ആദം (അ), ഹവ്വ (റ) ദമ്പതിമാരുടെ ഓമന മകനായിരുന്നു ഹാബീൽ. ആ കുട്ടിയാണ് ലോകത്ത് ആദ്യമായി വധിക്കപ്പെട്ട മനുഷ്യൻ. മാതാപിതാക്കൾ കടുത്ത ദുഃഖത്തിലായി. ഒന്ന് മന്ദഹസിക്കാൻ പോലും വയ്യാത്ത അവസ്ഥ. സംവത്സരങ്ങളോളം ദുഃഖക്കടലിലായിരുന്നു. പിന്നെ അല്ലാഹുﷻവിൽ നിന്ന് ആശ്വാസ സന്ദേശം വന്നു. യോഗ്യനായ പുത്രന്റെ പിറവി. പകരം കിട്ടിയ കുട്ടിയാണ് ശീസ് (അ)...
പൗരാണിക കാലത്ത് മനുഷ്യവർഗ്ഗത്തിന് സന്മാർഗ്ഗത്തിന്റെ പ്രകാശം കാണിച്ചു കൊടുത്ത രണ്ടു മഹാ പ്രവാചകന്മാർ. ശീസ് (അ) ഇദ് രീസ് (അ). ഇരുട്ടിന്റെ ശക്തികളായ ഖാബീൽ വംശചർക്കെതിരെ ഇദ് രീസ് (അ) നടത്തിയ പോരാട്ടങ്ങൾ. ആദ്യമായി പേന കെണ്ടെഴുതി, ആദ്യമായി ഉടുപ്പ് തുന്നിയുണ്ടാക്കി, വാളും പരിചയുമായി യുദ്ധം ചെയ്ത ഒന്നാമത്തെ പോരാളി, ആദ്യ കുതിര സവാരിക്കാരൻ.... അങ്ങനെ നിരവധി മേഖലകളിൽ ഇദ് രീസ് (അ) ഒന്നാമനാണ്.
അവരുടെ ചരിത്രം വായിക്കുന്ന ഏതൊരു വിശ്വാസിയും ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യം മേൽ പ്രവാചകന്മാരുടെ സമുദായം വഴിപിഴക്കാനുണ്ടായ കാരണങ്ങളാണ്. പിശാച് അവരെ വഞ്ചിച്ചു. അവന്റെ ചതിക്കുഴിയിൽ വീഴാതെ രക്ഷ നേടാൻ നിരന്തരം ഖുർആൻ നമ്മോട് ഉദ്ബോധിപ്പിക്കുന്നു. പിശാച് പല രൂപത്തിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും ...
വിശ്വാസമെന്ന ആയുധം നാം മൂർച്ച കൂട്ടിക്കൊണ്ടിരിക്കണം. ശരീരേച്ഛകൾ കൈവെടിയണം. ആഖിബത്ത് നന്നാവണം. അതാണ് പ്രധാനം...
മാതാവിന്റെ കണ്ണുനീർത്തുള്ളികൾ
ദുഃഖം നിറഞ്ഞ അഞ്ചു വർഷങ്ങൾ. ആ അഞ്ച് വർഷം എങ്ങനെയാണ് കടന്നു പോയതെന്നറിയില്ല. കണ്ണീരിന്റെയും നെടുവീർപ്പിന്റെയും കാലം. നൊന്തു പ്രസവിച്ച മകൻ. ആദ്യത്തെ കൺമണി. താലോലിച്ചു വളർത്തിയ പൊന്നോമന മകൻ. അവൻ ഈ കടുംകൈ ചെയ്തല്ലോ. എങ്ങനെയിത് സഹിക്കും. അല്ലാഹുﷻവേ..! സഹിക്കാനും ക്ഷമിക്കാനും കഴിവ് നൽകേണമേ...! തീറ്റയും കുടിയും മറന്ന പകലുകൾ. ഉറക്കമില്ലാത്ത രാവുകൾ...
ആദ്യ പ്രസവത്തിൽ ഇരട്ടകളായിരുന്നു. ഒരു മോനും ഒരു മോളും. എന്തൊരഴകുള്ള മക്കൾ. വിശാലമായ ഭൂമി. അതിലധികഭാഗവും കടൽ. പിന്നെ എന്തെല്ലാം തരത്തിലുള്ള ജലാശയങ്ങൾ. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ. അവയുടെ ഉച്ചിയിൽ തട്ടി നിൽക്കുന്ന മേഘങ്ങൾ. മനോഹരമായ താഴ് വരകൾ. കളകളാരവം മുഴക്കുന്ന പറവകൾ. പലതരം മൃഗങ്ങളുടെ കൂട്ടങ്ങൾ. അവയ്ക്കിടയിൽ മനുഷ്യരായി തങ്ങൾ രണ്ട് പേർ മാത്രം. സറം ദ്വീപിലെ താമസക്കാർ. ആദം (അ), ഹവ്വ (റ)...
പച്ചപുതച്ച മലകൾ, കാടുകൾ, പൂക്കൾ വിടർന്നു നിൽക്കുന്ന വിവധയിനം ചെടികൾ. സറം ദ്വീപിനു ചുറ്റും അലയടിച്ചുയരുന്ന അറബിക്കടൽ ...
ഏകാന്തത അനുഭവിക്കുന്ന കാലത്താണ് രണ്ട് ഓമന മക്കൾ പിറന്നത്. ഏകാന്തതയിലെ കൂട്ടുകാർ. അവരുടെ കളിയും ചിരിയും മനസ്സിനെ കുളിരണിയിച്ചു. കരയുമ്പോൾ പാൽ കൊടുക്കും. എടുത്തോമനിക്കും. ഉപ്പഒരാളെ എടുത്തോമനിക്കും. ഉമ്മ മറ്റെ കുഞ്ഞിനെ ഓമനിക്കും. മോളെയും മോനെയും മാറിയെടുത്തു. മോൾക്കും മോനും മാറി മാറി മുലപ്പാൽ കൊടുത്തു. ഇളം ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി മനസ്സിനെ കോരിത്തരിപ്പിച്ചു ...
ഖാബീലും ഇഖ് ലീമയും. ഉമ്മായുടെ അഴക് ഇഖ് ലീമക്ക് കിട്ടിയിട്ടുണ്ട്. കുഞ്ഞുങ്ങൾ വളരുകയാണ്. ഭൂമിയിൽ മനുഷ്യരായി തങ്ങൾ നാലു പേർമാത്രം. പിന്നെയുള്ളത് ശത്രുവാണ്. കൊടും ശത്രു. ശപിക്കപ്പെട്ട ഇബ്ലീസ്. ചതിക്കുഴിയിൽ വീഴ്ത്തിയവൻ. അവൻ മക്കളെ നോട്ടമിടു ചതിക്കാൻ നോക്കും. തങ്ങളിരുവരും സ്വർഗ്ഗത്തിലായിരുന്നു. അവിടെ നിന്നാണ് ഭൂമിയിൽ വന്നത്...
സ്വർഗ്ഗത്തിലെ ജീവിതം സുഖ സുന്ദരം! ഭൂമിയിൽ അങ്ങനെയല്ല. കഷ്ടപ്പെട്ട ജീവിതമാണ്. നാലാൾക്ക് ജീവിക്കണം. ഭക്ഷണം വേണം. അധ്വാനിച്ചുണ്ടാക്കണം. നിലംകിളയ്ക്കണം. ധാന്യങ്ങൾ വിതയ്ക്കണം. നനയ്ക്കണം. കൃഷി പരിചരിക്കണം. അടുകളുണ്ട് അവയെ മേയ്ക്കണം. പരിപാലിക്കണം. ആട്ടിൻപാൽ കിട്ടും. ആടിന്റെ രോമം കൊണ്ട് വസ്ത്രമുണ്ടാക്കാം. ജിബ് രീൽ (അ) വരും. ഓരോ കാര്യങ്ങൾ പഠിപ്പിച്ചു തരും. നന്നായി അധ്വാനിക്കണം. ഭാര്യയും ഭർത്താവും നന്നായി ജോലി ചെയ്തു ജീവിക്കുന്നു. അധ്വാനത്തിന്റെ സന്തോഷം ...
കാലം കടന്നുപോയപ്പോൾ ഹവ്വ (റ) വീണ്ടും ഗർഭിണിയായി. ഇരട്ടകളെ പ്രസവിച്ചു. മോനും മോളും. ഹാബീൽ, ലബൂദ. ആറു പേരടങ്ങുന്ന കുടുംബം. സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. കാലം കടന്നു പോയപ്പോൾ ഹവ്വ (റ) പലതവണ ഗർഭിണിയായി. ഇരട്ടകളെ പ്രസവിച്ചു. മൂത്ത കുട്ടികൾ വളർന്നു. അവരും കൃഷിപ്പണി തുടങ്ങി. നാൽക്കാലികളെ വളർത്താൻ തുടങ്ങി. മൂത്തവർക്ക് വിവാഹ പ്രായമായി. ഇരുപത് വയസ്സ് വരെയായി. ഇനിയവർ വിവാഹിതരാവണം. ഒരു പ്രസവത്തിലെ ആൺകുട്ടി മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യണം. അതാണ് ചിട്ട. മൂത്ത മകൻ ഖാബീൽ അടുത്ത പ്രസവത്തിലെ ലബൂദയെ വിവാഹം ചെയ്യണം. ആദ്യ പ്രസവത്തിലെ ഇഖ് ലിമയെ അടുത്ത പ്രസവത്തിലെ ഹാബീൽ വിവാഹം ചെയ്യണം. പിന്നീട് നടന്ന സംഭവങ്ങളൊന്നും ഹവ്വ (റ)ക്ക് ഓർക്കാൻ കഴിയുന്നില്ല. ഖൽബ് തകരുന്ന വാർത്തയല്ലേ പിന്നെ കേട്ടത് ...
ഏറെക്കഴിഞ്ഞ് ഞെട്ടിക്കുന്ന വാർത്തയെത്തി. ഹാബീൽ മോൻ ഇനിയൊരിക്കലും തിരിച്ചു വരില്ല. പെന്നുമോൻ കൊല്ലപ്പെട്ടിരിക്കുന്നു. ഭർത്താവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. ദുഃഖം തളം കെട്ടി നിന്നു...
ഹാബീൽ മോന്റെ വർത്തമാനം. അതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഓർമ്മകൾ മനസ്സിനെ ഞെരിക്കുന്നു. മോൻ അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിച്ചു. ഓരോ വാക്കും സൂക്ഷിച്ചു. ഒരോ ചലനവും സൂക്ഷിച്ചു. സൂക്ഷ്മതയോടെ ജീവിച്ചു. തഖ് വ നിറഞ്ഞ ജീവിതം. അതായിരുന്നു ഹാബീൽ മോൻ. ഭൂമിയിൽ ഇങ്ങനെയും ഒരു ദുഃഖമുണ്ടെന്ന് ഇപ്പോൾ അറിഞ്ഞു. മക്കൾ കാരണം സന്തോഷം. അവർ കാരണം ദുഃഖം. എന്തൊരവസ്ഥ ...!
ഇതൊരു സാധാരണ മരണമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. അതല്ലല്ലോ നടന്നത്. കൊല്ലപ്പെടുകയല്ലേ ഉണ്ടായത്. ആരാണ് ഘാതകൻ..? അതോർക്കുമ്പോൾ ദുഃഖം ഇരട്ടിക്കുന്നു. സ്വന്തം ഇക്കാക്ക. ഖാബീൽ. ഇതെങ്ങനെ ഒരു ഉമ്മ സഹിക്കും. ഹബീലിന്ന് ഇക്കാക്കയോട് എന്തൊരു സ്നേഹമായിരിന്നു. എന്നിട്ടും ഖാബീൽ ഇത് ചെയ്തല്ലോ...
ലബൂദയേക്കാൾ സുന്ദരിയായിരുന്നു ഇഖ് ലീമ. ഇബ്ലീസ് നോട്ടമിട്ടു നടക്കുകയായിരുന്നു. സുന്ദരിയായ ഇഖ് ലീമയെ വിവാഹം ചെയ്യേണ്ടത് ഹബീലായിരുന്നു. ഇഖ് ലീമയെ വിട്ടുകൊടുക്കരുത്. അവൾ സുന്ദരിയാണ്. ഇബ്ലീസ് ഖാബീലിന് ഉപദേശം നൽകി. ഖാബീൽ വഴി തെറ്റിത്തുടങ്ങി. ഇബ്ലീസ് അടവുകൾ പലത് പയറ്റിക്കൊണ്ടിരുന്നു. ഖാബീലിന്റെ മനസ്സിൽ അസൂയ വളർത്തിയെടുത്തു. അത് പകയായി വളർന്നു ...
ഉപ്പ മകനെ നന്നായി ഉപദേശിച്ചു.
"മോനേ... ഇബ്ലീസ് നമ്മുടെ ഉഗ്രശത്രുവാണ്. അവൻ പറയുന്നത് കേൾക്കരുത്. അവൻ ചതിക്കുഴിയിൽ ചാടിക്കും. വളരെ സൂക്ഷിക്കണം. എന്റെ ഉപദേശം കേട്ടു നടന്നാൽ മതി. അത് രക്ഷയുടെ മാർഗ്ഗമാണ്..."
ഉപ്പ ഉപദേശം തുടർന്നപ്പോൾ ഇബ്ലീസ് കൂടുതൽ പിടിമുറുക്കി. സ്ത്രീയുടെ സൗന്ദര്യമുപയോഗിച്ചാണ് ഇബ്ലീസ് വല വീശുന്നത്. ആ വലയിൽ ഒരു വിധമാളുകളൊക്കെ വീണു പോകും. കുടുംബത്തിൻ ദുഃഖം പെയ്തിറങ്ങി. ശൈത്വാൻ പൊട്ടിച്ചിരിച്ചു ...
വർഷങ്ങൾ അഞ്ച് കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ നടന്നത് പോലെ തോന്നുന്നു. ചിരിക്കാൻ മറന്നു പോയ അഞ്ച് വർഷങ്ങൾ. ഒടുവിൽ അല്ലാഹുﷻവിന്റെ ആശ്വാസവചനമെത്തി. യോഗ്യനായ പുത്രൻ ജനിക്കാൻ പോവുന്നു ആദം (അ)ന്ന്. ഇരുനൂറ്റി മുപ്പത് വയസ്സ് പ്രായം. ഹവ്വ (റ) ഗർഭിണിയായി. ആശ്വാസത്തിന്റെ കാലം വരികയായി. മാസങ്ങൾ കടന്നു പോയി. ഹവ്വ (റ) പ്രസവിച്ചു. ആൺകുഞ്ഞ്...
ഈ പ്രസവത്തിൽ മാത്രം ഒരു കുഞ്ഞ് എന്നാണ് റിപ്പോർട്ട്. മറ്റെല്ലാ പ്രസവത്തിലും ഇരട്ടക്കുട്ടികൾ. കുഞ്ഞിന് പേരിട്ടു...
" ശീസ് "...
ശീസ് എന്ന വാക്കിന് 'പകരം' എന്നർത്ഥം. ഹാബീലിന്ന് പകരം കിട്ടിയ കുട്ടി. ഉപ്പയോട് രൂപസാദൃശ്യമുള്ള കുഞ്ഞ്. കത്തിയെരിഞ്ഞു നിന്ന ഖൽബുകളിൽ ആശ്വാസത്തിന്റെ തെളിനീർ വീണത് പോലെയായി. ദുഖത്തിന്റെ തീജ്വാലകൾ അണഞ്ഞു. അഞ്ചു വർഷത്തിനു ശേഷം വന്ന ആശ്വാസം ...
ഉപ്പയുടെ വിയോഗം.
ശീസ് (അ) നെ ഗർഭം ധരിച്ചപ്പോൾ പല അത്ഭുതകരമായ അനുഭവങ്ങളും ഹവ്വ (റ)ക്കുണ്ടായി...
തേജസ്സുള്ള കുഞ്ഞായിരുന്നു. ഒരു പ്രവാചകനെയാണ് ഗർഭം ധരിച്ചിരിക്കുന്നത്. പ്രസവവും വളരെ ആശ്വാസകരമായി. മലക്കുകൾ ആശ്വാസമേകി. പ്രസവശേഷം കുഞ്ഞിനെ മലക്കുകൾ കൊണ്ടുപോയി. നാല്പത് ദിവസം അവരുടെ സംരക്ഷണത്തിലായിരുന്നു. അവർ കുഞ്ഞിനെ എല്ലാ ഭാഷകളും പഠിപ്പിച്ചു. ആദം നബി (അ)ന്ന് അല്ലാഹുﷻ വിജ്ഞാനം നൽകി. പ്രിയപുത്രൻ ശീസിന്നും ദിവ്യജ്ഞാനം നൽകി ...
സഹോദരീ സഹോദരന്മാരുടെ കണ്ണിലുണ്ണിയാണ് ശീസ്. സ്നേഹവാത്സല്യങ്ങൾ വേണ്ടുവോളം ആസ്വദിച്ചു വളർന്നു. ആരോഗ്യമുള്ള ചെറുപ്പക്കാരൻ. മലക്കുകളുമായി സംസാരിക്കും. അവരിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കും. ഇബ്ലീസ് നിരാശനായി. ശീസിനെ പിടിയിൽ കിട്ടുന്നില്ല. ചെന്നാൽ ആട്ടിയോടിക്കും. ഒരു നീക്കുപോക്കിനുമില്ല. പിതാവിന്ന് മകൻ സഹായമായി. എല്ലാ കാര്യത്തിലും മകൻ സഹായിയായി...
പിന്നീട് അല്ലാഹുﷻ ശീസിനെ പ്രവാചകനായി നിയോഗിച്ചു. ആരോഗ്യവും സൗന്ദര്യവുമുള്ള ചെറുപ്പക്കാരൻ. വാചാലമായി സംസാരിക്കുകയും ചെയ്യും. നല്ല പെരുമാറ്റം, നല്ല സംസാരം, ആദം സന്തതികളെ നേർമാർഗത്തിൽ നയിക്കാൻ കഴിയുന്നു. ഇങ്ങനെയൊരു പുത്രനെ ലഭിച്ചതിൽ മാതാപിതാക്കൾക്ക് വളരെ സന്തോഷമായി. ആശ്വാസമായി ...
ആദം (അ) ന്റെ അന്ത്യം അടുത്തു തുടങ്ങി. വാർദ്ധക്യവും രോഗവും ബാധിച്ചു കിടപ്പിലായി. ഇരുപത്തൊന്നു ദിവസം രോഗം ബാധിച്ചു കിടന്നു. ശീസിനെ അടുത്തേക്ക് വിളിച്ച് ഇങ്ങിനെ പറഞ്ഞു: "മോനെ.....! എനിക്ക് സ്വർഗത്തിലെ ഒരു പഴം തിന്നാൻ മോഹം. നിങ്ങൾ കഅബാലയത്തിൽ പോയി പ്രാർത്ഥിക്കണം. എന്റെ ആഗ്രഹം അല്ലാഹുﷻവിനോട് പറയുക ..."
ശീസിന്റെ നേതൃത്വത്തിൽ ഏതാനും പുത്രന്മാർ മക്കയിലെത്തി. ദുആ നടത്തി. ജിബ് രീൽ (അ) ഏതാനും മലക്കുകളോടൊപ്പം അവിടെ സന്നിഹിതനായി. ശീസ് നബി (അ) നോട് ചോദിച്ചു. "എന്താണ് നിങ്ങളുടെ ആവശ്യം..?"
"ഉപ്പ സുഖമില്ലാതെ കിടക്കുകയാണ്. സ്വർഗ്ഗത്തിലെ പഴം തിന്നാൻ വലിയ ആഗ്രഹമുണ്ട്..." ശീസ് (അ) പറഞ്ഞു...
"അത് ഞങ്ങൾ എത്തിച്ചുകെടുക്കാം. നിങ്ങൾ പൊയ്ക്കൊള്ളുക"
ശീസ് (അ) സഹോദരന്മാരോടൊപ്പം മടങ്ങി. വെപ്രാളത്തോടെ യാത്ര ചെയ്തു ...
ഉപ്പാക്കു സുഖമില്ല. വേഗം വീട്ടിലെത്തണം. ധൃതി പിടിച്ച യാത്ര. ഒരു വിധത്തിൽ വീട്ടിലെത്തി. ഉപ്പ പഴം തിന്നുന്നു. ഉമ്മ സമീപത്തുണ്ട്. അന്ത്യരംഗം സമാഗതമാവുന്നു. ഉമ്മയെ നോക്കി ഉപ്പ പറഞ്ഞു: "നീ ഈ മുറിയിൽ നിന്ന് മാറി നിൽക്കൂ... അനുഗ്രഹത്തിന്റെ മലക്കുകൾ വന്നോട്ടെ ..." വാക്കുകൾ അല്പം പരുക്കനായിപ്പോയോ..?
അന്ത്യരംഗത്തിന് സാക്ഷിയാവാൻ വന്ന ഭാര്യ. അവരോട് പുറത്ത് പോവാൻ ഉപ്പ ആവശ്യപ്പെടുന്നു. അവരുടെ മുഖം വാടി.. ദുഃഖത്തിന്റെ നിഴൽ വീണു... പഴയ സംഭവങ്ങൾ ഓർമ്മയിൽ ഓടിയെത്തി. വിലക്കപ്പെട്ട മരം. അതിലെ പഴം. ഇബ്ലീസ് പഞ്ചാരയിൽ കുടുക്കി. ഇബ്ലീസ് ശത്രുവാണ്. കൊടിയ ശത്രു. അവനെ വിശ്വസിക്കരുത്. അനുസരിക്കരുത്. അനുസരിച്ചാൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരും. അങ്ങനെയൊക്കെ അല്ലാഹുﷻ താക്കീത് നൽകിയിരുന്നു. എന്നിട്ടും പറ്റിപ്പോയി. വിലക്കപ്പെട്ടത് ഭക്ഷിച്ചു. ഭർത്താവിനെ നിർബന്ധിച്ചു കഴിപ്പിച്ചു. കല്പന ലംഘിച്ചു. തൽഫലമായി ഭൂമിയിലെത്തി. കഷ്ടപ്പാടുകളുടെ കാലവും തുടങ്ങി...
എല്ലാറ്റിനും കാരണക്കാരി ഞാൻ തന്നെ. എന്നെ കണ്ടാൽ ഭർത്താവ് അതെല്ലാം ഓർമ്മിക്കും. ഹവ്വ (റ) മുറിയിൽ നിന്നിറങ്ങിപ്പോയി ...
ശീസ് (അ) ഉപ്പയുടെ തൊട്ടടുത്തുണ്ട്. വിലപ്പെട്ട ഉപദേശങ്ങൾ നൽകി. എത്രയോ ഉപദേശങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. ഇത് അന്ത്യോപദേശം ...
"പ്രിയപ്പെട്ട മകനേ..! എന്റെ കാലം അവസാനിച്ചു. ഇനി അല്പസമയം മാത്രം. ഈ ജനതയെ നീ നയിക്കുക. സത്യത്തിലേക്കും ധർമ്മത്തിലേക്കും നയിക്കുക. ഇബ്ലീസിനെയും അവന്റെ സംഘത്തെയും കരുതിയിരിക്കുക. അവരാണ് നമ്മുടെ ശത്രുക്കൾ. അവരുടെ കാര്യത്തിൽ സദാനേരവും ജാഗ്രത വേണം. അലസത പാടില്ല. അല്ലാഹുﷻവിന്ന് വേണ്ടി ജീവിക്കുക. അവന്റെ തൃപ്തിയിലായി മരിക്കുക..."
മരണത്തിന്റെ മാലാഖയെത്തി. റഹ്മത്തിന്റെ മലക്കുകളെത്തി. റൂഹ് പിടിക്കാൻ സമയമായി. ഭൂമിയിലെ ഭക്ഷണവും വെള്ളവും വായുവും അവസാനിച്ചു. ഇനി തിരിച്ചു പോകാം. ആദമിന്റെ ആദ്യകാലത്തെക്കുറിച്ച് മക്കൾ കേട്ടിട്ടുണ്ട്. അവരത് ഇപ്പോൾ ഓർക്കുന്നു. മണ്ണിനാൽ രൂപപ്പെടുത്തിയ മനുഷ്യരൂപം. അതിന്നകം ഇരുട്ടായിരുന്നു. പരിശുദ്ധ ലോകത്ത് നിന്ന് റൂഹിനെ (ആത്മാവിനെ) കൊണ്ട് വന്നു. "ഈ ശരീരത്തിൽ പ്രവേശിക്കുക." അല്ലാഹുﷻ റൂഹിനോട് കല്പിച്ചു. ശങ്കിച്ചു നിന്നു. ഇരുട്ടറയിൽ പ്രവേശിക്കാൻ മടി. വീണ്ടും നിർബന്ധിച്ചു. അപ്പോഴും സംശയിച്ചു നിന്നു. നബി (സ) തങ്ങളുടെ ദിവ്യപ്രകാശം ആദമിന്റെ നെറ്റിയിൽ പ്രവേശിച്ചു. ശരീരത്തിനകത്ത് പ്രകാശം പരന്നു. സന്തോഷത്തോടെ റൂഹ് അതിനകത്ത് കടന്നു. ആ റൂഹിനെ പിടിച്ചൂരി പുറത്തെടുക്കാൻ പോവുകയാണ്. ഉച്ചത്തിൽ തൗഹീദ് ചൊല്ലി. എല്ലാറ്റിനും പുത്രൻ ശീസ് (അ) സാക്ഷി...
സ്വർഗത്തിൽ നിന്ന് എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. പലതരം സുഗന്ധദ്രവ്യങ്ങൾ, കഫൻ ചെയ്യാനുള്ള തുണി തുടങ്ങിയവ... വിശുദ്ധമായ റൂഹിനെ ഏറ്റെടുക്കാൻ മലക്കുകൾ സന്നദ്ധരായി നിൽക്കുന്നു. മലക്കുകളുടെ മഹാ സംഘത്തെ ഹവ്വ (റ) കാണുന്നുണ്ട്. അവരുടെ നയനങ്ങൾ നിറഞ്ഞൊഴുകുകയാണ്. പ്രിയപ്പെട്ടവൻ മടങ്ങിപ്പോവുകയാണ്. ഭൂമിയിലേക്ക് ഒന്നിച്ചാണ് വന്നത്. ഇപ്പോൾ ഒറ്റക്ക് മടങ്ങിപ്പോവുന്നു. സഹിക്കാനാവാത്ത ദുഃഖം. ഒരു നിശ്ചിത കാലത്തെ ജീവിതത്തിന് വേണ്ടിയാണ് ഭൂമിയിലേക്കയച്ചത്. ആയിരം വർഷങ്ങളോളം ദുരിതങ്ങൾ തരണം ചെയ്ത് ജീവിച്ചു. ഭൂമിയിൽ മനുഷ്യ വാസത്തിന്ന് അടിത്തറ പാകി. സമയം കഴിഞ്ഞു. അല്ലാഹുﷻ തിരിച്ചു വിളിച്ചു...
രാജാവിനെ വരവേൽക്കും പോലെ കൊണ്ട് പോവുകയാണ്. പ്രകൃതി പോലും നിശ്ചലം. വീണ്ടും ഉറക്കെ തൗഹീദ് ചൊല്ലി. കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു. എല്ലാം ശാന്തം. ആത്മാവ് മലക്കുകൾ ആദരവോടെ കൊണ്ട് പോയി. ഹവ്വ (റ) നെടുവീർപ്പിട്ടു. നിശ്ചലമായ ശരീരത്തിലേക്ക് നോക്കി. പ്രിയ ഭർത്താവിന്റെ മയ്യിത്ത്...
ജിബ് രീൽ (അ) ശീസ് (അ) നോടിങ്ങനെ പറഞ്ഞു: "മയ്യിത്ത് സംസ്കരണം തുടങ്ങുകയാണ്. എല്ലാം കണ്ട് പഠിച്ചു കൊള്ളുക. നിങ്ങളിലൊരാൾ മരിച്ചാൽ ഇങ്ങനെയാണ് ചെയ്യേണ്ടത്. മയ്യിത്ത് കുളിപ്പിച്ചു. പുത്രന്മാരും മറ്റും കണ്ടു പഠിച്ചു. പിന്നീട് കഫൻ ചെയ്തു. അതും കണ്ട് പഠിച്ചു. മയ്യിത്ത് കഅബാ ശരീഫിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടന്നു. അതിന്ന് ജിബ് രീൽ (അ) നേതൃത്വം നൽകി. ശീസ് (അ) നേതൃത്വം നൽകി എന്നും അഭിപ്രായമുണ്ട്. മസ്ജിദുൽ ഖൈഫിന്ന് സമീപം ഖബറടക്കി എന്ന റിപ്പോർട്ടുണ്ട്. അബൂ ഖുബൈസ് മലയിലാണെന്നും അഭിപ്രായമുണ്ട്. സറം ദ്വീപിലെ ആദം മലയിലാണെന്നും റിപ്പോർട്ടുണ്ട് ...
ബിംബങ്ങൾ വന്ന വഴി
ഉപ്പയുടെ വിയോഗം. അത് മക്കളെ വ്യസനത്തിലാക്കി. സ്വർഗ്ഗത്തിൽ നിന്ന് വന്ന ഉപ്പ. അങ്ങോട്ടു തന്നെ മടങ്ങിപ്പോയി. ധന്യമായ ജീവിതം. ഒട്ടനേകം കാര്യങ്ങൾ ഉപ്പയിൽ നിന്ന് കേട്ടു പഠിച്ചു...
ശീസ് (അ) നോട് വ്യക്തിപരമായിത്തന്നെ വളരെയധികം കാര്യങ്ങൾ പറഞ്ഞു കെടുത്തിട്ടുണ്ട്. നൂഹ് (അ) നെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. എന്റെ സന്താന പരമ്പരയിൽ വരുന്ന പുത്രനാണത്. ജനങ്ങൾ വളരെയേറെ വഴി പിഴച്ചു പോവുന്ന കാലം. അക്കാലത്ത് ബിംബാരാധന വർദ്ധിക്കും...
പ്രധാന ബിംബങ്ങൾ ഏതൊക്കെയാണെന്നറിയാമോ...?
മോനേ... നിനക്കൊരു പുത്രൻ ജനിക്കും. അവന്റെ കാലത്ത് അഞ്ച് മഹാപുരുഷന്മാർ ജീവിക്കും. അല്ലാഹുﷻവിനെ ആരാധിച്ചും ജനങ്ങൾക്കു സന്മാർഗം കാണിച്ചുകൊടുത്തും അവർ ജീവിക്കും. ജനങ്ങൾ അവരെ വല്ലാതെ ബഹുമാനിക്കും. പുണ്യാത്മാക്കളായി തന്നെ വഫാത്താവുകയും ചെയ്യും. ഞാനവരുടെ പേരുകൾ പറഞ്ഞു തരാം. വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ്. ഇവർ ഓരോരുത്തരായി കാലയവനിക്കുള്ളിൽ മറഞ്ഞു പോകും. ഓരോ മരണവും ജനങ്ങളെ ഏറെ ദുഖിപ്പിക്കും. എല്ലാവരും പോകും. കൺമുമ്പിലുണ്ടാവില്ല. ഖബറിലാണ്. എന്നാൽ ജനങ്ങളുടെ മനസ്സിൽ നിന്നവർ പോവില്ല. മഹാത്മാക്കളെ ജനങ്ങൾ ഓർക്കും. അവരെപ്പറ്റി പറയും. അവരുടെ ഉപദേശങ്ങൾ അനുസ്മരിക്കും...
പഴയ തലമുറ പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കും. മഹത്മാക്കളോടുള്ള ഈ ആദരവ് ചൂഷണം ചെയ്യാൻ ശത്രുവായ ഇബ്ലീസ് വരും. മനുഷ്യ രൂപത്തിൽ. അവൻ മഹത്മാക്കളെ പുകഴ്ത്തിപ്പറയും. അത് കേൾക്കാൻ ധാരാളമാളുകൾ ചുറ്റും കൂടും. നീണ്ട പ്രസംഗത്തിനൊടുവിൽ അവൻ പറയും: നിങ്ങൾക്ക് ആ മഹാന്മാരെ കണ്ട് കൊണ്ടിരിക്കാൻ ഒരു വഴിയുണ്ട്. ഞാൻ പറഞ്ഞു തരാം. അത് കേട്ടപ്പോൾ ആളുകൾക്ക് ആവേശമായി. എന്താണാ വഴി..? പലരും ചോദിച്ചു. പറഞ്ഞു തരാം. ശ്രദ്ധിച്ചു കേട്ടോളൂ..
"അഞ്ച് മഹാന്മാരുടെയും പ്രതിമകൾ ഉണ്ടാക്കുക. കണ്ടാൽ അവരെ പോലിരിക്കും. നമുക്കവരെ കാണാം. മാറ്റൊന്നിനുമല്ല. എന്താണഭിപ്രായം. വെറുതെ മഹാത്മാക്കളുടെ രൂപം ഉണ്ടാക്കുകയല്ലേ. അതിൽ തെറ്റൊന്നും കണ്ടില്ല. ഇബ്ലീസ് പ്രതിമകളുണ്ടാക്കും. ഒരു മുറിയിൽ സൂക്ഷിക്കും. രാവിലെയും വൈകുന്നേരവും അവയെ സന്ദർശിക്കാൻ പറയും. കുറെക്കാലം അങ്ങനെ കടന്നു പോകും. പഴമക്കാർ മരിക്കും. പുതിയ തലമുറ വരും...
നൂഹ് (അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കും. നിരന്തരം ക്ഷണിക്കും. ക്ഷണം സ്വീകരിക്കുന്നവർ വളരെ പരിമിതമായിരിക്കും. കുറഞ്ഞ കാലമൊന്നുമല്ല ക്ഷണിക്കുക. തൊള്ളായിരത്തി അമ്പത് കൊല്ലം. മഹാഭൂരിപക്ഷം നബിയുടെ ശത്രുക്കളായിത്തീരും. ഒരു പുത്രൻ വരെ. ആ ജനതക്കെതിരായി നൂഹ് (അ) പ്രാർത്ഥിക്കും. അപ്പോൾ കപ്പലുണ്ടാക്കാൻ കല്പിക്കും. വിശ്വാസികളെല്ലാം അതിൽ കയറും എല്ലാ ജീവികളിൽ നിന്നും ഇണകളെ കയറ്റും. പിന്നെയാണ് പ്രളയം. കപ്പൽ വെള്ളത്തിൽ പൊങ്ങി നിൽക്കും. ബാക്കിയെല്ലാം നശിക്കും...
ശീസ് (അ) ന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഉപ്പയുടെ വാക്കുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അല്ലാഹുവേ..! ഉപ്പാക്ക് അത്യുന്നത സ്ഥാനം നൽകണമേ...
ഉമ്മയുടെ കാര്യം..! അവർ തീരെ അവശയാണ്. വേർപ്പാടിന്റെ ദുഃഖം ഉമ്മയെ തളർത്തിക്കഴിഞ്ഞു. നാല്പതിനായിരം വരുന്ന മനുഷ്യർ ഇന്ന് ഭൂമിയിൽ ഉണ്ട്. അവരുടെ ഉമ്മയാണിത്. ഇനി വരുന്ന കോടാനുകോടി മനുഷ്യരുടെ ഉമ്മ. അന്ത്യനാൾ വരെ വരുന്നവർക്കും ഉമ്മ. മക്കൾ ഉൽക്കണ്ഠയിലാണ്...
ഉമ്മയുടെ ചുറ്റും അദൃശ്യ ശക്തികൾ വന്നു കൂടിയിട്ടുണ്ട്. മലക്കുകളുടെ സമൂഹം. മരണത്തിന്റെ മാലാഖയും വരുന്നു. ശീസ് (അ) മലക്കുകളെ കാണുന്നു. ആശയവിനിമയം നടക്കുന്നു. ഉമ്മാക്ക് കണക്കാക്കിയ വായുവും വെള്ളവും തീർന്നു. ഭൂമിയിൽ അധ്വാനിച്ചു ജീവിച്ച ഉമ്മ ഇതാ പോവുകയായി. ഉപ്പ പോയ ലോകത്തേക്ക് ഉമ്മയും പോവുന്നു. അവരും അത് തന്നെയാണ് കൊതിച്ചത്. ഉപ്പയുടെ ഭാഗമാണ് ഉമ്മ. ഉപ്പയുടെ വാരിയെല്ലിൽ നിന്നാണ് ഉമ്മയെ സൃഷ്ടിച്ചത്...
അക്കാലത്തവർ സ്വർഗത്തിലായിരുന്നു. ഇബ്ലീസിന്റെ ചതിക്കുഴിയിൽ പെട്ടുപോയി. അങ്ങിനെയവർ ഭൂമിയിലെത്തി. അക്കാര്യങ്ങളെല്ലാം എത്രയോ തവണ കേട്ടിട്ടുണ്ട്. ഭൂമിയിൽ ഖലീഫയായി നിയോഗിക്കപ്പെട്ടു. ഉപ്പ പോയി. ഇനി ഖലീഫ ശീസ് നബിയാണ്. നബിക്കുശേഷം മറ്റൊരു ഖലീഫ. സന്മാർഗത്തിലേക്കു നയിക്കുന്നത് ഖലീഫയാണ്. ഉമ്മയുടെ കണ്ണുകൾ എന്തൊക്കെയോ കാണുന്നു. ഉമ്മയുടെ സമീപത്തേക്ക് ഉപ്പയും വന്നിട്ടുണ്ടോ..? ഭൂമിയിൽ നിന്ന് യാത്ര പോവുകയാണ്. മക്കളും, പൗത്രൻമാരും, അവരുടെ മക്കളും പിന്നീടുള്ള കുട്ടികളുമെല്ലാം കൂടി നാല്പതിനായിരം വരും. അവർ ഉമ്മയെ യാത്ര അയക്കുകയാണ്. ഉജ്ജ്വലമായ യാത്രയയപ്പ്. ഉമ്മയുടെ കണ്ണുകൾ അടഞ്ഞു. ശ്വാസം നിലച്ചു...
"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ..."
(തീർച്ചയായും നാം അല്ലാഹുവിന്നുള്ളതാകുന്നു. തീർച്ചയായും നാം അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും.)
ഉപ്പ വഫാത്തായപ്പോൾ മലക്കുകൾ വന്ന് മയ്യിത്ത് സംസ്കരണ മുറകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത്പോലെ ചെയ്യാം. ശീസ് (അ) എല്ലാറ്റിനും നേതൃത്വം നൽകുന്നു. പെൺമക്കൾ ഉമ്മയെ കുളിപ്പിച്ചു. ശീസ് (അ) വേണ്ട നിർദ്ദേശങ്ങൾ നൽകി. സുഗന്ധം പുരട്ടിയ തുണികളിൽ കഫൻ ചെയ്തു. മയ്യിത്ത് നിസ്കരിച്ചു. ഉപ്പയുടെ സമീപം ഖബറടക്കി. മക്കൾ നെടുവീർപ്പിട്ടു. ഒരു കാലഘട്ടം അവസാനിച്ചു. ആദ്യ പിതാവും ആദ്യ മാതാവും യാത്രയായി. ആദം (അ) വഫാത്തായ മൂന്നാം ദിവസം ഹവ്വ (റ) യും വഫാത്തായി. അങ്ങനെ ഒരു റിപ്പോർട്ടുണ്ട്. ആദം (അ) വഫാത്തായി ഒരു വർഷം കഴിഞ്ഞ് ഹവ്വ (റ) വഫാത്തായിയെന്ന് മറ്റൊരു റിപ്പോർട്ട് ...
എല്ലാവരും ശീസ് (അ)ന്റെ മുഖത്തേക്ക് നോക്കി. ഇനി എല്ലാവർക്കുമുള്ള അഭയകേന്ദ്രം ഇതാണ്. മതപ്രബോധകനായ നബിയും, ആ സമൂഹത്തിന്റെ ഭരണാധികാരിയുമാണ് ശീസ് (അ). ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള ഭരണം. സത്യവും നീതിയും നടപ്പാക്കി. ശാന്തിയും സമാധാനവും നിലനിന്നു. ശീസ് (അ) അവർകൾക്ക് ഏടുകൾ ഇറക്കപ്പെട്ടു. ആദ്യമായി ഹീബ്രു ഭാഷ സംസാരിച്ചത് ശീസ് നബി (അ) ആണെന്ന് റിപ്പോർട്ടുണ്ട്. ശീസ് നബി (അ) ചെരുപ്പ് ധരിച്ചു. തൊപ്പിയും ധരിച്ചു. ഇത് ചര്യയായി നടപ്പാക്കിയത് ശീസ് (അ) ആണെന്ന് കാണുന്നു. ഇറക്കപ്പെട്ട ഏടുകളിൽ തത്വശാസ്ത്രം, തച്ചുശാസ്ത്രം, ഗണിതം, ഗാന ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉണ്ടായിരുന്നു ...
ഉപദേശങ്ങൾ
അല്ലാഹുവിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ശീസ് (അ) അഗാധ ജ്ഞാനം നേടിയിരുന്നു. അല്ലാഹുവിനെക്കുറിച്ച് വളരെ നേരം സംസാരിക്കുമായിരുന്നു. കേൾവിക്കാരുടെ മനസ്സിളകിമറിയും. കണ്ണുകൾ നിറയും. ഗ്രീക്ക് തത്വശാസ്ത്രജ്ഞന്മാർ ശീസ് (അ)ന്റെ പാഠങ്ങളെ വളരെയേറെ ആദരിച്ചിരുന്നു. പൗരാണിക ഗ്രീക്ക് ചരിത്രം വളരെ പ്രസിദ്ധമാണ്. ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലാണ് ആദ്യമായി ജനാധിപത്യം വന്നത് എന്നാണ് ലേക ചരിത്രം പറയുന്നത്...
അവിടത്തെ തത്വശാസ്ത്രജ്ഞന്മാർ വളരെ പ്രസിദ്ധരാണ്. അവരുടെ വചനങ്ങൾ ലോകം മുഴുവൻ ഉദ്ധരിക്കപ്പെടാറുണ്ട്. അവർക്ക് വെളിച്ചം ലഭിച്ചതാവട്ടെ ശീസ് (അ), ഇദ് രീസ് (അ) എന്നിവർ പഠിപ്പിച്ച പാഠങ്ങളിൽ നിന്നും. ശീസ് (അ) പഠിപ്പിച്ച പാഠങ്ങൾ പ്രസിദ്ധമാണ്. ഗ്രീക്കുകാരും മറ്റ് വിഭാഗങ്ങളും ആ പാഠങ്ങൾ പഠിച്ചു. സ്വജീവിതത്തിൽ പകർത്തുകയുണ്ടായി. ആ പാഠങ്ങൾ വികസിപ്പിച്ചു. പിൽക്കാലത്ത് ലോകത്തിന്ന് നൽകി...
ശീസ് (അ) തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ഒരു സത്യവിശ്വാസി പതിനാറ് കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓരോരുത്തരുടെയും ജീവിതത്തിൽ അത് ഉണ്ടാവുകയും വേണം...
1) അല്ലാഹുവിനെ അറിയുക: ഏറ്റവുമാദ്യം വേണ്ടത് അതാണ്. മനസ്സിൽ തൗഹീദ് ഉറപ്പിക്കുക. അല്ലാഹുവിന്റെ ഗുണവിശേങ്ങൾ (സ്വിഫത്തുകൾ) പഠിച്ചറിയണം...
2) വസ്തുക്കളിൽ നല്ലതും ചീത്തയും തിരിച്ചറിയുക: ഹലാലും ഹറാമും വ്യക്തമായി മനസ്സിലാക്കുക...
3) രാജാവിനെ അനുസരിക്കുക: നാട്ടിൽ നീതിയും സമാദാനവും നിലനിൽക്കണമെങ്കിൽ അനുസരണ ശീലം വേണം. കയ്യൂക്കുള്ളവൻ കാര്യക്കാരനാവാൻ പാടില്ല. നിയമങ്ങൾ എല്ലാവരും അനുസരിക്കണം. എല്ലാവരും നിയമത്തിന്ന് വിധേയരാണ്. നിയമം അല്ലാഹുവിൽ നിന്നാണ്...
4) മാതാപിതാക്കൾക്ക് നന്മ ചെയ്യുക: ഇത് എല്ലാ പ്രവാചകന്മാരും സമുദായങ്ങളെ പഠിപ്പിച്ചതാണ്. മാതാപിതാക്കൾ മക്കളെ സംബന്ധിച്ച് തൃപ്തരായിരിക്കണം. അവിടെയാണ് അല്ലാഹുവിന്റെ തൃപ്തി...
5) എല്ലാവരോടും നന്മ പ്രവർത്തിക്കുക: തിന്മ ചെയ്യരുത്. തിന്മക്ക് പ്രോത്സാഹനം നൽകരുത്. ജനങ്ങളെ നന്മയുടെ ഭാഗത്ത് ഉറപ്പിച്ചു നിർത്തണം. ഉന്നതന്മാർ നന്മയോടൊപ്പം നിന്നാൽ സാധാരണക്കാർ അവരെ പിന്തുടരും. അങ്ങനെ നാട്ടിൽ നന്മ വാഴും. തിന്മ നശിക്കും...
6) സാധുക്കളോടും, സഹായം തേടിവരുന്നവരോടും കരുണ കാണിക്കുക: എല്ലാ സമൂഹത്തിലും ദരിദ്രരുണ്ടാവും. അവർക്ക് മറ്റുള്ളവരുടെ സഹായം പലപ്പോഴും ആവശ്യമായി വരും. അത് നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുക. ജനങ്ങളെ ലുബ്ധരാവാൻ അനുവദിക്കരുത്. ദാനശീലം വളർത്തുക. ഔദാര്യശീലം സമ്പത്തിനെ ശുദ്ധീകരിക്കും. ഐശ്വര്യം കൊണ്ട് വരും...
7) യാത്രക്കാരെ ആദരിക്കുക: ജീവിതം തന്നെ യാത്രയാണ്. യാത്രയില്ലാതെ ജീവിതമില്ല. നാം യാത്രക്കാരനാവുമ്പോൾ മറ്റുള്ളവരിൽ നിന്ന് സഹകരണവും സഹായവും പ്രതീക്ഷിക്കും. നാം ആദ്യം അത് നൽകണം. അപ്പോൾ മറ്റുള്ളവർ നമ്മെ സഹായിക്കും. ആദരിക്കും...
8) അല്ലാഹുവിനെ ആരാധിക്കുന്നതിൽ പരിശ്രമിക്കുക: രാത്രിയിലും പകലിലും ഇബാദത്തിൽ മുഴുകുക...
9) ദുഷ് പ്രവർത്തികളിൽ നിന്ന് അകന്നിരിക്കുക: ശൈത്വാൻ നമ്മെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും. ശരീരം അതിന്നു വഴങ്ങിയേക്കും. ശരീരേച്ഛയുമായി നാം സമരം നടത്തി ജയിക്കണം.
10) ആപത്തുകളിൽ ക്ഷമിക്കുക: ക്ഷമാശീലർക്കാണ് സകല വിജയങ്ങളും. അസ്വസ്ഥരാവരുത്. ക്ഷുഭിതരാവരുത്. ഏത് സഹചര്യത്തിലും ക്ഷമ മുറുകെ പിടിക്കുക...
11) എപ്പോഴും സത്യം പറയുക: ശൈത്വാൻമാർ കളവ് പറയാൻ പ്രേരിപ്പിക്കും. അനുസരിക്കരുത്. സത്യം മാത്രമേ പറയാവൂ. അതിൽ നിർബന്ധബുദ്ധി തന്നെ കാണിക്കണം...
12) നീതി പാലിക്കുക: ഒരു സാഹചര്യത്തിലും നീതികേട് വന്ന് പോവരുത്. നീതി കാണിച്ചാൽ നാം ശക്തരായി. നീതികേട് കാണിച്ചാൽ ശൈത്വാൻമാർ ശക്തരാവും. നാം ദുർബ്ബലരുമായിത്തീരും. അങ്ങനെ സംഭവിക്കരുത്...
13) അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക: എണ്ണിയാൽ തീരാത്തത്ര അനുഗ്രഹങ്ങളാണ് അല്ലാഹു മനുഷ്യർക്കു നൽകുന്നത്. മതിയായ രീതിയിൽ നന്ദി പ്രകടിപ്പിക്കുവാൻ മനുഷ്യന്ന് കഴിയില്ല. കഴിയും പ്രകാരം നന്ദി പ്രകടിപ്പിക്കണം. അല്ലാഹുവിന്റെ കല്പനകൾ പാലിക്കുക. നിരോധിച്ചതെല്ലാം കൈവെടിയുക...
14) ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ പരിശീലിക്കുക: ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ കഴിഞ്ഞാൽ അവിടെയാണ് സംതൃപ്തി. ഇല്ലാത്തതിന്ന് മോഹിക്കരുത്. ശരീരേച്ഛകളാണ് മോഹങ്ങൾ ഉണ്ടാകുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിവാർജ്ജിക്കണം. ഉള്ളത്കൊണ്ട് തൃപ്തിപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരും.
15) ശാന്തിയും സമാധാനവും കൈ ക്കൊള്ളുക: കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത് അനിവാര്യമാണ്. വികാരത്തിന്നധീനപ്പെടരുത്. പ്രക്ഷുബ്ധമായ അവസ്ഥ ഉണ്ടാകരുത്. പ്രകോപനം അരുത്. ഇവ മനസ്സിന് ശാന്തി നൽകുന്നു. സ്വയം ശാന്തനാവുക. മറ്റുള്ളവർക്കും ശാന്തി നൽകുക...
16) എല്ലാ സമയവും അല്ലാഹുവിനെ ഓർക്കുക: നന്ദി ചെയ്യുക മനസ്സിലെപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മ വേണം. തൗഹീദിലായി ഓരോ ശ്വാസവും കടന്നു പോവണം. അല്ലാഹുവിനോട് നന്ദിയുള്ളവനായിരിക്കുക. അപരിചിതനെ സ്നേഹിക്കണമെന്നും പ്രധാനപൂർവ്വം ഉപദേശിച്ചിരുന്നു ...
ശീസ് (അ)ന്റെ തൊഴിൽ വ്യാപാരമായിരുന്നു. അതിൽ നിന്നു കിട്ടുന്ന ലാഭം മുഴുവൻ അനാഥർക്കും, അഗതികൾക്കും, രോഗികൾക്കും, യാത്രക്കാർക്കും വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇത് കാരണം പാവപ്പെട്ടവർ അദ്ദേഹത്തോടൊപ്പം കൂടുമായിരുന്നു. ദരിദ്രരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തു വന്നു. ജനങ്ങൾ ശീസ് (അ)ന്റെ ഉപദേശങ്ങൾ താല്പര്യപൂർവ്വം നടപ്പിലാക്കി. അവർക്കു ആത്മീയമായി വളരെയേറെ ഉയർന്നു വരാൻ സാധിച്ചു...
അപരിചിതരെ സ്നേഹിക്കുക. ശീസ് (അ)ന്റെ സവിശേഷമായ ഉപദേശം. സഞ്ചാര ജീവിതം നയിച്ചിരുന്ന കാലമാണത്. തങ്ങൾക്കും മൃഗങ്ങൾക്കും വെള്ളവും ആഹാരവും തേടി നടക്കുന്ന കാലം. സഞ്ചാര വേളയിൽ അപരിചിതർ കണ്ടുമുട്ടും. ആ അപരിചിതത്വം നീങ്ങണം. പരസ്പരം സഹായിക്കണം. സഹായം ചിലപ്പോൾ വാക്ക് കൊണ്ടായിരിക്കും. വഴിയറിയാത്തവർക്ക് ശരിയായ ദിശ പറഞ്ഞു കൊടുത്താൽ അതും വലിയൊരു സഹായമായിരിക്കും...
ഭൂമിയിൽ ആദ്യമായി ഈത്തപ്പന നട്ടുവളർത്തിയത് ശീസ് (അ) ആണെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. തത്വശാസ്ത്രം എന്ന വിജ്ഞാനശാഖ മനുഷ്യവർഗ്ഗത്തിന്ന് ആദ്യമായി നൽകിയതും മഹാനവർകളാകുന്നു. ശീസ് (അ) വിവാഹം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു. മക്കളും അവരുടെ മക്കളുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബം. സന്താനങ്ങൾ തൊള്ളായിരം വർഷം വരെ ജീവിച്ചു...
ശീസ് (അ) തൊള്ളായിരത്തി മുപ്പത് വർഷം ജീവിച്ചു. ജ്യേഷ്ഠ സഹോദരൻ ഹാബീലിനെക്കുറിച്ചു വേദനയോടെ ഓർക്കും. പലപ്പോഴും ദുഃഖം മറ്റുള്ളവരുമായി പങ്കുവെക്കും. ശാപം ഏറ്റ് വാങ്ങിയ ഖാബീൽ. തങ്ങളിൽ നിന്നെല്ലാം അകന്നുപോയി. ഖാബീലിന്റെ സന്താനങ്ങളും പിഴച്ച വഴിയിലൂടെ സഞ്ചരിച്ചു. ഇബ്ലീസാണ് അവരെ നയിക്കുന്നത്. ഭൂമിയിൽ ആദ്യമായി ബിംബങ്ങൾ ഉണ്ടാക്കിയത് അവരിൽ ഒരാളാണ്. ഇബ്ലീസ് വേണ്ടത് പോലെ സഹായിച്ചു. അഞ്ച്ബിംബങ്ങൾ ഉണ്ടാക്കി. 'വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ്' പുണ്യപുരുഷന്മാരുടെ രൂപങ്ങൾ. അങ്ങനെ ബിംബാരാധന തുടങ്ങി. ശൈത്വാൻമാർ ജനങ്ങളെ ബിംബങ്ങളുടെ മുമ്പിലേക്ക് ആട്ടിത്തെളിച്ച് കൊണ്ട് വന്നു...
ശീസ് (അ)ന്റെ കാലം അവസാനിക്കുകയാണ്. തന്റെ പുത്രന്മാരിൽ പ്രമുഖനെ പിൻഗാമിയായി തിരെഞ്ഞെടുത്തു. ഈ പിൻഗാമിയുടെ പേര് അനുശ് എന്നായിരുന്നു. ബയറാദ് എന്നായിരുന്നു പിൻഗാമിയുടെ പേരെന്ന് ഒരു റിപ്പോർട്ടിൽ കാണുന്നു. അനൂശ് ആ സമൂഹത്തിന്റെ ഭരണാധികാരിയും മത നേതാവും ആയിരുന്നു. ഖാബീലിന്റെ സന്താനപരമ്പരയും ശക്തിപ്രാപിച്ചു കൊണ്ടിരുന്നു. അവർ തിന്മയുടെ ശക്തികൾ. അനൂശിന്റെ സൈന്യവും ഖാബീൽ സന്തതികളും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. ഖാബീൽ സന്തതികൾ തോറ്റു. അവരെ പിടിച്ച് അടിമകളാക്കി...
ശീസ് (അ) പുത്രന്മാർക്ക് ആവശ്യമായ ഉപദേശങ്ങളെല്ലാം നൽകി. ആരാധനാമുറകൾ പഠിപ്പിച്ചു. നിരവധിയാളുകളേടൊപ്പം മക്കയിൽ ചെന്ന് ഹജ്ജ് ചെയ്തു. ഒരു കാലഘട്ടം അവസാനിക്കുകയാണ്. മരണ ദൂതനെത്തി. റഹ്മത്തിന്റെ മലക്കുകളെത്തി. റൂഹ് ശരീരം വിട്ടു പോയി. ശീസ് (അ) വഫാത്തായി...
ഒരു സമൂഹത്തിന്റെ വിരഹവേദന ലോകം കണ്ടു. ആദം (അ) വഫാത്തായപ്പോൾ മരണാനന്തര കാര്യങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്ന് മലക്കുകൾ പഠിപ്പിച്ചു കെടുത്തിട്ടുണ്ട്. ശീസ് (അ) വഫാത്തായപ്പോൾ മക്കൾ അത് നിർവ്വഹിക്കാൻ പ്രാപ്തരായി കഴിഞ്ഞിരുന്നു. മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി. മയ്യിത്ത് നിസ്കാരവും നടന്നു. പിതാവ് ആദം (അ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് മയ്യിത്ത് കൊണ്ട്പോയി. ജനാസ ഖബറടക്കി...
ആദ്യ പിതാവും ആദ്യ മാതാവും അവരുടെ പുത്രനും മണ്ണിലേക്കു മടങ്ങി. അവർ കൊളുത്തിയ സന്മാർഗ്ഗത്തിന്റെ വെളിച്ചം തലമുറകളിലൂടെ കൈമാറിപ്പോന്നു. ശീസ് (അ)ന്റെ പുത്രൻ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. കാർഷിക വികസനത്തിന്ന് വേണ്ടി പല നടപടികളും കൈക്കൊണ്ടു. ജലസേചന സൗകര്യം വർദ്ധിപ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ട നേട്ടം. തടാകങ്ങൾ നിർമ്മിച്ചു. തടാകങ്ങളിൽ നിന് തോട് വെട്ടി കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോയി. യുദ്ധത്തിൽ തടവുകാരായി പിടിച്ചു അടിമകളാക്കി മാറ്റിയ ഖാബീൽ സന്തതികളെയും ഈ ജോലികളിൽ പങ്കെടുപ്പിച്ചു...
അനൂശിന്റെ പിൻഗാമിയായി വന്നത് പുത്രൻ ഖബീനിൽ ആയിരുന്നു. പിതാവിന്റെ പാത ശ്രദ്ധയോടെ പിന്തുടർന്നു. ശരീഅത്ത് കാര്യക്ഷമമായി നടപ്പിലാക്കി. അദ്ധേഹത്തിന്റെ പിൻഗാമിയായി വന്നത് പുത്രൻ മഹ് ലായീൽ ആയിരുന്നു. പ്രശസ്തനായ ഭരണാധികാരിയും മതപ്രബോധകനുമായിരുന്നു മഹ് ലായീൽ...
പട്ടണങ്ങളും കോട്ടകളും നിർമ്മിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഭരണ പരിഷ്കാരങ്ങളുടെ കാലമായിരുന്നു അത്. ബാബൽ പട്ടണവും സൂസ് പട്ടണവും നിർമ്മിച്ചത് മഹ് ലായീൽ ആകുന്നു...
ഇദ്ധേഹം ഇബ്ലീസിന്റെ സൈന്യവുമായി നേർക്കുനേർ പോരാടിയിട്ടുണ്ട്. ഇബ്ലീസും സൈന്യവും മഹ് ലായീലിന്റെ ആത്മീയ ശക്തിക്ക് മുമ്പിൽ തോറ്റു പോയി. നിശ്ശേഷം പരാജയപ്പെട്ട ശൈത്വാൻമാർ മലകളുടെ മുകളിലേക്കും വിജന പ്രദേശങ്ങളിലേക്കും പിന്മാറി. ജനങ്ങളോട് അദ്ദേഹം വാചാലമായി പ്രസംഗിച്ചു. കിരീടം ധരിച്ച രാജാവായിരുന്നു. വളരെ പ്രശസ്തമായ കിരീടം. നാൽപത് കൊല്ലകാലം ആ രാജഭരണം നിലനിന്നു. സത്യവും നീതിയും നിലനിന്നു. ഇദ്ദേഹത്തിന്റെ പിൻഗാമി 'യറൂദ്' എന്ന പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണ് ഹനൂഹ്. ഇദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത് ഇദ്‌രീസ് (അ) എന്ന പേരിലാകുന്നു ...
പേനകൊണ്ടെഴുതിയ ആദ്യ മനുഷ്യൻ
ആദം സന്തതികൾ നൂറ് വർഷം കൊണ്ട് നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കൃഷിയും കാലി വളർത്തലുമാണ് മുഖ്യതൊഴിൽ. ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിലേക്ക് ജനങ്ങൾ നീങ്ങിപ്പോവും. നദീതീരങ്ങൾ നോക്കിയാണ് അധികവും സഞ്ചാരം. നൈൽ നദി പാഞ്ഞൊഴുകുന്നത് ഈജിപ്തിലാണ്. ഒരു വലിയ സംഘം അങ്ങോട്ട് പോയി. കൃഷിയും കാലി വളർത്തലുമായി നൈൽ നദീതീരങ്ങളിൽ അവർ താമസിച്ചു. അതിൽ ഒരു കുടുംബത്തിലെ അംഗമാണ് ബസൂറ...
മാസം തികഞ്ഞു. വേദന തുടങ്ങി. നൈൽ തീരത്ത് ഉൽക്കണ്ഠയുടെ നിമിഷങ്ങൾ. പുത്രൻ പിറന്നു. നൈലിലെ ഓളങ്ങൾ പോലെ മനുഷ്യ മനസ്സുകളിലും ആഹ്ലാദം അലതല്ലി. ഇതൊരു റിപ്പോർട്ടാണ്. മറ്റൊന്നിൽ കാണുന്നത് ഇങ്ങനെയാണ്. ആദം സന്തതികളിൽ കുറേ പേർ ശാം ഭാഗത്തേക്ക് യാത്രയായി. ശാമിൽ താമസമാക്കിയ ഒരു കുടുംബത്തിലാണ് പുത്രൻ പിറന്നത്. കുഞ്ഞിന്ന് ഹനൂഹ് എന്ന് പേരിട്ടു. പിൽക്കാലത്ത് അറിയപ്പെട്ടത് ഇദ് രീസ് എന്ന പേരിലാകുന്നു. കുടുംബക്കാർ ഇദ് രീസിനെ ഓമനിച്ചു വളർത്തി...
ഇദ് രീസിന്ന് കായികവും മാനസികവുമായ കരുത്ത് കിട്ടി. മറ്റുള്ളവരെ അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയായിരുന്നു. പേനയുടെ ഉപയോഗം ... മനുഷ്യവർഗ്ഗചരിത്രത്തിലെ മഹാ സംഭവമാണിത്. എഴുതാൻ തുടങ്ങൽ. മനുഷ്യ വളർച്ചയുടെ ചരിത്രമാണത്. ആദ്യഘട്ടത്തിൽ പേനയില്ല ഒന്നും രേഖപ്പെടുത്തിയില്ല. രേഖകൾ ഓർമ്മയിലായിരുന്നു. കേൾക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുക. ഓർമ്മകൾക്കപ്പുറം ഒരു രേഖയുണ്ടാവുന്ന കാര്യം അന്നത്തെ സാധാരണക്കാർക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കും. നാളുകൾ നിങ്ങുമ്പോൾ പുതിയ അറിവുകൾ പിന്നെയും പിന്നെയും വന്നു കൊണ്ടിരിക്കും. മനുഷ്യരുടെ ഓർമ്മശക്തിക്ക് പരിധിയുണ്ട്. പരിധിക്കപ്പുറം വരുന്നത് മറന്നു പോവും. മറക്കാതിരിക്കാൻ രേഖപ്പെടുത്തണം...
ഇദ് രീസ് (അ) ന്റെ കാലം വന്നു. സമൂഹം വളർന്നു വികസിച്ചു. പല നാടുകളുണ്ടായി. നാടുകൾക്ക് പേരുകൾ വന്നു. എങ്ങനെയാണ് നാടുകൾക്ക് പേരുണ്ടാവുന്നത് ..? ഒരാളുടെ പേരിൽ നിന്ന് നാട്ടിനു പേരുണ്ടാവാം, ഒരു തറവാട്ടിന്റെ പേര് നാട്ടിന്റെ പേരായി മാറാം, ഒരു കിണറിന്റെ പേര്, ഒരു തോട്ടത്തിന്റെ പേര്, ഒരു കുളത്തിന്റെ പേര് നാട്ടിന്റെ പേരായിത്തീരാം. പണ്ട് നടവഴികളേയുള്ളൂ. റോഡില്ല. ഒരു വഴി മറ്റൊരു വഴിയെ മുറിച്ചു കടന്നാൽ നാലും കൂടിയ മുക്കായി. നാലുമുക്ക്, വഴിമുക്ക്, എന്നൊക്കെ പേര് വരും. ലേകമെമ്പാടും നാടുകൾക്കങ്ങനെ പേര് വന്നു. നാടുകൾ വളർന്നപ്പോൾ സംഭവങ്ങൾ ധാരാളമായി. ദീൻ നടത്താനും രാജ്യം ഭരിക്കാനും വന്ന ഇദ് രീസ് നബി (അ) ന്ന് ബുദ്ധിമുട്ട് നേരിട്ടു. അപ്പോൾ അല്ലാഹു ഖലമിന്റെ പ്രയോഗം പഠിപ്പിച്ചു. പ്രവാചകന്മാർക്ക് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ അല്ലാഹു മലക്കുകളെ നിയോഗിക്കും...
പ്രകൃതിയിൽ നിറയെ വർണ്ണങ്ങളാണ്. സൂര്യോദയവും സൂര്യാസ്തമയവും മനുഷ്യനെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചയാണ്. ഒരിക്കലും ഭംഗികുറയാത്ത കാഴ്ചകൾ. ആയിരം തവണ സൂര്യാസ്തമയം കണ്ട ആൾക്ക് വീണ്ടും കാണാൻ മോഹമായിരിക്കും. എന്തെല്ലാം വർണ്ണങ്ങളാണ് വിണ്ണിൽ വിരിയുന്നത്. മാനത്താണല്ലോ മഴവില്ല് വരുന്നത്. ഭൂമിലെ ചെടികൾക്കെല്ലാം വർണ്ണങ്ങളുണ്ട്. പൂക്കൾക്ക് അനേകം വർണ്ണങ്ങളാണ്. കല്ലിലും വർണ്ണങ്ങളാണ്. കല്ലുകൾ കൊണ്ട് ചിലർ വർണ്ണചിത്രങ്ങൾ വരക്കാറുണ്ട്...
പേനയുടെ പ്രയോഗം മനുഷ്യരെ പഠിപ്പിച്ച ആദ്യത്തെ ആളാണ് ഇദ് രീസ് (അ). ഇലകളുടെ നീരെടുത്താൽ നല്ല ചായം കിട്ടും. അത്കൊണ്ട് എഴുതണം. കല്ല് കൊണ്ടെഴുതാം. കടലാസില്ലാത്ത കാലം. എഴുത്ത് പതിയുന്ന എന്തിലും മനുഷ്യന്ന് എഴുതാൻ കഴിയും. ഇങ്ങനെ രേഖകൾ വന്നുതുടങ്ങി. പേനയുടെ ആൾ എന്ന നിലയിൽ ഇദ് രീസ് (അ)നെ മനുഷ്യവർഗ്ഗം നന്ദിയോടെ ഓർക്കുന്നു...
ഇദ് രീസ് (അ) മിതഭാഷിയായിരുന്നു. കൂടുതൽ ചിന്ത, ഫിക്റ്, കുറച്ചു സംസാരം. നന്നായി ചിന്തിച്ച ശേഷമേ വാക്കുകൾ പുറത്ത് വരികയുള്ളൂ. അബദ്ധം പറ്റില്ല. എല്ലാ വിഭാഗക്കാരോടും ഇടപെടും. എല്ലാവർക്കും ഇഷ്ടമാണ്. ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ടവർക്കാണ് വിരോധം. അവരും ഇദ് രീസ് നബി (അ) തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ട നിരവധി പേർ തടവുകാരായി പിടിക്കപ്പെട്ടു. അവരിൽ പലരും ഇദ് രീസ് (അ) നെക്കൊണ്ട് വിശ്വസിച്ചു. സത്യവിശ്വാസികളായിത്തീർന്നു...
ആരെയും ആകർഷിക്കുന്ന ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നു ഇദ് രീസ് (അ). താഴോട്ട് നോക്കി വിനയപൂർവ്വമാണദ്ധേഹം നടക്കുക. താഴ്മയും ലാളിത്യവും ജീവിത ദൗത്യമായിരുന്നു. വാളുകളും കുന്തങ്ങളും നിർമ്മിച്ചു. അവ ഉപയോഗിക്കാൻ അനുയായികളെ പഠിപ്പിച്ചു. വാളും കുന്തവും ഉപയോഗിച്ച് ആദ്യമായി യുദ്ധം ചെയ്തത് ഇദ് രീസ് നബി (അ) ആയിരുന്നു. പേന, വാൾ, കുന്തം ഇവയിൽ ഒന്നാമൻ...
ഇദ് രീസ് (അ) ആദ്യമായി പേനകൊണ്ട് എഴുതിയപ്പോൾ ലോകം ആശ്ചര്യപ്പെട്ടു. തയ്യൽ പണി തുടങ്ങിയതും ഇദ്‌രീസ് (അ) ആകുന്നു. തുണി വെട്ടി തുന്നിച്ചേർത്തു ഉടുപ്പുണ്ടാക്കി. ശരീരത്തിൽ ധരിച്ചു. ഇവിടെയും ഒന്നാമൻ തന്നെ...
അത് വരെ തോൽ ധരിച്ചാണ് നടന്നിരുന്നത്. വസ്ത്രം മനുഷ്യ ശരീരത്തെ സുന്ദരമാക്കുന്നു. മനുഷ്യന്ന് ഭംഗി കൂട്ടുന്നത് വസ്ത്രങ്ങളാണ്. അലങ്കാര വസ്ത്രങ്ങൾ വന്നതോടെ സൗന്ദര്യബോധവും വളർന്നു. വസ്ത്രം ശരീരത്തിന്ന് സുരക്ഷ നൽകുന്നു. ചുടുംതണുപ്പും വരുമ്പോൾ രക്ഷയാകുന്നത് വസ്ത്രമാണ്. വസ്ത്രങ്ങളുടെ കണ്ടുപിടിത്തം മനുഷ്യവർഗ്ഗ ചരിത്രത്തിലെ മഹാ സംഭവമാണ്. നാഗരികതയുടെ ആൾക്കാരെന്ന് വിശേഷിക്കപ്പെടുന്ന ഗ്രീക്കുകാർക്ക് വഴി വെളിച്ചമായത് ഇദ് രീസ് (അ)ന്റെ നടപടികളായിരുന്നു. നെയ്ത് നല്ലൊരു കൈത്തൊഴിലായി വളർത്തിയെടുത്തു...
ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചു. പല വസ്തുക്കൾ നിർമ്മിക്കുവാനുള്ള വിദ്യ പഠിച്ചു. കല്ലിന്റെ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നവർ ഇരുമ്പിന്റെ ആയുധങ്ങളും കാർഷികോപകരണങ്ങളും ഉപയോഗിച്ചു തുടങ്ങി. മനുഷ്യവർഗ്ഗത്തിന്റെ നാഗരികതയിലേക്കുള്ള പ്രയാണത്തിന്റെ മഹാസംഭവമാണിത്. ഗണിതശാസ്ത്രം, തർക്കശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗോളശാസ്ത്രം എന്നീ വൈജ്ഞാനിക ശാഖകളും ഇദ് രീസ് (അ)ന്റെ കൈക്ക് പ്രത്യക്ഷമായി. ഇവയെല്ലാം നാഗരികതയിലേക്കുള്ള പ്രയാണത്തിലെ അവിസ്മരണീയ സംഭവങ്ങളാകുന്നു. വളരെ ശ്രദ്ധേയമായ മറ്റെരുകാര്യം പറയാം. അളവും തൂക്കവും ഏർപ്പെടുത്തി. ഇതിന്ന് എന്ത് മാത്രം പ്രധാന്യമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. അളവും തൂക്കവുമില്ലാത്ത ഒരു കാലത്തെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലും കഴിയില്ല...
ഇദ് രീസ് (അ) തൗഹീദ് പഠിപ്പിച്ചു. അല്ലഹുവിനെ അറിഞ്ഞ് ആരാധിക്കാൻ പ്രേരിപ്പിച്ചു. ജനങ്ങൾ പഠനത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. വൈജ്ഞാനിക മുന്നേറ്റമുണ്ടായി. ഇദ് രീസ് (അ)ന്റെ ആരാധന മലക്കുകൾ പോലും അതിശയിപ്പിച്ചിരുന്നുവെന്ന് രേഖകളിൽ കാണുന്നു. തയ്യൽ ജോലി ചെയ്യുമ്പോൾ സൂചികാണ്ടുള്ള ഓരോ കുത്തിനും തസ്ബീഹ് ചൊല്ലിയിക്കുന്നു. ഇദ് രീസ് (അ) മധുരശബ്ദത്തിൽ നടത്തിയ ഉപദേശങ്ങൾ വളരെ പ്രസിദ്ധമാണ്. മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കാനും, ഈമാനിന്റെ വെളിച്ചം പരത്താനും പര്യാപ്തമായ ഉപദേശങ്ങൾ... അവയിൽ ചിലത് താഴെ കൊടുക്കാം...
ദുരാഗ്രഹങ്ങൾ കൈവെടിയുക, ദുർമാർഗ്ഗികളോട് സഹകരിക്കരുത്, കള്ളസത്യം ചെയ്യരുത്, വിഷമങ്ങൾ സഹിക്കേണ്ടി വന്നാലും സത്യം പറയണം, സത്യത്തിന്റെ കൂടെ നിൽക്കണം, കളവ് പറയരുത്, അഹംഭാവം പാടില്ല, വിനയം വേണം, താഴ്മവേണം, കഴിയാവുന്നേടത്തോളം ചോദിച്ചു വരുന്നവരോട് ഇല്ല എന്ന് പറയരുത്, ആത്മാവിനെ അലങ്കരിക്കുക, ആത്മാവിനെ ശുദ്ധീകരിക്കുക, സൽസ്വഭാവികളാവുക, കാര്യങ്ങൾ നന്നായി ആലോചിച്ചു ചെയ്യണം, ധൃതി പാടില്ല, അബദ്ധം വരുത്തരുത്, ലജ്ജ വേണം, മാനക്കേടാവുന്നത് പറയുകയോ ചെയ്യുകയോ അരുത്, പശ്ചാത്തപിക്കുക, ആരാധനകൾ മുറുകെപ്പിടിക്കുക, സൽക്കർമ്മങ്ങളിൽ അത്യാഗ്രഹിയാവുക, എല്ലാവരോടും നല്ല നിലയിൽ വർത്തിക്കുക, വിജ്ഞാനം നേടുക, വിദ്യയെ സ്നേഹിക്കുക, മറ്റുള്ളവർക്ക് വിദ്യ നൽകുക, കാപട്യം ഒഴിവാക്കുക, കപടന്മാരുമായി കൂട്ടുകൂടരുത്, ഉള്ളും പുറവും ഒരു പോലെയാവണം, മനസ്സിലൊന്ന് പുറത്ത് മറ്റൊന്ന് എന്ന നില വരരുത്, മഹാന്മാരെ ആദരിക്കുക, അനുസരിക്കുക, രാജാക്കന്മാരെയും ഭരണകർത്താക്കളെയും അനുസരിക്കുക, ബുദ്ധിമാൻമാരുമായി കാര്യങ്ങൾ കൂടിയാലോചന നടത്തുക, ആരെയും പരിഹസിക്കരുത്, രോഗികളുടെ ആരോഗ്യത്തിന്ന് പ്രാർത്ഥിക്കുക, സദസ്സുകളിൽ മാന്യത പാലിക്കുക, പരസ്പരം സംസാരിക്കേണ്ടി വന്നാൽ സംസാരം ഉച്ചത്തിലാവരുത്, അധികസംസാരം ഉപേക്ഷിക്കുക, ആവശ്യത്തിന് മാത്രം സംസാരിക്കുക, സംസാരത്തിന്റെ മര്യാദകൾ പാലിക്കുക, നല്ല കാര്യങ്ങൾ അവസരം കിട്ടിയാൽ വേഗതയിൽ ചെയ്യുക. വൈകിയാൽ അവസരം നഷ്ടപ്പെട്ടു പോയേക്കാം, സന്താനങ്ങളെജ്ഞാനികളാക്കുക, അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആരാധിക്കുക, നിസ്കാരത്തിൽ മനസ്സിനെ ഏകാഗ്രമാക്കുക, ദുഃഖിക്കുന്നവരോടൊപ്പം ദുഃഖിക്കുക, വഴിയാത്രക്കാർക്ക് ആഹാരം നൽകുക, വിശന്നവർക്കാഹാരം നൽകുക, ദാഹിച്ചവർക്ക് ജലം നൽകുക, ബന്ധുവിന്റെ മരണത്താൽ ദുഃഖിക്കുന്നവർക്ക് ക്ഷമ ഉപദേശിക്കുക, ആപത്ത് വരുമ്പോൾ പതറിപ്പോവരുത്. പാദങ്ങളിൽ ഉറച്ചു നിൽക്കുക, കോപം വരുമ്പോൾ അസഭ്യം പറയരുത്, നന്നായി പരിശോധിച്ച് ഉറപ്പു വരുത്താതെ ഒരാളെയും സ്നേഹിതനാക്കരുത്, ദുർമാർഗ്ഗികളെ സന്മാർഗത്തിലേക്ക് കൊണ്ട് വരുന്നവരാണ് നല്ല രാജാക്കന്മാർ, ദുർമാർഗികളെയും കുഴപ്പക്കാരെയും സഹായിക്കുന്നവർ ദുഷ്ടരാജാക്കന്മാരാണ്. ഒരാൾ ഞെരുക്കത്തിൽ പെടുമ്പോൾ അയാളെ സഹായിക്കുന്നവൻ ശാന്തൻ. തന്നിലില്ലാത്ത ഗുണങ്ങൾ വർണ്ണിച്ച് സ്വയം സ്തുതിക്കുന്നവനെ പ്രത്യേകം ശ്രദ്ധിക്കണം. ജനങ്ങളോടും കൃപ കാണിക്കുന്ന ഉദ്യോഗസ്ഥരെയാണ് രാജാക്കന്മാർ നിയമിക്കേണ്ടത്. കളവ് പറയുന്നവരുമായി കൂട്ടുകൂടുന്നത് മരീചികയുടെ പിന്നാലെ വെള്ളം തേടിപ്പോവുന്നത് പോലെയാകുന്നു...
ഇദ് രസ് (അ)ന്റെ ഉപദേശങ്ങൾക്ക് ജനങ്ങൾ വലിയ വില കല്പിച്ചിരുന്നു. അവർ ഉപദേശം സ്വീകരിച്ചു. സജ്ജനങ്ങളായി.
വാനിലേക്കുയർന്നു
രാജ്യം ഭരിക്കുന്ന ഒരു രാജാവ്. നല്ല രാജാവായിത്തീരാൻ ആഗ്രഹിക്കുന്ന ആളാണ്. പേര് ആമൂൻ. രാജാവ് ഇദ് രീസ് (അ)ന്റെ ഉപദേശങ്ങൾക്ക് വില കല്പിക്കുന്നു. എല്ലാം അനുസരിച്ചുപോരുന്നു. പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഉപദേശങ്ങളാണവ...
രാജാവായ തനിക്കുവേണ്ടി പ്രത്യേക ഉപദേശം ലഭിക്കണം. രാജാവ് തന്റെ ആവശ്യം നബിയുടെ മുമ്പിൽ വെച്ചു. ഇദ് രീസ് (അ) അപേക്ഷ സ്വീകരിച്ചു. രാജാവിനെ ഉപദേശിച്ചു. ഈ ഉപദേശം എല്ലാ ഭരണാധികാരികൾക്കും സ്വീകരിക്കാവുന്നതാണ്. എല്ലാ കാലത്തേക്കും പറ്റുന്നതാണ്. അവ താഴെ കെടുക്കുന്നു...
സൃഷ്ടാവായ അള്ളാഹുവിനെ സൂക്ഷിക്കുക. അധികാരം നിന്നെ ഏല്പിച്ചത് അല്ലാഹുവാണെന്ന കാര്യം ഓർക്കുക. നീ നിന്നെ തന്നെ ശുദ്ധീകരിക്കുക. അന്യന്റെ ധനം മോഹിക്കരുത്, പ്രജകളില്ലെങ്കിൽ രാജാവില്ല എന്ന് ഓർമ്മവേണം. പ്രജകൾക്ക് നന്മ ചെയ്യുന്ന രാജാവായിരിക്കുക. ഇഹലോകത്തേക്കാൾ പരലോകത്തിന് പ്രാധാന്യം നൽകുക. ശത്രുക്കളുമായി പടപൊരുതേണ്ടി വരുമ്പോൾ ബുദ്ധിമാൻമാരുമായി കൂടിയാലോചന നടത്തുക. സ്വന്തം അഭിപ്രായം മാത്രം മതി എന്നു വിചാരിക്കരുത്. ശത്രുക്കളുടെ സ്ഥിതിഗതികൾ അറിയുന്നതിന്ന് സമർത്ഥന്മാരെ നിയോഗിക്കണം. ആരെയും ചതിക്കരുത്. നിയമങ്ങൾ നടപ്പിലാക്കും മുമ്പ് നന്നായി ചിന്തിക്കണം. നടപ്പിൽ വരുമോയെന്ന് ചിന്തിച്ചറിയണം. നല്ലവരുമായി കൂടിയാലോചിക്കാം. നന്മയുണ്ടാകുമെന്ന് കണ്ടാൽ നിയമം എഴുതിവെക്കണം. വായിച്ചു നേക്കിതെറ്റ് തിരുത്തണം. എന്നിട്ട് വിളംബരം ചെയ്യാം. കർഷകരുടെ കാര്യം മറന്നു പോവരുത്. അവരെ പ്രോത്സാഹിപ്പിക്കണം. കർഷകർ തളർന്നാൽ രാജ്യം തളർന്നു. നിന്റെ ഖജനാവ് നിറയ്ക്കുന്നതും നിന്റെ സൈന്യത്തെ ബലപ്പെടുത്തുന്നതും കർഷകരാണെന്ന ഓർമ്മവേണം. രാജാവ് ഉപദേശം സ്വീകരിച്ചു. സൽഭരണം വന്നു...
വീട് വെയ്ക്കാൻ തുടങ്ങിയത് ഇദ് രീസ് (അ) ന്റെ കാലത്താണെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ചുമരുകളും മേൽപ്പുരയുമുള്ള വീടുകൾ, അടച്ചുറപ്പുള്ള വീടുകൾ. കാടുകൾ വെട്ടിത്തെളിയിച്ച് കൃഷിചെയ്തു. ജലസേചനം നടത്തി കൃഷി പരിപോഷിച്ചു. കൃഷി സ്ഥലങ്ങൾക്കടുത്തു തന്നെ മനുഷ്യൻ വീട് വെച്ചു താമസം തുടങ്ങി. ജനപ്പെരുപ്പമുള്ള സ്ഥലങ്ങൾ പട്ടണങ്ങളാക്കി മാറ്റി. യാത്ര ചെയ്യാൻ വീതിയുള്ള വഴികളുണ്ടാക്കി. സാധനങ്ങൾ വാങ്ങാനും വിൽക്കാനും മാർക്കറ്റുകളുണ്ടായി...
ഇദ് രീസ് (അ) ഗ്രാമങ്ങൾക്ക് രൂപം നൽകി. നിരവധി ഗ്രാമങ്ങളുണ്ടായി. കൃഷിസ്ഥലങ്ങൾ, നാൽക്കാലികൾ, മേച്ചിൽ സ്ഥലങ്ങൾ, അനേകം വീടുകൾ, ആരാധനാലയങ്ങൾ. അക്കാലത്ത് നൂറ്റി അമ്പത് പട്ടണങ്ങളുണ്ടായിരുന്നുവെന്നാണ് കണക്ക്. അതിൽ നൂറ് പട്ടണങ്ങൾ ഇദ് രീസ് (അ) തന്നെ നിർമ്മിച്ചതായിരുന്നു. പണത്തിന്ന് ഭരണാധികാരികളുണ്ടായിരുന്നു. നിയമങ്ങളും വ്യവസ്ഥകളുമുണ്ടായിരുന്നു. 'സുഹാർ' എന്ന പട്ടണം ലോക പ്രസിദ്ധമായിരുന്നു. ലോക ചരിത്രത്തിൽ ആദ്യമായി കുതിര സവാരി നടത്തിയത് ഇദ് രീസ് (അ) ആണെന്ന് കാണുന്നു. വിശാലമായ രാജ്യത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരാൻ കുതിര സവാരി വേണ്ടിവന്നു...
ഖാബീലിന്റെ സന്താനപരമ്പര വളർന്നു. ആൾബലമുണ്ടായി. അവരെ ശൈത്വാന്മാർ സഹായിച്ചു. ഇദ് രീസ് (അ) അവരുമായി യുദ്ധം ചെയ്തു. യുദ്ധത്തിൽ വാളും പരിചയും ഉപയോഗിച്ചു. അവ ആദ്യമായി ഉപയോഗിച്ചത് ഇദ് രീസ് (അ) ആയിരുന്നു. മുപ്പത് ഏടുകൾ അല്ലാഹു ഇദ് രീസ് (അ)ന്ന് ഇറക്കിക്കൊടുത്തു. സന്മാർഗത്തിന്റെ മഹത്തായ വെളിച്ചം ഈ ഏടുകളിലൂടെ അക്കാലത്തെ മനുഷ്യർക്കു ലഭിച്ചു. അവ നന്നായി പാരായണം ചെയ്യപ്പെട്ടു. മനുഷ്യമനസ്സുകൾ പ്രകാശിതമായി. സത്യവിശ്വാസികളുടെ മനസ്സുകൾ ഈമാൻ കൊണ്ട് അലങ്കരിക്കപ്പെട്ടു...
ഇദ് രീസ് (അ) തന്റെ അറുപത്തഞ്ചാമത്തെ വയസ്സിൽ ബുർദുഖാം എന്ന വനിതയെ വിവാഹം ചെയ്തു. സന്തോഷകരമായ ജീവിതം നയിച്ചു. അവർക്കൊരു പുത്രൻ ജനിച്ചു. പുത്രന്ന് മുത്തുശൽഹ് എന്ന് പേരിട്ടു. ഇദ് രീസ് (അ)നെ അല്ലാഹു ആകാശത്തേക്ക് ഉയർത്തുകയാണ് ചെയ്തത്. ആകാശത്തേക്ക് ഉയർത്തപ്പെടും മുമ്പ് ഈ പുത്രനെ തന്റെ പിൻഗാമിയായി നിശ്ചയിച്ചു. മുത്തുശൽഹ് വളർന്നു വലുതായി. രാജാധികാരവും മത പ്രബോധനവും നടത്തിവന്നു. നല്ലൊരു പണ്ഡിതനും ബുദ്ധിമാനായ ഭരണാധികാരിയുമായിരുന്നു...
മുത്തുശൽഹ് നൂറ്റി എഴുപതാമത്തെ വയസ്സിൽ ഒരു വിവാഹം ചെയ്തു. ഭാര്യയുടെ പേര് അറബ എന്നായിരുന്നു. രാജ്യം വളരെ ഏറെ ഐശ്വര്യം കൈവരിച്ച കാലം. ഗ്രാമങ്ങളും പട്ടണങ്ങളും വളർന്നു. ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചു. കൃഷിയും കന്നുകാലികളും വളർന്നു. അറബ ഒരു പുത്രനെ പ്രസവിച്ചു. സൗഭാഗ്യവാനായ പുത്രന്ന് ലാമക് എന്ന് പേരിട്ടു...
അനുഗ്രഹങ്ങളുടെ മധ്യത്തിൽ സ്നേഹ-വാത്സല്യങ്ങൾ വേണ്ടുവോളം അനുഭവിച്ചാണ് ലാമക്ക് വളർന്നത്. പിതാവായ മുത്തുശൽഹ് തൊള്ളായിരത്തി എൺപത്തി രണ്ട് വയസ്സ് വരെ ജീവിച്ചു. ഈലുൽ എന്ന സ്ഥലത്ത് വെച്ച് അദ്ദേഹം വഫാത്തായി. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ഖബറടക്കി. പിതാവിന്റെ പിൻഗാമിയായി വന്നത് പുത്രൻ ലാമക് ആയിരുന്നു.
ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ടവർ ഇടക്കിടെ യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഏത് രാജ്യത്തായിരുന്നാലും അവർ പ്രശ്നക്കാരായിരുന്നു. ഇബ്ലീസ് അവരെക്കൊണ്ട് പലതരം ദുഷ്കൃത്യങ്ങൾ ചെയ്യിച്ചുകൊണ്ടിരുന്നു. ശൈത്വാൻമാർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിച്ചു. ലാമക് ഇവരുമായി പടപൊരുതിയിട്ടുണ്ട്. ലാമക്കിന്ന് 187-)o മത്തെ വയസ്സിൽ ഒരു പുത്രൻ ജനിച്ചു. പ്രസിദ്ധനായ നൂഹ് നബി (അ). ലാമക് എണ്ണൂറ് വയസ്സുവരെ ജീവിച്ചു.അതിന്ന് ശേഷം വഫാത്തായി.
സൂറത്ത് മർയമിൽ ഇദ് രീസ് (അ)നെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാകുന്നു. "വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു." (19:56)
"അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു." (19:57)
ഇദ് രീസ് (അ)ന്ന് അല്ലാഹു മുപ്പത് ഏടുകൾ ഇറക്കിക്കൊടുത്തു. സമുന്നത സ്ഥാനം നൽകി അനുഗ്രഹിച്ചു. താഴെ പറയുന്ന കാര്യങ്ങൾ ആ പ്രവാചകന്റെ സവിശേഷതയായി പറയപ്പെട്ടിട്ടുണ്ട്.
1. ആദ്യമായി പേനകൊണ്ടെഴുതി
2. ആദ്യമായി വസ്ത്രം തുന്നിയുണ്ടാക്കി
3. തുന്നിയ വസ്ത്രം ആദ്യമായി ധരിച്ചു.
4. യുദ്ധസാമഗ്രികൾ ആദ്യമായി ഉണ്ടാക്കി
5. സത്യനിഷേധികൾക്കെതിരെ ആദ്യമായി യുദ്ധം ചെയ്തു.
6. ആദ്യത്തെ കുതിര സഞ്ചാരക്കാരൻ
ഇദ് രീസ് (അ)നെ അല്ലാഹു ആകാശത്തേക്ക് ഉയർത്തിയെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...
ആകാശത്തേക്ക് ഉയർത്തിയ സംഭവം ചിലർ വിശദീകരിച്ചിട്ടുണ്ട്. ഒരു വിശദീകരണം ഇങ്ങനെ: അസ്റാഈൽ (അ) മനുഷ്യരുടെ റൂഹ് പിടിക്കുന്ന മലക്കാണ്. കൃത്യസമയത്ത് പിടിക്കണം. സമയത്തിൽ മാറ്റമില്ല. ഒരു സെക്കന്റിന്റെ വ്യത്യാസമില്ല. ആൾമാറിപ്പോവാനും പാടില്ല. നിശ്ചിത വ്യക്തിയെത്തന്നെ പിടിക്കണം. ഒരു സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. അവിടെ വെച്ചു തന്നെ പിടിക്കണം. സ്ഥലം മാറിപ്പിടിക്കരുത്. ഒരു വ്യക്തിയുടെ ആയുസ്സ് എവിടെ വെച്ചാണോ അവസാനിക്കുന്നത് അവിടെ വെച്ച് പിടിക്കണം...
ഇദ് രീസ് (അ)ന്നെ അന്വേഷിച്ച് അസ്റാഈൽ (അ) വരികയാണ്. ഇദ് രീസ് (അ) നോമ്പുകാരനാണ്. നോമ്പുതുറക്കാൻ സമയമായി. പക്ഷെ ആഹാരമൊന്നുമില്ല. ഭൂമിയിൽ അദ്ദേഹത്തിന് കണക്കാക്കിയ ഭക്ഷണം തീർന്നിട്ടുണ്ട്. ഇദ് രീസ് (അ) അവിടെ കണ്ട ആളോട് ചോദിച്ചു : ''നിങ്ങൾ ആരാണ്?" "ഞാൻ മരണത്തിന്റെ മലക്കാണ്." അസ്റാഈൽ. "എന്തിന് വന്നു?" "താങ്കളെ സന്ദർശിക്കാൻ '' തന്റെ റൂഹിനെ പിടിക്കാൻ വേണ്ടിയാണ് അസ്റാഈൽ വന്നതെന്ന് മനസ്സിലായി. "നിങ്ങൾ മനുഷ്യ ശരീരത്തിൽ നിന്ന് റൂഹിനെ പിടിച്ചെടുക്കുന്നത് എങ്ങനെയാണ് എനിക്കൊന്ന് കാണിച്ചു തരുമോ?" ഇദ് രീസ് (അ) ചോദിച്ചു. "എന്തിനാണത്? എന്താണതിന്റെ പ്രയോജനം?" "മരണം എങ്ങനെയാണെന്നറിയാനാണ്..."
മലക്കുൽ മൗത്ത് അസ്റാഈൽ (അ) റൂഹിനെ പിടിക്കാൻ തുടങ്ങി. റൂഹിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി. ഇദ് രീസ് (അ) വഫാത്തായി. കുറെനേരം കഴിഞ്ഞ് അല്ലാഹു റൂഹിനെ തിരിച്ചുനൽകി. ഇദ് രീസ് (അ) എഴുന്നേറ്റിരുന്നു. "ഇത് കൊണ്ട് നിങ്ങൾക്കെന്ത് പ്രയോജനം കിട്ടി?" അസ്റാഈൽ (അ) ചോദിച്ചു. "യഥാർത്ഥ മരണം വരുന്നതിന് മുമ്പ് അതെങ്ങിനെയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മരണം എന്താണെന്ന് ഞാനറിഞ്ഞു. ഞാനതിന്റെ വേദന അനുഭവിച്ചു." "എനിക്ക് മറ്റൊരാഗ്രഹം കൂടിയുണ്ട്. അത്കൂടി സാധിപ്പിച്ചു തരണം" ഇദ് രീസ് (അ) ആവശ്യപ്പെട്ടു. "എന്താണത്? കേൾക്കട്ടെ" "എനിക്ക് നരകം ഒന്നു കാണണം. എന്നെക്കൊണ്ടുപോയി നരകം കാണിച്ചു തരൂ!" "എന്റെ ചിറകിൽ കയറി ഇരുന്നുകൊള്ളൂ. ഞാനവിടെ എത്തിക്കാം."
ഇദ് രീസ് (അ) മലക്കിന്റെ ചിറകിൽ കയറിയിരുന്നു. മലക്ക് അതിവേഗം പറന്നുയർന്നു. നരകത്തിന്റെ സമീപത്തെത്തി. നരകത്തിന്റെ വാതിൽ തുറന്നതേയുള്ളൂ, ഇദ് രീസ്(അ) ബോധംകെട്ട് വീണു. അത്രയും ഭയാനകമായ കഴ്ച!. കുറച്ചു കഴിഞ്ഞ് ബോധം തിരിച്ചു കിട്ടി. അസ്റാഈൽ (അ) സമീപത്തു തന്നെയുണ്ട്. "എനിക്കൊരാഗ്രഹം കൂടിയുണ്ട്." "പറഞ്ഞോളൂ" "എനിക്ക് സ്വർഗ്ഗം കൂടി ഒന്നു കാണണം" "ചിറകിൽ കയറി ഇരിക്കുക." ചിറകിൽ കയറിയിരുന്നു. മലക്ക് പറന്നു. കേട്ടറിഞ്ഞ സ്വർഗം. ഇതാ കൺമുമ്പിൽ മനുഷ്യന്ന് ഊഹിക്കാൻ കഴിയാത്ത കാഴ്ചകൾ. കുറെ നേരം അവിടെ നിന്നു. "സമയമായി. മടങ്ങിപ്പോകാം" മലക്ക് ധൃതികൂട്ടി. " "ഇല്ല. ഞാനിനി മടങ്ങുന്നില്ല." ഇദ് രീസ് (അ) പറഞ്ഞു. " പറ്റില്ല. ഇവിടെ നിൽക്കാൻ അനുവാദമില്ല. ഉടൻ പുറപ്പെട്ടു കൊള്ളുക."
രണ്ടുപേരും വാഗ്വാദം തുടങ്ങിയപ്പോൾ അത് സമാധാനിപ്പിക്കാനായി അല്ലാഹു ഒരു മലക്കിനെ അയച്ചു. മലക്ക് സമീപത്തെത്തി. അസറാഈൽ (അ) സംഭവങ്ങൾ വിവരിച്ചു. ഉടനെ സ്വർഗത്തിൽ നിന്ന് പുറത്ത് കടക്കണമെന്നാവശ്യപ്പെട്ടു. "നിങ്ങൾക്കെന്താണ് പറയാനുള്ളത്?" മലക്ക് ഇദ് രീസ് നബി (അ)നോട് ചോദിച്ചു. ഇദ് രീസ് (അ) പറഞ്ഞതിങ്ങനെ: "എല്ലാ ആത്മാവും മരണത്തിന്റെ രുചിയറിയുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ഞാൻ മരണത്തിന്റെ രുചി അറിഞ്ഞു കഴിഞ്ഞു. നരകത്തിൽ സന്നിഹിതരാക്കിയ ശേഷമാണ് സത്യവിശ്വാസികളെ സ്വർഗത്തിൽ പ്രവേശിക്കുക. ഞാൻ നരകം കണ്ടു കഴിഞ്ഞു. ഞാനതിന്റെ ദയാനകമായ അവസ്ഥ കണ്ട് ബോധം നഷ്ടപ്പെട്ടു പോയി. എനിക്കിനി വീണ്ടും നരകം കാണാൻ വയ്യ. സ്വർഗത്തിൽ പ്രവേശിച്ചവർ കാലാകാലം അവിടെ താമസിക്കും അതാണ് കല്പന. ഞാൻ സ്വർഗത്തിൽ പ്രവേശിച്ചു. ഇനി പുറത്ത് പോകുന്ന പ്രശ്നമേയില്ല."
ഇദ് രീസ് (അ) വാദങ്ങൾ വിശുദ്ധ ഖുർആൻ വചനങ്ങൾ വെച്ച് പരിശോധിക്കാവുന്നതാണ്. സൂറത്ത് ആലുഇംറാനിൽ ഇങ്ങനെ കാണാം. " ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല." (3:185)
ഇനി നരകത്തിൽ പ്രവേശിക്കുന്നതിന്റെ കാര്യം സൂറത്ത് മർയമിൽ ഇങ്ങനെ കാണം. " നിങ്ങളിലാരും തന്നെ നരകത്തീയിനടുത്ത് എത്താതിരിക്കില്ല. നിന്റെ നാഥന്റെ ഖണ്ഡിതവും നിര്‍ബന്ധപൂര്‍വം നടപ്പാക്കപ്പെടുന്നതുമായ തീരുമാനമാണിത്." (19:71)
സത്യവിശ്വാസികൾക്ക് നരകത്തിന്റെ ചൂട് അനുഭവപ്പെടില്ല. നരകത്തിന്റെ ഒരു വിഷമവും അനുഭവിക്കില്ല. അല്ലാഹു അവരെ രക്ഷപ്പെടുത്തി സ്വർഗത്തിലെത്തിക്കും. എല്ലാവരും നരകത്തിന്റെ സമീപം ഹാജരാക്കപ്പെടും. നരകം കാണും. ഭയാനക ദൃശ്യങ്ങൾ കാണും. ഈമാൻ ശക്തമായാവർ വളരെ വേഗത്തിൽ അവിടെ നിന്ന് അകറ്റപ്പെടും. വ്യത്യസ്ത വേഗതയിൽ സ്വിറാത്ത് പാലത്തിലൂടെ കടന്നു പോവും. വിവിധ നിലവാരത്തിലുള്ളവരാണ് സ്വിറാത്ത് പാലത്തിലൂടെ കടന്നു പോവുക. ചിലർ മിന്നലിന്റെ വേഗതയിൽ. മറ്റു ചിലർ വായുവിന്റെ വേഗതയിൽ. പക്ഷികളുടെ വേഗതയിലാണ് മറ്റൊരു കൂട്ടർ. കുതിരയുടെ വേഗതയിൽ പോവുന്നവരുമുണ്ട്. ശക്തമായ ഈമാൻ, ധാരാളം സൽക്കർമ്മങ്ങൾ. അത്തരക്കാർക്ക് വേഗതയിൽ കടന്നു പോവാം...
എല്ലാവരും നരകം കാണും. ഇദ് രീസ് (അ) നരകം കണ്ടു കഴിഞ്ഞു. അക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഒരിക്കൽ കൂടി മരിക്കാനും, നരകത്തിന്റെ സമീപം ചെല്ലാനും അദ്ദേഹം സന്നദ്ധനല്ല. ഇദ് രീസ് (അ) പറഞ്ഞ മൂന്നാമത്തെ കാര്യം നോക്കാം... സൂറത്തു ഹിജ്റിൽ ഇങ്ങനെ കാണാം. " സ്വർഗത്തിൽ വെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല." (15:48) ഈ മൂന്ന് കാര്യങ്ങൾ ഇദ് രീസ് (അ)ന്ന് നന്നായി അറിയാമായിരുന്നു. അക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. പിൽക്കാലത്ത് വിശുദ്ധ ഖുർആൻ ഇറങ്ങിയപ്പോൾ അതിലും ഇക്കാര്യം വന്നു...
അല്ലാഹുവിന്റെ കല്പന വന്നു. ഇങ്ങനെ. "ഇദ് രീസിനെ വിട്ടേക്കുക. അദ്ധേഹം എന്റെ അനുവാദത്തോടെ സ്വർഗത്തിൽ പ്രവേശിച്ചു. ഇനി എന്റെ അനുവാദത്തോടുകൂടി മാത്രമേ അവിടെ നിന്ന് പോകേണ്ടതുള്ളൂ." തർക്കം തീർന്നു. ഇദ് രീസ് (അ) അവിടെത്തന്നെ താമസമായി ...
നാലു നബിമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ട് പേർ ആകശത്തും രണ്ട് പേർ ഭൂമിയിലും. ആകാശത്തുള്ളവർ ഇദ് രീസ് (അ), ഈസാ (അ). ഭൂമിയിലുള്ളവർ ഇൽയാസ് (അ), ഖിളർ (അ)...
ഇദ് രീസ് (അ) ന്റെ ആകാശാരോഹണത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് കൂടി കാണുക. ഇദ് രീസ് (അ) മലക്കുകളെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. സൂര്യനെ നിയന്ത്രിക്കുന്ന മലക്കുമായി ഇദ് രീസ് (അ) നടത്തിയ സംഭാഷണം പ്രസിദ്ധമാണ്...
ഇദ് രീസ് (അ) മലക്കിനോട് പറഞ്ഞു : "സമുന്നതനായ മലക്കേ! താങ്കൾക്ക് അസ്റാഈൽ എന്ന മലക്കുമായി നല്ല ബന്ധമാണുള്ളതെന്ന് ഞാനറിഞ്ഞിട്ടുണ്ട്." ഈ മലക്കിന്റെ ചിറകിലേറി ഇദ് രീസ് (അ) ആകാശ ലോകത്തെത്തി എന്നാണ് റിപ്പോർട്ട്. മലക്ക് ഇദ് രീസ് (അ)നെയും വഹിച്ചുകൊണ്ട് നാലാം ആകാശത്ത അവിടെ വെച്ചു മലക്കുൽ മൗത്ത് അസ്റാഈലിനെ കണ്ട് മുട്ടി. സലാം ചൊല്ലി. മലക്കുശ്ശംസ്സ് (സൂര്യന്റെ ചുമതലയുള്ള മലക്ക്) പറഞ്ഞു : "ഓ... ഇദ് രീസ്, ഇതാണു മലക്കുൽ മൗത്ത്. അദ്ദേഹത്തിന്ന് സലാം ചൊല്ലൂ!'' ഇദ് രീസ് (അ) സലാം ചൊല്ലി. അപ്പോൾ മലക്കുൽ മൗത്ത് അതിശയത്തോടെ പറഞ്ഞു : "എന്തൊരതിശയമാണിത്! നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹിനെ പിടിക്കണമെന്ന് അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു." മലക്കുശ്ശംസ് ഇദ് രീസ് (അ) നെയും കൊണ്ട് നാലാം ആകാശത്തെത്തുമ്പോൾ മലക്കുൽ മൗത്ത് അവിടെയെല്ലാം പരതി നടക്കുകയായിരുന്നു. വലതുഭാഗവും ഇടതുഭാഗവുമെല്ലാം പരിശോധിക്കുന്നു. നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹിനെ പിടിക്കുക എന്ന കല്പന കിട്ടിയതനുസരിച്ചാണ് അസ്റാഈൽ (അ) അന്വേഷണം നടത്തുന്നത്. സമയമായപ്പോൾ ആളെത്തി. നാലാം ആകാശത്തുവെച്ച് ഇദ് രീസ് (അ)ന്റെ റൂഹിനെ പിടിച്ചു. റൂഹിനെ സ്വർഗത്തിലേക്ക് കൊണ്ട് പോയി. ഭൗതിക ശരീരം മലക്കുകൾ നാലാം ആകാശത്ത് ഖബറടക്കി...
ഓരോ ദിവസവും ഇദ് രീസ് (അ) ന്റെ ഇബാദത്തുകൾ ആകാശത്തിലേക്ക് ഉയർത്തപ്പെടുമായിരുന്നു. ഓരോ ദിവസത്തെയും ഇബാദത്തുകളുടെ ആധിക്യം കണ്ട് മലക്കുകൾ അതിശയിച്ചു പോയിട്ടുണ്ട്. ഇദ് രീസ് (അ) സ്വർഗത്തിലെത്തി. ചിലപ്പോൾ അദ്ദേഹം സ്വർഗത്തിലെ സൗകര്യങ്ങൾ ആസ്വദിക്കും. അത് കഴിഞ്ഞ് മലക്കുകളോടൊപ്പം നിസ്കരിക്കും. മലക്കുകൾക്കൊപ്പം കഴിയുകയും മനുഷ്യ സ്വഭാവം നീക്കപ്പെടുകയും ചെയ്ത ആദ്യത്തെ ആളാണ് ഇദ് രീസ് (അ). ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ ഇദ് രീസ് (അ)ന്ന് 382 വയസ്സ് പ്രായമായിരുന്നു. 350 എന്ന് മറ്റൊരഭിപ്രായം. ഇദ് രീസ് (അ) ആകാശത്തേക്ക് ഉയർത്തപ്പെടുമ്പോൾ പിതാവ് ജീവിച്ചിരിപ്പുണ്ട്. ഈ സംഭവത്തിന്നു ശേഷം പിതാവ് അഞ്ഞൂറ് കൊല്ലം ജീവിച്ചു...
മലക്കുകളുടെ കൂട്ടത്തിൽ ഇദ് രീസ് (അ) ന്ന് കൂട്ടുകാരുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ ഒരു ദിവസം കാണാൻ വന്നു. ആ കൂട്ടുകാരന്റെ ചിറകിൽ കയറി ആകാശലോകത്തേക്ക് യാത്രയായി. അങ്ങനെ നാലാം ആകാശത്തെത്തി. അവിടെ വെച്ചു മലക്കുൽ മൗത്ത് അസ്റാഈൽ (അ) നെ കണ്ടുമുട്ടി. "ഇദ് രീസ് (അ) ന്റെ ആയുസ്സ് നീട്ടിക്കൊടുക്കണം. അദ്ദേഹത്തിന്ന് അമലുകൾ വർദ്ധിപ്പിക്കണമെന്ന് വളരെ ആഗ്രഹമുണ്ട്!" കൂട്ടുകാരനായ മലക്ക് പറഞ്ഞു. അസ്റാഈൽ (അ) ചോദിച്ചു : "എവിടെ ഇദ് രീസ്?" "ഇതാ... എന്റെ മുതുകിലുണ്ട്." "അത്ഭുതം തന്നെ! അല്ലാഹു എന്നോട് കല്പിച്ചു. നാലാം ആകാശത്ത് വെച്ച് ഇദ് രീസിന്റെ റൂഹ് പിടിക്കുക. ഭൂമിയിലുള്ള ഇദ് രീസിന്റെ റൂഹ് നാലാം ആകാശത്ത് വെച്ച് എങ്ങനെ പിടിക്കും. ഇതായിരുന്നു എന്റെ ചിന്ത!" സൗകര്യമായി. നാലാം ആകാശത്തുവെച്ച് ഇദ് രീസ് (അ) ന്റെ റൂഹ് പിടിക്കപ്പെട്ടു. ആയുസ്സ് നീട്ടിക്കിട്ടണമെന്ന് ഇദ് രീസ് (അ) ആഗ്രഹിച്ചത് ഇബാദത്തുകൾ വർദ്ധിപ്പിക്കാനായിരുന്നു. അദ്ദേഹത്തിന്റെ ഇബാദത്തിന്റെ കണക്കുകൾ ആകാശത്ത് എത്തുമ്പോൾ മലക്കുകൾ പോലും അതിശയിച്ചുപോയിരുന്നു...
ഖാബീൽ വംശക്കാർ ...
വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ് ഇവർ അഞ്ച് പേരും മഹാത്മാക്കളായിരുന്നു. അഞ്ച് പേരും ഇദ് രീസ് (അ) ന്റെ മക്കളായിരുന്നുവെന്ന് പല രേഖകളിലും കാണാം. അല്ലാഹുവിനെ അറിഞ്ഞ് ആരാധിച്ച മഹാപുരുഷന്മാർ. അവർ അഞ്ചു പേരും മഹാ പണ്ഡിതന്മാരായിരുന്നു. ആദം (അ), ശീസ് (അ), ഇദ് രീസ് (അ) ഈ മഹാപ്രവാചകന്മാരെക്കുറിച്ചു നന്നായറിഞ്ഞവർ. സ്വുഹ്ഫുകൾ ഓതി പഠിച്ചവർ. അവരുടെ പാണ്ഡിത്യം വളരെയേറെ ജനങ്ങൾക്ക് ഉപയോഗപ്പെട്ടു. സന്മാർഗത്തിന്റെ പ്രകാശം പരന്നൊഴുകി. മനുഷ്യ മനസ്സുകളിലെ അന്ധകാരം പോയി. ഹൃദയത്തിന്റെ പ്രഭ പരന്നു ...
ജനങ്ങൾ അവരെ വല്ലാതെ ഇഷ്ടപ്പെട്ടു. അവരുടെ വാക്കുകൾ കേൾക്കാൻ വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. പുണ്യപുരുഷന്മാർ പറയുന്നതെന്തും അവർ വിശ്വസിക്കും. ഒന്നിലും ഒരു സംശയവുമില്ല. ആദ്യ പിതാവിനെക്കുറിച്ചും ആദ്യ മാതാവിനെക്കുറിച്ചും അവരിൽ നിന്നാണ് ജനങ്ങളറിഞ്ഞത്. സ്വർഗത്തിൽ കഴിഞ്ഞ മാതാപിതാക്കൾ. വിലക്കപ്പെട്ട പഴം തിന്നു പോയി. അത് കാരണം ഭൂമിയിലെത്തി. കഷ്ടപ്പാടുകളായി. മലക്കുകൾ വന്നു. സഹായം നൽകി. ജിബ്‌രീൽ (അ) നിരവധി തവണ വന്നു. സന്മാർഗത്തിന്റെ പാത കാണിച്ചു. അമലുകൾ പഠിപ്പിച്ചു. എല്ലാം മുറപോലെ ചെയ്തു...
ആദം (അ) വഫാത്തായി. നിശ്ചിതകാലം ഭൂമിയിൽ ജീവിച്ച ശേഷം മടങ്ങിപ്പോയി. ഹവ്വ (റ) യും മടങ്ങിപ്പോയി. അവർ പ്രബോധനം ചെയ്ത മതം ഇസ്ലാം മതം. മനുഷ്യവർഗ്ഗത്തോടൊപ്പം ഇസ്ലാം മതവും ഉണ്ടാവും അന്ത്യനാൾ വരെ. അതിലൂടെ ജനങ്ങൾ സന്മാർഗം പ്രാപിക്കും. ആദം (അ) പ്രബോധനം ചെയ്തത് ഇസ്ലാം. അതിന്റെ തുടർപ്രബോധനം നടത്തിയത് ശീസ് (അ). ഇപ്പോൾ ആ ദൗത്യം നിർവ്വഹിക്കുന്നത് ഇദ് രീസ് (അ). മഹാന്മാർ ജനങ്ങളെ പഠിപ്പിച്ചത് ഇതൊക്കെയാണ്. അഞ്ച് മഹാത്മക്കളും ഒരു കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തി. മനുഷ്യവർഗത്തിന്റെ വലിയ ശത്രു. ശപിക്കപ്പെട്ട ഇബ് ലീസ്. അവന്റെ സന്താനപരമ്പരയായ ശൈത്വാൻമാർ. അവർ മനുഷ്യരെ ചതിക്കുഴിയിൽ ചാടിക്കും. സൂക്ഷിക്കുക. ആദം (അ)ന്റെ മൂത്ത പുത്രനെ അവൻ ചതിക്കുഴിയിൽ ചാടിച്ചു കളഞ്ഞു. ഖാബീലിനെ...
മനുഷ്യരെ ശൈത്വാൻമാർ വലവീശിപ്പിടിക്കും. ഏതാണ് ആ വല..? സ്ത്രികളുടെ സൗന്ദര്യം. ശൈത്വാൻ ഒരു പുരുഷന്റെ മനസ്സിൽ കയറിക്കൂടുന്നു. അവന്റെ ചിന്തകളും, വികാരങ്ങളും, താല്പര്യങ്ങളും പിന്നെ ശൈത്വാൻ നിയന്ത്രിക്കുന്നു. പുരുഷൻ ഒരു സ്ത്രീയെ കാണുന്നു. പിന്നെയും പിന്നെയും അവളെ കാണാൻ ശൈത്വാൻ പുരുഷനെ പ്രേരിപ്പിക്കുന്നു. അവന്ന് അവളെ കാണാൻ അത്യാഗ്രഹം വരുന്നു. സ്വയം നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ അവനെ ശൈത്വാൻ എത്തിക്കുന്നു. അവളുടെ ശബ്ദം അവനെ കോരിത്തരിപ്പിക്കുന്നു. അവളുടെ നോട്ടം അവന്റെ കരളിലേക്കെത്തുന്നു. അവർ മാലാഖയാണെന്ന് പിശാച് മന്ത്രിക്കുന്നു. അവനത് വിശ്വസിക്കുന്നു. അവളില്ലാത്ത ജീവിതം സങ്കല്പിക്കാനാവില്ല. അവളെ വിവാഹം ചെയ്യാൻ ഒരാൾ വരുന്നു. പിശാച് വെറുതെയിരിക്കില്ല. അവൻ പുരുഷന്റെ ചെവിയിൽ ഓതിക്കൊടുക്കും. എന്ത്..? വിവാഹം കഴിക്കാൻ വന്ന ചെറുപ്പക്കാരനെ വകവരുത്തുക. പുരുഷൻ എന്ത് സാഹസത്തിന്നും തയ്യാർ. കാലാകാലങ്ങളിൽ ഇത് നടന്നുകൊണ്ടിരിക്കുന്നു. എല്ലാകാലത്തും, എല്ലാ സമൂഹത്തിലും ഇത് നടക്കുന്നു...
മനുഷ്യവർഗത്തിൽ തന്നെ ഇത് നടന്നു. ഖാബീൽ... ആദം (അ)ന്റെ മൂത്ത പുത്രൻ. ആ പുത്രൻ പിതാവിന്റെ വാക്കുകൾ തള്ളിക്കളഞ്ഞു. ഇബ്ലീസിന്റെ ഉപദേശം സ്വീകരിച്ചു. ഖാബീലിന്റെ മനസ്സ് ശൈത്വാന്റെ ഇരിപ്പിടമായി. സ്ത്രീ സൗന്ദര്യംകൊണ്ടാണ് ഇബ്ലീസ് വലവീശിയത്. ഇബ്ലീസ് ശാപം വാങ്ങി സ്വർഗത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടപ്പോൾ അല്ലാഹുവിനോട് ദുആ ഇരന്ന് ചില ആനുകൂല്യങ്ങൾ നേടിയിട്ടുണ്ട്. മനുഷ്യരെ വഴിപിഴപ്പിക്കാനുള്ള അടവുകൾ. അവയിൽ പെട്ടതാണ് സ്ത്രീ സൗന്ദര്യം കൊണ്ട് വലവീശൽ. ഖാബീലിന്റെ ഇരട്ടപെറ്റ സഹോദരിയാണ് ഇഖ് ലീമ. ഇഖ് ലീമയുടെ ഓളം വെട്ടുന്ന സൗന്ദര്യം കൊണ്ട് ശൈത്വാൻ ഖാബീലിനെ വലവീശിപ്പിടിച്ചു. മറ്റൊരു പ്രസവത്തിൽ ജനിച്ച ഹബീൽ ആണ് ഇഖ് ലീമയെ വിവാഹം ചെയ്യേണ്ടത്. ഹബീലിന്റെ സഹോദരി ലബൂദയെ ഖാബീൽ വിവാഹം ചെയ്യണം. ഖാബീലിന്റെ മനസ്സിൽ ശൈത്വാൻ കയറിയപ്പോൾ ലബൂദയുടെ ഗുണങ്ങൾ കാണാൻ അയാൾക്ക് കഴിഞ്ഞില്ല. ഖാബീലിന്റെ മനസ്സിൽ പകയായി...
ഹാബീൽ ഇഖ് ലീമയെ വിവാഹം ചെയ്യുന്നതിനെക്കുറിച്ചു സങ്കല്പിക്കാൻ പോലും ഖാബീലിന്ന് കഴിഞ്ഞില്ല.ഖാബീൽ സഹോദരൻ ഹബീലിനെ വധിച്ചു. മഹാപാപം ചെയ്ത ഖാബീൽ. ഖാബീൽ ഇഖ് ലീമയെയും കൂട്ടി നാട് വിട്ടു. അവർ അരുതാത്തത് ചെയ്തു. ഇണകളായി ജീവിച്ചു. വിശുദ്ധിയില്ലാത്ത ജീവിതം. അവർ വഴി പിഴച്ചു. അവർക്ക് ജനിച്ച മക്കളും വഴിപിഴച്ചു. മക്കൾ വളർന്നു. വിവാഹിതരായി. തലമുറകളുണ്ടായി. വഴിപിഴച്ചവരുടെ സംഘം. ദുർനടപ്പുകാരുടെ കൂട്ടം. അവർ സൈന്യം രൂപീകരിച്ചു. ഹബീൽ പരമ്പരയെ ശത്രുവായി കണ്ടു. ഹാബീൽ പരമ്പരക്കാരും, മറ്റു മക്കളുടെ പരമ്പരകളും ശീസ് നബി (അ) യുടെ നേതൃത്വം അംഗീകരിച്ചു. സത്യവാദികളായി. ഖാബീൽ പരമ്പര സത്യത്തെ നശിപ്പിക്കാൻ നിലകൊണ്ടു...
ഇദ് രീസ് (അ)ന്റെ കാലം വന്നു. ഖാബീൽ സൈന്യം ശക്തി പ്രാപിച്ചു. അവർ യുദ്ധത്തിന്നു വന്നു. നേർക്കുനേരെയുള്ള യുദ്ധം. ആദ്യ അനുഭവമാണിത്. ചരിത്രത്തിൽ ആദ്യമായി വാളും പരിചയും ഉപയോഗിച്ചത് ഇദ് രീസ് (അ) ആകുന്നു. ഖാബീൽ സൈന്യത്തിനെതിരെയായിരുന്നു. സത്യം ജയിച്ചു. സത്യനിഷേധികൾ തകർന്നു. നിരവധി പേർ ബന്ധികളായി. അടിമകളായി. അവരിൽ നിരവധി പേർ ഇസ്ലാം മതം സ്വീകരിച്ചു നല്ല ജീവിതം നയിച്ചു. ഖാബീൽ വംശത്തിന്റെ ശക്തി പിന്നെയും വർദ്ധിക്കുകയായിരുന്നു...
ഇഖ് ലീമ അതീവ സുന്ദരിയായിരുന്നു. അവരുടെ പെൺമക്കളും സുന്ദരികൾ തന്നെ. ഖാബീൽ വംശത്തിലെ പെണ്ണുങ്ങളെല്ലാം സൗന്ദര്യവതികൾ. സൗന്ദര്യത്തിന്റെ പൊലിമ കൂട്ടുന്ന വസ്ത്രങ്ങളും ആദരണങ്ങളും ഏതൊക്കെയാണെന്ന് ശൈത്വാന്മാർ പറഞ്ഞു കൊടുത്തു. ഖാബീൽ വംശത്തിലെ സ്ത്രീകൾ ആ വംശത്തിലെ പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപെടും. സ്ത്രീ-പുരുഷന്മാർ സംഗമിക്കും. സംസാരിക്കും. തമാശകൾ പറയും. പൊട്ടിച്ചിരിക്കും. എത്ര നേരം വർത്തമാനം പറഞ്ഞിരുന്നാലും മതിവരില്ല. കൂടിക്കാഴ്ചകൾ നീണ്ടു പോയി. ശൈത്വാൻമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ശൈത്വാൻമാർ പുതിയൊരു ആശയം രൂപപ്പെടുത്തി. ഖാബീൽ വംശത്തിലെ സ്ത്രീകളുടെ സൗന്ദര്യം കൊണ്ട് എതിർ ചേരിയിലെ പുരുഷന്മാരെ വലവീശുക. എതിർ ചേരിയിലെ പുരുഷന്മാർ ആരോഗ്യവാന്മാരും കാണാൻ നല്ല ചന്തമുള്ളവരുമാണ്. അവരെ വലവീശിപ്പിടിക്കണം. എന്ത് വഴി..?
സത്യവിശ്വാസികളാണവർ. ഇദ് രീസ് (അ) അവരെ ഒന്നിപ്പിച്ചു നിർത്തിയിരിക്കുന്നു. അവരിൽ നിന്ന് കുറച്ചു പേരെ അടർത്തിയെടുക്കണം. സ്ത്രീ സൗന്ദര്യംകൊണ്ടവരെ വലവീശിപ്പിടിക്കണം. ശൈത്വാൻമാർ അതിന്ന് പദ്ധതി തയ്യാറാക്കി ...
വഴികേടിൽ പെട്ട സമൂഹം
ഖാബീൽ വംശക്കാരുടെ ഒരു ഗ്രാമം. അവിടെ ഒരു ചെറുപ്പക്കാരൻ വന്നു താമസമാക്കി. നല്ലൊരു യുവകോമളൻ. അവൻ ഒരു സംഗീത ഉപകരണമുണ്ടാക്കി. ഒരു കുഴൽ. കുഴലിൽ ഊതി. നല്ല ശബ്ദം പുറത്ത് വന്നു. ആളുകൾ സഞ്ചരിക്കുന്ന വഴിയിൽ വന്നിരുന്നു. നല്ല താളത്തിൽ കുഴൽ വിളി തുടങ്ങി. ആ നാദം മഹിളാമനസ്സുകളെ തൊട്ടുണർത്തി. അവർ ഓടി വന്നു. പാട്ടുകാരന്റെ ചുറ്റും കൂടി. സുന്ദരികൾ കൂട്ടം കൂടിയപ്പോൾ പുരുഷന്മാരും വന്നു കൂടി. കുഴൽ വിളി തുടർന്നു. പാട്ട്കാരനോട് എല്ലാവർക്കും വലിയ സ്നേഹം. അത് ശപിക്കപ്പെട്ട ഇബ് ലീസ് ആയിരുന്നു. പാട്ടുകാരൻ എന്ത് പറഞ്ഞാലും അവർ വിശ്വസിക്കും. അനുസരിക്കും...
നമ്മുക്കിവിടെ ഒരു ഉത്സവം നടത്തണം. നാട്ടുകാരെയും അയൽനാട്ടുകാരെയും ക്ഷണിക്കണം. സന്തോഷിക്കണം. ആഹ്ലാദിക്കണം. അതിന്ന് വേണ്ടി ഒരു ഉത്സവം. തീറ്റി, കുടി, പാട്ട്, നൃത്തം, കളി, സ്നേഹപ്രകടനങ്ങൾ, ആലിംഗനം, ചുംബനം... എല്ലാം വേണം. ഇബ് ലീസ് പറഞ്ഞതെല്ലാം അവർ സമ്മതിച്ചു. ഖാബീൽ വംശക്കാർ കൂടിയാലോചിച്ച് ഉത്സവത്തിന് തിയ്യതി നിശ്ചയിച്ചു. ഇദ് രീസ് (അ)ന്റെ പിൻഗാമികളെയും ഉത്സവത്തിന് ക്ഷണിച്ചു. അധികപേരും വിട്ടുനിന്നു. ചിലർ മാത്രം ഉത്സവത്തിന്ന് പോയി...
ഉത്സവം തുടങ്ങി. തീറ്റിയും കുടിയും ആരംഭിച്ചു. സംഗീതം തുടങ്ങി. മത്ത് പിടിപ്പിക്കുന്ന കുഴൽ വിളി. സൗന്ദര്യ മത്സരത്തിനെന്നപോലെ സ്ത്രീകൾ അണിഞ്ഞൊരുങ്ങി വന്നു. അവർ പാട്ടിനൊപ്പം ശരീരം ചലിപ്പിക്കാൻ തുടങ്ങി. അവരുടെ കിളിനാദം ഉയർന്നു. കൂട്ടം ചേർന്നുള്ള പാട്ട്. പുരുഷന്മാരുടെ സമനില തെറ്റുന്ന അവസ്ഥ. രംഗം ചൂടുപിടിക്കുന്നു. പുരുഷന്മാർ കൂടെപ്പാടുന്നു. നൃത്തം ചവിട്ടുന്നു. എല്ലാ അതിർവരമ്പുകളും ചവിട്ടിത്തകർക്കുന്നു. കുഴൽ വിളി ഉച്ചത്തിലായി. അതിനൊപ്പം മനുഷ്യ വികാരങ്ങളുടെ താപനില ഉയരുന്നു. കാമം കത്തിപ്പടരുന്നു. സ്ത്രീ-പുരുഷന്മാർ കൈകോർക്കുന്നു. ആലിംഗനബദ്ധരാകുന്നു. ചുബനം ചൂടുപകരുന്നു. ആടിപ്പാടി തളർന്നു വീഴുന്നു. ഉത്സവം രോമാഞ്ചം ജനിപ്പിക്കുന്ന ഓർമ്മയായി അവശേഷിച്ചു. എല്ലാ കൊല്ലവും ഉത്സവം നടത്താൻ തീരുമാനിച്ചു. സ്ത്രീ- പുരുഷ സമ്പർക്കത്തിന്റെ നിയന്ത്രണ രേഖകളില്ലാത്ത ഉത്സവം...
ഇദ് രീസ് (അ) ഇല്ലാത്ത കാലം. പുത്രന്മാർ ഓരോരുത്തരായി വഫാത്തായി. അവരുടെ അനുയായികളിൽ ചിലർ ഉത്സവത്തിൽ പങ്കെടുത്തു. അവരിൽ നിന്ന് വിവരങ്ങളറിഞ്ഞ് പലരും പോയി. പോയവരെല്ലാം ശൈത്വാൻമാരുടെ വലയിൽ വീണു. പുതിയ സംഗീതോപകരണങ്ങൾ. പലപലനാദങ്ങൾ. മനുഷ്യമനസ്സുകൾ ത്രസിക്കുന്നു. ശൈത്വാൻമാർ മനുഷ്യ വേഷത്തിൽ വരുന്നു. ലൈംഗിക ആഭാസങ്ങൾ കാണിക്കുന്നു. മനുഷ്യർ അത് കണ്ട് ആസ്വദിക്കുന്നു. അനുകരിക്കുന്നു. അല്പകാലം കൊണ്ട് കുത്തഴിഞ്ഞ ജീവിതമായി. പരസ്യമായ ലൈംഗിക അരാജകത്വം വന്നു. ഇതിനേക്കാൾ ഗുരുതരമായ ഒരവസ്ഥയെക്കുറിച്ചാണ് ഇനി പറയാൻ പോവുന്നത്...
ഇദ് രീസ് (അ) പോയി. ജനങ്ങൾ ദുഃഖിച്ചു. അഞ്ച് പുണ്യാത്മാക്കളും പോയി. ജനങ്ങൾ അവരെക്കുറിച്ചോർത്തു കരഞ്ഞു. അവർ ചെറിയ സംഘങ്ങളായി പലയിടത്തും ഇരിക്കും. വഫാത്തായവരുടെ ഗുണഗണങ്ങൾ പറഞ്ഞു കരയും. നിർമ്മല സ്നേഹം കുത്തിയൊഴുകുന്ന രംഗങ്ങൾ...
ഈ രംഗം ചൂഷണം ചെയ്യാൻ ശൈത്വാൻമാർ വരികയാണ്. ഇബ് ലീസ് പുരുഷവേഷത്തിൽ വരുന്നു. മാന്യനായൊരു പുരുഷന്റെ ഭാവം. ജനങ്ങൾ കൂടിയിരിക്കുന്നിടത്ത് ചെന്നിരുന്നു. പരേതരെക്കുറിച്ച് പറയുന്നത് ശ്രദ്ധിച്ചു കേട്ടു .അവർ കരയാൻ തൂങ്ങിയപ്പോൾ ഇബ്ലീസും കരഞ്ഞു. അപ്പോൾ ആളുകൾ അയാളെ ശ്രദ്ധിച്ചു. പിന്നെ ഇബ് ലീസ് സംസാരിക്കാൻ തുടങ്ങി. സങ്കടം നിറഞ്ഞ വാക്കുകൾ. ഗദ്ഗദം. എല്ലാ മനസ്സുകളും ഇളകിപ്പോയി. അവരെല്ലാം നവാഗതനെ ആദരവോടെ നോക്കി. ഖാബീൽ വംശക്കാരെയും ഇബ് ലീസ് രംഗത്തിറക്കി. ദുഃഖ സദസ്സുകൾ സജീവമായി...
മരിച്ചു പോയ പുണ്യപുരുഷന്മാരെ കാണാൻ നിങ്ങൾക്കാഗ്രഹമില്ലേ..? - ഇബ് ലീസ് ചോദിച്ചു. ഉണ്ട്. തീർച്ചയായും ഉണ്ട്. അതിനെന്ത് വഴി..? വഴിയുണ്ട്. അവരുടെ പ്രതിമകളുണ്ടാക്കുക. ഇബ് ലീസിന്റെ ഉപദേശമനുസരിച്ച് ഖാബീൽ വംശക്കാർ പ്രതിമയുണ്ടാക്കി. പ്രതിമകൾ പല കേന്ദ്രങ്ങളിൽ സ്ഥാപിക്കപ്പെട്ടു. രാവിലേയും വൈകുന്നേരവും സന്ദർശനം തുടങ്ങി. ബഹുമാനം വർദ്ധിച്ചു. ആദരവായി. ആരാധനയായി...
ഖാബീൽ വംശക്കാർ ബിംബാരാധന തുടങ്ങി. വളരെ വേഗത്തിൽ ബിംബാരാധന വളർന്നു. വളരെപ്പേർ അതിൽ കുടുങ്ങിപ്പോയി...
ബിംബാരാധകരുടെ മനസ്സിൽ ശൈത്വാൻമാർ ഇരുപ്പുറപ്പിച്ചു. അവർക്ക് ബിംബാരാധന ആകർഷകമാക്കി തോന്നിപ്പിച്ചു. ബിംബാരാധനയെ ആരെങ്കിലും വിമർശിച്ചാൽ അവർക്കെതിരെ പടപൊരുതാൻവരെ അവർ സന്നദ്ധരായി. ഈ ജനതയിലേക്കാണ് നൂഹ് (അ) നിയോഗിക്കപ്പെട്ടത്. ദുഷിച്ച രണ്ട് നടപടികളാണ് ആ സമൂഹത്തിൽ നൂഹ് (അ) കണ്ടത്...
ലൈംഗിക അരാജകത്വം, ബിംബാരാധന...
'ബിംബാരാധന ഒഴിവാക്കണം. അത് ശിർക്കാണ്. ഏകനായ അല്ലാഹുവിനെ ആരാധിക്കണം. ഞാൻ അവന്റെ ദൂതനാണ്. എന്നെ വിശ്വസിക്കുക' - നൂഹ് (അ) ആ സമുദായത്തെ ഉണർത്തി. അതിന്ന് അവർ നൽകിയ മറുപടി സൂറത്ത് നൂഹ് എന്ന അധ്യായത്തിൽ കാണാം. ഇദ് രീസ് (അ)ന്ന് ശേഷം വന്ന പ്രവാചകനാണ് നൂഹ് (അ). സൂറത്ത് നൂഹിൽ നിന്ന് ആ സമൂഹത്തിന്റെ ശരിയായ ചിത്രം നമുക്ക് ലഭിക്കുന്നു. ഇദ് രീസ് (അ)ന്നും നൂഹ് (അ)ന്നും ഇടക്കുള്ള കാലഘട്ടത്തിൽ മനുഷ്യവർഗ്ഗം എന്ത് മാത്രം വഴിപിഴച്ചു പോയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. അമ്പരപ്പിക്കുന്ന ചരിത്രം...
തൊള്ളായിരത്തി അമ്പത് കൊല്ലം ആ ജനതയെ നൂഹ് (അ) ക്ഷണിച്ചു. തൗഹീദിലേക്ക്. വളരെ കുറച്ചു പേർ മാത്രം വിശ്വസിച്ചു. ലക്ഷക്കണക്കിനാളുകൾ എതിർ ചേരിയിലായിരുന്നു. ശൈത്വാൻമാരുടെ കൂടെയായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസ്ഥയും അത് തന്നെ. അനേകകോടി ജനങ്ങൾ ശൈത്വാൻമാരുടെ കൂടെ. തൗഹീദിന്റെ കൂടെ കുറഞ്ഞ ആളുകൾ മാത്രം. മുസ്ലിംകൾ കോടിക്കണക്കിലുണ്ട്. തൗഹീദ് മുറുകെ പിടിച്ചവർ എത്ര പരിമിതം. ഒട്ടേറെ പേർ തൗഹീദ് തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രവാചകന്മാരുടെ ചരിത്രം പറയുന്നതെന്തിനാണ്..? പാഠം പഠിക്കാൻ. എന്ത് പാഠം..? തൗഹീദിന്റെ പാഠം. സത്യവിശ്വാസിയുടെ റൂഹാണത്. അത് നഷ്ടപ്പെട്ട കാലഘട്ടത്തെക്കുറിച്ചാണിവിടെ പറയുന്നത് ...
ഇദ് രീസ് (അ)ന്റെയും നൂഹ് (അ)ന്റെയും ഇടക്കുള്ള കാലം. പിശാചിന്റെ സാമ്രാജ്യം വളർന്നു വികസിച്ച കാലമാണ്. ഇബ്ലീസിന്റെ ഭരണം ശക്തമായ കാലം. അതറിയാൻ സൂറത്ത് നൂഹിലെ ചില വചനങ്ങൾ നോക്കാം...
"നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് റസൂലായി അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിന്ന് മുമ്പായി നീ അവരെ താക്കീത് ചെയ്യണം എന്ന കല്പനയുമായി. " (71:1)
"അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ! തീർച്ചയായും ഞാൻ നിങ്ങൾക്ക് വ്യക്തമായ ഒരു താക്കീതുകാരനാകുന്നു." (71:2)
"നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവീൻ, അവനെ സൂക്ഷിക്കുകയും ചെയ്യുവീൻ, എന്നെ അനുസരിക്കുകയും ചെയ്യുവീൻ." (7:13)
" എന്നാലവൻ നിങ്ങളുടെ പാപങ്ങൾ പൊറുക്കുന്നതും ഒരു നിശ്ചിതാവധി വരെ നിങ്ങളെ പിന്തിക്കുന്നതുമാണ്. അല്ലാഹുവിന്റെ നിശ്ചയപ്രകാരമുള്ള അവധി വന്നാൽ അത് പിന്തിക്കപ്പെടുന്നതേയല്ല. നിങ്ങൾ അറിയുന്നവരായിരുന്നെങ്കിൽ." (71:4)
നൂഹ് നബി (അ) ആ ജനതയെ നല്ല നിലയിൽ ഉപദേശിച്ചു. ഒരു പാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് ആഹാരവും പാനീയവും തരുന്നത് അവനാണ്. ആകാശത്ത് നിന്ന് അവൻ നിങ്ങൾക്ക് മഴ വർഷിപ്പിച്ചു തരുന്നു. കൃഷി വളർത്തിത്തരുന്നു. എന്തെല്ലാം ഉപദേശങ്ങൾ അല്ലാഹു തരുന്ന അനുഗ്രഹങ്ങൾ എണ്ണി പറഞ്ഞു. അവനെ നിങ്ങൾ ആരാധിക്കുക. ബിംബങ്ങളെ കൈ വെടിയുക. ഒന്നും ഫലിച്ചില്ല. നിരന്തര ശ്രമം തുടർന്നു. തൊള്ളായിരത്തി അമ്പത് കൊല്ലത്തെ ശ്രമം. നിരാശനായി. മനസ്സിൽ വേദന നിറഞ്ഞു. വേദനയോടെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥനയും സൂറത്ത് നൂഹിൽ കാണാം... അതിങ്ങനെ:
" നൂഹ് (അ) പറഞ്ഞു: എന്റെ റബ്ബേ ..! തീർച്ചയായും ഞാൻ എന്റെ ജനതയെ രാവും പകലും നിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചു." (71:5)
"എന്നിട്ട് എന്റെ വിളി അവരെ കൂടുതൽ അകറ്റിക്കളയുകയാണ് ചെയ്തത്." (71:6)
"നീ അവർക്ക് പൊറുത്തു കൊടുക്കാൻ വേണ്ടി ഞാൻ അവരെ വിളിക്കുമ്പോഴെല്ലാം അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ ഇടുകയും, വസ്ത്രങ്ങൾകൊണ്ട് ശിരസ്സ് മൂടി പൊതിയുകയും, സത്യനിഷേധത്തിൽ ഉറച്ചു നിൽക്കുകയും വലിയ അഹങ്കാരം നടിക്കുകയും ചെയ്യുന്നു." (71:7)
വിശുദ്ധ ഖുർആനിൽ നിന്നുള്ള ഇത്രയും വചനങ്ങൾ വെച്ചു നോക്കിയാൽ ആ സമൂഹത്തിന്റെ ചിത്രം നമ്മുടെ മുമ്പിൽ വ്യക്തമായി വരുന്നു. നൂഹ് (അ) അവർക്കെതിരെ അതിശക്തമായ പ്രാർത്ഥനയാണ് നടത്തിയത്. ആ പ്രാർത്ഥനയുടെ ശക്തി കണ്ടാലറിയാം ആ സമൂഹത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്ന്. ആ സമൂഹത്തിന്റെ നേതാക്കൾ പറഞ്ഞതെന്തായിരുന്നു..?
"ജനങ്ങളേ..! നൂഹിന്റെ വാക്കുകൾ തള്ളിക്കളയുക. അവൻ പറയുന്ന റബ്ബിനെ നമുക്കാവശ്യമില്ല. നമുക്ക് നമ്മുടെ ബിംബങ്ങൾ മതി. നിങ്ങൾ അവയെ ഒരിക്കലും ഉപേക്ഷിക്കരുത്. വദ്ദിനെ കൈവെടിയരുത്. സുവാഇനെയും യഗൂസിനെയും ഉപേക്ഷിക്കരുത്. യഊഖിനെയും നസ്വറിനെയും കളയരുത്. അവയാണ് നിങ്ങളുടെ ഇലാഹുകൾ. അവയ്ക്ക് മാത്രം ആരാധന നടത്തുക..."
ഇക്കാര്യം സൂറത്ത് നൂഹിൽ ഇങ്ങനെ കാണാം.... "അവർ പറഞ്ഞു: 'നിങ്ങളുടെ ദൈവങ്ങളെ നിങ്ങൾ കൈവെടിയരുത്. വദ്ദ്, സുവാഅ, യഗൂസ്, യഊഖ്, നസ്റ് എന്നിവയെ വിശേഷിച്ചും കൈവെടിയരുത്."(71:23) ബിംബാരാധനയിൽ മുങ്ങിപ്പോയ സമൂഹം. അവർക്കെതിരെ നൂഹ് (അ) പ്രാർത്ഥിച്ചതിങ്ങനെ: "നൂഹ് (അ) പ്രാർത്ഥിച്ചു:
'എന്റെ റബ്ബേ..! സത്യനിഷേധികളിൽ പെട്ട ഒരാളെയും ഭൂമുഖത്ത് നീ വിട്ട് കളയരുതേ. " (71:26) നീ അവരെ നശിപ്പിക്കാതെ വിട്ടുകളയുന്നതായാൽ തീർച്ചയായും അവർ നിന്റെ അടിമകളെ വഴിതെറ്റിച്ചു കളയുന്നതാണ്. സത്യനിഷേധികളായ ദുർവൃത്തരെയല്ലാതെ അവർ ജനിപ്പിക്കുകയുമില്ല." (71:27) ഇദ് രീസ് (അ) ന്റെ കാലശേഷമുള്ള അവസ്ഥയാണ് നാം ഇവിടെ കണ്ടത്. ഖാബീൽ വംശജരാണ് അവരെ വഴിതെറ്റിച്ചത്. എല്ലാ അക്രമങ്ങൾക്കും ഖാബീൽ വംശക്കാർ നേതൃത്വം നൽകിപ്പോന്നു. ശൈത്വാൻമാരുടെ സന്ദേശം സ്വീകരിച്ച ആ സമൂഹം സന്മാർഗത്തിന്റെ സകല കൈത്തിരികളും ഊതിക്കെടുത്താൻ ശ്രമിക്കുകയായിരുന്നു ...
ഈമാൻ കാത്ത് സൂക്ഷിക്കുക
അല്ലാഹുവിൽ പങ്കുകാരെ ചേർക്കുക. അല്ലാഹു അല്ലാതെ മറ്റ് ഇലാഹ് ഉണ്ടെന്ന് കരുതുക. ഇതാണ് ശിർക്ക്. ഇതിലൂടെ മനുഷരെ വഴിതെറ്റിക്കാനാണ് ശിക്ഷിക്കപ്പെട്ട ഇബ്ലീസ് ശ്രമിക്കുന്നത്...
മനുഷ്യരെ ശിർക്കിലേക്കു നയിക്കുക. അതിനു വേണ്ടിയാണവൻ ബിംബങ്ങൾ നിർമ്മിച്ചത്. ബിംബാരാധന ജനങ്ങൾക്ക് പ്രിയങ്കരമാക്കിക്കൊടുത്തു. പുണ്യപുരുഷന്മാരുടെ പേരിൽ തന്നെ ബിംബങ്ങൾ ഉണ്ടായി. വദ്ദ്, സുവാഅ, യഊസ്, യഊഖ്, നസ്റ് ബിംബാരാധന പ്രചരിപ്പിക്കാൻ ഖാബീൽ വംശജർ സജീവ രംഗത്തുണ്ടായിരുന്നു...
അഞ്ച് മഹാപുരുഷന്മാർ ഇബ്നു ജരീർ ഇവരെക്കുറിച്ച് പറഞ്ഞതിങ്ങനെ. ആദം നബി (അ)ന്റെയും നൂഹ് നബി (അ)ന്റെയും ഇടക്കുള്ള കാലത്ത് ജീവിച്ച അഞ്ച് സ്വാലിഹീങ്ങളായിരുന്നു ഇവർ. ഇബ്നു അബ്ബാസ് (റ) പറഞ്ഞതിങ്ങനെ: നൂഹ് നബി (അ)ന്റെ ജനതയുടെ ഈ ബിംബങ്ങൾ പിൽക്കാലത്ത് അറബികളുടേതായി മാറി. ഇക് രിമ, ളഹാക്ക്, ഖത്താദ, മുഹമ്മദ് ബ്നു ഇസ്ഹാഖ് തുടങ്ങിയവരും ഇത് പറഞ്ഞിട്ടുണ്ട്...
ഇബ്നു ഖത്താമിന്റെ അഭിപ്രായം ഇങ്ങനെ: വദ്ദ്, സുവാഅ,യഗൂസ്, യഊഖ്, നസ്റ് ഇവരെല്ലാം ആദം നബി (അ)ന്റെ മക്കളായിരുന്നു. ഇവരിൽ ഏറ്റവും ഉന്നതൻ വദ്ദ് ആകുന്നു. വദ്ദ് അദ്ദേഹത്തിന്റെ ജനതയിൽ വലിയ സ്ഥാനമുള്ള ആളായിരുന്നു. ഉന്നത പദവിയിലിരുന്ന അദ്ദേഹം ജനങ്ങളെ മനം തുറന്ന് സ്നേഹിച്ചു. ജനങ്ങളെ സന്മാർഗത്തിലേക്ക് വഴി നടത്തി. അദ്ദേഹത്തെ കാണുന്നത് തന്നെ ജനങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ വില കല്പിച്ചു...
ഒരു ദിവസം അദ്ദേഹത്തിന്റെ മരണവാർത്ത ജനങ്ങളറിഞ്ഞു. അന്നാണവർ ദുഃഖത്തിന്റെ ആഴം അറിഞ്ഞത്. ഭയം കടിച്ചമർത്തി കണ്ണീരൊഴുക്കുന്ന ആ ജനതയുടെ മുമ്പിലേക്കു ഒരു മനുഷ്യൻ കടന്നു വരുന്നു. ദുഃഖം പങ്കിടാൻ. വദ്ദിനെ കുളിപ്പിച്ചു. കഫൻ ചെയ്തു. മയ്യിത്ത് നിസ്കരിച്ചു. ബാബൽ എന്ന നാട്ടിൽ ഖബറടക്കി. ഖബറിന്റെ സമീപത്ത് നിന്ന് പിരിഞ്ഞു പോവാൻ ജനങ്ങൾക്ക് മനസ്സു വരുന്നില്ല. കണ്ണീരും നെടുവീർപ്പുമായി അവർ ഖബറിന്റെ ചുറ്റുമിരുന്നു. അവരുടെ മധ്യത്തിലേക്കാണ് ഒരാൾ കടന്നു വന്നത്. ആഗതൻ വാചാലമായി സംസാരിച്ചു. വദ്ദിനെപറ്റി. നന്മകൾ ഒന്നൊന്നായി വാഴ്ത്തിപ്പറഞ്ഞപ്പോൾ ജനങ്ങൾ വാവിട്ട് കരഞ്ഞു. നിങ്ങൾക്ക് ആദരണീയനായ വദ്ദിനെ കാണാൻ ആഗ്രഹമുണ്ട്. അതിന്നൊരു വഴിയുണ്ട്. ഞാൻ ഈ മഹാന്റെ രൂപമുണ്ടാക്കി തരാം. ആഗതനോടുള്ള ബഹുമാനം കാരണം അയാൾ പറഞ്ഞതെല്ലാം ജനങ്ങൾ അംഗീകരിച്ചു...
വദ്ദിന്റെ രൂപം നിർമ്മിച്ചു. ജനം അത് കണ്ട് ആശ്വസിച്ചു. ഒന്നല്ല അനേകം രൂപങ്ങൾ. ഓരോ വീട്ടുകാർക്കും ഓരോ ബിംബം. ബിംബാരാധന ബാബൽ പ്രദേശത്ത് ആരംഭിക്കാൻ പോവുകയാണ്. ബാബലിൽ വന്ന ആ മനുഷ്യൻ ആരായിരുന്നു..? മനസ്സിലായിക്കാണും. ശപിക്കപ്പെട്ട ഇബ് ലിസ്...
മനുഷ്യമനസ്സിൽ നിന്ന് തൗഹീദിന്റെ പ്രകാശം കെടുത്തിക്കളയുക. പകരം ശിർക്കിന്റെ ഇരുട്ട് പരത്തുക. ലോകത്ത് ആദ്യമായി ആരാധിക്കപ്പെട്ട ബിംബം വദ്ദ് ആകുന്നു. വദ്ദ് എന്ന പദത്തിന്റെ അർത്ഥം സ്നേഹം എന്നാകുന്നു. സ്നേഹത്തിന്റെ പ്രതീകമാണ് ഈ ബിംബം എന്ന് വാഴ്ത്തപ്പെട്ടു. മനുഷ്യ മനസ്സിലെ സ്നേഹത്തെക്കുറിച്ച് വാഴ്ത്തിപ്പാടാൻ തുടങ്ങി. സ്നേഹത്തിന്റെ അനിവാര്യത ഏവർക്കുമറിയാം. സ്നേഹ വികാരം വദ്ദിനു നേരെ ഒഴുകി...
ഇബ്ലീസ് അവരെ വ്യക്തമായ വഴികേടിലാക്കി. ശൈത്വാന്റെ പ്രവർത്തന രീതിയെക്കുറിച്ച് അല്ലാഹു പറഞ്ഞു: "ഇബ്ലീസിനെ അല്ലാഹു ശപിച്ചിരിക്കുന്നു. നിന്റെ അടിമകളിൽ നിന്ന് നിശ്ചിതമായ ഒരംശം ഞാൻ സ്വാധീനമാക്കുക തന്നെ ചെയ്യുമെന്ന് അവൻ പറഞ്ഞിട്ടുണ്ട്." (4:118)
ഇബ്ലീസ് പറഞ്ഞു: "നിശ്ചയമായും ഞാൻ അവരെ സത്യത്തിൽ നിന്ന് തെറ്റിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാൻ അവരോട് കല്പിക്കും. അപ്പോൾ നാൽക്കാലികളുടെ കാതുകൾ അവർ കീറും. ഞാൻ അവരോട് ശാസിക്കും. അപ്പോൾ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കും. വല്ലവനും അല്ലാഹുവിനെ വിട്ട് പിശാചിനെ രക്ഷാധികാരിയാക്കിയാൽ അവന്ന് വ്യക്തമായ നഷ്ടം സംഭവിച്ചു കഴിഞ്ഞു തീർച്ച." (4:119) പിശാചിന്റെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ് നാം ഇവിടെ കണ്ടത്. ബിംബങ്ങൾ മുമ്പിൽ കൊണ്ട് വന്ന് മൃഗങ്ങളെ ബലി കൊടുക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ബലിമൃഗങ്ങളെ തിരിച്ചറിയാൻ വേണ്ടി കാത് കീറും. അക്കാര്യമാണ് ഇബ്ലീസ് ധിക്കാരത്തോടെ പറഞ്ഞത്.
ഞാൻ കല്പിക്കും. അവർ മൃഗങ്ങളുടെ കാത് കീറും. മറ്റൊരു കാര്യം ഇതാണ്. ഞാൻ ശാസിക്കും.അവർ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കും. അല്ലാഹു എല്ലാം നല്ല രീതിയിൽ സൃഷ്ടിച്ചു. മനുഷ്യൻ അതിനെ കോലം കെടുത്തും. പ്രകൃതിയെ തന്നെ അക്രമിക്കും. ശരീരത്തിൽ ചായം തേക്കൽ, പച്ചകുത്തൽ, പല്ല് രാകൽ, സ്ത്രീ പുരുഷ വേഷവും, പുരുഷൻ സ്ത്രീ വേഷവും ധരിക്കൽ തുടങ്ങിയ പലതും ഇതിൽ പെടുന്നു...
അല്ലാഹു പറയുന്നു: "പിശാച് അവരോട് വാഗ്ദാനം ചെയ്യുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും.എന്നാൽ പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാണ്." (4:120)
വളരെയേറെ ആളുകൾ പിശാച് പറയുന്നതെല്ലാം വിശ്വസിച്ച്, അവനെ അനുസരിച്ചാണ് ജീവിക്കുന്നത്. ഇസ്ലാമിന്റെ അധ്യാപനങ്ങളെല്ലാം അവർ അവഗണിച്ചു തള്ളുന്നു. ഇത്തരക്കാരുടെ മരണ ശേഷമുള്ള സങ്കേതം എവിടെയാണ്. സംശയമില്ലാതെ പറയാം. നരകം തന്നെ. അവരുടെ യുക്തിയും കൗശലവും ഉപയോഗിച്ച് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ..? ഒരിക്കലുമില്ല. ഒരു രക്ഷാകേന്ദ്രവും അവർക്കില്ല. നരകമാണവരുടെ സങ്കേതം...
അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ..!
"അവരുടെ സങ്കേതം നരകമാകുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ഥലവും അവർ കാണുന്നതല്ല." (4:121)
മറ്റൊരു പ്രധാന ബിംബമാണ് സുവാഅ. മനുഷരെ ചതിക്കുഴിയിൽ ചാടിക്കാനുള്ള എളുപ്പവഴിയാണ് സ്ത്രീ ബിംബങ്ങൾ എന്ന് ഇബ് ലീസ് കരുതി. സുന്ദരിയായൊരു സ്ത്രീയുടെ രൂപത്തിൽ ഒരു ബിംബമുണ്ടാക്കി. അതിന്ന് സുവാഅ എന്ന് പേരിട്ടു. പുതിയ തലമുറക്ക് ഈ ബിംബത്തോട് വല്ലാത്ത സ്നേഹമായി. വളരെയേറെ ആളുകൾ വഴി തെറ്റിപ്പോയി. ഈ സ്ത്രീ ബിംബത്തോടാണ് അവർ ആവശ്യങ്ങൾ പറയുന്നത്. അതിനെ ആരാധിക്കുന്നു. ഈ സ്ത്രീബിംബം പ്രധാന കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം എന്നു ചേർന്നു. വിശുദ്ധ ഖുർആൻ വചനം ശ്രദ്ധിക്കു...! "അല്ലാഹുവിനെ വിട്ട് ചില പെണ്ണുങ്ങളോടല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല. അനുസരണക്കേട് കാണിക്കുന്ന പിശാചിന്നോടുമല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല." (4:117)
ബിംബങ്ങളുടെ എണ്ണം വർദ്ധിച്ചു. ബിംബാരാധനയിലൂടെ ശിർക്ക് വ്യാപകമായി. അല്ലാഹു പൊറുക്കാത്ത കുറ്റമാണത്. അല്ലാഹു അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാണുക: "തീർച്ചയായും തനിക്ക് പങ്കുകാരെ സ്ഥാപിക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവ താനുദ്ദേശിക്കുന്നവർക്ക് അവൻ പെറുത്തു കൊടുക്കും. ആരെങ്കിലും അല്ലാഹുവിന്ന് പങ്കുകാരെ സ്ഥാപിച്ചാൽ അവൻ നേർമാർഗ്ഗത്തിൽ നിന്ന് വളരെ ദൂരം പിഴച്ചു പോവുക തന്നെ ചെയ്തു." (4:116)
ഇദ് രീസ് (അ)ന്റെ സന്ദേശങ്ങൾ മുറുകെപ്പിടിച്ചു മുമ്പോട്ട് നീങ്ങിയ ഒരു വിഭാഗം അക്കാലത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഒരു പോർവിളിയുടെ മുമ്പിലും അവർ മുട്ടുമടക്കിയില്ല. അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുക. അവൻ നിരോധിച്ചതെല്ലാം ഒഴിവാക്കുക. സൽക്കർമ്മങ്ങൾ ചെയ്യുക. അവർ ചെന്നെത്താനുള്ള സ്ഥലമാണ് സ്വർഗം. ആദം (അ) അവിടെക്കാണും. ശീസ് (അ) ഉണ്ടാവും. ഇദ് രീസ് (അ) അവിടെയെത്തും എല്ലാം എല്ലാ പ്രവാചകന്മാരും അവിടെ ഒരുമിച്ച് കൂടും. സ്വാലിഹീങ്ങളെല്ലാം വന്നെത്തും. അവർക്കവിടെ സുഖവാസമാണ്...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ..! "സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരെ സ്വർഗത്തിൽ നാം പ്രവേശിപ്പിക്കുന്നതാണ്. അവയുടെ അടിഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും. അവിടെ അവർ ശാശ്വതമായി താമസിക്കുന്നതാണ്. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവിനെക്കാൾ വാക്കിൽ സത്യസന്ധതയുള്ളവർ ആരാണുള്ളത്..?" (4:122)
"സത്യവിശ്വാസിയായിക്കൊണ്ട് വല്ലവരും സൽക്കർമ്മങ്ങൾ പ്രവർത്തിച്ചാൽ - അത് പുരുഷനോ സ്ത്രീയോ ആവട്ടെ - അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല." (4:124)
അല്ലാഹു മനുഷ്യവർഗ്ഗത്തിന്ന് നൽകുന്ന ഒരു ഒരമ്മപ്പെടുത്തൽ കൂടി സഗൗരവം കാണുക:
"ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിന്റെ അറിവും ശക്തിയും സർവ്വ വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നു." (4:126)
പിന്നീട് ഖാബീലിന്റെ ബിംബവും നിർമ്മിക്കപ്പെട്ടു. വളരെ പേർ അതിനെയും ആരാധിച്ചു. നൂഹ് നബി (അ)ന്റെ കാലത്ത് മഹാപ്രളയം വന്നു. ഇബ്ലീസ് ബിംബങ്ങൾ മണ്ണിന്നടിയിൽ കുഴിച്ചിട്ടു. പിൽകാലത്ത് അവൻ അവയെല്ലാം പുറത്തെടുത്തു. പിൽക്കാലക്കാർക്കു നൽകി. ഖാബീൽ വംശജർ മുക്കി നശിപ്പിക്കപ്പെട്ടു. ഇദ് രീസ് നബി (അ)ന്റെ യഥാർത്ഥ പിൻഗാമികൾ കപ്പലിൽ രക്ഷപ്പെട്ടു...
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തോട് അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരെല്ലാം അന്ത്യപ്രവാചകനെ അറിഞ്ഞവരാണ്. അന്ത്യപ്രവാചകരുടെ വഫാത്തോടെ പ്രവാചകന്മാരുടെ കാലം കഴിഞ്ഞു. പിന്നെ ദീൻ നിലനിർത്തുന്നത് ആരിഫീങ്ങളായ ഔലിയാക്കളാണ്. ത്വരീഖത്തിന്റെ മശാഇഖുമാരാണ്. അവരുടെ തർബിയ്യത്തു കിട്ടിയവർക്ക് പിശാചിന്റെ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അന്ത്യനാൾ വരെ തർബിയത്തിന്റെ കവാടം തുറന്നിരിക്കും. അതിലൂടെ രക്ഷപ്പെടുക. തർബ്ബിയത്തിന്റെ രക്ഷാകവചമില്ലാത്തവരെ പിശാച് എളുപ്പത്തിൽ വലവീശിപ്പിടിക്കും. അല്ലാഹു കാത്തുരക്ഷിക്കട്ടെ - ആമീൻ.
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ (സ) തങ്ങൾ മിഅറാജ് യാത്രയിൽ നാലാം ആകാശത്ത് വെച്ച് ഇദ് രീസ് (അ)നെ കണ്ടുമുട്ടി. സലാം പറയുകയും സംസാരിക്കുകയും ചെയ്തു. മരിച്ചു ചെന്ന് പരലോകത്ത് വെച്ച് മഹാനായ ഇദ് രീസ് (അ)നെ കണ്ട് മുട്ടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ - ആമീൻ....
ശീസ് (അ), ഇദ് രീസ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ ...
******************************************************************************
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...

Post a Comment