ അവർക്കേൽപിച്ചു കൊടുത്തു.
കിനാന മടങ്ങുകയാണ്.
സയ്നബ് (റ)യുടെ നയനങ്ങൾ നനഞ്ഞു. യാത്ര. മരുഭൂമി പരന്നുകിടക്കുന്നു. ഒട്ടകത്തിന്റെ കാൽപാടുകൾ നീണ്ടുപോയി...
തങ്ങളുടെ കുടുംബത്തിൽ വളർന്ന സയ്ദ്. അദ്ദേഹത്തിന്റെ കൂട്ടുകാരൻ. അവരുടെ അകമ്പടിയോടെ യാത്ര.
ദിവസങ്ങൾക്കുശേഷം അവർ മദീനയിലെത്തി.
പിതാവിന്റെ മുമ്പിലേക്കു മകൾ ധൃതിയിൽ നടന്നു. പിതാവ് മകളെ നോക്കി. എന്തൊരു രൂപം..! തങ്ങളുടെ മൂത്തമകൾ.
ഉമ്മുകുൽസൂമും ഫാത്വിമയും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത്താത്തയെ കാണാൻ. സഹോദരിമാർ ഒത്തുകൂടി. അവർക്കെന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്. ഉമ്മയുടെ കഥകൾ. മരണപ്പെട്ടുപോയ സഹോദരി റുഖിയ്യയുടെ കഥകൾ. കണ്ണീരിന്റെ നനവുള്ള കഥകൾ. ആശ്വാസത്തിന്റെ കഥകൾ...
ശത്രുക്കളുടെ ആക്രമണം കാരണം ഗർഭം അലസി, അസുഖം ബാധിച്ചു. അനുജത്തിമാർ ഇത്താത്തയെ പരിചരിക്കുന്നു...
ഇടയ്ക്കൊക്കെ സയ്നബ്(റ) ഭർത്താവിനെ കുറിച്ചോർക്കും.
മനസ്സു വേദനിക്കും. സത്യവിശ്വാസം കൈക്കൊള്ളാതെ ഭർത്താവുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നു. എന്നിട്ടും മനസ്സിലെവിടെയോ ചെറിയൊരു പ്രതീക്ഷ...
അബുൽ ആസ് തീരെ അസ്വസ്ഥനാണ്. ഭാര്യയെ മറക്കാനാവുന്നില്ല. മനസ്സിൽ കവിത വിരിയുന്നു. സയ്നബിനെ കുറിച്ച് ഈണത്തിൽ പാട്ടുപാടി. അവരുടെ സൽഗുണങ്ങൾ വാഴ്ത്തിപ്പാടി...
മക്കക്കാർ മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. അബുൽ ആസും അതിൽ പങ്കെടുക്കണം. അതിനിടയിൽ സിറിയയിലേക്കു കച്ചവടയാത്ര.
ഖുറയ്ശികളുടെ മുതലുമായി ചിലർ പുറപ്പെടുന്നു. കൂട്ടത്തിൽ അബുൽ ആസുമുണ്ട്.
കച്ചവടത്തിലെ ലാഭം യുദ്ധത്തെ സഹായിക്കും. കച്ചവടസംഘം സിറിയയിലെത്തി. നല്ല വ്യാപാരം നടന്നു. മക്കയിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി.
ഇനി മടക്കയാത്ര. കച്ചവടസംഘം മടങ്ങിവരുന്ന വാർത്ത മദീനയിലറിഞ്ഞു. ആ സംഘത്തെ വഴിയിൽ തടയണം. അതു യുദ്ധതന്ത്രം...
സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ പ്രവാചകൻ ﷺ അയച്ചു. ഇരുസംഘങ്ങളും വഴിയിൽ കണ്ടുമുട്ടി, ഏറ്റുമുട്ടി. അബുൽ ആസ് ഓടി രക്ഷപ്പെട്ടു. മുതലുകൾ മുസ്ലിംകൾ അധീനപ്പെടുത്തി. അവർ മദീനയിലേക്കു മടങ്ങി. "ഐസ്' എന്ന പ്രദേശത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്.
Part : 152
പ്രകാശം പരന്ന പാതയിലേക്ക്
അബുൽ ആസ് ആകെ ചിന്താകുഴപ്പത്തിലാണ്. ഖുറയ്ശികളുടെ സ്വത്തു മുഴുവൻ മുസ്ലിംകൾ പിടിച്ചെടുത്തു. കയ്യിലൊന്നുമില്ല. ഈ നിലയിൽ മക്കയിലേക്കു മടങ്ങുകയോ..? ഛെ..! നാണക്കേട്. പിന്നെ തനിക്കെന്തു സ്ഥാനം. ഓർക്കാൻ വയ്യ...
സ്വത്തു തിരിച്ചുവാങ്ങണം. അതു ഖുറയ്ശികൾക്ക് എത്തിച്ചു കൊടുക്കണം. എങ്കിലേ സമാധാനമുള്ളൂ...
മദീനയിൽ പോകണം. പ്രവാചകനെ (ﷺ) കാണണം. സ്വത്ത് തിരിച്ചുതരാൻ പറയണം. എളുപ്പമുള്ള കാര്യമല്ല. മുസ്ലിംകൾ തന്നെ വെറുതെവിടില്ല. ഇനിയെന്തു ചെയ്യും..?
പ്രിയപ്പെട്ട സയ്നബ്. എങ്ങനെയെങ്കിലും സയ്നബിന്റെ സമീപത്തെത്തുക. അഭയം ചോദിക്കുക. തനിക്കഭയം നൽകും. നല്ല പ്രതീക്ഷയുണ്ട്. സയ്നബ് തനിക്കുവേണ്ടി പ്രവാചകനോടു (ﷺ) സംസാരിക്കും. അതുതന്നെ നല്ല മാർഗം...
ഇരുട്ടിന്റെ മറവിൽ യാത്ര.പാതിരാത്തണുപ്പിലും യാത്ര. ശരീരം വിയർത്തു. നല്ല ക്ഷീണം. സാഹസമാണിത്.
പ്രഭാതം അടുത്തെത്തി. മദീനാപള്ളിയിൽ നിന്നു ബാങ്കിന്റെ ശബ്ദം ഉയർന്നു. സത്യവിശ്വാസികൾ അങ്ങോട്ടൊഴുകി. ആരുടെയും ശ്രദ്ധയിൽ പെടാതെ സഞ്ചരിച്ചു.
അരണ്ട വെളിച്ചം, നടന്നു.
“സൈനബിന്റെ വാതിൽ കാണിച്ചുതരൂ..!”
വഴിയിൽ കണ്ടവരോടു പറഞ്ഞു. വാതിൽക്കൽ എത്തി. വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു.
പരസ്പരം കണ്ടു ഞെട്ടിപ്പോയി..!!
“നിങ്ങളെന്തിനിവിടെ വന്നു..?” - സൈനബിന്റെ പരിഭ്രമം നിറഞ്ഞ ചോദ്യം.
“സംഭവങ്ങൾ നീ അറിഞ്ഞിരിക്കുമല്ലോ..? ഖുറയ്ശികളുടെ ചരക്കുമായി ഞാൻ സിറിയയിൽ നിന്നു വരികയായിരുന്നു. മുസ്ലിംകൾ അത് അധീനപ്പെടുത്തി. അതു തിരിച്ചുകിട്ടാതെ എനിക്കു മക്കത്തേക്കു പോകാൻ കഴിയില്ല. അന്യരുടെ സ്വത്താണ്.” അബുൽ ആസ് വിശദീകരിച്ചു...
“ഇതൊക്കെ എന്നോടെന്തിനു പറയുന്നു..?” - സയ്നബ്.
“നീ പിതാവിനോടു പറയണം. എനിക്കു മടക്കിത്തരാൻ. എന്റെ അഭിമാനം പോകുന്ന പ്രശ്നമാണ്...”
അബുൽ ആസിന്റെ ദയനീയാവസ്ഥ സയ്നബിനെ തളർത്തി...
“സയ്നബ് നിനക്കു സുഖമാണോ..?”
“എന്തു സുഖം..?”
“എന്നെ നിന്റെ അഭയാർത്ഥിയായി കരുതണം. അതു വിളിച്ചു പറയണം. അല്ലെങ്കിൽ മുസ്ലിംകളെന്നെ ആക്രമിക്കും.”
സൈനബിന്റെ മനസ്സലിഞ്ഞു.
തന്റെ ഭർത്താവ്..! തന്റെ മക്കളുടെ പിതാവ്. അദ്ദേഹം തന്നോട് അഭയം ചോദിക്കുന്നു. ഈ അവസ്ഥ വന്നാൽ ഏതൊരു സ്ത്രീയാണു തിരസ്കരിക്കുക..!
വികാരാവേശത്തോടെ സയ്നബ്(റ) വിളിച്ചു പറഞ്ഞു: “അബുൽ ആസിന് ഞാൻ അഭയം നൽകിയിരിക്കുന്നു."
മദീനാപള്ളിയിൽ സുബ്ഹി നിസ്കാരത്തിനു തടിച്ചുകൂടിയ
സത്യവിശ്വാസികൾ ആ ശബ്ദം കേട്ടു. അബുൽ ആസിന് ആശ്വാസമായി. ഇനി പേടിക്കാനില്ല...
ഒരു മുസ്ലിം അഭയം നൽകിയാൽ അഭയം തന്നെ...
Part : 153
സുബ്ഹി നിസ്കാരത്തിനുശേഷം ആളുകൾ പരസ്പരം ചോദിക്കാൻ തുടങ്ങി: “എന്താ ഒരു ശബ്ദം കേട്ടത്..?”
“ഒരു സ്ത്രീ ശബ്ദമാണു കേട്ടത്.”
“ആർക്കോ അഭയം നൽകിയ കാര്യം.''
സയ്നബ്(റ) സുബ്ഹി നിസ്കാരത്തിനുശേഷം ഖൽബു തുറന്നു പ്രാർത്ഥിച്ചു. അതിനു ശേഷം പിതാവിനെ കാണാൻ പോയി.
“ഉപ്പയോട് ഒരു കാര്യം പറയാൻ വന്നതാണ്.”
“എന്താണ് എന്റെ മോൾക്കു പറയാനുള്ളത്..?”
“ഞാൻ അബുൽ ആസിന് അഭയം നൽകി.”
“മോളേ; അവൻ നിന്റെ ഭർത്താവ് എന്ന പദവിയിലല്ല ഇപ്പോൾ.”
“ഉപ്പാ. അതെനിക്കറിയാം. അദ്ദേഹം വന്നത് സ്വത്തു തിരിച്ചുകിട്ടാനാണ്. അന്യരുടെ മുതലാണ്. അതു തിരിച്ചുകൊടുക്കണം. പാവം വലിയ വിഷമത്തിലാണ്. ഉപ്പാ... അതു തിരിച്ചുകൊടുത്തുകൂടെ..?”
പുത്രിയുടെ വാക്കുകൾ പിതാവിന്റെ മനസ്സിനെ സ്പർശിച്ചു. പുഞ്ചിരിയോടെ മറുപടി നൽകി.
“എന്റെ മോൾ വിഷമിക്കരുത്. സ്വത്തു തിരിച്ചുകൊടുക്കാം.”
സയ്നബ്(റ)വിന്റെ മുഖം തെളിഞ്ഞു. സന്തോഷത്തോടെ തിരിച്ചുപോയി.
നബി ﷺ സയ്ദ്ബ്നു ഹാരിസിനെ വിളിച്ചു.
“സയ്ദ്, അബുൽ ആസിന്റെ സ്വത്തു തിരിച്ചുകൊടുക്കണം. അവനോടു സ്നേഹത്തോടെ പെരുമാറണം. ഒരു ബുദ്ധിമുട്ടും
ഉണ്ടാകരുത്.”
സയ്ദ്(റ) , അബുൽ ആസിനെ കണ്ടു. സ്വത്തു തിരിച്ചുകൊടുത്തു. മടങ്ങിപ്പോകാൻ സൗകര്യം ചെയ്തുകൊടുത്തു. അബുൽ ആസ് മക്കത്തേക്കു തിരിച്ചു.
മനസ്സ് ഇളകി മറിയുന്നു - എത്ര നല്ല പെരുമാറ്റം..! ഇവരാണു സത്യവിശ്വാസികൾ. അല്ലാഹുﷻവിന്റെ ദാസന്മാർ, സംശയമില്ല...
മക്കയിലെത്തി. സ്വത്ത് ഖുറയ്ശികളെ ഏൽപിച്ചു. സമാധാനമായി വീട്ടിലേക്കു മടങ്ങി.
മനസ്സിൽ സയ്നബിന്റെ മുഖം.
പ്രതിസന്ധിഘട്ടത്തിൽ തനിക്കഭയം നൽകി. സ്വത്ത് തിരിച്ചു വാങ്ങിത്തന്നു. എത്ര നല്ല കൂട്ടുകാരി..! -
ചുണ്ടിൽ ശോകഗാനം. സഹിക്കാനാവുന്നില്ല. അങ്ങു പറന്നെത്താൻ മോഹം...
ഒരു ദിവസം അബുൽ ആസ് ഖുറയ്ശികളുടെ മധ്യത്തിലിരിക്കുന്നു...
“നിങ്ങളിൽ ആരുടെയെങ്കിലും സ്വത്ത് എന്റെ കൈവശം ബാക്കിയുണ്ടോ..?” - അബുൽ അസ് ചോദിച്ചു.
“ഒന്നുമില്ല, താങ്കൾ എല്ലാം തിരിച്ചു തന്നു. താങ്കൾ മാന്യനാണ്. വിശ്വസ്തനുമാണ്.” - ഖുറയ്ശികൾ പറഞ്ഞു.
“ഞാൻ മദീനയിൽ ചെന്നു. പ്രവാചകനെ (ﷺ) കണ്ടു. എനിക്ക് ഇസ്ലാംമതം സ്വീകരിക്കാൻ തോന്നി. പക്ഷേ, സ്വീകരിച്ചില്ല.
എന്താ കാരണം..? നിങ്ങളുടെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി ഞാൻ ഇസ്ലാം മതം സ്വീകരിച്ചുവെന്നു നിങ്ങൾ കരുതും.
അതു വേണ്ട. അക്കാരണത്താൽ ഇസ്ലാം മതം സ്വീകരിച്ചില്ല.
സ്വത്തുമായി ഞാൻ മക്കയിൽ വന്നു. ഉടമസ്ഥർക്കു മടക്കിക്കൊടുത്തു. എല്ലാ അവകാശങ്ങളും മടക്കിത്തന്നുവെന്നു നിങ്ങൾ സാക്ഷ്യം വഹിച്ചു. ഇല്ലേ, നിങ്ങൾ സാക്ഷ്യം വഹിച്ചില്ലേ..?”
“അതേ, തീർച്ചയായും ഞങ്ങൾ സാക്ഷ്യം വഹിച്ചു.” - ഖുറയ്ശികൾ.
അബുൽ ആസ് ശബ്ദമുയർത്തിപ്പറഞ്ഞു:
“ഞാൻ സ്വതന്ത്രനാണ്. ആരോടും കടപ്പെട്ടിട്ടില്ല. എന്നാൽ കേട്ടോളൂ..
അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.”
ആവേശം കൊണ്ടു വിറച്ചുപോയി. ഖുറയ്ശികൾ ചലനമറ്റിരുന്നു.
അതിനിടയിൽ അബുൽ ആസ് സ്ഥലം വിട്ടു. ഇനി ഒട്ടും വൈകിക്കൂടാ. മദീനയിലേക്കു കുതിക്കുക. പുണ്യഭൂമിയിലേക്ക്.
പ്രവാചക സന്നിധിയിലേക്ക്. അബുൽ ആസ് വാഹനം കയറി.
മരുപ്പാതയിലൂടെ നീങ്ങി...
Part : 154
വേർപാട്
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന മരുപ്പാത. അകലെ മദീനക്കാരുടെ ഈത്തപ്പനത്തോട്ടങ്ങൾ. അതിനുമപ്പുറം പുണ്യനഗരം, മദീന...
അബുൽ ആസ് പുണ്യനഗരത്തിലെത്തി. തിരുസന്നിധിയിലേക്കു കുതിച്ചു. ആവേശപൂർവം വിളിച്ചു പറഞ്ഞു:
“അസ്സലാമു അലയ്ക്ക യാ റസൂലല്ലാഹ്...”
നബിﷺതങ്ങൾ സലാം മടക്കി.
കേട്ടുനിന്നവർക്കാവേശം. വാർത്ത പുറത്തേക്കൊഴുകി. സയ്നബ്(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തനിക്കു തന്റെ ഭാര്യയെ തിരിച്ചു കിട്ടുമോ..? ഖൽബു തേങ്ങുന്നു.
“സയ്നബ്... അബുൽ ആസിന്റെ ഭാര്യ തന്നെ.” നബി ﷺ അരുൾ ചെയ്തു.
സയ്ബിനെ നബി ﷺ അബുൽ ആസിനെ ഏൽപിച്ചു. വീണ്ടും ദാമ്പത്യം. ഏറെ ദുഃഖങ്ങൾക്കു ശേഷം പുനഃസംഗമത്തിന്റെ സന്തോഷം. അബുൽ ആസ് തന്റെ ഭാര്യയെ പൂർവാധികം, സ്നേഹിച്ചു.
സയ്നബ്(റ) തന്റെ ഭർത്താവിന്റെ മനംമാറ്റത്തിൽ അത്യധികം സന്തോഷിച്ചു...
ഇപ്പോൾ ആളാകെ മാറിപ്പോയി.
ഇസ്ലാമിന്റെ കർമഭടനാണദ്ദേഹം.
ഏതു കാര്യത്തിനും മുമ്പിൽ തന്നെ. ആ ദമ്പതികൾക്കു രണ്ടു മക്കളുണ്ടായിരുന്നു; ഒരു മോനും ഒരു മോളും.
മോന് അലി എന്നു പേരിട്ടു.മിടുക്കനായ കുട്ടി. നബിﷺതങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ഏറെ ആസ്വദിച്ച മകൻ...
മോളുടെ പേര് ഉമാമ എന്നായിരുന്നു. നബിﷺതങ്ങൾ ലാളിച്ചു വളർത്തിയ കുട്ടി.
നബിﷺതങ്ങളുടെ ചുമലിൽ കയറിയിരിക്കും. പല വികൃതികളും കളിക്കും. നബിﷺതങ്ങൾക്ക് അതൊക്കെ വലിയ ഇഷ്ടമായിരുന്നു...
സയ്നബ്(റ)യെ ഒട്ടകപ്പുറത്തുനിന്നു കുന്തംകൊണ്ടു കുത്തി താഴെ വീഴ്ത്തിയ ദുഃഖസംഭവം ഓർമയുണ്ടല്ലോ. അന്നു പറ്റിയ പരിക്കുകൾ പൂർണമായി സുഖപ്പെട്ടിട്ടില്ല. വീഴ്ച മൂലം നിത്യരോഗിയായി എന്നുതന്നെ പറയാം. ഭർത്താവ് ഭാര്യയെ സ്നേഹപൂർവം പരിചരിച്ചു. എന്നിട്ടും രോഗം വിട്ടുമാറിയില്ല...
അബുൽ ആസ് ഇസ്ലാം മതം സ്വീകരിച്ചിട്ടു രണ്ടു വർഷം
കഴിഞ്ഞു. സൈനബിന്റെ (റ) ആരോഗ്യനില വഷളായി. മരണത്തിന്റെ കാലൊച്ച അടുത്തുവരുന്നു. അബുൽ ആസ്(റ) ദുഃഖാകുലനായി മാറി.
തങ്ങളുടെ ദാമ്പത്യജീവിതത്തിൽ എന്തെല്ലാം കോളിളക്കങ്ങളുണ്ടായി. എന്നിട്ടും പിടിച്ചുനിന്നു. സ്നേഹത്തിന്റെ പാശം പൊട്ടിപ്പോയില്ല...
തന്റെ ഭാര്യ ജീവിതത്തിന്റെ നാഴികകൾ എണ്ണിത്തീർക്കുകയാണോ..! തന്നെ തനിച്ചാക്കി പോയ്ക്കളയുമോ..?!
Part : 155
സയ്നബ് (റ) യുവതിയാണ്. മുപ്പതു വയസ്സു കാണും. സയ്നബ്(റ) അത്യാസന്ന നിലയിലായി. നബി ﷺ ദുഃഖം കടിച്ചമർത്തി. തന്റെയും ഖദീജയുടെയും മൂത്ത മോൾ. ശ്വാസഗതി ഒന്നു കൂടി. പിന്നെ നിശ്ചലം..! - എല്ലാം അവസാനിച്ചു.
സൈനബ് (റ) യാത്രയായി. മരണമില്ലാത്ത ലോകത്തേക്ക്...
അബുൽ ആസ്(റ) തനിച്ചായി.
മയ്യിത്തു കുളിപ്പിക്കണം. മൂന്നു സ്വഹാബി വനിതകൾ മുന്നോട്ടു വന്നു.
ഉമ്മു അയ്മൻ(റ), സൗദ(റ), ഉമ്മുസലമ(റ).
ഇവർ ചേർന്നു മയ്യിത്തു കുളിപ്പിച്ചു. മയ്യിത്തിനു വേണ്ടി നിസ്കാരവും പ്രാർത്ഥനയും...
ഖബറിടത്തിലേക്കു നീങ്ങി. നബി ﷺ തങ്ങളും അബുൽ ആസ് (റ)വും ചേർന്നു മയ്യിത്തു ഖബറിലേക്കു താഴ്ത്തി. മണ്ണിലേക്കു മടക്കം.
അബുൽ ആസ്(റ)വിന്റെ കണ്ണിൽനിന്നും കണ്ണീർ തുള്ളികൾ പുതുമണ്ണിൽ വീണുചിതറി.
മയ്യിത്ത് ഖബറിലേക്കു താഴ്ത്തുമ്പോൾ നബിﷺതങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു:
“അല്ലാഹുവേ, സയ്നബിന്റെ പ്രയാസങ്ങൾ തീർക്കേണമേ, ബുദ്ധിമുട്ടുകൾ അകറ്റേണമേ...”
അബുൽ ആസ്(റ) വീട്ടിലേക്കു മടങ്ങി. മക്കളെ ചേർത്തുപിടിച്ചു. ദുഃഖം കടിച്ചമർത്തി. കടന്നുപോയ ഇന്നലെകൾ. അവയുടെ കോരിത്തരിപ്പിക്കുന്ന ഓർമകൾ...
എങ്ങനെ മറക്കും..?
അലി എന്ന കുട്ടി വളർന്നു. എങ്കിലും വളരെക്കാലം ജീവിച്ചില്ല. ഉമാമ വളർന്നു വിവാഹിതയായി...
സയ്ബിന്റെ ഖബറിടം സന്ദർശിക്കും.
ഏറെക്കാലം കഴിഞ്ഞില്ല. അബുൽ ആസ്(റ) മരണപ്പെട്ടു. ഭർത്താവ് ഭാര്യയെ പിന്തുടർന്നു...
ഭാര്യ-ഭർത്താക്കന്മാർക്കിടയിലെ വിശുദ്ധമായ സ്നേഹത്തിന്റെ മഹത്തായ ഉദാഹരണം.
ആ ദമ്പതികളുടെ കഥ തലമുറകൾ കൈമാറി. എത്ര പറഞ്ഞാലും പുതുമ മാറാത്ത കഥ. അല്ലാഹു ﷻ അവരെയും നമ്മയും അനുഗ്രഹിക്കട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
Part : 156
ഫാത്വിമതുസ്സഹ്റാ (റ)
ഒരു ദിവസം നബിﷺതങ്ങൾ കഅ്ബയുടെ അടുത്തു വച്ചു നിസ്കരിക്കുകയായിരുന്നു. ഒരുകൂട്ടം ഖുറയ്ശികൾ അതു കണ്ടു. അവരുടെ മനസ്സിൽ രോഷം ആളിക്കത്തി.
അബൂജഹലിനു തമാശ തോന്നി. ക്രൂരമായ തമാശ. അവൻ തന്റെ അനുയായികളോടു ചോദിച്ചു:
“കണ്ടോ, മുഹമ്മദ് നിസ്കരിക്കുന്നു. അവന്റെ കഴുത്തിൽ ഒട്ടകത്തിന്റെ കുടൽകൊണ്ടിടുവാൻ നല്ല സൗകര്യം. ആരാണതു ചെയ്യുക..?”
ഒരു ദുഷ്ടൻ ആവേശത്തോടെ വിളിച്ചുപറഞ്ഞു: “അക്കാര്യം ഞാനേറ്റു.”
എല്ലാവരും പൊട്ടിച്ചിരിച്ചു. കാണാൻ പോകുന്ന രസം. ഉഖ്ബത് ബ്നു അബീ മുഅയ്ത്വ്. അതായിരുന്നു അവന്റെ പേര്.
അകലെ ഒട്ടകത്തിന്റെ കുടൽമാല കിടക്കുന്നു. ചീഞ്ഞു നാറുന്നു. ഓടിപ്പോയി അതു വലിച്ചുകൊണ്ടുവന്നു. വല്ലാത്ത ഭാരം.
നബി ﷺ സുജൂദിലാണ്. നെറ്റിത്തടം ഭൂമിയിൽ വച്ചിരിക്കുന്നു. സർവശക്തനായ അല്ലാഹുﷻവിനു മുമ്പിൽ പരമമായ വിനയം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ സാന്ദ്രത. സകല ശ്രദ്ധയും ഇബാദത്തിലാണ്. മനസ്സിൽ അല്ലാഹുﷻവിനെക്കുറിച്ചുള്ള സ്മരണ മാത്രം...
പെട്ടെന്ന് കഴുത്തിൽ എന്തോ ഭാരം വന്നുവീണതായി അനുഭവപ്പെട്ടു. എന്തൊരു ഭാരം. ശിരസ്സുയർത്താൻ പറ്റുന്നില്ല. കടുത്ത ദുർഗന്ധം.
എന്തൊരു വിഷമം. അപ്പുറത്ത് പൊട്ടിച്ചിരി. ഖുറയ്ശികൾ ആർത്തട്ടഹസിച്ചു ചിരിക്കുന്നു.
കുടലിലെ മലിന വസ്തുക്കൾ പ്രവാചകന്റെ ശരീരത്തിൽ പടരുന്നു. ശിരസ്സിൽ മാലിന്യം ഒഴുകുന്നു.
പെട്ടെന്ന് ഒരു പെൺകുട്ടിയുടെ പൊട്ടിക്കരച്ചിൽ...
പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിവരുന്നു. കുടൽമാല പിടിച്ചു വലിക്കുന്നു. വലിച്ചിട്ടു നീങ്ങുന്നില്ല. സർവശക്തിയുമെടുത്തു വലിക്കുന്നു. അൽപം നീങ്ങി...
പൊട്ടിച്ചിരി ഉച്ചത്തിലായി. പെൺകുട്ടിയുടെ കരച്ചിലും ഉച്ചത്തിലായി. ഉപ്പാ... എന്റെ... ഉപ്പാ...
കരളലിയിപ്പിക്കുന്ന വിളി..!!
പെൺകുട്ടി പാടുപെട്ടു കുടൽമാല വലിച്ചുനീക്കി. പിതാവിനെ പിടിച്ചുയർത്തി. പിതാവിന്റെ കൈപിടിച്ചു വലിച്ചു. വെള്ളമുള്ള സ്ഥലത്തേക്കു കൊണ്ടുപോയി.
പെൺകുട്ടി പിതാവിന്റെ ശരീരത്തിൽ വെള്ളം കോരി ഒഴിച്ചു. അഴുക്കുകൾ കഴുകിക്കളഞ്ഞു. അപ്പോഴെല്ലാം ആ പെൺകുട്ടി കരയുകയായിരുന്നു.
സങ്കടം അടങ്ങുന്നില്ല...
വീണ്ടും വീണ്ടും തേങ്ങിക്കരയുന്നു. ഉപ്പയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
“മോളേ... കരയരുത്, കരച്ചിൽ നിർത്തൂ. ഇതൊന്നും സാരമില്ല.”
വീട്ടിലുള്ളവരൊക്കെ ഓടിക്കൂടി.
എല്ലാവരും സംഭവമറിഞ്ഞു. പെൺകുട്ടി സങ്കടത്തോടെ താൻ കണ്ട കാഴ്ച വിവരിച്ചു. ആരായിരുന്നു ആ പെൺകുട്ടി..?
ഫാത്വിമ(റ). റസൂലിന്റെ പ്രിയ പുത്രി ഫാത്വിമതുസ്സഹ്റാ (റ)...
((( കൂടല്‍ മാലയുടെ ചരിത്രം വിവരിക്കുന്ന ഹദീസ് ബുഖാരിയില്‍ (റഹ്) ഉണ്ട്. ഹദീസ് ഇങ്ങനെ ചുരുക്കി വിവരിക്കാം.
റസൂല്‍ (സ) കഅബയുടെ സമീപത്ത് വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഖുറൈശികള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ പറഞ്ഞു:
‘ഇന്ന ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടലും മറ്റു അവശിഷ്ടങ്ങളും എടുത്തു കൊണ്ടുവന്നു മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്റെ ചുമലിലിടാന്‍ തയ്യാറുള്ളവര്‍ നിങ്ങളില്‍ ആരാണ്?’
ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു.
ഇബ്നു മസ്ഊദ് പറയുന്നു: അവര്‍ ഇടത്തോട്ടും വലത്തോട്ടും ആടി ചിരിച്ചു. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു.
കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു.
നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ പിന്നെ പേരെടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിച്ചു:
‘അല്ലാഹുവേ, അംറു ബനു ഹിശാമിനെയും, ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും ഉമാറത് ബ്നു വലീദിനെയും നീ ശിക്ഷിക്കണമേ.’
ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ ബദ്റില്‍ വീണ് കിടക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ ഖലീബ് പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.)))
Part : 157
റസൂലിനു (ﷺ) മകളോടുള്ള സ്നേഹം പ്രസിദ്ധമാണ്. ഖദീജ(റ)യുടെ ശേഷം റസൂലിന്റെ (ﷺ) തണലും ആശ്വാസവും ഈ മകളായിരുന്നു. പിതാവിനെ അളവറ്റു സ്നേഹിച്ചു. പിതാവ് കണക്കറ്റുലാളിച്ചു...
ഫാത്വിമ (റ) വീട്ടിലേക്കു വരുന്നതു കണ്ടാൽ നബി ﷺ പുറത്തേക്ക് ഓടിച്ചെല്ലും. കൈ പിടിച്ചു സ്വീകരിക്കും, വീട്ടിനകത്തേക്കു കൂട്ടിക്കൊണ്ടുവരും. അരികിൽ പിടിച്ചിരുത്തും.
ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്. ഒരിക്കൽ പറഞ്ഞു.
അവൾക്കു വിഷമമുണ്ടാകുന്നതൊന്നും ആ പിതാവ് സഹിച്ചില്ല. ഏതു തിരക്കിലും മകളെ ചെന്നു കാണും. കുശലം പറയും. സന്തോഷം പങ്കിടും...
ഹിജ്റ കഴിഞ്ഞു രണ്ടു വർഷങ്ങൾക്കു ശേഷം.
ഒരു ദിവസം അലി(റ) നബിﷺതങ്ങളെ കാണാനെത്തി.
“ഫാത്വിമയെ തനിക്കു വിവാഹം ചെയ്തുതരുമോ..?” മടിച്ചാണു ചോദിച്ചത്.ആ ചുണ്ടുകളിൽ മന്ദഹാസം. അലി(റ)വിന് ആശ്വാസം...
“മഹ്റിനും മറ്റും വകയുണ്ടോ നിന്റെ കയ്യിൽ..?”നബിﷺതങ്ങളുടെ ചോദ്യം അലി(റ)യെ വിഷമിപ്പിച്ചു.
വളരെ പതുക്കെ മറുപടി നൽകി. “ഒരു കുതിരയുണ്ട്. ഒരു പടച്ചട്ടയും.”
കേട്ടപ്പോൾ നബി ﷺ മന്ദഹസിച്ചു. പടച്ചട്ട നബി ﷺ നേരത്തെ കൊടുത്തതായിരുന്നു. “പടച്ചട്ട വിറ്റു വിവാഹച്ചെലവുകൾ നടത്തിക്കോളൂ...”
സമ്മതം കിട്ടി. മനസ്സു നിറയെ സന്തോഷം. ആഹ്ലാദപൂർവം മടങ്ങിപ്പോയി. നബിﷺതങ്ങൾ മോളെ അടുത്തുവിളിച്ചു. സ്നേഹപൂർവം ചോദിച്ചു.
“അലി നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു. നിനക്കു
സമ്മതമാണോ..?”
ഫാത്വിമക്കു (റ) നാണം. നാണംകൊണ്ടു മുഖം തുടുത്തു. ഒന്നും മിണ്ടിയില്ല. മൗനം. ആ മൗനം സമ്മതമായി പരിഗണിച്ചു. സുന്ദരിയും സൽഗുണസമ്പന്നയുമായ ഫാത്വിമ അലി(റ)വിന്റെ സഹധർമിണിയാകാൻ പോകുന്നു...
അലി (റ) പടച്ചട്ട വിറ്റു. ഉസ്മാൻ (റ) അതുവാങ്ങി. നല്ല വില കൊടുത്തു.
വിവാഹത്തിനു തിയ്യതി നിശ്ചയിച്ചു.
സത്യവിശ്വാസികൾക്കു സന്തോഷവാർത്ത...
Part : 158
സത്രീകളുടെ നേതാവ്
അലി(റ)വിനു സ്വന്തമായി വീടില്ല.
വിവാഹം കഴിഞ്ഞാൽ എവിടെ താമസിക്കും..!
“അലീ, ഒരു വീട് വാടകയ്ക്ക് എടുത്തോളൂ.. നിനക്കും ഫാത്വിമക്കും അവിടെ താമസിക്കാം.” നബിﷺതങ്ങൾ പ്രശ്നത്തിനു പരിഹാരം നിർദേശിച്ചു.
വാടക വീടിന് അന്വേഷണമായി.
കുറെ അന്വേഷിച്ചപ്പോൾ ഒരു വീടുകിട്ടാനുണ്ടെന്നറിഞ്ഞു. അതിന്റെ ഉടമസ്ഥൻ ഹാരിസ് ബ്നു നുഅ്മാൻ ആയിരുന്നു.
അലി(റ) അദ്ദേഹത്തെ ചെന്നു കണ്ടു.
വീടു വാടകക്കു തരണമെന്നാവശ്യപ്പെട്ടു.
അലി(റ) പ്രവാചക പുത്രിയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും സ്വന്തമായി വീടില്ലാത്തതിനാൽ തന്റെ വീട് വാടകയ്ക്ക് ചോദിക്കുകയാണെന്നും ഹാരിസിനു മനസ്സിലായി.
അദ്ദേഹം വീടു വാടകയ്ക്കു കൊടുത്തു. വളരെ ലളിതമായിരുന്നു ആ വിവാഹം.
പ്രവാചകൻ ﷺ തന്റെ ഓമന പുത്രിയെ അലി(റ)വിനു നികാഹ് ചെയ്തുകൊടുത്തു. ഇനിയവർ വാടക വീട്ടിലേക്കു പോകുന്നു.
പുതിയ താമസമാകുമ്പോൾ എന്തെല്ലാം സാധനങ്ങൾ വേണം.
നബിﷺതങ്ങൾ പൊന്നുമോൾക്കു ചില സാധനങ്ങൾ നൽകി. ഒരു കട്ടിൽ, വിരിപ്പ്, തോൽപാത്രം, തിരിക്കല്ല്.
നബിﷺതങ്ങളുടെ പുന്നാരമോൾക്കു വാടക വീട്ടിൽ വന്നപ്പോൾ ഒരു പരുക്കൻ ജീവിതമാണു നയിക്കേണ്ടിവന്നത്. വീട്ടുജോലികളെല്ലാം സ്വയം നിർവഹിക്കണം. സഹായത്തിനൊരാളില്ല.
തിരിക്കല്ലിൽ ഗോതമ്പ് അരച്ചെടുക്കണം.
കല്ലിനു വലിയ ഭാരം. അതു തിരിക്കാൻ പ്രയാസം...
റോസാദളംപോലെ മിനുസമുള്ള ഉള്ളംകൈ വേദനിച്ചു...
കടുത്ത ദാരിദ്ര്യം. സാമ്പത്തിക നില വളരെ മോശം. അടുപ്പിൽ തീ കത്തിക്കുന്നതും ബുദ്ധിമുട്ടുതന്നെ.
വിറകുകൊള്ളികൾ വച്ചു നന്നായി ഊതണം. നേരത്തെ ശീലമാക്കാത്ത പണികൾ.
കല്ലു തിരിച്ചു കൈ വീങ്ങി.
അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. തീ കത്തിച്ചപ്പോൾ കൈ പൊള്ളി. പ്രിയ പത്നിയുടെ അവസ്ഥ കണ്ട് അലി(റ) വിഷമിച്ചു.
ജോലികളിൽ സഹായിച്ചു. ദൂരെനിന്നു വെള്ളം കൊണ്ടു വരണം. വെള്ളം കൊണ്ടുവരുന്ന ജോലി അലി(റ) നിർവഹിക്കും. പല ജോലികളും ചെയ്യും.
ഒരു ദിവസം അലി(റ) ഫാത്വിമയോടിങ്ങനെ പറഞ്ഞു: “നബിﷺതങ്ങളുടെ അടുത്ത് കുറെ അടിമകൾ വന്നുചേർന്നിട്ടുണ്ട്. ഒരാളെ നമുക്കു തരാൻ പറയൂ. നീയൊന്നു ചെന്നു പറഞ്ഞു നോക്കൂ...”
കേട്ടപ്പോൾ ആഗ്രഹം. വീട്ടിൽ സഹായത്തിനൊരാളാകുമല്ലോ...
Part : 159
ഫാത്വിമ(റ) പ്രതീക്ഷയോടെ വീട്ടിൽ നിന്നിറങ്ങി നടന്നു. പിതാവിന്റെ സമീപത്തെത്തി. അവിടെ എത്തിയപ്പോൾ ലജ്ജ തോന്നി.
ഒരു വേലക്കാരിയെ വേണമെന്ന് എങ്ങനെ പറയും..? വീട്ടുജോലികളൊക്കെ താൻ തന്നെ ചെയ്യേണ്ടതല്ലേ..!
“എന്താ മോളെ വിശേഷം..?” - നബി ﷺ സ്നേഹപൂർവം മകളോടു ചോദിച്ചു.
“ഒന്നുമില്ല... ഉപ്പാ... വെറുതെ വന്നതാണ്.” വന്ന കാര്യം പറയാതെ തിരിച്ചുപോന്നു...
ഭാര്യ വെറുംകയ്യോടെ തിരിച്ചുവരുന്നതു കണ്ടപ്പോൾ ഭർത്താവിന് ഉത്കണ്ഠ.
“ഫാത്വിമാ എന്തു പറ്റി..?”
“എനിക്കു ലജ്ജ തോന്നി. ഞാനൊന്നും പറഞ്ഞില്ല...”
“നിന്റെ ഒരു ലജ്ജ. വരൂ നമുക്കു രണ്ടുപേർക്കും കൂടി പോകാം.” അലി(റ) നിർദേശിച്ചു.
ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. ചെന്നു ചോദിക്കാൻ ലജ്ജ അനുവദിച്ചില്ല. ഭർത്താവ് സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ പോകാമെന്നു തീരുമാനിച്ചു. ഇരുവരും പുറപ്പെട്ടു...
നബിﷺതങ്ങളുടെ സമീപമെത്തി. സലാം ചൊല്ലി...
അലി(റ) വിനയപൂർവം ഇങ്ങനെ ഉണർത്തി: “ഫാത്വിമ വല്ലാതെ വിഷമിച്ചുപോയി. തിരിക്കല്ല് തിരിച്ചു കയ്യിൽ നീരുകെട്ടി. അടുപ്പിൽ ഊതിയൂതി മുഖത്തിന്റെ നിറം മങ്ങി. കൈ പൊള്ളി. ഒരു വേലക്കാരിയെ കിട്ടിയാൽ കൊള്ളാം.” ഫാത്വിമ(റ) ലജ്ജയോടെ നിന്നു. വേണ്ടായിരുന്നു എന്ന തോന്നൽ...
നബി ﷺ ഇങ്ങനെ മറുപടി നൽകി...
“ദാസിമാരുണ്ട്. പക്ഷേ, നിങ്ങൾക്ക് അവകാശപ്പെട്ടതല്ല.” മറുപടി കേട്ടപ്പോൾ പിന്നൊന്നും പറയാൻ കഴിഞ്ഞില്ല...
രാത്രി സമയം. ഉള്ളതു കഴിച്ചു. ഉറങ്ങാൻ നേരമായി. ഉറങ്ങാൻ ഒരുങ്ങുമ്പോൾ വാതിലിൽ മുട്ടുന്നു.
വാതിൽ തുറന്നു. നബി ﷺ മുമ്പിൽ നിൽക്കുന്നു...
നബിﷺതങ്ങൾ അവരോടിങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നോട് ഒരു ദാസിയെ ചോദിച്ചു. ഒരു ദാസിയെ ലഭിക്കുന്നതിനെക്കാൾ ഉത്തമമായ കാര്യം ഞാൻ നിങ്ങൾക്കു പഠിപ്പിച്ചുതരാം...
"ഉറങ്ങാൻ പോകുമ്പോൾ
'സുബ്ഹാനല്ലാഹ്' എന്നു മുപ്പത്തിമൂന്നുപ്രാവശ്യം ചൊല്ലുക.
'അൽഹംദുലില്ലാഹ്' എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.
'അല്ലാഹു അക്ബർ' എന്നു മുപ്പത്തിമൂന്നു പ്രാവശ്യം ചൊല്ലുക.
നിങ്ങളുടെ ജോലികൾ നിങ്ങൾതന്നെ ചെയ്തുതീർക്കണം.
ഇവിടത്തെ സുഖങ്ങളെപ്പറ്റിയല്ല ചിന്തിക്കേണ്ടത്. പരലോകത്തെ സുഖങ്ങളെപറ്റി ചിന്തിക്കണം. അതിനുള്ള മാർഗം ചിന്തിക്കണം.”
ഉപ്പയുടെ ഉപദേശം മകളുടെ മനസിനെ വല്ലാതെ സ്പർശിച്ചു. പരലോകത്തെ സുഖങ്ങളെ കുറിച്ചാണു ചിന്തിക്കേണ്ടത്. ഇവിടത്തെ എല്ലാ സുഖങ്ങളും ത്യജിക്കാം. പരലോകത്തെ വിജയം ലഭിച്ചാൽ മതി. അതിനുവേണ്ടി ഏതു കടുത്ത ത്യാഗവും ചെയ്യാം. ഫാത്വിമ(റ)യുടെ മനസ് അതിനു തയ്യാറായി...
പിന്നീടുള്ള ജീവിതം പരീക്ഷണങ്ങളുടേതായിരുന്നു.
ആഹാരമില്ലാത്ത നാളുകൾ. നോമ്പെടുത്ത പകലുകൾ.
ആരാധനകൾ നിറഞ്ഞ രാവുകൾ.
ദിവസങ്ങൾ അവർക്കിടയിലൂടെ ഒഴുകി...
Part : 160
വഫാത്ത്
പരുക്കൻ ജീവിതം. അതിനിടയിൽ ഫാത്വിമ(റ)ക്കു രോഗം വന്നു. മേലാസകലം വേദന. ശരീരം ക്ഷീണിച്ചു പോയി. പിതാവ് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചുവരും.
“എങ്ങനെയുണ്ട് മോളേ...?” ഒരിക്കൽ നബിﷺതങ്ങൾ മകളോടു ചോദിച്ചു.
“ശരീരം സുഖപ്പെട്ടിട്ടില്ല. ശരീരത്തിൽ വേദനയുണ്ട്. അതു സാരമില്ലെന്നു കരുതാം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ ഒന്നുമില്ല. അക്കാര്യമാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്.” ഫാത്വിമ(റ)യുടെ വേദന നിറഞ്ഞ മറുപടി.
അതിനു പിതാവിൽ നിന്നുണ്ടായ പ്രതികരണം ഇപ്രകാരമായിരുന്നു...
“എന്റെ പൊന്നുമോളേ.. എന്റെ മോൾ ലോകത്തിലെ സ്ത്രീകളുടെ നേതാവാണ്. നിന്റെ ജീവിതം എല്ലാവർക്കും മാതൃകയായിരിക്കണം. ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ ക്ഷമിക്കണം.
എല്ലാം സഹിക്കുക. ഭർത്താവിനെ അനുസരിക്കുക. നിന്റെ ഭർത്താവിന്റെ കയ്യിൽ ധനം കുറവാണ്. എന്നാൽ ദീനീകാര്യങ്ങളിൽ അദ്ദേഹം ഉന്നതനാണ്. ഉത്തമനായ ഭർത്താവിനെയാണു നിനക്കു ലഭിച്ചത്.”
പിതാവിന്റെ വാക്കുകൾ മകളെ കോരിത്തരിപ്പിച്ചു. ഇല്ലായ്മയുടെ കഥകൾ ഇനിയൊരാളോടും പറയില്ല.
നബിﷺതങ്ങൾ അലി(റ)നെ ഇങ്ങനെ ഉപദേശിച്ചു... “അലീ, ഫാത്വിമയെ വിഷമിപ്പിക്കരുത്. അവളോടു സ്നേഹ പൂർവം പെരുമാറണം. പോരായ്മകൾ കണ്ടാൽ ക്ഷമിക്കണം.”
അലി(റ) ആ ഉപദേശങ്ങൾ പാലിച്ചുവന്നു. ചിലപ്പോൾ ചില്ലറ സൗന്ദര്യപ്പിണക്കങ്ങളുണ്ടാകും.
അൽപം കഴിയുമ്പോൾ അതു മാറുകയും ചെയ്യും. ഒരു ദിവസം അലി(റ) ഭാര്യയോട് അൽപം പരുഷമായി പെരുമാറി. ഫാത്വിമ(റ)ക്കു സഹിക്കാനായില്ല
പിതാവിന്റെ അടുത്തേക്കു പുറപ്പെട്ടു...
Part : 161
ഭാര്യ പുറപ്പെട്ടപ്പോൾ അലി(റ)വിനു വിഷമമായി. നബിﷺതങ്ങളോടു തന്നെപ്പറ്റി പരാതി പറയുമല്ലോ.
അതോർത്തപ്പോൾ വിഷമം.
വേണ്ടിയിരുന്നില്ല.
താനിവിടെ ഇങ്ങനെ ഇരുന്നാൽ പറ്റില്ല. കൂടെച്ചെല്ലാം...
എങ്ങനെയെങ്കിലും ഭാര്യയെ സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടുവരണം. അലി(റ) നടന്നു നടന്നു നബിﷺയുടെ വീട്ടിലെത്തി.
അപ്പോൾ അകത്തു നിന്നു സംസാരം. ഉപ്പയും മകളും കൂടി സംഭാഷണം. അലി(റ) അവരുടെ മുമ്പിലേക്കു കടന്നുചെന്നില്ല. അവിടെതന്നെ നിന്നു.
അപ്പോൾ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. “ഫാത്വിമാ... ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഇതൊക്കെ സാധാരണ സംഭവങ്ങളാണ്.
ഭർത്താവിന്റെ സംസാരവും പെരുമാറ്റങ്ങളുമൊക്കെ ഭാര്യയുടെ ഇഷ്ടം നോക്കിയാകണമെന്നില്ല.
നീ പിണങ്ങിപ്പോരരുത്.”
ആ വാക്കുകൾ കേട്ടപ്പോൾ അലി(റ)വിനു കടുത്ത ദുഃഖം.
അലി(റ) കടന്നു ചെന്നു.
എന്നിട്ടു ഭാര്യയോടു പറഞ്ഞു: “ഫാത്വിമാ. ഞാനിനി നിന്നോടു ദേഷ്യപ്പെടുകയില്ല.”പിണക്കം മറന്നു. ഇണക്കമായി. സന്തോഷത്തോടെ മടങ്ങിപ്പോന്നു...
അലി(റ) മികച്ച കവിയാണ്.
ഫാത്വിമ(റ) കവയിത്രിയുമാണ്.
ചിലപ്പോൾ സംസാരം കവിതയിലായി മാറും.
നബിﷺതങ്ങളുടെ ശിക്ഷണത്തിൽ വളർന്ന കുട്ടിയാണു ഫാത്വിമ(റ). സംസാരത്തിൽ പോലും നബി ﷺ തങ്ങളുടെ പകർപ്പ്.
അലി-ഫാത്വിമ ദമ്പതികൾക്കു സന്താനങ്ങൾ അഞ്ച്.
ഹസൻ(റ), ഹുസയ്ൻ(റ), മുഹ്സിൻ(റ), സയ്നബ്(റ), ഉമ്മുകുൽസൂം(റ)...
മുഹ്സിൻ(റ) ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ഏറെ ദുഃഖിപ്പിച്ച സംഭവം.
ഹിജ്റ 11 റമളാൻ മാസത്തിലാണ് ഫാത്വിമയുടെ വഫാത്. റസൂൽ ﷺ വഫാതിനുശേഷം നബികുടുംബത്തിൽ നിന്നും മരണപ്പെടുന്ന ആദ്യത്തെ ആൾ ഫാത്വിമ(റ) ആയിരുന്നു...
നബിﷺയുടെ പുത്രന്മാർ വളരെ ചെറുപ്പത്തിൽ മരണപ്പെട്ടു. പുത്രിമാർ യൗവനദശയിലും മരണപ്പെട്ടു...
Part : 162
ദുന്നൂറയ്ൻ
നബിﷺതങ്ങളുടെ ഓമന മക്കളാണു റുഖിയ്യ(റ), ഉമ്മു കുൽസൂം(റ) എന്നിവർ.
സയ്നബ്(റ)ക്കു ശേഷം പിറന്ന കുട്ടികൾ. പ്രവാചകൻ ﷺ അവരെ ലാളിച്ചു വളർത്തി. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ആസ്വദിച്ചുകൊണ്ടവർ വളർന്നു.
ബാല്യകാലത്തു വിവാഹാലോചനകൾ വന്നു. നികാഹ് നടത്തിവയ്ക്കാമെന്നു തീരുമാനിച്ചു...
കാണാൻ നല്ല അഴകുള്ള കുട്ടികൾ.
ബുദ്ധിമതികൾ, സൽസ്വഭാവികൾ. പലർക്കും അവരെ വിവാഹം ചെയ്യാൻ മോഹമുണ്ടായിരുന്നു...
അബൂലഹബിന്റെ മക്കൾക്ക് അവരെ നികാഹ് ചെയ്തുകൊടുക്കാൻ തീരുമാനിച്ചു.
അബൂലഹബിന്റെ മൂത്ത പുത്രനാണ് ഉത്ബ. ആ ചെറുപ്പക്കാരൻ റുഖിയ്യയെ നികാഹ് ചെയ്തു. നികാഹ് ചെയ്തുവച്ചതേയുള്ളൂ.
ഉത്ബതിന്റെ അനുജനാണ് ഉതയ്ബ .
ഉമ്മുകുൽസൂമിനെ ഉതയ്ബക്കു വിവാഹം ചെയ്തു കൊടുത്തു.
പിന്നീടാണു നബിﷺതങ്ങൾക്കു വഹ് യ് ലഭിച്ചതും ഇസ്ലാമിക പ്രബോധനം ആരംഭിച്ചതും.
അബൂലഹബിനെയും ഭാര്യ ഉമ്മുജമീൽ എന്ന സ്ത്രീയെയും ശപിക്കുന്ന സൂറത്ത് ഇറങ്ങി. ഇരുവരും കോപാകുലരായി.
അവർ ഉത്ബയെയും ഉതയ്ബയെയും വിളിച്ചു.
“മുഹമ്മദിന്റെ മക്കളെ ഇനി നിങ്ങൾ ഭാര്യമാരാക്കി വയ്ക്കരുത്. അവരെ ഉടനെ വിവാഹമോചനം നടത്തണം.”
ഇതേ ആവശ്യവുമായി ഖുറയ്ശി നേതാക്കളുമെത്തി. അങ്ങനെ പ്രവാചക പുത്രിമാരെ അവർ വിവാഹമോചനം നടത്തി...
റുഖിയ്യയെ പിന്നീട് ഉസ്മാൻ(റ) വിവാഹം ചെയ്തു. ഇത് ഖുറയ്ശികൾക്കു സഹിച്ചില്ല. ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരിൽ തന്നെ ഉസ്മാൻ(റ) ക്രൂരമായി പീഡനങ്ങൾ ഏറ്റുവാങ്ങിയതാണ്.
മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു.
ഉസ്മാൻ(റ) ഭാര്യയോടൊപ്പം നാടുവിട്ടു. അബ്സീനിയയിലെത്തി. അവിടെ തൊഴിലെടുത്തു ജീവിച്ചു.
അതിനിടയിൽ മക്കയിൽ എന്തെല്ലാം സംഭവങ്ങൾ. മർദന പരമ്പരകളുടെ ഒടുവിൽ ഹിജ്റ. പ്രവാചകൻ ﷺ മദീനയിലെത്തി.
Part : 163
നാളുകൾക്കു ശേഷം പ്രവാചകൻ ﷺ മദീനയിൽ എത്തിയ വിവരം അബ്സീനിയായിലറിഞ്ഞു. ഉസ്മാൻ(റ) ഭാര്യയോടൊപ്പം മദീനയിലെത്തി. മകളും പിതാവും കണ്ടുമുട്ടി. ആശ്വാസം.
ബദ്റിന്റെ വിളി മുഴങ്ങി. നബി ﷺ തങ്ങളും സ്വഹാബികളും ബദ്റിലേക്കു പോകുന്നു. റുഖിയ്യക്കു രോഗം പിടിച്ചു. ഭാര്യയെ പരിചരിക്കാൻ ഉസ്മാൻ(റ) മദീനയിൽ നിൽക്കട്ടെയെന്നു പ്രവാചകൻ ﷺ നിർദേശിച്ചു.
എല്ലാവരും ബദ്റിലേക്കു പോയി. റുഖിയ്യയുടെ രോഗം വർധിച്ചു. അവർ മരണമടഞ്ഞു. പിതാവ് ബദ്റിലാണ്. കാത്തിരിക്കാനാവില്ല. മയ്യിത്തു ഖബറടക്കി. അപ്പോൾ ബദ്റിൽനിന്നു സന്തോഷവാർത്ത - യുദ്ധം ജയിച്ചു.
ഉസ്മാൻ(റ) കടുത്ത നിരാശയിൽ പെട്ടു. പ്രവാചക പുത്രി മരണപ്പെട്ടു. ആ നിലയ്ക്കുള്ള ബന്ധം പോയി. ഓർത്തോർത്തു ദുഃഖിക്കുന്നു. ആ ദുഃഖം നബിﷺതങ്ങൾ കണ്ടു...
തന്റെ പ്രിയപുത്രി ഉമ്മുകുൽസൂമിനെ ഉസ്മാൻ(റ)വിനു വിവാഹം ചെയ്തുകൊടുത്തു.
അവർ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു. ഉസ്മാൻ(റ)വിനോടൊപ്പം ഉമ്മുകുൽസൂം(റ) ആറു വർഷക്കാലം ജീവിച്ചു.
പ്രവാചകൻ ﷺ മകളെ കാണാൻ പോകും. വിവരങ്ങളന്വേഷിക്കും. സദുപദേശങ്ങൾ നൽകും.
ആ ദാമ്പത്യ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഹിജ്റ ഒമ്പതാം വർഷം. ഉമ്മുകുൽസൂം ഈ ലോകത്തോടു യാത്ര പറയുകയാണ്...
ഉസ്മാൻ(റ) ഏകനായി. നബി ﷺ തങ്ങൾക്കു കനത്ത ദുഃഖം. മയ്യിത്തു ഖബറിലേക്കിറക്കുമ്പോൾ നബി ﷺ തങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
നബിﷺതങ്ങളുടെ രണ്ടു മക്കളെ വിവാഹം ചെയ്തതിനാൽ ഉസ്മാൻ(റ)വിന് ഒരു സ്ഥാനപ്പേരു കിട്ടി. “ദുന്നൂറൈൻ” - രണ്ടു പ്രകാശങ്ങളുടെ ഉടമ.
ഉസ്മാൻ(റ) വീണ്ടും ദുഃഖാകുലനായി. ആ ദുഃഖം കണ്ടു പ്രവാചകൻ ﷺ പറഞ്ഞു: “എനിക്കു വേറെയും പെൺമക്കളുണ്ടായിരുന്നെങ്കിൽ ഉസ്മാനു വിവാഹം ചെയ്ത് കൊടുക്കുമായിരുന്നു.”
Part : 164
ഹുദയ്ബിയ്യയിൽ
മദീനത്തെ പള്ളിയിൽ സത്യവിശ്വാസികൾ സമ്മേളിച്ചിരിക്കുന്നു. പ്രവാചകൻ ﷺ അവരുടെ നേരെ നടന്നുവരുന്നു. ആ മുഖം വളരെ പ്രസന്നമായിരുന്നു. ഏതോ ഒരു സന്തോഷവാർത്തയുമായി വരുന്നതുപോലെ.
“ഞാനൊരു സ്വപ്നം കണ്ടു.” പ്രവാചകൻ ﷺ തുടങ്ങി. ശ്രോതാക്കൾ ആകാംക്ഷാഭരിതരായി.
“ഞാനും എന്റെ അനുയായികളും മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചിരിക്കുന്നു. തലമുടി വടിച്ചും നിർഭയരായും നിരായുധരായും.”
ങേ... എന്താണീ കേട്ടത്..?
നാം മക്കയിൽ സുരക്ഷിതരായി തിരികെ ചെല്ലുന്നുവെന്നോ..?
കഴിഞ്ഞ ആറു വർഷമായി മനസ്സിൽ താലോലിക്കുന്നസ്വപ്നം. അതു സാക്ഷാത്കരിക്കപ്പെടുമോ..?
ജന്മനാടു വിട്ടുപോന്നിട്ടു വർഷം ആറായി. ജനിച്ചു വളർന്ന നാട്. പ്രിയപ്പെട്ട നാട്. വളർന്ന വീടും സ്നേഹം പകർന്ന ബന്ധുക്കളുമൊക്കെ അവിടെയുണ്ട്.
വിശുദ്ധ കഅ്ബാലയം. പുണ്യഭവനം കണ്ടിട്ടെത്ര കാലമായി...
പ്രവാചകരുടെ (ﷺ) സ്വപ്നം സത്യസന്ധമാണ്. അതു സത്യമായി ഭവിക്കും. പക്ഷേ, എപ്പോൾ..?
മക്കയിലേക്കു പോകുക എളുപ്പമല്ല. അവിടെച്ചെന്നു ഹജ്ജോ ഉംറയോ ചെയ്യാൻ ഖുറയ്ശികൾ അനുവദിക്കില്ല. എന്നെങ്കിലുമൊരിക്കൽ അതു സത്യമായി പുലരും. മക്ക കാണാൻ കൊതിച്ച എത്രയോ സ്വഹാബികൾ മരിച്ചു പോയി...
ദുൽഖഅ്ദ മാസം. യുദ്ധം നിഷിദ്ധമായ മാസം. ആ മാസത്തിൽ ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്കു പുറപ്പെടാൻ തീരുമാനിച്ചു. മദീനയിൽ അതു വിളംബരം ചെയ്തു. മദീനയുടെ പരിസരത്തുള്ള ഗ്രാമീണഗോത്രങ്ങളെയും ഉംറക്കു
പോകാൻ ക്ഷണിച്ചു...
യുദ്ധം പാടില്ലാത്ത മാസം. ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ആ മാസം തിരഞ്ഞെടുത്തത്. മദീനയുടെ ചുമതല അബ്ദുല്ലാഹി ബ്നു ഉമ്മിമക്തൂമിനെ ഏൽപിച്ചു.
ആയിരത്തി അഞ്ഞൂറോളം സ്വഹാബികൾ പ്രവാചകരോടൊപ്പം (ﷺ) ഉംറക്കു പോകാൻ സന്നദ്ധരായി. അതിൽ മുഹാജിറുകളും അൻസ്വാറുകളും ഉണ്ടായിരുന്നു.
പുണ്യമാസമായ ദുൽഖഅ്ദ ഒന്നിന് ആ വലിയ സംഘം മക്ക ലക്ഷ്യമാക്കി യാത്രതിരിച്ചു. അവരോടൊപ്പം എഴുനൂറ് ഒട്ടകങ്ങളുണ്ടായിരുന്നു. പ്രവാചകപത്നി ഉമ്മുസലമ(റ)യും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
എല്ലാവരും ഉംറയുടെ വേഷം ധരിച്ചിരുന്നു. ബലിമൃഗങ്ങളും
കൂടെയുണ്ട്. ആ സംഘത്തെ കണ്ടാൽ തീർത്ഥാടകരാണെന്ന് ആർക്കും മനസിലാകും. അവർ യുദ്ധത്തിനു പോകുന്നവരല്ല. കയ്യിൽ
ആയുധമില്ലാത്തവരാണ്...
അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട്. അത് ഉറയിൽ വിശ്രമിക്കും. വന്യജീവികളെയോ പിടിച്ചുപറിക്കാരെയോ നേരിടാനാണ്. അങ്ങനെ ഒരു വാൾ മാത്രമേ അവരുടെ കയ്യിലുള്ളൂ. മറ്റൊരായുധവുമില്ല...
ദുൽഹുലയ്ഫ എന്ന സ്ഥലത്തെത്തി.
അവർ ശരീരശുദ്ധി വരുത്തി. ബലിമൃഗങ്ങളെ തങ്ങളുടെ ഇടതുവശത്തായി നിറുത്തി. അല്ലാഹുﷻവിനെ സ്തുതിച്ചു. ഭക്തിനിർഭരമായ ഖൽബുകളുമായി യാത്ര തിരിച്ചു. ഇസ്ഫാനിൽ എത്തുവോളം യാത്ര തുടർന്നു...
ഇനി പതിനാറു നാഴികകൂടി യാത്ര ചെയ്താൽ മതി. പുണ്യനഗരമായ മക്കയിലെത്താം. മുഹാജിറുകളുടെ മനസ്സിൽ ആവേശം അലതല്ലുന്നു. സുപരിചിതമായ പ്രദേശങ്ങൾ കണ്ടുതുടങ്ങി. ജന്മനാട്ടിലേക്കെത്തുകയായി. പിറന്നുവീണ ഭൂമി. കളിച്ചു വളർന്ന മണ്ണ്. മനസ്സിൽ ഒരായിരം ഓർമകൾ തിളങ്ങുന്നു...
അപ്പോഴാണു മക്കയിൽ നിന്നുള്ള വാർത്ത വന്നത്..!!
Part : 165
'മുസ്ലിംകളെ മക്കയിൽ പ്രവേശിക്കാൻ ഖുറയ്ശികൾ അനുവദിക്കില്ല. ശക്തി ഉപയോഗിച്ചു തടയും.'
തീർത്ഥാടനം മാത്രമാണു മുസ്ലിംകളുടെ ലക്ഷ്യം. പക്ഷേ, ഖുറയ്ശികൾ അതു വിശ്വസിക്കുന്നില്ല. യുദ്ധത്തിനു തന്നെയാണവർ വരുന്നത്. യുദ്ധസന്നദ്ധരാവുക. ഖുറയ്ശികൾ പ്രഖ്യാപിച്ചു...
ഖന്തഖ് യുദ്ധത്തിൽ ഖുറയ്ശികൾ പരാജയപ്പെട്ടു. അതു മുസ്ലിംകൾക്കു കൂടുതൽ ധൈര്യം നൽകി. മക്കയിലേക്കു കടന്നുവന്ന് ആക്രമണം നടത്താൻ വരെ അവർ ധൈര്യം കാണിച്ചിരിക്കുന്നു. ഒരു സൈന്യത്തെ പെട്ടെന്നു സജ്ജമാക്കി.
രണ്ടു നേതാക്കൾ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു.
ഖാലിദ് ബ്നുൽ വലീദ്, ഇക് രിമത്...
ഈ സൈന്യം ദൂതുവാ എന്ന പ്രദേശത്തേക്കു മാർച്ചു ചെയ്തു. മുസ്ലിംകൾ മക്കയിലേക്കു പ്രവേശിക്കുമ്പോൾ യുദ്ധം ചെയ്യാൻ വേണ്ടി അവിടെ താവളമടിച്ചു.
ഖുറയ്ശി സൈന്യം താവളമടിച്ച പ്രദേശത്തുകൂടി ഇനി യാത്ര വേണ്ട. “മറ്റൊരു വഴിയിലൂടെ നമ്മെ നയിക്കാൻ ആർക്കു കഴിയും..?” പ്രവാചകൻ ﷺ ചോദിച്ചു.
ഉടനെ അസ്ലം ഗോത്രക്കാരനായ ഒരു സ്വഹാബി പറഞ്ഞു. “അല്ലാഹുﷻവിന്റെ റസൂലേ, മക്കയിലേക്കുള്ള മറ്റൊരു വഴി എനിക്കറിയാം. അതുവഴി പോകാം...”
ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അദ്ദേഹം കാണിച്ച മാർഗത്തിലൂടെ സഞ്ചരിച്ചു. അൽപം ക്ലേശകരമായിരുന്നു യാത്ര.
ഹുദയ്ബിയ്യ എന്ന സ്ഥലത്തെത്തി...
നബിﷺതങ്ങളുടെ ഒട്ടകത്തിന്റെ പേര് ഖസ് വാഅ് എന്നായിരുന്നു. ഖസ് വാഅ് ഹുദയ്ബിയ്യയിൽ മുട്ടുകുത്തി...
ക്ഷീണം കൊണ്ടായിരിക്കും എന്നു സ്വഹാബികൾ കരുതി. അതിനെ എഴുന്നേൽപിക്കാൻ നോക്കി. പ്രവാചകൻ ﷺ തടഞ്ഞു. ഇപ്രകാരം പറയുകയും ചെയ്തു.
“അത് സ്വയം മുട്ടുകുത്തിയതല്ല. അബ്റഹത്തിന്റെ ആനയെ തടഞ്ഞവൻ അതിനെയും തടഞ്ഞിരിക്കുകയാണ്.”
ഹുദയ്ബിയ്യയിൽ താവളമടിക്കാൻ നബി ﷺ കൽപിച്ചു.
അനേകം തമ്പുകൾ ഉയർന്നു. ആയിരത്തഞ്ഞൂറു പേർക്കു താമസിക്കാൻ വേണ്ടത്ര തമ്പുകൾ. വെള്ളമില്ലാതെ സ്വഹാബികൾ വിഷമിച്ചു. വല്ലാത്ത ദാഹം..,
നബിﷺതങ്ങൾ ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്തു. അതിൽ തന്റെ വിരലുകൾ വച്ചു.
വിരലുകൾക്കിടയിലൂടെ ഉറവയിൽ നിന്നെന്നപോലെ ശുദ്ധജലം ഒഴുകുന്നു..! എല്ലാവരും ആവശ്യത്തിനു വെള്ളം എടുത്ത് ഉപയോഗിച്ചു. നബിﷺതങ്ങളുടെ മുഅ്ജിസത്ത്..!
മുസ്ലിംകൾ ഹുദയ്ബിയ്യയിൽ താവളമടിച്ചിരിക്കുകയാണെന്നറിഞ്ഞതോടെ ഖുറയ്ശികൾക്കു വെപ്രാളമായി. ഏതാനും ദൂതന്മാരെ മുസ്ലിം ക്യാമ്പിലേക്ക് അയയ്ക്കാൻ ഖുറയ്ശികൾ തീരുമാനിച്ചു.
ബുദയൽ ബ്നു വർഖാഅ് ദൗത്യസംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഹുദയ്ബിയ്യയിലേക്കു പുറപ്പെട്ടു...
പ്രവാചകൻ ﷺ അവരെ സന്തോഷപൂർവം സ്വീകരിച്ചു. നബി ﷺ പറഞ്ഞു: “ഞങ്ങളെ നോക്കു, ഞങ്ങൾ ഉംറയുടെ വേഷത്തിലാണ്.
നിരായുധരുമാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. യുദ്ധത്തിനു വന്നതല്ല. ഞങ്ങൾ തീർത്ഥാടകർ മാത്രമാണ്. താങ്കൾ അതിനു സൗകര്യപ്പെടുത്തിത്തരണം. ഉംറ ചെയ്തു ഞങ്ങൾ തിരിച്ചു പോയിക്കൊള്ളാം...”
ബുദയ്ലിനു കാര്യം മനസ്സിലായി. ഖുറയ്ശികൾ വെറുതെ വെപ്രാളം കൂട്ടുകയാണ്. ഇവർക്കു ദുരുദ്ദേശ്യങ്ങളില്ല. ബുദയ്ലും സംഘവും മടങ്ങിപ്പോയി. ഖുറയ്ശികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു...
നബിﷺതങ്ങളുമായി സൗഹാർദത്തിൽ കഴിയുന്ന ഖുസാഅ ഗോത്രത്തിലെ അംഗമായിരുന്നു ബുദയ്ൽ. അദ്ദേഹം പറഞ്ഞു: “ഖുറയ്ശി സഹോദരന്മാരേ, മുഹമ്മദും അനുയായികളും ഉംറ മാത്രം ലക്ഷ്യംവച്ചു വന്നതാണ്. അവർ ഉംറയുടെ വേഷത്തിലാണ്. ബലിമൃഗങ്ങളെ കൊണ്ടുവന്നിട്ടുണ്ട്. ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ല. ഇനി നിങ്ങൾ തീരുമാനിക്കുക...''
ഖുറയ്ശികൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഉംറയുടെ പേരു വെറുതെ പറയുകയാണ്. അവൻ മക്ക അധീനപ്പെടുത്താൻ വന്നതാണ്. അതു നടപ്പില്ല...”
ഖുറയ്ശികൾ മറ്റൊരു ദൂതനെ അയച്ചു. അദ്ദേഹവും മുസ്ലിം ക്യാമ്പിലെത്തി. സത്യാവസ്ഥ മനസിലാക്കി തിരിച്ചുപോയി. മുസ്ലിംകൾ ഒരു യുദ്ധം ലക്ഷ്യംവച്ചിട്ടില്ലെന്നു രണ്ടാമത്തെ ദൂതനും അറിയിച്ചു...
ഖുറയ്ശികൾക്ക് ഇനിയും സംശയം ബാക്കി. മറ്റൊരു ദൂതനെക്കൂടി അയയ്ക്കാൻ തീരുമാനിച്ചു...
Part : 166
നബിﷺയുടെ ദൂതൻ
മുഹമ്മദിനെ (ﷺ) മക്കയിൽ പ്രവേശിപ്പിക്കരുത്. ഹുദയ്ബിയ്യയിൽ
നിന്നു മടക്കി അയയ്ക്കണം. അതേക്കുറിച്ചു ചർച്ച ചെയ്യാൻ
ഒരാളെ അയയ്ക്കാം. അഹാബീഷ് ഗോത്രനായകനെ നിയോഗിച്ചു.
അഹാബീഷ് ഗോത്രക്കാർ അമ്പെയ്യുന്നതിൽ നിപുണരാണ്. ഉന്നം തെറ്റാതെ അമ്പ് എയ്തുവിടും. ഖുറയ്ശികളുടെ സഖ്യകക്ഷിയുമാണ്.
അവരുടെ നേതാവാണ് ഹുലയ്സ്.
ഹുലയ്സ് മുസ്ലിം ക്യാമ്പിലെത്തി.
നബി ﷺ അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു.
“അദ്ദേഹം ബലിമൃഗങ്ങളെ ആദരിക്കുന്ന ആളാണ്. നമ്മുടെ
ബലിമൃഗങ്ങളെ അദ്ദേഹത്തിനു കാണിച്ചു കൊടുക്കൂ...”
എഴുപത് ഒട്ടകങ്ങൾ അദ്ദേഹത്തിന്റെ മുമ്പിൽ അണിനിരന്നു. അദ്ദേഹത്തിന്റെ മനസു മാറി. ഖുറയ്ശികൾ ചെയ്യുന്നതു ന്യായമല്ലെന്നു ബോധ്യപ്പെട്ടു...
“നിങ്ങൾ ഉംറക്കുവേണ്ടി മാത്രം വന്നവരാണെന്നും കഅ്ബ
സന്ദർശിക്കാൻ അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയാം...” ഹുലയ്സ് തിരിച്ചുപോയി. മുസ്ലിംകൾ അനുകൂല മറുപടി കാത്തിരുന്നു...
ഹുലയ്സ് ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു: “ആ വിഭാഗത്തെ നിങ്ങൾ തടയരുത്. അവർ ഉംറ ഉദ്ദേശിച്ചു വന്നവരാണ്.
ലഖ്മ ഗോത്രവും ജുദാം ഗോത്രവും ഹിംയർ ഗോത്രവും ഇവിടെ വന്നു ഹജ്ജ് ചെയ്യുക. അബ്ദുൽ മുത്വലിബിന്റെ മകനെ അതിൽനിന്നു തടയുകയും ചെയ്യുക. കഅ്ബയുടെ നാഥൻ തന്നെയാണ് സത്യം. ഇതു ദ്രോഹമാണ്. ഉംറക്കുവേണ്ടി വന്ന ആ ജനതയെ തടഞ്ഞാൽ ഖുറയ്ശികൾക്കു നാശം...”
ഖുറയ്ശികൾ ഇടക്കു കയറി പറഞ്ഞു: “ഹുലയ്സ്, താങ്കൾ അവിടെ ഇരിക്കൂ..! താങ്കൾ വെറുമൊരു ഗ്രാമീണനാണ്. അവരുടെ യുദ്ധതന്ത്രങ്ങൾ താങ്കൾക്കു മനസിലായിട്ടില്ല.”
ഹുലയ്സ് നിരാശനായി...
ഖുറയ്ശികൾ നാലാമതൊരു ദൂതനെകൂടി മുസ്ലിം ക്യാമ്പിലേക്കയച്ചു. അയാൾ വളരെ തന്ത്രശാലിയായിരുന്നു...
നേരത്തെ പോയ മൂന്നു ദൗത്യസംഘത്തെയും മുസ്ലിംകൾ സന്തോഷപൂർവം സ്വീകരിച്ചു. അവർക്കെല്ലാം മുസ്ലിംകളെപ്പറ്റി നല്ല മതിപ്പാണ്. താൻ മറ്റൊരു രീതി സ്വീകരിക്കണം. പ്രകോപിപ്പിക്കാൻ നോക്കണം. അപ്പോൾ മാത്രമേ ഉള്ളിലിരിപ്പു പുറത്തുവരികയുള്ളൂ...
ഉർവത് ബ്നു മസ്ഊദ്. ഖുറയ്ശികളുടെ പുതിയ ദൂതൻ മുസ്ലിം ക്യാമ്പിലെത്തി. പ്രവാചകനോട് (ﷺ) ഇപ്രകാരം ചോദിച്ചു:
“ഈ ജനതയെയും കൊണ്ടാണോ താങ്കൾ യുദ്ധത്തിനു വന്നത്. ഇവരെ എന്തിനു കൊള്ളാം. സ്വന്തം ബന്ധുക്കൾക്കെതിരെ യുദ്ധം ചെയ്യാനാണോ താങ്കൾ വന്നത്..? പുണ്യമക്കാപട്ടണത്തെ യുദ്ധം ചെയ്ത് തകർക്കാനാണോ താങ്കൾ വന്നത്..? പറയൂ മുഹമ്മദ്..!”
സ്വഹാബികൾക്ക് അയാളുടെ സംസാരരീതി തീരെ പിടിച്ചില്ല. പലരും രോഷം കൊള്ളുന്നു. ഇതെന്തൊരപമാനം...
സംസാരിക്കുന്നതിനിടയിൽ പ്രവാചകരുടെ (ﷺ) താടിയിൽ തട്ടാൻ അയാൾ ശ്രമിക്കുന്നു. അയാളുടെ കരം താടിക്കുനേരെ നീണ്ടുവരുമ്പോഴെല്ലാം മുഗീറത് ബ്നു ശുഅ്ബ(റ) അതു തട്ടിക്കളയുന്നുണ്ട്.
“യുദ്ധം ചെയ്ത് മക്കാപട്ടണം നശിപ്പിച്ചു എന്നു കരുതുക. ഈ ജനത നിന്നെ കൈവെടിയുകയും ചെയ്തു. പിന്നെ എന്തായിരിക്കും താങ്കളുടെ അവസ്ഥ..!” ഉർവ ചോദിച്ചു...
നബിﷺതങ്ങൾ ക്ഷമയോടെ എല്ലാം കേട്ടു. ക്ഷമയോടെ തന്നെ തങ്ങളുടെ യാത്രയുടെ ലക്ഷ്യം വിവരിച്ചു...
Part : 167
ഉർവ പ്രവാചകരുടെയും (ﷺ) അനുയായികളുടെയും ചലനങ്ങൾ
വീക്ഷിച്ചു...
പ്രവാചകൻ ﷺ വുളുഅ് എടുക്കുന്നു. അനുയായികൾ വെള്ളം താഴെ വീഴാതെ ശേഖരിക്കുന്നു. ആ വെള്ളത്തിനു വേണ്ടി മത്സരിക്കുന്നു.
എന്തൊരു കാഴ്ചയാണിത്..!
പ്രവാചകൻ ﷺ നടന്നു വരുമ്പോൾ അവർ ഭവ്യതയോടെ മാറിനിൽക്കുന്നു. എന്തൊരു ബഹുമാനം..!
പ്രവാചകന്റെ ﷺ മുമ്പിൽ വച്ച് അനുയായികൾ പതുക്കെ മാത്രം സംസാരിക്കുന്നു. എന്തൊരു ആദരവ്.
ഉർവ കോറോസിന്റെ കൊട്ടാരം സന്ദർശിച്ചിട്ടുണ്ട്. എന്തൊരു ആഡംബരമാണവിടെ..! അവിടെ ഭരണാധികാരിയെ ജനങ്ങൾ ഭയപ്പെടുന്നു, മരണ ഭയം.
സീസറിന്റെ കൊട്ടാരവും സന്ദർശിച്ചിട്ടുണ്ട്. ഭരണാധികാരിയെ ബഹുമാനിച്ചില്ലെങ്കിൽ മരണം ഫലം.
പേടിച്ചു വിറച്ചുള്ള ബഹുമാനമാണു താൻ കണ്ടത്...
ഇവിടെയോ..? സ്നേഹപൂർവമായ ആദരവ്. മനസ്സറിഞ്ഞ സ്നേഹം.
അല്ലാഹുﷻവിന്റെ പ്രീതിക്കുവേണ്ടിയുള്ള സ്നേഹം. ഇതുപോലൊരു ജനസമൂഹം ലോകത്തു വേറെയില്ല. തങ്ങളുടെ നേതാവിനെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനവിഭാഗത്തെ ഒരിടത്തും കാണില്ല.
കലങ്ങിമറിഞ്ഞ മനസ്സുമായി ഉർവത് ബ്നു മസ്ഊദ് മുസ്ലിം ക്യാമ്പിൽനിന്നു മടങ്ങിപ്പോയി. അയാൾ ഖുറയ്ശികളോട് ഇങ്ങനെ പറഞ്ഞു:
“മുഹമ്മദിനെപ്പോലെ (ﷺ) ഒരു നേതാവിനെ ഞാൻ കണ്ടിട്ടില്ല.
മുഹമ്മദിനെ (ﷺ) അനുയായികൾ സ്നേഹിക്കുന്നതുപോലെ, അനുയായികളാൽ സ്നേഹിക്കപ്പെടുന്ന ഒരു നേതാവിനെയും ഞാൻ കണ്ടിട്ടില്ല.
കോറോസിനെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ച് സീസറിനെയും കണ്ടിട്ടുണ്ട്.അവർക്കൊന്നും സ്വന്തം ജനതയിൽനിന്ന് ഇത്രയും ബഹുമാനം കിട്ടുന്നില്ല...
മക്കയിൽ വച്ചു മുഹമ്മദിനു (ﷺ) വല്ലതും സംഭവിച്ചാൽ അവർ സഹിക്കില്ല. നേതാവിനുവേണ്ടി ജീവൻ നൽകാൻ അവർക്കൊരു മടിയും കാണില്ല. മുഹമ്മദിന്റെ (ﷺ) മേൽ കൈവെക്കാൻ ഒരാളെയും അവർ അനുവദിക്കില്ല. നല്ലതുപോലെ ആലോചിച്ച് ഒരു തീരുമാനം എടുത്തോളു...”
ഖുറയ്ശികൾ ഇങ്ങനെ പ്രതികരിച്ചു. “ഈ വർഷം അവരെ എങ്ങനെയെങ്കിലും മടക്കി അയയ്ക്കണം. അടുത്ത വർഷം വന്ന് ഉംറ നിർവഹിച്ചുകൊള്ളട്ടെ.”
ഖുറയ്ശികളുടെ ഭാഗത്തുനിന്നു ദൂതന്മാർ തുടരെ വന്നുകൊണ്ടിരുന്നു. അവരെ മാന്യമായി സ്വീകരിക്കുന്നു. സംസാരിക്കുന്നു. ദൂതന്മാരിൽ ഇതു വളരെ മതിപ്പുളവാക്കി. ഒരു ദൂതനെ ഖുറയ്ശികളുടെ അടുത്തേക്കയയ്ക്കാൻ
നബിﷺതങ്ങൾ തീരുമാനിച്ചു.
ഖിരാശ് ബ്നു ഉമയ്യത്(റ). ഈ സ്വഹാബിവര്യനെ നബിﷺതങ്ങൾ ഖുറയ്ശികളുടെ അടുത്തേക്കയച്ചു. തങ്ങൾ ഉംറക്കു വന്നതാണെന്നും അതിന് അനുവദിക്കണമെന്നും ഖുറയ്ശികളോടു പറയണം. ഖിറാശിനെ കണ്ടതോടെ ഖുറയ്ശികൾ ഇളകി. അദ്ദേഹത്തിന്റെ ഒട്ടകത്തെ അറുത്തു.
“ഒട്ടകത്തെ കൊന്നതുപോലെ അവനെയും കൊല്ലണം.”
ചിലർ വിളിച്ചുപറഞ്ഞു..!!
“അയാൾ ദൂതനാണ്. കൊല്ലരുത്.” മറ്റു ചിലർ.
“മുഹമ്മദിന്റെ (ﷺ) ദൂതനല്ലേ, വധിക്കണം.” ബഹളം മൂത്തപ്പോൾ അഹാബീശ് ഗോത്രക്കാർ ഇടപെട്ടു...
അബൂജഹ്ലിന്റെ മകൻ ഇക് രിമത് ദൂതനെ വധിക്കാൻ വേണ്ടി
മുന്നോട്ടു ചാടി. അഹാബീശ് യോദ്ധാക്കൾ ഇക് രിമയെ തടഞ്ഞു.
ദൂതനെ ഹുദയ്ബിയ്യയിലേക്കു പറഞ്ഞയച്ചു.
ഖിറാശ് തിരിച്ചു വന്നു വിവരങ്ങളെല്ലാം പ്രവാചകനെ (ﷺ) അറിയിച്ചു. എല്ലാവരും നിരാശപ്പെട്ടു. നിരാശയും രോഷവും. ഇനിയെന്തു ചെയ്യും..? ഒരു ശ്രമംകൂടി നടത്തിനോക്കാം. ഒരു ദൂതനെക്കൂടി അയയ്ക്കാം. മക്കയിലെ ഏതെങ്കിലും ഒരു ബന്ധുവിന്റെ സംരക്ഷണത്തിൽ വിടാം. അല്ലെങ്കിൽ ഖുറയ്ശികൾ കൊന്നുകളയും...
ഉസ്മാൻ(റ)വിനെ ദൂതനായി അയയ്ക്കാൻ തീരുമാനിച്ചു. മക്കയിലെ അബ്ബാൻ ബ്നു സഈദ് എന്ന പ്രമുഖൻ ഉസ്മാൻ ബ്നു അഫ്ഫാൻ(റ)വിനു സംരക്ഷണം ഉറപ്പു നൽകി.
ഉസ്മാൻ(റ)വിന്റെ കൂടെ പത്ത് ആളുകളെയും അയച്ചു. അവർക്ക് സ്വന്തം കുടുംബങ്ങളെ സന്ദർശിക്കാൻ പ്രവാചകൻ ﷺ അനുമതി നൽകി. അവർക്കും സംരക്ഷണം ഉറപ്പു നൽകപ്പെട്ടിരുന്നു.
തങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കണമെന്നു കാണിച്ചു കൊണ്ട് ഒരു കത്ത് തയ്യാറാക്കി. ആ കത്തുമായിട്ടാണ് ഉസ്മാൻ (റ) മക്കയിലേക്കു പുറപ്പെട്ടത്...
Part : 168
ചരിത്രപ്രസിദ്ധമായ കരാർ
ഉസ്മാൻ(റ) ഖുറയ്ശി പ്രമുഖരെ കണ്ടു. കത്തു കൈമാറി. മുസ്ലിംകളെ ഉംറ നിർവഹിക്കാൻ അനുവദിക്കണമെന്നപേക്ഷിച്ചു.
ഖുറയ്ശികൾ നൽകിയ മറുപടി ഇതായിരുന്നു:
“താങ്കൾക്കു വേണമെങ്കിൽ കഅ്ബ പ്രദക്ഷിണം ചെയ്യാം. മുഹമ്മദിന്റെ കാര്യം പറയേണ്ട.”
ഉസ്മാൻ(റ) ഇങ്ങനെ മറുപടി നൽകി: “അല്ലാഹുﷻവിന്റെ റസൂൽ ﷺ കഅ്ബ പ്രദക്ഷിണം നടത്തുന്നതുവരെ ഞാൻ അതു നടത്തുന്നതല്ല.”
അദ്ദേഹം ഇങ്ങനെ തുടർന്നു: “അല്ലാഹുﷻവിന്റെ ഭവനം സന്ദർശിക്കുവാനും ഉംറ നിർവഹിക്കാനുമാണു ഞങ്ങൾ ഇവിടെ വന്നത്. ഞങ്ങൾ ബലിമൃഗങ്ങളെ കൂടെ കൊണ്ടുവന്നിട്ടുണ്ട്. ബലി നിർവഹിച്ചു ഞങ്ങൾ മടങ്ങിപ്പോയിക്കൊള്ളാം. അതിന് അനുവദിക്കണം...
“ഈ വർഷം നിങ്ങളെ ഉംറ ചെയ്യാൻ അനുവദിക്കുന്ന പ്രശ്നമേയില്ല, ഇത്തവണ മടങ്ങിപ്പോകണം.”
ഖുറയ്ശികൾ തീർത്തു പറഞ്ഞു.
ഉസ്മാൻ(റ) ഏതാനും ദിവസങ്ങൾ മക്കയിൽ തങ്ങി. ഖുറയ്ശികളുടെ മനസ്സു മാറിയില്ല.
ഉസ്മാൻ(റ) മടങ്ങിവരുന്നതു കാണാതെ മുസ്ലിംകൾ വിഷമിച്ചു. ഉസ്മാൻ(റ)വിനെ ഖുറയ്ശികൾ വധിച്ചുകളഞ്ഞു. എന്നൊരു വാർത്ത പരന്നു. അതോടെ മുസ്ലിംകൾ ഇളകി. അവരുടെ രോഷം പതഞ്ഞു.
ഇതിനു പ്രതികാരം ചെയ്തല്ലാതെ അടങ്ങില്ല...
നബിﷺതങ്ങളും വികാരഭരിതനായി.
“യുദ്ധത്തിനു തയ്യാറെടുക്കുക”
അവിടുന്ന് കൽപിച്ചു.
ഹുദയബിയ്യയിലെ ഒരു മരത്തണലിൽ വച്ചു സ്വഹാബികൾ പ്രവാചകന്റെ (ﷺ) കൈ പിടിച്ചു പ്രതിജ്ഞ ചെയ്തു. ഉസ്മാന്റെ വധത്തിനു പ്രതികാരം ചെയ്യും. ഖുറയ്ശികൾക്കെതിരെ പോരാടും.
യുദ്ധക്കളം വിട്ട് ഓടിപ്പോകുകയില്ല. ഈ പ്രതിജ്ഞയാണ് 'ബയ്അതുർരിള് വാൻ' എന്ന പേരിൽ അറിയപ്പെടുന്നത്...
യോദ്ധാക്കൾ ഉറയിൽ നിന്നു വാൾ പുറത്തെടുത്തു. മൂർച്ച പരിശോധിച്ചു. ഏതു നിമിഷവും യുദ്ധം തുടങ്ങാം. അവർ അതു പ്രതീക്ഷിച്ചിരിപ്പായി...
ഇസ്ലാമിക ചരിത്രത്തിലെ വികാരഭരിതമായൊരു രംഗമാണിത്. ഒരു വാൾ മാത്രം വച്ചു യുദ്ധത്തിനു തയ്യാറാവുക. കവചമില്ല. പരിചയില്ല. മറ്റു പടക്കോപ്പുകളില്ല. അമ്പും വില്ലുമില്ല. മരണം ഉറപ്പു തന്നെ. വെട്ടുവന്നാൽ എങ്ങനെ നേരിടും..?
എന്നിട്ടും അവർ യുദ്ധത്തിനു സന്നദ്ധരായി. ശഹീദാകാൻ തന്നെ... അപ്പോഴാണ് ആ വാർത്ത വന്നത്..!!
Part : 169
ഉസ്മാൻ(റ) സുരക്ഷിതനാണ്. കുഴപ്പമൊന്നുമില്ല...
വൈകാതെ അദ്ദേഹം ഹുദയ്ബിയ്യയിൽ എത്തിച്ചേർന്നു.
ഖുറയ്ശികളുടെ ദൂതനായി സുഹൈൽ ബ്നു അംറ് പ്രവാചകന്റെ (ﷺ) അടുത്തെത്തി. മുസ്ലിംകൾ ഇത്തവണ മടങ്ങിപ്പോകണം. അതിനൊരു കരാറുണ്ടാക്കണം. അതിനുവേണ്ടിയാണ് സുഹൈൽ വന്നത്.
സുഹൈൽ തീരെ ന്യായമല്ലാത്ത ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചു. പ്രവാചകൻ ﷺ അതു സമ്മതിക്കുന്നു. ചുറ്റും കൂടിനിന്നവർക്കു സഹിക്കുന്നില്ല. അവർ രോഷം അടക്കാൻ പാടുപെട്ടു.
നീണ്ട സംഭാഷണത്തിനുശേഷം സന്ധിവ്യവസ്ഥകൾക്കു രൂപം നൽകി. അത് ഇപ്രകാരമായിരുന്നു:
1) മുസ്ലിംകളും ഖുറയ്ശികളും തമ്മിൽ നാലു വർഷത്തേക്കു യുദ്ധം നിർത്തിവയ്ക്കുക.
2) ഖുറയ്ശികളുടെ സമീപത്തുനിന്ന് ആരെങ്കിലും മുസ്ലിംകളുടെ അടുത്തേക്കു ചെന്നാൽ അവരെ തിരിച്ചയയ്ക്കും.
3) മുസ്ലിംകളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഖുറയ്ശികളുടെ അടുത്തേക്കു ചെന്നാൽ തിരിച്ചയയ്ക്കുകയില്ല.
4) ഇത്തവണ മുഹമ്മദും (ﷺ) അനുയായികളും മദീനയിലേക്കു
മടങ്ങിപ്പോകണം. അടുത്ത വർഷം ഇവിടെ വന്നു മൂന്നു ദിവസം
താമസിക്കാം. സാധാരണ ഉപയോഗിക്കുന്ന ഒരു വാൾ കൂടെ കരുതാം. മറ്റൊരു ആയുധവും അനുവദിക്കില്ല.
5) മുഹമ്മദുമായി (ﷺ) സഖ്യത്തിൽ ഏർപ്പെടാൻ എല്ലാ അറബ് ഗോത്രങ്ങൾക്കും അവകാശമുണ്ട്. അതുപോലെ ആർക്കും ഖുറയ്ശികളുമായും സഖ്യമാവാം.
ഈ വ്യവസ്ഥകളെല്ലാം വച്ചത് സുഹൈൽ തന്നെ. നബി ﷺ തങ്ങൾ അവ അംഗീകരിച്ചു. സന്ധി വ്യവസ്ഥകൾ മുസ്ലിംകളെ അസ്വസ്ഥരാക്കി. പ്രവാചകൻ ﷺ അവരെ സമാധാനിപ്പിച്ചു.
"ബിസ്മില്ലാഹിർറഹ്മാനിർറഹീം" എന്നെഴുതാൻ നബി ﷺ ആവശ്യപ്പെട്ടു. അലി(റ) ആണു കരാർ എഴുതുന്നത്. അലി(റ) ബിസ്മി എഴുതി.
ഉടനെ സുഹൈൽ എതിർത്തു. ഈ റഹ്മാനും റഹീമും ഞങ്ങൾക്കറിയില്ല. അതു വെട്ടണം. "ബിസ്മികല്ലാഹുമ്മ" എന്നെഴുതണം.
സ്വഹാബികൾ എതിർത്തു. ബിസ്മി മാറ്റമില്ല. നബിﷺതങ്ങൾ ഇടപെട്ടു. "ബിസ്മികല്ലാഹുമ്മ" എന്നെഴുതാൻ കൽപിച്ചു. അടുത്ത വാചകം പ്രവാചകൻ ﷺ പറഞ്ഞുകൊടുത്തു...
“അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് മക്കാ നിവാസികളുമായി ചെയ്ത കരാറാണിത്.” അലി(റ) അങ്ങനെയെഴുതി.
സുഹൈൽ എതിർത്തു. “അല്ലാഹുവിന്റെ ദൂതൻ എന്നെഴുതാൻ പറ്റില്ല. ഞങ്ങളതംഗീകരിക്കുന്നില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നു
ഞങ്ങൾ അംഗീകരിച്ചാൽ പിന്നെ ഇവിടെ എന്താണു പ്രശ്നം..? അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതണം - മുഹമ്മദ് ബ്നു അബ്ദില്ല.”
അലി(റ) സമ്മതിച്ചില്ല. സ്വഹാബികൾ രോഷംകൊണ്ടു. നബിﷺതങ്ങൾ ഇടപെട്ടു. എഴുതിയത് മായ്ക്കുവാൻ പറഞ്ഞു. അലി(റ) അതിനു തയ്യാറായില്ല.
ആളുകൾ ഇളകിയപ്പോൾ അവരോടു നിശ്ശബ്ദരാകാൻ നബിﷺതങ്ങൾ ആവശ്യപ്പെട്ടു. പ്രവാചകൻ സ്വന്തം കൈകൊണ്ടു മുഹമ്മദുർറസൂലുല്ലാഹി എന്നെഴുതിയതു മായ്ച്ചു കളഞ്ഞു. ആ സ്ഥാനത്ത് അബ്ദുല്ലായുടെ മകൻ മുഹമ്മദ് എന്നെഴുതാൻ നിർദേശിച്ചു. അലി(റ)വിനു അങ്ങനെ ചെയ്യേണ്ടതായി വന്നു...
കരാറിലെ ഓരോ വ്യവസ്ഥയും മുസ്ലിംകളെ വേദനിപ്പിക്കുന്നതായിരുന്നു. തീർത്തും ഏകപക്ഷീയമായ വ്യവസ്ഥകൾ. പ്രവാചകൻ ﷺ സ്വഹാബികളെ ശാന്തരാക്കി നിർത്താൻ പാടുപെട്ടു...
കരാറിന്റെ രണ്ടു കോപ്പികൾ തയ്യാറായി. ഒന്നു മുസ്ലിംകൾക്കും മറ്റൊന്ന് ഖുറയ്ശികൾക്കും.
സന്ധി വ്യവസ്ഥകൾ രൂപം കൊള്ളുമ്പോൾ ഒരു സംഭവമുണ്ടായി. ഖുറയ്ശികളുടെ പ്രതിനിധിയായി സന്ധിവ്യവസ്ഥകൾ തയ്യാറാക്കുന്നത് സുഹൈൽ ആണല്ലോ? അതേ സുഹൈലിന്റെ മകൻ അബൂജൻദൽ ഇസ്ലാം മതം സ്വീകരിച്ചിരുന്നു...
സ്വന്തം മകനെ പിന്തിരിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു. മകൻ വഴങ്ങിയില്ല. ശരിക്കു മർദിച്ചു. ഒരു ഫലവുമില്ല. വേദന കൊണ്ടു പുളയുമ്പോൾ അബൂ ജൻദൽ എന്താണു പറഞ്ഞത്..?
'ലാ ഇലാഹ ഇല്ലല്ലാഹ്...'
അബൂജൻദലിനെ ചങ്ങലയിൽ പൂട്ടിയിട്ടു...
എങ്ങനെയെങ്കിലും മദീനയിലെത്തണമെന്നാണു മോഹം.
അതിനെന്തു വഴി..? ചുറ്റും ശത്രുക്കൾ. രക്ഷപ്പെടാനൊരു മാർഗവുമില്ല.
ഇസ്ലാമിന്റെ ബദ്ധവൈരിയാണ് തന്റെ പിതാവ്. ബന്ധുക്കളും അങ്ങനെ തന്നെ...
ചങ്ങലയിൽ കിടന്നു നരകിക്കുകയാണ്. ബന്ധനത്തിൽ കിടന്നുകൊണ്ട് ആളുകളുടെ സംഭാഷണം കേട്ടു. മുഹമ്മദും കൂട്ടരും ഹുദയ്ബിയ്യയിൽ എത്തിയിരിക്കുന്നു. എന്ത്? പ്രവാചകൻ ﷺ ഹുദയ്ബിയ്യയിലോ..?
ആ യുവാവ് ആവേശഭരിതനായി...
Part : 170
വ്യക്തമായ വിജയം
സന്ധിവ്യവസ്ഥകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഒരു ചങ്ങലകിലുക്കം. എന്താണത്..? എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി.
ഒരാൾ ചങ്ങലയും വലിച്ചുകൊണ്ട് ഓടിവരികയാണ്...
“അല്ലാഹുവിന്റെ റസൂലേ... എന്നെ രക്ഷിക്കണേ... സത്യവിശ്വാസികളേ... എന്നെ രക്ഷിക്കണേ...”
സുഹൈൽ വർധിച്ച കോപത്തോടെ ചാടിയിറങ്ങി. “എടാ.. നശിച്ചവനേ... നീ എന്തിനു വന്നു..?” മുടിയിൽ പിടിച്ചു വലിക്കുന്നു. ശക്തിയായി പ്രഹരിക്കുന്നു.
“അല്ലാഹുവിന്റെ റസൂലേ... അങ്ങ് ഇതു കാണുന്നില്ലേ..?, സത്യവിശ്വാസികളേ, ഇതു കാണുന്നില്ലേ..?”
കാലിൽ ചങ്ങലയുമായി, നിലവിളിച്ചുകൊണ്ട് ഓടി വന്നത്
അബൂജൻദൻ ആയിരുന്നു - സുഹൈലിന്റെ മകൻ.
അല്ലാഹുവിന്റെ റസൂലും സ്വഹാബത്തും ഹുദയ്ബിയ്യയിൽ എത്തി എന്നറിഞ്ഞപ്പോൾ സഹിച്ചു നിൽക്കാനായില്ല. ചങ്ങല പൊട്ടിക്കാനായി പിന്നത്തെ ശ്രമം. ആ ശ്രമത്തിൽ തൊലിപൊട്ടുകയും ചോര പൊടിയുകയും ചെയ്തു. കിട്ടിയ തക്കത്തിന് ഓടുകയായിരുന്നു.
ഇസ്ലാം മതം സ്വീകരിച്ച ഉടനെ മദീനയിലെത്തണമെന്നായിരുന്നു ആഗ്രഹം. മദീനയിലെത്തിയാൽ രക്ഷകിട്ടുമെന്നു കരുതി. അതു മനസ്സിലാക്കിയ സുഹൈൽ മകനെ ചങ്ങലയിൽ ബന്ധിച്ചു.
അബൂജൻദലിന്റെ വരവ് ഇരുപക്ഷത്തെയും അമ്പരപ്പിച്ചു...
“പോടാ വീട്ടിൽ... പറഞ്ഞതു കേൾക്ക്...'' സുഹൈൽ അലറി...
“ഇല്ല, ഞാനിനി മക്കയിലേക്കില്ല. അല്ലാഹുവിന്റെ റസൂലിന്റെ കൂടെ ഞാൻ മദീനയിലേക്കു പോകുന്നു.”
“ഇല്ല, നീ പോകില്ല. ഞാൻ വിടില്ല. നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും.”
നബി ﷺ സുഹൈലിനോടു ശാന്തസ്വരത്തിൽ പറഞ്ഞു: “അവനെ വെറുതെ വിട്ടേക്കൂ..!”
സുഹൈലിന്റെ മറുപടി പരുഷമായിരുന്നു. “ഹുദയ്ബിയ്യ സന്ധിയനുസരിച്ചു മക്കയിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തു വന്നാൽ, അവനെ മക്കയിലേക്കു തിരിച്ചയയ്ക്കണം. ഇവനെ മക്കയിലേക്കയയ്ക്കണം.”
“സന്ധി വ്യവസ്ഥകൾ നടപ്പായിട്ടില്ല. അതുകൊണ്ട് അബൂ ജദൻദലിന് അതു ബാധകമല്ല. അവനെ വിട്ടുതരില്ല.”
പ്രവാചകൻ ﷺ സുഹൈലിനെ അറിയിച്ചു.
“സന്ധി വ്യവസ്ഥ നടപ്പിലായിക്കഴിഞ്ഞു. അവനെ മക്കയിലേക്കു മടക്കി അയയ്ക്കണം. അല്ലെങ്കിൽ സന്ധിതന്നെ വേണ്ട.”
പ്രവാചകൻ ﷺ വിഷമത്തിലായി.
അബൂജൻദലിന്റെ സമീപം വന്നു പ്രവാചകൻ ﷺ പറഞ്ഞു: “അബൂജൻദൽ, ക്ഷമിക്കുക. കുറച്ചു കാലം കൂടി ക്ഷമിക്കുക. വിജയം അടുത്തെത്തിയിരിക്കുന്നു. ഇപ്പോൾ മക്കയിലേക്കു തന്നെ മടങ്ങിപ്പോയ്ക്കൊള്ളൂ.”
“എന്നെ ഈ കൂരന്മാർക്കു തന്നെ വിട്ടുകൊടുക്കുകയാണോ..?” അബൂ ജൻദൽ കേണു...
അബൂ ജൻദലിനെയും വലിച്ചു കൊണ്ടു സുഹൈൽ നടന്നുനീങ്ങുമ്പോൾ സ്വഹാബികൾ പകച്ചുനിന്നുപോയി. ഇതെന്തു സന്ധി..? എന്തു വ്യവസ്ഥ..?
ഇങ്ങനെയുണ്ടോ ഒരവസ്ഥ..!
Part : 171
സ്വഹാബികൾ കടുത്ത നിരാശയിലാണ്. ഖുറയ്ശികളുടെ മുമ്പിൽ ഇങ്ങനെ കീഴടങ്ങിക്കൊടുക്കേണ്ട വല്ല ആവശ്യവുമുണ്ടോ..?
അൽപം കഴിഞ്ഞു പ്രവാചകൻ ﷺ തന്റെ അനുയായികളോട് ഇങ്ങനെ കൽപിച്ചു:
“മൃഗങ്ങളെ ബലിയറുക്കുക. തലമുടി നീക്കുക.”
പ്രവാചകന്റെ (ﷺ) നിർദേശം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സ്വഹാബികൾ. അവരുടെ ചെവിയിൽ അപ്പോഴും അബൂജൻദലിന്റെ നിലവിളി മുഴങ്ങുകയായിരുന്നു...
ആരും ഒന്നും ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ പ്രവാചകനു (ﷺ) നിരാശ തോന്നി. വലിയ വിഷമത്തോടെ ഉമ്മുസലമ(റ)യെ കാണാൻ ചെന്നു. ഉമ്മുസലമ(റ) മുഖത്തേക്കു നോക്കി. നബിﷺയുടെ മനസ്സിലെ വിഷമം അവർ വായിച്ചു.
“ഞാൻ കൽപിച്ചു. അവർ അനുസരിച്ചില്ല.” - പ്രവാചകൻ ﷺ ഉമ്മുസലമ(റ)യോടു പറഞ്ഞു.
“അവിടുന്ന് ആശ്വസിച്ചാലും അല്ലാഹുവിന്റെ റസൂലേ, ഇങ്ങനെ വിഷമിക്കരുത്. അവരോടു പൊറുക്കുക. മുസ്ലിംകൾ വളരെ ദുഃഖിതരാണ്. സന്ധിവ്യവസ്ഥകൾ അവരെ വല്ലാതെ നിരാശരാക്കിയിരിക്കുന്നു.
എന്തൊരു പ്രതീക്ഷയോടെ വന്നതാണ്. മക്കയിൽ പ്രവേശിക്കാതെ തിരിച്ചുപോകുന്നതിലുള്ള ദുഃഖമാണവർക്ക്. അങ്ങ് എന്താണു ചെയ്യാനുദ്ദേശിച്ചത് അതു നിർവഹിക്കുക. അപ്പോൾ അവരും ചെയ്തുകൊള്ളും.”
ഉമ്മുസലമ(റ)യുടെ വാക്കുകൾ നബിﷺക്ക് ആശ്വാസമായി. അവിടുന്നു മൃഗത്തെ ബലിയറുത്തു. തലമുടി പറ്റെ വടിച്ചുകളഞ്ഞു. ഇതു കണ്ടു മുസ്ലിംകളും ബലിയറുക്കുകയും മുടിയെടുക്കുകയും ചെയ്തു. ചിലർ തല മുണ്ഡനം ചെയ്തു. മറ്റു ചിലർ മുടി വെട്ടി...
“മുടി വടിച്ചവരെ അല്ലാഹു ﷻ അനുഗ്രഹിക്കട്ടെ” പ്രവാചകൻ ﷺ
പ്രാർത്ഥിച്ചു.
“അല്ലാഹുﷻവിന്റെ റസൂലേ, മുടി വെട്ടിയവരെയും” - ആളുകൾ പറഞ്ഞു.
മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അപേക്ഷിച്ചു.
മുടി കളഞ്ഞവർക്കുവേണ്ടി മൂന്നു തവണ പ്രാർത്ഥിച്ചു. നാലാം തവണ മുടി വെട്ടിയവർക്കുവേണ്ടിയും പ്രാർത്ഥിച്ചു.
പിന്നെയും മൂന്നു ദിവസംകൂടി അവർ ഹുദയ്ബിയ്യയിൽ താമസിച്ചു. തുടർന്നു മദീനയിലേക്കു മടങ്ങി...
ഹുദയ്ബിയ്യ ഉടമ്പടിയെക്കുറിച്ചു മനസ്സിൽ അപ്പോഴും വിഷമമുണ്ടായിരുന്നു. വഴിക്കുവച്ച് ജിബ്‌രീൽ (അ) ഇറങ്ങി. ദിവ്യബോധനം.
“അല്ലാഹു ﷻ വ്യക്തമായ വിജയം നൽകിയിരിക്കുന്നു.” വിശുദ്ധ ഖുർആൻ ഹുദയ്ബിയ്യ സന്ധിയെ അങ്ങനെയാണു വിശേഷിപ്പിച്ചത്...
'ഫത്ഹുൽ മുബീൻ' വ്യക്തമായ വിജയം. സ്വഹാബികൾക്കതു മനസിലായില്ല. ഖുറയ്ശികൾ മുസ്ലിംകളുമായൊരു കരാറുണ്ടാക്കിയിരിക്കുകയാണല്ലോ. രണ്ടു ശക്തികൾ തമ്മിലാണല്ലോ കരാറുണ്ടാക്കുക. മുസ്ലിംകളെ ഒരു ശക്തിയായി ഖുറയ്ശികൾ അംഗീകരിച്ചിരിക്കുന്നു. അത് ഒരു നേട്ടം തന്നെയാണ്.
മദീനയിൽ എത്തിയശേഷം സമാധാനത്തോടെ ഏറെനാൾ ജീവിക്കാൻ കഴിഞ്ഞിട്ടില്ല. ഏതാനും കൊല്ലത്തേക്കു യുദ്ധമില്ലാ കരാർ നിലവിൽ വന്നു. യുദ്ധ ചിന്തകളില്ലാതെ മതപ്രചരണത്തിലും സാമുഹിക സംസ്കരണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം.
ദീൻ പ്രചരിപ്പിക്കാനും, ഇബാദത്തെടുക്കാനും കൂടുതൽ സമയം കിട്ടും. ഇതൊക്കെ സന്ധിയുടെ നേട്ടങ്ങളാണ്. ദൂതന്മാരായി വന്നവർക്കൊക്കെ മുസ്ലിംകളെ കുറിച്ചു നല്ല മതിപ്പാണ്.
ഇസ്ലാമിനെ കുറിച്ചു കൂടുതൽ പഠിക്കാൻ അവരൊക്കെ ശ്രമിക്കും. വമ്പിച്ച നേട്ടങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
ഫത്ഹുൽ മുബീൻ. വ്യക്തമായ വിജയം...
Part
: 172
കരാറിലെ പൊല്ലാപ്പ്
അബൂജൻദലിനെ ഖുറയ്ശികൾ ഒരു മുറിയിലിട്ടു പൂട്ടി. കാവൽക്കാരെയും നിറുത്തി.
അബൂജൻദൽ കാവൽക്കാരോടു സംസാരിക്കാൻ തുടങ്ങി.
“അല്ലാഹു ﷻ ഏകനാകുന്നു. അവനു പങ്കുകാരില്ല. ബഹുദൈവാരാധന ഭയങ്കര കുറ്റമാണ്. ബിംബങ്ങൾ വെറും കല്ലുകളാണ്. അവക്ക് ഉപദ്രവം ചെയ്യാനാവില്ല. ഉപകാരവും ചെയ്യാനാവില്ല. മനുഷ്യകരങ്ങൾ രൂപം നൽകിയ കല്ലുകൾ.''
മുഹമ്മദ് (ﷺ) അല്ലാഹുﷻവിന്റെ റസൂലാകുന്നു. ഇപ്പറഞ്ഞതിനൊക്കെ നീ സാക്ഷ്യം വഹിക്കണം. എന്നാൽ നിനക്കു പരലോക വിജയമുണ്ട്. എന്താ, നീ സാക്ഷ്യം വഹിക്കില്ലേ..?”
കുറെ ദിവസം തുടർച്ചയായി ഇതു കേൾക്കുന്നു. അപ്പോൾ
കാവൽക്കാരനു തോന്നി. ഇയാൾ പറയുന്നതു ശരിയല്ലേ? ബിംബങ്ങൾ കല്ലുകളല്ലേ? അബൂജൻദൽ ഉപദേശം തുടർന്നു...
ഒരു ദിവസം കാവൽക്കാരൻ പറഞ്ഞു: “അല്ലാഹു ﷻ ഏകനാകുന്നു. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. മുഹമ്മദ് (ﷺ) അവന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു..!”
അബൂജൻദലിനു വലിയ സന്തോഷം. തന്റെ ശ്രമഫലമായി ഒരാൾ ഇസ്ലാം മതം സ്വീകരിച്ചല്ലോ. കാവൽക്കാരൻ ഒരു കൂട്ടുകാരനെ കൊണ്ടുവന്നു. അബൂജൻദൽ ഇസ്ലാമിനെ കുറിച്ച് അയാളോടു സംസാരിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അദ്ദേഹവും മുസ്ലിമായി...
അദ്ദേഹം മറ്റൊരാളെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ ആവേശത്തോടെ സംസാരിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അദ്ദേഹവും മുസ്ലിമായി. അവരെല്ലാം ചേർന്നു കുറെ കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു. അബൂജൻദൽ സ്നേഹപൂർവ്വം സംസാരിച്ചു. അവരെയെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു. അവരൊക്കെ മുസ്ലിംകളായി...
ഖുറയ്ശികൾ കഥയൊന്നുമറിഞ്ഞില്ല.
അബൂജൻദൽ അവരോടു പറഞ്ഞു: “ഖുറയ്ശികൾ അറിയാതെ രഹസ്യമായി നിങ്ങൾ ആളുകളെ ഇസ്ലാമിലേക്കു ക്ഷണിക്കണം. അല്ലാഹു ﷻ നിങ്ങളുടെ ശ്രമം വിജയിപ്പിക്കും.” അവർക്കു വലിയ ആവേശമായി.
അവർ തങ്ങളുടെ കൂട്ടുകാരോടും പരിചയക്കാരോടും ഇസ്ലാം മതത്തെക്കുറിച്ചു സംസാരിച്ചു. പലർക്കും വിശ്വാസമുണ്ടായി. അവർ സത്യസാക്ഷ്യം വഹിച്ചു.
ഖുറയ്ശികൾ വിവരമറിഞ്ഞു. അബൂജൻദലിന്റെ ശ്രമഫലമായി നിരവധിയാളുകൾ മുസ്ലിമായിരിക്കുന്നു..!
അവനെ മക്കയിൽ തന്നെ നിറുത്തിയതു വലിയ അബദ്ധമായെന്ന് അവർക്കു തോന്നി. മദീനത്തേക്കു വിട്ടാൽ മതിയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചവരെ മക്കയിൽ നിറുത്തുന്നതു വലിയ അബദ്ധം തന്നെയാണ്. അവൻ കാരണം മറ്റു പലരും മുസ്ലിമായിത്തീരും. വലിയ ശല്യം തന്നെ...
Part : 173
അബൂ ബസ്വീർ(റ). ഹുദയ്ബിയ്യ സന്ധിക്കു ശേഷം ഇസ്ലാംമതം സ്വീകരിച്ചു മദീനയിൽ വന്ന മക്കക്കാരൻ.
ബന്ധുക്കൾ മദീനയിലെത്തി. പ്രവാചകനെ (ﷺ) സമീപിച്ചു.
അബൂബസ്വീറിനെ തങ്ങളുടെകൂടെ വിട്ടയയ്ക്കണമെന്ന് അപേക്ഷിച്ചു. “ഇവരെന്നെ അടിച്ചുകൊല്ലും. അല്ലാഹുവിന്റെ പ്രവാചകരേ, എന്നെ അവരുടെ കൂടെ അയക്കരുതേ..!”
“സന്ധി വ്യവസ്ഥയനുസരിച്ച് ഇവനെ വിട്ടുതരണം.” അബൂ ബസ്വീറിനെ കൊണ്ടുവരാൻ വന്ന രണ്ടുപേരും വാദിച്ചു...
പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “അബൂബസീർ, ഞങ്ങളും ഖുറയ്ശികളും തമ്മിൽ ഒരു കരാറുണ്ട്. മക്കയിൽ നിന്ന് ഇസ്ലാംമതം വിശ്വസിച്ചു മദീനയിൽ
വരുന്നവരെ അങ്ങോട്ടു മടക്കി അയയ്ക്കാമെന്നാണു കരാർ. നീ ഇവരുടെ കൂടെ മക്കയിലേക്കു പോകണം.”
“അല്ലാഹുവിന്റെ റസൂലേ, ക്രൂരമായി മർദിക്കാൻ വേണ്ടി എന്നെ ഇവർക്കു വിട്ടുകൊടുക്കുകയാണോ..?”
“അബൂബസ്വീർ ക്ഷമിക്കൂ. അൽപകാലംകൂടി ക്ഷമിക്കൂ... മക്കയിൽ നിങ്ങളെപ്പോലെ പ്രയാസമനുഭവിക്കുന്ന പലരുമുണ്ട്.അല്ലാഹു ﷻ നിങ്ങൾക്കൊരു മാർഗം തുറന്നുതരും. അതുവരെ കാത്തിരിക്കുക, ക്ഷമിക്കുക.”
അബൂബസ്വീർ നബിﷺതങ്ങളുടെ വാക്കുകൾ കേട്ടു. അവരോടൊപ്പം പോയി. കടുത്ത ദുഃഖത്തോടെ. മക്കയിലെത്തിയാൽ തന്റെ അവസ്ഥയെന്താണ്..? എന്തുമാത്രം മർദനം സഹിക്കണം..!!
മർദനത്തിന്റെ കാഠിന്യത്താൽ വിശ്വാസം ഇളകിപ്പോകുമോ..?!
മനസിൽ രോഷം അരിച്ചു കയറി. പിന്നെന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. തന്റെ കൂടെയുള്ള രണ്ടുപേരിൽ ഒരാളുടെ മേൽ ചാടിവീണു. അയാളുടെ വാൾ കൈവശപ്പെടുത്തി.
ഒരൊറ്റ വെട്ട്. അയാളുടെ കഥ കഴിഞ്ഞു. രണ്ടാമൻ ജീവനും കൊണ്ടോടി.
അബൂബസ്വീർ വീണ്ടും മദീനയിലേക്കു തിരിച്ചു. മെല്ലെ മെല്ലെ പ്രവാചകരുടെ (ﷺ) സന്നിധിയിലെത്തി.
“അബൂബസ്വീർ, നിനക്കെന്തു പറ്റി, നിന്നെ ഞാൻ മക്കയിലേക്കയച്ചതായിരുന്നുവല്ലോ?”
“അല്ലാഹുവിന്റെ റസൂലേ, അങ്ങു വാക്കു പാലിച്ചു. എന്നെ മക്കയിലേക്കയച്ചു. ഞാൻ ആത്മരക്ഷക്കുവേണ്ടി ഓടിപ്പോന്നു.”
“പക്ഷേ, നീ ഇവിടെ നിന്നാൽ പറ്റില്ല.”
“ഞാൻ എവിടെയെങ്കിലും പോയ്ക്കൊള്ളാം.”
അബൂബസ്വീർ മദീന വിട്ടുപോയി. ശാമിലേക്കുള്ള പാതയുടെ സമീപം ഈസ് എന്ന സ്ഥലത്തു ചെന്നു താമസമാക്കി. ഇസ്ലാം മതം സ്വീകരിച്ച കാരണത്തിൽ മർദിക്കപ്പെടുന്ന ചിലർ അബുബസ്വീറിന്റെ കഥ കേട്ടു. അവർക്കു വലിയ ആവേശമായി. ചിലർ തടവിൽ നിന്നു കയർ പൊട്ടിച്ചോടി.
ചിലരെ വഴിയിൽ പിടികൂടി. മറ്റു ചിലർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർ അബൂബസ്വീറിന്റെ സമീപത്തെത്തി. അങ്ങനെ ഒരു കൂട്ടമായി. ദിവസങ്ങൾ കഴിയുന്തോറും ആ കൂട്ടം വലുതായി. ശക്തമായ ഇസ്ലാമിക പ്രവർത്തനം.
അബൂജൻദൽ(റ) ഈ വിവരമറിഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. അബൂജൻദലും പാർട്ടിയും മക്കയിൽ നിന്ന് ഓട്ടമായിരുന്നു...
അവർ അബൂബസ്വീറിന്റെ ക്യാമ്പിലെത്തി. അബൂജൻദൽ(റ)കൂടി എത്തിയതോടെ അവർ വലിയൊരു ശക്തിയായി മാറി. ഖുറയ്ശികളോട് ഒരു കൈ നോക്കാമെന്ന നില വന്നു. ഖുറയ്ശികളുടെ ഖാഫില ഇതുവഴി വരട്ടെ. കാണിച്ചുകൊടുക്കാം. കച്ചവടസംഘം അതുവഴിയാണു ശാമിലേക്കു പോകുക...
സീസൺ എത്തിക്കഴിഞ്ഞു. കച്ചവടസംഘം അതുവഴി വന്നു. അബൂ ബസ്വീറിന്റെ സംഘം അവരെ ആക്രമിച്ചു. ഹുദയ്ബിയ്യാ സന്ധിയനുസരിച്ച് ആക്രമണം പാടില്ല. പക്ഷേ, ഇക്കൂട്ടർക്ക് എന്തു സന്ധി, സന്ധിയും ഇവരും തമ്മിൽ എന്തുബന്ധം..!!
ഇവരെ മക്കയിൽ തടഞ്ഞതാണു തെറ്റ്. ഇവർ മദീനയിൽ താമസിച്ചിരുന്നെങ്കിൽ സന്ധിക്കെതിരിൽ നീങ്ങുമായിരുന്നില്ല. സന്ധി വ്യവസ്ഥയിൽ നിന്ന് ഈ നിബന്ധന നീക്കണം. ഒരു ദൗത്യസംഘത്തെ മദീനയിലേക്കയയ്ക്കണം.
“മക്കയിൽ നിന്ന് ആരെങ്കിലും ഇസ്ലാം മതം സ്വീകരിച്ചു മദീനയിൽ വന്നാൽ അവരെ തിരിച്ചയയ്ക്കാൻ പാടില്ല. അവരെ മദീനയിൽ തന്നെ നിറുത്തണം.” ഈ ആവശ്യവുമായി ഖുറയ്ശികൾ പ്രവാചകനെ (ﷺ) സമീപിച്ചു. പ്രവാചകൻ ﷺ അതു സ്വീകരിച്ചു.
ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ മക്കയിൽ കിടന്നു കഷ്ടപ്പെടുന്ന മുഴുവൻ പേരെയും മദീനയിലേക്കയയ്ക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു.
ഖുറയ്ശികൾ സന്തോഷത്തോടെ അവരെ അയച്ചു. മുസ്ലിംകളാവട്ടെ വലിയ ആഹ്ലാദത്തോടെ പ്രവാചക (ﷺ) സന്നിധിയിലേക്കുകുതിച്ചു...
സ്വഹാബത്തിനു വലിയ അതിശയം തോന്നി. ഹുദയ്ബിയ്യ സന്ധി ഒരു വൻവിജയം തന്നെ. അവർക്കു ബോധ്യമായി. അബൂജൻദൽ(റ), അബൂബസ്വീർ(റ) എന്നിവരെ കാണുമ്പോൾ സ്വഹാബികളുടെ അതിശയം വർധിക്കും...
അല്ലാഹുﷻവിനു സ്തുതി, അൽഹംദുലില്ലാഹ്.
Part : 174
ഒരു പുലിയുടെ കഥ
ഒരു സ്വഹാബിവര്യന്റെ അത്ഭുതകരമായ കഥ പറഞ്ഞു തരാം...
സ്വഹാബിയുടെ പേര് സഫീന(റ). നബിﷺതങ്ങളുമായി അടുത്ത ബന്ധമുള്ള സ്വഹാബിയാണ്.
നേരത്തെ അടിമയായിരുന്നു. യജമാനനുവേണ്ടി പാടുപെട്ടു പണിയെടുത്തു. ഒരുപാടു കഷ്ടപ്പെട്ടു. ഒടുവിൽ നബിﷺതങ്ങൾ ആ അടിമയെ വിലയ്ക്കു വാങ്ങി മോചിപ്പിച്ചു.
നബിﷺതങ്ങളുടെ കരങ്ങളാൽ മോചിതനായ അടിമ.
അതു വലിയൊരു ബഹുമതി തന്നെയായിരുന്നു...
ഒരിക്കൽ സഫീന(റ) ഒരു തോണിയിൽ സഞ്ചരിക്കാനിടയായി. കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ തോണി അതിവേഗം നീങ്ങി. എവിടെയോ തട്ടിക്കാണണം. തോണി പൊളിഞ്ഞു. അകത്തു വെള്ളം കയറി. പലകകൾ പലവഴി ഒഴുകി.
സഫീന(റ) ഒരു പലകയിൽ പറ്റിപ്പിടിച്ചു കിടന്നു. കൈകൊണ്ടു തുഴഞ്ഞുകൊണ്ടിരുന്നു. വെള്ളത്തിൽ കിടന്നൊരു ജീവന്മരണ പോരാട്ടം. എങ്ങനെയോ കരക്കണഞ്ഞു. അതൊരു വിജന പ്രദേശമായിരുന്നു. ഒരു മനുഷ്യനെ പ്പോലും കാണാനില്ല. എന്തൊരു ഭീകരത..!
പെട്ടെന്നൊരു മുരൾച്ച കേട്ടു ഞെട്ടിപ്പോയി. തിരിഞ്ഞുനോക്കി, ഒരു പുലി..! അതു തന്റെ നേർക്കു നടന്നുവരികയാണ്. വിശന്നു വലഞ്ഞു വരികയായിരിക്കും. തന്നെയിപ്പോൾ കൊന്നു തിന്നും. സഫീന(റ) ഭീതി നിറഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞാൻ നബിﷺതങ്ങളാൽ മോചിപ്പിക്കപ്പെട്ട അടിമയാണു പുലിയേ..”
നബിﷺതങ്ങളുടെ പേരു കേട്ടപ്പോൾ പുലി നിന്നു. ക്രമേണ അതിന്റെ മട്ടു മാറി. അതു വളരെ അനുസരണ കാണിച്ചു. വാലു താഴ്ത്തി അടുത്തു വന്നു നിന്നു. കൽപന അനുസരിക്കാൻ നിൽക്കുന്ന അടിമയെപ്പോലെ..!
പിന്നെ എന്തോ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു നടന്നു.
സ്വഹാബിവര്യൻ പുലിയുടെ പിന്നാലെ നടന്നു. അങ്ങനെ പുലി അദ്ദേഹത്തിനു വഴികാട്ടിയായി. നടന്നു നടന്ന് അവർ ജനസഞ്ചാരമുള്ള വഴിയിലെത്തി.
സഫീന(റ) പുലിയെ നോക്കി...
ഒരു സൽക്കർമം ചെയ്ത സന്തോഷമായിരുന്നു അതിന്. ആ കണ്ണുകൾ സന്തോഷംകൊണ്ടു നനഞ്ഞു. സഫീന(റ)വിന്റെ നയനങ്ങളും നിറഞ്ഞൊഴുകി. പുലി തിരിഞ്ഞു നടന്നു. സ്വഹാബിവര്യൻ ആ പോക്കു നോക്കിനിന്നു.
ഹിറാ പ്രദേശം. അവിടെ ഒരു കൂട്ടം ആടുകൾ മേഞ്ഞു നടക്കുന്നു. ആട്ടിടയൻ അകലെ വിശ്രമിക്കുന്നു. പെട്ടെന്നാണതു കണ്ടത്. ഒരു ചെന്നായ നടന്നുവരുന്നു..!
ആടിനെ പിടിക്കാൻ വരികയാണ്. ആട്ടിടയൻ ചാടിയെണീറ്റു...
അപ്പോൾ ചെന്നായ ഇങ്ങനെ പറഞ്ഞു: “നീ അല്ലാഹുﷻവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു ﷻ എനിക്കു നിശ്ചയിച്ച ഭക്ഷണമാണ് ഈ ആട്. ഞാനതിനെ പിടിക്കാൻ വന്നു. നീ എന്നെ തടയുകയാണോ..?”
ആട്ടിടയൻ ഞെട്ടിപ്പോയി. ഒരു ചെന്നായ സംസാരിക്കുന്നു. ഇതെന്ത് അതിശയം..!
ആട്ടിടയന്റെ അതിശയം കണ്ട ചെന്നായ വീണ്ടും സംസാരിച്ചു: “ഇതിലെന്ത് അതിശയം..? ഇതിനേക്കാൾ വലിയ അത്ഭുതം ഞാൻ പറഞ്ഞുതരാം.”
“അതെന്താണ്..?” - ഇടയൻ ചോദിച്ചു.
“കുന്നുകൾക്കു നടുവിലുള്ള പട്ടണത്തിൽ വച്ചു പുണ്യ പ്രവാചകൻ ﷺ പൂർവകാല സമുദായങ്ങളുടെ ചരിത്രം ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നു. എന്തൊരതിശയം. എഴുത്തും വായനയും അറിയാത്ത പ്രവാചകൻ ﷺ സഹസ്രാബ്ദങ്ങൾക്കു മുമ്പു ജീവിച്ച സമുദായങ്ങളുടെ ചരിത്രം വിവരിക്കുന്നു. എന്നിട്ടും ആ ജനത വിശ്വസിക്കുന്നില്ല. അതല്ലേ ഇതിനെക്കാൾ വലിയ അത്ഭുതം..?!”
ആട്ടിടയൻ അമ്പരന്നുപോയി.
ചെന്നായ പറഞ്ഞതു സത്യമാണോ എന്നറിയണം. ആട്ടിടയൻ നിശ്ചയിച്ചു. അടുത്ത ദിവസം തന്നെ മദീനയിലേക്കു പുറപ്പെട്ടു...
നബിﷺതങ്ങളെ കണ്ടു. ചെന്നായയുടെ കഥ പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “കാട്ടുമൃഗങ്ങൾ മനുഷ്യരോടു സംസാരിക്കും. ലോകാവസാനം വരുമ്പോൾ കാട്ടുമൃഗങ്ങൾ സംസാരിക്കും. അന്നു മനുഷ്യൻ കാലിൽ ധരിച്ച ചെരുപ്പിന്റെ വാറും സംസാരിക്കും. ചാട്ടവാറിന്റെ അറ്റവും സംസാരിക്കും...”
ലോകാവസാനത്തിന്റെ ലക്ഷണമാണ് അവയെല്ലാം. ആട്ടിടയൻ പ്രവാചക സന്നിധിയിൽ വച്ചു പലതും കേട്ടു പഠിച്ചു...
Part : 175
നബി ﷺ തങ്ങളുടെ പായ
നബി ﷺ ഒരു പായയിൽ കിടക്കുന്നു. ഒരു പരുക്കൻ പായ.
ഒരു മിനുസവുമില്ല. ലോകാനുഗ്രഹിയായ പ്രവാചകൻ ﷺ അതിൽ കിടന്നുറങ്ങി. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റു. ശരീരത്തിൽ പായയുടെ അടയാളം. കണ്ടുനിന്ന സ്വഹാബികൾക്കു ദുഃഖം. ഈ പരുക്കൻ പായയിൽ കിടന്നുറങ്ങിയല്ലോ...
സ്വഹാബികൾ നബിﷺതങ്ങളോട് ഇങ്ങനെ ചോദിച്ചു: “അങ്ങ് എന്തിനാണ് ഇങ്ങനെ വിഷമങ്ങൾ സഹിക്കുന്നത്? അങ്ങ് അനുവദിക്കുമെങ്കിൽ ഞങ്ങൾ നല്ല കിടക്ക തയ്യാറാക്കിത്തരാം .”
“വേണ്ട, വേണ്ട” നബി ﷺ അവരെ തടഞ്ഞു.
എന്നിട്ടിങ്ങനെ കൂട്ടിച്ചേർത്തു. “ദുനിയാവിലെ സുഖങ്ങൾ..! എനിക്കതിൽ താൽപര്യമില്ല. ഞാൻ ദുനിയാവിൽ ഒരു യാത്രക്കാരൻ..! യാത്രയ്ക്കിടയിൽ മരത്തണലിൽ കുറച്ചു വിശ്രമിക്കും. പിന്നെ യാത്ര തുടരും. മരത്തണലിലെ വിശ്രമം മാത്രമാണ് ഈ ദുനിയാവിലെ താമസം.” സ്വഹാബികൾക്കു മറുപടിയില്ല.
ഐഹിക ജീവിതത്തിന്റെ അവസ്ഥയാണ് ഇപ്പറഞ്ഞത്. ഒരു യാത്രക്കാരന്റെ അവസ്ഥ.
ഒരിക്കൽ നബിﷺതങ്ങൾ തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു. അതിനിടയിൽ ഇങ്ങനെ പറഞ്ഞു: “ഈ ലോകത്തു നിങ്ങൾ ഒരു യാത്രക്കാരനെപ്പോലെ കഴിയുക. അല്ലെങ്കിൽ ഒരു വിദേശിയെപ്പോലെ ആവുക.”
യാത്രക്കാരൻ അൽപ സമയം മാത്രമേ ഒരിടത്തു തങ്ങുകയുള്ളൂ. ഒരു രാത്രി തങ്ങിയേക്കാം. വീണ്ടും യാത്രയാണ്. വിദേശി വന്നാൽ കുറച്ചു നേരമോ ഏതാനും ദിവസങ്ങളോ താമസിക്കും.പിന്നെ തിരിച്ചുപോകും.
പരലോകത്തേക്കുള്ള യാത്രയ്ക്കിടയിൽ അൽപനേരം വിശ്രമിക്കാനുള്ള ഒരു കേന്ദ്രം മാത്രമാണ് ഈ ലോകം.
ഇവിടെ ശാശ്വതമായി ജീവിക്കാൻ തീരുമാനിച്ചതുപോലെയാണു ചിലരുടെ പെരുമാറ്റം. അവർ ദുനിയാവിനെ ഗാഢമായി സ്നേഹിക്കുന്നു. ഒരു സത്യവിശ്വാസി അങ്ങനെയാകാൻ പറ്റില്ല.
Post a Comment