മൂസാ നബി (അ) ചരിത്രം 2 | Prophet Moosa Nabi(S.A) Story Part 2 History

മൂസാ നബി (അ) ചരിത്രം 2 | Prophet Moosa Nabi(S.A) Story Part 2 History

 
മൂസാ നബി (അ) ചരിത്രം 2 | Prophet Moosa Nabi(S.A) Story Part 2 History malayalam

നൈൽ നദിയിൽ 


പാവം ഉമ്മയെന്തു ചെയ്യാൻ? ഈ സുന്ദരശിശുവിനെ ആ മാതാവ് എവിടെ ഒളിപ്പിക്കാൻ ? കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികയും കൈമുതലാക്കിയ ഭടന്മാർ റോന്തു ചുറ്റുകയല്ലേ? ആ പാവം മാതാവിന് ദൈവം തുണയായി കുഞ്ഞിനെ ഒരു പേടകത്തിനകത്താക്കി നൈൽ നദിയിലേക്ക് വലിച്ചെറിയാൻ അവർക്ക് ദൈവത്തിന്റെ വെളിപാട് ലഭിച്ചു. അല്ലാഹു അക്ബർ (ദൈവം ഏറ്റം മഹാൻ ) വാത്സല്യനിധിയായ ഒരു മാതാവ് അവരുടെ കുഞ്ഞിനെ പെട്ടിയിലടച്ച് നദിയിലെറിയുകയോ? പെട്ടിക്കകത്ത് കുഞ്ഞിനെ ആരു മുലയൂട്ടാൻ ? പെട്ടിക്കകത്ത് കുഞ്ഞിനെങ്ങനെ ശ്വാസവായു കിട്ടാൻ?


ആ വത്സലമാതാവ് അതൊക്കെ ചിന്തിച്ചു പക്ഷേ ദൈവഭക്തയായ ആ മഹതി ദൈവത്തിൽ ഭാരമേല്പിച്ചു ദൈവ വെളിപാട് അവലംബിച്ചു. കൂഞ്ഞിന് പെട്ടിയിൽതന്നെ വീടിനെക്കാൾ സുരക്ഷിതത്വം വീട്ടിലാക്കുമ്പോൾ എല്ലായിടത്തും ഭടന്മാരല്ലേ? കുഞ്ഞുങ്ങളുടെ എതിരാളി പതിയിരിക്കുകയല്ലേ? ഭടന്മാർ കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികയും കൈമുതലാക്കിയവരല്ലേ?


അല്ലാഹു കല്പിച്ചപോലെ പാവം ഉമ്മ പ്രവർത്തിച്ചു സുന്ദരശിശുവിനെ പെട്ടിയിലടച്ച് നൈൽ നദിയിലേക്ക് എറിഞ്ഞു ആ സ്നേഹനിധിയായ മാതാവിന് ഒരുവേള സഹികെട്ടെങ്കിലും സത്വരം സഹനം കൈവന്നു ദൈവത്തിൽ ഭാരമേല്പിച്ചു


വിഷുദ്ധ ഖുർആനിന്റെ വചസ്സുകൾ വിളിച്ചറിയിക്കുന്നപോലെ മൂസയുടെ മാതാവിന് നാം വെളിപാട് നൽകി നീ നിന്റെ കുഞ്ഞിനെ മുലയൂട്ടുക എന്ന് ഭയമുണ്ടെങ്കിലും അവനെ നദിയിൽ തള്ളുക എന്നും നീ പേടിക്കണ്ട കാര്യമില്ലെന്നും കദനത്തിൽ കഴമ്പില്ലെന്നും സർവ്വോപരി അവനെ നിനക്ക് തിരികെ ലഭിക്കുമെന്ന് മാത്രമല്ല അവനെ ദൈവദൂതനാക്കുമെന്നും അല്ലാഹു പറഞ്ഞു.


നൈൽനദിയുടെ ശാദ്വലതീരത്ത് നിരവധി മണിമാളികകൾ ഫറോവക്കുണ്ടായിരുന്നു. അവൻ ഓരോരോ മണിമേടകളിലേക്ക് താമസം മാറ്റികൊണ്ടിരിക്കയും നൈൽനദിയുടെ തീരത്ത് ഉല്ലസിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. 


ഒരുദിവസം പതിവുപോലെ നൈൽ നദിയുടെ തീരത്ത് പുൽമൈതാനിയിൽ ഇരുന്ന് (പ്രകൃതിഭംഗി ) ആസ്വദിക്കുകയായിരുന്നു ഫറോവ തന്റെ കാൽച്ചുവട്ടിലൂടെ അനുസ്യൂതം പ്രവഹിച്ചു കൊണ്ടിരിക്കുന്ന പുഴയിലേക്ക് ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു ഫറോവ കൂടെ രാജ്ഞി രാജാവിന്റെ ഉല്ലാസത്തിൽ പങ്കുചേർന്നു.ഒഴുകിക്കൊണ്ടിരിക്കുന്ന നദിയിലേക്ക് അവരും നോക്കി നൈലിന്റെ ഓളങ്ങളുടെ ചുംബനങ്ങളേറ്റുവാങ്ങി തരംഗമാലകളോടൊപ്പം കളിയാടിവരുന്ന ഒരു പെട്ടിയിൽ രണ്ടു പേരുടെയും കണ്ണുകളുടക്കി നാഥാ ആ പെട്ടി കണ്ടോ? എവിടെ പെട്ടി ? അത് ഒരു മരക്കഷ്ണമല്ലേ?


അല്ല പ്രാണനാഥാ അത് പെട്ടിതന്നെയാണ് പെട്ടിയതാ അടുത്തെത്തി നദിയിൽ നീന്തിക്കളിച്ചുകൊണ്ടിരുന്നവർ പറഞ്ഞു : അതെ ഇത് പെട്ടിയാണ് രാജാവ് തന്റെ സേവകരിലൊരാളോട് കല്പിച്ചു. ആ പെട്ടി ഒന്ന് എടുത്ത് നോക്കിയാട്ടെ സേവകൻ പെട്ടിയെടുത്തു തുറന്നു നോക്കിയപ്പോഴോ അതിൽ ഒരു കുഞ്ഞുമോൻ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്നു. ആളുകൾ അത്ഭുത പരതന്ത്രരായി എല്ലാവരും കുഞ്ഞിനെ എടുത്തു നോക്കി ഫറോവ കുട്ടിയെ കണ്ട് പരിഭ്രമിച്ചു സേവകരിൽ ചിലർ പറഞ്ഞു : ഈ കുഞ്ഞ് ഇസ്രയേൽ സന്തതിയാണ് ഇവനെ അറുത്തേ തീരും.


നദിയിൽ നിന്നും കൊട്ടാരത്തിലേക്ക് 


കുഞ്ഞിനെ കണ്ട രാജ്ഞിക്ക് അതിനോട് മനസ്സിൽ എന്തെന്നില്ലാത്ത സ്നേഹം ഉറവെടുത്തു. അവർ ആ ഓമനപ്പൈതലിനെ നെഞ്ചോട് ചേർത്തുപിടിച്ച് ചുടുചുംബനങ്ങളർപ്പിച്ചു. രാജ്ഞി രാജാവിനോട് കേണു പറഞ്ഞു : ഈ കുഞ്ഞുമോൻ എനിക്കും അങ്ങയ്ക്കും കൺകുളിർമയാണ് ഇവനെ കൊല്ലാതിരുന്നാലും ഇവൻ നമുക്ക് ഉപകരിച്ചേക്കും നമ്മുടെ മകനായി നമുക്കിവനെ വളർത്താം ഫറോവയെയും ഭടന്മാരെയും തൃണവൽഗണിച്ച് ഇമ്രാന്റെ പുത്രൻ മൂസ ഫറോവയുടെ രാജകൊട്ടാരത്തിൽ വളർന്നതങ്ങനെയാണ് ഭടന്മാർക്ക് ഈ ഇസ്രയേൽ സന്താനത്തെ പിടികിട്ടിയില്ല. 


കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികുമുള്ള പോലീസുകാർക്ക് ഏതൊരു കുഞ്ഞുമോന്റെ തൃക്കരങ്ങളിലൂടെയാണോ ഫറോവയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ലോകനാഥൻ തീരുമാനിച്ചത് ആ കുഞ്ഞുമോനെ കുഞ്ഞുങ്ങളുടെ ശത്രുതന്നെ വളർത്തട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഹോ വല്ലാത്ത ഒരു നിർണ്ണയം തന്നെ പാവം ഫറോവ! 


മൂസയുടെ കാര്യത്തിൽ അവന് പിഴവ് സംഭവിച്ചു തന്റെ മന്ത്രി ഹാമനും തെറ്റുപറ്റി ഫറോവയുടെ സൈന്യത്തിനും മൂസയുടെ കാര്യത്തിൽ അമളി പിണഞ്ഞു. അതുതന്നെയല്ലേ പരിശുദ്ധ ഖുർആൻ സൂചിപ്പിച്ചത് ഫറോവയുടെ ജനത മൂസയെ പൊക്കിയെടുത്തു. മൂസ അവരുടെ ശത്രുവാകാനും അവർക്ക് മൂസ ദുഃഖം സമ്മാനിക്കാനും മൂസയെ അവർ തന്നെ വളർത്തി ഫറോവയ്ക്കും ഹാമനും അവരുടെ സേനാനികൾക്കും അബദ്ധം പിണഞ്ഞെന്ന കാര്യത്തിൽ സന്ദേഹമേതുമില്ല.


രാജകൊട്ടാരത്തിലെത്തിയ ഈ പുതിയ കുഞ്ഞ്- സുന്ദനായ കുഞ്ഞ് - എല്ലാവർക്കും ഒരു വിനോദമായി കൊട്ടാരവാസികൾക്ക് ഈ കുഞ്ഞ് ഒരു നേരമ്പോക്കായി. എല്ലാവരും കുഞ്ഞിനെയെടുത്ത് ചുംബിക്കുന്നു. എല്ലാവരും കുഞ്ഞിനെ സ്നേഹംകൊണ്ട് വീർപ്പ് മുട്ടിക്കുന്നു. കാരണം രാജ്ഞിയുടെ സ്നേഹഭാജനമാണല്ലോ അവൻ അതുകൊണ്ട് രാജകൊട്ടാരത്തിലെ തമ്പുരാട്ടികൾക്ക് എങ്ങനെ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയും? 


കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് എങ്ങനെ കുഞ്ഞിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയും എല്ലാവരും കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നു കാരണം കുഞ്ഞ് സുന്ദരനുമാണല്ലോ.


മുലയൂട്ടൽ


കുഞ്ഞിനെ മുലയൂട്ടി വളർത്താൻ രാജ്ഞി ഒരു പോറ്റമ്മയെ അന്വേഷിച്ചു അവർ ഒരു സ്ത്രീയെ കണ്ടെത്തി അവരെ രാജകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു അവർ ആ കുഞ്ഞിനെയെടുത്ത് മുലകൊടുക്കാനൊരുങ്ങി പക്ഷെ കുഞ്ഞ് മുല സ്വീകരിച്ചില്ല. അത് വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു 


പിന്നീട് മറ്റൊരു പോറ്റമ്മയെ അന്വേഷിച്ചു കണ്ടെത്തി അവർ രാജകൊട്ടാരത്തിൽ വന്നണഞ്ഞു. കുഞ്ഞിനെയെടുത്ത് മുലകൊടുക്കാനൊരുങ്ങുമ്പോൾ അത് കൂട്ടാക്കാതെ വാവിട്ട് കരയുകയാണ്. മൂന്നാമതും നാലാമതും അഞ്ചാമതും പല പല പോറ്റമ്മമാർ വന്നു .പക്ഷേ അവരുടെ സ്തനാമൃതം നുകരാൻ കൂട്ടാക്കാതെ കരഞ്ഞു കൊണ്ടിരുന്നു. 

എന്തൊരത്ഭുതം കുഞ്ഞിനെന്തേ മുല കുടിക്കാത്തത്? എന്തിനാണ് കുഞ്ഞ് കരയുന്നത്? 


രാജ്ഞിയെ സന്തോഷിപ്പിക്കാൻ കുഞ്ഞിനെ മുലയൂട്ടുന്നതിന് പോറ്റുമ്മമാർ പരിശ്രമിച്ചു നോക്കി. രാജകൊട്ടാരത്തിലെ കുഞ്ഞാണ് അതിനെ മുലയൂട്ടുന്ന പെണ്ണിന് നല്ല കാശ്കിട്ടും.അതിനാൽ കുഞ്ഞിനെ മുലയൂട്ടാൻ പഠിച്ച പണി പതിനെട്ടും പോറ്റുമ്മമാർ പയറ്റിനോക്കി. പക്ഷെ അല്ലാഹു ആ കുഞ്ഞിന് പോറ്റുമ്മമാരുടെ മുലപ്പാൽ നിഷിദ്ധമാക്കിയിരിക്കയാണ്.

 

കൊട്ടാരത്തിൽ ഈ കുഞ്ഞ് വലിയ ചർച്ചാവിഷയമായി കുഞ്ഞ് എല്ലാവർക്കും ഒരു വേലയായി നാടൊട്ടുക്കും ഈ അത്ഭുത ശിശുവിന്റെ വൃത്താന്തം പരന്നു.


എടോ, നീ കണ്ടോ ആ പുതിയ കുഞ്ഞിനെ? അതെ ഞാൻ കണ്ടു വളരെ സുന്ദരനായ കുഞ്ഞാണ്. പക്ഷേ വളരെ വിചിത്രം സാധാരണ കുഞ്ഞുങ്ങളെ പോലെയല്ല മുലകുടിക്കുന്നില്ല. പോറ്റുമ്മമാർ വന്ന് എടുത്തു നോക്കുമ്പോൾ കരയുകയാണ് മുല തിരസ്കരിക്കുന്നു. പാവം എങ്ങനെയാണ് ആ കുഞ്ഞ് ജീവിക്കുക ? അതെന്തായാലും ചത്തുപോകും ദിവസങ്ങളോളമായി കുഞ്ഞ് മുല കുടിച്ചിട്ടില്ല.


മാതാവിന്റെ കരങ്ങളിൽ

 വാത്സല്യ നിധിയായ മാതാവ് മൂസയുടെ സഹോദരിയോട് പറഞ്ഞു : മോളെ നിന്റെ ആങ്ങള എവിടെയോ ജീവിച്ചിരിപ്പുണ്ടാവും മോളൊന്ന് പോയി നോക്ക്. കുഞ്ഞിനെ സംരക്ഷിച്ചുകൊള്ളുമെന്നും എന്നെ തിരിച്ചേല്പിക്കുമെന്നും ദൈവം എനിക്ക് വാക്ക് നൽകിയിരിക്കുന്നു അങ്ങനെ ആങ്ങളയെ തെരഞ്ഞുകൊണ്ട് മൂസയുടെ പെങ്ങൾ പോയി രാജകൊട്ടാരത്തിലെ സുന്ദരശിശുവിനെക്കുറിച്ച് ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ പെൺകുട്ടി കേട്ടു. രാജകൊട്ടാരത്തിലെ പെണ്ണുങ്ങളുടെ വർത്തമാനം ശ്രവിക്കാൻ ഈ പെൺകുട്ടി ചെന്നു നോക്കി രാജ്ഞി അസ്വാനിൽനിന്ന് വരാൻ പറഞ്ഞ പോറ്റുമ്മ വന്നോ? 


അതെ വന്നെടീ പക്ഷെ കുട്ടി സമ്മതിക്കുന്നില്ല. അത് മുലകുടിച്ചില്ല ദൈവമേ എന്താണീ കുഞ്ഞിന്റെ കാര്യം? രാജ്ഞി പരിശോധിക്കുന്ന ആറാമത്തെ പോറ്റുമ്മയല്ലേ ഇത്? അതെ മൂസയുടെ സഹോദരി ഈ സംസാരമെല്ലാം ശ്രദ്ധിച്ചു കേട്ടു. 


അവൾ വളരെ സ്നേഹത്തോടെയും മര്യാദയോടെയും ഇപ്രകാരം പറഞ്ഞു : ഇന്നാടിലെ ഒരു അംഗനയെ എനിക്ക് അറിയാം ആ നാരിയുടെ മുല ഈ കുഞ്ഞ് കുടിക്കാതിരിക്കില്ല അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ പറഞ്ഞു : ഞാൻ വിശ്വസിക്കുന്നില്ല ആറുപേരെ ഞങ്ങൾ പരീക്ഷിച്ചു പക്ഷെ കുഞ്ഞ് മുല നുകർന്നിട്ടില്ല. മറ്റൊരു പെണ്ണ് പറഞ്ഞതിങ്ങനെ : ഏഴാമത്തെ ഒരു പോറ്റുമയെക്കൂടി പരിശോധിച്ചാലെന്ത്? നമുക്കെന്ത് തടസ്സം? 


ഈ വൃത്താന്തം കേട്ട് രാജ്ഞി മൊഴിഞ്ഞു നീ പോയി ആ പെണ്ണിനെ കൂട്ടി വന്നാലും മൂസയുടെ മാതാവ് കൊട്ടാരത്തിൽ വന്നണഞ്ഞു ഒരു ഭൃത്യ ഓടിവന്ന് കുഞ്ഞിനെ അവർക്ക് സമർപ്പിച്ചു കുഞ്ഞ് ആ നാരിമണിയെ പരിരംഭണം ചെയ്തു കുഞ്ഞ് ആനന്ദത്തോടെ മുലനുകർന്നു. കുഞ്ഞ് എന്തിന് മുലകുടിക്കാതിരിക്കണം ? അതിന്റെ വാത്സല്യനിധിയായ മാതാവല്ലയോ ഈ വന്നണഞ്ഞിരിക്കുന്നത്? എന്തിന് കുഞ്ഞ് മുലകുടിക്കാതിരിക്കണം ? മൂന്ന് ദിവസമായി കുഞ്ഞ് വിശക്കുകയല്ലേ? 


രാജ്ഞി അത്ഭുതപരതന്ത്രയായി കൊട്ടാരവാസികൾ അത്ഭുതസ്തബ്ധരായി സംശയഗ്രസ്തനായ ഫറോവ ചോദിച്ചു : എന്തുകൊണ്ട് കുഞ്ഞ് ഈ പെണ്ണിനെ സ്വീകരിച്ചു? ഇവൾ അവന്റെ ഉമ്മയാണോ? സ്നേമസൃണമായ സ്വരത്തിൽ മൂസയുടെ മാതാവ് മൊഴിഞ്ഞു : അല്ലയോ ചക്രവർത്തി തിരുമനസ്സേ ഞാൻ നല്ല സുഗന്ധമുള്ള അമ്മയാണ് എന്റെ മുലപ്പാൽ വളരെ നല്ലതാണ് ഏതു കുഞ്ഞും എന്നെ സ്വീകരിക്കും.

ഫറോവ മൗനം ഭജിച്ചു മുലയൂട്ടുന്നതിന് അവർക്ക് കൂലി നിശ്ചയിച്ചു കുഞ്ഞിനെയുമെടുത്ത് ആ മാതാവ് അവരുടെ ഭവനത്തിലേക്ക് തിരിച്ചു അതല്ലേ ഖുർആൻ വിളംബരം ചെയ്തത് ? 


അവനെ നാം തന്റെ മാതാവിന് തിരിച്ചുകൊടുത്തു അവരുടെ കൺകുളിർക്കാനും ആധികൾ പോയി മറയാനും ദൈവത്തിന്റെ വാഗ്ദാനം യാഥാർത്ഥ്യമാണെന്നറിയാനും പക്ഷേ ഭൂരിപക്ഷമാളുകളും അനഭിജാഞരത്രെ.


വീണ്ടും കൊട്ടാരത്തിൽ 


മുലകുടി മാറിയപ്പോൾ മൂസയുടെ മാതാവ് അവനെ ഫറോവയുടെ രാജകൊട്ടാരത്തിൽ തിരിച്ചേല്പിച്ചു. മൂസ ഒരു രാജകുമാരനെപ്പോലെ കൊട്ടാരത്തിൽ വളർന്നു.

 രാജാക്കന്മാരോടും പ്രമാണിമരോടുമുള്ള ഭയം മൂസയുടെ മനസ്സിൽനിന്ന് നീങ്ങിയത് അങ്ങനെയാണ് ഫറോവയും പ്രഭൃതികളും സുഖിക്കുന്നത് മൂസ തന്റെ രണ്ട്കണ്ണുകൊണ്ട് കണ്ടു. ഫറോവയ്ക്കും പ്രഭൃതികൾക്കും സുഖിക്കാൻ ഇസ്രയേൽ സന്തതികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും മൂസ കണ്ടു.


ഫറോവയുടെ മൃഗങ്ങളുടെ വയറു നിറക്കാൻ ഇസ്രയേൽ സന്തതികൾ വിശപ്പ് സഹിക്കേണ്ടി വരുന്നത് മൂസ കണ്ടു. മൃഗങ്ങളോട് പെരുമാറുന്നതുപോലെ ഇസ്രയേൽ സന്തതികളോട് ഖിബ്ത്വികൾ പെരുമാറുന്നത് മൂസ കണ്ടു. ഇസ്രയേൽ സന്തതികളെ ഖിബ്ത്വികൾ പീഡീപ്പിക്കുന്നതും അവരെക്കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിപ്പിക്കുന്നതും മൂസ കണ്ടു. പ്രഭാതം പുലർന്നതുമുതൽ സായഹ്നം വരെ മൂസ ഇതൊക്കെ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പക്ഷേ മൂസയുടെ മനസ്സിൽ ഇതിനോട് അമർഷമുണ്ടായിരുന്നു എങ്ങനെ അമർഷമില്ലാതിരിക്കും ? സ്വന്തം ജനതയെ ഇകഴ്ത്തുന്നത് കാണുമ്പോൾ വിദ്വേഷം ജനിക്കാതിരിക്കുമോ? 


ഇസ്രയേൽ സന്തതികൾ പ്രവാചക സന്തതികളാണ് ആദരണീയരുടെ മക്കളാണ് ഇസ്രയേൽ സന്തതികൾ എന്തു പിഴച്ചു? അവർ ഖിബ്ത്വികൾ അല്ലെന്നതോ? അവർ കൻആനിൽ നിന്ന് വന്നുവെന്നതോ? അതൊന്നും തെറ്റല്ല അതൊരു പിഴവല്ല.

You may like these posts