മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 9 | Prophet Muhammed (s) History in Malayalam 9

മുഹമ്മദ് നബി (സ്വ) ചരിത്രം ഭാഗം 9 | Prophet Muhammed (s) History in Malayalam 9

മുഹമ്മദ് നബി (സ്വ) ചരിത്രം 

ഭാഗം 9

 Part : 200

കാരുണ്യത്തിന്റെ പ്രവാചകൻ


നബിﷺതങ്ങൾ സംസാരിക്കുന്നു.


സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. ആത്മീയ പ്രകാശം പരത്തുന്ന ഗഹനമായ പ്രഭാഷണം. എല്ലാവരും സദസ്സിൽ ഇരുന്നു ശ്രദ്ധയോടെ ഓരോ വാക്കും കേൾക്കുന്നു. ഉൾക്കൊള്ളുന്നു. ഒരാൾ മാത്രം നിൽക്കുന്നു. അതും വെയിലത്ത്...


നബി ﷺ അദ്ദേഹത്തെ ശ്രദ്ധിച്ചു. വളരെ നേരമായിട്ടും ഇരിക്കുന്നില്ല. ഇതെന്തുപറ്റി..!


നബിﷺതങ്ങൾ സദസ്യരോടു ചോദിച്ചു: “അദ്ദേഹം എന്താണ് ഇരിക്കാത്തത്..?”


അവർ ഇങ്ങനെ മറുപടി നൽകി: “അദ്ദേഹം നേർച്ചയാക്കിയിരിക്കുകയാണ്. വെയിലത്തു നിൽക്കുക, തണലിൽ നിൽക്കാതിരിക്കുക. സംസാരിക്കാതിരിക്കുക, നോമ്പെടുക്കുക. ഇതൊക്കെയാണു നേർച്ച.”


നബി ﷺ സ്വഹാബികളോട് ഇങ്ങനെ ആവശ്യപ്പെട്ടു: “അദ്ദേഹത്തോട് ഇരിക്കാൻ പറയൂ, സംസാരിക്കാൻ പറയൂ, തണലിൽ വിശ്രമിക്കാൻ പറയൂ, നോമ്പ് പൂർത്തിയാക്കാനും പറയൂ...”


സ്വഹാബികൾക്ക് ആ നിർദേശം വലിയ പാഠമാണു നൽകിയത്. നേർച്ചയാക്കിയ ആൾക്കും ഗുണപാഠം സിദ്ധിച്ചു.


വെയിലിൽ നിന്നു മാറി നിൽക്കാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു. ഒരേ നിൽപു നിന്നു കാലുകളെ വിഷമിപ്പിക്കരുത്. ഇരിക്കണം. ശരീരത്തിന് ആശ്വാസം നൽകണം. നോമ്പ് പിടിക്കണം. അതു പൂർത്തിയാക്കാനാണു പ്രവാചകൻ ﷺ പറഞ്ഞത്.


പ്രവാചകൻ ﷺ അദ്ദേഹത്തിനു നൽകിയ കാരുണ്യമായിരുന്നു ആ നിർദേശങ്ങൾ.



Part : 201


അള്ബാഅ് എന്ന ഒട്ടകം


നബിﷺയുടെ ഒട്ടകത്തിന്റെ പേരാണിത് - അള്ബാഅ്. 


സ്വഹാബികൾക്കൊക്കെ ആ ഒട്ടകത്തോട് എന്തൊരു സ്നേഹം..!


അതിനു തീറ്റ കൊടുക്കും. വെള്ളം കൊടുക്കും. തലോടും. അള്ബാഇനെ വെല്ലാൻ മറ്റൊരു ഒട്ടകമില്ല. മത്സരിച്ച് ഓടിയാൽ അള്ബാഅ് മുമ്പിലെത്തും. എപ്പോഴും വിജയം അള്ബാഇന്റെ കൂടെത്തന്നെ. അതുകണ്ടു സ്വഹാബികൾ മനസ്സു നിറയെ സന്തോഷിക്കും...


ഒരിക്കൽ ഒരു സംഭവമുണ്ടായി. ഒരു ഗ്രാമീണന്റെ ഒട്ടകം വന്നു. നല്ല കരുത്തുള്ള ഒട്ടകം. ആ ഒട്ടകവും അള്ബാഉം തമ്മിൽ മത്സരിച്ചു. അള്ബാഅ് തോറ്റുപോയി..! ഗ്രാമീണന്റെ ഒട്ടകം വിജയിച്ചു. ഇതെങ്ങനെ സഹിക്കും..?


സ്വഹാബികൾ കടുത്ത ദുഃഖത്തിലമർന്നു. അവരുടെ ദുഖം നബിﷺതങ്ങൾ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു:


“നിങ്ങളെന്തിനാണു ദുഃഖിക്കുന്നത്? ദുഃഖിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹുﷻവിന്റെ നിയമ വ്യവസ്ഥ നിങ്ങൾക്കറിയില്ലേ..? ദുനിയാവിൽ ഉയർന്നു നിൽക്കുന്നവരെ താഴ്ത്തിവയ്ക്കുകയെന്നത് അല്ലാഹുﷻവിന്റെ നിയമമാകുന്നു.”


ഈ വചനം സ്വഹാബികൾക്കു വലിയൊരു പാഠം തന്നെയാണു നൽകിയത്. ദുനിയാവിന്റെ അവസ്ഥ -


ഇവിടെ ചിലർ ഉയരുന്നു. പ്രസിദ്ധരാകുന്നു. കുറെക്കാലം കഴിയുമ്പോൾ അവർ താഴുന്നു. പ്രസിദ്ധി നഷ്ടപ്പെടുന്നു. 


മറ്റു ചിലർ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുന്നു. വളരെ വിനയത്തോടും അച്ചടക്കത്തോടും കൂടി അവർ ജീവിക്കുന്നു. അവരിൽ ചിലരെ അല്ലാഹു ﷻ ഉയർത്തുന്നു.


അല്ലാഹു ﷻ ചിലർക്കു ധനം നൽകുന്നു. ജനം അവരെ ധനികരെന്നു വിളിക്കുന്നു. പിന്നെ അല്ലാഹു ﷻ അവരിൽ നിന്നു ധനം എടുത്തുമാറ്റുന്നു. മറ്റു ചിലരെ ധനികരാക്കുന്നു. ധനികൻ ദരിദ്രനായി മാറും. ദരിദ്രൻ ധനികനായി മാറും. ഉയർന്നവൻ താഴും. താഴ്ന്നവൻ ഉയരും. അതാണു ദുനിയാവിന്റെ അവസ്ഥ.



Part : 202


വിരുന്നുകാരൻ


“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ വിരുന്നുകാരെ ആദരിക്കട്ടെ.” ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്.


വിരുന്നുകാരോടു മാന്യമായി പെരുമാറണമെന്നും സൽക്കരിക്കണമെന്നും നബിﷺതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ

വീട്ടിലേക്കു വിരുന്നുകാർ കടന്നുവരുന്നതു നമുക്കനുഗ്രഹമാണ്.


വിരുന്നുകാരൻ കടന്നുവരുന്നത് അനുഗ്രഹങ്ങളുമായിട്ടാണ്. വീട്ടിന്റെ മുറ്റത്തെത്തുമ്പോൾ തന്നെ അദ്ദേഹം സലാം. ചൊല്ലുന്നു.


അസ്സലാമു അലയ്ക്കും.


അല്ലാഹുﷻവിന്റെ രക്ഷ നിങ്ങളുടെ മേൽ ഉണ്ടാകട്ടെ. അല്ലാഹുﷻവിൽ നിന്നുള്ള രക്ഷ നമുക്കു ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം സലാം ചൊല്ലുന്നത്. അതുതന്നെ നമുക്കനുഗ്രഹമല്ലേ..?


അദ്ദേഹത്തിന്റെ മുഖത്തു നോക്കി നാം പുഞ്ചിരി തൂകിയാൽ അതു നന്മയാണ്. സ്നേഹപൂർവമായ സംഭാഷണവും നന്മയാകുന്നു.


വിരുന്നുകാരനും നാമും തമ്മിലുള്ള സ്നേഹബന്ധം അല്ലാഹുﷻവിന്റെ പൊരുത്തത്തിലായിരിക്കണം. അല്ലാഹുﷻവിനുവേണ്ടി സ്നേഹിക്കുക.

പരലോകത്തു വമ്പിച്ച പ്രതിഫലം ലഭിക്കുന്ന കാര്യമാണത്.


ഇസ്ലാം ആതിഥ്യ മര്യാദകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഒരു നബിവചനം ശ്രദ്ധിക്കൂ... “വിരുന്ന് മൂന്നു ദിവസമാകുന്നു. അതിന്റെ പ്രധാന സമയം ഒരു പകലും ഒരു രാത്രിയുമാകുന്നു.”


മൂന്നു ദിവസം വരെ വിരുന്നുകാരെ സൽക്കരിക്കണമെന്നാണ് ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നത്. ഒരു പകലും രാത്രിയും അതിന്റെ പ്രധാനപ്പെട്ട സമയമാകുന്നു. ഒരു ദിവസം അവരെ പരിചരിക്കുക. എന്നാലും നമുക്കു പുണ്യം ലഭിക്കും.


വിരുന്നുകാരെ ബുദ്ധിമുട്ടിക്കരുത്.


അതു ഭക്ഷണം നൽകുന്ന കാര്യത്തിലായാലും ശരി. ചിലർ കണ്ടമാനം ഭക്ഷണമുണ്ടാക്കും. വിരുന്നുകാരനെ നിർബന്ധിച്ചു കഴിപ്പിക്കും. അതു നല്ല നടപടിയല്ല.


വിരുന്നുകാരൻ ഇഷ്ടപ്പെടുന്ന ആഹാരം കൊടുക്കണം. അദ്ദേഹത്തിന്റെ ആവശ്യംപോലെ കഴിക്കട്ടെ.


ഉറങ്ങാൻ സൗകര്യം ചെയ്തു കൊടുക്കണം. സംഭാഷണം വളരെ സ്നേഹപൂർവമായിരിക്കണം. ആഹാരത്തിനിരിക്കുമ്പോൾ നാം വിരുന്നുകാരനെ ഒറ്റപ്പെടുത്തിക്കളയരുത്. നാം അദ്ദേഹത്തിന്റെ കൂടെ ഇരിക്കണം.


ബുദ്ധിമുട്ടിക്കാത്തവിധം ആഹാരം വിളമ്പിക്കൊടുക്കുന്നതും നല്ലതാണ്. അദ്ദേഹം ഭക്ഷിക്കുന്ന ഓരോ ഉരുള ചോറിനും നമുക്കു പ്രതിഫലമുണ്ട്. നമ്മുടെ ആഹാരത്തിൽ അല്ലാഹു ﷻ ഏറെ ബറകത്തു ചൊരിഞ്ഞു തരികയും ചെയ്യും.


വിരുന്നുകാരൻ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. വിരുന്നുകാരനെ യാത്ര അയയ്ക്കുന്നതും വളരെ ശ്രദ്ധാപൂർവം വേണം. വിരുന്നു വന്നതിലും സൽക്കരിക്കാൻ കഴിഞ്ഞതിലും നമുക്കു സന്തോഷമുണ്ടെന്നു വിരുന്നു കാരനു തോന്നണം.


വീണ്ടും വരാൻ പറയുക. ദുആ ചെയ്യാൻ ആവശ്യപ്പെടുക - ദുആകൊണ്ടു വസ്വിയ്യത്ത്.


വിരുന്നുകാരൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ നാമും കൂടെ ഇറങ്ങണം. ഗെയ്റ്റുവരെ അദ്ദേഹത്തെ അനുഗമിക്കണം.


നബിﷺതങ്ങൾ പറയുന്നു:  “വിരുന്നുകാരന്റെ കൂടെ വീട്ടുപടിക്കൽ വരെ പോകുന്നത് നല്ല ചര്യയാകുന്നു.”


വിരുന്നുകാരനെ യാത്ര അയയ്ക്കാൻ ഗെയ്റ്റുവരെ പോയാൽ നാം ഒരു സുന്നത്ത് പ്രവർത്തിച്ചു. വിരുന്നുകാരൻ വന്നതു മുതൽ യാത്ര പറയുന്നതുവരെ നാം എത്രയോ സുന്നത്തുകൾ പ്രവർത്തിക്കുന്നു.


അതിനെല്ലാം അല്ലാഹു ﷻ നമുക്കു പ്രതിഫലം തരുന്നു. വിരുന്നുകാരൻ അളവറ്റ അനുഗ്രഹങ്ങളുമായിട്ടാണു വരുന്നതെന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലായല്ലോ..?


നബിﷺതങ്ങൾ ഏറ്റവും നല്ല ആതിഥേയനായിരുന്നു.



Part : 203


നല്ല അയൽക്കാർ


“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ അയൽവാസികൾക്കു ഗുണം ചെയ്യട്ടെ.”


ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്. എത്ര ഗൗരവമുള്ള ആശയമാണ് ഈ നബിവചനം ഉൾക്കൊള്ളുന്നത്.


അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവരാണു മുസ്ലിംകൾ. സൃഷ്ടാവായ അല്ലാഹുﷻവാണു മനുഷ്യനു സുഖവും ദുഃഖവുമെല്ലാം നൽകുന്നത്.


അവൻ ഗുണം ചെയ്യാൻ തീരുമാനിച്ചാൽ ഒരു ശക്തിക്കും അതു തട്ടിക്കളയാനാവില്ല. അവൻ നാശം വിതയ്ക്കാൻ തീരുമാനിച്ചാൽ അതു നീക്കിക്കളയാനും ആർക്കുമാവില്ല.


അല്ലാഹുﷻവിൽ ജീവിതവും മരണവും അർപ്പിക്കുക. എല്ലാ കർമങ്ങൾക്കും പ്രതിഫലം ലഭിക്കുന്നതു പരലോകത്തു വച്ചാണ്. അവിടത്തെ വിജയമാണു യഥാർത്ഥ വിജയം. ആ വിജയമാണു സത്യവിശ്വാസിയുടെ ലക്ഷ്യം തന്നെ.


സത്യവിശ്വാസി എന്നു പറഞ്ഞതുകൊണ്ടായില്ല. സത്യവിശ്വാസിയുടെ ലക്ഷണം കാണണം. അല്ലാഹുﷻവിലും അന്ത്യനാളിലുമുള്ള വിശ്വാസം ശരിയായ രീതിയിൽ ആയിട്ടുണ്ടോ? എങ്കിൽഅതിന്റെ അടയാളം കാണണം. എന്താണ് അടയാളം?


അയൽക്കാർക്കു ഗുണം ചെയ്യുക. അയൽക്കാർക്കു ഗുണം ചെയ്യാത്തവന്റെ കാര്യം അതീവ ഗുരുതരം.


അയൽക്കാരൻ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവനെ സഹായിക്കാത്തവന്റെ വിശ്വാസം എങ്ങനെ ശരിയാകും?


നബിﷺതങ്ങൾ തന്റെ സമുദായത്തെ ഇങ്ങനെ ഉപദേശിച്ചു. “തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ സത്യവിശ്വാസിയല്ല.”


അയൽക്കാരൻ പട്ടിണിയിലാണെങ്കിൽ നാം ഭക്ഷണം കൊടുക്കണം. അവന്റെ വിശപ്പടക്കണം. അതു സത്യവിശ്വാസിയുടെ ഈമാൻ വർധിപ്പിക്കും.


ദരിദ്രനായ അയൽവാസിയെ അവഗണിക്കരുത്. അവന് എന്തെങ്കിലും തൊഴിലുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കണം. അവന്റെ ദാരിദ്ര്യം നീക്കാനുള്ള വഴികൾ നോക്കണം.


അയൽക്കാരനോടുള്ള ബാധ്യതകളെക്കുറിച്ചു ഗൗരവപൂർവം

സൂചിപ്പിക്കുന്ന ഒരു നബിവചനം കൂടി കാണുക.


“അയൽവാസികളെക്കുറിച്ചു ജിബ്രീൽ (അ) എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. സ്വത്തിൽ അനന്തരവകാശം കൂടി അവർക്കു ലഭിച്ചേക്കുമോ എന്ന് എനിക്കു തോന്നിപ്പോയി.”


അയൽക്കാർക്ക് എന്തെല്ലാം ഗുണങ്ങൾ ചെയ്തുകൊടുക്കണമെന്നു വിവരിക്കുകയായിരുന്നു ജിബ്രീൽ (അ). പറഞ്ഞു പറഞ്ഞു സ്വത്തിൽ അനന്തരവാകാശം നൽകണമെന്നുകൂടി ജിബ്രീൽ(അ) പറഞ്ഞക്കുമോ എന്നു നബിﷺതങ്ങൾക്കു തോന്നിപ്പോയി..!!


എത്ര ഗൗരവത്തോടെയായിരുന്നു ജിബ്രീൽ (അ) ഈ വിഷയം സംസാരിച്ചതെന്ന് ഓർത്തുനോക്കൂ...


അയൽക്കാരനെ ഉപദ്രവിക്കുന്നതിൽ പലർക്കും ഒരു മനസ്സാക്ഷിക്കുത്തും അനുഭവപ്പെടാറില്ല. അയൽക്കാർക്കിടയിൽ അതിരു തർക്കങ്ങൾ സ്വാഭാവികമാണ്. അതൊക്കെ നീതിപൂർവം പരിഹരിക്കണം. അയൽക്കാർ

തമ്മിലുള്ള ബന്ധം തകർന്നു പോകാതെ നോക്കണം. നാട്ടിലെ നേതാക്കളുടെയും മറ്റും ചുമതലയാണിത്.


നമ്മെപ്പറ്റി അയൽക്കാരുടെ മനസ്സിൽ നല്ല അഭിപ്രായങ്ങളുണ്ടാകണം. അതിനു സഹായകമായിരിക്കണം നമ്മുടെ വാക്കും പ്രവൃത്തികളും.


കോരിത്തരിപ്പിക്കുന്ന ഒരു സംഭവം പറഞ്ഞുതരാം. ഒരാൾ നബിﷺതങ്ങളെ കാണാൻ വന്നു. അദ്ദേഹത്തിനൊരു കാര്യം അറിയണം. അതു ചോദിക്കാനാണു വന്നത്. അദ്ദേഹം ഇങ്ങനെ ചോദിച്ചു:


“അല്ലാഹുﷻവിന്റെ റസൂലേ, ഞാൻ നല്ല ആളാണോ അതോ ചീത്ത ആളാണോ, അതെങ്ങനെ അറിയാൻ കഴിയും..?” ഇതാണു ചോദ്യം.


ചോദ്യത്തിനു നബിﷺതങ്ങൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “നിന്റെ അയൽവാസി നിന്നെപ്പറ്റി നല്ലവൻ എന്നു പറഞ്ഞാൽ നീ നല്ലവനാണ്. അവർ നിന്നെപ്പറ്റി ചീത്ത ആളാണെന്നു പറഞ്ഞാൽ നീ ചീത്തയാണ്.” ഒന്നോർത്തുനോക്കൂ.., അയൽക്കാരുടെ വാക്കിന്റെ വില..!


അവരെ ബുദ്ധിമുട്ടിക്കരുത്. നമ്മൾ ശല്യക്കാരാണെന്ന് അവർക്കു തോന്നരുത്. നമ്മെ അയൽക്കാരായി കിട്ടിയത് ഒരനുഗ്രഹം തന്നെ എന്നവർക്കു തോന്നണം.



Part : 204


ജനിച്ച മണ്ണിൽ 


ഹുദയ്ബിയ്യ സന്ധിയുണ്ടാക്കിയശേഷം ഒരു വർഷം തികയുകയാണ്. ഇത്തവണ മക്കത്തു പോകാം. ഉംറ നിർവഹിക്കാം. സ്വഹാബികൾക്കു വലിയ ആഹ്ലാദം.


രണ്ടായിരം സ്വഹാബികൾ നബി ﷺ തങ്ങളോടൊപ്പം ഉംറ നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെടുന്നു.


മുഹാജിറുകൾ മക്ക വിട്ടുപോന്നിട്ട് ഏതാണ്ട് ഏഴു വർഷമായി. കഴിഞ്ഞ തവണ മക്കയുടെ സമീപം വരെ പോയി തിരിച്ചുവരേണ്ടതായിവന്നു.


അൻസാറുകളും മക്ക സന്ദർശിച്ചിട്ട് ഏഴു വർഷമാകുന്നു. കഅ്ബാ ശരീഫു കാണാൻ അവർക്കും വല്ലാത്ത കൊതി. ഖുറയ്ശികൾ വല്ല കുഴപ്പവുമുണ്ടാക്കുമോ?


ഒരു മുൻകരുതൽ നല്ലതല്ലേ..?


നൂറുപേരടങ്ങുന്ന ഒരു കുതിരപ്പടയെ ഒരുക്കി. മുഹമ്മദ് ബ്നു മസ് ലമ(റ)വാണു നായകൻ. ഹറമിലേക്ക് അവർ പ്രവേശിക്കുകയില്ല. വിളിപ്പാടകലെ അവരെ നിറുത്തും. ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാം...


ദുൽഹുലയ്ക്കുവരെ എല്ലാവരും ഒന്നിച്ചു യാത്ര ചെയ്തു. അവിടെ വച്ചു നബിﷺതങ്ങൾ കുതിരപ്പടയാളികൾക്ക് ഇങ്ങനെ നിർദേശം നൽകി: “നിങ്ങൾ മുമ്പേ പോകുക. ഹറമിൽ പ്രവേശിക്കരുത്. പുണ്യ ഭൂമിയുടെ അതിർത്തിക്കു പുറത്തേ നിൽക്കാവൂ...”


ഉംറയുടെ വേഷത്തിൽ രണ്ടായിരം സ്വഹാബികൾ മക്കയിലേക്കു നീങ്ങുന്നു. അശ്വസൈന്യം ഓടിപ്പോയി. തൽബിയത്തിന്റെ ശബ്ദം ഉയരുന്നു. നബിﷺതങ്ങളും സ്വഹാബികളും മർറുള്ളഹ്റാൻ എന്ന സ്ഥലത്തെത്തി അൽപം വിശ്രമിച്ചു.


അപ്പോൾ ഒരു ഖുറയ്ശി സംഘം അവിടെയെത്തി. അവർ അസ്വസ്ഥരായിരുന്നു. അവർ പ്രവാചകനോടു (ﷺ) ചോദിച്ചു:


“മുഹമ്മദ്, നീ ആരെയും വഞ്ചിച്ചതായി ഞങ്ങൾക്കറിവില്ല. കുട്ടിക്കാലത്തോ അതിനു ശേഷമോ നീ വഞ്ചന നടത്തിയിട്ടില്ല. ഹുദയ്ബിയ്യ സന്ധിക്കുശേഷം ഞങ്ങൾ നിന്നെയും വഞ്ചിച്ചിട്ടില്ല. ഒരു കുഴപ്പവും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പിന്നെന്തിനാണ് ഇതൊക്കെ..?”


അശ്വസൈന്യത്തെക്കുറിച്ചും അവരുടെ കൈവശമുള്ള ആയുധങ്ങളെ കുറിച്ചുമാണു ചോദ്യം...


“അവർ ഹറമിൽ പ്രവേശിക്കുകയില്ല. ഒരു സംശയവും വേണ്ട.”


ഖുറയ്ശികൾക്കു സമാധാനമായി.


നാളെ മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുകയാണ്. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം അവർ ഹറമിൽ ഉണ്ടാകും. ഈ ഘട്ടത്തിലും അവർ മുസ്ലിംകളെ പരിഹസിക്കുകയായിരുന്നു...


“മദീനയിൽ കിടന്നു പനിപിടിച്ച കുറെ പട്ടിണിക്കോലങ്ങൾ നാളെ ഹറമിൽ വരും. പേക്കോലങ്ങളുടെ ത്വവാഫ് ആണ് നാളെ.” പരസ്പരം പറഞ്ഞു ചിരിക്കുകയാണവർ.


ഈ വിവരം നബി ﷺ അറിഞ്ഞു. തങ്ങൾ പട്ടിണിക്കോലങ്ങളല്ല. ആരോഗ്യവാന്മാരാണ്. നാളെ ത്വവാഫു കാണുമ്പോൾ നിങ്ങൾക്കതു ബോധ്യമാകും.


മുസ്ലിംകൾ ഹറം ശരീഫിൽ പ്രവേശിക്കുന്നതിനു മുമ്പായി ഖുറയ്ശികൾ പട്ടണം വിട്ടു. അവർ മലമുകളിൽ തമ്പുകെട്ടി താമസമാക്കി. ഇനി മൂന്നു ദിവസം അവിടെയാണു താമസം. അവിടെ നിന്നു നോക്കിയാൽ ഹറമിൽ നടക്കുന്ന കാര്യങ്ങളൊക്കെ നേരിൽ കാണാം.


കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്...



Part : 205


കിഴക്കു ഭാഗത്തുകൂടി മുസ്ലിംകൾ ഹറമിൽ പ്രവേശിക്കുന്നു. ഖുറയ്ശികൾ മലമുകളിൽ ഇരുന്ന് ആ കാഴ്ച കാണുകയാണ്.


“ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്...”


അല്ലാഹുവേ! നിന്റെ വിളിക്കു ഞങ്ങൾ ഇതാ ഉത്തരം ചെയ്യുന്നു.


അത്യുച്ചത്തിൽ ചൊല്ലിക്കൊണ്ടാണ് അവർ വരുന്നത്. എന്തൊരാവേശം! ജീവിതവും മരണവും അല്ലാഹുﷻവിൽ അർപ്പിച്ച സത്യവിശ്വാസികളുടെ വിളിയാണത്.


ഏഴു വർഷങ്ങൾക്കു ശേഷം കഅ്ബാലയം വീണ്ടും കാണുന്നു.

അവർ പരിസരം മറന്നുപോയി. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമുഖത്ത് ആദ്യമായി പണിതുയർത്തപ്പെട്ട ഭവനം.


നബിﷺതങ്ങൾ ഹറമിൽ പ്രവേശിച്ചു. പ്രവാചകനെ (ﷺ) നോക്കിക്കൊണ്ടു സ്വഹാബത്ത് ഉംറയുടെ കർമങ്ങൾ പഠിക്കുന്നു.


എല്ലാവരും ഇഹ്റാമിന്റെ വേഷത്തിലാണ്. ഒരു മുണ്ട് ഉടുത്തിട്ടുണ്ട്. മറ്റൊന്നു ചുമലിലും...


മസ്ജിദുൽ ഹറമിൽ എത്തിയ ഉടനെ തന്റെ മേൽമുണ്ട് 'ഇള്തിബാഅ്' രൂപത്തിൽ ധരിച്ചു - പൂണൂൽ ധരിക്കുന്നതുപോലെ മേൽമുണ്ടു ധരിക്കുക. മേൽമുണ്ടിന്റെ രണ്ടറ്റവും ഇടത് തോളിൽ ആയിരിക്കും. മേൽമുണ്ടിന്റെ മധ്യഭാഗം വലതു കക്ഷത്തിനടിയിൽ...


ഹജറുൽ അസ് വദിനെ അഭിവാദ്യം ചെയ്തുകൊണ്ട് ത്വവാഫ് തുടങ്ങി. ആദ്യത്തെ മൂന്നു ചുറ്റലിലും കാലുകൾ അടുപ്പിച്ചുവച്ചു ധൃതിയിൽ നടന്നു. ഇങ്ങനെ വേഗം നടക്കുന്നതിന് 'റംല്' നടത്തം എന്നു പറയുന്നു.


ഹാജിമാർ 'ഇള്തിബാഅ്' വേഷം ധരിക്കുകയും 'റംല്' നടക്കുകയും വേണം.


മൂന്നു ചുറ്റിൽ റംല് നടത്തം കഴിഞ്ഞു. പിന്നെ നാലു ചുറ്റ് സാധാരണ ഗതിയിൽ നടന്നു. റംല് നടത്തം ഒരു ശക്തി പ്രകടനമായിരുന്നു. മദീനയിൽ

കിടന്നു പനി പിടിച്ചും പട്ടിണി കിടന്നും ദുർബലരായ പേക്കോലങ്ങളല്ല ഈ വന്നിരിക്കുന്നതെന്നു ഖുറയ്ശികളെ ബോധ്യപ്പെടുത്തണം. അതിനുവേണ്ടിയാണ് ഇങ്ങനെ നടന്നത്.


രണ്ടായിരം മുസ്ലിംകളുടെ ശക്തിപ്രകടനം. ഉൽകണ്ഠയോടെ അതു നോക്കിനിൽക്കുന്ന ഖുറയ്ശികൾ. അവർ അബൂഖുബയ്സ് പർവതത്തിന്റെ മുകളിലാണ്. അവരുടെ ധാരണകൾ തിരുത്തപ്പെട്ടു. ഇതു വെറും പേക്കോലങ്ങളല്ല..!!


ത്വവാഫ് പൂർത്തിയാക്കിയശേഷം മുസ്ലിംകൾ സഫാ മലയിലേക്കു നീങ്ങി. സഫായിൽ നിന്നും മർവായിലേക്ക്. മർവായിൽ നിന്നും സഫായിലേക്ക്. ഇതിനാണ് ‘സഅ് യ്’എന്നു പറയുന്നത്.


ഏഴു തവണയാണ് സഅ് യ്. അതു പൂർത്തിയാക്കി. മർവയിൽ വച്ചു ബലിയറുത്തു. തല മുണ്ഡനം ചെയ്തു. ഉംറ കഴിഞ്ഞു. അതിന്റെ ചടങ്ങുകൾ പൂർത്തിയായി.


എന്തൊരാശ്വാസം..!


തങ്ങൾ മക്കയിലെത്തിയെന്നും ഉംറ നിർവഹിച്ചുവെന്നും വിശ്വസിക്കാനാകുന്നില്ല. മർദനങ്ങളില്ലാത്ത മക്കയോ..? എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.


എവിടെ അബൂജഹ്ലിന്റെ അട്ടഹാസങ്ങൾ..?


ഉമയ്യത്തിന്റെ ഭീഷണികൾ..?


ഏഴു വർഷങ്ങൾകൊണ്ടുണ്ടായ മാറ്റങ്ങൾ!


അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹങ്ങൾ..!


എന്തേ... ബിംബങ്ങൾ നോക്കി നിൽക്കുന്നു..? തലമുറകൾ ആരാധിച്ചുവന്നതു നിങ്ങളെയല്ലേ..?


നിങ്ങൾക്കു മിണ്ടാട്ടമില്ലേ..? തൗഹീദിന്റെ ശബ്ദം നിങ്ങൾ കേട്ടുവോ..? ലാത്തയുടെയും ഉസ്സയുടെയും കാലം കഴിയാറായി. ബിംബങ്ങളില്ലാത്ത കഅ്ബാലയം വരാറായി...


കഅ്ബാലയത്തിനു ചുറ്റും സ്വഹാബികൾ. അവരുടെ ചുണ്ടുകൾ ദിക്റുകളാൽ ചലിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണം നടക്കുന്നു. മൂന്നു നാൾ ഈ വിശുദ്ധ ഭവനത്തിൽ കഴിയാം.


പിറ്റേ ദിവസം നബിﷺതങ്ങൾ കഅ്ബാലയത്തിനകത്തു പ്രവേശിച്ചു. ളുഹ്ർ നിസ്കാരത്തിന്റെ സമയംവരെ അവിടത്തന്നെ ഇരുന്നു...


കഅ്ബാലയത്തിന്റെ മുകൾത്തട്ടിൽ കയറി ബിലാൽ (റ) ബാങ്കു വിളിച്ചു. ആ ശബ്ദം അവിടെയെല്ലാം മുഴങ്ങിക്കേട്ടു. നിസ്കാരത്തിലേക്കുള്ള വിളി. വിജയത്തിലേക്കുള്ള വിളി...


ഖുറയ്ശികൾ എല്ലാം കാണുന്നു. കേൾക്കുന്നു. പലരുടെയും മനസിളകുന്നു. തങ്ങൾ കരുതിയതുപോലെ മുഹമ്മദ് (ﷺ) മായാജാലക്കാരനല്ല. മാരണക്കാരനല്ല. ഏകനായ അല്ലാഹുﷻവിന്റെ ദാസൻ തന്നെ. സത്യവുമായി വന്ന റസൂൽ തന്നെ. പലർക്കും അങ്ങനെ തോന്നി...



Part : 206


വരുന്നൂ ഖാലിദ്


രണ്ടായിരം സത്യവിശ്വാസികൾ ളുഹ്ർ നിസ്കാരത്തിനു വേണ്ടി അണിനിരന്നു. വെയിൽ കത്തിപ്പടർന്ന ഭൂമിയിൽ അവർ

അണിയൊപ്പിച്ചുനിന്നു. അതൊരു മനോഹരമായ കാഴ്ചതന്നെ.ഒരു ഇമാമിന്റെ കീഴിൽ രണ്ടായിരം പേരുടെ നിസ്കാരം.


അബൂഖുബയ്സ് മലയിൽ പലരുടെയും ഖൽബുകൾ കോരിത്തരിക്കുകയായിരുന്നു. തോളോടുതോൾ ചേർന്നുള്ള നിൽപ്. റുകൂഅ്, സുജൂദ്..!


എല്ലാം വിസ്മയാവഹമായ കാഴ്ചകൾ. സൃഷ്ടാവായ അല്ലാഹുﷻവിനുവേണ്ടി നെറ്റിത്തടം ഭൂമിയിൽ വച്ചുള്ള ആരാധന. മനുഷ്യനെ ഇത്ര വിനീതനാക്കാൻ മറ്റെന്തിനു കഴിയും..?


മക്കയിലെ മൂന്നു ദിവസങ്ങൾ.


മുഹാജിറുകൾ മക്കയിലെ തെരുവുകളിലൂടെ നടന്നു. തങ്ങളുടെ പ്രിയപ്പെട്ട ജന്മനാട്. ഏഴു വർഷങ്ങൾക്കു ശേഷം വീണ്ടും കാണുകയാണ്. രാത്രിയുടെ അന്ധകാരത്തിൽ ഒളിച്ചോടിപ്പോയതാണ്. ഇന്നിതാ ഈ പകൽവെളിച്ചത്തിൽ ഇവിടെ വന്നുനിൽക്കുന്നു.


അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹം. ക്ഷമാശീലർക്കു നൽകിയ അനുഗ്രഹം. പിൻഗാമികൾ ഇതു ചിന്തിക്കട്ടെ. പാഠം ഉൾക്കൊള്ളട്ടെ...


മൈമൂന(റ) വിവാഹിതയാവുന്നതും ഈ അവസരത്തിലാണ്. അബ്ബാസ്(റ)വിന് ആയിരുന്നു മൈമൂനയെ വിവാഹം ചെയ്തു കൊടുക്കാനുള്ള ചുമതല.


അബ്ബാസ് (റ) നബിﷺതങ്ങളോടു മൈമൂനക്കു പ്രവാചക പത്നി എന്ന പദവി നൽകാനാവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സഹായിച്ച, തന്റെ പ്രിയപ്പെട്ട പിതൃവ്യന്റെ ആഗ്രഹം മാനിച്ചു വിവാഹത്തിനു തയ്യാറായി...


മൈമൂന(റ) ലോകാനുഗ്രഹിയായ പ്രവാചകന്റെ (ﷺ) ഭാര്യയായി. ഉടമ്പടിയനുസരിച്ചു മൂന്നു ദിവസം കഴിഞ്ഞു. മുസ്ലിംകൾ മക്കയോടു യാത്രപറഞ്ഞു. സരിഫ എന്ന സ്ഥലത്തു വച്ചു മൈമൂന (റ) പ്രവാചകന്റെ (ﷺ) വാഹനത്തിൽ കയറി.


മക്കക്കാരുടെ ധീരനായകനാണു ഖാലിദ് ബ്നുൽ വലീദ്. പ്രവാചകന്റെയും (ﷺ) അനുയായികളുടെയും മൂന്നു ദിവസത്തെ ചലനങ്ങൾ ഖാലിദിന്റെ മനസ്സിനെ പിടിച്ചുകുലുക്കി.


ഉഹുദ് യുദ്ധത്തിൽ ഖുറയ്ശികളെ വിജയത്തിലേക്കു നയിച്ചതു ഖാലിദ് ആയിരുന്നു. പ്രവാചകനും (ﷺ) അനുയായികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ വരുത്തിവച്ചു.


ഇപ്പോഴാണു പ്രവാചകൻ ﷺ ഒരു നാശക്കാരനല്ലെന്നു മനസ്സിലായത്. താഴ്ചയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ്. ത്യാഗത്തിന്റെയും ക്ഷമയുടെയും പര്യായം.


“എനിക്കു മുഹമ്മദിനെ മനസ്സിലായി. മുഹമ്മദ് ആഭിചാരക്കാരനല്ല. കവിയല്ല. സത്യപ്രവാചകൻ തന്നെ. മുഹമ്മദ് പറയുന്നതു ലോകങ്ങളുടെ നാഥനായ അല്ലാഹുﷻവിന്റെ വചനങ്ങൾ തന്നെ. ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നും മുഹമ്മദ് (ﷺ) അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു...”


ഖാലിദിന്റെ പ്രഖ്യാപനം ഖുറയ്ശികളെ ഞെട്ടിച്ചു. അബൂജഹലിന്റെ മകൻ ഇക് രിമത് ചാടിയിറങ്ങി.


“ഖാലിദ്, താങ്കൾ അവിവേകം കാണിക്കരുത്. ഖുറയ്ശികൾക്കിടയിൽ താങ്കൾക്കുള്ള പദവി എന്താണെന്ന് ഓർമ വേണം. താങ്കളുടെ ധീരമായ നേതൃത്വം ഞങ്ങൾക്ക് ഇനിയും ആവശ്യമാണ്...”


“ഞാൻ സത്യവിശ്വാസം കൈകൊണ്ടു. വിശുദ്ധിയുടെ മാർഗത്തിലേക്കു പോകുന്നു. മാലിന്യം നിറഞ്ഞ ജീവിതത്തിലേക്ക് ഇനി ഞാൻ മടങ്ങുകയില്ല.” ഖാലിദിന്റെ സ്വരം ദൃഢമായിരുന്നു...


അപ്പോൾ അബൂസുഫ്യാന്റെ സ്വരം ഉയർന്നു. “ഖാലിദ്, ഈ നീക്കം നല്ലതല്ല. നീ പിന്തിരിയണം. അല്ലെങ്കിൽ നിന്നെ വധിക്കാനും ഞങ്ങൾ മടക്കില്ല...”


“മരണം... വധം. ഇനി അതെല്ലാം അല്ലാഹുﷻവിന്റെ മാർഗത്തിൽ, ”


ഖാലിദ് പഴയ വിശ്വാസം കൈവെടിഞ്ഞു. ഖുറയ്ശികളുടെ ശക്തി കൊഴിഞ്ഞുപോകുകയാണ്. ഖാലിദിന്റെ ധീരത കണ്ടു പുളകംകൊണ്ട ഒരു കൂട്ടമാളുകൾ മക്കയിലുണ്ടായിരുന്നു.


ഖാലിദിന്റെ ഇസ്ലാം മതാശ്ലേഷം അവരെ ആവേശം കൊള്ളിച്ചു. അവർ കൂട്ടത്തോടെ ഇസ്ലാംമതം സ്വീകരിച്ചു.തങ്ങളുടെ ശക്തി ദുർബലമാകുന്നു.

പിടിച്ചുനിൽക്കാൻ പ്രയാസം...


ഖാലിദിനെപ്പോലുള്ളവരുടെ മനംമാറ്റം മക്കയെ പിടിച്ചു

കുലുക്കിക്കൊണ്ടിരിക്കുന്നു.


ഖാലിദ് ബ്നുൽ വലീദ് (റ) പ്രവാചക സന്നിധിയിലേക്കു കുതിച്ചു. നബി ﷺ തങ്ങളെയും സ്വഹാബത്തിനെയും ഏറെ സന്തോഷിപ്പിച്ച സംഭവമായിരുന്നു ഖാലിദ്(റ)വിന്റെ വരവ്...


മുഹാജിറുകളും അൻസാറുകളും ഉംറ നിർവഹിച്ച സന്തോഷത്തിലാണ്. ഏഴു വർഷങ്ങൾക്കു മുമ്പത്തെ മർദനത്തിന്റെ നാളുകൾ അവരുടെ ഓർമയിലുണ്ട്.


ഖുറയ്ശികളുടെ ശക്തി വളരെയേറെ ചോർന്നുപോയിരിക്കുന്നു എന്നവർക്കും മനസ്സിലായി. ഇസ്ലാമിലേക്കുള്ള ഒഴുക്കു കൂടിയിരിക്കുന്നു. ഏകനായ അല്ലാഹുﷻവിന്റെ ദീൻ അറേബ്യയിലുടനീളം പ്രചരിക്കുമെന്ന് അവർക്കറിയാം. അതു കാണാൻ കണ്ണുകൾ കൊതിയോടെ കാത്തിരിക്കുന്നു...



Part : 207


സ്വർണ്ണ മോതിരം


സ്ത്രീകൾക്കു സ്വർണം ഹലാൽ. എന്നുവച്ചാൽ അനുവദിനീയം. സ്വർണാഭരണങ്ങൾ അവർക്ക് ഒരലങ്കാരം തന്നെയാണ്. സ്വർണം അവരുടെ സൗന്ദര്യം വർധിപ്പിക്കും. കയ്യിലും കാതിലും കഴുത്തിലുമെല്ലാം സ്വർണം ധരിക്കും.


സ്ത്രീകൾ സ്വർണം ധരിക്കുന്നതു വിലക്കിയ ചില മത വിഭാഗക്കാർ ഇന്നുമുണ്ട്. എന്നാൽ ഇസ്ലാം സ്ത്രീയെ സ്വർണാഭരണം ധരിക്കുന്നതിൽ നിന്നു വിലക്കിയില്ല. അവൾക്കത് അനുവദനീയമാക്കുകയാണു ചെയ്തത്.


പട്ടുവസ്ത്രങ്ങളും അവൾക്ക് അനുവദനീയമാക്കി. പട്ടും പൊന്നും അവർക്ക് ഉപയോഗിക്കാം. പുരുഷന് ഇവ നിഷിദ്ധമാക്കുകയും ചെയ്തു.


സ്വർണത്തിന്റെ ചെയിനോ മോതിരമോ ധരിക്കാൻ പുരുഷനെ ഇസ്ലാം അനുവദിക്കുന്നില്ല. അവ ധരിച്ച പുരുഷൻ പരലോകത്തു ശിക്ഷ അനുഭവിക്കേണ്ടതായി വരികയും ചെയ്യും.


ഒരിക്കൽ ഒരു പുരുഷൻ നബി ﷺ തങ്ങളുടെ സമീപത്തു വന്നു. അദ്ദേഹത്തിന്റെ വിരലിൽ ഒരു സ്വർണമോതിരം ഉണ്ടായിരുന്നു. നബി ﷺ തങ്ങൾ അതു കണ്ടു. മുഖത്തു വെറുപ്പു പ്രകടമായി.


“കൈ വിരലിൽ തീക്കട്ട അണിയുകയോ..?” അതും പറഞ്ഞു പ്രവാചകൻ ﷺ മോതിരം ഊരി ദൂരെ എറിഞ്ഞുകളഞ്ഞു..!


അപ്പോഴാണ് അദ്ദേഹത്തിന് അതിന്റെ ഗൗരവം ബോധ്യമായത്. ഈ മോതിരം അണിഞ്ഞാൽ നാളെ തീക്കട്ട കൊണ്ടുള്ള മോതിരം അണിയേണ്ടതായി വരും. എന്തൊരു നിർഭാഗ്യം..!


നബി ﷺ പിന്നെ അവിടെ നിന്നില്ല. തന്റെ വഴിക്കു നടന്നുപോയി. മോതിരത്തിന്റെ ഉടമസ്ഥൻ അൽപനേരം കൂടി അവിടെ നിന്നു. തീക്കട്ടയിൽനിന്നു തന്റെ വിരൽ രക്ഷപ്പെട്ടുവോ..? അതാണദ്ദേഹത്തിന്റെ ചിന്ത.


ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാൾ അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചു. “മോതിരം കളയണ്ട... അതു മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം” ആ ഉപദേശം അദ്ദേഹത്തിനു രസിച്ചില്ല. 


അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “നബിﷺതങ്ങൾ വലിച്ചെറിഞ്ഞ വസ്തു ഞാൻ തിരികെ എടുക്കുകയോ.. വേണ്ട, അതു വേണ്ട.'' അദ്ദേഹം അതെടുക്കാതെ നടന്നുപോയി.


 ഇക്കാലത്തു ചില പുരുഷന്മാർ സ്വർണം ധരിക്കുന്നതു നാം കാണുന്നു. അതു വലിയ തെറ്റാണ്. കൈ വിരലിലെ ചെറിയ ഒരു മോതിരമായാൽ പോലും. ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് അതാണ്.



ഏതാനും സ്വഹാബികൾ നബി ﷺ തങ്ങളുടെ മുമ്പിൽ വന്നു. അവർ കൗതുകമുള്ള പരാതിയുമായിട്ടാണു വന്നത്.


“അല്ലാഹുﷻവിന്റെ റസൂലേ, തിന്നിട്ടും തിന്നിട്ടും ഞങ്ങളുടെ വയറു നിറയുന്നില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തതുപോലെ തോന്നും.” അവർ തങ്ങളുടെ പരാതി ബോധിപ്പിച്ചു. 


അതുകേട്ടപ്പോൾ നബി ﷺ ചോദിച്ചു:  “നിങ്ങൾ വേറെ വേറെ ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത്..?”


“അതേ.”


“അതുതന്നെയാണു കുഴപ്പം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുനോക്കൂ, വയർ നിറയും. വിശപ്പു തീരും. ഒരു കാര്യം കൂടി ഓർക്കുക. ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കണം. ബിസ്മി അനുഗ്രഹമാണ്. ബറകത്താണ്. ബിസ്മി ചൊല്ലി കഴിക്കുന്ന ഭക്ഷണത്തിൽ ബറകത്തുണ്ടാകും.”


നബിﷺതങ്ങൾ അവർക്കു നൽകിയ നിർദേശം എക്കാലത്തേക്കും പ്രസക്തമാണ്. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. ഓരോ വീട്ടുകാരും ഇതു ശ്രദ്ധിക്കണം. മുതിർന്നവരും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. അതാണു ബറകത്.


പണ്ടു കാലത്ത് ഒരേ പാത്രത്തിൽനിന്നു പലരും കൂടി ഭക്ഷണം കഴിക്കുമായിരുന്നു. ഇന്ന് ഓരോരുത്തരും വെവ്വേറെ പ്ലെയ്റ്റ് വച്ചു കഴിക്കുന്നു. എന്നാലും ഒന്നിച്ചിരിക്കുകയെങ്കിലും ചെയ്യാമല്ലോ. കുട്ടികളേ, ബിസ്മി ചൊല്ലുന്ന കാര്യം മറന്നുപോകരുതേ...



Part : 208 


യാചനയിൽ നിന്നു മോചനം


പുറത്ത് ഒരു യാചകന്റെ വിളി.


അയാൾക്കു വല്ലതും കിട്ടണം. യാചനയാണു കണ്ടെത്തിയ മാർഗം.


നബി ﷺ ആ വിളി കേട്ടു. യാചകനെ അടുത്തേക്കു വിളിച്ചു. “നിനക്കെന്താണു വേണ്ടത്..?” - നബിﷺതങ്ങൾ ചോദിച്ചു.


“വല്ലതും തരണം. മറ്റൊരു മാർഗവുമില്ല.”


“നിന്റെ വീട്ടിൽ ഒന്നുമില്ലേ..?”


“വെള്ളം നിറച്ചു വയ്ക്കാൻ ഒരു പാത്രമുണ്ട്. തണുപ്പുള്ളപ്പോൾ പുതയ്ക്കാൻ പറ്റുന്ന ഒരു പുതപ്പും.” 


“അതല്ലാതെ മറ്റൊന്നുമില്ലേ..?”


“മറ്റു യാതൊന്നുമില്ല.”


“പോയി അതെടുത്തു കൊണ്ടുവരൂ!” - നബി ﷺ പറഞ്ഞു.


യാചകൻ സ്ഥലം വിട്ടു.


പുതപ്പും വെള്ളപ്പാത്രവും കൊണ്ടുവന്നു. അനുയായികൾ കൂടിനിൽപുണ്ട്. അവരെ നോക്കി നബി ﷺ ചോദിച്ചു: “ഈ പാത്രവും പുതപ്പും ഇയാളുടെ വകയാണ്. ഇതു വിലക്കു വാങ്ങാൻ ആരുണ്ട്..?”


“ഒരു ദിർഹം വിലക്കു ഞാൻ വാങ്ങിക്കൊള്ളാം.” കൂട്ടത്തിലൊരാൾ വിളിച്ചുപറഞ്ഞു.


ഒരു ദിർഹമിനു അതു വിൽക്കാൻ നബി ﷺ തയ്യാറായില്ല. “കൂടുതൽ വില വേണം, ആർക്കു വേണം..?”


ഉടനെ മറ്റൊരാൾ വിളിച്ചു പറഞ്ഞു: “രണ്ടു ദിർഹമിനു ഞാൻ വാങ്ങിക്കൊള്ളാം.”


“ശരി, രണ്ടു ദിർഹമിനു വിറ്റിരിക്കുന്നു. ദിർഹം ഇങ്ങു കൊണ്ടുവരൂ...”


ആ സ്വഹാബി രണ്ടു ദിർഹം നബി ﷺ തങ്ങളുടെ കൈവശം ഏൽപിച്ചു. വെള്ളപ്പാത്രവും പുതപ്പും സ്വീകരിച്ചു.


നബിﷺതങ്ങൾ ദിർഹം യാചകന്റെ കയ്യിൽ കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: “ഒരു ദിർഹമിനു നീ ഭക്ഷണം വാങ്ങണം. മറ്റേ ദിർഹം

കൊടുത്ത് ഒരു കോടാലി വാങ്ങണം. അതുകൊണ്ടു വിറകു വെട്ടണം. വിറകു കെട്ടാക്കി അങ്ങാടിയിൽ കൊണ്ടുവന്നു വിൽക്കണം. വിറ്റു കിട്ടുന്ന പണത്തിന്റെ ഒരു ഭാഗംകൊണ്ടു നിനക്കും കുടുംബത്തിനും ഭക്ഷണം വാങ്ങണം. ബാക്കി സംഖ്യ സൂക്ഷിച്ചുവയ്ക്കണം. പതിനഞ്ചു ദിവസം കഴിഞ്ഞ് എന്നെ വന്നു കാണണം.”


കിട്ടിയ പണവുമായി അദ്ദേഹം സ്ഥലംവിട്ടു. ഒരു ദിർഹമിനു ഭക്ഷണം വാങ്ങി, മറ്റേ ദിർഹം കൊടുത്തു കോടാലിയും വാങ്ങി. അന്നു വീട്ടിൽ പട്ടിണിയില്ലാതെ കടന്നുപോയി. പിറ്റേന്നു കോടാലിയുമായി ഇറങ്ങി. മലഞ്ചരുവിൽ ചെന്നു വിറകു വെട്ടിയെടുത്തു. കിട്ടിയ വിറകു വലിയൊരു കെട്ടാക്കി അങ്ങാടിയിൽ വിൽപനയ്ക്കു വച്ചു. ഒരാൾ വിറകു വിലക്കു വാങ്ങി.


കിട്ടിയ പണത്തിന്റെ ഒരു ഭാഗം കൊണ്ടു ഭക്ഷണം വാങ്ങി. ബാക്കി സൂക്ഷിച്ചു വച്ചു. ഭക്ഷണവുമായി ഗൃഹനാഥൻ വന്നപ്പോൾ വീട്ടിലുള്ളവർക്കു വലിയ ആഹ്ലാദം. തന്റെ അധ്വാനംകൊണ്ടു വീട്ടുകാരെ ഭക്ഷിപ്പിക്കാൻ കഴിഞ്ഞതിൽ വീട്ടുകാരനും ആഹ്ലാദം.


അധ്വാനത്തിന്റെ ഫലം ആനന്ദം തന്നെ. പതിനഞ്ചു ദിവസങ്ങൾ കടന്നുപോയി. ഇത്രയും ദിവസങ്ങൾകൊണ്ടു പത്തു ദിർഹം സമ്പാദിച്ചിരിക്കുന്നു..!


പത്തു ദിർഹമും കൊണ്ടു നബി ﷺ തങ്ങളുടെ മുമ്പിലെത്തി. തന്റെ പതിനഞ്ചു ദിവസത്തെ അധ്വാനത്തിന്റെ കഥ പറഞ്ഞു. 


നബി ﷺ ഇങ്ങനെ ഉപദേശിച്ചു: “ഈ പണം കൊണ്ടു പുതപ്പും വെള്ളം സൂക്ഷിക്കാനുള്ള പാത്രവും മറ്റു വീട്ടുസാധനങ്ങളും വാങ്ങുക.” 


സ്വഹാബിവര്യൻ സന്തോഷത്തോടെ തിരിച്ചുപോയി. അധ്വാനത്തിന്റെ ആനന്ദം അദ്ദേഹം അനുഭവിച്ചു കഴിഞ്ഞു. ഇനി ബുദ്ധിമുട്ടില്ലാതെ ജീവിച്ചുകൊള്ളും. 


യാചനയിൽ നിന്നു മോചനം കിട്ടി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അധ്വാനിച്ചു സമ്പാദിക്കാൻ നബിﷺതങ്ങൾ അദ്ദേഹത്തെ പഠിപ്പിച്ചു.



Part : 209


കൂറ്റൻ പടയുടെ മുന്നിൽ 


ഗസ്സാനിലെ പൗരപ്രമുഖനായിരുന്നു ശുറഹ്ബീൽ. ബസറായിലെ ഗവർണറെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയ ദൂതനായിരുന്നു ഹാരിസ് ബ്നു ഉമയ്ർ(റ).


ഈ ദൂതനെ ശുറഹ്ബീൽ വധിച്ചുകളഞ്ഞു. ഇതിനു പ്രതികാരമായിട്ടാണു മുഅ്ത്ത യുദ്ധം നടന്നത്.


ഹിജ്റ എട്ടാം വർഷം ജമാദുൽ അവ്വലിൽ മുഅത്തായിലേക്കു മുസ്ലിം സൈന്യം പുറപ്പെടുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ യുദ്ധമാണിത്. അറേബ്യയിലെ ഏതെങ്കിലും ഗോത്രവുമായിട്ടു നടക്കുന്നതുപോലുള്ള യുദ്ധമല്ല. ഒരു വൻ ശക്തിയോട് ഏറ്റുമുട്ടുകയാണ്.


സയ്ദ് ബ്നു ഹാരിസ്(റ)വാണു സൈന്യത്തെ നയിക്കുന്നത്, മുവ്വായിരം അംഗങ്ങളാണു സൈന്യത്തിലുള്ളത്. വളരെ വികാരഭരിതമായിരുന്നു അവരുടെ യാത്രയയപ്പ്.


സയ്ദ്(റ)വിന്റെ കൈകളിൽ പതാക കൊടുത്തുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “സയ്ദ് ബ്‌നു ഹാരിസ് ഈ സൈന്യത്തെ നയിക്കും. ഘോരമായ യുദ്ധത്തിൽ സയ്ദിന് അപായം സംഭവിച്ചാൽ, ഈ സൈന്യത്തിന്റെ നേതൃത്വം ജഅ്ഫർ ബ്നു അബീത്വാലിബ് ഏറ്റെടുക്കണം. ജഅ്ഫറിന് അപായം സംഭവിക്കുകയാണെങ്കിൽ, അബ്ദുല്ലാഹിബ്നു റവാഹ സൈനിക നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിനും അപായം സംഭവിച്ചാൽ ഒരു നേതാവിനെ തിരഞ്ഞെടുക്കണം.”


മൂന്നു സൈന്യാധിപന്മാരെ പ്രവാചകൻ ﷺ തന്നെ നിയോഗിച്ചിരിക്കുന്നു. മൂന്നു പേർക്കും അപായം സംഭവിക്കാമെന്ന സൂചനയും ആ വാക്കുകളിൽത്തന്നെയുണ്ട്.


രക്തസാക്ഷിത്വത്തിന്റെ വികാരവുമായിട്ടാണ് അവർ പുറപ്പെടുന്നത്. സമീപകാലത്ത് ഇസ്ലാംമതം സ്വീകരിച്ച ഖാലിദ് ബ്നുൽ വലീദ്(റ) ആ സൈന്യത്തിലുണ്ട്.


നബിﷺതങ്ങൾ സൈന്യത്തോടൊപ്പം കുറെ ദൂരം സഞ്ചരിച്ചു. സനിയ്യതുൽ വദാഅ വരെ പ്രവാചകൻ ﷺ അവരെ പിന്തുടർന്നു.


നബിﷺതങ്ങൾ അവരെ വീണ്ടും ഉപദേശിച്ചു: “നിങ്ങളുടെയും അല്ലാഹുﷻവിന്റെയും ശത്രുക്കളുമായിട്ടാണ് നിങ്ങൾ പോരാടാൻ പോകുന്നത്. ധീരമായി പോരാടുക. മഠങ്ങളിൽ സന്യസിക്കുന്നവരെ നിങ്ങൾ ഉപദ്രവിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കരുത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്. കെട്ടിടങ്ങൾ പൊളിക്കരുത്. അല്ലാഹു ﷻ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.”


സയ്ദ്(റ), ജഅ്ഫർ(റ), അബ്ദുല്ലാഹിബ്നു റവാഹ(റ) എന്നിവർ പ്രവാചകനെ (ﷺ) നോക്കി സലാം ചൊല്ലി. സൈന്യം നീങ്ങി...



Part : 210


മുസ്ലിം സൈന്യം വരുന്നുണ്ടെന്നു സിറിയക്കാർ അറിഞ്ഞു. അവർ സമീപ ഗോത്രക്കാരെയെല്ലാം സംഘടിപ്പിച്ചു.


ഹിരാക്ലിയസ് രാജാവ് ഒരു ലക്ഷം സൈന്യത്തെ അയച്ചു കൊടുത്തു. ഗോത്രക്കാരെല്ലാം കൂടി ഒരു ലക്ഷത്തിൽപരം സൈന്യത്തെ അയച്ചു. ഏതാണ്ടു രണ്ടര ലക്ഷത്തോളം വരുന്ന വൻ സൈന്യത്തെ നേരിടാൻ സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിലുള്ളത് മൂവ്വായിരം പേരടങ്ങുന്ന സൈന്യം..!


എന്തു ചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം അൽപം വിഷമിച്ചു. പ്രവാചകനെ (ﷺ) വിവരം അറിയിക്കാം. ശത്രുക്കളുടെ എണ്ണം എത്രയോ ഇരട്ടിയാണെന്നറിയിക്കാം. പോഷക സൈന്യത്തെ അയച്ചുതരും. അങ്ങനെ ഒരാലോചന...


മുഅ്ത്ത രണാങ്കണം. അവിടെയെത്തിക്കഴിഞ്ഞു. ഇനി ആലോചിച്ചിട്ടു കാര്യമില്ല. പ്രവാചകൻ ﷺ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതനുസരിച്ചു പ്രവർത്തിച്ചാൽ മതി.


മുസ്ലിംകൾ ഇത്രയും വലിയൊരു സൈന്യത്തെ ഇതിനു മുമ്പു നേരിട്ടിട്ടില്ല. മലവെള്ളംപോലെ പരന്നു കിടക്കുകയാണു ശത്രുസൈന്യം. പ്രവാചകനാണെങ്കിൽ (ﷺ) കൂടെയില്ല. എന്തു വേണം..?!


പ്രവാചകരുടെ (ﷺ) വാക്കുകൾ അക്ഷരംപ്രതി പാലിക്കുക. ഒന്നുകിൽ വിജയം. അല്ലെങ്കിൽ വീരരക്തസാക്ഷിത്വം...


ബദ്റിൽ മുന്നൂറ്റിപതിമൂന്നുപേർ ആയിരത്തോളമാളുകളെ നേരിട്ടു. ശ്രതുക്കൾ മൂന്നിരട്ടിയാണ്. ഇവിടെ എത്രയോ ഇരട്ടിയാണ്. ഒരു മുസ്ലിം ഭടൻ എൺപതിൽപരം ശത്രുക്കളെ നേരിടണം..! വിചിത്രമായ അനുപാതം...


സത്യവിശ്വാസികളുടെ മനസുകൾ ഭക്തിനിർഭരമായി. സർവവും അല്ലാഹുﷻവിലർപ്പിച്ചു. ജീവിതവും മരണവും. പിന്നെ ഒരു മുന്നേറ്റം.

അല്ലാഹു അക്ബർ. അല്ലാഹു അക്ബർ. വൻ ശത്രുസൈന്യത്തിന്റെ മധ്യത്തിലേക്കവർ പാഞ്ഞുകയറി...


പടവാൾ വീശിക്കൊണ്ടു മിന്നൽ വേഗത്തിൽ മുന്നേറുന്നു. സയദ് ബ്നു ഹാരിസ് (റ) നബിﷺതങ്ങൾ നൽകിയ പതാകയുമായി അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നിരവധി ശത്രുക്കളെ വെട്ടിവീഴ്ത്തി...


ശത്രുക്കൾ കുന്തങ്ങളുമായി പാഞ്ഞെടുത്തു. ആ പുണ്യശരീരത്തിൽ ആഞ്ഞുകുത്തി. കുന്തംകൊണ്ടുള്ള നിരവധി കുത്തുകൾ. മാരകമായ മുറിവുകൾ, രക്തത്തിൽ കുളിച്ചു. ശക്തി ക്ഷയിച്ചു. ശരീരം തളർന്നു. കുഴഞ്ഞു കുഴഞ്ഞു വീഴുകയാണ്. പതാക ജഅ്ഫർ ബ്നു അബീത്വാലിബ്(റ)വിനെ ഏൽപിച്ചു...


തന്റെ ധീര പോരാട്ടങ്ങൾ കൊണ്ടു നിരവധി രണഭൂമികളെ രോമാഞ്ചമണിയിച്ച സയ്ദ് ബ്നു ഹാരിസ് (റ) മുഅ്ത്ത യുദ്ധത്തിൽ രക്തസാക്ഷിയായി. ഇസ്ലാമിക ചരിത്രത്തിൽ അനശ്വരനായി...


ജഅ്ഫർ(റ) നോമ്പുകാരനായിരുന്നു. ശത്രുക്കളുടെ ആയിരക്കണക്കിനു പടവാളുകൾ അദ്ദേഹത്തിനു നേരെ നീണ്ടുവരുന്നു. പതാകയുമായി മുന്നേറുകയാണ്. മിന്നൽ വേഗത്തിൽ ശ്രതുക്കളെ വെട്ടുന്നു.


വലതു കയ്യിൽ പതാക ഉയർത്തിപ്പിടിച്ചു. ആ കൈക്കു വെട്ടേറ്റു. സർവ ശക്തിയുമുപയോഗിച്ചാണു ക്രൂരനായ ശത്രു വെട്ടിയത്. വലതു കൈ അറ്റുതൂങ്ങിപ്പോയി. പെട്ടെന്നു പതാക ഇടതു കയ്യിലേക്കു മാറ്റിപ്പിടിച്ചു.


ഏറെക്കഴിഞ്ഞില്ല. ഇടതു കൈക്കും ശക്തിയായ വെട്ടേറ്റു. ആ കൈ മുറിഞ്ഞുപോയി. പതാക താഴെയിട്ടില്ല. കക്ഷത്ത് ഇറുക്കിപ്പിടിച്ചു.


കൈകളില്ലാത്ത ശരീരത്തിൽ തുരുതുരാ വെട്ടുകൾ വീണു. ഒരു മനുഷ്യശരീരം വെട്ടിനുറുക്കപ്പെടുന്നു. ശക്തി ചോർന്നുപോയി. താഴെ വീഴുംമുമ്പെ പതാക അബ്ദുല്ലാഹിബ്നു റവാഹ(റ)വിനു കൈമാറി...



Part : 211


അബ്ദുല്ലാഹിബ്നു റവാഹ (റ) പതാകയുമായി മുന്നേറി. തന്റെ മുൻഗാമികൾ വീരരക്തസാക്ഷികളായി. തനിക്കും അവരെ പിന്തുടരണം. രക്തസാക്ഷിയാകണം. അതിനു മുമ്പെ കുറെ ശത്രുക്കളെയെങ്കിലും തുരത്തണം. എന്തൊരു വാൾ പ്രയോഗം..!


വരുന്ന വഴിയിൽ ശത്രുക്കൾ പിൻമാറുന്നു. വെട്ടേറ്റവർക്കു കണക്കില്ല. യുദ്ധ ചരിത്രത്തിലെ അത്ഭുതകരമായ രംഗങ്ങളാണു മുഅ്ത്ത രണാങ്കണത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. മരണത്തിലേക്കുള്ള ആവേശകരമായ ഓട്ടം. എന്തൊരു വേഗമാണതിന്..!


കുന്തങ്ങളും വാളുകളും അബ്ദുല്ലാഹിബ്നു റവാഹ(റ)വിന്റെ കൈകളിൽ മുറിവുണ്ടാക്കി. ശരീരത്തിൽ വെട്ടുകൾ വീഴുന്നു. ഇടതും വലതും കൈകൾക്കു വെട്ടേറ്റു. രക്തം വാർന്നൊഴുകി. മറിഞ്ഞു വീഴുകയാണ്. ഏറെ മോഹിച്ച രക്തസാക്ഷിത്വം. പതാക നിലത്തു വീഴും മുമ്പേ ഉഖ്ബത് ബ്നു ആമിർ (റ) കൈവശമാക്കി.


അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു പാത്രത്തിൽ അൽപം വെള്ളവുമായി ജഅ്ഫർ(റ)വിന്റെ സമീപം ഓടിയെത്തി. അദ്ദേഹം മരണവുമായി മല്ലടിക്കുകയായിരുന്നു.


“താങ്കൾ അൽപം വെള്ളം കുടിക്കൂ..!” അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു.


“വേണ്ട, ഞാൻ നോമ്പുകാരനാണ്. നോമ്പുതുറക്കുന്ന സമയം വരെ ഞാൻ ജീവിച്ചിരുന്നാൽ വെള്ളംകൊണ്ടു നോമ്പ് തുറക്കാം... അല്ലെങ്കിൽ... നോമ്പുകാരനായിക്കൊണ്ടുതന്നെ...


ഞാൻ പോകട്ടെ, എന്റെ റബ്ബിന്റെ... സന്നിധിയിലേക്ക്.”


ആ ധീരസേനാനി മരണത്തിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു.

യുദ്ധം പിന്നെയും തുടർന്നു. ഒരാളെ നേതാവായി തെരഞ്ഞെടുക്കണം. നേതാക്കൾ മരിച്ചുവീണു പരാജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ആരാണു സന്നദ്ധരാകുക..?!


എല്ലാവരും ഖാലിദ് ബ്നുൽ വലീദ് (റ) വിനെ നോക്കി. സൂര്യൻ അസ്തമിച്ചു. ഇരുട്ടു പരന്നു. യുദ്ധം നിന്നു. ഇനി നാളെ...


ധീരനായ ഖാലിദ് ബ്നുൽ വലീദ് (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഉഹുദിൽ വച്ചു ഖാലിദ്(റ)വിന്റെ യുദ്ധ ത്രന്തം നാം കണ്ടതാണ്. ശക്തികൊണ്ടല്ല, തന്ത്രംകൊണ്ടു ജയിക്കണമെന്ന് അദ്ദേഹം ഉറച്ചു.


ആ രാത്രിയിൽ ഖാലിദ്(റ)വിന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. പിറ്റേന്ന് അതിരാവിലെ അദ്ദേഹം സൈന്യത്തെ അത്ഭുതകരമായ രീതിയിൽ വിന്യസിച്ചു. മുൻനിരകളിൽ കുറഞ്ഞ ആളുകളേ ഉള്ളൂ. അങ്ങനെ ഏതാനും നിരകൾ. പിൻനിരയിൽ വളരെ നീളത്തിൽ സൈനികരെ വിന്യസിച്ചു...


ശത്രുക്കൾ രാവിലെ വന്നുനോക്കുമ്പോൾ വളരെ ഭീകരമായ കാഴ്ചയാണു കണ്ടത്. വളരെ നീളമുള്ള മുസ്ലിം നിര ഇന്നലെ ഇതിന്റെ പത്തിലൊന്നു പോലുമില്ല. ഒരൊറ്റ രാത്രികൊണ്ട് ഇത്രയേറെ സൈന്യങ്ങൾ വന്നുവോ..? മദീനയിൽ നിന്നു പതിനായിരങ്ങൾ വന്നതുപോലെ തോന്നി...


ഇന്നലത്തെ പരാക്രമങ്ങൾ ശത്രുക്കളെ ഭീതിപ്പെടുത്തിയിരുന്നു. വെട്ടേൽക്കുന്തോറും മുന്നോട്ടു മുന്നോട്ടു കുതിക്കുന്ന നേതാക്കൾ.

മുറിവു പറ്റിയാൽ അതും കൊണ്ടോടുന്ന സൈനികരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. സൈന്യാധിപന്മാർ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു യുദ്ധം നിയന്ത്രിക്കുന്നതാണു റോമാക്കാരുടെയും മറ്റും അറിവ്.


ഇവിടെ അതല്ല കണ്ടത് - സൈന്യാധിപന്മാർക്ക് ആദ്യം മരിക്കണം. ഇതെന്തൊരു ജനത..!


അങ്ങനെയുള്ള പതിനായിരങ്ങൾ..!!


അവരോടേറ്റുമുട്ടിയാൽ റോമൻ സൈന്യം നാമാവശേഷമാകും. തൽക്കാലം പിൻമാറുന്നതാണു യുക്തി...


സൈനിക നേതാക്കൾ കൂടിയാലോചന നടത്തി. പിൻമാറാൻ തീരുമാനിച്ചു. കൽപന കിട്ടേണ്ട താമസം സൈന്യം പിന്മാറിത്തുടങ്ങി...


പിൻതിരിഞ്ഞാടുമ്പോൾ മുസ്ലിം സൈന്യം പിന്നിൽനിന്ന് ആക്രമിക്കുമോ എന്നു ഭയം. അതോടെ ഓട്ടത്തിനു വേഗം കൂടി.


മുസ്ലിം സൈന്യം നിന്നേടത്തുതന്നെ നിന്നു... 


ശത്രുക്കളുടെ പലായനം അവരെ അതിശയിപ്പിച്ചു. ജഅ്ഫർ(റ)വിന്റെ ശരീരത്തിന്റെ മുൻഭാഗത്തു മാത്രം തൊണ്ണൂറിൽപരം മുറിവുകളുണ്ടായിരുന്നു.


എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ച് ഒരുമയോടെ മുന്നേറിയാൽ അത്ഭുതകരമായ മാർഗത്തിലൂടെ അല്ലാഹു ﷻ സഹായിക്കും എന്ന

മഹത്തായ പാഠമാണു മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കാനുള്ളത്...


തിരുനബി ﷺ തങ്ങളുടെ സാന്നിധ്യമില്ലെങ്കിലും സത്യവിശ്വാസികൾക്കു തക്ക സമയത്തു സഹായമെത്തും. പിൽക്കാല തലമുറക്കാർ അങ്ങനെയൊരു പാഠംകൂടി മുഅ്ത്ത യുദ്ധത്തിൽ നിന്നു പഠിക്കണം...



Part : 212


അബൂസുഫ്യാൻ മദീനയിൽ 


ഇസ്ലാമിന്റെ ശക്തി വർധിച്ചുവരുന്നതിൽ ഖുറയ്ശികൾ എപ്പോഴും ആശങ്കാകുലരായിരുന്നു. ഹുദയ്ബിയ്യ സന്ധി ഇപ്പോഴും നിലനിൽക്കുന്നു. അതനുസരിച്ച് ഏതു ഗോത്രക്കാർക്കും ഖുറയ്ശികളോടോ മുസ്ലിംകളോടോ സന്ധിയുണ്ടാക്കാം. ഉടമ്പടിയിൽ ഏർപ്പെടുന്ന ഗോത്രങ്ങളും ഹുദയ്ബിയ്യ സന്ധിയുടെ പരിധിയിൽ പെടും.


ഇതനുസരിച്ചു ബക്കർ ഗോത്രം ഖുറയ്ശികളുമായി സഖ്യമുണ്ടാക്കി. ഖുസാഅ ഗോത്രം മുസ്ലിംകളുമായും സഖ്യത്തിലായി.


ബക്കർ ഗോത്രവും ഖുസാഅ ഗോത്രവും തമ്മിൽ വലിയ ശ്രതുതയിലാണ്. ജാഹിലിയ്യ കാലത്തുതന്നെ അങ്ങനെയാണ്. അതു കുടിപ്പകയായി വളർന്നു.


ബക്കർ ഗോത്രക്കാർക്കു പ്രവാചകനോടും (ﷺ) ഇസ്ലാമിനോടും ശത്രുതയായിരുന്നു. ഹുദയ്ബിയ്യ സന്ധി നിലവിൽ വന്നശേഷവും അവരുടെ ശ്രതുത തുടർന്നു. പക്ഷേ, ഏറ്റുമുട്ടൽ നടന്നില്ല. അതു സന്ധിവ്യവസ്ഥകളെ ബാധിക്കുമെന്ന ഭയത്താൽ അവർ സമാധാന ജീവിതം നയിച്ചു.


ഒരിക്കൽ ഒരു സംഭവം നടന്നു.


ആ സംഭവമാണു ഹുദയ്ബിയ്യ സന്ധി തകർത്തത്. ഒരു ബക്കർ ഗോത്രക്കാരൻ പ്രവാചകനെ (ﷺ) പരിഹസിച്ചു കൊണ്ടു പാട്ടുപാടി. അവന്റെ പാട്ട് ഖുസാഅ ഗോത്രക്കാരൻ കേട്ടു. ഖുസാഅക്കാരൻ കേൾക്കാൻ വേണ്ടി തന്നെയാണു പാടിയത്.


ഖുസാഅക്കാരൻ എതിർത്തു. വാക്കുതർക്കമായി. ഖുസാഅക്കാരൻ ബക്കർ ഗോത്രക്കാരനെ അടിച്ചു. അതോടെ അവരുടെ പഴയ വിരോധം പുറത്തു ചാടി. പോർവിളിയായി. കാണുന്നയിടങ്ങളിൽ വെച്ച് ആക്രമണമായി...


ബക്കർ ഗോത്രക്കാരെ സഹായിക്കാൻ ഖുറയ്ശികൾ വന്നു. അതോടെ ഖുസാഅക്കാർക്കു രക്ഷയില്ലെന്നായി. ഏതു വഴി നടന്നാലും ആക്രമണം തന്നെ. ഖുസാഅക്കാർ എന്തിനു മുഹമ്മദുമായി സഖ്യമുണ്ടാക്കി..? 

ഖുറയ്ശികളുടെ മനസ്സിലുള്ള ചോദ്യമതാണ്.


ഒരിക്കൽ ക്രൂരമായ ആക്രമണത്തിൽ നിന്നു രക്ഷ കിട്ടാൻ വേണ്ടി കഅ്ബാലയത്തിൽ ഓടിക്കയറി. ഖുറയ്ശികൾ അവിടെക്കയറി ഖുസാഅക്കാരെ ആക്രമിച്ചു.


ഇരുപതു ഖുസാഅ ഗോത്രക്കാരെ പലയിടത്തുവെച്ചായി വധിച്ചു. ഇനി പ്രവാചകന്റെ (ﷺ) സഹായം തേടുകയല്ലാതെ നിവൃത്തിയില്ല.


ദൂതന്മാർ മദീനയിലെത്തി, വേദനയിൽ കുതിർന്ന കഥകൾ പറഞ്ഞു. പ്രവാചകൻ ﷺ അതുകേട്ടു രോഷാകുലനായി. ഉടനെ ഖുറയ്ശികൾക്ക് ഒരെഴുത്തു കൊടുത്തയച്ചു. അതിൽ മൂന്നു കാര്യങ്ങൾ നിർദ്ദേശിച്ചിരുന്നു.


ബക്കർ ഗോത്രത്തിനു ഖുറയ്ശികൾ നൽകി വരുന്ന സഹായം ഉടൻ നിറുത്തുക, ഖുസാഅ ഗോത്രത്തിൽ നിന്നു വധിക്കപ്പെട്ടവർക്കു നഷ്ട പരിഹാരം നൽകുക, ഹുദയ്ബിയ്യ സന്ധി അവസാനിച്ചതായി പ്രഖ്യാപിക്കുക. കത്തു കിട്ടിയപ്പോഴാണു ഖുറയ്ശികൾ ഞെട്ടിയത്. തങ്ങൾ തന്നെയാണു ഹുദയ്ബിയ്യ സന്ധി തെറ്റിച്ചത്. അതുമോശമായിപ്പോയി...


എങ്ങനെയെങ്കിലും സന്ധി നിലനിർത്തണം. അതിന്റെ കാലാവധി നീട്ടണം. അതിനുവേണ്ടി ഒരു ദൂതനെ അയയ്ക്കാൻ തീരുമാനിച്ചു. ആരാണു ദൂതൻ..?


ഒരു സാധാരണക്കാരനെ അയച്ചിട്ടു കാര്യമില്ല. പ്രബലനെത്തന്നെ അയയ്ക്കണം. നേതാവു തന്നെയാകട്ടെ. അബൂസുഫ്യാൻ തന്നെ പോകണം. നേതാക്കളെല്ലാം കൂടി തീരുമാനിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു...



Part : 213


അബൂസുഫ്യാന്റെ മകളാണ് ഉമ്മുഹബീബ (റ). ആദ്യകാലത്തുതന്നെ ഇസ്ലാംമതം സ്വീകരിച്ചു. വളരെയധികം മർദ്ദനങ്ങൾ സഹിച്ചു. സ്വദേശത്തു ജീവിതം തന്നെ ദുസ്സഹമായി. മക്ക വിട്ടുപോയി. അബ്സീനിയായിൽ ജീവിച്ചു. പലവിധ കഷ്ടപ്പാടുകൾ സഹിച്ചു. വിധവയായി ജീവിച്ചു. ഒടുവിൽ മദീനയിലെത്തി.


ഉമ്മുഹബീബ(റ)യുടെ കരളലിയിപ്പിക്കുന്ന കഥ പ്രവാചകനെ (ﷺ) ദുഃഖിപ്പിച്ചു. അവർക്കാശ്വാസം നൽകാൻ തീരുമാനിച്ചു. പ്രവാചകരുടെ (ﷺ) പത്നിപദം നൽകി ഉമ്മുഹബീബ(റ)യെ ആദരിച്ചു.


അവർ വിശ്വാസികളുടെ മാതാവായി.


തന്റെ മകൾ ഉമ്മുഹബീബ(റ)യെ അബൂസുഫ്യാൻ ഓർമിച്ചു. മകളെ ചെന്നു കാണാം, എന്നിട്ടു പ്രവാചകനെയും (ﷺ) കാണാം. കാര്യം നടക്കും...


അബൂസുഫ്യാൻ മദീനയിലെത്തി. മകളുടെ വീട്ടിൽ ചെന്നു കയറി. വളരെക്കാലത്തിനുശേഷം പിതാവിനെ കാണുകയാണ്.


“മോളേ...” ബാപ്പയുടെ സ്നേഹം നിറഞ്ഞ വിളി. ഇസ്ലാംമതം സ്വീകരിച്ച കാലത്ത് കണ്ണിൽ ചോരയില്ലാതെ പെരുമാറിയ ബാപ്പ. ഇന്ന് ആളാകെ മാറിപ്പോയി. മുഖത്ത് അന്നത്തെ ക്രൂരതയൊന്നുമില്ല. ഒരുതരം നിസ്സഹായത...


“എന്തുണ്ട് ബാപ്പാ വിശേഷം..?”


“കാര്യങ്ങളെല്ലാം വലിയ വിഷമത്തിലാണ്. ഞാൻ മുഹമ്മദിനെ (ﷺ) കാണാൻ വന്നതാണ്.”


നബി ﷺ തങ്ങളുടെ വിരിപ്പ് ഇരിപ്പിടത്തിൽ നിവർത്തിയിട്ടിരുന്നു. അബൂസുഫ്യാൻ അതിൽ ഇരിക്കാൻ തുടങ്ങുകയായിരുന്നു. പെട്ടെന്ന് ഉമ്മുഹബീബ (റ) ആ വിരിപ്പു മാറ്റിക്കളഞ്ഞു..!


“എന്തു മര്യാദകേടാണു കുട്ടീ നീ കാണിച്ചത്. ബാപ്പ ഇരിക്കാൻ പോകുമ്പോൾ മോൾ വിരിപ്പു മടക്കിക്കളയുകയോ..?" അബൂസുഫ്യാൻ നിരാശയും കോപവും കലർന്ന സ്വരത്തിൽ ചോദിച്ചു...


“ബാപ്പ ആ വിരിപ്പിൽ ഇരിക്കേണ്ട.” മകൾ പറഞ്ഞു.


“എന്താ കാരണം? എനിക്ക് അതിനുള്ള യോഗ്യതയില്ലേ..?”


“ഇല്ല, ഇത് അല്ലാഹുﷻവിന്റെ റസൂലിന്റെ (ﷺ) വിരിപ്പാണ്. നിങ്ങൾ ശുദ്ധിയില്ലാത്തവനാണ്. ഇതിൽ ഇരിക്കണ്ട.”


“മോളേ, അവന്റെ കൂടെ കൂടിയതോടെ നിന്റെ സ്വഭാവം ഇത്ര

മോശമായിപ്പോയല്ലോ..?”


“എന്റെ സ്വഭാവത്തിനു കുഴപ്പമൊന്നുമില്ല. ഞാൻ ഏകനായ അല്ലാഹുﷻവിനെ ആരാധിക്കുന്നു. നിങ്ങൾ കല്ലിനെയല്ലേ ആരാധിക്കുന്നത്..?”


മോളുടെ വാക്കുകൾ ബാപ്പയെ അസ്വസ്ഥനാക്കി. മോൾ ബാപ്പയെ സ്വീകരിച്ചു. സൽക്കരിച്ചു. അബൂസുഫ്യാൻ നബി ﷺ തങ്ങളെ കണ്ടു. ഹുദയ്ബിയ്യ സന്ധി പുതുക്കണമെന്നപേക്ഷിച്ചു...


ആ വിഷയത്തെക്കുറിച്ചു വിശദമായ ഒരു ചർച്ചയ്ക്കുതന്നെ പ്രവാചകൻ ﷺ തയ്യാറായില്ല. പിന്നീട് അദ്ദേഹം അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ (റ), അലി(റ) എന്നിവരെയൊക്കെ കണ്ടുനോക്കി...


ഇത്തരം കാര്യങ്ങളിലൊക്കെ പ്രവാചകന്റെ (ﷺ) നിർദേശമനുസരിച്ചു ഞങ്ങൾ നീങ്ങും. പ്രവാചകൻ ﷺ അല്ലാഹുﷻവിന്റെ കൽപന അനുസരിച്ചു നീങ്ങും.


ചർച്ചകൾ അവസാനിച്ചു. എല്ലാം അല്ലാഹുﷻവിന്റെ കൽപന പോലെ.

എന്താണിപ്പറയുന്നത്..? അബൂസുഫ്യാൻ ചിന്താക്കുഴപ്പത്തിലായി...


അല്ലാഹു ﷻ വഹ് യ് ഇറക്കുക. ജിബ്‌രീൽ വഹ് യുമായി വരിക. ഹുദയ്ബിയ്യ സന്ധിയുടെ കാര്യത്തിൽ നിർദേശം കൊടുക്കുക. അതൊക്കെ ശരിയായിരിക്കാം എന്ന തോന്നൽ...


പെട്ടെന്നു മനസ്സു നിയന്ത്രിച്ചു. താൻ ഖുറയ്ശികളുടെ നേതാവാണ്. മനസു പതറിപ്പോകരുത്. നിരാശയോടെ മടങ്ങി. മക്കയിലെത്തി വിവരങ്ങൾ പറഞ്ഞു.


പോയ കാര്യം നേടാതെ വന്ന അബൂസുഫ്യാനെപ്പറ്റി ആളുകൾ അടക്കം പറഞ്ഞു: “ഇയാളെ എന്തിനു കൊള്ളാം..?”


വീട്ടിലെത്തിയപ്പോൾ ഭാര്യക്കു കോപം. ഹിന്ദ് നിന്നു വിറയ്ക്കുന്നു.  


“നേതാവാണെന്നും പറഞ്ഞു നടക്കുന്നു. കഴിവുകെട്ടവൻ, എന്റെ അടുത്തേക്ക് വന്നുപോകരുത്.”


അബൂസുഫ്യാൻ വിഷമിച്ചു. മദീനയിൽ ചെന്നപ്പോൾ മകളുടെ കളിയാക്കൽ. ബാപ്പ കല്ലിനെ ആരാധിക്കുന്നു എന്നാണവൾ പറഞ്ഞത്. ഈ കല്ലിനെ വണങ്ങിയിട്ട് എന്തു നേടാൻ? മുഹമ്മദിന്റെ ആൾക്കാരുടെ അവസ്ഥ എന്തു ഭേദം..!


അല്ലാഹു ﷻ അവരെ സഹായിക്കുന്നു. അതുകൊണ്ടു യുദ്ധങ്ങളിൽ അവർ വിജയിക്കുന്നു.


വിശുദ്ധ ഖുർആൻ അല്ലാഹുﷻവിന്റെ കലാം തന്നെ. അതു പാരായണം ചെയ്യുന്നതു കേൾക്കാൻ എന്തു രസം..!


എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് അതു സ്വയം ഉണ്ടാക്കാൻ കഴിയില്ല.


ഛെ... ഞാൻ എന്താണു ചിന്തിക്കുന്നത്? ഖുറയ്ശി നേതാവിന് ഇങ്ങനെ ചിന്തിക്കാമോ? ഹിന്ദ് ഇതെങ്ങാനുമറിഞ്ഞാൽ..! അബൂസുഫ്യാൻ പേടിച്ചുപോയി. എങ്കിലും ആ കല്ലുകളുടെ കാര്യം കഷ്ടം തന്നെ.


അതിനെ ആരാധിക്കുന്ന മനുഷ്യരുടെ കാര്യം അതിനെക്കാൾ കഷ്ടം...



Part : 214


ചരിത്രം കുറിച്ച തിരിച്ചുവരവ് 


ഒരു യാത്രയ്ക്കുള്ള ഒരുക്കം. എന്തിനെന്നോ എങ്ങോട്ടെന്നോ പറഞ്ഞില്ല. സമീപ ഗോത്രങ്ങൾക്കെല്ലാം സന്ദേശമറിയിച്ചു.


“അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരൊക്കെ

റമളാൻ മാസത്തിൽ മദീനയിലെത്തണം.”


ഗിഫാർ, മുസയ്ന, അശ്ജഅ്, ജുഹയ്ന, അസ്ലം ഈ ഗോത്രങ്ങളെല്ലാം മദീനയിലെത്തി.


മുഹാജിറുകളും അൻസാറുകളും.എല്ലാവരും ചേർന്നപ്പോൾ വലിയൊരു ജനാവലി. തന്റെ പരിപാടിയെക്കുറിച്ചു ഖുറയ്ശികൾക്ക് ഒരു വിവരവും

ലഭിക്കരുത്. നബി ﷺ തങ്ങൾ ആഗ്രഹിച്ചത് അതാണ്.


അതിനിടയിൽ അസുഖകരമായ ഒരു സംഭവം നടന്നു. ഹാത്വിബ് ഒരു പ്രമുഖ സ്വഹാബിയാണ്. ബദ്റിൽ പങ്കെടുത്ത ആളാണ്. മക്കയിലുള്ള ഒരു ബന്ധുവിന് അദ്ദേഹം ഒരു കത്തെഴുതി. കത്തിൽ നബിﷺയുടെ തയ്യാറെടുപ്പിനെക്കുറിച്ചും മറ്റും എഴുതിയിരുന്നു.


കത്ത് മക്കയിലേക്കു പോകുന്ന ഒരു സ്ത്രീയെ ഏൽപിച്ചു. അവരുടെ പേർ സാറ എന്നായിരുന്നു. മുടിക്കെട്ടിനകത്താണ് അവർ കത്ത് ഒളിപ്പിച്ചു വച്ചത്. നബി ﷺ തങ്ങൾക്കു വഹ് യ് മൂലം വിവരം കിട്ടി.


പ്രവാചകൻ ﷺ ഉടനെത്തന്നെ സാറയെ പിടികൂടാൻ മൂന്നു പേരെ നിയോഗിച്ചു. അലി(റ), സുബയ്ർ(റ), മിഖ്ദാദ്(റ). അവർ അതിവേഗം യാത്ര ചെയ്തു. ഖാഖ് തോട്ടത്തിൽ വച്ചു സാറയെ പിടികൂടി. അവരിൽ നിന്നു കത്തു വാങ്ങി. അവരെയും കൂട്ടി മദീനയിൽ വന്നു. ഹാത്വിബിനെയും വരുത്തി.


“എന്താണ് ഇക്കാണിച്ചത്..?”


“എന്റെ ബന്ധുക്കളുടെ രക്ഷ കരുതി അയച്ച കത്താണിത്.” ഹാത്വിബ് പറഞ്ഞു. 


കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു വിശദീകരണം നൽകി. മക്കയിലുള്ള അദ്ദേഹത്തിന്റെ സ്വത്തിന്റെ സുരക്ഷിതത്വം കരുതി എഴുതിയതായിരുന്നു.


ബദ്രീങ്ങളിൽപെട്ട ആളാണ് ഹാത്വിബ്(റ). അതുകൊണ്ടു മാപ്പു ലഭിച്ചു. ആ സംഭവം അങ്ങനെ അവസാനിച്ചു. 


റമളാൻ പതിനഞ്ചിനു പ്രവാചകനും (ﷺ) സംഘവും പുറപ്പെടുകയാണ്. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകൻ ﷺ യാത്രക്കൊരുങ്ങി.



Part : 215


പതിനായിരത്തോളം അനുയായികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ. മദീനയിൽ നിന്ന് അവർ പുറപ്പെട്ടുകഴിഞ്ഞു.


വഴിയിൽ വച്ചു പല ഗോത്രക്കാരും അവരോടു ചേർന്നുകൊണ്ടിരുന്നു. മുസ്ലിം സംഘത്തിന്റെ വലുപ്പം വർധിച്ചുകൊണ്ടിരുന്നു. ആ വലിയ സംഘം ജുഹ്ഫ എന്ന സ്ഥലത്തെത്തി.


അബ്ബാസ്(റ) കുടുംബാംഗങ്ങളോടൊപ്പം മക്കയിൽ നിന്നുവരുന്ന വഴി ജുഹ്ഫയിലെത്തി. വമ്പിച്ച മുസ്ലിം സംഘത്തെ കണ്ട് അവർ അമ്പരന്നു.


അബ്ബാസ്(റ) കുടുംബാംഗങ്ങളെ മദീനയിലേക്കയച്ചു. ആ സ്വഹാബിവര്യൻ മുസ്ലിം സംഘത്തോടൊപ്പം മക്കയിലേക്കു പോന്നു. അബ്ദുൽ മുത്വലിബിന്റെ പൗത്രനായ അബൂസുഫ്യാൻ, അബ്ദുല്ലാഹിബ്നു അബൂഉമയ്യ എന്നിവരും ഇതേ ഘട്ടത്തിൽ പ്രവാചകനോടു (ﷺ) ചേർന്നു.


അബ്ബാസ്(റ) വിനെ മുമ്പേ പറഞ്ഞയച്ചു. ഖുറയ്ശികളുടെ നീക്കം അറിയാനായിരുന്നു ഇത്. ഇതിനിടയിൽ ഖുറയ്ശികൾ മുസ്ലിംകളുടെ ആഗമനത്തെക്കുറിച്ചറിഞ്ഞു. വിശദ വിവരങ്ങളറിഞ്ഞുവരാൻവേണ്ടി മൂന്നു പ്രമുഖ നേതാക്കളെ നിയോഗിച്ചു. അബൂസുഫ്യാൻ, ഹകീം, ബുദയ്തൽ.


ഈ ദൂതന്മാരുടെ രഹസ്യ നീക്കങ്ങൾ അബ്ബാസ് (റ) വീക്ഷിച്ചു.

അബൂസുഫ്യാനെ അബ്ബാസ്(റ) പിടികൂടി. ഇരുവരും കൂട്ടുകാരാണ്. സ്നേഹത്തോടെ സംസാരിച്ചു.


“വരൂ, നമുക്കു പ്രവാചകനെ (ﷺ) കാണാം. നിങ്ങൾ എന്റെ സംരക്ഷണത്തിലാണ്.” - അബ്ബാസ് (റ) പറഞ്ഞു.


അബ്ബാസ്(റ)വിന്റെ കൂടെ അബൂസുഫ്യാനെ കണ്ടപ്പോൾ ഉമർ(റ) രോഷത്തോടെ എഴുന്നേറ്റു. “ഞാനിവന്റെ തലയെടുക്കാം, എന്നെ അനുവദിക്കൂ.” ഉമർ (റ) അഭ്യർത്ഥിച്ചു.


“ഇല്ല, ഞാൻ അദ്ദേഹത്തിന് അഭയം നൽകിയിരിക്കുന്നു.” അബ്ബാസ് (റ) പറഞ്ഞു.


അന്നു രാത്രി അബൂസുഫ്യാൻ അബ്ബാസ്(റ)വിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു. പിറ്റേന്ന് അബ്ബാസ് (റ) അബൂസുഫിയാനെയും കൊണ്ടു പ്രവാചകന്റെ (ﷺ) സന്നിധിയിലെത്തി. 


റസൂൽ (ﷺ) ചോദിച്ചു: “ലാ ഇലാഹ ഇല്ലല്ലാഹ് എന്നു സമ്മതിക്കാൻ താങ്കൾക്കിനിയും സമയമായില്ലേ..?”


“ലാഇലാഹ ഇല്ലല്ലാഹ് എന്നു ഞാൻ സമ്മതിക്കുന്നു.” - അബൂസുഫ്യാൻ മറുപടി നൽകി.


“ഞാൻ അല്ലാഹുﷻവിന്റെ റസൂലാണെന്നു വിശ്വസിക്കാൻ സമയമായില്ലേ..?” 


-പ്രവാചകൻ (ﷺ) വീണ്ടും ചോദിച്ചു.


“അക്കാര്യത്തിൽ സംശയമുണ്ട്.” -അബൂസുഫ്യാൻ പറഞ്ഞു...


“ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർറസൂലുല്ലാഹ് എന്നു താങ്കൾ സാക്ഷ്യം വഹിക്കൂ..!” അബ്ബാസ്(റ) ഉപദേശിച്ചു.


അബൂസുഫ്യാൻ മനസുകൊണ്ടു വിശ്വസിച്ചുകഴിഞ്ഞിരുന്നു. 


അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ ഉടനെ ഇസ്ലാംമതം സ്വീകരിച്ചു. ഹകീമും ബുദയ്ലും...


“അബൂസുഫ്യാൻ സ്ഥാനമാനങ്ങൾ കൊതിക്കുന്ന ആളാണ്. അദ്ദേഹത്തിന് എന്തെങ്കിലും പദവി നൽകണം...” അബ്ബാസ് (റ) പ്രവാചകനോടു (ﷺ) പറഞ്ഞു.


“അബൂസുഫ്യാൻ, താങ്കൾ മക്കയിൽ ചെന്ന് ഇങ്ങനെ വിളിച്ചു പറയണം ഖുറയ്ശികളേ, സ്വന്തം വീടുകളിൽ വാതിലടച്ച് അടങ്ങിയിരിക്കുന്നവർക്ക് അഭയമുണ്ട്. മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചവർക്കും അഭയമുണ്ട്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവർക്കും അഭയമുണ്ട്.”


അബൂസുഫ്യാൻ മക്കയിലെത്തി. പറഞ്ഞതുപോലെ വിളിച്ചു പറഞ്ഞു. ആളുകൾ സ്വന്തം വീടുകളിൽ അഭയം പ്രാപിച്ചു. ചിലർ മസ്ജിദുൽ ഹറാമിലെത്തി. മറ്റൊരു കൂട്ടർ അബൂസുഫ്യാന്റെ വീട്ടിലെത്തി. സംഘർഷം ഒഴിവാക്കുക.രക്തച്ചൊരിച്ചിൽവേണ്ട...


“അബൂസുഫ്യാനെ ആ കുന്നിനു മുകളിൽ തടഞ്ഞുവയ്ക്കുക. മുസ്ലിം ശക്തി അദ്ദേഹം കാണട്ടെ. അറിയട്ടെ.” നബി ﷺ തങ്ങൾ പറഞ്ഞു.


അബൂസുഫ്യാന്റെ മുമ്പിലൂടെ മുസ്ലിംകൾ ഒഴുകി. അൻസാറുകളും മുഹാജിറുകളും. എന്തൊരു പ്രവാഹം!


എന്തുമാത്രം അനുയായികൾ..!


“ഇന്ന് അല്ലാഹു ﷻ കഅ്ബയെ ആദരിക്കുന്ന ദിവസമാണ്.


പ്രവാചകൻ ﷺ പ്രഖ്യാപിച്ചു. ഹുജ്നു മലയുടെ മുകളിൽ മുസ്ലിംകൾ കൊടി നാട്ടി. മക്കക്കാർക്കു മുഴുവൻ അതു കാണാം. ഇസ്ലാമിന്റെ അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും ചിഹ്നമായി പതാക മക്കയുടെ നെറുകയിൽ പറക്കുന്നു.


ആ കുന്നിൻ നെറുകയിൽ വച്ചു അനുയായികളെ നാലായി ഭാഗിച്ചു. 


ഒരു വിഭാഗത്തെ സുബയർ ബ്നുൽ അവ്വാം (റ) നയിക്കും. 

രണ്ടാം വിഭാഗത്തെ ഖാലിദ് ബ്നുൽ വലീദ് (റ) നയിക്കും. 

അൻസാറുകളെ സഅ്ദ് ബ്നു ഉബാദ (റ) നയിക്കും. 

മുഹാജിറുകളുടെ നേതൃത്വം അബൂഉബയ്ദ (റ) വഹിക്കും.


വടക്കു ഭാഗത്തുകൂടി മക്കയിൽ പ്രവേശിക്കാൻ സുബൈർ(റ)വിന് അനുവാദം കിട്ടി. മക്കയുടെ താഴ്ഭാഗത്തുകൂടി ഖാലിദ് (റ) പ്രവേശിക്കും. സഅദ് ബ്നു ഉബാദ (റ) പടിഞ്ഞാറു ഭാഗത്തു കൂടി പ്രവേശിക്കും. അബൂ ഉബയ്ദ (റ) കിഴക്കു ഭാഗത്തുകൂടി പ്രവേശിക്കും.


മക്കയുടെ എല്ലാ ഭാഗത്തുകൂടിയും മുസ്ലിംകൾ പ്രവഹിക്കും. അത്യപൂർവമായ ഒരു കാഴ്ചയായിരിക്കും അത്. മക്കയെ

ചുറ്റി നിൽക്കുന്ന മലനിരകൾ തക്ബീർ ധ്വനികളാൽ മുഖരിതമാകും. 


ആരെയും ഉപദ്രവിക്കരുത്. രക്തം ചിന്താൻ ഇടവരരുത്. പ്രവാചകൻ ﷺ കൽപിച്ചു. പ്രതികാരചിന്തകളില്ല. അഹംഭാവമില്ല. വിനീതരായി, ഭക്തിനിർഭരമായ ഹൃദയങ്ങളുമായി സത്യവിശ്വാസികൾ പ്രവഹിക്കുന്നു. 


മക്കക്കാർ വീടുകളിൽ അടങ്ങിയിരുന്നു. അവർ സുരക്ഷിതരാണ്. മസ്ജിദുൽ ഹറമിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്. അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവരും സുരക്ഷിതരാണ്.


ഹുജുനിൽ ആണ് നബിﷺതങ്ങൾ വിശ്രമിച്ചിരുന്നത്. അവിടെ നിന്നു മക്കയിൽ പ്രവേശിക്കാനുള്ള കൽപന നൽകി.


പത്നിമാരായ ഉമ്മുസലമ(റ)യും മയ്മൂന(റ)യും തമ്പിൽ വിശ്രമിച്ചു. നബി ﷺ അബൂബക്ർ(റ)വിന്റെ കൂടെ കഅ്ബ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും എല്ലാ ഭാഗത്തുകൂടെയും സത്യവിശ്വാസികൾ അങ്ങോട്ട് ഒഴുകുകയായി. ഖുറയ്ശികൾ അത്ഭുതത്തോടെ അതു നോക്കിനിന്നു.



Part : 216


മക്കയിൽ വിജയക്കൊടി 


മുസ്ലിംകളെ ബലംപ്രയോഗിച്ച് എതിർക്കുന്നതു ഫലപ്രദമാവില്ലെന്നു ഖുറയ്ശികൾ മനസ്സിലാക്കി. അവർ അതിന് ഒരുങ്ങിയില്ല. മക്കാപട്ടണം മുസ്ലിംകളുടെ കരങ്ങളിലേക്കു നീങ്ങുകയാണ്. തടയാനൊക്കില്ല. വേദനയോടെ അതിനു സാക്ഷ്യം വഹിക്കാനേ കഴിയുകയുള്ളൂ.


മുസ്ലിംകൾ നീതിമാന്മാരും വിശ്വസ്തരും സത്യസന്ധരുമാണെന്ന് ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നവർ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ കരങ്ങളിൽ പെടുന്നതുകൊണ്ടു നാടിനു യാതൊരു കുഴപ്പവും വരില്ലെന്ന് അവർക്കറിയാം. 


എല്ലാം ചരിത്രനിയോഗം. അല്ലാഹുﷻവിന്റെ വിധി. പക്ഷേ, ചിലർക്കത് ഉൾക്കൊള്ളാനായില്ല. സൈനിക നടപടിതന്നെ വേണമെന്നു ഖുറൈശികളിൽ ചിലർക്കു വാശി. സഫ് വാൻ, സുഹയ്ൽ, ഇക് രിമത്. എന്നീ മൂന്നു ഖുറയ്ശി പ്രമുഖന്മാർക്കാണു യുദ്ധം കൂടിയേ തീരൂ എന്ന ശാഠ്യം...


യാതൊരു എതിർപ്പും കൂടാതെ മുസ്ലിംകൾ മക്കയിൽ പ്രവശിക്കുക. അവർക്കത് ഓർക്കാൻ കൂടി വയ്യ. പെട്ടെന്നൊരു ചെറുസംഘത്തെ സജ്ജമാക്കി. ഖാലിദ്(റ)വിന്റെ നേതൃത്വത്തിൽ വന്ന വിഭാഗത്തെയാണ് അവർ നേരിട്ടത്. ചെറുതായി ചെറുത്തുനിൽപുണ്ടായി. ശത്രുക്കൾക്കു പെട്ടെന്നു പിന്തിരിഞ്ഞോടേണ്ടതായി വന്നു. അവരുടെ കൂട്ടത്തിൽ പതിമൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടു മുസ്ലിംകൾ ശഹീദായി...


ശത്രുക്കൾ ഓടിമറഞ്ഞു. മുസ്ലിംകൾ മുന്നേറി. നബിﷺതങ്ങൾ കഅ്ബയിൽ പ്രവേശിച്ചു. എന്താണവിടെ കണ്ട കാഴ്ച..?


തൗഹീദിന്റെ കേന്ദ്രത്തിൽ ബിംബങ്ങൾ..! മുന്നൂറ്റി അമ്പതോളം വരും. നബി ﷺ വടി ചൂണ്ടുമ്പോൾ ബിംബങ്ങൾ ഓരോന്നായി മറിഞ്ഞുവീഴുന്നു. നഖ്ലത്തിൽ സ്ഥാപിക്കപ്പെട്ട ഖുറയ്ശികളുടെ വലിയ വിഗ്രഹമാണ് ഉസ്സ. അതിനെ തല്ലിത്തകർക്കുവാൻ ഖാലിദ്(റ)വിനോടു കൽപിച്ചു.


എത്രയോ കാലമായി ആദരവോടെ ആരാധിച്ചുവന്ന ആ വലിയ ബിംബം തകർത്തു തരിപ്പണമാക്കപ്പെട്ടു. ഇനി ഉസ്സയില്ല. ഉസ്സക്ക് ആരാധനയില്ല.

ഉസ്സയുടെ കാലം കഴിഞ്ഞു. ഉസ്സ തകർന്നു പൊടിപടലമായപ്പോൾ സത്യവിശ്വാസികൾ തക്ബീർ മുഴക്കി.


ശിർകിന്റെ വലിയ അടയാളം മായ്ക്കപ്പെട്ടു. ഹുദയ്ൻ വർഗക്കാരുടെ വലിയ ബിംബമാണ് സുവാഅ്.


അതിനെ തകർത്തു തരിപ്പണമാക്കാൻ അംറ് ബ്നുൽ ആസ്(റ)വിനെ ചുമതലപ്പെടുത്തി. തലമുറകൾ ആരാധിച്ചുവന്ന സുവാഅ് പൊടിപടലമായി മാറി.


മറ്റൊരു വലിയ ബിംബമാണ് മനാത്ത. സഅദ് ബ്നു സയ്ദ്(റ)വിനോട് അതിനെ തകർക്കാൻ കൽപിച്ചു. നിമിഷങ്ങൾക്കകം മനാത്തയും പൊടിപടലമായി മാറി.


ലാത്തയും ഉസ്സയും ഹുബ് ലും മറ്റെല്ലാ ചെറുവിഗ്രഹങ്ങളും ഒന്നായി നശിപ്പിക്കപ്പെട്ടു. കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ശിർകിന്റെ യാതൊരു ചിഹ്നവും ഇനി ബാക്കിയില്ല. തൗഹീദിന്റെ ശബ്ദം മാത്രമേ ഇനി മുഴങ്ങുകയുള്ളു...



Part : 217


നബിﷺതങ്ങൾ കഅ്ബയുടെ അകത്തുവച്ചു രണ്ടു റക്അത്ത് നിസ്കരിച്ചു. അല്ലാഹുതആല ചെയ്തുതന്ന മഹത്തായ അനുഗ്രഹങ്ങൾക്കു നന്ദി...


പിന്നെ അവിടെ നിന്നെഴുന്നേറ്റു. ചരിത്രമുറങ്ങുന്ന ഇബ്റാഹീം മഖാമിലേക്കു നടന്നുവന്നു. പതിനായിരങ്ങൾ നോക്കിനിൽക്കെ അവിടെവച്ചും രണ്ടു റക്അത്തു നിസ്കരിച്ചു. എഴുന്നേറ്റു നിന്നു. വമ്പിച്ച ജനാവലിയെ നോക്കി.

എന്നിട്ടു ചരിത്ര പ്രസിദ്ധമായ പ്രസംഗം നിർവഹിച്ചു. സദസ്സിൽ മുസ്ലിംകളോടൊപ്പം ധാരാളം മുശ്രിക്കുകളുമുണ്ടായിരുന്നു. 


അവരെ നോക്കി നബിﷺതങ്ങൾ പറഞ്ഞു: “അല്ലാഹു ﷻ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല. അവനു പങ്കുകാരില്ല. അവൻ നമുക്കുതന്ന വാഗ്ദാനം പാലിച്ചിരിക്കുന്നു. അല്ലാഹു ﷻ അവന്റെ ദാസന്മാരെ സഹായിച്ചിരിക്കുന്നു. അവൻ ശത്രുക്കളെ മുഴുവൻ പരാജയപ്പെടുത്തി. ജനങ്ങളേ, അറിഞ്ഞുകൊള്ളുക.


പ്രതാപത്തിന്റെ പേരിലുള്ള എല്ലാ മത്സരങ്ങളും പുരാതന കാലം മുതൽക്കുള്ള പ്രതികാരങ്ങളും രക്തച്ചൊരിച്ചിലിന്റെ പേരിലുള്ള പകയും ഞാനിതാ എന്റെ കാലിനടിയിൽ ചവിട്ടിത്താഴ്ത്തുന്നു.


ഖുറയ്ശി സമൂഹമേ.., ജാഹിലിയ്യാ കാലത്തെ എല്ലാ കുല മഹിമകളും ഇന്നത്തോടെ അവസാനിച്ചിരിക്കുന്നു. അല്ലാഹു ﷻ അതെല്ലാം മായ്ച്ചുകളഞ്ഞിരിക്കുന്നു. എല്ലാവരും ആദം നബി(അ)ന്റെ മക്കളാകുന്നു. ആദം നബി(അ) മണ്ണിൽ നിന്നാണു സൃഷ്ടിക്കപ്പെട്ടത്.”


അവിടുന്ന് (ﷺ) വിശുദ്ധ ഖുർആൻ വചനം ഉദ്ധരിച്ചു: “ജനങ്ങളേ, നിങ്ങളെ നാം ഒരാണിൽനിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിച്ചു. പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി നാം നിങ്ങളെ ഖബീലകളും കുടുംബങ്ങളുമാക്കിത്തിരിച്ചു. എന്നാൽ തഖ് വ (ഭക്തി) യുള്ളവരാണ് അല്ലാഹുﷻവിങ്കൽ ഏറ്റവും ആദരണീയർ.”


ഇസ്ലാമിലെ വിധിവിലക്കുകളെക്കുറിച്ചു കൂടി സൂചിപ്പിച്ചു. ഖുറയ്ശി കുലത്തിലെ ക്രൂരന്മാർ അവിടെ കൂടി നിൽപ്പുണ്ട്.


മുസ്ലിംകൾക്കെതിരെ അവർ നടത്തിയ ക്രൂരമായ ആക്രമണങ്ങൾക്കു കണക്കില്ല. അവർ ഇന്നു ദുർബലരാണ്. നബിﷺതങ്ങൾ ശക്തനുമാണ്.

എന്തു പ്രതികാരവും ചെയ്യാൻ ശക്തിയുണ്ട്. മരണം വിധിക്കാം,

എതിർക്കാൻ ശക്തിയില്ല. വിധി കാത്തുനിൽക്കുകയാണവർ.


“ഖുറയ്ശികളേ, നിങ്ങളുടെ കാര്യത്തിൽ ഞാൻ എന്തു തീരുമാനം എടുക്കുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്..?” നബി ﷺ ഖുറയ്ശികളെ നോക്കി ചോദിച്ചു.


അവർ ഇങ്ങനെ മറുപടി പറഞ്ഞു: “താങ്കൾ മാന്യനായ സഹോദരനാണ്. മാന്യനായ സഹോദരന്റെ പുത്രനും.” 


ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: “ഇന്നത്തെ ദിവസം നിങ്ങൾക്കെതിരെ യാതൊരു പ്രതികാര നടപടിയുമില്ല. നിങ്ങൾ സ്വതന്ത്രരാണ്. പിരിഞ്ഞുപോകാം. അല്ലാഹു ﷻ നിങ്ങൾക്കു പൊറുത്തുതരട്ടെ..!”


അവർ ഞെട്ടിപ്പോയി. ഇതിനെക്കാൾ മാന്യമായൊരു പെരുമാറ്റം ഒരു മനുഷ്യനിൽ നിന്നു പ്രതീക്ഷിക്കാനില്ല. പിൻപറ്റാൻ കൊള്ളാവുന്ന ഏറ്റവും

നല്ല മനുഷ്യൻ ഇതുതന്നെ.അവർ കൂട്ടത്തോടെ ഇസ്ലാമിലേക്കു കടന്നുവരുന്ന രോമാഞ്ചജനകമായ കാഴ്ചയാണു പിന്നെ കണ്ടത്...


മദീനയിലേക്കു ഹിജ്റ പോയ മുഹാജിറുകളുടെ സ്വത്തുക്കൾ ഖുറയ്ശികൾ അധീനപ്പെടുത്തിയിരുന്നു. അവ തിരിച്ചുവാങ്ങാനുള്ള നടപടിയൊന്നും സ്വീകരിച്ചില്ല. 


പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “മുഹാജിറുകളേ, ആ സ്വത്തിന്മേലുള്ള നിങ്ങളുടെ അവകാശം അവർക്കു വിട്ടുകൊടുക്കുക.”


ഇതു കേട്ടു ഖുറയ്ശികൾ സ്തബ്ധരായിപ്പോയി. അവർ ആവേശത്തോടെ വിളിച്ചു പറഞ്ഞു: അങ്ങു സത്യത്തിൽ അല്ലാഹുﷻവിന്റെ ദൂതൻ തന്നെയാണ്. അങ്ങു പറയുന്നതെല്ലാം സത്യമാണ്. അതൊരു രാജാവല്ല.


പറഞ്ഞു തീർന്നപ്പോൾ പലരും കരഞ്ഞുപോയി. വികാരഭരിതമായ രംഗം. ഖുറയ്ശികൾ കൂട്ടത്തോടെ ഇസ്ലാമിലേക്കു വന്നുകൊണ്ടിരുന്നു.


ശഹാദത്തു കലിമയുടെ മധുര ധ്വനികൾ. ആവേശം അലതല്ലിയ നിമിഷങ്ങൾ...


അബൂസുഫ്യാന്റെ മകൻ മുആവിയ ഇസ്ലാംമതം സ്വീകരിച്ചു. അബൂഖുഹാഫ ഇസ്ലാംമതം സ്വീകരിച്ചു.


കഅ്ബാലയം ശുദ്ധീകരിക്കപ്പെട്ടു. ചുമരിലെ ചിത്രങ്ങളും മായ്ച്ചുകളഞ്ഞു. അറേബ്യ ഇസ്ലാമിന്റെ വൻകരയായി മാറുകയാണ്...



Part : 218


കഅ്ബയുടെ താക്കോൽ 


മക്കാവിജയത്തിന്റെ നിറപ്പകിട്ടാർന്ന ഓർമകൾ.


മുസ്ലിംകൾ ഹറമിലേക്കു കൂലം കുത്തി ഒഴുകിവന്ന സുദിനം...


തിരുനബിﷺയുടെ ഭാവം. വിനയത്തിന്റെ പ്രതീകം. പ്രവാചകന്റെ (ﷺ) ശിരസ്സു കുനിഞ്ഞിരിക്കുന്നു. എല്ലാവരും അത്ഭുതത്തോടെ നോക്കി. താടിരോമങ്ങൾ ഒട്ടകപ്പുറത്തു സ്പർശിക്കുന്നു. ഉസാമ(റ) എന്ന യുവസ്വഹാബിയാണു സഹസഞ്ചാരി. മോചനം നൽകപ്പെട്ട അടിമയുടെ പുത്രൻ. സയ്ദ് (റ)വിന്റെ മകൻ.


ഉസാമ(റ)വിന്റെ മഹാഭാഗ്യം. പ്രവാചകനോടൊപ്പം (ﷺ) ഒരേ വാഹനത്തിൽ സഞ്ചരിക്കാനുള്ള സൗഭാഗ്യം. പ്രവാചകൻ ﷺ കഅ്ബാലയത്തിനു മുമ്പിൽ എത്തിയപ്പോൾ പലരും അവിടെ കൂടിനിൽപ്പുണ്ടായിരുന്നു. അവരിൽ ഒരാൾ പെട്ടെന്നു പ്രവാചകൻ ﷺ യുടെ ദൃഷ്ടിയിൽ പെട്ടു. അതോടെ അയാൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി...


പ്രവാചകൻ ﷺ അയാളെ ഇങ്ങനെ ആശ്വസിപ്പിച്ചു: “പേടിക്കരുത്, ഞാൻ രാജാവല്ല. ഉണക്കയിറച്ചി ഭക്ഷിച്ചിരുന്ന ഒരു ഖുറയ്ശി സ്ത്രീയുടെ മകനാണു ഞാൻ...” 


അതു കേട്ടപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശം പരന്നു. ഭയം അടങ്ങി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമാണു

പ്രവാചകൻ (ﷺ) എന്നു ബോധ്യം വന്നു.


അതുപോലെ എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!!


പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം.


ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..?


നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു. 


ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹയോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!” 


പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.”


ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.”


ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.”


ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം...


ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...



Part : 219



നബി ﷺ വളരെ ശാന്തനായി മുന്നോട്ടു നടന്നു. നേരെ മുമ്പിൽ ഉസ്മാൻ ബ്നു ത്വൽഹ നിൽക്കുന്നു. അദ്ദേഹത്തിന്റെ കൈവശമാണു കഅ്ബയുടെ താക്കോൽ...


“ഉസ്മാൻ, കഅ്ബാലയത്തിന്റെ താക്കോൽ തരൂ...”


യാതൊരു മടിയും കൂടാതെ ഉസ്മാൻ പുണ്യഭവനത്തിന്റെ താക്കോൽ എടുത്തു നീട്ടി. നബി ﷺ വിനയപൂർവം താക്കോൽ വാങ്ങി.


പ്രവാചകൻ ﷺ താക്കോലുമായി കഅ്ബാ ശരീഫിന്റെ വാതിലിന്റെ മുന്നിലെത്തി. അപ്പോൾ അവിടെ നല്ല ജനത്തിരക്കായിരുന്നു. ഉസ്മാനും ആ തിരക്കിൽ പെട്ടു.


കഅ്ബാലയത്തിൽ നിന്നു തിരിച്ചിറങ്ങിയപ്പോൾ പ്രവാചകൻ ﷺ യുടെ നയനങ്ങൾ ഉസ്മാനെ തിരയുകയായിരുന്നു. ഇതിനിടയിൽ അലി(റ) നബി ﷺ യുടെ സമീപം ചെന്ന് ഇങ്ങനെ അപേക്ഷിച്ചു: “ഇനി ആ താക്കോൽ ഞങ്ങളെ ഏൽപിച്ചാലും.”


ആ അപേക്ഷ നിരസിക്കപ്പെട്ടു. താക്കോൽ നൽകിയില്ല. അപ്പോഴും

ആ കണ്ണുകൾ ഉസ്മാനെ തിരയുകയായിരുന്നു...


“ഉസ്മാൻ ബ്നു ത്വൽഹ എവിടെ..?” പ്രവാചകൻ ﷺ ചോദിച്ചു.


“ഞാനിതാ ഇവിടെയുണ്ട്.” ഉസ്മാൻ ബ്നു ത്വൽഹയുടെ ശബ്ദം. ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹം തിക്കിത്തിരക്കി മുന്നോട്ടു വരികയാണ്.


വളരെ പാടുപെട്ട് അദ്ദേഹം നബി ﷺ യുടെ മുന്നിലെത്തി. അപ്പോൾ പ്രവാചകൻ ﷺ ഇങ്ങനെ പറഞ്ഞു: “ഉസ്മാൻ, ഇതു നന്മയുടെ ദിവസമാണ്. വാഗ്ദത്ത പാലനത്തിന്റെ ദിവസമാണ്. പുണ്യഭവനത്തിന്റെ താക്കോൽ ഞാൻ നിങ്ങളെത്തന്നെ ഏൽപിക്കുന്നു. നിങ്ങൾ തന്നെ ഇതു സൂക്ഷിക്കുക. ബലം പ്രയോഗിച്ച് ആരെങ്കിലും ഇത് അധീനപ്പെടുത്താൻ ശ്രമിച്ചാൽ അവൻ അക്രമി തന്നെ."


ഈ വാക്കുകൾ ഉസ്മാൻ ബ്‌നു ത്വൽഹയുടെ മനസ്സിന്റെ അടിത്തട്ടിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി. കരങ്ങൾ വിറച്ചു. പ്രവാചകൻ ﷺ നീട്ടിയ താക്കോൽ വിറയാർന്ന കരങ്ങൾകൊണ്ട് ഏറ്റുവാങ്ങി.


ഉസ്മാൻ ബ്‌നു ത്വൽഹക്കും കുടുംബത്തിനും അതൊരു വലിയ പദവി തന്നെയായിരുന്നു. പുണ്യ പ്രവാചകൻ ﷺ നൽകിയ മഹത്തായ പദവി. ആ പദവി തലമുറകളിലേക്കു പടർന്നുവന്നു. മക്കക്കാർ ഉസ്മാൻ ബ്നു ത്വൽഹയെക്കുറിച്ച് അഭിമാന പൂർവം സംസാരിച്ചു...


ജാഹിലിയ്യ കാലത്തെ അറബികൾ അദ്ദേഹത്തിന്റെ അവകാശം അംഗീകരിച്ചുകൊടുത്തിരുന്നു. താക്കോലിന്റെ അവകാശി എന്ന നിലയിൽ പുറംനാടുകളിൽ നിന്നും വരുന്നവരും അദ്ദേഹത്തെ ആദരിച്ചുപോന്നു.


ഇപ്പോഴിതാ പുണ്യപ്രവാചകൻ ﷺ അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു. അങ്ങനെ ഉസ്മാൻ ബ്നു ത്വൽഹ എന്ന ഖുറയ്ശി പ്രമുഖൻ ചരിത്രത്തിൽ സ്ഥാനം പിടിച്ചു...



(((( പ്രാചീന അറബ് ചരിത്രത്തില്‍ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരെപറ്റി പ്രാധാന്യപൂര്‍വം പറയുന്നുണ്ട്. പ്രവാചകന്റെ ആഗമനകാലത്ത് അബ്ദുദ്ദാര്‍ എന്ന വ്യക്തിയായിരുന്നു ആ സ്ഥാനം അലങ്കരിച്ചിരുന്നത്. 


ഖുറൈശികള്‍ വല്ല ആവശ്യങ്ങള്‍ക്കുംവേണ്ടി ഒരുമിച്ചുകൂടുമ്പോള്‍ അബ്ദുദ്ദാര്‍ കുടുംബത്തിലെ ആമിര്‍ബിന്‍ ഹാശിം അവര്‍ക്ക് കഅ്ബ തുറന്നുകൊടുത്തിരുന്നു. അബ്ദുദ്ദാറിന്റെ കുടുംബത്തിനായിരുന്നു ആ അവകാശം. പിന്നെ യഥാക്രമം അബ്ദുദ്ദാറിന്റെ മകന്‍ ഉസ്മാന്റെ മക്കളായ അബ്ദുല്‍ ഉസ്സ, ശേഷം അയാളുടെ മകന്‍ അബൂ ത്വല്‍ഹ അബ്ദുല്ലയും, പിന്നീട്  അയാളുടെ മകന്‍ ത്വല്‍ഹയും ശേഷം അയാളുടെ മകന്‍ ഉസ്മാൻ എന്നിവരും ഈ സ്ഥാനം ഏറ്റെടുത്തു നടത്തി. മക്കാവിജയ ദിവസം നബി(സ) ഉസ്മാനുബ്‌നു ത്വല്‍ഹയില്‍ നിന്ന് താക്കോല്‍ വാങ്ങി കഅ്ബ തുറന്നു. കഅ്ബയില്‍നിന്ന് പുറത്തുവരുമ്പോള്‍ നബിയുടെ കയ്യിലായിരുന്നു താക്കോല്‍.


ആ സന്ദര്‍ഭത്തില്‍ അബ്ബാസ്ബ്‌നു അബ് ദുല്‍ മുത്തലിബ് (മറ്റൊരഭിപ്രായത്തില്‍ അലിയ്യുബ്‌നു അബൂത്വാലിബ്) നബിയോട് കഅ്ബയ്ക്ക് ഒരു സൂക്ഷിപ്പുകാരനെ നിശ്ചയിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) ഉസ്മാൻബ്‌നു ത്വല്‍ഹയെ വിളിച്ചു താക്കോല്‍ അദ്ദേഹത്തെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു: ‘ഇത് നിങ്ങള്‍ എന്നെന്നേക്കുമായി സൂക്ഷിക്കുക. അക്രമി മാത്രമേ നിങ്ങളില്‍ നിന്ന് ഇത് പിടിച്ചുവാങ്ങുകയുള്ളൂ.’ 


ഉസ്മാന്‍ബിന്‍ ത്വല്‍ഹ മദീനയിലേക്ക് പോയപ്പോള്‍ തന്റെ പിതൃസഹോദരപുത്രനായ ശയ്ബബ്‌നു ഉസ്മാനെ താക്കോലേല്‍പ്പിക്കുകയും അദ്ദേഹം കഅ്ബയെ സേവിക്കുകയും ചെയ്തു. അദ്ദേഹവും ഉസ്മാന്റെ പുത്രനും കുറെക്കാലം ഈ സ്ഥാനം അലങ്കരിച്ചു. പിന്നെ ഉസ്മാന്റെ പുത്രന്‍ ത്വല്‍ഹ അയാളുടെ മകനായ മസാഫിഹ് എന്നിവര്‍ മദീനയില്‍ വരികയും കുറെക്കാലം അവര്‍ ഈ ഉത്തരവാദിത്വം നടത്തുകയും ചെയ്തു. അതുപോലെ ഇവരുടെ പിതൃസഹോദര പുത്രന്മാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ഉസ്മാന്‍ബിന്‍ ത്വല്‍ഹ (ഹി: 42)


ഇദ്ദേഹം ബനൂ അബ്ദുദ്ദാറില്‍പെട്ട സ്വഹാബി ആയിരുന്നു. ഇദ്ദേഹം കഅ്ബയുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്നു. ഹുദൈബിയ്യാ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖാലിദുബ്‌നുല്‍ വലീദിനോടൊപ്പം ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. മക്കാ വിജയത്തിന് ഇദ്ദേഹം സാക്ഷിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തേയും തന്റെ പിതൃസഹോദരപുത്രനായ ശൈബയെയും നബി(സ) കഅ്ബയുടെ താക്കോല്‍ ഏല്പിച്ചു. ഇപ്രകാരം ഉസ്മാനുബ്‌നു ത്വല്‍ഹയുടെയും ശൈബയുടെയും മക്കളാണ് പിന്നീട് കഅ്ബയുടെ താക്കോല്‍ സൂക്ഷിച്ചിരുന്നത്.


സാദിന്‍


കഅ്ബാലയത്തിന്റെ സൂക്ഷിപ്പുകാരനെ ‘സാദിന്‍’ എന്നു പറയുന്നു. വിശുദ്ധ ഗേഹത്തിന്റെ പരിപാലനത്തിനുള്ള പൂര്‍ണ അവകാശം സാദിനില്‍ നിക്ഷിപ്തമാണ്. ഇബ്‌റാഹീം നബിയുടെ കാലം മുതല്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണീ അവകാശം. പുരാതനകാലത്ത് കഅ്ബയുടെ പരിപാലകന്‍ മക്കയുടെ ഭരണാധികാരി കൂടിയായിരുന്നു. മക്കാനിവാസികളും ഹജ്ജിനെത്തുന്ന തീര്‍ഥാടകരും കഅ്ബയുടെ സാദിന്റെ പരമാധികാരം അംഗീകരിച്ചിരുന്നു.


പില്‍ക്കാലത്ത് ഈ അധികാരങ്ങളും അവകാശങ്ങളും മക്കയിലെ വിവിധ കുടുംബങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. കഅ്ബയുടെ സാദിന്‍ താക്കോല്‍ സൂക്ഷിപ്പുകാരനും പരിപാലകനും മാത്രമായി. ശൈബയുടെ പിന്തുടര്‍ച്ചക്കാരായ മക്കയിലെ ആലു ശൈബി കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളാണ് അതാതുകാലം കഅ്ബാലയത്തിന്റെ സാദിന്‍ )))



Part : 220


കാരുണ്യത്തിന്റെ മഹാസാഗരം 


കുറെ നാളുകളായി ഹിന്ദ് വലിയ ചിന്താകുഴപ്പത്തിലാണ്. 


കഅബാലയത്തിലെ ബിംബങ്ങളെയെല്ലാം അവർക്കു വലിയ വിശ്വാസമായിരുന്നു. എന്തൊരു പ്രധാന കാര്യം വരുമ്പോഴും ബിംബങ്ങളുടെ അടുത്തു ചെല്ലും. വണങ്ങും. പ്രാർത്ഥിക്കും. ആവശ്യമായി വരുമ്പോൾ ബലിയറുക്കും.


ബദ്റിൽ ബിംബങ്ങളുടെ സഹായമുണ്ടാകുമെന്നാണു കരുതിയത്. ദയനീയമായ പരാജയമാണു സംഭവിച്ചത്. ബദ്ർ യുദ്ധത്തിൽ മുഹമ്മദിനെ (ﷺ) അവന്റെ നാഥൻ സഹായിച്ചു എന്നു പറയുന്നതു കേട്ടു. മുഹമ്മദിന്റെ (ﷺ) വിളി അവന്റെ റബ്ബ് കേട്ടു. മലക്കുകളെ ഇറക്കി സഹായിച്ചു.


ഖുറയ്ശികളുടെ വിളി എന്തേ ബിംബങ്ങൾ കേട്ടില്ലേ..? തന്റെ പ്രിയപ്പെട്ട പിതാവ് ബദ്റിൽ കൊല്ലപ്പെട്ടു. ഹംസയാണ് എന്റെ പിതാവിനെ വധിച്ചത്. പ്രതികാരം കൊണ്ടു തന്റെ രക്തം തിളച്ചു.


എന്തൊരു പ്രതിജ്ഞയാണ് താനെടുത്തത്? മക്കയിലെ പെണ്ണുങ്ങൾ നടുങ്ങിപ്പോയില്ലേ..?


എന്തിനായിരുന്നു അതൊക്കെ? എന്റെ പിതാവേ, അങ്ങു വലിയ ബുദ്ധിമാനായിരുന്നുവല്ലോ? മുഹമ്മദ് (ﷺ) സത്യപ്രവാചകനാണെന്നു കണ്ടെത്താൻ താങ്കൾക്കു കഴിയാതെ പോയതെന്തേ..? 


ബുദ്ധിമാനായ പിതാവേ, ആ സത്യം കണ്ടെത്താൻ കഴിയാതെ പോയതെന്ത്? അങ്ങ് ആ സത്യം കണ്ടെത്തിയിരുന്നെങ്കിൽ..!


എങ്കിൽ, എനിക്കു പ്രതികാരത്തെക്കുറിച്ചു ചിന്തിക്കേണ്ടതായിവരുമായിരുന്നോ..?!


ധീരനായ ഹംസയെ വധിക്കാൻ വഹ്ശിയെ ചുമതലപ്പെടുത്തിയതു ഞാനായിരുന്നു ബാപ്പാ...


രക്തസാക്ഷികളുടെ നേതാവും, അല്ലാഹുﷻവിന്റെ വാളും എന്നു വിശേഷിപ്പിക്കപ്പെട്ട ഹംസയെ ഉഹുദിൽ വധിച്ചു. ആ മയ്യിത്തിനെ ഞാൻ വികൃതമാക്കി. പിശാച് എന്നെക്കൊണ്ടതു ചെയ്യിച്ചു. ഞാനൊരു പിശാചായി മാറി...


എന്റെ പിതാവേ, അങ്ങയുടെ രക്തത്തിന്റെ പ്രതികാരം. അതായിരുന്നു ലക്ഷ്യം. എനിക്കു തെറ്റിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. ഉഹുദിൽ വിജയിച്ച ഉന്മാദത്തോടെ ഞങ്ങൾ മടങ്ങിപ്പോന്നു. അതൊരു വിജയമായിരുന്നില്ലെന്നു വഴിയിൽ വച്ചു തന്നെ ബോധ്യമായി. വിജയം പൂർത്തിയായില്ല. അപൂർണ വിജയവുമായി മടങ്ങി. 


ബാപ്പാ... കഅ്ബയുടെ അകത്തു നാം നാട്ടിയ ബിംബങ്ങളുണ്ടല്ലോ.

അവ ഒരിക്കലും നമ്മെ സഹായിച്ചില്ല.


അവ കല്ലുകളാണെന്നു മുഹമ്മദ് (ﷺ) പറഞ്ഞു. അതു സത്യമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.


ബാപ്പാ... ഉസ്സയെ പിടിച്ചു പൊളിച്ചു കളഞ്ഞിരിക്കുന്നു. ലാത്തയെ തവിടുപൊടിയാക്കിയിരിക്കുന്നു.


എല്ലാ ബിംബങ്ങളും തകർന്നു തരിപ്പണമായിരിക്കുന്നു. സ്വയം രക്ഷയ്ക്കു പോലും അവർക്കു കഴിഞ്ഞില്ല.


പ്രവാചകനും (ﷺ) അനുയായികൾക്കും അടിക്കടി വിജയം. ബിംബങ്ങളുടെ ആളുകൾക്കു പരാജയം...



Part : 221


ബിംബാരാധനയുടെ നാളുകൾ അവസാനിച്ചിരിക്കുന്നു മദ്യപാനത്തിന്റെയും ചൂതാട്ടത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു ഗോത്രവൈരങ്ങളുടെയും കുടുംബ വിരോധങ്ങളുടെയും കാലം പോയി  മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നു ഇനിയും എനിക്ക് ഒളിച്ചിരിക്കാൻ വയ്യ  ഞാനും സത്യത്തിന്റെ പ്രകാശം തേടിപ്പോകുകയാണു ബാപ്പാ .....  


ഈ പ്രകാശത്തിനുനേരെ സഞ്ചരിക്കാൻ അങ്ങേക്കു കഴിഞ്ഞില്ലല്ലോ 

അങ്ങയുടെ സഹോദരനു കഴിഞ്ഞില്ലല്ലോ  അങ്ങയുടെ പുത്രനു കഴിഞ്ഞില്ലല്ലോ ധീരയായ ഹിന്ദ് പൊട്ടിക്കരഞ്ഞുപോയി തേങ്ങിത്തേങ്ങിക്കരഞ്ഞു എനിക്കു മാപ്പു ലഭിക്കുമോ ?ഹംസയുടെ വധത്തിനു ഞാനല്ലേ കാരണക്കാരി ഓർക്കാൻ വയ്യ ആ ദിവസം പ്രവാചകൻ എന്തു മാത്രം വേദനിച്ചിരിക്കണം മാപ്പുലഭിക്കുമോ ?  


അതോ പ്രതികാരം ചെയ്യുമോ ? എന്തും സ്വീകരിക്കാം പ്രവാചകൻ പറയുന്ന പരലോകം അതു തനിക്കുള്ളതാണല്ലോ അവിടെ വിജയിക്കണം ഹിന്ദ് മക്കാനഗരിലെ കുലീന വനിതകളെ വിളിച്ചുകൂട്ടി വനിതകൾ വന്നു തുടങ്ങി  ഇക്രിമതിന്റെ ഭാര്യ പിന്നെ പ്രമുഖരായ വനിതകൾ നാം ബിംബങ്ങളുടെ പിന്നാലെ നടന്നു കാലം കഴിച്ചു  ഒരാൾ പറഞ്ഞു  

ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ ? മറ്റൊരാൾ  ഇനി നമുക്കു രക്ഷയുടെ മാർഗമുണ്ടോ ?


മാർഗം ഒന്നേയുള്ളൂ പ്രവാചകനെ നേരിൽ കാണുക തെറ്റുകൾ ഏറ്റുപറയുക 

മാപ്പു ലഭിക്കുമോ ?


പ്രവാചകൻ ഏറ്റവും മാന്യനായ മനുഷ്യനാണ് ഏറ്റവും മാന്യമായ പ്രവർത്തനം മാത്രമേ പ്രവാചകനിൽ നിന്നു പ്രതീക്ഷിക്കാവൂ  

എന്നാൽ നമുക്കു പുറപ്പെടാംഇപ്പോൾ തന്നെ സമയം വൈകിപ്പോയി  ഹിന്ദ് അവർക്ക് നേതൃത്വം നൽകി എല്ലാവരും പുറപ്പെട്ടു 


മേലാസകലം മൂടിയ വസ്ത്രം ശിരസ്സും മുഖവും വരെ മറച്ചു ആർക്കും അവരെ കണ്ടാൽ മനസ്സിലാവില്ല പാദങ്ങൾ പതറുന്നു കണ്ണുകൾ നിറയുന്നു തിരു സന്നിധിയിലേക്കു സ്ത്രീകളുടെ വരവു കണ്ടപ്പോൾ പുരുഷന്മാർ വഴിമാറി സ്ത്രീകൾക്ക് പ്രവാചകനോടു സംസാരിക്കാൻ അവസരം നൽകി  

എന്തിനാണു നിങ്ങൾ വന്നത് ?


അല്ലാഹു ഏകനാണെന്നും അവനു പങ്കുകാരില്ലെന്നും മുഹമ്മദ് അവന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കാൻ  ഒരാൾ മറുപടി നൽകി  

അല്ലാഹുവിന്റെ റസൂലേ വിവരമില്ലാത്ത കാലത്തു ഞങ്ങൾ പല തെറ്റുകളും ചെയ്തു പോയിട്ടുണ്ട് ഞങ്ങൾക്കു മാപ്പുണ്ടോ 


ഉണ്ട്  


മനസ്സിൽ തണുപ്പു വീണു  

നിങ്ങൾ സത്യം പറയണം വഞ്ചിക്കരുത് ഉടമ്പടി പാലിക്കണം മോഷണം നടത്തരുത് ....പ്രവാചകന്റെ ഉപദേശം തുടരുന്നു  


അല്ലാഹുവിന്റെ റസൂലേ വീട്ടിലെ ചെലവുകൾക്കു പണം തികയാതെ വരുമ്പോൾ ഭർത്താവിന്റെ പക്കൽ നിന്ന് അയാളറിയാതെ ഭാര്യ എന്തെങ്കിലും എടുത്താൽ മോഷണമാകുമോ ? 

ചോദ്യം കേട്ടപ്പോൾ പ്രവാചകനു സംശയം  നീ ആരാണ് ഹിന്ദ് ആണോ ? 

അതെ നിശ്ശബ്ദമായ നിമിഷങ്ങൾ  ഓർമ്മകൾ മനസ്സിനെ നൊമ്പരപ്പെടുത്തിയ നിമിഷങ്ങൾ  


ഉഹ്ദ് രണാങ്കണം ...ഹംസ(റ)വിന്റെ വികൃതമായ ജഡം മറ്റൊന്നും ഓർക്കാതിരിക്കാൻ തിരുനബി(സ) വിഷയം മാറ്റി ചോദിച്ചു 

നിന്റെ കൂടെ ആരാണ്?  


അവരുടെ പേരുകൾ വെളിപ്പെടുത്തി 


അൽഹംദുലില്ലാഹ് 


അല്ലാഹുവിനു സ്തുതി ചില ഉപദേശങ്ങൾ നൽകി സദസ്സു പിരിഞ്ഞു 

ഇക്രിമയുടെ ഭാര്യയുടെ ഭർത്താവിനെ അന്വേഷിച്ചു നടന്നു മുസ്ലിംകളുടെ വാൾമുനയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ഓടുകയായിരുന്നു അദ്ദേഹം നാടുവിട്ടു പോകാനുള്ള പുറപ്പാട് ജിദ്ദാ തുറമുഖത്തുവച്ചു ഇക്രിമയെ ഭാര്യ പിടികൂടി തിരിച്ചു പോകണം

  

നീ എന്നെ കൊല്ലാൻ കൊണ്ടുപോകുകയാണോ ?


ഇക്രിമ പരിഭ്രാന്തനായിരുന്നു  


അല്ല നിങ്ങളെ രക്ഷിക്കാൻ  


എങ്ങനെ? 


നിങ്ങൾക്കിനിയും സത്യം മനസ്സിലായില്ലേ?  


മനസ്സിലായിട്ടെന്തു കാര്യം  സത്യമതം സ്വീകരിക്കൂ നിങ്ങൾക്കു മാപ്പുണ്ട്

  

എനിക്കോ .... മാപ്പോ ....മുഹമ്മദ് എന്നെ വധിച്ചുകളയും

  

അയാൾ വെപ്രാളം കാട്ടി ഭാര്യ ആശ്വസിപ്പിച്ചു സുരക്ഷ ഉറപ്പാണെന്നു ബോധ്യപ്പെടുത്തി തിരുസന്നിധിയിലേക്കുള്ള യാത്രയിൽ ഇടയ്ക്കിടെ അയാളുടെ ആശങ്ക തലപൊക്കി  ഞാൻ വധിക്കപ്പെടും 


ഭാര്യ ഒരുവിധം അയാളെ തിരുസന്നിധിയിലെത്തിച്ചു ദൂരെനിന്നു തന്നെ റസൂൽ (സ) ആ വരവു കണ്ടു 


ഇക്രിമ  


ഇസ്ലാമിന്റെ ബദ്ധവൈരിയായ അബൂജഹ്ലിന്റെ പുത്രൻ പിതാവിനുശേഷം അതിലേറെ ശക്തിയായി ഇസ്ലാമിനെ എതിർത്ത കഠിന ശത്രു അവസാന നിമിഷവും വാൾമുനകൊണ്ടു കണക്കു തീർക്കാൻ തുനിഞ്ഞിറങ്ങിയ ഇക്രിമ 


ഇക്രിമ കടന്നു വരികയാണ്  


നബി  (സ) സന്തോഷപൂർവം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റനിന്നു  

ഇക്രിമയ്ക്കു സ്വാഗതം  .

..

ഇക്രിമ അന്തം വിട്ടു  ഇത് സത്യമോ ,സ്വപ്നമോ ? 


അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് ..... ഇക്രിമ ഇസ്ലാമിന്റെ സത്യസാക്ഷ്യം അംഗീകരിച്ചു  


പിൽക്കാലത്ത് ഇക്രിമ (റ)ഇസ്ലാമിനു മഹത്തായ സേവനങ്ങൾ ചെയ്തു  പിതാവിന്റെ പേരുചേർത്ത് ഇക്രിമതിനെ അഭിസംബോധന ചെയ്യരുതെന്നുവരെ നബി  (സ) സ്വഹാബികളെ ഉപദേശിച്ചു കാരുണ്യത്തിന്റെ മഹാസാഗരം മക്കാവിജയം പൂർത്തിയായപ്പോൾ നബി  (സ)യും സ്വഹാബികളും മദീനയിലേക്കു തിരിച്ചു.  



Part : 222


ത്വാഇഫിൽ നിന്ന് പോർവിളി 


ത്വാഇഫിലെ രണ്ടു  ഗോത്രങ്ങളുടെ കഥ പറയാം

ഹവാസിൻ ഗോത്രവും സഖീഫ് ഗോത്രവും  ഇസ്ലാമിന്റെ കഠിന ശത്രുക്കൾ പ്രവാചകനെയും അനുയായികളെയും തുടച്ചുനീക്കണമെന്നാണവരുടെ മോഹം  എങ്ങനെ കഴിയും ?


ആ ചോദ്യം അവരെ വല്ലാതെ വിഷമിപ്പിച്ചു കേൾക്കുന്ന വാർത്തകളൊന്നും സന്തോഷകരമല്ല പ്രവാചകനും അനുയായികളും മക്കയിൽ പ്രവേശിച്ചു കഹ്ബാലയം പ്രദക്ഷിണം ചെയ്തു അവിടെ ബാങ്കുവിളി മുഴങ്ങി നിസ്കാരം നിർവഹിച്ചു ത്വാഇഫിൽ ഒഴുകിയെത്തിയ വാർത്തകളാണ് ഇതെല്ലാം വാർത്തകൾ കേട്ടു 


ഹവാസിൻ ഗോത്രക്കാരും സഖീഫ് ഗോത്രക്കാരും രോഷാകുലരായിത്തീർന്നു 


അപ്പോൾ കൂടുതൽ വാർത്തകൾ വരാൻ തുടങ്ങി ഇസ്ലാംമതം സ്വീകരിച്ചവരെ ക്രൂരമായി മർദിച്ച നിരവധി പേർ പ്രവാചകരുടെ മുമ്പിൽ  ബന്ധനസ്ഥരായി കൊണ്ടുവരപ്പെട്ടു 


പ്രവാചകൻ പ്രതികാരം ചെയ്യുമെന്ന് അവർ കരുതി മരണം കൺമുമ്പിൽ കണ്ട നേരം അപ്പോൾ പ്രവാചകരുടെ കൽപന വന്നു  നിങ്ങൾ സ്വതന്ത്രരാണ് നിങ്ങൾക്കെതിരെ ഇന്നത്തെ ദിവസം യാതൊരു പ്രതികാര നടപടിയും സ്വീകരിക്കുന്നതല്ല നിങ്ങൾക്കു പിരിഞ്ഞു പോകാം പ്രവാചകരുടെ ഈ നടപടി മക്കക്കാരെ ഞെട്ടിച്ചു 


എന്തൊരു ഔദാര്യം എന്തൊരു വിശാല മനസ്കത ഇതു കാരുണ്യത്തിന്റെ പ്രവാചകൻ തന്നെ 


ഇതോടെ മക്കക്കാർ കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കാൻ തുടങ്ങി മക്ക ഇപ്പോൾ ഇസ്ലാമിന്റെ കേന്ദ്രമായിരിക്കുന്നു ഇതൊക്കെയാണു ത്വാഇഫിൽ കിട്ടിയ ഒടുവിലത്തെ വാർത്തകൾ 


ഹവാസിൻ ഗോത്ര നേതാക്കളും സഖീഫ് ഗോത്രനേതാക്കളും ഒന്നിച്ചിരുന്നു ചർച്ച നടത്തി  ഇസ്ലാമിനെ തകർക്കണം യുദ്ധം ചെയ്തു നശിപ്പിക്കണം ഇസ്ലാമിന്റെ ശത്രുക്കളെയെല്ലാം സഹകരിപ്പിക്കണം അതായിരുന്നു അവരുടെ തീരുമാനം  കാര്യങ്ങൾ തീരുമാനിക്കാൻ ഒരു നേതാവിനെ തെരഞ്ഞെടുത്തു


മാലിക് ബ്നു ഔഫ് 


അതായിരുന്നു നേതാവിന്റെ പേര് നള്ർ വംശക്കാരനാണ് 


നള്ർ,ജൂശം,ബനൂസഹ്ദ് എന്നീ ഗോത്രക്കാരും യുദ്ധത്തിൽ പങ്കെടുക്കും  ജൂശം ഗോത്രത്തിലെ വലിയ കാരണവരായിരുന്നു ദുറയ്ദ് ബ്നു സ്വിമ്മ പ്രായം ചെന്ന വൃദ്ധൻ എന്നാൽ മികച്ച യുദ്ധതന്ത്രജ്ഞൻ 


യുദ്ധരംഗത്തേക്കു യോദ്ധാക്കൾ മാത്രം പോയാൽ പോര തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും കൊണ്ടുപോകണം നേതാവായ മാലിക് ബ്നു ഔഫ് പ്രഖ്യാപിച്ചു ദുറയ്ദ് ആ നിർദേശത്തെ എതിർത്തു 

യുദ്ധത്തിൽ തോറ്റുപോയാൽ നമ്മുടെ സ്ത്രീകളും കുട്ടികളും മുസ്ലിംകളുടെ കയ്യിൽ  അടിമകളായിത്തീരും യുദ്ധം ചെയ്തു വിജയം വരിക്കാൻ പുരുഷന്മാർ മതി ദുറയ്ദ് പ്രഖ്യാപിച്ചു  


ആ പ്രഖ്യാപനം അധികമാരും സ്വീകരിച്ചില്ല മാലിക് ബ്നു ഔഫിന്റെ നിർദേശമാണു സ്വീകരിക്കപ്പെട്ടത് യുദ്ധത്തിനുള്ള വൻ സന്നാഹങ്ങൾ തുടങ്ങി  നിരവധി ഗോത്രങ്ങൾ മുന്നണിയിൽ വന്നുകൊണ്ടിരുന്നു വിപുലമായ സൈന്യം  സ്ത്രീകളും കുട്ടികളും അവരോടൊപ്പം പുറപ്പെടുന്നു കന്നുകാലികളെയും കൂടെ കൊണ്ടുപോകുന്നു  യുദ്ധത്തിൽ തോറ്റുപോയാൽ സ്ത്രീകളും കുട്ടികളും കന്നുകാലി സമ്പത്തും നഷ്ടപ്പെടും  


അതുകൊണ്ടു ധീരമായി പോരാടണം അതാണു മാലിക് ബ്നു ഔഫിന്റെ തന്ത്രം  ദുറയ്ത് പൊതുവായ അഭിപ്രായത്തോടു യോജിച്ചു മക്കയ്ക്കും ,ത്വാഇഫിനും ഇടയ്ക്കുള്ള പ്രദേശമാണു ഹുനയ്ൻ അവിടെയാണു യുദ്ധം  ഹുനയ്ൻ മലനിരകൾ അവരുടെ താഴ് വരകളിൽ സൈന്യം വന്നു നിറയണം മലമുകളിൽ സൈന്യം നിലയുറപ്പിക്കണം 


താഴ് വരയിൽ നിന്നും മലമുകളിൽ നിന്നും മുസ്ലിംകൾക്കു നേരെ ഒരേ സമയം ആക്രമണം നടത്തുക അവർക്കു പിടിച്ചുനിൽക്കാനാവില്ല പാദങ്ങൾ പതറും പരാജയപ്പെടും ഒരു സന്ധിയും വേണ്ട സർവനാശം സംഭവിക്കുംവരെ യുദ്ധം തന്നെ മാലിക് ബ്നു ഔഫിനു ഉറച്ച വിശ്വാസം ഇത്തവണ മുസ്ലിംകൾ പരാജയപ്പെടും നേതാവിന്റെ ഉറച്ച വിശ്വാസം അനുയായികളിൽ ധൈര്യം പകർന്നു  അവർ ആഹ്ലാദത്തിമിർപിലാണ്.



Part : 223


പന്ത്രണ്ടായിരം യോദ്ധാക്കൾ 


മക്കാവിജയം കഴിഞ്ഞതോടെ മുസ്ലിംകൾ മനസ്സുകളിൽ ശാന്തത കളിയാടി വലിയ ഏറ്റുമുട്ടൽ ഉണ്ടായില്ല എല്ലാം ശാന്തം  


ശാന്തമായ ജീവിതം നയിക്കണം മനസ്സമാധാനത്തോടെ അല്ലാഹുവിനെ ആരാധിച്ചു കഴിയാം 


സമാധാനം നിറഞ്ഞ ജീവിതം കൊതിച്ചു നടക്കാൻ തുടങ്ങിയിട്ടു കാലമെത്രയായി 


മക്കയിൽ സാമാധാനത്തോടെ ജീവിക്കാനായില്ല അതുകൊണ്ടു ജന്മാനടു വിടേണ്ടതായി വന്നു മദീനയിൽ സ്വൈര ജീവിതം നയിക്കാനാകുമെന്നു കരുതി ജൂതന്മാരുമായി സമാധാനക്കരാറുണ്ടാക്കി അപ്പോഴാണ് ഖുറയ്ശികൾ തങ്ങളെ നശിപ്പിക്കാൻ വേണ്ടി യുദ്ധത്തിനൊരുങ്ങിയത് അങ്ങനെ ബദ്ർ യുദ്ധം നടന്നു 


പിന്നെ എത്രയെത്ര യുദ്ധങ്ങൾ  അലട്ടില്ലാത്ത ജീവിതം സ്വപ്നമായി മാറി ഇപ്പോൾ മക്കാ പട്ടണം ജയിച്ചടക്കി  രണ്ടായിരത്തോളം പേർ ഇസ്ലാം മതം സ്വീകരിച്ചു ഇനി ശാന്തിയുടെ നാളുകളാണ് പെട്ടെന്നൊരു യുദ്ധം വേണ്ടതായിവരില്ല ഏറെ നാൾ കൊതിച്ച സമാധാനം ഇതാ സമാഗതമായിരിക്കുന്നു 


അപ്പോഴാണ് ആ വാർത്ത വന്നത് ഹുനയ്നിൽ പടയൊരുക്കം  ഇസ്ലാം മതത്തെ തകർത്തു തരിപ്പണമാക്കാൻ ശത്രുക്കൾ വരുന്നു യുദ്ധത്തിന്റെ ആരവം  സമാധാനം കൊതിച്ചവർക്കു മനോവിഷമം ശാന്തിയുടെ നാളുകൾ ഇനിയും അകലെ മക്കയിലേക്കു വന്ന പതിനായിരം മുസ്ലിംകൾ പുതുതായി ഇസ്ലാം മതം സ്വീകരിച്ച രണ്ടായിരം പേർ പന്ത്രണ്ടായിരം പേരുടെ മുസ്ലിം സൈന്യം   മുഹാജിറുകളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് അലി(റ) ആയിരുന്നു


മുഹാജിറുകളുടെ പതാക അദ്ദേഹത്തിന്റെ കൈവശമായിരുന്നു 

ഔസ് ഗോത്രത്തിന്റെ പതാക വഹിച്ചിരുന്നത് ഉബയ്ദ് (റ) ആയിരുന്നു ഖസ്റജുകാരുടേത് ഹുബാബ് (റ) വഹിച്ചു ഖാലിദ് ബ്നുൽ വലീദ് (റ) ആയിരുന്നു  സൈന്യത്തിന്റെ നായകൻ 


മുസ്ലിം സൈന്യം നീങ്ങുകയാണ് 


എന്തൊരു വലിയ സൈന്യം ഇത്രയും അംഗബലമുള്ള ഒരു സൈന്യത്തെ ഒരുക്കാൻ ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല  ഈ സൈന്യത്തെ തോൽപിക്കാൻ ആർക്കു കഴിയും ? ചിലരുടെ മനസ്സിൽ അങ്ങനെ തോന്നി ചിലരുടെ സംസാരത്തിലും അങ്ങനെ വന്നുപോയി  ഒരു സത്യവിശ്വാസിയുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത വന്നുകൂടാ അത്തരം വാക്കുകൾ പറയാൻ പാടില്ല 


ഇത്ര വലിയ സൈന്യത്തെ സജ്ജമാക്കാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രഹമാണ് വിജയവും പരാജയവും നൽകുന്നത് അവനാകുന്നു എല്ലാം അവനിൽ സമർപ്പിക്കുക  മനുഷ്യൻ അവന്റെ കടമകൾ പൂർണമായി നിർവഹിക്കണം എല്ലാം അല്ലാഹുവിൽ ഭരമേൽപിക്കുക പ്രാർത്ഥിക്കണം വിജയം തരുന്നത് അല്ലാഹുവാണ്  അഹങ്കാരത്തിന്റെ ഒരംശംപോലും സത്യവിശ്വാസിയുടെ മനസ്സിൽ കടന്നുവരാൻ പാടില്ല  സത്യവിശ്വാസി വിനീതനായിരിക്കണം വിശ്വാസം വേണ്ടത്ര ദൃഢമാകാത്ത  ചിലർക്കാണ് ഈ തോന്നൽ വന്നുപോയത്  


ഒരു പകൽ അവസാനിക്കുകയാണ് സൂര്യൻ പടിഞ്ഞാറൻ കുന്നുകൾക്കപ്പുറം പോയിമറഞ്ഞു ഇരുട്ടിന്റെ നേർത്ത ആവരണം ഹുനയ്ൻ താഴ് വരകളെ പൊതിഞ്ഞു 


അന്നേരം മുസ്ലിം സൈന്യം ഹുനയ്ൻ താഴ് വരയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു ദീർഘയാത്ര അതിന്റെ ക്ഷീണം എല്ലാം അവർ അവഗണിച്ചു ഇരുട്ടുംമുമ്പെ ഹുനയ്ൻ താഴ് വരയിലെത്തണം ഹുനയ്ൻ മലനിരകൾ അവ്യക്തമായി കാണാം വൻ സൈന്യം താഴ് വരയിലെത്തി വാഹനങ്ങളിൽ നിന്നിറങ്ങി തമ്പുകളിൽ സ്ഥാപിക്കണം ആഹാരം വേണം നിസ്കരിക്കണം വിശ്രമിക്കണം തിരക്കിട്ട ജോലികളിൽ വ്യാപൃതരായി തമ്പുകൾ നിരന്നു ഇരുട്ടിന്റെ കട്ടി കൂടി   


Part : 224


ശുഭാപ്തി വിശ്വാസം കൂടിയാൽ 


ഹുനയ്ൻ താഴ് വര 


പ്രഭാതം പൊട്ടിവിടരുകയാണ് മുസ്ലിംകൾ നേരത്തെ ഉണർന്നു പ്രഭാതകർമ്മങ്ങൾ നിർവഹിച്ചു സ്വുബ്ഹ് നിസ്കരിച്ചു  അരണ്ട വെളിച്ചം മുസ്ലിം സൈന്യം ആ പ്രദേശം വിട്ടു മുന്നോട്ടു നീങ്ങാൻ ഒരുങ്ങുകയായിരുന്നു  


പെട്ടെന്നാണതു സംഭവിച്ചത്  ഓർക്കാപ്പുറത്ത് ആക്രമണം  മലമുകളിൽ ശത്രുക്കൾ പതിയിരിക്കുകയായിരുന്നു അവിടെ നിന്നു തുരുതുരാ പറന്നു വരുന്ന അമ്പുകൾ പലരുടെയും  ശരീരത്തിൽ അവ തുളച്ചുകയറി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ നേർത്ത വെളിച്ചമേയുള്ളൂ അണികൾ ചിതറുന്നു പരക്കംപാച്ചിൽ മുസ്ലിംകൾ ജീവനുംകൊണ്ടോടുന്നു അതു കണ്ടപ്പോൾ നബി  (സ) ഉച്ചത്തിൽ വിളിച്ചു ചോദിച്ചു 


ജനങ്ങളേ നിങ്ങൾ എവിടേക്കാണ് ഓടിപ്പോകുന്നത് ?തിരിച്ചു വരിക ശത്രുക്കളെ തുരത്തുക 


അതൊന്നും ഓടിപ്പോകുന്നവർ കേൾക്കുന്നില്ല കുതിരയുടെ കടിഞ്ഞാൺ പിടിച്ചുനിൽക്കുകയായിരുന്ന അബ്ബാസ്  (റ) വിനോടു നബി  (സ)തങ്ങൾ ഇങ്ങനെ നിർദേശിച്ചു 


ഓടിപ്പോകുന്നവരെ തിരിച്ചു വിളിക്കുക 


അബ്ബാസ്  (റ) നല്ല ശബ്ദമുള്ള ആളായിരുന്നു അദ്ദേഹം ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി 


മുഹാജിർ സമൂഹമേ അൻസാറുകളുടെ സമൂഹമേ ബയ്അതുർരിള് വാനിൽ പങ്കെടുത്ത സഹോദരങ്ങളേ അല്ലാഹുവിന്റെ റസൂൽ നിങ്ങളെ വിളിക്കുന്നു തിരിച്ചു വരിക തിരിച്ചു വരിക  അബ്ബാസ്  (റ)വിന്റെ ശബ്ദം മലഞ്ചരുവിൽ അലയടിച്ചുകൊണ്ടിരുന്നു ഓടിപ്പോയ്ക്കൊണ്ടിരുന്ന യോദ്ധാക്കളുടെ ചെവിയിൽ അബ്ബാസ്  (റ)വിന്റെ ശബ്ദമെത്തി 


അവർ ഓട്ടം നിർത്തി ആ വിളിക്കുത്തരം നൽകി  ലബ്ബയ്ക...ലബ്ബയ്ക....

അവർ പരസ്പരം മറന്നു തങ്ങൾക്കു പറ്റിയ അബദ്ധം ഓർത്തു ദുഃഖിച്ചു തള്ളക്കോഴിയുടെ സമീപത്തേക്കു കോഴിക്കുഞ്ഞുങ്ങൾ ഓടിയണയുംപോലെ മുസ്ലിംകൾ പ്രവാചകരുടെ സമീപത്തേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു  


നബി(സ) തങ്ങൾ തന്റെ പുണ്യം നിറഞ്ഞ കരങ്ങളിൽ മണ്ണുവാരിയെടുത്തു എന്നിട്ട് ഇങ്ങനെ പറഞ്ഞു: 


ശാഹത്തിൽ വുജൂഹ് 


മണ്ണ് ശത്രുക്കളുടെ മുഖത്തേക്കെറിഞ്ഞു ഉഗ്രമായ പോരാട്ടം തുടങ്ങി  

നബി  (സ)ഇങ്ങനെ പറയുന്നുണ്ടായിരുന്നു :

അല്ലാഹു അവന്റെ പ്രവാചകനു നൽകിയ വാഗ്ദാനം ഒരിക്കലും ലംഘിക്കുകയില്ല ... അതിശക്തമായ പോരാട്ടം തുടങ്ങി   ഒന്നുകിൽ വിജയം അല്ലെങ്കിൽ രക്തസാക്ഷിത്വം ഹവാസിൻ ഗോത്രക്കാർ മലമുകളിൽനിന്നിറങ്ങി വന്നു മുസ്ലിംകളുമായി മുഖാമുഖം നിന്നു യുദ്ധം തുടങ്ങി ഘോരയുദ്ധം ഹവാസിൻ ഗോത്രക്കാർക്കു മുന്നേറാൻ കഴിയുന്നില്ല  അതിശക്തമായ പ്രതിരോധം ഹുനയ്ൻ  രണാങ്കണത്തിൽ മലക്കുകൾ ഇറങ്ങി അവർമുസ്ലിംകൾക്ക് ശക്തി നൽകി ഹവാസിൻ ഗോത്രക്കാർ യുദ്ധക്കളം വിട്ടോടി സൈന്യാധിപനായ മാലിക് ബ്നു ഔഫ് ഒരന്തിമ ശ്രമം കൂടി നടത്തി നോക്കി വിജയിച്ചില്ല 


ശത്രുക്കളുടെ ചേരിയിലുള്ള എല്ലാ ഗോത്രക്കാരും യുദ്ധക്കളം വിട്ടോടുകയായിരുന്നു  


ഒരു വിഭാഗം ത്വാഇഫിലേക്കു രക്ഷപ്പെട്ടു മറ്റൊരു വിഭാഗം നഖ്ലയിലേക്ക് ഓടിപ്പോയി സൈന്യാധിപനായ മാലിക് ബ്നു ഔഫ് ത്വാഇഫിലേക്കാണ് ഓടിപ്പോയത്  


സ്ത്രീകളും കുട്ടികളും ബന്ദികളായിത്തീർന്നു വമ്പിച്ച യുദ്ധമുതലുകളാണു കൈവശം വന്നുചേർന്നത് ഇരുപത്തിനാലായിരം ഒട്ടകങ്ങൾ നാൽപതിനായിരം ആടുകൾ നാലായിരം വെള്ളിനാണയങ്ങൾ ബന്ദികളുടെ എണ്ണം ആറായിരം യുദ്ധമുതലുകളും ബന്ദികളെയും ജിഹ്റാന സ്ഥലത്തേക്കു മാറ്റി   ത്വാഇഫിലേക്കു രക്ഷപ്പെട്ട ശത്രുക്കളെ നേരിടുകയെന്നതായിരുന്നു പ്രവാചകരുടെ അടുത്ത ലക്ഷ്യം .




മുഹമ്മദ് നബി (സ്വ) ചരിത്രം|Prophet Mohammed (s) History in Malayalam story in malayalam pdf download muth nabi charithram malayalam history

You may like these posts