മൂസാ നബി (അ) ചരിത്രം 3 | Prophet Moosa Nabi(S.A) Story Part 3 History

മൂസാ നബി (അ) ചരിത്രം 3 | Prophet Moosa Nabi(S.A) Story Part 3 History

മൂസാ നബി (അ) ചരിത്രം 3 | Prophet Moosa Nabi(S.A) Story Part 3 History


ഖിബ്ത്തിയുടെ കൊലപാതകം

 

മൂസ വളർന്നു ശക്തനായ യുവാവായിത്തീർന്നു അല്ലാഹു അദ്ദേഹത്തിനു ബുദ്ധിയും ജ്ഞാനവും നൽകി മൂസ (അ) മർദ്ദകരോട് വിദ്വഷം പുലർത്തുകയും മർദ്ദിതരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അപ്രകാരമാണ് എല്ലാ പ്രവാചകനും. 


മൂസ (അ) ഒരിക്കൽ ഫറോവയുടെ നഗരിയിൽ പ്രവേശിച്ചപ്പോൾ ആളുകൾ കളികളിലും വിനോദങ്ങളിലും നിമഗ്നരായത് കണ്ടു അവിടെ രണ്ടുപേർ അടിപിടി കൂടുന്നത് മൂസ (അ) കണ്ടു ഒരാൾ ഇസ്രയേല്യനും അപരൻ ഇസ്രയേല്യരുടെ ശത്രുക്കളായ ഖിബ്ത്വികളുടെ കൂട്ടത്തിൽ പെട്ടവനുമായിരിന്നു. 


ഇസ്രയേല്യൻ സഹായത്തിന് നിലവിളിച്ചു ഖിബ്ത്വി തന്നെ മർദ്ദിക്കുന്നുവെന്ന് അദ്ദേഹം മൂസ (അ)മിനോട് പരിദേവനം ചെയ്തു മൂസ (അ)കോപാകുലനായി ഖ്ബ്ത്വിയെ പ്രഹരിച്ചു പക്ഷേ അത് മാരകമായ പ്രഹരമായിപ്പോയി ഖ്ബ്ത്വി തൽക്ഷണം മരിച്ചു.


മൂസ (അ) അങ്ങേയറ്റം ഖേദിച്ചു. അത് ശൈത്താന്റെ ലീലയാണെന്ന് മൂസ (അ) അറിഞ്ഞു. മൂസ (അ) ദൈവത്തിലേക്ക് ഖേദിച്ചു മടങ്ങി. 


സകല പ്രവാചകന്മാരും അപ്രകാരമാണ് ഖുർആൻ ഉദ്ഘോഷിക്കുന്നു: മൂസ (അ) പറഞ്ഞു : ഇത് ശൈത്താന്റെ ലീലാവിലാസമാണ് അവൻ മനുഷ്യനെ ധർമച്യുതിയിലകപ്പെടുത്തുന്ന വ്യക്തമായ ശത്രുവത്രെ മൂസ (അ) അല്ലാഹുവിൽ ഖേദിച്ചു മടങ്ങി. കാരണം ഖിബ്ത്വിയെ വധിക്കാൻ മൂസ (അ) ഉദ്ദേശിച്ചിരുന്നില്ല. മൂസ (അ) ഒരു പ്രഹരം നൽകിയെന്നുമാത്രം പക്ഷേ അത് മാരകമായിപ്പോയി പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോൾ മൂസ (അ) ദൈവത്തെ സ്തോത്രം ചെയ്തു. 


മൂസ (അ)ഇപ്രകാരം പറഞ്ഞു : ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു അവൻ എനിക്ക് പാപം പൊറുത്തു തന്നിരിക്കുന്നു. അതുകൊണ്ട് ഞാൻ മർദ്ദകരുടെ സഹായി ആവുകയില്ല മൂസ (അ) ഭയവിഹ്വലനായി പോലീസ് വന്ന് തന്നെ പിടികൂടുമൊ എന്നോർത്ത് മൂസ (അ) ഉൽക്കണ്ഠാകുലനായി കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയും കൈമുതലാക്കിയവരാണല്ലോ പോലീസ്കാർ പോലീസ് വന്ന് തന്നെ ഫറോവ എന്ന സ്വോച്ഛാധിപതിയുടെ മുമ്പിലക്ക് പിടിച്ചുകൊണ്ടുപോകുമോ എന്നോർത്ത് മൂസ (അ) പേടിച്ചരണ്ടു കൊല്ലപ്പെട്ട ഖിബ്ത്വിയെ പോലീസുകാർ കണ്ടു കൊലയാളി ആരെന്ന് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. 


കൊലയാളി ആരെന്ന് ആര് പറഞ്ഞുകൊടുക്കാൻ? മൂസാനബി (അ) മിനും  ഇസ്രയേല്യനും മാത്രമല്ല കൊലയാളി ആരെന്നറിയൂ. കൊല്ലപ്പെട്ട ഖിബ്ത്വി നാട്ടിൽ സംസാരവിഷയമായി നഗരത്തിൽ അത് ചൂട്പിടിച്ച വിവാദമായി എല്ലാവരും അതേക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു പക്ഷേ കൊലയാളി ആരെന്ന് ആർക്കുമറിയില്ല ഫറോവ കോപാന്ധനായി പോലീസുകാരോടായി ഫറോവ പറഞ്ഞു : കൊലയാളി ആരെന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തിയേ തീരൂ.


പിറ്റേ ദിവസവും മൂസ (അ) അതേ ഇസ്രയേല്യൻ മറ്റൊരു ഖിബ്ത്വിയുമായി ശണ്ഠകൂടുന്നത് കണ്ടു യാതൊരു ലജ്ജയുമില്ലാതെ അയാൾ നിലവിളിച്ച് മൂസയുടെ സഹായം തേടി .


വീണ്ടും സഹായാഭ്യർത്ഥന


മൂസ (അ) പറഞ്ഞു : നീ ആളൊരു കുഴപ്പക്കാരനാണ് ആൾക്കാരുമായി നിരന്തരം തർക്കിക്കുകയും അടിപിടി കൂടുകയും ചെയ്യുന്നു നിനക്ക് വേറെ പണിയൊന്നുമില്ലേ? 


ഞാൻ നിന്നെ സഹായിക്കണമെന്നോ? എടാ നീ ഒരു അതിക്രമകാരിയാണ് പക്ഷേ ഇസ്രയേല്യനെ പെരുമാറ്റ മര്യാദ പഠിപ്പിക്കുക മാത്രമേ മൂസ (അ) ഉദ്ദേശിച്ചിരുന്നുള്ളൂ. ആക്ഷേപവാക്കുകൾ നിർത്തി മൂസ (അ) രണ്ടാളുടെയും അടുത്തേക്ക് ചെല്ലുകയായിരുന്നു മൂസയുടെ ആക്ഷേപ വാക്കുകൾ കേട്ടതിനു പുറമേ മുഖത്ത് കോപം കൂടി കണ്ടപ്പോൾ തന്നെ പ്രഹരിക്കാനാവും മൂസയുടെ വരവെന്ന് ഇസ്രയേല്യൻ തെറ്റിദ്ധരിച്ചു. തലേന്ന് ഖിബ്ത്വിയെ അടിച്ചു കൊന്നപോല തനിക്കും മാരകമായ ഒരു പ്രഹരം മൂസ (അ) ഇപ്പോൾ തന്നേക്കുമോ എന്ന് അയാൾ പേടിച്ചു. 


അതുകൊണ്ട് അദ്ദേഹം ഇപ്രകാരം വിളിച്ചു പറഞ്ഞു : ഇന്നലെ നീ ഒരുത്തനെ കൊന്നപോല ഇന്ന് എന്നെയും കൊല്ലുമോ,? ഒരു പോക്കിരിയാകാനോ നിന്റെ പുറപ്പാട്? അങ്ങനെ ഇന്നലത്തെ കൊലയാളി മൂസയായിരുന്നുവെന്ന് ഖിബ്ത്വി അറിഞ്ഞു ഖിബ്ത്വി ആ വിവരം പോലീസിലറിയിച്ചു.


ഈ വൃത്താന്തമറിഞ്ഞ ഫറോവ ചോദിച്ചു : നമ്മുടെ കൊട്ടാരത്തിൽ നാം പാലൂട്ടി വളർത്തിയ ആ യുവാവോ? പക്ഷേ ഫറോവയുടെ നാശത്തിൽനിന്ന് മൂസയെ മോചിപ്പിക്കാൻ അല്ലാഹു തീരുമാനിച്ചു കഴിഞ്ഞിരുന്നു. മൂസ (അ) ഖിബ്ത്വിയെ വകവരുത്താൻ ഉദ്ദേശിച്ചിരുന്നില്ല. മൂസ ഒരു അടി അടിച്ചു അത് മാരകമായിത്തീർന്നു പക്ഷേ ഫറോവയും പോലീസും അത്തരം ഒഴികഴിവുകൾ സ്വീകരിക്കുകയില്ല. മൂസയ്ക്ക് ഒരു വിട്ടുവീഴ്ചയും അവർ അനുവദിക്കയില്ല. മൂസയുടെ കരങ്ങളിലൂടെ ഫറോവയുടെ രാജാധികാരം തെറിച്ചു പോകണമെന്ന് അല്ലാഹു പണ്ടേക്കുപണ്ടേ കണക്കാക്കിയതാണ്. ജനങ്ങളെ സൃഷ്ടിപൂജയിൽ നിന്ന് ഏകനായ സ്രഷ്ടാവിന്റെ ആരാധനയിലേക്ക് മൂസ നയിക്കണമെന്ന് അല്ലാഹു നിർണ്ണയിച്ചു കഴിഞ്ഞതാണ് അക്രമികളായ പോലിസുകാരുടെ കരങ്ങളിലകപ്പെട്ടാൽ അതെങ്ങനെ സാധിക്കാൻ? 


ഫറോവ പ്രഭൃതികൾ മൂസയെ വകവരുത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കയാണ് ഫറോവ പ്രഭൃതികൾ കൂടിയലോചിച്ച് മൂസയെ വധിക്കാനുള്ള തീരുമാനത്തിലെത്തിയത് ഇസ്രയേല്യരിൽപെട്ട ഒരാൾ കേട്ടറിഞ്ഞു അയാൾ മൂസയെ വിവരമറിയിച്ചു.അദ്ദേഹം മൂസയോട് പറഞ്ഞത് വിശുദ്ധ ഖുർആൻ ഇപ്രകാരം ഉദ്ധരിക്കുന്നു. നീ നാട് വിടുക തീർച്ചയായും ഞാൻ നിനക്ക് ഗുണകരമായ ഉപദേശം നൽകുകയാണ് അതു പ്രകാരം മൂസ നാടുവിട്ടതിനെക്കുറിച്ച് ഖുർആൻ തുടർന്നു പറയുന്നു: അങ്ങനെ ഉൽകണ്ഠയോടെ മൂസ നാടുവിട്ടു അപ്പോൾ അദ്ദേഹം പ്രാർഥിച്ചു ദൈവമേ എന്നെ അക്രമികളായ ജനതയിൽനിന്ന് രക്ഷിക്കേണമേ


മദ് യനിലേക്ക് 

 

പക്ഷേ മൂസ (അ) എങ്ങോട്ട് പോകും ? ഈജിപ്ത് മുഴുവൻ ഫറോവയുടെ കയ്യിലല്ലേ? ഫറോവയുടെ സേന ഒളിഞ്ഞിരിക്കുന്നുണ്ട്. കാക്കക്കണ്ണുകളും ഉറുമ്പിൻ നാസികയുമുണ്ടവർക്ക് അറബ് രാജ്യമായ മദ് യനിലേക്ക് പോകാൻ മൂസയ്ക്ക് ദൈവം വെളിപാട് നൽകി. മദ് യനിൽ ഫറോവയുടെ കൈ എത്തുകയില്ല. 


മദ് യൻ ഒരു മരു പ്രദേശമാണ് നാഗരികത തൊട്ടുതീണ്ടാത്ത ഗ്രാമങ്ങളാണ് അവിടെയുള്ളത് ഈജിപ്ത് നാഗരികത മുറ്റിനിൽക്കുന്ന ദേശമാണ് കൂറ്റൻ കെട്ടിടങ്ങളും പ്രൗഢമായ രാജകൊട്ടാരങ്ങളും വലിയ വലിയ നഗരങ്ങളും ഈജിപ്തിലുണ്ട് പക്ഷേ ഇവയൊന്നുമില്ലെങ്കിലും മദ് യൻ ഭാഗ്യം ചെയ്ത നാടാണ് കാരണം അത് ഫറോവ എന്ന നിർദ്ദയനിൽനിന്നും വളരെ അകലത്താണല്ലോ മദ് യൻ. ഭാഗ്യം ചെയ്ത നാടാണെന്ന് പറയാൻ ഇനിയുമുണ്ട് ഒരു കാരണം അത് സ്വാതന്ത്ര രാജ്യമാണ് ഫറോവയുടെ ഏകാധിപത്യ ഭരണം മദ് യനിലില്ല. സ്വാതന്ത്ര്യവും നീതിയുമുള്ള നാട് മരുഭൂമിയാണെങ്കിലും അതെത്ര നന്ന്.


അടിമത്തവും അധർമവും നിറഞ്ഞ നാട് നാഗരിക കേന്ദ്രമാണെങ്കിലും ആ നാട് എത്ര അഭിശപ്തം ഫറോവയുടെ പീഡനങ്ങൾ ഭയക്കാതെ മദ് യനിൽ മനുഷ്യർക്ക് പാർക്കാമല്ലോ. അവിടെ ഫറോവയുടെ സേനയെ പേടിച്ച് ആർക്കും കഴിയേണ്ട കാര്യമില്ല. അവിടെ ആൺകുഞ്ഞുങ്ങൾ അറുകൊല ചെയ്യപ്പെടുന്നില്ല. 


മൂസ (അ) മദ് യൻ ലക്ഷ്യമാക്കി നീങ്ങി ഈജിപ്തിൽനിന്ന് ഉൽക്കണ്ഠയോടെയാണ് മൂസ (അ) പുറപ്പെട്ടത് ആരെങ്കിലും തന്നെ പിന്തുടരുമോ? പക്ഷേ ഭയം അസ്ഥാനത്തായിരുന്നു ഫറോവയുടെ സേനക്ക് മൂസയെ കാണാൻ കഴിഞ്ഞില്ല അല്ലാഹുവിന്റെ പേരുച്ചരിച്ച് പ്രാർത്ഥിച്ചുകൊണ്ട് മൂസ (അ) പുറപ്പെടുകയായി. വിശുദ്ധ ഖുർആന്റെ വാക്കുകളിൽ മദ് യൻ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ മൂസ (അ) പറഞ്ഞു : എന്റെ നാഥൻ നേർമാർഗ്ഗത്തിലക്ക് എന്നെ വഴിനയിച്ചേക്കും.


മൂസ (അ)  മദ് യനനിലെത്തി അവിടത്തുകാരിൽ ആരെയും മൂസക്കറിയില്ല (അ). അവിടെ ആർക്കും മൂസയെ (അ) പരിചയമില്ല രാത്രി മൂസാക്ക് (അ) ആര് അഭയം നൽകും? രാത്രി എവിടെ കഴിച്ചുകൂട്ടും ? 


മൂസ (അ) പരിഭ്രമിച്ചു പക്ഷേ അല്ലാഹു തന്നെ കയ്യൊഴിക്കില്ലെന്ന ഉറച്ച വിശ്വാസം മൂസക്കുണ്ട്(അ) . ആളുകൾ അവരുടെ ആട്ടിൻപറ്റങ്ങൾക്കും കന്നുകാലികൾക്കും വെളളം കോരിക്കൊടുക്കുന്ന ഒരു കിണർ അവിടെയുണ്ടായിരുന്നു. രണ്ട് പെൺകുട്ടികൾ തങ്ങളുടെ ആടുകളെ തീറ്റിക്കുന്നതും അവയെ വെള്ളം കുടിപ്പിക്കാൻ ആളുകൾ പോകുന്നതുവരെ കാത്തിരിക്കുന്നതും മൂസ (അ) ശ്രദ്ധിച്ചു കരുണയുള്ള ഒരു പിതാവിന്റെ മനസ്സോടെയാണ് മൂസ (അ) അതെല്ലാം നോക്കിക്കണ്ടത്.


മൂസ (അ) പെൺകുട്ടികളോട് ചോദിച്ചു : നിങ്ങളെന്ത്യേ ആടുകൾകൾക്ക് വെള്ളം കോരിക്കൊടുക്കാത്തത് ? പെൺകുട്ടികൾ പറഞ്ഞു : ആളുകൾ കുടിപ്പിച്ചു പോകാതെ ഞങ്ങൾക്കതിന് കഴിയില്ല അവർ ശക്തന്മാരും ഞങ്ങൾ ബലഹീനരുമാണ് അവർ ആണുങ്ങളാണ് ഞങ്ങൾ പെണ്ണുങ്ങളാണ് നിങ്ങളുടെ വീട്ടിൽ ആണുങ്ങളില്ലേ എന്ന് മൂസ (അ) ചോദിക്കുമെന്ന് മനസ്സിലാക്കിയ അവർ ഇത്രയും കൂടി പറഞ്ഞു : ഞങ്ങളുടെ പിതാവ് വൃദ്ധനാണ് മൂസയുടെ മനസ്സ് ആർദ്രമായി മൂസ (അ) അവരുടെ ആടുകൾകൾക്ക് കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊടുത്തു. അങ്ങനെ അവർ പോയി മൂസ (അ) ഇനി എങ്ങോട്ട് പോകും? എവിടെ അഭയം ലഭിക്കും? എവിടെ തങ്ങും. മദ് യൻകാരിലാരെയും മൂസക്ക് പരിചയമില്ല. മദ് യൻകാർക്ക് മൂസയെയും (അ) അറിയില്ല. മൂസ (അ)  പിന്നെന്തു ചെയ്തു? വിശുദ്ധ ഖുർആന്റെ വചസ്സുകളിൽ പിന്നെ മൂസ (അ) ഒരു തണലിലേക്ക് മാറി മൂസ (അ)  പറഞ്ഞു എന്റ ഈശ്വരാ നീ എനിക്ക് ഇറക്കിത്തരുന്ന അനുഗ്രഹങ്ങൾക്ക് ഞാൻ ഏറ്റം വലിയ ആവശ്യക്കാരനാണ്.


ശുഐബ് നബി (അ) യുടെ വീട്ടിൽ


സാധാരണ വരുന്ന സമയത്തിനുമുമ്പ് പെൺകുട്ടികൾ വീട്ടിലെത്തി അവരുടെ പിതാവ് അത്ഭുത പരതന്തനായി അദ്ദേഹം കാരണം തിരക്കി അദ്ദേഹം ചോദിച്ചു മക്കളേ നിങ്ങൾക്കെങ്ങനെ ഇന്ന് ഇത്ര നേരത്തെ തിരിച്ചുവരാൻ സാധിച്ചു? പെൺകുട്ടികൾ മറുപടിയായി മൊഴിഞ്ഞു. അല്ലാഹു ഇന്ന് ഞങ്ങൾക്ക് കരുണയുള്ള ഒരു പുരുഷ്യനെ സഹായിയാക്കിത്തന്നു. അദ്ദേഹം നമ്മുടെ ആടുകളെ വെള്ളം കുടിപ്പിച്ചുതന്നു ആ വൃദ്ധൻ ഇതുകേട്ട് വീണ്ടും അത്ഭുത പരതന്ത്രനായി ആ പുരുഷൻ ഒരു അസാധാരണ വ്യക്തിയായിരിക്കണം. കാരണം ഇന്നേവരെ ആരും തന്റെ പെൺമക്കളോട് ഇങ്ങനെ കരുണ കാണിച്ചിട്ടില്ല. 


വൃദ്ധനായ പിതാവിന്റെ ആത്മഗതം നിങ്ങളിങ്ങോട്ട് പോരുമ്പോൾ അദ്ദേഹം എവിടെയായിരുന്നു? അയാൾ ചോദിച്ചു പെൺകുട്ടികൾ പറഞ്ഞു : കിണറ്റിനരികെത്തന്നെ അപരിചിതൻ അയാൾക്ക് സ്വന്തമായി വീടൊന്നുമില്ല വൃദ്ധൻ ചോദിച്ചു : മക്കളേ നിങ്ങൾക്കെത്ര സഹായമാണ് അദ്ദേഹം ചെയ്തത്? ഒരപരിചിതൻ നിങ്ങളോട് ഇത്ര വലിയ നന്മ കാട്ടിയില്ലേ? അയാൾക്ക് ഈ നാട്ടിൽ പാർക്കാൻ ഒരിടവുമില്ല രാത്രി അയാൾ എവിടെ അഭയം പ്രാപിക്കും? ഇരുൾമുറ്റിയാൽ അയാൾ എവിടെ കഴിച്ചുകൂട്ടും? 


അയാളെ അതിഥിയായി സ്വീകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് അദ്ദേഹത്തിന് നന്മ ചെയ്യേണ്ട കർത്തവ്യം നമുക്കുണ്ട്. നിങ്ങളിലാരെങ്കിലും അയാളെയും കൂട്ടി ഇങ്ങോട്ട് പോരുവിൻ അങ്ങനെ പെൺപിള്ളേരിൽ ഒരുത്തി ലജ്ജയോടെ മൂസ (അ)യുടെ അടുത്ത്ചെന്ന് പറഞ്ഞു. എന്റ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു ഞങ്ങളുടെ ആടുകൾകൾക്ക് നിങ്ങൾ വെള്ളം കൊടുത്തതിന് പ്രതിഫലം തരാൻ അല്ലാഹു തന്റെ പ്രാർത്ഥനക്ക് ഉത്തരം ചെയ്തതായി മൂസക്ക് ബോധ്യമായി. 


മൂസ അവളുടെ മുമ്പിൽ നടന്നു അവളെ നോക്കിപ്പോകാതിരിക്കാൻ മാന്യമായി പാദങ്ങളെടുത്ത് വെച്ചുകൊണ്ട് മൂസ (അ) നടന്നുനീങ്ങി വീട്ടിലെത്തി. ആതിഥേയനായ വൃദ്ധൻ മൂസയുടെ വിവരങ്ങളെല്ലാം അന്വേഷിച്ചു പേര് ചോദിച്ചു നാട് ചോദിച്ചു മദ് യനിൽ വരാനുണ്ടായ കാരണം അന്വേഷിച്ചു. മൂസ അദ്ദേഹത്തോട് എല്ലാ വിവരവും പറഞ്ഞു തന്റ കഥ മൂസ വൃദ്ധന് വിവരിച്ചു കൊടുത്തു. എല്ലാം അയാൾ സശ്രദ്ധം ശ്രവിച്ചു മൂസ കഥ നിർത്തിയപ്പോൾ വൃദ്ധൻ ഇപ്രകാരം മൊഴിഞ്ഞതായി പരിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു അദ്ദേഹം പറഞ്ഞു : നീ ഭയപ്പെടേണ്ടതില്ല അക്രമികളായ ജനതയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ.


ആദരണീയനായ ഒരു വിരുന്നുകാരനായി ആ വൃദ്ധൻ മൂസ(അ)യെ വീട്ടിൽ പാർപ്പിച്ചു പുത്രവാത്സല്യത്തോടെയാണ് ആ വന്ദ്യവയോധികൻ മൂസ(അ)യോട് പെരുമാറിയത് പിതാവിനോട് നർമ്മസല്ലാപം നടത്തിക്കൊണ്ടിരിക്കവേ, ഒരുനാൾ ആ വീട്ടിലെ പെൺകുട്ടികളിലൊരാൾ വെറുതെ ഒരു കമന്റ് പാസ്സാക്കി വാപ്പാ അയാളെ നമുക്കിവിടെ ജോലിക്ക് നിർത്താം ശക്തനും വിശ്വസ്തനുമായ ആളാണല്ലോ. പണിക്ക് നിർത്താൻ ഏറ്റവും നല്ലത് അദ്ദേഹം ശക്തനും വിശ്വസ്തനുമാണെന്ന് മോൾക്ക് എങ്ങനെ മനസ്സിലായി? 


"അയാളുടെ ശക്തിയെപ്പറ്റി ഞാൻ പറയാം കിണറ്റിന്റെ ഭയങ്കര ഭാരമുള്ള മൂടി ഒറ്റയ്ക്ക് ഉയർത്തിയ മനുഷ്യനാണയാൾ. ഒരു പാടുപേർ ചേർന്നു പൊക്കിയാലേ ആ അടപ്പ് ഉയർത്താൻ സാധിക്കൂ. ഇനി വിശ്വസ്തതയുടെ കാര്യം അയാൾ എന്റെ മുമ്പിലാണ് നടന്നത് ദൂരെനിന്നു പോലും അയാൾ എന്റെ നേർക്ക് നോക്കിയിട്ടില്ല.

ജോലി ഏൽപ്പിക്കപ്പെടുന്നവരും സേവകരും ശക്തരും വിശ്വസ്തരുമായിരിക്കണം ശക്തനല്ലെങ്കിൽ കാര്യക്ഷമമായി ജോലി ചെയ്യാനാവില്ല. വിശ്വസ്തനല്ലെങ്കിൽ ശക്തി കൊണ്ട് യാതൊരു പ്രയോജനവുമില്ല കാരണം നമ്മെ ചതിക്കും പിതാവ് മക്കളോട് യോജിച്ചു. 


അദ്ദേഹം മകൾ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് പുനരാലോചന ചെയ്തു. അപ്പോൾ ആ ജ്ഞാനവൃദ്ധന്റെ മനസ്സ് ചോദിച്ച ഒരു ചോദ്യം : ഈ യുവാവിനെക്കാൾ എന്റെ മരുമകനാകാൻ കൊള്ളുന്നവനാര് ? ഈ ചെറുപ്പക്കാരനെക്കാൾ ശ്രേഷ്ഠനായ ഒരു പുതിയാപ്പിളയെ ഈ ലോകത്ത് എനിക്ക് വേറെ എവിടെ ലഭിക്കാൻ? മദി യനിൽ അനുയോജ്യനായ ഒരാളുമില്ല ഈ യുവാവിനെ എന്റെ മരുമകനാകാൻ അല്ലാഹു എനിക്ക് കൊണ്ടുവന്നു തന്നതാകും. 


മൂസാ നബി (അ) യുടെ വിവാഹം 


അദ്ദേഹം സ്നേഹത്തോടെ ചെറുപ്പക്കാരനെ അരികിൽ വിളിച്ച് വളരെ ബുദ്ധിപൂർവ്വകമായി മൊഴിഞ്ഞു :എട്ടുകൊല്ലം നീ എനിക്കുവേണ്ടി ജോലി ചെയ്താൽ എന്റെ പെൺമക്കളിൽ ഒരുവളെ ഞാൻ നിനക്ക് വിവാഹം ചെയ്തു തരാൻ ഉദ്ദേശിക്കുന്നു അതാണ് നീ നൽകേണ്ട വിവാഹമൂല്യം എട്ടുകൊല്ലം നിർബന്ധമാണ് പത്ത് തികയ്ക്കുകയാണെങ്കിൽ അത് നിന്റെ ഇഷ്ടം മൂസ(അ) അതിനോട് യോജിച്ചു.


നിശ്ചയിച്ച അവധിയോളം മൂസ (അ) ജോലി ചെയ്തു വൃദ്ധന്റെ മകളെ മൂസ (അ) കല്യാണം ചെയ്തു. അവർ ഇനി ഈജിപ്തിലേക്ക് തിരിക്കുകയാണ് വിടപറയുമ്പോൾ വൃദ്ധന്റെ അധരങ്ങൾ പ്രാർത്ഥനാലങ്കൃതമായി മൂസയെ നോക്കി വൃദ്ധൻ പറഞ്ഞു.:ദൈവം അനുഗ്രഹിക്കട്ടെ മോനെ പുന്നാരമകളെ നോക്കി അദ്ദേഹം മൊഴിഞ്ഞു : ഈശ്വരൻ കാത്തരുളട്ടെ മോളെ സഹധർമിണിയെയും കൂട്ടി മൂസ പുറപ്പെടുകയാണ്.


സന്ധ്യയായി ഇരുൾ വ്യാപിച്ചു കൊണ്ടിരുന്നു തണുത്തുറഞ്ഞ രാവ് കൂരാക്കൂരിരുട്ട് മദ് യൻ മരുപ്പറമ്പിലൂടെ ആ നവദമ്പതികൾ നടന്നുനീങ്ങുകയാണ് മരുഭൂമിയിൽ എങ്ങനെ തീ കിട്ടാൻ? തീയില്ലാതെ അവരെങ്ങനെ വഴി കാണും ? ഇരുളിൽ തപ്പിത്തടഞ്ഞു നീങ്ങിക്കൊണ്ടിരിക്കവേ മൂസ (അ) കുറച്ചകലെ തീ കത്തുന്നതു കണ്ടു. പ്രിയ പത്നിയോട് മൂസ (അ) മൊഴിഞ്ഞു : ഓമനേ ഞാൻ ഒരു വെളിച്ചം കാണുന്നുണ്ട് തീയാണെങ്കിൽ ഞാൻ ചൂട്ട് തെളിച്ച് വരാം. 

You may like these posts